ഞാനൊരു പാവം പാലാക്കാരന്‍

കുരിശുവര (സന്ധ്യാ പ്രാര്‍ത്തന)

>> Monday, June 16, 2008

വളരെ ധൈര്യവാന്‍ അയിരുന്നു ഞാന്‍ ചെറുപ്പത്തില്‍, ഇരുട്ടിലേക്ക് ജനലില്‍ കൂടി നോക്കുവാന്‍ കൂടി പേടിയുണ്ടായിരുന്ന കാലം. മുറ്റത്തെ വാഴയില കാറ്റത്താടുന്നതു രാത്രിയില്‍ ജനലിലൂടെ കാണുമ്പോള്‍ വഴയില വെട്ടിയിട്ട പോലെ കിടക്കുന്നവനായിരുന്നു ഞാന്‍. സ്വര്‍ഗ്ഗസ്ഥനായ പിതാവേ മുതല്‍ എത്രയും ദയയുള്ള മാതാവേ വരെ ബാത്ത് റൂം ല്‍ മുള്ളാന്‍ പോകാന്‍ നേരം വരെ ചെല്ലിക്കൊണ്ടിരുന്നത് ഭക്തിയാലല്ല, പ്രത്യുത ഭയത്താലായിരുന്നു എന്നത് സത്യം. ആഴ്ചയില്‍ ഒരിക്കല്‍ വരുന്ന അമ്മയുടെ അടുത്തു കിടക്കുമ്പോള്‍ മാത്രമേ പേടിക്കാതെ കിടന്നുറങ്ങിയുരുന്നുള്ളു, അതും നാലാഴ്ചയില്‍ ഒരിക്കല്‍ വരുന്ന ഊഴം. മൂത്തവന്‍ ആയതുകൊണ്ടും, ആണായതു കൊണ്ടും ഞാന്‍ ഭയങ്കര ധൈര്യവാനാണെന്നായിരുന്നിരിക്കും എല്ലവരുടെയും വിചാരം, എന്നാല്‍ 4 വയസ് ഇളയ എന്റെ അനിയന്റെ പാതി ധൈര്യം പോലും ഇല്ലതിരുന്ന പേടിച്ചുതൂറി അയിരുന്നു ഞാന്‍ എന്ന് അമ്മക്കു മാത്രമേ അറിയാമയിരുന്നുള്ളു. എന്നെ പേടിപ്പിക്കാനായി പ്രേത കഥകള്‍ ഒന്നും തന്നെ മുത്തശ്ച്ചിമാര്‍ പറഞ്ഞു തന്നിരുന്നില്ല എങ്കിലും ലോകത്താകമാനമുള്ള പ്രേത പിശാചുക്കള്‍ രത്രിയാകുമ്പോള്‍ എന്നെ പേടിപ്പിക്കാനായ് എത്തുമായിരുന്നു. (പ്രേത കഥ പറയാതെ തന്നെ നല്ല പേടിയുണ്ടെന്നും ഇനി പറഞ്ഞാല്‍ അതു കേട്ടു തന്നെ ഇവന്‍ വടിയാകുമെന്നും അവര്‍ക്ക് നേരത്തേ തന്നെ മനസിലായി കാണും). വല്ല്യമ്മയുടെ (അമ്മയുടെ അമ്മ) വയറ്റിലെ മാര്‍ദ്ദവമുള്ള ഒരു കുരുവില്‍ ഞെരടി രാത്രിയില്‍ കിടക്കുമ്പോള്‍ പേടി മാറാന്‍ വേണ്ടിയായിരിക്കണം ഞാന്‍ സത്യ ക്രിസ്ത്യാനികളുടെ എല്ലാ പ്രാര്‍ത്ഥനകളും കാണാതെ പഠിച്ചത് എന്ന് തോന്നുന്നു. എന്തായാലും 53 മണി ജപം മുതല്‍ (ലുത്തിനിയാ ഉള്‍പടെ) സകല പുണ്യാളന്മാരുടെ പ്രാര്‍ത്ഥന വരെ നമുക്കു കണാപ്പാഠം ആയിരുന്നു. പാട്ട്, ഡാന്‍സ്, പ്രസംഗം, മോണോആക്ട് ഇങ്ങനെയുള്ള കലകളില്‍ ഞാനൊഴികെയുള്ള എല്ലാ സഹോദരങ്ങളും പ്രഗല്‍ഭരും, കിടന്നുമുള്ളല്‍, സ്വപ്നം കണ്ടു കാറല്‍, കൊതി, ക്രിമി എന്നീ കര്യങ്ങളില്‍ ഞാന്‍ പ്രഗല്‍ഭനും ആയിരുന്നെങ്കിലും വല്ല്യപ്പനും വല്ല്യമ്മക്കും (അമ്മയുടെ അപ്പനും അമ്മയും) എന്നെ ഇഷ്ടമായിരുന്നു. പുറത്തു കൊണ്ടുപോയാല്‍ മുറുക്കാന്‍ കടയിലെ നാരങ്ങാ മുട്ടായി, ഷാ മുട്ടായി, തേന്‍ മുട്ടായി, പ്യാരിയുടെ പച്ച ആന്റ് ഓറഞ്ചു മുട്ടായി, ബെല്ലടിച്ചോണ്ടു പോകുന്ന കോല്‍ ഐസ്, ബേക്കറിയിലെ ജിലേബി, ലഡ്ഡു ഇതൊക്കെ കൊതിയോടെ നോക്കാറുണ്ടായിരുന്നെങ്കിലും ഒന്നിനും വേണ്ടി കാറാത്തതിനാല്‍ എല്ലായിടത്തും കൊണ്ടു പോകാന്‍ വല്ല്യപ്പനു എന്നെ ഒരു PREFERENCE ഉണ്ടായിരുന്നു. മിച്ചം വരുന്ന പാട വീണ തണുത്ത പാല്‍ (directly propotional to guests) ഒന്നോ രണ്ടോ വെട്ടുഗ്ലാസ് പഞ്ചസാര ഇല്ലാതെ മടക്ക് മടക്കന്ന് മോന്തുന്നതിനാല്‍ വല്ല്യമ്മക്കും എന്നോട് ഒരു മമത ഉണ്ടായിരുന്നു, ബ്ലാക്കിക്ക് ദേഷ്യവും (വീട്ടിലെ കാവല്‍ക്കാരനായ നാടന്‍ അള്‍സേഷന്‍ ക്രോസ്). അങ്ങനെ അവരുടെ സ്നേഹവും കുരുത്തകേടുകള്‍ക്ക് ചൂരല്‍കഷായം കൂടാതെ വല്ല്യപ്പന്റെ സ്പെഷ്യല്‍ ചെവിയില്‍ കിഴുക്കും, വല്ല്യമ്മയുടെ സ്പെഷ്യല്‍ തുടയില്‍ നുള്ളും വാങ്ങി സഹോദര പരിവാരങ്ങളുമായി ബാഹ്യലോക ബന്ധം ഇല്ലാതെ ജീവിച്ചുപോന്നു.
DPEP വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അതു പ്രയോഗത്തില്‍ വരുത്തിയ ആള്‍ക്കാരയിരുന്നു നമ്മുടെ കാര്‍ണവന്മാര്‍. തേങ്ങയിടീലില്‍ന്റെ അവസാനം കിട്ടുന്ന അര കരിക്കിന്റെ (ഒന്നടിക്കനുള്ള വയറുണ്ട് എന്നു എത്ര കാണിച്ചിട്ടും വല്ല്യപ്പനു മനസിലായില്ല) പ്രലോഭനത്തില്‍ തെങ്ങില്‍നിന്നും തേങ്ങ താഴെ വീഴുന്നതിനു മുമ്പ് എണ്ണാനുള്ള പ്രാഗഭ്യം ഞങ്ങള്‍ നേടിയെടുത്തു. ഹിന്ദിക്കാരന്‍ പരവന്‍ ആയിരുന്നെങ്കില്‍ ഹിന്ദിയും എണ്ണാന്‍ പഠിച്ചേനേ.പരവന്‍ കുട്ടന്‍ തായിപ്പിരി ഇട്ടു തെങ്ങില്‍ കയറുന്നതു കണ്ട് കൊതി തോന്നി, തായിപ്പിരിയുടെ വ്യാസം, തെങ്ങിന്റെ പരുക്കന്‍ പ്രതലം ഇതൊന്നും ഇളം കാലുകള്‍ക്ക് പറ്റിയതല്ലാ എന്ന തിരിച്ചറിവില്‍ കുളിക്കാനുള്ള തോര്‍ത്ത് പിരിച്ച് തായിപ്പിരി ആക്കി കമുകില്‍ കയറുകയും തിരിച്ച് ന്യൂട്ടര്‍ അടിച്ചു പോന്നതിന്റെ ഫലമായി ഇളം ഉള്ളം കാലുകള്‍ പൊള്ളുകയും ചെയ്തെങ്കിലും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മണ്ണിര മുതല്‍ പാമ്പ്, പട്ടി, പന്നിയെലി, തോട്ടിലെ പമ്പാരവന്‍ എന്തിനേറെ തോട്ടിലെ വെള്ളത്തില്‍ ഓളം തല്ലുമ്പോള്‍ പുളഞ്ഞു കാണുന്ന കമ്പു വരെ എന്റെയുള്ളില്‍ പേടിയുടെ അലകള്‍ തീര്‍ത്തിരുന്നെങ്കിലും experinsed ആയ ഞാന്‍ സഹോദരങ്ങളെ പഠിപ്പിക്കുന്ന വ്യാജേന അവരെ മുമ്പില്‍ നിര്‍ത്തി പ്രപഞ്ചവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തികൊണ്ടിരുന്നു. പക്ഷെ രാത്രിയില്‍ അമ്മയുടെ കൂടെയല്ലാതെ ആരുടെ കൂടെ കിടന്നാലും ഭയം നമ്മളെ വിട്ടു പിരിയാറില്ല. അന്നു രാത്രിയില്‍ കാണാനിടയുള്ള ആനയോടിക്കല്‍ മഹാമഹം (ആന എന്നെ ഓടിക്കുന്ന സ്വപ്നം). രാവിലെ പാലു കൊടുക്കാന്‍ പോകുന്ന വഴിയിലെ പട്ടികളുടെ രൂപം, അടുത്തയിടെ നടന്ന ദുര്‍ ഉം അല്ലാതെയുമുള്ള മരണങ്ങള്‍, വെളുപ്പിനെ മുറ്റത്തെ പതിനെട്ടാം പാത്തി തെങ്ങിനു കവച്ചു നിന്നു യൂറിയ കൊടുക്കുന്ന ഓര്‍മ്മയില്‍ കിടക്ക നനക്കല്‍, അതു നിര്‍ത്താനുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒക്കെ പരീക്ഷണങ്ങള്‍ ഇങ്ങനെ കൊച്ചു മനസിനു താങ്ങാനാവാത്ത പ്രശ്നങ്ങളുടെ കൂമ്പാരത്തിലലഞ്ഞിരുന്ന ഞാന്‍ പൊതുവെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ വളരെ ആക്ടീവ് ആയിരുന്നു. കഷ്ടപ്പാടുകളിലാണു ദൈവത്തിലേക്ക് മനുഷ്യര്‍ അടുക്കുന്നത് എന്നുള്ളതുകൊണ്ടും, കിഴക്കന്‍ മലയോരങ്ങളില്‍ പഠിപ്പിക്കാന്‍ പോയിരിക്കുന്ന അമ്മക്കു യാത്ര ചെയ്യേണ്ട കൊക്കയുള്ള റോഡുകളും, നമുക്കുള്ള അനുഗ്രഹങ്ങള്‍ ഓര്‍ക്കാതെ കൈലാസ് ചാ‍യക്കടയിലെ (പരിപ്പുവട, ഏത്തക്കാബോളി, മൊട്ടക്കറി, ഉള്ളിക്കറി) വിശ്വേട്ടന്റെ മക്കളായി ജനിക്കാന്‍ പറ്റഞ്ഞതിന്റെ കൊതിക്കെറുവും ഒക്കെ ഞങ്ങളെ പ്രാര്‍ത്ഥനാ സമയത്ത് ഇടക്കിടെ മുട്ടിന്മേല്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു എങ്കിലും വല്ല്യമ്മയുടെ നേത്രിത്വത്തില്‍ ഉള്ള ഉറക്കം 1 മണിക്കൂര്‍ നീണ്ട കുരിശുവരയില്‍ എല്ലാവരേയും അലട്ടിയിരുന്നു എന്നതാണു സത്യം. ഉറക്കത്തില്‍ നിന്നും ഉണത്താനായുള്ള വല്ല്യപ്പന്റെ ചൂരവടികൊണ്ട് പായിലുള്ള അടി, അതു കേട്ട് ഞെട്ടിയുണരുന്നവരെ കണ്ടുള്ള ചിരി, തറവാടിയായ വല്ല്യപ്പന്റെ ഗ്യാരന്‍ഡിയുള്ള കീഴ് ശ്വാസം, തറവാടിയിലെ വാടി ആയിട്ടില്ലാത്തതിനാല്‍ അമര്‍ത്തി പിടിച്ചിട്ടും പിടിവിട്ടു പോയി വരുന്ന ഞങ്ങളുടെ അധോവായു എന്നിങ്ങനെ ചിരിക്കാനുള്ള വകയും ഉള്ള ഒരു നീണ്ട പ്രോസസ് ആയിരുന്നു കുരിശുവര. അങ്ങനെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ക്കുള്ള പ്രാര്‍ത്ഥന കൂടാതെ, മാതവിനുള്ള 53 മണി ജപം, ഭാഗ്യപ്പെട്ട മാര്‍ യൌസേപ്പ് തുടങ്ങി സീസണല്‍ ആയി വരുന്ന ഗീവര്‍ഗ്ഗീസ്, സെബസ്റ്റ്യാനോസ് (അസുഖം, പ്രാണികള്‍) എന്നിവരോടുള്ള പ്രാര്‍ത്ഥനകള്‍ വരെ ഉണ്ടായിരുന്നു എങ്കിലും ഇവരോടൊക്കെ പ്രാര്‍ത്ഥിച്ചിട്ടും എന്റെ പേടി മാറുകയോ, കിടന്നുമുള്ളല്‍ നില്‍ക്കുകയോ, ആനയുടെ സ്വപ്നത്തിനു പകരം എന്റെ കയ്യില്‍ നിന്നും പാലു വാങ്ങുന്ന, കല്യാണ ആലോചന നടക്കുന്ന ആലീസുചേച്ചിയെ സ്വപ്നം കാണുകയോ ചെയ്യാത്തതിനാലാവാം അന്നു ഞാന്‍ കളം മാറി ചവിട്ടിയത്. അതോ എല്ലാ ദൈവങ്ങളേയും സ്വീകരിച്ച ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായതു കൊണ്ടോ എന്തോ അന്നു വല്ല്യപ്പന്റെ അടിയില്‍ മയക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റ എന്റെ വായില്‍ ഈശോയേ എന്നതിനു പകരം വന്നത് ഗണപതിയേ എന്നയിരുന്നു. എന്തോ ആരും ചിരിച്ചില്ല, എനിക്കിട്ടൊട്ടു തല്ലും കിട്ടിയില്ല.

2 comments:

Anu June 17, 2008 at 4:07 PM  

ALL THE BEST

itsmahesh March 8, 2013 at 8:48 AM  

Excellent Sinoj.
I also remembered my child hood in Pala...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP