ഞാനൊരു പാവം പാലാക്കാരന്‍

ക്രിസ്തുമസ് കരോൾ

>> Friday, December 29, 2023

ഡിസംബർ മാസം ആകെ കൂടെ മനസ്സിൽ ഒരു കുളിരുള്ള, മഞ്ഞും നക്ഷത്രങ്ങളും പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും കൂടെ എന്റെ പിറന്നാളും ഒക്കെയുള്ള ഒരു സുഖമുള്ള സമയമാണ്. ഈ വയസാംകാലത്തു ഇതൊന്നും വലിയ കാര്യമല്ലെങ്കിലും പഴയ ഓർമ്മകളിലെ ഒത്തിരി സുഖമുള്ള ഒരു കൊച്ചോർമ്മ.


ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന, എല്ലിന്റെ മണ്ടേൽ കുറച്ചു ഞരമ്പുകൾ തെളിഞ്ഞുവരാൻ തുടങ്ങിയ, മസിലും മീശയും വേണമെന്ന് കൊതിക്കുന്ന, കാണുന്ന സുന്ദരിമാരെ ഒക്കെ പ്രേമിക്കണം എന്നൊക്കെ തോന്നുന്ന ഒരു തീ പിടിച്ച കാലം.

 ഡിസംബർ ആയി, അമ്മാവനോട് സ്ഥിരം കൊണ്ടുവരുന്ന 5 കാലുള്ള നക്ഷത്രം അല്ലാതെ പത്തു പന്ത്രണ്ട് കാലുള്ള പുതിയ ടൈപ്പ് കൊണ്ടുവരാമോ എന്ന് ചോദിച്ചെങ്കിലും ഏറ്റില്ല. പക്ഷെ പുള്ളി ഈ പ്രാവശ്യം രണ്ടെണ്ണം കൊണ്ടുവന്നു, സ്ഥിരം ഉള്ള ചൊമലയും പിന്നെ ഒരു വെള്ളയും. എന്നിട്ടു രാത്രിക്ക് ഒരു കുഞ്ഞു ബൾബ് വയറിൽ സെറ്റുചെയ്‌തു രണ്ടു നക്ഷത്രവും കെടും ഓഫാകും സ്റ്റൈലിൽ ഫിറ്റു ചെയ്തു.  ആ കുഞ്ഞു ബൾബാണത്രെ വലിയ രണ്ടെണ്ണത്തിനെ മിന്നിക്കുന്നത്. എന്തായാലും അവസാനം എന്റെ അപേക്ഷ മാനിച്ചു പിറ്റേ ദിവസം ഒരു കുഞ്ഞു നക്ഷത്രം ആ കുഞ്ഞു ബൾബിനും ഇട്ടു, ഞാൻ ഹാപ്പിയായി.

അങ്ങനെ പൈകപെരുന്നാൾ കഴിഞ്ഞു, ഇനി ക്രിസ്തുമസിന്റെ ആഘോഷങ്ങൾ. എന്തായാലും ഈ പ്രാവശ്യം കരോൾ പരിപാടിക്ക് രാത്രിയിൽ പോകാൻ വീട്ടിൽ നിന്നും പെർമിഷൻ കിട്ടി, പക്ഷെ 23 നും 24 നും മാത്രം.

അങ്ങനെ 23 ആം തീയതി നാലുമണിക്ക് വീട്ടിൽ നിന്നും സുന്ദരാനാകാൻ ഉള്ള ശ്രമവും ആയി തോട്ടിലേക്കിറങ്ങി. തലയിൽ എണ്ണയും തേച്ചു കാലു വെള്ളത്തിൽ ഇട്ടു കുറച്ചു നേരം ഇരുന്നു. കല്ലേമുട്ടിയും വാഴക്കാവരയനും വന്നു കുതിർന്ന കാലിലെ ഇളകിയ കോശങ്ങൾ കൊറിച്ചു തിന്നു. 

റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുന്ന സ്വരം കേട്ടു, ഒച്ച കേട്ടിട്ട് മണ്ണടിശ്ശാല ആണെന്ന് തോന്നുന്നു. kms ആണ് ഞങ്ങടെ നാട്ടിൽ എല്ലാ ബസുകളും, പിന്നെ പേരിനു കുറച്ചു മണക്കടവ്, തിരോന്തോരം, വഴിക്കടവ് ട്രാൻസ്‌പോർട് ബസുകളും. എല്ലാ kms ബസിന്റെയും നിറവും രൂപവും ഏകദേശം ഒരുപോലെ ആണെങ്കിലും അതിൽ ഒരു പ്രത്യേകത ഉള്ള ബസ് ആയിരുന്നു മണ്ണടിശ്ശാല ബസ്. അതിന്റെ ഗ്രില്ലിന്റെ രൂപം ഒരു പൂമ്പാറ്റയുടെ പോലെ ആയിരുന്നു. 

കാല് വെള്ളത്തിൽ ഇട്ടുകൊണ്ട് തന്നെ പതുക്കെ പാറപ്പുറത്തു മലർന്നു കിടന്നു. മീനുകൾ കാലിന്റെ മുട്ടുവരെ ഇക്കിളി ആക്കികൊണ്ടിരുന്നു. മണ്ണടിശാല ബസിന്റെ പൂമ്പാറ്റ ഗ്രില്ലിനു പകരം ഒരു സുന്ദരി പെണ്ണിന്റെ ചുണ്ടിന്റെ ഷേപ്പിൽ ഗ്രില്ലുവെച്ച ഒരു ബസ്, അതായിരുന്നു എന്റെ സ്വപ്നം. അന്നത്തെ ഒരു കോമിക് കഥാപാത്രം ആയിരുന്ന മക്കു എന്ന കാറിന്റെ പോലെ സന്തോഷം വരുമ്പോൾ ചിരിച്ചും ദേഷ്യം വരുമ്പോൾ കിറി കോട്ടിയും ഒക്കെ മാറ്റാവുന്ന ഗ്രില്ലുള്ള ഒരു ബസ്. നമ്മുടെ ബൊച്ചേ ഒക്കെ സ്വപ്നം കാണുന്നതിന് മുമ്പേ മറഡോണയെ കൊണ്ടുവന്ന് തോളിൽ കയ്യിട്ട് പാലായിലൂടെ നടന്ന്, എന്റെ ബസ്സിൽ കയറ്റി, മക്കുവിന്റെ പോലെ ചിരിക്കുന്ന ഗ്രിൽ ഉള്ള ബസ്സിൽ കയറ്റി പൈകയിൽ കൊണ്ടുവരുന്നതും, ഈ തോട്ടിൽ ഇരുത്തി മറഡോണയുടെ കാലിൽ ഈ കുഞ്ഞു മീനുകളെ കൊണ്ട് കടിപ്പിക്കുന്നതും ഒക്കെസ്വപ്നം കണ്ടു കുറച്ചു നേരം ഇരുന്നു. 

അപ്പോളേക്കും തുണി അലക്കാനായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു. പിന്നെ പെട്ടെന്ന് പഴയ നീല പാരഗൺ ചെരുപ്പ് എടുത്തു കല്ലിട്ടുരച്ചു നല്ല കളറുവെപ്പിച്ചു, ഒന്ന് മുങ്ങിപ്പൊങ്ങി  പെരിങ്ങിലത്തിന്റെ ഇലയും പറിച്ചു ദേഹവും തേച്ചു വൃത്തിയായി കരോളിന്‌ പോകാൻ ഇറങ്ങി.

നേരം ഇരുണ്ടു കഴിയുമ്പോളാണ് കരോൾ പരിപാടി ആരംഭിക്കുന്നത് തന്നെ. എനിക്കാണെങ്കിൽ ഇരുട്ടിനെ ഒടുക്കത്തെ പേടിയും. പിന്നെ ഇത്രയും പേരുള്ളതാണ് ഒരാശ്വാസം. ഓരോ വീട്ടിലും കയറാനായി ഉൾപ്രദേശത്തുകൂടി ഒക്കെ പോകുന്ന സമയത്തു ഞാനും നല്ല ഉറക്കെ പാടും, അപ്പോൾ പേടിക്ക് ഒരാശ്വാസം കിട്ടുകയും ചെയ്യും.

പക്ഷെ കരോളിന് പോകുമ്പോളും എനിക്ക് വലിയ രസം ഒന്നുമില്ല, കാരണം പാടാൻ അറിയാവുന്നവർ ഓരോ വീട്ടിലും ചെല്ലുമ്പോൾ നന്നായി പാടും, കൊട്ടാൻ അറിയാവുന്നവർ നന്നായി കൊട്ടും, ഡാൻസ് കളിക്കുന്നവർ ക്രിസ്തുമസ് പാപ്പാ ആയും അല്ലാതെയും തുള്ളും. എനിക്കാണെങ്കിൽ സ്വപ്നം കാണാൻ അല്ലാതെ ഇതിലൊന്നിലും ഒരു കഴിവും ഇല്ല. എന്റെ കൂട്ടുകാരായ ജോണിയും സാജനും പ്രിൻസും ഒക്കെ ഒടുക്കത്തെ കലാകാരന്മാരും. പക്ഷെ എനിക്ക് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഡ്യൂട്ടി കിട്ടി. എല്ലാ വീട്ടിലും കയറി ഒരു പാട്ടും ഡാൻസും കഴിഞ്ഞു നേർച്ച ഇട്ടിട്ട് ഉണ്ണീശോയെ മുത്തുന്ന ഒരു പരിപാടി ഉണ്ട് കരോളിന്‌. എന്നെക്കൊണ്ട് വേറെ ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് ആ പണി കിട്ടി. അപ്പോളാണ് നമ്മുടെ ജോണിയുടെ ഹൃദയത്തിന്റെ കല്പടവുകളിൽ എവിടെയോ കാലിട്ടുരച്ച ഒരു സുന്ദരിയുടെ വീട്ടിൽ നമ്മൾ കയറാൻ പോകുന്നത്. ജോണി എന്റെ അടുത്ത് വന്നു പതുക്കെ ചോദിച്ചു, "എടാ, എന്റെ സീനയുടെ വീടാണ്, ഉണ്ണീശോയെ ഞാൻ പിടിച്ചോട്ടെ?"

"ഇതുകൂടി പിടിക്കാൻ ഇല്ലേൽ പിന്നെ ഞാൻ എന്ന കാണാൻ ആണ് ഈ പരിപാടിക്ക് വരുന്നത്? നിനക്കൊക്കെ പാടാനും ആടാനും അറിയാമല്ലോ." പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ഒരു ജാട വെച്ചു.  പക്ഷെ അവൻ ആ സമയത്തു എന്റെ മർമ്മത്തു തന്നെ ഒരു കുത്തു തന്നു. "എടാ, നാളെയാണ് നമ്മൾ ജാൻസിയുടെ വീട്ടിൽ ഒക്കെ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്ത് വിലകൊടുത്തും നിന്നെ കൊണ്ട് ഉണ്ണീശോയെ ഞാൻ പിടിപ്പിച്ചോളാം." അത് എന്റെ മനസ്സിൽ ഒരു കുഞ്ഞു കുളിരു പെയ്യിച്ചു. ഞാൻ ഉള്ളുനിറഞ്ഞ സന്തോഷത്തോടെ ഉണ്ണീശോക്ക് ഒരു ഉമ്മയും കൊടുത്തു അവനു കൈമാറി. 

സീനയുടെ വീട്ടിൽ ചെന്നു, അവളുടെ അപ്പനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ വന്ന് ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജോണിയുടെ കണ്ണുകൾ പിന്നെയും അകത്തേക്ക് ആകാംക്ഷയോടെ നീണ്ടു, ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എവിടെ?, ഇളയ മോൾ ഉറങ്ങിപ്പോയി എന്ന് അവളുടെ അപ്പൻ പറഞ്ഞതോടെ ഇളിഭ്യനായി പതുക്കെ ജോണി തിരിച്ചിറങ്ങി. 

ഞാൻ ആശ്വസിപ്പിക്കാൻ ആയി ജോണിയുടെ തോളിൽ കയ്യിട്ടു ഒന്ന് ചെറുതായി ചിരിച്ചു. "പട്ടിത്തെണ്ടി, കളിയാക്കി ചിരിക്കുന്നോടാ" എന്ന് പറഞ്ഞു ജോണി എന്നെ നാല് തെറി, പിന്നെ "നാളെ കോപ്പാണ് നിന്നെ ജാൻസിയുടെ വീട്ടിൽ ചെല്ലാൻ സഹായിക്കുന്നത്" എന്ന് പറഞ്ഞു കലിതുള്ളി നിക്കുവാണ് അവൻ. 

ഒരു അരമണിക്കൂർ കഴിഞ്ഞു നോക്കിയിട്ടും അവന്റെ ചൂട് ആറുന്നില്ല, എനിക്കാണെങ്കിൽ വെറുതെ ഇരുന്ന മനസ്സിൽ അവൻ ആശ തരുകയും ചെയ്തു. അവസാനം അവനെ ഭീഷണിയുടെ വകയിൽ ഒന്ന് പിടിക്കാൻ തീരുമാനിച്ചു.

പണ്ട് നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്തു ഞങ്ങൾ എല്ലാവരും നിക്കാറാണ് ഇടുന്നത്. അന്ന് ഇന്നത്തെ പോലെ സിബ് ഒന്നും ഇല്ല, രണ്ടു ബട്ടൻസ് കാണും അവിടെ. ഇന്റർവെല്ലിനു മുള്ളാൻ പോകുമ്പോൾ അതൊന്നും തുറന്ന് ഒഴിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. ഓടിപോയി നിക്കറിന്റെ സൈഡിൽ കൂടി കൈകേറ്റി സുനാപ്പി എടുത്ത് മുള്ളലാണ് പരിപാടി. എത്രയും പെട്ടെന്ന് ഒഴിച്ചാൽ പിന്നെ എന്തേലും ഇത്തിരി ഓടാനും കളിക്കാനും സമയം കിട്ടും. 

പക്ഷെ ജോണിക്ക് അന്ന് ഒരു പാന്റ് കിട്ടി, സിബൊക്കെ ഉള്ള പാന്റ്. അങ്ങനെ അതിന്റെ വർണനയും ആയി അത് മുമ്പോട്ടും പിറകോട്ടും ഒക്കെ വലിച്ചിട്ട് ഷോ നടത്തുന്ന സമയത്താണ് അത് സംഭവിച്ചത്. സിബിൽ അതുടക്കി. പിന്നെ അന്ന് വൈകുന്ന വരെ വേദന സഹിച്ചു ജോണി ക്‌ളാസിൽ ഇരുന്നു. ഞാനും രാജുമോൻ TT യും മാത്രമാണ് അതറിഞ്ഞത്. അവൻ വാങ്ങി തരാമെന്നു പറഞ്ഞ പ്യാരി  മുട്ടായിയുടെ ഓഫാറിൽ ഞങ്ങൾ രണ്ടും അത് ഒരു രഹസ്യമായി ദൃശ്യം സിനിമയിലെ പോലെ സൂക്ഷിച്ചു.

പക്ഷെ ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങിയപോലെ ഇതും തക്ക സമയത്തു പുറത്തെടുക്കാൻ ഞാൻ നിര്ബന്ധിതൻ ആയി. നാലുവർഷം മുമ്പത്തെ കാര്യം പറഞ്ഞു എന്നെ നീ ഭീഷണിപ്പെടുത്തുവാണോ എന്നൊക്കെ ആദ്യം ഒന്ന് ചോദിച്ചെങ്കിലും അവൻ പതുക്കെ വഴങ്ങി. അതുമാത്രമല്ല, രാത്രിക്ക് സ്വന്തം വീട്ടിലോട്ട് പോലും കേറി പോകാൻ പേടിയുള്ള എന്നെ അവൻ വീടിന്റെ പതിനെട്ടാം പടിവരെ കേറ്റിവിടുകയും ചെയ്തു.

അങ്ങനെ 24 ആം തീയതി. കരോളുമായി ഞാൻ ജാൻസിയുടെ വീട്ടിൽ ചെല്ലുന്നതും അവൾ എന്നെ നോക്കുന്നതും ഒക്കെ എന്റെ മനസ്സിനെ ഭീകരമായി ഉന്മത്തനാക്കി. അമ്മയുടെ കാല് പിടിച്ചു പുതിയ ഒരു ചെരുപ്പ് വാങ്ങി. പാരഗൺ വേണ്ടെന്ന് വെച്ച് ഈവാ ഹവായിയുടെ ഒരു കറുത്ത ചെരുപ്പ് വാങ്ങി. ഇഞ്ചയും ചെമ്പരത്തി ഇലയും കൂടി ഇടിച്ചു താളിയുണ്ടാക്കി തോട്ടിൽ ചെന്ന് തലയിൽ തേച്ചു തലയുടെ പുറവും, ഇഞ്ച ഇട്ടുരച്ചു തൊലിയുടെ പുറവും വൃത്തി ആക്കി. 

വൈകുന്നേരം വെള്ളയും ചുവപ്പും ചെക്കിൽ ഉള്ള ഷർട്ടിട്ട്, പശമുക്കി തേച്ച മുണ്ടുടുത്തു വല്യപ്പന്റെ പോൻഡ്‌സ് ഡ്രീം ഫ്‌ളവർ പൗഡറും ഇട്ട്, ഇത്തിരി ഹെയർ ഓയിലും തലയിൽ തേച്ചു സന്ദരനായി ഞാൻ ഇറങ്ങി.

കരോളിന്റെ കൂടെ പല വീടുകൾ കയറിയെങ്കിലും ഞാൻ വളരെ യാന്ത്രികമായി കൂടെ നടന്നുകൊണ്ടേയിരുന്നു. അവസാനം ജാൻസിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിൽ എത്തി. അപ്പോളാണ് ശ്രദ്ധിച്ചത്, ജാൻസിയുടെ വീട്ടിൽ കയറുമ്പോൾ ക്രിസ്തുമസ് പപ്പാ ആകാനും, ചെണ്ടകൊട്ടാനും മുൻ നിരയിൽ ഡാൻസ് കളിക്കാനും, എന്തിനേറെ പറയുന്നു ഉണ്ണീശോയെ പിടിക്കാനും വരെ നല്ല തിരക്ക്. ഞാൻ ജോണിയെ ഒന്ന് നോക്കി.

അവൻ അന്തസ്സുള്ളവൻ ആയിരുന്നു, നേതൃത്വ പാടവവും. ഓരോന്നും ഓരോരുത്തർക്ക് വീതിച്ചു നൽകി, ഉണ്ണീശോയെ എനിക്കും.

സമയം ഏകദേശം പത്തര, അങ്ങനെ അവളുടെ വീട്ടിലേക്ക് പതിയെ കയറുന്നു, ഡ്രംസിന്റെ സ്വരം ഉച്ചസ്ഥായിയിൽ എത്തി, യുവാക്കൾ ആവേശത്താൽ ആറാടുകയാണ്, കാരണം ജാൻസിയും അവളുടെ ചേച്ചിയും നല്ല സുന്ദരിമാർ ആയിരുന്നു. 

ജാൻസിയുടെ അച്ഛൻ തോമസ് ചേട്ടനും അമ്മ ലീലാമ്മ ചേച്ചിയും ചേച്ചി ജൂലിയും ഇറങ്ങി വന്നു. ഒരു പാട്ട് അവിടെ നിന്ന് കൂടെയുള്ള യുവാക്കൾ പാടി ആടി. ഡ്രമ്മിന്റെ മുഴക്കത്തെക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം ഇടിച്ചു, ജാൻസി എവിടെ?

ശാന്ത രാത്രി തിരുരാത്രി എന്ന പാട്ടു കഴിഞ്ഞു,  ജോണിയുടെ വക ഉണ്ണി പിറന്നു എന്ന ലൈൻ ഒന്നൂടെ പാടി നോക്കി. ജാൻസിയെ കാണുന്നില്ല. ജോണിയെപ്പോലെ എനിക്കും ഈ ഗതി ആയല്ലോ എന്ന നിരാശ എന്നെ ബാധിച്ചു. ഞാൻ കുനിഞ്ഞ ശിരസ്സുമായി ഉണ്ണീശോയുമായി വീടിന്റെ നടകൾ കയറി.

അപ്പോൾ അവളുടെ ചേച്ചി ജൂലി ചോദിച്ചു, ഒരു പാട്ടുകൂടെ തുടങ്ങാമോ, ജാൻസി പാതിരാകുർബാനക്ക് പോകാനായി കുളിച്ചോണ്ടിരിയ്ക്കുവാ, ഇപ്പൊ വരും.

ഒരു പാട്ടോ, ഒരുലോഡ് പാട്ടു ജൂലിക്ക് വേണ്ടി പാടാൻ തയ്യാറായി ചേട്ടന്മാരും ജൻസിക്കുവേണ്ടി പാടാനും ആടാനും അനിയന്മാരും ഒരു അംബാസിഡർ കാറിനെ പോലെ സദാ തയ്യാറായി നിൽക്കുവല്ലേ. അടുത്ത പാട്ട് തുടങ്ങി - പുൽക്കുടിലിൽ, കൽത്തൊട്ടിലിൽ, മറിയത്തിന്  പൊൻമകനായ്.....

അവസാനം അവൾ ഓടി വന്നു, ഒരു മിഡിയും ടോപ്പുമിട്ട് മുടിയൊക്കെ പാറിപ്പറന്ന്. ഇത്രയും സുന്ദരിയായി അവളെ കണ്ടിട്ടേ ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പാട്ടും ഡാൻസും എന്തുകൊണ്ടോ അറിയാതെ നിന്ന് പോയി.

നിനക്ക് വേണ്ടി കാത്തുനിന്നതാ ഈ ചേട്ടന്മാർ എന്ന് ജൂലിച്ചേച്ചി പറഞ്ഞതോടെ പാട്ടുകാരും കൊട്ടുകാരും ഡാൻസുകാരും  ഊർജസ്വലരായി യഹൂദിയായിലെ എന്ന ഗാനത്തിലേക്ക് കടക്കുകയും ഞാൻ ഉണ്ണീശോയുമായി സിറ്റൗട്ടിലേക്ക് കയറുകയും ചെയ്തു.

തോമസുചേട്ടനും ലീലാമ്മച്ചേച്ചിയും ജൂലിയും ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജാൻസി എത്തി, എന്റെ മുഖത്തേക്ക് നോക്കി ഒരു നല്ല ചിരി ചിരിച്ചു. എന്നിട്ട് എന്റെ കൈകൾ ചേർത്ത് പിടിച്ചു ഉണ്ണീശോയെ നെഞ്ചോട് ചേർത്ത് ഒരു നല്ല ഉമ്മ കൊടുത്തു. 

ജീവിതത്തിൽ അന്ന് വരെ അനുഭവിക്കാത്ത ഒരു സുഖമുള്ള അനുഭവം, ഉണ്ണീശോക്കല്ല, എനിക്കാണ് അവൾ ആ ഉമ്മ തന്നത് എന്ന് സത്യമായിട്ടും എനിക്ക് തോന്നി. മഞ്ഞിലോ വെണ്ണയിലോ ഒക്കെ തൊടുന്നപോലെയുള്ള മർദ്ദവമായ, കുളിരുള്ള ഒരു ഫീൽ. പിന്നീടെത്ര ക്രിസ്തുമസ്സും കരോളും ഒക്കെ കൂടിയാലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓർമ്മ.

ഇന്നിപ്പോൾ അവൾ സിസ്റ്റർ ജാൻസിയായി കൽക്കട്ടയിൽ ഉണ്ട്. ഭാര്യയും കുട്ടികളും ഒക്കെയായി ഒരു ക്രിസ്തുമസിന് ഇന്ത്യയുടെ കിഴക്കൻ തീരം വഴി ഒരു യാത്ര പോകണം. കൽക്കട്ടയിൽ എത്തുമ്പോൾ അവരുടെ ആശ്രമത്തിൽ ഒരു ദിവസം അതിഥിയായി കഴിയണം...







Read more...

ഞരമ്പ്

>> Sunday, December 3, 2023

മരുഭൂമിയിലെ കൂട്ടുകാരുടെ ഒരു ഒത്തുചേരൽ. കലാപരിപാടികൾ, പാചകം, സമ്മാനദാനം, കളികൾ അങ്ങനെ നിരവധി കലാപരിപാടികൾ. 

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ തലങ്ങും വിലങ്ങും ഓടി നടന്നു. മര്യാദക്ക് നടക്കുന്ന കാര്യങ്ങൾ  വെറുതെ നിയന്ത്രിച്ചു കുളമാക്കുന്ന കല്യാണവീട്ടിലെ അമ്മാവനെ പോലെ ഞാൻ തേരാപാരാ നടന്നു വെറുപ്പിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ടാവുന്ന പോലെ.  അവസാനം ബാർബിക്യൂ നടക്കുന്ന സ്ഥലത്തുനിന്നു അവർ എണീപ്പിച്ചു വിട്ടപ്പോൾ ഇനി എവിടെപ്പോയി അലമ്പുണ്ടാക്കും എന്ന വ്യഥയുമായി കറങ്ങി നടന്നപ്പോൾ അതാ അവിടെ ഒരു മൂലക്ക് കുറച്ചു ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരെപോലെ ഇരിക്കുന്ന മധ്യവയസ്കരും ( അവരുമായി ചെറിയ പരിചയം മാത്രം), കൂടെ നല്ല സുന്ദരിമാരായ മൂന്നാലു തരുണീമണികളും (എന്റെ പ്രായം ഏകദേശം അൻപതാകാറായി, പോരാത്തതിന് നേർത്ത ഇരുട്ടും). 

നേരെ അങ്ങോട്ട് വെച്ചു പിടിപ്പിച്ചു, അവർ നല്ല രസമായി എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു ചിരിച്ചു കളിച്ചു നിൽക്കുകയാണ്. പോരാത്തതിന് എന്റെ കൂട്ടത്തിൽ വന്ന സതീർത്യന് പിള്ളേച്ചൻ വരെ അവിടെ അവരുടെകൂടെ പിള്ളകളിച്ചു നിൽക്കുന്നു. എനിക്ക് അതത്ര പിടിച്ചില്ല. എന്താ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത്? അവിടെ ഭക്ഷണം ഒക്കെ തീരാറായി, വേഗന് ചെന്ന് കഴിക്കൂ കുട്ടികളെ എന്നൊക്കെ പറഞ്ഞു ഞാൻ കാരണവരായി. 

ഈ മരപ്പാഴിനെ എങ്ങനെ ഒഴിവാക്കാം ഏന് വിചാരിച്ചായിരിക്കും, അതിലെ ഒരാൾ പതുക്കെ എന്നെ പൊക്കിയടിച്ചു. അതിൽ ഒന്ന് രണ്ടുപേർ എന്റെ കഥകൾ വായിച്ചുണ്ട്. ഇദ്ദേഹം വലിയ എഴുത്തുകാരൻ ആണ്, ഭയങ്കര രസമാണ് സാറിന്റെ എഴുത്ത്, നമ്മളൊക്കെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കും എന്നൊക്കെ പറഞ്ഞു അവർ അങ്ങ് പുകഴ്ത്തി. എനിക്കങ്ങു നാണം വന്നു, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഞാൻ നമ്രശിരസ്കനായി നിന്നു. പ്രോത്സാഹനം കൂടിയപ്പോൾ ആ കൂട്ടത്തിലെ സുന്ദരിയായ ഒരു ജുവതി, കഴിഞ്ഞ ദിവസം കണ്ട ഏതോ ഹിന്ദി സിനിമയിൽ എഴുത്തുകാരെ കുറിച്ച് പറയുന്നുണ്ട് എന്ന് പറഞ്ഞു. ആ വാക്ക് പറയാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വെറും പോഴന്മാരാണ് എഴുത്തുകാർ എന്നാണ് അവർ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. നമ്രത ശിരോസ്കർ ആയിരുന്ന എന്റെ ശിരോഭാഗം ചെറുതായി ഒടിഞ്ഞു. 

പിള്ളേച്ചൻ പക്ഷെ വിട്ടില്ല, ആ വാക്ക് പറഞ്ഞേ പറ്റൂ എന്ന് വാശി. ഇയാൾ ഉള്ള ആത്മവിശ്വാസം കൂടി കളഞ്ഞേ അടങ്ങൂ എന്നു മനസ്സിൽ ശപിച്ചു നിന്നപ്പോൾ എന്റെ കഥയുടെ ആരാധകനായിരുന്നു ഒരാൾ ഓരോ കഥയുടെ രസമുള്ള ഭാഗങ്ങൾ പറയാൻ തുടങ്ങി. എത്രയോ നല്ല കഥകൾ എഴുതിയ ഒരാളാണ് ഞാൻ, എന്നിട്ടും എന്റെ കൊച്ചിന്റെ സുനയിൽ ഉറുമ്പു കടിച്ച കഥയാണ് അവൻ പറയുന്നത്. മനുഷ്യന്റെ തൊലിയുരിയുന്ന കാര്യങ്ങൾ തന്നെയാണല്ലോ കർത്താവെ ഇന്ന് വരുന്നത്.ഭാഗ്യത്തിന് കൂട്ടത്തിൽ ഒരാൾ, എഴുത്തുകാർ വലിയ മനുഷ്യരാണ്, അനുഭവ സമ്പത്തും ക്രിയേറ്റിവിറ്റിയും ഒക്കെ ഉണ്ടെങ്കിലേ എഴുതാൻ പറ്റൂ എന്നൊക്കെ പറഞ്ഞു ചെറുതായി വീണ്ടും ആശ്വസിപ്പിച്ചു. ശരിക്കും പുള്ളി അനുഭവസമ്പത്ത് എന്നുദ്ദേശിച്ചതു ഉറുമ്പു കടിച്ച കാര്യമാണോ ആവോ? പക്ഷെ പിള്ളേച്ചൻ വിട്ടില്ല, ആ സിനിമയിൽ കണ്ട സ്വഭാവരീതി എന്താണ് എന്ന് പറയാതെ വിടില്ല എന്ന ഭാവം. 

എന്തോ എന്നോട് സഹതാപം തോന്നിയിട്ടാവണം മറ്റൊരാൾ പറഞ്ഞു, എനിക്ക് ലിങ്ക് അയച്ചു തരണം, എല്ലാവരും രസമുള്ള എഴുത്ത് എന്നോകെ പറയുമ്പോൾ ഒന്ന് നോക്കണമല്ലോ. കൂടാതെ പത്മരാജൻ ഭരതൻ ഇവർ ഒക്കെ നല്ല എഴുത്തുകാരായിരുന്നു എന്നും എത്ര മനോഹരം ആയിരുന്നു അവരുടെ കഥകൾ എന്നൊക്കെയായി അദ്ദേഹത്തിന്റെ വിവരണം.  പിള്ളേച്ചൻ വിടുമോ? അവരൊക്കെ നല്ല കഥകളെ ഒരാവശ്യവും ഇല്ലാതെ സിനിമയിൽ ഞരമ്പ് സീനുകളും കാണിച്ചു വൾഗർ ആക്കിയവരാണ്. ഞരമ്പുകളാണ് കഥയെഴുത്തുകാർ എന്നൊക്കെ പറഞ്ഞു അടിച്ചു കീറുകയാണ്.

അധികം കുളമാകുന്നതിനു മുമ്പ് പോയേക്കാം എന്ന് വിചാരിച്ചു വീണ്ടും ഭക്ഷണം വിളമ്പുന്നിടത്തു ചെന്ന് അവിടെ മര്യാദക്ക് വിളമ്പിക്കൊണ്ടിരുന്ന ഇക്കയെ മാറ്റി അവിടെ നിന്ന് ഒരു ചിക്കൻ വിളമ്പുമ്പോൾ ഒരെണ്ണം അകത്തോട്ടും എന്ന രീതിയിൽ കേറ്റിക്കൊണ്ടിരുന്നപ്പോൾ ആണ് നമ്മുടെ ജുവതികൾ കഴിക്കാനായി എത്തിയത്. അതിലൊരു സുന്ദരി എന്നെക്കണ്ടപ്പോൾ നല്ല ഒരു ചിരിയോടെ പറഞ്ഞു. "ആ കൊള്ളാല്ലോ ...ഞരമ്പ് ഇവിടെ വിളമ്പാനും എത്തിയോ" എന്ന്. 

ഞാൻ എന്റെ രണ്ടു സൈഡിലും വിളമ്പാൻ നിന്നവരെ ദയനീയമായി ഒന്ന് നോക്കി. ഒരു പ്രത്യേക അവജ്ഞയോടെ അവർ രണ്ടുപേരും ഓരോ അടി മാറിനിന്നു. ഞാൻ ഒരു ചെറിയ തളർച്ചയോടെ നിലത്തേക്കിരുന്നു. 





Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP