ഞാനൊരു പാവം പാലാക്കാരന്‍

ആശംസകള്‍

>> Monday, October 5, 2009

അങ്ങനെ എന്റെ ഭാര്യേ, നിന്റെ മറ്റൊരു ജന്മദിനം കൂടി കഴിയുന്നു. ആദ്യ രണ്ടു ജന്മദിനങ്ങളും ഞാന്‍ നേരത്തെ നല്‍കിയ സമ്മാനങ്ങളുടെ നിറവയറുമായി ആഘോഷിച്ച നിനക്ക് കഴിഞ്ഞ ജന്മദിനത്തില്‍ എന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നു എന്നത് ഒരു വിരോധാഭാസമായി തോന്നിയിരിക്കാം. നിന്റെ അടുത്തില്ലായിരുന്നതിനാലും ജോലിയുടെ പ്രശ്നങ്ങളില്‍ പെട്ട് മറന്നു പോയതായിരുന്നെങ്കിലും നിനക്ക് അതൊരു പ്രതീക്ഷയായിരുന്നു. എന്തായാലും ഈ പ്രാവശ്യം രാവിലെ തന്നെ എഴുന്നേറ്റ് ഒരു പൊട്ടെങ്കിലും സമ്മാനമായി ഞാന്‍ തരും എന്നു പ്രതീക്ഷിച്ചു നീ. നാട്ടിലെ ആറക്കശംബളം വാങ്ങുന്ന ഒരുവന്‍ കുറഞ്ഞ പക്ഷം ഒരു ഡയമണ്ട് മോതിരം എങ്കിലും സമ്മാനമായി തരും എന്നു പ്രതീക്ഷിക്കാന്‍ നിനക്കു സാധിക്കുമായിരിക്കാം.

വെറും ഒരു ചുംബനവുമായി രാവിലെ നിന്നെ ആശംസകള്‍ അറിയിച്ചപ്പോള്‍ നിനക്ക് നിരാശ തോന്നിയിരുന്നോ? എന്റെ മനസിലെ വിലപിടിച്ച ഒരു ബിംബമായി മാറിയ നിനക്ക് വെറുമൊരു
സമ്മാനത്തില്‍ ഒതുക്കാനുള്ള മനസ് എനിക്കില്ല. വേദനിക്കുന്ന ഒരു കോടീശ്വരനായ എനിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി തരാനുള്ള അവസ്ഥ ഉണ്ടോ എന്നത്, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതു വഴി നിനക്കറിയാവുന്നതുമാണല്ലോ? അതിനാല്‍ തന്നെ രാവിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് നിന്നെ വിഷ് ചെയ്യാന്‍ എനിക്കു സാധിച്ചില്ല എന്നുള്ളതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.

ഭര്‍ത്താവിനെ ഭരിച്ചു നില്‍ക്കുന്ന ഇന്നത്തെ ഒരു ശരാശരി ഭാര്യയുടെ ജീവിതത്തില്‍ നിന്നും മാറി, വിനയവും അനുസരണയും കൊണ്ട്, പഴമയുടെ വാക്താവായ ഒരു മൂരാച്ചി ഭര്‍ത്താവിന്റെ മനസുള്ള എന്റെ സ്നേഹാദരവു പിടിച്ചു വാങ്ങിയ നിന്നെ എനിക്കു ഒരുപാടിഷ്ടമാണ്, ബഹുമാനമാണ്. സ്ത്രീയുടെ ശക്തി എന്താണെന്ന് എന്നെ മനസിലാക്കി തരുന്നതില്‍ എന്റെ അമ്മയുടെ പാതയില്‍ തന്നെ, എന്റെ പ്രതീക്ഷക്കള്‍ക്കും അപ്പുറമായി ഇന്നത്തെ തലമുറയില്‍ നിന്നും നിന്നെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നു ഞാന്‍ മനസിലാക്കുന്നു.

നീ എന്റെ എല്ലാമാണ്. എന്റെ പൊന്നമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കിട്ടുന്ന വാത്സല്യം വരെ എനിക്കു നല്‍കുന്ന നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. ചെറുപ്പത്തില്‍ തന്നെ ചാച്ചയെ നഷ്ടപ്പെട്ട് അമ്മയുടെ നാലായി വീതിക്കപ്പെട്ട സ്നേഹവും സാഹചര്യങ്ങളാല്‍ നഷ്ടപ്പെട്ട എനിക്ക് ഇതെല്ലാം ഒന്നായി നല്‍കുന്ന നിന്നെ രത്നങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവില്ല കൊച്ചേ. വിലമതിക്കാനാവാത്ത ഒന്നാണെനിക്കു നീ. ഒരു കൊച്ചു സമ്മാനത്തില്‍ ഒതുങ്ങില്ല നീ.

രാവിലെ ഞാന്‍ തന്ന ഉമ്മയില്‍ എല്ലാം അടങ്ങിയിരുന്നു. ഒത്തിരി നാള്‍ നിന്നോടും മക്കളോടും കൂടെ ഇതേ സ്നേഹത്തില്‍ ജീവിക്കുവാന്‍ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ....

Read more...

സന്ധ്യ

>> Saturday, October 3, 2009


വിളക്കുകാലില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന വെളിച്ചം



അതിനെ താങ്ങി നിര്‍ത്താന്‍ ഇരട്ടപത്തിവിടര്‍ത്തിയ മറ്റൊരു കാല്‍

Read more...

കറിയാച്ചന്‍ ആരംഭിച്ചു.

>> Thursday, October 1, 2009

അങ്ങനെ കറിയാച്ചനും വിദ്യ ആരംഭിച്ചു. ഇടക്കു പറഞ്ഞു കൊടുക്കുന്നതു പെട്ടെന്നു പഠിക്കുന്നു എന്ന് അമ്മ. മൊത്തത്തില്‍ രണ്ടാഴ്ചയായി നല്ല വളര്‍ച്ച പോലെ തോന്നി. ഡയപ്പറിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തി. സ്വതവേ ഉണ്ടായിരുന്ന നാണം (പ്രത്യേകിച്ച് ഇളയവന്‍ വന്ന് ഓവര്‍ടേക്ക് ചെയ്തപ്പോള്‍) കുറേശ്ശെ മാറുന്നതിന്റെ ലക്ഷണങ്ങള്‍. വര്‍ത്തമാനം കുറച്ചുകൂടി മനസിലാവാന്‍ തുടങ്ങി. വണ്ടികള്‍ എന്റെ ഭാര്യയേക്കാളും നന്നായി മനസിലാക്കാന്‍ തുടങ്ങി. എന്തിന്, ചാച്ചക്ക് പൈസ ഉണ്ടാക്കി ഒരു നിസാന്‍ പെട്രോള്‍ വരെ വാങ്ങിച്ചു തരാമെന്ന് അവന്‍ പറഞ്ഞു തുടങ്ങി.

കുഞ്ഞവന്‍ കോക്കു വളരെ ചടുലതയും വികൃതിയും ഉള്ളവനാകയാല്‍ എല്ലാവരും അവനെ ഇഷ്ടപ്പെടുകയും താലോലിക്കുകയും ചെയ്യുന്നതിനാല്‍ കറിയാച്ചന്‍ കുറച്ച് നാണം കുണുങ്ങിയായി
ഒതുങ്ങിപോയി എന്നുള്ളതായിരുന്നു സത്യം. എന്തിനു പറയുന്നു, കോക്കു ചെയ്യുന്ന വികൃതി ഞാന്‍ പോലും തമാശയായി ചിരിക്കുകയും അതു തന്നെ കറിയാ ചെയ്താല്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. രണ്ടാമനായതിനാല്‍ തന്നെ കോക്കു എല്ലാം ചോദിച്ചും വഴക്കുണ്ടാക്കിയും നേടുകയും എല്ലാവരെയും ചിരിച്ചും ഉമ്മകൊടുത്തും കയ്യിലെടുക്കുമ്പോള്‍ കറിയാച്ചന്‍ വായും പൊളിച്ച് ചെറിയ അസൂയയോടുകൂടി നില്‍ക്കുന്നതു കാണാം. പ്രായത്തില്‍ ഒരു വര്‍ഷത്തെ വിത്യാസമേ ഉള്ളെങ്കിലും അവന്‍ ചേട്ടനായി പോയില്ലേ. മനപൂര്‍വ്വം അല്ലെങ്കില്‍ പോലും കറിയാച്ചനു നഷ്ടപ്പെടുന്ന കുറെയേറെ കാര്യങ്ങളില്‍ അങ്ങനെ പലത്.

ഇതൊക്കെ നന്നായി മനസിലാക്കുന്ന ഒരു വിവരമുള്ള പിതാവ് (സ്വയം എങ്കിലും ഇത്തിരി ബഹുമാനം വേണ്ടേ?) അതിനനുസരിച്ച് മക്കളെ നോക്കണമല്ലോ? അങ്ങനെ കോക്കു നേരത്തെയുറങ്ങിയ ഇന്നലെ കറിയാച്ചനെ ഇത്തിരി കൊഞ്ചിക്കാം എന്നു വെച്ചു. ഒരു അരമണിക്കൂര്‍ ഒക്കെയല്ലേ നമ്മുടെ മാക്സിമം. പോരാത്തതിന് കോക്കു ഉറങ്ങിയതിനാല്‍ നമുക്കുള്ള കന്നിമാസത്തിന്റെ വിളിയും. പതുക്കെ ലൈറ്റ് ഒക്കെ കെടുത്തിയിട്ടാവാം ഇനിയുള്ള കൊഞ്ചിക്കല്‍ എന്നു വെച്ചു. ആ വഴിക്കവന്‍ ഉറങ്ങിയാല്‍ ഒരു വെടിക്കു രണ്ടു പക്ഷിയല്ലേ.

ആദ്യം ഒരു പാട്ടു പാടിനോക്കി “ചാഞ്ചാടുയാടി ഉറങ്ങു നീ..” അവന്‍ പറഞ്ഞു “ചാച്ചേ..പാട്ടു വേണ്ട”. മുറിയില്‍ ചെറിയൊരു വെളിച്ചത്തിനായി ബാത്ത് റൂമില്‍ തെളിച്ചിട്ടിരിക്കുന്ന ലൈറ്റില്‍ നിന്നും വരുന്ന പ്രകാശം നോക്കി അവനിരിക്കുന്നു. അതെന്തായാലും അതിന്റെ സൌന്ദര്യം ആസ്വദിക്കുകയല്ലാ എന്ന് എനിക്കു മനസിലായി, കാരണം എന്റെ പേടി അതേ പടി കിട്ടിയതു അവനാണ്.

എന്നാ പിന്നെ ഒരു കഥ പറയാം എന്നു വെച്ചു. ഇന്നു സിഡിയില്‍ കണ്ട കടുവായുടെ കഥ തന്നെയാവട്ടെ എന്നു വെച്ചു. അതാകുമ്പോള്‍ അവനും സങ്കല്പിക്കാന്‍ എളുപ്പമുണ്ടാവുമല്ലോ? ഞാനും അവനും കൂടി പജീറോയില്‍ കാട്ടില്‍ പോകുന്നു, അതിനെ സാഹസികതയും സംഭവങ്ങളും ചേര്‍ന്ന് അടിപൊളിയാക്കുന്നു, കൂട്ടത്തില്‍ നമ്മളെ വലിയ ആള്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചാച്ച എന്നു പറഞ്ഞാല്‍ ഭയങ്കര സംഭവം ആണ് എന്നു വരുത്തേണ്ടത് നമ്മുടെ ആവശ്യം ആണല്ലോ, നിലനില്‍പ്പിന്റെ ഭാഗവും. അങ്ങനെ ധൈര്യവാന്‍, അതിശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍, കലമാന്‍ എന്നു തുടങ്ങി ലോകത്തിലെ എല്ലാ
ഹീറോയിസവും ഉള്ളയാളാണ് അവന്റെ അപ്പന്‍ എന്ന കാര്യം കഥയില്‍ ഊട്ടി ഉറപ്പിച്ചുകൊണ്ട്
കൊടൈക്കനാലിലെ കാട്ടിലൂടെ ഞാന്‍ മുന്നേറിക്കൊണ്ടിരുന്നു.

കഥയുടെ പകുതിയായപ്പോള്‍ (എന്റെ വീരഗാഥകള്‍ പറയുമന്നത് അവസാനിക്കണമെങ്കില്‍ ഇത്തിരി പുളിക്കും) ഞാന്‍ കടുവയെ കറക്കിയെറിയുന്ന സീന്‍. ഞാന്‍ അതു കറിയാച്ചനു വിവരിച്ചു കൊടുത്തു. അതിസാഹസികമായ ആ വിവരണത്തിലേക്ക്

കറിയാച്ചനെ പിടിക്കാനായി വന്ന കടവുയെ ഞാന്‍ സൂക്ഷിച്ചു നോക്കി. പിന്നെ പതുക്കെ കറിയാച്ചനെ എന്റെ പിന്നിലേക്ക് മാറ്റി. ഞാന്‍ രൂക്ഷമായി കടുവയേ ഒന്നു നോക്കി, പക്ഷെ കടുവാ ഒരു ഭീകരനായിരുന്നു. അവന്‍ മുമ്പോട്ടു വന്നു. പിന്നെ അമാന്തിച്ചില്ല, കറക്കിയൊരു ഏറ്.

കറിയാച്ചന്‍ “ കതുവ ചാച്ചയെ എഞ്ഞു അല്ലേ?...”

ഒന്നു ചമ്മിയെങ്കിലും വെളിച്ചം കുറവല്ലേ, ഞാന്‍ പറഞ്ഞു. “അല്ലെടാ ചാച്ചയാ എറിഞ്ഞത്“

അവന്‍ വിടുന്നില്ല, “അല്ല, ചാച്ചയെ കതുവാ എരിഞ്ഞു ”

അപ്പോളേക്കും പാതി ഉറക്കത്തില്‍ ഞങ്ങളുടെ കഥ ആസ്വദിച്ചു കിടന്ന പ്രിയതമയുടെ അടക്കിയ ചിരി പൊട്ടിത്തെറിച്ചു പോയി. അതുകേട്ട് അവള്‍ കരയുകയാണെന്ന് വിചാരിച്ചു കറിയാച്ചന്റെ
അടുത്ത ഡയലോഗ് “അമ്മ കരയണ്ട, ഞാനുണ്ടല്ലോ കൂടെ”

ഞാനും ചിരിച്ചു, അല്ലാതെന്തു ചെയ്യാന്‍. അവള്‍ പറഞ്ഞു, “വിദ്യ ആരംഭിച്ചതിന്റെ ഗുണം കണ്ടോ? എന്തായാലും അപ്പന്റെ മകന്‍ തന്നെ”

ധൈര്യവാന്‍, ശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍ ഇതിന്റെ ഒക്കെ കൂടെ അവന്‍ എന്നെ പൂ..മോന്‍, പി..മോന്‍, ക..മോന്‍ എന്നൊന്നും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു..!

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP