ഞാനൊരു പാവം പാലാക്കാരന്‍

ആറാമിന്ദ്രിയം

>> Wednesday, September 23, 2009

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അതായത് ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലഘട്ടം. പാലാ സെന്റ് തോമസ് അന്നും മെന്‍സ് കോളേജ് ആയിരുന്നതു കൊണ്ട് കോളേജിനകത്ത് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സമരം നടത്താനോ നേതാവാകാനോ ഉള്ള ഏക്കമില്ല. സ്പോര്‍ട്സില്‍ താല്പര്യമുണ്ടെങ്കിലും ആരും ഒന്നിനും കൂട്ടുന്നുമില്ല. പോരാത്തതിന് സ്വന്തമായി ധാരാളമായുണ്ടായിരുന്ന ഈഗൊയും ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സും.

വായിനോക്കി വേണമെങ്കില്‍ അല്ഫോന്‍സാ കോളേജിന്റെ മുമ്പില്‍ നില്‍ക്കാം. പക്ഷെ ഭയങ്കര അഭിമാനിയായി പോയി, വല്ല പെണ്ണുങ്ങളും ഞാന്‍ ഒരു വായിനോക്കി ആണെന്നു വിചാരിച്ചു പോയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമുണ്ടോ? ഇന്നാലോചിക്കുമ്പോളാ മനസിലാകുന്നത്, അന്നും ഞാന്‍ ഒരു പൊട്ടന്‍ ആയിരുന്നു. അതെല്ലാം നഷ്ടമായില്ലേ?

എന്നാലും സങ്കല്പങ്ങളില്‍ ഞാന്‍ നല്ല ഒരു വായിനോക്കി ആയിരുന്നു. കാരണം കാണാന്‍ തരക്കേടില്ലാത്ത എല്ലാ പെണ്ണുങ്ങളേയും എനിക്കിഷ്ടം ആയിരുന്നു. ചില ദിവസങ്ങളില്‍ കിടക്കാന്‍ നേരം ഇന്നത്തെ സങ്കല്പം ആരുടെ കൂടെ ആവണം എന്ന കാര്യത്തില്‍ വല്ലാത്ത പിടിവലി തന്നെ നടന്നിരുന്നു. ചില സമയങ്ങളില്‍ ഒരാളില്‍ കേന്ദ്രീകരിക്കാം എങ്കിലും മിക്കവാറും അന്നു കണ്ടതില്‍ ഏറ്റവും നല്ലതിനെയാണ് ഞാന്‍ എന്റെ സങ്കല്പ പ്രണയിനിയായി സാധാരണ തിരഞ്ഞെടുക്കാറ്.

എന്തായാലും നേരിട്ട് പോയി ഇഷ്ടമുള്ള പെണ്ണുങ്ങളോട് മിണ്ടാനോ പ്രണയാഭ്യര്‍ഥന നടത്താനോ ഉള്ള ധൈര്യം ഇല്ലാത്തതിനാല്‍ പലപ്പോളും അതിനുള്ള ഒരു സന്ദര്‍ഭം സിനിമയിലെ പോലെ വന്നു കിട്ടാനായി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. അന്നൊക്കെ ഒരു ഭക്തനായ ഞാന്‍ ചില ഞായറാഴ്ച കൂടാതെ ഇട ദിവസങ്ങളിലൊക്കെ പള്ളിയില്‍ പോയിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ നടക്കുമ്പോള്‍ അവളെ കണ്ടു, വലിയവീട്ടിലെ റോസിലിനെ. വിടര്‍ന്ന കണ്ണുകളും കോലന്‍ മുടിയുമുള്ള അവളെ എനിക്കിഷ്ടമായിരുന്നു, കാരണം രാവിലെ കുളിച്ചിട്ടു പള്ളിയില്‍ വരുന്ന ചുരുക്കം ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളില്‍ ഒരുവളായിരുന്നു റോസിലിന്‍. എന്റെ മുമ്പിലായി നടന്നു പോയ അവളെ കുറച്ചു നാളുകള്‍ക്കു ശേഷം കണ്ടപ്പോള്‍ തീരുമാനിച്ചു, എന്റെ സങ്കല്പങ്ങളിലെ നായികയായി ഇനി കുറച്ചു നാളത്തേക്ക് ഇനി ഇവള്‍ തന്നെ.

ആന്നു രാത്രിയിലെ സങ്കല്പത്തില്‍ പിറ്റേന്നു രാവിലെ ഞാന്‍ പള്ളിയില്‍ പോകുന്ന വഴിക്ക് അവളെ മുമ്പില്‍ പോകുന്നതായി കാണുന്നു. ഞാന്‍ സ്പീഡില്‍ നടന്ന് അവളെ ഓവര്‍ടേക്കു ചെയ്യുന്നു. അപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഞാന്‍ അവളെ നോക്കുന്നതേ ഇല്ല എന്നുള്ളതാണ്. ഞാന്‍ സ്പീഡില്‍ നടക്കുന്നത് അവളുടെ മുമ്പില്‍ കയറാനാണെന്ന് ആര്‍ക്കും മനസിലാവാനും പാടില്ല എന്നുള്ളതും ഞാന്‍ ശ്രദ്ധിക്കേണ്ടതാണ്. അവളുടെ മുമ്പില്‍ ചെന്നു കഴിയുമ്പോള്‍ ഞാന്‍ ഒരു കൊച്ചു കല്ലില്‍ തട്ടി അബദ്ധത്തിലെന്നപോലെ വീഴുന്നു. അങ്ങനെ വീഴുമ്പോള്‍ ഒന്നും പറ്റാതെ എന്റെ പ്രത്യേക ഡൈവിങ് സ്കില്‍ ഉപയോഗിച്ച് തലയുംകുത്തി മറിഞ്ഞ് നില്‍ക്കണം. അപ്പോള്‍ അവള്‍ പാവം എന്ന സഹതാപത്തോടെ എന്നെ നോക്കും, വല്ലതും പറ്റിയോ എന്നു അവളുടെ നല്ല സ്വഭാവം വെച്ച് ചോദിക്കുകയും ചെയ്യും. ഹേയ് ഒന്നും പറ്റിയില്ല എന്നു വളരെ കൂളായി ഞാന്‍ പറഞ്ഞ് അവളെ ഒന്നു ചിരിച്ചു കാണിച്ച് ഞാന്‍ പള്ളിയിലേക്ക് പോകും. അവള്‍ക്ക് എന്നോട് ഒരു ആരധനയും പ്രണയവും ഒക്കെ തോന്നും. സങ്കല്പം അങ്ങനെ തരക്കേടില്ലാതെ പോയി, പിന്നെ ഞങ്ങള്‍ പ്രണയിച്ച് പതുക്കെ ഉറക്കത്തിലേക്കും.

രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഷര്‍ട്ടും മുണ്ടുമുടുത്തപ്പോളാണ് ഓര്‍ത്തത്, ഇനി തലയും കുത്തി വീഴുമ്പോള്‍ മുണ്ട് മാറിപ്പോയി വല്ലതും ഒക്കെ കണ്ടാല്‍ ചിലപ്പോള്‍ അവള്‍ നാണമായി നോക്കാതെ പോയാലോ? മുണ്ട് മാറ്റി ജീന്‍സ് എടുത്ത് ഇട്ടു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മുറ്റമടിച്ചോണ്ടിരുന്ന അമ്മ ചോദിച്ചു, നീ എന്താ ഇന്നും പള്ളിയില്‍ പോകുന്നേ, ക്ലാസില്‍ പോകണ്ടേ? ഞാന്‍ പറഞ്ഞു,“ഓ, ചുമ്മാ പോകാന്‍ തോന്നി, അത്ര തന്നെ”. പാവം അമ്മ വിചാരിച്ചു വല്ല പരിശുദ്ധാത്മാവും അവന്റെ തലയില്‍ വന്നിറങ്ങിയിട്ടുണ്ടാവും എന്ന്. പതുക്കെ മെയില്‍ റോഡിലെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ണോടിച്ചു. നേരെയുള്ള റോഡ് ആയതിനാല്‍ എവിടെയുണ്ടെങ്കിലും കാണാം. ഒന്നു നോക്കിയിട്ട് അവളെ കാണാനില്ല. മനസില്‍ ഒരു നൊമ്പരം. കയ്യാലയുടെ അടുത്ത് നിന്ന് ഒന്നു മൂത്രമൊഴിച്ച് ഇത്തിരെ സമയം കളഞ്ഞു, അതിനും ഒരു പരിധിയില്ലേ? അപ്പോളാണ് പുളിമരത്തിലെ മത്തായിച്ചേട്ടന്‍ വന്നത്. പിന്നെ നാട്ടുവാര്‍ത്തകള്‍ ഒക്കെ പറഞ്ഞ് പള്ളിയിലേക്ക് പോകേണ്ടി വന്നു. കുര്‍ബാനയുടെ ഇടക്ക് ഇരിക്കുന്ന സമയത്ത് സീറ്റു നോക്കുന്ന വ്യാജേന ഒളികണ്ണിട്ട് നോക്കികൊണ്ടിരുന്നെങ്കിലും നാലാമത്തെ പ്രാവശ്യമാണ് അവളെ കണ്ടുപിടിച്ചത്. ശ്ശൊ, ഇന്നു മിസ് ആയല്ലോ എന്നോര്‍ത്ത് അടുത്തതെന്തു വഴി എന്നാലോചിച്ച് കുര്‍ബാന കൂടി.

കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ അവളെ കാത്തു നിന്നാല്‍ കാര്യമില്ല. അവള്‍ സെമിത്തേരിയില്‍ കയറി അമ്മൂമ്മയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചിട്ടാണ് വരുക. ഞാനും പോയി പ്രാര്‍ഥിക്കാം എന്നു വെച്ചാല്‍ എന്റെ അത്ര ബന്ധമുള്ളവരാരും തന്നെ അവിടെ കല്ലറേല്‍ കിടപ്പില്ല. അങ്ങനെ ആദ്യ ദിവസം ഗോവിന്ദ. അല്ലേലും നമ്മള്‍ പോയി അവളുടുത്ത് മന:പൂര്‍വ്വം വീണാല്‍ അതു കൃത്രിമമായി ഉണ്ടാക്കുന്നതല്ലേ? ആകസ്മികമായി സംഭവിക്കുന്നതാകണം, എങ്കിലേ ഇതു തന്നെയാണ് നമ്മുടെ പെണ്ണ് എന്നുറപ്പിക്കാന്‍ പറ്റൂ. ഇനി ഇവളൊന്നുമല്ലാതെ മാധുരി ദീക്ഷിത് വല്ലതുമാണോ നമ്മുടെ പെണ്ണ് എന്നു നമുക്കറിയില്ലല്ലോ.

തുലാമാസമായിരുന്നതിനാല്‍ അന്നു വൈകിട്ട് മഴ പെയ്തു. മഴയത്തു കുളിക്കാനുള്ള മനസിന്റെ വിളിയെ മിന്നലിനോടും ഇടിയോടും ഉള്ള പേടിയെന്ന പ്രായോഗിക ബുദ്ധിയാല്‍ അതിജീവിച്ച് ജനലിലൂടെ മുറ്റത്തേക്കു പതിക്കുന്ന വെള്ളത്തുള്ളികളെ കയ്യിലിരിക്കുന്ന കട്ടങ്കാപ്പി ഊതിക്കുടിച്ച് നോക്കിയിരുന്ന സമയത്ത് അടുത്ത സങ്കല്പം എത്തിയത്. രാവിലെ പള്ളിയില്‍ പോകുന്ന വഴിക്ക് ഞാന്‍ അവളുടെ മുമ്പില്‍ കൂടി നടക്കുന്ന സമയത്ത് ഒരു ടാങ്കര്‍ ലോറി (അന്നൊന്നും ടിപ്പര്‍ ലോറി ഇല്ലായിരുന്നു) വന്ന് എന്റെ ദേഹത്തു ചെളിവെള്ളം തെറിപ്പിക്കുന്നു. സാധാരണ ഒരു പാലാക്കാരനെപ്പോലെ അന്നേരം ഞാന്‍ മ, പു, ത ഒന്നും പറയാതെ പ്രെയിസ് ദ ലോര്‍ഡ് എന്നു പറയുന്നു, അതില്‍ അവള്‍ ആകൃഷ്ടയാകുന്നു. വല്യ സംഭവം ഒന്നുമല്ലായിരുന്നെങ്കിലും മഴയും തണുപ്പും ഒക്കെയുള്ളതിനാലും, ഡൈയിലി സങ്കല്പങ്ങള്‍ നടത്തി ഉറവ വറ്റിയതിനാലും ഇതിലും കാമ്പുള്ളതൊക്കെ കിട്ടാന്‍ പ്രയാസമായിരുന്നു.

പക്ഷെ പിറ്റേന്ന് ഹര്‍ത്താല്‍ ആയിപോയി. പക്ഷെ ഞാന്‍ വിട്ടില്ല, പകല്‍ മുഴുവന്‍ സങ്കല്പിച്ചു. അവളെ പിടിക്കാന്‍ വരുന്ന പാണ്ടിയെ തല്ലിയോടിക്കുന്ന ഹീറോ ആയി നോക്കി. ബൈക്കില്‍ എത്തി മാല പറിക്കുന്നവനെ സ്ലോ മോഷനില്‍ പൊങ്ങി വണ്ടിയില്‍ നിന്നും തൊഴിച്ചു വീഴിച്ച് പിടിക്കുന്നതായും, എന്റെ പിടിവിട്ട് ഓടുന്ന അവനെ അവന്റെ ബൈക്ക് എടുത്ത് മുന്‍വശം പൊക്കി ഓടിച്ച് പിടിക്കുന്നതായും സങ്കല്പിച്ചു. അവന്‍ ഓടിയെങ്കിലല്ലേ സ്വന്തമായി ബൈക്ക് ഇല്ലാത്ത എനിക്ക് ബൈക്ക് ഓടിക്കാനും അഭ്യാസം നടത്തനും പറ്റൂ. ഇതെല്ലാം സങ്കല്പങ്ങള്‍ മാത്രമായി തന്നെ അവശേഷിച്ചു. അവളുടെ മുമ്പിലും പിന്നിലും നടക്കുന്നതല്ലാതെ ഒന്നു നേരെ നോക്കാന്‍ പോലും എനിക്കു പറ്റിയുമില്ല. എന്തിനും ഏതിനും ഒരു അവസാനം വേണ്ടേ? എന്നും രാവിലെ പള്ളിയില്‍ പോയി അതും മടുത്തു.

അങ്ങനെ ഞാന്‍ തീരുമാനിച്ചു, ഇനി കുറച്ചു നാളത്തേക്ക് വൈകുന്നേരം പാലാ സെന്റ് മേരീസില്‍ നിന്നും ഞങ്ങളുടെ ബസില്‍ വരുന്ന പത്താം ക്ലാസുകാരി ലീനയെ പ്രണയിക്കാം. അങ്ങനെ ഞാന്‍ പതുക്കെ ലീനയിലേക്ക് പ്രണയം വഴിമാറ്റി ഒഴുക്കി. ഇടദിവസങ്ങളിലെ പള്ളിയില്‍ പോക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചു എങ്കിലും അന്നൊരു ദിവസം കൂടി പോയേക്കാം എന്നു വെച്ചു, ദൈവം ഇനി ഞാന്‍ വായിനോക്കാന്‍ തന്നെയാണ് പള്ളിയില്‍ വരുന്നതെന്നു വിചാരിച്ചാലോ?

ഇനി പള്ളിയില്‍ വരവിനു ഒരു ഗ്യാപ് ഉണ്ടല്ലോ എന്നു വിചാരിച്ച് ഒരു കുമ്പസാരവും നടത്തി. സ്ഥിരം പാപങ്ങളൊക്കെ തന്നെ പറഞ്ഞതിനാല്‍ അച്ചനും വേഗന്ന് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രായ്ചിത്തവും തന്ന് എണീപ്പിച്ചു വിട്ടു. അങ്ങനെ കുര്‍ബാന സ്വീകരിക്കുന്ന സമയമായി. ഞാനും പതുക്കെ ക്യൂവില്‍ നിന്നു. ഒരു പകുതിയായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ ഏകദേശം അതേ ഭാഗത്തായാണ് സ്ത്രീകളുടെ ക്യൂവില്‍ റോസലിന്‍ നില്‍ക്കുന്നത്. പെട്ടെന്ന് എന്റെ ആറാമിന്ദ്രിയം മന്ത്രിച്ചു, നീ കുര്‍ബാന സ്വീകരിച്ചതിനു ശേഷം അവളാണ് സ്വീകരിക്കുന്നതെങ്കില്‍ അവള്‍ നിന്റെ പെണ്ണാണ്. ആറാമിന്ദ്രിയം പറഞ്ഞത് ശരിയെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ഞാന്‍ ഒന്നു എണ്ണി നോക്കി, മുമ്പില്‍ നിന്നും ക്രമത്തില്‍ ഒരാണിനു കൊടുത്ത് ഒരു പെണ്ണിനു കൊടുത്തു വരുമ്പോള്‍ സംഗതി ശരിയാണ്. അപ്പോള്‍ ഞാന്‍ കുര്‍ബാന സ്വീകരിച്ചു കഴിയുമ്പോള്‍ അവള്‍ സ്വീകരിക്കും. ആറാമിന്ദ്രിയത്തിന്റെ കണ്ടുപിടുത്തം ശരിവെച്ച് ഞാന്‍ നമ്രശിരസ്കനായി നിന്നു.

കല്യാണ ദിവസം എന്റെ സൈഡില്‍ നാണിച്ചു നില്‍ക്കുന്ന റോസലിനെ ഞാന്‍ മനസില്‍ കണ്ടു. ഞാന്‍ പതുക്കെ ഒളികണ്ണിട്ട് നോക്കി, അവള്‍ ഭക്തി പുരസരം കൈകൂപ്പി നില്‍ക്കുന്നു. എന്റെ ഹൃദയം വല്ലാതെ ഇടിച്ചു. എന്റെ പെണ്ണാകാന്‍ പോകുന്നവള്‍, എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്നവള്‍. കല്യാണത്തിനും ഇതു പോലെ ഞാന്‍ കുര്‍ബാന കൈക്കൊണ്ടു കഴിയുമ്പോള്‍ അവളും കൈക്കൊള്ളും, അതിന്റെ റിഹേര്‍സല്‍ പോലെ ഇന്ന്.

നല്ല സന്തോഷം തോന്നി മനസിന്, അതു പോലെ തന്നെ എന്റെ ആറാമിന്ദ്രിയത്തില്‍ അഭിമാനവും. പള്ളീലച്ചനു ഇത്തിരി പതുക്കെ കുര്‍ബാന കൊടുത്താല്‍ എന്താ എന്നൊക്കെ എന്റെ മനസ് ചോദിച്ചു, കാരണം ക്യൂ വേഗത്തില്‍ നീങ്ങുന്നതാ‍യി തോന്നി. ഞാന്‍ അവളെ ഒന്നുകൂടി ഒളികണ്ണിട്ട് നോക്കി, ഇനി അവളും എന്നെ പോലെ തന്നെ ഇതു വിചാരിക്കുന്നുണ്ടാവുമോ ആവോ? എന്തായാലും ഇതു കഴിയുമ്പോള്‍ ഇവള്‍ എന്റെ പെണ്ണെന്ന് ദൈവം നമുക്ക് സൂചന തന്നതായി ഉറപ്പിക്കാം എന്നും, ധൈര്യമായി അവളോട് പ്രണയം വെളിവാക്കാം എന്നും വിചാരിച്ചു. ഇനി അഥവാ അവള്‍ എതിരു പറഞ്ഞാലും ഭാവിയില്‍ എന്റടുത്തു തന്നെ വരുന്നവള്‍ അല്ലേ, അപ്പോള്‍ മാനേജ് ചെയ്യമല്ലോ.

അങ്ങനെ അച്ചന്റെ അടുത്ത് എത്താറായി. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്. ഞാന്‍ നോക്കിയപ്പോള്‍ “ഒന്നു പുറകോട്ട് മാറിക്കെ കൊച്ചെ“ എന്നു പറഞ്ഞ് ഒറോതച്ചേടത്തി റോസലിന്റെ സ്ഥാനത്തു കയറി. റോസലിന്‍ വളരെ വിനയപൂര്‍വ്വം ചേടത്തിക്കു വഴിമാറിക്കൊടുത്തു. എന്റെ മനസില്‍ നിന്നും ഒരു കല്യാണപ്പെണ്ണ് പതുക്കെ ഇറങ്ങിപ്പോയി. ആദ്യം ഇനി ഒറോതച്ചെടത്തിയായിരിക്കുമോ എന്റെ പെണ്ണ് എന്നു ഞാന്‍ സംശയിച്ചെങ്കിലും എന്റെ മനസാരാ മോന്‍! നമ്മുടെ പ്രശ്നം എന്റെ കല്യാണ പെണ്ണ് ആരെന്നുള്ളതല്ലായിരുന്നല്ലോ, റോസലിന്‍ എന്റെ പെണ്ണ് ആണോ എന്നുള്ളതായിരുന്നല്ലോ എന്ന് വീണ്ടും ആറാമിന്ദ്രിയം പിറുപിറുത്തു. റോസലിന്‍ അല്ല എന്റെ പെണ്ണ്, അതുകൊണ്ടാണ് അവസാനനിമിഷത്തില്‍ ചേടത്തി വഴി മുടക്കിയത് എന്നാശ്വസിച്ചു ഞാന്‍. എന്റെ ആറാമിന്ദ്രിയവും ഒരു നിശ്വാസം വിട്ടു.

9 comments:

ശ്രീ September 23, 2009 at 10:08 AM  

ആറാമിന്ദ്രിയത്തിന് അത്യാവശ്യം വകതിരിവുണ്ടായിരുന്നത് ഏതായാലും നന്നായി. ഇല്ലെങ്കില്‍ ആ ചേടത്തിയെ വെറുതേ വിടുമായിരുന്നോ... ;)

Rejeesh Sanathanan September 23, 2009 at 10:23 AM  

ഒറോതച്ചെടത്തി.......ദുഷ്ട ..ഇവളൊക്കെ അനുഭവിച്ചിട്ടേ പോകൂ.....:)

Uthram Nakshathram September 23, 2009 at 11:59 AM  
This comment has been removed by the author.
manu chandran September 23, 2009 at 12:27 PM  

ഹഹ കൊള്ളാം.,,, അടിപൊളി . എന്നാലും സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം മാണ്‌ എന്ന് ഉള്ള കഴിവ് ഉണ്ടായിരിക്കണം. അല്ലെന്ക്കില്‍ പിന്നെ പ്രേമിക്കുവാന്‍ പോകരുത്.

രഞ്ജിത് വിശ്വം I ranji September 23, 2009 at 12:37 PM  

ഹ ഹ.. ഇത് അടിപൊളിയായിട്ടുണ്ട്.. ഉഴപ്പൊക്കെ മാറ്റിവെച്ചു എന്നു തോന്നുന്നു..

Anil cheleri kumaran September 23, 2009 at 8:43 PM  

എന്റെ മനസാരാ മോന്‍!

ഹഹഹ.. കലക്കി..

മാണിക്യം September 23, 2009 at 11:27 PM  

എന്റെഈശോയെ!
കൊച്ചു വെളുപ്പാന്‍ കാലത്ത് പള്ളീല്‍ പോയി വരുന്ന ഈ തരം പുണ്യാളച്ചന്‍‌മാരെ എങ്ങനെ വിശ്വസിക്കും? ..
ആ പോക്കു കണ്ടാന്‍ "നല്ല ഭക്തിയുള്ള പാലാക്കാരന്‍ കൊച്ചന്‍ വല്ല കൊഴപ്പോം ഉണ്ടോ?"

എന്റെ കര്‍ത്താവേ ഞാന്‍ എന്നായെല്ലാം കണക്കു കൂട്ടിയതാ ....ഏതായാലും എന്റെ ഏഴാമിന്ദ്രീയം പ്രവര്‍ത്തിച്ചു .. അതു കൊണ്ടാണല്ലൊ ഈ ബ്ലോഗിപ്പോ വായിക്കാന്‍ പറ്റിയത് ..

ഒറോതച്ചേടത്തിയേ ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ!

രാജീവ്‌ .എ . കുറുപ്പ് September 25, 2009 at 10:56 AM  

എഴുത്ത് നന്നായി, ആശംസകള്‍
ഒറോത ചേട്ടത്തിക്ക് ഒരു കൊട്ടെഷന്‍ കൊടുക്കാന്‍ മേലാരുന്നോ

Areekkodan | അരീക്കോടന്‍ September 25, 2009 at 12:26 PM  

പള്ളിപ്പോയാ പലതുണ്ട് കാര്യം അല്ലേ?ഹഹഹ.. കലക്കി..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP