നിറം
>> Friday, March 22, 2024
കറുപ്പിനാണോ വെളുപ്പിനാണോ അതോ ഇനി നീല പച്ച ചുവപ്പ് ഇതിലെതിനാണ് സൗന്ദര്യം എന്നുള്ളതൊക്കെ ആപേക്ഷികം ആയിരിക്കാം. ഒരു വെളുത്ത സുന്ദരി, പെറ്റ തള്ള പോലും സഹിക്കുന്ന ഒരാൾ, സമൂഹത്തിൽ പ്രസിദ്ധനായ മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചു പറഞ്ഞതിന് ശേഷം വന്നിരുന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു.
ആ സ്ത്രീക്ക് ചാലക്കുടിയിൽ ഉള്ള കറുത്ത നിറമുള്ള വേറൊരു നൃത്താദ്ധ്യാപകന്റെ പേരോ ചിത്രമോ ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ ഇരുന്നുള്ള ആ മെഴുകൽ ചിലപ്പോൾ കുറഞ്ഞേനേ. എത്ര അപഹാസ്യമാണ് അവരുടെ വാചകങ്ങളും ചേഷ്ടകളും. ഇനി അതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുമോ ആവോ?
പ്രമുഖ മനഃശാസ്ത്രജ്ഞൻ ശ്രീ വാഴക്കാവരയൻ അതിനെക്കുറിച്ചു ഇങ്ങനെ അഭിപ്രായപ്പെട്ടു.
ഒരു പ്രായം കഴിയുമ്പോൾ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഒരു 35 വയസ്സുമുതൽ 45 വയസ്സുവരെ ആണ് സാധാരണ ഒരാളുടെ ഏറ്റവും നല്ല പ്രായം. അവരുടെ കഴിവുകൾ അവരുടെ തന്നെ എക്സ്പെരിയെൻസും ആയി ഇഴകിച്ചേർന്ന് അവരുടെ പെർഫോമൻസിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും അതിനിടയിൽ ( ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ).
ആ പ്രായം കടന്നതിനു ശേഷം ഉള്ളവരുടെ പെരുമാറ്റത്തിൽ പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സ്വയം പുകഴ്ത്തലും മറ്റുള്ളവരെ കുറ്റം പറച്ചിലും. ഏതോ ഒരു നൃത്തദ്ധ്യാപിക ഒരിക്കൽ ഇങ്ങനെ മറ്റൊരാളെ കളിയാക്കിയിരുന്നു, അവരുടെ പ്രശ്‍നം ഒന്ന്പഠിച്ചു നോക്കിയപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസിലായത്.
ആയ കാലത്തു ലാസ്യ ഭംഗിയും സൗന്ദര്യവും കൈമുതലായി ഉള്ള സമയത്തു ആളുകൾ അവരുടെ പുറകെ മണത്തു നടന്നിരുന്നു. അതവരെ ഉന്മാദാവസ്ഥയിൽ എത്തിച്ചിരുന്നു. കാലം മാറി കോലം മാറിയപ്പോൾ മറ്റുള്ളവരുടെ മണപ്പിക്കൽ കുറഞ്ഞപ്പോൾ മാനസികമായി സമ്മർദ്ദം ഉണ്ടാകുകയും, തദ്വാരാ മറ്റുള്ളവരെ പുലഭ്യം പറയുന്നത് അവർക്കൊരു ആശ്വാസം ആകുകയും ചെയ്തു. അവരുടെ ഉള്ളിൽ തുളുമ്പിവന്നിരുന്ന അസൂയ കുശുമ്പ് വെറുപ്പ് അപകർഷതാബോധം ഇതൊക്കെ രൂപമാറ്റം സംഭവിച്ചു പുറത്തേക്ക് ദുർഗന്ധം വമിപ്പിച്ചു വന്നുകൊണ്ടേയിരുന്നു. പൊതിഞ്ഞു വെച്ചിരിക്കുന്ന മാലിന്യത്തിന്റെ മൂടി തുറക്കുമ്പോളത്തെ ഒരു വിഷവാതകത്തിന്റെ പരക്കൽ ആയി ഇതിനെ കണ്ടാൽ മതി.
ഇത് ആ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായം ആണ്, പഠിപ്പും വിവരവും ഒക്കെ ഉള്ളവരല്ലേ, ചിലപ്പോൾ നേരായിരിക്കും.
ചുറ്റും നോക്കിയപ്പോൾ എനിക്കും അതിന്റെ ലാഞ്ചന കാണിക്കുന്ന പലരെയും കാണുവാൻ സാധിച്ചു. ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ തിരിച്ചറിവ് ഉണ്ടായത്, ദൈവമേ എനിക്കും 45 കഴിഞ്ഞിട്ട് ഇത്തിരി വർഷം കഴിഞ്ഞല്ലോ..... പക്ഷെ ബുദ്ധിയും ശരീരവും പതുക്കെ വളർന്ന ഒരാളെന്ന സ്ഥിതിക്ക് കുറച്ചു കൂടെ കിട്ടുവോ ആവോ....