ഭ്രാന്തന്‍ ചിന്തകള്‍
>> Sunday, October 12, 2008
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യമായി എനിക്കു ഭ്രാന്തു വരുന്നത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറിയതിനിടയില്‍ തിരക്കായി ചിന്തകള്‍ വഴിമാറിപോയതിനാല്‍ ഭ്രാന്ത് വളരെ ചുരുക്കമായേ തലപൊക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ വീണ്ടും വന്നു. അതേ ഭ്രാന്ത്, എന്നാല്‍ കുറെയൊക്കെ മാറ്റങ്ങളോടെ.
ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. ചാച്ചയുടെ വീട്ടിലെ ഭൂമിക്കടിയിലുള്ള പത്തായപ്പുരയും, വീടിനു ചുറ്റുമുള്ള അമ്പലങ്ങളും, ആനകളും എഴുന്നള്ളത്തും, ശൂലം കുത്തിയ കാവടികളും ഒക്കെ പിഞ്ചുമനസില്‍ ഭയം നിറച്ചിരുന്നു. ചാച്ചയുടെ മരണശേഷം അമ്മവീട്ടിലെ അമ്മയേയും പിരിഞ്ഞുള്ള ജീവിതത്തിനിടക്ക് തട്ടിന്‍പുറത്തെ കണ്ടന്‍പൂച്ചയുടെ കരച്ചില്‍ മുതല്‍ പാമ്പ്, പട്ടി എന്നു തുടങ്ങി സ്വന്തം നിഴലിനെവരെ പേടിയായിരുന്ന ഞാന്‍ ദൈവവിശ്വാസി ആകാതെ എന്തു ചെയ്യാന്‍?
സാധാരണ മരിച്ചു കഴിഞ്ഞാല്‍ ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച് മിക്കവാറും സ്വര്‍ഗ്ഗത്തില്‍ പോകും. ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് കുറച്ചുകാലം ശുദ്ധീകരണസ്ഥലത്തുകിടക്കണം എന്നു മാത്രം. ഹിന്ദുക്കള്‍ക്ക് യമനും ചിത്രഗുപ്തനും എന്ന പോലെയായിരിക്കാം ക്രിസ്ത്യാനികള്‍ക്ക് പത്രോസോ അല്ലെങ്കില്‍ ഗബ്രിയേല്‍ മാലാഖയോ വാതിക്കല്‍ നിന്ന് സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങളും ഒക്കെ നിശ്ചയിക്കും. പാവം മരിച്ചുപോയ എന്റെ ചാച്ച എത്രത്തോളം പാപം ചെയ്തിട്ടുണ്ട് എന്നുള്ള ചോദ്യം എന്റെ മനസില്‍ ഒരു സംശയമായി കിടന്നു. നമ്മല്‍ ചൊല്ലുന്ന പ്രാര്‍ഥന അവര്‍ക്കു തണുത്ത ജലമായി നാക്കില്‍ വീഴുമെന്നുള്ള അറിവാല്‍ നന്നായി പ്രാര്‍ഥിക്കുകയും, ചാച്ചയെ എത്രയും വേഗം സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനായി പറമ്പിലെ ജാതിയുടെ കമ്പില്‍ കാലില്‍ ഞാന്നുകിടന്ന് തലയും കുത്തി വരെ പ്രാര്‍ഥിച്ച എന്നിലേക്ക് ഒരു ദിവസമെന്റെ മരണത്തിന്റെ ചിന്തകള്‍ വന്നു.
പാപങ്ങള്‍ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യാത്തതിനാല്‍ കൂടിവന്നാല്‍ ഇത്തിരിനാല്‍ ശുദ്ധീകരണസ്ഥലത്തു കിടക്കേണ്ടിവരും. അപ്പോള്‍ വല്ല്യ കുഴപ്പമില്ല, അധികം പാപമൊന്നും ചെയ്യാനുള്ള സമയമായില്ലല്ലോ? എന്നാല്‍ ഈശോയും ദൈവവും ഒന്നും ഇല്ലെങ്കില്‍ എന്താവും നമ്മുടെ അവസ്ഥ? കുറച്ചുനാള്‍ ഒക്കെ അമ്മയും സഹോദരങ്ങളും ഒക്കെ ഓര്‍ക്കും. അതു കഴിഞ്ഞാലോ? ഞാന്‍ എന്നയാള്‍ ഈ ഭൂമിയിലില്ല, സൌരയൂധത്തിലില്ല. പത്തു വര്‍ഷം, ആയിരം വര്‍ഷം എന്നല്ല ഒരു നിമിഷം പോലും എന്റെ ഒരു വിധ അവസ്ഥകളും നിലവിലില്ല. മരിക്കുന്ന ആ നിമിഷത്തില്‍ നിന്നും എന്റെ എല്ലാക്കാര്യങ്ങളും തീര്‍ന്നു. എന്റെ മനസു വിങ്ങി, തേങ്ങി. ഞാനെന്ന ഒരവസ്ഥ ഇല്ലതാവുന്നതിനെ അംഗീകരിക്കാനാവുന്നില്ല. എല്ലാ മനുഷ്യരിലും ഞാനെന്നഭാവമാണ് മുന്നില്‍ നില്‍കുന്നത്, അതില്ലാതെ ജീവിക്കാനാവില്ല. ഞാനില്ലാതാവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവുന്നില്ല. ആ അവസ്ഥയെക്കുറിച്ചു ചിന്തിച്ച് ആദ്യമായി എനിക്കു ഭ്രാന്തായി.
പലപ്പോഴും എന്റെ മനസ് ആ ചിന്തയെ, ആ യുക്തിയെ അംഗീകരിക്കാന്‍ ശ്രമിച്ചു. അപ്പോളോക്കെ എനിക്കു ഭ്രാന്തായി. പ്രാര്‍ഥനയിലും ദൈവ വിശ്വാസത്തിലും ഞാന്‍ വളര്‍ന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഹിന്ദു ദൈവങ്ങളേയും ഇടക്കു കൂട്ടു പിടിച്ചു. അമര്‍ ചിത്രകഥയിലെ മഹര്‍ഷിമാരെപ്പോലെ പലരീതിയില്‍ തപസിനു ശ്രമിച്ചു. പിന്നീട് പ്രാക്ടിക്കാലിറ്റിയുടെ മൂശയിലിട്ട് ഞാന്‍ ആ ചിന്തകളെ കൊന്നു. ദൈവിക ചിന്തകളും മതവിശ്വാസങ്ങളും മാറി. മതത്തെ സംസ്കാരമെന്നും, ദൈവികശക്തി നമുക്കറിവില്ലാത്ത എന്തോ ഒരു ശക്തിയെന്നും ഒക്കെ സമാധാനിച്ചു ജീവിച്ചു പോന്നു.
എങ്കിലും ഇന്നലെ രാത്രിയില്‍ വീണ്ടും വന്നുപോയി ആ ചിന്ത. എന്റെ ഭാര്യ, മക്കള്‍ തുടങ്ങി എന്റെ ജീവിതത്തിലേക്കു പറിച്ചെറിയാനാവാത്ത വിധം വന്ന പുതിയ മുഖങ്ങള്‍. അവരെയൊക്കെ പിരിഞ്ഞ് ഞാനെന്ന ഒരാള്‍ ഈ പ്രപഞ്ചത്തിലേ ഇല്ലാതാവുന്ന ഒരു ദിനം, അയ്യോ വയ്യ. ഞാനില്ലാത്ത അവസ്ഥ, അതു മരണത്തിനു ശേഷമാണെങ്കില്‍ കൂടി അംഗീകരിക്കാനാവുന്നില്ല.
അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം എനിക്കു വീണ്ടും ഭ്രാന്തായി. ഈ ഒരു ഭ്രാന്തില്ലായിരുന്നെങ്കില്‍? ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ക്രൂരനായ ഒരു ഒരാളായേനെ ഞാന്‍. എന്റെ ഇഷ്ടം മാത്രം നോക്കി ജീവിച്ചാല്‍ പോരെ ഞാന്‍, ഒരു തനി മൃഗം ആയി? പല മനുഷ്യരേയും ദൈവത്തില്‍ വിശ്വസിപ്പിക്കേണ്ട ആവശ്യം ഇതായിരിക്കാം. എന്തായാലും ഞാനൊരു മൃഗമായി ഇനി മാറില്ല. ഇത്തിരി ഭ്രാന്തുണ്ടെങ്കിലും കുഴപ്പമില്ല, വിശ്വാസങ്ങള്‍ തെറ്റാണെങ്കിലുംസാരമില്ല. എനിക്കു മരണത്തിനുശേഷം ഒരു എക്സിസ്റ്റന്‍സ് വേണം.
4 comments:
വാഴക്കാവരയാ, മരണം എന്തായിരിക്കും... ഒരു മാസം മുന്‍പ് എനിക്കൊരു അനുഭവം ഉണ്ടായി, ഞാനോര്‍ത്തു ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ആത്മാവില്‍ അനേക മുറിവുകള്‍ ഏറ്റ് നീന്തിക്കയറാന്‍ പറ്റാത്ത് ഒരു കയം പോലെയായിരുന്നു ആ പകല്‍. വൈകുന്നേരം ശരീരവും വേദനിക്കപ്പെട്ട്, അതി ഭയങ്കരമായ ഒരു പീഡാ നിമിഷത്തിലൂടെ കടന്നു പോയി. കിടക്കയില്‍ ഞാന്‍ കിടന്നു. ഉറങ്ങിയില്ല, മയങ്ങിയുമില്ല. പക്ഷേ ഞാന്‍ കണ്ടു മുകളില്‍ നിന്ന്..മുറിക്കുള്ളില്‍ ഞാന്‍ കണ്ണടച്ച് കിടക്കയില്‍ കിടക്കുന്നത്. എനിക്കു ഭാരമേയില്ലായിരുന്നു. ഒന്നും എന്നെ അലട്ടുന്നുണ്ടായിരുന്നില്ല അപ്പോള്‍. 'ഓ അതു കഴിഞ്ഞു, ഞാനിപ്പോള്‍ ഇല്ല..' എന്നൊക്കെയാണു ബുദ്ധിയില്‍ തോന്നിയത്. ശരിക്കും കണ്ണച്ചിരുന്നോ എന്നറിയില്ല. പെട്ടെന്ന് ഞാന്‍ ഉണരുകയും മനസും ശരീരവും വളരെ ഫ്രഷ് ആയി തോന്നുകയും ചെയ്തു. ഞാന്‍ അതിനെ അവഗണിച്ചിരിക്കുകയായിരുന്നു ഇതുവരെ. ചില നിമിഷത്തേക്ക് ഞാന്‍ മരിച്ചോ, ഹലൂസിനേഷനായിരുന്നോ, അറിയില്ല, ഏതായാലും അത് പ്രത്യേകമായിരുന്നു. മരണത്തെപ്പറ്റിയുള്ള ഭീതി കല്പനകള്‍ ഇല്ലാതായെങ്കില്‍. എന്തായാലും മരണത്തിനപ്പുറം ഉണ്ട്, സംശയമില്ല...
ഇത് ഭാര്യയോടും മക്കളോടും ഉള്ള സ്നേഹക്കൂടുതല്‍ കാരണം തോന്നുന്നതാവാം....
കുട്ടിക്കാലത്ത് എനിക്കും ഏറെക്കുറെ ഇങ്ങനെയുള്ള തോന്നലുകള്‍ ഒക്കെ ഉണ്ടാകുമായിരുന്നു...
ഞാന്‍ ഇല്ലാതെയായാല്‍ ഈ ലോകത്തൊന്നും സംഭവിക്കില്ല. നാളെയുമ്ം സൂര്യനുദിക്കും..പൂക്കള്‍ വിടരും കൊഴിയും, ഋതുക്കള്‍ വന്നു പോകും. എന്‍റെ മരണം ആദ്യ ദിവസങ്ങളില്‍ കണ്ണുനീര്‍ത്തുള്ളികളായും പിന്നെ വിഷാദമായും ഒടുവില്‍ ഓര്‍മ്മയായും അത് മറഞ്ഞു പോകും. പക്ഷെ താങ്കള്‍ ഇല്ലാതെയാകണ്ട.
Post a Comment