ഞാനൊരു പാവം പാലാക്കാരന്‍

ഫാദേർസ് ഡേ

>> Wednesday, June 24, 2015

അതിരാവിലെ ഉറക്കം മുടക്കികൊണ്ട് മക്കളുടെ വിളി. കണ്‍പോളകളിൽ വിങ്ങി നിന്ന ക്ഷീണം തുടച്ചു മാറ്റി എന്താടാ പിള്ളേരെ പെലെകാലെ എന്ന് ചോദിച്ചപ്പോൾ സ്കൂൾ യുണിഫോര്മിൽ നിന്ന മൂത്ത രണ്ടുമക്കളും, നഗ്ന ഫൊർമിൽ നിന്ന മൂന്നാമനും ഒന്നിച്ചു പറഞ്ഞു "ഹാപ്പി ഫാദേർസ് ഡേ"!

കിടക്കാൻ നേരം കുടിച്ച വെള്ളം ഉപയോഗശേഷം മിച്ചം വന്നത് ശാരീരിക പ്രക്രിയയിലൂടെ പുറത്ത് കളഞ്ഞതിന് ശേഷം പതിയെ പോയി ചാരുകസേരയിൽ ഇരുന്നു. കൊളസ്ട്രോളും ശരീരത്തിലെ വിഷാംശങ്ങളും മാറ്റാൻ പാലിൽ മഞ്ഞൾ കലക്കി ഒരു ബെഡ് കോഫിയായി ഭാര്യ കൊണ്ട് വന്നു, അത് ചൂടോടെ കുടിച്ചു. മഞ്ഞളും കുന്തിരക്കവും ഡറ്റോളുമൊക്കെ ശരീരത്തിന്റെ മാലിന്യം അല്ലെ അകറ്റൂ, മനസിന്റെ എങ്ങനെ മാറുമോ ആവൊ? അതും മോന്തിക്കൊണ്ടിരിക്കവേ ഭാര്യ പറഞ്ഞു, ഫാദേർസ് ഡേ ആയിട്ട് ഞാൻ നിങ്ങളുടെയും മക്കളുടെയും ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. ഇതല്ല ഇതിന്റെ അപ്പുറം ചെയ്താലും ഇവളുടെ പിറന്നാൾ ഞാൻ ഓർക്കത്തില്ല, പാവം അതൊണ്ടോ അറിയുന്നൂ.

അങ്ങനെ പതുക്കെ ചിന്തകൾ പുറകോട്ടു പോയി. എന്റെ പിതാവിനെ കുറിച്ച് ഞാനും ഓർത്തു. ആയുർവേദ ചികിത്സയും കാര്യങ്ങളും ഒക്കെ നിർത്തി നാട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. ഇപ്പോളാണെങ്കിൽ സകല മുറിവൈദ്യന്മാരും യോഗഗുരുക്കളും ജ്യോതിഷക്കാരും എല്ലാം മനുഷ്യരെ പറ്റിക്കാൻ നടക്കുന്ന സമയത്ത് അദ്ദേഹം ചികിത്സയും ഒക്കെ നിർത്തി ഇത്തിരി കൃഷിയും കൂട്ടുകാരുമായി ജീവിക്കുന്നു. കൂട്ടുകാർക്കു മാത്രം വാത പിത്ത കഫ ശമനത്തിനുള്ള മരുന്നുകളും ചെറിയ മദ്യപാന ചീട്ടുകളി ചുറ്റുവട്ടങ്ങളുമായി കഴിഞ്ഞു കൂടുന്നു. അല്ല, മക്കളൊക്കെ വലിയ നിലയിൽ എത്തി, ഇനി ബാക്കിയുള്ള ജീവിതം ഇത്തിരി ആഘോഷിച്ചു ജീവിക്കാമല്ലോ.

ഇടക്കിത്തിരി ആഘോഷം കൂടാറുമുണ്ട്. സൈഡ് കൊടുക്കാത്ത അയ്യപ്പൻ വണ്ടി തടഞ്ഞു നിർത്തി ചീത്ത പറഞ്ഞപ്പോൾ, പഴയ കാലം മാറിയത് ചാച്ച ഓർത്തില്ല. കൂട്ടത്തിൽ ഉള്ള രാഘവനും പിള്ളേച്ചനും ഇടപെട്ടില്ലേൽ അവിടെ ഒരു വർഗ്ഗീയ ലഹള നടന്നേനെ. പിന്നെ ഒരിക്കൽ ഒതുക്കത്തിൽ വാറ്റിയത് ഒരുത്തൻ ഒറ്റിയപ്പോൾ, പോലീസ് വന്നപ്പോൾ,  ചാച്ചയുടെ പ്രമാദമായ ഈഗോ മറന്നു രക്ഷപെടാൻ പഴയ സതീർത്യൻ മന്ത്രിയെ വിളിക്കേണ്ടാതായും വന്നു. ചാച്ചയുടെ കൂട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും, ഇടയ്ക്കു പിണങ്ങി നടക്കും, അങ്ങോട്ടും ഇങ്ങോട്ടും മതത്തെയും കുറ്റം പറയും. പക്ഷെ എല്ലാത്തിനും ഒരു അതിര് ഉണ്ടായിരുന്നു, നല്ല സ്നേഹവും. മക്കളും കൊച്ചുമക്കളും ഒക്കെ വർഗ്ഗീയമായെങ്കിലും ഇവർ ഒന്നിച്ചിരുന്നു ചീട്ടുകളിക്കും, കള്ളു കുടിക്കും, ഷാപ്പിൽ നിന്നും കപ്പയും വാലാട്ടിയും കഴിക്കും, ലോകത്തെ മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യും. അങ്ങനെ എത്ര കഥകൾ.... പ്രായമാവുംപോൾ മനുഷ്യർ കുട്ടികളെപോലെയാകും എന്നുള്ളത് എത്ര ശരിയാണ്. ജോലിയും പ്രാരാരാബ്ദവും ഒക്കെയായി നടന്ന കാലങ്ങൾ കഴിഞ്ഞു, അവരിൽ മിച്ചമുള്ളവർ ഒക്കെ ഇപ്പോൾ വീണ്ടും കുട്ടിക്കളികളുമായി നടക്കുന്നു....

എന്തായാലും ഫോണ്‍ എടുത്തു, ഒന്ന് വിളിച്ചു. അപ്പുറത്ത് നിന്നും ഘനഗംഭീര ശബ്ദം, "എന്താടാ രാവിലെ?"
വാഴക്കാവരയൻ - "ഓ ചുമ്മാ വിളിച്ചതാ, എന്നാ ഉണ്ട്‌ ചാച്ചെ വിശേഷം ഒക്കെ?"
ചാച്ച - "ഇവിടെ ഇപ്പൊ ഇനി എന്നാ വിശേഷിക്കാനാ, നിനക്കെന്നാ ഉണ്ട്? വിശേഷം എന്തെങ്കിലും?"
വാഴക്കാവരയൻ - " ഹേയ് അങ്ങനെ ഒന്നും ഇല്ല.. മക്കൾ ഒരു ഫാദേർസ് ഡേ പറയണം എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചതാ.." (ആത്മഗതം - എനിക്കിട്ടു വിശേഷത്തിന്റെ കാര്യം പറഞ്ഞു ഒരുപണി ഇടക്കൊക്കെ ഉള്ളതാ, അപ്പനാനെങ്കിലും കുടുംബപരമായി ആ കാര്യത്തിൽ മിടുക്കരാ.. അത് തന്നെ എന്റെ ഭാര്യയും എന്നോട് പറയാറുണ്ട്‌.)

പിന്നെ മക്കൾ ഓരോരുത്തരായി ചാച്ചയോടു മിണ്ടി, ചാച്ചയുടെ പേരുകാരൻ മൂത്ത പുത്രൻ ആണെങ്കിലും പുള്ളിക്ക് ഇത്തിരി പ്രിയം ഏറ്റവും പോക്രി ആയ പാപ്പിയോടാണ്. അവൻ പുതുതായി പഠിച്ച "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല" എന്ന പാട്ടൊക്കെ പാടി കേൾപ്പിച്ചു. കൂട്ടത്തിൽ ഇത്തിരി സെന്റി ആയ മൂത്തവൻ ചാച്ചയോടു പറഞ്ഞു അവനൊന്നു കാണണം, സ്കൈപിൽ വരാമൊ എന്ന്.

അങ്ങനെ സ്കൈപിൽ പിള്ളേരും വല്യപ്പനും പരസ്പരം കത്തിവെക്കുന്നത്‌ ഒരു നിർവൃതിയോടെ ഞാൻ മാറിയിരുന്നു കണ്ടു. അത്യാവശ്യം കഷണ്ടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു, ചാച്ച താടിയൊക്കെ വളർത്തിയിട്ടുണ്ട്. കുടുംബത്തിൽ അവരുടെ തലമുറയിൽ വേറെ ആരും തന്നെ താടിയൊന്നും വെച്ചു നടക്കുന്നില്ല, ഞാൻ ഓര്മ്മ വെച്ച കാലം മുതൽ അവർക്കൊക്കെ ഒരേ രൂപം. വയസായപ്പോൾ എല്ലാർക്കും ഇത്തിരി ചുളുവും വളവും ഒക്കെ വന്നെന്നു മാത്രം. 

വെറുതെ പഴയ കാര്യങ്ങൾ ഒക്കെഓർക്കാൻ ശ്രമിച്ചു. എന്റെ മക്കളുടെ പ്രായത്തിൽ ഞാനും ചാച്ചയും എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു.  പഴയ ഓർമ്മകൾക്ക് അത്ര നിറം പോരാ... എങ്കിലും കുറേയുണ്ട്... സപ്പോട്ടയുടെ തണലിൽ ഇരുന്നു പശുക്കിടാവിനെ കുറിച്ച് പറഞ്ഞത്, ലൂവിയിൽ കയറിയതിനു അടി വെച്ച് തന്നത്, എനിമാ വെച്ച് മുറ്റത്തെ മണലിൽ ഇരുന്നത്, കാലിലെ ചൊറി കഥയൊക്കെ പറഞ്ഞു പതുക്കെ ഇഞ്ച വെച്ചു തുടച്ചു കഴുകിയത്, മൂക്കിപോടി തന്നു തുമ്മിച്ചത്, സൈക്കിളിൽ ഇരുത്തി പള്ളിയിൽ കൊണ്ട് പോയത്, പറയെഴുന്നള്ളിപ്പിനു ആനക്ക് പഴം കൊടുത്തത്, മാങ്ങാ പൂളി തന്നത്, തൊട്ടു നക്കി കൂട്ടി ചൂട് ചോറ് വാരി തന്നത്.....

ഓർമ്മകൾ അയവിറക്കി ഇരുന്നു പതുക്കെ ക്ലോക്കിലേക്ക് നോക്കിയപ്പോളാണ് സമയം പോയതറിഞ്ഞത്. മതിയെടാ പിള്ളേരെ കത്തി, ഫോണ്‍ താടാ എന്ന് പറഞ്ഞു ഫോണ്‍ വാങ്ങി. ചാച്ചയോടു പറഞ്ഞു " എനിക്ക് ഓഫീസിൽ പോകാറായി, വേറെ എന്നാ ഉണ്ട് വാർത്ത, മഴയൊക്കെ ഉണ്ടോ?"

ചാച്ച - "മഴ ഈ പ്രാവശ്യം കുറവാ, തുരുത്തിയിൽ അടുത്ത കൃഷിക്ക് പണി ആകും എന്നാ തോന്നുന്നത്"

വാഴക്കാവരയൻ - " ഇനി ഈ വയസാൻ കാലത്ത് കൃഷി ഒക്കെ നിർത്തിക്കൂടെ, വെറുതെ പണിക്കാരേം ചീത്ത പറഞ്ഞു വേറെ പണി ഒന്നും ഇല്ലേ?"

ചാച്ച - "എടാ ഡാഷേ... ചാകുന്ന വരെ ഇത്തിരി നെല്ലുകുത്തരീം കൊണ്ടുള്ള കഞ്ഞി കുടിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടാണ്. നിനെക്ക് വേണ്ടേൽ നീ തിന്നണ്ട, ഞാൻ പണിയുന്നതിനു നിനക്കെന്താ ചേതം?"

വാഴക്കാവരയൻ - "എന്നാ എന്തേലും ചെയ്തോയോ.. നമ്മളൊന്നും പറയുന്നില്ലേ. ഇനി അതിലേം ഇതിലേം നടന്ന് എന്തേലും ഉണ്ടാക്കി വെച്ചോ, അറ്റാക്ക് രണ്ടെണ്ണം കഴിഞ്ഞതാ.."

ചാച്ച - " പോടാ കോപ്പേ... നിന്റെ പ്രായത്തിൽ മൂന്നാമത്തെ അറ്റാക്കും കഴിഞ്ഞു ഒരു മരണവും കഴിഞ്ഞതാ ഞാൻ "

എന്റെ കണ്ണിൽ ഇരുട്ട് കയറി. കഷണ്ടിയും താടിയുമുള്ള, നരച്ച രോമങ്ങളുള്ള ചാച്ചയുടെ രൂപം മാറി ചെറുപ്പമായി വരുന്നു. അരിഷ്ടത്തിന്റെയും കുറുംതോട്ടിയുടെയും പനാമയുടെയും ഒക്കെ ഗന്ധം അന്തരീക്ഷത്തിൽ ഒഴുകി വരുന്നു.  

കണ്ണ് തുറന്നു... കലണ്ടറിൽ തീയതി നോക്കി, ജൂണ്‍ 21 കഴിഞ്ഞു പോയി, ഇന്ന് ജൂണ്‍ 24. ചില ഓർമ്മകൾക്ക് ഇന്ന് 33 വയസ്. 











                        എന്റെ ചാച്ചക്കൊപ്പമുള്ള ഒരു ഫോട്ടോ എനിക്കുമുണ്ട്...   ഹാപ്പി ഫാദേർസ് ഡേ
                                                               


Read more...

ഒരു കോഴിക്കഥ

>> Thursday, May 21, 2015


മഴയും മഞ്ഞും മലകളും ഒക്കെ അങ്ങ് വിരഹമായി (സാദാരണ മറുനാടൻ മലയാളികളുടെ ജാട നൊസ്റ്റാൽജിയ) മനസ്സിൽ വിങ്ങിനിന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി നാട്ടിൽ പോകേണ്ടി വന്നത്. രാവിലെ കൊച്ചിയിൽ ഇറങ്ങി, വീട്ടിൽ ചെന്നു, അമ്മ വിളംപിത്തന്ന ചോറും, പാവക്കാതോരനും, ചക്കച്ചുള വറത്തതും, മോര് കാച്ചിയതും (വീണ്ടും നൊസ്റ്റി ) ഒക്കെ കൂട്ടി മൃഷ്ടാഞ്ഞ ഭോജനം അടിച്ചു മയങ്ങി എണീറ്റപ്പോൾ മാനം മൂടിക്കെട്ടി നിൽക്കുന്നു. മൂടിയ മാനത്തിന്റെ മനം പിരട്ടൽ തീരത്ത് പിന്നെയൊരു പെയ്തായിരുന്നു. തുള്ളിക്കൊരു കുടം അല്ലെങ്കിൽ കുളം കണക്കേ, ക്ലാരയെയും മഴനനഞ്ഞ എല്ലാ സുന്ദരികളെയും സ്മൃതി പടലത്തിൽ നിരത്തിക്കൊണ്ട്‌. പിന്നെ താമസിച്ചില്ല, നേരെ ജീപ്പെടുത്തു, വാഗമണ്ണിലേക്ക് വെച്ചു പിടിപ്പിച്ചു.

കുരിശുമല ആശ്രമവും, മൊട്ടക്കുന്നും പൈൻ മരക്കാടും ഒക്കെ സ്ഥിരം സ്ഥലങ്ങളായതുകൊണ്ട് പോകുന്ന വഴിക്ക് വെറുതെ ഇതുവരെ കാണാത്ത ഇലവീഴാപൂഞ്ചിറ ഒന്ന് കണ്ടാലോ എന്ന് തോന്നി. ഒട്ടും അമാന്തിച്ചില്ല, അങ്ങ് പോയി. വഴി ചോദിക്കവേ ഒരു ചേട്ടൻ മുന്നറിയിപ്പ് തന്നു, ഇടിയും മിന്നലും കൂടുതൽ ഉള്ള സ്ഥലം ആണ്, സൂക്ഷിക്കണം. ഇടിയും ഇരുട്ടും, മിന്നലും മൃഗങ്ങളും, കള്ളനും കുട്ടിച്ചാത്തനും ഒക്കെ എന്നിൽ പേടിയുടെ വലിയ വിറയലുകൾ തീർത്തിരുന്ന കാലം കഴിഞ്ഞു പോയി. കാലിൽ വലിഞ്ഞു കയറിയ തോട്ടപ്പുഴുക്കളെ പറിച്ചെറിഞ്ഞില്ല. ചോരയുടെ ഒഴുക്കിനായി അവ കടിച്ചുതുപ്പിയ വിഷം എന്റെ സന്ധിവേദന മാറ്റാനുള്ള മരുന്നാകട്ടെ എന്ന് കരുതി അവയെ ചോരയീമ്പി കുടിക്കാൻ അനുവദിച്ചു. അങ്ങനെ അവിടത്തെ പാറയിൽ ഇഴഞ്ഞു വലിഞ്ഞു കയറവേ ഒരു വലിയ മിന്നൽ. അതിന്റെ കൂടെയുള്ള ഇടിയുടെ ശബ്ദം കേൾക്കുന്നതിനു മുംപേ ഞാനും തോട്ടപുഴുക്കളും കരിഞ്ഞു കരിക്കട്ടയായി, ആത്മാവ് ഒരു മിന്നൽപിണറായി യമന്റെ അടുത്തു ചെന്നു. 

എല്ലാം പെട്ടെന്നായിരുന്നു, പരലോകത്തെ കൂട്ടലും കിഴിക്കലും കഴിഞ്ഞു, ചെയ്ത കർമ്മഫലത്തിനു അനുസരിച്ച് ഒരു പുനർജന്മവും തന്നു. ഒരു കോഴിയായി വീണ്ടും ഒരു ജനനം. കോഴിയെങ്കിൽ കോഴി, കഴുത്തേൽ പപ്പില്ലാത്ത ഒരു പൂവനായി, കൂട്ടിൽ കയറാതെ ജാതിയിൽ അന്തിയുറങ്ങുന്ന, കുറെയധികം പിടകളെ ഓടിച്ചിട്ട്‌ കൊത്തി കൊത്തി ഒരു വീരനായി വിരാചിക്കുന്ന വിചാരത്തിൽ വിജ്രുംഭിതനായി എന്റെ ആത്മാവ് നേരെ ഭൂമിയിലേക്ക്‌ വെച്ചു പിടിച്ചു.

കുഞ്ഞി ചുണ്ടുകൾ കൊണ്ട് കൊത്തി കൊത്തി ഞാൻ എന്റെ മുട്ടത്തോട് കുത്തി തുറന്നു. തല പുറത്തിട്ടു ചുറ്റും ഒന്ന് നോക്കി. പൊരുന്നയിരിക്കുന്ന തള്ളക്കൊഴിയെയോ ഒന്നും കാണ്മാനില്ല, പകരം നോക്കെത്താ ദൂരത്ത് തോട് പൊട്ടിയതും പൊട്ടുന്നതും പൊട്ടാത്തതും ആയ മുട്ടകൾ മാത്രം. അങ്ങനെ എനിക്ക് മനസ്സിലായി, ഞാൻ ഏതോ കോഴിക്കച്ചവടക്കാരുടെ ഇങ്കുബേറ്ററിൽ ആണ് എന്ന്.

സ്വതവേ എല്ലാ ജന്മത്തിലും മടിയനെങ്കിലും ഒന്ന് നടന്നേക്കാം എന്ന് വിചാരിച്ചു എണീറ്റപ്പോളേ ആരോ വന്നു എന്നെ പിടിച്ചു കൊണ്ട് പോയി. കൊണ്ട് പോയി ഇട്ടതു ഒരു പറ്റം കുഞ്ഞുങ്ങളുടെ ഒപ്പം. പൂവനും പിടയുമായി എന്റെ പ്രായത്തിലുള്ള അനേകം കോഴിക്കുഞ്ഞുങ്ങൾ, എല്ലാം ഒന്നിനൊന്നു സുന്ദരന്മാരും സുന്ദരികളും. ആദ്യം തന്നെ കൊണ്ട് വന്നു എന്തോ മരുന്ന് തന്നു, അസുഖം വരാതിരിക്കാനുള്ള വാക്സിനേഷൻ ആണ് എന്ന് അപ്പുറത്തെ കൂട്ടിലെ ചേച്ചിമാർ പറഞ്ഞു തന്നു. മനുഷേന്മാർക്കും ഇതൊക്കെ ഉള്ളതാണത്രേ. ചേച്ചിമാരുടെ കൂടെ ചേട്ടന്മാരെന്തിയെ ഇല്ലാത്തെ എന്ന് ചോദിച്ചു ഞാൻ. അപ്പോൾകൂട്ടത്തിലെ ഒരു പരട്ട ചേച്ചി പറഞ്ഞു, ഫെമിനിസ്ടുകളാ ഞങ്ങൾ. ഈ പൂവന്മാരുടെ ഓടിച്ചിട്ടുള്ള കൊത്തുവാങ്ങാതെ തന്നെ മൊട്ടയിടാനുള്ള പരിപാടിക്ക് കൊണ്ട് പോകുവാ ഞങ്ങളെ.

ഞാൻ ചിന്താമഗ്ദനായി, കാര്യം മൊട്ടേന്നു വിരിഞ്ഞതെ ഉള്ളെങ്കിലും കൊത്തുന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ. ഒരു റൌണ്ട് നോട്ടം കഴിഞ്ഞു ഏറ്റവും ക്യൂട്ട് ആയുള്ള ഒരു സുന്ദരി കോഴിക്കുഞ്ഞിന്റെ അടുത്ത് ചെന്ന് മുട്ടിയുരുമ്മി, ചിറകുകൾ കൊണ്ട് ഞോണ്ടി, കൊക്കുകൾ കൊണ്ട് ടിംഗ് ടിംഗ് വെച്ച് ഞങ്ങൾ ലൈൻ ആയി. പ്രാരംഭ ലൈനിംഗ് കഴിഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, അപ്പുറത്ത് നിന്ന് ഒരുത്തൻ, ഒറ്റക്കണ്ണടച്ചു, വായും പൊളിച്ചു പിടിച്ചു എന്റെ പിടയെ നോക്കുന്നു. ഡേയ്... എന്നാക്രോശിച്ചു അവനെ ആക്രമിക്കാനോങ്ങിയ എന്നെ കാമുകി പിന്തിരിപ്പിച്ചു. അവൻ ഒരു പാവമാ, ഒറ്റക്കണ്ണേ ഉള്ളൂ ആ പാവത്തിന്, പിന്നെ അവന്റെ വാ അടയുകയേം ഇല്ലത്രെ. അവളെ കാണിക്കാനല്ലെങ്കിൽ പിന്നെ വെറുതെ ഞാനെന്തിനു മേലനങ്ങണം എന്ന് വിചാരിച്ചു ഞാൻ ആ കാര്യം വിടുകയും ചെയ്തു.

അതാ വന്നു കഴിഞ്ഞു ഭക്ഷണവുമായി ജോലിക്കാര്. വായിക്കകത്തോട്ടു ഒരുട്ടി വെച്ച് തന്നു അവർ ഭക്ഷണം, മതി എന്ന് പറഞ്ഞിട്ടും പിന്നേം കുത്തി കേറ്റി ഒരു വായും കൂടെ. കൂട്ടിൽ ചത്തു കിടന്നിരുന്ന പന്ത്രണ്ടു കുഞ്ഞുങ്ങളുടെ കൂടെ ഇടയ്ക്കു എന്റെ പ്രണയത്തെ ഡിസ്റ്റർബ് ചെയ്ത ഒറ്റക്കണ്ണൻ വാ പൊളിയനെ കൂടെ അവർ ഒരു കൊട്ടയിലാക്കി പുറത്ത് വെച്ചു, കളയാനായി. അപ്പോളാണ് കോഴി മുതലാളിയുടെ മകൻ കുഞ്ഞാണ്ടി ഒരു ടെഡ്ഡി ബെയറുമായി അവിടെ വന്നത്. എന്താ മാണിച്ചേട്ടാ ഈ ജീവനുള്ള കുഞ്ഞിനെ കളയുന്നത് എന്ന് ചോദിച്ചു അവൻ. അപ്പോൾ മാണിച്ചേട്ടൻ പറഞ്ഞു അവനു ഒരു കണ്ണും ഇല്ല, പിന്നെ വാ അടയുകേം ഇല്ല. അതുകൊണ്ട് കളഞ്ഞേക്കാം, വളർത്തീട്ടു കാര്യം ഇല്ല. എന്നാപ്പിന്നെ ഞാൻ അവനെ നോക്കട്ടെ എന്ന് പറഞ്ഞു കുഞ്ഞാണ്ടി അവന്റെ ടെഡ്ഡി ബെയർ അവിടെ ഇട്ടേച്ചു ഈ കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയി. ഞാൻ വിചാരിച്ചു, പൊട്ടൻ കുഞ്ഞാണ്ടി! നല്ലൊരു കളിപ്പാട്ടം കളഞ്ഞു ഒരു വിരതൂറി കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയിരിക്കുന്നു. ബുദ്ധിയില്ലാത്തവാനും അംഗവൈകല്യം ഉള്ളവനും ഒന്നും ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് ചാകുന്നതാ. അതല്ലേ മനുഷേന്മാരൊക്കെ സ്കാൻ ചെയ്തു എല്ലാം നോക്കി എല്ലാം തികഞ്ഞ പിള്ളേരെ ഉണ്ടാക്കുന്നത്‌.

ദിവസങ്ങൾ നീങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടു ഒക്കെ നിവർത്തി, ഒന്ന് ചിറകടിച്ചു പറന്നാലോ എന്നാലോചിച്ചു. പറന്നാൽ പിന്നെ ആരുടെ എങ്കിലും മുതുകത്തു ലാന്റു ചെയ്യണം. എന്നാ പിന്നെ കോപ്പു പരിപാടി പിന്നീടാവട്ടെ എന്ന് വെച്ചു, അല്ലാതെ മടിയായിട്ടല്ല. ദാ അപ്പോളേക്കും എത്തി അടുത്ത ഭക്ഷണം. എന്തൊക്കെയോ ഇറച്ചിയും നെയ്യും ഒക്കെ ചേർത്ത സാധനങ്ങൾ. ബർഗറും പിസ്സായും ഒക്കെ ദിവസവും നാല് നേരം കഴിച്ചാൽ എന്ത് തോന്നുവോ അത് പോലെ തോന്നി. എന്നാലും വലിച്ചു കേറ്റി. ശ്വാസവും മുട്ടി, ശർദിക്കാനും വന്നു. ഒന്ന് സമാധാനമായി കാഷ്ടിച്ചിട്ട് എത്ര സമയമായി, ഒരു മാതിരി മുറുകി കൊഴഞ്ഞു ഹോ... പുറകെ വന്നു ജോലിക്കാർ, വണ്ണം കുറവാണെന്നും പറഞ്ഞു ഒരു ഇഞ്ഞെക്ഷനും തന്നു. എന്ത് ചെയ്യാം, കഴിഞ്ഞ ജന്മത്തിൽ സ്വന്തം പിള്ളേരുടെ അണ്ണാക്കിലേക്ക് തള്ളിയതും ഇത് പോലെ തന്നെ അല്ലായിരുന്നോ? അങ്ങനെകുറച്ചു ദിവസം കൊണ്ട് അത്യാവശ്യം എഴുന്നേൽക്കാൻ പറ്റാത്ത വണ്ണം ആയി. അല്ല, ഇനി എഴുന്നെല്ക്ക്കണ്ട ആവശ്യം ഇല്ലല്ലോ. എല്ലാം സമയാസമയത്ത് നടക്കുന്നുണ്ട്. ദൈവത്തിനു പോലും ഇങ്ങനെ ഒക്കെ വല്ലതും നടക്കുമോ ആവോ?

രാവുകൾ പകലുകൾ ഒക്കെ കടന്നു പോകുന്നു. തിന്നുന്നു, കാഷ്ടിക്കുന്നു, ഒരു മാതിരി പുത്തൻ പണക്കാരുടെ വീട്ടിലെ മടിച്ചി തള്ളകളെ പോലെ. ഒന്ന് ചിരകടിക്കുക പോലും വേണ്ട, ഭക്ഷണവും സൌകര്യങ്ങളും എല്ലാം ഉണ്ട്, സുഖം സുന്ദരം. കുഞ്ഞാണ്ടി എടുത്തു വളർത്തിയ ഒറ്റക്കണ്ണൻ മുറ്റത്തു ചികഞ്ഞു നടക്കുന്നു. അവന്റെ വിരതൂറിയ ഭാവം ഒക്കെ മാറി ജാതിയുടെ മൂട് ചികഞ്ഞു വിരയും ചിതലും ഒക്കെ തിന്നു ജീവിക്കുന്നു. ആരോഗ്യദൃഡഗാത്രനായ കഴുത്തേൽ പപ്പില്ലാത്ത അവൻ പിടകളെ ഓടിച്ചിട്ടു കൊത്തുന്നു. തടിയനും മടിയനുമായ ഞാൻ അപ്പുറത്ത് നിൽക്കുന്ന പിടയുടെ അടുത്തു പോലും പോകാൻ വയ്യാതെ ഒറ്റക്കണ്ണന്റെ പ്രകടനം കണ്ടു ഊഞ്ഞാലാടി ഇരിക്കുന്നു.

അവസാനം ഒരു ദിനം, കാറ്റും വെയിലുമേറ്റ് ഒരു കോഴിവണ്ടിയിൽ, തകരകൂടിനകത്ത് കുത്തിനിറച്ചു പൊരിവെയിലിൽ ഒരു യാത്ര. അവസാനം അവശരായ ഞങ്ങളെ തൂക്കിയെടുത്ത് ഏതോ ഒരു കോഴിക്കടയിൽ ഇട്ടു. മനുഷ്യർക്ക്‌ ഭക്ഷിക്കാനായി ഞങ്ങളെ കൊണ്ടുവന്നു ഇട്ടതാണെന്ന് മനസിലായി.

രണ്ടു കോഴി കൂടുകൾ അവിടെ, അതിൽ തിങ്ങി നിറഞ്ഞു കോഴികൾ. പച്ച ചോരയുടെയും, അഴുകിയ കൊടലും പണ്ടത്തിന്റെയും, കോഴിക്കാഷ്ടത്തിന്റെയും പുഴുങ്ങിയ മണം.  ആദ്യമൊക്കെ പിടിക്കാൻ വരുന്ന കശാപ്പുകാരന്റെ കയ്യിൽ പെടാതെ ഓടി മാറി.

കുന്തിരിക്കം പുകക്കുന്ന മുറിയിൽ, അത്തറു പൂശിയ പട്ടു മെത്തയിൽ, സ്വർണ തളികയിൽ പൊന്നുരുക്കി കഴിച്ചവനെങ്കിലും പന്നിക്കൂട്ടിൽ രണ്ടു നാൾ കഴിഞ്ഞാൽ അവന്റെ അറപ്പും മണവും മാറും. ഞാനും പൊരുത്തപ്പെട്ടു. അങ്ങനെ രണ്ടു മൂന്നു ദിനം കഴിഞ്ഞു. ആദ്യമൊക്കെ കടക്കാരാൻ കൂട്ടിൽ കയറുംപോൾ ഓടി മാറിയിരുന്ന ഞാനും മറ്റൊരുവനും അതിനിടയിൽ കൂട്ടായി. ഒരു മൂലയിൽ ഇരുന്നു ഞങ്ങൾ കണ്ണ് തുറന്നു നോക്കിയിരുന്നു. ആളുകൾ വരുന്നു, ഒരു കോഴികളുടെ എണ്ണം പറയുന്നു. കശാപ്പുകാരൻ വലുതോ ചെറുതോ എന്ന് ചോദിക്കുന്നു, കോഴിയെ പിടിക്കുന്നു, കൊന്നു പീസാക്കി പാക്ക് ചെയ്തു കൊടുക്കുന്നു.

അതാ ഒരു തടിയൻ കടയിലേക്ക് വരുന്നു. ഞാൻ നോക്കിയപ്പോൾ എന്റെ കൂടെ എൽ പി സ്കൂളിൽ പഠിച്ച, എന്റെ സുഹൃത്തായിരുന്ന തടിയൻ മഞ്ജിത്ത്. അവൻ ഇപ്പോൾ വലിയ നിലയില ആണെന്ന് തോന്നുന്നു, വലിയ വണ്ടിയിലാ വന്നിരിക്കുന്നെ, വണ്ടിയിൽ ഒത്തിരി കൂട്ടുകാരും കയ്യിൽ ഒരു ഗോൾഡ്‌ ഫ്ലേക്ക് കിങ്ങ്സും ഒക്കെ ഉണ്ട്.  ചേട്ടാ ഒരു രണ്ടു കിലോയുടെ ഒരെണ്ണത്തിനെ എടുത്തോ എന്ന് അവൻ പറഞ്ഞു. കടക്കാരൻ വരുന്നത് ഞങ്ങളുടെ നേരെ ആണെന്ന് കണ്ട ഞാൻ മാറി, പക്ഷെ എന്റെ കൂട്ടുകാരാൻ അവിടെ തന്നെ തലകുനിച്ചു നിന്നു.  ഞാൻ വിഷമത്തോടെ അവനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു.

അരയിൽ നിന്നും കത്തി എടുത്ത കടക്കാരാൻ കൂട്ടിൽ നിന്നും ഇറങ്ങുന്ന വഴിയെ തന്നെ അവന്റെ കഴുത്തിൽ വരഞ്ഞു. ഒരു പ്ലാസ്റിക് വീപ്പയിലേക്ക് അവനെ എറിഞ്ഞു.  തൊണ്ട മുറിഞ്ഞ അവന്റെ ബീഫൽസമായ കരച്ചിൽ, പ്രാണൻ വിടപറയുന്ന പിടച്ചിൽ, വീപ്പയിൽ പ്രകമ്പനം കൊള്ളുന്ന അവന്റെ ചിറകടിയൊച്ചകൾ, എന്റെ പപ്പിൽ വീണ ചുടു ചോരയുടെ പച്ച മണം, ഹോ... ഭീകരം തന്നെ. ജീവൻ മുഴുവനായും ആ ശരീരത്തിൽ നിന്നും പടിയിറങ്ങും മുംപേ അവന്റെ തൊലി പൊളിച്ചു. വലിച്ചെറിഞ്ഞ അവന്റെ അവയവ ഭാഗങ്ങളെന്തോ എന്റെ കാലിൽ  വീണു. അതിന്റെ ചെറു ചൂടും, ചെറിയ തുടിപ്പും എന്നിൽ ഭയാനകമായ ഒരു വികാരവും നിർവികാരതയും നിറച്ചു. അടുത്ത കസ്റ്റമറുടെ ഇരയായി ഞാൻ എന്നെ തന്നെ തീരുമാനിച്ചു.

അതാ രണ്ടു കുട്ടികൾ വരുന്നു, ഞാൻ റെഡിയായിരുന്നു. . ദൈവമേ, എന്റെ മനുഷ്യ ജന്മത്തിലെ കുട്ടികൾ തന്നെ അല്ലെ അത്? അതവർ തന്നെ. വളരെ സന്തോഷത്തോടെ അവർ കടക്കാരനോട് പറഞ്ഞു, അങ്കിളേ, ഒരു കോഴിയെ തരാമോ എന്ന്.

എത്ര കോഴിയെ വേണമെങ്കിലും തരാമെടാ മോനെ എന്ന് പറഞ്ഞു കടക്കാരൻ അകത്തു കയറി. ഞാൻ പുള്ളിയുടെ മുമ്പിലേക്ക് അടുത്ത് നിന്നു. പക്ഷെ എന്നെ തള്ളി മാറ്റി കടക്കാരൻ മറ്റു രണ്ടു കോഴികളെ എടുത്തു, ഇതിൽഏതു വേണം മക്കൾക്ക് എന്ന് ചോദിച്ചു. മൂത്തവാൻ പറഞ്ഞു അങ്കിളിനു ഇഷ്ടമുള്ളത് എടുത്തോളാൻ...

ഇപ്പോൾ ചാകുവാണേൽ സ്വന്തം മക്കളുടെ ശരീരത്തിന്റെ ഭാഗമാകുവാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എവിടെ നിന്നോ ഒരു ഊർജം. പ്രപഞ്ചത്തിന്റെ പരിക്രമണ പ്രകൃയയിൽ ഭാഗമാകുമ്പോൾ സ്വന്തം ചോരയിൽ തന്നെ ഒഴുകാനായി ഒരു ഭാഗ്യം ഉണ്ടായെങ്കിലോ ....  ഞാൻ വർദ്ധിച്ച വീര്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു. അത് കണ്ട എന്റെ രണ്ടാമത്തെ മോൻ കടക്കാരനോട് പറഞ്ഞു. അങ്കിളേ.. ദാണ്ടേ അവനെ പിടിച്ചോ, അവനു ഇത്തിരി അഹങ്കാരം കൂടുതലാ എന്ന്. അത് കേട്ട കടക്കാരാൻ എന്നെ പിടിച്ചു. സന്തോഷത്തോടെ ഞാൻ എന്റെ കുട്ടികളെ നോക്കി കണ്ണടച്ചു.......







Read more...

തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......

>> Saturday, August 9, 2014

കടുംവെട്ടായതിന്റെ ബാക്കിപത്രം എന്ന നിലയില്‍ സ്വയം പുകഴ്ത്തുന്നതാണ് എന്ന് കരുതരുത്, എന്‍റെ സ്വഭാവത്തില്‍ വളരെ നല്ല ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്‍റെ ഒടുക്കത്തെ വിനയം, പിന്നെ ഉറക്കത്തില്‍ പോലുമുള്ള മാന്യമായ, കുലീനമായ പെരുമാറ്റം. എന്റെ അപ്പന്‍ മരിച്ചു പോയില്ലായിരുന്നുവെങ്കില്‍ ഒരു പത്ത് വയസായപ്പോളെ എന്റെ പേര് വല്ല വിനീത് എന്നോ, വിധേയന്‍ എന്നോ, വിനയന്‍ എന്നോ മാറ്റിയേനെ (അന്ന് നമ്മുടെ സംവിധായകന്‍ വിനയന്‍ ഇത്ര വിനയന്‍ ആയില്ലായിരുന്നല്ലോ). അങ്ങനെ ഞാന്‍ എന്‍റെ കുലീനത്വവും വിനയവും ഒക്കെ ഭീകരം തന്നെ എന്ന് വിചാരിച്ചു വിജ്രുംഭിച്ചു നടക്കുന്ന സമയം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഞങ്ങള്‍ ഗള്‍ഫുകാര്‍ക്കൊക്കെ വെള്ളിയാഴ്ച ആണല്ലോ ഞായറാഴ്ച, ശരിക്കുള്ള ഞായറാഴ്ച ഞങ്ങള്‍ മറ്റു പല കാര്യങ്ങള്‍ക്കും ആണ് ഉപയോഗിക്കാറ്. തെറ്റിദ്ധരിക്കരുത്, വീക്കെണ്ട് കഴിഞ്ഞു ഹാങ്ങോവറുമായി ഓഫീസില്‍ ചെന്ന് ഹാങ്ങോവര്‍ ഉള്ള മേലുദ്യോഗസ്ഥന്റെ തെറി കേള്‍ക്കുന്ന കാര്യം ആണ് ഉദ്ദേശിച്ചത്.

അങ്ങനെ ആ വെള്ളിയാഴ്ച അതിരാവിലെ 11 മണിക്ക് തന്നെ എന്‍റെ മൂന്നാമന്‍ കാ‍ന്താരി പാപ്പി, അവന്‍റെ ലാണ്ട്ക്രൂയിസര്‍ എന്‍റെ ഡ്രൈനേജ് ഏരിയയുടെ പരിസരത്ത് കൂടെ, മരുഭൂമിയിലെ മണ്കൂനകളില്‍ എന്നപോലെ ഓടിച്ചപ്പോള്‍, ആ വണ്ടിയുടെ ഊരിപ്പോയ ടയറിന്റെ ഭാഗത്തുള്ള കമ്പി എന്‍റെ മേനിയില്‍ കൊച്ചു പോറലുകള്‍ ഏല്‍പ്പിച്ചപ്പോള്‍, മാന്യത ഒക്കെ മടക്കി നാലായി കക്ഷത്തില്‍ വെച്ചു, നാലഞ്ച് ബീപ് ചേര്‍ത്ത് അവന്‍റെ തന്തക്കും തന്തയുടെ അപ്പനും വരെ വിളിച്ചലറി എണീറ്റു. തലേന്നത്തെ 65% ആള്‍ക്കഹോള്‍ ഉള്ള ലബനീസ് ചാരായത്തിന്റെ ആയിരിക്കാം, വയറ്റിലും നല്ല കാളല്‍. ഒരു കടുംകാപ്പി തായോ എന്നു അടുക്കളയെ നോക്കി വിളിച്ചു കൂവി. കൊളസ്ട്രോള്‍ കുറയാന്‍ കാ‍ന്താരി അടിച്ചു കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന് ഭാര്യയുടെ വക കടുംകാപ്പിയും ഉപദേശവും. ആ സമയത്ത് കാന്താരിക്കു പകരം വല്ല ഗോമൂത്രമോ സ്വമൂത്രമോ കുടിക്കാതിരുന്നത് എത്ര നന്നായി എന്നാശ്വസിച്ചു, മൂത്രം വീണ തൊട്ടാവാടി ഇലപോലെ ഞാന്‍ കട്ടിലില്‍ കൂമ്പി ഇരുന്നു.

എന്‍റെ ജീവിതത്തില്‍ മൂന്ന് എന്നാ സംഖ്യക്ക് ഒത്തിരി പ്രാധാന്യം ഉണ്ട്. ജന്മദിനം,മാസം, വര്ഷം എല്ലാം അക്കങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ മൂന്നാണ്, കുട്ടികളും മൂന്നുണ്ട് ( ഭാര്യ ഒന്നെ ഉള്ളു). പക്ഷെ മൂന്ന് പല കാര്യങ്ങളിലും പ്രശ്നക്കാരന്‍ ആണ്. ഒന്നി പിഴച്ചാല്‍ മൂന്ന്, മൂന്നു പേര് പോയാല്‍ മൂഞ്ചി പോകും (ഉദാഹരണം ലാല്‍ ജോസിന്‍റെ ലോക സമാധാന യാത്ര) അങ്ങനെ പലതുണ്ട്. ഈ മൂന്നാമന്‍ കുട്ടിച്ചാത്തനെ എങ്ങനെ എന്നെ പോലെ ഒരു മാന്യന്‍ ആക്കും എന്ന് വിചാരിച്ചു ഞാന്‍ വീണ്ടും കൂലംകുഷമായി ചിന്ത തുടങ്ങി, പാപ്പിയാകട്ടെ ഞാന്‍ അവനെ ശിക്ഷിക്കാനായി ചാരി വെച്ചിരിക്കുന്ന ചൂരവടിയില്‍ വന്നു മൂത്രമൊഴിച്ചു എന്നെ നാക്കും നീട്ടി കാണിച്ചു ഓടി പോയി.

അപ്പോളാണ് നമ്മുടെ സുഹൃത്ത് അനില്‍ എത്തിയത്. വാഴക്കവരയോ, ചുമ്മാ ചൊറിയും കുത്തി ഇരിക്കാതെ വാ,ചുമ്മാ എങ്ങോട്ടെങ്കിലും ഒരു ഡ്രൈവിനു പോകാം. വീട്ടിലിരുന്നാല്‍ ഇവന്മാരുടെ ഞോണ്ടല്‍ കാരണം ഭ്രാന്തു പിടിക്കും, എന്നാ പീക്കിരികളെ എല്ലാം റെഡി ആക്കി പോരെടീ എന്നു ഭാര്യക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു നമ്മള്‍ റെഡി ആയി. എല്ലാത്തിനെയും പൊക്കി എടുത്ത് വണ്ടിയുടെ പിന്‍സീറ്റില്‍ ഭാര്യക്കൊപ്പം ഇരുത്തിയിട്ട് ഞങ്ങള്‍ യാത്ര തുടങ്ങി.

പുറകില്‍ നിന്നും വെടിയും പുകയും കരച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്, ഞാനും അനിലും അതൊന്നും ശ്രദ്ധിക്കാതെ പാലസ്തീന്‍ ഇസ്രയേല്‍ വെടിയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. പാവം ഭാര്യ, വണ്ണം കുറക്കാന്‍ വേണ്ടി അതി രാവിലെ എണീറ്റ് ഓടുന്നതൊക്കെ വെറുതെയാ. ഇങ്ങനെ ഓരോ യാത്ര പോകുമ്പോള്‍ സന്താനങ്ങള്‍ മെതിക്കുന്നതിന്റെ ഭാഗമായുള്ള നീരാണ് അവളുടെ വണ്ണം എന്ന് തോന്നി പോകാറുണ്ട്.

നമ്മള്‍ ആണുങ്ങള്‍ക്ക് സുഖമല്ലേ,  ഒരു സുഖം കഴിഞ്ഞാല്‍ പിന്നെ വേദനിക്കുന്നതും പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഒക്കെ പെണ്ണുങ്ങള്‍. കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍, എന്‍റെ മാന്യന്മാര്‍ ആയ മൂന്നു പീക്കിരികളെ കണ്ട സന്തോഷത്തില്‍, പുള്ളിക്കാരന്‍ എന്‍റെ ഭാര്യയോടു പറഞ്ഞു.
 "ഇനി ഒരു പെണ്‍കുഞ്ഞും കൂടി ആയാല്‍ അടിപൊളി ആകും അല്ലെ".
അത് കേട്ടു ചേട്ടത്തി പറഞ്ഞു
"ഒന്ന് പതുക്കെ പറ മനുഷ്യ, അവന്‍ കേള്‍ക്കണ്ട, എന്തേലും ഒന്ന് കേള്‍ക്കാന്‍ നോക്കി നിക്കുവാ അവന്‍, ഈ പെങ്കൊച്ചിന്റെ കഷ്ടപാട് നിങ്ങള്‍ക്കറിയില്ലല്ലോ"
ചേട്ടന്‍റെ ഡയലോഗില്‍ ഒന്ന് വിജ്രുംഭിച്ച ഞാന്‍ ചേച്ചിയുടെ ഡയലോഗോടെ വീണ്ടും ഏതാണ്ട് തട്ടിയ തൊട്ടാവാടി ഇലപോലെ വീണ്ടും കൂമ്പി ഇരുന്നു.

അങ്ങനെ യാത്രയുടെ ഇടയില്‍ എപ്പോളോ പാമ്പ് കടിക്കാനായി മടിയെ കുറിച്ച് ഒരു സംസാരം വന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മടിയില്ലാത്ത വ്യക്കിതി ആണ് ഞാന്‍. പക്ഷെ എന്‍റെ യോഗത്തിനു മറ്റാര്‍ക്കും ആ അഭിപ്രായം ഇല്ല എന്നു മനസിലായി. മദ്യപാനം കുറക്കാന്‍ ഞാന്‍ ഉപദേശിച്ചതിന്റെ പകരം വീട്ടിയതാവാം, എന്‍റെ ഭാര്യതന്നെയാണ്ഞാന്‍ ഇത്രയും മടിയനാവാന്‍ കാരണം എന്ന് വരെ ആ ദാരിദ്രവാസി അനില്‍ പറഞ്ഞു കളഞ്ഞു. മര്യാദക്ക് ഇത്തിരി സുഖിച്ചു ജീവിച്ചുകൊണ്ടിരുന്ന എന്നോടുള്ളസൂയ,അല്ലാതെന്താ. പക്ഷെ നമ്മള്‍ വിട്ടുകൊടുക്കില്ലല്ലോ. എടാ മക്കളെ, ഭാര്യേ.... ചാച്ചയുടെ മടിയില്ലാത്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറയൂ... എന്നായി ഞാന്‍...

ഓരോരുത്തരും പറയാന്‍ തുടങ്ങി

കള്ളുകുടിക്കാന്‍ മടിയില്ല - കറിയാച്ചന്‍
ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ മടിയില്ല - കോക്കു
ഡെസേര്ട്ടില്‍ പോകാന്‍ മടിയില്ല - പാപ്പി
ഭക്ഷണം കഴിക്കാന്‍ ഒരു മടിയും ഇല്ല - ഭാര്യ

അങ്ങനെ ടിവി കാണാന്‍, വെറുതെ ഇരിക്കാന്‍, വായില്‍ നോക്കാന്‍ എന്ന് തുടങ്ങി അപ്പി ഇടാന്‍ വരെ ഒരു മടിയും ഇല്ല എന്ന് ഓരോരുത്തരും ലിസ്റ്റു വെച്ചു. ആ ലിസ്റ്റില്‍ ഉപകാരപ്രദമായ ഒരു കാര്യം പോലും ഇല്ലായിരുന്നു എന്നുള്ളത് എന്നെ വ്യസനിപ്പിച്ചു. അനില്‍ ഒരു ഓക്ലേഷിച്ച ചിരിയുമായി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.

അപ്പോള്‍ നിങ്ങള്ക്ക് എല്ലാം ഞാന്‍ വെറും കൊള്ളരുതാത്തവന്‍ അല്ലെ? ഞാന്‍ സെന്റിമെന്റല്‍ ആയി. എടീ,നീ എന്നാല്‍ എന്‍റെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും ഒക്കെ ഉള്ളത് പറയ്‌. എന്തെങ്കിലും ഒക്കെ ഗുണങ്ങള്‍ ഇല്ലാതെ നിങ്ങള്‍ എല്ലാരും എന്നെ സ്നേഹിക്കില്ലല്ലോ. ഭാര്യയും മക്കളും ഒക്കെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് സംശയം ഇല്ല താനും.

അവള്‍ ആലോചന തുടങ്ങി, ഞാന്‍ ഒന്ന് ഇളകി ഇരുന്നു. ഇപ്പൊ കേട്ടോ അനിലേ, എന്‍റെ ഗുണഗണങ്ങള്‍ എന്‍റെ  ഭാര്യയുടെ വായില്‍ നിന്ന് എന്ന ഭാവത്തില്‍ അനിലിനെ ഒന്ന് നോക്കി. മിനിറ്റുകള്‍ നീണ്ടു പോയി, വണ്ടി കല്‍ബാ ടണല്‍ കയറി ഇറങ്ങി, അവളുടെ കൈകള്‍ എന്നെ ആശ്വസിപ്പിച്ചു തലോടുന്നുണ്ട്‌. പക്ഷെ ഗുണഗണങ്ങള്‍ അങ്ങ് വരുന്നില്ല. ഭര്‍ത്താവിനെ മറ്റൊരാളുടെ മുമ്പില്‍ നാണം കെടുത്താതിരിക്കാന്‍ എതുഭാര്യയും ശ്രമിക്കും, ഇവളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും കൊള്ളാവുന്ന ഒരു ഗുണം പറയാന്‍ കിട്ടേണ്ടേ?

അങ്ങനെ ഡ്രൈവും കഴിഞ്ഞു ഫുജേറയില്‍ രണ്ടു കുപ്പിയും വാങ്ങി തിരിച്ചു വണ്ടിയില്‍ കയറി. അപ്പോള്‍ ഭാര്യ എന്നെ ദയനീയമായി നോക്കി. ഒന്നും കിട്ടുന്നില്ല വഴക്കാവരയാ എന്ന് അവള്‍ പറയാതെ പറഞ്ഞു.

സ്വന്തം വീട്ടുകാര്‍ നോക്കിയിട്ട് കാണാത്ത മഹത്വം നാട്ടുകാര്‍ നോക്കിയാല്‍ കാണുമോ?  വെറുതെയല്ല കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നും മുതലാളിയുടെ തലതെറിച്ച മോന്‍ നീയൊക്കെ ഒരു പണിയും ചെയ്യുന്നില്ല എന്ന് കുറ്റം പറഞ്ഞത്. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്‌താല്‍ അതിന്‍റെ മേന്മ മുഴുവന്‍ മറ്റുള്ളവര്‍ക്ക്. നിനക്ക് ചായ ഞാന്‍ കൊണ്ടുവന്നു തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു ഓഫീസ് ബോയ്‌ മുതല്‍ , നിനക്ക് ഞാന്‍ ജോലി തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു മുതലാളി വരെ അതിന്‍റെ ക്രെഡിറ്റ്‌ എടുക്കും. കുറ്റം വന്നാലോ,സകല ദിക്കില്‍ നിന്നും ഊടുപാടു തെറിയും.

ജീവിതത്തില്‍ ഇന്നേ വരെ ആരും ഞാന്‍ ഭയങ്കര മിടുക്കനാണെന്നോ, കഴിവുള്ളവനാണെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ പാവമാണെന്നും, കഴകത്തില്ലാത്തവന്‍, എടുത്തു ചാട്ടക്കാരന്‍, പരാജിതന്‍, ഭാഗ്യമില്ലാത്തവന്‍ എന്നിങ്ങനെയുള്ള പല വിശേഷണങ്ങളും ചാര്‍ത്തുകയും ചെയ്യും. എന്തെങ്കിലും ഒരു നല്ല കാര്യം വന്നാല്‍ അതിനു ഉത്തരവാദികള്‍ പലരുണ്ടാവും, അല്ലെങ്കില്‍ അവന്‍റെ ഭാഗ്യം എന്ന് പറയും. അവഗണനയും ഒഴിവാക്കലും വിലയില്ലായ്മയും പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്.

പക്ഷെ ഭാര്യയുടെ മുമ്പില്‍ ഞാന്‍ വിഷമങ്ങളൊന്നും ഇല്ലാത്തവനായി, ലോകത്തിലെ ഏറ്റവും മിടുക്കനായി, ബുദ്ധിമാനായി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്‍റെ കഴിവില്‍ മറ്റുള്ളവര്‍ ഭയന്നിട്ടാണ് എന്നെ പലപ്പോഴും അവഗണിക്കുന്നത് എന്ന് പറഞ്ഞ്‌, അവരുടെ മണ്ടത്തരങ്ങളും കുറവുകളും പറഞ്ഞ്‌, ഞാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു.  

അതെല്ലാം വെറും പാഴ്ശ്രമങ്ങള്‍ ആയിരുന്നോ? വൃഥാവില്‍ ആയിപ്പോയോ? വിനയവും മാന്യതയും കൈവിട്ടു, സ്വയം പുകഴ്ത്തലും പൊങ്ങച്ചവും തുടങ്ങണമോ? മനസ്സ് കലങ്ങി മറിഞ്ഞു.

അങ്ങനെ വിഷണ്ണനായി വിഷാദനായി ഊഞ്ഞാലാടി വീട്ടില്‍ വന്നു കയറിയപ്പോള്‍ അനില്‍ ആശ്വസിപ്പിച്ചു, സാരമില്ല വാഴക്കാവരായാ വിട്ടുകള.

എന്‍റെ ഉള്ളിലെ രാജ രക്തം തിളച്ചു, ഞാന്‍ പറഞ്ഞു,

"അതൊന്നും വേണ്ടാ...സഹതാപം, അതുകൊണ്ട് പോയി നീ വേറെ ആര്‍ക്കേലും കൊടുത്തേക്ക്. നീയൊക്കെ എന്താ വിചാരിച്ചത്? ഞാന്‍ എന്താ വിഷമിച്ചിരിക്കുകയാണെന്നോ? കോപ്പാ....   ഞാന്‍ സിംഹം ആണ്. ആണ്‍ സിംഹങ്ങള്‍ രാജാവായി ഇരിക്കും, സിംഹിയാണ് ഇരപിടുത്തവും ബാക്കികാര്യങ്ങള്‍ നോട്ടവും ഒക്കെ. അതു പോലെ ഞാന്‍ രാജാവായി ഇവിടെ ഇരിക്കും, കാര്യങ്ങള്‍ ഒക്കെ മറ്റുള്ളവര്‍ നടത്തും. നിങ്ങള്‍ക്കൊന്നും അതിനു യോഗം ഇല്ല മോനെ, വെറുതെ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല. വാഴക്കാവരയനെ  തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......"

പെട്ടെന്ന് ഒരു ഉപമയും ഉല്പ്രേഷയും ഒക്കെ എത്തിയതിന്‍ പേരില്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി. എന്നെ ഞാന്‍ തന്നെ വിമല്‍കുമാര്‍ എന്ന് വിളിച്ചാലോ എന്ന് വിചാരിച്ചു.

അപ്പോളാണ് കാ‍ന്താരി പാപ്പി കമ്പ്യുട്ടറിന്റെ സ്ക്രീന്‍ സേവര്‍ ആയി കിടന്ന പടം നോക്കി ചോദിച്ചത്. ഇതില്‍ ഏതാണ് ചാച്ചേ രായാവ് സിംഹം?

ആ പടം ദേണ്ടെ താഴെ...




അങ്ങനെ വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വാഴക്കാവരയന്റെ ജന്മം ബാക്കിയായി......

Read more...

മഞ്ഞില്‍ പൊതിഞ്ഞ കുറച്ചു ഓര്‍മ്മകള്‍..

>> Tuesday, June 24, 2014

കാലാന്തരത്തില്‍ ഓര്‍മ്മകള്‍ മാഞ്ഞു പോവാം. പുതിയ ഓര്‍മ്മകള്‍ പഴയതിന്‍ മുകളില്‍ അടയിരിക്കാം. പുസ്തകത്താളുകളില്‍ സൂക്ഷിച്ചു വെച്ച ഇലകള്‍ ഭംഗിയുള്ള  അസ്ഥിപഞ്ചരങ്ങള്‍ മാത്രമാവാം. പക്ഷെ ചില ഓര്‍മ്മകള്‍ പുസ്തകത്താളുകളില്‍ കാത്തുവെച്ച മയില്‍പീലികളാണ്. വര്‍ഷം തോറും പ്രസവിക്കുമെന്ന മിത്തില്‍ വിശ്വസിച്ചു സൂക്ഷിച്ചു വെച്ചവ.

കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍, മക്കളില്‍ ഒന്ന് ന്യൂനം ചെയ്താല്‍ ആകെക്കൂടെ സമാനതകള്‍, നേരവും കാലവും എന്തിന് സ്വഭാവത്തില്‍ വരെ. എങ്കിലും ചരിത്രം ആവര്ത്തിച്ചുകൂടല്ലോ? ഇനിയത് വേണ്ട, ഇനി നമുക്ക് തേനിന്റെയും പാലിന്‍റെയും ഓര്‍മ്മകളാവട്ടെ.

അങ്ങനെ ഇന്നും എന്‍റെ പുസ്തകത്താളുകള്‍ തുറന്നു നോക്കി, മയിപീലി പ്രസവിച്ചില്ല, പക്ഷെ അതിന്നും സുന്ദരം.....

നിറമുള്ളതും, മഴനനഞ്ഞതും, വെയിലേറ്റു വാടിയതും, മഞ്ഞില്‍ പൊതിഞ്ഞതുമായ ഓര്‍മ്മകളിലൂടെ.....മുപ്പത്തിരണ്ട് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള, കയ്പ്പും മധുരവുമുള്ള, ചില നുനുനുനുത്ത ഓര്‍മ്മകള്‍.... 

Read more...

ഒരു മാനേജരുടെ ജനനം.....

>> Tuesday, November 19, 2013

മനുഷ്യന്‍റെ ആജ്ഞാശക്തിയും മറ്റുള്ളവരെ മാനേജ് ചെയ്യാനുള്ള കഴിവും കുറെയൊക്കെ ജന്മസിദ്ധമാണ്. ഒരു ദാശാബ്ദത്തോളമായി എന്തെങ്കിലും ഒക്കെ ഒരു മാനേജര്‍ എന്ന പദം ജോലിസ്ഥാനത്തിനോപ്പം ചേര്‍ത്തുവെച്ചു നടക്കുന്നവനാണ് ഈയുള്ളവന്‍ എങ്കിലും, അതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പ് തന്നെ എന്റെ ആജ്ഞാശക്തിയും, ഭരിക്കുന്നതിനുള്ള കഴിവും എല്ലാവരും മനസിലാക്കിയിരുന്നു. കാര്യം ഭയങ്കര ലുക്കും ബുദ്ധിയും സൗന്ദര്യവും ഒക്കെയാണെങ്കിലും ഒരു കുഞ്ഞു കരിയില പോലും ഞാന്‍ മാനേജ് ചെയ്യാന്‍ ചെന്നാല്‍ സഹിക്കില്ല.

പക്ഷെ അതൊന്നും എന്റെ കഴിവ് കേടായിരുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനി,  അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍, ഇതിന്റെയൊക്കെ കുഴപ്പം ആയിരുന്നു. ആദ്യം ഞാന്‍ കാര്യങ്ങള്‍ ഒരു മാനേജര്‍ എന്ന നിലക്ക് ജോലിക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. പക്ഷെ ദൈവം അനുഗ്രഹിച്ചു എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരുത്തനും അത് ചെയ്യാനുള്ള കഴിവ് കാണില്ല. പിന്നെ ഞാന്‍ തന്നെ അത് ചെയ്തു കാണിക്കും. അങ്ങനെ ക്രമേണ അത് എന്‍റെ ജോലിയായി തീരുകയും എന്‍റെ കീഴില്‍ ഉള്ളവര്‍ വെടിയും പറഞ്ഞിരിക്കുകയും ചെയ്യും. പത്തിരുപതു വര്‍ഷം ജീവിതത്തിലും, പിന്നെ ഒരു ഇരുപതു വര്ഷം ജോലിയും ജീവിതവും കൂടി ഒന്നിച്ചു നടത്തിയിട്ടും എന്റെ ഗതി അത് തന്നെ. എന്തിനു പറയുന്നു, വെറും ഒരു പട്ടിക്കുഞ്ഞു പോലും ഞാന്‍ ട്രെയിനിംഗ് നല്‍കിയാല്‍ ണ്ടാം ദിവസം എന്നെ തിരിച്ചു ഓടിച്ചിട്ട്‌ കടിക്കുമായിരുന്നു. 

അങ്ങനെ ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഈ വിഷയം നന്നായി ഒന്നു വിശകലനം ചെയ്തു. എന്താണ് എന്റെ കുറവ്, അല്ലെങ്കില്‍ പ്രശ്നം? അതിനുള്ള കാരണം എന്ത്? അത് എങ്ങനെ പരിഹരിക്കാം. അങ്ങനെ ഞാന്‍ പ്രശ്നത്തിന്‍റെ മൂലകാരണം തേടി എന്‍റെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചു പോയി. 

അതിപുരാതന ജന്മികുടുംബത്തില്‍ (ഹോ എന്തൊരു സുഖം), മഹാ ക്രൂരന്മാരുമായ വലിയപ്പന്റെയും വലിയമ്മയുടെയും കൂടെ ജീവിച്ച ഒരു ബാല്യം. അപ്പനില്ലാത്ത ഞങ്ങള്‍ നാലുമക്കളെ ക്രൂരമായി ദ്രോഹിക്കുകയായിരുന്നു അവരുടെ വിനോദം. പഠിക്കുക, കുരിശു വരക്കുക, മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങളെ ചെയ്യിച്ചു. രാവിലെ കുളിക്കാനും പല്ലു തേക്കാനും നിര്‍ബന്ധിച്ചു. ഞങ്ങളുടെ നിര്‍ദോഷ വിനോദങ്ങള്‍ക്ക് എത്രയെത്ര ക്രൂരമര്‍ദ്ദനങ്ങള്‍... വല്ല്യപ്പന്റെ തോര്‍ത്തെടുത്ത് കാലില്‍ കെട്ടി കമുകില്‍ കയറിയതിനു തുടയില്‍ തിരുമ്മിയ വല്യമ്മ. വാട്ടര്‍ ടാങ്കില്‍ കയറി കുളിച്ചതിനു പുളിവാര്‍ കൊണ്ട് തുടയില്‍ തഴുകിയ വല്യപ്പന്‍. പത്ത് മിനുറ്റ് വെള്ളത്തില്‍ കിടന്നാല്‍ ഏതു കുഞ്ഞും മൂത്രമൊഴിക്കുമെങ്കിലും അരമണിക്കൂര്‍ ടാങ്കില്‍ കിടന്ന ഞാന്‍ സത്യമായും ഒഴിച്ചില്ല, ബാക്കി മൂന്നു പേരും ഇല്ലാ എന്നാണു പറഞ്ഞതും. അല്ലെങ്കിലും ആ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ലായിരുന്നു, പല്ലു തേച്ചു കുളുക്കുഴിയാനും, കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനും, പിന്നെ കുളിക്കാനും ഒക്കെയാണ് അതുപയോഗിച്ചിരുന്നത്.

കൊച്ചുമക്കളായ ഞങ്ങളോട് ഇങ്ങനെയായിരുന്നു എങ്കില്‍ വീട്ടിലെ ജോലിക്കരോടുള്ള സമീപനം പറയണോ? ആരോഗ്യസ്വാമി, അന്നമ്മ, ഗണേശന്‍, സരസന്‍, സുന്ദരന്‍ അങ്ങനെ എത്ര പേര്‍,  എത്രയോ ജന്മങ്ങള്‍. ഞാനൊക്കെ ഒന്ന് ഏറ്റു നിന്ന്  തൂറ്റാറായപ്പോളെക്കും അത് വരെ സഹായി ആയി നിന്നിരുന്ന ആരോഗ്യസ്വാമി കല്യാണം ഒക്കെയായി പിരിഞ്ഞു പോകാറായി. മൂക്കളയും ഒലിപ്പിച്ചു, വിര പോലെ ഇരുന്ന ഇവനോക്കെ, നാല് നേരം വല്ലതും കഴിച്ചു ഇത്തിരി ആരോഗ്യം ഒക്കെ വന്നപ്പോളേക്കും കെട്ടാന്‍ പോകുന്നു എന്നായിരിക്കും ബൂര്‍ഷ്വാസികള്‍ ആയിരുന്ന വല്യപ്പനും വല്യമ്മയും ഒക്കെ അന്ന് പറഞ്ഞിരിക്കുക. എന്തായാലും ആരോഗ്യസ്വാമി നന്ദി ഉള്ളവനായിരുന്നു. ഒരു തമിഴന്‍ പയ്യനെ പുള്ളിക്കാരന്‍ ഒപ്പിച്ചു തന്നു. എന്നെക്കാള്‍ പ്രായം കുറഞ്ഞ ഗണേശന്‍. എന്റെ രണ്ടിരട്ടി ഭക്ഷണം കഴിക്കും, ഒരു വലിയ മനുഷ്യന്റെ പണിയും ചെയ്യും. വന്നു ആദ്യത്തെ ദിവസം രാത്രി തന്നെ ചായിപ്പില്‍ നിന്നും അവന്‍റെ നെച്ചത്തടിച്ചുള്ള കരച്ചില്‍ കേട്ടു ഞങ്ങള്‍ ചെന്നപ്പോള്‍ ആ കുഞ്ഞു പയ്യന്‍ വാവിട്ടു കരയുകയാണ്, നാടും വീടും ഒക്കെ വിട്ടു പോന്നതിന്റെ വിഷമത്തില്‍. രണ്ടാഴ്ചമുമ്പ് വീട്ടില്‍ കൊണ്ട് വന്ന നാടന്‍ അല്‍സേഷന്‍ ക്രോസ് ആയ ടിപ്പുവും ഇത് പോലെ തന്നെ ആയിരുന്നു ആദ്യത്തെ രണ്ടു ദിവസം. ഗണേശനെ വിളിച്ചു വല്യപ്പന്റെ മുറിയില്‍ കിടത്തിയതല്ലാതെ അവനെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി  വിടാഞ്ഞതില്‍ പ്രതിക്ഷേധിച്ചു ഞാന്‍ അന്ന് രാത്രിയില്‍ പാല് കുടിച്ചില്ല,അതാരും ശ്രദ്ധിച്ചും ഇല്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞതോടെ ടിപ്പുവിന്‍റെ കണക്കു ഗണേശനും എന്നെ ഭരിക്കാന്‍ തുടങ്ങി.

കോടാലി കൊണ്ട് വിറകു കീറുക, കൈക്കോടാലി കൊണ്ട് മരക്കമ്പ് മുറിക്കുക, വാക്കത്തി കൊണ്ട് പ്ലാവില ഇറക്കുക, ചക്ക ഇടാന്‍ പ്ലാവില്‍ കയറുക, അരിവാ കൊണ്ട് പുല്ലരിയുക, വാളുകൊണ്ട് തടി അറക്കുക, മമ്മട്ടി തൂമ്പാ കൊണ്ട് പുല്ലു കിളക്കുക, തൂമ്പാ കൊണ്ട് വാഴയ്ക്ക് തടം എടുക്കുക തുടങ്ങിയ ഗ്ലാമര്‍ പണികള്‍ ഒക്കെ വളരെ വേഗം ഗണേശന്‍ ചെയ്യാന്‍ തുടങ്ങി. നമുക്കാണെങ്കില്‍ ഈ പണിയായുധങ്ങള്‍ ഒക്കെ എടുത്ത് ഗണേശനു കൊടുക്കുന്ന ഒരു മാതിരി ഊഞ്ഞാലാടിയ ഡ്യുട്ടിയും, ഒരു മാതിരി പ്രൈവറ്റ് ബസിലെ കിളിയുടെ പോലത്തെ ജോലി.

അങ്ങനെ എല്ലാ രീതിയിലും ഞങ്ങള്‍ക്ക് എതിരായിരുന്ന വല്യപ്പനും വല്യമ്മക്കും എതിരായി, പണിക്കാരുമായി വളരെ നല്ല സ്നേഹത്തിലും ബന്ധത്തിലുമായി. ജോലിക്കാര്‍ ഞങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് നല്‍കിയ പണികള്‍ക്കൊക്കെ ഞങ്ങള്‍ നല്ല പിന്തുണയും കൊടുത്തിരുന്നു. അടിച്ചു കോണ്‍തെറ്റി ജീപ്പുകൊണ്ട് പോയി ഓടയില്‍ താഴ്ത്തിയതിനു ഡ്രൈവര്‍ തോമസുചേട്ടനെ പിരിച്ചു വിട്ട നടപടിക്കെതിരെ പ്രതിക്ഷേധിച്ചു ഞാന്‍ ജീപ്പിന്റെ കാറ്റ് രണ്ടു പ്രാവശ്യം ഊരിവിട്ടു. മഴ പെയ്ത സമയത്ത് പാല്‍ എടുക്കാതെ, അയല്‍വക്കത്തെ പണിക്കാരി ജാനുവുമായി വര്‍ത്തമാനം പറഞ്ഞ റബര്‍ വെട്ടുകാരന്‍ ചാക്കോയെ വഴക്ക് പറഞ്ഞതിന്,  ആണിയുമായി റബറിന്റെ പട്ടയില്‍ കുത്തി വരച്ചു. അങ്ങനെ സാഹചര്യവും ദേഷ്യവും വിരോധവും അനുസരിച്ച്  ടാങ്കില്‍ പോയി നിരന്നു നിന്ന് മൂത്രമൊഴിക്കുക, ക്ടാവിനെ അഴിച്ചു വിട്ടു പശുവിന്‍റെ പാല് കുടിപ്പിക്കുക, എലിപ്പെട്ടിയില്‍ വീണ എലിയെ തുറന്നു വിടുക അങ്ങനെ ഞങ്ങളാല്‍ ചെയ്യാവുന്ന പണികള്‍ ഞങ്ങളും കൊടുത്തുകൊണ്ടിരുന്നു.

അപ്പോള്‍ അങ്ങനെ ദരിദ്രരുടെയും പീഡിതരുടെയും ആരാധകന്‍ ആയിപോയതാണ്‌ എനിക്ക് ഇങ്ങനെ മാനേജ് ചെയ്യാനുള്ള കഴിവ് കുറയാന്‍ കാരണം എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു എന്തേലും ഒക്കെ ബിസിനസ്ചെ യ്യാമെന്ന ചീറ്റിയ പ്ലാനും കഴിഞ്ഞു, വെറുതെ തേരാപാര നടക്കുന്ന സമയം. ഇനിയിപ്പോള്‍ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി ജോലിക്കാരെ ഒക്കെ പീഡിപ്പിക്കുകയും മാനേജ് ചെയ്യുകയും ഒക്കെ ചെയ്യാമെന്ന് വെച്ചാല്‍ വലിയ പാടല്ലേ? അന്നേരമാണ് എന്‍റെ അമേരിക്കയിലുള്ള സുഹൃത്ത് സണ്ണി പ്രോജക്റ്റ് മാനേജ്മെന്റ് കോഴ്സിനെ പറ്റി പറയുന്നത്. അങ്ങനെ ഞാനും മാനേജര്‍ ആകാന്‍ പഠനം തുടങ്ങി.

സ്കോപ്, കോസ്റ്റ് ആന്‍റ് ടൈം ഒക്കെ മാനേജ് ചെയ്യാനും ഉള്ള പഠനമൊക്കെ തീവ്രമായി നടക്കുന്ന സമയം. കയ്യിലാണെങ്കില്‍ ജീവിതകോസ്റ്റ് നടത്താന്‍ ഒന്നുമില്ല, പഠിക്കാന്‍ ടൈം ഒട്ടുമില്ല, ഇതൊക്കെ ചെയ്താലും വലിയ സ്കോപ്പും ഇല്ല. എന്നിട്ടും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു, അതും പോരാഞ്ഞിട്ട് ഭാര്യയെ വിഷ്വല്‍ ബേസിക്കും പഠിപ്പിച്ചു. എന്തായാലും അതിന്‍റെ ഇടക്ക് നല്ല രണ്ടു മഴ പെയ്തു, പിള്ളേര്‍ നന്നായി ഉറങ്ങി, ഭാര്യയുടെ ബേസിക് വിഷ്വല്‍ കണ്ടു എന്‍റെ സ്കോപ്പും പോയി. എട്ടൊമ്പതു  മാസങ്ങള്‍ക്ക് ശേഷം എനിക്ക് പി എം പി (Project Management) സര്‍ട്ടിഫിക്കേറ്റ്  കിട്ടി, പാപ്പി ഭൂജാതനും ആയി.

അങ്ങനെ മീനച്ചിലാര്‍ വീണ്ടും ഒഴുകി, മാണിസാര്‍ വീണ്ടും മന്ത്രിയായി, പിസി ജോര്‍ജ്ജുമായി വരെ ഒന്നിച്ചു,  ഞാനും വീണ്ടും ദുഫായില്‍ എത്തി, പഴയ കമ്പനിയില്‍ തന്നെ ജോലിക്കും കയറി. സകല ലോകത്തെയും, എന്റെ കമ്പനിയേയും, വഴിയില്‍ കാണുന്ന അഹങ്കാരികളായ അറബികളെയും മാനേജ് ചെയ്യുന്ന സ്വപ്‌നങ്ങള്‍ ഒക്കെ മടക്കി കക്ഷത്തില്‍ വെച്ചു ഞാന്‍ സമാധാനമായി ജീവിതം നടത്തി തുടങ്ങി. ടിവിയില്‍ നികേഷും വേണുവും വീണയും ഹാര്‍മോണിയവും ഒക്കെ തകര്‍ക്കുമ്പോള്‍, ഞാനും ഭാര്യയുടെയും മക്കളുടെയും അടുത്ത് തകര്‍പ്പ് നടത്തി. കേരളത്തിലെ രാഷ്ട്രീയത്തെയും, ജനങ്ങളെയും, ഈ വാര്‍ത്ത വായിക്കുന്നവരേയും ഒക്കെ ഞാന്‍ അവളുടെ മുമ്പില്‍ മാനേജ് ചെയ്തു ആശ തീരത്തു. അവള്‍ക്കറിയാവുന്ന ഗണേശനെയും, ശാലുമേനോനെയും ഒക്കെ സോളാറും, ടി പിയും, പാക്കിസ്ഥാനും ഒക്കെയായി ചേര്‍ത്ത് വെച്ചു ഞാന്‍ വേണുവിനെയും നികേഷിനെയും ഒക്കെ ചിലപ്പോള്‍ ചീത്തവിളിച്ചും, മറ്റു ചിലപ്പോള്‍ അനുകൂലിച്ചും വീട്ടില്‍ ഒരു പുലിയായി.  ഞാന്‍ ഒരു സംഭവം ആണെന്ന് വിവരമില്ലാത്ത അവളും എട്ടും പൊട്ടും തിരിയാത്ത മക്കളും വിചാരിക്കുന്നുണ്ടാവും എന്ന് സങ്കല്‍പിച്ചു ഞാനും പുളകം കൊണ്ടു. എന്തായാലും എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ ഒരു ബഹുമാനം ഉണ്ട് എന്നാണു എന്റെ ഒരു (തെറ്റി) ധാരണ.

 ഇളയവന്‍ ആയ പാപ്പി (രണ്ടു വയസ്) പക്ഷെ ആളൊരു ധിക്കാരിയും, ആരെയും വക വെക്കാത്തവനും ആണ്. വീട്ടില്‍ ഒരു സംഭവം ആയ ഈ എന്നെ പോലും പേടിയില്ലതാനും. ഈ ജീസസ് ക്രൈസ്റ്റ് നു  യേശുക്രിസ്തു എന്നൊരു പേരുള്ളത് മൂപ്പര്‍ക്കറിയാമോ എന്ന് പ്രാഞ്ചിയേട്ടന്‍ സംശയിച്ചെങ്കിലും,  നമ്മുടെ പാപ്പി ദേഷ്യത്തോടെ "യ ര ല വ ഷ സ ഹ " ഇങ്ങനെ ഏതു അക്ഷരം ഉപയോഗിച്ചാലും ഭാര്യക്കും മൂത്ത പിള്ളേര്‍ക്കും (കറിയാച്ചന്‍ , കോക്കു) ഒരു സംശയവും കൂടാതെ മനസ്സിലാവും. പക്ഷെ അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചേരെ, വിട്ടുകളയെടാ എന്നൊക്കെ പറഞ്ഞു അവന്‍റെ കൊച്ചുകൊച്ചു പിടിവാശിയും വഴക്കും ഒക്കെ ഞാനും സമ്മതിച്ചു കൊടുത്തിരുന്നു.

അങ്ങനെ തുമ്മലും ചീറ്റലും ഒക്കെയായി ജീവിതം മുമ്പോട്ട്‌ പോകുന്നു. അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ കൂട്ടുകാരന്‍ സുരേഷ് അവന്‍റെ പിള്ളേര്‍ക്ക് സ്കൂട്ടര്‍ എന്ന് പറയുന്ന ഒരു സാധനം വാങ്ങിച്ചു കൊടുത്തു. രണ്ടു വീലും ഒരു ഹാന്റിലും, ഉള്ള ഒരു കാലുകൊണ്ട്‌ ചവിട്ടിത്തള്ളി ഓടിക്കുന്ന ഒരു കുന്ത്രാണ്ടം. നമ്മുടെ വീട്ടിലും കിടക്കപ്പൊറുതി ഇല്ലെന്നായി. അവസാനം ഞാനുമൊരെണ്ണം വാങ്ങി.

കാര്യം നേരെ നിന്നാല്‍ കാറ്റടിച്ചു താഴെവീഴുന്ന കോലം ആണെങ്കിലും പാപ്പി ആദ്യം തന്നെ അതില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു. അങ്ങനെ ഒരു സായാഹ്നം, ഞാന്‍ പതിവ് പോലെ നികേഷും വേണുവുമായി ചാനലില്‍ മാറി മാറി സംവാദം നടത്തുന്നു. കോക്കു എന്റെ കൂടെയിരുന്നു ടിവിയിലെ വാര്‍ത്ത മാറ്റി കാര്‍ട്ടൂണ്‍ ആക്കാനുള്ള ശ്രമം നടത്തുന്നു, കറിയാച്ചന്‍ സ്കൂട്ടറില്‍ ചൊറിയുന്നു. പെട്ടെന്നാണ് പാപ്പി ഉറക്കം ഒക്കെ അവസാനിപ്പിച്ചു രംഗപ്രവേശം നടത്തിയത്. "കാ" "ശു" "മാ" എന്ന് എന്തൊക്കെയോ രൂക്ഷമായി കറിയാച്ചനോട് പറഞ്ഞു, അതോടെ അവന്‍ ആ സ്കൂട്ടറും പാപ്പിക്ക് കൊടുത്ത് എന്റെ മടിയില്‍ വന്നിരുന്നു.

എന്തായാലും അഞ്ചുമിനിറ്റിനുള്ളില്‍ രണ്ടു പ്രാവശ്യം അവന്‍ എന്റെ കാലില്‍ വണ്ടി കയറ്റി. കാര്യം ജീവന്‍ പോകുന്ന വേദനയായിരുന്നു എങ്കിലും, ആദ്യത്തെ പ്രാവശ്യം ഞാന്‍ രൂക്ഷമായി നോക്കിയെങ്കിലും അവന്‍ എന്നെ നോക്കിയതു പോലുമില്ല. പക്ഷെ രണ്ടാമത്തെ പ്രാവശ്യം അതി ഭീകരമായ വേദനയില്‍ എന്റെ കുരു പൊട്ടി. ഞാന്‍ ജ്വലിച്ചു കൊണ്ട് എണീറ്റു. ഗള്‍ഫില്‍ ഒക്കെ, മര്യാദക്ക് വണ്ടിയില്‍ പോകുന്ന നമ്മുടെ പുറകില്‍ വന്നു ലൈറ്റും മിന്നിച്ചു ഹോണും അടിച്ചു നമ്മളെ അടുത്ത ട്രാക്കിലോട്ടു മാറ്റിയ ശേഷം രൂക്ഷമായിനോക്കുന്ന അറബി പിള്ളേരുടെ കണക്ക് അവന്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ അറിയാതെ സോറി പറഞ്ഞു പോയി. പിന്നെ കാലു രണ്ടും എടുത്തു സോഫയില്‍ വെച്ചു വണ്ടി കയറിയ ഭാഗം തിരുമ്മി വീണ്ടും വാര്‍ത്തയില്‍ ലയിച്ചു.

അങ്ങനെ വണ്ടി ഓടിച്ചു മടുത്ത പാപ്പി അവസാനം ഇത്തിരി വെള്ളം എടുത്തു ബോറടി മാറ്റാന്‍ ഭാര്യയുടെ പിന്‍ഭാഗത്ത് ഒഴിക്കുകയും, അവള്‍ എന്തോ പറയുകയും,  അതില്‍ പ്രതിക്ഷേധിച്ച് അവന്‍ സ്കൂട്ടര്‍ കൊണ്ട് വന്നു ടിവിയെ ലക്ഷ്യമാക്കി എറിയുകയും ചെയ്തു. അവനു നല്ല ആരോഗ്യം ആയതുകൊണ്ട് എന്‍റെ ടിവി രക്ഷപെട്ടു. എന്തായാലും ആകെ ചൂടായത് കൊണ്ടാവും,  അവന്‍ ഏഴാം പ്രാവശ്യം കുളിമുറിയില്‍ കയറി വീണ്ടും കുളി തുടങ്ങി.

സാഹചര്യം മനസ്സിലാക്കിയ കോക്കു പതുക്കെ സ്കൂട്ടര്‍ എടുത്തു. കറിയാച്ചനും പുറകെ ചാടി.രണ്ടു പേരും അടിയായി. ഞാന്‍ ഇടപെട്ടു. "എന്താടാ പ്രശ്നം?". കോക്കു പറഞ്ഞു "ഞാന്‍ ഓടിക്കാന്‍ നേരം ചേട്ടാ വന്നു ചേട്ടായ്ക്ക് വേണം എന്ന് പറയുകയാണ്‌" എന്ന്. ഞാന്‍ തീരുമാനം എടുത്തു, കറിയാച്ചനോട് പറഞ്ഞു "കോക്കു ഇത്തിരി നേരം ഓടിച്ചിട്ട്‌ നിനക്ക് തരും ഒക്കേ?" നീതിനിര്‍വ്വഹണം നടത്തി കൃതാര്‍ഥനായി ഞാന്‍ ഇരുന്നത്തെ വീണ്ടും അവിടെ ബഹളം. ഞാന്‍ ചൂടായി കറിയാച്ചനെ വഴക്ക് പറഞ്ഞു. അപ്പോള്‍ കറിയാച്ചന്‍ പറഞ്ഞു " ഞാന്‍ ഓടിച്ചോണ്ടിരുന്നപ്പോള്‍ പാപ്പി വന്നു വാങ്ങിയതാ, അപ്പോള്‍ എനിക്കല്ലേ ആദ്യം കിട്ടേണ്ടത്?" ഞാന്‍ ആലോചിച്ചപ്പോള്‍ അതും ശരിയാണ്. ഞാന്‍ കോക്കുവിനോട് പറഞ്ഞു, " മോനെ, ചേട്ടാ ഇത്തിരി നേരം ഓടിക്കട്ടെ, അത് കഴിയുമ്പോള്‍ ചാച്ച വാങ്ങി തരാം." അവന്‍ അതിനു സമ്മതിച്ചില്ല, ഞാന്‍ ചൂടായി, വടിയെടുത്തു, രണ്ടു പേരും കരച്ചിലും ആയി. ഞാന്‍ അടുത്ത അടവെടുത്തു. നിങ്ങളില്‍ ചാച്ചയോടു കൂടുതല്‍ സ്നേഹം ഉള്ളവര്‍ ഇപ്പോള്‍ ആശയടക്കം ചെയ്യുക എന്ന് പറഞ്ഞു. രണ്ടു പേരും നല്ല സ്നേഹവും സെന്റിമെന്റ്സും ഒക്കെയുള്ള പിള്ളേരായിരുന്നു. പക്ഷെ രണ്ടു പേരും സ്കൂട്ടറില്‍ നിന്നും പിടി വിട്ടില്ല. ടി വി യില്‍ ആണെങ്കില്‍ നികേഷിന്റെ ഒപ്പം ചര്‍ച്ചക്ക് പിസി ജോര്‍ജും എത്തി. എങ്ങനെ ഇതൊന്ന് ഒതുക്കും എന്നാലോചിച്ചപ്പോള്‍ ആണ്  നിന്നപ്പോള്‍ ഒരു ശബ്ദം കേട്ടത്.

പണ്ടത്തെ മൂട്സ് പ്ലീസ് എന്ന പരസ്യം പോലെ,  ബാത്ത്റൂമിന്റെ വാതില്‍ തുറന്നു ഉറച്ച പാദങ്ങളോടെ പാപ്പി എത്തി. എന്താടാ പ്രശ്നം എന്ന രീതിയില്‍ കറിയായെയും കോക്കുവിനെയും നോക്കി. ഒരു നിമിഷം അവന്‍ എന്തോ ഒന്നാലോചിച്ചു. പിന്നെ "മാ", "പാ" എന്നോക്കെ കോക്കുവിനോട് രൂക്ഷമായി പറഞ്ഞു. എന്തായാലും "ഇവിടെ താടാ" എന്നാണ് പറഞ്ഞതെന്ന് കോക്കുവിനു മനസിലായി, അവന്‍ സ്കൂട്ടറില്‍ നിന്നും പിടി വിട്ടു. അടുത്തതായി പാപ്പി കറിയാച്ചനെ ഇത്തിരി മയത്തില്‍ നോക്കി, "വേണേല്‍ എടുത്തു ഓടിച്ചോ" എന്നാണ് അവന്‍ ഉദ്ദേശിച്ചതെന്നു കറിയാച്ചനും മനസ്സിലായി.  എല്ലാം ഒരു ചോദ്യ ചിഹ്നത്തോടെ നോക്കി കണ്ട എനിക്കും ഒരു കാര്യം മനസ്സിലായി. എന്‍റെ പി എം പി മാനേജ്മെന്‍റ്  പഠനത്തിന്‍റെ ഗുണം മുഴുവന്‍ ഒരു "ബീജം" കൊണ്ടുപോയ കാര്യം.....






Read more...

ചാറ്റിങ്ങും ലൈനും പിന്നെ പ്രേതവും....

>> Tuesday, August 13, 2013

ഈ സംഭവം നടക്കുന്നത് ഏകദേശം പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഇന്നത്തെ പോലെ ഫേസ്ബുക്കും ട്വിറ്ററും ഒന്നുമില്ല. എന്തിനു മൊബൈലും എസ് എം എസും എം എം എസ്സും ഒക്കെ പതുക്കെ വ്യാപകമായി വരുന്നതേ  ഉള്ളൂ.  എങ്കിലും പ്രേമിക്കാനുള്ള ത്വരയും പെണ്ണുങ്ങളോടുള്ള താല്പര്യവും അന്നത്തെ ആണുങ്ങള്‍ക്കും കുറവൊന്നും ഇല്ലായിരുന്നു എന്ന് മാത്രവുമല്ല,  ആക്രാന്തം ഇത്തിരി കൂടുതലും ആയിരുന്നു. വയാഗ്രയോക്കെ കഷ്ടിച്ച് അങ്ങ് എത്തി എങ്കിലും സാധാരണക്കാരന് ആകെ ഇത്തിരി യാഹൂ ചാറ്റും വല്ല പടങ്ങളും ഒക്കെ തന്നെയായിരുന്നു ആശ്വാസം.

അങ്ങനെ ഞാന്‍ എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിക്കുന്നു, കൊച്ചു കടവന്ത്രയില്‍ ഒരു വീട് പോയി നോക്കുന്നു. ബ്രോക്കറിന്റെ വിവരണം അതി ഭയങ്കരം ആയിരുന്നു. രണ്ടു നില വീടാണ്, സില്‍മാ നടി ദിവ്യാ ഉണ്ണിയുടെ വീടിന്‍റെ പത്ത് വീട് ഇപ്പുറത്താണ്, താഴത്തെ ഫ്ലോറില്‍ ഒരു ഫാമിലി ഉണ്ട്, ഇത്തിരി നടന്നാല്‍ കടവന്ത്ര എത്തുകയും ചെയ്യും. പിന്നെ പട്ടണം ആണെങ്കിലും വീടിന്‍റെ ഒരു സൈഡില്‍ ഒരു പഴയ സര്‍പ്പക്കാവ് ആണ്, അതിനാല്‍ മരങ്ങളും ഇഷ്ടം പോലെ ചെടികളും ഒക്കെ ഉള്ളതുകൊണ്ട് ഫ്രീ ആയി ധാരാളം ഓക്സിജനും കിട്ടുമത്രേ. അവന്‍റെ വാചകം ഒക്കെ കേട്ട് എന്റെ മനസ്സില്‍ വെറുതെ ലഡ്ഡുക്കള്‍ ഒക്കെ ചുമ്മാ ടഗ ടാഗാന്നു പൊട്ടിക്കൊണ്ടിരുന്നു. ദിവ്യ ഉണ്ണി രാവിലെ വെറുതെ ജോഗ് ചെയ്യുമ്പോള്‍ എന്നെ കണ്ടു ഇഷ്ടപെടുന്നതും താഴത്തെ ഫ്ലോറില്‍ താമസിക്കുന്ന അതി സമ്പന്നമായ കുടുംബത്തിലെ അതിസുന്ദരിയായ മകള്‍ എന്റെ ഗ്ലാമറും കഴിവും ബുദ്ധിയും ഒക്കെകണ്ടു പ്രണയ പരവശയാകുന്നതും ഒക്കെ നല്ല മുഴുത്ത ലഡുവായി ഞൊടിയിടകൊണ്ട് പൊട്ടിക്കഴിഞ്ഞു.

അങ്ങനെ അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കഴിഞ്ഞു എന്ന് മനസിലായപ്പോള്‍ അവന്‍ പറഞ്ഞു. അവിടെ ഒരുത്തന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്, സംഗതി ചുമ്മാ പറയുന്നതാ. ഒരുത്തന്‍ അവിടുന്നും വിഷം കഴിച്ചിരുന്നു, പക്ഷെ അവനെ വലിയ താമസമില്ലാതെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു. എന്നിട്ട് ആളു മരിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഓ.. രണ്ടു മൂന്നു ദിവസം കിടന്നിട്ടാണ് വടിയായത്. അങ്ങനെയൊക്കെ നോക്കിയാല്‍ നമുക്ക് എവിടെയേലും താമസിക്കാന്‍ പറ്റുവോ? പിന്നെ നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് അതൊന്നും പ്രശ്നമല്ലല്ലോ. കാര്യം ബ്രോക്കര്‍ നമ്മളെ പോലെ എന്ന് ബഹുവചനത്തില്‍ പറഞ്ഞെങ്കിലും അവിടെ ഞാന്‍ ഏകനായി വേണമല്ലോ കിടക്കാന്‍.! , പോരാത്തതിന് എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ അപാര ധൈര്യവും.

അപ്പൊ അതാണ്‌ വാടക കുറവും പിന്നെ ഒരു ബാച്ചിലറിന് വീട് തന്നതും. എന്തായാലും ഞാന്‍ നോക്കിയപ്പോള്‍ പ്രായം പത്തിരുപത്തെട്ടു കഴിഞ്ഞു. ഇനിയും പേടിയും പ്രേതവും ഒക്കെയായി ഇരുന്നാല്‍ ശരിയാവില്ല. പോരാത്തതിന് നേരത്തെ പൊട്ടിയ ലഡു ഏതെങ്കിലും ശരിക്കും പൊട്ടിയാല്‍ അത് ബോണസ്‌ ആകുകയും ചെയ്യും.

അങ്ങനെ വീട് കാണാന്‍ ചെന്നു. ആത്മവിശ്വാസം ഒക്കെ നല്ലത് തന്നെ. പക്ഷെ അതിസുന്ദരിയായ ഒരു മകളുള്ള കോടീശ്വരന്‍, ഒരു വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക്മു താമസിക്കും എന്നും, മുകളിലത്തെ നിലയില്‍,  ഞാന്‍ എന്ന ബാച്ചിലറിനെ താമസിക്കാന്‍ അനുവദിക്കും എന്നൊക്കെ വിചാരിച്ചത് ഇത്തിരി ഓവര്‍ ആയി പോയി എന്ന് മനസ്സിലായി. അങ്ങനെ താഴത്തെ വീട്ടുകാരുടെ സെറ്റപ്പ് കണ്ടപ്പോളേ കോടീശ്വരന്‍ തകര്‍ന്നു, ലഡുവിന്‍റെ ആദ്യപകുതിയും. ഇനി പാവപ്പെട്ടവള്‍ ആണെങ്കിലും ഒരു സുന്ദരി പെങ്കൊച്ചു ഉണ്ടായിരുന്നാല്‍ മതിയായിരുന്നു. ആകെ കാണാന്‍ സാധിച്ചത് നല്ല ചൂടും ചൂരും ഉള്ള, നന്നായി കുരക്കുന്ന ഒരു പോമറേനിയന്‍പട്ടിയെ ആണ്.

എന്തായാലും വീട് നല്ല അടിപൊളി തന്നെ. അപ്പോള്‍ തന്നെ അഡ്വാന്‍സും കൊടുത്ത് കരാര്‍ എഴുതാന്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ താക്കോലും കിട്ടി,  അത്യാവശ്യം കട്ടില്‍, പെട്ടി, ലൊട്ടുലൊടുക്കു സാധനങ്ങളും ആയി വീട് കയ്യടക്കി. പട്ടണം ആയതുകൊണ്ട് തന്നെ ടിവി,ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ശീഹ്രം നടന്നു.

അങ്ങനെ പാലായില്‍ നിന്നും എത്തിയ കൂട്ടുകാര്‍ വീടൊക്കെ അടിച്ചു കഴുകി വൃത്തിയാക്കി. ഞാനും കുട്ടപ്പായിയും കൂടി ബീവരേജസില്‍ പോയി കുപ്പിയും തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി വന്നു, അവിടെ കുടിയും പാട്ടും ഒക്കെയായി തകര്‍ത്തു വാരി കിടന്നുറങ്ങി. പിറ്റേ ദിവസം ഉച്ചക്ക് മുമ്പേ അവര്‍ യാത്ര പറഞ്ഞു പാലാക്ക് പോയി.  വീടിന്‍റെ ഉടമസ്ഥ ബോംബെക്കാരി ഒരു ചേച്ചിയാണ്, അവര്‍ ഇപ്പോള്‍ നാട്ടില്‍ അവുധിക്ക് വന്നിട്ടുണ്ട്. ചിലപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ എന്നെകാണാന്‍ ഇതിലെ വരുമായിരിക്കും എന്നും ഡോക്കുമെന്റ്സ് ഒക്കെ റെഡി ആക്കിയ ആ ചേച്ചിയുടെ ആങ്ങള പറഞ്ഞു.

അങ്ങനെ അവസാനം ഞാന്‍ ഒറ്റക്കായി, അന്നൊരു ഞായറാഴ്ചയും. യാഹൂ ചാറ്റില്‍ കുറെ പരത്തി നോക്കി, ഒരു രക്ഷയും കിട്ടിയില്ല. മനസ്സില്‍ ആണെങ്കില്‍ എത്ര വിചാരിച്ചിട്ടും അവിടെകിടന്നു വിഷം അടിച്ച  ആളുടെ വിചാരം മാറുന്നുമില്ല. അവസാനം ഞാന്‍ തീരുമാനിച്ചു, ഇത്രയും പ്രായം ഉള്ള ഞാന്‍ ഇങ്ങനെ ഭയപ്പെടുന്നതില്‍, ഒരു ഭീരുവായി ഇരിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ധൈര്യവാനാകൂ, ആണത്വം കാണിക്കൂ, ചഞ്ചലലത കൈവെടിയൂ മകനെ എന്നൊക്കെ സ്വയം പറഞ്ഞു ഞാന്‍ പെട്ടെന്ന് തന്നെ ഉഷാറായി.

പിന്നെ ഒട്ടും താമസിച്ചില്ല. നേരെ കടവന്ത്ര ജങ്ക്ഷനില്‍ പോയി കര്‍ത്താവിന്റെയും മാതാവിന്റെയും ഓരോ രൂപം വാങ്ങി പള്ളിയില്‍ കൊണ്ട് പോയി വെഞ്ചരിച്ചു. തിരിച്ചു പോരുന്ന വഴി ഒരു പൈന്റും വാങ്ങി വീട്ടിലെത്തി.  രൂപം ഒക്കെ ഭിത്തിയില്‍ ആണി അടിച്ചു വെച്ചു, ഒരു ലുത്തിനിയ ചെല്ലി, പൈന്റു തുറന്നു സെലിബ്രേഷന്‍ തുടങ്ങി. പൈന്റു തീരുന്നതിനു മുമ്പേ ഞാന്‍ തീര്‍ന്നു. ഒരു പ്രേതത്തിന്റെയും ശല്യം ഇല്ലാതെ ഞാന്‍ കിടന്നുറങ്ങി.

പുതിയ ജോലിയായതുകൊണ്ട് ഓഫീസില്‍ തല കാണിച്ചു വീണ്ടും വീട്ടില്‍ വന്നു. പോരുന്ന വഴി ഒരു ധൈര്യത്തിന് ഒരു പൈന്റും കൂടി വാങ്ങി. നേരെ വീട്ടില്‍ വന്നിരുന്നു ചാറ്റ് ഓണ്‍ ചെയ്തു. കുറെ പേജുകള്‍ കയറി നിരങ്ങി നോക്കി. പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഹായ്, ഹലോ, ഹേയ് അങ്ങനെ പല രീതിയില്‍ വിളിച്ചു നോക്കി, നോ രക്ഷ. ഇനി അഥവാ ആരെങ്കിലും ഒന്ന് മറുപടി തന്നാല്‍ തന്നെ asl ചോദിച്ചു നമ്മള്‍ ആണാണ് ഇന്ത്യാക്കാരന്‍ ആണ് എന്നറിയുമ്പോള്‍ വിട്ടു പോകും. അങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോളാണ് ഒരു പെണ്കിളിയുടെ മെസ്സേജ്, "ഹലോ..."

ഞാന്‍ കുളിരണിഞ്ഞു, കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ വന്നു. ആക്രാന്തം കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല, ഹായ് വേണോ അതോ ഹേയ് വേണോ അല്ലെങ്കില്‍ ഹലോ ആയാലോ. അവസാനം സിമ്പിള്‍ ആയി ഒരു ഹായ് വെച്ചു. അപ്പോള്‍ അവളുടെ ചോദ്യം.

"Are u Jose Pothen?"

ഞാന്‍ വീണ്ടും വിഷണ്ണനായി. എന്റെ ഐ ഡി പോത്തന്‍ എന്നാണു, പക്ഷെ ഞാന്‍ പോത്തന്‍ ജോസ് അല്ല. ആറ്റു നോറ്റിരുന്നു ഒരു പെണ്ണ് വന്നതാ, അതിപ്പോളെ പോകുവല്ലോ എന്ന ഭയം ഒന്നാമത്. നുണ പറഞ്ഞാലും അധികം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ എന്നുള്ള തിരിച്ചറിവ് മറുവശത്ത്. അങ്ങനെ വിഷാദനായി ഒരു മിനിറ്റ് ആലോചിച്ചു. പിന്നെ രണ്ടുംകല്‍പ്പിച്ചു ഞാന്‍ പറഞ്ഞു.
"No I am not, may I know who is this?"
അപ്പോള്‍ മറുപടി വന്നു. "  I am sorry, i was just checking whether you are my school classmate Jose Pothen or not. Sorry and Bye"

ഡിം ... എല്ലാം തീര്‍ന്നു.

ഇനി എന്തു ചെയ്യും? സോറിയും ബൈ യും പറഞ്ഞു പോയ പെണ്ണിനെ ഇനി എങ്ങനാ ഒന്ന് കയ്യിലാക്കുന്നത്? എന്തായാലും ഓണ്‍ ലൈന്‍ ആയി കിടപ്പുണ്ട് അവള്‍, ഒന്നൂടെ ക്നോക്ചെയ്തു നോക്കാം.

"R u Malayali?"

ദേണ്ടെ... അവളുടെ മറുപടി വരുന്നു....

"Yea, but I live in Bangalore."

ലഡ്ഡു പിന്നെയും പൊട്ടി. ഞാനും ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു എന്നും പിന്നെ വിദേശ രാജ്യങ്ങള്‍ ഒക്കെ കറങ്ങി മടുത്തപ്പോള്‍ എല്ലാം മതിയാക്കി അവസാനം നാട്ടില്‍ തന്നെ ജീവിക്കാനുള്ള കൊതികൊണ്ട് വന്നതാണെന്നും ഒക്കെ അങ്ങ് കീച്ചി. മലയാളത്തോട് അത്രക്കങ്ങു താല്പര്യം ആയതു കൊണ്ട് ഇംഗ്ലീഷ് മാറ്റി  മംഗ്ലീഷ് ആക്കി. ഇനി ഇംഗ്ലീഷ് ഡിക്ഷ്ണറി ഒന്നും നോക്കാതെ മലയാളത്തില്‍ സംസാരിക്കുകയും ചെയ്യാമല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഉഷാറായി. ഒരു രക്ഷയും ഇല്ലാതെ കൊച്ചിയില്‍ വന്നു കൊതുക് കടി കൊള്ളുന്നതാണെന്നു നമുക്ക് പറയാന്‍ പറ്റുമോ? ഇത്രയും ഒക്കെ പറഞ്ഞപ്പോളെക്കും അവള്‍ പറഞ്ഞു. "My Amma is back and she may not like chatting with boys. So lets talk some other time"

വീണ്ടും ഗ്യാസ് പോയ ബലൂണ്‍ പോലെ, അല്ലെങ്കില്‍ ഏതാണ്ട് പോയ അണ്ണാനെ പോലെ, ഞാന്‍ ഒരു നിമിഷം സ്തബ്ദനായി.  ഒരു നിരാശാ കാമുകനാകാനായി എന്റെ താടിയിലെ രോമങ്ങള്‍ തരിക്കുന്നത് ഞാന്‍ അറിഞ്ഞു. ബീവറെജസിലെ
കുപ്പികള്‍ എന്നെ മാടി വിളിക്കുന്നത്‌  കണ്ടു. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലക്കും പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞതിനാലും ഞാന്‍ ചോദിച്ചു. " ഫ്രെണ്ട് ആയി ആട് ചെയ്തോട്ടെ?"

എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു കൊണ്ട്, നിറയെ ലഡ്ഡുകുഞ്ഞുങ്ങള്‍ നിരന്ന ഒരു ബേക്കറി തുറന്നു കൊണ്ട് അവള്‍ പറഞ്ഞു.  "Ohh sure..."

 അങ്ങനെ ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ കണ്ടിരുന്ന കോടീശ്വരന്‍ ആകുന്ന പകല്‍കിനാവുകളില്‍ മാറ്റം വരുത്തി. അവളുടെ അപ്പന്‍ സ്വിട്സര്‍ലാണ്ടില്‍ ആയതിനാല്‍ ഞാനും സ്വിസ് ബാങ്കില്‍ അക്കൌണ്ട് എടുത്തു. അവള്‍ക്കും നാട്ടിന്‍പുറം ഇഷ്ടമായതിനാല്‍ സുന്ദരിയായ അവളുടെ കൂടെ നാട്ടിന്‍ പുറത്തെ റബര്‍ തോട്ടത്തില്‍ ആടിനെ മേയിച്ചു നടന്നു. ഫോട്ടോ കാണാത്തത് കൊണ്ട് അവള്‍ക്കു ആരുടെ മുഖം കൊടുക്കണം എന്നാ കാര്യത്തില്‍ കണ്ഫ്യുഷന്‍ ഉണ്ടായിരുന്നു,അത് കൊണ്ട് ഓരോ സീനിലും അവളുടെ മുഖം വേറെ വേറെ ആയിരുന്നു. അവള്‍ മലയാളത്തെ സ്നേഹിക്കുന്നതു കൊണ്ട് എന്റെ ഇന്ഗ്ലീഷ് ഭാഷയോടുള്ള സഭാകമ്പം അല്ലെങ്കില്‍ അത് സംസാരിക്കാനുള്ള കോംപ്ലക്സ് മാറി കിട്ടി.

അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ ഭവനത്തിന്‍റെ ഉടമസ്ഥയായ ബോംബേക്കാരി ചേച്ചി വരുന്നത്. ഇത്തിരി നന്നായി വര്‍ത്തമാനം പറയുന്ന ഒരു പാവം സ്ത്രീ. വെറുതെ ആറുമാസം ബോംബേയില്‍ കറങ്ങി നടന്നതു കൊണ്ട് ചുമ്മാ വാഷി, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും ജൂഹു ബീച്ചും, ഗോരായി ബീച്ചും ഒക്കെ ഞാനും വര്‍ത്തമാനത്തില്‍ ചേര്‍ത്ത്. അങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ സംസാരിച്ചു സംസാരിച്ചു വന്നതിന്റെ കൂട്ടത്തില്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്ന ആ ചോദ്യം ഞാന്‍ ചോദിച്ചു.

"ഇവിടെ ആരാണ്ട് ആത്മഹത്യ ചെയ്തിരുന്നു അല്ലെ?". വളരെ നിസ്സാരമായി ചേച്ചി പറഞ്ഞു, അവന്‍ അതാ ആ ജനലില്‍ കയറുകെട്ടി  മുകളിലേക്ക് കയറിട്ടിട്ടു ടെറസ്സില്‍ കയറി കുരുക്കിട്ടു താഴേക്ക്‌ ഒറ്റച്ചാട്ടം, താഴെ താമസിക്കുന്നവര്‍ ഒച്ച കേട്ടു വന്നു നോക്കുമ്പോള്‍ ജനില്‍ തൂങ്ങി നിപ്പുണ്ട്. എന്റെ അടി വയറ്റില്‍ ഒരു കാളല്‍. പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. എന്റെ ബെഡ് റൂമിലെ ജനലിന്റെ കാര്യമാ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞത്.  യാത്ര പറഞ്ഞു പോകുമ്പോള്‍ ചേച്ചിക്ക് ഒരു നല്ല ധൈര്യമുള്ള പയ്യന്‍ വാടകയ്ക്ക് വന്നതിന്റെ സന്തോഷം. എനിക്ക് എങ്ങനെ ഞാനിനി ഇവിടെ ഉറങ്ങും എന്ന ചിന്തയും.

എന്നെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. ഞാന്‍ ഒരു നാലെണ്ണം വെള്ളമൊഴിക്കാതെ അങ്ങ് വീശി. ബെഡ് റൂമിന്റെ വശത്തേക്ക് ഞാന്‍ അറിയാതെ പോലും തല തിരിച്ചില്ല. കമ്പ്യുട്ടറില്‍ വന്നു ടൈപ്പ് ചെയ്ത ഹിസ്റ്ററി ഒന്ന് കൂടി നോക്കി. ലുങ്കിയും പുതച്ചു, കീബോര്‍ഡിനെ കെട്ടിപിടിച്ചു ശുഭ ചിന്തകളോടെ ഞാന്‍ കിടന്നുറങ്ങി. അല്ല പിന്നെ, ഞാന്‍ ആരാ മോന്‍.....

പിറ്റേന്ന് ഓഫീസില്‍ നിന്നും തിരിച്ചു വരാനും യാഹൂ ചാറ്റ് ഓണ്‍ ചെയ്യാനും ഞാന്‍ വീര്‍പ്പുമുട്ടി ഇരുന്നു. ഓടിക്കിതച്ചു വീട്ടില്‍ കയറി, തുണി പോലും മാറാതെ കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു. അതൊക്കെ ഒന്ന് ഓണ്‍ ആയി ഇന്റര്‍നെറ്റ് കണക്ടാകാന്‍ എടുത്ത സമയം എന്നെ സംബന്ധിച്ചിടത്തോളം യുഗങ്ങളായി തോന്നി. പാന്‍റും ഷര്‍ട്ടും ഊരിയപ്പോളെക്കും ചാറ്റ് ഓണ്‍ ആയി വന്നു. ഊരിയ തുണി കാലുകൊണ്ട്‌ തോണ്ടി ഒരു മൂലയില്‍ ഇട്ടപ്പോളെക്കും ഞാന്‍ കണ്ടു, അതാ എന്റെ ഫ്രെണ്ട് ലിസ്റ്റില്‍ അവള്‍ ഓണലൈന്‍ ആയി കിടക്കുന്നു.

ഹോ... ആകെ ഒരു രോമാഞ്ചകഞ്ചുകകിഞ്ചകം അണിഞ്ഞു ഞാന്‍ പുളകിതനായി. പിന്നെ സമയം കളഞ്ഞില്ല... നേരെ ഒരു ഹലോ കൊടുത്തു. ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ എന്ന് അവളുടെ അപേക്ഷ. ഓ ഷുവര്‍  എന്ന് പര്‍നാജു ഞാന്‍. അഞ്ചു മിനിറ്റോ... എത്ര നേരം വേണമെങ്കില്‍ ഞാന്‍ കാത്തിരിക്കുമല്ലോ. പക്ഷെ ആ കാത്തിരിപ്പിനുള്ളില്‍, വെറുതെ ഇരുന്നു കസേരയില്‍ കാലിട്ടിളക്കിയ വകയില്‍ കസേരയുടെ കാലിളകി കിട്ടി.

പിന്നെ അവിടെ നടന്നത് ഒരു മണിക്കൂര്‍ നീണ്ട സല്ലാപം. നിഷ്കളങ്കവും പരിശുദ്ധവുമായ പ്രണയത്തിന്‍റെ മുത്തുകള്‍ എന്‍റെ മനസ്സില്‍ വാരിവിതറിയ കൊച്ചു കൊച്ചു കാര്യങ്ങളുടെ കൈമാറ്റം. അവള്‍ ഒരു സുഹൃത്തായി എന്നെ  കണ്ടുകൊണ്ടു, സഭ്യതയുടെയും കുലീനത്വത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍  നിന്നുകൊണ്ട് തുറന്നു സംസാരിച്ചപ്പോള്‍ എന്റെ മനസ്സില്‍ പ്രണയം മൊട്ടിടുന്നത് സ്വാഭാവികം. ഒരു ഉണക്ക ബ്രെഡ്‌ എങ്കിലും കിട്ടിയാല്‍ മതി എന്ന് വിചാരിച്ചു വിശന്നിരിക്കുന്നവന് ബിരിയാണി കിട്ടിയാലുള്ള അവസ്ഥ.
 
അവളുടെ പേര് സെലിന്‍. ബാംഗളൂരില്‍ BCA ക്ക് പഠിക്കുന്നു. അച്ഛന്‍ ബിസിനസ്സുകാരന്‍. സ്വിറ്റ്സര്‍ലന്‍ഡിലും സ്വീഡനിലും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമ. അമ്മ ഇത്തിരി ഓര്‍ത്തഡോക്സ് ആയ വീട്ടമ്മ. ഇവരും സെലിന്റെ നാലാം ക്ലാസ് വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ ആയിരുന്നു. പിന്നെ നാട്ടില്‍ വന്നു മുത്തച്ഛന്റെ കൂടെ വാഴക്കുളത്തും. ഇപ്പോള്‍ മുത്തച്ഛന്‍റെ മരണവും സെലിന്റെ പഠനവും കാരണം ബാംഗളൂരില്‍ താമസം. ദൈവത്തില്‍ നന്നായി വിശ്വസിക്കുകയും,  ഉണ്ണീശോയുടെ, പ്രത്യേകിച്ച് ചേര്‍പ്പുങ്കല്‍ പള്ളിയിലെ കുടത്തേലുണ്ണിയുടെ നൊവേന ദിവസേന ചെല്ലുകയും ചെയ്യുന്ന ഒരു നല്ല കുട്ടി. ഫോട്ടോ ചോദിക്കുന്നത് മര്യാദകേട് ആകുമല്ലോ എന്ന് വിചാരിച്ചു. വോയിസ്‌ ചാറ്റ് ചെയ്താലോ എന്ന് ഒതുക്കത്തില്‍ ചോദിച്ചപ്പോള്‍ അടുത്ത ഞായറാഴ്ച ആകട്ടെ, അവസരം കിട്ടുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്നും പറഞ്ഞു.  അങ്ങനെ ഇനി ഞായറാഴ്ച സംസാരിക്കാം എന്ന രീതിയില്‍ ഞങ്ങള്‍ ബൈ പറഞ്ഞു. കര്‍ത്താവേ.. ഇനി ഞായറാഴ്ച വരെ ഞാനെങ്ങനെ കാത്തിരിക്കും...?

എന്തായാലും ഇത്രയും നേരം സംസാരിച്ചതില്‍  നിന്നും അവള്‍ നല്ലൊരു കുട്ടിയാണെന്ന് മനസ്സിലായി. സിറ്റി ലൈഫിനോടോ, പാര്‍ട്ടികളോടോ വലിയ അഭിനിവേശം ഇല്ലാത്ത, മഴയേയും മണ്ണിനെയും സ്നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന, മലയാളത്തെ ഇഷ്ടപ്പെടുന്ന ഒരു നല്ല കൊച്ച്.

വളരെ സംതൃപ്തിയോടെ, നിറഞ്ഞ മനസ്സോടെ ഞാന്‍ എണീറ്റു. അപ്പുറത്തെ മേശയില്‍ നിന്നും പകുതി കാലിയായ പൈന്റു കുപ്പി എന്നെ നോക്കി ചിരിച്ചു. പോടാ ചീത്ത ചെക്കാ എന്നാ മട്ടില്‍ പുച്ഛത്തോടെ ആ കുപ്പിയെ നോക്കി ഞാന്‍ പുറത്തിറങ്ങി. ജങ്ങ്ഷനില്‍ ചെന്നപ്പോള്‍ ബിവറേജസില്‍ പതിവിനു വിപരീതമായി ഒട്ടും തിരക്കില്ല. എങ്കിലും ആ പ്രലോഭാനത്തിലും ഞാന്‍ വീണില്ല. നേരെ ഹോട്ടലില്‍ കയറി ഒരു നെയ്‌ റോസ്റ്റും വടയും കഴിച്ചു തിരിച്ചു  നടന്നു. മഴ ചെറുതായി തൂളുന്നുണ്ട്, ഒരു പുഷ്പവൃഷ്ടി പോലെ. വീട്ടില്‍ വന്നു ബെഡ് റൂമില്‍ കയറി. ആദ്യമായി സര്‍പ്പക്കാവിലെക്കുള്ള ജനല്‍ തുറന്നു. ഒരു കസേരയെടുത്ത്‌ ജനലിന്റെ സൈഡില്‍ ഇട്ടു ഞാന്‍ ഇരുന്നു.

ത്രിസന്ധ്യാ സമയം.  മഴത്തുള്ളികളാല്‍ സ്നാനം ചെയ്തു വൃത്തിയായി നില്‍ക്കുന്ന ഇലകളാല്‍ നിറഞ്ഞ കുറച്ചു പടുമരങ്ങള്‍... അതില്‍ സര്‍പ്പങ്ങളെപോലെ  പടര്‍ന്നു കയറിയിരിക്കുന്ന വള്ളികളും, കുറ്റിചെടികളും കാട്ടുപൂക്കളും നിറഞ്ഞ സര്‍പ്പക്കാവ്. ഭയത്തിനു പകരം വന്യമായ ഒരു സൌന്ദര്യം ആണ് ഞാന്‍ അവിടെ കണ്ടത്. പ്രേത ചിന്തകള്‍ അപ്പോളും തികട്ടി വന്നെങ്കിലും അതിന്റെ രൂപവും ഭാവവും മാറി. കണ്ണും തുറിച്ചു നില്‍ക്കുന്ന ആണിന്‍റെ ഭാവത്തിനു പകരം സുന്ദരിയായ യക്ഷി ആണ് മനസ്സില്‍ വരുന്നത്. കാവിലെ മരത്തില്‍ വന്നു വെള്ളസാരിയുടുത്ത് ദ്രംഷ്ടകള്‍ ഒന്നും കാണിക്കാതെ വശ്യമായി ചിരിക്കുന്ന സുന്ദരി യക്ഷികള്‍.. അവര്‍ക്ക് സിനിമാ നടി ലിസിയുടെയും, ദിവ്യാ ഉണ്ണിയുടെയും ഒക്കെ രൂപമായിരുന്നു. അങ്ങനെ എന്തിലും ഏതിലും സൌന്ദര്യം.\\

രാത്രിയായി, ഉറങ്ങാനേ തോന്നുന്നില്ല. സ്വപ്നലോകം അല്ലെങ്കില്‍ സങ്കല്പലോകം അത്രയധികം സുന്ദരം തന്നെ. അങ്ങനെ ബാത്ത് റൂമില്‍ കയറി കഴുകാനായി കുതിര്‍ത്ത് വെച്ചിരുന്ന തുണി നനക്കാന്‍ തുടങ്ങി. അപ്പോളും മനസ് നിറയെ അവളായിരുന്നു. അണ്ടര്‍വയര്‍ നനച്ചു പിഴിയുമ്പോള്‍, മനസ്സില്‍ അവള്‍ക്കു പൂച്ചെണ്ട് നല്‍കുകയായിരുന്നു. ഷര്‍ട്ട് നനച്ചു  ഹാങ്ങറില്‍ തൂക്കുമ്പോള്‍ അവളുടെ ചുരിദാറിന്റെ ഹോള്‍ നേരെയിടുകയായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി എന്റെ തുണി സന്തോഷത്തോടെ നനച്ചു. അയ ഒന്നും കെട്ടിയിട്ടില്ലായിരുന്നത് കൊണ്ട് മുറിക്കകത്ത് തന്നെ എല്ലാം വിരിച്ചിട്ടു ഉറങ്ങാന്‍ കിടന്നു.

അന്ന് ആദ്യമായി ബെഡ് റൂമില്‍ കിടന്നു. മഴയുടെ തണുപ്പില്‍,പ്രണയത്തിന്‍റെ തരിപ്പില്‍ ഞാന്‍ കിടന്നു. മദ്യത്തിന്‍റെ സഹായമില്ലാതെ,ഭയപ്പാടേതുമില്ലാതെ,  തലയിണ കാലിന്റിടയില്‍ വെച്ചു മൂടിപ്പുതച്ചു കിടന്നു ഞാനുറങ്ങി.

ഇടക്കെപ്പോളോ ഒന്നുണര്‍ന്നു. മൂത്രമൊഴിക്കാന്‍ അതി ഭയങ്കരമായി തോന്നുന്നു. പുതപ്പിനടിയില്‍ ആണെങ്കിലും, കാലിന്റിടയില്‍ തലയിണ ഉണ്ടെങ്കിലും ആദ്യം വന്നത് തൂങ്ങിച്ചത്തവന്‍റെ ഓര്‍മ്മയാണ്. ആ മുറിയിലാണല്ലോ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, സര്‍പ്പക്കവിലെക്കുള്ള ജനല്‍ തുറന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ ശരീരം മൊത്തം ഒരു തണുപ്പ്. അതോടെ മൂത്ര ശങ്ക കൂടുകയും ചെയ്തു. എന്നാ പിന്നെ ആ പെങ്കൊച്ചിന്റെ ഓര്‍മ്മ ആദ്യം കൊണ്ടു വരാന്‍ മേലാരുന്നോ വൃത്തികെട്ട മനസ്സേ എന്ന് വിചാരിച്ചു  ഞാന്‍ സെലിനെ ഓര്‍ത്തു, അവളുടെ പ്രണയം ഓര്‍ത്തു. രണ്ടും കല്‍പിച്ചു ഞാന്‍ പുതപ്പു മാറ്റി.

അതാ വെളുത്ത ഷര്‍ട്ട്‌ ധരിച്ച ഒരു മനുഷ്യന്‍ എന്റെ മുറിയില്‍ തൂങ്ങി നിന്നാടുന്നു.... എന്റമ്മോ... എന്ന ഒരു വലിയ ശബ്ദം അറിയാതെ എന്നില്‍ നിന്നും പുറത്ത് വന്നു. താഴത്തെ വീട്ടുകാരുടെ പട്ടി അത് കേട്ടു കുരച്ചു. അനങ്ങാന്‍ വയ്യാതെ ആണെങ്കിലും ഒരു കൈ കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശു രൂപത്തിലേക്ക് നീണ്ടു.... മരിച്ച വിശ്വാസികളുടെ ആത്മാവിനു തമ്പുരാന്‍റെ മനോഗണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഒന്ന് കൂടി ഞാന്‍ ആ തൂങ്ങിയാടുന്ന രൂപത്തെ നോക്കി.

നനച്ചുപിഴിഞ്ഞ് കുടഞ്ഞിട്ടിരുന്ന വെളുത്ത ഷര്‍ട്ട്, ഹാങ്ങറില്‍ കിടന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇളംകാറ്റില്‍ ആടിക്കൊണ്ടിരുന്നു. അപ്പോളും ഞാനറിയാതെ തീര്‍ന്ന എന്റെ ശങ്കകള്‍ എന്നെ തണുപ്പിച്ചും കൊണ്ടിരുന്നു....




Read more...

Lelam Reloaded

>> Tuesday, December 11, 2012

നേരാ പോലീസേ, പാപ്പച്ചന്‍ ബാറില്‍ കയറിയിട്ടില്ല. ചെത്തുകാരനായിരുന്നു എന്റെ അപ്പന്‍. ....... . പനയില്‍ കയറി മാട്ടം പൊക്കിയ റപ്പായി ചേട്ടന്റെ കരണത്തിനിട്ടു ഒന്ന് പൊട്ടിച്ചിട്ട് അപ്പന്‍ ബാറില്‍ കയറുമ്പോള്‍ എനിക്കൊമ്പത് വയസ്സ്. ബാറില്‍ നിന്നും അപ്പനെ ശവം പോലെ ദാ ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ അന്നെന്റെ പത്താമത്തെ പിറന്നാളാ. 

ഉടുമുണ്ടില്‍ ചുറ്റി കെട്ടി വെളുപ്പിന് മൂന്നുമണിക്ക് എന്റെ അപ്പനെയീ ബസ്‌ സ്ടാന്റില്‍ കൊണ്ടേ കിടത്തുമ്പോള്‍ എന്റെ കണ്ണിന്റെ മുന്നില്‍ ഇപ്പോളും നുഴറ്റുവാ പോലീസേ, ദാണ്ടെ, ഈ നീളത്തിലുള്ള നാരങ്ങാ അച്ചാറിന്റെ പീസ്, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തി കൊണ്ടാ ഇത് പോലത്തെ തൊപ്പി വെച്ച പോലീസുകാര് അപ്പന്റെ കുണ്ടിക്കിട്ടു തോണ്ടിയത്, എടുത്ത്‌ ഓടേല്‍ തള്ളിക്കൊളാന്‍. 

ആ, പിന്നെ ബിവറെജസില്‍ എടുത്തുകൊടുക്കാന്‍ നില്കുന്നവര്‍ക്ക് പൈന്റ് കൊടുക്കുന്ന കാര്യം., അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില്‍ അപ്പന്‍ കിടക്കുന്നതിന്റെ ഇടതു ഭാഗത്ത്‌ വാള് വെച്ചിരുന്ന അമ്മച്ചിയെയും കിടത്തിയിട്ട് , മീനച്ചിലാറു നീന്തി കയറി പൂട്ടിക്കിടന്ന ബീവരെജസിന്റെ മുമ്പില്‍ എങ്ങനെ അപ്പന്റെയും അമ്മച്ചിയുടെയും ഹാന്ഗ് ഓവര്‍ മാറ്റും എന്നോര്‍ത്ത്‌ വിഷണ്ണനായി നിന്ന എനിക്ക് ഒരു പൈന്റ് തന്നത് പോലീസും പട്ടാളവും ഒന്നുമല്ല, ബീവരെജസില്‍ എടുത്തു കൊടുക്കാന്‍ നിന്ന ഒരു മുഴുക്കുടിയനാ. അതിന്റെ സ്മരണയിലാ പോലീസേ എന്റെയീ കുപ്പി ദാനം.

ഹ, കഴിഞ്ഞില്ല. ഇനിയുമുണ്ട് കള്ളു പാരമ്പര്യം. കേട്ടോ സര്‍ക്കിളെ, എന്റെ അപ്പന്‍ ഓള്‍ഡ്‌ മങ്കടിച്ചു വാളുവെക്കുന്ന സമയത്ത്‌ ദേ, ഈ നില്‍ക്കുന്ന മാട്ടേല്‍ ശശിയുടെ അപ്പനും പെമ്പളക്കും, കുഞ്ഞപ്പന്‍ പോലീസിന്റെ ഷാപ്പിലാ പണി. പണീന്നു വെച്ചാല്, പോലീസിനെ കുടിപ്പിക്കണം, പെടുപ്പിക്കണം, പുറം തിരുമ്മി വാള് വെപ്പിച്ചു കിടത്തണം, പിന്നേ... ഛീ.. മിണ്ടിപ്പോകരുത്. സര്‍ക്കിള് കണ്ടു കാണും. ഇവന്റെ ബാക്കി ഷാപ്പുകളുണ്ടല്ലോ . ബ്രാഞ്ചുകള്. നാലിന്റെയും വില്പന ഗുളിക പൊടിച്ച മൂത്ത കള്ളാ...കുടിച്ചാ പിന്നേ പാമ്പിന്റെ ജാതി ഇഴച്ചിലും ....കുടിക്കുന്ന കള്ളിന്റെ കൊണം..

ഹ.. നിന്റപ്പനല്ലെടാ.. അപ്പന്‍റപ്പന്‍ മിക്സ് ചെയ്ത കഥയാ ഞാനീപറയുന്നത്. നില്ല് സര്‍ക്കിളേ, ഏമാന്‍ എന്നാതാടാ രണ്ടാമത്‌ ഇംഗ്ലീഷില്‍ പറഞ്ഞേ? എന്നതാ? ഫ്ഹ! ഹോളണ്ട് അല്ലേടാ ഹോളിക്ക്, ആള്‍ക്കഹോളിക്ക്. ആ അത് തന്നെ. അതിന്റെ കുറവ് പാപ്പച്ചന്‍ സഹിച്ചോളാം. കേട്ടോ സര്‍ക്കിളേ, കള്ളിന്റെ കാര്യത്തിലുമതെ, കര്‍ത്താവിന്റെ കച്ചവടത്തിലുമത്തെ. എനിക്കൊരു പോലീസിന്റെയും എടനില വേണ്ടാ...മനസ്സില്‍ വെച്ചോ സര്‍ക്കിളേ, I am Alcoholic, വാടാ.!!

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP