ഞാനൊരു പാവം പാലാക്കാരന്‍

കോഴിപ്പൂവന്‍

>> Thursday, April 23, 2009

പഴയൊരു കാലന്‍കുടയുടെ ശീലപോയ കമ്പി എടുത്തു തന്നിട്ട് പഴുത്ത പ്ലാവില കുത്തിക്കൊണ്ടുവരാനായി വല്ല്യമ്മ പറഞ്ഞയച്ചപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നു. കാര്യം ആട് ആ പ്ലാവില തിന്നുന്നതൊക്കെ കാണാന്‍ രസമുണ്ടെങ്കിലും, ഒറ്റക്കു പറമ്പിൽ പോകാനുള്ള പേടി കാരണം എനിക്കതത്ര സുഖം തോന്നിയില്ല. 


എങ്കിലും വീടിന്റെ കരോട്ട് കപ്പത്തോട്ടത്തിനു മുകളിലായി നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ കീഴിലെ പ്ലാവില്‍ എടുക്കാനായി ഞാന്‍ നടന്നു. കപ്പക്കു ഇടകിളച്ചുകൊണ്ടിരുന്ന പാലാക്കാട്ടുകാരായ സരസനോടും സുന്ദരനോടും കുശലം പറഞ്ഞ് ഞാന്‍ കരോട്ടോട്ടു നടന്നു. എലിപിടുത്തക്കാരൻ മൂപ്പൻ കയ്യാലയുടെ ഇടക്കുള്ള പൊത്തില്‍ ചൂട്ടു വെച്ചു പുകച്ച് എലിയെ പിടിക്കുന്നത് കുറച്ചു സമയം വായും പൊളിച്ചു നോക്കി നിന്നു. പുകയടിച്ചു പുറത്തു ചാടിവന്ന എലി ഒരെണ്ണത്തിനെ പുള്ളിക്കാരന്‍ തട്ടിയപ്പോളേ ഞാന്‍ അവിടുന്നു മുങ്ങി. കാര്യം എലി ഉപദ്രവകാരിയാണെങ്കിലും ജീവന്‍ പോകുന്നതു കാണാന്‍ എനിക്കു വയ്യ. ഇനി ഇന്നു രാത്രി ആ എലിയെയായിരിക്കും സ്വപ്നം കാണുക. ഹോ.. മിനിഞ്ഞാന്ന്, വീട്ടിലെ കഴുത്തേപ്പപ്പില്ലാത്ത പൂവനെ റബറുവെട്ടുകാരന്‍ തോമ്മാ കഴുത്തിനു പിടിച്ചു തിരിച്ചു കൊല്ലുന്നതു കണ്ടു കിളിപോയതാണ് ഞാൻ. ആക്രമണകാരിയും എല്ലാ പിടക്കോഴിയുടെയും മുകളില്‍ കയറി അതുങ്ങളുടെ കൊച്ചു പൂവിനെ കൊത്തുകയും ചെയ്യുന്ന ദുഷ്ടനാണെങ്കിലും കാലില്‍ ചവിട്ടിപിടിച്ച്, കഴുത്തു തിരിച്ചപ്പോള്‍ ആ പൂവന്റെ ഒരു പിടച്ചില്‍, ഇപ്പോളും മനസില്‍ നിന്നു മായുന്നില്ല. പക്ഷെ കറിവെച്ചു തിന്നാനിരുന്നപ്പോള്‍ അതൊന്നും ഓർത്താതെ ഇല്ല. അതോ സൌകര്യപൂര്‍വ്വം മറന്നതായിരുന്നോ ആവോ? ഇങ്ങനായിരിക്കും മനുഷ്യന്റെ കാര്യവും, ആര്‍ക്കറിയാം. ഹിറ്റ്ലറൊക്കെ ഒത്തിരി മനുഷ്യരെ കൊന്നു എന്നൊക്കെ പറയുന്നതു കേല്‍ക്കുമ്പോള്‍ തോന്നാറുണ്ട്, എങ്ങനെ ഇതൊക്കെ ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നു എന്ന്. കൊന്നു കൊന്നു അവസാനം ഒരുപക്ഷെ  മരണം കാണാൻ ഒരു പ്രയാസവും ഇല്ലാതെ വരാം.

 പേരയുടെ ചുവട്ടിലെത്തിയപ്പോൾ അതില്‍ പഴുത്ത പേരക്കാ വല്ലതും ഉണ്ടോ എന്നു നോക്കിയേക്കാം എന്നുതോന്നി. അകം ചുവന്നിരിക്കുന്ന പേരക്കായാണെങ്കിലും കാണാൻ അഴകുണ്ടെങ്കിലും, മധുരം വീടിനു പുറകില്‍ നില്‍ക്കുന്ന ചെറിയ പേരയിലെ കുഞ്ഞുപേരക്കായ്ക്കാണ്. ഇതു വല്ല്യ പേരയായതിനാല്‍ വലിഞ്ഞു കയറുന്നതു  ആരെങ്കിലും കണ്ടാല്‍ വഴക്കുപറയും. എന്നാലും പഴുത്തതു കണ്ടപ്പോള്‍ കയറി പറിച്ചേക്കാം എന്നു വെച്ചു. കാര്യം മാടത്തയും വാവലും മറ്റും നല്ല പേരക്ക നോക്കി കൊത്തുന്നതിനാല്‍ പഴുത്തത് കിട്ടില്ലെങ്കിലും പഴുക്കാന്‍ തുടങ്ങിയത് അവര്‍ തൊടുന്നതിനു മുമ്പേ നമുക്കു കിട്ടും. ഒരു മൂത്ത പേരക്കാ വടക്കുള്ള തുഞ്ചത്തു കയറി പറിച്ച് അവിടെത്തന്നെ ശിഖരങ്ങളുടെ ഇടക്കിരുന്നു പതുക്കെ ആടി ഇരുന്നു കഴിച്ചു. നല്ല രസമാണ് ഇങ്ങനെ പൊക്കത്തിരിക്കാന്‍. വീടിന്റെ നടുമുറ്റം വരെ കാണാം. വീടിന്റെ പുറകില്‍ നിന്ന് തള്ളക്കോഴി കൊക്കുന്നത് കേട്ട് കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം തള്ളയുടെ ചിറകിനടിയില്‍ കയറുന്നു. വല്ല്യമ്മ പിഞ്ഞാണം എടുത്ത് കൊട്ടി എറിയനെ ഓടിക്കാന്‍ നോക്കുന്നു. പണ്ടേ എനിക്ക് പേടിയാ എറിയനെ, തള്ളക്കോഴിയെ പറ്റിച്ച് കുഞ്ഞുങ്ങളെ റാഞ്ചുന്നവനല്ലേ. തള്ളക്കോഴി കൊക്കുന്നതു കേല്‍ക്കുമ്പോളേ പേടിയാ, ഏതു ഹതഭാഗ്യന്‍ കുഞ്ഞാണോ ഇന്നു പോയത് എന്നോര്‍ത്ത്. ഒരു തോക്കു ഉണ്ടായിരുന്നെങ്കില്‍ എറിയനെയും പരുന്തിനെയും ഒക്കെ വെടിവെച്ചു കൊല്ലാരുന്നു. 

എന്തായാലും അനിയന്‍ ചെന്ന് വല്ല്യമ്മയോട് എന്തോ പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പിടിച്ച് ചൂരല്‍ കൊട്ടക്കകത്തിട്ടു. കഴിഞ്ഞ ദിവസം ഒരു കോഴിക്കുഞ്ഞിനെ പരുന്തു പിടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഓടി വന്നു രക്ഷിച്ചിട്ടു വല്യമ്മയും കൂടി ചേർന്ന് മഞ്ഞൾ ഒക്കെ തേച്ചു പരിചരിക്കുന്നത് കണ്ടു. തൂങ്ങി നിന്ന കോഴിക്കുഞ്ഞിനെ പിഞ്ഞാണത്തിന്റെ അടിയിൽ ഇട്ടു മുകളിൽ വടി കൊണ്ട് കൊട്ടുന്നത് കണ്ടു, എന്തിനാണോ ആവോ?  അവന്റെ പരിപാടികളാണ് കോഴികളെ പൊരുന്നയിരുത്തും കുഞ്ഞുങ്ങളെ വളര്‍ത്തും. 

 രണ്ടു പേരക്കാ തിന്നു കഴിഞ്ഞ് പതുക്കെ ഇറങ്ങി പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. തേക്കിന്റെ ചുവട്ടില്‍ കൂടി പോയപ്പോള്‍ ഒരു പുഴു ദേഹത്തു തട്ടിയപ്പോളാണ് അതിന്റെ കാര്യം ഓര്‍ത്തത്. നൂലില്‍ തൂങ്ങിക്കിടക്കുന്ന നൂറുകണക്കിനു പുഴുക്കളാണ് ആ സീസണില്‍ തേക്കു മുഴുവന്‍. അതിന്റെ ഇല മുഴുവന്‍ തിന്നുകയും ചെയ്യും. എന്തൊക്കെ ജീവികളാണോ ഈ പറമ്പില്‍? പച്ച കളറിലും പലകളറിലും ഉള്ള പുഴുക്കളേ മാത്രം ഇഷ്ടമാണ്. ആട്ടിന്‍പുഴുവിനെ എങ്ങാനും തൊട്ടാല്‍ പിന്നെ പറയണ്ടാ. എന്നാ പിന്നെ ഈ ദൈവത്തിന് നല്ല പുഴുക്കളേ മാത്രം സൃഷ്ടിച്ചാല്‍ മതിയാരുന്നല്ലോ? എന്തിനാ ഈ ചൊറിയന്‍ പുഴുവിനെയും മറ്റും ഉണ്ടാക്കിയത്? പോരാത്തതിന് കൂടുതല്‍ ഉള്ളതും ഈ വക ആട്ടിന്‍ പുഴു, ഈച്ച, അട്ട, കാക്ക, കൊതുക്, എലി തുടങ്ങിയ സാധനങ്ങള്‍. ഇതിനൊക്കെ പകരം എല്ലാ കൂട്ടത്തിലെയും സുന്ദരന്മാരെ ഉണ്ടാക്കിയാല്‍ മതിയാരുന്നല്ലോ. പാമ്പുകളില്‍ പച്ചിലപാമ്പ്, മീനുകളിൽ സ്വർണ മീൻ, പുഴുക്കളില്‍ പച്ചപ്പുഴു, പക്ഷികളില്‍ മയിലും തത്തയും ഒക്കെ. 

ഓ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അങ്ങനെ തന്നെയാ മനുഷ്യരെയും സൃഷ്ടിക്കുന്നതെങ്കില്‍ എന്നെപോലെയുള്ള  പാവം വികൃതരൂപികൾ ഒക്കെ എന്തു ചെയ്തേനേ? പഴുത്ത പ്ലാവിലെ കുറെ കുത്തിയെടുത്തു. പിന്നെ പതുക്കെ വല്ല്യപ്പന്‍ കുടയുമായി നടക്കുന്നപോലെ കുടക്കാലു കുത്തിക്കുത്തി വീട്ടിലേക്കു നടന്നു. അങ്ങനെ നടന്നു പോയപ്പോളാണ് അനിയന്റെ അരുമയായ ഗിരിരാജാ കോഴിപ്പൂവന്‍ ഒരെണ്ണം വഴിയില്‍ നില്‍ക്കുന്നത്. സാധാരണ നമ്മള്‍ വരുമ്പോള്‍ ബഹുമാനത്തോടെ മാറിത്തരുന്നതാണ് കോഴികള്‍. ഇവന്റെ അഹങ്കാരം കണ്ടില്ലേ? കുടക്കമ്പികൊണ്ട് ഒരു തോണ്ടു കൊടുത്തു ഞാന്‍. കൊക്കിക്കൊണ്ട് ഒരു ചാട്ടം അവന്‍, ഞാന്‍ മുമ്പോട്ടു നടന്നു. 

 പുറകില്‍ നിന്നും ഒരു ശബ്ദം, ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത് എന്നെ കൊത്താന്‍ പറന്നു വരുന്ന പൂവനെയാണ്. എന്റമ്മോ എന്നു കരഞ്ഞു ഓടിയെങ്കിലും ഒരു കൊത്തു കിട്ടി, കൃത്യം  കുണ്ടിക്കു തന്നെ. അതിന്റെ വേദനിയില്‍ കയ്യാലയില്‍ നിന്നും എടുത്തു ചാടിയ ഞാന്‍ ചെന്നു ചവുട്ടിയത് നനഞ്ഞുകിടന്ന വാഴപ്പോളയില്‍. അതിൽ ചവുട്ടി തെന്നിചെന്നു വീണത് തെങ്ങില്‍ കെട്ടിയിരുന്ന ആടിന്റെ മുമ്പില്‍. ഇനി അതിന്റെ ചവുട്ടോ അല്ലെങ്കില്‍ കുത്തോ കിട്ടുമോ എന്ന് വിചാരിച്ചെങ്കിലും പാവം ആട്, നേരെ വന്നു കുടക്കമ്പിയിലെ പഴുത്ത പ്ലാവില തിന്നാന്‍ തുടങ്ങി. അതു വിചാരിച്ചു കാണും സ്നേഹംകാരണം പറന്നുവന്നു പ്ലാവില തന്നതാണെന്ന്. എന്നാലും ഒരു കോഴിപ്പൂവന്റെ മുമ്പില്‍ പോലും അഹങ്കരിക്കാന്‍ യോഗമില്ലാത്തവനാണല്ലോ ഞാന്‍ എന്നാലോചിച്ചപ്പോള്‍ കൊത്തിയിടത്തെ വേദന വീണ്ടും കൂടി. 

ഇന്നും നല്ല കോഴിപ്പൂവനെ കാണുമ്പോള്‍ ഞാന്‍ ഇത്തിരി മാറി നടന്നേക്കും, എന്തിനാ വെറുതെ അഹങ്കരിക്കുന്നത്?


Read more...

കറിയാച്ചന്റെ വിചാരങ്ങള്‍

>> Sunday, April 5, 2009

ഞാന്‍ കറിയാച്ചന്‍. ഈ ലോകത്തേക്കു വന്നിട്ട് രണ്ടു വര്‍ഷങ്ങളും കുറച്ചു മാസങ്ങളും കഴിഞ്ഞിരിക്കുന്നു. ബുദ്ധി ഉറച്ചു വരുന്നതേ ഉള്ളൂ എന്ന് ചാച്ചയും അമ്മയും പറയുമ്പോള്‍ അവര് ‍എത്രത്തോളം ബുദ്ധിയില്ലാത്തവരാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. നീണ്ട രണ്ടുവര്‍ഷങ്ങള്‍ ലോകം കണ്ടവനല്ലേ ഞാന്‍? എങ്കിലും ഇനിയുമെത്ര ദൂ‍രം പോകേണ്ടിയിരിക്കുന്നു.



ഈ ചാച്ചയെക്കൊണ്ട് ഞാന്‍ തോറ്റു. രാവിലെ ഉറങ്ങിക്കിടക്കുമ്പോളാ കൂടുതല്‍ സ്നേഹം. എന്നും രാവിലെ റ്റാറ്റാ പോകാന്‍ നേരം ചാച്ച കെട്ടിപീടിച്ച് ഉമ്മ തരും. ഞാനാണെങ്കില്‍ നല്ല ഉറക്കത്തിലുമായിരിക്കും. രാത്രീലൊക്കെ അമ്മേനേം ചാച്ചേനേം ഉറക്കാന്‍ നോക്കി ലേറ്റായി കിടക്കുന്നതല്ലേ? രാവിലെയെങ്കിലും ഇത്തിരി സമാധാനമായി ഉറങ്ങിയില്ലേ ക്ഷീണമല്ലേ? അന്നേരമാ കുളിയൊക്കെ കഴിഞ്ഞു വന്നു തണുപ്പോടെ ഒരു ഉമ്മ. എന്നാലും സ്നേഹത്തോടെയായതു കൊണ്ട് ഞാന്‍ ക്ഷമിച്ചേക്കും. ചെറിയൊരു ചിരിയും കൊടുത്തേക്കും. പാവം സന്തോഷത്തോടെ പൊക്കോട്ടെ.

ചാച്ചക്കൊക്കെ എന്തു സുഖമാ, എന്നും കറങ്ങാന്‍ പോക്കല്ലേ? വല്ലപ്പോളും ഞങ്ങളെ പാര്‍ക്കിലോ ഷൊപ്പിങിനോ കൊണ്ടുപോകും. പക്ഷെ ചാച്ച എന്നും രാവിലേം ഉച്ചക്കും പോകും. ഞാന്‍ കുറെ കരഞ്ഞു നോക്കി, പക്ഷെ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ പകല്‍ കൊണ്ടുപോകുകയുള്ളൂ. എനിക്കണേങ്കില്‍ എപ്പോളും പുറത്തു പോകാന്‍ കൊതിയാ. സെല്‍ഫിഷായിരിക്കും ചാച്ച, അതല്ലേ എന്നും തന്നെ പോകുന്നത്. പോകുമ്പോളൊക്കെ എന്നേം കൊണ്ടുപോയാല്‍ എന്താ കുഴപ്പം?

ഇന്നലെ രാത്രി ലുലുവില്‍ പോയപ്പോള്‍ ഞാന്‍ എത്ര കരഞ്ഞെന്നോ ഒരു സൈക്കിള്‍ വാങ്ങി തരാന്‍. ഈ ചാച്ചയെന്തിനാ ഇത്ര ദുഷ്ടനായത്. കണ്ട അരിയും മുളകും ഒക്കെ വാങ്ങാം. എല്ലാം കഴിഞ്ഞ് ഒരു കാര്‍ഡ് അങ്ങോട്ട് ഉരച്ചാല്‍ പോരെ. എന്നാ പിന്നെ ഇഷ്ടം പോലെ ഐസ് ക്രീമും ചോക്കളേറ്റും വാങ്ങുവരുന്നേല്‍ കുഴപ്പമില്ലാരുന്നു. അതുക്കൂട്ട് ഒരു കാര്‍ഡ് കിട്ടുവരുന്നേല്‍ ചുമ്മാ പോയി എന്തേലുമൊക്കെ വാങ്ങാരുന്നു. വേറേം പിള്ളെരു കരയുന്ന കണ്ടു. എല്ലാ ചാച്ചമാരും ഇങ്ങനെയാരിക്കും.

വൈകിട്ട് തിരിച്ചു വരുമ്പോള്‍ ഞാന്‍ നല്ല രസമുള്ള ഒരു വണ്ടി കണ്ടു. ലോറി ആണെന്നാ ചാച്ച പറഞ്ഞത്. കോണ്‍ക്രീറ്റ് മിക്സര്‍ എന്നാ ചാച്ച പറഞ്ഞേ. അതോടുമ്പോള്‍ അതിന്റെ പുറകിലുള്ള ഒരു ടാങ്ക് കറങ്ങും. ഇടക്കു ചാച്ച കള്ളുകുടിക്കാന്‍ നേരം കഴിക്കുന്ന എരിവുള്ള മിക്ചര്‍ ആണ് എനിക്കറിയാവുന്നത്. ഇതു സിമന്റ് മിക്സ് ചെയ്ത് കൊണ്ടുപോകുന്നതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ അമ്മക്ക് പുട്ടു കുഴക്കാന്‍ പറ്റിയ സാധനമാ. അതിനകത്തോട്ട് എല്ലാം കൂടി ഇട്ടാല്‍ കുഴച്ചിങ്ങു വരില്ലേ. പാവം, പുട്ടിനും ചപ്പാത്തിക്കും ഒക്കെ കുഴക്കുന്നതു കണ്ടാല്‍ സങ്കടം വരും.

കാറിലാണെങ്കില്‍ എന്നെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. ആദ്യം ഒക്കെ ഓടിക്കാന്‍ വേണ്ടി കരഞ്ഞു നോക്കി, എവിടെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. രാവിലെ മുതല്‍ ചാച്ചക്കു കറങ്ങാം. നമ്മള്‍ വല്ല കളിവണ്ടിയും ഓടിച്ചു ഇരുന്നോണം. അതും നല്ല ഒരെണ്ണം കടയില്‍ കണ്ടാല്‍ അതൊന്നു വാങ്ങിത്തരാന്‍ എത്ര കരഞ്ഞാലും തരില്ല. എല്ലാ ദിവസവും ഒരു മൂന്നു പുതിയ കാര്‍ വാങ്ങിത്തന്നാല്‍ എന്താ കുഴപ്പം. കാര്‍ഡ് ഉരച്ചാല്‍ പോരെ?

വണ്ടി ഒക്കെ ചാച്ചക്കു ഇത്തിരി സ്പീഡില്‍ ഓടിച്ചാല്‍ എന്താ കുഴപ്പം. സ്പീഡില്‍ പോകാന്‍ പറയുമ്പോള്‍ പറയും ക്യാമറ ഉണ്ട്, ഫൈന്‍ വരും എന്നൊക്കെ. ഇടക്കു നല്ല വല്ല്യ ജീപ്പോക്കെ വന്നു ചാച്ചേടെ പുറകില്‍ നിന്നു ലൈറ്റ് അടിച്ചു കാണിക്കും. അപ്പോള്‍ ചാച്ച സൈഡ് കൊടുക്കും, അവന്മാര്‍ മുമ്പില്‍ കയറി പോകും. ഈ തലേക്കെട്ടും കെട്ടിയ പണിക്കാര്‍ക്കൊക്കെ വല്ല്യ വണ്ടി. അവര്‍ക്കൊക്കെ എത്ര സ്പീഡില്‍ വേണേലും പോകാം. ടൈ ഒക്കെ കെട്ടി വല്ല്യ പത്രാസില്‍ പോകുന്ന ചാച്ച കുഞ്ഞു കാറുമായി പതുക്കെ പോകും. കലികാലം അല്ലാതെന്താ.ചാച്ചക്കും തലേക്കെട്ടു കെട്ടിയ പണിക്കാരെ വല്ല്യ ബഹുമാനമാ. പാവം നമ്മളെ ഒക്കെ ഒന്നു ബഹുമാനിച്ചാ എന്താ കുഴപ്പം?

അമ്മയും കണക്കാ, എന്നും ഒരു സാധനം കൊണ്ട് വന്ന് കുണ്ടി പൊതിഞ്ഞു കെട്ടും. അപ്പിയിട്ടാല്‍ മുഴുവന്‍ അതിലിരിക്കും. അതില്ലെങ്കില്‍ ചുമ്മാ കാണുന്നിടത്തൊക്കെ ചൂചു വെക്കാരുന്നു. രാത്രിക്കു കിടന്നു മുള്ളുമ്പോള്‍ നനയാതിരിക്കും എന്നൊരു മെച്ചം മാത്രം. പക്ഷെ ഭയങ്കര ചൂടാന്നേ അകത്ത്, പിന്നെ ഇടക്കൊക്കെ ചൊറിച്ചിലും വരും. പാപ്പം കുടിക്കുമ്പോളൊക്കെ സുനാപ്പിയില്‍ പിടിച്ചോണ്ടു കിടക്കാന്‍ എന്തൊരു രസമാ, സമ്മതിക്കില്ല ഈ അമ്മ.

കോക്കു കരയുമ്പോളൊക്കെ അമ്മ എടുക്കും, ഞാന്‍ കരഞ്ഞാല്‍ അമ്മയും ചാച്ചയും അടിതരും. അവന്‍ വന്നതു കാരണം എന്തൊക്കെ കുഴപ്പങ്ങളാ. എന്നാലും ചിലപ്പോല്‍ അവന്റെ കൂടെ കളിക്കാന്‍ നല്ല രസമാ. അവന്റെ മാന്തിപ്പറിയാ സഹിക്കാന്‍ വയ്യാത്തത്. ഇപ്പോള്‍ വന്നു വന്നു എല്ലാര്‍ക്കും അവനെയാ ഇഷ്ടം. ഞാന്‍ മാക്സിമം എല്ലാരേം കയ്യിലെടുക്കാന്‍ നോക്കുന്നുണ്ട്.

രാത്രിക്കു ചിലപ്പോള്‍ ചാച്ചയും അമ്മയും നല്ല സ്നേഹമുള്ളപ്പോള്‍ കഥകള്‍ ഒക്കെ പറഞ്ഞുതരും. എനിക്കേറ്റവുമിഷ്ടം ചാച്ച ഫാന്റം ആകുന്നതാ. അമ്മ ഇത്തിരി വണ്ണമുള്ള ഡയാനയാകും. ഞാന്‍ റെക്സ് ആയിട്ടും, കോക്കു കിറ്റ് ആയിട്ടും കാട്ടിലൂടെ ഒക്കെ പോകും. ഞങ്ങള്‍ക്ക് ഒരു അനിയത്തി കൂടി ഉണ്ട് കഥയില്‍, ഹെലോയിസ്. ശരിക്കും അവള്‍ ഇനി എപ്പോളാണോ വരുന്നത്. ഇന്ന് എന്തു കഥയാണോ ആവോ പറയുന്നേ.

ഫുള്‍ ടൈം അമ്മിഞ്ഞകുടിയാണ് കോക്കുവിന്റെ പണി. രണ്ടു ദിവസം മുമ്പ് അമ്മയും ചാച്ചയും കൂടി എന്നെ ഒന്നു കൂടി കുടിപ്പിക്കാന്‍ നോക്കി. എനിക്കണെങ്കില്‍ നാണമാ. ചാച്ച കുടിച്ചു കാണിച്ചു തന്നു, ഒരു നാണവും ഇല്ലന്നേ ചാച്ചക്ക്. ഓ..പണ്ട് പുളിചുവ വന്നപ്പോള്‍ നിര്‍ത്തിയതല്ലേ, ഇനിയിപ്പോള്‍ വേണ്ട. എന്നാലും അമ്മ അമ്മിഞ്ഞയില്‍ ചേര്‍ത്ത് പിടിച്ചു സ്നേഹിക്കുമ്പോള്‍ നല്ല സുഖം തോന്നും. ആരേം പേടിക്കണ്ടാത്തതുപോലെ...
വലിയ ചേട്ടായി ഒക്കെ ആയില്ലേ, ഇനി ഇത്തിരി സ്റ്റൈല്‍ ഒക്കെ ആവാം അല്ലേ?

ഈ ആരാധകരെ കൊണ്ട് തോറ്റു...

ഇതു കോക്കു. ഇവന്‍ ഇപ്പോള്‍ എന്നെ മുകളിലേക്കാ നോക്കുന്നതെങ്കിലും ഈ രീതിയിലാണെങ്കില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കേണ്ടി വരും.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP