ഞാനൊരു പാവം പാലാക്കാരന്‍

ഒരു മദ്യപാനിയുടെ ചിന്തകള്‍

>> Sunday, October 19, 2008

മദ്യപാനത്തെ ന്യായീകരിക്കാനല്ല ഇതെഴുതുന്നത്. എന്നാല്‍ മദ്യപിക്കുന്നവരെ കുറ്റപ്പെടുത്താനുമല്ല. ഞാനും
മദ്യപിക്കാറുണ്ട്. എന്നാല്‍ ദിവസവും അടിച്ചു പൂസായി നടക്കാറില്ല, മദ്യപിക്കാനായി വിറളിപിടിക്കാറില്ല, എന്നാല്‍ മദ്യപാനത്തെ ഒഴിവാക്കാറുമില്ല. ഇതൊരു തരം ആത്മപരിശോധനയാണ്, എന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ശ്രമം.

പണ്ട് ഒരു കവിള്‍ ഇറക്കാനായി ശ്വാസം വിടാതെ കുടിച്ചിരുന്ന ഞാന്‍ ഇന്നിപ്പോള്‍ ജളുക് ജളുക് എന്ന് വലിച്ചു കുടിക്കാറായി, മദ്യത്തിന്റെ രുചി നോക്കാറായി. ബാലന്റൈനും, ബൊക്കാര്‍ഡി ലെമൊണും ഫേവറിറ്റ് ഡ്രിങ്ക്സ് ആയി. മാക്ഡവത്സ് സെലിബ്രേഷന്‍ നൊസ്റ്റാള്‍ജിക് ഡ്രിങ്ക് ആയി, പരിചയക്കാരില്‍ നിന്നും കിട്ടുന്ന വാറ്റുചാരായം പ്രെഷ്യസ് ഗിഫ്റ്റായി. എങ്കിലും എന്റെ ഭാര്യ എന്റെ മദ്യപാനം നിര്‍ത്തുന്നതിനായി പ്രാര്‍ഥന ചൊല്ലിത്തുടങ്ങിയില്ല, ധ്യാനത്തിനുപോകാന്‍ ആരും പറഞ്ഞുതുടങ്ങിയില്ല.


അമ്മവീട്ടില്‍ മദ്യപാനം ചീത്തസ്വഭാവമായി പരിഗണിച്ചിരുന്നതിനാല്‍ പ്രീഡിഗ്രി കഴിയുന്ന വരെ വല്ലപ്പോളും
അപ്പമുണ്ടാക്കാനായി വീട്ടില്‍ വാങ്ങുന്ന തെങ്ങിന്‍ കള്ളു മാത്രമേ കുടിച്ചിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് K M
മാണിയെപ്പോലുള്ള വലിയ ആള്‍ക്കാര്‍ വരുമ്പോള്‍ കൊടുക്കാനായി വെച്ചിരുന്ന മദ്യം ഞങ്ങള്‍ പെങ്ങന്മാര്‍
ഉള്‍പ്പെടെ എടുത്തു അടപ്പിലൊഴിച്ചു അടിച്ചു നോക്കുകയും പകരം വെള്ളം ഒഴിച്ചു വെക്കുകയും ചെയ്തതൊഴിച്ചാല്‍ തരിശായിരുന്നു ഞങ്ങളുടെ ബാല്യ കൌമാരങ്ങള്‍. എന്നാല്‍ അവിടെ തുരിശടിയുടെ സമയത്തും കപ്പവാട്ടിന്റെ സമയത്തും പണിക്കാര്‍ക്കു കള്ളു കൊടുക്കുകയും ഞങ്ങള്‍ അവരെ മസ്കി അടിച്ചു അതില്‍ നിന്നും ഒന്നു രണ്ടുകവിള്‍ അടിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അവരാരും കാണാതെ അതില്‍ നിന്നും കുറച്ചു കള്ളെടുത്തു കുടിച്ച രണ്ടാം ക്ലാസുകാരനായ അനിയന്‍ നന്നായി പൂസാകുകയും വല്ല്യമ്മ അവനു മോരും വെള്ളം കൊടുത്തതും കുളിപ്പിച്ചതും ഇന്നും ഹാംഗോവര്‍ മാറ്റാനുള്ള പ്രാഥമിക പാഠങ്ങളായി നില്‍ക്കുകയും ചെയ്യുന്നു.


ഹോസ്റ്റല്‍ ജീവിതത്തിലാണ് ആദ്യമായി മദ്യപിക്കുന്നത്. മദ്യപാനം ഒരു കലയായി വളര്‍ന്നതും അക്കാലത്താണ്. കാര്യം വൈകുന്നേരം സ്കൂളുകഴിഞ്ഞ് വല്ല്യപ്പന്റെ കടയില്‍ വന്നു നില്‍ക്കുമ്പോള്‍ കാണുന്ന പട്ടയടിച്ചു തെറി പറഞ്ഞു നടക്കുന്ന പുല്ലന്‍ മാത്തു, ജോക്കര്‍ വാവ തുടങ്ങിയ തൊഴിലാളികളും, ഓയില്‍ മുണ്ട് നിലത്തോടെ വലിച്ചൊണ്ടു നടക്കുന്ന മുഴുക്കുടിയന്‍ ഡ്രൈവര്‍ ജോസഫും ഒക്കെ മനസില്‍ മദ്യപാനികളെക്കുറിച്ചുള്ള ചീത്ത ഇമേജുകളായിരുന്നു. എങ്കിലും വല്ലപ്പോളും വരുന്ന കപ്പലില്‍ ജോലി ചെയ്യുന്ന അമ്മാവനും സിനിമയില്‍ കാശുള്ള നായകനും വില്ലനും ഉള്‍പ്പെടെയുള്ളവര്‍ അടിക്കുന്ന സ്കോച്ചിനോട് അന്നൊക്കെ ഒരു വീരാരാധന ഉണ്ടായിരുന്നു എന്നത് സത്യം. അതിന്റെയൊക്കെ പ്രലോഭനത്താലാണ് കൂട്ടുകാരന്‍ എന്നെ പൂസാ‍ക്കാന്‍ തന്ന ഒരു ക്വാര്‍ട്ടര്‍ ബ്രാന്‍ഡി ആദ്യമായി
അടിച്ചു കേറ്റി മദ്യപാനകലക്ക് ഹരിശ്രീ കുറിച്ചത്. പിന്നീട് എത്രയോ കുപ്പികള്, തിരുവന്തപുരം ബസ്റ്റാന്‍ഡിന്റെ അടുത്തു വഴിസൈഡില്‍ വിറ്റിരുന്ന പട്ട മുതല്‍ തമിഴ് നാട്ടിലെ മാമ്പട്ട, ബാംഗ്ലൂരിലെ മൂലവെട്ടി തുടങ്ങി ഇപ്പോള്‍ ജാടയില്‍ അടിക്കുന്ന സ്കോച്ചു വരെ പലതരത്തില്‍, പലനിറത്തില്‍, പലവലുപ്പത്തില്‍ എത്രയോ കുപ്പികള്‍.


കുറെയൊക്കെ അടിച്ചു പൊളിച്ച യൌവ്വനത്തിനു ശേഷം വിവാഹം എത്തി. ഒരു ക്വാര്‍ട്ടര്‍ എന്നതില്‍ നിന്നും ഒരു കവിള്‍ കൂടുതല്‍ കഴിക്കാന്‍ സാധിക്കാതിരുന്ന ഞാന്‍ പൈന്റും കഴിഞ്ഞ് അര ലിറ്റര്‍ എങ്കിലും അടിച്ചാലേ തൃപ്തിയാകൂ എന്നെത്തി. എത്ര കള്ളുകുടിച്ചാലും, നടത്തം കുഴഞ്ഞാലും ബോധം പോവില്ല എന്നു വാദിച്ചിരുന്ന ഞാന്‍ ബോധമില്ലാത്ത അവസ്ഥ അനുഭവിക്കാറായി. ബ്ലാക് ഔട്ട് എന്ന അവസ്ഥ വെറും പ്രഹസനം ആണെന്നു വാദിച്ചിരുന്ന ഞാന്‍ ബ്ലാക് ഔട്ട് ആയി. ബുദ്ധിമുട്ടി കഴിക്കുന്ന സമയത്തു കൂടുതല്‍ ഉള്ള മദ്യം അപ്പോള്‍ തന്നെ പുറത്തു വന്നിരുന്നത് ഇപ്പോള്‍ കുറച്ചു സമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേന്നു രാവിലെയോ ആയി. തലേന്നു കുടിച്ചാല്‍ പിറ്റേന്ന് ഫ്രെഷ് ആയിരുന്‍ ഞാന്‍ ഇപ്പോള്‍ പിറ്റേന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലേക്കായി. എത്ര കുടിച്ചാലും വര്‍ത്തമാനത്തില്‍ സ്ഫുടത ഉണ്ടായൊരുന്ന എന്റെ നാക്കുകള്‍ കുഴഞ്ഞുതുടങ്ങി. എപ്പോള്‍ നിര്‍ത്തണം എന്നറിയാമായിരുന്ന എനിക്കു ഇപ്പോള്‍ ഒന്നുകില്‍ കുപ്പി തീരണം അല്ലെങ്കില്‍ വീണുറങ്ങണം അതുമല്ലെങ്കില്‍ പുറത്തിറക്കി വിടണം എന്ന അവസ്ഥ ചിലപ്പോളോക്കെ വന്നു തുടങ്ങി. അഞ്ചു പെഗ് വരെ നല്ല ഡീസന്റ് ആയി മര്യാദക്കു കഴിക്കുകയും അതിനു ശേഷം മദ്യം മദ്യത്തെ ശാപ്പിടറെ എന്ന ചൊല്ല് അന്വര്‍ത്തമാക്കി വര്‍ത്തമാനത്തിന്റെ തോത് അനുസരിച്ചു സേവയുടെ സ്പീഡ് കൂടിയും തുടങ്ങി. അങ്ങനെ ചുരുക്കത്തില്‍ പ്രായത്തിലും പക്വതയിലും സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍ പോലെ എന്റെ മദ്യപാനത്തിനും മാറ്റങ്ങള്‍ വന്നു.

മദ്യപിച്ചിട്ടു ഭാര്യയെ മര്‍ദ്ദിക്കുന്നവരെ കണ്ടിട്ടുണ്ട്, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ കണ്ടിട്ടുണ്ട്. മദ്യപിക്കാത്ത സമയത്ത് അവരുടെ സ്നേഹം കണ്ടിട്ടുണ്ട്. ഞാന്‍ ആ അവസ്ഥയിലെത്തുമോ എന്നറിയില്ല, ഇന്നു ഞാന്‍ മദ്യപിച്ചാല്‍ ഇത്തിരി കൊഞ്ചി പഞ്ചാര വര്‍ത്തമാനം കൂടുതല്‍ പറയുന്ന ഭാര്യയുടെ നല്ല ഭര്‍ത്താവാണ്, കുഞ്ഞുങ്ങളുടെ നല്ല ചാച്ചയാണ്. അതു മാറുന്ന നിമിഷം എനിക്കുണ്ടാവില്ല, ഉണ്ടാവാന്‍ അനുവദിക്കില്ല ഞാന്‍. എങ്കിലും പണ്ടുണ്ടായിരുന്ന പല കാര്യങ്ങളും മാറിയ പോലെ ഇതും മാറുമോ? ആ ചോദ്യം എന്നില്‍ മറ്റൊരു ചോദ്യം ചോദിച്ചു. എന്തിനു നീ മദ്യപിക്കുന്നു. എന്താണ് ഇത്ര റിസ്ക് എടുത്തു നീ കുടിക്കുന്നത്?


മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഒരു സിനിമാ കാണാനാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിനിമാക്കു പോയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഭക്ഷണം കഴിക്കാനാണെങ്കില്‍ ഞാന്‍ നല്ല ഹോട്ടലുകളില്‍ നിരങ്ങിയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം പാര്‍ക്കില്‍ പോയിരുന്നു പ്രകൃതു ഭംഗി ആസ്വദിക്കാനാണെങ്കില്‍ അങ്ങനെ ചെയ്തേനെ. വായിനോക്കാനാണിഷ്ടമെങ്കില്‍ അതു ചെയ്തേനെ. ചുരുക്കം ചില അവസരങ്ങളില്‍ കൂട്ടുകാരുടെയൊ മറ്റോ നിര്‍ബന്ധത്തില്‍ പെട്ടു പോകുന്നതല്ലാതെ മിക്കവാറും ഇതു എന്റെ തന്നെ ആസക്തിയാണ്. അതായത് സത്യത്തില്‍ മദ്യപിക്കുന്നത് എനിക്കിഷ്ടമാണ്.


എല്ലാ മനിഷ്യരും അവനവന് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുന്നു, കുറഞ്ഞ പക്ഷം അതിനായി പരിശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോന്നും സ്വന്തമാക്കി സന്തോഷിക്കുന്നു. മറ്റുള്ളവര്‍ക്കു കൊടുക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ അങ്ങനെ കൊടുക്കുമ്പോള്‍ സന്തോഷിക്കുന്നു. ഒരു വാങ്ങുന്നവനും ഒരു കൊടുക്കുന്നവനും ചേര്‍ന്നാല്‍ അവിടെ സന്തോഷം. ഭക്ഷണം കഴിക്കാന്‍ ചിലര്‍ക്കു സന്തോഷം, ഉണ്ടാക്കി മറ്റുള്ളവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ മറ്റു ചിലര്‍ക്കു ഇഷ്ടം. പാട്ടു കേള്‍ക്കാം ചിലര്‍ക്കിഷ്ടം, മറ്റു ചിലര്‍ക്കു പാടാന്‍. എല്ലാവരും അതിനായി പരിശ്രമിക്കുന്നു. പാടാനറിയാത്തവര്‍ പാടിയാല്‍ നമുക്കിഷ്ടമില്ല, നമ്മള്‍ വാങ്ങാനാഗ്രഹമുള്ളവനെങ്കില്‍ അങ്ങനെയുള്ള മറ്റൊരുവനെ നമുക്കിഷ്ടമല്ല. അങ്ങനെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൂടിയ ഒന്നാണ് ജീവിതം.

ഇതിനിടയില്‍ നമുക്കിഷ്ടമുള്ള ഒന്നാണ് മദ്യപാനം. അതു നമുക്കു മറ്റെന്തിനേക്കാളും സന്തോഷം നല്‍കുന്നെങ്കില്‍ അതിനെന്താ തെറ്റ്? ഭാര്യയും കുട്ടികളുമായി ജീവിക്കുമ്പോള്‍ എനിക്കെന്നും കുടിക്കാന്‍ തോന്നാറില്ല. എന്നാല്‍ മാസത്തിലൊരിക്കല്‍ എങ്കിലും ഒന്നു കുടിക്കാന്‍ തോന്നും. ഡാഷാത്തവന്‍ ഡാഷുമ്പോള്‍ ഡാഷുകൊണ്ടാറാട്ട് എന്നു പറയുന്ന പോലെ ചിലപ്പോള്‍ അന്നു അതി ഭയങ്കരമായി കുടിക്കും, ചളവാക്കുകയും ചെയ്യും. അതു കഴിയുമ്പോള്‍ കുറച്ചു നാളത്തേക്കു കുടിക്കണ്ടാ എന്നു തോന്നും. അവരില്ലാത്തപ്പോള്‍ വല്ലാത്ത ശൂന്യത തോന്നും, വെറുതെ ഇരുന്നു ടെന്‍ഷന്‍ അടിക്കുന്നതിലും ഭേദമല്ലേ രണ്ടെണ്ണം അടിച്ച് കഥ പറഞ്ഞിരിക്കുന്നത്? പണ്ട് കള്ളടിച്ചു പാട്ടു പാടി നടന്നിരുന്നതിനു പകരം ഇന്നു കള്ളടിച്ച് മനുഷ്യസ്വഭാവത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ലോകത്തിന്റെ ഗതിയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു, അത്ര തന്നെ. എന്തായാലും ഞാനത് ആസ്വദിക്കുന്നു എന്നത് സത്യം.

എന്തായാലും ഞാന്‍ നോക്കിയിട്ട് ഇപ്പോള്‍ വലിയ കുഴപ്പം തോന്നുന്നില്ല. ഇനി കുഴപ്പം തോന്നുമ്പോള്‍ നിര്‍ത്താന്‍ പറ്റാതാവുമോ ആവോ? എന്തായാലും ഇതിലും എനിക്കിഷ്ടം മറ്റെന്തു തോന്നിയാലും ഞാന്‍ അതിലേക്കു മാറും, തീര്‍ച്ച. മറ്റുള്ളവരെ ഉപദ്രവിക്കുകയും അവര്‍ക്കൊരു ഭാരമാവുകയും ചെയ്യുന്നതിനു മുമ്പേ ഇതില്‍ നിന്നും അഴിവാകുകയും ചെയ്യും, അതിനെനിക്ക് മ:നശക്തി ലഭിക്കട്ടെ.

12 comments:

Anonymous October 19, 2008 at 6:12 PM  

വളരെ സത്യസന്ധമായ വിവരണം. ഞാനും ഈ ഒരു സ്റ്റേജില്‍ ആയതുകൊന്ടാകാം ഇങ്ങനെ തോന്നുന്നത്. അഭിനന്ദനങ്ങള്‍.

niyaz October 19, 2008 at 6:35 PM  

മദ്യം വിഷമാണു സഹോദരാ,,, എല്ലാ തിന്മകളുടെയും മാതാവ്....

Manoj മനോജ് October 19, 2008 at 6:56 PM  

മാണിച്ചായനെ ഇത്ര പരസ്യമാക്കണമായിരുന്നോ?

ചാണക്യന്‍ October 19, 2008 at 7:01 PM  

കെ എം മാണി കുടിക്കുമോ?
എന്തായാലും കുടികഥ നന്നായി...

smitha adharsh October 19, 2008 at 7:40 PM  

സത്യസന്ധമായ ഈ വിവരണത്തിന് Hats off..
മദ്യപിക്കുന്ന ചാച്ചനെക്കാള്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നത് മദ്യപിക്കാത്ത അവരുടെ ചാച്ചനെ തന്നെയായിരിക്കും..ഉറപ്പ്.

Anonymous October 20, 2008 at 4:47 AM  

അതൊക്കെ ശരിയാണ് മാഷേ. പക്ഷെ ആരോഗ്യവും നോക്കണ്ടേ? ഇങ്ങിനെ കുടിച്ച് കുടിച്ച് പെട്ടെന്ന് തട്ടിപ്പോയാൽ വേഗം വരൂലേ ചാച്ചേ എന്നും ചോദിച്ച് ഇരിക്കുന്ന ആ തങ്കക്കുടങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ആരാണുള്ളത്?

പാമരന്‍ October 20, 2008 at 10:28 AM  

ഛെ ഛെ കള്ളുകുടിയന്‍..! നിങ്ങക്കൊന്നു നന്നായിക്കൂടേ മനുഷ്യാ? ;)

വേണു venu October 20, 2008 at 12:40 PM  

മനസ്സു തുറന്ന് എഴുതിയിരിക്കുന്നു.എഴുത്തിന്‍റെ ശൈലിയാണെന്നെ മൊത്തം വായിപ്പിച്ചത്.
മദ്യം നമ്മെ കുടിക്കാന്‍ തുടങ്ങുന്നു എന്ന ബോധം ഉണ്ടായാല്‍ അത് നിര്‍ത്തണമെന്ന് തന്നെ എന്‍റെ അഭിപ്രായം. സ്വന്തം നിലനില്പ് നഷ്ടമാകുന്ന സന്തോഷം ത്യജിക്കുന്നതു തന്നെ ആകണം സന്തോഷം....

Kunjumon October 20, 2008 at 2:22 PM  

രണ്ടെണ്ണം വിട്ടിട്ടാണോ ഇതെഴുതിയത് ?? വരികള്‍ക്ക് ഒരു മദ്യത്തിന്റെ ചുവയുണ്ടല്ലോ

Visala Manaskan October 21, 2008 at 5:19 PM  
This comment has been removed by the author.
വിന്‍സ് October 21, 2008 at 7:00 PM  

നല്ല എഴുത്ത്. മാന്യമായി കള്ളടിക്കുന്നവന്‍ വഴിയില്‍ കിടക്കാറില്ല, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യവും ആവാറില്ല. അവന്റെ/അവളുടെ ലിവര്‍ അടിച്ചു പോയി വടി ആയിട്ടും ഇല്ല. മുകളില്‍ ആരോ പറഞ്ഞതു പോലെ മദ്യം നമ്മളെ മുക്കാന്‍ തുടങ്ങുമ്പോള്‍ കഴിയുമെങ്കില്‍ പരമാവധി ശ്രമിക്കുക മദ്യം കഴിക്കുന്നതു നിര്‍ത്താനായൈട്ടു. പക്ഷേ ആ ലെവലില്‍ എത്തിയാല്‍ മദ്യം ഉപേക്ഷിക്കാന്‍ കഴിയുമോ??

ഇന്നത്തെ കാലത്തു എല്ലാ ദിവസവും വീശുന്നവര്‍ അഡിക്റ്റാണെന്നാണു എനിക്കു തോന്നുന്നതു. സത്യത്തില്‍ തനിച്ചിരുന്നു നാലെണ്ണം വീശുന്നവരും മദ്യത്തിനോട് ആസക്തി ഉള്ളവരായിട്ടാണെനിക്കു തോന്നിയിട്ടുള്ളതു. കമ്പനി ഇല്ലെങ്കില്‍ എന്തോ രസം ഉണ്ടു മദ്യപിക്കുന്നതില്‍?? വീക്കെന്‍ഡില്‍ സുഹ്രുത്തുക്കളൊക്കെ ചേര്‍ന്നു നാലെണ്ണം വീശുക എന്നു പറഞ്ഞാല്‍ അതിലൊരു രസം ഒക്കെ ഉണ്ടു.

“എന്റെ ശീലം മറ്റൊരാള്‍ക്കു ദുശീലം ആയി തോന്നിയേക്കാം, അതിനു എനിക്കെന്തു ചെയ്യാന്‍ കഴിയും“ - മോഹന്‍ ലാല്‍.

Visala Manaskan October 22, 2008 at 10:36 AM  

പറയാന്‍ വിട്ടുപോയി. എഴുതാന്‍ നല്ല എയിം ഉണ്ട്. നൈസ്.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP