വ്യായാമം
>> Tuesday, February 8, 2011
ഒരു കാലമുണ്ടായിരുന്നു... എത്ര ചക്കപ്പുഴുക്കും പാളയന്‍കോടന്‍ പഴവും വലിച്ചു കേറ്റിയാലും, പശുവിനു കൊടുക്കുന്ന പിണ്ണാക്കും ഒകെയും വരെ കഴിച്ചിട്ടും ഡോബര്‍മാന്‍ പട്ടിയുടെ വയറുപോലെ അകത്തോട്ടു വീര്‍ക്കുന്ന വയറുമായി നടന്നിരുന്ന ഞാന്‍ . ഒരു പാന്റിട്ടാല്‍ കുണ്ടിയില്ലാത്തതിനാല്‍ ഊര്‍ന്നു നിലത്തോട്ടു പോരാതിരിക്കാന്‍ റബര്‍ ബാന്റിട്ടിരുന്ന ഞാന്‍ . അതെല്ലാം പോയില്ലേ......
കാലം മാറി, പുതിയ സ്വിഫ്ടിനു പുറകില്‍ വാലുവെച്ചു ഡിസയര്‍ ആക്കി, ഇന്ടിക്കാ കാറിനും കുണ്ടി ഫിറ്റ് ചെയ്ത് ഇന്‍ഡിഗോ ആക്കി. കാലത്തിന്റെ തികവില്‍ എനിക്കും റബര്‍ ബാന്റില്ലാതെ പാന്‍റും ജീന്‍സും എന്തിനു പറയുന്നു ബര്‍മുഡ വരെ ഇടാറായി. ഭാര്യ തുടരെ രണ്ടു പ്രസവിച്ചപ്പോള്‍ എന്നാ പിന്നെ നീയും ഈ വയറിന്റെ സുഖം ഒന്നറിഞ്ഞോ എന്ന് ദൈവം വിചാരിച്ചതാവാം, അത്ഭുതം, എനിക്കും കുടവയര്‍ വന്നു.
പണ്ട് മുതലേ മലയാളികള്‍ക്കും തമിഴന്മാര്‍ക്കും ഇത്തിരി വണ്ണമുള്ള പെണ്ണുങ്ങളെ ആയിരുന്നല്ലോ ഇഷ്ടം. അത് മനസിലാക്കിയിട്ടോ എന്തോ എന്റെ ഭാര്യയും ഇത്തിരി വണ്ണം വെച്ചു. കുറക്കാന്‍ പറ്റുമോ നമ്മള്‍ ആണുങ്ങള്‍ക്ക്? ഞാനും അങ്ങ് തകര്‍ത്തു. ഇത്തിരി കൊളസ്ട്രോള്‍ ഒക്കെ വന്നെങ്കിലെന്താ എനിക്ക് ഭാര്യയുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാറായി.
ചുമ്മാ പയറുപോലെ ഏതു മരത്തേലും വലിഞ്ഞു കയറിയിരുന്ന എനിക്ക് ഇപ്പോള്‍ ഒരു കയറ്റം പോലും കയറാന്‍ മേലന്നായി. ഉരഞ്ഞുരഞ്ഞു ജീന്‍സിന്റെ വരെ തുടഭാഗം തേഞ്ഞു തീരുന്നു. രണ്ടു നാഴി അരിയുടെ ചോറുണ്ട് കഴിയുമ്പോള്‍ പോലും അധ്വാന ഭാരത്താല്‍ കിതയ്ക്കുന്നു, എന്തിനാ അധികം പറയുന്നേ, മര്യാദക്കൊന്നു ശ്വാസം വലിച്ചാല്‍ മടുക്കും, അത് കാരണം രാത്രിക്ക് മടുത്തു ശ്വാസം നിന്ന് പോകാതിരിക്കാനായി ജനറേറ്റര്‍ വച്ചിരിക്കുകയാ....കൂര്‍ക്കം....
അവസാനം ടീവീ യില്‍ വാവ്.... എന്നും പറഞ്ഞു മാദാമ്മയും സായിപ്പും മലയാളത്തില്‍ വിവരിക്കുന്ന വണ്ണം കുറയ്ക്കുന്ന യന്ത്രം ഒക്കെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു, നമ്മള്‍ക്കും വണ്ണം ഒക്കെ ഒന്ന് കുറക്കേണ്ടേ?
പിന്നേ..... വേണം, നമ്മള്‍ക്ക് വീണ്ടും മുന്തിരി തോപ്പുകളില്‍ രാപാര്‍ക്കാം, ആട്ടിന്‍ കുട്ടികളുടെ (മാന്‍ പേട ഒക്കെ ഇപ്പോള്‍ എവിടെ കിട്ടാനാ) കൂടെ ഓടിക്കളിക്കാം, ഒന്നുമില്ലേലും തുടയുരയാതെ ഇത്തിരി സൊറ പറഞ്ഞു നടക്കുകയെന്കിലും ചെയ്യാമല്ലോ എന്ന് വിചാരിച്ചു ഞങ്ങള്‍ മെലിയാന്‍ തീരുമാനിച്ചു.
നാളെ രാവിലെ നാലുമണിക്ക് തന്നെ വിളിച്ചു എണീല്‍പ്പിക്കൂ എന്ന് പറഞ്ഞു ഞാന്‍ കിടന്നു. എങ്ങനെയാ, വല്ലോ സാധനവും വാങ്ങണ്ടേ എക്സര്‍സൈസ് ചെയ്യാന്‍ എന്ന് പ്രിയതമ. നീ വിളിക്കെടീ പെണ്ണെ എന്ന് പറഞ്ഞു ഞാന്‍ ജനറേറ്റര്‍ ഓണ്‍ ചെയ്തു.
രാവിലെ നാലുമണിക്ക് എണീറ്റ് ഇവരെ രണ്ടുപേരേം ഒറ്റയ്ക്ക് വിട്ടാല്‍ ഇത്രയും നാള്‍ ശ്രദ്ധയോടെ നോക്കിയതെല്ലാം വൃഥാവില്‍ ആകുമല്ലോ എന്ന് വിചാരിച്ചു കോക്കു (ഇളയ സന്താനം) മൂന്നെ മുക്കാലിനു തന്നെ എണീറ്റു. അടുത്ത സന്തതി ഉണ്ടാകാതിരിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭനിരോധന മാര്‍ഗ്ഗം ആണ് അവന്‍ .
എന്തായാലും അവനെ പറ്റിച്ചു ഞങ്ങള്‍ പഠനമുറിയില്‍ എത്തി. ഞാന്‍ പതുക്കെ ലാപ് ടോപ് ഓണ്‍ ചെയ്തു ഒരു സിഡി അതില്‍ ഇട്ടു. ഇതിയാന് രാവിലെ എന്നാത്തിന്റെ സൂക്കേടാ എന്നാ സംശയത്തില്‍ അവള്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞു ഇത് യോഗായുടെ സിഡി ആണ്.
പ്രകൃതി രമണീയമായ ആലപ്പുഴയുടെ തീരത്തിരുന്നു ശില്പാ ഷെട്ടി യോഗാ പഠിപ്പിക്കുന്നു. ഞാന്‍ ആത്മാര്‍ഥമായി ശില്‍പ്പ ഷെട്ടിയെ നോക്കി പഠിക്കാന്‍ ശ്രമിച്ചു. എന്റെ ഭയങ്കരമായ ശ്രദ്ധ കണ്ടപ്പോള്‍ ഭാര്യക്ക് അതത്ര ഇഷ്ടപെട്ടില്ല. അല്ലേലും ഒരു പട്ടിക്ക് വേറൊരു പട്ടിയെ കാണരുതല്ലോ. നമ്മക്ക് വല്ല എക്സര്സൈസും ചെയ്യാം എന്ന് പറഞ്ഞു അവള്‍ സ്കൂളിലെ ഡ്രില്‍ പീരിയഡില്‍ ചെയ്തിരുന്ന കൈ കറക്കല്‍ ഒക്കെ ചെയ്തു. പഴയ കരാട്ടെ കുംഫൂ ഗുരുക്കളേയും ബ്രൂസ് ലീ ബാബു ആന്റണി തുടങ്ങിയ വീരന്മാരെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ അവളെ നല്ല എക്സര്സൈസുകള്‍ പഠിപ്പിക്കുകയും സ്വയം ചെയ്യുകയും ചെയ്തു.
പഠനമുറിയില്‍ വെളിച്ചം കണ്ടു അമ്മ അടുക്കളയില്‍ പോയി ഒരു കട്ടന്‍ ഒക്കെ അനത്തി. ഈ വയസാന്‍ കാലത്തും വെളുപ്പിനെ കുത്തിയിരുന്നു പഠിക്കുന്ന മകന് ഒരു ഗ്ലാസ് കട്ടനുമായി ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അമ്മ.
വയറു കുറക്കാനുള്ള എക്സര്‍സൈസ് കട്ടിലില്‍ കിടന്നു ചെയ്തിട്ട് കിതച്ചു കിടക്കുന്ന എന്നെയും ഭാര്യയേയും കണ്ടു അമ്മ ഞെട്ടി. കിതപ്പോടെ ഞാനും ഭാര്യയും ഒരു വളിച്ച ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഞങ്ങള്‍ രാവിലെ ഇത്തിരി എക്സര്‍സൈസ് ചെയ്യുവാ......
ഉവ്വ ഉവ്വ..... കൊച്ചു വെളുപ്പാന്‍ കാലത്ത് കട്ടിലില്‍ മലന്നു കിടന്നല്ലേ എക്സര്‍സൈസ് ചെയ്യുന്നേ.....