ഞാനൊരു പാവം പാലാക്കാരന്‍

അമ്പിളിചേച്ചി

>> Friday, December 15, 2017

പണ്ടു പണ്ടൊരു ഒരു ശനിയാഴ്ച ദിവസം. പഠനം ആറാം ക്ലാസിൽ. ഇന്നത്തെപോലെ സ്പെഷ്യൽ ക്ലാസും ട്യുഷനും ഒന്നും ഇല്ലാത്തതു  കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുറ്റത്തുകൂടി തേരാപാരാ നടക്കുന്നു.പയ്യെ ആരും അറിയാതെ തോട്ടിൽ ചാടാൻ പോകാൻ തോർത്ത് എങ്ങനെ അടിച്ചു മാറ്റാം എന്ന കൊനഷ്ടു ചിന്തയുമായി മാട്ടേൽ ചാരിനിന്നു ആലോചന തുടങ്ങിയതേ വല്യമ്മയുടെ വിളി വന്നു.


"എടാ... നീയാ പടിഞ്ഞാറേ ചെരുവിൽ നിക്കുന്ന ആടിനേം കുഞ്ഞുങ്ങളേം കൂടെ താഴത്തെ തൊട്ടിയിലേക്ക് ഒന്ന് മാറ്റിക്കെട്ട്. റബറേൽ കെട്ടിയാൽ അതിന്റെ തൊലിപോകും, അതുകൊണ്ടു ആ കയ്യാലേൽ ചാരിവെച്ചേക്കുന്ന അലവാങ്കും കൂടെ എടുത്തോ കെട്ടിയിടാനായി. അവിടെ ഇച്ചിരെ തൊട്ടാവാടി നിപ്പുണ്ട്, അതും തിന്നോളും പിന്നെയാ കൂഴപ്ലാവിന്റെ പഴുത്ത ഇലയും കൊടക്കമ്പിയെ കോർത്ത് കൊടുത്താ അതും തിന്നോളും. നീ അവിടെ നിന്ന് അതുങ്ങളെ തീറ്റിച്ചിട്ടേ വരാവൂ... വല്ല നരിയോ കില്ലപ്പട്ടിയോ വന്നോ ആട്ടിൻകുട്ടികളെ പിടിക്കും, രണ്ടു ദിവസമേ ആയിട്ടുള്ളൂ..."


കിട്ടി നല്ല കട്ട പണി. പടിഞ്ഞാറേ ചെരുവ് നമ്മുടെ പേടി സ്വപ്നം ആണ്. അവിടെ നിന്നാൽ വീട് കാണാൻ പറ്റില്ല, വിളിച്ചാലും കേക്കില്ല. പോരാത്തതിന് പാറയും പൊത്തും കുഴിയും പള്ളയും ഒക്കെ ഉള്ളതുകൊണ്ട് അവിടെ ഇല്ലാത്ത ജീവികൾ ഒന്നും ഇല്ല. എന്നോടെങ്ങാനും രണ്ടാം പാൽ എടുക്കാൻ പറഞ്ഞാൽ ആ ഭാഗത്തുള്ള റബറിനെ നമ്മൾ നൈസ് ആയി ഒഴിവാക്കി വെട്ടുകാരന് കുറച്ചു കൂടുതൽ ചണ്ടിപാൽ കിട്ടാനുള്ള വഴി ഉണ്ടാക്കും, അത്ര തന്നെ. ഒരിക്കൽ അതിന്റെ അടുത്തതോടെ പോയ എന്നെ, പെറ്റുകിടന്ന ഒരു കില്ലപ്പട്ടി ഓടിച്ചിട്ട് അധികം കാലം ആയില്ല. ഇനി പേടിയാണെന്ന് പറഞ്ഞാൽ, പിന്നെ നീയൊക്കെ എന്തിനാ ആണാണെന്നു പറഞ്ഞു നടക്കുന്നത് എന്ന് ചോദിച്ചു പെങ്ങളെയും അനിയനേം കൂടെ വിടും. എല്ലാരും കൂടി നമ്മളെ വെറും കിഴങ്ങൻ ആക്കും, ആക്കാനായി ഇനി ഒന്നും ബാക്കി ഇല്ലെങ്കിലും. പതുക്കെ സൂത്രത്തിൽ അവിടെ നിൽക്കുന്ന കുഞ്ഞു ആഞ്ഞിലിയേ കയറാൻ വരുന്നോ എന്ന് ചോദിച്ചിട്ടു അവർക്കാർക്കും നോ ഇന്റെറസ്റ്റ്. കഴുത്തേൽ കിടക്കുന്ന രാത്രിക്കു തിളങ്ങുന്ന കൊന്തക്ക് സപ്പോർട്ടിനായി, വാച്ചിലെ കിടന്ന കൈക്കോടാലിയുടെ പിടി എടുത്തു മുകളിൽ ഒരു കുഞ്ഞുപലകയും വെച്ച് ചാക്കുനൂലിട്ടു കെട്ടി ഒരു കുഞ്ഞു തടിക്കുരിശാക്കി ചങ്കേൽ മുട്ടിച്ചുവെച്ചു, ആടിനെയും അഴിച്ചു ഞാൻ യാത്രയായി.


അവിടെച്ചെന്നു തള്ളയെ ഒരു കവുങ്ങിൽ കെട്ടിയിട്ടു, തെളിച്ചിട്ടിരുന്ന ജാതിയുടെചോട്ടിൽ  ആട്ടിൻകുട്ടികളുടെ ചാട്ടം കണ്ടു കിടന്നു. വെറുതെ നിന്ന നിൽപ്പിൽ മുകളിലോട്ടു പൊങ്ങും, സ്പ്രിങ്ങു കാലിന്റടിയിൽ പിടിപ്പിച്ച പോലെ. ഉണ്ടായിട്ടു രണ്ടു ദിവസം കഴിയുമ്പോളെ ആട്ടിൻകുട്ടികൾ ഇതുപോലെ ചാടും. നാലുമാസം മുമ്പുണ്ടായ ആന്റിയുടെ മോൻ ഇന്നലെ കമിഴ്ന്നു തുടങ്ങി എന്ന് പറഞ്ഞു എന്തൊരു ബഹളം ആയിരുന്നു! ഇനി അവനൊന്നു എണീറ്റ് നടക്കണമെങ്കിൽ എത്രനാൾ കഴിയണം? ഇവിടെ ഉണ്ടായിട്ടു വെറും രണ്ടു ദിവസം കഴിഞ്ഞ ആട്ടിൻകുട്ടി ചുമ്മാ സ്പ്രിങ്ങുപോലെ ചാടുന്നു. ഇനി ആട്ടിൻപാൽ നേരിട്ട് കുടിച്ചാൽ ഇതുപോലെ ചാടാൻ പറ്റുമോ ആവൊ? ഒന്ന് ട്രൈ ചെയ്താലോ എന്നാലോചിച്ചു എന്റെ നോട്ടം അകിടിൽ ചെന്നു. പിന്നെ മുഖം ഉയർത്തി ആട്ടിൻ തള്ളയെ ഒന്ന് നോക്കിയപ്പോൾ അതിന്റെ ഒരു നോട്ടം.., ഇവനേതാ ഈ അയറ്റപ്പെഴ എന്ന ഭാവത്തിൽ.....കോപ്പ്, വെറുതെ നോക്കിയത് മിച്ചം.  സ്പ്രിങ്ങുപോലെ ചാടാനുള്ള ആഗ്രഹം ഞാൻ ഏതായാലും ഉപേക്ഷിച്ചു.


വെറുതെ നിന്നാൽ ഉള്ള ചെകുത്താന്റെയും പാമ്പിന്റെയും പട്ടിയുടെയും ചിന്ത തന്നെ മനസ്സിൽ വരും. വല്ല കൊച്ചരുവായോ നമ്പക്കത്തിയോ എടുത്തിരുന്നേൽ വാഴക്കൈ വെട്ടി പട പടാ ഒച്ചയുണ്ടാക്കുന്ന സുനാ ഉണ്ടക്കാരുന്നു, കത്തിയുടെ ഒരു ധൈര്യവും കിട്ടിയേനെ, ഒച്ച കേട്ടു ജന്തുക്കൾ പിശാചുക്കൾ ഒക്കെ മാറി പോകുകയും ചെയ്തേനെ. ഇനി എന്നാ പിന്നെ വല്ലോ മരത്തേലും കയറാം. ഏതു മരത്തിൽ കയറി കായ് കനികൾ ഭക്ഷിക്കാം എന്ന ചിന്തയുമായി ഒരു ജാതിക്കാ തൊണ്ടെടുത്ത് കടിച്ചുകൊണ്ട് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഉലാത്തി. അതാ നിക്കുന്നു നമ്മുടെ കുഞ്ഞാഞ്ഞിലി. ആടേ നീ വേണേൽ നിന്റെ പിള്ളേരെ നോക്കിക്കോ, ഞാൻ ആനിയെ കേറാൻ പോവ്വാ എന്നും പറഞ്ഞു ഞാൻ പറമ്പിന്റെ കൊണേലുള്ള ആഞ്ഞിലിയെ ലക്ഷ്യമാക്കി നടന്നു. ചെറിയ ആഞ്ഞിലിയാണേലും നിറച്ചു കായ്ച്ചിട്ടുണ്ട്. പാകമായതും പച്ചയും പടുവിളയും പെർലിക്കിനും എല്ലാം ഉണ്ട്.


പതുക്കെ തോർത്ത് ചുരുട്ടി തായിപ്പിരി ആക്കി ആനിയിൽ കയറി. നല്ല രണ്ടു ആനിക്കാവിള പറിച്ചു കവലയിൽ ചാരിയിരുന്നു പതുക്കെ തീറ്റ തുടങ്ങി. കുരു അതിന്റെ കൂഞ്ഞിലിൽ തന്നെ വെച്ച് പഴം വലിച്ചെടുത്തു തിന്നുന്ന അതിനൂതന സാങ്കേതിക വിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോളാണ് അപ്പുറത്തെ പറമ്പിൽ നിന്നും കരിയിലയനങ്ങുന്ന ഒച്ചകേട്ടതു.  കില്ലപ്പട്ടി, പാമ്പ്, ചെകുത്താൻ, യക്ഷി, പോത്തിൻകാല് അങ്ങനെ ഒത്തിരി ചിന്തകൾ നിമിഷങ്ങൾക്കുള്ളിൽ പൊങ്ങിവന്നു, നനുത്തപൂടകൾ എല്ലാം ശടേന്ന് പൊങ്ങിക്കഴിഞ്ഞു. ചെറിയ പേടിയോടെ ആനിയുടെ കവലയിൽ മുറുക്കിപിടിച്ചു തിരിഞ്ഞു നോക്കി.


അഴിച്ചിട്ട മുടിയും, സെറ്റുസാരിയും കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി, പിന്നെ ആഞ്ഞു ശ്വാസം വിട്ടു. അയലോക്കത്ത് വാടകക്ക് താമസിക്കാൻ വന്ന വീട്ടിലെ ബാലൻ സാറിന്റെ മകൾ അമ്പിളി ചേച്ചി ആയിരുന്നു അത്. ബാലൻസാർ തൃശൂർ പാലക്കാട് സൈഡിൽ ഉള്ള നെന്മാറയിൽ നിന്നും വന്നതാണ്, പഞ്ചായത്തിലോ വില്ലേജിലോ മറ്റോ ആണ് ജോലി. മലബാറിന് പോയ കൂഞ്ഞൂഞ്ഞുചേട്ടന്റെ സ്ഥലം വാങ്ങിയ വേലിക്കര പാക്കരൻ ആണ് അവർക്കു വാടകക്ക് കൊടുത്തിരിക്കുന്നത്.


അമ്പിളിചേച്ചി ഒരു നല്ല ചേച്ചിയാണ്. സമയം താമസിച്ചിട്ടും പ്രീഡിഗ്രിക്കു പാലാ അൽഫോൻസായിൽ വല്യപ്പനാണ് സീറ്റു വാങ്ങിക്കൊടുത്തത്. എന്നും രാവിലെ പാലുവാങ്ങാൻ വീട്ടിൽ വരും അമ്പിളിചേച്ചി. കുളിച്ചു മുടിയും ഈറനായിട്ടു ചന്ദനവും ഒക്കെ നെറ്റിയിൽ തേച്ചു വരുന്നത് കാണാൻ തന്നെ ഒരു സുഖമാണ്. സാധാരണ അയലോക്കത്തുള്ളവർ എടാ, ചെക്കാ, പൂയ് എന്നൊക്കെ നമ്മളെ വിളിക്കുമ്പോൾ അമ്പിളിചേച്ചി എന്നെ മോനെ എന്നെ വിളിക്കൂ. കണ്ടാൽ നമ്മുടെ സിനിമാ നടി ശ്രീദേവിയുടെ ഒരു ലുക്കും, ആള് നല്ല സുന്ദരിയാണ്. അല്ലെങ്കിൽ തന്നെ മൊത്തത്തിൽ ഒരു അഴുകൊഴമ്പനായി ഓമനത്തവും ഇല്ല, ശൂരത്തവും ഇല്ല, കാശിനു കൊള്ളാത്തവൻ, ഉണ്ണാക്കൻ, ഓക്കൻ എന്ന് എനിക്ക് തന്നെ തോന്നിയിരുന്ന സമയത്ത് നമ്മടെ ആരെങ്കിലും മോനെ എന്നൊക്കെ വിളിച്ചാൽ നമുക്കുണ്ടാകുന്ന സുഖം പറഞ്ഞാൽ ആർക്കു മനസിലാകാൻ !


ഈ നേറ്റിയിടുന്ന ഉടുപ്പ് മാറ്റി പെരുന്നാപ്പൊടി ഇട്ടോണ്ട് വരുവാരുന്നേ ഇത്തിരി കൂടി ആത്മവിശ്വാസം വന്നേനെ. എന്തായാലും പോട്ടെ, പേടിയൊക്കെ മാറിയ ഞാൻ വേഗം ഉഷാറായി.   ആനിയുടെ മണ്ടേൽ ഇരുന്നു തന്നെ വിളിച്ചു. "ചേച്ചിയേ പൂയ്....ആനിക്കാവെള വേണോ? "


ആനിയുടെ മുകളിൽ എന്നെ കണ്ട ചേച്ചി പേടിയോടെ പറഞ്ഞു. "എന്തൂട്ടാ മോനെ ഈ കാട്ടണത്, താഴെ ഇറങ്ങു, കണ്ടിട്ട് പേടിയാവണു."


നല്ല രണ്ടു ആനിക്കാവിളയും പറിച്ചു ഞെട്ടിൽ കടിച്ചു പിടിച്ചു ഞാൻ ഇത്തിരി ഷോ ഒക്കെ കാണിച്ചു വീരശൂര പരാക്രമി ആകാനുള്ള ശ്രമത്തോടെ താഴേക്കിറങ്ങി. കഴിഞ്ഞ ആഴ്‌ച ഏതോ പയ്യൻ ആഞ്ഞിലിയിൽ നിന്നും വീണു കാലൊടിഞ്ഞതാ, മോൻ സൂക്ഷിച്ചിറങ്ങൂ എന്നൊക്കെ പറഞ്ഞു ചേച്ചി, പക്ഷെ ഞാൻ ഒരു കുരങ്ങച്ചനെപ്പോലെ ഞാന്നും നിരങ്ങിയും താഴെയെത്തി.


അവരുടെ പറമ്പിന്റെ ഏറ്റവും താഴത്തെ തൊട്ടിയിൽ ഉള്ള ലൂവിയിൽ നിന്നും അച്ചാറിടാൻ ലൂവിക്കാ പറിക്കാൻ വന്നതായിരുന്നു ചേച്ചി. ഞങ്ങളുടെ പറമ്പിന്റെ ഇടയിൽ ഒരാൾ താഴ്ച ഉള്ള ഒരു ഇടവഴി ഉണ്ട്. നാടൻ കല്ലുകൾ അടുക്കിവെച്ച പഴയ ഇടവഴി ആയതു കൊണ്ടും, താഴ്ച ഉള്ളതുകൊണ്ടും അപ്പിടി ഇലയും പള്ളയും ആണ് ഇടവഴിയിൽ. മഴ തുടങ്ങിയാൽ പിന്നെ ഒച്ചും അട്ടയും ഇഷ്ടം പോലെ. കല്ലിന്റെ ഇടയിലെല്ലാം വലിയ പൊത്തുള്ളതുകൊണ്ടു പാമ്പു കാണും എന്ന പേടിയിൽ ഞാൻ ആ ഏരിയായിലേക്കെ പോകത്തില്ല.


ഞാൻ ആനിക്കാവിളയുമായി ഇടവഴിയുടെ അടുത്ത് ചെന്നു. ചേച്ചി അപ്പുറെ നിക്കുന്നതുകൊണ്ടു പേടി തോന്നിയില്ല. നമ്മുടെ അടുത്ത ഹീറോയിസം കാണിക്കാനായി ഇടവഴി ചാടാനുള്ള പുറപ്പാട് കണ്ട ചേച്ചി പറഞ്ഞു വേണ്ട എന്ന്. ആനിക്കാവിള അങ്ങോട്ട് ഇട്ടു കൊടുത്താൽ മതി എന്ന് പറഞ്ഞു. നമ്മൾ സമ്മതിക്കുമോ? ഇതൊക്കെ ദെന്തു, ഇതിനപ്പുറം കടന്നവനാണ് ഈ  കെ കെ ജോസപ്പ് എന്ന സ്റ്റൈലിൽ ആണ് നമ്മൾ. പക്ഷെ ഇത്തിരി വിവരവും സ്നേഹവും ഉള്ളതുകൊണ്ട് ചേച്ചി സമ്മതിച്ചില്ല. ആനിക്കാവിള എറിഞ്ഞിട്ടു കൊടുത്താൽ അത് ചിതറിപോകും, മരത്തിൽ നിന്നും പറിക്കുമ്പോൾ സാധാരണ പഞ്ചാര ചാക്ക് ഒരു പ്രത്യേക രീതിയിൽ ആട്ടിയാണ് അത് പിടിക്കുക എന്നുള്ള എന്റെ വാദങ്ങളൊന്നും വിലപ്പോയില്ല. മൂന്നാലു തൊട്ടി താഴെയുള്ള നടക്കല്ലു കയറി വരാമെന്നു അവർ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി.


ഇനി എന്ത് കോനാകൃതി ആണ് ചേച്ചിയുടെ മുമ്പിൽ കാണിച്ചു വീരനാകുക എന്ന് വിചാരിച്ചു അടുത്തുള്ള കാമുകിൽ ചാരി ഞാൻ ചേച്ചി വരുന്നതും കാത്ത് നിന്നു. ഞങ്ങളുടെ പറമ്പിൽകൂടി താഴെനിന്നുള്ള ചേച്ചിയുടെ വരവ് ഞാൻ ഇങ്ങനെ നോക്കി നിന്നു. കാണാൻ എന്തൊരു ഭംഗിയായിരുന്നെന്നോ. ഞങ്ങൾ ക്രിസ്ത്യാനികൾ മാലാഖ എന്നെ പറയാൻ പാടുള്ളു എങ്കിലും അമ്പിളിച്ചേച്ചിയെ കണ്ടാൽ ഒരു ദേവിയെ പോലെ ഇരുന്നു. ആറാൻക്ലാസിൽ മാത്രം ആയ എനിക്ക് മറ്റുവിധ (മറ്റേപ്പണി) ചിന്തകൾ ഒന്നും ആകാനുള്ള ശാരീരിക വലുപ്പം ഒന്നും ഇല്ലാതിരുന്നതുകൊണ്ടു ഉറപ്പിക്കാം അത് വളരെ നല്ല ഒരു ഇഷ്ടം ആയിരുന്നുഎന്ന്. വെറുതെ അടുത്തു നിക്കാൻ, മിണ്ടാൻ, ആ മോനെ വിളി കേക്കാൻ, ഒരു തലോടൽ വാങ്ങാൻ ഒക്കെയുള്ള ഒരു ഇഷ്ടം.


"എന്തൂട്ടാ മോനെ നിങ്ങ ഈ ആഞ്ഞിലിയെ ആനിയെന്നും അതിന്റെ കായെ ആനിക്കാ എന്നും വിളിക്കുന്നത് "  എന്ന് ചേച്ചിയുടെ ചോദ്യം. നമ്മൾ കോട്ടയം കാർ അച്ചടി ഭാഷയുടെ ആൾക്കാരാണല്ലോ. അപ്പോൾ എന്താണ് ഒരു കാരണം പറയുക എന്നാലോചിച്ചു. പിന്നെ ആധികാരികമായി പറഞ്ഞു. " അതായത് ഈ കൊള്ളാവുന്ന മരങ്ങൾ എല്ലാം രണ്ടക്ഷരത്തിൽ ആണല്ലോ, ഉദാഹരണത്തിന് മാവ്, പ്ലാവ്, തേക്ക്, ഈട്ടി, തെങ്ങ്, പന, ജാതി, വാഴ, പേര.... മിടുക്കനാണല്ലോ എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു. എനിക്കും സന്തോഷമായി, ഞാൻ വിള ചേച്ചിക്ക് കൊടുത്തു. അതിന്റെ ഞെട്ടിൽ പിടിച്ചു തൊലി പൊളിച്ചു കളയുന്നതിന്റെ ഇടക്ക് ചേച്ചി ചോദിച്ചു, " അപ്പോൾ ഈ കായക്ക് നിങ്ങൾ എന്തിനാ ആനിക്കാവിള എന്ന നീളമുള്ള പേരിട്ടത്? ചക്ക, തേങ്ങാ, മാങ്ങാ എന്നിങ്ങനെ അല്ലെ മറ്റുള്ളവയുടെ പേരുകൾ


എനിക്ക് ദേഷ്യം വന്നു. "ഓറഞ്ച്, ആപ്പിൾ, മുന്തിരിങ്ങ, ചാമ്പങ്ങ, കൈതച്ചക്ക,സപ്പോട്ടക്ക, ഇളുമ്പിപുളിക്ക, വാഴക്ക അങ്ങനെ എത്ര എണ്ണം വേണം? എന്റെ പൊന്നു ചേച്ചി, പേരിന്റെ നീളം നോക്കി നിക്കാതെ വേണേ ഇത് കഴിക്കു."


ഒരെണ്ണം അമ്പിളിചേച്ചി കഴിച്ചുകഴിഞ്ഞു, മുഖം കണ്ടപ്പോൾ മനസിലായി ചേച്ചിക്ക് അത് നന്നായി ഇഷ്ടപ്പെട്ടു എന്ന്. എന്നാൽ ഒരു രണ്ടെണ്ണം കൂടി പറിച്ചു തരാം എന്ന ജാടയിൽ മരത്തിൽ കയറാൻ പോയ എന്നെ ചേച്ചി വിലക്കി. ഇനി എന്ത് കാണിച്ചു ഞാൻ വീരനാകും എന്നാലോചിച്ചു ചേച്ചി തൊലി കളയുന്നതും നോക്കി ഇരുന്നപ്പോളാണ് അടുത്ത ബുദ്ധി തെളിഞ്ഞത്. ഈ ആനിക്കാവിള കഴിക്കുന്നതിനും ഒരു ചെറിയ പ്രത്യേകത രീതി ഉണ്ട്. വെറുതെ എടുത്തു കഴിച്ചിട്ട് കുരു തുപ്പിക്കളയുന്നതല്ല അതിന്റെ രീതി. കുരു അതിന്റെ ഞെട്ടിൽ തന്നെ നിർത്തി ചുള വലിച്ചെടുത്തു തിന്നണം.


അങ്ങനെ കുരു കൂഞ്ഞിലിൽ നിർത്തി ചുള വലിച്ചു തിന്നാൻ അമ്പിളി ചേച്ചിക്ക് പരിശീലനം നടത്തുന്ന സമയത്താണ് കന്നുകാലിക്കൂടിന്റെ സൈഡിൽ കൂടി വന്ന വെട്ടുകാരൻ അന്തോനി ഞങ്ങളെ കണ്ടത്. എന്റെ മുമ്പിൽ മുട്ടുകുത്തി നിന്ന് പൊക്കം അഡ്ജസ്റ് ചെയ്തു ആനിക്കാവിള തിന്നോണ്ടിരുന്ന അമ്പിളിചേച്ചിയെ കണ്ട അന്തോണി അലറി...... "എന്നതാടി പിശാശേ നീ ഞങ്ങടെ ചെക്കനെ കാണിക്കുന്നേ, വീട്ടി പോടീ **&@#$%^% " പെട്ടെന്ന് അമ്പിളിചേച്ചി ഞെട്ടി മാറി.


മൂക്കുമുട്ടെ കള്ളും പോരായ്മയുണ്ടേൽ കഞ്ചാവും അടിക്കുന്ന ആളാണ് വെട്ടുകാരൻ അന്തോനി. പെന്പ്രന്നോരുടെ കൂമ്പിന് ആവശ്യത്തിന് ഇടിയും മുതുകത്ത് അത്യാവശ്യം ചവിട്ടും കഴിഞ്ഞു വന്ന അന്തോനിക്കു ഞങ്ങളെ കണ്ടപ്പോൾ പിശകു തോന്നിയതിൽ അത്ഭുതം  ഇല്ല. വീട്ടിൽ വന്നു ഈ വേണ്ടാതീനം പറഞ്ഞു കേൾപ്പിച്ചു വല്യപ്പന്റെ കയ്യിൽ നിന്നും രണ്ടു കുപ്പിക്കുള്ള കാശ് വാങ്ങാം എന്ന് വിചാരിച്ച അന്തോനിക്കു പക്ഷെ തെറ്റി. കരണക്കുറ്റിക്ക് രണ്ടു പെട വെച്ച് കൊടുത്ത് ആട്ടിയിറക്കി വിട്ടു അന്തോനിയെ.


പക്ഷെ നേരെ ഷാപ്പിൽ ചെന്ന അന്തോനി വിവരം പരസ്യമാക്കി, അതോടെ കാര്യങ്ങൾ പതുക്കെ കൈവിട്ടു പോയി. രാത്രിയിൽ ബാലൻസാർ വീട്ടിൽ വന്നു. വല്യപ്പനും അമ്മാവനും ഒക്കെ കൂടി എന്തൊക്കെയോ തീരുമാനിച്ചു. ആ രാത്രിയിൽ തന്നെ അവർ ഞങ്ങളുടെ ഗ്രാമം ഉപേക്ഷിച്ചു പോയി.


പക്ഷെ അതോടെ എന്റെ കാര്യവും പരുങ്ങലിൽ ആയി. സകല ആൾക്കാരും ഒതുക്കത്തിൽ പറയുന്നത് കേട്ട് എന്റെ കൊച്ചുമനസ് വിഷമിച്ചു. കവലകളിലും സ്‌കൂളിലും ഒക്കെ ഞാൻ പ്രശസ്തൻ ആയി. തോട്ടിൽ ചാടാൻ പോകുമ്പോൾ കേൾക്കാം തുണിയലക്കികൊണ്ടിരിക്കുന്ന അമ്മച്ചിമാരുടെ കുശുകുശുപ്പു. ബസിൽ നിന്നപ്പോൾ ഏതോ ചേച്ചി സുനാപ്പിക്കൊരു ഞൊട്ടു തന്നു. പലപ്പോഴും ആൾക്കാരെ നേരെ നോക്കാൻ തന്നെ പേടിയായി, എല്ലാവരും എന്നെ ആക്കി ചിരിക്കുന്നപോലെ ഒരു തോന്നൽ. ആണുങ്ങൾ കുറേക്കൂടി പ്രശ്നക്കാരായിരുന്നു. കുനിഞ്ഞുള്ള നടത്തത്തിനിടയിൽ കേട്ടിട്ടുണ്ട് "ഈ പീക്കിരിയാ ആ ചരക്കിനെ പൂശിയ തെണ്ടി, ഇവന്റെയൊക്കെ ഒരു ഡാഷ് യോഗം " എന്നൊക്കെ പറയുന്നത്. കൂടാതെ തുടയിൽ പിടിക്കാനും ഞെക്കാനും മറ്റും വന്നതും ചോദിച്ചതും ആയ ഒരു പറ്റം നാറികളും.


കാലം ഒഴുകിപൊക്കോണ്ടിരുന്നു. മാറ്റങ്ങൾ എനിക്കും വന്നു, ആൾക്കാരെ ഒക്കെ നേരെ നോക്കാനുള്ള ആമ്പിയറായി. കുടുംബവും ചറപറാ കുട്ടികളും ഒക്കെ ആയി. അങ്ങനെ ഒരു അവധിക്കാലം, ഞാനും അനിലും സുരേഷും ചേർന്ന് പറമ്പിക്കുളത്തിനു ഒരു യാത്ര പോയത്. പെരുമഴയത്തുള്ള രാത്രിയിലെ നീണ്ട വണ്ടി ഓടീരിനു ശേഷം, വെളുപ്പാൻകാലമായപ്പോളേക്കും ഏതോ ഒരു ഗ്രാമപ്രദേശം ആയി. സുരേഷും അനിലും നല്ല ഉറക്കം, കുറെ നേരം കമ്യുണിസ്റ്റും ബിജെപിയും കോൺഗ്രസും ആയി ചേരി തിരിഞ്ഞു കുറച്ചു നേരം അടി ഉണ്ടാക്കിയെങ്കിലും അവർ രണ്ടും എപ്പോളോ ഉറങ്ങി. വിശന്നിട്ടാണേ വയ്യ. നേരം പരപരാ വെളുക്കന്നതേ ഉള്ളൂ. വണ്ടി പതിയെ സൈഡിലേക്ക് ഒതുക്കി.


ഭാര്യ ഉണ്ടാക്കി തന്ന പൊതി പതുക്കെ തുറന്നു അടുത്തു കണ്ട പീടികയുടെ തിണ്ണയിൽ ഇരുന്നു. കപ്പയും ഉണക്കമീൻ ഇടിച്ചു തേങ്ങയും കാന്താരിയും കൂടി തിരുമ്മിയതും  കടൂമാങ്ങയും കൂടി ഇലയിൽ പൊതിഞ്ഞു തന്നതാ പാവം രാത്രിക്കു. പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു പച്ചക്കപ്പയും കൂട്ടാനും കഴിച്ചപ്പോളേക്കും പ്രകൃതിയുടെ വിളി വന്നു. കടത്തിണ്ണയിൽ ഉറച്ചിരുന്നു ഈ വിളിക്കെന്തുത്തരം എന്നാലോചിച്ചു മാനത്തേക്ക് നോക്കുമ്പോളാണ് സ്ഥലത്തിന്റെ പേര് കണ്ടത്, നെന്മാറ.


പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ പെയ്തൊഴിഞ്ഞ മഴയുടെ അവശേഷിപ്പുകളായ മഴത്തുള്ളികളിൽ തട്ടി ചിന്നിചിതറുന്ന ആ പുലരിയിൽ, കുളികഴിഞ്ഞീറനണിഞ്ഞ മുടിയിഴകളുമായി വരുന്ന അമ്പിളിചേച്ചിയെ എനിക്കോർമ്മ വന്നു. ഈ നെന്മാറയുടെ പൊൻവീഥികളിലൊന്നിൽ മന്ദം മന്ദം നടന്നുവരുന്ന ചേച്ചിയെ സങ്കല്പിച്ചു ഞാൻ നിക്കുമ്പോൾ അതാ പടിഞ്ഞാറേ കോണിൽ നിന്നും ഒരു ചേട്ടൻ തലേക്കെട്ടും കെട്ടി നടന്നു വരുന്നു.


" ചേട്ടോ... ഈ സർക്കാരിൽ ഉണ്ടാരുന്ന ഒരു ബാലൻ സാറിനെ അറിയാമോ, ഈ ഏരിയായിലെങ്ങാണ്ടാ പുള്ളിക്കാരന്റെ വീട്? "


"അയ്യോ മോനേ, ബാലേട്ടൻ മരിച്ചു പോയി. പഞ്ചയാത്തിലൊക്കെ വർക്ക് ചെയ്തിരുന്ന സാറല്ലേ, മരണം നടന്നിട്ടു നാലുവർഷം കഴിഞ്ഞു, അവരുടെ വീട് ഒരു മൂന്നുകിലോമീറ്റർ അപ്പുറത്താണ്.അദ്ദേഹത്തിന്റെ  മോൾ അമ്പിളിക്കൊച്ചു ആ പറമ്പിന്റെ അപ്പുറത്താണ് താമസിക്കുന്നത്."


നന്ദ്രി ചേട്ടാ എന്ന് പറഞ്ഞു ഞാൻ ചേട്ടനെ യാത്രയാക്കി. വേഗന്നുതന്നെ അനിലിനെയും സുരേഷിനെയും വിളിച്ചു. അമ്പിളി എന്ന് കേട്ടതേ അനിൽ ചാടി എണീറ്റു, സുരേഷ് ചാടാതെയും എണീറ്റു. എന്റെ പഴയ പീഡനകഥയിലെ അമ്പിളിചേച്ചിയുടെ വീട് ദാണ്ടെ എവിടെയാ, പോയി അവരെയും കണ്ടു ഒന്ന് ഫ്രഷ് ആയിട്ട് പോകാം. രാവിലെ എങ്ങനെയാടാ വല്ല വീട്ടിലും കേറി ചെല്ലുന്നേ എന്ന് സുരേഷ് ചോദിച്ചെങ്കിലും അനിൽ ഡബിൾ ഒക്കെ.


ഞങ്ങൾ ആ വീട്ടിലേക്കു കയറി ചെന്നു. വാതിൽ തുറന്ന അമ്മച്ചിയോടു പറഞ്ഞു ഞങ്ങൾ അമ്പിളിചേച്ചിയുടെയും ബാലൻ സാറിന്റെയും പരിചയക്കാർ ആണ്, ഈ വഴി വന്നപ്പോൾ കയറിയതാണ് എന്നൊക്കെ. അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, അമ്പിളി അമ്പലത്തിൽ പോയിരിക്കുകയാണ്, ഇപ്പോൾ വരും, നിങ്ങളിരിക്കൂ, ഞാൻ ചായ ഇടാം എന്ന് പറഞ്ഞു അവർ മോനെ എന്ന് വിളിച്ചു. പത്തിരുപതു വയസുള്ള ഒരു ജിമ്മൻ ചെറുക്കൻ വന്നു. അമ്മച്ചി പറഞ്ഞു മോനെ നിന്റെ അമ്മയോട് ഒത്തിരി താമസിക്കാതെ വരാൻ പറയു, അങ്ങു കോട്ടയത്ത് നിന്നും ഇവരൊക്കെ വന്നിട്ടുണ്ടെന്ന് പറയൂ എന്നും.


ആ ചെറുക്കനെ കണ്ടതോടെ അനിലിന്റെ താല്പര്യം ഒക്കെ പോയി. എന്നാലും ഭിത്തിയിലിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ പതുക്കെ ഒന്ന് തപ്പി നോക്കാം, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ഭാവത്തിൽ അവൻ മൊബൈൽ എടുത്ത് അതിൽ ചൊറിയാൻ തുടങ്ങി. എന്തായാലും പുള്ളി അവസാനം അമ്പിളിചേച്ചിയുടെ ഫേസ്ബുക് കണ്ടു പിടിച്ചു. "ദേണ്ടടാ നിന്റെ ചേച്ചി, ആള് കൊള്ളാല്ലോ...   മകനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു കടുംവെട്ട്‌ ആണെന്ന്. ഇത് ചേച്ചി സൂപ്പറാണല്ലോ "


ദിദൊക്കെ എന്ത്...എന്ന ഭാവത്തിൽ ഞാൻ അത് വാങ്ങി നോക്കി. ചേച്ചിയുടെ പ്രൊഫൈലിൽ താഴെയുള്ള പോസ്റ്റുകൾ കണ്ടപ്പോൾ എന്റെ ഗമ പതുക്കെ കുറഞ്ഞു കൈ വിറക്കാൻ തുടങ്ങി. നല്ല കറ തീർന്ന പോസ്റ്റുകൾ. മദർ തെരാസാ മതം മാറ്റിയതും, ഗോവയിൽ ഫ്രാൻസിസ് സേവ്യർ ഹിന്ദുക്കളെ തല്ലിക്കൊന്നു മതം മാറ്റിയതും, നോർത്ത് ഇന്ത്യയിലെ മതം മാറ്റവും ഉൾപ്പടെ ക്രിസ്ത്യാനികൾക്കിട്ടു നല്ല പണി. പണ്ടു അന്തോനി കൊടുത്ത പണി ഇപ്പോൾ എനിക്കിട്ടു പാഴ്‌സലായി കിട്ടുവോ ദൈവമേ എന്ന ചിന്തയിലായി ഞാൻ.


പതുക്കെ മുങ്ങിയാലോ എന്നു അനിലിനോട് ചോദിച്ചു, അവൻ പറഞ്ഞു ഇനി പ്രയാസമാ. ഇനി മുങ്ങിയാലും പണി തരാനാണേൽ അവർക്കു പറ്റും. ഞാൻ ഒന്നുമല്ലേലും നാട്ടിലെ ശാഖേടെ വിവരം ഒക്കെ പറഞ്ഞു നോക്കാം. നീ ഘർ വാപ്പസി ചെയ്യാൻ പോവ്വാ എന്നൊക്കെ പറഞ്ഞു രക്ഷപെടാം എന്ന രീതിയിൽ അവൻ ധൈര്യം തന്നെങ്കിലും അവനും എനിക്കും സുരേഷിനും നല്ല പേടി തോന്നി. ടി പി വധത്തിലെ അമ്പത്താറു വെട്ടിന്റെ ഫോട്ടോ, ജോസഫ് മാഷിന്റെ കയ്യുടെ പടം ഒക്കെ മനസ്സിൽ വന്നു. അത്രേം നേരം വിരിഞ്ഞിരുന്ന ഞാൻ പിന്നെ കുനിഞ്ഞിരുന്നു. ഇന്നേ വരെ ആൾബലത്തിന്റെ പേരിൽ ആരെയും അടിക്കാൻ പോയിട്ടില്ല, ആളെക്കണ്ടു പേടിച്ചു അഭിമാനം പണയം വെച്ചിട്ടുമില്ല. പക്ഷെ മതവും രാഷ്ട്രീയവും മൂലം ഭ്രാന്തുപിടിച്ച ജനക്കൂട്ടം ശരിക്കും പറഞ്ഞാൽ ഇളക്കിവിട്ട കടന്നൽകൂട് പോലെയാണ്, കിട്ടുന്നിടത്തു കുത്തും.


പെട്ടന്ന് മുറ്റത്ത് വണ്ടി വന്നു നിന്നു. ഏതു വഴി ഓടാൻ പറ്റും എന്നു ഞാൻ ചുറ്റും വെപ്രാളത്തിൽ നോക്കി. കാലുകൾ അനങ്ങുന്നില്ല, അവർ രണ്ടു പേരും എഴുന്നേൽക്കുന്നത് കൺകോണിലൂടെ കണ്ടു ഞാനും അറിയാതെ എണീറ്റു. വാതിക്കൽ എത്തിയ ചേച്ചി ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കി, എന്നെയാണ് തിരയുന്നത് എന്ന് മനസ്സിലായി എന്റെ കാലുകൾ ഇടറി, ചുണ്ടുകൾ വരണ്ടു. ചേച്ചിയുടെ നോട്ടം എന്നിൽ തറഞ്ഞു, എന്റെ നേരെ നടന്നു വന്നു, തുറിച്ചു നോക്കികൊണ്ട്‌ തന്നെ.


ഞാൻ കണ്ണടച്ചു, കൊച്ചരിവായുമായി വരുന്ന വെളിച്ചപ്പാടിനെ പോലെ, ചുവന്ന കണ്ണുകളുമായി വന്നു ചേച്ചി എന്റെ തലയറുക്കും. കണ്ണുകൾ ഇറുക്കിയടച്ചു തന്നെ മാപ്പു പറയാനായി ഞാൻ കൈ കൂപ്പി. കൂപ്പാനായി കൈ അടുത്തുവരുന്നതിനു മുമ്പേ തന്നെ ചേച്ചി എന്നെ കെട്ടിപിടിച്ചു, ഞാൻ പക്ഷെ കണ്ണ് തുറന്നില്ല. ഇനി ഡൻകൽ  സിനിമയിലെ പോലെ വല്ല ഗുസ്തിക്കാരി ആയി എന്നെ പിടിച്ചു നിലത്തടിക്കാൻ ആണെങ്കിലോ?


പക്ഷെ എന്റെ നിറുകയിൽ തലോടുകയായിരുന്നു ചേച്ചി. ഞാൻ കണ്ണ് തുറന്നു ആത്മാർത്ഥമായി ചേച്ചിയെ കെട്ടി പിടിച്ചു. ഒരു ആറാംക്ലാസുകാരൻ കൊച്ചു പയ്യനായി ഞാൻ. എന്തൂട്ടെടാ മോനേ, സുഖാണോ...നിനക്കെത്ര പിള്ളേരുണ്ട്.... ഭാര്യേടെ നാടെവിടെയാ.....ചോദ്യങ്ങൾ... കുശലാന്വേഷണങ്ങൾ...


ചേച്ചി ഇത്തിരി വണ്ണം വെച്ചിട്ടുണ്ട്, നര നാന്നായിട്ടുണ്ട്. എങ്കിലും ഐശ്വര്യം ഒട്ടും കുറഞ്ഞിട്ടില്ല. അടുക്കളയിൽ ചെന്നു പാതകത്തിൽ കയറിയിരുന്നു ചേച്ചി ചുട്ടുകൊണ്ടിരുന്ന ദോശ ചൂടോടെ ചമ്മന്തിയൊഴിച്ചു കഴിച്ചപ്പോൾ, ആർത്തിയോടെ വയറുനിറച്ചു കഴിച്ച കപ്പയും അനുസാരികളുടെയും തികട്ടൽ വന്നതേയില്ല. ഈ സമയമെല്ലാം എന്നെ കൊല്ലാൻ കൊണ്ടുപോയതാണോ വളർത്താൻ കൊണ്ടുപോയതാണോ എന്നറിയാതെ ടെൻഷൻ അടിച്ചിരിക്കുവാരുന്നു അനിലും സുരേഷും. അവർക്കുള്ള ദോശയുമായി ഡൈനിങ് ടേബിളിൽ എത്തിയപ്പോൾ ആണ് അവർക്കു സമാധാനം ആയതു.

അങ്ങനെ കുറച്ചു സ്നേഹം നിറഞ്ഞ വർത്തമാനങ്ങൾ, താടി വടിക്കാനും മുടി കറുപ്പിക്കാനും ഉള്ള ഉപദേശവും, ഭാര്യയും കുഞ്ഞുങ്ങളുമായി വരാനുള്ള ക്ഷണവും ഒക്കെ തന്നുചേച്ചി ഞങ്ങളെ യാത്രയാക്കി.


ഞങ്ങൾ പറമ്പിക്കുളത്തിനുള്ള യാത്ര തുടർന്നു. അപ്പോഴും, ആ ഫേസ്ബുക് പ്രൊഫൈലും അതിലെ പോസ്റ്റുകളും ഇപ്പോൾ കണ്ട ചേച്ചിയും ഒരു പിടികിട്ടാപ്പുള്ളിയായി അനിലിനും സുരേഷിനും നീറി നിന്നു. എന്റെ മനസ്സിൽ സ്നേഹം നിറഞ്ഞ ഒരു മനുഷ്യജന്മം ചിരിച്ചുകൊണ്ടേയിരുന്നു.....ഒരു സംശയവുമില്ലാതെ.


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP