ഞാനൊരു പാവം പാലാക്കാരന്‍

ഒരു തിരോന്തോരം യാത്ര

>> Tuesday, August 16, 2011


വൈകുന്നേരം പിള്ളേരെ ഒക്കെ ഒന്നുറക്കി പതുക്കെ ഒരു സ്ലീപിംഗ് പില്‍ അടിച്ചേക്കാം എന്ന് കരുതി ഇരിക്കുമ്പോളാണ് കസിന്റെ ഫോണ്‍ വന്നത്. എടാ... നീ നാളെ മാമ്മോദീസാക്ക് പോകുന്നില്ലേ എന്ന്? വലിയപ്പന്റെ മോന്റെ മകളുടെ മകന്റെ കൊച്ചിന്റെ മാമ്മോദീസാ, അതും ഞാന്‍ പാലായില്‍ നിന്നും തിരുവനന്തപുരത്ത് ചെല്ലണം. അവരാണെങ്കില്‍ നമ്മള്‍ വിളിക്കുന്ന പരിപാടിക്കൊക്കെ വരും, ഞാനിവിടെ ഉണ്ടെന്നും കൂടി അറിഞ്ഞ കാരണം പോകാതെ പറ്റില്ല. ശരിക്കും മറന്നു പോയ കാര്യം കസിന്‍ വിളിച്ചു ഓര്‍മ്മിപ്പിച്ചപോള്‍ പിന്നെ പോയേക്കാം എന്ന് വെച്ചു.


അങ്ങനെ മാസങ്ങള്‍ക്ക് ശേഷം രാവിലെ നാലുമണിക്ക് എണീറ്റു. കുളിച്ചു കുറി തൊട്ട് ബാഗില്‍ അത്യാവശ്യം വസ്ത്രം, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ കുത്തിക്കയറ്റി. ഒരു വഴിക്ക് പോകുവല്ലേ, ഇനി അവിടെ വല്ലയിടത്തും കിടക്കേണ്ടി വന്നാല്‍ കുറഞ്ഞ പക്ഷം അണ്ടര്‍വയര്‍ എങ്കിലും നമ്മള്‍ കൊണ്ട് പോകണമല്ലോ. അങ്ങനെ കൃത്യം നാലരക്ക് വീട്ടില്‍ നിന്നും ഇറങ്ങി. നാല് അമ്പതിന് പാലായില്‍ നിന്നും ഉള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിയാല്‍ ആറു പത്തിന്റെ വഞ്ചി നാട് കിട്ടും. എല്ലാം ശുഭാകരവും ആകും. 


കുറ്റാകുറ്റിരുട്ട്, ചീവീടിന്റെയും മാക്രിയുടെയും ശബ്ദം മാത്രം. നല്ല തണുപ്പും അത്യാവശ്യം മഞ്ഞും ഉണ്ട്. ആള്‍ക്കാര്‍ കൊതിവിട്ടും കണ്ണ് വെച്ചും ചുമക്കു കുറച്ച് ആശ്വാസം വന്നെങ്കിലും ശബ്ദം ടകോ ടകോ എന്ന് തന്നെ. ഒരു ഷാള്‍ എടുത്തു കഴുത്തില്‍ ചുറ്റി ഹെല്‍മറ്റ്‌ റിവ്യു മിററില്‍ തൂക്കിയിട്ടു ഞാന്‍ നമ്മുടെ കറുത്ത യമഹാ സ്റ്റാര്‍റ്റ് ചെയ്തു. ചീവീടും മാക്രിയും നിശബ്ദരായി, കൂട്ടില്‍ കിടന്ന ശ്വാനന്‍ ടിപ്പു ഞെട്ടിയെഴുന്നേറ്റു കുരച്ചു. എന്നും അഞ്ചു മണിക്കെഴുന്നേല്‍ക്കുന്ന അയല്‍വക്കത്തെ ലീല ദൈവമേ പത്തുമണിയായല്ലോ എന്ന് വിലപിച്ചു കൊണ്ട് ചാടി എണീറ്റു. ചുമ്മാ ഒരു യാഗാശ്വത്തെ പോലെ യമഹാ അങ്ങോട്ട്‌ കുതിച്ചു പാഞ്ഞു, അല്ലാതെ എനിക്ക് പേടിയുണ്ടായിട്ടൊന്നുമല്ല.


കുട്ടിക്കാട്ടുകാരുടെ മുമ്പിലത്തെ വളവില്‍ പണ്ട് പാണ്ടി വണ്ടി കയറി ചത്തുപോയ കുഞ്ഞന്റെ അപകട സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പ് തന്നെ കണ്ണിലെ കാഴ്ച മറയുന്നു. ദൈവമേ, വെളുപ്പിനെ നാലര ആയിട്ടും പ്രേത പിശാചുക്കള്‍ കയറിപോകാന്‍ മറന്നു പോയോ? അതോ പട്ടിണി ആയതുകൊണ്ട് ഒരഞ്ച് മിനിട്ട് കൂടി നോക്കിയിട്ട് പോകാം എന്ന് കരുതി സൊറപറഞ്ഞിരുന്നതാണോ? എന്തായാലും ആദ്യത്തെ ഞെട്ടലില്‍ ചാടി കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു, അപ്പോളാണ് മനസിലായത്‌ കണ്ണാടിയില്‍ മഞ്ഞു പിടിച്ചതായിരുന്നു എന്ന്. പിന്നെ ഓരോ രണ്ടു മിനിട്ടിലും വിരലുകള്‍ വൈപ്പറാക്കി ഞാന്‍ പാലായ്ക്ക് വെച്ചു പിടിച്ചു. 


വിളക്കുംമരുത്  കവലയിലെ ഗട്ടറില്‍ ചാടി ഞാനും വണ്ടിയും അടുത്ത ഓടയില്‍ ചെന്നപ്പോളാണ് റോഡിനു രണ്ടാഴ്ചക്കുള്ളില്‍ വന്ന മാറ്റം ഞാന്‍ തിരിച്ചറിഞ്ഞത്‌. കഴിഞ്ഞ ആഴ്ചയിലെ വെള്ളപൊക്കത്തില്‍ റോഡില്‍ കയറിയ ഊപ്പയും വരാലും ഒക്കെ പിള്ളാര്‍ക്ക് ഗോലി കളിക്കാന്‍ വേണ്ടി റോഡിലെ മെറ്റലും ടാറും കൊണ്ട് പോയ വിവരം. ബഡ്ജറ്റ്‌ അവതരിപ്പിച്ച മാണി എല്ലാം പാലാക്ക്‌ കൊണ്ടുപോയി ഒണ്ടാക്കി എന്ന് പറഞ്ഞ ദാരിദ്ര്യവാസികളെ തെറി വിളിച്ചു കൊണ്ട്, അപ്പോള്‍ ഇത് പോലും ഇല്ലാത്ത മറ്റു സ്ഥലങ്ങളെ ഓര്‍ത്തുകൊണ്ട് ഞാന്‍ വണ്ടി നിവര്‍ത്തി വീണ്ടും കയറി ഇരുന്നു. എന്തായാലും വണ്ടിക്കും നമ്മുടെ കണ്ണിനും ഒക്കെ പ്രായമായ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് ഞാന്‍ വേഗത കുറച്ച് പാലായ്ക്ക് പാഞ്ഞു. 


നാല് അമ്പതിന്റെ ട്രാന്‍സ്പോര്‍ട്ട് പോയെങ്കിലും അഞ്ചു പത്തിനുള്ള മൂലമറ്റത്ത് നിന്നും തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ്‌ കിട്ടി. ചാടിക്കയറി ഒരു സീറ്റില്‍ ഇരിപ്പറപ്പിച്ചു, വണ്ടി നിറച്ചും ആളുണ്ട്. മൂക്കില്‍ നിന്നും ചുരണ്ടിയെടുത്ത അയിരുകള്‍ വിരലുകള്‍ കൊണ്ട് ഗോളമാക്കി രസിച്ചു കൊണ്ടിരുന്ന കണ്ടക്ടര്‍ വന്നു ടിക്കറ്റ് തന്നു, ഓ ഇതൊന്നും വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ വാങ്ങി പോക്കറ്റിലിട്ടു അവിടിരുന്നു. കൊടാരമറ്റത്തു നിന്നും കയറിയ മൂന്നു സ്ത്രീകളുടെ ഒന്നിന്റെ കയ്യില്‍ ഒരു കുഞ്ഞു കൊച്ച്. കയറി അടുത്ത് കണ്ട കമ്പിയില്‍ പിടിച്ചു അവര്‍ നേരെ താഴെ ഇരുന്ന ചെറുപ്പക്കാരനെ നോക്കി അധികാരത്തോടെ ചോദിച്ചു, ഒരു സ്ത്രീ കുട്ടിയുമായി കയറിയത് കണ്ടില്ലേ ചെറുക്കാ എന്ന്. ഞാന്‍ തിരുവനന്തപുരത്തിനു പോകാനുള്ളതാണ് എന്ന് പറഞ്ഞു പയ്യന്‍ അവിടെ തന്നെ ഇരുന്നു. ഇവനൊക്കെ എന്ത് സംസ്കാരം ആണ് എന്ന് പറഞ്ഞു ഒന്ന് രണ്ടു പേര്‍ സ്ത്രീയുടെ പക്ഷം കൂടി, ബാക്കിയുള്ളവര്‍ ഉറക്കം നടിച്ചു. എന്തായാലും അവരുടെ നോട്ടം എന്റെ മേലെ പതിഞ്ഞപോള്‍ ഞാന്‍ പതുക്കെ എണീറ്റു കൊടുത്തേച്ചു. ആ പയ്യന്‍ എന്നോട് പറഞ്ഞു, അവന്‍ മൂലമറ്റത്ത് നിന്നും കയറിയതാണ്, പാതി ഉറക്കത്തില്‍ ആണ്, ഇപ്പോള്‍ എണീറ്റു കൊടുത്താല്‍ പിന്നെ തിരുവനന്തപുരം വരെ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ. അതും ന്യായം തന്നെ. 


എന്തായാലും കോട്ടയം നാഗമ്പടം എത്തി. അവിടെ ഇറങ്ങി പ്രവറ്റ് സ്റ്റാന്‍ണ്ട് വഴി റെയില്‍വേ ട്രാക്കിലേക്ക് കയറിയപ്പോള്‍ അവിടം മുഴുവന്‍ വിജനം, ഇരുട്ട് അപ്പോളും മാറിയിട്ടില്ല. ടിക്കറ്റ്‌ എടുത്ത്‌ പതിവിനു വിപരീതമായി സമയത്തെത്തിയ ട്രിയിനില്‍ കയറി ആരും ഇല്ലാത്ത ഒരു ക്യാബിനില്‍ ഇരുന്നു. ദുഫായില്‍ നിന്നും പടം പിടുത്തക്കാരന്‍ ജിമ്മിയുടെ ഉപദേശപ്രകാരം ക്യാമറ എടുത്ത്‌ കയ്യില്‍ വെച്ചു, തോക്ക് റെഡി ആണെങ്കില്‍ മാത്രമല്ലേ സമയത്ത്‌ വെടി വെക്കാന്‍ പറ്റൂ.


വണ്ടി ചങ്ങനാശ്ശേരി എത്തി, കുറച്ചു ആള്‍ക്കാര്‍ കയറാനുണ്ട്. ദൈവമേ വല്ല കടും വെട്ടും വന്നു അടുത്തിരിക്കരുതെ, നല്ല സുന്ദരി പെണ്ണുങ്ങള്‍ വല്ലതും ഇരിക്കണേ എന്നുള്ള എന്റെ പ്രാര്‍ത്ഥന  ദൈവം പതിവില്ലാതെ അങ്ങ് കേട്ടേച്ചു. ഒരു മദാലസ വന്നു എന്റെ എതിരെ ഇരുന്നു, കൂടെ അവളുടെ അപ്പനും. ഓടുന്ന കുതിര പുറത്തിരുന്നു പറക്കുന്ന പക്ഷിയെ വെടിവെച്ചിടുന്ന നായകനെ പോലെ ഓടുന്ന ട്രെയിനില്‍ ഇരുന്നു ഞാന്‍ ചുമ്മാ ഫോട്ടോ എടുത്തു കളിച്ചു. ചെറിയ മയക്കം ഒക്കെ മാറി ഞാന്‍ ഉഷാറായി വന്നപോളെക്കും അവള്‍ പതുക്കെ ഉറക്കം തൂങ്ങി. 


എന്തായാലും ആയുധം പുറത്തെടുത്തു പോയില്ലേ, ചുമ്മാ എന്തേലും ഒക്കെ എടുത്തോണ്ടിരിക്കാം എന്ന് കരുതി ഞാന്‍ ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ ഞാന്‍ ആവേശത്തോടു കൂടി വളഞ്ഞു നിന്ന് ഫോട്ടോ എടുക്കുന്നു. പെണ്ണിന്റെ അപ്പന്‍ എന്നെ സംശയത്തോട് കൂടി നോക്കുന്നു. ഞാന്‍ പെണ്ണിനെ നോക്കിയപ്പോള്‍ അവളുടെ മാറില്‍ നിന്നും ചുരിദാര്‍ കുറച്ചു മാറി കിടക്കുന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, പക്ഷെ അവള്‍ടെ അപ്പന് തോന്നിയത്‌ അതൊരു കള്ള ലക്ഷണം  ആണെന്നാ. താനെന്തോന്നാടോ ഈ ഫോട്ടോ എടുക്കുന്നത് എന്ന് ചോദിക്കേണ്ട താമസം എതിര്‍ വശത്തിരുന്ന എന്റെ സൌഭാഗ്യത്തില്‍ അസൂയ പൂണ്ടിരുന്ന ചെറുപ്പക്കാരും കൂടി. ഞാന്‍ പുറത്തെ ഫോട്ടോയാ എടുത്തത്‌ എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അതൊരു 144 പ്രഖ്യാപിച്ച ഒരു പ്രശ്ന ബാധിത പ്രദേശം ആയി മാറി. 


എന്റെ പോന്നു ചേട്ടാ ഇതിലെ ഫോട്ടോ എടുത്തു നോക്കി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അപ്പന്‍ പറയുന്നു എനിക്കീ കോപ്പൊന്നും നോക്കാന്‍ അറിയില്ല എന്ന്. എന്തേലും കാണാമല്ലോ എന്നും പിന്നെ ആദ്യത്തെ കീറ് കൊടുത്തു പെണ്‍കുട്ടിയുടെ മുമ്പില്‍ ഹീറോ ആകാമല്ലോ എന്നും വിചാരിച്ച് ചെറുപ്പക്കാരില്‍ ഒരുത്തന്‍ മുമ്പോട്ട്‌ വന്നു, ഞാന്‍ നോക്കാം എന്നാ വാഗ്ദാനവുമായി. അവനൊരു കിണ്ടിയും അറിയില്ലെങ്കിലും ഞാന്‍ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു. 


പ്ലാറ്റ്‌ഫോര്‍മില്‍ ഇരുന്നു അപ്പൂപ്പന്റെ പുറം ചൊറിയുന്ന അമ്മൂമ്മ, വടയുടെ അവശിഷ്ടം തിന്നുന്ന കാക്ക, ചെളിയില്‍ ചാടിക്കളിക്കുന്ന പട്ടിക്കുട്ടികള്‍ , ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളുന്ന അവശിഷ്ടത്തിന്റെ സുന്ദര ചിത്രം. ഒരു നല്ല പടമെങ്കിലും എടുത്തുകൂടെ ശവമേ നിനക്ക് എന്നാ ചോദ്യം എനിക്കാ കണ്ണുകളില്‍ കാണാമായിരുന്നു. 


എല്ലാവരും സീറ്റില്‍ പോയിരുന്നു. ഞാനും പെണ്‍കുട്ടിയുടെ അപ്പനും പരിചയപ്പെട്ടു, അങ്ങനെ പെണ്‍കുട്ടിയേയും. എന്റെ ക്യാമറ വാങ്ങി നോക്കിയ ചെറുപ്പക്കാരന്‍ വാങ്ങി വെച്ചിരുന്ന പൂരി മസാലയില്‍ ഒന്ന് നോക്കി, പിന്നെ പതുക്കെ അത് പുറത്തേക്കെറിഞ്ഞു. 

12 comments:

- സോണി - August 16, 2011 at 11:41 PM  

കൊള്ളാംട്ടോ, രസകരമായി എഴുതി. ട്രെയിനില്‍ വച്ച് ഇതേപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പാവം മൊബൈല്‍ക്യാമറ ആയിരുന്നു എന്റെ കയ്യില്‍.

എന്നും അഞ്ചു മണിക്കെഴുന്നേല്‍ക്കുന്ന അയല്‍വക്കത്തെ ലീല ദൈവമേ പത്തുമണിയായല്ലോ എന്ന് വിലപിച്ചു കൊണ്ട് ചാടി എണീറ്റു....
- ഇതെനിക്ക് ശരിക്കും ഇഷ്ടമായി.

ഒരു ദുബായിക്കാരന്‍ August 16, 2011 at 11:53 PM  

കിടിലന്‍..ചിരിപ്പിച്ചു... ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ "പ്ലാറ്റ്‌ഫോര്‍മില്‍ ഇരുന്നു അപ്പൂപ്പന്റെ പുറം ചൊറിയുന്ന അമ്മൂമ്മ, വടയുടെ അവശിഷ്ടം തിന്നുന്ന കാക്ക, ചെളിയില്‍ ചാടിക്കളിക്കുന്ന പട്ടിക്കുട്ടികള്‍ , ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളുന്ന അവശിഷ്ടത്തിന്റെ സുന്ദര ചിത്രം. ഒരു നല്ല പടമെങ്കിലും എടുത്തുകൂടെ ശവമേ നിനക്ക് എന്നാ ചോദ്യം എനിക്കാ കണ്ണുകളില്‍ കാണാമായിരുന്നു"

Biju Davis August 17, 2011 at 12:09 PM  

ദൈവമേ, വെളുപ്പിനെ നാലര ആയിട്ടും പ്രേത പിശാചുക്കള്‍ കയറിപോകാന്‍ മറന്നു പോയോ? അതോ പട്ടിണി ആയതുകൊണ്ട് ഒരഞ്ച് മിനിട്ട് കൂടി നോക്കിയിട്ട് പോകാം എന്ന് കരുതി സൊറപറഞ്ഞിരുന്നതാണോ?

ഇതെനിയ്ക്ക്‌ വളരെ ഇഷ്ടപ്പെട്ടു. സിനോജ്‌, നന്നായി എഴുതി..

Naushu August 17, 2011 at 2:00 PM  

കലക്കീട്ടാ.... :)

Sash August 17, 2011 at 3:27 PM  

ningale puliyane kettaa....!!!fayangaram!!!
sajish

Nik Nair August 17, 2011 at 9:32 PM  

njan paranja pole cheyyumbol...nee nannakunnundu....

jayanEvoor August 19, 2011 at 8:39 PM  

കൊള്ളാം.
രസിച്ചു!

സിയാഫ് അബ്ദുള്‍ഖാദര്‍ August 22, 2011 at 6:35 PM  

അഞ്ചു മണിക്കെഴുന്നേറ്റു അടി വാങ്ങാന്‍ പോയ കഥ കൊള്ളാം ,മസാലദ അല്ല മസാല ദോശ അല്ല മദാസല ശേ ആ സുന്ദരി പെണ്ണിന്റെ ഒരു ഫോടോ എടുക്കാഞ്ഞത് കഷ്ടായി ..

ചെറുത്* September 13, 2011 at 11:51 PM  

രാവിലെ നാലുമണിക്കെണീച്ചത് മുതലങ്ങോട്ട് അവസാനം വരേം രസികനായിട്ടെഴുതി. അതും ശരിക്കും വര്‍ത്തമാനം പറഞ്ഞ് പോകണപോലൊരു ഫീലില്‍. ഇഷ്ടപെട്ടു സംഭവം. ആശംസോള് ട്ടാ

ARUN September 14, 2011 at 9:55 PM  

കിണ്ണന്‍ അണ്ണാച്ചി

പഞ്ചാരകുട്ടന്‍ -malarvadiclub September 18, 2011 at 4:47 PM  

ശോ കക്ഷ്ട്ടമായി പോയി!!!!!!!!അടി കിട്ടിയെന്നാ ഞാന്‍ വിചാരിച്ചത്

Villagemaan/വില്ലേജ്മാന്‍ December 8, 2011 at 1:07 PM  

തകര്‍ത്തു കളഞ്ഞു കേട്ടാ !

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP