ഞാനൊരു പാവം പാലാക്കാരന്‍

ആദ്യ പ്രണയം

>> Saturday, September 13, 2008

ഓര്‍മ്മ വെച്ചകാലം മുതലേ എനിക്കു പ്രണയങ്ങള്‍ ഉണ്ടായിരുന്നു. ബാല്യകാലത്ത് കൂടുതലും അത് എന്നെക്കാള്‍ മുതിര്‍ന്നവരോട് ആയിരുന്നു എങ്കിലും കാലക്രമേണ അതു സമപ്രായത്തിലേക്കും പിന്നീട് പ്രായം കുറഞ്ഞവരിലേക്കും മാറി എന്നു മാത്രം. എല്ലാ പ്രണയങ്ങള്‍ക്കും കോമണ്‍ ആയി ഒരു ഫാക്ടര്‍ ഉണ്ടായിരുന്നു, അന്നു ഞാന്‍ അവരോട് അതു തുറന്നു പറഞ്ഞിട്ടില്ല എന്നുള്ളതാണ് അത്, ഇന്നും. തുറന്നു പറയാന്‍ പോയിട്ടു പലരും എന്നെ കണ്ടിട്ടു പോലും കാണില്ല. എന്നു വെച്ച് ഹേമമാലിനി, ശ്രീദേവി, സ്റ്റെഫി ഗ്രാഫ്, ഷാരണ്‍ സ്റ്റോണ്‍ എന്നിങ്ങനെ അപ്രാപ്യമായുള്ളത് മാത്രമല്ല, നാടന്‍ പെണ്‍കൊടികളും ഉണ്ടായിരുന്നു. വേണമെങ്കില്‍ അവരില്‍ പലരോടും ഒന്നു പറയുകയും പ്രണയിക്കുകയും ചെയ്യാമയിരുന്നു, എന്തിനേറെ അവരില്‍ പലര്‍ക്കും എന്നോടും ഇഷ്ടമുണ്ടായിരുന്നിരിക്കാം.


പാസ്റ്റ് ടെന്‍സില്‍ ഞാന്‍ ഒരു ദുരഭിമാനിയായിരുന്നു. ഞാന്‍ ഉണ്ടായി വീണ ഉടനെ തന്നെ അഭിമാനം കാരണം
സുനാപ്പി പൊത്തിപ്പിടിച്ചിരുന്നു എന്നു അമ്മ പറഞ്ഞിട്ടുണ്ട്. പ്രെസെന്റ് ടെന്‍സിലും അര ദുരഭിമാനി തന്നെ, എന്നു വെച്ചാല്‍ പകുതി കാണിച്ചു കൊണ്ടാ നടക്കുന്നത് എന്നൊന്നും വിചാരിക്കരുതേ. പറയേണ്ട പല കാര്യങ്ങളും പറയില്ല, അഭിമാനം പോലും അഭിമാനം. തേങ്ങാക്കൊല, അതിന്റെ പേരില്‍ ഉള്ളതെല്ലാം അനുഭവിച്ചിട്ടു പരാതി പറഞ്ഞിട്ടു കാര്യം ഉണ്ടോ? എനിക്കിപ്പോള്‍ തോന്നുന്നത് ഇതു അഭിമാനം ഒന്നും ആയിരിക്കില്ല, പേടി ആയിരിക്കും.


അതൊക്കെ പോകട്ടെ, കാര്യം രണ്ടാം ക്ലാസില്‍ നിന്നു മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ട പെണ്ണുങ്ങളുടെ എല്ലാം ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ആദ്യമായി ഒരാളെ തീവ്രമായി ആഗ്രഹിച്ചത് ഏഴാം ക്ലാസില്‍ വെച്ചായിരുന്നു.
വിധിയുടെ വിളയാട്ടങ്ങള്‍ തിടര്‍ന്നുകൊണ്ടേയിരുന്നു എങ്കിലും അമ്മയുടെ സ്നേഹം തടവുകാരുടെ പരോളുപോലെ ഞങ്ങള്‍ക്ക് അവുധി ദിനങ്ങളില്‍ മാത്രം ഒതുക്കിയിരുന്നത്, അതും നാലുപേര്‍ ഷെയര്‍ ചെയ്തിരുന്നത്, ഇളവുചെയ്ത് എല്ലാ ദിവസവും ലഭിച്ചു തുടങ്ങി. കാരണം അമ്മ വീടിനു കുറച്ചടുത്തുള്ള കാരക്കുളം എന്ന UP സ്കൂളില്‍ പഠിപ്പിക്കുന്നു. അമ്മ ഞങ്ങളെ ആരെയും കൊത്തിപ്പിരിച്ചു വിടാതിരുന്നതിനാല്‍ ഷെയറിങ് അപ്പോളും തുടരേണ്ടി വന്നു എന്നു മാത്രം. ഉള്‍പ്രദേശ ആയിരുന്നതിനാല്‍ കുട്ടികള്‍ കുറവ്. ഏറ്റവും സര്‍വീസ് കുറഞ്ഞ ആളായതു കാരണം ഡിവിഷന്‍ പോയാല്‍ അമ്മ വീണ്ടും കിഴക്കന്‍ മേഖലകളിലേക്ക് പോകേണ്ടിവരും. താമസം അപ്പോളും അമ്മവീട്ടില്‍ തന്നെ, ബന്ധുര
കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയല്ലേ? എന്നാലും അമ്മ കൂടെയുള്ളപ്പോള്‍ ഏതു നരകത്തില്‍ പോകാനും മക്കള്‍ക്കു പേടിയില്ലല്ലോ. എന്തിനാ ഡിവിഷന്‍ പോകാതിരിക്കാന്‍ നാട്ടിലുള്ള കിടാങ്ങളെ തപ്പിപ്പോകുന്നത്, വീട്ടില്‍ ഇങ്ങനെ നാലെണ്ണം പുരനിറഞ്ഞു നില്‍ക്കുമ്പോള്‍? അതും ഏതു ക്ലാസ് വേണമെങ്കിലും അവൈലബില്‍.

അങ്ങനെ അക്കൊല്ലത്തെ ഷോര്‍ടേജ് ആയ ഏഴാം ക്ലാസില്‍ ഏഴാം കൂലിയായി ഞാന്‍ ചേര്‍ന്നു. ആണുങ്ങള്‍ കുറവും പെണ്ണുങ്ങള്‍ കൂടുതലും ആണ് ക്ലാസില്‍. അത്ര പരിഷ്കാരികള്‍ ഒന്നുമില്ലെങ്കിലും നാടന്‍ സുന്ദരികള്‍
കാണാതിരിക്കില്ല. അങ്ങനെ അമ്മയുടെ ക്ലാസ് ആയ 7B ല്‍ തന്നെ എന്നെ ഇരുത്തി. ടീച്ചറിന്റെ മകന്‍ ആയതു
കൊണ്ട് മുന്‍പിലത്തെ ബഞ്ചില്‍ തന്നെയായിപ്പോയി ഇരിപ്പിടവും. അല്ലെങ്കില്‍ തന്നെ ശരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ഞാന്‍ ഇത്തിരി സ്ലോ ആയിരുന്നതിനാല്‍ പുറകില്‍ ഇരിക്കാന്‍ ആഗ്രഹിച്ചാലും സാധിക്കില്ല . ഏതായാലും അസ്സംബ്ലിയുടെ സമയത്തും ഡ്രില്ലിന്റെ സമയത്തും ഒക്കെയായി ആള്‍ക്കാരുടെ ഒക്കെ കളക്ഷന്‍ എടുത്തു,സഹപാഠികള്‍ കഥകളും കാര്യങ്ങളും എല്ലാം വിസ്തരിച്ചും തന്നു.


സീനയാണ് ക്ലാസിലെ കേമി. ഒന്നാം റാങ്കും അവള്‍ക്കുതന്നെ. ഇത്തിരി തന്റേടം ഉള്ള പെണ്ണാണെന്ന്
സഹപാഠികളുടെ വാണിങ്. പച്ചരി എന്നാണവളുടെ ഇരട്ടപ്പേര്. അവളെ ആ പേര്‍ വിളിച്ചാല്‍ തല്ലൊഴിച്ച് എല്ലാം അവള്‍ ചെയ്യും. അതു കാരണം തന്നെ എല്ലാവര്‍ക്കും അവളെ ഒരു ബഹുമാനം ഉണ്ടായിരുന്നു. കാര്യം സുന്ദരിയും കഴിവുള്ളവളുമായിരുന്നെങ്കിലും ആ തന്റേടം എനിക്കിഷ്ടമ്മയിരുന്നില്ല. പിന്നെ ഓണാഘോഷത്തിനിടയില്‍ ഉണ്ടായിരുന്ന കസേരകളിയില്‍ അവള്‍ എതിരാളിയെ തള്ളിമാറ്റി വിജയിച്ചതുമെനിക്ഷ്ടമായില്ല. ഒരു പെണ്ണിനു വേണ്ട അത്യാവശ്യ കാര്യങ്ങളായ ലാളിത്യവും വിനയവും ഒന്നുമവള്‍ക്കില്ലല്ലോ. രണ്ടാം സ്ഥാനം ജമിനി, അവളൊരു ലളിത ശാലീന സുന്ദരി. ബാക്കിയുള്ളവരും മോശമല്ല, കാര്യം ഒരു തനി നാട്ടിന്‍ പുറം ആയിരുന്നു എങ്കിലും പെണ്ണുങ്ങള്‍ മിക്കവരും തന്നെ സുന്ദരികള്‍. ജീന്‍സും ടീഷര്‍ട്ടും ആധുനിക വേഷവിധാനങ്ങള്‍, രഞ്ജിനി മോഡല്‍ മലയാളം ഇതൊന്നുമില്ലെങ്കിലും മിഡിയിലും വല്ല്യപാവടയിലും നിറഞ്ഞുനിന്നിരുന്ന ശാലീന സുന്ദരികള്‍.


എന്തായാലും ദിനങ്ങള്‍ കൊഴിഞ്ഞു പോയി. ഒന്നിനെ തിരഞ്ഞെടുക്കാനും, പ്രത്യുത മറ്റുള്ളവരെ വേണ്ടന്നു വെക്കാനും ഉള്ള ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ ഒരോ ദിവസത്തെയും മൂഡ് അനുസരിച്ച് ലോകപ്രശസ്ത സുന്ദരികള്‍ക്കൊപ്പം ജമിനി, സീന, പുഷ്പ, കവിത എന്നിങ്ങനെ നാട്ടില്‍ അവൈലബിള്‍ ആയിരുന്ന എല്ലാ പെണ്‍കൊടികളെയും സാഹചര്യമനുസരിച്ച് സങ്കല്പങ്ങളിലും സ്വപ്നങ്ങളിലും പ്രണയിച്ചു താലോലിച്ചിരുന്നു. ശാന്തനും മര്യാദക്കാരനുമായ കുട്ടി എന്ന് എല്ലായിടത്തും കിട്ടിയിരുന്ന പേരു ഇവിടെയും നിലനിര്‍ത്താന്‍ ശ്രമിച്ചു, വിജയിക്കുകയും ചെയ്തു. പക്ഷെ അതിനായി എന്റെ മനസില്‍ ആളിക്കത്തിയ പ്രണയങ്ങള്‍ എല്ലാം മനക്കോട്ടകളില്‍ തളച്ചിടേണ്ടിവന്നു എന്നു മാത്രം.

അങ്ങനെ ആനിവേര്‍സറി എത്തി. എല്ലാവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ജമിനി പാട്ടിനും ഡാന്‍സിനും
മത്സരിക്കുന്നു, സീനയാണെങ്കില്‍ കുറച്ചുകൂടി അഗ്രസീവയുള്ള പ്രസംഗം മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിലും പങ്കെടുക്കുന്നു. എനിക്കണെങ്കില്‍ ആകെ ഇത്രയും കാലത്തെ വിദ്യാലയ ജീവിതത്തില്‍ ആകെ ആനിവേഴ്സറിക്കു കിട്ടിയിരിക്കുന്ന സമ്മാനം എല്ല ദിവസവും വേദപാഠക്ലാസില്‍ കയറിയതിനു ലഭിച്ച ഒരു ഗ്ലാസ് ആയിരുന്നു. എങ്കിലും ചാക്കില്‍ ചാട്ടം, തവള ചാട്ടം എന്നിവയില്‍ മിക്കവാറും എന്തെങ്കിലും സമ്മാനം കിട്ടറുണ്ടായിരുന്നു. എന്തായാലും അച്ചാമ്മ ടീച്ചര്‍ ഇത്തവണത്തെ പരിപാടിയായി ആസൂത്രണം ചെയ്തത് ഒരു നാടകം.

എന്നെയും ഒരു നടന്‍ ആക്കി. നായകന്‍ 7A ലെ ഒന്നാം സ്ഥാനക്കാരന്‍ സെബിന്‍, നായിക ഞങ്ങളുടെ ക്ലാസിലെ ഒന്നാം സ്ഥാനക്കാരി സീന. ഞാനാണ് വില്ലന്‍. എന്നാലെന്താ ആ സ്കൂളിലെ എല്ലാവരുടെയും സ്വപ്ന നായിക ആയിരുന്ന സീനയുടെ ഭര്‍ത്താവായ ഭാസ്കരന്‍ എന്ന മദ്യപാനി ആയിട്ടാണ് എന്റെ റോള്‍. നാടകത്തിലെങ്കിലും അവളുടെ ആദ്യ ഭര്‍ത്താവാകാന്‍ എനിക്കല്ലേ ഭാഗ്യം ലഭിച്ചത്. എന്തായാലും ഭാരതി എന്ന അവളുടെ പേര്‍ മൈക്കിലൂടെ രണ്ടുതവണ വിളിച്ചപ്പോഴേക്കും കോട്ടയംകാരുടെ “ഫ“ അല്ലെങ്കില്‍ ത്രിശൂര്‍ കാരുടെ “ബ“ എന്ന അവളുടെ പേരിലെ ആദ്യാക്ഷരത്തിന്റെ ആഘാതം താങ്ങാനാവാതെ സ്പീക്കര്‍ ഞരങ്ങിയപ്പോള്‍ പ്യൂണ്‍ ഓടി വന്നു പറഞ്ഞു, മൈക്കിന്റെ അത്രയും അടുത്തു നിന്നു വിളിക്കണ്ടാ എന്ന്.
എന്തായാലും കുടിയനും വില്ലനുമായ എന്റെ റോള്‍ മോശമായില്ല. ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ സ്കൂള്‍ അടച്ചു.


എന്റെ മനസില്‍ മറ്റുള്ള പെണ്ണുങ്ങളുടെ സ്ഥാനം കുറഞ്ഞു വന്നു. വീടിനുപുറകിലുള്ള കുന്നിന്‍പുറത്തെ റബറിന്റെ ഇടക്കു കൂടി പേടിച്ചുവിറച്ച് നന്മ നിറഞ്ഞ മറിയവും എത്രയും ദയയുള്ള മാതവേയും ചൊല്ലി ഹുസൈന്‍ ബോള്‍ട്ടിനെക്കാളും വേഗത്തില്‍ രണ്ടാം പാലെടുത്തിരുന്ന ഞാന്‍ ശബരിമലക്കു ആന്ധ്രയില്‍ നിന്നും നടന്നു വരുന്നവന്‍ പാലായില്‍ എത്തുമ്പോഴത്തെ അവസ്ഥയില്‍ ആയി. എന്റെ മനസില്‍ നിറയെ സീനയായിരുന്നു. ഐസ് ക്രീമിന്റെ പാത്രത്തിലെ അവസാന തരിയും നക്കിയെടുക്കുന്ന പോലെ ഞാന്‍ റബര്‍ ചിരട്ടയിലെ പാല്‍ ഒപ്പിയെടുത്തു. ഞാനും സീനയും ആ തോട്ടത്തിലൂടെ ഓടി നടന്നു. ഒന്നു നോക്കുവാന്‍ പോലും പേടിയുണ്ടായിരുന്ന, കുത്തിക്കൊല്ലാന്‍ വരുന്ന ആനയെ ഓര്‍മ്മപ്പെടുത്തുന്ന പാറയില്‍ ഞാന്‍ ചാരിനിന്ന് ഞാന്‍ എന്റെ സങ്കല്പങ്ങളില്‍ സീനയെ തീവ്രമായി പ്രണയിച്ചു. ചില റബറിന്റെ ചുവട്ടില്‍ ഇരുന്നു ഇനിയും വരാനുള്ള പാല്‍ തുള്ളികല്‍ക്കുവേണ്ടി കാത്തിരുന്നു സങ്കല്‍പ്പിച്ചു.


ചാച്ചയെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണേ എന്നുതുടങ്ങി അഞ്ചാമത്തെ ഐറ്റമായിരുന്ന എന്നെ ഒരു കിക്കറ്റ്
കളിക്കാരനോ ഫുട്ബോള്‍ കളിക്കാരനോ (അന്നും ഒന്നിലൊതുക്കാന്‍ പറ്റിയിരുന്നില്ല) ആക്കണെ
എന്നവസാനിച്ചിരുന്ന സ്ഥിരമായുണ്ടായിരുന്ന എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാകണമേ എന്നുള്ള ആവശ്യം ഒഴിവാക്കി, സീനയാണ് എന്റെ പെണ്ണെങ്കില്‍ എനിക്ക് അതു
മനസിലാക്കിതരണേ എന്നാക്കി. ഞാന്‍ അന്നേ ബുദ്ധിയില്ലെങ്കിലും ചിന്തിക്കുമായിരുന്നു. അതു കൊണ്ടാണ് എന്റെ പെണ്ണാണെങ്കില്‍ എന്നു ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തിയത്. അല്ലെങ്കില്‍ പിന്നെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളുമായി ആത്മഹത്യ ചെയ്യാന്‍ നടക്കേണ്ടേ?


രണ്ടുവര്‍ഷത്തോളം എന്റെ പ്രാര്‍ത്ഥനകളിലും, സ്വപ്നങ്ങളിലും അവള്‍ നിറഞ്ഞുനിന്നു. പിന്നെ കാലത്തിന്റെ
കുത്തൊഴുക്കില്‍ പെട്ട് എന്നതിനേക്കാളേറെ, മറ്റു പെണ്ണുങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടു ഞാന്‍ അവളെ മറന്നു. പിന്നെയൊരു മൂന്നു വര്‍ഷത്തേക്ക് സൂര്യയും അതിനുശേഷം കവിതയും ഒക്കെ എന്റെ സ്വപ്നകാമുകിമാരാകുകയും സങ്കല്പത്തിലെ ലൊക്കേഷന്‍ പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ബാംഗ്ളൂര്‍, ഊട്ടി, അമേരിക്ക എന്നിവിടങ്ങളിലേക്ക് മാറുകയും ചെയ്തു.


വര്‍ഷങ്ങള്‍ ഐലന്റ് എക്സ്പ്രസ് പോലെ കടന്നു പോയി, ഞാന്‍ ബാംഗ്ളൂരില്‍ ജോലിക്കാരനായി, ഐലന്റ്
എക്സ്പ്രസിലെ യാത്രക്കാരനുമായി മാറി. അങ്ങനെ ഒരിക്കല്‍ എന്റെ കസിന്‍ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഒരു ടെസ്റ്റ് എഴുതാനായി എത്തുന്നു എന്നറിയിച്ചു. ജോലി, വായിനോട്ടം, മദ്യപാനം, കറക്കം തുടങ്ങിയ പലതര തിരക്കുകള്‍ക്കിടയില്‍ അതു മറന്നുപോയെങ്കിലും കൃത്യം ദിവസം ഞാന്‍ അതോര്‍ത്തു. നേരെ ബൈക്കെടുത്തു വിട്ടു സെന്റ് ജോണ്‍സിലേക്ക്. സാധാരണ ഏതെങ്കിലും കോളേജിലേക്കണെങ്കില്‍ എല്ലാവരും എനിക്കൊരു കൂട്ടിനു വരേണ്ടതാണ്. എങ്കിലും ഞാന്‍ മറന്നുപോയതിനാലും അവര്‍ എല്ലാം വായിനോട്ടത്തിനായി ബ്രിഗേഡ് റോഡില്‍ പോയിരുന്നതിനാലും ഞാന്‍ ഒറ്റക്കാണ് പോയത്.


അവിടെ അവര്‍ പറഞ്ഞ സ്ഥലത്ത് ചെന്നു നോക്കിയപ്പോള്‍ അവിടെ ആരും ഇല്ല. കുറച്ചു മാറി താഴെ ഒരു സിസ്റ്ററും ഒരു കുട്ടിയും കൂടി ഇരുന്നു പഠിക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്കു ചെന്നു. സാധാരണ പെണ്‍കുട്ടികളെ എന്തെങ്കിലും കാരണം ഉണ്ടാക്കി മിണ്ടാന്‍ ചെല്ലുന്ന ഞാന്‍ എന്തോ അന്നു അവരുടെ അടുത്തു ബൈക്കു നിറുത്തി സിസ്റ്ററിനെ ആണ് നോക്കിയത്. ഞാന്‍ വിവരങ്ങള്‍ ചോദിച്ചു, അവര്‍ പറഞ്ഞു ടെസ്റ്റ് മാറ്റി വെച്ചു എന്ന്. നന്ദി പറഞ്ഞ് ഞാന്‍ കൂട്ടത്തില്‍ ഇരുന്ന കുട്ടിയേ നോക്കി. അവള്‍ എന്നെ നോക്കിയിരിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ എനിക്കു ആളെ മനസിലായി. ഞാങ്ങള്‍ രണ്ട്പേരും ഒരേ സമയത്ത് പേരു വിളിച്ചു. അമ്മയുടെയും പെങ്ങന്മാരുടെയും ഒക്കെ വിശേഷങ്ങള്‍ അവള്‍ ചോദിച്ചു. അവളുടെ കാര്യങ്ങള്‍ അല്ലാതെ എനിക്കൊന്നും ചോദിക്കാന്‍ ഇല്ലായിരുന്നു എന്നു മാത്രം. വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

എനിക്കു ഭയങ്കര അത്ഭുതവും സന്തോഷവും തോന്നി. എന്റെ മനസില്‍ വീണ്ടും സ്വപ്നങ്ങള്‍ വിരിഞ്ഞു. അവളുടെ തന്റേട സ്വഭാവം ഒക്കെ മാറിയതായി തോന്നി. കഴുത്തില്‍ അവളേക്കളും വലിയ ഒരു കൊന്ത ഒക്കെ അണിഞ്ഞ് നല്ല അച്ചടക്കമുള്ള ഒരു ക്രിസ്ത്യാനിപെണ്ണായി അവള്‍ മാറിയിരുന്നു. പെരുമാറ്റത്തില്‍ ഒക്കെ നല്ല കുലീനത. ആകസ്മികമായ ആ കണ്ടുമുട്ടലും അവളുടെ പെരുമാറ്റവും എന്റെ മനസിനെ വീണ്ടും പ്രണായാതുരമാക്കി.


ഞാന്‍ പിന്നീട് രണ്ട് പ്രാവശ്യം കൂടി മറ്റാവശ്യങ്ങള്‍ക്കായി അവിടെ ചെന്നപ്പോല്‍ അവളെ കണ്ടു. നല്ല രീതിയില്‍ വര്‍ത്തമാനം പറഞ്ഞു. എന്റെ മനസില്‍ പ്രണയം ഉണ്ടായിരുന്നു എങ്കിലും പറയാന്‍ സാധിച്ചില്ല. ഇന്നെനിക്കു മനസിലായി, അതു എന്റെ മര്യാദ കൊണ്ടായിരുന്നില്ല, ധൈര്യം ഇല്ലാഞ്ഞിട്ടുമല്ലായിരുന്നു. അവള്‍ എന്നോടു പ്രണയം ഇല്ല എന്നു പറഞ്ഞാല്‍ എന്നെന്നേക്കമായി ആ വാതില്‍ കൊട്ടിയടഞ്ഞാലോ എന്ന ഭയത്താലായിരുന്നു.


ലോകത്തേതോ ഒരു കോണില്‍ അവള്‍ ഭര്‍ത്താവും കുട്ടികളുമായി കഴിയുന്നുണ്ടാവാം, ഇനിയും എവിടെയെങ്കിലും വെച്ചു കാണുമായിരിക്കാം. എന്നെ ജീവനേക്കളേറെ സ്നേഹിക്കുന്ന ഭാര്യയും ഓമനക്കുട്ടന്മാരായ രണ്ട് പിള്ളേരും ആയി എനിക്കിന്ന്. ഇനി സീനയെ കണ്ടാലും പ്രണയം തോന്നില്ലെനിക്ക്. എങ്കിലും എന്തായിരിക്കും എന്റെ മനസില്‍ ഇനി അവളെ കണ്ടാല്‍? ആത്മബന്ധമോ, അതോ സുഹൃത്ത് ബന്ധമോ, അല്ലെങ്കില്‍ നുനുനുനുത്ത ഒരു സുഖമോ? അതോ ഇനി ഒരു നഷ്ടബോധമോ? ആര്‍ക്കറിയാം.....

12 comments:

കാന്താരിക്കുട്ടി September 13, 2008 at 5:19 PM  

ആ കുഞ്ഞു പ്രായത്തിലെ പ്രണയ കഥയിലെ നായികയെ കണ്ടാല്‍ ഇനി ഒരു സന്തോഷമേ തോന്നു..ഒപ്പം ഭാര്യയോടു പറയുകയും ചെയ്യാ‍ം ഇവളായിരുന്നു എന്റെ പഴയ ലൈന്‍ എന്ന്...രണ്ടു പേര്‍ക്കും ചിരിക്കാന്‍ ഒരു വകയാവും

വാഴക്കാവരയനും കുടുംബത്തിനും ഓണാശംസകള്‍ !

ഫസല്‍ / fazal September 13, 2008 at 5:46 PM  

ഇരുത്തി വായിപ്പിച്ചു കളഞ്ഞല്ലോ സുഹൃത്തേ..
ആശംസകള്‍..

അനൂപ് തിരുവല്ല September 13, 2008 at 7:10 PM  

:)

smitha adharsh September 13, 2008 at 8:38 PM  

ഐസ് ക്രീമിന്റെ പാത്രത്തിലെ അവസാന തരിയും നക്കിയെടുക്കുന്ന പോലെ ഞാന്‍ റബര്‍ ചിരട്ടയിലെ പാല്‍ ഒപ്പിയെടുത്തു. ഞാനും സീനയും ആ തോട്ടത്തിലൂടെ ഓടി നടന്നു. ഒന്നു നോക്കുവാന്‍ പോലും പേടിയുണ്ടായിരുന്ന, കുത്തിക്കൊല്ലാന്‍ വരുന്ന ആനയെ ഓര്‍മ്മപ്പെടുത്തുന്ന പാറയില്‍ ഞാന്‍ ചാരിനിന്ന് ഞാന്‍ എന്റെ സങ്കല്പങ്ങളില്‍ സീനയെ തീവ്രമായി പ്രണയിച്ചു
ഇതൊക്കെ ഏഴ് Bയില്‍ പഠിക്കുമ്പോള്‍...അല്ലെ?കൊച്ചു മിടുക്കാ..
നന്നായി രസിച്ചു, എഴുത്ത്..

ശിവ September 13, 2008 at 8:58 PM  

ഇതൊക്കെ വായിക്കാന്‍ അവസരം തരുന്നതിനും ഇതൊക്കെ ഇവിടെ എഴുതുന്നതിനും നന്ദി...

എല്ലാവര്‍ക്കും എല്ലാ കാലത്തും ഉണ്ടാകും പ്രണയങ്ങള്‍....ഒരാള്‍ മരിക്കുന്നതുവരേയും ഉണ്ടാകും...എന്നാല്‍ ആരും അതൊന്നും സമ്മതിച്ചു തരില്ല...

സ്‌പന്ദനം September 14, 2008 at 12:26 AM  

പ്രിയ വാഴക്കാവരയാ...നാടുമുഴുവനുള്ള സുന്ദരിമാരെയൊക്കെ കാമുകിമാരാക്കി(സോറി കാമുകിമാരാക്കാന്‍ കൊതിച്ച്‌) വിലസിയിട്ടൊടുവില്‍ മനംമാറ്റമോ...വിശ്വസിക്കാന്‍ വയ്യ.

മാന്മിഴി.... September 14, 2008 at 11:10 AM  

hoooo.............chirikkaan vayyeeee

sreedevi September 15, 2008 at 2:41 PM  

വളരെ നന്നായി എഴുതിയിരിക്കുന്നു..ഒന്നും മറച്ചു വയ്ക്കാതെ തുറന്നെഴുതിയത്‌ പോലെ..നന്നായി ആസ്വദിച്ചു ..ഭാവുകങ്ങള്‍

full_of_love September 16, 2008 at 3:53 AM  

പ്രണയം
അതൊരു കിടിലന്‍ സംഭവമാ ചേട്ടാ പ്രണയം അത് എല്ലാവര്‍ക്കും ഇന്നല്ലന്കില്‍ നാളെ ഓര്‍മകളുടെ ഒരു പിടി പൂക്കള്‍ നല്‍കിക്കൊണ്ട് കടന്നു പോകുന്നു ചിലപ്പോള്‍ ദുഖത്തിന്റെ മുള്ളുകളും പക്ഷെ with out love life is nothing

നവരുചിയന്‍ September 16, 2008 at 9:51 AM  

വെരി ഗുഡ് .... ഈ ഏഴാം ക്ലാസ്സില്‍ ഓകെ വെച്ചു ഇത്ര അഗാധം ആയി പ്രേമിക്കാനും ...പ്രേമിച്ച പെണ്ണിന്‍റെ കെട്ടിയോന്‍ ആയി അഭിനയിക്കാനും പറ്റിയ കശ്മലാ........

കുറ്റ്യാടിക്കാരന്‍ September 29, 2008 at 8:50 PM  

വളരെ വളരെ നന്നായിരിക്കുന്നു മാഷേ...

മുന്നൂറാന്‍ January 11, 2009 at 11:07 AM  

നന്നായിരിക്കുന്നു

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP