ഞാനൊരു പാവം പാലാക്കാരന്‍

ബാംഗ്ലൂര്‍ ഡൈയ്സ്2

>> Wednesday, October 15, 2008

എന്റെ ആദ്യ ബാംഗ്ലൂര്‍ കഥയായ Park വായിച്ചവര്‍ക്ക് അവിടുത്തെ ഞങ്ങളുടെ ജീവിതത്തിന്റെ ഏകദേശരൂപം കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. വളരെ രസകരമായ ആ ജീവിതത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക്.

അങ്ങനെ ഞങ്ങള്‍ അവിടെ കാത്തിരുന്ന LLB അച്ചായന്മാര്‍ എത്തി. ബൈക്കുകള്‍ ഇറച്ചിക്കടയിലേക്കും
ബാറിലേക്കും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. റമ്മടിയും റമ്മികളിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. വിത്സിന്റെ പായ്ക്കറ്റുകള്‍ തുടരെ തുടരെ തീര്‍ന്നുകൊണ്ടിരുന്നു. ജോലികഴിഞ്ഞെത്തുന്ന സമയങ്ങളില്‍ ഞാനും ആവുന്ന പോലെയൊക്കെ പങ്കുചേര്‍ന്നു. പിറ്റേന്നു ജോലിസ്ഥലത്തു പോയിരുന്നു നാരങ്ങാവെള്ളവും മോരും കുടിച്ചും നാളെയും കടിക്കണമല്ലോ എന്നാലോചിച്ചും സമയം കളഞ്ഞു.


ഒരു ബിസിനസുകാരന്റെ ഏകമകനും സമ്പന്നനുമായ LLB ചേട്ടന്‍ അനിലേട്ടന് ‍, കൂട്ടത്തില്‍ പുതിയവനായ എന്നെ ബാംഗ്ലൂര്‍ നന്നായി ഒന്നു കാണിക്കണമെന്നൊരാഗ്രഹം. നാസയുടെ ആകൃതിയില്‍ ഉള്ള പബ്, അന്നത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ അതു കാണിക്കാനായി അടുത്ത ഞായറാഴ്ച പോകാമെന്നേറ്റു. പഴയ നക്സലേറ്റ് എന്നവകാശപ്പെടുന്ന നിരാശകാമുകനും കവിയുമായ സുദീപ്, നമ്മുടെ സിനിമാനടന്‍ മരിച്ച കൃഷ്ണന്‍കുട്ടിനായരുടെ ക്ലോണ്‍. സരസനും തികഞ്ഞ മദ്യപാനിയും എന്നാല്‍ സര്‍വ്വോപരി രസികനുമായ ഉണ്ട സുനീഷ്, പിന്നെ ഞാനും. ഞങ്ങള്‍ നാലു പേരും കൂടി പോകമെന്നു തീരുമാനിച്ചു. മറ്റുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് അവര്‍ക്കു
ഒരു ഫുള്‍ റമ്മിന്റെ കാശിനെക്കാളും കൂടുതല്‍ കൊടുത്ത് ഒരു പിക്ചര്‍ ബീയര്‍ അടിക്കുന്നത് അവര്‍ക്കു
സഹിക്കില്ലാഞ്ഞിട്ടാണ്.

സഞ്ചാരത്തിലെ സന്തോഷ് കുളങ്ങര സ്പേസില്‍ പോകുന്നതിനു ത്രില്ലടിച്ചതിലും ആവേശത്തിലായിരുന്നു ഞാന്‍ നാസയില്‍ പോകാന്‍ തയ്യാറായത്‍. എങ്കിലും തലേന്നു ശനിയാഴ്ച മറ്റുള്ളവര്‍ ഒക്കെ മടക്കു മടക്കെന്നു ഗ്ലാസ് കാലിയാക്കുമ്പോള്‍ ഒരു കുപ്പി ഒറ്റക്കേടുത്തു വിഴുങ്ങാന്‍ മനസുണ്ടായിരുന്നെങ്കിലും ഞാന്‍ അന്നും സിപ്പുചെയ്തു തന്നെ കുടിച്ചു. അവരൊക്കെ വീണ്ടും പറഞ്ഞു, ഇവന്‍ തറവാടി തന്നെ, കണ്ടില്ലേ സിപ് ചെയ്തു കുടിക്കുന്നത്. ഒരു കവിള്‍ എന്നുള്ളത് ലേശം കൂടിയാല്‍ അതു പാടില്ലമോനേ എന്നു പറഞ്ഞു ആമാശയം അന്നനാളത്തില്‍കൂടിതന്നെ തിരിച്ചു വിടുന്ന കാലമായിരുന്നു അതെന്നും അല്ലാതെ ആക്രാന്തവും ആഗ്രഹവുമില്ലാഞ്ഞിട്ടല്ല എന്നും അവര്‍ക്കറിയില്ലല്ലോ? അന്നു വൈകിട്ടത്തെ വായിനോട്ടത്തില്‍ ഒരു കാശ്മീരി സുന്ദരി LLB ക്കാരില്‍ സുന്ദരനും 2 കുട്ടികളുടെ പിതാവുമായ സക്കീറിനെ നോക്കി ചിരച്ചിതിന്റെ സന്തോഷത്തില്‍ ആയിരുന്നു അവര്‍. എന്തായാലും ചിക്കന്‍ കറിയും ബീഫ് ഫ്രൈയും പച്ചമോരില്‍ പച്ചമുളകും സവോളയും ചതച്ചു ചേര്‍ത്തതും കൂട്ടി ചോറുണ്ട് ഗാനമേളയും കലാശക്കൊട്ടായി കൊടുങ്ങല്ലൂര്‍ ഭരണിയും തകര്‍ത്ത് ഒരോരുത്തരും വീണിടത്തു കിടന്നുറങ്ങി.


ഞായറാഴ്ച ആയിരുന്നതുകൊണ്ട് മറ്റുള്ളവര്‍ എന്നും ഉറങ്ങുന്ന പോലെ എനിക്കൊരു ദിവസമെങ്കിലും പത്തുമണി വരെ കിടന്നുറങ്ങാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തില്‍ ആയിരുന്നു കിടന്നതെങ്കിലും സ്കൂളില്‍ നിന്നും ടൂര്‍ പോകുന്ന ദിവസം അതിരാവിലെ ആരും വിളിക്കാതെ എഴുന്നേല്‍ക്കുന്നപോലെ ഞാന്‍ നാലുമണിക്കേ എഴുന്നേറ്റുപോയി. ബുള്ളറ്റിന്റെയും യമഹായുടെയും കൈനറ്റിക് ഹോണ്‍ഡായുടെയും പോലെയുള്ള വിവിധതരം ശബ്ദത്തിലുള്ള കൂര്‍ക്കം വലികള്‍. ജനലില്‍കൂടി കടന്നു വരുന്ന അരണ്ടവെളിച്ചത്തില്‍ ഉയര്‍ന്നു താഴുന്ന കുടവയറുകള്‍. അതാ സുശീലിന്റെ വയറില്‍ ഒരു കുഞ്ഞെലി നിന്നു പൊങ്ങുകയും താഴുകയും ചെയ്യുന്നു. എലികള്‍ക്കു വീഗാലാന്‍ഡും ഡിസ്നിവേള്‍ഡും ഒന്നുമില്ലാത്തതിനാല്‍ ആ കുടവയറിന്റെ സീസോകളിയില്‍ ആ കുഞ്ഞെലിയും അഡ്വഞ്ചറസ് ആയതാവാം, നാഷണല്‍ ഹൈവേയുടെ നടുക്കു നടന്നു തെറിപറയുന്ന കുടിയന്മാരെപ്പോലെ സാഹസികനായി. ആ മുറിയിലെ വായുവിനുവരെ ഒരു
എലിയെയൊക്കെ പൂസാക്കാനുള്ള മദ്യത്തിന്റെ കണങ്ങള്‍ കാണുമല്ലോ. വിമാനം എയര്‍ഗട്ടറില്‍ വീഴുന്നപോലെ കൂര്‍ക്കം വലിയുടെ ഇടയിലുണ്ടായ ബ്രേക്കില്‍ പെട്ടെന്നു വയര്‍ താണതിന്റെ അഘാതത്തില്‍ പേടിച്ച് എലിക്കുഞ്ഞ് ഓടി മറഞ്ഞു. ഞാന്‍ ഒരു സിഗരറ്റും കത്തിച്ചു കക്കൂസില്‍ കയറി ചിന്താലോകത്തേക്കും കടന്നു.


രാവിലെ ഇക്കയുടെ കടയില്‍ പോയി ഒരു ബദാം മില്‍ക്കും ഒരു ബട്ടര്‍ ബണ്ണും അടിച്ചുകേറ്റി തുണിനനയും കുളിയും നടത്തി. ബാക്കി സഖാക്കള്‍ ഒക്കെ ഒന്‍പതു മുതല്‍ പതുക്കെ ഓരോരുത്തരായി എണീറ്റ് സിഗരറ്റ്, കടുംകാപ്പി ഇതൊക്കെ ക്രമത്തില്‍ ഉള്ളിലേക്കു കൊടുത്ത് തലേന്നത്തെ രസങ്ങളും മറ്റും പറഞ്ഞുചിരിച്ച് വയറിനു പ്രഷര്‍ കൊടുക്കുകയും പ്രഷറായവര്‍ വരിവരിയായി അതു കളയുകയും ചെയ്തു. പിന്നെ ഉച്ചയൂണിനുള്ള പരിശ്രമങ്ങള്‍, പരാക്രമങ്ങള്‍ പാത്രം കഴുകല്‍ ആന്റ് ഉച്ചയുറക്കം. പിന്നെ ഒരു നാലുമണികഴിയുമ്പോളേക്കും എഴുന്നേറ്റ് അന്നത്തെ കളക്ഷന്‍ എടുക്കാ‍ന്‍ വഴിയില്‍ പോക്ക്, പിന്നെ റമ്മും റമ്മിയും അതാണ് അവരുടെ ശരാശരി ജീവിതം. ഞായറാഴ്ച കളക്ഷനായി ഏതെങ്കിലും പള്ളിയില്‍ പോകും അത്ര തന്നെ. ഇന്നേതയാലും ഞങ്ങള്‍ നാലു പേരും കൂടി രണ്ടു ബൈക്കില്‍ MG റോഡിലേക്കു തിരിച്ചു.


പഴയ ബാംഗ്ലൂരും ഇപ്പോളത്തെ വിത്യാസങ്ങളും ഒക്കെ പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ പറഞ്ഞുതന്നു.
ചിന്നസ്വാമി സ്റ്റേഡിയം. MG റോഡ് ഒക്കെ കടന്ന് ഞങ്ങള്‍ ഏതോ ഒരു ലോക്കല്‍ ബാറില്‍ പോയി നന്നായി
അടിച്ചു. (നാസായില്‍ കയറി പൂസാകാന്‍ നിന്നാല്‍ കളസം കീറിപ്പോകും) അങ്ങനെ ആ‍വശത്തിനു കള്ളും കുടിച്ച് ഷീക് കബാബ് എന്നു പറയുന്ന ഒരു സാധനവും അടിച്ചു കേറ്റി ഞങ്ങള്‍ നാസയിലേക്കു കുതിച്ചു. പണ്ടു ആവേശത്തില്‍ നാസായിലിരുന്നു ബീയര്‍ അടിച്ചു കയ്യിലെ കാശു തീര്‍ന്നപ്പോള്‍ മോതിരം പണയം വെച്ച് വകയില്‍ സുനീഷിനുണ്ടായിരുന്ന പരിചയക്കാരന്‍ വെയിറ്റര്‍ ഗൌതമിനെ തന്നെ വിളിച്ചു സപ്ലൈ ചെയ്യാന്‍. ഞാന്‍ വിചാരിച്ചു, ഇവന്മാരുടെയൊക്കെ കോണ്ടാക്ടുകളേ..

ഒരു അമണ്ടന്‍ പാത്രത്തില്‍ ബീയര്‍, കുത്തിതിന്നാന്‍ എന്തോ ഒരു സാധനം, ഒരു ഗുഹ പോലെ ഇടുങ്ങിയ സ്ഥലം. ഇതിനകത്തിരുന്നു പൂസായാല്‍ ചിലപ്പോള്‍ സ്പേസില്‍ ഒഴുകി നടക്കുന്നപോലെ കുഴഞ്ഞുനടക്കുമായിരിക്കും. എന്തായാലും ഒരു കവിള്‍ ബീയര്‍ അടിച്ചപ്പോളേക്കും അടിയില്‍നിന്നും പുകവരുന്നു. ദൈവമേ...ഇനി സ്പേസ് ഷിപ്പിനു തീപിടിച്ചതാണോ ആവോ? എണീറ്റ എന്നെ സുനീഷ് പിടിച്ചിരുത്തി പറഞ്ഞു, പേടിക്കണ്ടാ, ഇതു തീ പിടിക്കുന്നതല്ലാ, സ്മോക്ക് മെഷീനില്‍ നിന്നും വരുന്നതാണ്. ചമ്മിയെങ്കിലും ഇനി അടുത്തപ്രാവശ്യം വേറെ ആരെയെങ്കിലും കൊണ്ടുവരുമ്പോള്‍ കോമ്പന്‍സേറ്റ് ചെയ്യാമല്ലോ എന്നാശ്വസിച്ചു. ഇനിയിപ്പോള്‍ സിഗരറ്റുവലിക്കുന്നതിനു പകരം ഇതുക്കൂട്ടൊരെണ്ണം വാങ്ങിവെച്ചാല്‍ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു വലിക്കാന്‍ പറ്റുമോ ആവോ? അല്ലെങ്കില്‍ പണ്ട് കപ്പത്തോട്ടത്തില്‍ എലിയെ പിടിക്കാന്‍ ചൂട്ടുകത്തിച്ചു മാളം പുകക്കുന്നതിനു പകരം ഇതുപയോഗിക്കാമല്ലോ. ഹേയ്..അപ്പോളേക്കും പലകളറിലിള്ള ഓരോ ലൈറ്റിന്റെ മുത്തുകള്‍ നമ്മുടെ ദേഹത്തു വീണിട്ട് തെറിച്ചു പോകുന്നു. ഇതു കൊള്ളാമല്ലോ. ആരും കാണാതെ ഒരെണ്ണത്തിനെ പിടിച്ചു വെക്കാന്‍ നോക്കി, രക്ഷയില്ലാ... ഇതാണത്രേ ലേസര്‍ ഷോ. എന്തായാലും നല്ല രസം. ആദ്യം അടിച്ച മദ്യത്തിന്റെയും പിന്നെ ഇവിടുന്നടിക്കുന്ന ബീയറിന്റെയും പരിണതഫലമായി ഞങ്ങളെല്ലാവരും തന്നെ കുഴഞ്ഞിരുന്നു. അടുത്ത ഷോക്കുകൂടി
ഇരിക്കണമെന്നുണ്ടായിരുന്നെങ്കിലും നല്ല പൂസായതിനാല്‍ ബില്ലു പറഞ്ഞു അനിലേട്ടന്‍ സെറ്റിലുചെയ്തു. പോകാന്‍ നേരം ഗൌതത്തിനു ബൈ പറഞ്ഞു നാക്കകത്തിടുന്നതിനു മുമ്പേ സുനീഷിന്റെ വയറ്റില്‍ കിടന്ന കുറെയധികം ഖരഗ്രാവകപദാര്‍ത്ഥങ്ങള്‍ അവനോടും ബൈ പറഞ്ഞു. അവര്‍ കഴുകാന്‍ പറയുന്നതിനു മുമ്പേ അവിടെനിന്നും ഓടിയിറങ്ങി.


സുനീഷ് ക്ഷീണിതനായ കാരണം സുദീപ് കൂട്ടിക്കൊണ്ടുപോയി വണ്ടിയുടെ അടുത്തു വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു. അനില്‍ എന്നെ അടുത്ത സ്വീകരണസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇരുണ്ട വെളിച്ചം, കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നു ഗാനമേള നടത്തുന്നു. പണ്ട് ഇതെല്ലാം കാബറെ നടന്നിരുന്ന സ്ഥലങ്ങളാണെന്ന് അനില്‍ പറഞ്ഞപ്പോള്‍ ഞാന്‍ മനസില്‍ ഒരു കുളിര്‍മ്മയോടെ നോക്കി. പാട്ടു പാടിക്കൊണ്ടിരുന്ന ഒരു മദാലസയായ ചേച്ചി എന്നെ നോക്കി ചിരിച്ചതായി തോന്നി. എനിക്കു ചരിതാര്‍ഥ്യമായി.

അങ്ങനെ ഞങ്ങള്‍ വണ്ടി വെച്ചിരുന്ന സ്ഥലത്തു ചെന്നപ്പോള്‍ സുനീഷ് വണ്ടിയില്‍ ആടിയാടി ഇരിക്കുന്നു. സുദീപ് പറഞ്ഞു നീ വണ്ടി എടുത്തോ, സുനീഷ് ഓള്‍റെഡി രണ്ടു പ്രാവശ്യം ബൈക്കു സ്റ്റാന്‍ഡില്‍ നിന്നു ഇറക്കി ഇരുന്ന വകയില്‍ വീണെന്ന്. എവിടെ, സുനീഷ് സമ്മതിക്കുമോ, നല്ലൊരു ബൈക്കോടിക്കലുകാരനായ അവനെ കൊച്ചാക്കുന്നതിനു തുല്ല്യമല്ലേ അത്. അവസാ‍നം ഞാന്‍ പുറകില്‍ കയറി. ബ്രിഗേഡ് റോഡില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.


നേരം ഒത്തിരി ലേറ്റായിരുന്നു, വണ്ടികള്‍ കുറവ്. അനിലിനെയും സുദീപിനെയും കണാഞ്ഞതിനാല്‍ ഒന്നുകൂടി MG റോഡു വഴി വന്നു അവരെ നോക്കാം എന്നു പറഞ്ഞു സുനീഷ് ഏതോ വഴി അങ്ങോട്ടു തിരിച്ചു. എന്തോ പന്തികേടു തോന്നി എനിക്ക്. ഡിവൈഡര്‍ ഉള്ള MG റോഡിന്റെ റോംഗ് സൈഡിലൂടെ ആണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ബൈക്കാണെങ്കില്‍ കള്ളുകുടിയന്‍ ബൈജു നടക്കുന്നപോലെ വളഞ്ഞും പുളഞ്ഞും വിറച്ചും. അതാ വരുന്നു ഒരു മഞ്ഞ സെന്‍. അവര്‍ ഞങ്ങളുടെ വരവു കണ്ട് കാര്‍ നിര്‍ത്തി. സുനീഷും അതിന്റെ അടുത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തി.


അതില്‍ നിന്നും രണ്ടു പഞ്ചാബികള്‍ ഇറങ്ങി വന്നു. സുനീഷിനെ പോലെ ഉണ്ടയായ അപ്പനും എന്നെ പോലെ കൊലുന്നനെയുള്ള മകനും. സുനീഷ് പറഞ്ഞു, ഇവന്മാര്‍ പഞ്ചാബികളാ, ഞാന്‍ കന്നട പറഞ്ഞ് അവന്മാരെ ഓടിക്കാം. എനിക്കു പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാന്‍ തോന്നിയില്ല. എന്നാലും സ്വതസിദ്ധമായ വിപതിധൈര്യത്താല്‍ ഞാന്‍ പ്ലാന്‍ ചെയ്തു, ഒരു എമര്‍ജന്‍സിയില്‍ അവന്‍ അപ്പനെ നോക്കട്ടെ, ഞാന്‍ മകനെ കൈകാര്യം ചെയ്യാം എന്നു.

അവര്‍ വന്നു ചോദിച്ചു, ക്യാ ഹെയ് യാര്‍? കൈസെ ഗാഡി ചലാത്തെ ഹേ? സുനീഷ് കന്നടക്കാരനായി ഇത്തിരി അഹങ്കാരത്തോടെ തന്നെ ചോദിച്ചു, ഏനു? ഏക്കു? നമ്മ ഊരില്‍ ബങ് പിട്ട് നമ്മിട്ടെ ആട്ടം ആടാത്താകിറയാ..ഒതൈ ഒതൈ...മറ്റൊരു ചേട്ടന്‍ സംഭവസ്ഥലത്തേക്ക് സ്പീഡില്‍ നടന്നു വന്നു. കന്നടക്കാരും തമിഴന്മാരും ഒക്കെ നല്ല വര്‍ഗ്ഗസ്നേഹം ഉള്ളവരാണല്ലോ. ഈ പാവം പഞ്ചാബികളുടെ കാര്യം പോക്കു
തന്നെ. എല്ലാം വളരെ പെട്ടെന്നായിരുന്നു. വന്ന ചേട്ടന്‍ ഒന്നും ചോദിക്കാതെ കൈ നിവര്‍ത്ത് ഒരെണ്ണം കൊടുത്തു, സുനീഷിന്റെ കവിളത്ത്! ഒരടിയിലും കന്നട മറക്കാത്ത സുനീഷ് ഒന്നു തല കുടഞ്ഞു, സ്വല്പ ജാഗ കൊടി എന്നു പറഞ്ഞ് വണ്ടി ഒറ്റ വിടീല്‍.

ഒരടിയില്‍ ഇത്തിരി വെളിവായ അവന്‍ പറഞ്ഞു, നമ്മള്‍ രണ്ടാളും അല്ലാതെ വേറെ ആരും ഇതറിയണ്ടാ. പറഞ്ഞു തീര്‍ന്നതേ മുമ്പില്‍ നില്‍ക്കുന്നു നമ്മുടെ കൂടെ വന്നവര്‍. അവര്‍ സംഭവം കണ്ടിരുന്നു. വണ്‍വേ ആയിരുന്ന ബ്രിഗേഡ് റോഡില്‍ റോംഗ് സൈദിലൂടെ വന്ന ചേട്ടനാണ് വണ്ടി റോഡിന്റെ നടുക്കിട്ടു സുനീഷിനിട്ട് പൊട്ടിച്ചിട്ട് പോയതെന്ന്. വെറുതെ വന്ന് ഒരു രസത്തിന് ഒരെണ്ണം കൊടുത്തു അത്ര തന്നെ. കിട്ടേണ്ടവന് കിട്ടി, എനിക്കു ഞെട്ടലും. അതോടെ മനസിലായി, കന്നട പഠിച്ചാലും മര്യാദക്കു നടക്കുന്നതാ‍ണ് എവിടെയും ബുദ്ധി.

1 comments:

കുട്ടിച്ചാത്തന്‍ October 16, 2008 at 2:01 PM  

ചാത്തനേറ്: ആ പൊട്ടിച്ചവന്‍ ഇത്തിരി ദൂരെ മാറി നിന്ന് മലയാളത്തില്‍ ചിരിക്കുന്നത് ഒന്നു തിരിഞ്ഞു നോക്കിയാല്‍ കാണാമായിരുന്നു അല്ലേ?


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP