ഞാനൊരു പാവം പാലാക്കാരന്‍

ബാംഗ്ലൂര്‍ ഡൈയ്സ്1 Park

>> Saturday, August 30, 2008

പഠനമൊക്കെ കഴിഞ്ഞ് ആദ്യത്തെ ബോംബെ തെണ്ടലും കഴിഞ്ഞാണ് ബാംഗ്ലൂരില്‍ ശിപാര്‍ശയിലൂടെ ജോലി
ലഭിക്കുന്നത്. എന്താ‍യാലും ജോയിന്‍ ചെയ്തു. എന്നെക്കാളും മുമ്പെ അവിടെത്തി പഠനം നടത്തിക്കൊണ്ടിരുന്ന കസിന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നു. കൂടെ ജോലി ചെയ്യാന്‍ അന്നു മലയാളികളില്ലത്തതിനാല്‍ ഒറ്റക്കു തമസിക്കനുള്ള മടി കാരണം കസിന്റെയും കൂട്ടാളികളുടെയും കൂടെ കൂടാം എന്നു തീരുമാനിച്ചു. കാര്യം ഗള്‍ഫുകാരുടെയും മറ്റും മക്കളാണെങ്കിലും കൂടെയൊരു ശംബളക്കാരന്‍ ഉണ്ടെങ്കില്‍ അത്യാവശ്യം കടം വാങ്ങാമല്ലോ എന്നവരും വിചാരിച്ചു കാണണം.

പഴയൊരു ബില്‍ഡിങ്ങിലെ മൂന്നാം നില. എന്നു വെച്ചാല്‍ അവിടെ 2 കൊച്ചു മുറികളുള്ള ഒരു ഫ്ലാറ്റ് എന്നോ, മുറികള്‍ എന്നോ ഒക്കെ പറയാവുന്ന ഒന്ന്. പിന്നിത്തിരി ടെറസ്. രാജാജി നഗറിലെ മോഡി ജംക്ഷനിലുള്ള 790 എന്ന വീട് പുതുക്കി പണിയുന്നതിനാലാണ് താല്‍കാലികമായി ഇതെടുത്തിരിക്കുന്നതു എന്ന് കസിന്‍ പറഞ്ഞു. കാര്യം ചെറുതും പഴയതും ഒക്കെയാണെങ്കിലും 5-6 തടിമാടന്‍ പിള്ളേര്‍ താമസിക്കുന്ന ഇത്തിരി ഒച്ചയും അനക്കവും ഉള്ള ഒരു വീട്.

വന്ന അന്നു രാവിലെ തന്നെ കുളിച്ചു ഫ്രെഷ് ആയി കസിന്റെ കൂട്ടുകാരന്റെ ബൈക്കുമെടുത്തു കസിനെകൂട്ടി
ഇലക്ട്രോണിക് സിറ്റിക്കു വച്ചു പിടിച്ചു. അവിടെ ചെന്നു, ജോയിന്‍ ചെയ്യുന്ന ഫോര്‍മാലിറ്റീസ് ഒക്കെ നടത്തി. കസിന്‍ പഴയ ഇംഗ്ലീഷ് മീഡിയവും പിന്നെ 1 വര്‍ഷത്തെ ബാംഗ്ലൂര്‍ എക്സ്പീരിയന്‍സും ഉള്ള ആളായതിനാല്‍ എന്റെ ഇംഗ്ലീഷില്‍ കഷ്ടപ്പേടേണ്ടിവന്നില്ല. തിരിച്ചു വന്നപ്പോള്‍ അടുക്കളയിലും ബാത്ത് റൂമിലും ഒക്കെ തിരക്ക്, ഭക്ഷണം ഉണ്ടാക്കും കുളിയും നനയും ഒക്കെ ആയിരിക്കും. ഇന്നെന്താ ക്ലാസ് ഇല്ലയോ അവോ?

ഒരു റൂം ബെഡ് റൂം. അതില്‍ 4-5 ബെഡ്ഡുകള്‍ നിലത്തു നിരത്തി വിരിച്ചിരിക്കുന്നു. വില കൂടിയ ബ്ലാങ്കെറ്റുകള്‍ എണീറ്റു പോയപ്പോള്‍ കാലുകൊണ്ടു തോണ്ടി അരുകിലേക്കു മാറ്റി വെച്ചിരിക്കുന്നു. തലയിണകളില്‍ പലതരത്തിലുള്ള ഡിസൈനുകള്‍, ഓരോരുത്തരുടെ ഉമിനീരിന്റെ ഉറവ അനുസരിച്ചായിരിക്കാം. സൈഡുകളില്‍ ഓരോരുത്തരുടെ സാംസോണൈറ്റ് തുടങ്ങിയ ഫോറിന്‍ പെട്ടികള്‍. ഒരു വശത്തുള്ള നീണ്ട അയയില്‍ എല്ലാവരുടെയും ഷര്‍ട്, പാന്റ്, T-ഷര്‍ട് തുടങ്ങിയ സാധനങ്ങള്‍ ഒന്നിച്ചിട്ടിരിക്കുന്നു. എല്ലാം നല്ല കമ്പനികളുടെ തന്നെ. അതിനു താഴെയായി നിരനിരയായി ധാരാളം ആണികള്‍, അതിലാണ് ഓരോരുത്തരും അടിവസ്ത്രങ്ങള്‍ തൂക്കിയിരിക്കുന്നത്. മുകളില്‍ കിടക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി താഴെകിടക്കുന്നവക്കില്ല. ഉറുമ്പിന്റെ ശല്ല്യവും ഉണ്ടെന്നു തോന്നുന്നു. അടുത്ത മുറിയില്‍ തീവ്രവാദികളുടെ റൂമിലെന്ന AK 47 പോലെ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന മിനി ഡ്രാഫ്റ്ററുകള്‍. കാര്യം എല്ലാവരും ബീഡിയാണു വലിക്കുന്നതെങ്കിലും ജനല്‍ പടികളില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന വിത്സിന്റെ കൂടുകള്‍. ഒരു മേശ, 3-4 കസേര, പിന്നെ ഒരു കെട്ടു ഷൂസും. അടുക്കളയില്‍ ഇപ്പോളും തിരക്കു തന്നെ, പക്ഷെ കുളിമുറിയില്‍ 2-3 പേരുകൂടിയാണോ കുളിക്കുന്നത്? എന്തു പണ്ടാരം എങ്കിലും ആവട്ടെ. മുറിക്കകത്തിരിക്കാന്‍ ഒരു വീര്‍പ്പുമുട്ടല്‍. ഞാന്‍ ടെറസില്‍ വന്നു അരമതിലില്‍ ഇരുന്നു.

താഴേക്കു നോക്കുമ്പോള്‍ നമ്മുടെ ബില്‍ഡിങ്ങിനോടു ചേര്‍ന്നു ഒരു തോട്, അഴുക്കു ചാല്‍ എന്നു പറയാം. ഇത്തിരി ചെരിഞ്ഞിരുന്നു, അപ്പോള്‍ അഴുക്കുചാല്‍ കാണാനില്ല, പാര്‍ക്കിലെ മനോഹരമായ പച്ചപ്പും, ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കളും മാത്രം ധൃഷ്ടിപഥത്തില്‍. ചെറിയ തണുപ്പും നിറയെ നിറങ്ങളുമുള്ള സുഖകരമായ അവസ്ഥ.

എടാ ഇങ്ങോട്ടു വാടാ... തിരിഞ്ഞു നോക്കിയപ്പോള്‍ കസിന്‍ വിളിക്കുന്നു. കാര്യം 2 വയസ് ഇളയതാണേലും ചേട്ടാന്നു പോയിട്ടു പേരു പോലും വിളിക്കില്ല. എന്തിനേറെ പറയുന്നു 4 വയസിനിളയ അനിയനു പോലും എടാ എന്നല്ലാതെ എന്നെ വിളിക്കാന്‍ തോന്നില്ല. എന്നെ കണ്ടാല്‍ ആര്‍ക്കും എടാ എന്നു വിളിക്കാന്‍ തോന്നും എന്നാ തോന്നുന്നേ. എന്താടാ....സ്നേഹത്തോടുകൂടി ഞാന്‍ ചോദിച്ചു. നീയെന്തിനാ പുറത്തുവന്നിരിക്കുന്നേ? എന്നു പറഞ്ഞ് എന്റെ കയ്യേ പിടിച്ചു വലിച്ചുകൊണ്ട് അകത്തു പോയി. നേരെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഓ..ഇനി കറി വെക്കാന്‍ എന്റെ സഹായവും വേണമോ ആവോ?

ആടുക്കളയിലെ കുഞ്ഞു ജനലിന്റെ അരികാലാണ് 3 പേര്‍, എത്തിക്കുത്തി താഴേക്കു നോക്കുന്നു. ഇന്നലത്തെ
പാത്രങ്ങള്‍ മുഴുവന്‍ സിങ്കില്‍ കിടക്കുന്നു. സലിം കുമാര്‍ പറയുന്ന പോലെ കൊച്ചി എത്തി എന്നു പറയാറായില്ലെന്നു മാത്രം. അവിടെ നിന്നും കസിന്‍ പിന്നെ കുളിമുറിയില്‍ കൊണ്ടുപോയി, അവിടെയും ജനലിലൂടെ 2 പേര്‍ എത്തിക്കുത്തി നോക്കുന്നു. അവരേം കാണിച്ചിട്ടു എന്നോടു പറഞ്ഞു, നീ അതിലേം ഇതിലേം പോയിരുന്നു അവരെ ശല്ല്യം ചെയ്യരുത്.

രാജാജി നഗറിലെ തന്നെ മരിയപ്പന്‍പാളയ പാര്‍ക്കിനു പുറകുവശത്തായാണ് നമ്മുടെ വീട്. വീട്ടിലെ അടുക്കള,
ബാത്ത് റൂം, ടെറസ് ഇവിടെ നിന്നൊക്കെ നോക്കിയാ (മൊബൈല്‍ അല്ലാ, നോക്കിയാല്‍ എന്നര്‍ത്ഥം) പാര്‍ക്കിന്റെ പുറകുവശം നന്നായി കാണാം. സാമാന്യം വലിയ പാര്‍ക്കായതിനാലും ബാംഗ്ലൂര്‍ പ്രണയനഗരമായതിനാലും ജോടികള്‍ അനാവശ്യ പ്രണയങ്ങള്‍ക്കായി കൂടുതലും തിരഞ്ഞെടുത്തിരുന്നത് ആ ഭാഗത്തു തന്നെയായിരുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന നിരവധി മരങ്ങളുടെ മറവുണ്ടെങ്കിലും ഇവിടെ എതിര്‍ ലിംഗത്തില്‍ പെട്ട എന്തിനേയും ആര്‍ത്തിയോടുകൂടി സമീപിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ വീടുണ്ടെന്നു അവര്‍ക്കറിയില്ലല്ലോ. അതിനായിരുന്നു അടുക്കളയിലും മറ്റും ഇത്ര തിക്കും തിരക്കും. ഒഴിഞ്ഞ കോണിലെ ആള്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന എല്ലാ മരത്തിന്റെയും ചുവട്ടിലേക്ക്, കല്ലും കമ്പും രാത്രിയില്‍ എറിഞ്ഞ്, ഇടതൂര്‍ന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു ഏരിയല്‍ വ്യൂ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവരാരെങ്കിലും അറിയിന്നുണ്ടോ?

വൈകുന്നേരം ഞാന്‍ വന്ന വകയില്‍ ചിക്കണ്‍, MCR, റമ്മി കളി അങ്ങനെ തകര്‍ത്തു വാരി ബോധം കെട്ടുറങ്ങി. തമ്മില്‍ ഇത്തിരി ബോധം ഉണ്ടായിരുന്നത് എനിക്കു മാത്രം. എല്ലാവരും വെട്ടു ഗ്ലാസില്‍ മടക്കുമടക്കെന്ന് അടിക്കുമ്പോള്‍ ഞാന്‍ സിപ്പുചെയ്തു കുടിക്കുന്ന ആര്‍ത്തിയില്ലത്തവനായി ഗമയിലിരുന്നു.
ആഗ്രഹമില്ലഞ്ഞിട്ടല്ലായിരുന്നു, ഒരു കവിളില്‍ കൂടുതല്‍ അകത്തോട്ടിറക്കിയാല്‍ അതിലും സ്പീഡില്‍ പുറത്തോട്ടു വരും എന്നതുകൊണ്ടായിരുന്നു. മെലിഞ്ഞിരുന്നതിനാലും, റ, ട, ഴ എന്നിങ്ങനെ ഏതു ആകൃതിയിലും കിടക്കാന്‍ സാധിച്ചിരുന്ന കൊണ്ടും എല്ലവരുടെയും ഇടക്കായി എങ്ങിനെയോ കിടന്നുറങ്ങി.
രാവിലെ എല്ലാവരും എണീല്‍ക്കുന്നതിനു മുമ്പു തന്നെ ഞാന്‍ ജോലിക്കു പോകും. വൈകുന്നേരം ഞാന്‍ വരുമ്പോള്‍ ആരും കാണുകയും ഇല്ല. സന്ധ്യയാകുമ്പോള്‍ MCR ഉം ബീഫോ ചിക്കണോ മീനോ എന്തെങ്കിലും വീട്ടിലുണ്ടാവും, പിന്നെ റമ്മി കളിയും. 5 പേര്‍ താമസിക്കുന്ന അവിടേക്കു LLB പരീക്ഷ എഴുതാനാ‍യി ചില പുരാണ പ്രജകള്‍ അടുത്ത ആഴ്ച എത്തുന്നതിന്റെ ത്രില്‍ ഇല്‍ ആണ് എല്ലാവരും. ഞാന്‍ ചോദിച്ചു എന്താ എല്ലാവര്‍ക്കും അവര്‍ വരുന്നതില്‍ ഇത്ര സന്തോഷം എന്ന്. കസിന്‍ പറഞ്ഞു, എല്ലാവരും നല്ല കാശ് ഉള്ളവര്‍. ഒരു യൂത്ത് കോണ്‍ഗ്രസ് ത്രിശ്ശൂര്‍ പ്രസിഡന്റ് ഉള്‍പടെ എല്ലാം ബിസിനസുകാര്‍. എല്ലാ വര്‍ഷവും 2 പ്രാവശ്യം പരീക്ഷക്കു വരും, ഓരോ മാസം കള്ളടിച്ചു മരിച്ചിവിടെ കിടന്നു പോകും. അതിനാല്‍ തന്നെ അവരുടെ LLB വര്‍ഷങ്ങളായി തീരാതെ കിടക്കുന്നു. കല്ല്യാണം കഴിഞ്ഞവര്‍, ഗന്ധര്‍വ്വകല്ല്യാണത്തില്‍ മാത്രം ആശ്വസിക്കുന്നവര്‍, താടിയുള്ളവര്‍, മീശയില്ലാത്തവര്‍, വെളുത്തവര്‍, കറുത്തവര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിത്യസ്തരായിരുന്നു എങ്കിലും നാനത്വത്തില്‍ ഏകത്വം പോലെ അവര്‍ക്കെല്ലാവര്‍ക്കും കുടവയര്‍ ഉണ്ടായിരുന്നു.

പണയത്തിനുള്ള സ്വര്‍ണ്ണം ഒക്കെ പണയസ്ഥലത്തു തന്നെ ആയതിനാല്‍ വാച്ചിന്റെ കൂടെ ഇന്‍സ്ട്രമെന്റ് ബോക്സും കൂടി പണയം വെച്ചാണ് ഇന്നലത്തെ കള്ളടി പിള്ളേര്‍ നടത്തിയത്. ഇനി നമ്മുടെ LLB ചേട്ടന്മാര്‍ വരുന്നതു വരെ കാത്തിരിക്കാം എന്നായി സഹമുറിയന്മാര്‍. അവര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. അവര്‍ കൊണ്ടുവരാമെന്നേറ്റിരുന്ന ബൈനോക്കുലറിനെ സ്വപ്നം കണ്ടു. രാത്രികാലങ്ങളില്‍ റമ്മികളിയുടെ സമയങ്ങളില്‍ എന്നോട് അവരുടെ വീര ഗാഥകള്‍ പറഞ്ഞു. ഞാനും അവരെ പരിചയപ്പെടാന്‍ ആകാംക്ഷാഭരിതനായി.

അന്നൊരു ശനിയാഴ്ച, ഞാന്‍ ഇത്തിരി നേരത്തെ വന്നു. വീട്ടില്‍ ആരും ഇല്ല. അടുക്കളയിലും കുളിമുറിയിലും
സാധാരണ തിരക്കയിരുന്നതിനാലും, ഞാന്‍ പൊതുവെ നല്ല ദുരഭിമാനി ആയിരുന്നതിനാലും ഇതു വരെ ഞാന്‍
ജനലിലൂടെ പാര്‍ക്കിലെ മരച്ചുവടുകള്‍ വീക്ഷിച്ചിരുന്നില്ല. എങ്കിലും യൌവ്വനത്തിന്റെ ആദ്യപടികളില്‍ നില്‍ക്കുന്ന എനിക്ക് ആ അവസരം മുതലാക്കാതെ പറ്റില്ലെന്നായി. ഒറ്റക്കുള്ളപ്പോള്‍ തനി സ്വഭാവം. ആരെങ്കിലും വന്നു കണ്ടാല്‍ ഞാന്‍ ഈ പണിയാണെന്നു കണ്ടാല്‍ മോശമല്ലേ എന്നു കരുതി ഇത്തിരി ഉരുളകിഴങ്ങു കറിയും വെച്ചേക്കാം എന്നു കരുതി.

ആകാംക്ഷാഭരിതനായി ഞാന്‍ നോക്കി, ഏറ്റവും അടുത്ത മരച്ചുവട്ടില്‍ ആരുമില്ല. ഏറ്റവും അകലെ ഒരു ജോഡി ഉണ്ട്, പക്ഷെ കാര്യം കണ്ണാടി ഉണ്ടെങ്കിലും അവിടം നടക്കുന്നതു പലതും സങ്കല്പിക്കേണ്ടിവരും. സഹമുറിയന്മാര്‍ ആണെങ്കില്‍ കാണാന്‍ പട്ടത്തിടത്താണു ജോഡികള്‍ ഇരിക്കുന്നതെങ്കില്‍ രണ്ടുപേര്‍ അവരിരിക്കുന്നതിന്റെ അടുത്തു പോയി ഇരിക്കും, അപ്പോള്‍ അവര്‍ അവിടുന്നു മാറും, അങ്ങനെ നമ്മുടെ സ്പോട്ട് അവരുടെ പ്രിയപ്പെട്ട സ്ഥലമായി മാറി, നമ്മുടെയും. ഞാനിപ്പോള്‍ ഒറ്റക്കല്ലേ? ആറെങ്കിലും വരുന്ന വരെ കാക്കാം. ദൈവമേ, വയസന്മാരുടെ കണക്കു ലോങ് സൈറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി. പെണ്ണു കെട്ടിക്കഴിഞ്ഞപ്പോളാണ് ലോങ് സൈറ്റായിരുന്നെങ്കില്‍ അതും വച്ച് ഭാര്യക്കു ഒരു ഉമ്മ കൊടുക്കണമെങ്കില്‍ പോലും കണ്ണാടി വച്ചു തപ്പികണ്ടുപിടിക്കേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടിനെ പറ്റി ചിന്തിച്ചത്. എനിക്കു ഷോര്‍ട്സൈറ്റ് തന്നതിനു ദൈവത്തിനു നന്ദി പറഞ്ഞു. അകലെ നിര്‍ത്തിയാല്‍ ഫ്ലൈയിങ് കിസ്സല്ലേ കൊടുക്കാന്‍ പറ്റൂ. വെറുതയല്ല കിളവന്മാര്‍ കൂടുതലും A പടം കാണാന്‍ കയറുന്നത്, ഒന്നു കാണണമെങ്കില്‍ വേറെന്താ വഴി?

ഉരുളകിഴങ്ങു തോലുപൊളിച്ചു, ആരും വന്നില്ല മരച്ചുവട്ടില്‍. വരും വരാതിരിക്കില്ല, എന്റെ മനസു പറഞ്ഞു. ആ LLB ചേട്ടന്മാര്‍ വന്നയിരുന്നെങ്കില്‍ ബൈനോക്കുലര്‍ വച്ചു അകലെയ്യുള്ളതു കാണാമായിരുന്നു. എന്നാല്‍ ഉരുളകിഴങ്ങ് അരിഞ്ഞു നോക്കാം. അന്ധവിശ്വാസം പാടില്ല എങ്കിലും അതികഠിനമായ ആഗ്രഹം വരുമ്പോള്‍ നമ്മളിലും Superstition ഉണരും. നാറ്റ്വെസ്റ്റ് ക്രിക്കറ്റ് സീരീസ് ഫൈനലില്‍ ഗാംഗുലി 2 മണിക്കൂറാണ് ഡ്രെസ്സിങ് റൂമിന്റെ വാതിക്കല്‍ ഒരു കാല്‍ അകത്തും ഒരു കാല്‍ പുറത്തും ആയി നിന്നത്. മറ്റൊരു കളിയില്‍ സച്ചിന്‍ 1 മണിക്കൂറാ ബാത്ത് റൂമില്‍ നിന്നത്. ഏതായാലും ഉരുളകിഴങ്ങ് അരിഞ്ഞതു വെറുതെ ആയില്ല. അതാ വരുന്നു ഒരു ജോഡി.

ഞാന്‍ കണ്ണൊക്കെ ഒന്നു കഴുകി റെഡി ആയി. മുന്‍വശത്തെ വാതില്‍ ചാരി, അതിനു മുകളില്‍ ഒരു പ്ലാസ്റ്റിക് പാത്രം വച്ചു. ആരെങ്കിലും വന്നാല്‍ അതു താഴെ വീഴുന്ന ഒച്ച കേട്ട് നമുക്കു വീണ്ടും ഉരുളകിഴങ്ങരിയാമല്ലോ, എന്താ ബുദ്ധി.

അവര്‍ മരച്ചുവട്ടില്‍ വന്നു ഒരു ചെറിയ തുണി വിരിച്ചു. ഉം....അവര്‍ എല്ല സജ്ജീകരണങ്ങള്‍ഊമായാണ്
വന്നിരിക്കുന്നതു. അത്ര ചെറുപ്പക്കാര്‍ അല്ല, എന്നു വെച്ചാല്‍ 40സില്‍ ആണെന്നു തോന്നുന്നു. എന്റെ ഉരുളകിഴങ്ങും ഇത്തിരി പഴയത് ആയിരുന്നു, അടുത്ത പ്രാവശ്യം ആവട്ടെ, നല്ല ഫ്രെഷ് ഉരുളകിഴങ്ങു വാങ്ങണം, വീണ്ടും Superstition! അവര്‍ മുഖാമുഖം ഇരുന്നു. ഇവര്‍ പ്രായമുള്ളവര്‍ അല്ലേ, ആക്രാന്തം ഒന്നും കാണില്ലാരിക്കും. കെട്ടിയോനും കെട്ടിയോളും ആണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരെ? ഇന്നെനിക്കറിയാം, 2 വയസില്‍ താഴെയുള്ള 2 പിള്ളേരായിട്ടു കൂടി, ഒന്നു സല്ലപിക്കണമെങ്കില്‍ അവര്‍ ഒന്നിച്ചുറങ്ങുന്ന ചുരുങ്ങിയ സമയത്തു വേണം. ഞങ്ങള്‍ക്കു നാണം ഉണ്ടായിട്ടൊന്നുമല്ലാ, മൂത്ത ചെറുക്കനു കാണുമ്പോള്‍ നാണമാണ്. കുഞ്ഞവനാണെങ്കില്‍ ഇമ വെട്ടാതെ നോക്കിയിരിക്കും. എന്നാലും ചിന്തിച്ചു, എന്തിനു റിസ്ക് എടുത്തു പാര്‍ക്കില്‍ വരണം? അതോ ഇനി അവര്‍ സ്വന്തം പാതിയെ ചതിച്ചു വന്നിരിക്കുന്ന വഞ്ചകരാണോ? ഓ..എന്തിനാ ഇപ്പോ അങ്ങനെയൊക്കെ ചിന്തിക്കുന്നതു? കണ്ണന്‍ കുഴിയെണ്ണിയേ അപ്പം തിന്നൂ, അല്ലെങ്കില്‍ അജീര്‍ണ്ണം വരും എന്നൊക്കെയുള്ള മോഹന്‍ലാല്‍ വചനങ്ങളൊക്കെ ഞാന്‍ മാറ്റിവച്ചു. കുഴിയെണ്ണാതെ തന്നെ ഇപ്പോല്‍ തിന്നാം. ഞാന്‍ ഉദ്വേഗത്തോടെ കാത്തിരുന്നു.

ജനലിലൂടെ നോക്കാന്‍ എത്തിക്കുത്തി നിന്ന് ഉപ്പൂറ്റി കഴച്ചു. ഇവരെന്നാ മങ്ങാതൊലി കാണിക്കുവാ അവിടിരുന്ന്? ഇതു വെറും സംസാരമേ ഉള്ളോ ഇനി? അല്ല, അതാ ആ അങ്കിള്‍ കയ്യെടുത്തു ആന്റിയുടെ മുടിയിഴകളില്‍ തലോടുന്നു. ഞാന്‍ ഉന്മേഷവാനായി ഉപ്പൂറ്റിയുടെ വേദന മറന്നു. അതാ അങ്കിള്‍ ആന്റിയുടെ മുടിയില്‍ ബലമായ് പിടിച്ചു ഇടത്തോട്ട് തിരിക്കുന്നു. ഞാന്‍ വിചാരിച്ചു, ഇവര്‍ ചെറുപ്പാകാരെക്കാള്‍ കഷ്ടമാണല്ലോ? ഇത്തിരി മയത്തിലൊക്കെ വേണ്ടേ ഇതൊക്കെ ചെയ്യാന്‍? ഒറ്റയടി, എന്റെ മുഖം കൂടി തിരിഞ്ഞു പോയി. (ആന്റിയല്ലാ, അങ്കിള്‍ തന്നെ) എന്തായിപ്പോള്‍ ഇത്? പിന്നെ അടിയുടെ തിരമാലകള്‍, മുടി പിടിച്ചു വലിച്ചിട്ട് കരണത്തിനു തന്നെ പൊട്ടിക്കുന്നു. എന്തൊക്കെയോ ആക്രോശിക്കുന്നു. എന്റെ മനസു വേദനിച്ചു. ഇറങ്ങിച്ചെന്നു അങ്കിളിനെ കുനിച്ചു നിറുത്തി മുതുകത്തിനിട്ട് കല്ലുകൊണ്ടിടിക്കാന്‍ തോന്നി. എന്നാലും ഒരു ശരാശരി മലയാളിയെ പോലെ എന്റെ ഉപ്പൂറ്റി അവിടെ തന്നെ ഉറച്ചു നിന്നു. അയ്യോ..ആ ആന്റിയുടെ വായില്‍ നിന്നും ചോരയല്ലേ വരുന്നത്?

അങ്കിള്‍ ആന്റിയോട് ചേര്‍ന്നിരുന്നു. ബാഗില്‍ നിന്നും ടൌവ്വല്‍ എടുത്ത് ചോരയൊപ്പി, ആന്റിയെകെട്ടിപിടിച്ചു. വീണ്ടും ബാഗില്‍ നിന്നും ഒരു പാത്രം എടുത്തു തുറന്നു. അതില്‍ നിന്നും എന്തൊക്കെയോ വാരി ആന്റിയുടെ വായില്‍ വെച്ചു കൊടുക്കുന്നു. ആന്റിയും വാരിക്കൊടുക്കുന്നു അങ്കിളിന്. തീവ്ര സ്നേഹത്തിന്റെ പ്രകടങ്ങള്‍. ആന്റിയിപ്പോള്‍ അങ്കിളിനെ സ്നേഹം കൊണ്ടു മൂടുന്നു. ഒന്നും മനസിലാവുന്നില്ല. എന്തൊക്കെയാണിത്? എന്തൊക്കെയോ വികാരങ്ങളോടെ സീന്‍ കാണാന്‍ നിന്ന എന്റെയുള്ളില്‍ ഇപ്പോള്‍ എന്തൊക്കെയോ നൊമ്പരങ്ങള്‍ മാത്രം. മുടിക്കു കുത്തിയുള്ള ആ പിടിത്തവും, മുഖത്തെ ചോരയും, പിന്നീടുള്ള ആന്റിയുടെ സ്നേഹവും, എനിക്കൊന്നു മാത്രം മനസിലായി, ഞാന്‍ യോഗമില്ലാത്തവനാണെന്ന്. നല്ല എരിവോടെ ഞാന്‍ ഉരിളക്കിഴങ്ങു കറി വെച്ചു.

പിന്നീടാണറിഞ്ഞത് ഇതു സ്ഥിരം ആള്‍ക്കാരാണ് എന്നും, sadist, masochist ഒക്കെയാണെന്നും മറ്റും. എന്തായാലും ഞാനും സഹമുറിയന്മാരോട് നല്ല കൂട്ടായപ്പോള്‍ ആദ്യം ചെയ്തത് അവരെ അവിടെ വരാതാക്കുക എന്നുള്ളതായിരുന്നു. അവര്‍ക്കു രണ്ടു പേര്‍ക്കും അതിഷ്ടമായിരിക്കാം, വേറേ സ്ഥലം ഇല്ലാഞ്ഞിട്ടായിരിക്കും, പക്ഷെ എന്തോ അനിക്കതു കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ ജനലിലെ നോട്ടം വെണ്ടെന്നു വെക്കാനും.

1 comments:

PIN August 30, 2008 at 8:57 PM  

ബഹുജനം പലവിധം...
അവർക്ക് അവരുടേതായ കാരണങ്ങൾ കാണൂമായിരിക്കും..

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP