ഞാനൊരു പാവം പാലാക്കാരന്‍

കുറച്ചു പൂക്കള്‍

>> Saturday, January 23, 2010




കുളിച്ചീറനണിഞ്ഞ സുന്ദരിയെപ്പോലെ... ഒളിച്ചിരിക്കുന്ന സുന്ദരപുഷ്പം



ചെറുതെങ്കിലും മനോഹരി


പറമ്പിലെ പാഴ്ചെടിയെങ്കിലും


ഒരുകാലത്ത് വീടുകളിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നിന്നവള്‍


പുറമ്പോക്കിലെ സുന്ദരി


പട്ടണങ്ങളും കാടും തേടിപോകാതെ വീട്ടിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും കണ്ട ചില സുന്ദരിപ്പൂക്കള്‍

Read more...

ചായക്കടയിലെ മാനേജര്‍

>> Wednesday, January 13, 2010


വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായില്‍ വന്ന് ജോലിക്കു കയറിയ സമയം. കാര്യം ജോലി കംപ്യൂട്ടര്‍ തുടക്കുകയും മിനുക്കുകയും ആണെങ്കിലും സ്ഥാനം മനേജര്‍ ആണ്. ഒരു അമേരിക്കര്‍ ചായക്കടയുടെ ഐ ടി മാനേജര്‍ ആയി ഇത്തിരി ഗമയില്‍ ഒക്കെ നടക്കുന്ന കാലം.അന്നൊക്കെ ഞാന്‍ തന്നെ പണ്ടൊരു കഥയില്‍ പറഞ്ഞപോലെ നല്ല സുന്ദരികളായ വിവിധ നാട്ടിലെ പെണ്ണുങ്ങളും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇന്നിപ്പോള്‍ കുറെ ഫിലിപ്പിനോസ് മാത്രം. എന്തായാലും ആദ്യം അവിടുത്തെ പി ഓ എസ് (ഔട്ട്ലെറ്റുകളില്‍ ഉപയോഗിക്കുന്ന ടച് സ്ക്രീന്‍  ഉള്ള  കമ്പ്യൂട്ടര്‍) നന്നാക്കാന്‍ പോയപ്പോള്‍ അവിടുത്തെ സുന്ദരി “ഡു യു ലൈക് റ്റു ഡ്രിങ്ക് സംതിങ്” എന്നു ചോദിച്ചപ്പോള്‍ വളരെ ഗമയില്‍ തന്നെ നോ താങ്ക്സ് എന്നു ഇത്തിരി ബാസ് കൂട്ടി പറഞ്ഞു ഞാന്‍, ആഗ്രഹം ഉണ്ടായിരുന്നെങ്കിലും. പിന്നീട് ഞങ്ങളുടെ ഡ്രൈവര്‍ വരെ അവിടുന്ന് നല്ല സാധനങ്ങള്‍ കഴിക്കുകയും കാപ്പിയും ചായയും കുടിക്കുകയും ചെയ്യുന്നത് കണ്ടെങ്കിലും ഞാന്‍ അതിനു ശ്രമിച്ചേ ഇല്ല. കാരണം ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അവര്‍ കസ്റ്റമേര്‍സിനോട് അതു വേണൊ, ഇതു വേണൊ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്തിനാ വെറുതെ ഉള്ള ഇമേജ് കളയുന്നത് എന്ന് വിചാരിച്ചിട്ടാണ്.

എന്തായാലും മാസം ഒന്നു കഴിഞ്ഞു, ഇതുവരെ ഒരു സാധനവും രുചിച്ചു നോക്കാൻ പോലും പറ്റിയില്ല. ഡ്രൈവര്‍മാരോട് ചോദിച്ചു പഠിക്കാം എന്നു വെച്ചാല്‍ എന്റെ സകല വിലയും പോവില്ലെ? ഇല്ലാത്ത എയര്‍ ഒക്കെ വീര്‍പ്പിച്ച്, ടൈ ഒക്കെ ഇറുക്കി കെട്ടി ശ്വാസം വിടാതെയാണ് നടക്കുന്നത്. പോരാത്തതിന് സകല പീറകളും ആഷ് പുഷ് ഡയലോഗ് ആണ് പറയുന്നതും. മൗനം വിദ്വാനു ഭൂഷണം എന്ന മലയാള
പഴമൊഴിയില്‍ ഇറുകിപിടിച്ച് ഞാന്‍ പറ്റുന്നിടത്തോളം മിണ്ടാതിരുന്നു. എല്ലാരും കൂടി തമാശ പറയുമ്പോള്‍ അവർ ചിരിക്കുന്ന കൂടെ ഞാനും ചിരിച്ചു. എങ്കിലും പൊതുവേ മറ്റുള്ളവരുടെ കൂടെയുള്ള പരിപാടികള്‍ മാറ്റിവെച്ച് വലിയ തിരക്കുകാരനും ജാഡക്കാരനുമായി ഞാന്‍ കുറച്ചു നാള്‍ നടന്നു.

എന്തായാലും കാലക്രമേണ ഞാനും കപ്പൂച്ചിനോ,അമേരിക്കാനോ എന്നൊക്കയുള്ളത് കാപ്പി ആണെന്നും അവിടെ ഐസ് ഇട്ട കാപ്പിയും ചായയും വരെ കിട്ടുമെന്നും മനസിലാക്കി. സാന്‍ഡ് വിച്ചിനൊക്കെ ചിക്കണും മറ്റും അളന്നാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ഞാന്‍ നാട്ടില്‍ കൂട്ടുകാരെ വരെ വിളിച്ച് അറിയിച്ച് സ്വയം സുഖം കണ്ടെത്തിയെങ്കിലും ഞാന്‍ ആകെ കുടിക്കുന്നത് ഫ്രെഷ് ഓറഞ്ച് ജ്യൂസ് മാത്രം. വെറും കാപ്പിക്കു വരെ അവര്‍ സ്കിമ്ഡ് മില്‍ക് വേണോ, കടുപ്പം എത്ര ഷോട്ട് വേണം എന്നൊക്കെയുള്ള കൊണഷ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. പഞ്ചസാര വെള്ളയാണോ, ബ്രൌണ്‍ ആണോ വേണ്ടത് എന്ന കണ്‍ഫ്യൂഷനും പിന്നെ എടുത്തത് പഞ്ചസാരയാണോ ഉപ്പാണോ എന്നൊക്കെയുള്ള സംശയങ്ങളും ഒക്കെ കാരണം ഞാന്‍ ആ പണിക്കു പോയതേ ഇല്ല. ആരെങ്കിലും എടുക്കുന്നതും കഴിക്കുന്നതും നോക്കി നിന്നാല്‍ അതും മോശമല്ലേ, നമ്മള്‍ കൊതിവിട്ടു നോക്കുവാണെന്ന് വല്ല മാദമ്മക്കും തോന്നിയാല്‍ നമ്മുടെ ഇന്‍ഡ്യാക്കരന്റെ അല്ലെ മാനം പോകുന്നത്?

നമ്മുടെ ചായക്കടയില്‍ ചെന്നിരുന്ന് “ ഒരു കാലിച്ചായേം രണ്ടു പരിപ്പുവടേം“ എന്നു പറയുന്നതിനു പകരം എന്തൊക്കെ കാര്യങ്ങളാ ഇവിടെ ചെയ്യേണ്ടത്? പിന്നെ കാശു കൂടുതല്‍ കൊടുക്കണം താനും. വെറുതെയല്ല സാധാരണക്കാര്‍ ഫൈവ് സ്റ്റാറില്‍ ഒന്നും കയറാത്തത്. നമ്മുടെ പാവം എ കെ ആന്റണി
ഡെല്‍ഹിയില്‍ കഞ്ഞികുടിച്ചോണ്ടിരുന്നതിന്റെ ഗുട്ടന്‍സ് ഒക്കെ ചിലപ്പോല്‍ ഇതായിരിക്കും.

ഡാറ്റാബേസില്‍ നിന്നും ഓരോന്നിന്റെയും റസീപ്പി ഒക്കെ എടുത്ത് ഏതൊക്കെ ഐറ്റങ്ങള്‍ ഉണ്ടെന്നും മറ്റും പഠിച്ചു. ട്രൈനിങിനു വരുന്ന പുതിയ സ്റ്റാഫിനു കൊടുക്കുന്ന ട്രൈനിങ് ഒളിഞ്ഞു നിന്നു കേട്ട് കാപ്പിയെക്കുറിച്ചും ചായയെക്കുറിച്ചും പഠിച്ചു. പക്ഷെ അവര്‍ എന്താ കുടിക്കാന്‍ വേണ്ടത് എന്നതിനു പകരം ഓറഞ്ചു ജ്യൂസ് എടുക്കട്ടെ എന്നു ചോദിക്കന്‍ തുടങ്ങി. അവസാനം ഞാന്‍ രണ്ടും കല്‍പിച്ച് ഒരു ദിവസം ഗെറ്റ് മി വണ്‍ കപ്പൂച്ചിനോ പ്ലീസ് എന്നു പറഞ്ഞു. അങ്ങനെ കാലക്രമേണ ഞാനും കാപ്പിയും ചായയും ഒക്കെ കുടിച്ചു തുടങ്ങി.

അങ്ങനെ രണ്ടുമാസത്തിനുള്ളില്‍ തന്നെ ഞാന്‍ ഹോസ്പിറ്റാലിറ്റി ഫീള്‍ഡില്‍ പിടിച്ചു നില്‍ക്കാറായി. പാസ്തയും സാലഡും സാന്‍ഡ് വിച്ചുമൊന്നും കഴിക്കുന്നില്ലെങ്കിലും, കാപ്പിയും ഐസ് ബ്ലെന്‍ഡഡുമൊക്കെ കുടിക്കാറായി. നാശം ഇതെന്താ ശരിയാവാത്തത്, പണ്ടാരമടങ്ങാനിതു വര്‍ക്കുചെയ്യുന്നില്ലല്ലോ എന്നതിനൊക്കെ പകരം ഫ*, ഷി*മൊക്കെ എന്റെ വായിലും വന്നുതുടങ്ങി. എന്തിനു...ബബിള്‍ഗം വരെ ചവച്ചു തുടങ്ങി.

അങ്ങനെ ഒരു ദിവസം ഞാന്‍ ഓപ്പറേഷന്‍ മാനേജരുടെ കൂടെ അലൈന്‍ എന്ന സ്ഥലത്തുള്ള ഔട്ട്ലെറ്റില്‍ പോയി. പുള്ളിക്കാരനാനെങ്കില്‍ ഒരു വാചകത്തില്‍ ഒരു എഫ്* എങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ ആ വാചകം തെറ്റാണെന്നുള്ള ഗ്രാമറുകാരന്‍‍. സ്കൂബ ഡൈവിങും റേസിങും ഒക്കെ പുള്ളി വാ തോരാതെ സംസാരിച്ചപ്പോള്‍ ഞാന്‍ കേട്ടിരുന്നു. വല്ല ക്രിക്കറ്റോ ഫുട്ബോളോ ചാക്കിൽ ചാട്ടമോ ആയിരുന്നെങ്കില്‍ ഞാന്‍ കാണിച്ചു കൊടുത്തേനെ.

പുള്ളിക്കാരന്‍ അവിടെ ചെന്ന് അവിടുത്തെ സ്റ്റാഫിനെ കുറെ എഫ്* വിളിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ ഇരുന്നു. ഞാന്‍ എന്റെ ചെറിയ തുടക്കലും വൃത്തിയാക്കലും നടത്തി. അവസാനം പുള്ളിക്കാരന്‍ പറഞ്ഞു, ലെറ്റ്സ് ഈറ്റ് സംതിങ്. എന്റെ മനസില്‍ ഒരു ചെറിയ ചോദ്യച്ചിഹ്നം വന്നു. ഞാന്‍ പറഞ്ഞു, ഞാന്‍ വല്ലതും കുടിച്ചോളാം, ഐ അം നോട്ട് ഹങ്രി നൌ. പുള്ളി സമ്മതിച്ചില്ല, അവസാനം സെയ്ഫ് ആയ കാര്യം എന്ന നിലക്ക് ഞാന്‍ ഒരു ചിക്കണ്‍ സാന്‍ഡ് വിച്ച് പറഞ്ഞു. പുള്ളി എന്തൊക്കെയോ കുറേ മാങ്ങാത്തൊലി ഇട്ട പാസ്തായും. വാ ഇവിടെ ഇരിക്കൂ എന്നു പറഞ്ഞ് എന്നെ പുള്ളിയുടെ ടേബിളില്‍ തന്നെ ഇരുത്തി.

പുള്ളിക്കാരന്‍ പതുക്കെ കുറെ പാക്കറ്റുകള്‍ പൊട്ടിച്ച് പാസ്തായില്‍ ഇട്ടു ഇളക്കി. ഞാനാരാ മോന്‍, ഈതൊന്നും ഇടാതിരിക്കനല്ലേ ഞാന്‍ സാന്‍ഡ് വിച്ച് പറഞ്ഞത്. എന്തായാലും ഞാനും കത്തിയും മുള്ളും എടുത്തു. അപ്പോള്‍ പ്രശ്നം, ഇതു മുറിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തെന്നുന്നു, അകത്തെ സാധനങ്ങള്‍ പുറത്തു വരുന്നു, ആകെ കോലാഹലം. ആഞ്ഞു മുറിച്ചപ്പോള്‍ കത്തി രണ്ടു പ്രാവശ്യം താഴെ വീണു. എസി യുടെ തണുപ്പിലും ഞാന്‍ വിയര്‍ത്തു, കൈകള്‍ ഒക്കെ വിറച്ചും തുടങ്ങി. വായില്‍ ഒരു കഷണം വെക്കുമ്പോള്‍ അതിന്റെ പകുതി താഴെ പോകുന്നു.

നാട്ടിലായിരുന്നെങ്കില്‍ ചോറെടുത്ത് ഉരുട്ടി അല്ലെങ്കില്‍ കപ്പ എടുത്ത് ഇത്തിരി മീഞ്ചാറില്‍ മുക്കി അങ്ങോട്ട് തട്ടിയാല്‍ മതിയാരുന്നു. ഞാന്‍ ക്ഷമ നശിക്കാതെ വീണ്ടും പരിപാടി തുടരാന്‍ തന്നെയായിരുന്നെങ്കിലും എന്റെ മാനേജറുടെ ക്ഷമ നശിച്ചു. വാട്ട് തെ എഫ്* ആര്‍ യു ഡൂയിങ് എന്ന ആദ്യത്തെ എഫ്* കേട്ടു. ഞാന്‍ ഒരു വളിച്ച ചിരിയുമായി അങ്ങേരെ നോക്കി. കൈകൊണ്ട് എടുത്തു കഴിക്കെടേ എന്ന് ഇംഗ്ലീഷില്‍ ഒരു എഫ്* കൂടി അനുബന്ധമായിപ്പറഞ്ഞുകൊണ്ട് ഇടിവെട്ടുന്ന ശബ്ദത്തില്‍ ആ പണ്ടാരക്കാലന്‍ പറഞ്ഞപ്പോള്‍ പൂർത്തിയായി. ഇയാൾക്ക് വെടി പൊട്ടുന്ന പോലെയല്ലാതെ ഇത്തിരി മര്യാദക്ക് പറഞ്ഞുകൂടേ

കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന പോലെ, പോയ മാനത്തിന്റെ പേരില്‍ പിന്നെ ഞാന്‍ ഒരിക്കലും കഴിക്കാതിരുന്നിട്ടില്ല. എപ്പോള്‍ പോയാലും ഔട്ലെറ്റില്‍ നിന്ന് എന്തെങ്കിലും കഴിച്ച് കഴിച്ചു അവസാനം ഇന്നത്തെ പാസ്തായിലെ കോഴി വെന്തില്ല എന്നു വരെ പറയാനുള്ള ഏക്കം ആയി. മാനം പോയാലെന്താ, തിന്നാനുള്ള പേടി മാറിയില്ലെ?

Read more...

ശശി 1

>> Tuesday, January 12, 2010

അങ്ങനെ പൈകയെ പിരിഞ്ഞിരുന്ന ഏറ്റവും നീണ്ട കാലയളവിനു ശേഷം, അവുധിക്കു വന്നു ഭാര്യയുടെ ശാരീരിക വ്യതിയാനങ്ങള്‍ കണ്ടു ഞെട്ടുന്ന പാവം ഗള്‍ഫുകാരനെ പോലെ പൈകക്കുവന്ന വന്ന മാറ്റങ്ങള്‍ തേടി ഞാന്‍ നടന്നു. കുട്ടപ്പായി പോയതോടെ ജീവനില്ലാതായ ഞങ്ങളുടെ കത്തിമുക്കിനു ഡോക്ടര്‍ സാബുവും, ബിജുവും ഒക്കെ കൂടി ക്രിതൃമശ്വാസോഛ്വാസം നല്‍കി നിലനിര്‍ത്താന്‍ നോക്കുന്നു. പുതിയ കുറച്ചു ലഡുക്കളും ജിലേബികളും ഒക്കെ പൈകയില്‍ പുതുതായി എത്തി എന്ന മാറ്റം മാത്രം.


നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആക്രാന്തം ആണ് ഭക്ഷണത്തോട്. അതിനാല്‍ തന്നെ ആദ്യം സാബു വൈദ്യന്റെ അടുത്ത് ചെന്ന് രണ്ടു വായുഗുളിക ചവച്ചരച്ച് ദശമൂല ജീരകാരിഷ്ടം കുടിച്ചു. കാമില്ലാരി കഴിക്കുന്നത് കുടിയന്മാര്‍ക്കു നല്ലതാണ് എന്ന പരസ്യം പോലെ ഈ മരുന്നു തീറ്റഭ്രാന്തന്മാര്‍ക്കും കഴിക്കാവുന്നതാണ്. ഏതോ ഹതഭാഗ്യന്‍ കാലിന്റെ വേദന പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോള്‍ ഇനി ഒരാഴ്ചത്തേക്കുള്ള തിരുമ്മിന്റെ കണക്കുകൂട്ടലില്‍ ഇരുന്ന സാബുഡോക്ടറിന്റെ അവിടെനിന്നു പതുക്കെ ഒന്നു മൂത്രമൊഴിക്കാനായി ഞാന്‍ എണീറ്റു ചന്തയുടെ ഭഗത്തേക്കു പോയി.

പൈകയിലും കംഫര്‍ട്ട് സ്റ്റേഷന്‍! നമ്മുടെ നാട്ടിലെന്തിനാ ഇതൊക്കെ എന്ന ശരാശരി മലയാളിയുടെ ചിന്തയുമായി അതിന്റെ ഭിത്തിയില്‍ തന്നെ റ യും ന യും വരച്ചു കഴിഞ്ഞു അവസാനത്തെ രോമാഞ്ചവും അനുഭവിച്ചു തിരിച്ചു നടന്നപ്പോളാണ് ഇരുട്ടത്തിരിക്കുന്ന സൈക്കിളു ശശിയെ കണ്ടത്.

“എന്താ സഖാവേ ഇരുട്ടത്തിരിക്കുന്നത്? ബള്‍ബ് അടിച്ചു പോയോ?” ഞാന്‍ ചോദിച്ചു.

ഹേയ്, ഒരു ലോക്കല്‍ കമ്മറ്റി മെംബര്‍ എന്ന നിലയില്‍ ഒരു മാതൃക കാണിക്കുകയാണ് എന്നു ശശി. ഏതായാലും ആറുമണികഴിഞ്ഞ് പണിയുന്നില്ല, പിന്നെ എന്തിനാ കറണ്ട് കണക്ഷന്‍? എടുത്തു കഴിഞ്ഞാ ഇവിടെ തന്നെ ഇരിക്കും, അതുകൊണ്ട് വേണ്ടാ എന്നു വെച്ചു.

പാവം ശശിച്ചേട്ടന്‍, ഞാന്‍ കാണുമ്പോള്‍ മുതല്‍ യാതൊരു മാറ്റവും ഇല്ലാത്തയാള്‍. അന്നുമുതല്‍ ആ സൈക്കിളു റിപ്പയര്‍ ചെയ്യുന്ന കടക്കു ഒരു മാറ്റവും വന്നിട്ടില്ല, ശശിക്കും. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആയ ശശി, പാര്‍ട്ടിയുടെ ഭരണം വരുമ്പോള്‍ ഷര്‍ട്ടിടും, മുണ്ട് മടക്കിക്കുത്താതെ നിവര്‍ന്നു നിന്നു സംസാരിക്കും. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഷര്‍ട്ടില്ലാതെ മുണ്ടു മടക്കിക്കുത്തി പണിയും. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ വിവരമില്ലായ്മ അനുസരിച്ച് ശശി നിവരുകയും കുനിയുകയും ചെയ്തുകൊണ്ടേ ഇരുന്നു, വര്‍ഷങ്ങളായി.

വാ മോനേ ഇരിക്കു എന്നു പറഞ്ഞ് ശശി കുരണ്ടി വലിച്ചിട്ടു, ഒരു ഇരുപതു വര്‍ഷത്തില്‍ കൂടുതലായി ശശിയുടെ കടയിലെ അതിഥികള്‍ക്കുള്ള ഇരിപ്പിടം. അതില്‍ ഇരുന്നപ്പോളേ നായനാര്‍, പി കെ വി, കെ എം മാണി, ഡി വൈ എസ് പി അശോക് കുമാര്‍ എന്നിവര്‍ ഒക്കെ എന്റെ സൈഡില്‍ ഇരിക്കുന്നതായി തോന്നി. ഇങ്ങനെയുള്ള അസംഖ്യം മഹാന്മാര്‍ വന്നിരിന്നിട്ടുള്ള കുരണ്ടിയാണ് അത്. ഇവര്‍ ഒക്കെ കുരണ്ടിയില്‍ ഇരുന്നതിന്റെ കഥകള്‍ ശശിയുടെ ഓര്‍മ്മക്കുറവിനനുസരിച്ച് പലപ്രാവശ്യം കേല്‍ക്കുകയും ചെയ്തു. നായനാരെയും മറ്റും ഒളിവില്‍ താമസിപ്പിച്ചതു മുതലുള്ള കഥകള്‍കൊണ്ട് ഞങ്ങളെ ഭാവനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ മഹാന്‍ കൂടിയാണ് ഈ ശശി.

ഞാന്‍ ഇരുന്നു, ശശി ഒരു ബീഡി കത്തിച്ചു, പിന്നെ ഒരു തിരിയും. എന്നാ ഉണ്ട് ശശിച്ചേട്ടാ വിശേഷം? സുഖമൊക്കെയല്ലേ എന്നു ഞാന്‍. സുഖമാണെന്നും കടയും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെയായി നല്ലതിരക്കെന്നും ശശി. വീട്ടിലെ കറിയെല്ലാം തീര്‍ത്തതിനാല്‍ അമ്മ വീണ്ടും കോഴിയെ അടുപ്പത്തു വെച്ചതേ ഉള്ളൂ. ഇനി ഇതു വേവുന്നതു വരെ ഇവിടെയെങ്ങാനും ഇരിക്കാം എന്നു ഞാനും, ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ ശശിയും.

ജോലി ഒക്കെ എങ്ങനെ പോകുന്നു മോനേ എന്നു ശശിച്ചേട്ടന്‍ ചോദിച്ചു. വലിയ മെച്ചമൊന്നുമില്ല, ഒന്നു മാറണം എന്നു വിചാരിക്കുന്നു എന്നു ഞാന്‍. അവിടുത്തെ സാമ്പത്തിക മാന്ദ്യം ഒക്കെ ശശി വായിച്ചിരുന്നു എന്നും ഇതൊക്കെ മുതാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിവരിച്ചു. ഞാന്‍ പതുക്കെ അന്തിപത്രം ഒന്നെടുത്തു നോക്കി, സ്ഫോടനവിവരങ്ങളായിരുന്നു പത്രത്തില്‍. ഞാന്‍ താല്പര്യത്തോടെ അതു വായിക്കുന്ന കണ്ട് ശശി പറഞ്ഞു, മോനേ, ഇവന്മാര്‍ക്കൊന്നും നേരെ ചൊവ്വെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ല. ഇതൊക്കെ പണ്ട് ഞങ്ങള്‍ ചെയ്ത പോലെ ചെയ്യണം.

ശശി ഇതുവരെ കേള്‍ക്കാതിരുന്ന കഥയിലേക്കു കടന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന അടിയന്തിരാവസ്ഥകാലം, അത്യാവശ്യം ബോംബ് ഒക്കെ നമ്മുടെ ഇവിടെയും സൂക്ഷിച്ചിരുന്നു. ഒന്നാമത്തെ കാര്യം ഇവിടെ ആരും തപ്പി നോക്കാന്‍ വരില്ല. പക്ഷെ മുഖ്യമന്ത്രിക്ക് എവിടെനിന്നോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി,പൈകയില്‍ ഒരു ശശിയുടെ വീട്ടില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരിക്കുന്നു. പാലായില്‍ നിന്നും പൊന്‍കുന്നത്തു നിന്നും പോലീസ് ലൈറ്റും നിലവിളി ശബ്ദവും ഇട്ടു പാഞ്ഞുവന്നു. നമ്മുടെ ചാരന്‍ വഴി വിവരം അറിഞ്ഞ ഞാന്‍ സൈക്കിളില്‍ വിട്ടു ചെന്ന് ബോംബ് ഒളിപ്പിക്കാന്‍ വഴി നോക്കി. ബോംബുകള്‍ എടുത്ത് കുഞ്ഞാപ്പന്‍ എന്ന സഖാവിന്റെ കയ്യില്‍ കൊടുത്ത് തോടിന്റെ അക്കരെ പൊന്തക്കാട്ടിലെ രഹസ്യ അറയില്‍ വെച്ചോളാന്‍ പറഞ്ഞു.

പോലീസിന്റെ വണ്ടികളുടെ ഒച്ച കേള്‍ക്കാറായപ്പോളാണ് നമ്മുടെ മോന്‍ ഒരു ബോംബ് കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടത്. കുഞ്ഞാപ്പു പോകുകയും ചെയ്തു, ഇതെവിടെ ഒളിപ്പിക്കും എന്നു നോക്കിയപ്പോളാണ് കഞ്ഞിക്കലം എടുത്തുകൊണ്ട് പുറത്തോട്ട് പോകുന്ന ഭാര്യയെ കണ്ടത്. നേരെ ആ ബോംബു അതിനകത്തിട്ടു, അവള്‍ അത് പ്ലാവിന്റെ ചോട്ടില്‍ കൊണ്ട് പോയി വെച്ച്. പോലീസുകാര്‍ വന്നു വീടു മുഴുവന്‍ തപ്പി, എന്തുകിട്ടാന്‍? ഞാനാരാ മോന്‍.

അവരുടെ അന്വേഷണം ഒക്കെ കഴിഞ്ഞ് ഞാന്‍ സൈക്കിള്‍ അവിടെ വെച്ചിട്ട് നടന്നു പൈകക്കു പോയി. പൈകയില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ ബഹുമാനത്തോടു കൂടി നോക്കുന്നു, എല്ലാവരുടെയും മുഖത്ത് ഒരു ഭയവും. ഒരാള്‍ ഒതുക്കത്തില്‍ പറയുന്ന കേട്ടു, ഇവന്റെ കയ്യിലും ചിലപ്പോള്‍ ബോംബ് കാണും എന്ന്.

ഇതൊക്കെ എങ്ങനെ ഇവര്‍ അറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെട്ടു കടയില്‍ എത്തിയപ്പോള്‍ ഒരു ജീപ്പ് വന്നു, കേറെടാ ശശീ എന്നൊരു വിളി,സഖാവ് കടയാടി ആയിരുന്നു അതില്‍. ഞാന്‍ ചാടി കയറി, വണ്ടി പാഞ്ഞു, ചേറ്റുതോടിന്റപ്പറെ ഉള്ള ഒരു ഒളി സങ്കേതത്തിലേക്ക്.

ശശി കഞ്ഞിക്കലത്തില്‍ ഇട്ട ബോംബ് ഒരു പ്ലാവിന്‍ ചുവട്ടില്‍ ആണ് വെച്ചത്. കൃത്യം അതില്‍ ഒരു ചക്ക വീഴുകയും ആ ബോംബ് പൊട്ടുകയും ചെയ്തു. ഹോ..നാട്ടുകാര്‍ ഒക്കെ ലോകാവസാനം ആണെന്നു കരുതി പോയത്രെ...

Read more...

നിറങ്ങള്‍

>> Thursday, December 10, 2009


                                    മരത്തിന്റെ പച്ചപ്പിനും, പൂക്കളുടെ ചുവപ്പിനും ആകാശത്തിന്റെ നീലിമക്കും എന്താ ഭംഗി  !  .............................

Read more...

കൊഴിഞ്ഞുപോയെങ്കിലും.....

>> Tuesday, December 8, 2009


പഴുത്തതെങ്കിലും കൊഴിഞ്ഞു പോയെങ്കിലും തലയുയര്‍ത്തിത്തന്നെ........

Read more...

തൊട്ടാവാടി

>> Sunday, December 6, 2009

രാവിലെ മോന്റെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. മണി പത്തായി, ഒന്നെഴുന്നേറ്റ് ഈ പിള്ളേരെ ഒന്നു നോക്കിക്കൂടെ മനുഷ്യാ എന്നു ഭാര്യ സാധാരണ പറയാറില്ലെങ്കിലും, മനസില്‍  അങ്ങനെയൊക്കെ വിചാരിക്കുമല്ലോ എന്നു കരുതി ഞാന്‍ എണീറ്റു. ഈ പ്രാവശ്യം നാട്ടില്‍ വന്നതില്‍ പിന്നെ ഇങ്ങനെയാണ്, നല്ല ഉറക്കം തന്നെ. ഒരു കോട്ടുവായും ഇട്ട് മുറ്റത്തേക്കിറങ്ങി തെക്കുവശത്തെ പതിനെട്ടാം പാത്തി തെങ്ങിന്റെ ചുവട്ടിലേക്ക്  നോക്കിയപ്പോള്‍ അതാ അപ്പുറത്തു മോൻ കിണുങ്ങി നില്‍ക്കുന്നു, തൊട്ടാവാടികൂട്ടത്തില്‍ ചെന്നു പൂ പറിക്കാന്‍ കയ്യിട്ടപ്പോള്‍ മുള്ളു കൊണ്ടു കരഞ്ഞതാണവന്‍. എന്റെ ഓര്‍മ്മകള്‍ കുറേ പിന്നിലേക്ക് പോയി.


അന്നു വീട്ടില്‍ മുസാണ്ട, ബാള്‍സം, ബൊഗേന്‍ വില്ല, ജമന്തി തുടങ്ങിയ അനേകം ചെടികള്‍ ഉണ്ടെങ്കിലും അമ്മയുടെ ഇഷ്ടം എന്നും റോസിനോടായിരുന്നു. നാല്പതില്‍പരം ഇനത്തിൽ ഉള്ള റോസച്ചെടികള്‍ അമ്മയും അമ്മാവനും കൂടി വീട്ടില്‍ നട്ടുപിടിപ്പിച്ചു. എവിടെ പുതിയ പൂവുകണ്ടാലും അതിന്റെ പൂവെങ്കിലും രണ്ടിതള്‍ താഴെവച്ചു വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് കാട്ടുറോസിൽ ബഡ് ചെയ്തു പിടിപ്പിക്കും. അന്നേ ഞാന്‍ അത്ദുതപ്പെട്ടിരുന്നു, ഇത്രയും മനോഹരം ആയ ചെടികള്‍ക്കെന്തിനാ ഈ മുള്ളെന്ന്? 


പക്ഷെ വീട്ടിലെ ചെറിയ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലും എനിക്കിഷ്ടം പറമ്പിലെ ചെടികളും പൂക്കളും  ആയിരുന്നു. ചേമ്പിലയില്‍ മൂത്രം ഒഴിച്ചു കഴിയുമ്പോള്‍ അതു ചെറിയ സ്പടികഗോളങ്ങളായി തെറിച്ചു പോകുന്നതും, കയ്യാലയിലെ വള്ളികളില്‍ കിടക്കുന്ന കണ്ണിത്തുള്ളികള്‍ കണ്ണിലൊഴിക്കുന്നതും, ചീമച്ചാമ്പയുടെയും പേരയുടെയും പൂക്കളും അങ്ങനെ പലതും.

ബാല്യകാലത്തു എപ്പോളോ കാലില്‍ തൊട്ടാവാടിയുടെ മുള്ളുകൊണ്ടു വേദനിച്ചപ്പോൾ അമ്മ പറഞ്ഞു, കണ്ടോ.. തൊട്ടാവാടിയുടെ ഇലകള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നത്? എന്തോ അതിൽ പിന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു തൊട്ടാവാടിയോട്. പിന്നീട് തൊട്ടാവാടിയെ ഒട്ടും വേദനിപ്പിക്കാതെ ശ്രദ്ധിക്കും . ഇളം വയലറ്റ് കളറില്‍ ഒരു സൂര്യനെപോലെ നില്‍ക്കുന്ന അതിന്റെ പൂക്കള്‍ എനിക്കിഷ്ടമായിരുന്നു. അതിന്റെ നാരുകള്‍ പറിച്ചു കളഞ്ഞ് ഒരു കൊച്ചു ചക്ക പോലെയുള്ള അതിന്റെ അകഭാഗം തിന്നുമ്പോള്‍ നല്ല രസമായിരുന്നു.പക്ഷെ തൊട്ടാവാടിയെക്കൊണ്ട് ക്ഷമ പറയിക്കാതെ അതു പറിച്ചെടുക്കാനായിരുന്നു പ്രയാസം. ഇങ്ങനെ ഒരു സാധനം, ഒന്നു തൊട്ടാല്‍ മതി അങ്ങു ക്ഷമ പറയും. ഞങ്ങടെ ക്‌ളാസിലെ സൗമ്യയെ  എല്ലാവരും തൊട്ടാവാടി എന്നാണ് വിളിക്കുന്നത്, അവളുടെ തന്നെ ക്ലാസിലെ ജോമോൻ ഇഷ്ടമാണെന്നു പറഞ്ഞതിന് അവൾ ഭയങ്കര കരച്ചിൽ ആയിരുന്നു. പിന്നെ അത് കഴിഞ്ഞുഇതല്ലേ നമ്മടെ ജോമോൻ പ്രേമിച്ച പെണ്ണ് എന്ന് കുട്ടികൾ പറയുമ്പോൾ എല്ലാം തന്നെ അവൾ കരയും.  പക്ഷെ അവള്‍ കൈകൂപ്പുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.

കൈകൂപ്പി ക്ഷമ  ചോദിക്കുന്ന കഥ തന്നെ മോനോടും പറഞ്ഞു കൊടുത്തു, പക്ഷെ അവന്‍ ഒരു കമ്പെടുത്ത് നിർദ്ദയം തൊട്ടാവാടിയില്‍ അടിച്ച് മുഴുവന്‍ ഇലകളുടെയും ക്ഷമാപണം വാങ്ങിക്കൊണ്ടേ ഇരുന്നു. ചില മനുഷ്യർക്ക് വെറുതെ കഷ്ടപ്പാടുകള്‍ കൊടുക്കുന്നതു ഓർത്തപ്പോൾ  എനിക്കു തോന്നി ചിലപ്പോള്‍ ദൈവത്തിനും പിള്ളേരുടെ ഈ സ്വഭാവം ആണെന്ന്. ചില ആളുകൾക്ക് എന്നും കഷ്ടപ്പാടും ദുരിതവും കൊടുത്തു വേദനിപ്പിക്കുന്ന ദൈവം. 


തൊട്ടാവാടി കണ്ടാല്‍ ഓടി വന്നു ചവിട്ടി മെതിച്ച് എത്ര ക്ഷമപറഞ്ഞാലും കേള്‍ക്കാതെ ആർത്തിയോടെ അതു തിന്നുന്ന ആട്ടുമ്മാമയെ എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ ആ ആടു പ്രസവിച്ചപ്പോള്‍ എനിക്കു സന്തോഷമായി, നല്ല മൂന്നു ആട്ടിന്‍ കുട്ടികള്‍. അതില്‍ ഒന്നിന്റെ താടിക്ക് രണ്ട് കുണുക്കും. ചുമ്മാ നിന്ന നില്‍പ്പില്‍ എത്ര പൊക്കത്തില്‍ ആണ് ആട്ടിന്‍ കുട്ടികള്‍ ചാടുന്നതെന്നറിയാമോ? പിന്നെ എന്റെ കളി അവയുടെ കൂടെയായി. ഞാന്‍ എത്ര നോക്കിയിട്ടും അവരുടെ വേഗതയോ, ചാടാനുള്ള ശക്തിയോ എനിക്കില്ലാത്തപോലെ തോന്നി. ഞാന്‍ അമ്മയുടെ അടുത്തു ചെന്ന് ചോദിച്ചു, അവര്‍ക്കെങ്ങനെയാണ് ഇത്ര ശക്തി കുഞ്ഞായിരിക്കുമ്പോളേ കിട്ടിയത് എന്ന്. 

അമ്മ പറഞ്ഞു അത് ആട്ടിന്‍പാല്‍ കുടിച്ചിട്ടാണെന്ന്, അതുകൊണ്ടാ നിങ്ങള്‍ക്കും ആട്ടിന്‍പാല്‍ തരുന്നത് എന്ന്. ഞാന്‍ ചോദിച്ചു എന്താ അമ്മയുടെ പാല്‍ എനിക്കു തരാത്തതെന്ന്. എടാ മോനേ, നീയുണ്ടായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അനിയത്തി ഉണ്ടായില്ലേ, പിന്നെ എങ്ങനാ തരുന്നതു? പിന്നെ നീ ഇപ്പോൾ രണ്ടാംക്ലാസില്‍ പഠിക്കുന്ന വലിയ ചെക്കനായി, ഇനിയാണോ നിനക്ക് അമ്മിഞ്ഞ തരാന്‍ പോകുന്നത്, പൊക്കോ അവിടുന്ന്.... 

ഞാന്‍ എന്തായാലും വേഗന്നു അവിടുന്നു വീണ്ടും ആട്ടിന്‍ കൂട്ടില്‍ എത്തി. ആട്ടിന്‍ കുട്ടികള്‍ വീണ്ടും പാലുകുടിതന്നെ, മിനിറ്റിനു മിനിറ്റിനു അവര്‍ ആട്ടുമ്മാമ്മയുടെ അടുത്തുപോയി ഇടിയുണ്ടാക്കി പാലു കുടിക്കും. ഒരു കിടാവുമാത്രം ഉണ്ടാകുന്ന പശുവിന് ദൈവം നാലു അകിട് കൊടുത്തു, എന്നിട്ട് മൂന്നു കുട്ടികള്‍ ഉണ്ടാവുന്ന പാവം ആടിനു രണ്ടകിടും, പാവം ആട്ടിൻ കുട്ടികൾ  ഇടിയുണ്ടാക്കി കുടിക്കണ്ടേ. എല്ലാം സൃഷ്ടിച്ച ഈ ദൈവത്തിനു നല്ല ബുദ്ധിയില്ലേ എന്നു ചിലപ്പോള്‍ തോന്നും.

ഓര്‍മ്മകളില്‍ നിന്ന് വീണ്ടും തിരിച്ചു വന്നു. വാടിനില്‍ക്കുന്ന തൊട്ടാവാടികളിൽ മോന്റെ  താല്പര്യം കുറഞ്ഞപ്പോള്‍ അവന്‍ വടിയുമായി അവിടെ കണ്ട ഇലകള്‍ ഒക്കെ അടിച്ചു നടന്നു. അപ്പോൾ തൊട്ടാവാടി വീണ്ടും ഊര്‍ജ്ജസ്വലയായി എഴുന്നേറ്റു. ഉണർന്നു നിൽക്കുന്ന തൊട്ടാവാടിയെ കണ്ടപ്പോൾ വീണ്ടും മകന് രസം കയറി വടിയുമായി വന്ന് അതിനി അടിച്ചു. ഒരു മാതിരി ഇത്തിരി സന്തോഷം ഉണ്ടായി ആസ്വദിക്കുമ്പോളേക്കും തലമണ്ടക്കിട്ടു കൊട്ട് തരുന്ന ദൈവത്തിന്റെ കണക്ക്. പാവം തൊട്ടാവാടി വീണ്ടും കൈക്കൂപ്പി ക്ഷമ പറഞ്ഞുകൊണ്ട് തലതാഴ്ത്തി. മകനായിട്ടും എനിക്ക്  അവനോടു ദേഷ്യം വന്നു, മറ്റുള്ളവരെയുടെ വേദനയില്‍ ചിരിക്കുന്ന മനുഷ്യരുടെ തലമുറതന്നെയോ ഇവനും?

പെട്ടെന്ന് ഒരു ഉരുളന്‍ കല്ലില്‍ ചവിട്ടി അവന്‍ ആ തൊട്ടാവാടി കൂട്ടത്തിലേക്കു തന്നെ വീണു. അവൻ മുള്ളുകൊണ്ട് കരഞ്ഞു. ഞാന്‍ അവനെ എണീപ്പിച്ചു, ഒന്നു രണ്ടിടങ്ങളില്‍ ചോര പൊടിഞ്ഞിട്ടുണ്ട്. അവനെ ആശ്വസിപ്പിച്ച് ഞാന്‍ ആ തൊട്ടാവാടികൂട്ടത്തിനടുത്തുള്ള പാറക്കല്ലില്‍ ഇരുന്നു. 

ഇടക്കൊക്കെ ഏങ്ങലടിച്ചു നിന്ന മോൻ പതുക്കെ വേദന മറന്നു. അവന്‍ വീണ്ടും മടിയില്‍ നിന്നും ഇറങ്ങി നടന്നു. തൊട്ടാവാടികൂട്ടത്തിനരികില്‍ എത്തി, വിരിഞ്ഞു നിന്ന ഒരു പൂവില്‍ പിടിക്കാനായി കൈനീട്ടി. പക്ഷെ അതില്‍ തൊടാതെ അവന്‍ എന്നെ നോക്കി ചിരിച്ചു, ഒരു ചമ്മിയ ചിരി. ഒരു ഇളം കാറ്റില്‍ ആ പൂവിന്റെ കൂടെ ഇലകളും ചെറുതായി ആടി, കൈകൂപ്പാതെ തന്നെ. ഉം.. ദൈവം ഭയങ്കര ബുദ്ധിമാനായിരിക്കും....

Read more...

ആശംസകള്‍

>> Monday, October 5, 2009

അങ്ങനെ എന്റെ ഭാര്യേ, നിന്റെ മറ്റൊരു ജന്മദിനം കൂടി കഴിയുന്നു. ആദ്യ രണ്ടു ജന്മദിനങ്ങളും ഞാന്‍ നേരത്തെ നല്‍കിയ സമ്മാനങ്ങളുടെ നിറവയറുമായി ആഘോഷിച്ച നിനക്ക് കഴിഞ്ഞ ജന്മദിനത്തില്‍ എന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നു എന്നത് ഒരു വിരോധാഭാസമായി തോന്നിയിരിക്കാം. നിന്റെ അടുത്തില്ലായിരുന്നതിനാലും ജോലിയുടെ പ്രശ്നങ്ങളില്‍ പെട്ട് മറന്നു പോയതായിരുന്നെങ്കിലും നിനക്ക് അതൊരു പ്രതീക്ഷയായിരുന്നു. എന്തായാലും ഈ പ്രാവശ്യം രാവിലെ തന്നെ എഴുന്നേറ്റ് ഒരു പൊട്ടെങ്കിലും സമ്മാനമായി ഞാന്‍ തരും എന്നു പ്രതീക്ഷിച്ചു നീ. നാട്ടിലെ ആറക്കശംബളം വാങ്ങുന്ന ഒരുവന്‍ കുറഞ്ഞ പക്ഷം ഒരു ഡയമണ്ട് മോതിരം എങ്കിലും സമ്മാനമായി തരും എന്നു പ്രതീക്ഷിക്കാന്‍ നിനക്കു സാധിക്കുമായിരിക്കാം.

വെറും ഒരു ചുംബനവുമായി രാവിലെ നിന്നെ ആശംസകള്‍ അറിയിച്ചപ്പോള്‍ നിനക്ക് നിരാശ തോന്നിയിരുന്നോ? എന്റെ മനസിലെ വിലപിടിച്ച ഒരു ബിംബമായി മാറിയ നിനക്ക് വെറുമൊരു
സമ്മാനത്തില്‍ ഒതുക്കാനുള്ള മനസ് എനിക്കില്ല. വേദനിക്കുന്ന ഒരു കോടീശ്വരനായ എനിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി തരാനുള്ള അവസ്ഥ ഉണ്ടോ എന്നത്, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതു വഴി നിനക്കറിയാവുന്നതുമാണല്ലോ? അതിനാല്‍ തന്നെ രാവിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് നിന്നെ വിഷ് ചെയ്യാന്‍ എനിക്കു സാധിച്ചില്ല എന്നുള്ളതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.

ഭര്‍ത്താവിനെ ഭരിച്ചു നില്‍ക്കുന്ന ഇന്നത്തെ ഒരു ശരാശരി ഭാര്യയുടെ ജീവിതത്തില്‍ നിന്നും മാറി, വിനയവും അനുസരണയും കൊണ്ട്, പഴമയുടെ വാക്താവായ ഒരു മൂരാച്ചി ഭര്‍ത്താവിന്റെ മനസുള്ള എന്റെ സ്നേഹാദരവു പിടിച്ചു വാങ്ങിയ നിന്നെ എനിക്കു ഒരുപാടിഷ്ടമാണ്, ബഹുമാനമാണ്. സ്ത്രീയുടെ ശക്തി എന്താണെന്ന് എന്നെ മനസിലാക്കി തരുന്നതില്‍ എന്റെ അമ്മയുടെ പാതയില്‍ തന്നെ, എന്റെ പ്രതീക്ഷക്കള്‍ക്കും അപ്പുറമായി ഇന്നത്തെ തലമുറയില്‍ നിന്നും നിന്നെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നു ഞാന്‍ മനസിലാക്കുന്നു.

നീ എന്റെ എല്ലാമാണ്. എന്റെ പൊന്നമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കിട്ടുന്ന വാത്സല്യം വരെ എനിക്കു നല്‍കുന്ന നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. ചെറുപ്പത്തില്‍ തന്നെ ചാച്ചയെ നഷ്ടപ്പെട്ട് അമ്മയുടെ നാലായി വീതിക്കപ്പെട്ട സ്നേഹവും സാഹചര്യങ്ങളാല്‍ നഷ്ടപ്പെട്ട എനിക്ക് ഇതെല്ലാം ഒന്നായി നല്‍കുന്ന നിന്നെ രത്നങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവില്ല കൊച്ചേ. വിലമതിക്കാനാവാത്ത ഒന്നാണെനിക്കു നീ. ഒരു കൊച്ചു സമ്മാനത്തില്‍ ഒതുങ്ങില്ല നീ.

രാവിലെ ഞാന്‍ തന്ന ഉമ്മയില്‍ എല്ലാം അടങ്ങിയിരുന്നു. ഒത്തിരി നാള്‍ നിന്നോടും മക്കളോടും കൂടെ ഇതേ സ്നേഹത്തില്‍ ജീവിക്കുവാന്‍ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP