ബേബിച്ചന്‍ ഫ്രം പൈക
>> Sunday, July 12, 2009
പൈകയിലെ വളര്‍ന്നു വരുന്ന കൌമാരക്കാരുടെ അഭയകേന്ദ്രമായിരുന്നു ചതുരക്കുന്നേല്‍ ബേബിയുടെ സൈക്കിളുകട. പഠിക്കാന്‍ നല്ല മിടുക്കനായിരുന്നെങ്കിലും വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാല്‍ എട്ടില്‍ നാലാമത്തെ വര്‍ഷം പഠനം നിര്‍ത്തി. അങ്ങനെ പൈകയില്‍ ഒരു സൈക്കിളുകട ആരംഭിച്ചു. കാര്യം പെണ്ണുകെട്ടാറായെങ്കിലും കടയിലെ ക്ലയന്റ്സ് സൈക്കിളില്‍ വരുന്ന സ്കൂള്‍ കുട്ടികള്‍ ആയതിനാലാവാം, വര്‍ഷങ്ങള്‍ കഴിയുന്തോറും പുള്ളിക്കാരന്റെ സുഹൃത്തുക്കളുടെ പ്രായവും കുറഞ്ഞു വന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോളും മീരാജാസ്മിന്റെയും മംതയുടെയും കൂടെ അഭിനയിക്കുന്നതും ഇതുപോലെയാവും. എന്തായാലും ബേബി നാള്‍ക്കു നാള്‍ ബേബിയായി വന്നു. ചെറിയ പെണ്‍കുട്ടികളുമായുള്ള ബന്ധം ചെറുപ്പമാക്കും എന്നു പല വിദഗ്ധരും പറയുന്ന പോലെ.
എന്തായാലും ബേബിയുടെ കടയില്‍ പിള്ളേരുടെ തിരക്ക് രാവിലെയും വൈകിട്ടും വളരെ കൂടുതലായിരുന്നു.
കാലം മാറി വന്നതനുസരിച്ചു ബേബിയുടെ കോലവും മാറി വന്നു. കടയില്‍ ഏതു കസ്റ്റമര്‍ വന്നാലും ബേബി കസേരയില്‍ നിന്നനങ്ങില്ല. ആ നാലാമത്തെ റാക്കിലെ മൂന്നമത്തെ റോയില്‍ ഇരിക്കുന്ന ബോള്‍ട്ടെടുത്തു കൊണ്ടുവാ എന്ന് കസ്റ്റമറിനോടു പറയും. പിന്നെ വരുന്ന കസ്റ്റമര്‍ എല്ലാം തലതെറിച്ച പിള്ളേര്‍ ആയതിനാലും, ബേബിയുടെ കടയില്‍ നിന്നാല്‍ പൈകയില്‍ ബസില്‍ വന്നിറങ്ങുന്നതും നടന്നുവരുന്നവരുമായ എല്ലാ പെണ്‍പിള്ളെരുടെയും അറ്റന്‍ഡന്‍സ് എടുക്കാം എന്ന ബെനിഫിറ്റ് ഉള്ളതിനാലും ബേബിയുടെ ജാട പോലീസ് സ്റ്റേഷനിലെ നടയടി പോലെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. ബേബി അഹങ്കാരം കൊണ്ടായിരുന്നില്ല അങ്ങിനെ പെരുമാറിയിരുന്നത്, അവന്റെ മുടന്ത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു എന്നു മാത്രം. പക്ഷെ ബേബി ഭയങ്കര പരസഹായി ആയിരുന്നു. കുട്ടികള്‍ക്ക് അവരുടെ പ്രണയ സാഫല്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കുക, പെണ്ണുങ്ങളുടെ വീട്ടിലേക്ക് കടയിലെ ഫോണ്‍ ഉപയോഗിച്ച് വിളിക്കാന്‍ അനുവധിക്കുക തുടങ്ങിയ ഉപകാരങ്ങള്‍ക്കൊപ്പം, അവരെ തന്റെ വീരഗാഥകള്‍ പറഞ്ഞ് അത്ഭുതപ്പെടുത്തുക എന്ന ചെറിയ ഉപദ്രവം മാത്രമേ ബേബി ചെയ്തിരുന്നുള്ളൂ.
വര്‍ഷങ്ങള്‍ കടന്നു പോയതനുസരിച്ച് ബേബിയിലും ചെറിയ പരിഷ്കാരങ്ങള്‍ വന്നു. സൈക്കിളിന്റെ ബോളും, കാറ്റടിക്കലും, നന്നാക്കലുമൊക്കെ പഴയ കല്ലുപെന്‍സില്‍ വില്പന പോലെയായപ്പോള്‍ ബേബി സൈക്കിള്‍ വില്പനയും ബൈക്കിന്റെ പാര്‍ട്സ് വില്പനയും ആരംഭിച്ചു. മീശക്കു കട്ടിവന്നെങ്കിലും അതു നരക്കുന്ന വരെയെങ്കിലും അതാര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാവില്ല. എങ്കിലും സംസര്‍ഗം കൂടുതലും പിള്ളേരുമായി തന്നെ.
വസ്ത്രധാരണത്തില്‍ കാലോചിതമായ മാറ്റം വരുത്തി പാന്റിടാന്‍ ബേബി തയ്യാറായില്ല. പക്ഷെ അരക്കിലൊ മൈദ മുക്കിയ ഷര്‍ട്ടും മുണ്ടും ഉടുത്ത് അതിന്റെ ഭാരം താങ്ങാന്‍ എപ്പോളും എവിടെയെങ്കിലും ചാരിമാത്രം നിന്നുകൊണ്ട് ബേബി സുന്ദരനാകാന്‍ ശ്രമം തുടങ്ങി. നേരെ എതിര്‍വശത്തുള്ള സ്വര്‍ണ്ണക്കടയിലെ സിബിയെ എല്ലാവരും സിബിച്ചന്‍ എന്നു വിളിക്കുന്ന കേട്ട് ബേബിക്കുംമൊരു ആഗ്രഹം, എല്ലാരും ബേബിച്ചന്‍ എന്നു വിളിക്കുവരുന്നെങ്കില്‍ ഒരു രസം ഉണ്ടാരുന്നു എന്ന്. പിന്നെ കടയില്‍ ബേബിയെ എന്നു വിളിച്ചു വരുന്നവരെ രാവിലെയും വൈകിട്ടും പെണ്‍കുട്ടികളുടെ പീക്ക് സമയത്ത് ബേബി കടയില്‍ നിര്‍ത്തിയില്ല. കടയിലെ കസേരയിലും തൂണിലും ചാരി നിന്ന്, പുഞ്ചവയല്‍, വിഴിക്കത്തോട് ചെങ്ങളം ബസുകളുടെ കളക്ഷന്‍ എടുക്കാന്‍ എന്തു വിലയും കൊടുക്കാന്‍ തയ്യാറായിരുന്ന പൈകയിലെ ചെറുപ്പക്കാര്‍ വളരെ പെട്ടെന്ന് ബേബിയെ ബേബിച്ചനാക്കി.
ആദ്യമായി ഒരു മൊബൈലുമായി വന്ന ജാടയില്‍ വെറും ബേബി എന്നു വിളിച്ച് കടയില്‍ വന്ന രാജേഷിനെ കച്ചവട സമയത്ത് കസേരയില്‍ ഇരിക്കാതെ എന്നു പറഞ്ഞ് ബേബി കടയില്‍ നിന്നും ഇറക്കിവിട്ടു. പുഞ്ചവയലു ബസില്‍ അല്ഫോന്‍സാ കോളേജില്‍ പോകുന്ന ലതയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാതെ രാജേഷ് പിന്നെ ബേബിക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്ന പെണ്ണിനെ ഫോണ്‍ വിളിച്ചു കൊടുത്താണ് സോള്‍വ് ചെയ്തത്. (അന്നു നംബര്‍ ബിസിയാകുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ മെസ്സേജ് ഉണ്ടായിരുന്നുള്ളൂ). ഒരു 10 സെക്കന്‍ഡ് പെണ്ണിന്റെ ശബ്ദം കേട്ടാല്‍ തന്നെ എന്തൊരു സംതൃപ്തി. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ തോണ്ടലും ഞെക്കലും പെണ്ണുങ്ങള്‍ അനുഭവിക്കുന്നത് എന്നാണ് എല്ലാവരുടെയും പരാതി. ബാക്കി എല്ലായിടത്തും കൌമാര യൌവ്വന തൃഷ്ണകള്‍ ശമിപ്പിക്കാന്‍ എത്ര എത്ര അവസരങ്ങള്‍! പാവം മലയാളി ആണുങ്ങള്‍!
രാവിലെ ഒരോ ബസിന്റെയും ഇരമ്പല്‍ കേള്‍ക്കുമ്പോളേ ബേബി മേശയുടെ സൈഡില്‍ വച്ചിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുടി ചീകും. എന്നിട്ട് കസേരയില്‍ ഞെളിഞ്ഞിരിക്കും. ദിവസേന എത്രയോ കണ്ണുകള്‍ ബേബിയുടെ കടയിലേക്കും തിരിച്ചും സന്ധിക്കും. എല്ലാവര്‍ഷവും പുതിയതായി വരുന്ന പെണ്‍കുട്ടികള്‍ എങ്കിലും തന്നെ പ്രേമിക്കും എന്ന പ്രതീക്ഷയില്‍ ബേബിയും കുട്ടികളേപ്പോലെ മേയ് മാസം പുതിയ ഷര്‍ട്ടുകള്‍ വാങ്ങി വെക്കും. കാലവര്‍ഷത്തണുപ്പില്‍ ഉണങ്ങാത്ത പശമുക്കിയ തുണികളുടെ മണം മാറ്റാനായി ഉജാലക്കും മൈദക്കുമൊപ്പം ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ബ്രൂട്ട് വരെ ഒഴിച്ചു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോലും പോകാതെ പിച്ചള തേപ്പുപെട്ടിയില്‍ ചിരട്ട കരിച്ചിട്ട് ഷര്‍ട്ടും മുണ്ടും തേച്ചു വെച്ച് ബേബി കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡിനെ വരെ തോല്‍പ്പിച്ചെങ്കിലും ബേബിയുടെ പ്രേമം സ്വപ്നമായി തന്നെ തുടര്‍ന്നു. എങ്കിലും ആ പ്രതീക്ഷയാണ് ഉറക്കപ്രിയനായ ബേബിയെ എന്നും രാവിലെ എണീപ്പിച്ചിരുന്നതും കടയിലേക്ക് ഒരുക്കി വിട്ടിരുന്നതും.
അങ്ങനെയൊരു ദിവസം കടയിലെ രാവിലത്തെ വായിനോക്കികളില്‍ ഒരാളായ മനുവിന്റെ ലൈന്‍ താരയുടെ കൂട്ടുകാരി ഒരു സുന്ദരി ബേബിയെ ഒന്നു നോക്കി. സ്ഥിരമായി പുഞ്ചവയല്‍ ബസിനു വന്നുകൊണ്ടിരുന്ന അവള്‍ ഇപ്പോള്‍ താരയുടെ കൂടെ ചെങ്ങളം ബസിനാണ് വരവ്. പിറ്റേദിവസവും അവള്‍ ചെങ്ങളം ബസിനു തന്നെ വന്നു, ബേബിയെ അന്നും നോക്കി. ബേബി ഉഷാറായി, പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങി, കടയില്‍ പുതിയ സ്റ്റോക്ക് വാങ്ങി. മനുവിനെ പ്രത്യേകം അടുത്തിരുത്തി.താരയും കൂട്ടുകാരിയും കൂട്ടുകാരാണെങ്കില്‍ മനുവും ബേബിയും കൂട്ടുകാരായി ഇരിന്നാല്‍ എളുപ്പമുണ്ടല്ലോ. മനുവിനോട് ചോദിച്ച് കൂട്ടുകാരിയുടെ പേരും അറിഞ്ഞു, റോസ്. അന്നു തന്നേ ഏറ്റുമാനൂര്‍ കാരിത്താസിനു മുമ്പിലുള്ള നേഴ്സറിയില്‍ പോയി അഞ്ചു റോസ് ചെടികള്‍ പൂവിട്ടതു തന്നെ വാങ്ങി രണ്ടെണ്ണം കടയിലും മൂന്നെണ്ണം വീട്ടിലും വെച്ചു ബേബി. ടൈറ്റാനിക് സിനിമാ വീണ്ടും വീണ്ടും കണ്ട് റോസ് എന്നു എങ്ങനെ പ്രണയപൂര്‍വ്വം വിളിക്കാം എന്നു പഠിച്ചു ബേബി. റോസ് ഷര്‍ട്ടിനോട് പ്രത്യേക ഇഷ്ടക്കൂടുതല്‍, മുണ്ടിന്റെ റോസ് നിരത്തിലുള്ള കര തുടങ്ങി എന്തിനധികം പറയുന്നു, റോസ് നിറത്തിലുള്ള നീലത്തിനു വരെ ഉജാലാ കമ്പനിയുമായി അന്വേഷണം നടത്തി ബേബി. ചെറുപ്പത്തില്‍ പാലുകുടിക്കാതെ വാശിക്കു കടുംകാപ്പി കുടിച്ചതിനാലാണ് കറത്തുപോയതെന്ന വെളിപാടുണ്ടായപ്പോള്‍ അതു കോമ്പന്‍സേറ്റ് ചെയ്യാന്‍ കുടിച്ചു കൊണ്ടിരുന്ന പാലു വരെ നിര്‍ത്തി റോസ് മില്‍ക്കാക്കി ബേബി.
അഞ്ചാമത്തെ ദിവസം റോസ് ബേബിയെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു താരയോട്. ബേബിക്ക് ഇരിക്കപ്പൊറുതിയില്ലെന്നായി. മനുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. അന്നു വെകിട്ട് മനു വരാന്‍ കാത്തു നിന്ന ബേബി ആദ്യമായി ഒരു സിഗരറ്റ് വലിച്ചു ചുമ്മാ ചുമച്ചു. വൈകുന്നേരം മനു വന്നില്ല. പിറ്റേദിവസം രാവിലെ തന്നെ മനുവിനെ ചീത്ത പറഞ്ഞ ബേബി ചെങ്ങളം വണ്ടി വരാറായപ്പോള്‍ അറിയാതെ ചീപ്പെടുത്തു. മനുവിനോട് പറഞ്ഞു ഇന്നലെ നീ കണ്ടില്ലാത്തത് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, ഇന്ന് എന്തായാലും ചോദിക്കണം എന്ന്. അല്ലെങ്കില്‍ അവനെ നാളെ മുതല്‍ കടയിലെ വായിനോട്ടത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും എന്നു വരെ പറഞ്ഞു. അന്ന് മനുവും ചെങ്ങളം വണ്ടിയില്‍ തന്നെ പാലാക്കു പോയി. ബെബി ടെന്‍ഷന്‍ സഹിക്കവയ്യാതെ തൊട്ടപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസിയെ വിളിച്ചു.
ബേബി - “എടാ, എനിക്കപ്പിടി ടെന്‍ഷന്‍ ആണ് ഇന്ന്”
ജോസി - “എന്ന നീ ഒരു സിഗരറ്റു വലിച്ചോടാ..”
ബേബി - “ഓ..ഇന്നലെ വലിച്ചിട്ട് ഒരു മാതിരി ടഗോ ടഗൊന്നാ ചുമച്ചത്,അതൊന്നും എനിക്കു പറ്റിയ പണിയല്ലാ”
ജോസി - “എന്നാ പിന്നെ പോയി ബിയര്‍ അടിക്കാം”
ബേബി ആലോചിച്ചു, അതു ശരിയാണല്ലോ, സിനിമയിലും മറ്റും ടെന്‍ഷന്‍ വരുമ്പോള്‍ ആള്‍ക്കാര്‍ ചെയ്യുന്നത് ഇതു തന്നെയല്ലേ.
ബേബി - “എന്നാ വാടാ, നമുക്കു പോകാം”
ജോസി - “എവിടെ പോയി അടിക്കും, നമ്മളെ അറിയുന്ന ആരെങ്കിലും കണ്ടാല്‍ പ്രശ്നമല്ലേ?”
ബേബി ആലോചിച്ചു, ശരിയാണ്, പാലായില്‍ പോയാല്‍ അവള്‍ എങ്ങാനും കണ്ടാലോ? പൊന്‍കുന്നത്തു പോയാലും ചില്ലപ്പോള്‍ ആരെങ്കിലും സ്വന്തക്കാര്‍ കാണാന്‍ സാധ്യത ഉണ്ട്.
ബേബി - “എന്നാ പിന്നെ കാഞ്ഞിരപ്പള്ളിക്കു പോകാം, അവിടെ ഹില്‍ടോപ്പ് എന്നൊരു ബാറുണ്ട്. എടാ ഐഡിയാ വേണമെടാ.. ഐഡിയ.”
ജോസി - “എന്ന ശരി, വണ്ടിയെടുത്തോ...”
ബേബി - “പെട്രോള്‍ നീ അടിക്കണം”
ജോസി - “പോടാ തെണ്ടി, നിന്റെ കാര്യത്തിന് ഞാന്‍ പെട്രോള്‍ അടിക്കാനോ, വേണേല്‍ നിന്റെ ടെന്‍ഷനു ഒരു കമ്പനി തരാമെന്നു വെച്ചപ്പോള്‍?”
ബേബി - “എന്നാ കോപ്പേലുമാകട്ടെ, വാ നീ ഏതായാലും”
ജോസി - “നീ ഇതിനു മുമ്പ് കള്ളടിച്ചിട്ടുണ്ടോ?“
ബേബി - “പണ്ട് ഒരു കല്ല്യാണത്തിനു പോയപ്പോള്‍ എന്റെ അങ്കിള്‍ കയറിയപ്പോള്‍ കൂടെ കയറിയതാ, ഞാനന്ന് അവിടുന്ന് പെറോട്ടായും ബീഫും അടിച്ചു. നല്ല രുചിയാരുന്നു”
ജോസി - “എന്നാല്‍ വണ്ടിയെട്”
അങ്ങനെ ബേബിയും ജോസും കൂടി കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പിലേക്ക് വെച്ചു പിടിച്ചു. ഇടക്ക് തന്റെ ടെന്‍ഷന്റെ കാര്യം ചോദിച്ച ജോസിയോട് ബേബി പറഞ്ഞു, ആദ്യം ഒരെണ്ണം അടിച്ചാലേ പറയാന്‍ പറ്റുകയുള്ളൂ. തന്നെക്കാള്‍ നാലുവയസിളപ്പം ഉള്ള ജോസിയോട് ഈ കഥ പറയണമെങ്കില്‍ ഒരെണ്ണം ചെല്ലണ്ടേ?
നേരെ ബാറില്‍ ചെന്നു, സപ്ലയറോട് ബേബി പറഞ്ഞു.“ഒരു ഫുള്‍ ബിയര്‍”
സപ്ലയര്‍ - “വേറെ?”
ജോസി - “ നാലു സോഡാ”
സപ്ലയര്‍ കണ്ണു മിഴിച്ചു.
ബേബി - “ആറു പെറോട്ടാ, ഒരു ബീഫ് കറി, ഇത്തിരി ചാറും പിന്നെ ലേശം അച്ചാറും പോരട്ടെ”
അന്തം വിട്ട സപ്ലയര്‍ നേരെ ചെന്ന് ബാര്‍ കൌണ്ടറിലെ കോക്ടെയില്‍ പാത്രത്തില്‍ നിന്ന് ഒരു പെഗ് എടുത്തടിച്ചിട്ട് സാധനങ്ങള്‍ എടുക്കാന്‍ പോയി.
ബിയറില്‍ സോഡാ ഒഴിച്ചു ആദ്യത്തെ ഗ്ലാസ് കഴിച്ച ബേബിക്കും ജോസിക്കും തങ്ങള്‍ പൂസായതായി തോന്നി. അപ്പോളാണ് ജോസിയുടെ കുടുംബക്കാരന്‍ തോമസുചേട്ടന്‍ പരിവാരങ്ങളുമായി ബാറില്‍ വരുന്നതു കണ്ടത്. ജോസി തലകുനിച്ചിരുന്നു, ബേബി കൂളായി അടുത്ത പെഗ് ബിയറിലേക്ക് സോഡാ ഒഴിച്ചു. ഇതു കണ്ട തോമസു ചേട്ടന്‍ വന്നു കുനിഞ്ഞിരുന്ന ജോസിയുടെ തലപൊക്കി പറഞ്ഞു.
“എടാ മണ്ടാ, ബിയറിലാരാടാ വെള്ളം ഒഴിക്കുന്നത്? ചുമ്മാ കുടുംബത്തിന്റെ പേരുകളയാതെ മര്യാദക്കു കുടിക്കെടാ..”
തോമസുചേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ ബേബി ജോസിയോട് പറഞ്ഞു.
“--മോന്‍ നമ്മളെ വാളുവെപ്പിച്ചു കിടത്താന്‍ നോക്കുവാ, നുമുക്കിങ്ങനെ തന്നെ അടിച്ചാല്‍ മതി, തിരിച്ചു വണ്ടി ഓടിച്ചു പോകണ്ടേ”
ബിയറിന്റെയും ബീഫിന്റെയും ഇടക്ക് ബേബി ടെന്‍ഷന്‍ മറന്നു പോയി, ജോസി തോമസു ചേട്ടന്‍ കണ്ടതിന്റെ ടെന്‍ഷനിലുമായി. ബാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ട്പേര്‍ക്കും നല്ല പൂസായതു പോലെ തോന്നി. എന്നാല്‍ പിന്നെ പള്ളിമുറ്റത്തുപോയി ഇത്തിരി വിശ്രമിച്ചിട്ടു പോകാമെന്നു വെച്ചു. അങ്ങനെ രണ്ടുപേരും കഞ്ഞിരപ്പള്ളി പള്ളിയുടെ മുറ്റത്തുള്ള മരത്തിന്റെ ചുവട്ടില്‍ വിശ്രമിച്ചിരുന്നു. അപ്പോളാണ് പള്ളിമുറ്റത്തു നില്‍ക്കുന്ന റോസ് ബേബി കണ്ടത്. പിന്നെയും റോസിന്റെ ഓര്‍മ്മ വന്ന ബേബി ടെന്‍ഷന്‍ മാറ്റാന്‍ ജോസിയെ വിളിച്ചെങ്കിലും മൂപ്പര്‍ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. പള്ളിയില്‍ ഒക്കെ ഒന്നുകയറിയേക്കാം എന്നു കരുതി പതുക്കെ പള്ളിനടയെ ലക്ഷ്യമാക്കി ബേബി നടന്നു. അപ്പോളാണ് മനുവിന്റെ ഫോണ്‍ വന്നത്.
“ ബേബിച്ചേട്ടാ, നേരിട്ട് പറയാന്‍ വയ്യാത്തകൊണ്ടാണ് ഫോണ്‍ വിളിച്ചു പറയുന്നത്. അവല്‍ക്ക് വേറൊരു ലൈന്‍ ഉണ്ട്”
ബേബി തകര്‍ന്നു പോയി. നിരാശയോടെ അവന്‍ ചോദിച്ചു. ”അപ്പോള്‍ കഴിഞ്ഞ ദിവസം ഒക്കെ അവര്‍ എന്നെ നോക്കി ചിരിക്കുകയും പറയുകയും ചെയ്തതോ? അതു ചോദിക്കാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്?”
മനു - “ചോദിച്ചു,പക്ഷെ അതു വേറെ എന്തോ ആണ്”
ബേബി - “ചുമ്മാ പറയാതെ, അതു പറയാതെ നിന്നെ ഇനി കടയില്‍ കയറ്റില്ല”
മനു ഒരു നിമിഷം ചിന്തിച്ചു, എന്നിട്ടു പറഞ്ഞു.”അലവലാതീടെ വായിനോട്ടം കണ്ടില്ലേ എന്നാ അവള്‍ പറഞ്ഞത്”
സത്യം പറഞ്ഞാലും പറഞ്ഞില്ലേലും ബേബി ഇനി മനുവിനെ കടയില്‍ കയറ്റില്ല, പിന്നെ മനുവെന്തിനാ പറയാതിരിക്കുന്നത്?
ബേബി - “ആരാ അവളുടെ ലൈന്‍?”
മനു - “ഓ..നിന്റെ അപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസി”
പൈക പള്ളി പെരുന്നാളിന് ചെമ്പ്ലാവ് സെറ്റിന്റെ വെടിക്കെട്ടിന്റെ അവസാനം ഉള്ള ഗര്‍ഭം കലക്കി ചങ്കിനുള്ളില്‍ കിടന്നു പൊട്ടിയതായി ബേബിക്കു തോന്നി. പള്ളിനടയില്‍ നിന്ന് പള്ളിക്കകത്ത് കുരിശില്‍ കിടക്കുന്ന കര്‍ത്താവിനെ ദയനീയമായി ഒന്നു നോക്കി, പിന്നെ തിരിച്ചു നടന്നു. പള്ളിമുറ്റത്തെ മരത്തണലില്‍ ശാന്തമായുറങ്ങുന്ന ജോസിയെ ഒന്നു നോക്കുകപോലും ചെയ്യാതെ. കാലം പിന്നെയും ഒഴുകി, ഇപ്പോളും ഒഴുകിക്കൊണ്ടിരിക്കുന്നു. ബേബിയും.
2 comments:
പാവം ബേബി... അല്ല, ബേബിച്ചന്‍
kollam...:)
Post a Comment