ഞാനൊരു പാവം പാലാക്കാരന്‍
ഓര്‍മ്മച്ചിത്രങ്ങള്‍
>> Tuesday, February 2, 2010
ഞാന്‍ വളര്‍ന്ന അമ്മവീട്ടിലെ ചില കാഴ്ചകള്‍. ഓര്‍മ്മകള്‍ക്ക് നേരിയ നൊമ്പരമേകിക്കൊണ്ട് എല്ലാം അവിടെ തന്നെയുണ്ട്, ആര്‍ക്കും വേണ്ടാതെ.
33 വ്ര്ഷം മുമ്പ് ഞാന്‍ നില്‍ക്കുന്നത് ഈ മിഷ്യന്‍പുരയുടെ മുമ്പില്‍. ഇന്നും അതവിടെ തന്നെ, കാലം വലിയ മാറ്റങ്ങള്‍ വരുത്താതെ. ഷീറ്റടിക്കുന്ന മിഷ്യനും പലുറക്കുന്ന ഡിഷും റബര്‍കത്തിയും ഒട്ടുപാലുമിടുന്ന കൂടയും എല്ലാമുണ്ടെങ്കിലും പ്രവര്‍ത്തനം ഇല്ല, എല്ലാവരും പാല്‍ തന്നെ വില്‍ക്കാന്‍ തുടങ്ങിയിരീക്കുന്നു.
വീടിന്റെ മുമ്പിലെ പതിനെട്ടാം പടി. ഇതു രണ്ടു ചാട്ടത്തിനു ചാടി റിക്കോര്‍ഡ് ഇടുകയും പിന്നീട് പല അനിയന്മാരും അതു തിരുത്തുകയും ചെയ്തു എന്നുള്ളത് ഒരു പുളിവല്ല, സത്യമാണ്. ആദ്യത്തെ ചാട്ടം ഒന്‍പതാം പടിയില്‍ നില്‍ക്കാതെ ഒന്നു കാല്‍തെന്നിയാല്‍, ഒന്നു വേച്ചാല്‍, ഹോ... നമ്മുടെ മക്കള്‍ ഇങ്ങനെ ഒന്നു ട്രൈ ചെയ്യാന്‍ നാം സമ്മതിക്കുമോ?
ആട്ടിന്‍കൂട് കോഴിക്കൂട്
എത്രയോ ആട്ടിന്‍കുട്ടികള്‍ ജനിച്ചു വളര്‍ന്ന കൂട്. പല മുട്ടനാടിന്‍ കുഞ്ഞുങ്ങളേയും വില്ക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ തള്ളയുടെ കൂടെ സങ്കടപ്പെട്ട സ്ഥലം. ഇന്നിപ്പോള്‍ ആ കൂട് ആടിനെ കണ്ടിട്ട് വര്‍ഷങ്ങളാകുന്നു. അനിയന്റെ ഇഷ്ടവിനോദം ആയിരുന്നു കോഴിവളര്‍ത്തല്‍. കഴുത്തേല്‍ പപ്പുള്ള സുന്ദരന്മാരും കഴുത്തേല്‍ പപ്പില്ലാത്ത കഷണ്ടിക്കാരും ആയ പൂവന്മാരും പിടകളും വസിച്ചിരുന്ന കൂടുകളില്‍ ഒന്ന്. ഇന്നതും ശൂന്യം, ങാാ കോഴിത്തീട്ടത്തില്‍ ചവിട്ടണ്ടല്ലോ...
പശുക്കളും കിടാങ്ങളും വാണിരുന്ന തൊഴുത്ത്. നാലു പശുക്കള്‍ വരെ ഇതില്‍ ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു. പിണ്ണാക്കും ഓ കെ യും കച്ചിയും കാടിയുമൊക്കെയായി തകര്‍ത്തു നിന്നിരുന്ന കാലിതൊഴുത്ത്, വാഴപ്പിണ്ടിയും പച്ചപ്പുല്ലും വെട്ടിമുറിച്ചിട്ട് കൊടുത്ത് പശുക്കളുടെ സ്നേഹം വാങ്ങിയിരുന്ന ഒരു കാലം. ഇന്നിപ്പോള്‍ തകര്‍ന്ന ഒരു ഇല്ലത്തിന്റെ കണക്ക്.....
വിറകു കീറാനായി ഉപയോഗിക്കുന്ന തെങ്ങിന്മുട്ടി, വിറകുപുരയിലെ സ്ഥിരവാസക്കാരായ അരണ.
എത്രയോ കാലം ദോശയും ഇഡലിയും തിന്നാനായി ഞങ്ങള്‍ക്കുവേണ്ടി ആടിയ ആട്ടുകല്ല്.
കപ്പക്കും ചക്കക്കും, തേങ്ങാച്ചമ്മന്തിക്കും മാങ്ങാച്ചമ്മന്തിക്കുമായി അരഞ്ഞകല്ല്. അമ്മിക്കല്ലിനെ അന്വേഷിച്ചു കൊണ്ട് ഇന്നവനും പടിക്കു പുറത്ത്.
വീഐടിന്റെ മുറ്റത്തുള്ള പതിനെട്ടാം മാസത്തെങ്ങിന്റെ മധ്യഭാഗം. എന്റ്റെയും മറ്റു കുട്ടികളുടെയും എത്രയോ യൂറിയകുടിച്ചു വളര്‍ന്നവന്‍. പക്ഷെ വാക്കത്തിയോ അരിവായോ ആയി ആരു പണികഴിഞ്ഞു വന്നാലും കൊത്തിവക്കുന്നത് ഇവന്റെ നെഞ്ചത്ത്. അതിന്റെ മാറാപാടുമായി ഇന്നും അവന്‍ മുറ്റത്തു നില്‍ക്കുന്നു.
ഇനിയുമങ്ങനെ എത്രയോ ചിത്രങ്ങള്‍, ഇന്നിതൊക്കെ നോക്കുകുത്തികളായെങ്കിലും ഉള്ളതു തന്നെ ഭാഗ്യം. കാല്‍ഘട്ടത്തിന്റെ മാറ്റങ്ങള്‍ നാമറിയുന്നത് ഇതൊക്കെ കാണുമ്പോളാണ്. ആ കാലത്തേക്കൊരു മടക്കം കൊതിക്കുന്നു, വിദൂരമെന്നറിയാമെങ്കിലും. Read more...
എന്റെ മക്കൾ
>> Saturday, January 30, 2010
വെറുതെയിരിക്കുന്ന മനസ് ചെകുത്താന്റെ പടിപ്പുര ആണെന്നല്ലേ പറയാറ്. വല്ലപ്പോളുമൊക്കെ അങ്ങനെ ആകാറുണ്ടെങ്കിലും പൊതുവേ ഞാന്‍ ഡീസന്റ് ആണ്. ചിലദിവസങ്ങളില്‍ ഭയങ്കര സന്തോഷവും തമാശും മറ്റുചില ദിവസങ്ങളില്‍ ഭയങ്കര സെന്റിമെന്റ്സും ആണ്. തുലാമാസത്തിലെ ദിവസങ്ങള്‍ പോലെ, ചിലപ്പോള്‍ നല്ല വയില്‍ അല്ലെങ്കില്‍ ഇടിവെട്ടി മഴയും. മിക്കവാറും ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ എനിക്കു പുല്ലാണ്, എന്നാല്‍ ആര്‍ക്കും വലിയ പ്രശ്നമില്ലാത്ത കാര്യങ്ങള്‍ എനിക്കു വലുതും, ചുരുക്കം പറഞ്ഞാല്‍ സമൂഹത്തിനു ചേരാത്തവന്‍.
റഷ്യന്‍ സുന്ദരികള്‍
>> Wednesday, January 27, 2010
ഒരു തരത്തില്‍ സമാധാനമായി ഒന്നു ജീവിച്ചു വന്നപ്പോളാണ് അടുത്ത പ്രശ്നം ജോലിയുടെ രൂപത്തില്‍ അവതരിച്ചത്. പുറമേ നല്ല വിനയാന്വിതനെങ്കിലും അകമേ നല്ല അഹങ്കാരിയായ ഞാന്‍ ജോലി എനിക്കു പുല്ലാണെന്നും പറഞ്ഞ് വലിച്ചെറിഞ്ഞു. ഭാര്യയേയും കുട്ടികളേയും നാട്ടിലാക്കി പുതിയ അന്വേഷണവും തുടങ്ങി. മാസം മൂന്നായെങ്കിലും ജോലിയുടെ കാര്യം ഗോപി. ആ പിന്നെ, വാഴക്കാവരയനോടാ ജോലിയുടെ വാശി? ഞാന്‍ പോയി ചുമ്മാ വീട്ടിലിരിക്കും, എന്റെ ഭാര്യ്ക്കും മക്കള്‍ക്കും അവള്‍ടെ മാതാപിതക്കളും അമ്മയിഅമ്മയും ചിലവിനു കൊടുക്കും, കളി എന്നോടാണോ?
അല്ലേലും ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവം ഇല്ലാത്തവനാണ് ഞാന്‍. എന്നാ പിന്നെ ഇനി നാട്ടിലേക്ക് ഒന്നൂടെ പോയേക്കാം എന്നു മനസില്‍ തോന്നി തുടങ്ങി. എന്തെല്ലാം പ്രശ്നങ്ങള്‍ , വണ്ടി വില്‍കണം - അതിനിനി വിറ്റുകിട്ടുന്ന കാശ് പോരാതെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കണം. ഫ്ലാറ്റ് ഒഴിവാകണേല്‍ രണ്ടു മാസത്തെ വാടക ഫൈന്‍ കൊടുക്കണം. എന്തു ചെയ്താലും കയ്യില്‍ നിന്ന് കാശ് പോകും. നാട്ടില്‍ പോയി പൂക്കളുടെയും പുഴുക്കളുടെയും ഫോട്ടോ എടുക്കുന്നതും, തോട്ടില്‍ ചാടുന്നതും, ചക്കപ്പഴം തിന്നുന്നതുമൊക്കെ മനസില്‍ വിരിഞ്ഞെങ്കിലും മുമ്പു പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് ഒഴിവായില്ലേല്‍ വീട്ടില്‍ ചക്കപ്പഴം തിന്നോണ്ടിരിക്കുമ്പോള്‍ വല്ലോരും വന്ന് കൊങ്ങാക്കു പിടിച്ച്
ചക്കക്കുരുവും വയറ്റിലാക്കി തരും എന്നാണ് കേട്ടറിവ്. വയറ്റില്‍ ചക്കക്കുരു കിടന്ന് കിളിര്‍ത്ത് പ്ലാവായി ആരാണ്ടുടെ മുതുകില്‍ ആലുകിളുത്തപോലെ ഒക്കെ നിന്നാലത്തെ അവസ്ഥ ആലോചിച്ചപ്പോള്‍ പേടിയായി, അങ്ങനെ ശ്രമങ്ങള്‍ തുടങ്ങി. കാര്യം പേടിച്ചുതൂറിയും ഉണ്ണാക്കനുമാണെങ്കിലും പിള്ളേരുടെ മുമ്പില്‍ ഭയങ്കര ധൈര്യശാലിയും ബുദ്ധിമാനുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സ്കൂളില്‍ പോയി അവര്‍ക്കു ബുദ്ധിവരുമ്പോള്‍ അതൊക്കെ മാറുമെങ്കിലും ഇപ്പോളേ അവരുടെ മുമ്പില്‍ വെച്ച് തല്ലുകൊള്ളുന്നത് മോശമല്ലേ.എന്തായലും വണ്ടിയും വീടും വില്‍ക്കാനായി പരസ്യവും നല്‍കി.
വണ്ടി ഫ്രീ ആയി കൊടുക്കുമോന്ന് ആരും ചോദിക്കുന്നില്ല, ഭാഗ്യം. പക്ഷെ ലോണ്‍ ക്ലോസ് ചെയ്യണമെങ്കില്‍ ബാങ്കുകാര്‍ക്ക് ഇതുവരെ കിട്ടുമായിരുന്ന പലിശയുടെ എന്തോ ഒരു പലിശ കൊടുക്കണമത്രേ. ഹോ ഇക്കണക്കിന് മരിക്കുവാണേല്‍ പോലും ഇവന്മാര്‍ നരകത്തിലോട്ട് വിടുമെന്നു തോന്നുന്നില്ല. കുറേ നാള്‍ കൂടെ ജീവിക്കുന്നതിനുള്ള കാശ് തന്നിട്ട് പോയാല്‍ മതിയെന്ന് ആത്മാവിനോട് വരെ പറഞ്ഞുകളയും, തെണ്ടികള്‍.
വീടിന്റെയാണ് പ്രശ്നം കൂടുതല്‍. വാങ്ങാന്‍ ആരും വരുന്നില്ല. ഷെയറിങിനു കൊടുക്കാം എന്നു വെച്ചപ്പോള്‍ വിളിക്കുന്നതു മുഴുവന്‍ പെണ്ണുങ്ങള്‍. കാര്യം ഒരു രണ്ടു പേണ്ണുങ്ങളൂടെ കൂടെ നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. പോരാത്തതിനു ഞാന്‍ ആരെയും ആക്രമിക്കുകയൊന്നും ഇല്ല, ഇനി അവര്‍ക്കു എന്നെ ആക്രമിക്കണം എന്നുണ്ടെങ്കില്‍ അതിനു പോലും ഞാന്‍ എതിരു നില്‍ക്കുകയില്ല. പക്ഷെ അതൊക്കെ അവര്‍ക്കു തോന്നണ്ടേ? കാര്യം കെട്ടി രണ്ടു പിള്ളേരൊക്കെ ആയെങ്കിലും സ്നേഹം കൊണ്ട് ഭാര്യ വീര്‍പ്പുമുട്ടിക്കാറുണ്ടെങ്കിലും ഏതൊരു ശരാശരി ആണിനെയും പോലെ നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോള്‍ ഒന്നു നോക്കുകയും, ഇവളെ ഇന്നൊന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നുകയും ചെയ്യാറുണ്ട്. എന്നും ചോറുണ്ണുന്നവന് ഒരു ബിരിയാണി ഒക്കെ കാണുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ മണമടിക്കുമ്പോള്‍ ഒരു കൊതി തോന്നുന്നത് സ്വാഭാവികം. ഞാന്‍ ബിരിയാണി തിന്നാന്‍
പോകാറില്ല, പക്ഷെ ഇപ്പോള്‍ പട്ടിണി ആയതിനാല്‍ ചോറില്ലെങ്കില്‍ ഒരു ബിരിയാണി ആയാലും തരക്കേടില്ല എന്നു മനസില്‍ ചിലപ്പോള്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
അങ്ങനെ ഇടക്കിടെ വരുന്ന പെണ്ണുങ്ങളുടെ വിളി ഒക്കെ ആസ്വദിച്ച് ഇങ്ങനെ ഇരിക്കുന്ന കാലത്താണ് അവള്‍ വിളിച്ചത്. ഫ്ലാറ്റ് നോക്കാന്‍ അവള്‍ക്ക് താല്പര്യമുണ്ടത്രേ. കൂടുതലൊന്നും വിവരിക്കാതെ വന്നു കണ്ടിട്ട് കാര്യങ്ങള്‍ സംസാരിക്കാം എന്നു ഞാന്‍. കസാക്കിസ്ഥാന്‍ ഉസ്ബെസ്കിസ്ഥാന്‍ എന്നൊക്കെ പറയുന്നപോലെ ഏതോ ഒരു സ്ഥാനില്‍ നിന്നുള്ളവളാണ് അവള്‍. എന്തായാലും അവള്‍ക്ക് മലയാളം സംസാരിക്കാന്‍ പറ്റുമായിരിക്കും, കാരണം അവളുടെ രാജ്യത്തിന്റെ പേര്‍ അങ്ങനെയാണ്. മനസില്‍ സങ്കല്പങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങി, സുന്ദരിയായിരിക്കും അവള്‍.
അങ്ങനെ അവള്‍ ഇന്നലെ വിളിച്ച്, വൈകിട്ടു വരട്ടെ എന്ന് ചോദിച്ചു കൊണ്ട്, സന്തോഷം എന്നു ഞാന്‍. അവള്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടിലെത്തി. ആകെ ഒരു മണം ആണ് വീട്ടില്‍, അതെങ്ങനാ മൂന്നു ദിവസം മുമ്പുള്ള മീനിന്റെ അവശിഷ്ടങ്ങള്‍ വേസ്റ്റ് ബോക്സില്‍. വേഗം പാര്‍ക് അവന്യൂവിന്റെ ബോഡീ സ്പ്രേ എടുത്ത് ഒരു റൌണ്ട് അടിച്ചു. ദൈവമേ, ഒരണ്ടര്‍വെയര്‍ കസേരയില്‍,മറ്റൊരെണ്ണം മേശയുടെ പുറത്ത്, കട്ടിലില്‍ രണ്ടെണ്ണം അങ്ങനെ അവിടെയും ഇവിടെയുമായി ധാരാളം. വല്ല കാള്‍വിന്‍ കെന്‍ ഒക്കെയായിരുന്നെങ്കില്‍ പുറത്തിട്ടാലും ഒരു ഗമ ഉണ്ടായിരുന്നു, ഇതിപ്പോള്‍ നമ്മള്‍ ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ് എന്നും കുറേ സ്റ്റോക്ക് ഉണ്ട് എന്നും പ്രൂവ് ചെയ്യാം എന്നു മാത്രം. എല്ലാം കൂടി വാരിക്കൂട്ടി ഒരു ഷെല്‍ഫിനകത്ത് വെച്ചു. ഇനി അവരെങ്ങാനും ആ ഷെല്‍ഫ് തുറന്നാല്‍, ടി വി ഇല്‍ ഇപ്പോള്‍ കാണിക്കുന്ന ഒരു റേസറിന്റെ പരസ്യം പോലെ ആകും എന്നു മാത്രം. ബെഡ് ഒക്കെ ഒന്നു വിരിച്ചു ഒരു ചെറിയ വൃത്തി ഒക്കെ ആക്കി. ഇനി അവള്‍ക്കെങ്ങാനും ഒന്നു കിടക്കെണമെന്നു തോന്നിയാലോ? എല്ലാം പ്രതീക്ഷിച്ചിരിക്കണമല്ലോ, മണവാളനെ കാത്തിരുന്ന കന്യകമാരുടെ ഉപമ വഴി കര്‍ത്താവു വരെ പറഞ്ഞിരിക്കുന്നത് അതല്ലേ?
അഞ്ചരയായപ്പോല്‍ അവള്‍ വിളിച്ചു, റൂട്ട് പറഞ്ഞത് അവള്‍ക്ക് നന്നായി മനസിലാകാഞ്ഞതുകൊണ്ട് ഞാന്‍ ബുര്‍ജുമാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു അവരെ വീട്ടിലേക്ക് കോണ്ടുപോക്കോളാം എന്ന് പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറഞ്ഞാല്‍ മനസിലായേനെ. എന്തായാലും അങ്ങനെ ഞാന്‍ മെട്രോ സ്റ്റേഷനില്‍ കാത്തു നിന്നു. അതാ വരുന്നു നമ്മുടെ അങ്കിളിന്റെ കൂട്ടുകാരന്‍ ഒരു പെന്തക്കോസ്ത് ആയ ജോണ്‍സാര്‍. എന്തുണ്ട് മോനേ വിശേഷം, പുതിയ ജോലി വല്ലതും ആയോ എന്നൊക്കെ ചോദ്യം. എനിക്കൊരു അപകടം മണത്തു, അവള്‍ വരുമ്പോള്‍ ജോണ്‍സാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോള്‍ അവള്‍ ഫോണ്‍ വിളിച്ചു, ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു, അവിടെയുള്ള ഷൂമാര്‍ട്ടിന്റെ മുമ്പില്‍ ആണോ നില്‍ക്കുന്നത് എന്ന്. ദൈവമേ ഒന്നില്‍ കൂടുതല്‍ ഉണ്ടെന്നാ തോന്നുന്നേ, മിക്കവാറും ജോണ്‍ സാര്‍ വിചാരിക്കും രണ്ടു റഷ്യന്‍ പെണ്ണുങ്ങളെ ഭാര്യയില്ലാത്ത തക്കം നോക്കി പൂശാന്‍ കൊണ്ടു പോകുകയായിരിക്കും ഞാന്‍ എന്ന്. കാര്യം അങ്ങനെയൊക്കെ ആള്‍ക്കാര്‍ സിനിമയില്‍ ഒക്കെ കാണിക്കുന്ന കണ്ട് ഒരാഗ്രഹം ഒക്കെയുണ്ടെങ്കിലും ഇതിപ്പോള്‍ അങ്കിള്‍ അറിയും എന്നൊക്കെയുള്ള ടെന്‍ഷന്‍ എനിക്കു വരാന്‍ തുടങ്ങി. എന്തായാലും ഞാന്‍ ഫോണില്‍ തന്നെ യേസ്, ആള്‍ റൈറ്റ് എന്നൊക്കെ പറയുന്ന കേട്ടപ്പോള്‍ ജോണ്‍ സാര്‍ പോകുവാ എന്ന് ആംഗ്യം കാണിച്ച് പോയി.
ആശ്വാസമായി നിന്നപ്പോള്‍ അതാ വരുന്നു രണ്ടു സുന്ദരികള്‍. വന്നയുടനെ സലാം ആലിക്കും എന്നു പറഞ്ഞ് കൈ തന്നു. കൃതാര്‍ഥനായി ഞാന്‍ വഴി കാണിച്ച് നടന്നു. ഒരു 150 മീറ്റര്‍ മാത്രമേ എന്റെ ഫ്ലാറ്റിലേക്കുള്ളൂ. രണ്ടുപേരുടെയും നടുക്കായി കേരളത്തെക്കുറിച്ചും ഒക്കെ വിവരിച്ചുകൊണ്ട് ഞാന്‍ നടന്നു. ഫ്ലാറ്റില്‍ കയറി, അവര്‍ മൊത്തത്തില്‍ ഒന്നു നോക്കി. ഞാന്‍ അവര്‍ ഇരിക്കുമോ കിടക്കുമോ എന്നൊക്കെ ആലോചിച്ച് നിന്നു. റെന്റ് നെഗോഷ്യേറ്റ് ചെയ്യുമോ എന്ന് അവര്‍, ഇല്ല എന്ന് ഞാന്‍. റെന്റ് കൂടുതല്‍ എന്നു പറഞ്ഞ് അവര്‍ പതുക്കെ നടന്നു. എല്ലാം പ്രതീക്ഷയും നശിച്ച് ഞാന്‍ ഫ്ലാറ്റില്‍ ഇരുന്നു.
ഒന്നു വലിച്ചേക്കാം എന്നു കരുതി സിഗരറ്റ് നോക്കിയപ്പോള്‍ തീര്‍ന്നിരിക്കുന്നു. അതു വാങ്ങാന്‍ കടയിലേക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ കൂട്ടുകാരികള്‍ ആയിരുന്ന അപ്പുറത്തെ ഫ്ലാറ്റിലെ മാലതിയും ആര്യയും എന്നെ നോക്കി പുച്ഛത്തോടെ ഒരു ആക്കിയ ചിരി.
ഞാന്‍ രണ്ട് റഷ്യാക്കാരികളുടെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്നത് അവര്‍ കണ്ടിരിക്കാം, അവസാനം എല്ലാം തകര്‍ന്നവനെപ്പോലെ അരമണിക്കൂറിനു ശേഷം പുറത്തേക്ക്. ആരാണെങ്കിലും സംശയിക്കില്ലേ? ബിരിയാണി പോയിട്ട് ചോറു പോലും ഉണ്ടിട്ട് ആഴ്ചകളായി, വയറു നിറച്ചു വലിച്ചു കേറ്റിയിട്ട് അവശനായി റെഡ് ബുള്‍ അടിക്കാന്‍ പുറത്തു പോകുവെന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക.
വേറെ നല്ല ജോലി കിട്ടി ഭാര്യയുമായി ഇനിയും ഈ ഫ്ലാറ്റില്‍ തന്നെ താമസിക്കേണ്ടി വരുമോ ആവോ?
മദ്യപാനം- ഒരു കല
>> Sunday, January 24, 2010
അങ്ങനെ നാട്ടില്‍ ചെന്ന ഞാന്‍ വീണ്ടും വീടും പറമ്പും തോടും തോട്ടിലെ വാഴക്കാവരയനേയും ഒക്കെ കണ്ടുനടന്നാല്‍ മാത്രം പോരല്ലോ? ഏറ്റവും വലിയ കലാപരിപാടി എന്നു പറയുന്നത് വിവിധ തരക്കാരായ നമ്മുടെ അഭ്യുദയകാംക്ഷികളുടെ കൂടെയിരുന്നുള്ള മദ്യപാനം ആണ്. സ്വന്തക്കാര്‍, അയല്‍വക്കം, മുതിര്‍ന്ന കൂട്ടുകാര്‍, സമപ്രായക്കാര്‍, ഇളപ്രായക്കാര്‍ എന്നിങ്ങനെ പല സെറ്റുകള്‍. നാട്ടില്‍ ചെന്നാല്‍ കള്ളുകുടിച്ചാല്‍ എന്താന്നറിയില്ല പൂസാകാന്‍ വലിയ പ്രയാസം. അവിടുള്ളവര്‍ അങ്ങനെ നല്ല അന്തസ്സുള്ള ഒരു കുടിയനായി എന്നെ പ്രമോട്ട് ചെയ്തു.
അങ്ങനെ എന്റെ ഇളപ്രായക്കാരെങ്കിലും സാറന്മാരും ഡാഷന്മാരും പ്രത്യുത സമൂഹത്തില്‍ അറിയപ്പെടുന്നവരുമായ പാലാസാര്‍, പ്രിയന്‍സാര്‍, ശാന്തന്‍ എന്നിവരുടെ കൂടെയുള്ള കൂടലിനായി പദ്ധതിയിട്ടു. ആര്‍ക്കും സ്കോച്ചിനോട് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും നമ്മള്‍ വരുമ്പോള്‍ അതൊരു ചടങ്ങാണല്ലോ. വീട്ടിലിരുന്നു മദ്യപിച്ചാല്‍ പെമ്പ്രന്നോര്‍മാര്‍ടെ ഗുണങ്ങളും ഒതുക്കത്തില്‍ ദോഷങ്ങളും പറയാന്‍ പറ്റില്ലല്ലോ.
അങ്ങനെ പാലായിലെ ഒരു ബാറിന്റെ ഓണറിനെ വിളിച്ച് പാലാസാര്‍ ഒരു ഏ സി റൂം ഏര്‍പ്പാട് ചെയ്തു, അവിടെ ഇരുന്ന് ഞങ്ങള്‍ക്ക് സ്കോച്ച് അടിക്കാനുള്ള അനുവാദവും വാങ്ങിച്ചു. മൂന്നാം നിലയിലെ റൂമിലേക്കു കയറിപോയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി ഇതെല്ലാം ഇറങ്ങുന്നതിനെക്കുറിച്ച്. പോകുന്നവഴിക്കുതന്നെ പാലാസാര്‍ വഴിയില്‍ കണ്ട വെയ്റ്ററോട് പറഞ്ഞു “ എടാ ബിജു, ഞങ്ങള്‍ ആ എ സി റൂമില്‍ കാണും നീ വേഗന്ന് അങ്ങോട്ട് വാ” സാറിന്റെ ഓരോ ബന്ധങ്ങളേ എന്നു മനസില്‍ വിചാരിച്ച് ഞാനും
ഞങ്ങള്‍ അവിടെ ചെന്നു, ഒരു മേശയും ആറുകസേരയും ഒരു ബെഡ്ഡും. വാളുവെക്കാനും മറ്റു സൌകര്യങ്ങള്‍ക്കുമായും വാഷ്ബേസനും ബാത്ത്റൂമും. ഗ്ലാസും സോഡായും ഐസുമായി ബിജുവെത്തി. ബീഫ് ഡബിള്‍ ഫ്രൈ, ബട്ടര്‍ ചിക്കന്‍ ഒക്കെ അവര്‍ ഓഡര്‍ ചെയ്തപ്പോള്‍ ഞാന്‍ ഒരു ഊണും മീന്‍ കറിയും പറഞ്ഞു. പതുക്കെ കാര്യപരിപാടികളിലേക്ക് കടന്നു. ഔപചാരികമായി പണ്ടു സിസറും ബീഡിയും വലിച്ചു നടന്നകാലത്തെ ഓര്‍മ്മയില്‍ സിസേര്‍സ് പറഞ്ഞ് അടി തുടങ്ങി.
ഞാന്‍ ഇത്തിരി മുമ്പേ അങ്ങു പോകുവാണേ എന്നു പാലാസാര്‍. എന്താടാ ഭാര്യ പ്രശ്നമാണോ എന്നു ഞാന്‍ ചോദിച്ചു. എടാ പൊട്ടാ അതെല്ലെടാ അവന്‍ വലി നിര്‍ത്തിയില്ലേ, ഇപ്പോള്‍ മുറുക്കല്ലേ അവന്റെ ശീലം. അപ്പോള്‍ അവന്‍ മുറുക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ നമ്മള്‍ അവനെ ഓവര്‍ടേക്ക് ചെയ്യുന്നകാരണം അവന്‍ ആദ്യം ഇത്തിരി മുമ്പേ പോയി അവിടെ നില്‍ക്കും. കല്യാണത്തിനൊക്കെ വീഡിയോ വണ്ടിക്കാര്‍ പോകുന്നപോലെ. ബാറില്‍ കയറുന്നതിനു മുമ്പ് മൂന്നുമുറുക്കനെങ്കിലും പാലാസാര്‍ വാങ്ങിച്ചിരിക്കും. എന്തായാലും ലാര്‍ജ് മൂന്നെണ്ണം പടപടാ എന്നു പിടിച്ചു, പാലാസാര്‍ അഞ്ചും. പാലാസാര്‍ ബാത്ത് റൂമില്‍ ചെന്ന് ബക്കറ്റില്‍ പകുതി വെള്ളം നിറച്ചു കസേരയുടെ അടുത്തു വെച്ചു. പതുക്കെ മുറുക്കു തുടങ്ങി, തുപ്പല്‍ ബക്കറ്റിലേക്കും. പൊതുവേ മടിയുടെ കാര്യത്തില്‍ വളരെ പുരോഗമിച്ചിരുന്ന ഞങ്ങളുടെ പ്രതീകമായിരുന്നു സാര്‍. എണീറ്റുപോയി തുപ്പാന്‍ അവന്റെ പട്ടി പോകും. അവസാനം ബക്കറ്റില്‍ ഇത്തിരി വെള്ളമൊഴിച്ചിട്ടാല്‍ മതിയല്ലോ. മുറുക്കുന്നത് വായ്ക്കും പല്ലിനും നല്ലതാണെന്നാണ് ആയുര്‍വെദത്തില്‍ പറയുന്നതത്രേ. മുറുക്കുന്നതിനാല്‍ സാറിന്റെ വായും ശുദ്ധം, നന്നായി കഴുകാത്തതിനാല്‍ പിന്നീട് ആ ബക്കറ്റ് ഉപയോഗിക്കുന്നവരുടെ പലസ്ഥലങ്ങളും ശുദ്ധം.
ഭക്ഷണവുമായി ബെയറര്‍ ബിജുവെത്തി. ശാന്തന്‍ ആദ്യമേതന്നെ അവനൊരെണ്ണം ഊറ്റിക്കൊടുത്തു. പണ്ടൊക്കെ ഹോട്ടലിലോ ബാറിലോ കയറിയാല്‍ ഗ്ലാസും പ്ലേറ്റുമൊക്കെ രണ്ടാമതു കഴുകിക്കുക, സപ്ലെയേര്‍സിനോട് ജാഡയില്‍ സംസാരിക്കുക എന്നതൊക്കെ അവന്റെ സ്റ്റൈല്‍ ആയിരുന്നു. പിന്നീട് അവന്റെ അനിയന്‍ ഹോട്ടല്‍ മാനേജുമെന്റിനു പോയതില്‍ പിന്നെ അവന്റെ പെരുമാറ്റമേ മാറിപ്പോയി. അവരോടുള്ള ബഹുമാനംകൊണ്ടൊന്നുമല്ല, ഇത്തരക്കാര്‍ക്കിട്ടു കൊടുക്കുന്ന പണി ശാന്തനു മനസിലായത് അപ്പോളാണ്. തുപ്പിയിട്ടും എച്ചിലിട്ടും മറ്റുപലതരത്തിലും അവരുടെ പ്രതികാരത്തിന്റെ കഥകള്‍ കേട്ടപ്പോള്‍ ശാന്തന്‍ വിനയാന്വിതനായി, അത്രയേ ഉള്ളൂ.
ഗ്ലാസുകള്‍ കാലിയായിക്കൊണ്ടേ ഇരുന്നു,സ്കോച്ചു തീര്‍ന്ന് നാടന്‍ സ്കോച്ചും എത്തി. അതാ പ്രിയന് ഭാര്യയുടെ ഫോണ്‍, മച്ചാന്‍ നുണയുടെ ആദ്യ വെടി പൊട്ടിച്ചു, ഞങ്ങള്‍ ചോറുണ്ണാന്‍ വേണ്ടി പോകാന്‍ തുടങ്ങുന്നു എന്ന്.സത്യമാ, അവന്‍ ചോറുണ്ടില്ല. എല്ലാവരും ഭാര്യമാരോട് നുണപറഞ്ഞിട്ടേ മദ്യപിക്കാന്‍ എത്തൂ. ഇന്നു പിന്നെ പ്രിയന്‍ പറഞ്ഞു എന്നെ കാണാന്‍ വരുന്നകാര്യം. അതിനാല്‍ ഉച്ചക്കുതന്നെ കള്ളടി തുടങ്ങിയോ എന്നറിയാന്‍ ഭാര്യ വിളിച്ചതാ.
കല്യാണം കഴിക്കുന്നതിനു മുമ്പ് കള്ളടിച്ചാല്‍ എപ്പോളെങ്കിലും പെണ്ണുങ്ങളുടെ കാര്യത്തിലെത്തും സംസാരം. പിന്നെ കുളിരണിയിക്കുന്ന സങ്കല്പങ്ങളും ഒക്കെയായി സുഖമുള്ള വര്‍ത്തമാനങ്ങള്‍. ഇന്നിപ്പോള്‍ ഭാര്യമാരെ ഇടക്ക് അവരുടെ വീട്ടിലയക്കാന്‍ കാരണം നോക്കിയിരിക്കുകയാണ് എല്ലാവരും. ചക്കയും മാങ്ങയും പഴുക്കുന്ന വരെയല്ലേ സുഖമുള്ളൂ, പഴുത്തുപോയാല്‍.. അല്ലെങ്കില്‍ ചീഞ്ഞാല്‍ പിന്നെ...? പൂക്കുകയും കായ്ക്കുകയും ചെയ്തതിനു ശേഷം ചക്കക്കുരുവും മാങ്ങാണ്ടിയും വരെ പാകിയില്ലെ എല്ലാവരും.
അവനവന്റെ വീരഗാഥകളും കിടപ്പറയിലെ അങ്കം വെട്ടലുകളും മറ്റും റസൂല്‍ പൂക്കുട്ടിയുടെ സൌണ്ട് എഫക്ടില്‍ വിവരിച്ചു എല്ലാവനും. ആരാ മോശം, ഒരാള്‍ വാള്‍ പയറ്റിന്റെ കാര്യം പറഞ്ഞാല്‍ മറ്റവന്‍ കുന്തമേറ്, അടുത്തവന്‍ ദ്വന്തയുദ്ധം. പക്ഷെ എല്ലാവരും യുദ്ധത്തില്‍ ജയിച്ച് തോറ്റവരോട് കരുണയുള്ളവരാകും. ഒരു കാര്യം മനസിലായി, ഒരൊറ്റയാളിന്റെ വീട്ടില്‍ചെന്ന് ഭാര്യയോട് ഗ്ലാസും വെള്ളവും എടുക്കാന്‍ പറയാന്‍ പറ്റില്ല എന്ന്.
വീണ്ടും ഓരോരോ ഫോണ്‍ വിളികള്‍ വരുന്നു, ചിലതു വരുമ്പോള്‍ പുറത്തുപോയി സംസാരിക്കുന്നു, ഇനി ഫോണില്‍ കൂടി മറ്റുള്ളവരുടെ മണമെങ്ങാനും അവിടെ ചെന്നാലോ എന്ന് പേടിച്ചിട്ടായിരിക്കും. അല്ലേലും അവനവന്റെ വായിലെ നാറ്റം ആര്‍ക്കറിയാം. എന്തായാലും കള്ളുകുടിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഇത്തിരി രക്തസമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരും ഒരു തുള്ളിപോലും കുറച്ചിട്ടില്ലെന്നും മനസിലായി.
എന്നിലെ എം എസ് ഡബ്യൂ കാരന്‍ ഉണര്‍ന്നു. ഞാന്‍ പതുക്കെ കൌണ്‍സലിങ് ആരംഭിച്ചു. ഒരു സാറിനെ ടാര്‍ജറ്റ് ചെയ്തു നീങ്ങിയപ്പോള്‍ തന്നെ മറ്റുള്ളവരും കൂടെ വന്നു. എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച ആവശ്യമാണെന്നും മനസിലായി. ഭാര്യയുടെ സുന്ദരമുഖം മാത്രം വിവരിച്ചിരുന്ന എല്ലാവര്‍ക്കും അവരുടെ അത്ര സുന്ദരമല്ലാത്ത മുഖത്തെപറ്റിയും പറയേണ്ടി വന്നു. പണ്ടത്തെക്കാലമൊന്നും അല്ലല്ലോ എന്ന ആശ്വാസവും. വെറുതെ അടുക്കളപ്പണിയും നോക്കി നടന്ന പണ്ടത്തെക്കാലത്തായിരുന്നേല്‍ നമ്മള്‍ കൊടുക്കുന്ന ചവിട്ടും വാങ്ങി മിണ്ടാതെ അവിടെ കിടന്നേനെ. കുതിരക്കു കൊമ്പ് കൊടുത്തുപോയില്ലേ, ഇനി പറഞ്ഞിട്ടെന്തു കാര്യം.
അവസാനം കാര്യം മനസിലായി. കൂട്ടുകാരന്റെ അപ്പനു ആശുപത്രിയില്‍ കൂട്ടിരിക്കാന്‍, അവന്റെ വണ്ടിയുടെ ആക്സില്‍ ഒടിഞ്ഞത് നന്നാക്കാന്‍, അല്ലേല്‍ സഹപ്രവര്‍ത്തകന്റെ അമ്മായിപ്പന്റെ സ്വന്തക്കാരന്റെ മരണവീട് സന്ദര്‍ശനം എന്നിങ്ങനെ താമസിക്കുന്നതിനു കാരണം പലത്. കള്ളുകുടിയെക്കുറിച്ച് അക്ഷരം മിണ്ടില്ല. ഭാര്യ ഉറങ്ങിക്കഴിയുമ്പോള്‍ വന്നു പതുക്കെ കിടന്നാല്‍ അവര്‍ അറിയില്ലെന്നാ വിചാരം. നല്ല പൂസായാല്‍ ഭാര്യയുടെ അടുത്തു കിടക്കുമ്പോള്‍ എല്ലാവര്‍ക്കും ചെറുതായി എങ്കിലും തണുക്കും, അല്ലേലും കള്ളുകുടിച്ചാല്‍ പിന്നെ ഇടക്കിടക്കു മൂത്രമൊഴിക്കാന്‍ തോന്നും. ക്രമേണ അടച്ചു വെച്ച വാ തുറക്കും, തുറന്നു പോകും. അപ്പോ ശശി ആരായി? അല്ലെങ്കില്‍ തന്നെ കറണ്ടുപോയി ശരീരം വിയര്‍ക്കുമ്പോള്‍ മണം വരും. ഇതൊന്നുമല്ലേല്‍ രാവിലെ ഒരു വായിക്കോട്ടാ വിട്ടാല്‍ പൊളിയുന്ന
നുണയല്ലേ ഇതൊക്കെ?
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ക്കാതെ, അല്ലെങ്കില്‍ കള്ളി വെളിച്ചത്താകാനുള്ള സാധ്യതകളെക്കുറിച്ചോര്‍ക്കാതെ നുണകള്‍ പറയുന്നതാണ് പ്രശ്നം. ഇങ്ങനെയുള്ള പൊളിയുന്ന നുണകള്‍ പറയാതെ കള്ളുകുടിക്കനുള്ള കാരണം നല്ല ഒരു നുണയായി നമ്മള്‍ തന്ത്രപരമായി ഉണ്ടാക്കണം. ഉദാഹരണത്തിന് കൂട്ടുകാരന്റെ ഭാര്യയുയുടെ വഴക്കും അവന്റെ സങ്കടവും കേള്‍ക്കാന്‍, അതിന്റെ പ്രശ്നം തീര്‍ക്കാന്‍ അവന്റെ കൂടെ ഒരെണ്ണം അടിക്കേണ്ടി വന്നു. വേറൊരു പെണ്ണിന്റെ കുറ്റമല്ലേ, ഏതു പെണ്ണിനും ഇഷ്ടപ്പെടും. മാത്രവുമല്ല, ഒരെണ്ണം ഒക്കെ അടിക്കുന്നത് വലിയ തെറ്റായി അവര്‍ക്കു കാണാന്‍ പറ്റില്ല. ഇല്ലെങ്കില്‍ സമൂഹത്തിലെ ഏതെങ്കിലും ഉന്നതന്റെ,അല്ലെങ്കില്‍ സിനിമാ നടന്റെ ഒക്കെ കൂടെ ഇരുന്നപ്പോള്‍ കമ്പനിക്ക് രണ്ടെണ്ണം അടിക്കാതിരിക്കാന്‍ പറ്റിയില്ല എന്ന മാതിരിയുള്ള നുണകള്‍ വേണം തട്ടി വിടാന്‍. അവര്‍ക്കും എവിടേലും പോയി രണ്ട് ഗുണ്ടടിക്കാനുള്ള പ്രജോദനം നല്‍കേണ്ടേ? എനിക്കു മദ്യം വേണ്ടെന്നുണ്ടായിരുന്നു, പക്ഷെ നിര്‍ബന്ധിതനായി പോയി എന്നൊക്കെ വേണം തട്ടിവിടാന്‍. എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ അടിക്കാതെ ഊരിപ്പോരാം എന്നതിനു അവരുടെ ഉപദേശം കൂടി ചോദിക്കുവാനെങ്കില്‍ അവര്‍ക്ക് ഒത്തിരി സന്തോഷം ആകും. മാത്രവുമല്ല അവരുടെ ചിന്ത ഏതു
ലൈന്‍ ആണെന്ന് അറിയുകയും ചെയ്യാം. നല്ല പൂസായെങ്കില്‍ പറയണം ഇന്നു മൂന്നെണ്ണം അടിക്കാന്‍ മോഹന്‍ ലാല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അടിച്ചു പോയെന്ന്. നല്ല വായനാശീലം ഉള്ള പെണ്ണുങ്ങളാണേല്‍ മാറ്റാരുടെയെങ്കിലും പേരാ നല്ലത്. എന്തായാലും മൂന്നു ലാര്‍ജില്‍ കൂടുതല്‍ ഒരിക്കലും പറയരുത്.
അതെങ്ങനാ, വലിയ വീരവാദം ഒക്കെ അടിച്ച് ആദ്യം പെമ്പ്രന്നോരോട് പറയും ഞാന്‍ ഒരു ഫുള്‍ അടിച്ചാലും പയറുപോലെ നില്‍ക്കും എന്ന്. എന്നിട്ട് നാലുകാലില്‍ വരുമ്പോള്‍ ഭാര്യ വിചാരിക്കും ഇന്നൊരു നാലു ഫുള്‍ എങ്കിലും അടിച്ചു കാണും എന്ന്. കാശ്, കരള്, മാനം മുതലായ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏതു ഭാര്യക്കാ സഹിക്കുന്നത്?
അതു കൊണ്ട് രണ്ടോ മൂന്നോ അടിച്ചാല്‍ പൂസാകും എന്നു മാത്രമേ പറയാവൂ. രണ്ടാണോ മൂന്നാണോ അതോ പത്താണോ നമ്മള്‍ അടിച്ചത് എന്ന് അളന്നു നോക്കാനുള്ള യന്ത്രമൊന്നുമില്ലല്ലോ അവരുടെ കയ്യില്‍?
എല്ലാവരും ചിന്തിച്ചു, എത്ര വാസ്തവമായ കാര്യങ്ങള്‍! എന്റെ ബുദ്ധിയില്‍ അവര്‍ അത്ഭുതപ്പെട്ടു, ദുബായിയില്‍ പോയാല്‍ ബുദ്ധിവരുമെന്ന് അവര്‍ക്കും മനസിലായി. പാക്കിസ്താന്റെ കയ്യിലെ അണുബോംബിനെക്കുറിച്ചും, സക്കറിയാ പിണറായി വിവാദത്തെക്കുറിച്ചും ഒക്കെ ചിന്തിച്ചു നടന്ന സമയത്ത് സ്വന്തം കാര്യം ചിന്തിക്കാതെ നടന്നതിന്റെ അല്ലെങ്കില്‍ അതിനായി ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലം, ഞാന്‍ കത്തിക്കയറി.
അവസാനം എനിക്കും വന്നു ഒരു കോള്‍, ഭാര്യയാണ്. ഞാനും പുറത്തേക്കിറങ്ങി, ഇന്നു എത്തുവോ എന്നാണ് അവള്‍ക്കറിയേണ്ടത്. അവന്മാര്‍ക്കു തോന്നിക്കാണും ഇത്ര വിദ്വാനായ ഞാന്‍ എന്തിനാ പുറത്തോട്ട് പോയത് എന്ന്. ങാ ... പഴയ നമ്പറുകള്‍ ഒന്നും ഇപ്പോള്‍ ഏക്കുന്നില്ല, ഇവന്മാരോട് ഉപദേശിച്ച സമയത്ത് സ്വയം നിലനില്‍ക്കാനുള്ള ഒരു നുണ കണ്ടുപിടിച്ചായിരുന്നെങ്കില്‍!!!
