ഞാനൊരു പാവം പാലാക്കാരന്‍

Showing posts with label amma. Show all posts
Showing posts with label amma. Show all posts

അമ്മ

>> Sunday, May 13, 2018

അമ്മ ദിനം, വനിതാ ദിനം, ഫെമിനിസ്റ്റുകൾ, ഓ എം കെ വി, മീൻ വറുത്തത് എന്നിങ്ങനെ പല കാര്യങ്ങൾ ദിവസേന കേട്ടിരുന്നപ്പോളാണ് സ്ത്രീകളെ പറ്റി എനിക്കുള്ള അഭിപ്രായം എന്തെന്ന് ഒന്ന് ചിന്തിച്ചത്. ചെറുപ്പകാലത്ത് അമ്മ, വല്യമ്മ, രണ്ടു പെങ്ങന്മാർ, സ്‌കൂളിലെ നിഷ്കളങ്ക / വൺവേ പ്രണയിനികൾ എന്നിങ്ങനെ തുടങ്ങി, മടിയനും അരസികനും ആയ എന്നെ സഹിച്ചു പൊറുത്തു, സന്തോഷകരമായ ഒരു ദാമ്പത്യം കൊണ്ടുപോകുന്നതിൽ വലിയ ഭാഗം വഹിക്കുന്ന ഭാര്യ എന്ന സ്ത്രീയിൽ എത്തി നിൽക്കുന്നു എന്റെ പെണ്ണുങ്ങളുമായുള്ള ബന്ധം. എങ്കിലും കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ ആ സ്ത്രീയുടെ തട്ട് ഇപ്പോഴും ഇത്തിരി ഉയർന്നിരുന്നു. വേറെ ആരാകാൻ, എന്റെ അമ്മ തന്നെ.

പത്തറുപതു വർഷം മുമ്പ്, ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ പത്താം ക്ലാസൊക്കെ തന്നെ പെണ്ണുങ്ങൾക്ക് ഒരു വലിയ വിദ്യാഭ്യാസംആയിരുന്നിരിക്കണം. എന്നാൽ വിവേകമുണ്ടായിരുന്ന മാതാപിതാക്കൾക്ക് ജനിച്ചതിനാലാവണം, അമ്മ വീണ്ടും പഠിച്ചു.  ചങ്ങനാശേരി അസംഷനിൽ നിന്നും ഡിഗ്രിയെടുത്തു. അവിടെത്തന്നെ എസ് ബി കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രി എടുത്തു. തിരുവന്തപുരത്ത് നിന്നും ബി എഡും എടുത്തു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഒരു പെൺകുഞ്ഞിന്, അന്നത്തെ കാലത്ത് എങ്ങനെ പഠനം തുടരാറായി എന്നുള്ളത് എനിക്ക് ഇന്നും ഒരു വലിയ ചോദ്യമാണ്.

ധൈര്യവതിയായിരിക്കണം അന്നത്തെ അമ്മ. ഹോസ്റ്റലുകളിൽ നിന്നു പഠിക്കാനും തനിയെ  യാത്ര ചെയ്യാനും ഒക്കെ കുറച്ചു ധൈര്യം ഒക്കെ വേണ്ടിയിരിക്കുമല്ലോ അന്നത്തെ കാലത്ത്. തിരുവനന്തപുരത്ത് നിന്നും പാലാക്കുള്ള ഏക വണ്ടിയിൽ വീട്ടിലേക്കു വരുമ്പോൾ അമ്മ മാത്രമായിരിക്കും ചില സമയങ്ങളിൽ സ്ത്രീയായുണ്ടാകുക. അന്നത്തെ നീണ്ട യാത്രയുടെ അവസാനം, വീടിന്റെ പടിക്കൽ നിർത്തി തരുന്ന പാലാ ഫാസ്റ്റിന്റെ ഡ്രൈവർ, അമ്മയും വല്യപ്പനും പതിനെട്ടാം പടി കയറുന്ന വരെ ലൈറ്റിട്ടു കൊടുത്തിരുന്ന സന്മനസ്. അവർക്കും ബഹുമാനം ആയിരുന്നിരിക്കാം ആ സ്ത്രീയെ. പിന്നീട് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ പഠിപ്പിക്കുകയും ചെയ്തു, കുറച്ചു നാൾ. ഇടക്കൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മയുടെ കൂടെ പഠിച്ച, പഠിപ്പിച്ച കൂട്ടുകാരികളുടെ ഒക്കെ കാര്യങ്ങൾ, ടീച്ചേഴ്സിന്റെ കാര്യങ്ങൾ, അവരുടെ കൊച്ചു കൊച്ചു രസങ്ങൾ.

വളരെ മിടുക്കിയായിരിക്കണം അമ്മ, അനിയത്തിമാർക്കും അനിയന്മാർക്കും ഒക്കെ മാതൃകയായിരുന്നിരിക്കണം. വലിയപ്പനും വലിയ ഇഷ്ടമായിരുന്നു അമ്മയെ എന്ന് കേട്ടിട്ടുണ്ട്. പിന്നീട് കല്യാണം, മൂന്നാലു കുഞ്ഞുങ്ങൾ, അങ്ങനെ ജീവിതം മറ്റൊരു ചാലിലൂടെ ഒഴുകാൻ തുടങ്ങിക്കാണും. എന്തായാലും അതിനു ശേഷമാണ് ഞങ്ങളുടെ ഓർമ്മയിൽ ഉള്ള ഇന്നത്തെ അമ്മയുടെ രൂപം പിറന്നത്.

ഭർത്താവ് മരിച്ചു, നാല് കുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെ ഏല്പിച്ചു, കിഴക്കൻ മലയോരങ്ങളിലെ എൽ പി സ്‌കൂളുകളിൽ പഠിപ്പിക്കാൻ പോയപ്പോൾ, നൊന്തുകരഞ്ഞുകൊണ്ടാവണം അവിടെ ഓരോ ആഴ്ചയും തള്ളി നീക്കിയത്. അവിടുത്തെ ഹെഡ്മാസ്റ്ററെക്കാളും യോഗ്യതകൾ ഉണ്ടായിരുന്നിട്ടും അമ്മ തുല്യ വേതനത്തിനു പരാതി പറഞ്ഞില്ല. വാരാന്ത്യത്തിൽ വീട്ടിലെത്തുമ്പോൾ കൂടെ കിടക്കാൻ അടിയുണ്ടാക്കുന്ന നാലുമക്കളെയും ഊഴം വെച്ചു ചേർത്തു കിടത്തുമ്പോൾ ആണാണോ പെണ്ണാണോ എന്നു തുന്നിച്ചു നോക്കിയിട്ടില്ലായിരുന്നു അമ്മ. മറിച്ചു, പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽകെട്ടി ചെല്ലുന്ന വീട്ടിൽ എങ്ങനെയാണെന്നറിയില്ല എന്ന് പറഞ്ഞു ഇടക്കൊക്കെ ചില അലവൻസും കൊടുത്തിരുന്നു. അമ്മവീട്ടിലെ ചടങ്ങുകൾക്കെല്ലാം നല്ല കാര്യപ്രാപ്തിയോടെ, എന്നാൽ ഒരു വിധവക്ക് സമൂഹത്തിലുണ്ടായിരുന്ന മുൻവിധികളെയും അശുഭ നിമിത്തങ്ങളെയും പറ്റി തികഞ്ഞ ബോധ്യത്തോടെ, അകത്തളങ്ങളിൽ മാത്രം നിറഞ്ഞു നിന്നപ്പോൾ, ഒന്നിലും അമ്മ  പരാതി പറഞ്ഞതായി അറിയില്ല. കുറച്ചു ബന്ധുക്കളെങ്കിലും ഞങ്ങളോടടുത്താൽ സഹായം കൊടുക്കേണ്ടി വരും എന്ന്ചിന്തിച്ചു അകന്നു നിന്നിരിക്കണം, പെരുമാറിയിരിക്കണം. പക്ഷെ ആരുടെയും കാര്യം ഒരു പരാതിയായി  പറഞ്ഞിട്ടില്ല, അതൊരു വിധിയായി കരുതിയാതെ ഉള്ളൂ.

ജീവിത യാത്രകൾക്കിടയിൽ ഏതെങ്കിലും മൂലയിൽ വെച്ചു എപ്പോളെങ്കിലും തന്റെ പഴയ സഹപാഠികളെ ഒക്കെ കണ്ടപ്പോഴൊന്നും, അവരുടെ ജീവിതാവസ്ഥയോ സാമ്പത്തികാവസ്ഥയോ ഒന്നും അമ്മയെ ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചതായി അറിയില്ല. സമത്വം അല്ലെങ്കിൽ തുല്യത എന്നൊന്നില്ലെന്ന ജീവിത സത്യം പറഞ്ഞു തരാൻ അമ്മക്കല്ലാതെ വേറാർക്കു പറ്റും?

ടീച്ചർ, ടീച്ചറമ്മ, എന്നു തുടങ്ങി മമ്മി എന്ന് സ്വന്തം അമ്മയെ വിളിക്കുകയും അമ്മ എന്ന് എന്റെ അമ്മയെ വിളിക്കുകയും ചെയ്തിരുന്ന കുട്ടികൾ ഉണ്ടായിരുന്നു അവിടെ. അമ്മ ഉരുട്ടി നൽകുന്ന ചോറുരുളകൾക്ക് പ്രത്യേക രുചി ഉള്ളതായി പറഞ്ഞു കുട്ടികളായിരുന്നപ്പോൾ പലരും ആ കൈയ്യിൽ നിന്നും കഥകൾ കേട്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇന്നും പലരുടെയും സ്നേഹവും ബഹുമാനവും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഇങ്ങനെയുള്ള നല്ല സ്ത്രീകളുടെ കൂടെ ജീവിക്കുമ്പോളാണ്, സ്ത്രീകളെ / വ്യക്തികളെ ബഹുമാനം തോന്നുന്നത്. മോശക്കാരായ സ്ത്രീകളും പുരുഷന്മാരും ലോകത്തിൽ പണ്ടും ഉണ്ട്, ഇന്നും ഉണ്ട്. ഇന്ദിരാ ഗാന്ധിയും മാർഗരറ്റ് താച്ചറും ഒന്നും പുരുഷന്മാർ അല്ലായിരുന്നു. അന്നത്തെ കാലത്ത് അവർക്കു ഓരോ രാജ്യങ്ങൾ ഭരിക്കാൻ സാധിച്ചു എന്നുള്ളപ്പോൾ, ഇന്നും ഫെമിനിസ്റ്റുകളായി ആൺ വർഗ്ഗത്തെ പഴിചാരി നടക്കുന്ന ചില പാഴ് ജന്മങ്ങളെ ഒക്കെ എന്ത് പറയാൻ.

ഇന്നിപ്പോൾ മക്കളുടെയും, കൊച്ചുമക്കളുടെയും ചെറിയ പ്രശ്നങ്ങളിൾ വേവലാതി പൂണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് അമ്മ. പണ്ടത്തെ അമ്മയുടെ ഒരു നിഴൽ മാത്രമായിരിക്കണം ഇന്നത്തെ അമ്മ. ധൈര്യമൊക്കെ ചോർന്ന്, ആധിയും വ്യാധിയും ഒക്കെയായി ക്ഷീണിച്ചിരിക്കുന്നു.

സന്തോഷിക്കാൻ മറന്നു പോയ അമ്മയെ വീണ്ടും ഒന്ന് ചിരിപ്പിക്കാൻ, സന്തോഷത്തിന്റെ കുറച്ചു നാളുകളെങ്കിലും സമ്മാനിക്കാൻ, ഞങ്ങൾക്കാവുന്നില്ല. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് ഒരു പക്ഷെ പരിഹാരങ്ങൾ ഉണ്ടാവില്ല. പക്ഷെ കുറച്ചു നാളുകൾ എങ്കിലും സന്തോഷത്തോടെ  കഴിയാൻ ആ അമ്മക്ക് പറ്റിയില്ലെങ്കിൽ, ജീവിതം എന്നത് ചിലർക്കെങ്കിലും വളരെ അർത്ഥമില്ലാത്തതായി തീരുമെന്നാണ് തോന്നുന്നത് .

പക്ഷെ ചിന്തകൾ ഇങ്ങനെ കൂലംകുഷമാകുമ്പോൾ, സ്വതവേ പരാജിതൻ എന്ന വിലയിരുത്തൽ ഉള്ള ഞാൻ, ഒരു വലിയ പരാജയംആണെന്ന് എനിക്ക് തന്നെ തോന്നുന്നു. ആ അമ്മക്ക് കളിക്കാനായി കുറച്ചു കളിപ്പാട്ടങ്ങൾ ഉണ്ടാക്കി എന്നത് മാത്രമാണ് ഞാൻ ചെയ്‌ത നല്ല കാര്യം. പക്ഷെ വല്ലപ്പോളും ഷോക്കേസിൽ നിന്നും പുറത്തെടുക്കാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ വെക്കേഷനും കാത്തിരിക്കണം....

Read more...

ഒരു അമ്മയുടെ ചിന്തകള്‍

>> Saturday, October 4, 2008

ഞാന്‍ നാലു മക്കളുടെ അമ്മ, ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയി. ഒത്തിരി അധികം കഷ്ടപ്പെട്ടു എങ്കിലും ഇപ്പോള്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞപോലെ. മക്കളെല്ലാവരും നല്ല നിലയില്‍ സ്വദേശത്തും വിദേശത്തുമായി ജീവിക്കുന്നു. ഇളയ മകന്റെ കല്ല്യാണം കൂടി നടത്തിയാല്‍ കടമകള്‍ എല്ലാം തീര്‍ന്നു. വാതത്തിന്റെയും പിന്നെ കൊതുകിന്റെ സംഭാവനയായ ചിക്കന്‍ ഗുനിയായുടെയും അസ്കിതകള്‍ ഒഴിച്ചാല്‍ ജീവിതം സുഖകരം.

എങ്കിലും എന്തോ ബാക്കി കിടക്കുന്നപോലെ. ഞാനിന്നു ഏകയാണ്. മക്കളേല്ലാം ഓരോ സ്ഥലങ്ങളില്‍. എല്ലാവരും അവരുടെ കൂടെ താമസിക്കാന്‍ വിളിക്കുന്നു. എന്തോ എനിക്കു ഇവിടുന്നു പോകാന്‍ തോന്നുന്നില്ല. കാര്യം ഒറ്റക്കു ജീവിക്കാന്‍ പേടിയുണ്ട്, എന്നാലും വയ്യ. ഇവിടെ തന്നെ ജീവിച്ചാല്‍ മതിയെനിക്ക്. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വീടല്ല ഇത്. എന്റെ മക്കള്‍ പിച്ചവെച്ചു നടന്ന വീടല്ല ഇത്. മക്കളുടെ കൂടെ അമേരിക്കയിലും ഗള്‍ഫിലും നാട്ടില്‍ തന്നെയും ഇതിലും സുഖസൌകര്യങ്ങളും എന്റെ മിടുക്കരായ കൊച്ചുമക്കളും ഒക്കെയായി ജീവിക്കാന്‍ എല്ലാവരും പറയുന്നെങ്കിലും എന്തോ എനിക്കു ഇവിടെ നില്‍ക്കാനാണിഷ്ടം. എന്താണാവോ കാര്യം?


ഓര്‍മ്മകള്‍ പിന്നോട്ടോടി. ഭര്‍ത്താവിന്റെ മരണശേഷം എന്റെ പിഞ്ഞു കുഞ്ഞുങ്ങളെയും എന്റെ തറവാട്ടില്‍
മാതാപിതാക്കളെ ഏല്‍പ്പിച്ചു മലയോരങ്ങളില്‍ അധ്യാപികയായി നടന്ന സമയങ്ങള്‍. ആഴ്ചാവസാനം കൊതിയോടെ ഓടിച്ചെന്നാ ഇരുട്ടില്‍ എന്നെ കാത്തിരിക്കുന്ന എന്റെ പൊന്നു മക്കളെ കാണാനുള്ള ആ വെമ്പല്‍, കാണുമ്പോളുള്ള ആ നിര്‍വൃതി. തിങ്കളാഴ്ച രാവിലെ ചങ്കു പറിച്ചെറിയുന്ന പോലെ അവരെ പിരിയുന്നതിന്റെ വേദന. എന്തായിരുന്നു ആ കാലം.


എല്ലാ വെള്ളിയാഴ്ച്കയും ഹെഡ്മാസ്റ്ററുടെ പ്രത്യേക അനുവാദത്താല്‍ കട്ടപ്പനിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും രാജു മോട്ടോര്‍സില്‍ കയറി രാത്രിയോടെ തറവാട്ടില്‍ എത്തുമ്പോള്‍ എന്റെ അപ്പനോ അനിയനോ ബസ് സ്റ്റോപ്പില്‍ കാണും. വീടിന്റെ മുമ്പിലെ പതിനെട്ടാം പടിയുടെ ഏറ്റവും മുകളിലത്തെ പടിയില്‍ എന്റെ അമ്മയുടെ ശകാരങ്ങളെ മാനിക്കതെ എന്റെ നാലു മക്കളും നോക്കിയിരിപ്പുണ്ടാവും. മൂന്നു വയസുകാരനായ ഇളയവനെ കൈ പിടിച്ചു നട ഇറക്കുന്ന മൂത്ത മകള്‍. പാമ്പോ പ്രേതമോ പിടിക്കുമെന്നുള്ള പേടിയിലും എന്നെ കാണാനുള്ള കൊതിയോടെ ഇറങ്ങിവരുന്ന മൂത്തമകന്‍. ഇന്നമ്മേടെ കൂടെ ഞാനാ കിടക്കുന്നേ എന്നു പറഞ്ഞു വരുന്ന ഇളയമോള്‍. അമ്മേ മുത്തായി വാങ്ങിയോ എന്നു ചോദിക്കുന്ന ഇളയ മോന്‍. ആരെയാ ഞാനാദ്യം എടുക്കുക? തവണ വെച്ചാണ് ആദ്യ ഉമ്മ. ഇരുട്ടത്തു കണ്ണുതുറക്കാന്‍ പോലും പേടിയുള്ള മൂത്തമകന്‍ വരെ അവന്റെ തവണയില്‍ ഉമ്മക്കായി ഇരുട്ടത്ത് ഓടി വരും.


കുരിശുവരയിടെ നേരത്ത് എന്റെ മടിയില്‍ കിടന്നു ശാന്തമായുറങ്ങുന്ന ഇളയമകന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഇനിയെങ്ങനാ ഞാന്‍ ഇവനെ ഇട്ടേച്ചു തിങ്കളാഴ്ച വീണ്ടും പോകുക എന്ന ചിന്തയാണ് ആദ്യം വരുക. സന്തോഷ സമയങ്ങളിലും വരാനിരിക്കുന്ന ദുഖചിന്തകളാണോ മനസില്‍ എപ്പോളും വരുക? ആര്‍ക്കറിയാം, ഒരു പക്ഷെ സുരക്ഷിതബോധത്തോടെ നെഞ്ചില്‍ തലചായ്ച്ചുറങ്ങാന്‍ ഒരാളില്ലാത്തതിനാലാവാം ഈ ഭയം. രണ്ടു ദിവസം മുമ്പ് കൊക്കയില്‍ വീണ് നിരവധി ആള്‍ക്കാര്‍ മരിച്ച കൊണ്ടോടി ബസിന്റെ ചിത്രം മനസില്‍ വന്ന മൂത്തമകള്‍ ലുത്തിനിയായുടെ ഇടക്കു വെച്ചു വിങ്ങി പൊട്ടി അമ്മ ഇനി കിഴക്കുദേശത്തു പഠിപ്പിക്കാന്‍ പോകണ്ടാ എന്നു പറഞ്ഞപ്പോള്‍ ഞാനും അറിയാതെ തേങ്ങി. ഈ വക ചിന്തകള്‍ എന്റെ മക്കളുടെ മനസില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും വിഹ്വലതകളും പരിഹരിക്കാന്‍ വഴി കാണാതെ ഞാന്‍ കുഴഞ്ഞു.


മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ കഷ്ടപ്പാടും മറ്റു കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യവും ഓര്‍ക്കുമ്പോള്‍ എന്റെ മക്കള്‍ ഭാഗ്യമുള്ളവരെന്നു കരുതി ഞാന്‍ ആശ്വസിക്കും. ഡാന്‍സിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ കിട്ടിയ സമ്മാനങ്ങളുമായി പെണ്മക്കള്‍ എനിക്കഭിമാനം തരും. മടിയില്‍ കിടന്ന് തലമുടിയില്‍ വിരലോടിക്കാന്‍ പറഞ്ഞു മൂത്തമകന്‍ അവനു നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം അനുഭവിക്കും. കൊഞ്ചലുകളും കെട്ടിപ്പിടുത്തവുമായി ഇളയ മകന്‍, വല്ലപ്പോളും കിട്ടുന്ന പായസത്തിന്റെ രുചി എത്ര വയസായാലും നാവില്‍ നിന്നു മാറാത്ത പോലെ എന്റെ മക്കളുടെ ആ സ്നേഹം ഇന്നും മനസില്‍ നിന്നു പോകുന്നില്ല.


ഫോണ്‍ അടിക്കുന്നു, മകനാ.. ഗള്‍ഫില്‍ നിന്നും. അവന്റെ രണ്ടാമത്തെ കുട്ടിയും അടുപ്പിച്ചുണ്ടായപ്പോള്‍
അവരുടെ രണ്ടാമനു കൊടുത്തിട്ടു മിച്ചമുള്ള മുലപ്പാല്‍ മൂത്തവനു കൊടുത്ത് അവനു അവനു പറ്റിയ നഷ്ടം
കോമ്പന്‍സേറ്റ് ചെയ്യാനുള്ള ശ്രമം പാളിയത് പറയാന്‍ വിളിച്ചതാ. മൂത്ത കുട്ടിക്കു മാസങ്ങളായപ്പോളേ രണ്ടാമതും മരുമകള്‍ ഗര്‍ഭിണി ആയി. അവന്റെ ഒരേയൊരു സങ്കടം മൂത്തവന്റെ മുലപ്പാല്‍ കുടി നിര്‍ത്തേണ്ടി വരുമല്ലോ എന്നുള്ളതായിരുന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോല്‍ മുലപ്പാല്‍ തനിയെ വറ്റി, അവനു കൊടുക്കാതെയായി. എന്നാലും ഇടക്കു കൊതിയോടെ നോക്കുന്ന കുഞ്ഞുമകന് മരുമകള്‍ ഇടക്കു കൊടുക്കും, ഒന്നുമില്ലാതെ ഒരു ചവര്‍പ്പു മാത്രം ഉള്ള ആ അമ്മിഞ്ഞയില്‍ അവന്‍ ആസ്വദിച്ചു നുണയും. മലര്‍ന്നും കമഴ്ന്നും തലയുംകുത്തി നിന്നും അവന്‍ കുടിക്കും. അന്നേ അവര്‍ തീരുമാനിച്ചു പറഞ്ഞു, രണ്ടാമത്തെ കൊച്ചു കുടിച്ചു മിച്ചമുണ്ടെങ്കില്‍ അവനു കൊടുക്കും എന്ന്. പഴമക്കാരുടെ അഭിപ്രായം മാനിച്ചു ഞാന്‍ എതിര്‍ത്തു, എങ്കിലും അവര്‍ കൊടുത്തു. പക്ഷെ അവന്‍ കുടിച്ചില്ല, നാണത്തോടെ നോക്കി മാറിപ്പോയ്യത്രെ. പാവം, എന്റെ മൂത്തമകന്റെ മുലകുടി ചെന്നിനായം തേച്ചാണ് എന്നു നിര്‍ത്തിയത്. അതിനാലാവം അവന്‍ അവന്റെ മകനു കൊടുത്തു നോക്കിയത്.


ഞാന്‍ വീണ്ടും പഴയകാല പോയി. തുണിയലക്കും പിള്ളേരുടെ പരാതികേള്‍ക്കലും ഒക്കെയായി അവധി സമയം വേഗം പോകും. പരസ്പരം മത്സരിക്കുമെങ്കിലും മക്കള്‍ക്കെല്ലാവര്‍ക്കും നല്ല സ്നേഹമായിരുന്നു. എന്റെ മൂത്ത സഹോദരന്റെ പെട്ടിയില്‍ നിന്നും പഴയ സിഗരറ്റ് എടുത്തു കത്തിച്ചതിന് നാലെണ്ണത്തിനിട്ടും പൊട്ടിച്ച കാര്യം അമ്മ പറഞ്ഞു. പെണ്ണുങ്ങളു പോരാഞ്ഞിട്ടു ഏറ്റവും കുഞ്ഞവന്‍ വരെ വലിച്ചത്രെ, മൂത്തവനാ അതിന്റെ സൂത്രധാരന്‍ എന്നതിനാല്‍ അവനിട്ടു രണ്ടെണ്ണം കൂടുതലും കൊടുത്തു. എന്നും വരുമ്പോള്‍ പരാതികളുടെ പ്രളയം ആണ്. അപ്പനും അമ്മയും ഇല്ലാതെ നാലു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചില്ലറ പാടല്ലല്ലോ? പോരാത്തതിനു വളര്‍ത്തുദോഷവും അവര്‍ക്കല്ലേ കിട്ടുക. എങ്കിലും എന്റെ മക്കള്‍ക്കു നഷ്ടമായ നിരവധിയായ കാര്യങ്ങല്‍ ഓര്‍ത്ത് ഞാന്‍ പോകുന്ന വഴി മുഴുവന്‍ ബസിലിരുന്നു കരയും. തിങ്കളാഴ്ച വെളുപ്പിനെ മഞ്ഞത്തു പുറത്തിറങ്ങണ്ടാ എന്ന എന്റെ അപ്പന്റെ ശാസനയാല്‍
കാര്‍പോര്‍ച്ചില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മക്കളുടെ മുഖം എങ്ങനെ മറക്കും. മൂന്നു വയസുമാത്രമുള്ള എന്റെ ഇളയമകന്‍ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടു തരുന്ന റ്റാറ്റ മനസില്‍ ഇന്നും കൊത്തിവച്ചിരിക്കുകയാണ്. ഇന്നിപ്പോള്‍ അവനു മീശയും താടിയും ഒക്കെയായി. എങ്കിലും എനിക്കവന്‍ കുഞ്ഞുകൊച്ചു തന്നെയാണ്.
കുറഞ്ഞപക്ഷം കല്ല്യാണം കഴിക്കുന്ന വരെയെങ്കിലും.


പേരക്കിടാങ്ങള്‍ക്കൊക്കെ എന്നെ വലിയ കാര്യമാണ്, മക്കള്‍ക്ക് എന്നോടുള്ള സ്നേഹം അവരിലേക്കും
പകര്‍ന്നതാവാം. അവര്‍ക്കു ഇവിടെ വരുന്നത് വളരെ ഇഷ്ടവുമാണ്, അമ്മമ്മേ എന്നു വിളിച്ചു കൊണ്ട് ഓടി നടക്കും. അവര്‍ക്കൊക്കെ ലഭിക്കുന്ന സൌഭാഗ്യങ്ങള്‍ കാണുമ്പോള്‍ അവരുടെ മാതാവോ പിതാവോ ആയ എന്റെ മക്കള്‍ അവര്‍ക്കു നഷ്ടപ്പെട്ടതൊക്കെ മക്കള്‍ക്കു കൊടുക്കാനായി നടത്തുന്ന വ്യര്‍ഥശ്രമങ്ങള്‍ കണ്ട് വേദനിക്കും. വിശക്കുന്നവര്‍ക്കല്ലേ ഭക്ഷണത്തിന്റെ വിലയറിയൂ?


അന്നൊക്കെ കിഴക്കന്‍ മലയോരങ്ങളിലേക്ക് ബസിലിരുന്നു യാത്ര ചെയ്യുന്ന അവസരങ്ങളില്‍ ഏതൊരു
അമ്മയേയും പോലെ എന്റെ മനസിലും മക്കളെ കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞുനിന്നു. പേരക്കമ്പില്‍
ഊഞ്ഞാലാടുമ്പോള്‍ കൈവിട്ടുപോയി കല്ലില്‍ തലയിടിച്ചാലോ, അല്ലെങ്കില്‍ തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍
മുങ്ങിപ്പോയാലോ‍ എന്നൊക്കെയുള്ള വിവിധതരം പേടികളാല്‍ എന്റെ മനസ് എന്നും സങ്കടങ്ങളിലും ആശങ്കകളിലും നിറഞ്ഞു നിന്നു. ഇന്നും അതു തന്നെ അവസ്ഥ. അപകടങ്ങളുടെ വാര്‍ത്തയല്ലേ കേള്‍ക്കാനുള്ളൂ. ഇന്നു കുട്ടികള്‍ കട്ടിലില്‍ നിന്നും താഴെ പോകതിരിക്കാനും, മരത്തിലും ജനലിലും വലിഞ്ഞു കയറാതിരിക്കാനുമൊക്കെയായി മാതാപിതാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അന്നത്തെ അവസ്ഥ ആലോചിക്കും. കുളങ്ങള്‍ , തോട്, പാറ, പാമ്പ്, ഇലക്ട്രിക് ഷോക്ക് തുടങ്ങി എത്രയോ സാഹചര്യങ്ങള്‍.


ഇവിടെ എന്റെ വീട്ടില്‍ ഇപ്പോള്‍ ഒറ്റക്കാണെങ്കിലും എനിക്കെന്റെ ഓര്‍മ്മകള്‍ കൂട്ടിനുണ്ട്, ഏതു കാലത്തിലേക്കു വേണമെങ്കിലും നമുക്കു പറന്നു പോകാം. നാട്ടിലേക്കിറങ്ങിയാല്‍ എല്ലാവരും എന്നെ അറിയാവുന്നവര്‍. ഇടക്കൊക്കെ വന്നു നില്‍ക്കുന്ന മക്കളും കൊച്ചുമക്കളും. എന്നെ കാണാന്‍ വരുന്ന എന്റെ സഹോദരങ്ങള്‍. എല്ലാത്തിനും ഉപരി എന്റെ വീടെന്ന് എനിക്കു തോന്നുന്ന വീട്. ഞാന്‍ ഏത് മക്കളുടെ കൂടെ പോയാലും എന്നെ അവര്‍ പൊന്നു പോലെ നോക്കും, പക്ഷെ എനിക്കവിടെ സ്വന്തമെന്നു തോന്നില്ല. മാത്രവുമല്ല അവര്‍ നാട്ടില്‍ വരുമ്പോളല്ലേ എനിക്കും വരനാവൂ? ഇതാകുമ്പോള്‍ എല്ലവരും വരുന്ന സമയത്ത് ഞാന്‍ ഇവിടെ കാണും. കപ്പയും ചക്കയും മാങ്ങയും ചേനയും കൂട്ടി നല്ല ഭക്ഷണം കഴിക്കാം. മാടത്തയേയും മൈനയേയും കാണാം. പ്രഭാതത്തില്‍ കുയിലിന്റെ നാദം കേല്‍ക്കാം. മറ്റൊരു സ്ഥലത്ത് ആരും അറിയാതെ കഴിയുന്നതിലും നല്ലതല്ലെ ഏല്ലാവരുടെയും സ്നേഹവും അന്വേഷണവും ഒക്കെയായി ഇവിടെ ഒറ്റക്കു കഴിയുന്നത്? മാത്രവുമല്ല, ഇടക്കു കിട്ടുന്ന ആ സ്നേഹത്തിനും സന്തോഷത്തിനും ഒത്തിരി മാറ്റു കൂടുതല്‍ ഉണ്ട്. ഏകയാണെന്ന വിചാരം എനിക്കില്ല, കൂട്ടിനെന്റെ നല്ല ഓര്‍മ്മകള്‍, നഷ്ടപെട്ട പലതിന്റെയും കൂടെ എനിക്കു ലഭിച്ച നന്മകള്‍.


ഇന്നെനിക്കെല്ലാവരും ഉണ്ട്, മക്കളെല്ലാം അവരെയാണ് എനിക്കിഷ്ടം എന്നു വിചാരിക്കുന്നു. എന്റെ സ്നേഹം ആരിലേക്കും മാത്രമായി ഒഴുകുന്നില്ല. ചെറുപ്പത്തില്‍ തവണ വെച്ചു കൂടെ കിടന്നിരുന്ന അവര്‍ക്കു ഇന്ന് തവണ വെച്ചു വന്നു കിടക്കാം. ഇതു തന്നെ നല്ലത്, എനിക്കെല്ലാവരെയും വേണം. ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി എന്റെ ഇഷ്ടങ്ങള്‍ മാറ്റി വെച്ച എനിക്കു ഇനിയെങ്കിലും കുറച്ചു നാള്‍....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP