ഞാനൊരു പാവം പാലാക്കാരന്‍

ദുർമേദസ്

>> Tuesday, January 6, 2026

ഈ ഡിസംബറിൽ പിറന്നത് ശക്തമായ ചില തീരുമാനങ്ങളുമായാണ്. കള്ളുകുടിക്കില്ല, നാട്ടിൽ പിള്ളേരുമായി കൂടുതൽ സമയം ചെലവഴിക്കണം, പ്രായമായ ബന്ധുമിത്രാതികളെ ഒക്കെ കാണണം അങ്ങനെ കുറെ പ്ലാനും പദ്ധതിയും. അതിൽ പ്രധാനം ആരോഗ്യപരിപാലനം ആൻഡ് മദ്യപാന നിയന്ത്രണം.

എട്ടാം തീയതി നാട്ടിലേക്ക്, എയർപോർട്ടിൽ വെച്ച് എട്ടുവർഷം കൂട്ടിലിട്ട സിംഗിൾ മാൾട്ട് പൊട്ടിച്ചടിച്ചു ആദ്യത്തെ പ്രതിജ്ഞ പൊട്ടി. എന്നിട്ടും കംപ്ലീറ്റ് വിട്ടില്ല, വീട്ടിൽ തന്നെ കഴിവതും കൂടി, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, നല്ല പിള്ളയായി പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ഘോഷിച്ചു. അങ്ങനെ ജനുവരി ആയി. തിരിച്ചു പോകാറായി.

മലന്നു കിടന്ന് മൊബൈലിൽ ഞോണ്ടിക്കൊണ്ടിരുന്ന എന്റെ വയറ്റിൽ കയറി ഇരുന്നു കുഞ്ഞേപ്പ് പറഞ്ഞു, ചാച്ചേടെ വയറു അമ്മേടെ വയറിനേക്കാൾ വലുതായല്ലോ എന്ന്. വണ്ണത്തിന്റെ പേരിൽ അവളെ എന്നും ബോഡി ഷെയിമിങ് നടത്തുന്ന എനിക്കിട്ട് തിരിച്ചൊരെണ്ണം കിട്ടിയ സന്തോഷത്തിൽ ഭാര്യയും കൂടെ കൂടി. അഞ്ചുപെറ്റ എന്റെ വയറിനേക്കാൾ മടക്കാണല്ലോ ചാച്ചക്കിപ്പോൾ. ശരിയാണ്, വയറിന്റെ അടിയിൽ ഒരു മടക്കു വരെ രൂപപ്പെട്ടു.

ഏറ്റവും പ്രയാസം ഷഡി ഇടാനാണ്, പട്ടി മുള്ളാൻ നിക്കുന്നപോലെ കഷ്ടിച്ച് നിന്ന് ഒരു കാലിൽ ഇടും. പിന്നെ കട്ടിലിൽ മലന്നു കിടന്നു കാലുപൊക്കി വേണം അടുത്ത തുളയിൽ കാലിടാൻ. അങ്ങനെ ഓരോരോ കഷ്ടപ്പാടുകൾ. എന്തായാലും പതിവുപോലെ മെഡിക്കൽ ചെക്കപ്പിനായി മാർ സ്ലീവായിലേക്ക് പോയി.

നാല്പതാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച അപ്പൻ, സോ ഫാമിലി ഹിസ്റ്ററി കോളം ടിക് അടിച്ചു. ഇരുപത് വർഷം മുമ്പ് നടത്തിയ കൊളസ്‌ട്രോൾ പരിശോധനയിൽ ട്രൈഗ്ലിസറൈഡ് എഴുന്നൂറ്റി ചില്വാനും (കൂട്ടത്തിൽ നോക്കിയ മച്ചുവിന് അതിൽ കൂടുതൽ ഉണ്ടായിരുന്നത്കൊണ്ട് ആശ്വാസം). രണ്ടാമത്തെ കോളവും ടിക്. തൂക്കം തൊണ്ണൂറ്റിമൂന്ന്, അടുത്ത കോളവും ടിക്. നിനക്കെപ്പോ അറ്റാക്ക് വന്നു എന്നു ചോദിച്ചാൽ മതി എന്ന ചോദ്യം കേൾക്കാൻ തുടങ്ങി വർഷങ്ങളായി.

ആദ്യമൊക്കെ എന്റെ ഹീറോ മോഹനൻ വൈദ്യൻ, മരുന്നൊക്കെ എന്റെ പട്ടി കഴിക്കും. കറന്നെടുത്ത പശുവിൽ പാലിൽ ഉറയൊഴിച്ചു തൈരാക്കി, അതിനെ കടഞ്ഞെടുത്തു മോരാക്കി, അതിൽ കാന്താരിയും കറിവേപ്പിലയും ഇട്ടുവെച്ചു പിറ്റേദിവസം പല്ലുപോലും തേക്കുന്നതിനു മുമ്പ് വെറും വയറ്റിൽ സേവിച്ചവനാണ് ഞാൻ. വായിൽ രാത്രിയിൽ പാത്തിരുന്നു വളരുന്ന ബാക്ടീരിയ വയറിനു നല്ലതാണ് എന്ന് പണ്ട് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടത്രെ. ഇന്നിപ്പോൾ വയറ്റിലെ ചത്തുപോയ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ ഒരു കെട്ട് കാശുകൊടുത്തു പ്രോബയോട്ടിക് ഒക്കെ വാങ്ങി തിന്നുന്ന മനുഷ്യരെ കാണുമ്പോൾ എന്റെ ആയുർവേദത്തെ ഞാൻ ഇപ്പോളും ചുമ്മാ നമിക്കും.

പിന്നെ സദ്ഗുരു, കുറെ മുറി വൈദ്യന്മാർ, മുറി ശാശ്ത്രജ്ഞർ ഒക്കെ തുടങ്ങി അവസാനം അഗസ്റ്റസ് മോറിസിലും രവിചന്ദ്രനിലും ഒക്കെ എത്തി നിക്കുന്ന ഞാൻ ആധുനിക ശാസ്ത്രത്തിന്റെ ബഹുമാനിച്ചു തുടങ്ങി.അതിനാൽ എപ്പോൾ നാട്ടിൽ വന്നാലും ചെക്കപ്പ് നടത്തി ഉടനെ അറ്റാക്ക് വരില്ല എന്നുറപ്പിക്കും, പിന്നെ മൂന്നു മാസം അർമാദിച്ചു തിന്നും.

എന്നാൽ ഈ പ്രാവശ്യം ജീവിതം ഇത്തിരി ചിട്ടയാക്കിയില്ലേൽ കോഞ്ഞാട്ടയാകും എന്ന് മനസിലായി. കാർഡിയാക് ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഷുഗർ ബോഡറാണ്, ലിവർ വീർത്തു തുടങ്ങി, ഇനി നോക്കിയേ പറ്റൂ. ഇസിജി, ട്രെഡ്മിൽ, എക്കോ ഇതൊക്കെ കഴിഞ്ഞ പ്രാവശ്യം നോക്കിയതുകൊണ്ടു ഒരു പുതിയ ടെസ്റ്റ് ഈ പ്രാവശ്യം തന്നു, കാൽസ്യം സ്കോർ നോക്കാൻ.

കാര്യം കാശിത്തിരി പോകുമെങ്കിലും അവിടെ പോയി ഒറ്റയ്ക്ക് കിടക്കുമ്പോൾ രാത്രിക്കു കാഞ്ഞുപോകുമോ എന്ന പേടി ഇത്തിരി കുറക്കാമല്ലോ എന്ന് കരുതി അതിനു റെഡിയായി.പെണ്ണുങ്ങളുടെ നൈറ്റി പോലെ ഒരു ഡ്രസും ഇട്ട് അവിടെ വെയിറ്റ് ചെയ്‌തപ്പോൾ ഒരു ഏഴു വയസുകാരൻ കൊച്ചും അമ്മയും കൂടി അവിടെ വന്നു.

കൊച്ചിന്റെ കയ്യിൽ ഒരു കുഞ്ഞു ലാൻഡ് ക്രൂയിസർ ടോയ് ഉണ്ട്. വയസ് അമ്പത് കഴിഞ്ഞെങ്കിലും വണ്ടി കണ്ടാൽ എന്റെ മനസിലെ കുട്ടി ഉണരും. വെറുതെ ആ കൊച്ചിനെ നോക്കി ചിരിച്ചു വണ്ടി എടുത്തോട്ടെ എന്നൊക്കെ ചോദിച്ചു കളിപ്പിച്ചു നിന്നപ്പോൾ അവരുടെ ടെസ്റ്റിന്റെ ഊഴമെത്തി. ആ കുഞ്ഞിന്റെ നെറ്റിയിൽ ഒരു കുരിശുവരച്ചു അമ്മ അവനെ അകത്തേക്ക് കടത്തിവിട്ടു. ഞാൻ ചോദിച്ചു എന്താണ് മോന് പറ്റിയത്. അവർ പറഞ്ഞു, ബ്രെയിൻ ട്യൂമർ. വേദനയും ദൈന്യതയും നിറഞ്ഞ ആ കണ്ണുകളിലേക്ക് എനിക്ക് പിന്നെ നോക്കാൻ കഴിഞ്ഞില്ല.

വെറുതെ തിന്നും കുടിച്ചും അർമാദിച്ചും കൊളസ്ട്രോളും ഷുഗറും ഉണ്ടാക്കി ഹോസ്പിറ്റലിൽ കയറി നടക്കുന്ന ഞാനൊക്കെ എന്തൊരു ജന്മമാണെന്ന പുച്ഛം തോന്നി. കുറ്റബോധത്തോടെ തലകുനിച്ചുരുന്ന എന്റെ അടുത്ത കസേരയിൽ അവൻ കളിച്ചുകൊണ്ടിരുന്ന ലാൻഡ് ക്രൂയിസർ അപ്പോളും ഇരിക്കുന്നുണ്ടായിരുന്നു.

Read more...

Messi - കേരളത്തിൽ വരുമോ ?

>> Wednesday, December 17, 2025



മെസി കേരളത്തിൽ വരുമോ എന്ന ചോദ്യവുമായി മരം മുറിക്കാനൊന്നും പോകാൻ എനിക്ക് സമയമില്ല. ഇവിടെ ലോക്കൽ കളങ്ങളിൽ തായം കളിച്ചു നില്ക്കാൻ താല്പര്യവുമില്ലാത്തതു കൊണ്ട്, പണ്ടത്തെ ഗതികിട്ടാ ജന്മങ്ങൾ ഒക്കെ ഒളിച്ചോടി വന്മരങ്ങൾ ആയ ബോംബേയിലേക്ക് ( ഇന്നത്തെ മുബൈ അത്ര ഗുമ്മില്ല) നേരെ വിട്ടു, ഇന്നലെ രാത്രിക്കു തന്നെ.

ദുബായിയിൽ എന്നോട് വളരെ സ്നേഹം ഉള്ള നല്ലവനായ ഒരു രാജകുമാരൻ ആയ ഷെയ്ഖ് ജെമിനി അൽ സിറിയക് എനിക്ക് മെസ്സിയെ കാണാനുള്ള ഒരു അവസരം ഉണ്ടാക്കി തന്നു. മെസ്സിയുടെ മാനേജരുടെ ക്ഷണപ്രകാരം ഞാൻ അദ്ദേഹത്തെ കാണാനായി മുംബൈയിൽ ചെന്നു. 

പലരുടെയും കൂടെ നിന്ന്, കുറച്ചകലെ നിന്ന് എങ്കിലും ഒന്ന് നേരിൽ കാണണം, അദ്ദേഹത്തിന്റെ ഇടം കാലിൽ ഒന്ന് സ്പര്ശിക്കണം പറ്റുമെങ്കിൽ അദ്ദേഹത്തെ ശല്യപ്പെടുത്താതെ ഒരു ഫോട്ടോ എടുക്കണം. അത്രയൊക്കെയേ ഉള്ളൂ മോഹങ്ങൾ. 

പക്ഷെ വളരെ ഒതുക്കത്തിൽ ഒട്ടും തന്നെ ഇടിച്ചു കയറാതെ മര്യാദക്ക് നിക്കുന്ന മാന്യനായ എന്നെ മെസ്സി യുടെ കൂടെ നിൽക്കുന്ന ഡി പോൾ പ്രത്യേകം ശ്രദ്ധിച്ചു, മെസ്സിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. പെട്ടെന്ന് മെസ്സി എന്നെ നോക്കി ചിരിച്ചു,  കൈപൊക്കി ഇങ്ങോട്ടു വാ എന്ന് കാണിച്ചിട്ട് പറഞ്ഞു.  "Hola, Sr. Sinoj. Valoro sinceramente sus evaluaciones realistas y sus comentarios reflexivos sobre mi juego, así como su clara comprensión y percepción del fútbol." എന്ന് പറഞ്ഞാൽ നിങ്ങളിൽ  സ്പാനിഷ് അറിയിതില്ലാത്തവർക്ക് വേണ്ടി ഞാൻ ഇംഗ്ലീഷിൽ പറയാം. (Hello Mr. Sinoj, I genuinely value your realistic assessments and thoughtful comments on my game, along with your clear understanding and perception of football).

മെസ്സിയുടെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ലക്ഷക്കണക്കിന് വരുന്ന കമന്റുകളിൽ നിന്ന് എന്റെ കമന്റ്സ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട് മെസ്സി എന്നും, അതിനു വലിയ വിലകൊടുക്കാറുണ്ട് എന്നും. എനിക്കങ്ങു നാണം വന്നു. എന്നെ കെട്ടിപിടിച്ചു ചേർത്ത് നിർത്തി അദ്ദേഹംചോദിച്ചു, മക്കളിൽ ആരെയെങ്കിലും ഒരാളെ ഫുട്‍ബോൾ താരം ആക്കുമോ? ഞാൻ പറഞ്ഞു, "എന്ത് ചെയ്യാനാ എന്റെ മെസ്സി, ഏറ്റവും ഇളയതിനെ എങ്കിലും ഒരു സ്‌പോർട്സ് താരം ആക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആർക്കും വലിയ താല്പര്യം കാണുന്നില്ല." അങ്ങനെ രണ്ടു കവിൾ സംസാരിച്ചു, മെസ്സിയുടെ കൂടെ പെറോട്ടയും പോത്ത് ഉലത്തിയതും കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോന്നു. ആരോഗ്യത്തിൽ ശ്രദ്ധയുള്ളതുകൊണ്ടു മെസ്സി ഒരു പെറോട്ടയെ കഴിച്ചുള്ളൂ, പക്ഷെ പോത്ത് തേങ്ങാക്കൊത്ത് ഇട്ട് വെളിച്ചെണ്ണയിൽ ഉലത്തിയത് പുള്ളിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ റെസിപ്പീ അയച്ചുകൊടുക്കാം എന്ന് സുവാരസിനോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെ രാവിലെ ആണ് തിരിച്ചു വീട്ടിൽ എത്തിയത്. പണ്ട് ഞാനൊക്കെ ചെറുപ്പത്തിൽ പൈക കുരിശുപള്ളി മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ ഫുട്‍ബോൾ വേണോ ക്രിക്കറ്റ് വേണോ എന്ന കൺഫ്യൂഷൻ കാരണം മാതാവിനും കൺഫ്യൂഷൻ ആയി, രണ്ടും കിട്ടാതെ പോയ ആളാണ്. വേൾഡ് കപ്പ് നു പകരം കുറച്ചു ഗപ്പുകൾ കിട്ടിയത് വീട്ടിൽ ഉണ്ട്. എല്ലാവനും വല്ല X ബോക്സിലും മറ്റും കളിക്കാനും കളി കാണാനും ഇഷ്ടമാണ്. മെനക്കെടാൻ ഒരുത്തനും താല്പര്യം ഇല്ല.

അവസാനത്തെ തരിയോട് നിനക്കെന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ (വല്ല ഡോക്ടറോ, എഞ്ചിനീയറോ, പൈലറ്റോ മറ്റോ പറയും എന്ന് വെറുതെ പ്രതീക്ഷിച്ചു) അവൾ പോലും പറയുവാണ്‌, എനിക്ക് കല്യാണം കഴിച്ചു എന്റെ ചേട്ടന്റെ കൂടെ കുറച്ചു പിള്ളേരും ആയി ജീവിച്ചാൽ മതിയെന്ന്. 

എല്ലാത്തിനെയും കലിപ്പോടെ രാവിലെ തന്നെ സ്‌കൂളിൽ പറഞ്ഞു വിട്ടു, ഭാര്യയോട് ഒതുക്കത്തിൽ ഒന്ന് പറഞ്ഞു " എടീ, മെസ്സി ഒരാഗ്രഹം പറഞ്ഞാരുന്നു. ഇപ്പോൾ ഉള്ള പിള്ളേർക്കൊന്നും ഫുട്‍ബോൾ കളിയ്ക്കാൻ താല്പര്യം ഇല്ല, എന്നാ ചെയ്യുമെടീ...?"


ശേഷം ശുഭം....



Read more...

പൈക പെരുന്നാൾ - ഒരോർമ്മ

>> Wednesday, December 3, 2025

പൈക പെരുന്നാൾ - ഒരോർമ്മ

സകല തന്ത വൈബുകാരെയും പോലെ ഞാനും ആലോചിക്കുമ്പോൾ പഴയ പെരുന്നാൾ ആയിരുന്നു പെരുന്നാൾ. അന്നത്തെ ആ ഒരു കൂട്ടായ്മയും ആഘോഷവും ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നാണ് എന്റെ ഉത്തരം, ഒരു പക്ഷെ പുതിയകാലത്തിന്റെ തിമിർപ്പിലേക്ക് എനിക്കെത്തിനോക്കാൻ കഴിയാഞ്ഞിട്ടാവാം.

പൈക ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലം. പൈക പെരുന്നാളിന്റെ ഏറ്റവും ആകർഷണം അതിന്റെ തോരണം കെട്ട് ആണ്. തെക്കേ പന്തൽ മുതൽ വടക്കേ പന്തൽ വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വെളുത്ത തോരണം ഒരു മീറ്റർ ഗ്യാപ്പിൽ റോഡിനു വിലങ്ങനെ കെട്ടും, സൈഡുവഴി ചുവന്ന തോരണവും.  കാറ്റടിക്കുമ്പോൾ തോരണ ഇതളുകളുടെ കുഞ്ഞു ഇളക്കവും, പേപ്പറിന്റെ ഒരു കിരുകിരാ ശബ്ദവും, അതിന്റെ അടിയിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആ സുഖം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നമുക്ക് തന്നെ നാമൊരു രാജകുമാരൻ ആയി തോന്നുമായിരുന്നു. ( പെൺകുട്ടികൾ സിൻഡ്രല്ല രാജകുമാരി ആയിട്ടും)

അതിനായുള്ള ഒരുക്കങ്ങൾ വളരെ വലുതായിരുന്നു. ആഴ്ചകൾക്കു മുമ്പേ തന്നെ സ്‌കൂൾ ഗൗണ്ടിൽ കമ്പു നാട്ടി അതിൽ ചാക്കുനൂൽ വലിച്ചു കെട്ടും. ആദ്യം അതിൽ നല്ല ചൂട് മാവ് തേച്ചു പിടിപ്പിക്കും, ഒരു ഇളം നീല കളർ ഒക്കെ ഉള്ള അത് കാണുമ്പോൾ സത്യത്തിൽ ഒരു പിടി എടുത്തു കഴിക്കാൻ തോന്നും.  പിന്നെ വെള്ളയും ചുമലയും നിറത്തിൽ ഉള്ള തോരണങ്ങൾ. ഡ്രിൽ പീരിയഡിൽ കുട്ടികളും വൈകുന്നേരങ്ങളിൽ പട്ടികയിലെ കച്ചവടക്കാരും തൊഴിലാളികളും നാട്ടുകാരും എല്ലാം കൂടി ഒട്ടിച്ചു വെക്കും. എക്‌സ്‌പീരിയൻസ് ഉള്ള ചേട്ടന്മാർ അത് ഭംഗിയായി തോരണം ഉടയാതെ മടക്കി കെട്ടി വെക്കും. പിന്നെ പെരുന്നാളിന് മുമ്പുള്ള വ്യാഴാഴ്ച, അന്നാണ് പ്രധാന പരിപാടി. ആദ്യകാലങ്ങളിൽ  അലവാങ്കും കമ്പി പാരയുമായി റോഡിന്റെ സൈഡ് മുഴുവൻ കുഴികൾ കുഴിച്ചു കമുകിൻ തടികൊണ്ട് വന്നാണ് ഇട്ടിരുന്നതെങ്കിൽ പിന്നീട് അത് വീപ്പയിൽ കാറ്റാടി മരക്കമ്പുകൾ ആയി. ഒരു സൈഡിൽ കെ എം എസിന്റെ ഒരു ബസിന്റെ മുകളിൽ കയറി തോരണം കെട്ടുമ്പോൾ മറ്റേ സൈഡിൽ ഏണി വെച്ചുകെട്ടി വലിഞ്ഞു കയറി കെട്ടും. എനിക്കൊക്കെ ആകെ ബസിന്റെ ബെല്ലടിക്കാൻ കിട്ടുന്ന ഏക അവസരം. അടിച്ചു കൊതി തീർക്കും അന്ന് ഞങ്ങൾ പിള്ളേർ.

അന്നൊക്കെ പാലാ പള്ളിയിൽ പോയിട്ട് കേരളത്തിൽ ഒരുങ്ങി പള്ളിയിലും അങ്ങനെ ഒരു തോരണം കെട്ട് ഇല്ല എന്നാണ് ഞങ്ങൾ വിശ്വസിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ തിളങ്ങുന്ന തോരണവും ലൈറ്റും ഒക്കെയായി എല്ലാവരും മുമ്പിലായി, പൈകയിൽ ഇനിയിപ്പോൾ നടക്കുമോ എന്ന് പോലും സംശയം ആണ്. യേശുദാസ്, ചിത്ര, മമ്മൂട്ടി അങ്ങനെ പ്രഗത്ഭർ വന്നിരുന്നു അന്നൊക്കെ പെരുന്നാളിന്. ചെമ്പിളാവും കൊങ്ങാണ്ടൂരും രണ്ടു സെറ്റായി മത്സര വെടിക്കെട്ട്, ഗർഭം കലക്കിയും അമിട്ടും വാണവും മാലയും ഒക്കെയായി തിമിർപ്പ്. അമിട്ടിൽ നിന്നും കുടയൊക്കെ വരുന്നത് കാണുമോൾ ഒരു പാരച്യൂട്ട് പോലെ അതിൽ തൂങ്ങി ഒന്ന് കറങ്ങാൻ തോന്നിയിരുന്നത് എനിക്ക് മാത്രമാണോ ആവോ? പിന്നെ പൊൻകുന്നം മത്തായിയുടെയും പല പ്രഗത്ഭരുടേയും ഒക്കെയായി ചെണ്ടമേളം, ബാന്റുമേളം, ഇതിന്റെ എല്ലാം കൂടെ നെഞ്ചുവിരിച്ചു നാട്ടിലെ ചേട്ടന്മാരുടെ എല്ലാം നിയന്ത്രിച്ചുള്ള നടപ്പ്, ശബരിമല വണ്ടികളുടെ തിരക്ക്...... എല്ലാം മനസ്സിൽ ഇങ്ങനെ മിന്നി തെളിയുന്നു...

അവസാനം വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ, നേർത്ത മഞ്ഞിൽ നക്ഷത്രങ്ങൾ മാത്രം പുഞ്ചിരിച്ചു നിൽക്കുന്ന വീടുകൾ. എന്തൊരു സുന്ദര ഓർമ്മകൾ. 

ഇനി വരുന്നൊരു തലമുറക്ക് ...

ഇതൊക്കെ കൂടാൻ സാധ്യമോ  ...

Read more...

തലവേദന

>> Sunday, September 28, 2025

തലവേദന 

 കഴിഞ്ഞ ദിവസം വീഡിയോ കോൾ  ചെയ്തു സൊള്ളികൊണ്ടിരുന്നപ്പോൾ വെറുതെ ഒരു രസത്തിനു പിള്ളേരെ ഒന്ന് കിള്ളി. ജെൻ സീ യും ജെൻ ആൽഫയും എല്ലാം വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് പുതിയ കാലഘട്ടത്തിൽ എങ്ങനെ കുട്ടികൾ ലോകത്തെ കാണുന്നു നോക്കാമല്ലോ, അത് കൗതുകരമാണല്ലോ. 

ഏറ്റവും പീട്ടക്കാ ആയ തുമ്പിയോട് തന്നെ ചോദിച്ചു, എടീ നിനക്ക് റിയൽ ആയിട്ടുള്ള ചാച്ചയെ ആണോ അതോ വിർച്യുൽ ആയിട്ടുള്ള ചാച്ചയെ ആണോ ഇഷ്ടം? അവൾ ആദ്യം പറഞ്ഞു റിയൽ, ഞാൻ പിന്നെയും ഒന്ന് കിള്ളി. ഇപ്പൊ ചാച്ചാ റിയൽ ആയിട്ടുള്ളതാണെങ്കിൽ ചിലപ്പോൾ നിങ്ങൾ മൊബൈൽ യൂസ് ചെയ്യുമ്പോൾ വഴക്കു പറയും, ഇടയ്ക്കു ടെൻഷൻ ഉള്ളപ്പോൾ മോന്ത വീർപ്പിച്ചു ഇരിക്കും,  പിന്നെ വിയർപ്പ് നാറ്റം ഈത്താ ഒലിപ്പ്‌ തുടങ്ങിയ കാര്യങ്ങൾ, കള്ള് കുടിച്ചാലുള്ള ഉപദേശവും കഥകളും, അങ്ങനെ എത്രയോ പ്രശ്നങ്ങൾ ഉണ്ട്? ഇങ്ങനെ ആണെങ്കിൽ കുഴപ്പമില്ലല്ലോ? അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു, അതും ഒരു കണക്കിന് ശരിയാണ്. 

അപ്പോളേക്കും ഞങ്ങടെ ബോബനും മോളിയിലെ ബോബനായ കുഞ്ഞേപ്പ് ഇടയ്ക്കു കയറി പറഞ്ഞു.  "അങ്ങനാണേൽ വീഡിയോ കോളിനെക്കാളും നല്ലതു AI ചാച്ച ആണ്. ഞങ്ങൾക്കിഷ്ടമുള്ള രീതിയിൽ ചാച്ചയെ കാണാല്ലോ". മിടുക്കനാ അവൻ, ചാറ്റ് GPT യോട് ജെൻഡർ വരെ ചോദിച്ചവനാ. ഒരു പക്ഷെ അതായിരിക്കാം ആൽഫ കിഡ്സ്.

കട്ടിലിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇവർക്കൊക്കെ നമ്മൾ ഒരു പ്രധാനിയല്ലാതെ വരുന്ന അവസ്ഥയെ എങ്ങനെ താങ്ങും ആവോ?  ശരിയാണ്, അവർക്ക് റിയൽ ആയി കാര്യങ്ങൾ കാണണമെന്ന് വലിയ താല്പര്യം ഇല്ല. ഈഫൽ ടവരോ, താജ് മഹാളോ, പിരമിഡുകളോ ഒന്നും അവർക്ക് ഒരു അട്രാക്ഷൻ അല്ലാതായി. എന്തിനു, എന്റെ ജെൻ സീ  ചെറുക്കൻ ഇവിടെ വന്നപ്പോൾ ബുർജ് ഖലീഫ പോലും അവനൊരു താല്പര്യമേ അല്ലായിരുന്നു. കാരണം നേരിട്ട് കാണുന്നതിലും നല്ല വ്യൂസ് അവരൊക്കെ പലതരം സൂപ്പർ ക്യാമറകളിൽ എടുത്ത വിഡിയോയിലൂടെ കണ്ടിട്ടുണ്ട്. ഐസ്‌ലാൻഡിലെ മഞ്ഞു അവിടെ പോയി -15 ഡിഗ്രി ഇൽ നിൽക്കാതെ റൂം ടെമ്പറേച്ചറിൽ അനുഭവിക്കാമെങ്കിൽ അതല്ലേ നല്ലത് എന്നായിരിക്കാം അവരുടെ ചിന്ത. അടിസ്ഥാനപരമായി വിർച്യുൽ ആൻഡ് റിയൽ വേൾഡ് ഡിഫറെൻസ് നമുക്കാണ്, അവർക്കത് കാണില്ല. 

ഒന്നാലോചിച്ചു നോക്കിക്കേ, അച്ഛനും അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരും ഒക്കെ ഇഷ്ടമുള്ള നിറത്തിൽ, രൂപത്തിൽ, മണത്തിൽ, വികാരത്തിൽ ഒക്കെ നമ്മുടെ ഇഷ്ടത്തിന് മാത്രം പെരുമാറുന്ന രീതിയിൽ കിട്ടുമെങ്കിൽ അതല്ലേ അവർക്ക് ഇഷ്ടപ്പെടുക? ബീറ്റാ കിഡ്സ് ആകുമ്പോൾ അത് വളരെ സാധാരണം ആകുമായിരിക്കാം. ഏതായാലും ഒരു പത്തു വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കാര്യം കട്ടപ്പൊക.

അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഓരോന്ന് കുത്തിപ്പൊക്കീട്ട് ടെൻഷൻ അടിച്ച് അവസാനം രണ്ടെണ്ണം അടിച്ചിട്ട് കട്ടിലിൽ കയറി കിടന്നു


ഇനിയുള്ള കാര്യങ്ങൾ പ്രായപൂർത്തിയായവർക്ക് വേണ്ടി ഉള്ളതുകൊണ്ട് ആവശ്യമുള്ളവർ മാത്രം വായിക്കുക. അങ്ങനെ രാവിലെ ഒരു ചെറിയ ആലസ്യത്തോട് കൂടി എഴുന്നേറ്റപ്പോഴാണ് ഒരു കൂട്ടുകാരൻറെ ഭാര്യയുടെ കോൾ.

"എടാ ഒന്ന് വേഗന്ന് ഈ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ, നിൻറെ കൂട്ടുകാരനെ എമർജൻസിയിൽ കയറ്റിയിട്ടുണ്ട്". ഞാൻ ചോദിച്ചു "എന്നാ പറ്റി?" അവൾ പറഞ്ഞു "അതൊക്കെ നീ വാ വന്നിട്ട് ഞാൻ പറയാം.."

രാവിലെ ടെൻഷനായി, വേഗം ഉടുപ്പും വലിച്ച് കേറ്റിയിട്ട് വണ്ടിയിൽ കയറി ട്രാഫിക് ഇടയിലൂടെ കുത്തിത്തിരിച്ച് ഒരൊറ്റ വിടീൽ. ഇനിയിപ്പം വല്ലതും സംഭവിച്ചാൽ ദൈവമേ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടിവരും? ബോഡി നാട്ടിൽ കയറ്റി വിടണം, അവളേം പിള്ളേരേം ഒക്കെ വിടണം, ദൈവമേ ഒന്നും സംഭവിക്കരുതേ.. എന്നൊക്കെ ആലോചിച്ചു  ടെൻഷൻ അടിച്ചു.

എന്താണ് പ്രശ്നം എന്നുള്ളത് അവളോട് പറയുന്നുമില്ല, അറ്റാക്ക് ആണോ സ്ട്രോക്ക് ആണോ അതോ ഇനി വല്ല ആക്സിഡൻറ് ആണോ ആകെ ഒരു വല്ലായ്മ. ചുമ്മാ കുളിമുറിയിൽ ഒന്ന് തെന്നി വീണാ മതിയല്ലോ

ഞാൻ ആശുപത്രിയിൽ എത്തി, ഓടി എമർജൻസിയിൽ ചെന്നു. അവൾ ടെൻഷനോട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്. ഞാൻ ചോദിച്ചു, "എന്നാടീ പ്രശ്നം". അവൾ പറഞ്ഞു "എംആർഐ ചെയ്യാൻ കേറ്റിയിരിക്കുകയാണ് . നീ വന്നേ" എന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി. എൻറെ ചെവിയിൽ വളരെ സങ്കടത്തോടുകൂടി പറഞ്ഞു "രാവിലെ ഒന്ന് സ്നേഹിച്ചു കൊണ്ടിരുന്നപ്പോൾ പറ്റിയത് ആണ്".

എനിക്കൊന്നും പിടികിട്ടിയില്ല, സാധാരണ ആളുകൾക്ക് ടെൻഷൻ വരുമ്പോൾ ആണ് സ്ട്രോക്കൊക്കെ വരുന്നത്. ഇതിപ്പോ സ്നേഹിക്കുന്നതിനിടയ്ക്കും സ്ട്രോക്ക് വരുമോ. എനിക്കാണേൽ സ്നേഹിക്കാൻ ആവേശം കൂടുതൽ ഉള്ള ആളാണുതാനും. 

അവൾ പറഞ്ഞു "എന്റെ പൊന്നു മനുഷ്യേനെ.. രാവിലെ ഇതിയാണ് ഒരു മോഹം, അങ്ങനെ സ്‌നേഹിച്ചു കൃത്യം സമയം ആയപ്പോൾ തലപൊട്ടിപോകുന്ന പോലെ വേദന വന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഒക്കെയായി തോന്നിയതുകൊണ്ട് നേരെ എമർജൻസിയിൽ കൊണ്ടുവന്നു. തലയിലേക്ക് രക്ത ഓട്ടം കൂടുതൽ വന്നപ്പോൾ വല്ല ഞരമ്പും പൊട്ടിയതാവുമോ ദൈവമേ..."

അവൾ ടെൻഷനിൽ ആണ്, പൊതുവെ മടിയനായ അവനാകെ രക്തം തലയിൽ കയറുന്നത് ഈ സമയത്തല്ലേ, അതുകൊണ്ടാരിക്കും അല്ലാതെ അവനൊരു ഞരമ്പൻ ഒന്നുമല്ലല്ലോ എന്നൊക്കെ ചളം അടിച്ചെങ്കിലും അവൾ ടെൻഷനിൽ തന്നെ ആയിരുന്നു.

അവസാനം അവനെ MRI ചെയ്തിടത്തു നിന്നും ഇറക്കി, ഞങ്ങൾ ഓടി ചെന്നു. ടെൻഷനടിച്ചു കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിയാണ് വരുന്നത്. എത്ര ഒതുക്കി വെച്ചിട്ടും അതെന്റെ മുഖത്തു പ്രകടമായിരുന്നു. അവൻ അവളോട് ചോദിച്ചു, "നീ ഇവനോട് കാര്യം പറഞ്ഞാരുന്നോ?" അവൾ ഒന്ന് നീട്ടി മൂളി.

പെട്ടെന്ന് ഡോക്ടർ വന്നു വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല, പേടിക്കേണ്ട വല്ല പ്രൈമറി ഓർഗാസമിക്  ഹെഡെക്ക് അല്ലെങ്കിൽ മൈഗ്രൈൻ വല്ലതും ആയിരിക്കും എന്ന് പറഞ്ഞു. ഞാനും അവളും കുറച്ചു റീലാക്സഡ് ആയി, ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒക്കെ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുന്നുണ്ട്. ഞാൻ തിരിച്ചിറങ്ങാൻ നേരം അവൻ ദേഷ്യത്തോടെ പറഞ്ഞു, "ചിരിച്ചോടാ മുതുമലരെ നീ... നിനക്കെങ്ങാനും ആണ് ഈ അവസ്ഥയെങ്കിൽ ഒന്നാലോചിച്ചു നോക്ക്."

ഞാൻ വണ്ടിയിൽ കയറി  ഇരുന്നു വെറുതെ ആലോചിച്ചു നോക്കി. ഈ സ്ഥാനത്തു ഞാനായിരുന്നു എങ്കിലോ? എങ്ങാനും ഇങ്ങനെ സംഭവിച്ചു മരിച്ചു പോയിരുന്നു എങ്കിലോ?

പത്രത്തിലോ കുറഞ്ഞപക്ഷം ഓൺലൈൻ മാധ്യമങ്ങളിലോ വന്നേനെ ഒരു വാർത്ത. ഒറ്റക്കായതുകൊണ്ടു ഭാര്യയെ സ്നേഹിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ. പ്രത്യേക അവസ്ഥയിൽ തലയിൽ രക്തസ്രാവം കൂടി ഞരമ്പ് പൊട്ടിച്ചിതറി പ്രമുഖ വ്യവസായിയും പാലാ അസോസിക്കേഷന്റെ ദുഫായിലെ  പ്രസിഡന്റും ആയ വാഴക്കാവരയൻ അന്തരിച്ചു!. 

പണ്ടൊക്കെ രഹസ്യങ്ങൾ മൂടി വെക്കാൻ എളുപ്പമായിരുന്നു, കാശും സ്വാധീനവും ഉണ്ടെങ്കിൽ. ഇപ്പോളും ആ വ്യർത്ഥവിചാരത്തിൽ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും നുണപറഞ്ഞു വല്യ രഹസ്യക്കാർ ആയി ഇരുന്നിട്ട് സ്വന്തം വില കളയുന്ന ഒത്തിരി പേരെ എനിക്കറിയാം. ഇന്നിപ്പോൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നമ്മളറിയും മുമ്പേ വിദേശത്തിരിക്കുന്നവർ വരെ അറിയും. അപ്പോൾ ഇത്  കാട്ടുതീ പോലെ നാട്ടിൽ പരക്കും, അടക്കിനു വരുന്ന സകലരും ഊറി ചിരിക്കും. 

എന്റെ കൂട്ടുകാർ ഉൾപ്പടെ പലരും എന്റെ ശവശരീരത്തിനു മുമ്പിൽ നിൽക്കുമ്പോൾ അറിയാതെ ഊറിച്ചിരിക്കും. വല്ല രാഷ്ട്രീയ നേതാക്കളോ അല്ലെങ്കിൽ പള്ളീലച്ചനോ വല്ലതും എന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ ചിലപ്പോൾ ഭാര്യപോലും ചിരിച്ചു ഇതോർത്ത് പോകുമായിരിക്കാം. എന്റെ കുട്ടികളെ പോലും നാട്ടുകാർ കളിയാക്കുമായിരിക്കാം, ദേണ്ടെ മറ്റേ തലപൊട്ടിച്ചിതറി മരിച്ചുപോയ പുള്ളിയുടെ മകൻ എന്ന് പറഞ്ഞ്. ഭീകരം.....കോപ്പിലെ ഒരു ഓരോരോ സങ്കൽപ്പങ്ങൾ...

നേരെ മൊബൈൽ എടുത്തു ഒരു മെസ്സേജ് അയച്ചു, അളിയാ... ഐ ആം ദി സോറി... ഞാൻ ഇനി ഇതോർത്തു ചിരിക്കില്ല.....










Read more...

ഡിപ്രഷൻ

>> Sunday, September 21, 2025



അങ്ങനെ വീണ്ടും  കുറച്ചു ദിവസം നാട്ടിൽ. ദുബായിയുടെ കൊടും ചൂടും പൊടിയും പണികളും മാറ്റിവെച്ചു നാട്ടിലെ ഹരിതാഭയും പച്ചപ്പും. മഴയും ജോൺസൺ മാഷിന്റെ പാട്ടും കട്ടങ്കാപ്പിയും ഒക്കെയായിരുന്നു മനസിലെ പ്ലാൻ, പതിവുപോലെ കുറച്ചു ക്ലാരയും.



എന്തോ ശരിയായില്ല, മൊത്തം ഡിപ്രഷൻ മൂഡ്. പ്രായമെത്തിയതിന്റെ നിസംഗത അല്ലെങ്കിൽ  സെനൈൽ ഡെലിക്വൻസി ഒക്കെയായിരിക്കാം . പക്ഷെ ഒന്നിനും ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ. സോഷ്യൽ മീഡിയയിലും അല്ലാതെയും ഉള്ള ഉള്ള വാർത്തകളിലെ മുപ്പത്തഞ്ചും നാപ്പത്തഞ്ചും ഒക്കെയുള്ളവരുടെ മരണവാർത്തകൾ ഒരുതരം പ്രത്യേക മരവിപ്പ് ഉണ്ടാക്കുന്നു. മരിക്കാൻ പേടിയൊന്നും ഇല്ല, ഒരു മാതിരി പോകാൻ റെഡി ആയ ഒരു പ്രതീതി. 



ഉള്ള സമയത്തു കുട്ടികളുടെ കൂടെ കളിക്കണം, സമയം ചെലവഴിക്കണം എന്നൊക്കെയുണ്ട്, പക്ഷെ മൊത്തത്തിൽ ഒരു മടി, അലസത, താൽപര്യമില്ലായ്മ. മൂത്തവർ വലുതായി പോകുന്നു, ഇളയവരും വലുതായി അവരുടെ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങുന്നു. ഇളയവരുടെ കൂടെ ക്വാളിറ്റി ടൈം സ്പെൻഡ്‌ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അവർക്ക് ചാച്ച കുറെ ചോക്കലേറ്റ്‌സും ഡ്രസ്സും ടോയ്സും ഒക്കെയായി വരുന്ന ഒരു കൊച്ചു സാന്റാക്ളോസ് പോലെയൊരുത്തൻ ആയിരിക്കും. മൂത്തവർ അവരുടെ ജീവിതം ആരംഭിക്കുമ്പോൾ നമ്മൾ ഒന്നുമില്ലാതെ ആയിപ്പോകും ( അങ്ങനെ ആവണം) എന്ന നഗ്നസത്യം അംഗീകരിച്ചു കൊത്തിപ്പിരിക്കാൻ (വേദനയോടെ) ശ്രമിച്ചു എങ്കിലും, ഇത് വരെ പിരിഞ്ഞിട്ടില്ല എന്നത് ആശ്വാസമാണോ അതോ വേദനയാണോ ആവോ. ചാച്ച ഇപ്പോളും ഞങ്ങടെ ഹീറോ ആണ് എന്ന് മൂത്തവർ മുഖത്ത് നോക്കി പറഞ്ഞപ്പോൾ സന്തോഷമല്ല തോന്നിയത്. ഡിറ്റാച്ഡ് ആവാൻ ഈ തെണ്ടികൾ സമ്മതിക്കില്ലല്ലോ എന്നായിരിക്കാം ഉപബോധമനസ് തേങ്ങിയത്. എനിക്ക് അവളും അവൾക്ക് ഞാനും ആയിരിക്കും ഒരാൾ പിരിയുന്നത് വരെ ഉണ്ടാവുക. അത് കഴിഞ്ഞാൽ ഒറ്റക്ക് നിൽക്കുന്നവർ എങ്ങനെ ജീവിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം ആണ്. 



സത്യത്തിൽ ഇപ്പോളാണ് എന്റെ നല്ല സമയം. സ്വന്തം വീട്ടിൽ അൽപ്പം വിലയും നിലയും ഉണ്ട്. കുട്ടികൾക്കൊക്കെ ഞാൻ വലിയവനാണ്, നല്ലവനാണ് എന്ന ചിന്ത ഉണ്ട്. കാശുള്ളവനും ജാടയുള്ളവനും മാത്രം വിലകൊടുക്കുന്ന ഈ ലോകത്തിൽ എവിടെയോ കുറച്ചുപേർക്ക് എന്നോട് സ്നേഹം ഉണ്ട്. പണവും പത്രാസും ഇല്ലാത്തവനോടുള്ള മനുഷ്യന്റെ വൈകൃത മനോഭാവം ഏറ്റവും വെറുക്കുന്ന എനിക്ക്, അതൊന്നും കാണിക്കാതെ തന്നെ കുറച്ചു സ്നേഹം എനിക്ക് ലോകം വാരിക്കോരി തരുന്നത് അത്ഭുദപ്പെടുത്തുന്നു. തീർച്ചയായും എന്റെ നല്ല സമയം.



പാതിവ്രത്യം തെളിയിച്ച, അഗ്നിപരീക്ഷ ജയിച്ച, രാഞ്ജിയായിട്ടും കാനന വാസത്തിനു പോവേണ്ടി വന്ന  സീത, അവസാനം തിരിച്ചുവരവിന്റെയും അംഗീകാരത്തിന്റെയും സമയത്ത് ഭൂമിദേവിയോട് പ്രാർത്ഥിച്ചു “എന്റെ ജീവിതം മുഴുവനും ഞാൻ സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ചു. ഇനി എനിക്ക് വിശ്രമം വേണം. അമ്മേ, നീ എന്നെ തിരികെ ചേർത്തുകൊൾക.” അങ്ങനെ പറഞ്ഞുതീരുന്നതിന് മുന്നേ, ഭൂമി പൊളിഞ്ഞു തുറന്നു. പച്ചപ്പുള്ള നിലം രണ്ടായി പിളർന്ന്, ഭൂമാതാവ് തന്നെ പ്രത്യക്ഷപ്പെട്ടു. കരങ്ങളാൽ സീതയെ ചേർത്തുപിടിച്ച്, സ്നേഹത്തോടെ അവളെ മടിയിൽ സ്വീകരിച്ചു. എന്തുകൊണ്ട്  സീതാദേവി അങ്ങനെ ചെയ്തു എന്ന് എനിക്കത് ഇപ്പോൾ നന്നായി മനസ്സിലാവുന്നു,



 എത്ര ചവുട്ടി താഴ്ത്തിയാലും ജീവൻ വിടാതെ പോരാടി എഴുന്നേറ്റ് നിൽക്കാനുള്ള ശേഷി എനിക്കിനിയില്ല. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല സമയം, ഭൂമി പിളർന്നെങ്കിൽ എന്ന് കൊതി തോന്നുന്നു.



ഈ ചിന്തകൾ ഒക്കെ ആയിരിക്കും അല്ലെ ഡിപ്രെഷൻ. ചില സമയം അങ്ങനെയാണ്, എന്താ ചെയ്ക. വഴികൾ പലതു നോക്കി. കൂട്ടുകാരോ മദ്യപാനമോ ഒന്നും ഒട്ടും സന്തോഷം പകരുന്നില്ല. 



സകലർക്കും ഉപദേശം കൊടുക്കുന്ന ഞാൻ ഇനി വല്ലോ തെറാപ്പിസ്റ്റിനെയും കാണണമല്ലോ എന്നൊക്കെ തോന്നി തുടങ്ങി. അവസാനം അങ്ങനെ ബിസിനസ് ക്ലാസ് പൈസക്ക് ബഡ്ജറ്റ് ഐയർലൈനിൽ ടിക്കറ്റും എടുത്ത്  തിരിച്ചു ദുഫായിക്ക്  തിരിച്ചു പോരുന്നു. ഏറ്റവും ബോറായിട്ടുള്ള പരിപാടി ആണ് ഫ്ലൈറ്റ് യാത്ര. രണ്ടു മണിക്കൂർ യാത്ര എയർപോർട്ടിലേക്ക്, അവിടെ പിന്നെ ഒരു മൂന്നു മണിക്കൂർ, ഫ്ലൈറ്റിൽ കുറെ സമയം, അങ്ങനെ മൊത്തം ബോറിങ് പരിപാടിയിൽ ഏക ആശ്വാസം ലോഞ്ചിൽ കയറി നാലെണ്ണം വിട്ടിട്ട്  ഫ്ലൈറ്റിൽ കയറി അടുത്തിരിക്കുന്ന സകല ബോറന്മാരുടെയും ചെവിയിൽ കദിന പൊട്ടിക്കുന്ന എഫക്ടിൽ കൂർക്കം വലിച്ചു നശിപ്പിക്കുക എന്നുള്ളതാണ്.  


സെക്യൂരിറ്റി ചെക്ക് എന്ന കടമ്പ, ഷഡ്ഢി ഒഴിച്ചുള്ള എല്ലാം മാറ്റി വേറേ വേറെ വെപ്പിച്ച് അവസാനം ഇക്കിളിയും ഇട്ടു നിന്നിൽ സംപ്രീതനായിരിക്കുന്നു എന്ന് പറഞ്ഞു വിട്ടു. അങ്ങനെ ഊരിയ ഇതെല്ലാം ഓരോന്നായി തിരിച്ചു വെക്കുമ്പോൾ ആണ് പുറകിൽ ഒരു സുന്ദരിയായ പെണ്ണ് വന്നു നിൽക്കുന്നത്. വെളുത്ത ടീ ഷർട്ടും, നീല ജീൻസും വേഷം, കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും (സ്വാഭാവികം).



വിഷമത്തോടെ അവൾ പറഞ്ഞു, "ഇനി മേലിൽ ഞാൻ ഈ ഫ്ലൈറ്റിൽ കയറില്ല. ലഗ്ഗേജ് കൂടുതൽ ആണെന്ന് പറഞ്ഞുചെക്ക് ഇന്നിൽ കുറെ പാടുപെട്ടു, ഇനി ഇതെല്ലാം ഇവിടുന്നു ഇതെല്ലം വാരി അകത്തിടണം." എന്റെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു? കാര്യം വയസായപ്പോൾ കോഴിത്തരം ഒക്കെ വരുന്നുണ്ടങ്കിലും റിസ്ക് എടുക്കില്ല നമ്മൾ. ഇവൾ വല്ല മയക്കു മരുന്നും എന്നെ പിടിപ്പിക്കാൻ ആണോ പരിപാടി? അവളോട്ഞാ ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു, "ഞാൻ വെയിറ്റ് നോക്കിയെ ലഗേജ് എടുക്കാറുള്ളൂ. ഇവിടെ വന്ന് പിന്നെ ഗുസ്തി പിടിക്കാൻ താല്പര്യം ഇല്ല."



അപ്പോൾ അവൾ പറഞ്ഞു "ഞാൻ കുറച്ചാണ് എടുത്തത്‌, പക്ഷെ ഒന്ന് രണ്ടു കൂട്ടുകാരുടെ ലഗ്ഗേജ് എയർപോർട്ടിൽ വന്നപ്പോൾ കൊണ്ടുപോകാൻ തന്നിരുന്നതാണ്, അത് കുറച്ചു കൂടുതൽ ആയി പോയി."



ഞാൻ ചോദിച്ചു " എങ്ങോട്ടാണ് യാത്ര?" അവൾ പറഞ്ഞു " ഞാൻ ആംസ്റ്റർഡാമിനാണ്,  സാധാരണ എമിറേറ്സിനാണ് പോകുന്നത്. ഈ സമയം ആയതുകൊണ്ട് ഇതല്ലാതെ വേറെ ടിക്കറ്റ് കിട്ടിയില്ല." എന്റെ ചിന്തകൾ വെറുതെ കാട് കയറി.  ഈ ബോറിങ് യാത്ര ഇവളുടെ കൂടെ കളർ ആക്കാം, പോരാത്തതിന് ഇവൾ ദുബായിൽ വന്നു കുറച്ചു സമയം ഉണ്ടാവും. വേണമെങ്കിൽ ദുബായ് ഒക്കെ കാണിക്കുകയും ചെയ്യാം. ഡിപ്രഷൻ ഒക്കെ മാറി മൊത്തം ഉഷാറായി. പക്ഷെ ഞാൻ ബെൽറ്റ് വരെ പതുക്കെ ഇട്ടു മുടി ചീകിയിട്ടും അവളുടെ തിരിച്ചു ഫിറ്റ് ചെയ്യാം പകുതി പോലും ആയില്ല. ഇനിയും അവിടെ നിന്നാൽ ഞാൻ വെറും റാസ് അൽ ഖൈമയിലെ രാജകുമാരൻ ആകുമല്ലോ എന്ന് വിചാരിച്ചു ദുരഭിമാനവുമായി അവിടെ നിന്നും നടന്നു. ഡ്യൂട്ടി ഫ്രീയിൽ ഒന്ന് പരതി നടന്നിട്ടും അവളെ കണ്ടില്ല. ഞാൻ നോക്കിയപ്പോൾ ഗേറ്റ് നമ്പർ 7 ആണ്, അങ്ങേ അറ്റം. പതുക്കെ കുറച്ചു ദൂരം നടന്നിട്ട് വീണ്ടും തിരിച്ചു നടന്നു. അതേറ്റു, അവൾ വരുന്നുണ്ട്. ഞാൻ ചിരിച്ചു, അവളും. അവളെന്നോട് ചോദിച്ചു, "ഗേറ്റ് നമ്പർ ഒന്നല്ലേ?" ഞാൻ പറഞ്ഞു "അല്ല, ഏഴാണ്, അങ്ങേ അറ്റം ആണ്. ഇവിടുന്ന് വല്ലതും കഴിച്ചിട്ട് പോകുകയെങ്കിൽ പിന്നെ തിരിച്ചു വരേണ്ടല്ലോ."



അവൾ പറഞ്ഞു "അത് ശരിയാണല്ലോ,  എന്നാൽ കഴിച്ചിട്ട് പോകാം. ഇവിടെ ഫോറിൻ കറൻസി എടുക്കാമായിരിക്കുമല്ലോ അല്ലെ?" ഞാൻ പറഞ്ഞു " പിന്നെ... എയർ പോർട്ടല്ലേ, ഇല്ലെങ്കിൽ തന്നെ കാർഡ് എടുക്കും. ധൈര്യമായിട്ട് വാ, ഞാനല്ലേ ഉള്ളത്" 



ഇന്ന് ഞങ്ങൾ മസാല ദോശയും വടയും വാങ്ങി ഒന്നിച്ചിരുന്നു കഥ പറഞ്ഞു കഴിക്കും എന്ന അഹങ്കാരത്തിൽ നടന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു, "ഫോറിൻ കറൻസി എടുക്കുമല്ലോ അല്ലെ?" എന്നിലെ ഷെർലക് ഹോംസ് വീണ്ടും ഉണർന്നു. കാര്യം ആംസ്റ്റർഡാം ഒക്കെയാണെങ്കിലും അവൾ എന്റെ കാശ് ചിലവാക്കിക്കാൻ ഉള്ള പണിയാണല്ലോ? സാധാരണ എയർപോർട്ടിൽ വന്നാൽ അവിടുത്തട്ടെ ബാറിൽ കയറി 700 രൂപ വെച്ചു കൊടുത്തു രണ്ടു ബിയർ അടിക്കുന്ന ഞാൻ ഇന്ന് ഒരു മസാല ദോശ അവൾക്ക് വാങ്ങി കൊടുത്തേക്കാം, ഒന്നുമല്ലേലും ഒരു കമ്പനി കിട്ടുമല്ലോ. അവിടെ ചെന്നു അവൾ ആദ്യമേ ചോദിച്ചു, ഫോറിൻ കറൻസി എടുക്കുമോ എന്ന്. അവർ ഇല്ല എന്നു പറഞ്ഞു. ഞാൻ ആവേശത്തോടുകൂടി പറഞ്ഞു, ഞാൻ കൊടുത്തോളാം എന്ന്. അവൾ സമ്മതിക്കുന്നില്ല, ഞാൻ നിർബന്ധിക്കുന്നു.  



പക്ഷെ അവൾ അഭിമാനി ആയിരുന്നു. അവൾ തിരിച്ചു പോയി. അവളെ പറ്റി തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവിടെ ഒറ്റക്കിരുന്നു ആ കൂതറ മസാലദോശ കുറേശെ നുള്ളി പെറുക്കി കഴിച്ചു. അവൾ പക്ഷെ നോട്ടു മാറ്റി വന്നില്ല.  ഞാൻ എണീറ്റു, പകുതി ഉപേക്ഷിച്ച എന്റെ മസാല ദോശ അവിടെ ആരെയോ പ്രതീക്ഷിച്ചു കിടന്നു. 



ഏകദേശം പ്ലെയിനിൽ കയറാനുള്ള സമയം ആയി.. അങ്ങ് വരെ വല്ലതും മിണ്ടീമ്പറഞ്ഞും ബോറടിക്കാതെ പോകാമായിരുന്നു ഒരു അവസരം പോയതിന്റെ വ്യാകുലതയും ആയി അങ്ങേ അറ്റത്തുള്ള ഏഴാം നമ്പർ ഗേറ്റ് ലക്ഷ്യമാക്കി, ഏതാണ്ട് പോയ അണ്ണാനെ പോലെ ത്രികോണേ ത്രികോണേ എന്ന പോലെ ഞാൻ നടന്നു. 



അപ്പോളതാ അവൾ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു. ശോ പാവം, എത്ര കുലീനയായ സ്ത്രീ.. ഞാൻ കാത്തിരിക്കണമായിരുന്നു, അല്ലെങ്കിൽ അവൾക്കൊരു പാർസൽ വാങ്ങാമായിരുന്നു. ഞാൻ ആവേശത്തോടു കൂടി ചോദിച്ചു, "കറൻസി മാറിയോ? "



അവൾ ഇത്തിരി സ്പീഡിൽ ആയിരുന്നു, എന്നിട്ടു പറഞ്ഞു " അത് മാറി, ഞാൻ അവിടുന്ന് കഴിക്കുകയും ചെയ്തു. പക്ഷെ ഗേറ്റ് നമ്പർ ഒന്നാണല്ലോ? ഞാൻ ടിക്കറ്റ് എടുത്തു നോക്കി, അല്ല ഏഴാണല്ലോ എന്ന് പറഞ്ഞു അവളെ ടിക്കറ്റ് കാണിച്ചു. അവൾ അവളുടെ ടിക്കറ്റ് കാണിച്ചു. അതിൽ ഗേറ്റ് ഒന്നാണ്, കാരണം അവൾ വേറെ വിമാനത്തിൽ ഒമാൻ വഴിയാണ് പോകുന്നത്.



ഭാഗ്യത്തിന് അവളുടെ വിമാനം പോയില്ല, വെറുതെ ഒരാവേശത്തിനു ഞാൻ സങ്കൽപ്പിച്ചു കൂട്ടിയ ചിന്തകളിൽ ഒരാളുടെ യാത്ര മുടങ്ങാതിരുന്നത് ഭാഗ്യം. 



അങ്ങനെ വീണ്ടും ഡിപ്രഷൻ അടിച്ചു രണ്ടാഴ്ചയായി ദുഫായിൽ വിങ്ങി വിങ്ങി ഏങ്ങലടിച്ചു നടക്കുകയാണ് സുർത്തുക്കളെ.. നടക്കുകയാണ്...






Read more...

നടുക്കഷണം

>> Tuesday, June 24, 2025

അങ്ങനെ നടുക്കഷണം ആയ പാപ്പിയും എന്റെ കൂടെ ഒരു മാസം നിന്നു, കെട്ടിപ്പിടിച്ചു കിടന്നു, ഇറുക്കിപ്പിടിച്ചു സ്നേഹിച്ചു. പതിവുപോലെ  പിള്ളേരെ ഇവിടെ സ്നേഹിക്കാൻ കൊണ്ടുവരുമ്പോൾ എനിക്ക് പണിത്തിരക്കും മുറുകും. പുതിയ ടിഷ്യു ബോക്സ് തുറക്കുമ്പോളെന്ന പോലെ ആദ്യം ഒരു എട്ടു പത്തു പ്രശ്നങ്ങൾ ഒന്നിച്ച് . പിന്നെ ബോക്സ് തീരുന്ന വരെ ഒരെണ്ണം എടുക്കുമ്പോൾ പുറകെ ഓരോന്നായി ചാടി വരും. അവസാനം തീർന്നു എന്ന് കരുതി കൈ ഇട്ടു തപ്പി ഒള്ളെതെല്ലാം കൂടി ഒന്നിച്ചു വാരി എടുക്കുകേം ചെയ്യും.

മൂത്ത രണ്ടുപേരെ പത്താം ക്ലാസ് കഴിഞ്ഞു കൊത്തിപ്പിരിക്കാൻ കൊണ്ടുവന്നതായിരുന്നു എങ്കിലും കൊത്തു കൊടുത്തപ്പോൾ കെട്ടിപിടിക്കുവാണ് അവന്മാർ ചെയ്തത്. ഇവനെ ഇത്തിരി നേരത്തെ കൊണ്ടുവന്നത് പതിവുപോലെ എന്റെ സെൽഫിഷ്‌നെസ്സ്, അവനു അമ്മയോടാണ് കൂടുതൽ അടുപ്പം അപ്പോൾ എനിക്കും ഒരു സ്ഥാനം പിടിച്ചു വാങ്ങണമല്ലോ. പിന്നെ മൊത്തത്തിൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആയിരുന്നു അവൻ, പ്രായത്തിലും പ്രകൃതത്തിലും.  സ്‌നേഹിക്കുമ്പോൾ ബാല്യം കൈവിടാത്ത സോഫ്റ്റ് സ്വരം, ദേഷ്യം വരുമ്പോൾ ബേസുള്ള കമുകറ ശബ്ദവും. അപ്പുറത്തെ ചേച്ചി എന്റെ ഗേൾ ഫ്രണ്ട് ആണെന്ന്  പറഞ്ഞപ്പോൾ പാറപ്പുറത്തു അഞ്ചാറ് ചിരട്ട ഒന്നിച്ചുറക്കുരക്കുന്ന ഒച്ചയായിരുന്നു, ഞാൻ പേടിച്ചുപോയി വല്ല സദാചാര കൊലപാതകവും നടക്കുമോ എന്ന് വിചാരിച്ച്.

ഓരോ ദിവസവും കടന്നുപോകുമ്പോൾ ആലോചിക്കുകയായിരുന്നു, എത്ര വ്യത്യസ്തമാണ് കുട്ടികളുടെ സ്വഭാവങ്ങളും പ്രകൃതവും. ഇവൻ കുറേകൂടി ന്യൂജൻ. കാര്യം ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ദുബായ് വിട്ടവൻ ആണെങ്കിലും ബുർജ് ഖലീഫയുടെ മണ്ടേൽ കയറണം, മെട്രോയിൽ പോണം , അറ്റ്ലാന്റിസിൽ കയറണം, സിറ്റി കറങ്ങണം എന്നൊക്കെയുള്ള പീറ ആഗ്രഹങ്ങൾ അവനില്ല. സ്‌കൂബാ ഡൈവ്, വിമാനത്തിൽ കയറി താഴോട്ട് ചാട്ടം, ബുർജ് അൽ അറബിലെ ഡിന്നർ എന്നൊക്കെയുള്ള റിച്ച് ആഗ്രഹങ്ങൾ മാത്രം. പുള്ളിക്ക് പരിഭവവും ഇല്ല, ഉണ്ടെങ്കിൽ മതി അല്ലെങ്കിൽ വല്ലോ ചീസും ബട്ടറും വെച്ച് ബ്രെഡും കഴിച്ചു വീട്ടിലിരുന്നോളാം എന്ന സാത്വതിക ലൈൻ. ആകെ ഉണ്ടായിരുന്ന നോർമൽ ആഗ്രഹം നമ്മുടെ ഡെസേർട് ഡ്രൈവ് മാത്രം.

ഞാൻ നോക്കിയപ്പോൾ ശരിയാണ്, നേരിട്ട് കാണുന്നതിലും ഭംഗിയായി യൂട്യുബിലും ഓണ്ലൈനിലും ഒക്കെ കാണാവുന്ന കാഴ്ചകൾ നേരിട്ട് കാണുന്നതിൽ വലിയ ത്രിൽ കാണില്ല. നമ്മൾ ഒക്കെ പണ്ട് വായനയിലൂടെയും പിന്നെ ഫോട്ടോകളിലൂടെയും കണ്ട കാഴ്ചകൾ നേരിട്ട് കാണാനുണ്ടായിരുന്ന ത്വര ഇപ്പോളത്തെ കുട്ടികൾക്ക് കാണില്ല. എനിക്ക് പോലും ഇപ്പോൾ ഈഫൽ ടവറോ, ന്യൂയോർക്കിലെ തിരക്കോ ഒന്നും കാണണമെന്നില്ല. ഇത്തിരി പച്ചപ്പും ഹരിതാഭയും, മഴയും കട്ടനും ക്ലാരയും ഒക്കെ മാത്രം മോഹം. 

രാവിലെ ചായ ഇട്ടു തരും, പകലുമുഴുവൻ തന്നന്ന കളിച്ചു നടക്കും, എന്റെ കൂടെ ഓഫിസിൽ ചിലപ്പോൾ വരും, ചിലപ്പോൾ വീട്ടിലിരുന്ന് ആരുടെയും ശല്യമില്ലാതെ ഗെയിം കളിക്കും (രാത്രിക്കു മോപ്പ് തലതിരിഞ്ഞു ഇരുന്നാൽ പെണ്ണാണെന്ന് തോന്നുന്ന പ്രായം ആണല്ലോ). വൈകുന്നേരം ആകുമ്പോൾ പതുക്കെ കെട്ടിപിടിച്ചു കിടക്കും. അപ്പന്റെ നിർവൃതിയിൽ ഞാനും.

ഒരു മാസം ശടേന്ന് അങ്ങ് കഴിഞ്ഞു പോയി. തിരിച്ചു പോരുന്നതിനു തലേദിവസം രാത്രി, എന്റെ നെഞ്ചത്ത് തലവെച്ചു അവൻ കിടക്കുന്നു. രണ്ടു പേരെ നേരത്തെ ഇതുപോലെ യാത്ര പറഞ്ഞു വിട്ട വിങ്ങൽ എന്റെ മനസ്സിൽ തിരത്തല്ലി വന്നു. ആദ്യമായി ഒരു പ്രസവം നേരിട്ട് കണ്ടത് അവനുണ്ടായപ്പോൾ ആണ്. എന്റെ കയ്യാണ് ഗ്ലൗ ഇല്ലാതെ അവന്റെ ശരീരത്തിൽ ആദ്യം സ്പർശിച്ചത്. കുഞ്ഞിലേ തൊട്ടുള്ള അവന്റെ പലവിധ കാര്യങ്ങളും മനസിലേക്ക് കയറി വന്നു. എന്റെ നെഞ്ചത്തെ ഉയർച്ചതാഴ്ചകൾ കുറച്ചു വേഗത്തിലായി.

അത് മനസിലാക്കിയെന്നവണ്ണം അവൻ ഇറുക്കിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. രണ്ടുപേരുടെ യാത്രപറച്ചിൽ കൈകാര്യം ചെയ്ത പക്വതയിൽ ഞാൻ അവനേ ആശ്വസിപ്പിച്ചു ഇറുക്കിപ്പിടിച്ചു കിടന്നു. വേർപിരിയിലിന്റെ നൊമ്പരത്തിലും, സങ്കടത്തിന്റെ കനത്തിലും, സ്നേഹത്തിന്റെ മധുരം ഒരു കുഞ്ഞു സ്വാർത്ഥസുഖമായി നിറഞ്ഞു നിന്നു എന്നത് സത്യം. 

അല്ലെങ്കിൽ തന്നെ, നമ്മൾ മരിച്ചു കിടക്കുമ്പോളും ഉറ്റവർ കരഞ്ഞുകാണാൻ അല്ലെ നമുക്ക് സാങ്കൽപ്പികം ആയിട്ടെങ്കിലും ഇഷ്ടം. 

അങ്ങനെ കരഞ്ഞു തളർന്ന ഒരു കുടുംബത്തിന്റെ ഓർമകൾക്ക് ഇന്ന് 43 വയസ്. 

എന്റെ പാപ്പിക്കുട്ടൻ നെഞ്ചത്ത് കിടന്നു കരഞ്ഞത് പോലെ ഒന്ന് വിതുമ്പാൻ കൊതി തോന്നാറുണ്ടായിരുന്നു പലപ്പോഴും, ചിലപ്പോളൊക്കെ ഇപ്പോളും.

 

Read more...

50 വയസ്സിന്റെ നിറവിൽ

>> Monday, December 30, 2024

50 വയസ്സിന്റെ നിറവിൽ 

അങ്ങനെ ഈ മനോഹര ഭൂമിയിൽ നീണ്ട അമ്പതു വർഷങ്ങൾ ജീവിക്കാൻ സാധിച്ച ഒരു ഭാഗ്യവാനായി തീർന്നു ഞാൻ. ഇനിയുള്ള കാലങ്ങൾ ഒരു ബോണസ് ആയി കണ്ടുകൊണ്ട്, നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടികൾക്കും ഒരു ഭാരമായി തീരാതെ, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ എന്ന കൊച്ചു ആഗ്രഹം മാത്രം മുന്നിൽ.

ഈ നീണ്ട കാലയളവിൽ, എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള നിരവധി അനവധി നല്ല മനുഷ്യരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മ, ഒപ്പം കളിച്ചുവളർന്ന സഹോദരീ സഹോദരന്മാർ, എനിക്ക് വഴിതെളിച്ച അളിയന്മാർ, എന്നെ എന്തിനോ സ്നേഹിക്കുന്ന വാത്സല്യത്തോടെ കരുതൽ കാട്ടുന്ന ഭാര്യവീട്ടുകാർ, പിന്നെ എന്നുമെന്നും കൂടെയുള്ള എന്റെ സ്വന്തം ചങ്ക് കൂട്ടുകാർ. സ്നേഹം പ്രകടിപ്പിക്കാൻ അറിയാതെ സ്നേഹം വാരിച്ചൊരിഞ്ഞ കുറച്ചാളുകൾ, എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ പറ്റാതെ പോകുന്ന ചിലർ, അങ്ങനെ എന്റെ ജീവിതത്തിൽ എത്തി നോക്കിയ എത്രയോ പേർ. ഒരു പക്ഷെ എന്നെ ഒത്തിരി സ്വാധീനിച്ച എന്റെ വല്യപ്പൻ കുഞ്ഞുപ്പാപ്പൻ മുതൽ മരിച്ചു പോയ എന്റെ ചാച്ചയുടെ സ്ഥാനത്ത്, അവർ പോലും അറിയാതെ ഞാൻ ചേർത്ത് വെച്ച ഒത്തിരി വ്യക്തികളുണ്ട്. ഇൻസെക്‌യൂർ ആയ ഒരു മനസിന് പല രീതിയിൽ സ്വാന്തനമേകിയ, അവർ പോലുമറിയാതെ ഞാൻ തോളത്തു ചാരിയ കുറെയേറെ ആളുകൾ. അവരിൽ അങ്കിളുമാർ, കസിൻസ്,  കൂട്ടുകാർ എന്ന് തുടങ്ങി വെറുതെ കണ്ടുമുട്ടി ആത്മബന്ധത്തിലേക്ക് മാറിയ ആളുകൾ വരെയുണ്ട്. എല്ലാവരോടും സ്നേഹവും നന്ദിയും കടപ്പാടും മാത്രം....

ഈ കാലയളവിൽ ഞാൻ ജീവിച്ച വീടുകൾ 32 (ഏറ്റവും കൂടുതൽ ജീവിച്ച സ്ഥലം എന്റെ അമ്മവീടായ പൈകക്കടുത്തുള്ള നരിതൂക്കിൽ), 8 സ്‌കൂളുകൾ, 2 വേദപാഠക്ലാസിന്റെ സ്‌കൂളുകൾ, 4 കോളേജുകൾ, 10 ജോലിസ്ഥലങ്ങൾ, ഇപ്പോൾ കുറച്ചു കച്ചവടങ്ങൾ. എത്രയോ ആളുകളുമായി പരിചയപ്പെടുവാനും സുഹൃത്തുക്കളാകുവാനും സാധിച്ചതും, മഹാ ഭൂരിപക്ഷം ആളുകളിൽ നിന്നും സ്നേഹം അനുഭവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.

എനിക്ക് ലഭിച്ച സ്നേഹം കുറച്ചുപേരിലേക്കെങ്കിലും പകർന്നു കൊടുക്കാനും, ചില ജീവിതങ്ങൾക്ക് ഒരു സഹായഹസ്തമാകാനും സാധിച്ചിട്ടുണ്ടാവണം.

ഈ അൻപതുവർഷങ്ങളുടെ ആദ്യപകുതിക്കു ശേഷം, ജീവിതത്തെ വളരെ സന്തോഷത്തോടുകൂടി കാണുവാൻ ശ്രമിച്ചതിനാൽ, ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും സന്തോഷവാനായ ഒരു മനുഷ്യനായി ഞാൻ മുൻപോട്ടു പോകുന്നു. 

ഇനിയുള്ള കുറച്ചുകാലം,  ഓരോ ദിവസവും എനിക്കുള്ള നല്ല ദിനങ്ങളെന്നു കരുതി, എന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യയുടെകൂടെ അവൾ പോകുന്നതിനു മുമ്പ് അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന ആഗ്രഹം മാത്രം. കുട്ടികൾ, അവർ ജീവിച്ചുകൊള്ളും. അവർ ഇന്നേവരെ എനിക്ക് നൽകിയ സ്നേഹത്തിൽ ഞാൻ പരിപൂർണ്ണ തൃപ്തനാണ്. ഇനി അവർ അവരുടെ ജീവിതം ഒക്കെ നയിക്കട്ടെ, സന്തോഹത്തോടു കൂടി ജീവിക്കട്ടെ, അവരുടെ പ്രണയവും പഠനവും കരിയറും ഒക്കെയായി. തുമ്പിയും കുഞ്ഞേപ്പും ചിലപ്പോൾ ഒരു പത്തുവർഷം കൂടി കൂടെയുണ്ടാവും എന്ന ചെറിയ ആശ്വാസം ഉണ്ട്.

എന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു മനുഷ്യനോട് പോലും പിണങ്ങാതെ, ഒരാളുടെപോലും വെറുപ്പ് വാങ്ങാതെ, ഈ ഭൂമിയിൽ അലിഞ്ഞു തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ചങ്ങനാശ്ശേരി മതുമൂലയിലെ വടക്കുംമുറി കുടുംബത്തിൽ ജനിച്ചു ഏകദേശം നാല്പത്തിരണ്ടു  വർഷങ്ങൾക്ക് മുമ്പ് പൈകയിലെത്തി പാതി നരിതൂക്കിൽ ആയി, ഒരു ശരാശരി പാലാക്കാരനായി ജീവിച്ച എനിക്ക്, ഇന്ന് ലോകത്തേതു സ്ഥലവും സ്വന്തം.....

ഈ സുന്ദരഭൂമിയിൽ, ഈ സ്വർഗത്തിൽ തന്നെ ജീവിക്കണം. വാർദ്ധക്യം ഒരു ബാധ്യതയാകും മുമ്പ് പോകണം. എല്ലാവരും എന്നെ ഒത്തിരി സ്നേഹിക്കണം, ഞാൻ നല്ല മനുഷ്യനെന്ന് കുറച്ചുപേരെങ്കിലും ഉള്ളിൽ തൊട്ടു പറയണം. ഞാൻ എന്ന എന്റെ ചിന്തയെ ഇനി കുറച്ചു കുറക്കണം,  അത്രയൊക്കെയേ ഉള്ളൂ എന്റെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ....

എല്ലാവരോടും സ്നേഹത്തോടെ.....






Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP