ഞാനൊരു പാവം പാലാക്കാരന്‍

ഇലകൾ

>> Thursday, September 17, 2026

അങ്ങനെ ഈ വർഷത്തെ ഓണവും കഴിഞ്ഞു. നാട്ടിൽ ഭാര്യയും കുട്ടികളും ഓണം ആഘോഷിച്ചു; ഞാനാണെങ്കിൽ ദുബായിൽ കമ്പനിക്കൊപ്പവും. ബാംഗളൂരിൽ നിന്ന് പുതിയ ക്യാമറയുമായി നാട്ടിൽ എത്തിയ മകൻ,  ഓണപ്പുടവകളിൽ നിൽക്കുന്ന മക്കളുടെയും വീട്ടുകാരുടെയുമൊക്കെ അടിപൊളി  ഫോട്ടോസെടുത്തു. അതൊക്കെ കണ്ട് രസിച്ചു ഇവിടെ ഞാനും കുളിരണിഞ്ഞു. എന്നാൽ ഞാനിപ്പോൾ പറയുന്നത് ഓണാഘോഷത്തെക്കുറിച്ചോ, അതിന്റെ നിറങ്ങളെക്കുറിച്ചോ അല്ല. ഒരു പ്രായത്തിലേക്കെത്തുമ്പോൾ നമുക്കുണ്ടാകുന്ന ചില അനുഭവങ്ങൾ, മാറ്റങ്ങൾ,  ഇതിനെക്കുറിച്ചൊക്കെയാണ്. 

ഇന്നലെ എന്റെ ഭാര്യ എന്നെ വിളിച്ചു. വെറുതെ ഞങ്ങൾ വർത്തമാനമൊക്കെ പറയുന്ന സമയത്ത് അവൾ ഒരു സങ്കടം പറഞ്ഞു. മോൻ വന്ന് എല്ലാവരുടെയും സുന്ദരമായ ഫോട്ടോകളൊക്കെ എടുക്കുന്നതു കണ്ടു. വീട്ടിലെ സഹോദരങ്ങളുടെയും കാർന്നോന്മാരുടേം പിന്നെ കുറെ പ്രകൃതി ഭംഗിയും ഒക്കെ.  പക്ഷേ അവളുടെ ഒരൊറ്റ ഫോട്ടോ പോലും എടുത്തില്ലെന്ന്.

ആദ്യം ഞാൻ അതിനെ കൂളാക്കാൻ ശ്രമിച്ചു. “ എടീ അവൻ അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാവില്ല; ഓരോരുത്തരുടേം സുന്ദര നിമിഷങ്ങൾ കണ്ടപ്പോൾ പെട്ടെന്ന് എടുത്തന്നേ കാണൂ. നീ മിക്കവാറും അടുക്കളയിലും പണിയിലും ഒക്കെ അല്ലേ.., കരിപുരണ്ട ജീവിതം അല്ലേ, അതായിരിക്കും.” 

അവൾ പറഞ്ഞു... “എനിക്ക് വലിയ സൗന്ദര്യമില്ല, പ്രായവുമായി. അടുക്കളയും തുടക്കലും തൂക്കലും ആയി നടക്കുന്നതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാൻ ആർക്കും തോന്നില്ലായിരിക്കാം."

അവൾക്ക് ഫീൽ ചെയ്തു എന്ന് മനസിലായ ഞാൻ പിന്നെയും സ്മൂത്താക്കാൻ ശ്രമിച്ചു. "അവനത് അറിഞ്ഞോണ്ടായിരിക്കത്തില്ലെടീ പെണ്ണേ, വിട്ടു കള."

അവൾ പറഞ്ഞു "എന്റെ വാഴക്കാവരയാ...  അവഗണിക്കപ്പെടുന്നവരുടെ വേദന എന്താണെന്ന് അത് അനുഭവിക്കുമ്പോളെ മനസിലാകൂ..ഞാനതൊക്കെ വിട്ടു, പക്ഷെ ചെറിയൊരു കുത്തൽ.."

 ചെറുപ്പത്തിലും, കുറേയൊക്കെ ഇപ്പോളും അവഗണനയുടെയും തിരസ്കാരത്തിന്റെയും തീച്ചൂളയിലൂടെ കടന്നു വന്ന എനിക്ക് അവളുടെ നൊമ്പരം നന്നായി മനസ്സിലായി.ഞാൻ പറഞ്ഞു.. "ഞാൻ അവനോട് വിളിച്ചു പറയാം. അവനത് അറിഞ്ഞോണ്ടായിരിക്കത്തില്ല." 

അപ്പോൾ അവൾ പറഞ്ഞു.. "അങ്ങനെ വേണ്ട, ഇതൊന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യങ്ങളല്ല. അവന്റെ മനസ്സിൽ അങ്ങനെയൊരു തോന്നലുണ്ടായി ചെയ്യേണ്ടതാണ് അത്. എന്റെ വിഷമം എന്റേതായിട്ട് അവിടെ ഇരുന്നോട്ടെ.." 

ആ വാക്കിന്റെ ഭാരം എനിക്ക് മനസ്സിലായി. മോൻ അറിയാതെയാണെങ്കിൽ പോലും ചെയ്ത ഒരു കാര്യം, അമ്മയുടെ മനസ്സിൽ ഒരുവലിയ മുറിവായി പതിഞ്ഞിരിക്കുന്നു. 

ഞാനെന്റെ അമ്മയെ ഓർത്തു. അച്ഛനില്ലാതെ നാലുമക്കളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയോട് ഞാനെന്തൊക്കെയായിരിക്കാം, ഒരു പക്ഷെ ഇതിലും എത്രയോ അശ്രദ്ധയോടെ, ക്രൂരമായിട്ടാവാം ചെയ്തിരിക്കുക. പുതിയ കൂട്ടുകാരും ജോലിസ്ഥലങ്ങളും ബന്ധങ്ങളും ഒക്കെ വരുമ്പോൾ, ലോകത്തിന്റെ നിറങ്ങൾക്ക്  മുമ്പിലും പ്രാരാബ്ധങ്ങൾക്ക് മുമ്പിലും ഒക്കെ പാഞ്ഞുപോകുമ്പോൾ, അമ്മയോടും സഹോദരങ്ങളോടും ഒക്കെ എങ്ങനെയാവും ഞാനൊക്കെ പെരുമാറിയിട്ടുണ്ടാകുക. 

കഴിഞ്ഞ ഏതോ ഒരു അവധിയിൽ അമ്മയുടെ മടിയിൽ തലവെച്ചു കിടന്നപ്പോൾ, അമ്മ മുടിയിൽ തലോടിയപ്പോൾ, കൊഴിഞ്ഞു തീരാറായ നരച്ച മുടിയിലും തലോടാൻ അമ്മയ്ക്കും ഒരു കൊതിയുണ്ടെന്നു മനസ്സിലായി. കുഞ്ഞിനാളിൽ ആഴ്ചയിലൊരിക്കൽ വന്നിരുന്ന അമ്മയുടെ മടിയിൽ കിടക്കാൻ, മൂത്തവനായതിന്റെ പേരിൽ ഊഴം കുറഞ്ഞതിന്റെ സങ്കടം കരഞ്ഞു തീർത്തിരുന്ന ഞാനിന്ന് അവിടെ കിടക്കാറില്ല, എന്നാൽ അവിടെ ഒന്ന് കിടക്കാൻ ഒരു പക്ഷെ അമ്മ കൊതിക്കുന്നുണ്ടാവും. നമുക്കോ ഇന്നിപ്പോൾ നമ്മുടെ മക്കളുടെ ചെയ്തികളുടെ പരാതികളും. ഒരു പക്ഷെ എനിക്കാരെങ്കിലും അന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഉറപ്പായും എന്റെ പെരുമാറ്റങ്ങൾക്ക് മാറ്റമുണ്ടായേനെ..

വൈകുന്നേരം ബാംഗളൂരിൽ തിരിച്ചെത്തിയ മകൻ വിളിച്ചപ്പോൾ ഞാൻ വെറുതെ ചോദിച്ചു: “നീ അമ്മയുടെ നല്ലൊരു ഫോട്ടോ എടുത്തെന്ന് കേട്ടല്ലോ?” അവൻ അല്പം ആലോചിച്ച് പറഞ്ഞു: “ഇല്ല, അമ്മയുടെ ഫോട്ടോ എടുത്തിട്ടില്ല. ബാക്കിയുള്ളവരുടേത് ഒക്കെയേ ഉള്ളൂ..”

ഞാൻ അവനോട് കാരണം ചോദിച്ചില്ല. അവൻ അത് മനപ്പൂർവം അല്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു: "നീ അമ്മയൊന്ന് വിളിച്ചു സംസാരിക്കണം അല്ലെങ്കിൽ അതൊരു വിങ്ങലായിട്ട് അമ്മയുടെ ഉള്ളിൽ കിടക്കും. ഒഴിവാക്കപ്പെടുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന വേദന എന്താണെന്ന് നമുക്ക് പലപ്പോഴും മനസ്സിലാവില്ല. സ്വന്തം മക്കളിൽ നിന്നാവുമ്പോൾ അതിന്റെ നൊമ്പരം ഒത്തിരി കൂടുതൽ ആയിരിക്കും."  അവന് അത് മനസ്സിലായിട്ടുണ്ടാകണം. അവൻ രാവിലെ തന്നെ അമ്മയെ വിളിച്ച് സംസാരിച്ചു, കാര്യങ്ങളൊക്കെ കുറച്ചുകൂടി കൂളായെന്ന് തോന്നുന്നു, അവളുടെ വിങ്ങലും മാറിയിരിക്കാം. എനിക്കെന്റെ ചെറുപ്പത്തിൽ ആരും അങ്ങനത്തെ കാര്യങ്ങൾ പറഞ്ഞ് തന്നില്ല. ഞാനതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു ചിന്ത എന്റെ മനസ്സിലേക്ക് വരാത്തതിന് കാരണം എന്റെ തിരക്കുകൾ, പഠിത്തങ്ങൾ, കൂട്ടുകാർ, ബഹളങ്ങൾ, അങ്ങനെയൊരു ലൈഫിലേക്ക് നമ്മൾ പോയതുകൊണ്ടാകാം. 

ചില കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടതാണ്. അവർക്ക് സ്നേഹമില്ലാത്തതുകൊണ്ടല്ല, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പോകുന്നതാണ്. തിരക്കേറിയ ജീവിതത്തിൽ നിറങ്ങളുടെ പുറകെയാണ് എല്ലാവരുടെയും പാച്ചിൽ. 

നമ്മുടെ കുട്ടികൾ വളരുമ്പോൾ അവരുടെ ലോകം മാറും. പുതിയ സുഹൃത്തുക്കൾ വരും, പുതിയ താൽപര്യങ്ങൾ വരും, പ്രണയങ്ങളും സ്വപ്നങ്ങളും സ്വന്തം തിരക്കുകളും വരും. അപ്പോൾ നമ്മളോടുള്ള അടുപ്പത്തിന്റെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങൾ വരും. ഒരിക്കൽ നമ്മൾ നമ്മുടെ മാതാപിതാക്കളോട് അറിയാതെ ചെയ്തതുപോലെ, അവർ നമ്മളോടും അറിയാതെ ചെയ്യാം. അതൊരു കുറ്റമല്ല; ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കാണ്. പക്ഷേ ആ ഒഴുക്കിനിടയിൽ, ഒരാളുടെ മനസ്സിൽ ഒരു മുറിവ് ഉണ്ടാകാതെ നോക്കാൻ നമുക്ക് പഠിപ്പിക്കാം. കുറ്റപ്പെടുത്താതെ, കളിയാക്കാതെ, ഒരു വേദനയുടെ കാര്യം ശാന്തമായി പറഞ്ഞുകൊടുക്കാം. 

ജീവിതത്തിന്റെ സന്ധ്യയിലേക്കുള്ള യാത്രയിലാണ് ഒരു പക്ഷെ ഞാനും. ഞാൻ കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായിരുന്നത് ഗോൾഡൻ എന്ന ഒരു താഴ്‌വരയിൽ മഞ്ഞുകാലത്തിനു മുമ്പ് കൊഴിയാനായി സ്വർണ നിറത്തിൽ ഇലകൾ വിരിഞ്ഞു നിന്ന മരങ്ങളാണ്. അതിൽ നിന്നും കൊഴിഞ്ഞു വീണതും വർണ്ണാഭമായ ഇലകൾ. എന്നാൽ നാട്ടിൽ ജനുവരി സമയത്തു റബർ മരങ്ങൾ ഇലപൊഴിക്കും. വരണ്ട കാറ്റും ഉണങ്ങിയ ഇലകളുമായി മരങ്ങൾ കാറ്റിലാടും. രണ്ടു സ്ഥലത്തും പഴുത്ത / ഉണങ്ങിയ ഇലകൾ പൊഴിയുന്നു. 

സ്വർണനിറമുള്ള ഒരു ഇലയായി കൊഴിയണം എനിക്ക്. കുറഞ്ഞപക്ഷം ഒരു പഴുത്ത പ്ലാവിലയായി മാറി ഈർക്കിലിയിൽ കോർത്ത് ആർക്കെങ്കിലും കഞ്ഞികുടിക്കാൻ കാരണമാകാം, അല്ലെങ്കിൽ ആടിന്റെ ഇഷ്ട ഭക്ഷണമാകാം...

അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ചെയ്ത നല്ല കാര്യം എന്തെന്ന് വെച്ചാൽ, എന്റെ മകനോട് കളിയാക്കലുകളോ കുറ്റപ്പെടുത്തലുകളോ അല്ലാതെ അവന്റെ അമ്മക്കുണ്ടായ ഒരു നൊമ്പരത്തിന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കി എന്നുള്ളതാണ്. മനസ്സിലായിട്ടുണ്ടാകണം, അറ്റ്ലീസ്റ്റ് അങ്ങനെയൊരു ശ്രമമെങ്കിലും ഞാൻ നടത്തി. 





 




Read more...

കഷണ്ടിയും അസൂയയും - മരുന്നായോ ആവോ

>> Saturday, July 18, 2026

കഷണ്ടിയും അസൂയയും  - മരുന്നായോ ആവോ 

കാലചക്രം ഇങ്ങനെ മുന്നോട്ടുരുളുന്നു, പണ്ടൊക്കെ ഉന്തുവണ്ടിയിലും കാളവണ്ടിയിലും ഒക്കെ ഇഴഞ്ഞു പോയിരുന്ന കാലം ഇന്നിപ്പോൾ പിടിവിട്ട പാച്ചിലാണ്. കാര്യം വല്ല ഫെരാരിയിലും ലംബോർഗിനിയിലും കേറി കാലത്തിന്റെ കൂടെ വെടിക്കെട്ടുപോലെ പോകണം എന്നായിരുന്നു ആഗ്രഹം എങ്കിലും ഇതിപ്പോൾ ഒരു മാതിരി കാറ്റൂരിയ ബലൂൺ പോലെ അല്ലെങ്കിൽ നൂലുപൊട്ടിയ പട്ടം പോലെ ഒരുമാതിരി മണാകുണാ പോക്കാണ്.

അങ്ങനെ മുഖത്ത് ചുളിവുകൾ വന്നു, മുടിയിഴകൾ നരച്ചു, മുട്ടിനും നടുവിനും ചെറുവേദനകൾ തുടങ്ങി. ചുളിവുകൾ താടി വളർത്തിയും മുട്ടിന്റെയും നടുവിന്റെയും പ്രശ്‍നം ഉള്ളിലൊതുക്കിയ കുഞ്ഞു സീൽക്കാരങ്ങളിലും ഒതുക്കി. പക്ഷെ അമ്മൂമ്മക്ക്‌ കുണുക്കൊരു ഇണക്കമെന്ന് പറയുന്നപോലെ നര ഞാനൊരു അലങ്കാരമായി കൊണ്ട് നടന്നു. മാനസികവളർച്ചക്കൊപ്പം തന്നെ ശാരീരിക വളർച്ചയും മെല്ലെയായിരുന്നത് കൊണ്ടു അമ്പതുകഴിഞ്ഞിട്ടും മനസ്സിൽ മുപ്പതേ ആയിട്ടുള്ളൂ. അപ്പോൾ നര ഒരു അനുഗ്രഹമാണ്, തിരിച്ചറിവും . മേമ്പൊടിയായി ഇപ്പോൾ വല്ലയിടത്തും ഒക്കെ ചെല്ലുമ്പോൾ ഒരു കൊച്ചു ബഹുമാനവും.

എന്റെ സൗന്ദര്യത്തിലും ലുക്കിലും അതീവ ശ്രദ്ധാലുവാണ് എന്റെ ഭാര്യ. ഒരിക്കൽ അവൾ പറഞ്ഞതനുസരിച്ചു മുടിക്ക് കറുത്ത കളറടിച്ചു, എനിക്ക് നാണമായിരുന്നു എങ്കിലും. ആരാധകർ, പ്രത്യേകിച്ച് സ്ത്രീകൾ അത് മോശം മോശം മോശം എന്ന് പറഞ്ഞതോടെ പിന്നീടതിന് മുതിർന്നതേ ഇല്ല.

അങ്ങനെയിരുന്നപ്പോൾ ആണ് സ്ലോട്ടർ കഴിഞ്ഞു തടിവെട്ടാൻ തുടങ്ങിയ റബർ തോട്ടം പോലെ എന്റെ തലയിൽ അവിടെയും ഇവിടെയും കഷണ്ടി വന്നത്. എന്റെ ഭാര്യ അസ്വസ്ഥയായി. ഞാനിവിടെ ദുബായിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധയില്ലാതെ നടന്നാൽ പറ്റില്ല എന്ന് പറഞ്ഞു അവൾ അതിനുള്ള പോംവഴികൾ തേടിത്തുടങ്ങി. കൊട്ടത്തേങ്ങ പോലത്തെ പേട്ട് തലയുള്ള ഞാൻ മുടിയും താടിയും കൂടി പോയാൽ വെറും ഓഞ്ഞ ലൂക്കാണെന്നു അറിയാവുന്നതുകൊണ്ട് ഞാനും എതിരു നിന്നില്ല.

അങ്ങനെ പാറേപ്പള്ളിയിൽ ധ്യാനകേന്ദ്രത്തിന്റെ അടുത്തുള്ള ഒരു പ്രശസ്തനായ ഡോക്ടറിന്റെ അടുത്തുനിന്നും മരുന്ന് വാങ്ങി ഒരു സുഹൃത്തുവഴി അവൾ ഇവിടെയെത്തിച്ചു. രാവിലെയും വൈകിട്ടും തലയിൽ തേപ്പിക്കാൻ അവൾ മറക്കാതെ ഓർമ്മിപ്പിച്ചു.

ഒന്ന് രണ്ടുമാസങ്ങൾ കഴിഞ്ഞു. എനിക്ക് മൊത്തത്തിൽ ഒരു ഊർജക്കുറവ്. തൊലിപ്പുറത്തു തേക്കുന്ന മരുന്നുകൊണ്ട് ഊർജം കുറയാൻ സാധ്യതയില്ല എന്ന് എന്റെ സയന്റിഫിക് ടെമ്പർ പറഞ്ഞു എങ്കിലും ചാറ്റ് gpt യെക്കാളും മുന്തിയ സാധനം എന്ന് മകൻ പറഞ്ഞ ക്ലോഡ്ഇൽ ചോദിച്ചു.

അപ്പോൾ പുള്ളി പറയുകയാണ്, ഇത് ഉപയോഗിച്ചാൽ ചിലകാര്യങ്ങളിൽ ഉഷാർ കുറയും എന്ന്. ഒറ്റയ്ക്ക് താമസിക്കുന്ന എന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ഉള്ള എന്റെ ഭാര്യയുടെ പ്രത്യേക  ശുഷ്‌കാന്തി തിരിച്ചറിഞ്ഞ ഞാൻ സത്യത്തിൽ ഒരു നാഗവല്ലിയെ തിരിച്ചറിയുകയായിരുന്നു..






Read more...

കൂടുമാറ്റം

>> Monday, July 6, 2026

അങ്ങനെ രണ്ടാമത്തെ പുത്രനെയും കൊത്തിപ്പിരിച്ചു ബാംഗ്ളൂരിന് വിട്ടു. 95 ഇൽ ബാംഗ്ലൂരിലെ   സുവർണ്ണകാലത്ത് അവിടെ കഴിഞ്ഞതിന്റെ നോസ്റ്റു ആയിരിക്കാം, കുഞ്ഞിക്കൂനനിലെ വിമൽകുമാറിനെ പോലെ ഇപ്പോളും ബാംഗ്ലൂർ എന്ന് വിളിക്കാനാണിഷ്ടം.

എല്ലാ മാതാപിതാക്കൾക്കും മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ, അവരുടെ ഭാവിയുടെ കാര്യത്തിൽ വലിയ ഉത്കണ്ഠയും ശ്രദ്ധയും ഒക്കെയുണ്ടാകും. പിള്ളേരെ ബാംഗ്ലൂർ വിട്ടാൽ പിഴച്ചുപോകുമോ, കള്ളും കഞ്ചാവും കാമവുമായി കറങ്ങി നടക്കുമോ, എന്നിങ്ങനെ നൂറായിരം ചിന്തകൾ. നമ്മുടെ പിള്ളേരെ നമുക്ക് പോലും വിശ്വസിക്കാൻ കൊള്ളില്ലെങ്കിൽ പിന്നെ എന്തുപറയാൻ എന്നാണ് ആ കാര്യത്തിൽ എന്റെ ടേക്.  

മൂത്തമകന്റെ അഡ്മിഷനോ, യാത്രയാക്കാനോ, കോളേജ് കാണാനോ ഒന്നും ഞാൻ പോയതേ ഇല്ല. രണ്ടാമന്റെ ടെസ്റ്റ് സമയം ആയപ്പോൾ കൂടെ പോയി, അന്നേരം നാട്ടിൽ ഉണ്ടായിരുന്നു. പക്ഷെ എല്ലാത്തിനെയും പെറുക്കിയെടുത്തു മസിനഗുഡി വഴി ബാംഗ്ലൂർ ട്രിപ്പ് അടിച്ചു പോയി വന്ന, പിന്നെ അവനെ യാത്രയാക്കുന്നതിനു മുമ്പേ ദുഫായിക്ക് തിരിച്ചു പോന്ന കശ്മലൻ ആണ് ഞാൻ. എന്ത് മലമറിച്ചാലും മത്തായിക്ക് മലരാണ് എന്ന നിലയിൽ റിലാക്സ് ജീവിതം നയിക്കുന്ന ഒരുത്തൻ എന്നാണ് എന്നെക്കുറിച്ചു പൊതുവിൽ ഒരു ധാരണ. ശറപറാ പിള്ളേരുള്ളതുകൊണ്ടാകും ശുഷ്‌കാന്തി ആ കാര്യത്തിലല്ലാതെ പിള്ളേരുടെ കാര്യത്തിൽ തീരെ ഇല്ലാ എന്ന് വിരോധികൾ പറയുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്യാറില്ല.

രണ്ടാമനെ കോളേജിലും ഹോസ്റ്റലിലും കൊണ്ടുപോയി സെറ്റ് ആക്കാൻ ഭാര്യയും മൂത്തമകനും (എന്റെ സ്ഥാനത്തു നിന്ന്) ബാംഗ്ലൂർ പോയി. ഹോസ്റ്റലിൽ അവനെ നിർത്തിയിട്ടു പോന്നപ്പോൾ എനിക്ക് പകരം മൂത്തവൻ കരഞ്ഞു, ഭാര്യ പിന്നെ തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മൊട്ട ആണല്ലോ. മൂത്തവൻ അവന്റെ ഹോസ്റ്റലിലേക്ക് പോകുന്നതിനു മുമ്പ് അമ്മയെ ബസ് കയറ്റി വിടാൻ മജെസ്റ്റിക്കിനു പോകുന്നു, റോഡ് അടപടലം ബ്ലോക്ക്. പിന്നെ മെട്രോ, ഓട്ടോ, ഓട്ടം അങ്ങനെ ഒരു തരത്തിൽ മടിവാളക്കടുത്തുള്ള ഏതോ പമ്പിൽ വെച്ച് ബസ് പിടിച്ചു കയറ്റി വിട്ടു. ഞാൻ ഇവിടെ കൂട്ടുകാരുടെ കൂടെ ഓരോന്നടിച്ചു IPL ഫൈനൽ കണ്ടുകൊണ്ടിരുന്നു....

പിള്ളേർക്കൊക്കെ പക്വത ഉണ്ടാകണമെങ്കിൽ അവർ സ്വയം ചെയ്തു ശീലിക്കണം എന്നാണല്ലോ അതിന്റെ ഒരു ഇത്. ഒന്നാമൻ പോയപ്പോൾ രണ്ടാമന് കുടുംബനാഥൻ ആകാനുള്ള അവസരം കിട്ടി, ഇപ്പോൾ മൂന്നാമൻ ആ റോളിലേക്ക് കടക്കുന്നു. അവനും പക്വതയുള്ള, കാര്യപ്രാപ്തിയുള്ള, സ്വയം പര്യാപ്തതയുള്ള ഒരു വ്യക്തിയാവട്ടെ.

ഏതായാലും പിറ്റേ ദിവസം ഒന്നാം തീയതി ആയതുകൊണ്ട് ഒന്ന് നന്നാവാൻ തീരുമാനിച്ചു, 24 ആം തീയതി വരെ മദ്യവും മദിരാക്ഷിയും പുകപടലങ്ങളും എല്ലാം നിർത്തി ഇത്തിരി ഓറയുമായി ഒന്ന്  ജീവിക്കാം എന്ന് തീരുമാനിച്ചു. 10 മണിക്ക് മുമ്പ് കിടക്കുന്നു, പെലകാലെ എണീക്കുന്നു, ഓടുന്നു, ഡംബിൾസ് അടിക്കുന്നു, അങ്ങനെ വലിയ വലിയ പ്ലാനുകൾ.

പക്ഷെ പാതിരാത്രി കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫോൺ, രണ്ടാമന് ഹോസ്റ്റലിൽ ശർദ്ദിൽ ആണെന്ന്. അവന്റെ ഫ്ലോറിൽ ബാത്രൂം റെഡി അല്ലാത്തതുകൊണ്ട് താഴത്തെ ഫ്ലോറിൽ പോയി ശർദ്ദിച്ചു അവിടെ തന്നെ ഇരിക്കുന്നു. റൂമിലെ കൂടെയുള്ളവന്റെ ഉറക്കം ശല്യപ്പെടുത്താതെ ഇരിക്കാൻ അവിടെ ഇരിക്കുകയാണ് അദ്ദേഹം. എത്ര മാന്യന്മാരാണ് ഇവരൊക്കെ, ഞാനൊക്കെയാണെങ്കിൽ പുറം തിരുമിക്കാനായി എങ്കിലും വെറുതെ ഒരുത്തനെ വിളിച്ചേനെ. രണ്ടു മണിക്കൂർ അവനു സപ്പോർട്ടുമായി ഞാനും ഭാര്യയും വീഡിയോ കോളിൽ ഇരുന്നു. സത്യത്തിൽ രണ്ടെണ്ണം അടിക്കാൻ അന്നേരം ഭീകരമായി തോന്നി, പിടിച്ചു നിന്നു.

പത്തുമുത്തഞ്ചു വർഷം മുമ്പ് ഞാൻ തമിഴ്‌നാട്ടിൽ പഠിക്കാൻ പോയപ്പോൾ,  തനിയെ അന്യനാട്ടിൽ പോകുന്ന എന്നെ യാത്രയാക്കിയ അമ്മയും സഹോദരങ്ങളും എങ്ങനെ അന്ന് കിടന്നുറങ്ങിയിരിക്കും?  ഇടയ്ക്കിടെ വരുന്ന എന്റെ കത്തുകൾ കിട്ടുമ്പോൾ അവർ എന്തൊരു ഫീലോടുകൂടി ആയിരിക്കും അത് വായിച്ചിരിക്കുക! 

ചിന്തകൾ കാട് കയറുന്നു. എന്നെ കൈപിടിച്ച് കൂടെ കൊണ്ടുപോകാൻ കൂടെ അച്ഛനില്ലാതെ ഇരുന്നതിന്റെ അതേ വിധി തന്നെ ആയിരിക്കുമോ എന്റെ മക്കൾക്കും കാലം കൊടുക്കുന്നത്. കൂടെ കൊണ്ടുപോയി കെട്ടിപിടിച്ചു യാത്ര പറഞ്ഞു, അവർക്കു ധൈര്യം കൊടുത്തു പോരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഹൃദയം എന്നുംതന്നെ വിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു, IPL ഫൈനലിന്റെ ഒരു ബോളുപോലും എന്റെ മനസ്സിൽ ഓർമയിൽ ഇല്ല. ഞാനും മനസ്സുകൊണ്ടു കൂടെയുണ്ടായിരുന്നു എന്റെ പൊന്നു മക്കളേ. നിങ്ങളെ മറന്നൊരു ദിവസം പോലുമില്ല, ഞാൻ കെട്ടിപ്പിടിച്ചുറങ്ങുന്ന തലയിണകൾ ഊഴം വെച്ച് നിങ്ങളിലോരോരുത്തരും തന്നെയാണ് ഇന്നും. 

അവർ കുറേശ്ശേ ഇനി അവരുടെ ലോകത്തേക്ക് പോകും, സ്വയം പര്യാപ്തമാകും. സുഹൃത്തുക്കളും കാമുകിമാരും ഉണ്ടാവും, എന്നന്നേക്കുമായി നമ്മുടെ ഇന്നത്തെ മക്കളല്ലാതാവും...ആവട്ടെ, അങ്ങനെ ആകണമല്ലോ ജീവിതം.

ഒരു പക്ഷെ ഞാനിവിടെ ഇരുന്നതു പോലെ ആയിരിക്കുമോ 44 വർഷങ്ങളായി വടക്കുംമുറി കറിയാച്ചനും ഏതോ ഒരു മുന്തിരിത്തോട്ടത്തിൽ ഇരിക്കുന്നത് ? 

ഒടിഞ്ഞു അകത്തിരുന്ന ഒരു മുള്ള് ഞാൻ കൂനമ്പാല ഇലയൊടിച്ച് അതിന്റെ ഞെട്ടിലെ പാലൊഴിച്ചു പുറത്തെടുത്തു, ഉണങ്ങിയ മുറിപ്പാടുകളിലെ തടിപ്പിൽ തൊട്ടാൽ  കൊച്ചു നോവുണ്ട്, സാരമില്ല. എന്നാൽ ചിലരുടെ കരിയാത്ത മുറിവുകളിൽ ഇന്നും ചോര കിനിയുന്നുണ്ടാവാം, ഒരു പക്ഷെ അവർ പോലുമറിയാതെ....

രചന, സംഗീതം, ക്രീയേഷൻ  - വാഴക്കാവരയൻ  

കൈ പിടിക്കേണ്ട കാലം കാറ്റെടുത്തു പോയി 

വഴിയറിയാതെ ഞാൻ ഏകനായി തേങ്ങി 

നിഴലിൽ ചാരി പതറി  ഉഴറി നടക്കവേ 

ഉണങ്ങിയ മുറിവെന്നു കാലവും ചൊല്ലി 


കാലം പോകവേ മുറിവുകൾ മായുമെങ്കിലും,

മുറിപ്പാടുകളിൽ ഇന്നും ചോര കിനിയും...

ദൈവത്തിൻ തോട്ടത്തിൽ നീ നടക്കുമ്പോൾ,

തിരിഞ്ഞൊന്നു നോക്കണം ചാച്ചേ, ഇന്നുമിവിടെ...


ഏഴാം വയസ്സിൽ പൊട്ടിയ പട്ടം,

നെഞ്ചോട് ചേർത്തൊരു കുഞ്ഞ് 

പൊടിയാൻ തുടങ്ങിയ മങ്ങിയനിറമുള്ള

കടലാസ് പട്ടം പിടിച്ചൊരു വയസൻ കുഞ്ഞ് 


മഴവില്ലു മാഞ്ഞൊരു മാനം, ഓർമ്മയിൽ ഒളിയുന്ന രേഖകൾ 

കോറിവരച്ചു നിൻ രൂപം, ജലരേഖകളായി മാഞ്ഞുപോയ് 

നിഴലുകൾ ചേർത്ത് വരച്ചു, തേടി പല മുഖങ്ങളിലും 

അവരറിയാതെ, ഞാൻ പറയാതെ ഹൃദയം ചോർത്തി.




Read more...

വാഹന ഇൻഷുറൻസ് - പ്രശ്നങ്ങൾ

>> Thursday, April 16, 2026

കേരളത്തിൽ ( ഒരു പക്ഷെ ഇന്ത്യയിൽ തന്നെ) വാഹന ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളെ കുറിച്ച് വലിയ അറിവില്ല. പക്ഷെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു വലിയ പ്രശ്‍നം ഉണ്ട്.

ഒരു വാഹനാപകടം നടന്നു കഴിഞ്ഞാൽ ഉണ്ടനെ ഇവിടെ നടക്കുന്നത് എന്താണ്. ഒന്നുകിൽ കുറ്റക്കാരാണെന്ന് നാട്ടുകാരോ അല്ലെങ്കിൽ അപകടത്തിൽ പെട്ടവരിൽ കയ്യൂക്കുള്ളവരോ മറുപക്ഷത്തു നിന്ന് ഒരു തുക വാങ്ങും. ഇല്ലെങ്കിൽ അവനവന്റെ ഇൻഷുറൻസിൽ നിന്നും ആ മൈന്റെനൻസിനുള്ള തുക വസൂലാക്കും. അങ്ങനെയാണോ നാം ചെയ്യേണ്ടത്?

ശരിക്കും ഒരു അപകടം നടന്നാൽ പോലീസ് എത്തി ആരാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുക, അതിൽ തർക്കം ഉണ്ടെങ്കിൽ കോടതിയിൽ വ്യവഹാരത്തിനു പോകുക, കുറ്റക്കാരായ ആളിന്റെ ഇൻഷുറൻസിൽ നിന്നും തുക വസൂലാക്കുക,  ചെയ്യേണ്ടത്.

എന്നാൽ പോലീസ് എത്തിയാൽ ഉണ്ടാകുന്ന കാലതാമസം,  വാഹനം കൊണ്ടുപോയി ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കുള്ള കാലതാമസം, അതിനുശേഷം ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങളുടെ താമസവും പ്രയാസങ്ങളും എല്ലാം കാരണം എല്ലാവരും അവനവന്റെ ഇൻഷുറൻസിൽ നിന്നും കാശു വാങ്ങി പണി തീർക്കുകയാണ് പതിവ്. 

ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ ഭാഗത്തു ഒരു തെറ്റുമില്ലെങ്കിൽ കൂടി നമ്മുടെ ഇൻഷുറൻസിൽ നിന്നും നമ്മുടെ പ്രശ്നമെന്ന രീതിയിൽ ചിലവഴിക്കുന്ന നമ്മൾ.

ഇത്രയും വാഹനങ്ങളുള്ള ഈ കാലത്ത്, ഭീമമായ ഇൻഷുറൻസ് തുക ഫുൾ ഇൻഷുറൻസ് ആയിട്ടും തേർഡ് പാർട്ടി ഇൻഷുറൻസ് ആയിട്ടും അടക്കുന്ന നമ്മൾ അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ? ഭരണരംഗത്ത് ഇരിക്കുന്നയാളുകൾ ഇതൊക്കെ സുഗമമായി നടക്കേണ്ട ഒരു സിസ്റ്റം ഉണ്ടാക്കണ്ടേ? കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും അല്ലേ ഗതാഗതവകുപ്പും മന്ത്രിമാരും ഉണ്ടാക്കേണ്ടത്?

ഈ ചൂടുകാലത്തു പോലും ഒന്ന് ഗ്ലാസ് ടിന്റ് ചെയ്യുന്നതിനുള്ള പ്രശ്നവും ടൂറിസ്റ്റു ബസിന്റെ വെള്ള കളറും, വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനുള്ള എതിർപ്പും ഒക്കെയാണോ നമുക്ക് വേണ്ടത്?

( നിലവിൽ ഉള്ള ഹെൽമെറ്റ് നിയമം തന്നെ പരിഹസിച്ചുകൊണ്ട് നിരത്തിൽ തലങ്ങും വിലങ്ങും പായുന്ന ബൈക്കുകൾ കേരളത്തിലെ പല നഗരങ്ങളിലും ഇപ്പോളും കാണുന്നു. എന്ത് നിയമ വ്യവസ്ഥയാണോ ഇത്.)

Read more...

വാഗമൺ - ചില നിർദേശങ്ങൾ / ചിന്തകൾ

>> Tuesday, April 14, 2026

ഞാൻ പണ്ടുമുതലേ സ്ഥിരമായി പൊക്കോണ്ടിരുന്ന സ്ഥലമാണ് വാഗമൺ. എന്തുകൊണ്ടോ ഭയങ്കര ഇഷ്ടമാണ് ആ സ്ഥലത്തോട്. ഇന്നലെയും ആ വഴിക്ക് ഒന്ന് പോയി. നല്ല തിരക്കാണ്, ധാരാളം പേര് വരുന്നുണ്ട് ഒരു ഇടദിവസം ആയിട്ടുകൂടി. അവിടെ ഒരു അഡ്വെഞ്ചർ പാർക്ക് ഒക്കെ വന്നിട്ടുണ്ട്. 

പക്ഷെ എനിക്ക് കുറച്ചു കാര്യങ്ങൾ നിർദേശിക്കാൻ തോന്നുന്നു. 

ഏറ്റവും മനോഹരവും ആകർഷകവും ആയ ഒരു സ്ഥലം പൈൻമരക്കാടുകൾ ആണ്. പക്ഷെ അവിടെ മുഴുവൻ നീല പടുത ഇട്ട കുടിലുകൾ പോലുള്ള കുറെ കടകൾ വളരെ ചീപ്പ് ആയ ഒരു പരിപാടി ആണ്. അവിടെ നിന്നും വാഗമൺ ജംക്ഷൻ വരെ ഇടക്കൊക്കെ അങ്ങനെയുള്ള കുറെ കൊച്ചു കടകളും വീടുകളും കാണാം. 

പരിഹാരം 

1. അവിടെയുള്ള ജനങ്ങളെ ബോധവത്കരിച്ചു സർക്കാർ തന്നെ ഒരേ രീതിയിലുള്ള കടകളും കെട്ടിടങ്ങളും പണിയുക. റോഡിനോട് ചേർന്നിരിക്കുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം കൊടുത്തുകൊണ്ട് തന്നെ അവരെ ഒഴിപ്പിക്കുക. ഇപ്പോൾ കടയുള്ളവർക്കും വീടുള്ളവർക്കും സ്ഥലം നല്കുന്നവർക്കും സർക്കാർ പണിയുന്ന കെട്ടിടങ്ങളിൽ ഉടമസ്ഥാവകാശമോ അല്ലെങ്കിൽ ലീസ് അവകാശമോ കൊടുക്കുക.

2. അഥവാ രാഷ്ട്രീയവും അല്ലാതെയും ഉള്ള പ്രശ്നങ്ങൾ മൂലം ആളുകൾ ഇതിനു സഹകരിക്കുന്നില്ല എങ്കിൽ, ഇപ്പോളത്തെ റോഡിനു സമാന്തരമായി മറ്റൊരു പുതിയ റോഡ് നിർമ്മിക്കുക. ഈ വിവരം പറയുമ്പോൾ തന്നെ ഇപ്പോൾ പിന്മാറാൻ കൂട്ടാത്തവർ മാറും എന്നാണ് പ്രതീക്ഷ. പുതുതായി നിർമ്മിക്കുകയാണെങ്കിൽ അടുത്ത 30 വർഷത്തേക്കുള്ള മുൻകരുതൽ എടുത്തുകൊണ്ട് തനിമയും ഭംഗിയും നിലനിർത്തി തന്നെ ഉണ്ടാക്കണം. 

സർക്കാർ പണം മുടക്കി നല്ല പോലെ പ്ലാൻ ചെയ്തു നടത്തിയാൽ മാത്രമേ ഭാവിയിലേക്ക് കൂടി മനോഹരമായി പോകാനുള്ള ഒരു പദ്ധതി ആയി അത് മാറ്റാൻ സാധിക്കുകയുള്ളൂ.

അതോടൊപ്പം തന്നെ മാറ്റേണ്ട ഒരു വലിയ അഭംഗി ആണ് തലങ്ങും വിലങ്ങും തൂങ്ങിയാടി കിടക്കുന്ന  ഇലട്രിക്കൽ ലൈനുകൾ. അതുകൂടി ഭൂമിക്കടിയിലൂടെ ആക്കുകയാണെങ്കിൽ തനതായ ഭംഗി നിലനിൽക്കും.

അങ്ങനെ കുറച്ചു വൃത്തിയും വെടിപ്പും ആക്കി നിലനിർത്തുകയാണെങ്കിൽ, മെച്ചപ്പെട്ട പൊതുശൗചാലയ സൗകര്യങ്ങൾ, അനാവശ്യമായ വിളിച്ചു കൂവിയുള്ള ആളുകളെ പറ്റിക്കുന്ന ഗൈഡുകളുടെ വിളയാട്ടങ്ങൾ, തദ്ദേശീയരുടെ മാന്യമായ പെരുമാറ്റം ഇവയൊക്കെ ഉണ്ടാവുകയാണെങ്കിൽ വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.


Read more...

മേതിൽ

>> Tuesday, March 17, 2026

 മേതിലിന്റെ അഭിമുഖം കണ്ടു. സാഹിത്യവുമായി വലിയ ബന്ധം  ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ വലുപ്പവും അറിയില്ല, പക്ഷെ സ്വന്തം ജീവിതം Total Waste എന്ന് പറഞ്ഞപ്പോളും, കാമുവിന്റെ വാക്കുകളോട് യോജിച്ചു It is absurd എന്ന് പറഞ്ഞപ്പോളും ഒക്കെ ഒരു വലിയ വ്യക്തിയോടുള്ള ആരാധനയോടെയുള്ള അകലമാണ് തോന്നിയത്.

എന്നാൽ അദ്ദേഹത്തിന്റെ കയ്യിലെ ബാൻഡിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് അങ്ങ് ചേർന്ന് നിന്നു. ബ്രെസ്റ് ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ മകളുടെ തലയിലെ മുടികൾ കൊഴിഞ്ഞു മൊട്ടക്കുട്ടിയായതിനു ശേഷം, വളർന്നു വന്ന മുടിയിഴകൾ കെട്ടിവെക്കാൻ ഉപയോഗിച്ച ഒരു കൊച്ചു ബാൻഡ് ( അദ്ദേഹത്തിന്റെ ഭാഷയിൽ നൂൽബന്ധം) ആണ് അദ്ദേഹം കയ്യിലണിഞ്ഞിരിക്കുന്നത്. ഇനിയും വിട്ടുപിരിയാൻ പറ്റാത്ത ഒരു സ്നേഹത്തിന്റെ, വേദനയുടെ മുറിപ്പാട്. പദ്മരാജന്റെ വരികൾ പോലെ - ഭ്രാന്തന്റെ കാലിലെ മുറിവിൽ ഉരയുന്ന ചങ്ങലയുടെ ഒറ്റക്കണ്ണി പോലെ.

മരിച്ചുപോയ എന്റെ ഒരു കൂട്ടുകാരന്റെ അമ്മയെ ഇന്നലെ എന്റെ ഭാര്യ ആകസ്മികമായി നാട്ടിൽ വെച്ച് കണ്ടിരുന്നു. ആ മകനെപ്പറ്റി കരഞ്ഞുകൊണ്ട് ഭാര്യയുടെ തോളിൽ ചാരി കരഞ്ഞ ആ അമ്മയും അങ്ങനെ അറ്റുപോകാത്ത ബന്ധത്തിന്റെ കയ്‌പേറിയ നുകങ്ങളും താങ്ങി നടക്കുന്നവരാകാം. അങ്ങനെയൊന്നും കാണാനിടവരരുതേ ഒരാൾക്കും....


Read more...

Punch - കുഞ്ഞുകുരങ്ങൻ

>> Wednesday, February 25, 2026


Punchഎന്ന കുട്ടിക്കുരങ്ങന്റെ Punch



Punch എന്ന കുഞ്ഞുകുരങ്ങന്റെ കഥയും, അമ്മയുടെ മടിയിലെന്നപോലെ പാവയെ ചേർത്ത് പിടിച്ച ആ നിർമല നിമിഷവും കണ്ടപ്പോൾ, ആ നൊമ്പരം ഫീൽ ചെയ്തപ്പോൾ,  ഞാനെന്റെ കുട്ടികളെ ഓർത്തു. എന്റെ തന്നെ ബാല്യമോർത്തു.

അമ്മയില്ലാതിരുന്ന നാളുകളിൽ അമ്മയുടെ അമ്മയെ "അമ്മ" എന്ന് തന്നെ വിളിച്ച്, ആ മിനുസമുള്ള വയറിലെ പാലുണ്ണിയിൽ ഞെരടി കിടന്ന ബാല്യമാണ് എനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചത്. ഇന്നിപ്പോൾ രണ്ടും മൂന്നും തലയിണകളെ മാറിമാറി ചേർത്തുപിടിക്കുമ്പോൾ, ഞെരടാൻ ഒരു പാലുണ്ണിപോലും ഇല്ലെങ്കിലും, മക്കൾക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹമാണ് ചുരത്തി തുളുമ്പുന്ന മുലപ്പാലുപോലെ മനസ്സിൽ മുന്നിൽ നിൽക്കുന്നത്.

ഞാൻ ചെല്ലൂമ്പോളുള്ള അവരുടെ സന്തോഷം, എന്റെ പെട്ടിയിലെ ചോക്കലേറ്റിന്റെ മധുരം മാത്രമല്ല എന്ന തിരിച്ചറിവാണ്,  ഞാൻ പോകുമ്പോൾ നിറയുന്ന അവരുടെ കണ്ണീരിന്റെ കനം. 


Read more...

മണിയൻ

>> Saturday, February 14, 2026


എന്റെ പേര് മണിയൻ, ഞാനൊരു ഈച്ചയാണ്. "ഈ" എന്ന സിനിമയിൽ കണ്ടമാതിരി വളരെ ബുദ്ധിയും ശക്തിയും ഒന്നുമുള്ള സൂപ്പർഹീറോ ഒന്നുമല്ല. കൊച്ചിയിൽ കൂടി സന്തോഷത്തോടെ പഴത്തിലും പലഹാരത്തിലും ഒക്കെ നക്കി നടന്നിരുന്ന എന്നെ ആ പിഷാരടി എന്ന് പറയുന്ന ദുഷ്ടൻ പിടിച്ചു കാറിനകത്തിട്ടു കേശവദാസപുരത്ത് ഇറക്കിവിട്ടതാണ്. മൃഗസ്നേഹിയും ജീവജാലങ്ങളോട് കരുണയും ഉള്ളവൻ ആണത്രേ, ഞാനിനി എങ്ങനെ പറന്ന് തിരിച്ചു കൊച്ചിക്കു വരും? എന്റെ പ്രണയിനിയെ കാണും? ഞാനാണെങ്കിൽ അവൾക്ക് ഈ വാലന്റൈൻസ് ദിനത്തിൽ ഒരു വടയുടെ തരി കൊണ്ടുവന്നു കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.

നമ്മൾ ജീവികൾ ദിവാകരൻ പൊങ്ങിവരുന്നതിനു മുമ്പേ എണീറ്റ് പണി തുടങ്ങുമല്ലോ. നിങ്ങൾ മനുഷേന്മാരെ പോലെ പല്ലുതേച്ചു കുളിക്കേണ്ട കാര്യമില്ല, പ്രാഥമിക കൃത്യങ്ങൾ ഒക്കെ വരുന്നപോലെ കൈകാര്യം ചെയ്താലും മതി. എന്റെ മണിക്കുട്ടിക്ക് കൊച്ചിയിൽ പോയി എങ്ങനെ വടയിലെ തരി കൊടുക്കും എന്ന ചിന്തയിൽ, ഇന്നലെ രാത്രി ഏതോ ഉന്നതകുലജാതൻ, വെജിറ്റേറിയൻ ഹോട്ടലിൽ പോയി പാർസൽ വാങ്ങി ബെൻസ് കാറിലിരുന്ന് കഴിച്ചിട്ട് റോഡരികിൽ വലിച്ചെറിഞ്ഞ വടയുടെ നടുക്കത്തെ തുളയിൽ ചന്തി താങ്ങി ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു.

സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ദൈവം തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. തിരുവനന്തപുരം അല്ലെ എന്ന് കരുതി ശ്രീപദ്മനാഭനോട് പ്രാർത്ഥിച്ചു, കണ്ണീർചിന്തി ഏത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലി, പിന്നെ അറിയാവുന്ന എല്ലാ ദൈവങ്ങളോടും ചറപറാ പ്രാർത്ഥിച്ചു...

അത്ഭുദമെന്നു പറയട്ടെ, ഒരു ഡിഫൻഡർ വണ്ടി വന്ന് ഞാനിരുന്നു വടയുടെ അടുത്തായി പാർക്ക് ചെയ്തു, അതിന്റെ ചില്ലു തുറന്ന് ഒരു സുന്ദരൻ എന്നെ മാടി വിളിച്ചു, എന്നിട്ടു ചോദിച്ചു. നിന്നെയല്ലേ കഴിഞ്ഞ ദിവസം ആ പിഷാരടി കൊച്ചീന്ന് ഇവിടെ കൊണ്ടുവന്നു വിട്ടത്? ഞാൻ കണ്ണീരോടെ കൈകൂപ്പി  അദ്ദേഹത്തോട് പറഞ്ഞു, അതെ സാർ, എന്നെ രക്ഷിക്കൂ...

അദ്ദേഹം എന്നെ വിളിച്ചു, വണ്ടിയിൽ കയറ്റി, ഞാൻ ഡാഷ്ബോർഡിൽ കയറി മുമ്പിലത്തെ ഗ്ലാസിലൂടെ കാഴ്ചകൾ കണ്ട് കൊച്ചിയെത്തി. ഞാൻ നന്ദി പറഞ്ഞു കൊണ്ട് അവിടെ ഇറങ്ങി, താങ്കളെ ദൈവം ആണ് അയച്ചത്, ഒരു ദൈവദൂതൻ ആണ് താങ്കൾ, വിരോധമില്ലെങ്കിൽ അങ്ങയുടെ പേര് പറയാമോ?

അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഞാൻ മമ്മൂട്ടി...

എല്ലാ പ്രണയിക്കുന്നവർക്കും  പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും സ്നേഹം  നിറഞ്ഞ  വാലന്റൈൻസ് ദിനാശംസകൾ  


Read more...

ദുർമേദസ്

>> Tuesday, January 6, 2026

ഈ ഡിസംബറിൽ പിറന്നത് ശക്തമായ ചില തീരുമാനങ്ങളുമായാണ്. കള്ളുകുടിക്കില്ല, നാട്ടിൽ പിള്ളേരുമായി കൂടുതൽ സമയം ചെലവഴിക്കണം, പ്രായമായ ബന്ധുമിത്രാതികളെ ഒക്കെ കാണണം അങ്ങനെ കുറെ പ്ലാനും പദ്ധതിയും. അതിൽ പ്രധാനം ആരോഗ്യപരിപാലനം ആൻഡ് മദ്യപാന നിയന്ത്രണം.

എട്ടാം തീയതി നാട്ടിലേക്ക്, എയർപോർട്ടിൽ വെച്ച് എട്ടുവർഷം കൂട്ടിലിട്ട സിംഗിൾ മാൾട്ട് പൊട്ടിച്ചടിച്ചു ആദ്യത്തെ പ്രതിജ്ഞ പൊട്ടി. എന്നിട്ടും കംപ്ലീറ്റ് വിട്ടില്ല, വീട്ടിൽ തന്നെ കഴിവതും കൂടി, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, നല്ല പിള്ളയായി പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ഘോഷിച്ചു. അങ്ങനെ ജനുവരി ആയി. തിരിച്ചു പോകാറായി.

മലന്നു കിടന്ന് മൊബൈലിൽ ഞോണ്ടിക്കൊണ്ടിരുന്ന എന്റെ വയറ്റിൽ കയറി ഇരുന്നു കുഞ്ഞേപ്പ് പറഞ്ഞു, ചാച്ചേടെ വയറു അമ്മേടെ വയറിനേക്കാൾ വലുതായല്ലോ എന്ന്. വണ്ണത്തിന്റെ പേരിൽ അവളെ എന്നും ബോഡി ഷെയിമിങ് നടത്തുന്ന എനിക്കിട്ട് തിരിച്ചൊരെണ്ണം കിട്ടിയ സന്തോഷത്തിൽ ഭാര്യയും കൂടെ കൂടി. അഞ്ചുപെറ്റ എന്റെ വയറിനേക്കാൾ മടക്കാണല്ലോ ചാച്ചക്കിപ്പോൾ. ശരിയാണ്, വയറിന്റെ അടിയിൽ ഒരു മടക്കു വരെ രൂപപ്പെട്ടു.

ഏറ്റവും പ്രയാസം ഷഡി ഇടാനാണ്, പട്ടി മുള്ളാൻ നിക്കുന്നപോലെ കഷ്ടിച്ച് നിന്ന് ഒരു കാലിൽ ഇടും. പിന്നെ കട്ടിലിൽ മലന്നു കിടന്നു കാലുപൊക്കി വേണം അടുത്ത തുളയിൽ കാലിടാൻ. അങ്ങനെ ഓരോരോ കഷ്ടപ്പാടുകൾ. എന്തായാലും പതിവുപോലെ മെഡിക്കൽ ചെക്കപ്പിനായി മാർ സ്ലീവായിലേക്ക് പോയി.

നാല്പതാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച അപ്പൻ, സോ ഫാമിലി ഹിസ്റ്ററി കോളം ടിക് അടിച്ചു. ഇരുപത് വർഷം മുമ്പ് നടത്തിയ കൊളസ്‌ട്രോൾ പരിശോധനയിൽ ട്രൈഗ്ലിസറൈഡ് എഴുന്നൂറ്റി ചില്വാനും (കൂട്ടത്തിൽ നോക്കിയ മച്ചുവിന് അതിൽ കൂടുതൽ ഉണ്ടായിരുന്നത്കൊണ്ട് ആശ്വാസം). രണ്ടാമത്തെ കോളവും ടിക്. തൂക്കം തൊണ്ണൂറ്റിമൂന്ന്, അടുത്ത കോളവും ടിക്. നിനക്കെപ്പോ അറ്റാക്ക് വന്നു എന്നു ചോദിച്ചാൽ മതി എന്ന ചോദ്യം കേൾക്കാൻ തുടങ്ങി വർഷങ്ങളായി.

ആദ്യമൊക്കെ എന്റെ ഹീറോ മോഹനൻ വൈദ്യൻ, മരുന്നൊക്കെ എന്റെ പട്ടി കഴിക്കും. കറന്നെടുത്ത പശുവിൽ പാലിൽ ഉറയൊഴിച്ചു തൈരാക്കി, അതിനെ കടഞ്ഞെടുത്തു മോരാക്കി, അതിൽ കാന്താരിയും കറിവേപ്പിലയും ഇട്ടുവെച്ചു പിറ്റേദിവസം പല്ലുപോലും തേക്കുന്നതിനു മുമ്പ് വെറും വയറ്റിൽ സേവിച്ചവനാണ് ഞാൻ. വായിൽ രാത്രിയിൽ പാത്തിരുന്നു വളരുന്ന ബാക്ടീരിയ വയറിനു നല്ലതാണ് എന്ന് പണ്ട് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടത്രെ. ഇന്നിപ്പോൾ വയറ്റിലെ ചത്തുപോയ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ ഒരു കെട്ട് കാശുകൊടുത്തു പ്രോബയോട്ടിക് ഒക്കെ വാങ്ങി തിന്നുന്ന മനുഷ്യരെ കാണുമ്പോൾ എന്റെ ആയുർവേദത്തെ ഞാൻ ഇപ്പോളും ചുമ്മാ നമിക്കും.

പിന്നെ സദ്ഗുരു, കുറെ മുറി വൈദ്യന്മാർ, മുറി ശാശ്ത്രജ്ഞർ ഒക്കെ തുടങ്ങി അവസാനം അഗസ്റ്റസ് മോറിസിലും രവിചന്ദ്രനിലും ഒക്കെ എത്തി നിക്കുന്ന ഞാൻ ആധുനിക ശാസ്ത്രത്തിന്റെ ബഹുമാനിച്ചു തുടങ്ങി.അതിനാൽ എപ്പോൾ നാട്ടിൽ വന്നാലും ചെക്കപ്പ് നടത്തി ഉടനെ അറ്റാക്ക് വരില്ല എന്നുറപ്പിക്കും, പിന്നെ മൂന്നു മാസം അർമാദിച്ചു തിന്നും.

എന്നാൽ ഈ പ്രാവശ്യം ജീവിതം ഇത്തിരി ചിട്ടയാക്കിയില്ലേൽ കോഞ്ഞാട്ടയാകും എന്ന് മനസിലായി. കാർഡിയാക് ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഷുഗർ ബോഡറാണ്, ലിവർ വീർത്തു തുടങ്ങി, ഇനി നോക്കിയേ പറ്റൂ. ഇസിജി, ട്രെഡ്മിൽ, എക്കോ ഇതൊക്കെ കഴിഞ്ഞ പ്രാവശ്യം നോക്കിയതുകൊണ്ടു ഒരു പുതിയ ടെസ്റ്റ് ഈ പ്രാവശ്യം തന്നു, കാൽസ്യം സ്കോർ നോക്കാൻ.

കാര്യം കാശിത്തിരി പോകുമെങ്കിലും അവിടെ പോയി ഒറ്റയ്ക്ക് കിടക്കുമ്പോൾ രാത്രിക്കു കാഞ്ഞുപോകുമോ എന്ന പേടി ഇത്തിരി കുറക്കാമല്ലോ എന്ന് കരുതി അതിനു റെഡിയായി.പെണ്ണുങ്ങളുടെ നൈറ്റി പോലെ ഒരു ഡ്രസും ഇട്ട് അവിടെ വെയിറ്റ് ചെയ്‌തപ്പോൾ ഒരു ഏഴു വയസുകാരൻ കൊച്ചും അമ്മയും കൂടി അവിടെ വന്നു.

കൊച്ചിന്റെ കയ്യിൽ ഒരു കുഞ്ഞു ലാൻഡ് ക്രൂയിസർ ടോയ് ഉണ്ട്. വയസ് അമ്പത് കഴിഞ്ഞെങ്കിലും വണ്ടി കണ്ടാൽ എന്റെ മനസിലെ കുട്ടി ഉണരും. വെറുതെ ആ കൊച്ചിനെ നോക്കി ചിരിച്ചു വണ്ടി എടുത്തോട്ടെ എന്നൊക്കെ ചോദിച്ചു കളിപ്പിച്ചു നിന്നപ്പോൾ അവരുടെ ടെസ്റ്റിന്റെ ഊഴമെത്തി. ആ കുഞ്ഞിന്റെ നെറ്റിയിൽ ഒരു കുരിശുവരച്ചു അമ്മ അവനെ അകത്തേക്ക് കടത്തിവിട്ടു. ഞാൻ ചോദിച്ചു എന്താണ് മോന് പറ്റിയത്. അവർ പറഞ്ഞു, ബ്രെയിൻ ട്യൂമർ. വേദനയും ദൈന്യതയും നിറഞ്ഞ ആ കണ്ണുകളിലേക്ക് എനിക്ക് പിന്നെ നോക്കാൻ കഴിഞ്ഞില്ല.

വെറുതെ തിന്നും കുടിച്ചും അർമാദിച്ചും കൊളസ്ട്രോളും ഷുഗറും ഉണ്ടാക്കി ഹോസ്പിറ്റലിൽ കയറി നടക്കുന്ന ഞാനൊക്കെ എന്തൊരു ജന്മമാണെന്ന പുച്ഛം തോന്നി. കുറ്റബോധത്തോടെ തലകുനിച്ചുരുന്ന എന്റെ അടുത്ത കസേരയിൽ അവൻ കളിച്ചുകൊണ്ടിരുന്ന ലാൻഡ് ക്രൂയിസർ അപ്പോളും ഇരിക്കുന്നുണ്ടായിരുന്നു.

Read more...

Messi - കേരളത്തിൽ വരുമോ ?

>> Wednesday, December 17, 2025



മെസി കേരളത്തിൽ വരുമോ എന്ന ചോദ്യവുമായി മരം മുറിക്കാനൊന്നും പോകാൻ എനിക്ക് സമയമില്ല. ഇവിടെ ലോക്കൽ കളങ്ങളിൽ തായം കളിച്ചു നില്ക്കാൻ താല്പര്യവുമില്ലാത്തതു കൊണ്ട്, പണ്ടത്തെ ഗതികിട്ടാ ജന്മങ്ങൾ ഒക്കെ ഒളിച്ചോടി വന്മരങ്ങൾ ആയ ബോംബേയിലേക്ക് ( ഇന്നത്തെ മുബൈ അത്ര ഗുമ്മില്ല) നേരെ വിട്ടു, ഇന്നലെ രാത്രിക്കു തന്നെ.

ദുബായിയിൽ എന്നോട് വളരെ സ്നേഹം ഉള്ള നല്ലവനായ ഒരു രാജകുമാരൻ ആയ ഷെയ്ഖ് ജെമിനി അൽ സിറിയക് എനിക്ക് മെസ്സിയെ കാണാനുള്ള ഒരു അവസരം ഉണ്ടാക്കി തന്നു. മെസ്സിയുടെ മാനേജരുടെ ക്ഷണപ്രകാരം ഞാൻ അദ്ദേഹത്തെ കാണാനായി മുംബൈയിൽ ചെന്നു. 

പലരുടെയും കൂടെ നിന്ന്, കുറച്ചകലെ നിന്ന് എങ്കിലും ഒന്ന് നേരിൽ കാണണം, അദ്ദേഹത്തിന്റെ ഇടം കാലിൽ ഒന്ന് സ്പര്ശിക്കണം പറ്റുമെങ്കിൽ അദ്ദേഹത്തെ ശല്യപ്പെടുത്താതെ ഒരു ഫോട്ടോ എടുക്കണം. അത്രയൊക്കെയേ ഉള്ളൂ മോഹങ്ങൾ. 

പക്ഷെ വളരെ ഒതുക്കത്തിൽ ഒട്ടും തന്നെ ഇടിച്ചു കയറാതെ മര്യാദക്ക് നിക്കുന്ന മാന്യനായ എന്നെ മെസ്സി യുടെ കൂടെ നിൽക്കുന്ന ഡി പോൾ പ്രത്യേകം ശ്രദ്ധിച്ചു, മെസ്സിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. പെട്ടെന്ന് മെസ്സി എന്നെ നോക്കി ചിരിച്ചു,  കൈപൊക്കി ഇങ്ങോട്ടു വാ എന്ന് കാണിച്ചിട്ട് പറഞ്ഞു.  "Hola, Sr. Sinoj. Valoro sinceramente sus evaluaciones realistas y sus comentarios reflexivos sobre mi juego, así como su clara comprensión y percepción del fútbol." എന്ന് പറഞ്ഞാൽ നിങ്ങളിൽ  സ്പാനിഷ് അറിയിതില്ലാത്തവർക്ക് വേണ്ടി ഞാൻ ഇംഗ്ലീഷിൽ പറയാം. (Hello Mr. Sinoj, I genuinely value your realistic assessments and thoughtful comments on my game, along with your clear understanding and perception of football).

മെസ്സിയുടെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ലക്ഷക്കണക്കിന് വരുന്ന കമന്റുകളിൽ നിന്ന് എന്റെ കമന്റ്സ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട് മെസ്സി എന്നും, അതിനു വലിയ വിലകൊടുക്കാറുണ്ട് എന്നും. എനിക്കങ്ങു നാണം വന്നു. എന്നെ കെട്ടിപിടിച്ചു ചേർത്ത് നിർത്തി അദ്ദേഹംചോദിച്ചു, മക്കളിൽ ആരെയെങ്കിലും ഒരാളെ ഫുട്‍ബോൾ താരം ആക്കുമോ? ഞാൻ പറഞ്ഞു, "എന്ത് ചെയ്യാനാ എന്റെ മെസ്സി, ഏറ്റവും ഇളയതിനെ എങ്കിലും ഒരു സ്‌പോർട്സ് താരം ആക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആർക്കും വലിയ താല്പര്യം കാണുന്നില്ല." അങ്ങനെ രണ്ടു കവിൾ സംസാരിച്ചു, മെസ്സിയുടെ കൂടെ പെറോട്ടയും പോത്ത് ഉലത്തിയതും കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോന്നു. ആരോഗ്യത്തിൽ ശ്രദ്ധയുള്ളതുകൊണ്ടു മെസ്സി ഒരു പെറോട്ടയെ കഴിച്ചുള്ളൂ, പക്ഷെ പോത്ത് തേങ്ങാക്കൊത്ത് ഇട്ട് വെളിച്ചെണ്ണയിൽ ഉലത്തിയത് പുള്ളിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ റെസിപ്പീ അയച്ചുകൊടുക്കാം എന്ന് സുവാരസിനോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെ രാവിലെ ആണ് തിരിച്ചു വീട്ടിൽ എത്തിയത്. പണ്ട് ഞാനൊക്കെ ചെറുപ്പത്തിൽ പൈക കുരിശുപള്ളി മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ ഫുട്‍ബോൾ വേണോ ക്രിക്കറ്റ് വേണോ എന്ന കൺഫ്യൂഷൻ കാരണം മാതാവിനും കൺഫ്യൂഷൻ ആയി, രണ്ടും കിട്ടാതെ പോയ ആളാണ്. വേൾഡ് കപ്പ് നു പകരം കുറച്ചു ഗപ്പുകൾ കിട്ടിയത് വീട്ടിൽ ഉണ്ട്. എല്ലാവനും വല്ല X ബോക്സിലും മറ്റും കളിക്കാനും കളി കാണാനും ഇഷ്ടമാണ്. മെനക്കെടാൻ ഒരുത്തനും താല്പര്യം ഇല്ല.

അവസാനത്തെ തരിയോട് നിനക്കെന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ (വല്ല ഡോക്ടറോ, എഞ്ചിനീയറോ, പൈലറ്റോ മറ്റോ പറയും എന്ന് വെറുതെ പ്രതീക്ഷിച്ചു) അവൾ പോലും പറയുവാണ്‌, എനിക്ക് കല്യാണം കഴിച്ചു എന്റെ ചേട്ടന്റെ കൂടെ കുറച്ചു പിള്ളേരും ആയി ജീവിച്ചാൽ മതിയെന്ന്. 

എല്ലാത്തിനെയും കലിപ്പോടെ രാവിലെ തന്നെ സ്‌കൂളിൽ പറഞ്ഞു വിട്ടു, ഭാര്യയോട് ഒതുക്കത്തിൽ ഒന്ന് പറഞ്ഞു " എടീ, മെസ്സി ഒരാഗ്രഹം പറഞ്ഞാരുന്നു. ഇപ്പോൾ ഉള്ള പിള്ളേർക്കൊന്നും ഫുട്‍ബോൾ കളിയ്ക്കാൻ താല്പര്യം ഇല്ല, എന്നാ ചെയ്യുമെടീ...?"


ശേഷം ശുഭം....



Read more...

പൈക പെരുന്നാൾ - ഒരോർമ്മ

>> Wednesday, December 3, 2025

പൈക പെരുന്നാൾ - ഒരോർമ്മ

സകല തന്ത വൈബുകാരെയും പോലെ ഞാനും ആലോചിക്കുമ്പോൾ പഴയ പെരുന്നാൾ ആയിരുന്നു പെരുന്നാൾ. അന്നത്തെ ആ ഒരു കൂട്ടായ്മയും ആഘോഷവും ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നാണ് എന്റെ ഉത്തരം, ഒരു പക്ഷെ പുതിയകാലത്തിന്റെ തിമിർപ്പിലേക്ക് എനിക്കെത്തിനോക്കാൻ കഴിയാഞ്ഞിട്ടാവാം.

പൈക ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലം. പൈക പെരുന്നാളിന്റെ ഏറ്റവും ആകർഷണം അതിന്റെ തോരണം കെട്ട് ആണ്. തെക്കേ പന്തൽ മുതൽ വടക്കേ പന്തൽ വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വെളുത്ത തോരണം ഒരു മീറ്റർ ഗ്യാപ്പിൽ റോഡിനു വിലങ്ങനെ കെട്ടും, സൈഡുവഴി ചുവന്ന തോരണവും.  കാറ്റടിക്കുമ്പോൾ തോരണ ഇതളുകളുടെ കുഞ്ഞു ഇളക്കവും, പേപ്പറിന്റെ ഒരു കിരുകിരാ ശബ്ദവും, അതിന്റെ അടിയിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആ സുഖം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നമുക്ക് തന്നെ നാമൊരു രാജകുമാരൻ ആയി തോന്നുമായിരുന്നു. ( പെൺകുട്ടികൾ സിൻഡ്രല്ല രാജകുമാരി ആയിട്ടും)

അതിനായുള്ള ഒരുക്കങ്ങൾ വളരെ വലുതായിരുന്നു. ആഴ്ചകൾക്കു മുമ്പേ തന്നെ സ്‌കൂൾ ഗൗണ്ടിൽ കമ്പു നാട്ടി അതിൽ ചാക്കുനൂൽ വലിച്ചു കെട്ടും. ആദ്യം അതിൽ നല്ല ചൂട് മാവ് തേച്ചു പിടിപ്പിക്കും, ഒരു ഇളം നീല കളർ ഒക്കെ ഉള്ള അത് കാണുമ്പോൾ സത്യത്തിൽ ഒരു പിടി എടുത്തു കഴിക്കാൻ തോന്നും.  പിന്നെ വെള്ളയും ചുമലയും നിറത്തിൽ ഉള്ള തോരണങ്ങൾ. ഡ്രിൽ പീരിയഡിൽ കുട്ടികളും വൈകുന്നേരങ്ങളിൽ പട്ടികയിലെ കച്ചവടക്കാരും തൊഴിലാളികളും നാട്ടുകാരും എല്ലാം കൂടി ഒട്ടിച്ചു വെക്കും. എക്‌സ്‌പീരിയൻസ് ഉള്ള ചേട്ടന്മാർ അത് ഭംഗിയായി തോരണം ഉടയാതെ മടക്കി കെട്ടി വെക്കും. പിന്നെ പെരുന്നാളിന് മുമ്പുള്ള വ്യാഴാഴ്ച, അന്നാണ് പ്രധാന പരിപാടി. ആദ്യകാലങ്ങളിൽ  അലവാങ്കും കമ്പി പാരയുമായി റോഡിന്റെ സൈഡ് മുഴുവൻ കുഴികൾ കുഴിച്ചു കമുകിൻ തടികൊണ്ട് വന്നാണ് ഇട്ടിരുന്നതെങ്കിൽ പിന്നീട് അത് വീപ്പയിൽ കാറ്റാടി മരക്കമ്പുകൾ ആയി. ഒരു സൈഡിൽ കെ എം എസിന്റെ ഒരു ബസിന്റെ മുകളിൽ കയറി തോരണം കെട്ടുമ്പോൾ മറ്റേ സൈഡിൽ ഏണി വെച്ചുകെട്ടി വലിഞ്ഞു കയറി കെട്ടും. എനിക്കൊക്കെ ആകെ ബസിന്റെ ബെല്ലടിക്കാൻ കിട്ടുന്ന ഏക അവസരം. അടിച്ചു കൊതി തീർക്കും അന്ന് ഞങ്ങൾ പിള്ളേർ.

അന്നൊക്കെ പാലാ പള്ളിയിൽ പോയിട്ട് കേരളത്തിൽ ഒരുങ്ങി പള്ളിയിലും അങ്ങനെ ഒരു തോരണം കെട്ട് ഇല്ല എന്നാണ് ഞങ്ങൾ വിശ്വസിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ തിളങ്ങുന്ന തോരണവും ലൈറ്റും ഒക്കെയായി എല്ലാവരും മുമ്പിലായി, പൈകയിൽ ഇനിയിപ്പോൾ നടക്കുമോ എന്ന് പോലും സംശയം ആണ്. യേശുദാസ്, ചിത്ര, മമ്മൂട്ടി അങ്ങനെ പ്രഗത്ഭർ വന്നിരുന്നു അന്നൊക്കെ പെരുന്നാളിന്. ചെമ്പിളാവും കൊങ്ങാണ്ടൂരും രണ്ടു സെറ്റായി മത്സര വെടിക്കെട്ട്, ഗർഭം കലക്കിയും അമിട്ടും വാണവും മാലയും ഒക്കെയായി തിമിർപ്പ്. അമിട്ടിൽ നിന്നും കുടയൊക്കെ വരുന്നത് കാണുമോൾ ഒരു പാരച്യൂട്ട് പോലെ അതിൽ തൂങ്ങി ഒന്ന് കറങ്ങാൻ തോന്നിയിരുന്നത് എനിക്ക് മാത്രമാണോ ആവോ? പിന്നെ പൊൻകുന്നം മത്തായിയുടെയും പല പ്രഗത്ഭരുടേയും ഒക്കെയായി ചെണ്ടമേളം, ബാന്റുമേളം, ഇതിന്റെ എല്ലാം കൂടെ നെഞ്ചുവിരിച്ചു നാട്ടിലെ ചേട്ടന്മാരുടെ എല്ലാം നിയന്ത്രിച്ചുള്ള നടപ്പ്, ശബരിമല വണ്ടികളുടെ തിരക്ക്...... എല്ലാം മനസ്സിൽ ഇങ്ങനെ മിന്നി തെളിയുന്നു...

അവസാനം വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ, നേർത്ത മഞ്ഞിൽ നക്ഷത്രങ്ങൾ മാത്രം പുഞ്ചിരിച്ചു നിൽക്കുന്ന വീടുകൾ. എന്തൊരു സുന്ദര ഓർമ്മകൾ. 

ഇനി വരുന്നൊരു തലമുറക്ക് ...

ഇതൊക്കെ കൂടാൻ സാധ്യമോ  ...

Read more...

തലവേദന

>> Sunday, September 28, 2025

തലവേദന 

 കഴിഞ്ഞ ദിവസം വീഡിയോ കോൾ  ചെയ്തു സൊള്ളികൊണ്ടിരുന്നപ്പോൾ വെറുതെ ഒരു രസത്തിനു പിള്ളേരെ ഒന്ന് കിള്ളി. ജെൻ സീ യും ജെൻ ആൽഫയും എല്ലാം വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് പുതിയ കാലഘട്ടത്തിൽ എങ്ങനെ കുട്ടികൾ ലോകത്തെ കാണുന്നു നോക്കാമല്ലോ, അത് കൗതുകരമാണല്ലോ. 

ഏറ്റവും പീട്ടക്കാ ആയ തുമ്പിയോട് തന്നെ ചോദിച്ചു, എടീ നിനക്ക് റിയൽ ആയിട്ടുള്ള ചാച്ചയെ ആണോ അതോ വിർച്യുൽ ആയിട്ടുള്ള ചാച്ചയെ ആണോ ഇഷ്ടം? അവൾ ആദ്യം പറഞ്ഞു റിയൽ, ഞാൻ പിന്നെയും ഒന്ന് കിള്ളി. ഇപ്പൊ ചാച്ചാ റിയൽ ആയിട്ടുള്ളതാണെങ്കിൽ ചിലപ്പോൾ നിങ്ങൾ മൊബൈൽ യൂസ് ചെയ്യുമ്പോൾ വഴക്കു പറയും, ഇടയ്ക്കു ടെൻഷൻ ഉള്ളപ്പോൾ മോന്ത വീർപ്പിച്ചു ഇരിക്കും,  പിന്നെ വിയർപ്പ് നാറ്റം ഈത്താ ഒലിപ്പ്‌ തുടങ്ങിയ കാര്യങ്ങൾ, കള്ള് കുടിച്ചാലുള്ള ഉപദേശവും കഥകളും, അങ്ങനെ എത്രയോ പ്രശ്നങ്ങൾ ഉണ്ട്? ഇങ്ങനെ ആണെങ്കിൽ കുഴപ്പമില്ലല്ലോ? അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു, അതും ഒരു കണക്കിന് ശരിയാണ്. 

അപ്പോളേക്കും ഞങ്ങടെ ബോബനും മോളിയിലെ ബോബനായ കുഞ്ഞേപ്പ് ഇടയ്ക്കു കയറി പറഞ്ഞു.  "അങ്ങനാണേൽ വീഡിയോ കോളിനെക്കാളും നല്ലതു AI ചാച്ച ആണ്. ഞങ്ങൾക്കിഷ്ടമുള്ള രീതിയിൽ ചാച്ചയെ കാണാല്ലോ". മിടുക്കനാ അവൻ, ചാറ്റ് GPT യോട് ജെൻഡർ വരെ ചോദിച്ചവനാ. ഒരു പക്ഷെ അതായിരിക്കാം ആൽഫ കിഡ്സ്.

കട്ടിലിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇവർക്കൊക്കെ നമ്മൾ ഒരു പ്രധാനിയല്ലാതെ വരുന്ന അവസ്ഥയെ എങ്ങനെ താങ്ങും ആവോ?  ശരിയാണ്, അവർക്ക് റിയൽ ആയി കാര്യങ്ങൾ കാണണമെന്ന് വലിയ താല്പര്യം ഇല്ല. ഈഫൽ ടവരോ, താജ് മഹാളോ, പിരമിഡുകളോ ഒന്നും അവർക്ക് ഒരു അട്രാക്ഷൻ അല്ലാതായി. എന്തിനു, എന്റെ ജെൻ സീ  ചെറുക്കൻ ഇവിടെ വന്നപ്പോൾ ബുർജ് ഖലീഫ പോലും അവനൊരു താല്പര്യമേ അല്ലായിരുന്നു. കാരണം നേരിട്ട് കാണുന്നതിലും നല്ല വ്യൂസ് അവരൊക്കെ പലതരം സൂപ്പർ ക്യാമറകളിൽ എടുത്ത വിഡിയോയിലൂടെ കണ്ടിട്ടുണ്ട്. ഐസ്‌ലാൻഡിലെ മഞ്ഞു അവിടെ പോയി -15 ഡിഗ്രി ഇൽ നിൽക്കാതെ റൂം ടെമ്പറേച്ചറിൽ അനുഭവിക്കാമെങ്കിൽ അതല്ലേ നല്ലത് എന്നായിരിക്കാം അവരുടെ ചിന്ത. അടിസ്ഥാനപരമായി വിർച്യുൽ ആൻഡ് റിയൽ വേൾഡ് ഡിഫറെൻസ് നമുക്കാണ്, അവർക്കത് കാണില്ല. 

ഒന്നാലോചിച്ചു നോക്കിക്കേ, അച്ഛനും അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരും ഒക്കെ ഇഷ്ടമുള്ള നിറത്തിൽ, രൂപത്തിൽ, മണത്തിൽ, വികാരത്തിൽ ഒക്കെ നമ്മുടെ ഇഷ്ടത്തിന് മാത്രം പെരുമാറുന്ന രീതിയിൽ കിട്ടുമെങ്കിൽ അതല്ലേ അവർക്ക് ഇഷ്ടപ്പെടുക? ബീറ്റാ കിഡ്സ് ആകുമ്പോൾ അത് വളരെ സാധാരണം ആകുമായിരിക്കാം. ഏതായാലും ഒരു പത്തു വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കാര്യം കട്ടപ്പൊക.

അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഓരോന്ന് കുത്തിപ്പൊക്കീട്ട് ടെൻഷൻ അടിച്ച് അവസാനം രണ്ടെണ്ണം അടിച്ചിട്ട് കട്ടിലിൽ കയറി കിടന്നു


ഇനിയുള്ള കാര്യങ്ങൾ പ്രായപൂർത്തിയായവർക്ക് വേണ്ടി ഉള്ളതുകൊണ്ട് ആവശ്യമുള്ളവർ മാത്രം വായിക്കുക. അങ്ങനെ രാവിലെ ഒരു ചെറിയ ആലസ്യത്തോട് കൂടി എഴുന്നേറ്റപ്പോഴാണ് ഒരു കൂട്ടുകാരൻറെ ഭാര്യയുടെ കോൾ.

"എടാ ഒന്ന് വേഗന്ന് ഈ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ, നിൻറെ കൂട്ടുകാരനെ എമർജൻസിയിൽ കയറ്റിയിട്ടുണ്ട്". ഞാൻ ചോദിച്ചു "എന്നാ പറ്റി?" അവൾ പറഞ്ഞു "അതൊക്കെ നീ വാ വന്നിട്ട് ഞാൻ പറയാം.."

രാവിലെ ടെൻഷനായി, വേഗം ഉടുപ്പും വലിച്ച് കേറ്റിയിട്ട് വണ്ടിയിൽ കയറി ട്രാഫിക് ഇടയിലൂടെ കുത്തിത്തിരിച്ച് ഒരൊറ്റ വിടീൽ. ഇനിയിപ്പം വല്ലതും സംഭവിച്ചാൽ ദൈവമേ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടിവരും? ബോഡി നാട്ടിൽ കയറ്റി വിടണം, അവളേം പിള്ളേരേം ഒക്കെ വിടണം, ദൈവമേ ഒന്നും സംഭവിക്കരുതേ.. എന്നൊക്കെ ആലോചിച്ചു  ടെൻഷൻ അടിച്ചു.

എന്താണ് പ്രശ്നം എന്നുള്ളത് അവളോട് പറയുന്നുമില്ല, അറ്റാക്ക് ആണോ സ്ട്രോക്ക് ആണോ അതോ ഇനി വല്ല ആക്സിഡൻറ് ആണോ ആകെ ഒരു വല്ലായ്മ. ചുമ്മാ കുളിമുറിയിൽ ഒന്ന് തെന്നി വീണാ മതിയല്ലോ

ഞാൻ ആശുപത്രിയിൽ എത്തി, ഓടി എമർജൻസിയിൽ ചെന്നു. അവൾ ടെൻഷനോട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്. ഞാൻ ചോദിച്ചു, "എന്നാടീ പ്രശ്നം". അവൾ പറഞ്ഞു "എംആർഐ ചെയ്യാൻ കേറ്റിയിരിക്കുകയാണ് . നീ വന്നേ" എന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി. എൻറെ ചെവിയിൽ വളരെ സങ്കടത്തോടുകൂടി പറഞ്ഞു "രാവിലെ ഒന്ന് സ്നേഹിച്ചു കൊണ്ടിരുന്നപ്പോൾ പറ്റിയത് ആണ്".

എനിക്കൊന്നും പിടികിട്ടിയില്ല, സാധാരണ ആളുകൾക്ക് ടെൻഷൻ വരുമ്പോൾ ആണ് സ്ട്രോക്കൊക്കെ വരുന്നത്. ഇതിപ്പോ സ്നേഹിക്കുന്നതിനിടയ്ക്കും സ്ട്രോക്ക് വരുമോ. എനിക്കാണേൽ സ്നേഹിക്കാൻ ആവേശം കൂടുതൽ ഉള്ള ആളാണുതാനും. 

അവൾ പറഞ്ഞു "എന്റെ പൊന്നു മനുഷ്യേനെ.. രാവിലെ ഇതിയാണ് ഒരു മോഹം, അങ്ങനെ സ്‌നേഹിച്ചു കൃത്യം സമയം ആയപ്പോൾ തലപൊട്ടിപോകുന്ന പോലെ വേദന വന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഒക്കെയായി തോന്നിയതുകൊണ്ട് നേരെ എമർജൻസിയിൽ കൊണ്ടുവന്നു. തലയിലേക്ക് രക്ത ഓട്ടം കൂടുതൽ വന്നപ്പോൾ വല്ല ഞരമ്പും പൊട്ടിയതാവുമോ ദൈവമേ..."

അവൾ ടെൻഷനിൽ ആണ്, പൊതുവെ മടിയനായ അവനാകെ രക്തം തലയിൽ കയറുന്നത് ഈ സമയത്തല്ലേ, അതുകൊണ്ടാരിക്കും അല്ലാതെ അവനൊരു ഞരമ്പൻ ഒന്നുമല്ലല്ലോ എന്നൊക്കെ ചളം അടിച്ചെങ്കിലും അവൾ ടെൻഷനിൽ തന്നെ ആയിരുന്നു.

അവസാനം അവനെ MRI ചെയ്തിടത്തു നിന്നും ഇറക്കി, ഞങ്ങൾ ഓടി ചെന്നു. ടെൻഷനടിച്ചു കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിയാണ് വരുന്നത്. എത്ര ഒതുക്കി വെച്ചിട്ടും അതെന്റെ മുഖത്തു പ്രകടമായിരുന്നു. അവൻ അവളോട് ചോദിച്ചു, "നീ ഇവനോട് കാര്യം പറഞ്ഞാരുന്നോ?" അവൾ ഒന്ന് നീട്ടി മൂളി.

പെട്ടെന്ന് ഡോക്ടർ വന്നു വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല, പേടിക്കേണ്ട വല്ല പ്രൈമറി ഓർഗാസമിക്  ഹെഡെക്ക് അല്ലെങ്കിൽ മൈഗ്രൈൻ വല്ലതും ആയിരിക്കും എന്ന് പറഞ്ഞു. ഞാനും അവളും കുറച്ചു റീലാക്സഡ് ആയി, ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒക്കെ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുന്നുണ്ട്. ഞാൻ തിരിച്ചിറങ്ങാൻ നേരം അവൻ ദേഷ്യത്തോടെ പറഞ്ഞു, "ചിരിച്ചോടാ മുതുമലരെ നീ... നിനക്കെങ്ങാനും ആണ് ഈ അവസ്ഥയെങ്കിൽ ഒന്നാലോചിച്ചു നോക്ക്."

ഞാൻ വണ്ടിയിൽ കയറി  ഇരുന്നു വെറുതെ ആലോചിച്ചു നോക്കി. ഈ സ്ഥാനത്തു ഞാനായിരുന്നു എങ്കിലോ? എങ്ങാനും ഇങ്ങനെ സംഭവിച്ചു മരിച്ചു പോയിരുന്നു എങ്കിലോ?

പത്രത്തിലോ കുറഞ്ഞപക്ഷം ഓൺലൈൻ മാധ്യമങ്ങളിലോ വന്നേനെ ഒരു വാർത്ത. ഒറ്റക്കായതുകൊണ്ടു ഭാര്യയെ സ്നേഹിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ. പ്രത്യേക അവസ്ഥയിൽ തലയിൽ രക്തസ്രാവം കൂടി ഞരമ്പ് പൊട്ടിച്ചിതറി പ്രമുഖ വ്യവസായിയും പാലാ അസോസിക്കേഷന്റെ ദുഫായിലെ  പ്രസിഡന്റും ആയ വാഴക്കാവരയൻ അന്തരിച്ചു!. 

പണ്ടൊക്കെ രഹസ്യങ്ങൾ മൂടി വെക്കാൻ എളുപ്പമായിരുന്നു, കാശും സ്വാധീനവും ഉണ്ടെങ്കിൽ. ഇപ്പോളും ആ വ്യർത്ഥവിചാരത്തിൽ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും നുണപറഞ്ഞു വല്യ രഹസ്യക്കാർ ആയി ഇരുന്നിട്ട് സ്വന്തം വില കളയുന്ന ഒത്തിരി പേരെ എനിക്കറിയാം. ഇന്നിപ്പോൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നമ്മളറിയും മുമ്പേ വിദേശത്തിരിക്കുന്നവർ വരെ അറിയും. അപ്പോൾ ഇത്  കാട്ടുതീ പോലെ നാട്ടിൽ പരക്കും, അടക്കിനു വരുന്ന സകലരും ഊറി ചിരിക്കും. 

എന്റെ കൂട്ടുകാർ ഉൾപ്പടെ പലരും എന്റെ ശവശരീരത്തിനു മുമ്പിൽ നിൽക്കുമ്പോൾ അറിയാതെ ഊറിച്ചിരിക്കും. വല്ല രാഷ്ട്രീയ നേതാക്കളോ അല്ലെങ്കിൽ പള്ളീലച്ചനോ വല്ലതും എന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ ചിലപ്പോൾ ഭാര്യപോലും ചിരിച്ചു ഇതോർത്ത് പോകുമായിരിക്കാം. എന്റെ കുട്ടികളെ പോലും നാട്ടുകാർ കളിയാക്കുമായിരിക്കാം, ദേണ്ടെ മറ്റേ തലപൊട്ടിച്ചിതറി മരിച്ചുപോയ പുള്ളിയുടെ മകൻ എന്ന് പറഞ്ഞ്. ഭീകരം.....കോപ്പിലെ ഒരു ഓരോരോ സങ്കൽപ്പങ്ങൾ...

നേരെ മൊബൈൽ എടുത്തു ഒരു മെസ്സേജ് അയച്ചു, അളിയാ... ഐ ആം ദി സോറി... ഞാൻ ഇനി ഇതോർത്തു ചിരിക്കില്ല.....










Read more...

ഡിപ്രഷൻ

>> Sunday, September 21, 2025



അങ്ങനെ വീണ്ടും  കുറച്ചു ദിവസം നാട്ടിൽ. ദുബായിയുടെ കൊടും ചൂടും പൊടിയും പണികളും മാറ്റിവെച്ചു നാട്ടിലെ ഹരിതാഭയും പച്ചപ്പും. മഴയും ജോൺസൺ മാഷിന്റെ പാട്ടും കട്ടങ്കാപ്പിയും ഒക്കെയായിരുന്നു മനസിലെ പ്ലാൻ, പതിവുപോലെ കുറച്ചു ക്ലാരയും.



എന്തോ ശരിയായില്ല, മൊത്തം ഡിപ്രഷൻ മൂഡ്. പ്രായമെത്തിയതിന്റെ നിസംഗത അല്ലെങ്കിൽ  സെനൈൽ ഡെലിക്വൻസി ഒക്കെയായിരിക്കാം . പക്ഷെ ഒന്നിനും ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ. സോഷ്യൽ മീഡിയയിലും അല്ലാതെയും ഉള്ള ഉള്ള വാർത്തകളിലെ മുപ്പത്തഞ്ചും നാപ്പത്തഞ്ചും ഒക്കെയുള്ളവരുടെ മരണവാർത്തകൾ ഒരുതരം പ്രത്യേക മരവിപ്പ് ഉണ്ടാക്കുന്നു. മരിക്കാൻ പേടിയൊന്നും ഇല്ല, ഒരു മാതിരി പോകാൻ റെഡി ആയ ഒരു പ്രതീതി. 



ഉള്ള സമയത്തു കുട്ടികളുടെ കൂടെ കളിക്കണം, സമയം ചെലവഴിക്കണം എന്നൊക്കെയുണ്ട്, പക്ഷെ മൊത്തത്തിൽ ഒരു മടി, അലസത, താൽപര്യമില്ലായ്മ. മൂത്തവർ വലുതായി പോകുന്നു, ഇളയവരും വലുതായി അവരുടെ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങുന്നു. ഇളയവരുടെ കൂടെ ക്വാളിറ്റി ടൈം സ്പെൻഡ്‌ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അവർക്ക് ചാച്ച കുറെ ചോക്കലേറ്റ്‌സും ഡ്രസ്സും ടോയ്സും ഒക്കെയായി വരുന്ന ഒരു കൊച്ചു സാന്റാക്ളോസ് പോലെയൊരുത്തൻ ആയിരിക്കും. മൂത്തവർ അവരുടെ ജീവിതം ആരംഭിക്കുമ്പോൾ നമ്മൾ ഒന്നുമില്ലാതെ ആയിപ്പോകും ( അങ്ങനെ ആവണം) എന്ന നഗ്നസത്യം അംഗീകരിച്ചു കൊത്തിപ്പിരിക്കാൻ (വേദനയോടെ) ശ്രമിച്ചു എങ്കിലും, ഇത് വരെ പിരിഞ്ഞിട്ടില്ല എന്നത് ആശ്വാസമാണോ അതോ വേദനയാണോ ആവോ. ചാച്ച ഇപ്പോളും ഞങ്ങടെ ഹീറോ ആണ് എന്ന് മൂത്തവർ മുഖത്ത് നോക്കി പറഞ്ഞപ്പോൾ സന്തോഷമല്ല തോന്നിയത്. ഡിറ്റാച്ഡ് ആവാൻ ഈ തെണ്ടികൾ സമ്മതിക്കില്ലല്ലോ എന്നായിരിക്കാം ഉപബോധമനസ് തേങ്ങിയത്. എനിക്ക് അവളും അവൾക്ക് ഞാനും ആയിരിക്കും ഒരാൾ പിരിയുന്നത് വരെ ഉണ്ടാവുക. അത് കഴിഞ്ഞാൽ ഒറ്റക്ക് നിൽക്കുന്നവർ എങ്ങനെ ജീവിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം ആണ്. 



സത്യത്തിൽ ഇപ്പോളാണ് എന്റെ നല്ല സമയം. സ്വന്തം വീട്ടിൽ അൽപ്പം വിലയും നിലയും ഉണ്ട്. കുട്ടികൾക്കൊക്കെ ഞാൻ വലിയവനാണ്, നല്ലവനാണ് എന്ന ചിന്ത ഉണ്ട്. കാശുള്ളവനും ജാടയുള്ളവനും മാത്രം വിലകൊടുക്കുന്ന ഈ ലോകത്തിൽ എവിടെയോ കുറച്ചുപേർക്ക് എന്നോട് സ്നേഹം ഉണ്ട്. പണവും പത്രാസും ഇല്ലാത്തവനോടുള്ള മനുഷ്യന്റെ വൈകൃത മനോഭാവം ഏറ്റവും വെറുക്കുന്ന എനിക്ക്, അതൊന്നും കാണിക്കാതെ തന്നെ കുറച്ചു സ്നേഹം എനിക്ക് ലോകം വാരിക്കോരി തരുന്നത് അത്ഭുദപ്പെടുത്തുന്നു. തീർച്ചയായും എന്റെ നല്ല സമയം.



പാതിവ്രത്യം തെളിയിച്ച, അഗ്നിപരീക്ഷ ജയിച്ച, രാഞ്ജിയായിട്ടും കാനന വാസത്തിനു പോവേണ്ടി വന്ന  സീത, അവസാനം തിരിച്ചുവരവിന്റെയും അംഗീകാരത്തിന്റെയും സമയത്ത് ഭൂമിദേവിയോട് പ്രാർത്ഥിച്ചു “എന്റെ ജീവിതം മുഴുവനും ഞാൻ സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ചു. ഇനി എനിക്ക് വിശ്രമം വേണം. അമ്മേ, നീ എന്നെ തിരികെ ചേർത്തുകൊൾക.” അങ്ങനെ പറഞ്ഞുതീരുന്നതിന് മുന്നേ, ഭൂമി പൊളിഞ്ഞു തുറന്നു. പച്ചപ്പുള്ള നിലം രണ്ടായി പിളർന്ന്, ഭൂമാതാവ് തന്നെ പ്രത്യക്ഷപ്പെട്ടു. കരങ്ങളാൽ സീതയെ ചേർത്തുപിടിച്ച്, സ്നേഹത്തോടെ അവളെ മടിയിൽ സ്വീകരിച്ചു. എന്തുകൊണ്ട്  സീതാദേവി അങ്ങനെ ചെയ്തു എന്ന് എനിക്കത് ഇപ്പോൾ നന്നായി മനസ്സിലാവുന്നു,



 എത്ര ചവുട്ടി താഴ്ത്തിയാലും ജീവൻ വിടാതെ പോരാടി എഴുന്നേറ്റ് നിൽക്കാനുള്ള ശേഷി എനിക്കിനിയില്ല. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല സമയം, ഭൂമി പിളർന്നെങ്കിൽ എന്ന് കൊതി തോന്നുന്നു.



ഈ ചിന്തകൾ ഒക്കെ ആയിരിക്കും അല്ലെ ഡിപ്രെഷൻ. ചില സമയം അങ്ങനെയാണ്, എന്താ ചെയ്ക. വഴികൾ പലതു നോക്കി. കൂട്ടുകാരോ മദ്യപാനമോ ഒന്നും ഒട്ടും സന്തോഷം പകരുന്നില്ല. 



സകലർക്കും ഉപദേശം കൊടുക്കുന്ന ഞാൻ ഇനി വല്ലോ തെറാപ്പിസ്റ്റിനെയും കാണണമല്ലോ എന്നൊക്കെ തോന്നി തുടങ്ങി. അവസാനം അങ്ങനെ ബിസിനസ് ക്ലാസ് പൈസക്ക് ബഡ്ജറ്റ് ഐയർലൈനിൽ ടിക്കറ്റും എടുത്ത്  തിരിച്ചു ദുഫായിക്ക്  തിരിച്ചു പോരുന്നു. ഏറ്റവും ബോറായിട്ടുള്ള പരിപാടി ആണ് ഫ്ലൈറ്റ് യാത്ര. രണ്ടു മണിക്കൂർ യാത്ര എയർപോർട്ടിലേക്ക്, അവിടെ പിന്നെ ഒരു മൂന്നു മണിക്കൂർ, ഫ്ലൈറ്റിൽ കുറെ സമയം, അങ്ങനെ മൊത്തം ബോറിങ് പരിപാടിയിൽ ഏക ആശ്വാസം ലോഞ്ചിൽ കയറി നാലെണ്ണം വിട്ടിട്ട്  ഫ്ലൈറ്റിൽ കയറി അടുത്തിരിക്കുന്ന സകല ബോറന്മാരുടെയും ചെവിയിൽ കദിന പൊട്ടിക്കുന്ന എഫക്ടിൽ കൂർക്കം വലിച്ചു നശിപ്പിക്കുക എന്നുള്ളതാണ്.  


സെക്യൂരിറ്റി ചെക്ക് എന്ന കടമ്പ, ഷഡ്ഢി ഒഴിച്ചുള്ള എല്ലാം മാറ്റി വേറേ വേറെ വെപ്പിച്ച് അവസാനം ഇക്കിളിയും ഇട്ടു നിന്നിൽ സംപ്രീതനായിരിക്കുന്നു എന്ന് പറഞ്ഞു വിട്ടു. അങ്ങനെ ഊരിയ ഇതെല്ലാം ഓരോന്നായി തിരിച്ചു വെക്കുമ്പോൾ ആണ് പുറകിൽ ഒരു സുന്ദരിയായ പെണ്ണ് വന്നു നിൽക്കുന്നത്. വെളുത്ത ടീ ഷർട്ടും, നീല ജീൻസും വേഷം, കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും (സ്വാഭാവികം).



വിഷമത്തോടെ അവൾ പറഞ്ഞു, "ഇനി മേലിൽ ഞാൻ ഈ ഫ്ലൈറ്റിൽ കയറില്ല. ലഗ്ഗേജ് കൂടുതൽ ആണെന്ന് പറഞ്ഞുചെക്ക് ഇന്നിൽ കുറെ പാടുപെട്ടു, ഇനി ഇതെല്ലാം ഇവിടുന്നു ഇതെല്ലം വാരി അകത്തിടണം." എന്റെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു? കാര്യം വയസായപ്പോൾ കോഴിത്തരം ഒക്കെ വരുന്നുണ്ടങ്കിലും റിസ്ക് എടുക്കില്ല നമ്മൾ. ഇവൾ വല്ല മയക്കു മരുന്നും എന്നെ പിടിപ്പിക്കാൻ ആണോ പരിപാടി? അവളോട്ഞാ ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു, "ഞാൻ വെയിറ്റ് നോക്കിയെ ലഗേജ് എടുക്കാറുള്ളൂ. ഇവിടെ വന്ന് പിന്നെ ഗുസ്തി പിടിക്കാൻ താല്പര്യം ഇല്ല."



അപ്പോൾ അവൾ പറഞ്ഞു "ഞാൻ കുറച്ചാണ് എടുത്തത്‌, പക്ഷെ ഒന്ന് രണ്ടു കൂട്ടുകാരുടെ ലഗ്ഗേജ് എയർപോർട്ടിൽ വന്നപ്പോൾ കൊണ്ടുപോകാൻ തന്നിരുന്നതാണ്, അത് കുറച്ചു കൂടുതൽ ആയി പോയി."



ഞാൻ ചോദിച്ചു " എങ്ങോട്ടാണ് യാത്ര?" അവൾ പറഞ്ഞു " ഞാൻ ആംസ്റ്റർഡാമിനാണ്,  സാധാരണ എമിറേറ്സിനാണ് പോകുന്നത്. ഈ സമയം ആയതുകൊണ്ട് ഇതല്ലാതെ വേറെ ടിക്കറ്റ് കിട്ടിയില്ല." എന്റെ ചിന്തകൾ വെറുതെ കാട് കയറി.  ഈ ബോറിങ് യാത്ര ഇവളുടെ കൂടെ കളർ ആക്കാം, പോരാത്തതിന് ഇവൾ ദുബായിൽ വന്നു കുറച്ചു സമയം ഉണ്ടാവും. വേണമെങ്കിൽ ദുബായ് ഒക്കെ കാണിക്കുകയും ചെയ്യാം. ഡിപ്രഷൻ ഒക്കെ മാറി മൊത്തം ഉഷാറായി. പക്ഷെ ഞാൻ ബെൽറ്റ് വരെ പതുക്കെ ഇട്ടു മുടി ചീകിയിട്ടും അവളുടെ തിരിച്ചു ഫിറ്റ് ചെയ്യാം പകുതി പോലും ആയില്ല. ഇനിയും അവിടെ നിന്നാൽ ഞാൻ വെറും റാസ് അൽ ഖൈമയിലെ രാജകുമാരൻ ആകുമല്ലോ എന്ന് വിചാരിച്ചു ദുരഭിമാനവുമായി അവിടെ നിന്നും നടന്നു. ഡ്യൂട്ടി ഫ്രീയിൽ ഒന്ന് പരതി നടന്നിട്ടും അവളെ കണ്ടില്ല. ഞാൻ നോക്കിയപ്പോൾ ഗേറ്റ് നമ്പർ 7 ആണ്, അങ്ങേ അറ്റം. പതുക്കെ കുറച്ചു ദൂരം നടന്നിട്ട് വീണ്ടും തിരിച്ചു നടന്നു. അതേറ്റു, അവൾ വരുന്നുണ്ട്. ഞാൻ ചിരിച്ചു, അവളും. അവളെന്നോട് ചോദിച്ചു, "ഗേറ്റ് നമ്പർ ഒന്നല്ലേ?" ഞാൻ പറഞ്ഞു "അല്ല, ഏഴാണ്, അങ്ങേ അറ്റം ആണ്. ഇവിടുന്ന് വല്ലതും കഴിച്ചിട്ട് പോകുകയെങ്കിൽ പിന്നെ തിരിച്ചു വരേണ്ടല്ലോ."



അവൾ പറഞ്ഞു "അത് ശരിയാണല്ലോ,  എന്നാൽ കഴിച്ചിട്ട് പോകാം. ഇവിടെ ഫോറിൻ കറൻസി എടുക്കാമായിരിക്കുമല്ലോ അല്ലെ?" ഞാൻ പറഞ്ഞു " പിന്നെ... എയർ പോർട്ടല്ലേ, ഇല്ലെങ്കിൽ തന്നെ കാർഡ് എടുക്കും. ധൈര്യമായിട്ട് വാ, ഞാനല്ലേ ഉള്ളത്" 



ഇന്ന് ഞങ്ങൾ മസാല ദോശയും വടയും വാങ്ങി ഒന്നിച്ചിരുന്നു കഥ പറഞ്ഞു കഴിക്കും എന്ന അഹങ്കാരത്തിൽ നടന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു, "ഫോറിൻ കറൻസി എടുക്കുമല്ലോ അല്ലെ?" എന്നിലെ ഷെർലക് ഹോംസ് വീണ്ടും ഉണർന്നു. കാര്യം ആംസ്റ്റർഡാം ഒക്കെയാണെങ്കിലും അവൾ എന്റെ കാശ് ചിലവാക്കിക്കാൻ ഉള്ള പണിയാണല്ലോ? സാധാരണ എയർപോർട്ടിൽ വന്നാൽ അവിടുത്തട്ടെ ബാറിൽ കയറി 700 രൂപ വെച്ചു കൊടുത്തു രണ്ടു ബിയർ അടിക്കുന്ന ഞാൻ ഇന്ന് ഒരു മസാല ദോശ അവൾക്ക് വാങ്ങി കൊടുത്തേക്കാം, ഒന്നുമല്ലേലും ഒരു കമ്പനി കിട്ടുമല്ലോ. അവിടെ ചെന്നു അവൾ ആദ്യമേ ചോദിച്ചു, ഫോറിൻ കറൻസി എടുക്കുമോ എന്ന്. അവർ ഇല്ല എന്നു പറഞ്ഞു. ഞാൻ ആവേശത്തോടുകൂടി പറഞ്ഞു, ഞാൻ കൊടുത്തോളാം എന്ന്. അവൾ സമ്മതിക്കുന്നില്ല, ഞാൻ നിർബന്ധിക്കുന്നു.  



പക്ഷെ അവൾ അഭിമാനി ആയിരുന്നു. അവൾ തിരിച്ചു പോയി. അവളെ പറ്റി തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവിടെ ഒറ്റക്കിരുന്നു ആ കൂതറ മസാലദോശ കുറേശെ നുള്ളി പെറുക്കി കഴിച്ചു. അവൾ പക്ഷെ നോട്ടു മാറ്റി വന്നില്ല.  ഞാൻ എണീറ്റു, പകുതി ഉപേക്ഷിച്ച എന്റെ മസാല ദോശ അവിടെ ആരെയോ പ്രതീക്ഷിച്ചു കിടന്നു. 



ഏകദേശം പ്ലെയിനിൽ കയറാനുള്ള സമയം ആയി.. അങ്ങ് വരെ വല്ലതും മിണ്ടീമ്പറഞ്ഞും ബോറടിക്കാതെ പോകാമായിരുന്നു ഒരു അവസരം പോയതിന്റെ വ്യാകുലതയും ആയി അങ്ങേ അറ്റത്തുള്ള ഏഴാം നമ്പർ ഗേറ്റ് ലക്ഷ്യമാക്കി, ഏതാണ്ട് പോയ അണ്ണാനെ പോലെ ത്രികോണേ ത്രികോണേ എന്ന പോലെ ഞാൻ നടന്നു. 



അപ്പോളതാ അവൾ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു. ശോ പാവം, എത്ര കുലീനയായ സ്ത്രീ.. ഞാൻ കാത്തിരിക്കണമായിരുന്നു, അല്ലെങ്കിൽ അവൾക്കൊരു പാർസൽ വാങ്ങാമായിരുന്നു. ഞാൻ ആവേശത്തോടു കൂടി ചോദിച്ചു, "കറൻസി മാറിയോ? "



അവൾ ഇത്തിരി സ്പീഡിൽ ആയിരുന്നു, എന്നിട്ടു പറഞ്ഞു " അത് മാറി, ഞാൻ അവിടുന്ന് കഴിക്കുകയും ചെയ്തു. പക്ഷെ ഗേറ്റ് നമ്പർ ഒന്നാണല്ലോ? ഞാൻ ടിക്കറ്റ് എടുത്തു നോക്കി, അല്ല ഏഴാണല്ലോ എന്ന് പറഞ്ഞു അവളെ ടിക്കറ്റ് കാണിച്ചു. അവൾ അവളുടെ ടിക്കറ്റ് കാണിച്ചു. അതിൽ ഗേറ്റ് ഒന്നാണ്, കാരണം അവൾ വേറെ വിമാനത്തിൽ ഒമാൻ വഴിയാണ് പോകുന്നത്.



ഭാഗ്യത്തിന് അവളുടെ വിമാനം പോയില്ല, വെറുതെ ഒരാവേശത്തിനു ഞാൻ സങ്കൽപ്പിച്ചു കൂട്ടിയ ചിന്തകളിൽ ഒരാളുടെ യാത്ര മുടങ്ങാതിരുന്നത് ഭാഗ്യം. 



അങ്ങനെ വീണ്ടും ഡിപ്രഷൻ അടിച്ചു രണ്ടാഴ്ചയായി ദുഫായിൽ വിങ്ങി വിങ്ങി ഏങ്ങലടിച്ചു നടക്കുകയാണ് സുർത്തുക്കളെ.. നടക്കുകയാണ്...






Read more...

നടുക്കഷണം

>> Tuesday, June 24, 2025

അങ്ങനെ നടുക്കഷണം ആയ പാപ്പിയും എന്റെ കൂടെ ഒരു മാസം നിന്നു, കെട്ടിപ്പിടിച്ചു കിടന്നു, ഇറുക്കിപ്പിടിച്ചു സ്നേഹിച്ചു. പതിവുപോലെ  പിള്ളേരെ ഇവിടെ സ്നേഹിക്കാൻ കൊണ്ടുവരുമ്പോൾ എനിക്ക് പണിത്തിരക്കും മുറുകും. പുതിയ ടിഷ്യു ബോക്സ് തുറക്കുമ്പോളെന്ന പോലെ ആദ്യം ഒരു എട്ടു പത്തു പ്രശ്നങ്ങൾ ഒന്നിച്ച് . പിന്നെ ബോക്സ് തീരുന്ന വരെ ഒരെണ്ണം എടുക്കുമ്പോൾ പുറകെ ഓരോന്നായി ചാടി വരും. അവസാനം തീർന്നു എന്ന് കരുതി കൈ ഇട്ടു തപ്പി ഒള്ളെതെല്ലാം കൂടി ഒന്നിച്ചു വാരി എടുക്കുകേം ചെയ്യും.

മൂത്ത രണ്ടുപേരെ പത്താം ക്ലാസ് കഴിഞ്ഞു കൊത്തിപ്പിരിക്കാൻ കൊണ്ടുവന്നതായിരുന്നു എങ്കിലും കൊത്തു കൊടുത്തപ്പോൾ കെട്ടിപിടിക്കുവാണ് അവന്മാർ ചെയ്തത്. ഇവനെ ഇത്തിരി നേരത്തെ കൊണ്ടുവന്നത് പതിവുപോലെ എന്റെ സെൽഫിഷ്‌നെസ്സ്, അവനു അമ്മയോടാണ് കൂടുതൽ അടുപ്പം അപ്പോൾ എനിക്കും ഒരു സ്ഥാനം പിടിച്ചു വാങ്ങണമല്ലോ. പിന്നെ മൊത്തത്തിൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആയിരുന്നു അവൻ, പ്രായത്തിലും പ്രകൃതത്തിലും.  സ്‌നേഹിക്കുമ്പോൾ ബാല്യം കൈവിടാത്ത സോഫ്റ്റ് സ്വരം, ദേഷ്യം വരുമ്പോൾ ബേസുള്ള കമുകറ ശബ്ദവും. അപ്പുറത്തെ ചേച്ചി എന്റെ ഗേൾ ഫ്രണ്ട് ആണെന്ന്  പറഞ്ഞപ്പോൾ പാറപ്പുറത്തു അഞ്ചാറ് ചിരട്ട ഒന്നിച്ചുറക്കുരക്കുന്ന ഒച്ചയായിരുന്നു, ഞാൻ പേടിച്ചുപോയി വല്ല സദാചാര കൊലപാതകവും നടക്കുമോ എന്ന് വിചാരിച്ച്.

ഓരോ ദിവസവും കടന്നുപോകുമ്പോൾ ആലോചിക്കുകയായിരുന്നു, എത്ര വ്യത്യസ്തമാണ് കുട്ടികളുടെ സ്വഭാവങ്ങളും പ്രകൃതവും. ഇവൻ കുറേകൂടി ന്യൂജൻ. കാര്യം ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ദുബായ് വിട്ടവൻ ആണെങ്കിലും ബുർജ് ഖലീഫയുടെ മണ്ടേൽ കയറണം, മെട്രോയിൽ പോണം , അറ്റ്ലാന്റിസിൽ കയറണം, സിറ്റി കറങ്ങണം എന്നൊക്കെയുള്ള പീറ ആഗ്രഹങ്ങൾ അവനില്ല. സ്‌കൂബാ ഡൈവ്, വിമാനത്തിൽ കയറി താഴോട്ട് ചാട്ടം, ബുർജ് അൽ അറബിലെ ഡിന്നർ എന്നൊക്കെയുള്ള റിച്ച് ആഗ്രഹങ്ങൾ മാത്രം. പുള്ളിക്ക് പരിഭവവും ഇല്ല, ഉണ്ടെങ്കിൽ മതി അല്ലെങ്കിൽ വല്ലോ ചീസും ബട്ടറും വെച്ച് ബ്രെഡും കഴിച്ചു വീട്ടിലിരുന്നോളാം എന്ന സാത്വതിക ലൈൻ. ആകെ ഉണ്ടായിരുന്ന നോർമൽ ആഗ്രഹം നമ്മുടെ ഡെസേർട് ഡ്രൈവ് മാത്രം.

ഞാൻ നോക്കിയപ്പോൾ ശരിയാണ്, നേരിട്ട് കാണുന്നതിലും ഭംഗിയായി യൂട്യുബിലും ഓണ്ലൈനിലും ഒക്കെ കാണാവുന്ന കാഴ്ചകൾ നേരിട്ട് കാണുന്നതിൽ വലിയ ത്രിൽ കാണില്ല. നമ്മൾ ഒക്കെ പണ്ട് വായനയിലൂടെയും പിന്നെ ഫോട്ടോകളിലൂടെയും കണ്ട കാഴ്ചകൾ നേരിട്ട് കാണാനുണ്ടായിരുന്ന ത്വര ഇപ്പോളത്തെ കുട്ടികൾക്ക് കാണില്ല. എനിക്ക് പോലും ഇപ്പോൾ ഈഫൽ ടവറോ, ന്യൂയോർക്കിലെ തിരക്കോ ഒന്നും കാണണമെന്നില്ല. ഇത്തിരി പച്ചപ്പും ഹരിതാഭയും, മഴയും കട്ടനും ക്ലാരയും ഒക്കെ മാത്രം മോഹം. 

രാവിലെ ചായ ഇട്ടു തരും, പകലുമുഴുവൻ തന്നന്ന കളിച്ചു നടക്കും, എന്റെ കൂടെ ഓഫിസിൽ ചിലപ്പോൾ വരും, ചിലപ്പോൾ വീട്ടിലിരുന്ന് ആരുടെയും ശല്യമില്ലാതെ ഗെയിം കളിക്കും (രാത്രിക്കു മോപ്പ് തലതിരിഞ്ഞു ഇരുന്നാൽ പെണ്ണാണെന്ന് തോന്നുന്ന പ്രായം ആണല്ലോ). വൈകുന്നേരം ആകുമ്പോൾ പതുക്കെ കെട്ടിപിടിച്ചു കിടക്കും. അപ്പന്റെ നിർവൃതിയിൽ ഞാനും.

ഒരു മാസം ശടേന്ന് അങ്ങ് കഴിഞ്ഞു പോയി. തിരിച്ചു പോരുന്നതിനു തലേദിവസം രാത്രി, എന്റെ നെഞ്ചത്ത് തലവെച്ചു അവൻ കിടക്കുന്നു. രണ്ടു പേരെ നേരത്തെ ഇതുപോലെ യാത്ര പറഞ്ഞു വിട്ട വിങ്ങൽ എന്റെ മനസ്സിൽ തിരത്തല്ലി വന്നു. ആദ്യമായി ഒരു പ്രസവം നേരിട്ട് കണ്ടത് അവനുണ്ടായപ്പോൾ ആണ്. എന്റെ കയ്യാണ് ഗ്ലൗ ഇല്ലാതെ അവന്റെ ശരീരത്തിൽ ആദ്യം സ്പർശിച്ചത്. കുഞ്ഞിലേ തൊട്ടുള്ള അവന്റെ പലവിധ കാര്യങ്ങളും മനസിലേക്ക് കയറി വന്നു. എന്റെ നെഞ്ചത്തെ ഉയർച്ചതാഴ്ചകൾ കുറച്ചു വേഗത്തിലായി.

അത് മനസിലാക്കിയെന്നവണ്ണം അവൻ ഇറുക്കിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. രണ്ടുപേരുടെ യാത്രപറച്ചിൽ കൈകാര്യം ചെയ്ത പക്വതയിൽ ഞാൻ അവനേ ആശ്വസിപ്പിച്ചു ഇറുക്കിപ്പിടിച്ചു കിടന്നു. വേർപിരിയിലിന്റെ നൊമ്പരത്തിലും, സങ്കടത്തിന്റെ കനത്തിലും, സ്നേഹത്തിന്റെ മധുരം ഒരു കുഞ്ഞു സ്വാർത്ഥസുഖമായി നിറഞ്ഞു നിന്നു എന്നത് സത്യം. 

അല്ലെങ്കിൽ തന്നെ, നമ്മൾ മരിച്ചു കിടക്കുമ്പോളും ഉറ്റവർ കരഞ്ഞുകാണാൻ അല്ലെ നമുക്ക് സാങ്കൽപ്പികം ആയിട്ടെങ്കിലും ഇഷ്ടം. 

അങ്ങനെ കരഞ്ഞു തളർന്ന ഒരു കുടുംബത്തിന്റെ ഓർമകൾക്ക് ഇന്ന് 43 വയസ്. 

എന്റെ പാപ്പിക്കുട്ടൻ നെഞ്ചത്ത് കിടന്നു കരഞ്ഞത് പോലെ ഒന്ന് വിതുമ്പാൻ കൊതി തോന്നാറുണ്ടായിരുന്നു പലപ്പോഴും, ചിലപ്പോളൊക്കെ ഇപ്പോളും.

 

Read more...

50 വയസ്സിന്റെ നിറവിൽ

>> Monday, December 30, 2024

50 വയസ്സിന്റെ നിറവിൽ 

അങ്ങനെ ഈ മനോഹര ഭൂമിയിൽ നീണ്ട അമ്പതു വർഷങ്ങൾ ജീവിക്കാൻ സാധിച്ച ഒരു ഭാഗ്യവാനായി തീർന്നു ഞാൻ. ഇനിയുള്ള കാലങ്ങൾ ഒരു ബോണസ് ആയി കണ്ടുകൊണ്ട്, നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടികൾക്കും ഒരു ഭാരമായി തീരാതെ, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ എന്ന കൊച്ചു ആഗ്രഹം മാത്രം മുന്നിൽ.

ഈ നീണ്ട കാലയളവിൽ, എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള നിരവധി അനവധി നല്ല മനുഷ്യരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മ, ഒപ്പം കളിച്ചുവളർന്ന സഹോദരീ സഹോദരന്മാർ, എനിക്ക് വഴിതെളിച്ച അളിയന്മാർ, എന്നെ എന്തിനോ സ്നേഹിക്കുന്ന വാത്സല്യത്തോടെ കരുതൽ കാട്ടുന്ന ഭാര്യവീട്ടുകാർ, പിന്നെ എന്നുമെന്നും കൂടെയുള്ള എന്റെ സ്വന്തം ചങ്ക് കൂട്ടുകാർ. സ്നേഹം പ്രകടിപ്പിക്കാൻ അറിയാതെ സ്നേഹം വാരിച്ചൊരിഞ്ഞ കുറച്ചാളുകൾ, എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ പറ്റാതെ പോകുന്ന ചിലർ, അങ്ങനെ എന്റെ ജീവിതത്തിൽ എത്തി നോക്കിയ എത്രയോ പേർ. ഒരു പക്ഷെ എന്നെ ഒത്തിരി സ്വാധീനിച്ച എന്റെ വല്യപ്പൻ കുഞ്ഞുപ്പാപ്പൻ മുതൽ മരിച്ചു പോയ എന്റെ ചാച്ചയുടെ സ്ഥാനത്ത്, അവർ പോലും അറിയാതെ ഞാൻ ചേർത്ത് വെച്ച ഒത്തിരി വ്യക്തികളുണ്ട്. ഇൻസെക്‌യൂർ ആയ ഒരു മനസിന് പല രീതിയിൽ സ്വാന്തനമേകിയ, അവർ പോലുമറിയാതെ ഞാൻ തോളത്തു ചാരിയ കുറെയേറെ ആളുകൾ. അവരിൽ അങ്കിളുമാർ, കസിൻസ്,  കൂട്ടുകാർ എന്ന് തുടങ്ങി വെറുതെ കണ്ടുമുട്ടി ആത്മബന്ധത്തിലേക്ക് മാറിയ ആളുകൾ വരെയുണ്ട്. എല്ലാവരോടും സ്നേഹവും നന്ദിയും കടപ്പാടും മാത്രം....

ഈ കാലയളവിൽ ഞാൻ ജീവിച്ച വീടുകൾ 32 (ഏറ്റവും കൂടുതൽ ജീവിച്ച സ്ഥലം എന്റെ അമ്മവീടായ പൈകക്കടുത്തുള്ള നരിതൂക്കിൽ), 8 സ്‌കൂളുകൾ, 2 വേദപാഠക്ലാസിന്റെ സ്‌കൂളുകൾ, 4 കോളേജുകൾ, 10 ജോലിസ്ഥലങ്ങൾ, ഇപ്പോൾ കുറച്ചു കച്ചവടങ്ങൾ. എത്രയോ ആളുകളുമായി പരിചയപ്പെടുവാനും സുഹൃത്തുക്കളാകുവാനും സാധിച്ചതും, മഹാ ഭൂരിപക്ഷം ആളുകളിൽ നിന്നും സ്നേഹം അനുഭവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.

എനിക്ക് ലഭിച്ച സ്നേഹം കുറച്ചുപേരിലേക്കെങ്കിലും പകർന്നു കൊടുക്കാനും, ചില ജീവിതങ്ങൾക്ക് ഒരു സഹായഹസ്തമാകാനും സാധിച്ചിട്ടുണ്ടാവണം.

ഈ അൻപതുവർഷങ്ങളുടെ ആദ്യപകുതിക്കു ശേഷം, ജീവിതത്തെ വളരെ സന്തോഷത്തോടുകൂടി കാണുവാൻ ശ്രമിച്ചതിനാൽ, ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും സന്തോഷവാനായ ഒരു മനുഷ്യനായി ഞാൻ മുൻപോട്ടു പോകുന്നു. 

ഇനിയുള്ള കുറച്ചുകാലം,  ഓരോ ദിവസവും എനിക്കുള്ള നല്ല ദിനങ്ങളെന്നു കരുതി, എന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യയുടെകൂടെ അവൾ പോകുന്നതിനു മുമ്പ് അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന ആഗ്രഹം മാത്രം. കുട്ടികൾ, അവർ ജീവിച്ചുകൊള്ളും. അവർ ഇന്നേവരെ എനിക്ക് നൽകിയ സ്നേഹത്തിൽ ഞാൻ പരിപൂർണ്ണ തൃപ്തനാണ്. ഇനി അവർ അവരുടെ ജീവിതം ഒക്കെ നയിക്കട്ടെ, സന്തോഹത്തോടു കൂടി ജീവിക്കട്ടെ, അവരുടെ പ്രണയവും പഠനവും കരിയറും ഒക്കെയായി. തുമ്പിയും കുഞ്ഞേപ്പും ചിലപ്പോൾ ഒരു പത്തുവർഷം കൂടി കൂടെയുണ്ടാവും എന്ന ചെറിയ ആശ്വാസം ഉണ്ട്.

എന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു മനുഷ്യനോട് പോലും പിണങ്ങാതെ, ഒരാളുടെപോലും വെറുപ്പ് വാങ്ങാതെ, ഈ ഭൂമിയിൽ അലിഞ്ഞു തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ചങ്ങനാശ്ശേരി മതുമൂലയിലെ വടക്കുംമുറി കുടുംബത്തിൽ ജനിച്ചു ഏകദേശം നാല്പത്തിരണ്ടു  വർഷങ്ങൾക്ക് മുമ്പ് പൈകയിലെത്തി പാതി നരിതൂക്കിൽ ആയി, ഒരു ശരാശരി പാലാക്കാരനായി ജീവിച്ച എനിക്ക്, ഇന്ന് ലോകത്തേതു സ്ഥലവും സ്വന്തം.....

ഈ സുന്ദരഭൂമിയിൽ, ഈ സ്വർഗത്തിൽ തന്നെ ജീവിക്കണം. വാർദ്ധക്യം ഒരു ബാധ്യതയാകും മുമ്പ് പോകണം. എല്ലാവരും എന്നെ ഒത്തിരി സ്നേഹിക്കണം, ഞാൻ നല്ല മനുഷ്യനെന്ന് കുറച്ചുപേരെങ്കിലും ഉള്ളിൽ തൊട്ടു പറയണം. ഞാൻ എന്ന എന്റെ ചിന്തയെ ഇനി കുറച്ചു കുറക്കണം,  അത്രയൊക്കെയേ ഉള്ളൂ എന്റെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ....

എല്ലാവരോടും സ്നേഹത്തോടെ.....






Read more...

പെരുമഴക്കാലം

>> Monday, September 30, 2024

പെരുമഴക്കാലം  

സാധാരണ അവധിക്കു വരുന്നതിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം ഇത്തിരി ലോങ്ങ് ലീവ് ആയിരുന്നു. കാലവർഷ സമയത്ത് കുറച്ചു സമയം ഫാമിലിയുടെ കൂടെ നിൽക്കുക, കോരിച്ചൊരിയുന്ന മഴയത്ത് ഒരു കട്ടങ്കാപ്പിയും കുടിച്ചു ജോൺസൻ മാഷിന്റെ പാട്ടും കേട്ട്, മഴത്തുള്ളികളുടെ താളവും കുളിരും അനുഭവിച്ചു, പിന്നെ അതിന്റെ ചേരുവ ആയ ക്ലാരയുടെ (സ്നേഹത്തിന്റെയും കുസൃതികളുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും ഒക്കെ വികാരങ്ങൾ കലർന്ന എന്തോ ഒരു ഭാവം)  ഫീലും കൂടി ആവോളം അനുഭവിക്കുക എന്നൊക്കെയുള്ള കൊച്ചുകൊച്ചു ആശകളുമായാണ് നമ്മൾ നെടുമ്പാശേരി വഴി പാലായിൽ എത്തിയത് . 

വീട്ടിലെത്തി, മഴ വെറുതെ ഒരു രസത്തിനു തോർന്നിരിക്കുന്ന സമയം. എന്തൊരു വൈബ്, മഴപെയ്തു നല്ല ക്ളീൻ ആയ മരങ്ങളും റോഡും പ്രകൃതിയും. റോഡരുകിൽ കൂടി കുഞ്ഞരുവികൾ പോലെ കളകളാ എന്നൊഴുകുന്ന തെളിവെള്ളം. ഇനി വേണ്ടത് അടമഴ, ഒരു മയത്തിലൊക്കെയുള്ള ഒരു വെള്ളപ്പൊക്കം (2018 വേണ്ട), കുറച്ചു അർമാദം.

ഒന്നാം ദിനം,

തീറ്റയുമായി കോഴിക്കൂടിന്റെ അടുത്ത് ചെന്നപ്പോളെന്നപോലെ, മക്കൾ എന്നെയും പെട്ടിയെയും മാറി മാറി സ്നേഹിച്ചു നോക്കി. ഞാനാണെങ്കിൽ സ്നേഹവും സെന്റിമെൻസും ആയി വിജൃംഭിതനായി  നിൽക്കുവാണെന്നു കണ്ടപ്പോൾ നാലാമൻ കുഞ്ഞേപ്പ് ജഗതിയെപ്പോലെ തേങ്ങാ സ്വാമി എന്നു മനസ്സിൽ പറഞ്ഞു എന്റെ കയ്യീന്ന് താക്കോല് വാങ്ങി പെട്ടി തുറന്നു.

ചോക്കലേറ്റും ഉടുപ്പും ഒക്കെ കിട്ടിയ സന്തോഷത്തിൽ മക്കൾ ഓരോന്നും നമ്മളെ പറ്റിച്ചേർന്ന് ഇരിക്കുന്നു. ആകാശയാത്ര, ലോഞ്ചിലെ ഇരുപ്പ്, കഴിപ്പ് തുടങ്ങിയ ക്ഷീണങ്ങൾ മാറ്റാൻ സ്വല്പം അമൃത് സേവിച്ചു, ഉലത്തിയ പോത്തും വരട്ടിയ പോർക്കും വറുത്ത മീനും ഒക്കെ കൂട്ടി വെന്ത കുത്തരിച്ചോറ് ഒരു പിടുത്തം അങ്ങ് പിടിച്ചു. ആഹാ... അന്തസ്...

കാര്യം സന്ധ്യ ആയതേ ഉള്ളൂ. എങ്കിലും ഭക്ഷണം കഴിഞ്ഞാൽ ഒന്ന് മയങ്ങണമല്ലോ, ബെഡ്‌റൂമിൽ കയറി ജനാലകൾ തുറന്നിട്ടു, നല്ല കാറ്റും മഴയും. ഹോം തീയറ്ററിൽ നിന്നും മലയാളം പാട്ടു ഒഴുകി വരുന്നു - "വിരൽ തൊട്ടാൽ വിരിയുന്ന .....". ഭാര്യയെ ഒന്ന് ചേർന്ന് കിടന്നു.  കുശുമ്പിന്റെ ഉറവ പൊട്ടിയിട്ടോ എന്തോ "ചാച്ചേനെ എനിക്കൊത്തിരി ഇഷ്ടമാണെന്നു" പറഞ്ഞു അഞ്ചാമത്തെ സന്തതി തുമ്പി പതുക്കെ ഇടയിൽ കയറി കിടന്നു. പാട്ടു മാറി കണ്ണാം തുമ്പീ എത്തി, അവളേം കെട്ടിപ്പിടിച്ചു കിടന്നു ഞാൻ സുഖമായി ഉറങ്ങി.

രണ്ടാം ദിനം - ശനിയാഴ്ച,  നേരത്തെ കിടന്നതുകൊണ്ടാവാം പെലകാലെ തന്നെ എഴുന്നേറ്റു. ദിവാകരൻ ഇങ്ങു പോന്നെങ്കിലും വെളിച്ചം തീരെയില്ല, ചന്നം പിന്നം ചറപറാനൊരു തൂളുമഴയും. ജനാലയിലൂടെ വെറുതെ ഇരതേടിയിറങ്ങിയ പക്ഷികളെയും അണ്ണാനെയും ഒക്കെ കണ്ടിരുന്നു. മുറിക്കകത്തു നോക്കിയപ്പോൾ വെട്ടിയിട്ട വാഴകണക്കെ കിടക്കുന്നു നാലഞ്ചെണ്ണം. ഇരയും പിടിക്കേണ്ട, കാലത്തെണീക്കുകയും വേണ്ട. ഭാര്യയുടെ അടുത്തോട്ടു ഒന്ന് മുട്ടിയുരുമ്മി ചെന്നപ്പോൾ നാലാമൻ കുഞ്ചു പാതിഉറക്കത്തിൽ തന്നെ ഇറുക്കി പിടിച്ചു, എന്നിട്ടൊരു ചോദ്യം, "ചോക്കളേറ്റ് ഒരെണ്ണം എടുത്താലോ?"

ഇപ്പോളാണേൽ ചേട്ടന്മാർ ഇല്ല എന്നൊരു കള്ളച്ചിരിയോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ കൊള്ളാല്ലോ മൊതല് എന്ന് വിചാരിച്ചെങ്കിലും, കൂടെ പോയി ഒരു വൈറ്റ് ചോക്കലേറ്റ് എടുത്തു അവനും കൊടുത്തു ഞാനൊരു കട്ടൻ ഇട്ടു, ശനിയാഴ്ച അല്ലെ. ഇന്ന് കട്ടനും ജോൺസൻ മാഷും മഴയും മാത്രം.

മൂന്നാം ദിനം - ഞായർ.   

മഴ നല്ല കട്ടിയിൽ പെയ്യുന്നു. പക്ഷിമൃഗാദികൾ പോലും വിശ്രമിക്കുന്നു. വീട്ടിലെ പട്ടിക്കുഞ്ഞു ശ്രീമാൻ പക്രു പോലും അനങ്ങുന്നില്ല. 

കൂട്ടുകാരൻ ബാബു വിളിക്കുന്നു - നല്ല ആൾക്കഹോളിക്‌ വെതർ, അവധിയും, ഫ്രീ ആണോ? ഇന്നേതായാലും ക്ലാര വരാൻ സാധ്യത ഇല്ല, എന്നാൽ പിന്നെ അർമാദം ആകട്ടെ. ഞാൻ മൊഴിഞ്ഞു "ഫ്രീ....."

മഴവെള്ളം കുത്തിയൊലിച്ചു പതഞ്ഞു പോകുന്നു, ഞങ്ങളും കൂടെ കലങ്ങി മറിഞ്ഞു ഒഴുകി. അവസാനം പിള്ളേരുറങ്ങും മുമ്പേ നാളെ പിള്ളേരെ സ്‌കൂളിൽ വിടുന്ന കാര്യം ഓർത്തു കട്ടിലിൽ വീണ ഞാൻ, ആ വാർത്ത ഒരു മിന്നായം പോലെ കേട്ടു. നാളെ സ്‌കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. എന്റെ ക്ലാരേ.....

നാലാം ദിനം - തിങ്കൾ.

കളക്ടർ അവധി പ്രഖ്യാപിച്ചത് കൊണ്ടും, ശരീരത്തിന് മൊത്തം ഒരു മാന്ദ്യം ഉള്ളതുകൊണ്ടും (ബുദ്ധിക്ക് എപ്പോളും ഉണ്ടല്ലോ), ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്നുള്ളത് സത്യമാണെന്നു വീണ്ടും തെളിയിച്ചുകൊണ്ട് കുഞ്ഞു പരട്ട  തലവേദന ശല്യപ്പെടുത്തുന്നത് കൊണ്ടും, കട്ടിലിൽ തന്നെ കിടന്നു.

ഇതുക്കൂട്ടൊരു ഊഞ്ഞാലാടിയ മുതുദിവസം വേറെ കാണില്ല. തലവേദന, ക്ഷീണം, കട്ടൻകാപ്പി പോലും കണ്ടിട്ട് ശർദ്ദിക്കാൻ വരുന്നു. ജോൺസൺ മാഷിന്റെ പാട്ടു വരുന്ന സ്‌പീക്കറിനിട്ടു ഒരു  തൊഴി വെച്ച് കൊടുക്കാൻ തോന്നി. മൊത്തത്തിൽ ഒരു കലിപ്പനായി, വരിയുടച്ച നാടൻ പട്ടിയുടെ കണക്ക് തെക്കു വടക്കു നടന്നു.

അഞ്ചാം ദിനം - ചൊവ്വ.

രാവിലെ നാലരക്കുള്ള അലാം അടിച്ചുകൊണ്ടിരുന്നു. ഞാൻ വന്നതിന്റെ ആശ്വാസത്തിൽ  ഉറങ്ങുന്നതുകൊണ്ടാവാം ഭാര്യ എണീക്കുന്നില്ല. ഞാൻ പതുക്കെ അവളെ ഞോണ്ടിവിളിച്ചു, പിള്ളേരെ എണീപ്പിച്ചു സ്‌കൂളിൽ വിട്, ഇന്ന് മിക്കവാറും ക്ലാര വരും. അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു. സാധാരണ ഒരു രണ്ടു വിളിക്കു ശേഷം ഓരോ ചവിട്ടു കൊടുത്തു എണീക്കേടാ ഡാഷ് മക്കളെ എന്ന് വിളിക്കുന്നതിന്‌ പകരം, സ്നേഹത്തോടെ വിളിച്ചുണർത്തി. കുഞ്ഞേപ്പ് ഒക്കെ ഇത് അമ്മ തന്നെയോ എന്നൊന്ന് സൂക്ഷിച്ചു നോക്കി. ഞാൻ പതുക്കെ പുതപ്പിനടിയിൽ ഒന്നൂടെ ചുരുണ്ടു കൂടി. 

പിള്ളേര്  ഓരോരുത്തരായി ഉറക്കച്ചടവോടെ, രാവിലെ മഴ പെയ്തിട്ടും കളക്ടർ അവധി പ്രഖ്യാപിക്കാത്തതു എന്തേ എന്ന് വ്യാകുലപ്പെട്ടു തേരാപാരാ നടക്കുന്നു. ഓരോരുത്തരും യൂണിഫോം ഒക്കെ ഇട്ടു, ഒരു കുഞ്ഞു ബൊഫെ പോലെ മേശപ്പുറത്തിരുന്ന ദോശയും, ജാം തേച്ച ബ്രെഡും, മൊട്ട ബുൾസൈയും, ചിക്കൻ കറിയും, പുട്ടും ഒക്കെ ഓരോരുത്തർക്ക് ഇഷ്ടമുള്ള വകയിൽ വ്യസനത്തോടെ കഴിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും പ്രേമം ഉണ്ടായിരുന്നെങ്കിൽ ഇവനൊക്കെ സ്‌കൂളിൽ പോകാൻ എന്ത് ഉത്സാഹം ആയിരുന്നേനെ എന്ന് ഞാൻ വെറുതെ ചിന്തിച്ചു പോയി.

രാവിലെ പാൽകാപ്പിയിൽ രണ്ടു ബദാമും അരച്ച് ചേർത്ത് കൂടെ രണ്ടു ഈന്തപ്പഴവും തന്നു ഭാര്യ. പതിവില്ലാതെ ഞാൻ ഒന്ന് ഷേവും ചെയ്തു കുളിച്ചു കുട്ടപ്പനായി. അവസാനം പിള്ളേർ വീട്ടിൽ നിന്നും ഇറങ്ങാറായപ്പോൾ ആണ്  മൂത്തവൻ ചാടിത്തുള്ളി വന്ന് ആ വാർത്ത പറയുന്നത്.

"കളക്ടർ ഇന്ന് രാവിലെ എണീക്കാൻ താമസിച്ചതാ, ദേണ്ടെ ഇന്നും അവധി." ഇടിത്തീ പോലെ ആണ് ആ വാർത്ത ഞാൻ ശ്രവിച്ചത്.  ഓറഞ്ച് എന്ന കളർ തന്നെ ഞാൻ വെറുത്തു പോയി. ഫ്രിഡ്ജിൽ ഇരുന്ന ഒരു കിലോ ഓറഞ്ചു ഞാനെടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഓറഞ്ച് അലർട്ടും ഒരു മാങ്ങാത്തൊലിയും.

പിള്ളേരുടെ അറ്റാക്ക് കഴിഞ്ഞപ്പോൾ കാലിയായ ഊണുമേശയിൽ എനിക്ക് കുറച്ചു പച്ചക്കപ്പയും കാന്താരി പൊട്ടിച്ചതും കൂടെ ഭാര്യ കൊണ്ടെ തള്ളിവെച്ചു. അവളുടെ നിരാശ എനിക്ക് മനസിലായി. എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് സ്പീക്കറിലൂടെ ഒഴുകി വന്നു. അവസാനം രണ്ടും കല്പിച്ചു ഞാൻ മൂത്ത മകനോട് പറഞ്ഞു, നീ ഇന്ന് പിള്ളേരേം കൊണ്ട് ആ പുത്തേട്ട് പോയി വല്ല സിനിമയും കണ്ടോ. 

ചാച്ചയും അമ്മയുകൂടി വന്നാലേ ഒരു രസമുള്ളൂ, നിങ്ങളും കൂടെ വായോ എന്നവൻ പറഞ്ഞു.  അതോടെ എന്റെ  സകലമാന കണ്ട്രോളും പോയി, ലോകത്തൊരു അച്ഛനും സഞ്ചരിക്കാത്ത വഴികളുടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു.

"നിനക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ടാകുമ്പോൾ ഫോൺ വിളിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം വന്നാൽ നിനക്ക് ഒരു പ്രൈവസിയും ഞങ്ങൾ തരില്ല, ചാച്ചക്കും അമ്മയ്ക്കും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, നിനക്കിത്രയും പ്രായമായില്ലേ?"

അവനു എല്ലാം മനസ്സിലായി, നേരെ അഞ്ചു ടിക്കറ്റ് പുത്തേട്ട് സിനിമയിൽ. അങ്ങനെ അഞ്ചാമത്തെ ദിവസം അങ്ങനെ ക്ലാരയെത്തി.

ദിവസങ്ങൾ ഒക്കെ പിന്നീട് വേഗന് കൊഴിഞ്ഞു പോയി. ഓറഞ്ചു അലേർട്ടും കളക്ടറുടെ അവധി പ്രഖ്യാപനവും തീരെ ഇല്ലെന്നായി. എന്നിട്ടും പുത്തേട്ട് സിനിമയിൽ അഞ്ചു ടിക്കറ്റുകൾ ഇടയ്ക്കിടെ ഒന്നിച്ചു വിട്ടു പോയി. എന്റെ 20 ദിവസത്തെ അവധി 40 ദിവസം ആയി. സുന്ദര സുരഭില ദിനങ്ങൾ.

അവസാനം ഞാൻ പച്ചപ്പും ഹരിതാഭയും ഉപേക്ഷിച്ചു മണലാരണ്യത്തിലേക്ക്  തിരികെ പോരേണ്ട സമയം അടുത്തു. മക്കളെ ഒക്കെ നന്നായി സ്നേഹിച്ചു, ഭാര്യയെയും,  മക്കൾക്ക് സ്നേഹം ഒന്നും അത്ര തുല്യമായി പങ്കിട്ടു കൊടുക്കാൻ സാധിച്ചു എന്ന് വരില്ല, എങ്കിലും ഓരോരുത്തർക്കും പറ്റുന്നപോലെ സ്നേഹവും സമയവും കൊടുത്തു.

ഇളയവളായതുകൊണ്ടും ആകെയുള്ള പെൺതരി ആയതുകൊണ്ടും തുമ്പിയോട് കുറച്ചു കൂടുതൽ സ്നേഹവും കൊഞ്ചലും ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അവളെക്കാളും രണ്ടു വയസുമാത്രം മൂത്ത കുഞ്ചു ഏലിയാസ് കുഞ്ഞേപ്പിന് അതിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു. എങ്കിലും വഴക്കോ ബഹളമോ ഇല്ലാതെ അവൻ അത് കുറേശ്ശേ അറിയിച്ചുകൊണ്ടിരിക്കും. വാടി തുമ്പി, ചാച്ചയെ കെട്ടിപ്പിടിച്ചു കിടക്കാം എന്ന് പറയുമ്പോൾ അവൾ ഇത്തിരി ജാട ചിലപ്പോൾ കാണിക്കും. ഒതുക്കത്തിൽ കുഞ്ചു അപ്പോൾ പറയും, ചാച്ച വിഷമിക്കണ്ട, ഞാൻ വരാമെന്ന്. കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കൂടെ കിടക്കാൻ ഊഴം വെച്ച് നിന്നിരുന്ന കാലത്തു ഇളയവർ കരയുമ്പോൾ, നീ മൂത്തതല്ലേ, ഇന്നും കൂടെ അവർ കിടക്കട്ടെ എന്ന് അമ്മ പറഞ്ഞപ്പോൾ അനുഭവിച്ചിരുന്ന വേദന നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ ഇത്തവണ കുഞ്ചുവിനെ ഇത്തിരി കൂടുതൽ സ്നേഹിച്ചു.

അവസാനം പോരുന്നതിനു തലേദിവസം രാത്രി, ഭാര്യ പെട്ടി അടുക്കുന്ന തിരക്കിൽ, മക്കൾ എല്ലാവരും കട്ടിലിൽ ഇങ്ങനെ ചെറിയ സങ്കടത്തോടെ ഇരിക്കുന്നു. 

കിടന്നോ മക്കളെ, നാളെ എല്ലാവരും കൂടെ എന്തായാലും കൊണ്ട് വിടാൻ എയർപോർട്ടിൽ വരുന്നുണ്ടല്ലോ, ഇനി ഉറക്കിളക്കണ്ട എന്ന് ഞാൻ.

പെട്ടെന്നാണ് വിങ്ങിപ്പൊട്ടി കുഞ്ചു കരഞ്ഞത്, സങ്കടം കാരണം സഹിക്കാൻ വയ്യാത്ത ഒരു കരച്ചിൽ. നെഞ്ചോട് ചേർത്ത് അവനെ പിടിച്ചപ്പോൾ മനസ്സിലായി, ഏങ്ങലടി കാരണം ശ്വാസം പോലും കിട്ടാതെ കരയുന്ന അവന്റെ വേദനയുടെ തീവ്രത. എന്റെ ചങ്കു പൊടിഞ്ഞു. ആദ്യം കുഞ്ചു കരയുന്നതു കണ്ടു  കരയാൻ തുടങ്ങിയ തുമ്പി പോലും എന്താണെന്നു മനസിലാകാതെ നോക്കി നിന്നു. അവനെ വാരിപുണർന്ന് ഞാൻ നടന്നു, സങ്കടപ്പെടേണ്ട, ചാച്ച ഉടനെ വരും എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു, എന്റെ മാറിലെ ചെറുചൂടിൽ അവന്റെ വിതുമ്പലുകൾ കുറഞ്ഞു, പതുക്കെ എല്ലാവരും ഉറങ്ങി. ക്ലാരയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ ഞാനും ഭാര്യയും അവരുടെ ഇടയിൽ എവിടെയോ കിടന്ന് ഉറങ്ങി.

പിറ്റേന്ന് എയർപോർട്ടിൽ എല്ലാവരും വന്നു. മൂത്ത രണ്ടു മക്കൾ പെട്ടിയൊക്കെ എടുത്തു പൊക്കി ഉന്തുവണ്ടിയിൽ വെച്ച് തന്നു. എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു. ആറുപേരും കരഞ്ഞു, പൊട്ടിയും ഏങ്ങലടിച്ചും വിതുമ്പിയും ഒക്കെ വ്യത്യസ്‍ത ഭാവങ്ങളിൽ. 

എന്തോ എനിക്ക് കരച്ചിൽ വന്നില്ല, പകരം സന്തോഷമാണ് തോന്നിയത്.  എന്നെ വല്ലാതെ സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുണ്ടെന്നുള്ള ഒരു തിരിച്ചറിവ് പകർന്നു തന്ന ഒരുതരം ക്രൂരമായ സന്തോഷം. 





Read more...

രണ്ടാമൻ

>> Sunday, June 9, 2024

രണ്ടാമൻ

രണ്ടാമന്റെ കൂടെയായിരുന്നു എന്റെ ജീവിതം, കഴിഞ്ഞ രണ്ടുമാസം. കാര്യം ദൈവവിശ്വാസി അല്ലെങ്കിലും സഭ പറഞ്ഞതിൽ പിള്ളേരെ ഉണ്ടാക്കുന്ന കാര്യം ( വികാര ജീവി ആയതുകൊണ്ട് അല്ല എന്ന് വ്യംഗ്യം) നന്നായി കേട്ടിരുന്നതുകൊണ്ടു കുന്തിയുടെയും പാണ്ഡുവിന്റെയും കണക്കു മക്കൾ അഞ്ചായിപ്പോയി, (അഞ്ചാമത്തേതു സഹദേവന് പകരം ദേവിയായിപ്പോയി എന്ന് മാത്രം).  അതിലെ രണ്ടാമൻ ഭീമന്റെ കൂടെ കുറച്ചുനാൾ, എന്നിട്ടു അവനെ കൊത്തി പിരിച്ചു ജീവിതത്തിൽ സ്വതന്ത്രൻ ആക്കിവിടാൻ ഉള്ള ഒരു പരിശ്രമം. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

മൂത്തവനെ കഴിഞ്ഞവർഷം കൊത്തി പിരിച്ചു വിട്ടതുപോലെ ഈ വർഷം പത്താം ക്‌ളാസുകഴിഞ്ഞപ്പോൾ ഇവനെയും കൊണ്ടുവന്നതാണ്. കഴിഞ്ഞ പ്രാവശ്യം വന്നവൻ പിരിയാതെ കൂടുതൽ ചേർന്നു നിൽക്കുന്നതുകൊണ്ടു ഈ പ്രാവശ്യം അമ്പാനെ സൂക്ഷിക്കണ്ടേ എന്നായിരുന്നു ചിന്ത. അന്നത്തെ വികാരക്കുത്തൊഴുക്കിൽ എയർപോർട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിയതിന് ഫൈൻ കിട്ടിയിരുന്നു. രണ്ടാമൻ ആണെങ്കിൽ  എന്നെ കൂടുതൽ ഇഷ്ടമുണ്ടെന്നു പരസ്യമായി പറഞ്ഞു നടക്കുന്നവനും, അതിനാൽ തന്നെ മനസ്സ് കരിങ്കല്ലിനെക്കാൾ ബലമുള്ളതാക്കാൻ പരിശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആകശദൂത് സിനിമ കണ്ടു കരയാതിരിക്കുക, ചേതൻ ശർമ്മക്കിട്ട് മിയാൻദാദ് അടിച്ച സിക്സർ കണ്ടു ടെൻഷൻ മാറ്റുക, റോബർട്ടോ ബാജിയോയുടെ പെനാൽറ്റി  സങ്കടപ്പെടാതിരിക്കുക എന്നൊക്കെയുള്ള ചലഞ്ച് പല പ്രാവശ്യം നോക്കി ഞാൻ. മനസ് കട്ടിയാക്കണം. പക്ഷെ പരാജയം വിജയത്തിന്റെ ചവുട്ടി പടിയാണ് എന്നൊക്കെ കേട്ട് ഈ പടികയറ്റം തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് മാത്രം.


കാര്യം ഒരു വികാരജീവി ആണെങ്കിലും,  ജീവിതത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, ഒരു പ്രത്യേക രീതിയിൽ ഉള്ള പ്ലാനുകളും ചിന്തകളും ഉള്ളയാളായിരുന്നു ഞാൻ. പിള്ളേരെ കാട്ടിൽ കൊണ്ടുപോയി വേട്ടയാടാനും പ്രകൃതിയുമായി ഇടകലർന്നു വളരണം, പറ്റുമെങ്കിൽ രാജുവിനെയും രാധയെയും പോലെ ഒരു കപീഷുമായി അവർക്കു ചങ്ങാത്തം ഉണ്ടാക്കണം എന്നൊക്കെയുള്ള വൈൽഡ് സ്വപ്ങ്ങൾ ഒക്കെ മാറ്റിവെച്ചു എങ്കിലും, കുറഞ്ഞപക്ഷം പിള്ളേരെ ഇന്നത്തെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിപ്പിക്കാതെ എന്റെ ഉയർന്ന ചിന്താഗതിയും മൂല്യങ്ങളുള്ള (3G യ എന്നും പറയാം) ജീവിതവും പഠിപ്പിക്കണം എന്നായിരുന്നു ലക്ഷ്യം. കാര്യം ചക്കിക്കൊത്ത ചങ്കരൻ അല്ലെങ്കിൽ  ഈനാംപേച്ചിക്ക് മരപ്പട്ടി എന്നപോലെ ചേരുന്ന ഒരു ഭാര്യയെ കിട്ടിയെങ്കിലും സാമ്പത്തികവും കരീർ വൈസും ആയി നേരത്തെ പറഞ്ഞ ചവുട്ടുപടികൾ ഇങ്ങനെ കയറിക്കൊണ്ടേ ഇരുന്നുകൊണ്ട് അവർ സ്‌കൂളിൽ തന്നെ പോയി പഠിച്ചു.



എന്നാലും ഭ്രാന്തൻ ചിന്തകൾ ജന്മനാ ഉള്ള വൈകല്യം ആയതുകൊണ്ട് എന്തിനെങ്കിലും വേണ്ടി സാമ്പാർ ഇങ്ങനെ തിളക്കും. അങ്ങനെയാണ് പത്താം ക്ലാസിനു ശേഷം പിള്ളേർക്കൊരു കൊത്തിപ്പിരിക്കൽ പ്ലാൻ ഉണ്ടായത്.  തനിയെ ദുബായിക്ക് യാത്ര ചെയ്യുക, തിരിച്ചു തനിയെ പോകുക, വിടപറയലിന്റെ വേദന അറിയുക, അതൊക്കെ അനുഭവിക്കാനും തരണം ചെയ്യുവാനും ഉള്ള മനക്കട്ടി ഉണ്ടാക്കുക എന്നൊക്കെയുള്ളതായിരുന്നു ഞങ്ങളുടെ പ്ലാൻ. കൂട്ടത്തിൽ വളരെ സെൽഫിഷ് ആയിട്ടുള്ള ഒരു കാര്യവും. പ്ലസ് ടു കഴിഞ്ഞാൽ പിന്നെ അവരൊക്കെ അവരുടെ ജീവിതവും, കൂട്ടുകാരും ഒക്കെയായി മുന്നോട്ടു പോകും. അതിനിടക്ക് കുറച്ചു നാൾ അവരെ എന്റെ കൂടെ നിർത്തി, ഒന്നിച്ചു ഉണ്ടും ഉറങ്ങിയും ജീവിതത്തിൽ അവരുടെ കൂടെ മറ്റാരുടെയും സാമീപ്യം ഇല്ലാതെ,  അവസാനമായിട്ടുള്ള ഒരു സമയം ചിലവഴിക്കുക എന്ന സ്വാർത്ഥ ചിന്തയും അതിലുണ്ട്. 

മൂത്തവൻ അവന്റെ ഫീലിങ്ങ്സ് അധികം പ്രകടിപ്പിക്കാത്തവനും കൊത്തിപ്പിരിക്കാതെ തന്നെ പോകാൻ സാധ്യത ഉള്ളവനും ആണെന്ന് തോന്നിയതുകൊണ്ട്, എന്റെ അവന്റെ കൂടെയുണ്ടായിരുന്ന ഒരു മാസം അവസാനത്തെ സമയമെന്നു കരുതി അങ്ങ് സ്നേഹിച്ചു. എനിക്ക് വളരെയധികം തിരക്കും ടെൻഷനും ഉള്ള സമയം ആയിട്ടും അവൻ എന്നെ ഒട്ടി നിന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും വളരെയധികം വിലപ്പെട്ട ഒരു സമയം തരുകയും ചെയ്തു. ഇന്നിപ്പോൾ പിരിയുന്നതിനു പകരം അവൻ  കൂടുതൽ ഒട്ടി നിൽക്കുന്നപോലെ തോന്നുകയും ചെയ്യുന്നു.

രണ്ടാമൻ, അവൻ പ്രകടമായി തന്നെ എന്നെ കൂടുതൽ സ്നേഹിക്കുകയും എന്നോട് ആ സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഞാൻ ശ്രദ്ധാലുവായിരുന്നു. അവനെ പിരിച്ചു വിടുന്നതിനു പകരം കൊണ്ടുപോയി വിടാം, പിരിക്കൽ ഒക്കെ പിന്നെ നടത്താം എന്ന് ഒരു സമയത്തു വിചാരിക്കുകയും ചെയ്തു.എന്നാൽ സാഹചര്യങ്ങൾ മൂലം അവനെ തനിയെ വിടേണ്ടി വന്നു. ഒരു വികാരജീവി ആയിരിക്കും അവനെന്നു കരുതി മനപ്പൂർവ്വവും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അവനെ ഒട്ടും വികാരപ്രകടനകൾ ഇല്ലാതെ എല്ലാം ഉള്ളിലൊതുക്കി തിരിച്ചയച്ചു. 

ചാച്ചക്കു ഏറ്റവും സ്നേഹമുണ്ടെന്നു അവൻ കരുതിയ അവനെ വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞയച്ചപ്പോൾ അവന്റെ കുഞ്ഞു മനസ് തേങ്ങിക്കാണും. കുറെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും അല്ലാതെ വലിയ കാര്യമായി അവനെ സ്നേഹിച്ചു കൊല്ലാൻ എനിക്ക് പറ്റിയില്ല, ചെയ്യാൻ പാടില്ല എന്ന നിർബന്ധം ആയിരുന്നു മനസ്സിൽ. ഇമോഷണൽ സ്ട്രെസ് കൊടുക്കാൻ പാടില്ല എന്ന നിർബന്ധം.

അപ്പനാണത്രെ അപ്പൻ, ഒന്ന് കരയുവെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ദുഷ്ടന് എന്ന് കരുതി വേദനിച്ചു കാണും എന്റെ മോൻ. 

ഒരു പക്ഷെ മൂത്തവനെക്കാളും നന്നായി കൊത്തിപ്പിരിക്കൽ നടന്നത്  ഇവന്റെ കാര്യത്തിൽ ആയിരിക്കും. അവന് എന്നോടുള്ള ബന്ധം ഒരു പക്ഷെ ഇനി പിരിഞ്ഞുപോകാൻ എളുപ്പമായിരിക്കും. പക്ഷെ എന്നെ അത് ഭീകരമായി വേദനിപ്പിക്കുന്നു. എല്ലാ മക്കളെയും തുല്യ സ്നേഹമെന്നു നമ്മൾ കരുതും, പക്ഷെ നമ്മളോട് കൂടുതൽ സ്നേഹം കാണിക്കുന്നവരോട് കുറച്ചു തിരിച്ചു വിത്യാസം ഉണ്ടാവുകയും ചെയ്യും. 

തുലാവർഷ സന്ധ്യയിൽ ഇരുൾ മൂടി പെയ്യാതെ കെട്ടി നിന്ന മാനം പോലെ മനസ്സും, വെള്ളിടിയിൽ കിടുങ്ങുന്നപോലെ പതറിനിന്ന ഹൃദയവുമായി, അവൻ എന്റെ കൺമുമ്പിൽ നിന്നും മറയുന്നവരെ എന്റെ  മഴ പെയ്യരുതേ എന്ന പ്രാർത്ഥനയുമായി അവനെ യാത്രയാക്കി ഞാൻ. 

ഒരു കുഞ്ഞു മുള്ളാണി എൻഹൃദയം കീറുമ്പോളും   
ഒരു തുള്ളിനീർ  പോലും കൺപീലിയിൽ വീഴാതെ 
എൻ കുഞ്ഞു പോകുമ്പോൾ യാത്രാമൊഴി ചൊല്ലുമ്പോൾ 
കരയാതെ കരഞ്ഞു ഞാൻ പറയാതെ പറഞ്ഞു ഞാൻ 

എനിക്കിഷ്ടമാണ് കുഞ്ഞേ നിന്നെ.....


ഇന്നിപ്പോൾ ഹൃദയം നുറുങ്ങുന്ന വിഷമാവസ്ഥയിൽ ആണ്, എന്റെ സ്നേഹം പുറത്തൊഴുക്കാതെ  എന്തിനു ഞാൻ അണ കെട്ടി നിറുത്തി? മകനെ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. ഒരിക്കൽ കൂടി നമുക്ക് രണ്ടും തനിയെ ജീവിക്കണം, ഒരിക്കൽക്കൂടി നിന്റെ വിരലുകൾ കൊണ്ട് എന്റെ നെഞ്ചത്ത് പരതുന്നത്, ഒരു ദിവസമെങ്കിലും.  എനിക്ക് നിന്നെ കൊതിതീരെ സ്നേഹിക്കണം ......


അങ്ങനെ ഒരു രണ്ടാമൂഴത്തിനായി കാത്തുകൊണ്ട്......





നീയെന്റെ അരികിൽ, ഒരു  പൊന്നോമനയായി 
ഇനിയെന്ന് വരുമെന്റെ മകനെ
നിൻ നെഞ്ചിൻ ഇടിപ്പ് , നിന്റെയാ ചൂട് 
ഇനിയെന്ന് പകരുമെൻ മകനെ 

നിന്റെയാ ചിരികൾ, കിലുകിൽ പമ്പരമായ് 
എന്നുമെൻ ഉള്ളിൽ നിറഞ്ഞിരിക്കും 
എന്നും നിൻ അരികിൽ ഒരു കാവലായി 
ഏതുലോകത്തെങ്കിലും ഞാനുണ്ടാകും 















Read more...

നിറം

>> Friday, March 22, 2024

കറുപ്പിനാണോ വെളുപ്പിനാണോ അതോ ഇനി നീല പച്ച ചുവപ്പ് ഇതിലെതിനാണ് സൗന്ദര്യം എന്നുള്ളതൊക്കെ ആപേക്ഷികം ആയിരിക്കാം. ഒരു വെളുത്ത സുന്ദരി, പെറ്റ തള്ള പോലും സഹിക്കുന്ന ഒരാൾ, സമൂഹത്തിൽ പ്രസിദ്ധനായ മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചു പറഞ്ഞതിന് ശേഷം വന്നിരുന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു. 

ആ സ്ത്രീക്ക് ചാലക്കുടിയിൽ ഉള്ള കറുത്ത നിറമുള്ള വേറൊരു നൃത്താദ്ധ്യാപകന്റെ പേരോ ചിത്രമോ ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ ഇരുന്നുള്ള ആ മെഴുകൽ ചിലപ്പോൾ കുറഞ്ഞേനേ. എത്ര അപഹാസ്യമാണ് അവരുടെ വാചകങ്ങളും ചേഷ്ടകളും. ഇനി അതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുമോ ആവോ?

പ്രമുഖ മനഃശാസ്ത്രജ്ഞൻ ശ്രീ വാഴക്കാവരയൻ അതിനെക്കുറിച്ചു ഇങ്ങനെ അഭിപ്രായപ്പെട്ടു. 

ഒരു പ്രായം കഴിയുമ്പോൾ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഒരു 35 വയസ്സുമുതൽ 45 വയസ്സുവരെ ആണ് സാധാരണ ഒരാളുടെ ഏറ്റവും നല്ല പ്രായം. അവരുടെ കഴിവുകൾ അവരുടെ തന്നെ എക്സ്പെരിയെൻസും ആയി ഇഴകിച്ചേർന്ന് അവരുടെ പെർഫോമൻസിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും അതിനിടയിൽ ( ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ).

ആ പ്രായം കടന്നതിനു ശേഷം ഉള്ളവരുടെ പെരുമാറ്റത്തിൽ പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സ്വയം പുകഴ്ത്തലും മറ്റുള്ളവരെ കുറ്റം പറച്ചിലും. ഏതോ ഒരു നൃത്തദ്ധ്യാപിക ഒരിക്കൽ ഇങ്ങനെ മറ്റൊരാളെ കളിയാക്കിയിരുന്നു, അവരുടെ പ്രശ്‍നം ഒന്ന്പഠിച്ചു  നോക്കിയപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസിലായത്.

ആയ കാലത്തു ലാസ്യ ഭംഗിയും സൗന്ദര്യവും കൈമുതലായി ഉള്ള സമയത്തു ആളുകൾ അവരുടെ പുറകെ മണത്തു നടന്നിരുന്നു. അതവരെ ഉന്മാദാവസ്ഥയിൽ എത്തിച്ചിരുന്നു. കാലം മാറി കോലം മാറിയപ്പോൾ മറ്റുള്ളവരുടെ മണപ്പിക്കൽ കുറഞ്ഞപ്പോൾ മാനസികമായി സമ്മർദ്ദം ഉണ്ടാകുകയും, തദ്വാരാ മറ്റുള്ളവരെ പുലഭ്യം പറയുന്നത് അവർക്കൊരു ആശ്വാസം ആകുകയും ചെയ്തു. അവരുടെ ഉള്ളിൽ തുളുമ്പിവന്നിരുന്ന അസൂയ കുശുമ്പ് വെറുപ്പ് അപകർഷതാബോധം ഇതൊക്കെ രൂപമാറ്റം സംഭവിച്ചു പുറത്തേക്ക് ദുർഗന്ധം വമിപ്പിച്ചു വന്നുകൊണ്ടേയിരുന്നു. പൊതിഞ്ഞു വെച്ചിരിക്കുന്ന മാലിന്യത്തിന്റെ മൂടി തുറക്കുമ്പോളത്തെ ഒരു വിഷവാതകത്തിന്റെ പരക്കൽ ആയി ഇതിനെ കണ്ടാൽ മതി. 

ഇത് ആ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായം ആണ്, പഠിപ്പും വിവരവും ഒക്കെ ഉള്ളവരല്ലേ, ചിലപ്പോൾ നേരായിരിക്കും. 

ചുറ്റും നോക്കിയപ്പോൾ എനിക്കും അതിന്റെ ലാഞ്ചന കാണിക്കുന്ന പലരെയും കാണുവാൻ സാധിച്ചു. ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ തിരിച്ചറിവ് ഉണ്ടായത്, ദൈവമേ എനിക്കും 45 കഴിഞ്ഞിട്ട് ഇത്തിരി വർഷം കഴിഞ്ഞല്ലോ..... പക്ഷെ ബുദ്ധിയും ശരീരവും പതുക്കെ വളർന്ന ഒരാളെന്ന സ്ഥിതിക്ക് കുറച്ചു കൂടെ കിട്ടുവോ ആവോ....

Read more...

ആത്മവിശ്വാസം

>> Sunday, March 10, 2024

 ആത്മവിശ്വാസം 



ശാന്തസുന്ദരമായ അലാം അടികേട്ട്  പെലകാലേ നേരത്തെ എണീറ്റു. ഇന്ന് സന്തോഷവും സമാധാനവും വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഒരു 5 മിനിറ്റ് ധ്യാനത്തിൽ ഇരുന്നു. ഭാര്യയെ വീഡിയോ കോൾ ചെയ്തു പിള്ളേരും ഒക്കെയായി കുശലം പറഞ്ഞു, കൊഞ്ചിച്ചു മൊത്തത്തിൽ കളം ഈസിയാക്കി. ചൂടുവെള്ളത്തിൽ കുളിച്ചു കുട്ടപ്പനായി, സുന്ദരനായി, സുമുഖനായി അങ്ങോട്ട് ഒരുങ്ങി.

ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട്. സുപ്രധാന മീറ്റിങ്ങുകൾ ഉള്ള സമയത്തു നല്ല ഡ്രസ്സ് എടുത്തു വെച്ച്, നന്നായി ഒരുങ്ങി ഒക്കെ പോകുകയാണെങ്കിൽ നമ്മുടെ സ്വതസിദ്ധമായ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കുറച്ചൊക്കെ മാറിക്കിട്ടും. ഈ ഡീൽ സെറ്റ് ആക്കിയിട്ടു വേണം രണ്ടു മാസത്തെ ശമ്പള കുടിശിക ജീവനക്കാർക്ക് കൊടുക്കാൻ. ബുർജ് ഖലീഫയുടെ ചോട്ടിൽ ഓഫിസ്, നല്ല ചിക്കിലി ഉള്ള കമ്പനി, ചിട്ടി കമ്പനിക്കാർ പറയുന്നപോലെ ചേർന്ന് കിടന്നാൽ രണ്ടുകൂട്ടർക്കും നല്ലതാണെങ്കിലും നമുക്ക് ഇത്തിരി സുഖം കൂടും. പോരാത്തതിന് നമ്മളോട് ഡീൽ ചെയ്യുന്നത് ഒരു തരുണീമണിയും. 

കുളിച്ചതിനു ശേഷം വന്നു മുടിയിലും മേശയിലും താടിയിലും ലേശം ഡെക്കറേഷൻ, സാധാരണ നന്നായി ഒന്ന് ഡെക്കറേറ്റ് ചെയ്‌താൽ ക്ളീൻ ഷേവ് അടിക്കേണ്ടി വരുന്നതാണ്, എന്തോ എല്ലാം ശരിയായി. അലമാരി തുറന്ന് ഇന്ന് വരെ എടുക്കാതെ വെച്ചിരുന്ന പുതുമണം ഉള്ള ബനിയൻ, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വാങ്ങിയ മകന്റെ റെക്കമെന്റേഷനിൽ  ഉള്ള ഏതോ വിലകൂടിയ മറ്റിരിയലിൽ ഉള്ള അണ്ടർവെയർ (300 നു പകരം 900 കൊടുക്കേണ്ടി വന്നു, പക്ഷെ ഇടാൻ ഒരു സുഖം ഒക്കെയുണ്ട്), വീടിനു താഴെയുള്ള ബംഗാളി തേച്ചു വെടുപ്പാക്കിയ ഷർട്ട്, നാല് കിലോ കുറഞ്ഞതിന്റെ പേരിൽ മാത്രം പൃഷ്ഠവും തുടയും കയറാൻ സമ്മതിച്ച പാന്റ് ഇതെല്ലാം വലിച്ചു കയറ്റി ഒന്ന് നിവർന്നു നിന്നു.    

രാവിലെ രണ്ടു മൊട്ട ബുൾസൈ, ഒരു ഏത്തക്ക പുഴുങ്ങിയത്, ഒരു ഗ്ലാസ് പാല്. പ്രാതൽ പോഷകസമൃദ്ധം, ആരോഗ്യദായകം.

രാവിലെ പതിവില്ലാതെ എല്ലാം ശരിയായി സ്മൂത്തായി വരുന്നു. ഒരു തുണിയെടുത്തു പൊടിപിടിച്ച ക്ളാർക്സ് ഷൂവിന്റെ പേര് തെളിഞ്ഞുവരുന്നപോലെ തുടച്ചു, ഡിയോറിന്റെ പിശുക്കി ഉപയോഗിക്കുന്ന പെർഫ്യൂം എടുത്തു മീശയുടെയും താടിയുടെയും ഇടക്ക് ഒരു തുള്ളി തേച്ചു, മൊത്തത്തിൽ ബിന്ദു പണിക്കർ പറയുന്നപോലെ ഒരു മറ്റേ ലുക്കിൽ അങ്ങിറങ്ങി.

ഗൂഗിൾ മാപ് നോക്കി, ട്രാഫിക് ഇല്ല. ഇപ്പോൾ ഇറങ്ങിയാൽ പതിനഞ്ചു മിനിട്ടു മുമ്പ് എവിടെയെത്താം, മാനസികമായി തയാറെടുത്തു തരുണീമണിയെ കാണാം, കച്ചവടം കൈക്കലാക്കാം.

ലിഫ്റ്റിൽ കയറിയപ്പോൾ ആ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്തൊരു തേജസ് ആൻഡ്  ഓജസ്. നേരത്തെ ആയ സുന്ദരന്റെയും സുമുഖന്റെയും കൂടെ സുശീലനും സരസനും കൂടി  ആയാൽ ഇന്ന് ഞാൻ പൊളിക്കും. 

 ഉന്മേഷത്തോടെ സുസ്‌മേരവദനൻ ആയി ഞാൻ ചെന്ന് വണ്ടി തുറന്നു. മരുഭൂമിയിൽ പോകുന്നതിനായി  ഫുട്‍സ്റ്റെപ് ഒക്കെ എടുത്തു ദൂരെക്കളഞ്ഞിരുന്നതു കൊണ്ട് കയറാൻ ഇത്തിരി പ്രയാസം ഉണ്ട്. ഡോർ  തുറന്നു വണ്ടിയിലേക്ക് ചാടിക്കയറി.

എന്തോ ഒരു സ്വരം കേട്ടു, സീറ്റിലിരുന്ന ഞാൻ ഒന്ന് കുനിഞ്ഞു നോക്കിയതോടെ എന്റെ സകല ഊർജവും ഒഴുകി പോയി. പാന്റിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം കീറിപോയിരിക്കുന്നു. മകന്റെ ഉപദേശത്തിൽ വാങ്ങിയ വിലകൂടിയ ഫ്ലൂറസെന്റ് കളറിലുള്ള സാധനം സ്വിമ്മിങ് പൂളിലെ വെള്ളം ഓളംതല്ലുന്നപോലെ തെളിഞ്ഞു കാണുന്നു. 

ചാടിയിറങ്ങി ഓടിച്ചെന്നു പാന്റുമാറി വല്ല ജീൻസും ഇട്ടു വരാം എന്ന് കരുതി ഇറങ്ങിയപ്പോൾ കണ്ടു, വണ്ടിയുടെ ഒരു ടയറും പഞ്ചർ.





 




 

Read more...

ക്രിസ്തുമസ് കരോൾ

>> Friday, December 29, 2023

ഡിസംബർ മാസം ആകെ കൂടെ മനസ്സിൽ ഒരു കുളിരുള്ള, മഞ്ഞും നക്ഷത്രങ്ങളും പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും കൂടെ എന്റെ പിറന്നാളും ഒക്കെയുള്ള ഒരു സുഖമുള്ള സമയമാണ്. ഈ വയസാംകാലത്തു ഇതൊന്നും വലിയ കാര്യമല്ലെങ്കിലും പഴയ ഓർമ്മകളിലെ ഒത്തിരി സുഖമുള്ള ഒരു കൊച്ചോർമ്മ.


ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന, എല്ലിന്റെ മണ്ടേൽ കുറച്ചു ഞരമ്പുകൾ തെളിഞ്ഞുവരാൻ തുടങ്ങിയ, മസിലും മീശയും വേണമെന്ന് കൊതിക്കുന്ന, കാണുന്ന സുന്ദരിമാരെ ഒക്കെ പ്രേമിക്കണം എന്നൊക്കെ തോന്നുന്ന ഒരു തീ പിടിച്ച കാലം.

 ഡിസംബർ ആയി, അമ്മാവനോട് സ്ഥിരം കൊണ്ടുവരുന്ന 5 കാലുള്ള നക്ഷത്രം അല്ലാതെ പത്തു പന്ത്രണ്ട് കാലുള്ള പുതിയ ടൈപ്പ് കൊണ്ടുവരാമോ എന്ന് ചോദിച്ചെങ്കിലും ഏറ്റില്ല. പക്ഷെ പുള്ളി ഈ പ്രാവശ്യം രണ്ടെണ്ണം കൊണ്ടുവന്നു, സ്ഥിരം ഉള്ള ചൊമലയും പിന്നെ ഒരു വെള്ളയും. എന്നിട്ടു രാത്രിക്ക് ഒരു കുഞ്ഞു ബൾബ് വയറിൽ സെറ്റുചെയ്‌തു രണ്ടു നക്ഷത്രവും കെടും ഓഫാകും സ്റ്റൈലിൽ ഫിറ്റു ചെയ്തു.  ആ കുഞ്ഞു ബൾബാണത്രെ വലിയ രണ്ടെണ്ണത്തിനെ മിന്നിക്കുന്നത്. എന്തായാലും അവസാനം എന്റെ അപേക്ഷ മാനിച്ചു പിറ്റേ ദിവസം ഒരു കുഞ്ഞു നക്ഷത്രം ആ കുഞ്ഞു ബൾബിനും ഇട്ടു, ഞാൻ ഹാപ്പിയായി.

അങ്ങനെ പൈകപെരുന്നാൾ കഴിഞ്ഞു, ഇനി ക്രിസ്തുമസിന്റെ ആഘോഷങ്ങൾ. എന്തായാലും ഈ പ്രാവശ്യം കരോൾ പരിപാടിക്ക് രാത്രിയിൽ പോകാൻ വീട്ടിൽ നിന്നും പെർമിഷൻ കിട്ടി, പക്ഷെ 23 നും 24 നും മാത്രം.

അങ്ങനെ 23 ആം തീയതി നാലുമണിക്ക് വീട്ടിൽ നിന്നും സുന്ദരാനാകാൻ ഉള്ള ശ്രമവും ആയി തോട്ടിലേക്കിറങ്ങി. തലയിൽ എണ്ണയും തേച്ചു കാലു വെള്ളത്തിൽ ഇട്ടു കുറച്ചു നേരം ഇരുന്നു. കല്ലേമുട്ടിയും വാഴക്കാവരയനും വന്നു കുതിർന്ന കാലിലെ ഇളകിയ കോശങ്ങൾ കൊറിച്ചു തിന്നു. 

റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുന്ന സ്വരം കേട്ടു, ഒച്ച കേട്ടിട്ട് മണ്ണടിശ്ശാല ആണെന്ന് തോന്നുന്നു. kms ആണ് ഞങ്ങടെ നാട്ടിൽ എല്ലാ ബസുകളും, പിന്നെ പേരിനു കുറച്ചു മണക്കടവ്, തിരോന്തോരം, വഴിക്കടവ് ട്രാൻസ്‌പോർട് ബസുകളും. എല്ലാ kms ബസിന്റെയും നിറവും രൂപവും ഏകദേശം ഒരുപോലെ ആണെങ്കിലും അതിൽ ഒരു പ്രത്യേകത ഉള്ള ബസ് ആയിരുന്നു മണ്ണടിശ്ശാല ബസ്. അതിന്റെ ഗ്രില്ലിന്റെ രൂപം ഒരു പൂമ്പാറ്റയുടെ പോലെ ആയിരുന്നു. 

കാല് വെള്ളത്തിൽ ഇട്ടുകൊണ്ട് തന്നെ പതുക്കെ പാറപ്പുറത്തു മലർന്നു കിടന്നു. മീനുകൾ കാലിന്റെ മുട്ടുവരെ ഇക്കിളി ആക്കികൊണ്ടിരുന്നു. മണ്ണടിശാല ബസിന്റെ പൂമ്പാറ്റ ഗ്രില്ലിനു പകരം ഒരു സുന്ദരി പെണ്ണിന്റെ ചുണ്ടിന്റെ ഷേപ്പിൽ ഗ്രില്ലുവെച്ച ഒരു ബസ്, അതായിരുന്നു എന്റെ സ്വപ്നം. അന്നത്തെ ഒരു കോമിക് കഥാപാത്രം ആയിരുന്ന മക്കു എന്ന കാറിന്റെ പോലെ സന്തോഷം വരുമ്പോൾ ചിരിച്ചും ദേഷ്യം വരുമ്പോൾ കിറി കോട്ടിയും ഒക്കെ മാറ്റാവുന്ന ഗ്രില്ലുള്ള ഒരു ബസ്. നമ്മുടെ ബൊച്ചേ ഒക്കെ സ്വപ്നം കാണുന്നതിന് മുമ്പേ മറഡോണയെ കൊണ്ടുവന്ന് തോളിൽ കയ്യിട്ട് പാലായിലൂടെ നടന്ന്, എന്റെ ബസ്സിൽ കയറ്റി, മക്കുവിന്റെ പോലെ ചിരിക്കുന്ന ഗ്രിൽ ഉള്ള ബസ്സിൽ കയറ്റി പൈകയിൽ കൊണ്ടുവരുന്നതും, ഈ തോട്ടിൽ ഇരുത്തി മറഡോണയുടെ കാലിൽ ഈ കുഞ്ഞു മീനുകളെ കൊണ്ട് കടിപ്പിക്കുന്നതും ഒക്കെസ്വപ്നം കണ്ടു കുറച്ചു നേരം ഇരുന്നു. 

അപ്പോളേക്കും തുണി അലക്കാനായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു. പിന്നെ പെട്ടെന്ന് പഴയ നീല പാരഗൺ ചെരുപ്പ് എടുത്തു കല്ലിട്ടുരച്ചു നല്ല കളറുവെപ്പിച്ചു, ഒന്ന് മുങ്ങിപ്പൊങ്ങി  പെരിങ്ങിലത്തിന്റെ ഇലയും പറിച്ചു ദേഹവും തേച്ചു വൃത്തിയായി കരോളിന്‌ പോകാൻ ഇറങ്ങി.

നേരം ഇരുണ്ടു കഴിയുമ്പോളാണ് കരോൾ പരിപാടി ആരംഭിക്കുന്നത് തന്നെ. എനിക്കാണെങ്കിൽ ഇരുട്ടിനെ ഒടുക്കത്തെ പേടിയും. പിന്നെ ഇത്രയും പേരുള്ളതാണ് ഒരാശ്വാസം. ഓരോ വീട്ടിലും കയറാനായി ഉൾപ്രദേശത്തുകൂടി ഒക്കെ പോകുന്ന സമയത്തു ഞാനും നല്ല ഉറക്കെ പാടും, അപ്പോൾ പേടിക്ക് ഒരാശ്വാസം കിട്ടുകയും ചെയ്യും.

പക്ഷെ കരോളിന് പോകുമ്പോളും എനിക്ക് വലിയ രസം ഒന്നുമില്ല, കാരണം പാടാൻ അറിയാവുന്നവർ ഓരോ വീട്ടിലും ചെല്ലുമ്പോൾ നന്നായി പാടും, കൊട്ടാൻ അറിയാവുന്നവർ നന്നായി കൊട്ടും, ഡാൻസ് കളിക്കുന്നവർ ക്രിസ്തുമസ് പാപ്പാ ആയും അല്ലാതെയും തുള്ളും. എനിക്കാണെങ്കിൽ സ്വപ്നം കാണാൻ അല്ലാതെ ഇതിലൊന്നിലും ഒരു കഴിവും ഇല്ല. എന്റെ കൂട്ടുകാരായ ജോണിയും സാജനും പ്രിൻസും ഒക്കെ ഒടുക്കത്തെ കലാകാരന്മാരും. പക്ഷെ എനിക്ക് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഡ്യൂട്ടി കിട്ടി. എല്ലാ വീട്ടിലും കയറി ഒരു പാട്ടും ഡാൻസും കഴിഞ്ഞു നേർച്ച ഇട്ടിട്ട് ഉണ്ണീശോയെ മുത്തുന്ന ഒരു പരിപാടി ഉണ്ട് കരോളിന്‌. എന്നെക്കൊണ്ട് വേറെ ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് ആ പണി കിട്ടി. അപ്പോളാണ് നമ്മുടെ ജോണിയുടെ ഹൃദയത്തിന്റെ കല്പടവുകളിൽ എവിടെയോ കാലിട്ടുരച്ച ഒരു സുന്ദരിയുടെ വീട്ടിൽ നമ്മൾ കയറാൻ പോകുന്നത്. ജോണി എന്റെ അടുത്ത് വന്നു പതുക്കെ ചോദിച്ചു, "എടാ, എന്റെ സീനയുടെ വീടാണ്, ഉണ്ണീശോയെ ഞാൻ പിടിച്ചോട്ടെ?"

"ഇതുകൂടി പിടിക്കാൻ ഇല്ലേൽ പിന്നെ ഞാൻ എന്ന കാണാൻ ആണ് ഈ പരിപാടിക്ക് വരുന്നത്? നിനക്കൊക്കെ പാടാനും ആടാനും അറിയാമല്ലോ." പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ഒരു ജാട വെച്ചു.  പക്ഷെ അവൻ ആ സമയത്തു എന്റെ മർമ്മത്തു തന്നെ ഒരു കുത്തു തന്നു. "എടാ, നാളെയാണ് നമ്മൾ ജാൻസിയുടെ വീട്ടിൽ ഒക്കെ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്ത് വിലകൊടുത്തും നിന്നെ കൊണ്ട് ഉണ്ണീശോയെ ഞാൻ പിടിപ്പിച്ചോളാം." അത് എന്റെ മനസ്സിൽ ഒരു കുഞ്ഞു കുളിരു പെയ്യിച്ചു. ഞാൻ ഉള്ളുനിറഞ്ഞ സന്തോഷത്തോടെ ഉണ്ണീശോക്ക് ഒരു ഉമ്മയും കൊടുത്തു അവനു കൈമാറി. 

സീനയുടെ വീട്ടിൽ ചെന്നു, അവളുടെ അപ്പനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ വന്ന് ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജോണിയുടെ കണ്ണുകൾ പിന്നെയും അകത്തേക്ക് ആകാംക്ഷയോടെ നീണ്ടു, ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എവിടെ?, ഇളയ മോൾ ഉറങ്ങിപ്പോയി എന്ന് അവളുടെ അപ്പൻ പറഞ്ഞതോടെ ഇളിഭ്യനായി പതുക്കെ ജോണി തിരിച്ചിറങ്ങി. 

ഞാൻ ആശ്വസിപ്പിക്കാൻ ആയി ജോണിയുടെ തോളിൽ കയ്യിട്ടു ഒന്ന് ചെറുതായി ചിരിച്ചു. "പട്ടിത്തെണ്ടി, കളിയാക്കി ചിരിക്കുന്നോടാ" എന്ന് പറഞ്ഞു ജോണി എന്നെ നാല് തെറി, പിന്നെ "നാളെ കോപ്പാണ് നിന്നെ ജാൻസിയുടെ വീട്ടിൽ ചെല്ലാൻ സഹായിക്കുന്നത്" എന്ന് പറഞ്ഞു കലിതുള്ളി നിക്കുവാണ് അവൻ. 

ഒരു അരമണിക്കൂർ കഴിഞ്ഞു നോക്കിയിട്ടും അവന്റെ ചൂട് ആറുന്നില്ല, എനിക്കാണെങ്കിൽ വെറുതെ ഇരുന്ന മനസ്സിൽ അവൻ ആശ തരുകയും ചെയ്തു. അവസാനം അവനെ ഭീഷണിയുടെ വകയിൽ ഒന്ന് പിടിക്കാൻ തീരുമാനിച്ചു.

പണ്ട് നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്തു ഞങ്ങൾ എല്ലാവരും നിക്കാറാണ് ഇടുന്നത്. അന്ന് ഇന്നത്തെ പോലെ സിബ് ഒന്നും ഇല്ല, രണ്ടു ബട്ടൻസ് കാണും അവിടെ. ഇന്റർവെല്ലിനു മുള്ളാൻ പോകുമ്പോൾ അതൊന്നും തുറന്ന് ഒഴിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. ഓടിപോയി നിക്കറിന്റെ സൈഡിൽ കൂടി കൈകേറ്റി സുനാപ്പി എടുത്ത് മുള്ളലാണ് പരിപാടി. എത്രയും പെട്ടെന്ന് ഒഴിച്ചാൽ പിന്നെ എന്തേലും ഇത്തിരി ഓടാനും കളിക്കാനും സമയം കിട്ടും. 

പക്ഷെ ജോണിക്ക് അന്ന് ഒരു പാന്റ് കിട്ടി, സിബൊക്കെ ഉള്ള പാന്റ്. അങ്ങനെ അതിന്റെ വർണനയും ആയി അത് മുമ്പോട്ടും പിറകോട്ടും ഒക്കെ വലിച്ചിട്ട് ഷോ നടത്തുന്ന സമയത്താണ് അത് സംഭവിച്ചത്. സിബിൽ അതുടക്കി. പിന്നെ അന്ന് വൈകുന്ന വരെ വേദന സഹിച്ചു ജോണി ക്‌ളാസിൽ ഇരുന്നു. ഞാനും രാജുമോൻ TT യും മാത്രമാണ് അതറിഞ്ഞത്. അവൻ വാങ്ങി തരാമെന്നു പറഞ്ഞ പ്യാരി  മുട്ടായിയുടെ ഓഫാറിൽ ഞങ്ങൾ രണ്ടും അത് ഒരു രഹസ്യമായി ദൃശ്യം സിനിമയിലെ പോലെ സൂക്ഷിച്ചു.

പക്ഷെ ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങിയപോലെ ഇതും തക്ക സമയത്തു പുറത്തെടുക്കാൻ ഞാൻ നിര്ബന്ധിതൻ ആയി. നാലുവർഷം മുമ്പത്തെ കാര്യം പറഞ്ഞു എന്നെ നീ ഭീഷണിപ്പെടുത്തുവാണോ എന്നൊക്കെ ആദ്യം ഒന്ന് ചോദിച്ചെങ്കിലും അവൻ പതുക്കെ വഴങ്ങി. അതുമാത്രമല്ല, രാത്രിക്ക് സ്വന്തം വീട്ടിലോട്ട് പോലും കേറി പോകാൻ പേടിയുള്ള എന്നെ അവൻ വീടിന്റെ പതിനെട്ടാം പടിവരെ കേറ്റിവിടുകയും ചെയ്തു.

അങ്ങനെ 24 ആം തീയതി. കരോളുമായി ഞാൻ ജാൻസിയുടെ വീട്ടിൽ ചെല്ലുന്നതും അവൾ എന്നെ നോക്കുന്നതും ഒക്കെ എന്റെ മനസ്സിനെ ഭീകരമായി ഉന്മത്തനാക്കി. അമ്മയുടെ കാല് പിടിച്ചു പുതിയ ഒരു ചെരുപ്പ് വാങ്ങി. പാരഗൺ വേണ്ടെന്ന് വെച്ച് ഈവാ ഹവായിയുടെ ഒരു കറുത്ത ചെരുപ്പ് വാങ്ങി. ഇഞ്ചയും ചെമ്പരത്തി ഇലയും കൂടി ഇടിച്ചു താളിയുണ്ടാക്കി തോട്ടിൽ ചെന്ന് തലയിൽ തേച്ചു തലയുടെ പുറവും, ഇഞ്ച ഇട്ടുരച്ചു തൊലിയുടെ പുറവും വൃത്തി ആക്കി. 

വൈകുന്നേരം വെള്ളയും ചുവപ്പും ചെക്കിൽ ഉള്ള ഷർട്ടിട്ട്, പശമുക്കി തേച്ച മുണ്ടുടുത്തു വല്യപ്പന്റെ പോൻഡ്‌സ് ഡ്രീം ഫ്‌ളവർ പൗഡറും ഇട്ട്, ഇത്തിരി ഹെയർ ഓയിലും തലയിൽ തേച്ചു സന്ദരനായി ഞാൻ ഇറങ്ങി.

കരോളിന്റെ കൂടെ പല വീടുകൾ കയറിയെങ്കിലും ഞാൻ വളരെ യാന്ത്രികമായി കൂടെ നടന്നുകൊണ്ടേയിരുന്നു. അവസാനം ജാൻസിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിൽ എത്തി. അപ്പോളാണ് ശ്രദ്ധിച്ചത്, ജാൻസിയുടെ വീട്ടിൽ കയറുമ്പോൾ ക്രിസ്തുമസ് പപ്പാ ആകാനും, ചെണ്ടകൊട്ടാനും മുൻ നിരയിൽ ഡാൻസ് കളിക്കാനും, എന്തിനേറെ പറയുന്നു ഉണ്ണീശോയെ പിടിക്കാനും വരെ നല്ല തിരക്ക്. ഞാൻ ജോണിയെ ഒന്ന് നോക്കി.

അവൻ അന്തസ്സുള്ളവൻ ആയിരുന്നു, നേതൃത്വ പാടവവും. ഓരോന്നും ഓരോരുത്തർക്ക് വീതിച്ചു നൽകി, ഉണ്ണീശോയെ എനിക്കും.

സമയം ഏകദേശം പത്തര, അങ്ങനെ അവളുടെ വീട്ടിലേക്ക് പതിയെ കയറുന്നു, ഡ്രംസിന്റെ സ്വരം ഉച്ചസ്ഥായിയിൽ എത്തി, യുവാക്കൾ ആവേശത്താൽ ആറാടുകയാണ്, കാരണം ജാൻസിയും അവളുടെ ചേച്ചിയും നല്ല സുന്ദരിമാർ ആയിരുന്നു. 

ജാൻസിയുടെ അച്ഛൻ തോമസ് ചേട്ടനും അമ്മ ലീലാമ്മ ചേച്ചിയും ചേച്ചി ജൂലിയും ഇറങ്ങി വന്നു. ഒരു പാട്ട് അവിടെ നിന്ന് കൂടെയുള്ള യുവാക്കൾ പാടി ആടി. ഡ്രമ്മിന്റെ മുഴക്കത്തെക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം ഇടിച്ചു, ജാൻസി എവിടെ?

ശാന്ത രാത്രി തിരുരാത്രി എന്ന പാട്ടു കഴിഞ്ഞു,  ജോണിയുടെ വക ഉണ്ണി പിറന്നു എന്ന ലൈൻ ഒന്നൂടെ പാടി നോക്കി. ജാൻസിയെ കാണുന്നില്ല. ജോണിയെപ്പോലെ എനിക്കും ഈ ഗതി ആയല്ലോ എന്ന നിരാശ എന്നെ ബാധിച്ചു. ഞാൻ കുനിഞ്ഞ ശിരസ്സുമായി ഉണ്ണീശോയുമായി വീടിന്റെ നടകൾ കയറി.

അപ്പോൾ അവളുടെ ചേച്ചി ജൂലി ചോദിച്ചു, ഒരു പാട്ടുകൂടെ തുടങ്ങാമോ, ജാൻസി പാതിരാകുർബാനക്ക് പോകാനായി കുളിച്ചോണ്ടിരിയ്ക്കുവാ, ഇപ്പൊ വരും.

ഒരു പാട്ടോ, ഒരുലോഡ് പാട്ടു ജൂലിക്ക് വേണ്ടി പാടാൻ തയ്യാറായി ചേട്ടന്മാരും ജൻസിക്കുവേണ്ടി പാടാനും ആടാനും അനിയന്മാരും ഒരു അംബാസിഡർ കാറിനെ പോലെ സദാ തയ്യാറായി നിൽക്കുവല്ലേ. അടുത്ത പാട്ട് തുടങ്ങി - പുൽക്കുടിലിൽ, കൽത്തൊട്ടിലിൽ, മറിയത്തിന്  പൊൻമകനായ്.....

അവസാനം അവൾ ഓടി വന്നു, ഒരു മിഡിയും ടോപ്പുമിട്ട് മുടിയൊക്കെ പാറിപ്പറന്ന്. ഇത്രയും സുന്ദരിയായി അവളെ കണ്ടിട്ടേ ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പാട്ടും ഡാൻസും എന്തുകൊണ്ടോ അറിയാതെ നിന്ന് പോയി.

നിനക്ക് വേണ്ടി കാത്തുനിന്നതാ ഈ ചേട്ടന്മാർ എന്ന് ജൂലിച്ചേച്ചി പറഞ്ഞതോടെ പാട്ടുകാരും കൊട്ടുകാരും ഡാൻസുകാരും  ഊർജസ്വലരായി യഹൂദിയായിലെ എന്ന ഗാനത്തിലേക്ക് കടക്കുകയും ഞാൻ ഉണ്ണീശോയുമായി സിറ്റൗട്ടിലേക്ക് കയറുകയും ചെയ്തു.

തോമസുചേട്ടനും ലീലാമ്മച്ചേച്ചിയും ജൂലിയും ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജാൻസി എത്തി, എന്റെ മുഖത്തേക്ക് നോക്കി ഒരു നല്ല ചിരി ചിരിച്ചു. എന്നിട്ട് എന്റെ കൈകൾ ചേർത്ത് പിടിച്ചു ഉണ്ണീശോയെ നെഞ്ചോട് ചേർത്ത് ഒരു നല്ല ഉമ്മ കൊടുത്തു. 

ജീവിതത്തിൽ അന്ന് വരെ അനുഭവിക്കാത്ത ഒരു സുഖമുള്ള അനുഭവം, ഉണ്ണീശോക്കല്ല, എനിക്കാണ് അവൾ ആ ഉമ്മ തന്നത് എന്ന് സത്യമായിട്ടും എനിക്ക് തോന്നി. മഞ്ഞിലോ വെണ്ണയിലോ ഒക്കെ തൊടുന്നപോലെയുള്ള മർദ്ദവമായ, കുളിരുള്ള ഒരു ഫീൽ. പിന്നീടെത്ര ക്രിസ്തുമസ്സും കരോളും ഒക്കെ കൂടിയാലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓർമ്മ.

ഇന്നിപ്പോൾ അവൾ സിസ്റ്റർ ജാൻസിയായി കൽക്കട്ടയിൽ ഉണ്ട്. ഭാര്യയും കുട്ടികളും ഒക്കെയായി ഒരു ക്രിസ്തുമസിന് ഇന്ത്യയുടെ കിഴക്കൻ തീരം വഴി ഒരു യാത്ര പോകണം. കൽക്കട്ടയിൽ എത്തുമ്പോൾ അവരുടെ ആശ്രമത്തിൽ ഒരു ദിവസം അതിഥിയായി കഴിയണം...







Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP