ഞാനൊരു പാവം പാലാക്കാരന്‍

ഒരു കിളി കഥ (പൈൻ)

>> Tuesday, December 25, 2018

ദുബായിലെ ഒരു വൈകുന്നേരം, ക്രിസ്തുമസ് ഇങ്ങെത്തി കഴിഞ്ഞു. ഞാൻ ഇപ്പോൾ ഒറ്റയാനാണ്, കുടുംബത്തെ ഒക്കെ നാട്ടിൽ അയച്ചതുകൊണ്ടു എന്തു ക്രിസ്തുമസ് ആഘോഷം. ഓഫീസിൽ പോയി വെറുതെ തായം കളിച്ചു നടന്നു. ഷട്ടിൽ കളിയും കഴിഞ്ഞു ഫ്ലാറ്റിന്റെ വാതിക്കൽ വന്നപ്പോൾ അതാ അവിടെ ഒരു നല്ല പെൺകൊച്ചു നിൽക്കുന്നു. ഓപ്പോസിറ്റ് ഫ്ളാറ്റിലെ പുതിയ താമസക്കാരിയാണെന്നു തോന്നുന്നു. രണ്ടു ദിവസം മുമ്പ് അവിടെ പച്ചകളെ ഒക്കെ കണ്ടായിരുന്നു, താമസം തുടങ്ങിയതേ കാണൂ. കുറച്ചു നാളായി അവിടെ ആരും താമസക്കാരില്ലാരുന്നു, അല്ലെങ്കിൽ തന്നെ ആരേലും ഉണ്ടോ ചത്തോ എന്നൊക്കെ ആര് നോക്കാൻ. എന്തായാലും അവൾ സുന്ദരിയായിരുന്ന കൊണ്ട് ഞാൻ ഒന്ന് നോക്കി, ചെറുതായി ഒന്നു മന്ദഹസിക്കുകേം ചെയ്തു. നമ്മുടെ വിദ്യാ ബാലന്റെ ഒക്കെ ഒരു ടൈപ്പ് അടാറു സുന്ദരി. അവൾ ഒരു ഹായ് തന്നു, എത്ര മനോഹരമായ ചിരി....

ഞാൻ വീട്ടിനകത്തു കയറി. വിയർത്തൊട്ടിയ നിക്കറും ബനിയനും ഒക്കെ വലിച്ചെറിഞ്ഞു, പതുക്കെ സോഫയിലേക്ക് ചാരി. അവളാരായിരിക്കും? എന്തായാലും ഇന്ത്യൻ ആണ്, ഇത്തിരി മോഡേൺ ആണ് എന്നാലും ഒരു മലയാളി ഛായ ഇല്ലാതില്ല. അവളുടെ കെട്ടിയോൻ ഏതു കോന്തൻ ആണോ ആവൊ? പിള്ളേർ വല്ലതും കാണുമോ? ഇനി പുതിയ താമസക്കാരുടെ ഗസ്റ്റ് ആയിരിക്കുമോ? എന്തോ കോപ്പേലും ആകട്ടെ,   എന്തായാലും ആ മോന്ത നന്നായി മനസ്സിൽ പതിഞ്ഞു.

ആദ്യം കുളിക്കണോ അതോ രണ്ടെണ്ണം അടിച്ചിട്ട് കുളിക്കണോ എന്ന കൺഫ്യൂഷനിൽ ഒരു രണ്ടു മിനിറ്റു നിന്നു, പിന്നെ ആ കൺഫ്യൂഷൻ തീർക്കാൻ ഒരെണ്ണം ഊറ്റി. അപ്പോൾ കോളിംഗ്ബെൽ അടിച്ചു, ഞാൻ കിഴുത്തയിലൂടെ നോക്കിയപ്പോൾ അവളാണ്. ഓടി പോയി ഒരു ലുങ്കിയും ബനിയനും എടുത്തിട്ടു വാതിൽ പാതി തുറന്നു. വീണ്ടും ഒരു ഹായ്, ഒരു നല്ല ചിരി, പിന്നെ അവൾ ചോദിച്ചു. ആം സന്ധ്യ, യുവർ ന്യൂ നെയ്‌ബർ. ഡു യു ഹാവ് ഇന്റർനെറ്റ് ആൻഡ് വൈഫൈ?

ഞാൻ പറഞ്ഞു... യെസ്, ഡു യു വാണ്ട് മി റ്റു ഷെയർ ഇറ്റ് ഫോർ യു?
വാരിക്കോരി സഹായിക്കാൻ സാദാ തയ്യാറായിരിക്കുന്ന നമ്മളോടാ കളി, വേണേൽ ഈ ഇന്റർനെറ്റ് സെറ്റ് അപ്പ് എല്ലാം അവിടെ കൊണ്ട് പോയി കൊടുക്കും. എന്റെ ബിസിനസ് കാർഡിൽ തന്നെ പാസ്സ്‌വേർഡ് എഴുതി കൊടുത്തു. രണ്ടു മിനിറ്റിനകം അവൾ വീണ്ടും വന്നു. ദെയ്ർ ഈസ് നോ റേഞ്ച്, ക്യാൻ ഐ യൂസ് ഇറ്റ് ഫോർ ഫ്യു മിനുറ്റ്സ് ഹിയർ?

ഞാൻ തോറ്റു, ജീവിതത്തിൽ ഇന്നേ വരെ ആഗ്രഹിച്ചാൽ അതിന്റെ വിപരീതം മാത്രം നടക്കുന്ന എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതിനു മുമ്പേ കാര്യങ്ങൾ നടക്കുന്നു. ഗിവ് മി ടു മിനിട്സ് എന്നു പറഞ്ഞു ഞാൻ അകത്തേക്കോടി.

സോഫയിൽ കിടന്ന ഷഡ്ഢി, സോക്സ് മുതലായ അവശിഷ്ടങ്ങൾ എടുത്തു ലോൺഡ്രി ബാഗിൽ ഇട്ടു. അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ എടുത്തു സിങ്കിൽ ഇട്ടു വലിയ ഒരു അടപ്പു കൊണ്ട് മൂടി, നിറഞ്ഞിരുന്ന വേസ്റ്റ് ബോക്സിൽ രണ്ടു ന്യൂസ് പേപ്പർ ഇട്ടു മൂടി (എന്റെ പട്ടി കൊണ്ട് പോയി കളയും), കുളിമുറിയിൽ കയറി ശടേന്ന് ഒരു കുളി പാസാക്കി, ഇത്തിരി ഡിയോർ പെർഫ്യൂം ദേഹത്തും കയ്യിലും ചെവിയുടെ പുറകിലും താടിയിലും ഒക്കെ അടിച്ചു നല്ല കുട്ടപ്പൻ ആയി. എല്ലാം കൂടി നാലുമിനിറ്റ് എടുത്തു.

ഞാൻ  - സോറി സന്ധ്യാ... ഐ ആം ജസ്റ്റ് ബാക് ഫ്രം ബാഡ്മിന്റൺ, സൊ വെൻറ് ഫോർ എ ക്വിക്ക് ഷവർ.

സന്ധ്യ - ഇറ്സ് ഓക്കേ... ആർ  യു ഫ്രം കേരളാ?

ഞാൻ  - അതേ... എങ്ങനെ മനസിലായി?
സന്ധ്യ - വനിത മാഗസിൻ ഇരിക്കുന്ന കണ്ടു
ഞാൻ  - ഓ ഓക്കേ... എവിടാ നാട്?
സന്ധ്യ - ഞാൻ ഇടുക്കികാരിയാണ്, ബട്ട് സെറ്റിൽഡ് ഇൻ ബാംഗ്ലൂർ, ഇപ്പോൾ ദുബായ്ക്കാരിയായി 
ഞാൻ  - ഞാൻ പാലാക്കാരനാ, കല്യാണം കഴിഞ്ഞോ...ഞാരിക്കുമോ?
സന്ധ്യ - ഞാൻ സെപ്പറേറ്റഡ് ആണ്, ഒരു മോളുണ്ട്, നാട്ടിൽ പേരെന്റ്സിന്റെ കൂടെയാണ്.
ഞാൻ  - അപ്പൊ ഇവിടെ ഒറ്റക്കാ?
സന്ധ്യ - ഉം...
ഞാൻ  - ഞാനും ഒറ്റക്കാ, ബട്ട് ഫാമിലി നാട്ടിലാണ്, ഇപ്പൊ വിട്ടതെ ഉള്ളൂ...
സന്ധ്യ - ഓ ഐ സീ.... എന്നാൽ ഞാൻ ഒന്ന് നോക്കിക്കൊട്ടെ?
ഞാൻ  - ആയിക്കോട്ടെ, എന്തേലും കുടിക്കാൻ?
സന്ധ്യ - ഒന്നും വേണ്ട
ഞാൻ - ഫീൽ കംഫർട്ടബിൾ

ഞാൻ അടുക്കളയിൽ ചെന്ന് പതുക്കെ അവളെ കാണാവുന്ന പരുവത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് കുറച്ചു വെണ്ടയ്ക്ക എടുത്തു അരിഞ്ഞു തുടങ്ങി.

ഞാനും ഒറ്റക്ക് അവളും ഒറ്റക്ക്. അവളാണെങ്കിൽ മുപ്പതുകളിൽ അഭിരമിക്കുന്ന വടിവൊത്ത നല്ല സുന്ദരി. ഞാനോ, നാല്പതുകളിൽ ഇഴഞ്ഞു ജീവിക്കുന്ന, തലയിലും താടിയിലും ദേഹിയിലും നരച്ച രോമങ്ങൾ ഉള്ള, കുടവയറും ജംഗമ വസ്തുക്കളും ഉള്ള, കണ്ണും കാതും കരളും മറ്റു അവയവങ്ങളും ക്ഷയിക്കാൻ തുടങ്ങിയ ഒരു പോഴൻ. എന്നാലും എന്ത് രസമാ അവളെ കാണാൻ. ഒഴുകി കിടക്കുന്ന അവളുടെ വസ്ത്രങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന അവളുടെ വടിവുകൾ. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്.

പെട്ടെന്നാണ് അത് സംഭവിച്ചത്, വെണ്ടയ്ക്കക്ക് പകരം ഒരു വെട്ടു കൊടുത്തത് എന്റെ വിരലിനായിരുന്നു. വിരലിൽ നിന്നും ചോര പൊടിഞ്ഞു, അത് കണ്ടതെ എന്റെ തല കറങ്ങി. നിലവിളി ശബ്ദം ഒന്നും ഇടുന്നതിനു മുമ്പേ ഞാൻ ധിം....

കണ്ണ് തുറക്കുമ്പോൾ ഞാൻ അവളുടെ മടിയിൽ ആണ്. ടോം ഫോർഡ് പെർഫ്യൂമിന്റെ മനസിനെ പിടിച്ചുലക്കുന്ന നല്ല മണം. എന്റെ മുറിഞ്ഞ കൈ അവൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു... ദൈവമേ... അതിൽ നിന്നും ചോര പനക്കുമ്പോൾ അവൾ അതു പതുക്കെ വായിൽ വെച്ചു വലിച്ചെടുക്കുന്നു. ഹോ... എന്തൊരു സുഖം...ഞാൻ കണ്ണു തുറക്കാതെ ഇത്തിരി നേരം അങ്ങ് കിടന്നു.

സന്ധ്യ - ഡാ കള്ളാ.... സുഖിച്ചു കിടക്കുവാ അല്ലേ?
ഒരു കള്ളാ ചിരിയോടെ ഞാൻ കണ്ണ് തുറന്നു. ചെറിയ ചമ്മലോടെ പറഞ്ഞു.
ഞാൻ  - നല്ല രസമുണ്ടായിരുന്നു കിടക്കാൻ, അതാ അങ്ങ്....
സന്ധ്യ - എന്നാ ഇത്തിരി നേരം കൂടി കിടന്നോ....

സ്വർഗ്ഗീയ ലഹരിയിലാണ് ഞാൻ. തല അജിത്തിന്റെ നര പോലെ എന്റെ നരയുടെ ഭംഗിയെപ്പറ്റി, വൃത്തികെട്ട സിക്സ് പാക്കല്ലാതെ ഒരു ചെറിയ ഉണ്ണികുടവയർ ഉള്ളതിന്റെ രസത്തെ പറ്റി, എന്റെ തുടയിലെ ഉറച്ച മസിലുകളെ പറ്റി, കറുപ്പും ചുവപ്പും ഇടകലർന്ന എന്റെ ചുണ്ടുകളെ പറ്റി, അങ്ങനെ എന്നെ ഇന്ന് വരെ ഒരു പെണ്ണും പുകഴ്താത്ത വഴികളിലൂടെ അവൾ സഞ്ചരിച്ചു. ഞാൻ ആനന്ദസാഗരത്തിൽ ആറാടി. വികാരവിജൃഭിതനായി ഞാൻ അവളെ ആലിംഗനം ചെയ്തു. എന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ നാദങ്ങൾ വായിച്ചു. ശാരീരങ്ങൾ കൂട്ടിമുട്ടി അഗ്നിസ്പുലിംഗങ്ങൾ ഉണ്ടായി, ഇണചേരുന്ന മൂർഖൻ പാമ്പുകളെ പോലെ ഞങ്ങൾ പുളഞ്ഞു.

അപ്പോളാണ് മൊബൈലിൽ ഒരു വാട്സ്ആപ്പ് മെസേജ് വന്ന സൗണ്ട് കേട്ടത്. ഞങ്ങളുടെ പുളച്ചിൽ നിന്നു, പക്ഷെ ഞാൻ വീണ്ടും പുളയാൻ റെഡി ആയി. അപ്പോൾ അവൾ പറഞ്ഞു, മെസേജ് ഒന്ന് നോക്കിയേക്കൂ. ഓ.. എന്ന നോക്കാനാ... ഞാൻ വീണ്ടും പുളയാനായി ആഞ്ഞു..

പെട്ടെന്നാണ് "നിന്റെ മോന്റെ മെസേജ് ആണ്, എടുത്തു നോക്കെടാ പട്ടീ..."എന്നും പറഞ്ഞു അവൾ എന്റെ കരണക്കുറ്റി നോക്കി പൊട്ടിച്ചത്. അടിയുടെ ഏക്കത്തിൽ പൊട്ടിയ എന്റെ വായിലൂടെ ചോര ഒഴുകി.

കണ്ണ് തുറന്ന ഞാൻ പതുക്കെ സൈഡിൽ ഇരുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരെണ്ണം എടുത്തു എന്റെ വായിൽ നിന്നും ഒഴുകിയ ഉമിനീർ കലർന്ന ഉറക്കത്തിൽ ഒലിക്കുന്ന ദ്രാവകം തുടച്ചുമാറ്റി. നാല് മക്കൾക്ക് പകരം കട്ടിലിൽ വെച്ചിരുന്ന നാല് തലയിണകൾ അപ്പോളും നിരന്നിരുന്നു. ഭാര്യയായി സങ്കല്പിച്ചു കല്പിച്ചിരുന്ന ബ്ളാങ്കറ്റ് പക്ഷെ നിലത്തു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. പതുക്കെ എണീറ്റ് ബ്ലാങ്കറ്റ് എടുത്തു, രണ്ടു തലയിണകൾ വീതം ഇരു കരങ്ങളിലും വെച്ചു ബ്ലാങ്കറ്റ് എടുത്തു പുതച്ചു....

വന്യമായ സ്വപ്നങ്ങൾക്ക് പോലും മാറ്റിവെക്കാനാവുന്നില്ല അവരെ.... ഒരു തുള്ളി മദ്യം ഇല്ലാതെ, ഒരു പുക പോലും എടുക്കാതെ, പള്ളിയിൽ പോകാതെ, പടക്കം പൊട്ടിക്കാതെ, ഏകനായി ഞാൻ ഈ ക്രിസ്തുമസ് ആഘോഷിക്കുന്നു മക്കളെ.....നിങ്ങളില്ലാതെ എനിക്കെന്താഘോഷം....


Read more...

സ്വർഗ്ഗം

>> Wednesday, November 14, 2018

നവംബർ ഒക്കെ ആയി, തണുപ്പൊക്കെ തുടങ്ങി. പതിവുപോലെ ആഴ്ചാവസാനം ആഘോഷിക്കാനായി ഞാനും സുരേഷ് ജോണും അനിൽ മാത്യുവും മരുഭൂമിയിൽ രാത്രികിടപ്പിനായി കുടുംബവുമൊത്തു യാത്ര പോയി. കുറച്ചു ഭക്ഷണം ഉണ്ടാക്കിയതും, പിന്നെ ചൂടോടെ ഉണ്ടാക്കാനുള്ള പാത്രങ്ങൾ, മുട്ട, എണ്ണ, കാപ്പിപ്പൊടി,പഞ്ചാര എന്ന് തുടങ്ങി കിടക്കാനുള്ള പുതപ്പ്, തലയിണ, പിള്ളേരുടെ കോണകം തുടങ്ങി അവശ്യവസ്തുക്കൾ പെണ്ണുങ്ങൾ എടുത്തപ്പോൾ ഞങ്ങൾ പുരുഷകേസരികൾ മദ്യപരദേവതകളെ പൂജിക്കാനുള്ള സാമഗ്രികൾ എടുത്തു. പണ്ടൊക്കെ തണുപ്പ് മാറ്റാൻ എന്തെങ്കിലും എങ്ങനെയെങ്കിലും മോന്തിയാൽ മതിയായിരുന്നു. ഇപ്പോൾ ഓരോരുത്തർക്കും അവനവന്റെ സാമ്പത്തിക, ശാരീരിക അവസ്ഥകളും, പിറ്റേദിവസത്തെ പ്രഭാത വിഭ്രാന്ത അവസ്ഥകളും അനുസരിച്ചു വിവിധ രീതികൾ ആയി. കല്യാണം കഴിക്കുന്നതിന്റെ മുമ്പുള്ള വലിയ ചോദ്യചിഹ്നം ആയിരുന്നു ആദ്യരാത്രി കഴിഞ്ഞു എങ്ങനെ മുറിക്കു പുറത്തിറങ്ങും, മറ്റുള്ളവരെ നോക്കും എന്നപ്രശനം. ഇന്നിപ്പോൾ രണ്ടെണ്ണം അടിച്ചിട്ട് രാവിലെ എങ്ങനെ തലവേദന ഇല്ലാതെ എണീക്കാം എന്നതായി കൂലംകുഷമായ ചിന്ത.

എന്തായാലും മരുഭൂമിയിലെ പരന്ന പ്രതലം തപ്പി കണ്ടു പിടിച്ചു, കുറ്റിച്ചെടികളും മരങ്ങളും ഒന്നും ഇല്ലാത്ത പ്രദേശം അല്ലെങ്കിൽ വല്ല പാമ്പോ ചേമ്പോ തേളോ പഴുതാരയോ മറ്റോ ഉണ്ടെങ്കിൽ പിന്നെ രാത്രിക്കു പണിയാകും. പിള്ളേരെ ഒക്കെ അഴിച്ചു വിട്ടു, സാധന സാമഗ്രികൾ എടുത്തു നിരത്തി. സുരേഷ് ജാക്ക് ഡാനിയേൽ ഒരു ഗ്ലാസിൽ എടുത്തു രണ്ടു ഐസും ഇട്ടു കുലുക്കി. അനിൽ ഒരു ഗ്ലാസിൽ അര നാരങ്ങാ പിഴിഞ്ഞ്, അതിൽ ഇത്തിരി ഉപ്പിട്ട്, ഒരു കാന്താരി ഞെരടി ചേർത്ത്, ഒരു രണ്ടു ബക്കാർഡി അങ്ങോഴിച്ചു കുറച്ചു സോഡയും ചേർത്ത് പതച്ചു. ഞാൻ നമ്മുടെ വൃദ്ധ സന്യാസി എടുത്തിട്ടു, കുറച്ചു നാരങ്ങാ നീരും ഇത്തിരി മിന്റ് ലീഫും ചേർത്ത് അതിൽ നിറച്ചു ജിൻജർ എയ്ൽ ഒഴിച്ച് മുണുങ്ങാനായി റെഡിയായി. മൂന്നുപേരും ആവേശത്തോടെ എന്തിനോ വേണ്ടി ഗ്ലാസ് കൂട്ടിമുട്ടിച്ചു മുട്ടിച്ചു, എന്തൊക്കെയോ പുലമ്പി. പിന്നെ നമ്മുടെ ലൈലാൻഡ്, ടാറ്റാ, വോൾവോ ബസുകൾ പോലെ പല രീതിയിൽ കഴിപ്പ് തുടങ്ങി.

രാത്രിക്കു നീളം പോരാ എന്ന പാട്ടും പാടി രാഷ്ട്രീയം, കല, കായികം, കുത്തിത്തിരുപ്പു, കുന്നായ്മ വർത്തമാനങ്ങൾക്കിടെ സമയം പോയതറിഞ്ഞില്ല. ക ഖ ഗ, ട ട്ട ഡാ ഒക്കെ മാറി നാക്ക് ഇപ്പോൾ വെറും യ ര ല വ മാത്രമേ പിടിക്കുന്നുള്ളൂ. പിള്ളേരൊക്കെ നനഞ്ഞ പട്ടി വെള്ളം കുടഞ്ഞു കളയുന്നപോലെ ഇടക്കൊക്കെ അടുത്തു വന്നു മണൽ തെറിപ്പിക്കുന്നു. ബുൾസെയിൽ ഉപ്പിനു പകരം പഞ്ചസാര വീണു തുടങ്ങി, എവിടെയൊക്കെയോ മുരൾച്ചകൾ കേട്ട് തുടങ്ങി. ഞാനും
നിദ്രതൻ പൊൻമയിൽപ്പീലിയിൽ വിരിഞ്ഞു നിന്നാടി, എൻജിൻ ഫുൾ സ്വിങ്ങിൽ ഓടിത്തുടങ്ങി.

ഇപ്പോൾ ഞങ്ങൾ ക്യൂവിലാണ്. വർഷങ്ങൾ കുറച്ചു കഴിഞ്ഞിരിക്കുന്നതായി തോന്നുന്നു, എന്നെ കണ്ടിട്ട് എനിക്ക് തന്നെ പ്രായം തോന്നുന്നു. മുടി മുഴുവൻ നരച്ചു, താടിയും. അനിലിന് ഫുൾ കഷണ്ടി ആയി, വയർ എട്ടാം മാസം പോലെയും. സുരേഷിന് മുഖവും ശരീരവും മുഴുവൻ ചുക്കും ചുളിവും. സ്വർഗത്തിലേക്കുള്ള പോക്കായിരുന്നു അത്. പത്രോസ് അവിടെ ഇരുന്നു ഓരോരുത്തർക്കും അവരോർക്കു വേണ്ട സ്വർഗ്ഗത്തിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു.തൊട്ടപ്പുറത്തെ മേശപ്പുറത്ത്  ചിത്രഗുപ്തനും ഇരുന്നു പെടാപ്പാടു പെടുന്നത് കാണാം, അതിനപ്പുറവും ആരൊക്കെയോ ഉണ്ട്. 

പത്രോസിന്റെ അടുത്തെത്തും വരെ ഞങ്ങൾ കത്തിവെച്ചുകൊണ്ടിരുന്നു. ആദ്യത്തെ പരിപാടി ഭക്ഷണം ആയതുകൊണ്ട് പത്രോസ് ഞങ്ങളുടെ താല്പര്യങ്ങൾ ചോദിച്ചു. പോത്തും പന്നിം താറാവും വരാലും പോരാഞ്ഞിട്ട് എട്ടുകാലിയെ വരെ ചുട്ടു തിന്നോണ്ടിരുന്ന അനിൽ ആകെ മാറിയിരിക്കുന്നു. പുള്ളി ഇപ്പോൾ വേഗൻ ആയത്രേ. നമ്പൂരിയായ ഭാര്യയുടെ ഭീഷണി കാരണം സുരേഷ് ബീഫ് മാത്രം കഴിക്കാത്ത വെജിറ്റേറിയൻ ആയി മാറി, ഇത്തിരി നാൾ കൂടെ ജീവിച്ചിരുന്നാൽ ഫുൾ വെജ് ആയേനെ. ഞാനെന്തായാലും രുചിയുള്ള എന്തും കഴിക്കുന്ന, അതിപ്പോ ഇത്തിരി തിരിച്ചു കടിച്ചാലും കുഴപ്പമില്ലാത്ത  കൂട്ടത്തിൽ ആണ് ഇപ്പോളും. അങ്ങനെ ഞങ്ങൾ മൂന്നു വഴിക്കായി.

ഈ സ്വർഗ്ഗം എന്നൊക്കെ വെച്ചാൽ ഫുൾ ടൈം സന്തോഷം ആണല്ലോ. അകത്തോട്ടു കയറിയാൽ പിന്നെ ഓരോരോ സന്തോഷത്തിനും ഓരോരോ വാതിൽ ആണ്. മാപ്പിൽ നോക്കിയപ്പോൾ എന്റെ മെസ്സിന്റെ വാതിൽ കുറച്ചപ്പുറത്താണ്, അത് കൊണ്ട് പോകുന്ന വഴിക്ക് ഓരോ വാതിലൂടെയും ഒന്ന് നോക്കീം കണ്ടും പോകാം എന്ന് വെച്ചു. ആദ്യമേ കണ്ടത് കുഞ്ഞു പിള്ളേരുടെ ഒരു ഹാൾ ആയിരുന്നു. കയ്യിൽ നല്ല റോസാപ്പൂവും പിടിച്ചു മഞ്ഞിന്റെ ഇടയിൽ നിന്ന് കർത്താവിനു സ്തോത്രം പാടുന്ന കൃസ്ത്യാനി കുഞ്ഞു പിള്ളേർ. കൂടെ ഇത്തിരി ഇരുന്നാലോ എന്ന് തോന്നിയെങ്കിലും പൊതുവെ ഒരു കൊതിയനായ ഞാൻ ഭക്ഷണം കഴിഞ്ഞിട്ടാവാം എന്ന് വെച്ചു. അടുത്ത വാതിലിൽ നോക്കിയപ്പോൾ അമ്മൂമ്മമാർ ഇരുന്നു നാമം ജപിക്കുന്നു. ഇതൊക്കെ കണ്ട എന്റെ മനസ്സിൽ സംശയങ്ങൾ തോന്നി, അല്ലേലും പണ്ടേ സംശയാലു ആണല്ലോ. ഈ സ്വർഗ്ഗത്തിൽ വന്നിട്ടും ഹാലേലൂയ പാടുകേം നാമം ജപിക്കുകേം ആണോ പരിപാടി? ശരിക്കും  ഉള്ള കാര്യം ആയിരിക്കുമോ?

അടുത്ത സ്ഥലത്തു ചെന്നപ്പോൾ സംഗതി മനസ്സിലായി. അവിടെ കുറെ കോളേജു പിള്ളേർ കിടന്നു സിനിമാറ്റിക് ഡാൻസ് കളിക്കുന്നു. ഇനിയിപ്പോ മറ്റു പല ഡാൻസും, പിന്നെ സന്തോഷം ഉണ്ടാക്കുന്ന പല കാര്യങ്ങളും കാണും എന്ന ഗൂഢ വിചാരവുമായി ഞാൻ നടന്നു മെസ്സിലെത്തി. ആവശ്യത്തിന് കഴിച്ചു. ഇനിയിപ്പോ കൊളസ്‌ട്രോൾ ഒന്നും നോക്കണ്ടല്ലോ, അതിനു കൊണ്ട് വെളിച്ചെണ്ണയിൽ ഒലത്തിയതും, നെയ്യിൽ മൂപ്പിച്ചതും, മുട്ടയുടെ ഉണ്ണിയും ഒക്കെ എടുത്തു നന്നായി അങ്ങ് തകർത്തു. 

ഭക്ഷണം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കണമല്ലോ, നേരെ സ്വർഗ്ഗത്തിലെ ഗൂഗിൾ മാപ്പിൽ നോക്കി വിശ്രമിക്കാനുള്ള ഓപ്ഷൻസ്. പ്രകൃതി രമണീയമായ സ്ഥലങ്ങൾ, മഞ്ഞും മഴയും, തണുപ്പും ഇളംവെയിലും, സംഗീതവും നൃത്തവും അങ്ങനെ എല്ലാം തികഞ്ഞ ഒരു സ്വർഗ്ഗം തന്നെ ഈ സ്വർഗ്ഗം. അരുവിയുടെ തീരത്ത് കിളികളുടെ കളകളാരവം കേട്ട് അപ്സരസുകൾ കാലുതിരുമ്മി തന്നു കിടക്കാനുള്ള ഒരു സ്ഥലം കണ്ടു പിടിച്ചു. പോകുന്ന വഴിക്ക് ഒരു സിഗരറ്റ് വലിക്കുന്ന സ്ഥലം ഉണ്ടോ എന്ന് നോക്കണം എന്ന് വിചാരിച്ചെങ്കിലും ആദ്യത്തെ ദിവസം അല്ലെ എന്ന് കരുതി വേണ്ടന്ന് വെച്ചു.

അങ്ങനെ കാലും തിരുമ്മി ആ പാവം അസ്പര....അരസ്പ..., കോപ്പ്... ആ പെങ്കൊച്ചു ഇരിക്കുന്നതിന്റെ ഇടയ്ക്കു ഞാൻ അവൾക്കു ബോറടിക്കാതിരിക്കാനായി വിശേഷങ്ങൾ ചോദിച്ചു. അപ്പൊ അവളാണ് പറഞ്ഞത് പണ്ട് സ്വർഗ്ഗം ഇങ്ങനൊന്നും അല്ലാരുന്നു എന്ന്. ഇപ്പോൾ ഗൂഗിൾ ഒക്കെ വന്നതിൽ പിന്നെ സ്വർഗ്ഗത്തിലും കാര്യങ്ങൾ എല്ലാം എളുപ്പമായി.  പണ്ട് ഇവിടെ എന്തൊക്കെയുണ്ട്, എവിടെയാണ് ഓരോ കാര്യങ്ങളും ഉള്ളത് എന്നൊക്കെയറിയാൻ പ്രയാസമായിരുന്നു. ആൾക്കാർ ഒരിടത്തിരിക്കും, അവിടെ കുറെ സമയം സന്തോഷിച്ചു കഴിയുമ്പോൾ പതുക്കെ നടക്കും, ആ വഴിക്ക് ഇന്റെറസ്റ്റിംഗ് ആയ സ്ഥലം കണ്ടാൽ അവിടെ അങ്ങ് കയറുമായിരുന്നു. ഇപ്പൊ ജി പി എസ് പോയിന്റും മാപ്പും ഒക്കെ ഉള്ളത് കൊണ്ട് ചില സ്ഥലങ്ങളിൽ ഭയങ്കര ഇടിയാണത്രെ, നമ്മുടെ വീഗാലാൻഡിൽ ഒക്കെ നല്ല റൈഡിൽ കയറാൻ നിക്കുന്ന പോലെ. 

എന്തായാലും ഓരോയിടത്തും കയറി നമ്മൾ സ്വർഗീയ സുഖത്തിൽ ആറാടി നടന്നു. സുരേഷും അനിലും പോയിട്ട് നമ്മുടെ മരിച്ചു പോയ കാർന്നോന്മാരെയോ പരിചയക്കാരെയോ,  എന്തിനു സിൽക്ക് സ്മിതയെയോ ശ്രീദേവിയെയോ പോലും കാണണമെന്ന് തോന്നിയില്ല. മരിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് സ്വന്തക്കാരും ബന്ധുക്കാരും ഒന്നുമില്ല എന്ന് പണ്ട് പറഞ്ഞേക്കുന്നതു സത്യമാ. അതുകൊണ്ടു തന്നെ എന്റെ ഭൂമിയിലെ ഭാര്യ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നെങ്കിലും ഞാൻ ചിന്തിച്ചു പോലുമില്ല.

അതിനിടക്ക് സ്വർഗ്ഗത്തിലും ചില മാറ്റങ്ങൾ നടന്നു. ജനസംഖ്യ ബാഹുല്യം കാരണം സ്വർഗ്ഗം മാനേജ് ചെയ്യാൻ പത്രോസും ചിത്രഗുപ്‌തനും എന്തിനേറെ പറയുന്നു ദൈവങ്ങൾ പോലും മടുത്തു. അങ്ങനെ മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളും കൂടെ ഒരു സോഫ്റ്റ്‌വെയർ ഒക്കെ ഉണ്ടാക്കി. അങ്ങനെ തിക്കും തിരക്കും പണിത്തിരക്കും ഒക്കെ ഒഴിവായി, ദൈവങ്ങളും ജോലിക്കാരും ഫ്രീ ആയി. അങ്ങനെ അലസമായ അവരുടെ ഇടയിലേക്ക് മന്ദം മന്ദം നമ്മുടെ ഫേസ്ബുക്കും എത്തി, പിന്നാലെ വാട്സ്ആപ്പും. 

എല്ലാവര്ക്കും സന്തോഷമായി. ദൈവങ്ങളും സ്വർഗ്ഗത്തിലെ ജോലിക്കാരും മനുഷ്യന്മാരും അപ്സരസുകളും ഗന്ധർവന്മാരും അങ്ങനെ സകലരും ഫേസ്‍ബുക്കിൽ പണിയായി. നേരിട്ട് കണ്ടു കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു അവിടുത്തെ ആൾക്കാർ ഒക്കെ ഇപ്പോൾ ഫേസ്ബുക് വഴി എല്ലാം കൈകാര്യം ചെയ്തു തുടങ്ങി. ഡാൻസും പാട്ടും തീറ്റയും കുടിയും പ്രാർത്ഥനയും പ്രണയവും എല്ലാം ഇപ്പോൾ ഫേസ്‍ബുക്കിലൂടെ ലൈവ് ആയി, ഓരോ ഹാളുകാരും പരസ്യം വരെ ഇട്ടു തുടങ്ങി. സ്വർഗ്ഗത്തിലുള്ള പഴയ കാമുകിമാരെ ഫേസ്ബുക്ക് വഴി തപ്പിയെടുത്തു വാട്സ്ആപ്പുവഴി സംസാരിച്ചു തുടങ്ങി.  പക്ഷെ അതിനിടയിൽ സുക്കൻ ഒരു കൊച്ചു പണി ചെയ്തിരുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് ഭാഗമായി നേരത്തെ തന്നെ വളരെ അഡ്വാൻസ്ഡ് ആയ നരകത്തിൽ നിന്നുള്ള അക്കൗണ്ടുകൾ കൂടി ഈ കൂട്ടത്തിൽ ചേർത്തു. അങ്ങനെ ഫേസ്ബുക് വാട്സാപ്പ്, സ്വർഗ്ഗം നരകം, ഇതെല്ലം ഒന്നായി.

അങ്ങനെ മൊത്തത്തിൽ ആൾക്കാർ സ്വർഗ്ഗത്തിലെ കാര്യങ്ങൾ ആസ്വദിക്കുന്നത് വരെ ഈ രണ്ടു മീഡിയ വഴി ആയി. സ്വർഗ്ഗത്തിൽ ഒരു പ്രതിമ ഉണ്ടാക്കി അതുകൊണ്ടു വരുമാനം ഉണ്ടാക്കുന്നതിന്റെ പറ്റി പറയുന്ന സ്വർഗ്ഗ സങ്കികൾ, സ്വർഗ്ഗത്തിലെ കമ്യുണിസ്റ്റുകളായ എ എം എസ്സിന്റെയും വി കെ ജിയുടെയും പ്രൊഫൈലിന് താഴെ വികട സരസ്വതി വിളമ്പിയവരോട് വൈരുദ്ധ്യാൽമിക സ്വർഗ്ഗീയതയുടെയും പെരിസ്‌ട്രോയിക്കയുടെയും ഇടയിലുള്ള അന്തർധാരയെക്കുറിച്ചു വിശദീകരിച്ചു വലഞ്ഞ സ്വർഗ്ഗ സഖാക്കൾ, സ്രാങ്കോ പിതാവിന്റെ പ്രൊഫൈലിന്റെ കീഴെയുള്ള വിശ്വസികളുടെ അടിപിടി. വനിതാ നായരുടെ കൂടെ നിൽക്കുന്ന ഫോട്ടോയുമായി തമ്മിൽ തല്ലുന്ന സ്വർഗ്ഗീയ കൊങ്ങികൾ. അങ്ങനെ എല്ലാം എല്ലാം ഇപ്പോൾ ഇതിലായി. ഞാനും മോശമല്ലല്ലോ. ആദ്യം മോഹമില്ലാത്ത വൈദ്യനെയും ദുർ ഗുരുവിനെയും ഫോളോ  ചെയ്തു, ഇപ്പോൾ പ്രൊഫ. സൗരയൂധചന്ദ്രനെയും അധികപ്രസംഗി ലക്ഷ്മണയേയും പിന്തുടരുന്നു. സ്വർഗ്ഗീയ മരുഭൂമിയിലെ ഡെസേർട്ട് ഡ്രൈവ് ക്ലബിൽ അംഗമായി, ഹെവൻ ഡെസേർട്ട് ഹാവ്‌ക്സ് (HDHOC) എന്നാണ് പേര്.

മൊത്തത്തിൽ ഒരു പന്തികേടൊക്കെ തോന്നിയെങ്കിലും ഞാനും വളരെ ആക്റ്റീവ് ആയി തന്നെ തുടർന്നിരുന്നു. പക്ഷെ പതുക്കെ പണി വന്നു തുടങ്ങി. ഞാൻ ഇട്ട പെറോട്ടയും ബീഫും കഴിക്കുന്ന ഫോട്ടോയിൽ ലൈക് ചെയ്തതിനു സുരേഷിന്റെ ഭാര്യ അവനെ ഇടിച്ചു. എന്റെ സ്‌കൂളിലെ വൺവേ കാമുകിയുടെ സ്വർഗ്ഗത്തിലെ പ്രൊഫൈൽ പിക്ചർ ഞാൻ ലൈക്കിയത് കണ്ട ഭാര്യ എന്നെ വാട്സ് ആപ്പിൽ, തെറി വിളിച്ചു. താറാവും പുട്ടും കൂട്ടിയടിക്കുന്ന ഫോട്ടോ ഇട്ടതോടെ അനിൽ അൺഫ്രണ്ട് ചെയ്തു. എല്ലാം ഉപേക്ഷിച്ചു വിഷണ്ണനായ ഞാൻ നിരാശയും വൈക്ളബ്യവും മാറ്റാനായി ഇത്തിരി കപ്പയും പന്നിക്കറിയും പ്ളേറ്റിൽ എടുത്തപ്പോളേഒരു പട്ടം ആൾക്കാർ വന്ന് അടിപൊട്ടിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ഊരിപ്പിടിച്ച തോക്കും ചുട്ടുപഴുപ്പിച്ച കുന്തവുമായി നിന്ന് ആക്രോശിച്ചവരുടെ  മുമ്പിൽ തന്നെ അനിലും ഉണ്ടായിരുന്നു. ഓടി പുറത്തിറങ്ങി ആദ്യം കണ്ട മുറിയിൽ കയറിയപ്പോൾ, ആരെടാ ബ്രൗൺ തെണ്ടി വെള്ളക്കാരുടെ സ്ഥലത്തു കയറുന്നതു എന്ന് പറഞ്ഞു എന്റെ മുഖത്തേക്ക് തിളച്ച വെള്ളം കാർഷർ പ്രഷർ വാഷർ വഴി ഒഴിച്ചു.

ആ ചൂടിൽ ഞാൻ ഉരുകിയൊലിച്ചു. ജാതി, വർണ്ണം, പാർട്ടി, മതം ഇതൊക്കെയുള്ള ഇതെന്തു സ്വർഗം എന്ന് വിലപിച്ചുകൊണ്ടു ഞാൻ അത് നിർത്താനായി ആ പ്രഷർ വാഷറിന്റെ അഗ്രത്ത് ഞെക്കി. പെട്ടെന്ന് മറ്റൊരു നിലവിളി ശബ്ദം കേട്ടു. അത് ഡയപ്പർ ഇടാതെ കിടന്ന കുഞ്ഞേപ്പിന്റേതായിരുന്നു....




   

Read more...

ഓർമ്മകൾ

>> Sunday, June 24, 2018

കുഞ്ഞായിരുന്നപ്പോൾ എന്റെ ഇഷ്ടങ്ങൾ എല്ലാം തന്നെ വിത്യസ്തങ്ങളായിരുന്നു. സാധാരണ എല്ലാവർക്കും തന്നെ പട്ടി, പൂച്ച, ആട്, കോഴി, പശു എന്ന് തുടങ്ങിയ വളർത്തു മൃഗങ്ങൾ തുടങ്ങി  സിംഹം പുലി തുടങ്ങിയ വന്യമൃഗങ്ങളോടായിരുന്നു പ്രിയം. വ്യത്യസ്തനാം ഒരു  ബാലനായ എനിക്ക് വളർത്താൻ ഏറ്റവും ഇഷ്ടം കുരങ്ങനെയും മയിലിനെയും ആയിരുന്നു. ഞാനൊരു ഭൂലോക പേടിത്തൊണ്ടനായിരുന്നത് കൊണ്ടാണ് ഇങ്ങനെ വിത്യസ്തനായത് എന്നാണു ശത്രുക്കൾ പറഞ്ഞു പരത്തിയിരുന്നത്. പട്ടികുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയും ഒക്കെ എത്ര ഓമനിച്ചു വളർത്തിയാലും അവർ നേരെ നിക്കാറാകുമ്പോൾ തന്നെ നമ്മളെ ഓടിച്ചു കടിയും കൊത്തും തരാൻ തുടങ്ങും, പിന്നെ ശത്രുക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. എന്തായാലും എന്റെ കുരങ്ങൻ പ്രേമത്തിന് കാരണം വേറൊന്നുമല്ല, നമുക്ക് കയറാൻ പ്രയാസമുള്ള മരങ്ങളും അതിൽനിന്നും കിട്ടുന്ന പഴങ്ങളായ ആനിക്കാവിള(ആഞ്ഞിലി), കരിക്ക്, നാട്ടുമാങ്ങാപ്പഴം  ഇതൊക്കെ   പറിക്കാൻ കൂട്ടുകാരനായ കുരങ്ങനെ ഉപയോഗിക്കാമല്ലോ. ഇഷ്ടം പോലെ മയിൽ‌പീലി പുസ്തകത്തിൽ വെക്കുകയും ക്ലാസിലെ പെണ്ണുങ്ങൾക്ക് സമ്മാനം കൊടുക്കുകയും ചെയ്യാമല്ലോ എന്നുള്ളതായിരുന്നു മയിൽ പ്രേമത്തിന് കാരണം.

അങ്ങനെ അടക്കാകുരുവി ചെത്തിപ്പൂവിൽ വന്നിരുന്നു ബാലൻസ് ചെയ്തു തേൻ കുടിക്കുന്നതും, കുഴിയാന മണ്ണിൽ കുഴിയെടുത്തു പോകുന്നതും നോക്കിയിരുന്നു ബാല്യം ഒഴുകി പോയി. കൗമാരവും യൗവനവും ഒരു പ്രയോജനവും ഇല്ലാതെ വെറുതെ പോയി. ദാമ്പത്യം വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും തടവിയും ഒക്കെ പോകുന്നു. വെറുതെയിരിക്കാൻ ഒട്ടും സമയം കിട്ടാഞ്ഞതുകൊണ്ടു തട്ടീം മുട്ടീം പിള്ളേർ നാലെണ്ണം ആയി. അവർ തിരിച്ചു കടിക്കാനുള്ള പ്രായം ആകാത്തത് കൊണ്ടും, പക്ഷി മൃഗാതികളുടെ കാഷ്ട, പൂട ജംഗമ വസ്തുക്കളോട് താല്പര്യം ഇല്ലാത്തതു കൊണ്ടും, ഒരു ഫിഷ് ടാങ്ക് മാത്രം വീട്ടിൽ വെച്ചിരുന്നു. പിള്ളേര് നാലായതു കൊണ്ട് ഇനി തട്ടും മുട്ടും നടന്നാൽ വീട്ടുകാരുടെ കൂടെ, കൂട്ടുകാരും നാട്ടുകാരും കൂമ്പിനിടിക്കും എന്നുറപ്പുള്ളതു കൊണ്ട് കുറച്ചു ഗപ്പി, മോളി, പ്ലാറ്റി എന്നീ പ്രസവിക്കുന്ന മീനുകളെ വളർത്തി അവയുടെ പ്രസവവും കുഞ്ഞുങ്ങളെയും ഒക്കെ കണ്ടു ആശാ തീർത്തിരിക്കുന്ന കാലം.

രാവിലെ ഉണക്കാനിട്ട ഷഡ്ഢി എടുക്കാൻ പോയ മൂത്ത പുത്രൻ കറിയാച്ചൻ ആണ് അത് കണ്ടത്, കടുത്ത ചൂടിൽ പറക്കാനാവാതെ ബാൽക്കണിയിൽ വന്നിരിക്കുന്ന ഒരു കുഞ്ഞു പക്ഷി. നമ്മുടെ  അടക്കാകുരുവി പോലെ തീർത്തും ചെറിയ, നല്ല  പോലെ സ്പീഡിൽ പറക്കുന്ന ഒരു കിളി. അനങ്ങാൻ വയ്യാതിരുന്നത് കൊണ്ട് അവൻ അതിനെ പിടിച്ചു കൊണ്ട് വന്നു. ഞങ്ങൾ വെള്ളം കൊടുത്തു, കുടിക്കാതെ ഇരുന്ന അതിന്റെ വായിൽ ഞാൻ വിരലിൽ വെള്ളം തൊട്ടു നനച്ചു കൊടുത്തു.  എന്റെ കൈ വിരലുകളിൽ നിന്നും അത് വെള്ളം തുള്ളി തുള്ളിയായി കുടിച്ചു. പ്രാണൻ പിടയുന്ന ഒരു ജന്മം, അതിനെന്തു ശത്രു അല്ലെങ്കിൽ മിത്രം



 അങ്ങനെ കുട്ടികൾ കൊടുത്ത അരിപൊടിയിലും പഴങ്ങളിലും ഒക്കെ എന്തോ കഴിച്ചു, ആവശ്യത്തിന് വെള്ളവും കുടിച്ചു ഒരു ദിവസം കൊണ്ട് അതിനു നല്ല ജീവനായി. ബാൽക്കണി തുറന്നിട്ടിട്ടും അത് പോയില്ല, വീട്ടിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടന്നു.

അങ്ങനെ മൂന്നാം ദിനം രാത്രിയിൽ പതിവ് ഓൾഡ് മോങ്ക് മാറ്റി ഒരു Hoegaarden ബിയർ അടിച്ചു ഇങ്ങനെ ചിന്തകളിൽ ഊളിയിട്ടിറങ്ങിയ നേരം. ഒരു ജീവൻ രക്ഷിച്ചെടുത്ത ചാരിതാർഥ്യത്തിൽ ജീവനെക്കുറിച്ചുള്ള ചിന്തകൾ, ആയുസ്സിനെ കുറിച്ചുള്ള ചിന്തകൾ ഇങ്ങനെ പലവിധ ചിന്തകൾ കൊണ്ട് കലുഷിതമായ മനസ്സുമായി ഇരിക്കുന്നു.

അപ്പോളാണ് പാപ്പി കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ വന്നത്. കയ്യിൽ മരിച്ചു കിടക്കുന്ന ആ പക്ഷി. പുറകെ എല്ലാവരും എത്തി, എല്ലാവർക്കും സങ്കടമായി. രണ്ടു തുള്ളി എന്റെ കണ്ണിൽ നിന്നും വീണു, ഇരുട്ടത്ത്. ഫ്രിഡ്ജിനു പുറകിൽ പോയിരുന്നപ്പോൾ ഷോക്കടിച്ചതാണെന്നു തോന്നുന്നു എന്ന് ഭാര്യ പറഞ്ഞു. അവരോടു പോയി കിടക്കാൻ പറഞ്ഞു ഞാൻ വീണ്ടും ചിന്തിച്ചിരുന്നു.

ആ കിളിയുടെ ആയുസ് എത്രയായിരുന്നിരിക്കും? നമ്മുടെ വീട്ടിൽ വരാനും എന്റെ കയ്യിൽ നിന്നും ഇത്തിരി വെള്ളം കുടിക്കാനും അതിന്റെ തലയിൽ എഴുതി വെച്ചിരുന്നോ?  ഇനി നമ്മുടെ തന്നെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആരുടെയെങ്കിലും പുനർജന്മമായി വന്നതാണോ? മരിച്ചു പോയ എന്റെ ചാച്ചയുടെ ആത്മാവായിരിക്കുമോ?

ആ ചിന്തയിൽ ഞാൻ ഒന്ന് കുലുങ്ങി. എന്റെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാനായി വന്ന വെറും ഒരു കിളിയോ അതോ ?

കൈ പിടിച്ചു നടത്താൻ, വഴക്കു പറയാൻ, ഉപദേശിക്കാൻ, സ്നേഹത്തിന്റെ നോട്ടം പകരാൻ എല്ലാറ്റിനും അവസാനം മക്കളുടെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാൻ സാധിക്കാതെ പോയ  ഒരു പാവം കറിയാച്ചൻ എന്ന ഞങ്ങളുടെ ചാച്ചയുടെ മരണത്തിനു ഇന്ന് 36 വയസ്.

കല്യാണത്തിന് പള്ളിയിൽ പോകുന്നതിനു മുമ്പ് സ്തുതി കൊടുക്കാൻ നേരം ഒരു നഷ്ടബോധം തോന്നിയിരുന്നു എങ്കിലും കുട്ടികൾ ഉണ്ടാകുന്ന വരെ എന്റെ നഷ്ടങ്ങൾ വലുതായി തോന്നിയിരുന്നില്ല. പക്ഷെ ഇന്നിപ്പോൾ എന്റെ മക്കളെ ഞാൻ സ്‌നേഹിക്കുമ്പോൾ, അവരെപ്പറ്റി എനിക്കുള്ള കരുതൽ തിരിച്ചറിയുമ്പോൾ, എന്റെ സഹോദരങ്ങൾക്കുള്ള നഷ്ടവും കഷ്ടവും കാണുമ്പോൾ...... ഞാനറിയുന്നു ഞങ്ങളുടെ  നഷ്ടം എത്ര വലുതായിരുന്നു എന്ന്.


Read more...

അമ്മ

>> Sunday, May 13, 2018

അമ്മ ദിനം, വനിതാ ദിനം, ഫെമിനിസ്റ്റുകൾ, ഓ എം കെ വി, മീൻ വറുത്തത് എന്നിങ്ങനെ പല കാര്യങ്ങൾ ദിവസേന കേട്ടിരുന്നപ്പോളാണ് സ്ത്രീകളെ പറ്റി എനിക്കുള്ള അഭിപ്രായം എന്തെന്ന് ഒന്ന് ചിന്തിച്ചത്. ചെറുപ്പകാലത്ത് അമ്മ, വല്യമ്മ, രണ്ടു പെങ്ങന്മാർ, സ്‌കൂളിലെ നിഷ്കളങ്ക / വൺവേ പ്രണയിനികൾ എന്നിങ്ങനെ തുടങ്ങി, മടിയനും അരസികനും ആയ എന്നെ സഹിച്ചു പൊറുത്തു, സന്തോഷകരമായ ഒരു ദാമ്പത്യം കൊണ്ടുപോകുന്നതിൽ വലിയ ഭാഗം വഹിക്കുന്ന ഭാര്യ എന്ന സ്ത്രീയിൽ എത്തി നിൽക്കുന്നു എന്റെ പെണ്ണുങ്ങളുമായുള്ള ബന്ധം. എങ്കിലും കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ ആ സ്ത്രീയുടെ തട്ട് ഇപ്പോഴും ഇത്തിരി ഉയർന്നിരുന്നു. വേറെ ആരാകാൻ, എന്റെ അമ്മ തന്നെ.

പത്തറുപതു വർഷം മുമ്പ്, ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ പത്താം ക്ലാസൊക്കെ തന്നെ പെണ്ണുങ്ങൾക്ക് ഒരു വലിയ വിദ്യാഭ്യാസംആയിരുന്നിരിക്കണം. എന്നാൽ വിവേകമുണ്ടായിരുന്ന മാതാപിതാക്കൾക്ക് ജനിച്ചതിനാലാവണം, അമ്മ വീണ്ടും പഠിച്ചു.  ചങ്ങനാശേരി അസംഷനിൽ നിന്നും ഡിഗ്രിയെടുത്തു. അവിടെത്തന്നെ എസ് ബി കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രി എടുത്തു. തിരുവന്തപുരത്ത് നിന്നും ബി എഡും എടുത്തു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഒരു പെൺകുഞ്ഞിന്, അന്നത്തെ കാലത്ത് എങ്ങനെ പഠനം തുടരാറായി എന്നുള്ളത് എനിക്ക് ഇന്നും ഒരു വലിയ ചോദ്യമാണ്.

ധൈര്യവതിയായിരിക്കണം അന്നത്തെ അമ്മ. ഹോസ്റ്റലുകളിൽ നിന്നു പഠിക്കാനും തനിയെ  യാത്ര ചെയ്യാനും ഒക്കെ കുറച്ചു ധൈര്യം ഒക്കെ വേണ്ടിയിരിക്കുമല്ലോ അന്നത്തെ കാലത്ത്. തിരുവനന്തപുരത്ത് നിന്നും പാലാക്കുള്ള ഏക വണ്ടിയിൽ വീട്ടിലേക്കു വരുമ്പോൾ അമ്മ മാത്രമായിരിക്കും ചില സമയങ്ങളിൽ സ്ത്രീയായുണ്ടാകുക. അന്നത്തെ നീണ്ട യാത്രയുടെ അവസാനം, വീടിന്റെ പടിക്കൽ നിർത്തി തരുന്ന പാലാ ഫാസ്റ്റിന്റെ ഡ്രൈവർ, അമ്മയും വല്യപ്പനും പതിനെട്ടാം പടി കയറുന്ന വരെ ലൈറ്റിട്ടു കൊടുത്തിരുന്ന സന്മനസ്. അവർക്കും ബഹുമാനം ആയിരുന്നിരിക്കാം ആ സ്ത്രീയെ. പിന്നീട് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ പഠിപ്പിക്കുകയും ചെയ്തു, കുറച്ചു നാൾ. ഇടക്കൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മയുടെ കൂടെ പഠിച്ച, പഠിപ്പിച്ച കൂട്ടുകാരികളുടെ ഒക്കെ കാര്യങ്ങൾ, ടീച്ചേഴ്സിന്റെ കാര്യങ്ങൾ, അവരുടെ കൊച്ചു കൊച്ചു രസങ്ങൾ.

വളരെ മിടുക്കിയായിരിക്കണം അമ്മ, അനിയത്തിമാർക്കും അനിയന്മാർക്കും ഒക്കെ മാതൃകയായിരുന്നിരിക്കണം. വലിയപ്പനും വലിയ ഇഷ്ടമായിരുന്നു അമ്മയെ എന്ന് കേട്ടിട്ടുണ്ട്. പിന്നീട് കല്യാണം, മൂന്നാലു കുഞ്ഞുങ്ങൾ, അങ്ങനെ ജീവിതം മറ്റൊരു ചാലിലൂടെ ഒഴുകാൻ തുടങ്ങിക്കാണും. എന്തായാലും അതിനു ശേഷമാണ് ഞങ്ങളുടെ ഓർമ്മയിൽ ഉള്ള ഇന്നത്തെ അമ്മയുടെ രൂപം പിറന്നത്.

ഭർത്താവ് മരിച്ചു, നാല് കുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെ ഏല്പിച്ചു, കിഴക്കൻ മലയോരങ്ങളിലെ എൽ പി സ്‌കൂളുകളിൽ പഠിപ്പിക്കാൻ പോയപ്പോൾ, നൊന്തുകരഞ്ഞുകൊണ്ടാവണം അവിടെ ഓരോ ആഴ്ചയും തള്ളി നീക്കിയത്. അവിടുത്തെ ഹെഡ്മാസ്റ്ററെക്കാളും യോഗ്യതകൾ ഉണ്ടായിരുന്നിട്ടും അമ്മ തുല്യ വേതനത്തിനു പരാതി പറഞ്ഞില്ല. വാരാന്ത്യത്തിൽ വീട്ടിലെത്തുമ്പോൾ കൂടെ കിടക്കാൻ അടിയുണ്ടാക്കുന്ന നാലുമക്കളെയും ഊഴം വെച്ചു ചേർത്തു കിടത്തുമ്പോൾ ആണാണോ പെണ്ണാണോ എന്നു തുന്നിച്ചു നോക്കിയിട്ടില്ലായിരുന്നു അമ്മ. മറിച്ചു, പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽകെട്ടി ചെല്ലുന്ന വീട്ടിൽ എങ്ങനെയാണെന്നറിയില്ല എന്ന് പറഞ്ഞു ഇടക്കൊക്കെ ചില അലവൻസും കൊടുത്തിരുന്നു. അമ്മവീട്ടിലെ ചടങ്ങുകൾക്കെല്ലാം നല്ല കാര്യപ്രാപ്തിയോടെ, എന്നാൽ ഒരു വിധവക്ക് സമൂഹത്തിലുണ്ടായിരുന്ന മുൻവിധികളെയും അശുഭ നിമിത്തങ്ങളെയും പറ്റി തികഞ്ഞ ബോധ്യത്തോടെ, അകത്തളങ്ങളിൽ മാത്രം നിറഞ്ഞു നിന്നപ്പോൾ, ഒന്നിലും അമ്മ  പരാതി പറഞ്ഞതായി അറിയില്ല. കുറച്ചു ബന്ധുക്കളെങ്കിലും ഞങ്ങളോടടുത്താൽ സഹായം കൊടുക്കേണ്ടി വരും എന്ന്ചിന്തിച്ചു അകന്നു നിന്നിരിക്കണം, പെരുമാറിയിരിക്കണം. പക്ഷെ ആരുടെയും കാര്യം ഒരു പരാതിയായി  പറഞ്ഞിട്ടില്ല, അതൊരു വിധിയായി കരുതിയാതെ ഉള്ളൂ.

ജീവിത യാത്രകൾക്കിടയിൽ ഏതെങ്കിലും മൂലയിൽ വെച്ചു എപ്പോളെങ്കിലും തന്റെ പഴയ സഹപാഠികളെ ഒക്കെ കണ്ടപ്പോഴൊന്നും, അവരുടെ ജീവിതാവസ്ഥയോ സാമ്പത്തികാവസ്ഥയോ ഒന്നും അമ്മയെ ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചതായി അറിയില്ല. സമത്വം അല്ലെങ്കിൽ തുല്യത എന്നൊന്നില്ലെന്ന ജീവിത സത്യം പറഞ്ഞു തരാൻ അമ്മക്കല്ലാതെ വേറാർക്കു പറ്റും?

ടീച്ചർ, ടീച്ചറമ്മ, എന്നു തുടങ്ങി മമ്മി എന്ന് സ്വന്തം അമ്മയെ വിളിക്കുകയും അമ്മ എന്ന് എന്റെ അമ്മയെ വിളിക്കുകയും ചെയ്തിരുന്ന കുട്ടികൾ ഉണ്ടായിരുന്നു അവിടെ. അമ്മ ഉരുട്ടി നൽകുന്ന ചോറുരുളകൾക്ക് പ്രത്യേക രുചി ഉള്ളതായി പറഞ്ഞു കുട്ടികളായിരുന്നപ്പോൾ പലരും ആ കൈയ്യിൽ നിന്നും കഥകൾ കേട്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇന്നും പലരുടെയും സ്നേഹവും ബഹുമാനവും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഇങ്ങനെയുള്ള നല്ല സ്ത്രീകളുടെ കൂടെ ജീവിക്കുമ്പോളാണ്, സ്ത്രീകളെ / വ്യക്തികളെ ബഹുമാനം തോന്നുന്നത്. മോശക്കാരായ സ്ത്രീകളും പുരുഷന്മാരും ലോകത്തിൽ പണ്ടും ഉണ്ട്, ഇന്നും ഉണ്ട്. ഇന്ദിരാ ഗാന്ധിയും മാർഗരറ്റ് താച്ചറും ഒന്നും പുരുഷന്മാർ അല്ലായിരുന്നു. അന്നത്തെ കാലത്ത് അവർക്കു ഓരോ രാജ്യങ്ങൾ ഭരിക്കാൻ സാധിച്ചു എന്നുള്ളപ്പോൾ, ഇന്നും ഫെമിനിസ്റ്റുകളായി ആൺ വർഗ്ഗത്തെ പഴിചാരി നടക്കുന്ന ചില പാഴ് ജന്മങ്ങളെ ഒക്കെ എന്ത് പറയാൻ.

ഇന്നിപ്പോൾ മക്കളുടെയും, കൊച്ചുമക്കളുടെയും ചെറിയ പ്രശ്നങ്ങളിൾ വേവലാതി പൂണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് അമ്മ. പണ്ടത്തെ അമ്മയുടെ ഒരു നിഴൽ മാത്രമായിരിക്കണം ഇന്നത്തെ അമ്മ. ധൈര്യമൊക്കെ ചോർന്ന്, ആധിയും വ്യാധിയും ഒക്കെയായി ക്ഷീണിച്ചിരിക്കുന്നു.

സന്തോഷിക്കാൻ മറന്നു പോയ അമ്മയെ വീണ്ടും ഒന്ന് ചിരിപ്പിക്കാൻ, സന്തോഷത്തിന്റെ കുറച്ചു നാളുകളെങ്കിലും സമ്മാനിക്കാൻ, ഞങ്ങൾക്കാവുന്നില്ല. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് ഒരു പക്ഷെ പരിഹാരങ്ങൾ ഉണ്ടാവില്ല. പക്ഷെ കുറച്ചു നാളുകൾ എങ്കിലും സന്തോഷത്തോടെ  കഴിയാൻ ആ അമ്മക്ക് പറ്റിയില്ലെങ്കിൽ, ജീവിതം എന്നത് ചിലർക്കെങ്കിലും വളരെ അർത്ഥമില്ലാത്തതായി തീരുമെന്നാണ് തോന്നുന്നത് .

പക്ഷെ ചിന്തകൾ ഇങ്ങനെ കൂലംകുഷമാകുമ്പോൾ, സ്വതവേ പരാജിതൻ എന്ന വിലയിരുത്തൽ ഉള്ള ഞാൻ, ഒരു വലിയ പരാജയംആണെന്ന് എനിക്ക് തന്നെ തോന്നുന്നു. ആ അമ്മക്ക് കളിക്കാനായി കുറച്ചു കളിപ്പാട്ടങ്ങൾ ഉണ്ടാക്കി എന്നത് മാത്രമാണ് ഞാൻ ചെയ്‌ത നല്ല കാര്യം. പക്ഷെ വല്ലപ്പോളും ഷോക്കേസിൽ നിന്നും പുറത്തെടുക്കാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ വെക്കേഷനും കാത്തിരിക്കണം....

Read more...

യാത്ര

>> Monday, March 26, 2018

മിടുക്കിയായിരുന്നു അവൾ. അഞ്ചു വർഷങ്ങൾക്കു മുമ്പ്, എന്റെ കൂടെ കൂടുമ്പോൾ വളരെ സുന്ദരിയായിരുന്നു അവൾ. എന്റെ സന്തത സഹചാരിയായി നടക്കുമ്പോൾ, ജീവിത യാത്രയിലെ കുണ്ടിലും കുഴിയിലും പൂവിരിച്ച പാതകളിലും ഒരു ചെറു പുഞ്ചിരിയോടെ അവൾ കൂടെ നിന്നു. എന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിൽ, എന്റെ കുട്ടികളുടെ കളിചിരികളിൽ, എന്റെ കുസൃതി നിറഞ്ഞ പ്രണയ ചേഷ്ടകളിൽ, എല്ലാം അവൾ സന്തോഷത്തോടുകൂടി പങ്കുചേർന്നിരുന്നു. കുട്ടികളുടെ മേളത്തിൽ അവളുടെ ഉടുപ്പിൽ വീണ ചെളിയും ഭക്ഷണ സാധനങ്ങളും അവളെ ഉലച്ചതേയില്ല. 

കാലത്തിന്റെ ഒഴുക്കിൽ ചെറിയ ക്ഷീണം ഉണ്ടായി അവൾക്കും. എങ്കിലും രണ്ടു മൂന്നു പരുക്കൻ ചെറുക്കന്മാർക്കിടയിൽ കിടന്നു വളർന്നതുകൊണ്ടാവണം, എല്ലാറ്റിനും മുൻനിരയിൽ ഉണ്ടായിരുന്നു അവൾ. ചില സന്ദർഭങ്ങളിൽ അവരുടെ കൂടെ മത്സരിച്ചു തളർന്നു വീണപ്പോൾ ഒക്കെ ആ ചെക്കന്മാർ അവളെ സഹായിച്ചു കര കയറ്റിയിരുന്നു. വെയിലും മഴയും തണുപ്പും ചൂടും മഞ്ഞും കുളിരും ഒന്നും അവൾക്ക് ഒരു പ്രശ്നമായിരുന്നില്ല. പിന്നീട് എന്റെ കൂട്ടത്തിൽ നിന്നും മാറി അവൾ ഭാര്യയുടെ കൂടെയായി. എങ്കിലും ഇടക്കൊക്കെ എന്നോടൊപ്പം വരുമായിരുന്നു, ചില ഓർമ്മ പുതുക്കൽ പോലെ.

കഴിഞ്ഞയാഴ്ച ആയിരുന്നു അത്, അവൾ എന്നന്നേക്കുമായി ഞങ്ങളെ വിടപറഞ്ഞു. എന്റെ ഭാര്യക്കും കുഞ്ഞേപ്പിനും കറിയാച്ചനും, ഓഫീസിലെ ഞങ്ങളുടെ കൂടപ്പിറപ്പുകൾക്കും ഒരു കുഴപ്പവും ഉണ്ടാക്കാതെ, അവരെ പട്ടുമെത്തയിൽ എന്നപോലെ സുരക്ഷിതരാക്കി എന്നെ ഏല്പിച്ചു അവൾ പോയി.

പോലീസിന്റെയും നിയമപരവും ആയ ചടങ്ങുകൾ തീർക്കുന്നതിനായി അവളുടെ ആടയാഭരണങ്ങൾ എന്നെ ഏല്പിച്ചപ്പോൾ, അതുമായി ഞാൻ പേപ്പറുകളിൽ ഒപ്പിട്ടപ്പോൾ, അറിയാതെ ഇത്തിരി ചുടുകണ്ണീർ പൊടിഞ്ഞു വീണു. വെറും ഒരു യന്ത്രമായിരുന്നിരിക്കാം.... പക്ഷെ എനിക്കവളെ ഒത്തിരി ഇഷ്ടമായിരുന്നു.

Good Bye my Sweety.... J 61312



അവൾ ഒരു ഫെമിനിസ്റ്റ് ആയിരുന്നു, ആണുങ്ങളുടെ ഒപ്പം അല്ലെങ്കിൽ അവരുടെ മുമ്പിൽ.



കാലങ്ങളായി ഞങ്ങളുടെ കൂടെ...

എല്ലാ കുസൃതികൾക്കും സാഹസങ്ങൾക്കും കൂടെ...


പെട്ടുപോയാൽ രക്ഷിക്കാൻ ചെക്കന്മാരും...


മരണത്തിലും ഞങ്ങളെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു...



അവസാന യാത്രയിൽ 








Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP