ഞാനൊരു പാവം പാലാക്കാരന്‍

ആദ്യ സ്പര്‍ശനം

>> Tuesday, September 16, 2008

എല്ലാ ശരാശരി ആണുങ്ങളെയും പോലെ എന്റെയും മനസില്‍ ഹൈസ്ക്കൂള്‍ കാലഘട്ടം മുതല്‍ വിത്തുകാളയുടെ സ്വഭാവം കുറേശെ തലപൊക്കിത്തുടങ്ങിയിരുന്നു. എങ്കിലും ബുദ്ധന്റെയും, യുധിഷ്ഠിരന്റെയും, സോക്രട്ടീസിന്റെയും പിന്‍ഗാമി ആകാന്‍ നടന്ന ഞാന്‍ ഒരു പനിനീര്‍പുഷ്പം പോലെ, അല്ലെങ്കില്‍ വേണ്ടാ ഒരു മുയലിന്‍ കുഞ്ഞിനെ പോലെ അല്ലെങ്കില്‍ ഒരു ആട്ടിന്‍ കുട്ടിയെ പോലെ നിര്‍മ്മലനായിരുന്നു. പോരാത്തതിനു നമുക്കിഷ്ടമുള്ള പെണ്ണുങ്ങളെ പരിശുദ്ധമായി മാത്രമെ പേമിക്കാവൂ എന്നുള്ള നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എങ്ങിനെയോ ലൈംഗിക ചിന്തകള്‍ തന്നെ പാപമാണെന്നുള്ള മനസിനുള്ളില്‍ പതിഞ്ഞുപോയി. അതു കൊണ്ടുതന്നെ കാള വാലുപൊക്കാതെ തന്നെ വര്‍ഷങ്ങള്‍ അങ്ങനെ തന്നെ കടന്നു പോയി. എങ്കിലും കുമ്പസാരിക്കാന്‍ എന്തെങ്കിലും വേണ്ടേ എന്നു കരുതി സില്‍ക്കുസ്മിതയുടെയും അനുരാധയുടെയും ഒക്കെ സിനിമാ പരസ്യങ്ങള്‍ കാണുമ്പോള്‍ മനസില്‍ മാത്രം ഈ കാള ഇടക്കു വാലുപൊക്കിയെന്നു മാത്രം.


ബസില്‍ കയറിയപ്പോള്‍ അതുചെയ്തു, ട്രൈയിനില്‍ യാത്ര ചെയ്തപ്പോള്‍ ഇതു ചെയ്തു, ക്ലാസിലിരുന്നും പാര്‍ക്കിലിരുന്നും ഒക്കെ അതുമിതും ചെയ്തു എന്നിങ്ങനെയുള്ള എല്ലാവരുടെയും കഥകള്‍ കേട്ട് ഞാ‍ന്‍ വാ പൊളിച്ചിരുന്നു. കൂട്ടുകാരുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ കേട്ട് കൊതിയായി. കുഞ്ഞായിരുന്നപ്പോള്‍ പലനിറത്തിലുള്ള ജെംസ് മുട്ടായിയുടെ രുചി കസിന്‍സ് വര്‍ണ്ണിക്കുന്നത് കേട്ടതുപോലെയും വലുതായിക്കഴിഞ്ഞ് സൌദിയിലിരിക്കുമ്പോള്‍ ചാരായവും ഹെന്നസിയും ടക്കീലയും ഒക്കെ അടിക്കുന്ന കാര്യം പറയുമ്പോള്‍ കേല്‍ക്കുന്നതു പോലെയുമായി.


അവസാനം എനിക്കു മനസിലായി, ഈ ലോകത്തുള്ള 99.9 ശതമാനം ആണുങ്ങളും കല്ല്യാണത്തിനുമുമ്പ് ഏതെങ്കിലും ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ചിന്തയോടെ സ്പര്‍ശിച്ചിട്ടുള്ളവരാണ് എന്ന്. അങ്ങനെ ചെറുപ്പത്തിലെ കഠിന ശപഥം ഇരുപതുകളുടെ ആദ്യ പകുതികളില്‍ മനസിലെങ്കിലും അയയുകയും ചെയ്തു എങ്കിലും കന്യകനായി തന്നെ തുടര്‍ന്നു. അതു ഇരുപതുകളുടെ അവസാന പകുതി ആയപ്പോളേക്കും ഈ 99.9 ക്ലബില്‍ എങ്ങനെയെങ്കിലും അംഗത്വമെടുക്കണം എന്നായി. മനസിലിരുന്ന് യുധിഷ്ഠിരനും ബാലന്‍ കെ നായരും വടംവലി തുടങ്ങി. കറിവെക്കാനായി കോഴിയെ ഓടിച്ചിട്ടു പിടിച്ചു കൊല്ലാന്‍ പാടില്ല, എന്നാല്‍ എന്നെ കൊന്നോളൂ എന്നു പറഞ്ഞു കോഴിവന്നാല്‍ കൊന്നേക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. എന്നിട്ടും രക്ഷയില്ലാ...ആത്മഹത്യാ പ്രവണതയുള്ള ഒരു കോഴിയേയും എനിക്കു കാണാന്‍ സാധിച്ചില്ല.


അങ്ങനെ ഇരുപതുകളുടെ അവസാനം ആയി, പ്രണയവും കല്ല്യാണവും എല്ലാം സങ്കല്പങ്ങളില്‍ മാത്രം ഒതുങ്ങുകയും ഒരു പെണ്‍കുട്ടിയെ പോലും ആസക്തിയോടെ ഒന്നു തൊടാന്‍ പോലും സാധിക്കാത്തതിനാല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പുറപ്പെടാന്‍ തയ്യാറായി ഇരപ്പിച്ചു ഹോണടിച്ച് നില്‍കുന്ന ഓര്‍ഡിനറി ബസുപോലെയായി ഞാന്‍. ഇത്തിരി മുന്നോട്ടെടുക്കും പിന്നെയും പുറകോട്ടെടുത്തു നിറുത്തും. അങ്ങനെ മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരുന്നു ജീവിതം പൊയ്ക്കോണ്ടിരുന്നപ്പോള്‍ ആണ് അളിയന്റെ ആവശ്യത്തിനായി വീണ്ടും ബാംഗ്ലൂര്‍ പോകേണ്ടി വന്നത്. പണ്ടത്തെ ബാംഗ്ലൂര്‍ ജീവിതത്തില്‍ ട്രൈയിന്‍ യാത്രയുടെ ഇടയില്‍ മടിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ പോലും അനാവശ്യമായി തൊടാതിരുന്നതിനു എന്റെ സഹമുറിയന്മാര്‍ നീ ഷണ്ഠനായിരിക്കും എന്നൊക്കെ പറഞ്ഞതോര്‍ത്ത് ഈ പ്രാവശ്യമെങ്കിലും എന്തെങ്കിലും ഒരവസരം ഉണ്ടാവണേ എന്ന് സില്‍ക് സ്മിത പരദേവതയോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് യാത്രയായി.

സഹാറാ മരുഭൂമിയിലൂടെയെന്ന പോലെയായിരുന്നു അങ്ങോട്ടുള്ള യാത്ര. അവിടെ കാര്യങ്ങളൊക്കെ
ആത്മമിത്രങ്ങളില്‍ ഒന്നായ മനീഷിന്റെ സഹായത്താല്‍ നടത്തി. ബ്രിഗേഡ് റോഡിലും നാസായിലുമൊക്കെ ഒന്നു കറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരാന്‍ പാലാക്കുള്ള ഏക എയര്‍ സസ്പെന്‍ഷന്‍ വണ്ടിയായ എസ്സാര്‍ ട്രാവത്സില്‍ തന്നെ മനീഷ് അവന്റെ ഇന്‍ഫ്ലുവെന്‍സാല്‍ സീറ്റ് തരപ്പെടുത്തി തന്നു. സീറ്റ് നമ്പര്‍ ഏഴ്.
മനീഷ് കൊണ്ടുവിടാന്‍ വന്നത്, ഡയറി സര്‍ക്കിളില്‍ നിന്നും ഞങ്ങള്‍ വണ്ടിയില്‍ കയറി.

എന്റെ സീറ്റിന്റെ അടുത്ത സീറ്റില്‍ ഒരു സുന്ദരി ഇരിക്കുന്നു. മനീഷ് എന്നെ നുള്ളി, എന്നിട്ടു വലിച്ചു രണ്ട് സീറ്റ് പുറകില്‍ കൊണ്ടുപോയി ഇരുത്തി. എല്ലാ കാര്യങ്ങളും വളരെ ആധികാരികതയോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനീഷ് എനിക്കു പ്ലാനും പദ്ധതിയും വിവരിച്ചു തന്നു. ഇതു നിന്റെ സുവര്‍ണ്ണാവസരം ആണ്. നീ ഇപ്പോള്‍ അവിടിരിക്കണ്ടാ, ചിലപ്പോള്‍ മടിവാളയില്‍ ചെല്ലുമ്പോള്‍ അവര്‍ മാറ്റി ഇരുത്തും. അതു വരെ നീ ഇവിടെ ഇരിക്കൂ, എന്നിട്ടു അവിടെ ചെല്ലുമ്പോള്‍ നീ പുറത്തൊക്കെ ഒന്നിറങ്ങിയിട്ട് കയറി വന്ന് അങ്ങിരുന്നാല്‍ മതി എന്ന്. എല്ലാം ഏറ്റു. അവന്‍ ബെസ്റ്റ് ഓഫ് ലക്ക് നേര്‍ന്നു യാത്ര പറഞ്ഞു. മനസില്‍ ആദ്യമായി റോക്കറ്റില്‍ കയറി ശൂന്യാകാശത്ത് പോകാനിരിക്കുന്നവന്റെ അവസ്ഥ.


മടിവാള എത്തി, അല്ലാം അവന്‍ പറഞ്ഞ പോലെ നടത്തി. അവസാനം യാത്ര തുടരാറായപ്പോള്‍ വീണ്ടും കയറി വളരെ കൂളായി എന്റെ സീറ്റില്‍ ഇരുന്നു. മനസില്‍ ആകെ ഒരു അങ്കലാപ്പ്, എത്രയോ പെണ്ണുങ്ങളുടെ കൂടെ ഇടപെഴകി നടന്നവനാണ്, എന്നിട്ടാണോ ഇത്ര പ്രശ്നം. നിന്റത്ര വാക് ചാതുര്യം ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കുറഞ്ഞത് പത്തെണ്ണത്തിനെ ലൈന്‍ അടിച്ചേനേയെന്ന് എന്റെ കൂട്ടുകാരന്‍ ടോമി പറഞ്ഞതോര്‍ത്തു.നേരിട്ടു പറയാന്‍ ധൈര്യമില്ലതിരുന്ന മൂന്നു പേര്‍ക്കു വേണ്ടി തിരുവല്ലാക്കാരി ഡാലിയായെ അവര്‍ക്കിഷ്ടമാണെന്നു പറഞ്ഞവനാണു ഞാന്‍. മൂന്നാമത്തവന്റെ കാര്യം പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു ഈ ലോകത്ത് നീ മാത്രമേ ഉള്ളോ ഇങ്ങനെ ധൈര്യസമേതം പറയാന്‍ എന്ന്. ആ ഞാനാണോ ഇവിടെ താലികെട്ടുമ്പോള്‍ കൈ വിറക്കുന്നവനെ പോലെ വിറച്ചിരിക്കുന്നത്? ഈ കാര്യം അല്ലായിരുന്നെങ്കില്‍ വല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മ നിറഞ്ഞ മറിയവും ചൊല്ലി കണ്ട്രോള്‍ വീണ്ടെടുക്കമായിരുന്നു. ആദ്യമായി മോഷ്ടിക്കാന്‍ പോകുന്നവന്റെ അവസ്ഥ.

നിമിഷങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കോണ്ടേയിരുന്നു. അവള്‍ ജനാലയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്. ഷാമ്പൂ ചെയ്ത നേരിയ ചെമ്പന്‍ മുടി കാറ്റില്‍ പാറിക്കളിക്കുന്നു. ലേശം ഫാഷനബിളായിട്ടുള്ളവളാണ്. ഒന്നു നേരെ ഇരുന്നിട്ടു വേണ്ടേ പേരൊക്കെ ചോദിച്ച് പരിചയപ്പെടാന്‍. അല്ലെങ്കില്‍ വേണ്ടാ, പരിചയപ്പെട്ട് നല്ല ലോഹ്യം ആയിക്കഴിഞ്ഞാല്‍ പിന്നെ എങ്ങിനെയാ ഈ വൃത്തികെട്ട കാര്യങ്ങള്‍ ഒക്കെ നടത്തുക? എന്തായാലും ഒരു മണിക്കൂര്‍ കഴിഞ്ഞു, പുറത്തൊക്കെ ഇരുട്ടായി. ഇടക്കെപ്പോളോ അവള്‍ ഒന്നു നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു കാണിച്ചു, അവളും.

പേര്, നാട്, ജോലി ഇതൊക്കെ ഞാന്‍ ചോദിച്ചു. ചോദിച്ചതൊക്കെ തന്നെ അവള്‍ തിരിച്ചും ചോദിച്ചു, വളരെ
മര്യാദക്കാരനായി ഞാനെല്ലാം വിസ്തരിച്ചു പറഞ്ഞു, ഒന്നിലും പക്ഷെ വലിയ ഇന്‍ട്രസ്റ്റഡ് ആയി തോന്നിയില്ല.
മിതഭാഷിണി, സുഭാഷിണി, സുന്ദരി, പരിഷ്കാരി, പക്വമതി, പിന്നെയെന്താ വേണ്ടത്?


ബസില്‍ സിനിമാ വെച്ചു, കല്ല്യാണത്തിനു ശേഷം വധു കല്ല്യാണ സാരി മാറി മന്ത്രകോടി ഉടുത്തു വരുന്ന വരെ വിശന്നു ഹാളിനു മുമ്പില്‍ കാത്തിരിക്കുന്നവരെ പോലെ ഞാനും കാത്തിരുന്നു. ഇനി ഇതൊക്കെ തീര്‍ന്നു ലൈറ്റ് ഓഫാക്കിയിട്ടു വേണ്ടേ എനിക്ക് പരിപാടി ആരംഭിക്കാന്‍. ദിലീപിന്റെ ഒരു തമാശപ്പടം, അവള്‍ ഇടക്കൊക്കെ പൊട്ടിച്ചിരിക്കുന്നു.

എന്റെ കയ്യിലെ മുറിവിന്റെ പാടു നോക്കി അവള്‍ ചോദിച്ചു, ഇതെന്തു പറ്റിയതാ? ഞാന്‍ പറഞ്ഞു കബടി
കളിച്ചപ്പോള്‍ ഉണ്ടായതാ എന്നു. അവള്‍ എന്റെ കൈയ് പതുക്കെ അവളുടെ കരങ്ങളില്‍ എടുത്തു, ആ
മുറിപാടുകളില്‍ തലോടി. ഞാന്‍ അവളുടെ കഴുത്തിലെ കറുത്ത പാടുകണ്ടുപിടിച്ചു, അതില്‍ തൊട്ടുകൊണ്ട് ചോദിച്ചു ഇതെന്ത് പറ്റിയതാ? പെട്ടെന്ന് അവള്‍ ചോദിച്ചു, പടം നല്ല രസമുണ്ടല്ലേ? പാതാളകിണറ്റില്‍ വീഴുന്നതായി സ്വപ്നം കണ്ട് കട്ടിലില്‍ നിന്നും താഴെ വീണിട്ടെഴുന്നേറ്റപോലെ ഞാന്‍ ഒന്നു മൂളി സ്വപ്നലോകത്തു നിന്നും യഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. ഈ മനക്കോട്ട പോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ എത്ര എളുപ്പം ആയിരുന്നു.

ഞാന്‍ വീണ്ടും സങ്കല്പങ്ങളുടെയും പ്ലാനിങിന്റെയും ലോകത്തേക്കു കടന്നു. സിനിമയില്‍ കാമുകിയുടെ അപ്പനും ഗുണ്ടകളും ദിലീപിനെ എടുത്തിട്ടു ചാര്‍ത്തുന്നു. എന്റെ ചുറ്റും ഇരുന്നവരെ ഞാന്‍ ഒന്നുകൂടി നോക്കി. വണ്ടിയില്‍ കയറി ഞാന്‍ അവളുടെ അടുത്തിരുന്നപ്പോള്‍ ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഇരുന്നിടത്തേക്കു നോക്കുന്ന പോലെ അരാധനയോടെയാണ് എന്റെ നേരെ എതിര്‍വശത്തിരുന്നവര്‍ നോക്കിയത്. എതിര്‍വശത്ത് മുമ്പിലായിരുന്നവരുടെ നോട്ടം ഇത്തിരി പിശകായിരുന്നു. ഒരുമാതിരി ബാലന്‍ കെ നായര്‍ മോനിഷയുടെ അടുത്തിരിക്കുന്ന കാണുന്ന പോലെ. ആദ്യരാത്രി അനുഭവിക്കുന്ന നവനധൂവരന്മാരുടെ മുറിയുടെ തുറന്നു കിടക്കുന്ന ജനലിന്റെ അടുത്തുകൂടി പോകുമ്പോള്‍ അറിയാതെ ഇടകണ്ണിട്ടു നോക്കിപോകുന്നവരെ പോലെ മുമ്പിലിരുന്നവന്‍ സീറ്റിന്റെ ഇടക്കൂടെ ഇടക്കു പാളി നോക്കുന്നു. ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെയായി ഞാന്‍. എന്തെങ്കിലും പിശകായാല്‍ എന്റെ കാര്യം പോക്ക്, എല്ലാവരും കൂടി എന്റെ പുറത്ത് ടപ്പാംകുത്തടിച്ചു കളിക്കും. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചോദിക്കും, ഞാന്‍ 28 വര്‍ഷം തീറ്റിയിട്ട് നീ നന്നായില്ല, ഒരു 4 ദിവസം ബാംഗ്ലൂര്‍ പോയിട്ടു വന്നപ്പോള്‍ നീ ഇത്ര വണ്ണം വച്ചോ എന്നു? ഇനി ഇടിയും തന്ന് എന്നെ ഈ പാ‍തിരാത്രിയില്‍ ഹൈവേയുടെ അരികില്‍ തള്ളിയിട്ടു പോയാലോ? അല്ലെങ്കില്‍ ഇടി ഒക്കെ തന്ന് വണ്ടിയില്‍ തന്നെയിരുത്തി എന്റെ നാട്ടില്‍ കൊണ്ടുപോയി എയര്‍ സസ്പെന്‍ഷന്‍
ബസില്‍ നിന്നിറങ്ങുന്നവരെ ആരാധനയോടെ നോക്കി നില്‍ക്കുന്ന ഓട്ടോക്കരുടെ ഇടക്കു തള്ളി അവിടുന്നും ഇടി തന്നാലോ? കോളെജില്‍ പഠിച്ച കാലത്ത് ഒരു സ്കൂള്‍കുട്ടിയെ അനാവശ്യമായി തൊട്ട മധ്യവയസ്കനെ ബസില്‍ ഉള്ള ആള്‍ക്കാര്‍ എല്ലാം കൂടി ഇടിച്ചതോര്‍മ്മ വന്നു. ഇടിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന പാലാ സെന്റ് വിന്‍സന്റിലെ നാലാം ക്ലാസില്‍ വരെ പഠിക്കുന്ന പിള്ളേര്‍ അന്നു ആ ചേട്ടനിട്ട് പൊക്കമില്ലാഞ്ഞിട്ട് ചാടി അടി കൊടുത്തു. എന്റമ്മോ, ഹൃദയം ഡ്രം അടിച്ചു. ആ താളത്തില്‍ ഞാനുറങ്ങി പോയി.


ഇടക്കെണീറ്റപ്പോള്‍ എല്ലാവരുന്‍ നല്ല ഉറക്കം. ബസ് തമിഴനാട്ടിലൂടെ കുതിച്ചു പായുന്നു. അവള്‍ ജനലിലേക്ക്
തലചാരി സുഖമായുറങ്ങുന്നു. എന്റെ മനസില്‍ പിശാചിന്റെ അശരീരി മുഴങ്ങി, ഇതാടാ സമയം, തുടങ്ങിക്കോ. പുള്ളിക്കാരന്‍ അശരീരിയൊക്കെ മുഴക്കീട്ടു പോയി, ഞാന്‍ തന്നെ വേണ്ടേ ബാക്കി ഒക്കെ ചെയ്യാന്‍. എന്റെ നാക്കു വരണ്ടു, കൈകള്‍ തണുത്തു. തണുത്ത കൈ വച്ചു അവളെ തൊട്ടാല്‍ ദേഹത്ത് ഐസുകട്ടവീണെന്നു കരുതി എണീറ്റാലോ എന്നു കരുതി കൈ തിരുമ്മി ചൂടാക്കി. എങ്ങനെ തുടങ്ങും എന്നറിയില്ല. SSLC പരീക്ഷയില്‍ ഒബ്ജക്റ്റീവ് ചോദ്യത്തില്‍ തുടങ്ങണോ അതോ എസ്സേയില്‍ തുടങ്ങണോ എന്നു കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നവനെപ്പോലെയായി ഞാന്‍.


കയ്പ്പു കഷായം കുടിക്കാന്‍ പാടുപെട്ടിരിക്കുന്ന ഗര്‍ഭിണിയെപ്പോലെ ഞാന്‍ ഒരു അരമണിക്കൂര്‍ സമയം അങ്ങനെ തന്നെ വേസ്റ്റാക്കി. അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ചു തുടങ്ങാന്‍ തീരുമാനിച്ചു. പതുക്കെ എന്റെ കൈയ്യിലെ രണ്ട് വിരലുകള്‍ അവളുടെ കയ്യില്‍ അറിയാതെയെന്ന പോലെ മുട്ടിച്ചു. അതു അവളുടെ കയ്യില്‍ മുട്ടുന്നുണ്ടെന്ന് അവള്‍ക്കു പോയിട്ടു അവളുടെ കയ്യിലെ രോമത്തിനു പോലും മനസിലായി കാണില്ല, അത്ര മൃദുലമായി. ആദ്യപടി കടന്ന ആശ്വാസത്തില്‍ ഞാന്‍ ഒന്നു റിലാക്സ് ചെയ്തു. ഒരു പത്തുമിനിറ്റ് അങ്ങനെ തെന്നെയിരുന്നു. ഇങ്ങനെയിരുന്നിട്ടു കാര്യമില്ലല്ലോ, ഞാന്‍ പതുക്കെ കൈയ് ഇത്തിരി കൂടി താഴെ മുട്ടിച്ചു വച്ചു. അതും കുഴപ്പമില്ല, അവള്‍ നല്ല ഉറക്കം തന്നെ. അപ്പോളാണ് ഞാന്‍ അടുത്ത പ്രശ്നം ആലോചിച്ചത്. ഇനി അവളെ ഉണര്‍ത്തിയില്ലങ്കില്‍ എങ്ങനാ വല്ലതും ചെയ്യുക. ഇനി അവള്‍ വല്ല ഭീകര സ്വപ്നവും കണ്ടുകൊണ്ടു കിടക്കുകയാണെങ്കില്‍ ടി ജി രവി പിടിച്ചതാണെന്നു കരുതി കരഞ്ഞെങ്കില്‍ എന്തു ചെയ്യും?


അവള്‍ ഒരുതരത്തിലും എന്നെ ശല്യപെടുത്തണ്ടാ അല്ലെങ്കില്‍ പ്രലോഭനം നല്‍കണ്ടാ എന്നു കരുതിയാവണം
കൈയ് കെട്ടിയാണ് കിടക്കുന്നത്. ബസ് 140km ലും കൂടുതല്‍ സ്പീഡില്‍ പാഞ്ഞു പോകുന്നു, സമയവും.
സ്പീഡുകൂടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വിറയല്‍ ബസിനും വലിയ വിറയല്‍ എനിക്കും. അവസാനം രണ്ടും കല്പിച്ച് ഞാന്‍ പതുക്കെ എന്റെ കൈത്തലം അവളുടെ കൈപ്പത്തിയില്‍ വച്ചു, വളരെ മൃദുലമായി. അവള്‍ അറിഞ്ഞില്ല, ശ്ശോ..ഇനി എന്താ ചെയ്ക? ഞാന്‍ പതുക്കെ കയ്യൊന്നമര്‍ത്തി. അവള്‍ ഒറ്റത്തട്ട്, എന്റെ കൈയ് തെറിച്ചുപോയി. എന്റെ ശ്വാസം നിന്നു. ഭാരം ഇല്ലാത്ത ഒരവസ്ഥ. ഇടി പ്രതീക്ഷിച്ചു ഞാന്‍ കണ്ണടച്ചു. രണ്ടുമിനിറ്റ് കഴിഞ്ഞു ഞാന്‍ കണ്ണു തുറന്നു നോക്കി. എല്ലാം പഴയപോലെ തന്നെ. അവള്‍ ഇത്തിരികൂടി ജനലിനോട് ചേര്‍ന്ന് വീണ്ടും കിടക്കുന്നു. എന്നിലെ നല്ലമനുഷ്യന്‍ ഉണര്‍ന്നു. ഞാന്‍ അവളുടെ തോളില്‍ തട്ടി വിളിച്ചു. ഞാന്‍ താഴ്മയോടു കൂടെ അപേക്ഷിച്ചു, എന്നോടു ക്ഷമിക്കണം. അവള്‍ വളരെ സര്‍ക്കാസ്റ്റിക് ആയി ഓ എന്നു വെച്ചിട്ടു വീണ്ടും ഇത്തിരി കൂടി ഒതുങ്ങി ഉറങ്ങി. ബലാല്‍ക്കാരത്തിനിരയായ കൌമാരക്കരിയെപ്പോലെ അപമാനഭാരത്താല്‍ ഞാന്‍ കുനിഞ്ഞിരുന്നു.


എനിക്കെത്രയും വേഗം ഒന്നു മരിച്ചാല്‍ മതിയായിരുന്നു. ഞാന്‍ ഉറങ്ങിയേ ഇല്ല. രാവിലെ അവള്‍ എണീക്കുന്നതും നോക്കി കാത്തിരുന്നു ഞാന്‍. എണീറ്റപ്പോളേ ഞാന്‍ പറഞ്ഞു, I am so sorry,
ഞാന്‍ അറിയാതെ ചെയ്തതാണെന്നൊന്നും പറയുന്നില്ല, അറിഞ്ഞുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് ഇത്രയും ചെയ്തത്. പക്ഷെ ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. അവള്‍ വീണ്ടും പുഛഭാവത്തില്‍ ഓകെ, ഇതൊക്കെ തന്നെയാ എല്ലാവരും പറയുന്നേ എന്നു പറഞ്ഞു. ഞാന്‍ കരഞ്ഞുപോയി. അപ്പുറത്തിരിക്കുന്ന തടിയന്മാര്‍ കാണാതെ ഞാന്‍ കണ്ണീരു തുടച്ചു നിശബ്ദനായി ഇരുന്നു.

ബസ് തൊടുപുഴയെത്തി. എന്തോ അവള്‍ക്ക് എന്റെ അവസ്ഥ മനസിലായി എന്നു തോന്നുന്നു. അവള്‍ പറഞ്ഞു
സാരമില്ല, ഇനി ആരോടും ഇങ്ങനെ ഒന്നും ചെയ്തേക്കരുത് എന്ന്. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ എല്ലം കേട്ടു. പാലായില്‍ നിന്നും എന്റെ ഗ്രാമം എത്തുന്നവരെ നല്ല സുഹൃത്തുക്കളായി സംസാരിച്ചു. വീണ്ടും കോണ്‍ടാക്ട് ചെയ്യാമെന്നു പറഞ്ഞു യാത്ര പിരിഞ്ഞു.

എനിക്കൊരു കാര്യം മനസിലായി. ആരുടെയും സമ്മതമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല. മൌനാനുവാദം പോലും എനിക്കു ബാധകമല്ല. സ്നേഹത്തോടെയും പരിപൂര്‍ണ്ണസമ്മതത്തോടെയുമല്ലാതെ ലൈംഗികതക്കു യാതൊരു അര്‍ത്ഥവുമില്ല എന്നും അങ്ങനെയുള്ളതിന്റെ സുന്ദരാനുഭവം കല്ല്യാണശേഷവും ഞാനറിഞ്ഞു. ബസിലും തിരക്കിലുമൊക്കെ കരവിരുതുകള്‍ കാട്ടുന്ന മനുഷ്യര്‍ക്ക് എന്തു സുഖമാണോ ലഭിക്കുക? കുറച്ചു ഭയവും കുറഞ്ഞപക്ഷം ഒരു സ്ത്രീയുടെ മനസിലെങ്കിലും മുറിവേല്‍പ്പിച്ച കുറ്റവും.


ഇടക്കൊക്കെ ഫോണിലൂടെയും എഴുത്തിലൂടെയും ഞങ്ങള്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു. അവള്‍ കല്ല്യാണവും കഴിച്ചു ഒരു കുട്ടിയും ആയി. ഒരാഴ്ച മുമ്പും എന്റെ ഭാര്യയെ വിളിച്ചു സംസാരിച്ചു, അവരിപ്പോള്‍ നല്ല കൂട്ടുകാരാണ്. ഞനിതൊക്കെ ഭാര്യയോടു പറഞ്ഞിട്ടുണ്ട് എന്നവള്‍ക്കറിയില്ല. എങ്കിലും ആ സംഭവം ഓര്‍ക്കുമ്പോളെല്ലാം ഇപ്പോളും ഞാന്‍ ഇളിഭ്യനാകും.

Read more...

ആദ്യ പ്രണയം

>> Saturday, September 13, 2008

ഓര്‍മ്മ വെച്ചകാലം മുതലേ എനിക്കു പ്രണയങ്ങള്‍ ഉണ്ടായിരുന്നു. ബാല്യകാലത്ത് കൂടുതലും അത് എന്നെക്കാള്‍ മുതിര്‍ന്നവരോട് ആയിരുന്നു എങ്കിലും കാലക്രമേണ അതു സമപ്രായത്തിലേക്കും പിന്നീട് പ്രായം കുറഞ്ഞവരിലേക്കും മാറി എന്നു മാത്രം. എല്ലാ പ്രണയങ്ങള്‍ക്കും കോമണ്‍ ആയി ഒരു ഫാക്ടര്‍ ഉണ്ടായിരുന്നു, അന്നു ഞാന്‍ അവരോട് അതു തുറന്നു പറഞ്ഞിട്ടില്ല എന്നുള്ളതാണ് അത്, ഇന്നും. തുറന്നു പറയാന്‍ പോയിട്ടു പലരും എന്നെ കണ്ടിട്ടു പോലും കാണില്ല. എന്നു വെച്ച് ഹേമമാലിനി, ശ്രീദേവി, സ്റ്റെഫി ഗ്രാഫ്, ഷാരണ്‍ സ്റ്റോണ്‍ എന്നിങ്ങനെ അപ്രാപ്യമായുള്ളത് മാത്രമല്ല, നാടന്‍ പെണ്‍കൊടികളും ഉണ്ടായിരുന്നു. വേണമെങ്കില്‍ അവരില്‍ പലരോടും ഒന്നു പറയുകയും പ്രണയിക്കുകയും ചെയ്യാമയിരുന്നു, എന്തിനേറെ അവരില്‍ പലര്‍ക്കും എന്നോടും ഇഷ്ടമുണ്ടായിരുന്നിരിക്കാം.


പാസ്റ്റ് ടെന്‍സില്‍ ഞാന്‍ ഒരു ദുരഭിമാനിയായിരുന്നു. ഞാന്‍ ഉണ്ടായി വീണ ഉടനെ തന്നെ അഭിമാനം കാരണം
സുനാപ്പി പൊത്തിപ്പിടിച്ചിരുന്നു എന്നു അമ്മ പറഞ്ഞിട്ടുണ്ട്. പ്രെസെന്റ് ടെന്‍സിലും അര ദുരഭിമാനി തന്നെ, എന്നു വെച്ചാല്‍ പകുതി കാണിച്ചു കൊണ്ടാ നടക്കുന്നത് എന്നൊന്നും വിചാരിക്കരുതേ. പറയേണ്ട പല കാര്യങ്ങളും പറയില്ല, അഭിമാനം പോലും അഭിമാനം. തേങ്ങാക്കൊല, അതിന്റെ പേരില്‍ ഉള്ളതെല്ലാം അനുഭവിച്ചിട്ടു പരാതി പറഞ്ഞിട്ടു കാര്യം ഉണ്ടോ? എനിക്കിപ്പോള്‍ തോന്നുന്നത് ഇതു അഭിമാനം ഒന്നും ആയിരിക്കില്ല, പേടി ആയിരിക്കും.


അതൊക്കെ പോകട്ടെ, കാര്യം രണ്ടാം ക്ലാസില്‍ നിന്നു മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ട പെണ്ണുങ്ങളുടെ എല്ലാം ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ആദ്യമായി ഒരാളെ തീവ്രമായി ആഗ്രഹിച്ചത് ഏഴാം ക്ലാസില്‍ വെച്ചായിരുന്നു.
വിധിയുടെ വിളയാട്ടങ്ങള്‍ തിടര്‍ന്നുകൊണ്ടേയിരുന്നു എങ്കിലും അമ്മയുടെ സ്നേഹം തടവുകാരുടെ പരോളുപോലെ ഞങ്ങള്‍ക്ക് അവുധി ദിനങ്ങളില്‍ മാത്രം ഒതുക്കിയിരുന്നത്, അതും നാലുപേര്‍ ഷെയര്‍ ചെയ്തിരുന്നത്, ഇളവുചെയ്ത് എല്ലാ ദിവസവും ലഭിച്ചു തുടങ്ങി. കാരണം അമ്മ വീടിനു കുറച്ചടുത്തുള്ള കാരക്കുളം എന്ന UP സ്കൂളില്‍ പഠിപ്പിക്കുന്നു. അമ്മ ഞങ്ങളെ ആരെയും കൊത്തിപ്പിരിച്ചു വിടാതിരുന്നതിനാല്‍ ഷെയറിങ് അപ്പോളും തുടരേണ്ടി വന്നു എന്നു മാത്രം. ഉള്‍പ്രദേശ ആയിരുന്നതിനാല്‍ കുട്ടികള്‍ കുറവ്. ഏറ്റവും സര്‍വീസ് കുറഞ്ഞ ആളായതു കാരണം ഡിവിഷന്‍ പോയാല്‍ അമ്മ വീണ്ടും കിഴക്കന്‍ മേഖലകളിലേക്ക് പോകേണ്ടിവരും. താമസം അപ്പോളും അമ്മവീട്ടില്‍ തന്നെ, ബന്ധുര
കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയല്ലേ? എന്നാലും അമ്മ കൂടെയുള്ളപ്പോള്‍ ഏതു നരകത്തില്‍ പോകാനും മക്കള്‍ക്കു പേടിയില്ലല്ലോ. എന്തിനാ ഡിവിഷന്‍ പോകാതിരിക്കാന്‍ നാട്ടിലുള്ള കിടാങ്ങളെ തപ്പിപ്പോകുന്നത്, വീട്ടില്‍ ഇങ്ങനെ നാലെണ്ണം പുരനിറഞ്ഞു നില്‍ക്കുമ്പോള്‍? അതും ഏതു ക്ലാസ് വേണമെങ്കിലും അവൈലബില്‍.

അങ്ങനെ അക്കൊല്ലത്തെ ഷോര്‍ടേജ് ആയ ഏഴാം ക്ലാസില്‍ ഏഴാം കൂലിയായി ഞാന്‍ ചേര്‍ന്നു. ആണുങ്ങള്‍ കുറവും പെണ്ണുങ്ങള്‍ കൂടുതലും ആണ് ക്ലാസില്‍. അത്ര പരിഷ്കാരികള്‍ ഒന്നുമില്ലെങ്കിലും നാടന്‍ സുന്ദരികള്‍
കാണാതിരിക്കില്ല. അങ്ങനെ അമ്മയുടെ ക്ലാസ് ആയ 7B ല്‍ തന്നെ എന്നെ ഇരുത്തി. ടീച്ചറിന്റെ മകന്‍ ആയതു
കൊണ്ട് മുന്‍പിലത്തെ ബഞ്ചില്‍ തന്നെയായിപ്പോയി ഇരിപ്പിടവും. അല്ലെങ്കില്‍ തന്നെ ശരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ഞാന്‍ ഇത്തിരി സ്ലോ ആയിരുന്നതിനാല്‍ പുറകില്‍ ഇരിക്കാന്‍ ആഗ്രഹിച്ചാലും സാധിക്കില്ല . ഏതായാലും അസ്സംബ്ലിയുടെ സമയത്തും ഡ്രില്ലിന്റെ സമയത്തും ഒക്കെയായി ആള്‍ക്കാരുടെ ഒക്കെ കളക്ഷന്‍ എടുത്തു,സഹപാഠികള്‍ കഥകളും കാര്യങ്ങളും എല്ലാം വിസ്തരിച്ചും തന്നു.


സീനയാണ് ക്ലാസിലെ കേമി. ഒന്നാം റാങ്കും അവള്‍ക്കുതന്നെ. ഇത്തിരി തന്റേടം ഉള്ള പെണ്ണാണെന്ന്
സഹപാഠികളുടെ വാണിങ്. പച്ചരി എന്നാണവളുടെ ഇരട്ടപ്പേര്. അവളെ ആ പേര്‍ വിളിച്ചാല്‍ തല്ലൊഴിച്ച് എല്ലാം അവള്‍ ചെയ്യും. അതു കാരണം തന്നെ എല്ലാവര്‍ക്കും അവളെ ഒരു ബഹുമാനം ഉണ്ടായിരുന്നു. കാര്യം സുന്ദരിയും കഴിവുള്ളവളുമായിരുന്നെങ്കിലും ആ തന്റേടം എനിക്കിഷ്ടമ്മയിരുന്നില്ല. പിന്നെ ഓണാഘോഷത്തിനിടയില്‍ ഉണ്ടായിരുന്ന കസേരകളിയില്‍ അവള്‍ എതിരാളിയെ തള്ളിമാറ്റി വിജയിച്ചതുമെനിക്ഷ്ടമായില്ല. ഒരു പെണ്ണിനു വേണ്ട അത്യാവശ്യ കാര്യങ്ങളായ ലാളിത്യവും വിനയവും ഒന്നുമവള്‍ക്കില്ലല്ലോ. രണ്ടാം സ്ഥാനം ജമിനി, അവളൊരു ലളിത ശാലീന സുന്ദരി. ബാക്കിയുള്ളവരും മോശമല്ല, കാര്യം ഒരു തനി നാട്ടിന്‍ പുറം ആയിരുന്നു എങ്കിലും പെണ്ണുങ്ങള്‍ മിക്കവരും തന്നെ സുന്ദരികള്‍. ജീന്‍സും ടീഷര്‍ട്ടും ആധുനിക വേഷവിധാനങ്ങള്‍, രഞ്ജിനി മോഡല്‍ മലയാളം ഇതൊന്നുമില്ലെങ്കിലും മിഡിയിലും വല്ല്യപാവടയിലും നിറഞ്ഞുനിന്നിരുന്ന ശാലീന സുന്ദരികള്‍.


എന്തായാലും ദിനങ്ങള്‍ കൊഴിഞ്ഞു പോയി. ഒന്നിനെ തിരഞ്ഞെടുക്കാനും, പ്രത്യുത മറ്റുള്ളവരെ വേണ്ടന്നു വെക്കാനും ഉള്ള ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ ഒരോ ദിവസത്തെയും മൂഡ് അനുസരിച്ച് ലോകപ്രശസ്ത സുന്ദരികള്‍ക്കൊപ്പം ജമിനി, സീന, പുഷ്പ, കവിത എന്നിങ്ങനെ നാട്ടില്‍ അവൈലബിള്‍ ആയിരുന്ന എല്ലാ പെണ്‍കൊടികളെയും സാഹചര്യമനുസരിച്ച് സങ്കല്പങ്ങളിലും സ്വപ്നങ്ങളിലും പ്രണയിച്ചു താലോലിച്ചിരുന്നു. ശാന്തനും മര്യാദക്കാരനുമായ കുട്ടി എന്ന് എല്ലായിടത്തും കിട്ടിയിരുന്ന പേരു ഇവിടെയും നിലനിര്‍ത്താന്‍ ശ്രമിച്ചു, വിജയിക്കുകയും ചെയ്തു. പക്ഷെ അതിനായി എന്റെ മനസില്‍ ആളിക്കത്തിയ പ്രണയങ്ങള്‍ എല്ലാം മനക്കോട്ടകളില്‍ തളച്ചിടേണ്ടിവന്നു എന്നു മാത്രം.

അങ്ങനെ ആനിവേര്‍സറി എത്തി. എല്ലാവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ജമിനി പാട്ടിനും ഡാന്‍സിനും
മത്സരിക്കുന്നു, സീനയാണെങ്കില്‍ കുറച്ചുകൂടി അഗ്രസീവയുള്ള പ്രസംഗം മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിലും പങ്കെടുക്കുന്നു. എനിക്കണെങ്കില്‍ ആകെ ഇത്രയും കാലത്തെ വിദ്യാലയ ജീവിതത്തില്‍ ആകെ ആനിവേഴ്സറിക്കു കിട്ടിയിരിക്കുന്ന സമ്മാനം എല്ല ദിവസവും വേദപാഠക്ലാസില്‍ കയറിയതിനു ലഭിച്ച ഒരു ഗ്ലാസ് ആയിരുന്നു. എങ്കിലും ചാക്കില്‍ ചാട്ടം, തവള ചാട്ടം എന്നിവയില്‍ മിക്കവാറും എന്തെങ്കിലും സമ്മാനം കിട്ടറുണ്ടായിരുന്നു. എന്തായാലും അച്ചാമ്മ ടീച്ചര്‍ ഇത്തവണത്തെ പരിപാടിയായി ആസൂത്രണം ചെയ്തത് ഒരു നാടകം.

എന്നെയും ഒരു നടന്‍ ആക്കി. നായകന്‍ 7A ലെ ഒന്നാം സ്ഥാനക്കാരന്‍ സെബിന്‍, നായിക ഞങ്ങളുടെ ക്ലാസിലെ ഒന്നാം സ്ഥാനക്കാരി സീന. ഞാനാണ് വില്ലന്‍. എന്നാലെന്താ ആ സ്കൂളിലെ എല്ലാവരുടെയും സ്വപ്ന നായിക ആയിരുന്ന സീനയുടെ ഭര്‍ത്താവായ ഭാസ്കരന്‍ എന്ന മദ്യപാനി ആയിട്ടാണ് എന്റെ റോള്‍. നാടകത്തിലെങ്കിലും അവളുടെ ആദ്യ ഭര്‍ത്താവാകാന്‍ എനിക്കല്ലേ ഭാഗ്യം ലഭിച്ചത്. എന്തായാലും ഭാരതി എന്ന അവളുടെ പേര്‍ മൈക്കിലൂടെ രണ്ടുതവണ വിളിച്ചപ്പോഴേക്കും കോട്ടയംകാരുടെ “ഫ“ അല്ലെങ്കില്‍ ത്രിശൂര്‍ കാരുടെ “ബ“ എന്ന അവളുടെ പേരിലെ ആദ്യാക്ഷരത്തിന്റെ ആഘാതം താങ്ങാനാവാതെ സ്പീക്കര്‍ ഞരങ്ങിയപ്പോള്‍ പ്യൂണ്‍ ഓടി വന്നു പറഞ്ഞു, മൈക്കിന്റെ അത്രയും അടുത്തു നിന്നു വിളിക്കണ്ടാ എന്ന്.
എന്തായാലും കുടിയനും വില്ലനുമായ എന്റെ റോള്‍ മോശമായില്ല. ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ സ്കൂള്‍ അടച്ചു.


എന്റെ മനസില്‍ മറ്റുള്ള പെണ്ണുങ്ങളുടെ സ്ഥാനം കുറഞ്ഞു വന്നു. വീടിനുപുറകിലുള്ള കുന്നിന്‍പുറത്തെ റബറിന്റെ ഇടക്കു കൂടി പേടിച്ചുവിറച്ച് നന്മ നിറഞ്ഞ മറിയവും എത്രയും ദയയുള്ള മാതവേയും ചൊല്ലി ഹുസൈന്‍ ബോള്‍ട്ടിനെക്കാളും വേഗത്തില്‍ രണ്ടാം പാലെടുത്തിരുന്ന ഞാന്‍ ശബരിമലക്കു ആന്ധ്രയില്‍ നിന്നും നടന്നു വരുന്നവന്‍ പാലായില്‍ എത്തുമ്പോഴത്തെ അവസ്ഥയില്‍ ആയി. എന്റെ മനസില്‍ നിറയെ സീനയായിരുന്നു. ഐസ് ക്രീമിന്റെ പാത്രത്തിലെ അവസാന തരിയും നക്കിയെടുക്കുന്ന പോലെ ഞാന്‍ റബര്‍ ചിരട്ടയിലെ പാല്‍ ഒപ്പിയെടുത്തു. ഞാനും സീനയും ആ തോട്ടത്തിലൂടെ ഓടി നടന്നു. ഒന്നു നോക്കുവാന്‍ പോലും പേടിയുണ്ടായിരുന്ന, കുത്തിക്കൊല്ലാന്‍ വരുന്ന ആനയെ ഓര്‍മ്മപ്പെടുത്തുന്ന പാറയില്‍ ഞാന്‍ ചാരിനിന്ന് ഞാന്‍ എന്റെ സങ്കല്പങ്ങളില്‍ സീനയെ തീവ്രമായി പ്രണയിച്ചു. ചില റബറിന്റെ ചുവട്ടില്‍ ഇരുന്നു ഇനിയും വരാനുള്ള പാല്‍ തുള്ളികല്‍ക്കുവേണ്ടി കാത്തിരുന്നു സങ്കല്‍പ്പിച്ചു.


ചാച്ചയെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണേ എന്നുതുടങ്ങി അഞ്ചാമത്തെ ഐറ്റമായിരുന്ന എന്നെ ഒരു കിക്കറ്റ്
കളിക്കാരനോ ഫുട്ബോള്‍ കളിക്കാരനോ (അന്നും ഒന്നിലൊതുക്കാന്‍ പറ്റിയിരുന്നില്ല) ആക്കണെ
എന്നവസാനിച്ചിരുന്ന സ്ഥിരമായുണ്ടായിരുന്ന എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാകണമേ എന്നുള്ള ആവശ്യം ഒഴിവാക്കി, സീനയാണ് എന്റെ പെണ്ണെങ്കില്‍ എനിക്ക് അതു
മനസിലാക്കിതരണേ എന്നാക്കി. ഞാന്‍ അന്നേ ബുദ്ധിയില്ലെങ്കിലും ചിന്തിക്കുമായിരുന്നു. അതു കൊണ്ടാണ് എന്റെ പെണ്ണാണെങ്കില്‍ എന്നു ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തിയത്. അല്ലെങ്കില്‍ പിന്നെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളുമായി ആത്മഹത്യ ചെയ്യാന്‍ നടക്കേണ്ടേ?


രണ്ടുവര്‍ഷത്തോളം എന്റെ പ്രാര്‍ത്ഥനകളിലും, സ്വപ്നങ്ങളിലും അവള്‍ നിറഞ്ഞുനിന്നു. പിന്നെ കാലത്തിന്റെ
കുത്തൊഴുക്കില്‍ പെട്ട് എന്നതിനേക്കാളേറെ, മറ്റു പെണ്ണുങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടു ഞാന്‍ അവളെ മറന്നു. പിന്നെയൊരു മൂന്നു വര്‍ഷത്തേക്ക് സൂര്യയും അതിനുശേഷം കവിതയും ഒക്കെ എന്റെ സ്വപ്നകാമുകിമാരാകുകയും സങ്കല്പത്തിലെ ലൊക്കേഷന്‍ പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ബാംഗ്ളൂര്‍, ഊട്ടി, അമേരിക്ക എന്നിവിടങ്ങളിലേക്ക് മാറുകയും ചെയ്തു.


വര്‍ഷങ്ങള്‍ ഐലന്റ് എക്സ്പ്രസ് പോലെ കടന്നു പോയി, ഞാന്‍ ബാംഗ്ളൂരില്‍ ജോലിക്കാരനായി, ഐലന്റ്
എക്സ്പ്രസിലെ യാത്രക്കാരനുമായി മാറി. അങ്ങനെ ഒരിക്കല്‍ എന്റെ കസിന്‍ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഒരു ടെസ്റ്റ് എഴുതാനായി എത്തുന്നു എന്നറിയിച്ചു. ജോലി, വായിനോട്ടം, മദ്യപാനം, കറക്കം തുടങ്ങിയ പലതര തിരക്കുകള്‍ക്കിടയില്‍ അതു മറന്നുപോയെങ്കിലും കൃത്യം ദിവസം ഞാന്‍ അതോര്‍ത്തു. നേരെ ബൈക്കെടുത്തു വിട്ടു സെന്റ് ജോണ്‍സിലേക്ക്. സാധാരണ ഏതെങ്കിലും കോളേജിലേക്കണെങ്കില്‍ എല്ലാവരും എനിക്കൊരു കൂട്ടിനു വരേണ്ടതാണ്. എങ്കിലും ഞാന്‍ മറന്നുപോയതിനാലും അവര്‍ എല്ലാം വായിനോട്ടത്തിനായി ബ്രിഗേഡ് റോഡില്‍ പോയിരുന്നതിനാലും ഞാന്‍ ഒറ്റക്കാണ് പോയത്.


അവിടെ അവര്‍ പറഞ്ഞ സ്ഥലത്ത് ചെന്നു നോക്കിയപ്പോള്‍ അവിടെ ആരും ഇല്ല. കുറച്ചു മാറി താഴെ ഒരു സിസ്റ്ററും ഒരു കുട്ടിയും കൂടി ഇരുന്നു പഠിക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്കു ചെന്നു. സാധാരണ പെണ്‍കുട്ടികളെ എന്തെങ്കിലും കാരണം ഉണ്ടാക്കി മിണ്ടാന്‍ ചെല്ലുന്ന ഞാന്‍ എന്തോ അന്നു അവരുടെ അടുത്തു ബൈക്കു നിറുത്തി സിസ്റ്ററിനെ ആണ് നോക്കിയത്. ഞാന്‍ വിവരങ്ങള്‍ ചോദിച്ചു, അവര്‍ പറഞ്ഞു ടെസ്റ്റ് മാറ്റി വെച്ചു എന്ന്. നന്ദി പറഞ്ഞ് ഞാന്‍ കൂട്ടത്തില്‍ ഇരുന്ന കുട്ടിയേ നോക്കി. അവള്‍ എന്നെ നോക്കിയിരിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ എനിക്കു ആളെ മനസിലായി. ഞാങ്ങള്‍ രണ്ട്പേരും ഒരേ സമയത്ത് പേരു വിളിച്ചു. അമ്മയുടെയും പെങ്ങന്മാരുടെയും ഒക്കെ വിശേഷങ്ങള്‍ അവള്‍ ചോദിച്ചു. അവളുടെ കാര്യങ്ങള്‍ അല്ലാതെ എനിക്കൊന്നും ചോദിക്കാന്‍ ഇല്ലായിരുന്നു എന്നു മാത്രം. വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

എനിക്കു ഭയങ്കര അത്ഭുതവും സന്തോഷവും തോന്നി. എന്റെ മനസില്‍ വീണ്ടും സ്വപ്നങ്ങള്‍ വിരിഞ്ഞു. അവളുടെ തന്റേട സ്വഭാവം ഒക്കെ മാറിയതായി തോന്നി. കഴുത്തില്‍ അവളേക്കളും വലിയ ഒരു കൊന്ത ഒക്കെ അണിഞ്ഞ് നല്ല അച്ചടക്കമുള്ള ഒരു ക്രിസ്ത്യാനിപെണ്ണായി അവള്‍ മാറിയിരുന്നു. പെരുമാറ്റത്തില്‍ ഒക്കെ നല്ല കുലീനത. ആകസ്മികമായ ആ കണ്ടുമുട്ടലും അവളുടെ പെരുമാറ്റവും എന്റെ മനസിനെ വീണ്ടും പ്രണായാതുരമാക്കി.


ഞാന്‍ പിന്നീട് രണ്ട് പ്രാവശ്യം കൂടി മറ്റാവശ്യങ്ങള്‍ക്കായി അവിടെ ചെന്നപ്പോല്‍ അവളെ കണ്ടു. നല്ല രീതിയില്‍ വര്‍ത്തമാനം പറഞ്ഞു. എന്റെ മനസില്‍ പ്രണയം ഉണ്ടായിരുന്നു എങ്കിലും പറയാന്‍ സാധിച്ചില്ല. ഇന്നെനിക്കു മനസിലായി, അതു എന്റെ മര്യാദ കൊണ്ടായിരുന്നില്ല, ധൈര്യം ഇല്ലാഞ്ഞിട്ടുമല്ലായിരുന്നു. അവള്‍ എന്നോടു പ്രണയം ഇല്ല എന്നു പറഞ്ഞാല്‍ എന്നെന്നേക്കമായി ആ വാതില്‍ കൊട്ടിയടഞ്ഞാലോ എന്ന ഭയത്താലായിരുന്നു.


ലോകത്തേതോ ഒരു കോണില്‍ അവള്‍ ഭര്‍ത്താവും കുട്ടികളുമായി കഴിയുന്നുണ്ടാവാം, ഇനിയും എവിടെയെങ്കിലും വെച്ചു കാണുമായിരിക്കാം. എന്നെ ജീവനേക്കളേറെ സ്നേഹിക്കുന്ന ഭാര്യയും ഓമനക്കുട്ടന്മാരായ രണ്ട് പിള്ളേരും ആയി എനിക്കിന്ന്. ഇനി സീനയെ കണ്ടാലും പ്രണയം തോന്നില്ലെനിക്ക്. എങ്കിലും എന്തായിരിക്കും എന്റെ മനസില്‍ ഇനി അവളെ കണ്ടാല്‍? ആത്മബന്ധമോ, അതോ സുഹൃത്ത് ബന്ധമോ, അല്ലെങ്കില്‍ നുനുനുനുത്ത ഒരു സുഖമോ? അതോ ഇനി ഒരു നഷ്ടബോധമോ? ആര്‍ക്കറിയാം.....

Read more...

അന്നത്തെ ഓണമല്ലേ ഓണം!!!

>> Tuesday, September 9, 2008

അങ്ങനെ വീണ്ടും ഒരോണക്കാലം. പഴയ ഓണം എത്ര മനോഹരവും ആസ്വാദ്യകരവുമായിരുന്നു എന്ന് പഴമക്കാര്‍ പരിതപിക്കുമ്പോള്‍ പുതിയ തലമുറ ഡിജിറ്റല്‍ ഓണം ആഘോഷിക്കുന്നു. ഇന്നത്തെ ഓണം ആഘോഷിക്കുന്ന പുത്തന്‍ തലമുറയും പത്തു വര്‍ഷം കഴിയുമ്പോള്‍ പറയും, ഓണം ഒക്കെ ഞങ്ങളുടെ കാലത്തായിരുന്നു എന്ന്. എന്നാല്‍ പഴംതലമുറക്ക് ഓണം ഒരു ഓര്‍മ്മ മാത്രമായി മാറി എന്നാണ് എനിക്കു തോന്നുന്നത്. അതായത് ഓണം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മൂന്നാം തലമുറയെ കണ്ടവര്‍ക്കും ഉള്ളതാണ്, ചുരുക്കത്തില്‍ ഉത്തരവാദിത്വം ഇല്ലാത്തവര്‍ക്ക്. കൊടും പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്നവര്‍ക്കും, മനസില്‍ റിലാക്സ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, പഠിക്കുന്നവര്‍ക്കും ഒക്കെ എങ്ങനെ ഓണം ആസ്വദിക്കാന്‍ പറ്റും? തലമുറ, കാലഘട്ടം എന്നിവയെക്കാളേറെ അവനവന്റെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു അത്. അതായത് ഓണം അത് ആഘോഷിക്കുന്നവന്റെ മനസിലെ ആസ്വാദന മൂല്യങ്ങളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു.
അങ്ങനെ ഒരു ശരാശരി ഗള്‍ഫ് മലയാളിയായ ഞാനും ഒരു പ്രാരബ്ദക്കാരനാകയാല്‍ ഓണം ഒരു അയവിറക്കല്‍ ആകട്ടെയെന്നു വെച്ചു. ഭാര്യയും കുട്ടികളും അമ്മയും സഹോദരങ്ങളും നാടിന്റെ ചൂടും ചൂരും ഇല്ലാതെന്ത് ഓണം? സണ്‍റൈസിലോ മറ്റോ കിട്ടുന്ന ഒരു ഓണ സദ്യ അടിച്ചു വേണ്ടേ നമുക്കു ഓണം ആഘോഷിക്കാന്‍, അതും പാര്‍സല്‍, റമദാന്‍ അല്ലേ ഇപ്പോള്‍?

മനസ് 20 -25 വര്‍ഷങ്ങള്‍ പിന്നിലേക്കു പാഞ്ഞു. അമ്മവീട്ടിലെ സ്ഥിരതാമസകാരായ ഞങ്ങള്‍ എല്ലാ അവുധിക്കാലത്തും എത്തുന്ന കസിന്‍സിനെ പ്രതീക്ഷിച്ച് കാത്തിരിക്കും. ഞങ്ങള്‍ നാലെണ്ണത്തില്‍ ആര്‍ക്കെങ്കിലും ഒക്കെ ചിലപ്പോള്‍ ചാച്ചയുടെ വീട്ടില്‍ ഒന്നോ രണ്ടോ ദിവസം ഒക്കെ നില്‍കാന്‍ അവസരം ചിലപ്പോള്‍ ലഭിക്കറുണ്ട് എങ്കിലും മിക്കാവറും എല്ലാ കുട്ടികളും ബന്ധുവീടുകളില്‍ അടിച്ചു പൊളിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങനെ തകര്‍ക്കാന്‍ വരാനിരിക്കുന്ന സഹോദരീ സഹോദര കിടാങ്ങളെ പ്രതീക്ഷിച്ചിരിക്കും.

ആ കാത്തിരിപ്പു തന്നെ ഒരു സുഖമായിരുന്നു. വീടിന്റെ മുമ്പിലുള്ള പതിനെട്ടാം പടിയില്‍ ഞങ്ങള്‍ നോക്കിയിരിക്കും. അവര്‍ വന്നു കഴിയുമ്പോള്‍ ചെയ്യാ‍നുള്ള കുരുത്തകേടുകള്‍ പ്ലാന്‍ ചെയ്യും. ഓരോരുത്തരും വരുന്ന വണ്ടിയുടെ ശബ്ദം അകലെ നിന്നു കേള്‍ക്കുമ്പോളേ ഞങ്ങള്‍ക്കറിയാമയിരുന്നു എന്നുള്ളതാണ് വാസ്തവം. അരക്കിലോമീറ്റര്‍ അകലെ നിന്നു തന്നെ ഗിയര്‍ ഡൌണ്‍ ചെയ്ത് ഇരപ്പിച്ചു വരുന്ന തിലകന്‍ മോഡല്‍ അങ്കിളിനെയും അത്രയും അകലെ നിന്നു തന്നെ ന്യൂട്ടര്‍ അടിച്ചു വരുന്ന നെടുമുടി മോഡല്‍ അങ്കിളിനെയും കുടുംബത്തെയും ഒക്കെ സ്വീകരിക്കാന്‍ പടികള്‍ ചാടിക്കിടന്ന് റോഡില്‍ ചെല്ലും, പിന്നെ വണ്ടിയുടെ പിറകേ ഓടി വീട്ടില്‍ വന്ന് കുഞ്ഞുങ്ങളായവരെ എടുക്കുക, വണ്ടിയില്‍ നിന്നും പെട്ടിപണ്ടാരങ്ങള്‍ എടുക്കുക മുതലായവയില്‍ വ്യാപൃതരാകും. ഏറ്റവും വലിയ പെട്ടി ഞാനെടുത്ത് അങ്കിളുമാരെയും ആന്റിമാരെയും ഒക്കെ ഞാന്‍ വലുതായെന്നും ഏറ്റുനിന്നു തൂറ്റാറായെന്നും കാണിക്കും.

പ്രഭാതത്തിലെ ഇളം വെയിലില്‍ ചാടിക്കളിക്കുന്ന കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന ഓണത്തുമ്പി എന്നു വിളിക്കുന്ന സാധു തുമ്പിയെ പിടിക്കലാണ് ആദ്യത്തെ പരിപാടി. ആഞ്ഞു കൈ വീശിയാല്‍ അതിന്റെ കാറ്റടിച്ച് പാവം തുമ്പി താഴെ വീഴും. പിന്നെ അതു പറക്കില്ല. എതിര്‍ക്കാന്‍ കെല്പില്ലാത്തവരെ ഉപദ്രവിക്കുക പണ്ടേ ഇഷ്ടമല്ലാത്തതിനാല്‍ ഒരെണ്ണത്തിനെ ഒക്കെ പിടിച്ചു കൂട്ടത്തിലെ കുഞ്ഞുപിള്ളേര്‍ക്കു കൊടുത്തിട്ടു ഞങ്ങള്‍ മുതിര്‍ന്നവര്‍ (എന്നു വെച്ചാല്‍ ഒരു 12 നും 8 നും ഇടക്കു പ്രായം ഉള്ളവര്‍) കല്ലന്തുമ്പി, ആനത്തുമ്പി എന്നിവയെ നോട്ടം ഇടും. പച്ചയും മഞ്ഞയും നിറത്തിലുണ്ടായിരുന്ന കല്ലന്തുമ്പിയെ പിടിക്കാന്‍ ലേശം പ്രയാസമായിരുന്നെങ്കിലും നൂലു കെട്ടി പറപ്പിക്കുമ്പോള്‍ സ്വന്തമായി ഹെലികോപ്ടര്‍ പറത്തുന്നപോലത്തെ സുഖം ലഭിച്ചിരുന്നു എന്നത് വാസ്തവം.

അതിനു ശേഷം പതിയെ പറമ്പിലേക്കു കയറും. പിള്ളേരേ എല്ലാം വിളിച്ച് ഒടിഞ്ഞ റബ്ബര്‍ തടിയുടെ മുകളില്‍ കയറ്റി, തീര്‍ത്തു കുഞ്ഞുങ്ങള്‍ക്ക് വലിയവര്‍ ഒരു കൈ താങ്ങും കൊടുത്ത് ഇരുത്തും. പിന്നെ കൂട്ടത്തിലെ പ്രബലന്മാര്‍ തടി ഇട്ടാട്ടും. കുതിരപ്പുറത്തും കാളപ്പുറത്തും ഒക്കെ ഇരിക്കുന്നതായി സങ്കല്പിച്ച് ഓരോരുത്തരും സായൂജ്യമടയും. അമ്മാവന്‍ റബ്ബറിന്റെ ചീക്കെടുത്ത സ്ഥലങ്ങള്‍ ഒക്കെ കാണിച്ച് അതൊക്കെ ഞാന്‍ ചെയ്തതാണെന്നു വീമ്പിളക്കും. എനിക്കന്നു ഏണി പിടിക്കാനുള്ള പ്രായം മാത്രമല്ലേ ഉള്ളൂ.
എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യണമന്നല്ലേ ആഗ്രഹം. കാര്‍ന്നോന്മാര്‍ ആണെങ്കില്‍ അതൊന്നും സമ്മതിക്കുകയും ഇല്ല. പണിക്കാര്‍ മമ്മട്ടി തൂമ്പാ വെച്ച് പുല്ലു ചെത്തുന്നതു കാണുമ്പോല്‍ കൊതിതോന്നും, പക്ഷെ നമുക്കന്നു കൈ കൊണ്ട് പറിക്കാനെ അനുവാദമുള്ളൂ. ഇഷ്ടമില്ലാത്തത് ചെയ്യരുത് എന്നാണങ്കിലും കൈ കൊണ്ട് തന്നെ അതു പുല്ലു പറിപ്പിക്കുകയും ചെയ്യും. ഏണി പിടിച്ചു കൊണ്ടു നില്‍ക്കാതെ അതില്‍ കയറാനാണ് താല്പര്യം, ആരു സമ്മതിക്കാന്‍? കോടാലി കൊണ്ട് വിറകു വെട്ടുന്നത് കാണാന്‍ എന്തു രസം. നമുക്ക് പക്ഷെ കീറിയ വിറക് അടുക്കാനാണ് വിധി. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു കോടാലിയും മഴുവും ഒക്കെ എടുത്ത് ആഞ്ഞു പ്രയോഗിക്കുക എന്നുള്ളത്. പണ്ട് ചാച്ചയുണ്ടായിരുന്നപ്പോള്‍ പിള്ളേര്‍ക്കുള്ള ചെറിയ തൂമ്പാ ഒരെണ്ണം കിട്ടിയതോര്‍ക്കുന്നു. എന്തായാലും കൈക്കോടാലി പിള്ളേര്‍ക്കുള്ളതാണെന്നു കരുതി അതെടുത്തു പെരുമാറി അതിന്റെ വാ കളഞ്ഞപ്പോള്‍ കിട്ടിയ തല്ലിന്റെ വേദനയേക്കാളും പ്രയാസം ഈ കസിന്റെ എല്ലാം മുമ്പില്‍ വച്ച് അടി കിട്ടിയതിനായിരുന്നു. എന്തോ പണ്ടു മുതലേ ഇത്തിരി അഹങ്കരിക്കാന്‍ തല പൊക്കുമ്പോളേ ചുറ്റിക വെച്ചിടിച്ചു താഴ്ത്തികളയും. ഒന്നു നന്നായി അഹങ്കരിച്ചിട്ടു മരിച്ചാല്‍ മതിയെന്നേ ഇപ്പോളുള്ളൂ.

അതൊക്കെ പോട്ടെ, വീണ്ടും ഓണത്തിലേക്ക്. അങ്ങനെ ഒടിഞ്ഞ റബ്ബര്‍ തടിയിലെ അതിക്രമങ്ങള്‍ക്കു ശേഷം, പേര, ചാമ്പ, കമുക് തുടങ്ങിയ വണ്ണം കുറഞ്ഞ മരത്തില്‍ കയറി കുഞ്ഞു കസിന്‍സിനെ അല്‍ഭുതപ്പെടുത്തലും നടത്തും. വീട്ടില്‍ സന്തോഷം ഉണ്ടാക്കാന്‍ ജാതിയില്‍ കയറ്റം, കൊക്കോ കായ് പറിക്കല്‍ ആന്റ് കഴിക്കല്‍ തുടങ്ങിയ വീടോപകാര പ്രവര്‍ത്തികളും കൂട്ടത്തില്‍ ജാതിയില്‍ കാലില്‍ തൂങ്ങിക്കിടക്കുക, അണ്ണാനെ ഓടിക്കുക, ഓന്തിനെ കല്ലെറിയുക തുടങ്ങിയ വികൃതിത്തരങ്ങളും നടത്തി പോന്നു.

പിന്നെ ഓണ സദ്യ, കാര്യം ക്രിസ്ത്യാനികളാണെങ്കിലും ഓണത്തിന് വെജിറ്റേറിയന്‍ ആയിരിക്കും, ഭക്ഷണം ഇലയിലും ആയിരിക്കും. എങ്കിലും ചെറുപയര്‍ പായസം ആണ് അന്നൊക്കെ തന്നിരുന്നത്. അങ്ങനെയാണ് അട പായസത്തിനോട് ഒരു ചെറിയ ആക്രാന്തം മനസില്‍ വന്നത്. ഏത്തക്ക വറുത്തതും ചക്കരപിരട്ടിയും ഒക്കെ ഉണ്ടാക്കുന്ന മുറക്കേ കുഞ്ഞു കസിന്‍സിനെ കൊണ്ട് വാങ്ങിപ്പിച്ച് ഞങ്ങള്‍ കഴിക്കുന്നതു കാരണം സദ്യ കഴിക്കണം എന്നു തന്നെ വല്ല്യ നിര്‍ബന്ധം ഇല്ലായിരുന്നു

അതിനു ശേഷം ഞങ്ങള്‍ ആന്റിമാരുടെ കൂടെ തോട്ടിലേക്കിറങ്ങി. അറിയാവുന്ന അഭ്യാസം ഒക്കെ കാണിക്കുകയും പിള്ളേരേ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമവും ഒക്കെയായി അതാണ് ഏറ്റവും രസമുള്ള പണി. അങ്ങനെ അത്തവണ ഞങ്ങള്‍ മീ‍നിനെ പിടിച്ചു വളര്‍ത്താം എന്നു പ്ലാന്‍ ചെയ്തു. സധാരണ മീന്‍ പിടിച്ച് എല്ലാം കൂടി ഒരു കുളത്തില്‍ നിക്ഷേപിച്ച് അതു വലുതായി ഡോള്‍ഫിനും, സ്രാവും ഒക്കെയായി മാറുന്നതും പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ ഇത്തവണ കൂട്ടത്തിലെ പാവവും കൃമിയുമായ പൊറിഞ്ചു പറഞ്ഞതനുസരിച്ച് വീട്ടിലെ ഒരു കുഞ്ഞു ടാങ്കില്‍ വളര്‍ത്താന്‍ തീരുമാനിച്ചു.

മീനുകളുടെ കൂട്ടത്തിലെ വിരുതന്മാരായ കല്ലെമുട്ടിയെയും, കാച്ചവനെയും അനിയനും ഞാനും ചേര്‍ന്നു സാരിയിട്ടു പിടിച്ചു. പിന്നെ എല്ലാവര്‍ക്കും ഓരോ ടൈപ്പ് മീന്‍ തന്നെ ആയിക്കോട്ടെ എന്നുള്ള തീരുമാനത്താല്‍ മണലാരവന്‍, നെറ്റിയെപൊന്നന്‍, വാഴക്കാവരയന്‍, വട്ടോന്‍ എന്നിവയേയും പിള്ളേര്‍ക്ക് കുഞ്ഞുമീനുകളേയും പിടിച്ച് ബക്കറ്റിലിട്ടുകൊണ്ട് ഞങ്ങല്‍ വീട്ടില്‍ വന്നു. ചാട്ടക്കാരായ കാച്ചോനെയും നെറ്റിയെപ്പൊന്നനേയും ഒതുക്കാന്‍ തോര്‍ത്തിട്ടു ബക്കറ്റ് മൂടുകയും ചെയ്തു.

വീട്ടില്‍ വന്നു പഴയ ഒരു സിമന്റ് ടാങ്ക് കഴുകി വൃത്തിയാക്കി അടിയില്‍ ഇത്തിരി മണലും വിരിച്ച് മീനുകളുടെ വാസസ്ഥലം റെഡിയാക്കി ഞങ്ങള്‍. ഓരോന്നിനെയായി പിടിച്ചിടുമ്പോള്‍ കൂട്ടത്തിലെ തരി ആയ കുഞ്ഞോസിക്കൊരു മോഹം, ഒരെണ്ണത്തിനെ അവനു പിടിക്കണം. ദയാലുവും പരോപകാരപ്രിയനുമായ ഞാന്‍ എനിക്കുള്ള മീന്‍ ആയ വഴക്കാവരയനെ പിടിച്ചിട്ടോളാന്‍ പറഞ്ഞു. വാഴക്കാവരയന്റെ വഴുവഴുക്കല്‍ ഒഴിവാക്കാന്‍ മുറുക്കി പിടിച്ച കുഞ്ഞോസിയുടെ കരാളഹസ്തങ്ങളില്‍ പെട്ട് ആ വാഴക്കാവരയന്‍ അകാലചരമം അടഞ്ഞു.

കുഞ്ഞോസി കരഞ്ഞു, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സങ്കടം ആയി, എനിക്കണെങ്കില്‍ അപ്പിടി സങ്കടം, എന്റെ മീനല്ലേ മരിച്ചത്. ടാങ്കില്‍ കിടന്ന ടിപ്പുവും, ജാക്കും, ജോനയും, ആലീസും എല്ലാം കരഞ്ഞുകാണണം. അവരുടെ കൂട്ടത്തിലെ ടാങ്കില്‍ കിടന്ന പാവം മീനല്ലാരുന്നോ അവന്‍. എല്ലാവര്‍ക്കും അപ്പോളേക്കും പേരായിരുന്നു). എന്റെ സ്വതവേ ഉള്ള കണ്‍ഫ്യൂഷന്‍ അവന്റെ പേരിടുന്ന കാര്യത്തിലും ഉണ്ടായിരുന്നു. എന്തായാലും മൂത്ത പെങ്ങള്‍ പറഞ്ഞു നമുക്ക് വാഴക്കാവരയനെ അടക്കാം.
അങ്ങനെ അനിയന്‍ ജോനക നാരകത്തിന്റെ താഴെ ഒരു കുഴി മാന്തി. എല്ലാവരും വ്യസനത്തോടെ അവന്‍ കുഴിയുടെ ഭംഗി കൂട്ടുന്നതു നോക്കി നിന്നു. ഞാന്‍ നാരകത്തില്‍ ചാരി നിന്നു, രണ്ടുമൂന്നു നീറുകള്‍ എന്നെ കടിച്ചു. എനിക്കു വേദനിച്ചില്ല, നീറിനെ ചവുട്ടിയരച്ചില്ല. ജോനകനുറുമ്പിന്‍ കൂട്ടത്തെ നാരകത്തില്‍ കയറ്റിവിട്ടു നീറുകളെ തുരത്തണം എന്നു പ്ലാന്‍ ചെയ്തും ഇല്ല. നിര്‍വ്വികാരതയോടെ ഞാനാ കുഴിയില്‍ നോക്കി നിന്നു. ആകെ സങ്കടവാനായ കുഞ്ഞോസിയെ ഞാന്‍ ചേര്‍ത്തു പിടിച്ചിരുന്നു. അവസാനം വാഴക്കാവരയനെ എന്റെ ഇളയ പെങ്ങള്‍ എടുത്തു കുഴിയില്‍ വെച്ചു. മൂത്തപെങ്ങള്‍ ചടങ്ങുകള്‍ പറഞ്ഞുതന്നതനുസരിച്ച് ഞങ്ങള്‍ കുഴിയില്‍ ഒരൊ നുള്ളു മണ്ണിട്ടു. തൊട്ടാവാടിയുടെയും, ബാള്‍സത്തിന്റെയും പൂവിന്റെ ഇതളുകള്‍ അടര്‍ത്തിയിട്ടു. എന്നിട്ടു എല്ലാവരും കൂടി നിന്ന് സമയാമാം രഥത്തില്‍ പാടി, അതിനു ശേഷം മരിച്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും ചെല്ലി വീടിന്റെ തിണ്ണയില്‍ പോയിരുന്നു.

ആര്‍ക്കും ഒരു ഉഷാറും ഇല്ല. തളര്‍ന്നിരിക്കുന്നു. വീട്ടിലെ വെട്ടുകാരായ കുട്ടപ്പനും തൊമ്മനും വന്ന സൈക്കിള്‍ കണ്ടിട്ടും കയറാന്‍ തോന്നിയില്ല. ആന്റി ചോദിച്ചു എന്താടാ ഓണമായിട്ടു എല്ലാരും ചത്തുകുത്തിയിരിക്കുന്നേ? വല്ല്യമ്മ പറഞ്ഞു ഏതാണ്ടു കുരുത്തക്കേട് ഒപ്പിച്ചേച്ചിരിക്കുവാണെന്നാ തോന്നുന്നേ എന്ന്. സാധാരണ ചാടിക്കടിക്കുന്ന കസിന്‍ വല്ല്യോസിയും രൂക്ഷമായി വല്ല്യമ്മയെ ഒന്നു നോക്കിയതേ ഉള്ളൂ.
പോറിഞ്ചൂസ് പറഞ്ഞു, ഞങ്ങടെ വാഴക്കാവരയന്‍ മരിച്ചു പോയി. അങ്ങനെ ഓണം വിഷാദമൂകമായി പോയി. കാലങ്ങള്‍ ഒത്തിരി കടന്നു പോയി, കഴിഞ്ഞ വര്‍ഷം ഒന്നിച്ചിരുന്ന് സ്മോള്‍ അടിച്ചപ്പോള്‍ പഴയ കാര്യങ്ങല്‍ സംസാരിച്ച കൂട്ടത്തില്‍ കുഞ്ഞോസി ചോദിച്ചു, ---ന്റെ വാഴക്കാവരയനെ ഞാന്‍ കൊന്നതോര്‍ക്കുന്നുണ്ടോ എന്ന്. രണ്ട് ദശാബ്ദങ്ങള്‍ കടന്നു പോയി, മീശയും താടിയും മസിലുകളും ആണുങ്ങള്‍ക്കു വന്നു. പെണ്ണുങ്ങള്‍ ഋതുമതികള്‍ ആയി. പലരും കല്ല്യാണവും കഴിച്ചു. എത്രയൊ അടുപ്പമുള്ളവരുടെ മരണങ്ങളും, ജീവിതത്തിലെ നഷ്ടങ്ങളും അനുഭവിച്ചു. എന്നിട്ടും ഞങ്ങള്‍ക്കൊക്കെ അന്നത്തെ ആ ഫീലിങ് തന്നെ അനുഭവപ്പെട്ടു. ഒരു ശോകമൂകഭാവം മനസില്‍ വന്നു.

ഇതൊക്കെ തന്നെയല്ലേ ഞങ്ങളുടെ ചെറുപ്പത്തിലെ ഓണമല്ലേ ഓണം എന്നു പറയുന്നവരിലും ഉള്ളത്? പണ്ട് വെള്ളക്കായും പഴയ ചെരുപ്പു വട്ടത്തില്‍ കീറിയതും കമ്പില്‍ കുത്തി വണ്ടി ഓടിക്കുകയും പാളയില്‍ ഇരുത്തി വലിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നതാണോ അതോ ഇന്നത്തെ പോലെ റിമോട്ട് വച്ച് കാറോടിക്കുന്നതാണോ നല്ലത്?

Read more...

എന്റെ ചെറിയ വലിയ കുടുംബം

>> Wednesday, September 3, 2008

അങ്ങനെ ഞാന്‍ വീണ്ടും എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നു. അവളും മക്കളും തിരികെ പോവുകയായി. അവര്‍
കുഴപ്പമൊന്നുമില്ലാതെ പ്ലെയിനില്‍ കയറുമോ ആവോ? പിള്ളേര്‍ കരഞ്ഞ് അവളെ കുഴക്കുമോ, 2 പേരെയും കൂടെ അവള്‍ എങ്ങനെ മാനേജ് ചെയ്തു പ്ലെയിനില്‍ ഇരിക്കും എന്നുള്ള ചോദ്യങ്ങള്‍ ഒക്കെ മനസില്‍ കിടക്കുന്നു. നാട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് വരാമായിരുന്നു. ഒന്നോ രണ്ടോ ദിവസത്തെ അവുധിക്കു വേണ്ടി എങ്ങനാ 2000-2500 ദിര്‍ഹം കളയുന്നത് എന്നോര്‍ത്തപ്പോള്‍ പോകാന്‍ തോന്നിയില്ല. പിന്നെ നാഴികക്കു നാല്പതു വട്ടം നാട്ടില്‍ വന്നു പോയി ഉള്ള പൈസാ മുഴുവന്‍ തീര്‍ക്കുന്നവന്‍ എന്ന സല്പേരും.

ഞങ്ങള്‍ ഒരുമിച്ചുള്ള 2 മാസം വേഗം കഴിഞ്ഞു. ഇനി എനിക്കു വീട് കണ്ടുപിടിച്ചിട്ടു വേണം അവരെ കൊണ്ടുവരാന്‍. പഴയ ജോലി മതിയായിരുന്നു, ഒന്നുമല്ലെങ്കിലും ഫാമിലി അക്കൊമൊഡേഷന്‍ ഉണ്ടായിരുന്നു. എത്ര പൈസ അനാവശ്യമായി കളയുന്നു.എന്നിട്ടും അവളുടെ മൊബൈലില്‍ ഒരു സിം ഇട്ടു വിടാന്‍ ഉള്ള ബോധം പോലും പോയില്ല. ഇമിഗ്രേഷന്റെ അടുത്തു വരെ ഭാര്യയേയും മക്കളെയും അനുഗമിച്ചിരുന്നു. ഇനി അവരെ ഒന്നു വിളിക്കണമെങ്കില്‍ ഒരു വഴിയും ഇല്ല. ഞാന്‍ തിരിച്ചു നടന്നു. എന്തൊക്കെയോ ഒരു ശൂന്യത.
പുറത്തു കൂട്ടുകാരനും ഭാര്യയും കൊച്ചും വെയിറ്റ് ചെയ്യുന്നു. ഞങ്ങളെ ഒറ്റക്കു വിട്ടാല്‍ രണ്ടുപേരും കൂടി കരഞ്ഞ് എയര്‍പോര്‍ട്ട് വരെ മുക്കിയാലോ എന്നു കരുതി അവര്‍ വന്നതാണ്. കാര്യം സിനിമാ കാണുമ്പോള്‍
ഹൃദയസ്പര്‍ശിയായ സീനുകള്‍ വരുമ്പോള്‍ കണ്ണുനിറയാറുണ്ട് എങ്കിലും ഞാന്‍ അത്ര തൊട്ടാവാടിയൊന്നുമല്ല എന്നവര്‍ക്കറിയില്ലല്ലോ. മാത്രവുമല്ല ഏതു പ്രതികൂലസാ‍ഹചര്യങ്ങളും സമചിത്തതയോടുകൂടി നേരിടാന്‍ ഉള്ള മനസ്സും സ്ത്രീകള്‍ക്കു കൂടുതലായുണ്ട് എന്നു പറയപ്പെടുന്ന വിപതിധൈര്യവും ഉള്ളയാളാണ് ഞാന്‍ എന്നു ആര്‍ക്കും അറിയില്ലല്ലോ.

ഇപ്പോള്‍ എന്റെ ഫീലിങ് യന്ത്രത്തിന് എന്തോ ഒരു ചെറിയ ഫോള്‍ട്ട് ഉണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു വര്‍ഷം മുമ്പാണ് ആദ്യമായി അതിന്റെ സിംപ്റ്റംസ് കണ്ടത്. ഫീഫായുടെ ഫുട്ബാള്‍ ഗെയിം വാങ്ങി. കളിക്കാന്‍ ഞാനും എന്റെ കൂട്ടുകാരും സ്വന്തക്കാരും അടങ്ങുന്ന ഒരു ഇന്ത്യന്‍ ടീം ഉണ്ടാക്കി. ഇന്ത്യന്‍ ടീമിന്റെ അതേ അവസ്ത തന്നെ, നിരന്തരമായ തോല്‍വികള്‍. മൂന്നുമാസങ്ങള്‍ക്ക് ശേഷം പിടിച്ചു നില്‍ക്കാറായപ്പോള്‍ എന്റെ മൂത്ത മകന്‍ കറിയായെ ഒരു പുതിയ ഫോര്‍വേര്‍ഡ് ആയി സൃഷ്ടിച്ച് ഓസ്ട്രേലിയായെ നേരിട്ടു. അവസാനനിമിഷത്തില്‍ വി പി സത്യന്റെ ഡയഗൊണല്‍ പാസ്സ് സ്വീകരിച്ച് എന്റെ മോന്‍ കറിയ ഓസ്ട്രേലിയന്‍ ഗോളിയായ സൈമണ്‍സിനെ വെട്ടിച്ചു ഗോള്‍ അടിച്ചു. ക്രിക്കറ്റില്‍ ഏതായാലും അവര്‍ കാലന്മാരാ, നമുക്കിങ്ങനെയെങ്കിലും സന്തോഷിക്കാമല്ലോ. ഗോള്‍ വീണതും മത്സരം അവസാനിച്ചു. സ്ലോ മോഷനില്‍ അവന്റെ ഗോള്‍ കാണിക്കുന്നു, ജനങ്ങളുടെ ആരവം, ബാക്ക്ഗ്രൌണ്ടില്‍ ജനഗണമന, ആ സമയത്താണ് ആദ്യമായി അതു ഫീല്‍ ചെയ്തത്. ഒരു വിങ്ങല്‍ നെഞ്ചില്‍ നിന്നും മുകളിലേക്ക്,
കണ്ണുനീര്‍ ധാരയായ് വന്നു. എന്റെ ബാല്യകാല സ്വപ്നങ്ങള്‍, സഹോദരങ്ങളെ പേടി മാറ്റാനായി കൂട്ടിനായി
വിളിച്ചിരുത്തി കക്കൂസിലിരുന്നു പറഞ്ഞു കേള്‍പ്പിച്ച സങ്കല്പങ്ങള്‍, ഇതൊക്കെ മകനിലൂടെ ഥാര്‍ത്യമായാലോ
എന്നുള്ള സ്വപ്നമായിരിക്കാം.

പണ്ട് ആകാശദൂത് സിനിമാ കണ്ടപ്പോള്‍ ആദ്യപകുതിയില്‍ അടക്കിപിടിച്ച കരച്ചില്‍ രണ്ടാം പകുതിയില്‍ ഒരു മഴക്കാല ഉറവ പോലെ വന്നപ്പോള്‍ തൂവാല മടക്കി മുഖത്തു വെച്ച് തടഞ്ഞതും അവസാനനിമിഷങ്ങളില്‍ കാലിനു വയ്യാത്ത മകനെ ആരും കൊണ്ടുപോകാതെ വന്നപ്പോള്‍ അവന്‍ “എന്റെ കാലു മേലാതായത് നന്നായി, അതു കൊണ്ട് ഞാനെങ്കിലും അമ്മക്കു കൂട്ടായില്ലെ“ എന്നു പറയുന്നതു കേട്ടപ്പോള്‍ ഉറക്കെ കരഞ്ഞതും അതു തീയേറ്ററില്‍ ഒരു കൂട്ടക്കരച്ചിലിനു തിരി കൊളുത്തിയതും ഒഴിച്ചാല്‍ പിന്നീട് ഉണ്ടായത് ആ ഫീഫാ ഗെയിമില്‍ ആണ്. എന്നാല്‍ അതിനു ശേഷം അതൊരു തുടര്‍ക്കഥയായികൊണ്ടിരുന്നു. അവസാനം ബിന്ദ്രക്കു ഒളിമ്പിക് മെഡല്‍ കിട്ടിയപ്പോളും എന്റെ കണ്ണില്‍ നിന്നു വന്നു, കുറച്ച് ഉപ്പുനീര്‍. ജീതേന്ദ്ര സെമിയില്‍ തോറ്റപ്പോള്‍ വന്നു അതിലും കൂടുതല്‍ തുള്ളികള്‍.

ഏതായാലും കൂട്ടുകാരന്‍ ദുഖം മാറ്റാനായി നിര്‍ദ്ദേശിച്ചതനുസരിച്ച് അംബാസിഡര്‍ ഹോട്ടലില്‍ ചെന്നു. നിര നിരയായി വച്ചിരിക്കുന്ന കുപ്പികളെ നോക്കി പൊങ്ങിയ സ്റ്റൂളില്‍ ഇരുന്നു 3 DD അടിച്ചു. കുറെ ലോകതത്വങ്ങള്‍ പറഞ്ഞു. തിരിച്ചു വന്നു വീട്ടില്‍ കിടന്നുറങ്ങി. കൂട്ടുകാരനാണെങ്കില്‍ അവന്റെ ഭാര്യയേയും മകനേയും ഒറ്റക്കു വിട്ടു എന്റെ കൂടെ കിടന്നു. പാവം, ഭാര്യെം പിള്ളേരും പോയ ദുഖത്തിനു ഞാന്‍ തൂങ്ങി ചാ‍കുമോ എന്നു പേഠിച്ചാവുമോ ആവോ.

രാവിലെ അവന്‍ എണീറ്റു പോയപ്പോളാണ് ഞാന്‍ എണീറ്റത്. വീണ്ടും ഒറ്റക്കായി. ഇത്രയും ദിവസം രാവിലെ ഇളയവന്‍ 6 മാസക്കാരന്‍ കോക്കു ആയിരുന്നു മിക്കവാറും എന്നെ എണീപ്പിക്കാറ്. പിന്നെ അവനെ കെട്ടിപ്പിടിച്ചു കിടക്കും. മൂത്തവന്‍ കറിയാച്ചന്‍ ഞങ്ങളെ ഉറക്കാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ടായിരുന്നതിനാല്‍ രാവിലെ തമസിച്ചാണ് എഴുന്നേല്‍പ്പ്. ഇനി ഒരു കൊച്ചു കൂടി പെട്ടെന്നു വന്നാല്‍ പാവം കോക്കൂവിനും അതിധം നാള്‍ മുലപ്പാലു കുടിക്കാന്‍ പറ്റില്ലല്ലോ എന്നൊര്‍ത്തിട്ടാവണം ഞങ്ങളെ ഉറക്കാന്‍ അവനിത്ര ശുഷ്കാന്തി. രണ്ടു വയസു പോലും ആയില്ലെങ്കിലും നല്ല ഉത്തരവാദിത്വവും പക്വതയും.

ആദ്യത്തേതു പോലെ തന്നെ രണ്ടാമത്തേ കൊച്ചും ഞങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ ഒരവസരം പോലും തരാതെ
ഉരുവായപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷത്തോടൊപ്പം സ്വകാര്യ ദുഖങ്ങളും ഉണ്ടായിരുന്നു എന്നത് വാസ്തവം. എങ്കിലും 5 മക്കളുടെ പട്ടികയിലെ രണ്ടാമന്‍ ഇത്തിരി വേഗന്നു പോന്നു, അത്ര തന്നെ. പാവം കറിയാച്ചന്‍, അവനിനി അധികം കാലം മുല കുടിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ഒരിക്കലും വഴക്കുണ്ടാക്കാത്ത, അഥവാ കരഞ്ഞാല്‍ തന്നെ അമ്മിഞ്ഞാ കണ്ടാല്‍ ചിരിക്കുന്ന ഞങ്ങളുടെ കറിയാക്ക് ഇനി പകരം വെക്കാന്‍ എന്താ കൊടുക്കുക? പതുക്കെ കുറുക്കും കുപ്പി പാലും കൊടുത്തു തുടങ്ങി. മുലപാലിന്റെ രുചിയും ഗുണവും മാറിയപ്പോള്‍ അവന്‍ തന്നെ നിറുത്തി. എന്നാലും കുറച്ചു നാളുകള്‍ കൂടുമ്പോള്‍ അവനു ആഗ്രഹം തോന്നും, ചുമ്മാ അവിടെ ഒക്കെ തപ്പും. സങ്കടം തോന്നി അവള്‍ കൊടുക്കുമ്പോള്‍ അവന്‍ ലോകം കീഴടക്കിയ സന്തോഷത്തോടെ കമഴ്ന്നു കിടന്നും, മലര്‍ന്നു കിടന്നും തലയും കുത്തി നിന്നും ഒക്കെ വെറുതെ ചപ്പും. അതു കണ്ടു നിര്‍വൃതിയണയുന്ന അവളുടെ മാതൃത്വത്തിനൊപ്പം എന്റെ പിതൃത്വ വാത്സല്യവും നിറഞ്ഞൊഴുകിയിരുന്നു.

അന്നേ തീരുമാനിച്ചിരുന്നു, കാര്യം കാര്‍ന്നോന്മാര്‍ എല്ലാം എതിരു പറഞ്ഞിരുന്നെങ്കിലും രണ്ടാമന്‍ ഉണ്ടായി
കഴിയുമ്പോള്‍ കറിയായ്ക്കും ഇത്തിരി മുലപ്പാല്‍ ഷെയര്‍ ചെയ്തു കൊടുക്കാമെന്ന്. നാട്ടിലായിരുന്നു രണ്ടാമത്തെ പ്രസവവും. കുട്ടിയെ കാണാന്‍ ഞാന്‍ ചെന്നു. ഞങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ സ്വകാര്യ നിമിഷത്തില്‍ അവള്‍ കറിയായ്ക്കു മുലപ്പാല്‍ ഓഫര്‍ ചെയ്തു. അവന്‍ പതുക്കെ അമ്മിഞ്ഞയില്‍ നോക്കി, നാണത്തോടെ ചിരിച്ചു കാണിച്ചിട്ടു എന്റെ കയ്യിലേക്കു പോന്നു. പല പ്രാവശ്യം പിന്നീട് ശ്രമിച്ചെങ്കിലും സെയിം റിസല്‍ട്ട്. മാതാപിതാക്കള്‍ക്കു വിവരം ഇല്ലെങ്കില്‍ ദൈവം മക്കള്‍ക്കു വിവേകം കൊടുക്കും. അല്ലെങ്കില്‍ എന്തിനും ഏതിനും വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍ക്കു എങ്ങിനെ ഇത്ര വിവേകം?

അവര്‍ പോകുന്നതിനു 2 ദിവസം മുമ്പാണ് അടുത്ത സംഭവം. കാര്യം എന്റെ തോളില്‍ കിടന്നും വയറ്റേല്‍ കിടന്നും ഒക്കെ ഉറങ്ങുമെങ്കിലും രാത്രിയില്‍ ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കറിയ എന്നെ മൈന്‍ഡ് ചെയ്യില്ല. പിന്നെ അവനെല്ലാം അമ്മയാണ്. ഞാന്‍ കെട്ടിപ്പിടിച്ചാലും അവന്‍ തള്ളിമാറ്റും. അന്ന് അവന്‍ നേരത്തെ കിടന്നു. ഞങ്ങള്‍ ഇത്തിരി നേരം കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ് ഇരുന്നു. അവന്‍ അതിനിടക്ക് പാലു കുടിക്കാന്‍ എണീറ്റു. അപ്പോള്‍ ഇത്തിരി സ്നേഹം കൂടിപ്പോയ ഞാന്‍ അവനെ കെട്ടിപ്പിടിച്ചു, അവന്‍ പതിവു പോലെ എന്നെ തള്ളി മാറ്റി. എന്നാല്‍ ഞാന്‍ നിന്റെ കൂടെ കിടക്കുന്നില്ല എന്നു പറഞ്ഞ് വെറുതെ നിലത്തിറങ്ങി കിടന്നു. ഞാനിതൊക്കെ ഇടക്കൊക്കെ കാണിക്കുന്നതാണെങ്കിലും അവനു നോ ഫീലിങ്സ് ആണ്. നിലത്തു കിടന്നപ്പോള്‍ എന്തോ എന്റെ മനസിലേക്കു ചില വിഷമങ്ങള്‍ ഓടിയെത്തി. എന്റെ മക്കളുടെ നല്ല പ്രായങ്ങള്‍ ഞാന്‍ കാണാതെ പോകുകയാണല്ലോ എന്നൊക്കെയാലോചിച്ചപ്പോള്‍ സങ്കടം വന്നു. നാട്ടില്‍ അവളുടെ പപ്പായേയും എന്റെ അനിയനേം കെട്ടിപ്പിടിച്ചു അവന്‍ നാട്ടില്‍ ഉറങ്ങാറുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. പാലു കുടിച്ചേച്ച്, അവളെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന അവന്‍ പതുക്കെ ഇറങ്ങി വന്നു, എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എങ്ങനെ എന്റെ സങ്കടം അവനു മനസിലായി?

പോകുന്നതിനു തലേന്ന് ഭാര്യ രാത്രിയില്‍ ഉറങ്ങാതെ എന്നോട് വര്‍ത്തമാനം പറഞ്ഞുകിടന്നു, വീണ്ടും പിരിയുന്നതിന്റെ ഒത്തിരി സങ്കടങ്ങള്‍ പറഞ്ഞിരുന്നു. അവന് ചെറിയ പനി തുടങ്ങി, എങ്കിലും വെളുപ്പിനു 5 മണിയായപ്പോളാണ് അവന്‍ ഉറങ്ങിയത്. ഞങ്ങളുടെ വേദന നിറഞ്ഞ സ്നേഹത്തില്‍ അവനും നിശബ്ദപങ്കാളിയായി, ഞങ്ങളെ ശല്ല്യപ്പെടുത്താതെ തെന്നെ ഞങ്ങള്‍ക്ക് കൂട്ടിരുന്നു.

അവള്‍ പറഞ്ഞു, ഇനി യാത്ര പറയുമ്പോള്‍ ഞാന്‍ കരയില്ല. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ചെന്നു. കറിയാച്ചനു നല്ല പനി. ഞങ്ങളുടെ വേദന കണ്ട് അവനുണ്ടായതാണോ ആ പനി? അറിയില്ല. അവനെ ഉന്തുവണ്ടിയില്‍ കിടത്തി. കോക്കു എണീറ്റ് എയര്‍പോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടിരിക്കുന്നു, കാണുന്നവരെ ഒക്കെ ചിരിച്ചു കാണിക്കുന്നു. ചെക് ഇന്‍ ചെയ്തു, ഞങ്ങള്‍ക്കു പിരിയാനുള്ള നേരമായി. ഇമിഗ്രേഷനു മുമ്പുള്ള ജങ്ഷനില്‍ ഞങ്ങള്‍ നിന്നു. യാത്ര പറഞ്ഞു. അവള്‍ക്കു വാക്കു പാലിക്കാനായില്ല, പൊട്ടിക്കരഞ്ഞു പോയി. ഞാന്‍ അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു, അവള്‍ രണ്ട് പിഞ്ചു കുട്ടികളേയും പിടിച്ച് കരഞ്ഞുകൊണ്ട് വിട പറഞ്ഞു. അവര്‍ പോകുന്നത് നിശബ്ദനായി നോക്കി നിന്നു.

അവള്‍ക്ക് ഒറ്റക്കു പോകാന്‍ ഭയം ഉണ്ടായിരുന്നു. എങ്കിലും സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത
ഓര്‍ത്തപ്പോള്‍ തനിയെ പോകട്ടെ എന്നു വെച്ചു. ഇമിഗ്രേഷനില്‍ നിന്നും സ്റ്റാഫ് ആയ ഒരു അറബി അവളെ ഡ്യൂട്ടി ഫ്രീ വരെ കൊണ്ടുപോയി വിട്ടു. അവളോട് സങ്കടപ്പെടണ്ടാ എന്നും അവര്‍ 3 വര്‍ഷം വരെ പ്രിയതമയെ കാണാതെ അദ്ദേഹം ഇരുന്നിട്ടുണ്ടെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഡ്യൂട്ടി ഫ്രീയില്‍ അദ്ദേഹം വേറൊരു ലേഡി സ്റ്റാഫിനെ ഏല്‍പ്പിച്ചു വിട്ടു. ഗേറ്റില്‍ അവളുടെ ഒരു ജൂണിയര്‍ കോളേജ് മേറ്റ് സഹായിച്ചു. ഇരുന്നിടത്തു നിന്ന് ഒരു അമ്മച്ചി കരഞ്ഞ കോക്കുവിനെ എടുത്തു സഹായിച്ചു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത എത്രയോ സഹായങ്ങള്‍. ഹിറ്റ്ലറും, സദ്ദാം ഹുസ്സൈനും, ഇദി അമീനും, ദാവൂദ് ഇബ്രാഹിമും മാത്രമല്ലല്ലോ ലോകത്തുള്ളത്.

അവള്‍ എന്റെ സഖി ആയതിനു ശേഷം 3 വര്‍ഷങ്ങളായില്ല, പക്ഷെ രണ്ടു കുട്ടികള്‍, ആറു വിരഹത്തിന്റെ യാത്ര പറയലുകള്‍. ഒരു പക്ഷെ അതായിരിക്കാം ഞങ്ങളുടെ സ്നേഹത്തെ ഇത്ര തീവ്രമായി നിലനിറുത്തുന്നത്. എന്നും പുതുമകള്‍, അനുഭവിച്ചു മടുക്കാത്ത പഴമകള്‍, വിരഹത്തിന്റെ നൊമ്പരങ്ങള്‍, ജീവിതം പാഞ്ഞു പോകുന്നു. ഞങ്ങള്‍ക്കു മാത്രമായുള്ള ചില നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലായിരിക്കാം. എങ്കിലും അനുഭവിച്ചു തീര്‍ത്തവയല്ല, അനുഭവിക്കാനുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ആണ് ജീവിതത്തിന് നിറം നല്‍കുന്നത്.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP