ഞാനൊരു പാവം പാലാക്കാരന്‍
കൊഴിഞ്ഞുപോയെങ്കിലും.....
>> Tuesday, December 8, 2009
തൊട്ടാവാടി
>> Sunday, December 6, 2009
രാവിലെ കോക്കുവിന്റെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. മണി പത്തായി, ഒന്നെഴുന്നേറ്റ് ഈ പിള്ളേരെ ഒന്നു നോക്കിക്കൂടെ എന്നു ഭാര്യ ഭാര്യ പറയാറില്ലെങ്കിലും മനസില്‍ വിചാരിക്കുമല്ലോ എന്നു കരുതി ഞാന്‍ എണീറ്റു. ഈ പ്രാവശ്യം നാട്ടില്‍ വന്നതില്‍ പിന്നെ ഇങ്ങനെയാണ്, നല്ല ഉറക്കം തന്നെ. ഒരു കോട്ടുവായും ഇട്ട് മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ കോക്കു കിണുങ്ങി നില്‍ക്കുന്നു, തൊട്ടാവാടികൂട്ടത്തില്‍ ചെന്നു പൂ പറിക്കാന്‍ കയ്യിട്ടപ്പോള്‍ മുള്ളു കൊണ്ടു കരഞ്ഞതാണവന്‍. എന്റെ ഓര്‍മ്മകള്‍ കുറേ പിന്നിലേക്ക് പോയി.
അന്നു വീട്ടില്‍ മുസാണ്ട, ബാള്‍സം, ബൊഗേന്‍ വില്ല, ജമന്തി തുടങ്ങിയ അനേകം ചെടികള്‍ ഉണ്ടെങ്കിലും അമ്മയുടെ ഇഷ്ടം എന്നും റോസിനോടായിരുന്നു. നാല്പതില്‍പരം തരത്തിലുള്ള റോസച്ചെടികള്‍ അമ്മയും അമ്മാവനും കൂടി വീട്ടില്‍ നട്ടുപിടിപ്പിച്ചു. എവിടെ പുതിയ പൂവുകണ്ടാലും അതിന്റെ പൂവെങ്കിലും രണ്ടിതള്‍ താഴെവച്ചു വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് ബഡ് ചെയ്തു പിടിപ്പിക്കും. അന്നേ ഞാന്‍ അത്ദുതപ്പെട്ടിരുന്നു, നല്ല ചെടികള്‍ക്കെന്തിനാ ഈ മുള്ളെന്ന്? പക്ഷെ വീട്ടിലെ ചെറിയ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലും എനിക്കിഷ്ടം പറമ്പിലെ ചെടികള്‍ തന്നെയായിരുന്നു. ചേമ്പിലയില്‍ മൂത്രം ഒഴിച്ചു കഴിയുമ്പോള്‍ അതു ചെറിയ സ്പടികഗോളങ്ങളായി തെറിച്ചു പോകുന്നതും, കയ്യാലയിലെ വള്ളികളില്‍ കിടക്കുന്ന കണ്ണിത്തുള്ളികള്‍ കണ്ണിലൊഴിക്കുന്നതും, ചീമച്ചാമ്പയുടെയും പേരയുടെയും പൂക്കളും അങ്ങനെ പലതും.
ആദ്യമായി എപ്പോളോ കാലില്‍ തൊട്ടാവാടിയുടെ മുള്ളുകൊണ്ടപ്പോള് അമ്മ പറഞ്ഞു, കണ്ടോ.. തൊട്ടാവാടിയുടെ ഇലകള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നത്? എന്തോ അതില്പിന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു തൊട്ടാവാടി. കോക്കുവിനും അതു തന്നെ പറഞ്ഞു കൊടുത്തു, അവന്‍ പക്ഷെ ഒരു കമ്പെടുത്ത് തൊട്ടാവാടിയില്‍ അടിച്ച് മുഴുവന്‍ ഇലകളുടെയും ക്ഷമാപണം വാങ്ങിക്കൊണ്ടേ ഇരുന്നു. മനുഷ്യനു വെറുതെ കഷ്ടപ്പാടുകള്‍ ചിലപ്പോള്‍ കൊടുക്കുന്നതു കാണുമ്പോള്‍ എനിക്കു തോന്നി ചിലപ്പോള്‍ ദൈവത്തിനും പിള്ളേരുടെ ഈ സ്വഭാവം ആണെന്ന്. അന്നൊക്കെ ഞാന്‍ പിന്നീട് തൊട്ടാവാടിയുടെ ഇഷ്ടക്കാരനായി, അതിനെ വേദനിപ്പിക്കാതെ നോക്കും. ഇളം വയലറ്റ് കളറില്‍ ഒരു സൂര്യനെപോലെ നില്‍ക്കുന്ന അതിന്റെ പൂക്കള്‍ എനിക്കിഷ്ടമായിരുന്നു. അതിന്റെ നാരുകള്‍ പറിച്ചു കളഞ്ഞ് ഒരു കൊച്ചു ചക്ക പോലെയുള്ള അതു തിന്നുമ്പോള്‍ നല്ല രസമായിരുന്നു എങ്കിലും തൊട്ടാവാടിയെക്കൊണ്ട് ക്ഷമ പറയിക്കാതെ അതു പറിച്ചെടുക്കാനായിരുന്നു പ്രയാസം. ഇങ്ങനെ ഒരു സാധനം, ഒന്നു തൊട്ടാല്‍ മതി അങ്ങു ക്ഷമ പറയും. ക്ലാസില്‍ ബിജിമോളെ എല്ലാവരും തൊട്ടാവാടി എന്നാണ് വിളിക്കുന്നത്, പക്ഷെ അവള്‍ കൈകൂപ്പുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.
തൊട്ടാവാടി കണ്ടാല്‍ അതു വന്നു ചവിട്ടി മെതിച്ച് എത്ര ക്ഷമപറഞ്ഞാലും കേള്‍ക്കാതെ അതു തിന്നുന്ന ആട്ടുമ്മാമയെ എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ ആ ആടു പ്രസവിച്ചപ്പോള്‍ എനിക്കു സന്തോഷമായി, നല്ല മൂന്നു ആട്ടിന്‍ കുട്ടികള്‍. അതില്‍ ഒന്നിന്റെ താടിക്ക് രണ്ട് കുണുക്കും. ചുമ്മാ നിന്ന നില്‍പ്പില്‍ എത്ര പൊക്കത്തില്‍ ആണ് ആട്ടിന്‍ കുട്ടികള്‍ ചാടുന്നതെന്നറിയാമോ? പിന്നെ എന്റെ കളി അവയുടെ കൂടെയായി. ഞാന്‍ എത്ര നോക്കിയിട്ടും അവരുടെ വേഗതയോ, ചാടാനുള്ള ശക്തിയോ എനിക്കില്ലാത്തപോലെ തോന്നി.ഞാന്‍ അമ്മയുടെ അടുത്തു ചെന്ന് ചോദിച്ചു, അവര്‍ക്കെങ്ങനെയാണ് ഇത്ര ശക്തി കുഞ്ഞായിരിക്കുമ്പോളേ കിട്ടിയത് എന്ന്. അമ്മ പറഞ്ഞു അത് ആട്ടിന്‍പാല്‍ കുടിച്ചിട്ടാണെന്ന്, അതുകൊണ്ടാ നിങ്ങള്‍ക്കും ആട്ടിന്‍പാല്‍ തരുന്നത് എന്ന്. ഞാന്‍ ചോദിച്ചു എന്താ അമ്മയുടെ പാല്‍ എനിക്കു തരാത്തതെന്ന്. എടാ മോനേ, നീയുണ്ടായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അനിയത്തി ഉണ്ടായില്ലേ, പിന്നെ എങ്ങനാ തരുന്നതു? പിന്നെ രണ്ടാംക്ലാസില്‍ പഠിക്കുന്ന വലിയ ചെക്കനായി, ഇനിയ നിനക്ക് അമ്മിഞ്ഞ തരാന്‍ പോകുന്നത്, പൊക്കോ അവിടുന്ന്. ഞാന്‍ എന്തായാലും വേഗന്നു അവിടുന്നു വീണ്ടും ആട്ടിന്‍ കൂട്ടില്‍ എത്തി. ആട്ടിന്‍ കുട്ടികള്‍ വീണ്ടും പാലുകുടിതന്നെ, മിനിറ്റിനു മിനിറ്റിനു അവര്‍ ആട്ടുമ്മാമ്മയുടെ അടുത്തുപോയി ഇടിയുണ്ടാക്കി പാലു കുടിക്കും. ഒരു കിടാവുമാത്രം ഉണ്ടാകുന്ന പശുവിന് ദൈവം നാലു അകിട് കൊടുത്തു, എന്നിട്ട് മൂന്നു കുട്ടികള്‍ ഉണ്ടാവുന്ന പാവം ആടിനു രണ്ടകിടും, പാവം ആട്ടിങ്കുട്ടികള് ഇടിയുണ്ടാക്കി കുടിക്കണ്ടേ. എല്ലാം സൃഷ്ടിച്ച ഈ ദൈവത്തിനു നല്ല ബുദ്ധിയില്ലേ എന്നു ചിലപ്പോള്‍ തോന്നും.
ഓര്‍മ്മകളില്‍ നിന്ന് വീണ്ടും തിരിച്ചു വന്നു. വാടിനില്‍ക്കുന്ന തൊട്ടാവാടികളില്‍ കോക്കുവിന്റെ താല്പര്യം കുറഞ്ഞപ്പോള്‍ അവന്‍ വടിയുമായി അവിടെ കണ്ട ഇലകള്‍ ഒക്കെ അടിച്ചു നടന്നപ്പോള്‍ തൊട്ടാവാടി വീണ്ടും ഊര്‍ജ്ജസ്വലയായി എഴുന്നേറ്റു. അപ്പോളാണ് വീണ്ടും വടിയുമായി വന്ന് കോക്കു അതിനിട്ട് അടിച്ചത്, പാവം തൊട്ടാവാടി വീണ്ടും കൈക്കൂപ്പി ക്ഷമ പറഞ്ഞുകൊണ്ട് തലതാഴ്ത്തി. മകനായിട്ടും എനിക്ക് കോക്കുവിനോട് ദേഷ്യം വന്നു, മറ്റുള്ളവരെയുടെ വേദനയില്‍ ചിരിക്കുന്ന മനുഷ്യരുടെ തലമുറതന്നെയോ ഇവനും?
പെട്ടെന്ന് ഒരു ഉരുളന്‍ കല്ലില്‍ ചവിട്ടി അവന്‍ ആ തൊട്ടാവാടി കൂട്ടത്തിലേക്കു തന്നെ വീണു, വീണ്ടും മുള്ളുകൊണ്ട് കരഞ്ഞു. ഞാന്‍ അവനെ എണീപ്പിച്ചു, ഒന്നു രണ്ടിടങ്ങളില്‍ ചോര പൊടിഞ്ഞിട്ടുണ്ട്. അവനെ ആശ്വസിപ്പിച്ച് ഞാന്‍ ആ തൊട്ടാവാടികൂട്ടത്തിനടുത്തുള്ള പാറക്കല്ലില്‍ ഇരുന്നു. ഇടക്കൊക്കെ ഏങ്ങലടിച്ചു നിന്ന കോക്കു പതുക്കെ വേദന മറന്നു. അവന്‍ വീണ്ടും മടിയില്‍ നിന്നും ഇറങ്ങി നടന്നു. തൊട്ടാവാടികൂട്ടത്തിനരികില്‍ എത്തി, വിരിഞ്ഞു നിന്ന ഒരു പൂവില്‍ പിടിക്കാനായി കൈനീട്ടി. പക്ഷെ അതില്‍ തൊടാതെ അവന്‍ എന്നെ നോക്കി ചിരിച്ചു, ഒരു ചമ്മിയ ചിരി. ഒരു ഇളം കാറ്റില്‍ ആ പൂവിന്റെ കൂടെ ഇലകളും ചെറുതായി ആടി, കൈകൂപ്പാതെ തന്നെ. ഉം.. ദൈവം ഭയങ്കര ബുദ്ധിമാനായിരിക്കും....