ഞാനൊരു പാവം പാലാക്കാരന്‍

ഓർമ്മകൾ

>> Sunday, June 24, 2018

കുഞ്ഞായിരുന്നപ്പോൾ എന്റെ ഇഷ്ടങ്ങൾ എല്ലാം തന്നെ വിത്യസ്തങ്ങളായിരുന്നു. സാധാരണ എല്ലാവർക്കും തന്നെ പട്ടി, പൂച്ച, ആട്, കോഴി, പശു എന്ന് തുടങ്ങിയ വളർത്തു മൃഗങ്ങൾ തുടങ്ങി  സിംഹം പുലി തുടങ്ങിയ വന്യമൃഗങ്ങളോടായിരുന്നു പ്രിയം. വ്യത്യസ്തനാം ഒരു  ബാലനായ എനിക്ക് വളർത്താൻ ഏറ്റവും ഇഷ്ടം കുരങ്ങനെയും മയിലിനെയും ആയിരുന്നു. ഞാനൊരു ഭൂലോക പേടിത്തൊണ്ടനായിരുന്നത് കൊണ്ടാണ് ഇങ്ങനെ വിത്യസ്തനായത് എന്നാണു ശത്രുക്കൾ പറഞ്ഞു പരത്തിയിരുന്നത്. പട്ടികുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയും ഒക്കെ എത്ര ഓമനിച്ചു വളർത്തിയാലും അവർ നേരെ നിക്കാറാകുമ്പോൾ തന്നെ നമ്മളെ ഓടിച്ചു കടിയും കൊത്തും തരാൻ തുടങ്ങും, പിന്നെ ശത്രുക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. എന്തായാലും എന്റെ കുരങ്ങൻ പ്രേമത്തിന് കാരണം വേറൊന്നുമല്ല, നമുക്ക് കയറാൻ പ്രയാസമുള്ള മരങ്ങളും അതിൽനിന്നും കിട്ടുന്ന പഴങ്ങളായ ആനിക്കാവിള(ആഞ്ഞിലി), കരിക്ക്, നാട്ടുമാങ്ങാപ്പഴം  ഇതൊക്കെ   പറിക്കാൻ കൂട്ടുകാരനായ കുരങ്ങനെ ഉപയോഗിക്കാമല്ലോ. ഇഷ്ടം പോലെ മയിൽ‌പീലി പുസ്തകത്തിൽ വെക്കുകയും ക്ലാസിലെ പെണ്ണുങ്ങൾക്ക് സമ്മാനം കൊടുക്കുകയും ചെയ്യാമല്ലോ എന്നുള്ളതായിരുന്നു മയിൽ പ്രേമത്തിന് കാരണം.

അങ്ങനെ അടക്കാകുരുവി ചെത്തിപ്പൂവിൽ വന്നിരുന്നു ബാലൻസ് ചെയ്തു തേൻ കുടിക്കുന്നതും, കുഴിയാന മണ്ണിൽ കുഴിയെടുത്തു പോകുന്നതും നോക്കിയിരുന്നു ബാല്യം ഒഴുകി പോയി. കൗമാരവും യൗവനവും ഒരു പ്രയോജനവും ഇല്ലാതെ വെറുതെ പോയി. ദാമ്പത്യം വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും തടവിയും ഒക്കെ പോകുന്നു. വെറുതെയിരിക്കാൻ ഒട്ടും സമയം കിട്ടാഞ്ഞതുകൊണ്ടു തട്ടീം മുട്ടീം പിള്ളേർ നാലെണ്ണം ആയി. അവർ തിരിച്ചു കടിക്കാനുള്ള പ്രായം ആകാത്തത് കൊണ്ടും, പക്ഷി മൃഗാതികളുടെ കാഷ്ട, പൂട ജംഗമ വസ്തുക്കളോട് താല്പര്യം ഇല്ലാത്തതു കൊണ്ടും, ഒരു ഫിഷ് ടാങ്ക് മാത്രം വീട്ടിൽ വെച്ചിരുന്നു. പിള്ളേര് നാലായതു കൊണ്ട് ഇനി തട്ടും മുട്ടും നടന്നാൽ വീട്ടുകാരുടെ കൂടെ, കൂട്ടുകാരും നാട്ടുകാരും കൂമ്പിനിടിക്കും എന്നുറപ്പുള്ളതു കൊണ്ട് കുറച്ചു ഗപ്പി, മോളി, പ്ലാറ്റി എന്നീ പ്രസവിക്കുന്ന മീനുകളെ വളർത്തി അവയുടെ പ്രസവവും കുഞ്ഞുങ്ങളെയും ഒക്കെ കണ്ടു ആശാ തീർത്തിരിക്കുന്ന കാലം.

രാവിലെ ഉണക്കാനിട്ട ഷഡ്ഢി എടുക്കാൻ പോയ മൂത്ത പുത്രൻ കറിയാച്ചൻ ആണ് അത് കണ്ടത്, കടുത്ത ചൂടിൽ പറക്കാനാവാതെ ബാൽക്കണിയിൽ വന്നിരിക്കുന്ന ഒരു കുഞ്ഞു പക്ഷി. നമ്മുടെ  അടക്കാകുരുവി പോലെ തീർത്തും ചെറിയ, നല്ല  പോലെ സ്പീഡിൽ പറക്കുന്ന ഒരു കിളി. അനങ്ങാൻ വയ്യാതിരുന്നത് കൊണ്ട് അവൻ അതിനെ പിടിച്ചു കൊണ്ട് വന്നു. ഞങ്ങൾ വെള്ളം കൊടുത്തു, കുടിക്കാതെ ഇരുന്ന അതിന്റെ വായിൽ ഞാൻ വിരലിൽ വെള്ളം തൊട്ടു നനച്ചു കൊടുത്തു.  എന്റെ കൈ വിരലുകളിൽ നിന്നും അത് വെള്ളം തുള്ളി തുള്ളിയായി കുടിച്ചു. പ്രാണൻ പിടയുന്ന ഒരു ജന്മം, അതിനെന്തു ശത്രു അല്ലെങ്കിൽ മിത്രം



 അങ്ങനെ കുട്ടികൾ കൊടുത്ത അരിപൊടിയിലും പഴങ്ങളിലും ഒക്കെ എന്തോ കഴിച്ചു, ആവശ്യത്തിന് വെള്ളവും കുടിച്ചു ഒരു ദിവസം കൊണ്ട് അതിനു നല്ല ജീവനായി. ബാൽക്കണി തുറന്നിട്ടിട്ടും അത് പോയില്ല, വീട്ടിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടന്നു.

അങ്ങനെ മൂന്നാം ദിനം രാത്രിയിൽ പതിവ് ഓൾഡ് മോങ്ക് മാറ്റി ഒരു Hoegaarden ബിയർ അടിച്ചു ഇങ്ങനെ ചിന്തകളിൽ ഊളിയിട്ടിറങ്ങിയ നേരം. ഒരു ജീവൻ രക്ഷിച്ചെടുത്ത ചാരിതാർഥ്യത്തിൽ ജീവനെക്കുറിച്ചുള്ള ചിന്തകൾ, ആയുസ്സിനെ കുറിച്ചുള്ള ചിന്തകൾ ഇങ്ങനെ പലവിധ ചിന്തകൾ കൊണ്ട് കലുഷിതമായ മനസ്സുമായി ഇരിക്കുന്നു.

അപ്പോളാണ് പാപ്പി കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ വന്നത്. കയ്യിൽ മരിച്ചു കിടക്കുന്ന ആ പക്ഷി. പുറകെ എല്ലാവരും എത്തി, എല്ലാവർക്കും സങ്കടമായി. രണ്ടു തുള്ളി എന്റെ കണ്ണിൽ നിന്നും വീണു, ഇരുട്ടത്ത്. ഫ്രിഡ്ജിനു പുറകിൽ പോയിരുന്നപ്പോൾ ഷോക്കടിച്ചതാണെന്നു തോന്നുന്നു എന്ന് ഭാര്യ പറഞ്ഞു. അവരോടു പോയി കിടക്കാൻ പറഞ്ഞു ഞാൻ വീണ്ടും ചിന്തിച്ചിരുന്നു.

ആ കിളിയുടെ ആയുസ് എത്രയായിരുന്നിരിക്കും? നമ്മുടെ വീട്ടിൽ വരാനും എന്റെ കയ്യിൽ നിന്നും ഇത്തിരി വെള്ളം കുടിക്കാനും അതിന്റെ തലയിൽ എഴുതി വെച്ചിരുന്നോ?  ഇനി നമ്മുടെ തന്നെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആരുടെയെങ്കിലും പുനർജന്മമായി വന്നതാണോ? മരിച്ചു പോയ എന്റെ ചാച്ചയുടെ ആത്മാവായിരിക്കുമോ?

ആ ചിന്തയിൽ ഞാൻ ഒന്ന് കുലുങ്ങി. എന്റെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാനായി വന്ന വെറും ഒരു കിളിയോ അതോ ?

കൈ പിടിച്ചു നടത്താൻ, വഴക്കു പറയാൻ, ഉപദേശിക്കാൻ, സ്നേഹത്തിന്റെ നോട്ടം പകരാൻ എല്ലാറ്റിനും അവസാനം മക്കളുടെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാൻ സാധിക്കാതെ പോയ  ഒരു പാവം കറിയാച്ചൻ എന്ന ഞങ്ങളുടെ ചാച്ചയുടെ മരണത്തിനു ഇന്ന് 36 വയസ്.

കല്യാണത്തിന് പള്ളിയിൽ പോകുന്നതിനു മുമ്പ് സ്തുതി കൊടുക്കാൻ നേരം ഒരു നഷ്ടബോധം തോന്നിയിരുന്നു എങ്കിലും കുട്ടികൾ ഉണ്ടാകുന്ന വരെ എന്റെ നഷ്ടങ്ങൾ വലുതായി തോന്നിയിരുന്നില്ല. പക്ഷെ ഇന്നിപ്പോൾ എന്റെ മക്കളെ ഞാൻ സ്‌നേഹിക്കുമ്പോൾ, അവരെപ്പറ്റി എനിക്കുള്ള കരുതൽ തിരിച്ചറിയുമ്പോൾ, എന്റെ സഹോദരങ്ങൾക്കുള്ള നഷ്ടവും കഷ്ടവും കാണുമ്പോൾ...... ഞാനറിയുന്നു ഞങ്ങളുടെ  നഷ്ടം എത്ര വലുതായിരുന്നു എന്ന്.


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP