ഞാനൊരു പാവം പാലാക്കാരന്‍

Hatta Pools (ഒരു യാത്രാ വിവരണം)

>> Sunday, May 31, 2009

ഹത്ത പൂള്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. കുട്ടികളും പരിവാരങ്ങളുമായി രണ്ടു വണ്ടിയില്‍ യാത്ര തിരിച്ചു. ഭക്ഷണവും വെള്ളവും, കുട്ടികള്‍ക്കും അത്യാവശ്യം മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടുവോളം ഡയപ്പറുകളും കരുതിയിരുന്നു.














മുമ്പിലും പുറകിലും ഇടക്ക് ഒന്നിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.മരുഭൂമിയുടെയും വരണ്ടമലനിരകളുടെയും ഭംഗി നിങ്ങള്‍ നേരത്തെ ആസ്വദിച്ചതാണെങ്കില്‍, ദുബായില്‍ നിന്നും ഹത്തവരെയുള്ള ഹൈവേയിലൂടെ ഉറങ്ങിയും, പഴയ മണ്ടത്തരങ്ങള്‍ പറഞ്ഞും, മലനിരകളുടെ ഉത്ഭവത്തെ പറ്റി നുണപറഞ്ഞും സമയം കളയേണ്ടിവരും.















കാര്യം മാപ്പൊക്കെ കയ്യിലുണ്ടായിരുന്നെങ്കിലും ചെറിയ വഴിപ്പിശക്. അവസാനം ചോദിച്ച ഹത്താ നിവാസികള്‍ പറഞ്ഞുതന്നത് ഈ ഡാം. വെള്ളം എന്നൊക്കെ കേട്ടപ്പോള്‍ ഡാമായിരിക്കും എന്നവര്‍ വിചാരിച്ചു. നമ്മുടെ അറബി അത്ര ഗംഭീരമാണല്ലോ.















എങ്കിലും മനോഹരമാണ് ഡാം. കുത്തനെയുള്ള കയറ്റവും മനോഹര ദൃശ്യവും.
















ചൂട് അസഹനീയം. ടര്‍ക്കി ഒക്കെ കരുതുന്നതാ നല്ലത്
















കൂളിങ് ഗ്ലാസ് അത്യാവശ്യം. ട്രൈ പോഡും നല്ലതാണ്,പ്രത്യേകിച്ച് വീഡിയോ ഉണ്ടെങ്കില്‍.















ഡാമില്‍ നിറയെ വെള്ളം (മരുഭൂമിയല്ലേ എന്നു നമ്മള്‍ പ്രത്യേകം ഓര്‍ക്കണം)














എന്തായാലും അവസാനം ഒരു എത്തിസലാത്തുകാരന്‍ മലയാളി സഹായിച്ചു. മാപ്പിന്റെ കുഴപ്പമല്ല, അതു നോക്കിയവരുടെ കുഴപ്പമായിരുന്നു എന്നു പ്രൂവ് ചെയ്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ടാറിട്ട റോഡില്‍ നിന്നും 15-20 കിലോമിറ്റര്‍ സഞ്ചരിക്കണം. ബോര്‍ഡുകള്‍ ഉണ്ട് വഴി നിറയെ. ഫോര്‍ വീല്‍ വേണമെന്ന്
നിര്‍ബന്ധം ഇല്ല.















ഒട്ടകങ്ങളെയും കാണാം. മര്യാദയുള്ള മൃഗങ്ങളാ.. ഒന്നു ഹോണടിക്കു പോലും വേണ്ടാ. മരുഭൂമി അവരുടെ അപ്പന്റെയാന്നുള്ള വിചാരം ഒന്നും ഇല്ല.

















മനോഹരമായ മലകള്‍ പാറകള്‍. വഴികള്‍ ഒക്കെ സുന്ദരം തന്നെ. പൊടിയും മൊത്തത്തില്‍ ഒരു ബ്രൊവ്ണ്‍ കളറും ആണെങ്കിലും എന്തൊക്കെയോ ഒരു വൈല്‍ഡ് ബ്യൂട്ടി.















അവസാനം തോടുകണ്ടു. മരുപ്പച്ച കണ്ടപോലെ ഞങ്ങള്‍ പുളകിതരായി. മരുഭൂമിയിലും തോട്. കാറിലാണെങ്കില്‍ സുക്ഷിച്ചു കടക്കണം, അല്ലെങ്കില്‍ വെള്ളത്തില്‍ നിന്നും ത്ളളിക്കയറ്റേണ്ടി വരും
















പ്രാഡോചേട്ടന്‍ വഴികാണിച്ചു മുമ്പേ. ഒന്നുമല്ലെങ്കിലും ഒന്നു രണ്ടു വര്‍ഷത്തെ അനുഭവ സമ്പത്തില്ലേ?















കുറക്കാന്‍ പറ്റുമോ, പജീറോ അല്ലേ?

















പണ്ടൊക്കെ മഴക്കു ശേഷം റോഡില്‍ കിടക്കുന്ന തെളിഞ്ഞ വെള്ളം കാലുകൊണ്ട് തെറിപ്പിക്കാതെ പോകാന്‍ പറ്റുമായിരുന്നോ? ഇന്നിപ്പോള്‍ വണ്ടിയിലായി എന്നു മാത്രം.
















വണ്ടി പാര്‍ക്കു ചെയ്തു ഞങ്ങള്‍ വെള്ളത്തിലിറങ്ങി.

















കോക്കുവിനു വരെ ഇറങ്ങാവുന്ന വെള്ളം. കണ്ടാല്‍ കുടിക്കാന്‍ വരെ തോന്നും.

















പാമ്പേര്‍സ് അഴിച്ചു വെക്കുകയാ‍ണ് നല്ലത്. ഇല്ലെങ്കില്‍ വെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ ബാലന്‍സ് ചെയ്തു നില്‍ക്കേണ്ടി വരും.

















തലയില്‍ എന്തെങ്കിലും വെക്കാതെ ദീര്‍ഘനേരം വെയില്‍ കൊണ്ടാല്‍ സണ്‍ബേണ്‍ ഉറപ്പ്. മൊട്ടത്തലയില്‍ വെയില്‍ അടിച്ചതിനാല്‍ പീള്ളേരുടെ തലയില്‍ കുമിള വന്നു. പേടിക്കനൊന്നുമില്ല, ഒരാഴ്ച കൊണ്ടു മാറിക്കോളും. തലചൊറിഞ്ഞു കുമിള പൊട്ടിക്കാതെ നോക്കിയാല്‍ മതി.















സ്വപ്ന വാഹനമായ നിസ്സാന്‍ പട്രോളിനെ വലിച്ചു കയറ്റാന്‍ കുഞ്ഞന്‍ പജീറോക്കു സാധിച്ചു. വഴിനോക്കാതെ ഓടിച്ചാലത്തെ കുഴപ്പം.















സാഹസികന്മാര്‍ക്കു അവസരങ്ങള്‍
















ലോകത്തിന്റെ നെറുകയിലെന്ന പോലെ. എന്തൊക്കെയോ നേടിയ സംതൃപ്തി. കാലിന്റെ മസിലു പിടിക്കാതെ നോക്കണം എന്നു മാത്രം.















നനഞ്ഞ ശരീരം ഉണക്കാനിടാം

















പാറയില്‍ വലിഞ്ഞുകയറാം

















സാഹസികന്മാര്‍ക്കു വീണ്ടും പണി

















എന്താ ചാട്ടം. പണ്ട് തോട്ടില്‍ ചാടിനടന്ന കാലത്തേക്ക് മടങ്ങിപ്പോക്ക്

















പാവം പുറകില്‍ കിടക്കുന്ന വണ്ടി, സീറ്റിനു മുകളില്‍ വരെ വെള്ളം കായറി പോയി. തോളൊപ്പം വെള്ളത്തില്‍ താണുപോയി. പ്രാഡോയും, ജീപ്പും പത്തിരുപത് ആള്‍ക്കാരുടെ 2 മണിക്കൂറത്തെ പരിശ്രമവും അവസാനം വണ്ടി കയറ്റി. ഇനി എഞ്ചിനില്‍ നിന്നും വെള്ളം കളയണമെല്ലോ?

















എന്തൊരു ഭീകര ഭംഗി. വലുപ്പം മനസിലാകാന്‍ ആള്‍ക്കാരെ ശ്രദ്ധിക്കുക

















അവസാനം മടക്കയാത്ര. എങ്കിലും സൌങര്യം ആസ്വദിച്ചു പോകും
















ഉണക്കമരത്തിനു വരെ എന്തോ സൌ‍ങര്യം. നരച്ച മുടിയുള്ള അമ്മൂമ്മയെ പോലെ.

















ഹത്ത റോഡിലെ അറബികളുടെ സൂക്കേട് തീര്‍ക്കുന്ന സ്ഥലം. കറുത്ത് പൊട്ടിട്ടിരിക്കുന്ന വണ്ടി ശ്രദ്ധിക്കുക

















കോരിത്തരിച്ചു പോയി അവന്റെ ഓടിക്കല്‍ കണ്ടപ്പോള്‍ !


















മണ്ണില്‍ പുതഞ്ഞുള്ള മറ്റൊരുത്തന്റെ പോക്ക്. ഇതൊക്കെ കണ്ടാല്‍ എത്ര നേരം പിടിച്ചു നില്‍ക്കാനാവും

















പിന്നെ അമാന്തിച്ചില്ല, വെച്ചു പിടിപ്പിച്ചു ഞങ്ങളും




















കുട്ടികള്‍ക്ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാം

















കുറച്ചു മറ്റുള്ളവരുടെ കളി കണ്ടപ്പോള്‍ നമുക്കും സൂക്കേട് കയറി. എത്ര നേരമെന്നും പറഞ്ഞാ നോക്കി നില്‍ക്കുന്നത്? മരുഭൂമിയില്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ആരുപറഞ്ഞു? അണ്ണാക്കണ്ണനും തന്നാലായത്




















ആന വളിവിടുന്ന കണ്ട് അണ്ണാന്‍ മുക്കിയാല്‍ ഇങ്ങനെ ഇരിക്കും.

















അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും. ചൊറിഞ്ഞു അറിഞ്ഞു.

















എത്രയോ സഹായമന‍സ്ഥിതിയുള്ളവരാണ് അറബികള്‍. എത്ര പെട്ടെന്നാണ് അവര്‍ സഹായിക്കാന്‍ എത്തുന്നതെന്നോ? അവരുടെ ഉപദേശങ്ങള്‍ ഞങ്ങളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. എങ്ങനെ ഓടിക്കണം എന്നും ചെറീയ ധാരണ കിട്ടി.

















കറിയാച്ചന് കൂടുതല്‍ സ്വപനങ്ങള്‍ കാണുനുള്ള ഇന്‍പുട്ടുകള്‍. രാത്രിയില്‍ മണലില്‍ പോകുന്ന കഥകള്‍ മതി ഇപ്പോളവന്.കോക്കു ചാച്ച എന്നു വിളിക്കനുള്ള ശ്രമം നിര്‍ത്തി ക്വാഡ് ബൈക്ക് എന്നു പറയാന്‍ ശ്രമിക്കുന്നു.

















ചെറിയ തിരിച്ചടികളെങ്കിലും വളരെ നന്നായി എഞ്ചോയ് ചെയ്തു. ഒത്തിരി അധികം വിവരങ്ങളും ലഭിച്ചു.




സന്ധ്യയോടുകൂടി മടക്കയാത്ര. ഒത്തിരി ഒത്തിരി സംതൃപ്തിയോടെ.

ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - സുനില്‍, രാജേഷ്

Read more...

പഴയൊരു മഴ

>> Monday, May 4, 2009

രാവിലെ തന്നെ നല്ല മഴ. രണ്ടു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഇടിയും ആണ് . ഇന്നു പക്ഷെ രാവിലെ തന്നെ തുടങ്ങി. തണുപ്പുള്ള രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില്‍ കയറി കുത്തിയിരുന്ന് തീ കായാന്‍ നല്ല സുഖം. അപകടം ആണ് ആ ഇരുപ്പ് എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പണ്ട്  പാതകത്തിൽ ഇരുന്നു ഉറങ്ങിപ്പോയി തീയിലേക്ക് വീണത്, പാകത്തിൽ നിന്ന് ഇറങ്ങിയപ്പോൾ വിറകുകമ്പു തട്ടി കഞ്ഞിക്കലം  മറിഞ്ഞു വീണു പൊള്ളിയത് അങ്ങനെയൊക്കെയുള്ള കഥകൾ. പക്ഷെ എത്രയായാലും ആ ഇരുപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.   

ഉന്തിന്റെ കൂടെ ഒരു തള്ള് എന്നപോലെ കൂട്ടത്തില്‍ വിറക് അടുപ്പിച്ചു വെച്ച് അമ്മക്ക് ഒരു കുഞ്ഞു സഹായം ചെയ്തോണ്ടിരുന്നു. അടച്ചു വാറ്റിയില് തവിക്കണ കൊണ്ട് ചുട്ട വറ്റൽ മുളക് ഞെരടിക്കൊണ്ടിരുന്ന അമ്മയെ ഇടയ്ക്കു പാളി ഒന്ന് നോക്കി. മടിപിടിച്ചു ഇരിക്കുവാണെന്നു മനസിലായ അമ്മ "പോയി കുളിക്കെടാ" എന്നു പറഞ്ഞ് എണീപ്പിച്ചു വിട്ടു. 


പതുക്കെ ചെന്ന് ചായിപ്പിന്റെ വാതില്‍ തുറന്ന്  വീടിന്റെ ഓടില്‍ നിന്നും മണലിലേക്ക് നൂലുപോലെ വീഴുന്ന വെള്ളത്തുള്ളികല്‍ പതുക്കെ കൈകൊണ്ട് തെറിപ്പിച്ച് തണുപ്പുമായി താതാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു. "അമ്മേ.. ഇച്ചിരെ വെള്ളം ചൂടാക്കി തരാമോ?”  അമ്മ ദേഷ്യത്തോടെ  “എന്നാ പിന്നെ ഇത്തിരി കുഴമ്പും കൂടി തേച്ചോ, ഒരു കിളവന്‍ വന്നേക്കുന്നു. പോയി തണുത്ത വെള്ളത്തില്‍ കുളിയെടാ ചെക്കാ." എന്നിട്ടു ആശുപത്രിയിലെ കുത്തിവെപ്പിന് ശേഷം തരുന്ന തിരുമ്മു പോലെ  "ആദ്യത്തെ മഗ്ഗിലെ വെള്ളത്തിനു ശേഷം തണുക്കത്തില്ലെടാ കുട്ടാ" എന്നും പറഞ്ഞു.

മഴയില്ലായിരുന്നെങ്കില്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കാമായിരുന്നു, അതിനു ചെറിയ ചൂടുകാണും രാവിലെ. രാവിലെ അമ്മാവന്‍ നേരത്തെ പോയതിനാല്‍ ബസിനു പോകണം. യൂണിഫൊമില്‍ ഇന്നലെ വൈകിട്ടു നടന്നപ്പോള്‍ ചെരുപ്പില്‍ നിന്നും പറ്റിയ ചെളി വട്ടത്തില്‍ നല്ല പൊട്ടുപോലെ കാണാം. എത്ര കഴുകിയാലും അതു പോകില്ല. ചെരുപ്പിട്ട് എത്ര സൂക്ഷിച്ചു നടന്നാലും ഇത്തിരി ചെളിയെങ്കിലും തെറിക്കും. ഒരു ഷൂ ഉണ്ടാരുന്നെങ്കില്‍ ഇത്രയും ചെളി പുറകിൽ വരില്ല എന്ന് അമ്മയോട് പറഞ്ഞതാണ്, കിം ഫലം. ഒരു ഞെക്കുമ്പോള്‍ നിവരുന്ന കുട വാങ്ങി തന്നത് ഒരാഴ്ച മുമ്പ് സ്‌കൂളിൽ കളഞ്ഞു പോയി. ഇപ്പോള്‍ അമ്മയുടെ പഴയ ഒറ്റ മടക്കുള്ള കുടയാണ് ശരണം. ഒന്നു രണ്ടു തുളയുണ്ട്, ഒരു കമ്പി ഇത്തിരി വളഞ്ഞിട്ടും ഉണ്ട്, എന്നാലും ഒള്ളതാകട്ടെ. 

കടൂക്കുന്നേല്‍ വാതിക്കലെ ബസ് സ്റ്റോപ്പില്‍ ചെല്ലുന്നതിനു മുമ്പേ തന്നെ തിങ്ങിനിറഞ്ഞ് പുഞ്ചവയല്‍ ബസു പോയി. ഇനി കോരുത്തോട് ബസിനു പോകാം. കുടയും ചൂടി അവിടെ കിടന്ന തെങ്ങുംതടിയില്‍ കയറിനിന്നു. അതാവുമ്പോള്‍ പിന്നെ വെള്ളം നിലത്തു തല്ലി തെറിക്കുന്ന കുഞ്ഞു മണല്‍തരികളുടെ തരിതരിപ്പ് ഇല്ല. പുറകിലുള്ള കാനയില്‍ മഴവെള്ളം നിറഞ്ഞിട്ടുണ്ട്. വാഴക്കാവരയനും  നെറ്റിയെപൊട്ടനും ഒക്കെ തോട്ടിൽ നിന്നും കയറി അവിടെ എത്തിയിരിക്കുന്നു. ഒറ്റവെയില്‍ തെളിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കുനില്‍ക്കും. പിന്നെ ഇവന്മാര്‍ ഒക്കെ ഇവിടെ കിടന്നു ചാവേണ്ടി വരും, പാവങ്ങള്‍. വെള്ളം പൊങ്ങിയപ്പോള്‍ ആക്രാന്തത്തിൽ ചാടിക്കയറി ഇങ്ങുപോന്നതല്ലേ, വരും വരായ്ക നോക്കാതെ. വൈകുന്നേരം ആകട്ടെ, വരുമ്പോള്‍ പിടിച്ചു വീ‍ട്ടിലെ കുളത്തില്‍ ഇട്ടേക്കാം. 

കോരുത്തോട് ബസ് വരുന്ന ഒച്ച കേള്‍ക്കുന്നു. ദൈവമേ..നിറച്ചു ആളുമായാണ് വരവ്. ഒരു ഫുള്‍ ടിക്കറ്റുപോലുമില്ലാതെ ഞാനെന്ന പേട്ട് എസ് റ്റി കാരനെ കയറ്റാന്‍ അത് എന്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ, എന്റെ ആത്മഗതം കേട്ടത് പോലെ അവര്‍ നിര്‍ത്തിയില്ല. ഭാഗ്യത്തിനു കൈയ്യില്‍ 2 രൂപയുണ്ട്, അടുത്ത ട്രാന്‍സ്പോര്‍ട്ടിന് ഫുള്‍ ടിക്കറ്റെടുത്ത് പോകാം. 

 പെട്ടെന്നാണ് കവിതയുടെ മുഖം മനസിലേക്ക് ഒരു വെള്ളത്തുള്ളി പോലെ ഒഴുകിവന്നത്. എന്റെ കൂടെ നാലാം ക്ലാസുവരെ പഠിച്ച കടുവാതൂക്കില്‍ ഷിബുവിന്റെ പെങ്ങളാണ്. എന്നെക്കാളും രണ്ടുവയസ് കുറവ്, വിളക്കുമാടം മഠം സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഈ വര്‍ഷം സ്കൂളുതുറന്ന സമയത്ത് ഇതുപോലൊരു ദിവസം ആനവണ്ടിയിൽ കയറി പോയപ്പോളാണ് ശരീക്കും അടുത്തു കണ്ടത്. അവരൊക്കെ പാലായില്‍ പോയി കെ എസ് ആര്‍ ടി സി യിലെ മന്ത്‌ലി കാര്‍ഡ് ആണ് എടുക്കുന്നത്. 

എനിക്ക് കവിതയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ല വിടര്‍ന്ന കണ്ണുകളാണ് കവിതയുടേത്. കൃസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് പൊതുവേയില്ലാത്ത ശീലമെങ്കിലും, ഞാൻ കണ്ട സമയത്തൊക്കെ അവൾ  രാവിലെ കുളിച്ച് ഭംഗിയായി മുടി വിടര്‍ത്തിയിട്ടിരുന്നു. എന്നാല്‍ എണ്ണമെഴുക്കോ മണമോ ഒന്നുമില്ലതാനും. നല്ല ക്യൂട്ടിക്കൂറാ പൌഡറിന്റെ മണമാണവള്‍ക്ക്. ഈയിടെയായി കിടക്കാന്‍ നേരം മനസില്‍ എന്നും വരുന്നത് അവളുടെ മുഖമാണ്. ഇന്നും കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ കോരുത്തോട് ബസ് നിര്‍ത്താതെ പോയ ഡ്രൈവറോട് തോന്നിയ ദേഷ്യമൊക്കെ മാറി. ബസിന്റെ ഉടമസ്തരുടെ വീട്ടിലും കുട്ടികളുടെ വീട്ടിലും തുമ്മലും ചീറ്റലും അക്കാലങ്ങളിൽ പതിവായിരുന്നു. വണ്ടി നിർത്താതെ പോകുന്ന സമയം കുട്ടികളും,  ഇടിച്ചു വണ്ടി നിറയെ കയറുന്ന പത്തുപൈസ ടിക്കറ്റിന്റെ ദേഷ്യത്തിൽ ബസുകാരും പരസ്പരം ഉള്ളിലും പുറത്തും  പറയാറുണ്ടായിരുന്ന മാതാപിതാ സ്തുതികളുടെ ബാക്കിപത്രം എന്ന നിലയിൽ.

അവസാനം ചെവിയാട്ടിയെത്തുന്ന ആനയെപ്പോലെ രണ്ടുസൈഡിലെയും പടുതാ ആട്ടി നമ്മുടെ ആനവണ്ടിയെത്തി. കുടമടക്കി ചാടിക്കയറി ഞാന്‍, നിറച്ചും ആള്‍ക്കാരാണ് വണ്ടിയില്‍. ബസ് കയറ്റം കയറുന്നതിനു ഇറങ്ങുന്നതിനു അനുസരിച്ചു അടിയില്‍ വെള്ളം ഒഴുക്കാണ് മുന്നോട്ടും പിന്നോട്ടും. ഞാന്‍ പതുക്കെ മുമ്പോട്ട് നുഴഞ്ഞു കയറി. കവിത സീറ്റിന്റെ സൈഡില്‍ തന്നെ ഇരിപ്പുണ്ട്. ഞാന്‍ പതുക്കെ അവളുടെ അടുത്തു ചെന്നു നിന്നു. പക്ഷെ അവളെ മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇനി നമ്മള്‍ മുട്ടിയാല്‍ അവള്‍ ഞാനൊരു ചീത്തയാണെന്നു വിചാരിച്ച് എന്നന്നേക്കുമായി അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്ത കാരണം ഏറ്റവും മാന്യനായി തന്നെ പെരുമാറണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. (അതാണ് ഈ ജന്മത്ത് എനിക്കൊരു പ്രണയം ഉണ്ടാവാതെ പോയതിനു കാരണം)

 മഞ്ചക്കുഴിയുടെ വളവ് വണ്ടി വീശി എടുത്തപ്പോള്‍ അറിയാതെ അവളെ ഇത്തിരി മുട്ടി എങ്കിലും കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും അടുത്തു നിന്നവര്‍ക്കൊന്നും ഞാന്‍ നുഴഞ്ഞ് കയറി അവളുടെ അടുത്ത് നിന്നത് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. പെട്ടെന്നാണ് അവളെന്നോട് അതു പറഞ്ഞത്. കേള്‍ല്‍ക്കാനായി കുനിഞ്ഞു നിന്ന ഞാന്‍ നിവരും മുമ്പേ സൈഡില്‍ നിന്ന ചേട്ടന്‍ എന്റെ കുത്തിനു പിടിച്ചു. "ഡാ, മൊട്ടേന്നു വിരിയും മുമ്പേ പെണ്ണുങ്ങളെ പിടിക്കുന്നോടാ.. "എന്നു ചോദിച്ച് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. ഏല്ലാ ഭാഗത്തു നിന്നും ഒരു വൃത്തികെട്ടവനെ എന്ന പോലെയുള്ള നോട്ടം. നാണക്കേട് മൂലവും തല്ലു കിട്ടാതിരിക്കാനുമായി ഞാന്‍ മുഖം താഴ്ത്തി പൊത്തിപീടിച്ചു. 

ഇവന്‍ ഇന്നവീട്ടിലെ  കൊച്ചല്ലേ, ഇവന്റെ കാർന്നോന്മാരുടെ പേര് കളയാൻ ആണോ ഭാവം എന്ന് ആരോ പറയുന്നതും കേട്ടു, . പെട്ടെന്ന് അവള്‍ എണീറ്റു നിന്നു പറഞ്ഞു. “അയ്യോ ആ ചേട്ടനെ ഒന്നും ചെയ്യേണ്ട... കുടയില്‍ നിന്നു വെള്ളം വീണപ്പോള്‍ ഒന്നു മാറ്റിവെക്കാന്‍ പറഞ്ഞതേ ഉള്ളൂ ഞാന്‍”. എന്റെ മനസില്‍ കൂടി ഒരു ചെറിയ കാറ്റ് വീശി. ആകെ കൂടെ മര്‍മ്മരങ്ങളും അടക്കിയ ചിരിയും മറ്റും ബസില്‍. എനിക്കണെങ്കില്‍ ആരെയും നോക്കാന്‍ പോലും പറ്റുന്നില്ല. കുത്തിനു പിടിച്ച ചേട്ടന്‍ പതുക്കെ മാറി. ബസ് കുരുവിക്കൂട് സ്റ്റോപ്പില്‍ എത്തി അപ്പോളേക്കും. ഞാന്‍ പതുക്കെ നാണക്കേടു കാരണം അവിടെ ഇറങ്ങാന്‍ വേണ്ടി തിരിഞ്ഞു.

 അപ്പോള്‍ പൈകയില്‍ കടനടത്തുന്ന സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു “സാരമില്ല മോനേ, എല്ലാരും തെറ്റിദ്ധരിച്ചതല്ലേ. നീ ഇറങ്ങുവൊന്നും വേണ്ട.” പെട്ടെന്ന് ഒരു ചെറിയ ചൂട് കൈയ്യില്‍, ഞാന്‍ പേടിയോടെ ആ ഭാഗത്തേക്ക് നോക്കി. അത് കവിത എന്റെ കയ്യില്‍ പതുക്കെ പിടിച്ചതായിരുന്നു. അവള്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. ക്ഷമയും സഹതാപവും ഇഷ്ടവും ഒക്കെ നിറഞ്ഞ ഒരു നോട്ടം. എന്റെ മനസിലും ഒരു മഴ പെയ്തു, നല്ല തണുപ്പുള്ള ഒരു കുളിര്‍മഴ.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP