ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പയി കഥകള്‍ 5, വീഡിയോ

>> Monday, August 31, 2009

വര്‍ഷങ്ങള്‍ക്കു മുമ്പ് വീഡിയോ ക്യാമറ ഒക്കെ നാട്ടില്‍ നല്ല പ്രചാരത്തിലേക്കെത്തുന്ന കാലം. കല്യാണങ്ങള്‍ക്ക് വീഡിയോ ഉണ്ട് എന്നു പറയുന്നത് ഒരു വല്ല്യ ആര്‍ഭാടം ആയിരുന്ന കാലം. അന്നാണ് നെല്ലിമല രാജുവിന് അവന്റെ അമേരിക്കയിലുള്ള ചേട്ടന്‍ ഒരു വീഡിയോ ക്യാമറ കൊണ്ടുപോയി കൊടുക്കുന്നത്. അതോടെ അവന്‍ നാട്ടില്‍ സ്റ്റാര്‍ ആയി. അതുവരെ കുട്ടപ്പായി ചേട്ടാ എന്നു വിളിച്ചുകൊണ്ടു നടന്ന അവന്‍ പിന്നീട് കുട്ടാപ്പായി, കുട്ടപ്പാ എന്നൊക്കെയായി വിളി. ഒരു രണ്ടു വര്‍ഷം മുമ്പു വരെ ഒരു മാരുതി കാര്‍ ഉള്ളതിന്റെ പേരില്‍ എന്നെ ധാരാളം കല്യാണങ്ങള്‍ വിളിക്കുകയും ഞാന്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ കൂടെ കല്യാണ വണ്ടിയില്‍ ഡ്രൈവര്‍ ആയി പോകുകയും ചെയ്തിരുന്ന (അന്നൊക്കെ ഡ്രൈവര്‍ എന്നാല്‍ ഇന്നത്തെ പൈലറ്റ് പോലെയായിരുന്നു) ഷൈന്‍ ചെയ്യുകയും ചെയ്തിരുന്ന കാലം ഇന്നവനായി. പിന്നെ ചടങ്ങുകള്‍ എല്ലാം അവനു അടുത്തു നിന്നു കാണാം. പിന്നെ സുന്ദരിമാരെ അവനു ഒരു പ്രശ്നവുമില്ലാതെ വായില്‍ നോക്കാം. പെണ്ണുങ്ങളും ചേച്ചിമാരും ഒക്കെ അവനെ സ്നേഹത്തോടെ, ആരാധനയോടെ നോക്കുന്നത് ഞങ്ങല്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം അവന് ഞങ്ങളെ ബഹുമാനം ഇല്ലായിരുന്നു എന്നതു തന്നെ.

അങ്ങനെ ഞങ്ങളുടെ സ്ട്രോങ് കൂട്ടുകാരനായ പുലിതൂക്കില്‍ മാത്തന്റെ കല്ല്യാണം. അന്നൊക്കെ ബാച്ചലേര്‍സ് പാര്‍ട്ടിക്ക് ഇന്നത്തെയത്രത്തോളം സാമൂഹിക അംഗീകാരം ലഭിച്ചിട്ടില്ല, അതു പോലെ തന്നെ കാറ്ററിങുകാരും അന്നില്ല. കോക്കി എന്നു വിളിക്കുന്ന പ്രശസ്തനായ കുക്ക് തന്റെ പരിവാരങ്ങളുമായി തലേദിവസം വന്ന് സദ്യ തയ്യാറാക്കുന്നു. നാട്ടുകാരും കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ച് ഒരേപോലെ സഹകരിച്ച് ഇതെല്ലാം ഒരാഘോഷമാക്കി മാറ്റുന്നു. നാട്ടിലെ പല യുവാക്കള്‍ക്കും സമാധാനമായി ഒരു രാത്രി അര്‍മാദിക്കാനും, പലര്‍ക്കും കൌമാരലീലകള്‍ ആരംഭിക്കാനുമായുള്ള ഒരവസരം തന്നെയായിരുന്നു ഇങ്ങനത്തെ പരിപാടികള്‍.

അങ്ങനെ ഞങ്ങള്‍ അലമ്പന്മാരുടെ സെറ്റ് ദേഹണ്ഡത്തിനായി മാത്തന്റെ വീട്ടിലെത്തി. ചെന്നപ്പോള്‍ തന്നെ പന്തല്‍ ഇടുന്നതിനായി സഹകരിച്ചു. അപ്പോള്‍ ആണ് പുറകില്‍ നിന്ന് ഒരു വിളി, “ഡാ കുട്ടാപ്പായി....”. ഞാന്‍ നോക്കിയപ്പോല്‍ മാത്തന്റെ ചേട്ടന്‍ ചേക്കു എന്നു വിളിക്കുന്ന ജയിംസ് ആണ്. ബോംബെയില്‍ നിന്നും കല്ല്യാണം പ്രമാണിച്ച് എത്തിയതാണ്. നാട്ടിലെ ക്രൂരനും വഷളനുമായ വിക്രമന്മാരില്‍ പ്രധാനിയായി അറിയപ്പെടുന്ന എന്നെ ചേക്കു വിളിച്ചത് കോഴിയെ കൊല്ലാനാണ്. അല്ല, അതിനിപ്പോള്‍ പുള്ളിക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൈകയുടെ സമീപ പ്രദേശങ്ങളില്‍, എന്തിന് പാ‍ലായില്‍ പോലും ഒരു ആത്മഹത്യയോ കൊലപാതകമോ (പ്രത്യേകിച്ച് ചെറുപ്പക്കാരികള്‍) നടന്നിട്ടുണ്ടെങ്കില്‍ ആളുകള്‍ എന്നെ സംശയിക്കുന്ന കാലമല്ലേ? എന്നാല്‍ നാക്കുകൊണ്ടല്ലാതെ കൊല്ലാന്‍ എനിക്കാകില്ലെന്നു പറഞ്ഞാല്‍ നമ്മുടെ ഇമേജ് മുഴുവന്‍ പോകില്ലെ എന്നു കരുതി അങ്ങോട്ട് നടന്നു. കാര്യം ഇതു പോലെ ചിറമിക്കലിനു പോകുമ്പോള്‍ കുറെ കോഴിയുടെ പപ്പു പറിച്ചിട്ടുണ്ടെന്നല്ലാതെ കൊല്ലല്‍ നമുക്ക് പരിചയമുള്ള പണിയല്ല. എന്തായാലും കോഴിയെ അല്ലെ, പോത്തിനെ ഒന്നും കൊല്ലാന്‍ പറഞ്ഞില്ലല്ലോ എന്നു വിചാരിച്ച് പുറകോട്ട് പോകുന്ന വഴിക്കാണ് കറുപ്പുങ്കല്‍ ജോസുകുട്ടി വരുന്നതു കണ്ടത്. ജിമ്മിലൊക്കെ പോയി ആരെയെങ്കിലും മസിലുകാണിക്കാനായി നടക്കുന്ന അവനെ വിളിച്ചു. ആദ്യമേ തന്നെ ഒരു കോഴിയെ എടുത്ത് കഴുത്തിന്റെ താഴെ പിടിച്ച് കരിക്കീന്റെ മണ്ട കണ്ടിക്കുന്നപോലെ ഒറ്റ മുറി. കയ്യിലിരുന്നു ചോര ചീറ്റുന്ന കോഴിയെ വളമിടാനായി തളമെടിത്തു വെച്ചിരുന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒറ്റ ഏറ്. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു കോഴിയെ കൊന്നു. ചോര ചീറ്റിക്കോണ്ടുള്ള കോഴിയുടെ പിടച്ചില്‍ എത്രയോ രാത്രികളില്‍ പിന്നീട് എനിക്ക് പ്രശ്നമായിട്ടുണ്ട് എന്നെനിക്കു മാത്രമേ അറിയൂ. എന്തായാലും ഒരെണ്ണത്തിനു ശേഷം ജോസുകുട്ടിയോട് പറഞ്ഞു, “ഇതു പോലെ അങ്ങു തട്ടിക്കോ, നിന്റെ മസിലിന്റെ കൂടെ മനസിനും ഇത്തിരി മസിലു വരട്ടെ” അതു കേള്‍ക്കണ്ട താമസം ഡംബിള്‍സ് എടുക്കുന്ന ആവേശത്തോടെ അവന്‍ കോഴികളെ കൊന്നെറിഞ്ഞു. ഞാന്‍ ആശ്വാസത്തോടെ വീണ്ടും മുന്‍ വശത്തേക്കു നടന്നു.

അവസാനം മാത്തെന്റെ അനിയന്‍ ബെന്നി വിളിച്ച പ്രകാരം വീടിന്റെ കരോട്ടുള്ള ചെരുവിലേക്കു പോയി. മാത്തന്റെ കൂട്ടുകാരന്‍ രവി പ്രത്യേകം തയ്യാറാക്കിയ ചാരയം കന്നാസിലും, പോത്തിന്റെ കരള്‍ ഫ്രൈ ചെയ്തത്, ചള്ളാസ് (സവോളയും പച്ചമുളകും വിനാഗിരിയില്‍ മുക്കിയത്), നാരങ്ങാ അച്ചാല്‍, കപ്പ എന്നിവ വാഴയിലയിലും അവിടെ റെഡിയായിരിക്കുന്നു. ഞാന്‍ ഷര്‍ട്ട് ഊരി ജാതിയില്‍ തൂക്കിയിട്ടു. താഴത്തെ കിണറ്റില്‍ നിന്നും ഒരു തൊട്ടി വെള്ളവുമായി വിഷ്ണുവും സദ്യക്കുള്ള കുപ്പി ഗ്ലാസില്‍ നിന്നും നാലെണ്ണം അടിച്ചു മാറ്റി റ്റോമിയും വന്നു. പതുക്കെ കന്നാസ് തുറന്ന് ഒന്നു മണത്തു, ഹാ...എന്തരനുഭൂതി, കന്നാസിന്റെ അടപ്പില്‍ തന്നെ ഒന്നു രുചിച്ചു. മണത്തും തൊട്ടും നിക്കാതെ എടുത്തു മാട്ടെടാ കുട്ടപ്പാ എന്നു ജോണി കനത്തു. നേരെ അര ഗ്ലാസ് ഊറ്റി, ഒരു കവിള്‍ അകത്താക്കി. കുടല്‍ ഒരു സുഖമുള്ള നീറ്റലുമായി ചാരായം ആമാശയത്തിലെത്തി. കയ്യിട്ട് വെള്ളത്തൊട്ടിയില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചു. പിന്നെ പടപടാന്ന് ഒരു നാലെണ്ണം. ആദ്യത്തെ ആ മടുപ്പൊക്കെ മാറി ഉഷാറായി. ഊഴം കഴിയുന്നവര്‍ വീണ്ടും പണിയിലേക്ക് മാറുന്നു, മടുക്കുമ്പോള്‍ വീണ്ടും വന്ന് ആരോഗ്യം വീണ്ടെടുക്കുന്നു.
പന്തലില്‍ കസേരയും ഡെസ്കും തയ്യാറാക്കി കഴിഞ്ഞ് പിന്നെ പതുക്കെ കുശിനിയില്‍ സവോളയുടെ തൊലികളയാനും, വെളുത്തുള്ളി പൊളിക്കാനും ഞാന്‍ കൂടി. ചുമ്മാതല്ല, ഉള്ളി പൊളിക്കാനായി പാമ്പുവള്ളിയിലെ റാണിയും ഉണ്ടായിരുന്നു.

അങ്ങനെ ചാരായം, ബീഡി വലി, അത്യാവശ്യം വായി നോട്ടം, അതില്ലെല്ലാം ഉപരിയായി എന്റെ സങ്കല്പത്തിലെ നുണക്കഥകള്‍ മറ്റുള്ളവരെ കേള്‍പ്പിക്കുന്നതിലുമായി ഇരുന്നപ്പോളാണ് നെല്ലിമല രാജു എത്തിയത്, കയ്യില്‍ ക്യാമറയുമായി. അതു കണ്ടപ്പോളേ റാണിക്കൊരു നാണം, എനിക്കു കലിയും. “രാജുമോന്‍ എത്തിയോ“ എന്നൊരു ശബ്ദം, നോക്കിയപ്പോള്‍ ചേക്കുവാണ്. “നീയിങ്ങു വാ, രണ്ട് സ്കോച്ച് അടിക്കുന്നോ“ രാജുവിനോട് ചേക്കുവിന്റെ ചോദ്യം. എനിക്കു ചൊറിഞ്ഞു വന്നു, വെറുതെ ചൊറിഞ്ഞിട്ടെന്താ കാര്യം അവന്‍ അകത്തു പോയി മാത്തന്റെ അമ്മാവന്‍ അമേരിക്കക്കാരന്‍ കുഞ്ഞേട്ടന്റെ കൂടെയിരുന്നു സ്കോച്ച് അടിച്ചു. ഞാന്‍ ഇവിടെയിരുന്നു കിഴങ്ങിന്റെ തൊലി ചിരണ്ടി. പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തു വന്നു, ക്യാമരയും ഓണാക്കിയാണ് വരവ്. പതുക്കെ പ്രധാന കോക്കിയുടെയും ഒക്കെ എടുത്തെങ്കിലും അവന്റെ ലക്ഷ്യം പെണ്ണുങ്ങളാണെന്ന് എനിക്കു മാനസിലായി. തെണ്ടി, എന്റെ റാണിയുടെ വരെ അവന്‍ എടുക്കും എന്നെനിക്കു മനസിലായി. ഞാന്‍ ഏതായാലും ഇത്തിരി അവളുടെ സൈഡിലേക്ക് ഒന്നു വലിഞ്ഞിരുന്നു. വീഡിയോ കാണുമ്പോള്‍ റാണിയുടെ മുഖം കഴിഞ്ഞാല്‍ എന്റേതു വരുമല്ലോ. അവന്‍ വന്നു റാണിയുടെ ഇത്തിരി കൂടുതല്‍ സമയം എടുത്തു. റാണി മുഖം കുനിച്ച് ഉള്ളി പൊളിക്കുന്നതില്‍ ശ്രദ്ധിച്ചു. ഞാന്‍ മുഖം ഒക്കെ തോര്‍ത്തു കൊണ്ട് തുടച്ച് മസില്‍ ഒക്കെ ഇത്തിരി വികസിപ്പിച്ച് കിഴങ്ങു വെച്ചിട്ട് ക്യാരറ്റില്‍ പിടിച്ചു ചിരണ്ടി. അവളുടെ വീഡിയോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഞാനാണല്ലോ എന്നോര്‍ത്ത് കുളിരു കോരി ഞാന്‍ ചിരണ്ടി. പരമ നാറി എന്നെ ഒന്നു നോക്കുക പോലും ചെയ്യാണ്ട് ക്യാമറയുമായി അടുത്ത ലൊക്കേഷനിലേക്ക് പോയി.

അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവന്‍ എന്നെ ചേട്ടാ വിളി മാറ്റിയത് ഞാന്‍ ക്ഷമിച്ചു. പക്ഷെ ഇതു സഹിക്കാന്‍ പറ്റില്ല. നേരെ ഒരെണ്ണം കൂടി വിടാനായി ജാതി ചുവട്ടില്‍ ചെന്നപ്പോല്‍ അവിടെ രവിയും ബെന്നിയും മുതലാളി എന്നു വിളിക്കുന്ന ജോയിച്ചനുമുണ്ട്. നേരെ കാര്യം പറഞ്ഞു. രവി പറഞ്ഞു, ഞാന്‍ ഏറ്റെടാ കാര്യം, നാളെ മുതല്‍ അവന്റെ അഹങ്കാരം മാറിക്കൊള്ളും.

രാവിലെ നല്ല ഫ്രെഷ് ആയി തന്നെ എണീറ്റു, ചാരയത്തിന്റെ ഒരു ഗുണമേ! പശ മുക്കി വടിവാക്കിയ ഷര്‍ട്ടും മുണ്ടുമുടുത്ത് കല്യാണവീടിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. എങ്കിലും മനസില്‍ ഇന്നലെ രാജുവില്‍ നിന്നേറ്റ അപമാനത്തിന്റെ ചെറിയ നോവ് ഉണ്ടായിരുന്നു. ചെറുക്കനെ ഒരുക്കാനും മറ്റും നമുക്ക് റോള്‍ ഉണ്ടല്ലോ. കഴുവേറി രാജു ആണ് വീഡിയോക്കാരന്‍. ചെറുക്കന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഒരെണ്ണം ഇട്ടിട്ട് ഞാന്‍ പള്ളിയിലേക്ക് തിരിച്ചു. അവിടെ ഹോള്‍ അറേഞ്ച് ചെയ്യണം തുടങ്ങിയ പണികളുണ്ട്. എല്ലാം റെഡിയാക്കിയാലേ താലികെട്ടെങ്കിലും കാണാന്‍ പറ്റൂ.

പണി ഒക്കെ തീര്‍ത്തിട്ട് പുറഹ്ത്റ്റു വന്നു. പെണ്ണു വീട്ടുകാര്‍ എത്തി പള്ളിയില്‍, ഇഷ്ടം പോലെ ചരക്കുകള്‍ ഉണ്ട് അവരുടെ കൂടെ. കല്യാണ വണ്ടിക്ക് മുമ്പേ ജീപ്പില്‍ മന്ത്രിയുടെ പൈലറ്റ് വണ്ടി വരുന്നതു പോലെ ജീപ്പില്‍ ഫോട്ടോക്കാര്‍ എത്തി. അതിനു പിറകിലായി സ്വന്തം അംബാസിഡറില്‍ രാജുവും അതിനു പുറകിലായി ചെറുക്കന്റെ മാരുതിയും എത്തി. മാത്തന്‍ എന്നെ നോക്കി, എല്ലാം ശരിയാണോ എന്ന ചോദ്യത്തൊടെ. ഞാന്‍ എങ്കില്‍ അടുത്തു ചെന്ന് എല്ലാം ഓകെ യാണെന്നു പറഞ്ഞേക്കാം എന്നു വിചാരിച്ചു ചെന്നപ്പോളേക്കുംരാജു വന്നു പറഞ്ഞു, ചെറുക്കന്റെ അളിയനും പെങ്ങളും കൂട്ടത്തില്‍ നില്‍ക്കൂ എന്ന്. ഞാന്‍ വീണ്ടും തിരിച്ചു നടന്നു.

പുതിയകുടുമ്പത്തില്‍ കതിരുകള്‍ വിരിയുന്നു എന്ന പാട്ടുമായി കല്യാണം ആരംഭിച്ചു. താലികെട്ട് ഉടനെ നടക്കും, അതു കഴിഞ്ഞ് പ്രസംഗം കുര്‍ബാന തുടങ്ങിയ നമുക്കവശ്യമില്ലാത്ത കാര്യങ്ങള്‍. ആ സമയത്തു വേണം വിളംബാനുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കാന്‍. എന്തായാലും എനിക്കിത്തിരി പൊക്കമുള്ളതിനാല്‍ താലികെട്ടുമ്പോള്‍ ചെറുക്കന്റെ കൈ വിറക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി അടുത്തു തന്നെ നിന്നു. ഈ പണ്ടാരമടങ്ങിയ ഫോട്ടോക്കാരും മറ്റും അവരെ സ്വസ്ഥമായി ഒന്നു കെട്ടാനും സമ്മതിക്കില്ല. പക്ഷെ രാജുവിനെന്തോ ഒരു വൈക്ലബ്യം മുഖത്ത്. ഇന്നലെ ഉള്ള സ്കോച്ച് എല്ലാം അടിച്ചു കേറ്റിയിട്ടാരിക്കും, അങ്ങനെ തന്നെ വരണം അവന്. താലികെട്ടിനുള്ള ഒരുക്കങ്ങളായി.

ഞാന്‍ നോക്കുമ്പോല്‍ രാജു പതുക്കെ ചെറുക്കന്റെ ചേട്ടന്‍ ചേക്കുവിനോട് എന്തോ പറയുന്നു. ചേക്കുവിന്റെയും മുഖം വാടി, എങ്കിലും എന്തോ ചൂടായി രാജുവിനോട് പറഞ്ഞു. രാജു വീണ്ടും വീഡിയോ പിടുത്തം തുടങ്ങി. പെട്ടെന്ന് രവി എന്നോട് ഇത്തിരി ഉറക്കെ തന്നെ പറഞ്ഞു. “ദേണ്ടെടാ..രാജുവിന്റെ പാന്റിന്റെ പുറകില്‍ ഒരു ബംഗ്ലാദേശിന്റെ പടം പോലെ എന്തോ“

രാവിലെ ക്ഷീണം മാറാനായി രാജുവിനു കൊടുത്ത ചാരായത്തില്‍ എന്തോ ചേര്‍ത്തതിന്റെ ഫലം അനുഭവിച്ചതായിരുന്നു രാജു. താലികെട്ടിന്റെ സമയത്ത് വീഡിയോക്കാരന്‍ പോയാല്‍ പിന്നെ എന്തു ഷൂട്ട് ചെയ്യാനാ? അതിനാല്‍ മസിലു പിടിച്ചു ഷൂട്ട് ചെയ്തതിന്റെ ഫലം, പിടി വിട്ടു പോയി, പുറകില്‍ ഒരു ബംഗ്ലാദേശിന്റെ ഭൂപടം വരുകയും ചെയ്തു. എന്തായാലും അതില്‍ പിന്നെ അവന്റെ വീഡിയോ പിടുത്തം നിലക്കുകയും കുറച്ചു നാളേക്ക് ഏതു കല്യാണത്തിനു വീഡിയോക്കാരെ കണ്ടാലും നാട്ടുകാര്‍ ഈ കഥ പറയുകയും ചെയ്തതിനാല്‍ പിന്നീട് ഒരു കല്യാണം പോലും അവനു പൈകയില്‍ കൂടാന്‍ പറ്റിയിട്ടില്ല.

2 comments:

രഞ്ജിത്‌ വിശ്വം I ranjith viswam August 31, 2009 at 5:00 PM  

നന്നായി..:)
ഓണാശംസകള്‍

കുറ്റക്കാരന്‍ October 9, 2009 at 1:11 PM  

കുട്ടപ്പായി..
ഇപ്പോഴാ വായിച്ചത്, ഒരോ സംഭവങ്ങളും മനസ് തുറന്ന് ചിരിക്കാന്‍ പറ്റുന്നതായിരുന്നു.

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP