വെറുതേ ഒരു ഭാര്യ
>> Wednesday, May 5, 2010
ഞാന്‍ നിന്നെ സ്നേഹിക്കുന്നു..കൊച്ചേ...എന്തൊക്കെയോ തേടി എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ്, കാറ്റിലുലഞ്ഞ് ഒരു അപ്പൂപ്പന്‍ താടി പോലെ പറന്ന് നടന്നിരുന്ന എന്റെ ജീവിതത്തില്‍ എവിടെ നിന്നോ നീ വന്നു. എന്റെ ഹൃദയത്തില്‍ തൊട്ട്, എല്ലാ വികാരവിചാരങ്ങള്‍ക്കും കൂട്ടിരുന്ന്, വെറുതേ സ്നേഹിച്ചു കൊണ്ട് എന്നും നീ എന്റെ കൂടെയിരുന്നു. ആയിരം കാതം അകലെയിരുന്നാലും നിന്റെ ഹൃദയമിടിപ്പുകള്‍, നിന്റെ നിശ്വാസം, നിന്റെ ഗന്ധം ഇതെല്ലാം എന്നും എന്റെ കൂട്ടിനുണ്ടായിരുന്നു. നിന്റെയടുത്തിരിക്കുമ്പോള്‍, നമുക്കുണ്ടായ മക്കളെ കാണുമ്പോള്‍, എന്റെ ജീവിതം സുന്ദരസുരഭിലമാകുന്നു. ഒരു കാലത്ത് നഷ്ടമായതെല്ലാം, ഒരു കാമുകിയുടെയും ഭാര്യയുടെയും കൂട്ടുകാരിയുടെയും അനിജത്തിയുടെയും എന്തിനേറെ, അമ്മയുടെ മാറില്‍ തലവെച്ചു കിടക്കുന്ന അനുഭൂതിയും ഞാന്‍ നിന്നില്‍ നിന്ന് അനുഭവിക്കുന്നു.എന്നെന്നുമിതുപോലെ എന്റെ ജീവിതത്തില്‍ നീ നിറഞ്ഞുനില്‍ക്കണമേ എന്ന പ്രാര്‍ഥനമാത്രം എനിക്ക്...
കുളിച്ചിട്ടു വന്ന് ചേര്‍ന്നു കിടക്കുമ്പോളുള്ള നിന്റെ തണുപ്പ്, നിന്റെ നിശ്വാസത്തിന്റെ ചൂട്, മുടിയിലെ വെള്ളത്തുള്ളികള്‍ ഇതൊക്കെ ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പ് തരുന്ന ചുംബനങ്ങള്‍, ലിഫ്റ്റില്‍ വെച്ച് തരുന്ന നുള്ളും കടിയും എല്ലാം എനിക്കിന്ന് അന്യമാവുന്നല്ലോ? ഇല്ല മോളേ.. ഇനി നിന്നെ വിട്ടൊരു ജീവിതമില്ല. വിരഹവും വേദനയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആഴം കൂട്ടുമായിരിക്കാം. പക്ഷെ ഇതൊക്കെ നഷ്ടപ്പെടുത്തിയിട്ട് എന്തിന്റെ ആഴം അളക്കാന്‍?
മക്കളെ കെട്ടിപിടിച്ചു കിടക്കാന്‍, അവരുറങ്ങുന്നതും കാത്തിരിക്കാന്‍, അവരുറങ്ങുമ്പോള്‍ നിന്നെ നിശബ്ദമായി സ്നേഹിക്കാന്‍, കറിയാച്ചനും കോക്കുവിനും അനുജത്തിമാരും അനിയന്മാരുമായി ഇനിയും പിറക്കാനിരിക്കുന്ന ഉണ്ണികള്‍ക്കായി കാത്തിരിക്കാന്‍, നിന്റെ വേദനകളില്‍ താങ്ങും തണലുമാവാന്‍,
എല്ലാത്തിലുമുപരിയായി നിന്നിലലിഞ്ഞു ചേരാന്‍ ഞാന്‍ വരുന്നു മോളേ...
എന്നെന്നും നിന്റെ സ്വന്തം....