ഞാനൊരു പാവം പാലാക്കാരന്‍

ഫാദേർസ് ഡേ

>> Wednesday, June 24, 2015

അതിരാവിലെ ഉറക്കം മുടക്കികൊണ്ട് മക്കളുടെ വിളി. കണ്‍പോളകളിൽ വിങ്ങി നിന്ന ക്ഷീണം തുടച്ചു മാറ്റി എന്താടാ പിള്ളേരെ പെലെകാലെ എന്ന് ചോദിച്ചപ്പോൾ സ്കൂൾ യുണിഫോര്മിൽ നിന്ന മൂത്ത രണ്ടുമക്കളും, നഗ്ന ഫൊർമിൽ നിന്ന മൂന്നാമനും ഒന്നിച്ചു പറഞ്ഞു "ഹാപ്പി ഫാദേർസ് ഡേ"!

കിടക്കാൻ നേരം കുടിച്ച വെള്ളം ഉപയോഗശേഷം മിച്ചം വന്നത് ശാരീരിക പ്രക്രിയയിലൂടെ പുറത്ത് കളഞ്ഞതിന് ശേഷം പതിയെ പോയി ചാരുകസേരയിൽ ഇരുന്നു. കൊളസ്ട്രോളും ശരീരത്തിലെ വിഷാംശങ്ങളും മാറ്റാൻ പാലിൽ മഞ്ഞൾ കലക്കി ഒരു ബെഡ് കോഫിയായി ഭാര്യ കൊണ്ട് വന്നു, അത് ചൂടോടെ കുടിച്ചു. മഞ്ഞളും കുന്തിരക്കവും ഡറ്റോളുമൊക്കെ ശരീരത്തിന്റെ മാലിന്യം അല്ലെ അകറ്റൂ, മനസിന്റെ എങ്ങനെ മാറുമോ ആവൊ? അതും മോന്തിക്കൊണ്ടിരിക്കവേ ഭാര്യ പറഞ്ഞു, ഫാദേർസ് ഡേ ആയിട്ട് ഞാൻ നിങ്ങളുടെയും മക്കളുടെയും ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. ഇതല്ല ഇതിന്റെ അപ്പുറം ചെയ്താലും ഇവളുടെ പിറന്നാൾ ഞാൻ ഓർക്കത്തില്ല, പാവം അതൊണ്ടോ അറിയുന്നൂ.

അങ്ങനെ പതുക്കെ ചിന്തകൾ പുറകോട്ടു പോയി. എന്റെ പിതാവിനെ കുറിച്ച് ഞാനും ഓർത്തു. ആയുർവേദ ചികിത്സയും കാര്യങ്ങളും ഒക്കെ നിർത്തി നാട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. ഇപ്പോളാണെങ്കിൽ സകല മുറിവൈദ്യന്മാരും യോഗഗുരുക്കളും ജ്യോതിഷക്കാരും എല്ലാം മനുഷ്യരെ പറ്റിക്കാൻ നടക്കുന്ന സമയത്ത് അദ്ദേഹം ചികിത്സയും ഒക്കെ നിർത്തി ഇത്തിരി കൃഷിയും കൂട്ടുകാരുമായി ജീവിക്കുന്നു. കൂട്ടുകാർക്കു മാത്രം വാത പിത്ത കഫ ശമനത്തിനുള്ള മരുന്നുകളും ചെറിയ മദ്യപാന ചീട്ടുകളി ചുറ്റുവട്ടങ്ങളുമായി കഴിഞ്ഞു കൂടുന്നു. അല്ല, മക്കളൊക്കെ വലിയ നിലയിൽ എത്തി, ഇനി ബാക്കിയുള്ള ജീവിതം ഇത്തിരി ആഘോഷിച്ചു ജീവിക്കാമല്ലോ.

ഇടക്കിത്തിരി ആഘോഷം കൂടാറുമുണ്ട്. സൈഡ് കൊടുക്കാത്ത അയ്യപ്പൻ വണ്ടി തടഞ്ഞു നിർത്തി ചീത്ത പറഞ്ഞപ്പോൾ, പഴയ കാലം മാറിയത് ചാച്ച ഓർത്തില്ല. കൂട്ടത്തിൽ ഉള്ള രാഘവനും പിള്ളേച്ചനും ഇടപെട്ടില്ലേൽ അവിടെ ഒരു വർഗ്ഗീയ ലഹള നടന്നേനെ. പിന്നെ ഒരിക്കൽ ഒതുക്കത്തിൽ വാറ്റിയത് ഒരുത്തൻ ഒറ്റിയപ്പോൾ, പോലീസ് വന്നപ്പോൾ,  ചാച്ചയുടെ പ്രമാദമായ ഈഗോ മറന്നു രക്ഷപെടാൻ പഴയ സതീർത്യൻ മന്ത്രിയെ വിളിക്കേണ്ടാതായും വന്നു. ചാച്ചയുടെ കൂട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും, ഇടയ്ക്കു പിണങ്ങി നടക്കും, അങ്ങോട്ടും ഇങ്ങോട്ടും മതത്തെയും കുറ്റം പറയും. പക്ഷെ എല്ലാത്തിനും ഒരു അതിര് ഉണ്ടായിരുന്നു, നല്ല സ്നേഹവും. മക്കളും കൊച്ചുമക്കളും ഒക്കെ വർഗ്ഗീയമായെങ്കിലും ഇവർ ഒന്നിച്ചിരുന്നു ചീട്ടുകളിക്കും, കള്ളു കുടിക്കും, ഷാപ്പിൽ നിന്നും കപ്പയും വാലാട്ടിയും കഴിക്കും, ലോകത്തെ മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യും. അങ്ങനെ എത്ര കഥകൾ.... പ്രായമാവുംപോൾ മനുഷ്യർ കുട്ടികളെപോലെയാകും എന്നുള്ളത് എത്ര ശരിയാണ്. ജോലിയും പ്രാരാരാബ്ദവും ഒക്കെയായി നടന്ന കാലങ്ങൾ കഴിഞ്ഞു, അവരിൽ മിച്ചമുള്ളവർ ഒക്കെ ഇപ്പോൾ വീണ്ടും കുട്ടിക്കളികളുമായി നടക്കുന്നു....

എന്തായാലും ഫോണ്‍ എടുത്തു, ഒന്ന് വിളിച്ചു. അപ്പുറത്ത് നിന്നും ഘനഗംഭീര ശബ്ദം, "എന്താടാ രാവിലെ?"
വാഴക്കാവരയൻ - "ഓ ചുമ്മാ വിളിച്ചതാ, എന്നാ ഉണ്ട്‌ ചാച്ചെ വിശേഷം ഒക്കെ?"
ചാച്ച - "ഇവിടെ ഇപ്പൊ ഇനി എന്നാ വിശേഷിക്കാനാ, നിനക്കെന്നാ ഉണ്ട്? വിശേഷം എന്തെങ്കിലും?"
വാഴക്കാവരയൻ - " ഹേയ് അങ്ങനെ ഒന്നും ഇല്ല.. മക്കൾ ഒരു ഫാദേർസ് ഡേ പറയണം എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചതാ.." (ആത്മഗതം - എനിക്കിട്ടു വിശേഷത്തിന്റെ കാര്യം പറഞ്ഞു ഒരുപണി ഇടക്കൊക്കെ ഉള്ളതാ, അപ്പനാനെങ്കിലും കുടുംബപരമായി ആ കാര്യത്തിൽ മിടുക്കരാ.. അത് തന്നെ എന്റെ ഭാര്യയും എന്നോട് പറയാറുണ്ട്‌.)

പിന്നെ മക്കൾ ഓരോരുത്തരായി ചാച്ചയോടു മിണ്ടി, ചാച്ചയുടെ പേരുകാരൻ മൂത്ത പുത്രൻ ആണെങ്കിലും പുള്ളിക്ക് ഇത്തിരി പ്രിയം ഏറ്റവും പോക്രി ആയ പാപ്പിയോടാണ്. അവൻ പുതുതായി പഠിച്ച "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല" എന്ന പാട്ടൊക്കെ പാടി കേൾപ്പിച്ചു. കൂട്ടത്തിൽ ഇത്തിരി സെന്റി ആയ മൂത്തവൻ ചാച്ചയോടു പറഞ്ഞു അവനൊന്നു കാണണം, സ്കൈപിൽ വരാമൊ എന്ന്.

അങ്ങനെ സ്കൈപിൽ പിള്ളേരും വല്യപ്പനും പരസ്പരം കത്തിവെക്കുന്നത്‌ ഒരു നിർവൃതിയോടെ ഞാൻ മാറിയിരുന്നു കണ്ടു. അത്യാവശ്യം കഷണ്ടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു, ചാച്ച താടിയൊക്കെ വളർത്തിയിട്ടുണ്ട്. കുടുംബത്തിൽ അവരുടെ തലമുറയിൽ വേറെ ആരും തന്നെ താടിയൊന്നും വെച്ചു നടക്കുന്നില്ല, ഞാൻ ഓര്മ്മ വെച്ച കാലം മുതൽ അവർക്കൊക്കെ ഒരേ രൂപം. വയസായപ്പോൾ എല്ലാർക്കും ഇത്തിരി ചുളുവും വളവും ഒക്കെ വന്നെന്നു മാത്രം. 

വെറുതെ പഴയ കാര്യങ്ങൾ ഒക്കെഓർക്കാൻ ശ്രമിച്ചു. എന്റെ മക്കളുടെ പ്രായത്തിൽ ഞാനും ചാച്ചയും എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു.  പഴയ ഓർമ്മകൾക്ക് അത്ര നിറം പോരാ... എങ്കിലും കുറേയുണ്ട്... സപ്പോട്ടയുടെ തണലിൽ ഇരുന്നു പശുക്കിടാവിനെ കുറിച്ച് പറഞ്ഞത്, ലൂവിയിൽ കയറിയതിനു അടി വെച്ച് തന്നത്, എനിമാ വെച്ച് മുറ്റത്തെ മണലിൽ ഇരുന്നത്, കാലിലെ ചൊറി കഥയൊക്കെ പറഞ്ഞു പതുക്കെ ഇഞ്ച വെച്ചു തുടച്ചു കഴുകിയത്, മൂക്കിപോടി തന്നു തുമ്മിച്ചത്, സൈക്കിളിൽ ഇരുത്തി പള്ളിയിൽ കൊണ്ട് പോയത്, പറയെഴുന്നള്ളിപ്പിനു ആനക്ക് പഴം കൊടുത്തത്, മാങ്ങാ പൂളി തന്നത്, തൊട്ടു നക്കി കൂട്ടി ചൂട് ചോറ് വാരി തന്നത്.....

ഓർമ്മകൾ അയവിറക്കി ഇരുന്നു പതുക്കെ ക്ലോക്കിലേക്ക് നോക്കിയപ്പോളാണ് സമയം പോയതറിഞ്ഞത്. മതിയെടാ പിള്ളേരെ കത്തി, ഫോണ്‍ താടാ എന്ന് പറഞ്ഞു ഫോണ്‍ വാങ്ങി. ചാച്ചയോടു പറഞ്ഞു " എനിക്ക് ഓഫീസിൽ പോകാറായി, വേറെ എന്നാ ഉണ്ട് വാർത്ത, മഴയൊക്കെ ഉണ്ടോ?"

ചാച്ച - "മഴ ഈ പ്രാവശ്യം കുറവാ, തുരുത്തിയിൽ അടുത്ത കൃഷിക്ക് പണി ആകും എന്നാ തോന്നുന്നത്"

വാഴക്കാവരയൻ - " ഇനി ഈ വയസാൻ കാലത്ത് കൃഷി ഒക്കെ നിർത്തിക്കൂടെ, വെറുതെ പണിക്കാരേം ചീത്ത പറഞ്ഞു വേറെ പണി ഒന്നും ഇല്ലേ?"

ചാച്ച - "എടാ ഡാഷേ... ചാകുന്ന വരെ ഇത്തിരി നെല്ലുകുത്തരീം കൊണ്ടുള്ള കഞ്ഞി കുടിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടാണ്. നിനെക്ക് വേണ്ടേൽ നീ തിന്നണ്ട, ഞാൻ പണിയുന്നതിനു നിനക്കെന്താ ചേതം?"

വാഴക്കാവരയൻ - "എന്നാ എന്തേലും ചെയ്തോയോ.. നമ്മളൊന്നും പറയുന്നില്ലേ. ഇനി അതിലേം ഇതിലേം നടന്ന് എന്തേലും ഉണ്ടാക്കി വെച്ചോ, അറ്റാക്ക് രണ്ടെണ്ണം കഴിഞ്ഞതാ.."

ചാച്ച - " പോടാ കോപ്പേ... നിന്റെ പ്രായത്തിൽ മൂന്നാമത്തെ അറ്റാക്കും കഴിഞ്ഞു ഒരു മരണവും കഴിഞ്ഞതാ ഞാൻ "

എന്റെ കണ്ണിൽ ഇരുട്ട് കയറി. കഷണ്ടിയും താടിയുമുള്ള, നരച്ച രോമങ്ങളുള്ള ചാച്ചയുടെ രൂപം മാറി ചെറുപ്പമായി വരുന്നു. അരിഷ്ടത്തിന്റെയും കുറുംതോട്ടിയുടെയും പനാമയുടെയും ഒക്കെ ഗന്ധം അന്തരീക്ഷത്തിൽ ഒഴുകി വരുന്നു.  

കണ്ണ് തുറന്നു... കലണ്ടറിൽ തീയതി നോക്കി, ജൂണ്‍ 21 കഴിഞ്ഞു പോയി, ഇന്ന് ജൂണ്‍ 24. ചില ഓർമ്മകൾക്ക് ഇന്ന് 33 വയസ്. 











                        എന്റെ ചാച്ചക്കൊപ്പമുള്ള ഒരു ഫോട്ടോ എനിക്കുമുണ്ട്...   ഹാപ്പി ഫാദേർസ് ഡേ
                                                               


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP