50 വയസ്സിന്റെ നിറവിൽ
>> Monday, December 30, 2024
50 വയസ്സിന്റെ നിറവിൽ
അങ്ങനെ ഈ മനോഹര ഭൂമിയിൽ നീണ്ട അമ്പതു വർഷങ്ങൾ ജീവിക്കാൻ സാധിച്ച ഒരു ഭാഗ്യവാനായി തീർന്നു ഞാൻ. ഇനിയുള്ള കാലങ്ങൾ ഒരു ബോണസ് ആയി കണ്ടുകൊണ്ട്, നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടികൾക്കും ഒരു ഭാരമായി തീരാതെ, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ എന്ന കൊച്ചു ആഗ്രഹം മാത്രം മുന്നിൽ.
ഈ നീണ്ട കാലയളവിൽ, എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള നിരവധി അനവധി നല്ല മനുഷ്യരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മ, ഒപ്പം കളിച്ചുവളർന്ന സഹോദരീ സഹോദരന്മാർ, എനിക്ക് വഴിതെളിച്ച അളിയന്മാർ, എന്നെ എന്തിനോ സ്നേഹിക്കുന്ന വാത്സല്യത്തോടെ കരുതൽ കാട്ടുന്ന ഭാര്യവീട്ടുകാർ, പിന്നെ എന്നുമെന്നും കൂടെയുള്ള എന്റെ സ്വന്തം ചങ്ക് കൂട്ടുകാർ. സ്നേഹം പ്രകടിപ്പിക്കാൻ അറിയാതെ സ്നേഹം വാരിച്ചൊരിഞ്ഞ കുറച്ചാളുകൾ, എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ പറ്റാതെ പോകുന്ന ചിലർ, അങ്ങനെ എന്റെ ജീവിതത്തിൽ എത്തി നോക്കിയ എത്രയോ പേർ. ഒരു പക്ഷെ എന്നെ ഒത്തിരി സ്വാധീനിച്ച എന്റെ വല്യപ്പൻ കുഞ്ഞുപ്പാപ്പൻ മുതൽ മരിച്ചു പോയ എന്റെ ചാച്ചയുടെ സ്ഥാനത്ത്, അവർ പോലും അറിയാതെ ഞാൻ ചേർത്ത് വെച്ച ഒത്തിരി വ്യക്തികളുണ്ട്. ഇൻസെക്‌യൂർ ആയ ഒരു മനസിന് പല രീതിയിൽ സ്വാന്തനമേകിയ, അവർ പോലുമറിയാതെ ഞാൻ തോളത്തു ചാരിയ കുറെയേറെ ആളുകൾ. അവരിൽ അങ്കിളുമാർ, കസിൻസ്, കൂട്ടുകാർ എന്ന് തുടങ്ങി വെറുതെ കണ്ടുമുട്ടി ആത്മബന്ധത്തിലേക്ക് മാറിയ ആളുകൾ വരെയുണ്ട്. എല്ലാവരോടും സ്നേഹവും നന്ദിയും കടപ്പാടും മാത്രം....
ഈ കാലയളവിൽ ഞാൻ ജീവിച്ച വീടുകൾ 32 (ഏറ്റവും കൂടുതൽ ജീവിച്ച സ്ഥലം എന്റെ അമ്മവീടായ പൈകക്കടുത്തുള്ള നരിതൂക്കിൽ), 8 സ്‌കൂളുകൾ, 2 വേദപാഠക്ലാസിന്റെ സ്‌കൂളുകൾ, 4 കോളേജുകൾ, 10 ജോലിസ്ഥലങ്ങൾ, ഇപ്പോൾ കുറച്ചു കച്ചവടങ്ങൾ. എത്രയോ ആളുകളുമായി പരിചയപ്പെടുവാനും സുഹൃത്തുക്കളാകുവാനും സാധിച്ചതും, മഹാ ഭൂരിപക്ഷം ആളുകളിൽ നിന്നും സ്നേഹം അനുഭവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.
എനിക്ക് ലഭിച്ച സ്നേഹം കുറച്ചുപേരിലേക്കെങ്കിലും പകർന്നു കൊടുക്കാനും, ചില ജീവിതങ്ങൾക്ക് ഒരു സഹായഹസ്തമാകാനും സാധിച്ചിട്ടുണ്ടാവണം.
ഈ അൻപതുവർഷങ്ങളുടെ ആദ്യപകുതിക്കു ശേഷം, ജീവിതത്തെ വളരെ സന്തോഷത്തോടുകൂടി കാണുവാൻ ശ്രമിച്ചതിനാൽ, ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും സന്തോഷവാനായ ഒരു മനുഷ്യനായി ഞാൻ മുൻപോട്ടു പോകുന്നു.
ഇനിയുള്ള കുറച്ചുകാലം, ഓരോ ദിവസവും എനിക്കുള്ള നല്ല ദിനങ്ങളെന്നു കരുതി, എന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യയുടെകൂടെ അവൾ പോകുന്നതിനു മുമ്പ് അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന ആഗ്രഹം മാത്രം. കുട്ടികൾ, അവർ ജീവിച്ചുകൊള്ളും. അവർ ഇന്നേവരെ എനിക്ക് നൽകിയ സ്നേഹത്തിൽ ഞാൻ പരിപൂർണ്ണ തൃപ്തനാണ്. ഇനി അവർ അവരുടെ ജീവിതം ഒക്കെ നയിക്കട്ടെ, സന്തോഹത്തോടു കൂടി ജീവിക്കട്ടെ, അവരുടെ പ്രണയവും പഠനവും കരിയറും ഒക്കെയായി. തുമ്പിയും കുഞ്ഞേപ്പും ചിലപ്പോൾ ഒരു പത്തുവർഷം കൂടി കൂടെയുണ്ടാവും എന്ന ചെറിയ ആശ്വാസം ഉണ്ട്.
എന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു മനുഷ്യനോട് പോലും പിണങ്ങാതെ, ഒരാളുടെപോലും വെറുപ്പ് വാങ്ങാതെ, ഈ ഭൂമിയിൽ അലിഞ്ഞു തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ചങ്ങനാശ്ശേരി മതുമൂലയിലെ വടക്കുംമുറി കുടുംബത്തിൽ ജനിച്ചു ഏകദേശം നാല്പത്തിരണ്ടു വർഷങ്ങൾക്ക് മുമ്പ് പൈകയിലെത്തി പാതി നരിതൂക്കിൽ ആയി, ഒരു ശരാശരി പാലാക്കാരനായി ജീവിച്ച എനിക്ക്, ഇന്ന് ലോകത്തേതു സ്ഥലവും സ്വന്തം.....
ഈ സുന്ദരഭൂമിയിൽ, ഈ സ്വർഗത്തിൽ തന്നെ ജീവിക്കണം. വാർദ്ധക്യം ഒരു ബാധ്യതയാകും മുമ്പ് പോകണം. എല്ലാവരും എന്നെ ഒത്തിരി സ്നേഹിക്കണം, ഞാൻ നല്ല മനുഷ്യനെന്ന് കുറച്ചുപേരെങ്കിലും ഉള്ളിൽ തൊട്ടു പറയണം. ഞാൻ എന്ന എന്റെ ചിന്തയെ ഇനി കുറച്ചു കുറക്കണം, അത്രയൊക്കെയേ ഉള്ളൂ എന്റെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ....
എല്ലാവരോടും സ്നേഹത്തോടെ.....