ഞാനൊരു പാവം പാലാക്കാരന്‍

ഇലകൾ

>> Thursday, September 17, 2026

അങ്ങനെ ഈ വർഷത്തെ ഓണവും കഴിഞ്ഞു. നാട്ടിൽ ഭാര്യയും കുട്ടികളും ഓണം ആഘോഷിച്ചു; ഞാനാണെങ്കിൽ ദുബായിൽ കമ്പനിക്കൊപ്പവും. ബാംഗളൂരിൽ നിന്ന് പുതിയ ക്യാമറയുമായി നാട്ടിൽ എത്തിയ മകൻ,  ഓണപ്പുടവകളിൽ നിൽക്കുന്ന മക്കളുടെയും വീട്ടുകാരുടെയുമൊക്കെ അടിപൊളി  ഫോട്ടോസെടുത്തു. അതൊക്കെ കണ്ട് രസിച്ചു ഇവിടെ ഞാനും കുളിരണിഞ്ഞു. എന്നാൽ ഞാനിപ്പോൾ പറയുന്നത് ഓണാഘോഷത്തെക്കുറിച്ചോ, അതിന്റെ നിറങ്ങളെക്കുറിച്ചോ അല്ല. ഒരു പ്രായത്തിലേക്കെത്തുമ്പോൾ നമുക്കുണ്ടാകുന്ന ചില അനുഭവങ്ങൾ, മാറ്റങ്ങൾ,  ഇതിനെക്കുറിച്ചൊക്കെയാണ്. 

ഇന്നലെ എന്റെ ഭാര്യ എന്നെ വിളിച്ചു. വെറുതെ ഞങ്ങൾ വർത്തമാനമൊക്കെ പറയുന്ന സമയത്ത് അവൾ ഒരു സങ്കടം പറഞ്ഞു. മോൻ വന്ന് എല്ലാവരുടെയും സുന്ദരമായ ഫോട്ടോകളൊക്കെ എടുക്കുന്നതു കണ്ടു. വീട്ടിലെ സഹോദരങ്ങളുടെയും കാർന്നോന്മാരുടേം പിന്നെ കുറെ പ്രകൃതി ഭംഗിയും ഒക്കെ.  പക്ഷേ അവളുടെ ഒരൊറ്റ ഫോട്ടോ പോലും എടുത്തില്ലെന്ന്.

ആദ്യം ഞാൻ അതിനെ കൂളാക്കാൻ ശ്രമിച്ചു. “ എടീ അവൻ അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാവില്ല; ഓരോരുത്തരുടേം സുന്ദര നിമിഷങ്ങൾ കണ്ടപ്പോൾ പെട്ടെന്ന് എടുത്തന്നേ കാണൂ. നീ മിക്കവാറും അടുക്കളയിലും പണിയിലും ഒക്കെ അല്ലേ.., കരിപുരണ്ട ജീവിതം അല്ലേ, അതായിരിക്കും.” 

അവൾ പറഞ്ഞു... “എനിക്ക് വലിയ സൗന്ദര്യമില്ല, പ്രായവുമായി. അടുക്കളയും തുടക്കലും തൂക്കലും ആയി നടക്കുന്നതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാൻ ആർക്കും തോന്നില്ലായിരിക്കാം."

അവൾക്ക് ഫീൽ ചെയ്തു എന്ന് മനസിലായ ഞാൻ പിന്നെയും സ്മൂത്താക്കാൻ ശ്രമിച്ചു. "അവനത് അറിഞ്ഞോണ്ടായിരിക്കത്തില്ലെടീ പെണ്ണേ, വിട്ടു കള."

അവൾ പറഞ്ഞു "എന്റെ വാഴക്കാവരയാ...  അവഗണിക്കപ്പെടുന്നവരുടെ വേദന എന്താണെന്ന് അത് അനുഭവിക്കുമ്പോളെ മനസിലാകൂ..ഞാനതൊക്കെ വിട്ടു, പക്ഷെ ചെറിയൊരു കുത്തൽ.."

 ചെറുപ്പത്തിലും, കുറേയൊക്കെ ഇപ്പോളും അവഗണനയുടെയും തിരസ്കാരത്തിന്റെയും തീച്ചൂളയിലൂടെ കടന്നു വന്ന എനിക്ക് അവളുടെ നൊമ്പരം നന്നായി മനസ്സിലായി.ഞാൻ പറഞ്ഞു.. "ഞാൻ അവനോട് വിളിച്ചു പറയാം. അവനത് അറിഞ്ഞോണ്ടായിരിക്കത്തില്ല." 

അപ്പോൾ അവൾ പറഞ്ഞു.. "അങ്ങനെ വേണ്ട, ഇതൊന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യങ്ങളല്ല. അവന്റെ മനസ്സിൽ അങ്ങനെയൊരു തോന്നലുണ്ടായി ചെയ്യേണ്ടതാണ് അത്. എന്റെ വിഷമം എന്റേതായിട്ട് അവിടെ ഇരുന്നോട്ടെ.." 

ആ വാക്കിന്റെ ഭാരം എനിക്ക് മനസ്സിലായി. മോൻ അറിയാതെയാണെങ്കിൽ പോലും ചെയ്ത ഒരു കാര്യം, അമ്മയുടെ മനസ്സിൽ ഒരുവലിയ മുറിവായി പതിഞ്ഞിരിക്കുന്നു. 

ഞാനെന്റെ അമ്മയെ ഓർത്തു. അച്ഛനില്ലാതെ നാലുമക്കളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയോട് ഞാനെന്തൊക്കെയായിരിക്കാം, ഒരു പക്ഷെ ഇതിലും എത്രയോ അശ്രദ്ധയോടെ, ക്രൂരമായിട്ടാവാം ചെയ്തിരിക്കുക. പുതിയ കൂട്ടുകാരും ജോലിസ്ഥലങ്ങളും ബന്ധങ്ങളും ഒക്കെ വരുമ്പോൾ, ലോകത്തിന്റെ നിറങ്ങൾക്ക്  മുമ്പിലും പ്രാരാബ്ധങ്ങൾക്ക് മുമ്പിലും ഒക്കെ പാഞ്ഞുപോകുമ്പോൾ, അമ്മയോടും സഹോദരങ്ങളോടും ഒക്കെ എങ്ങനെയാവും ഞാനൊക്കെ പെരുമാറിയിട്ടുണ്ടാകുക. 

കഴിഞ്ഞ ഏതോ ഒരു അവധിയിൽ അമ്മയുടെ മടിയിൽ തലവെച്ചു കിടന്നപ്പോൾ, അമ്മ മുടിയിൽ തലോടിയപ്പോൾ, കൊഴിഞ്ഞു തീരാറായ നരച്ച മുടിയിലും തലോടാൻ അമ്മയ്ക്കും ഒരു കൊതിയുണ്ടെന്നു മനസ്സിലായി. കുഞ്ഞിനാളിൽ ആഴ്ചയിലൊരിക്കൽ വന്നിരുന്ന അമ്മയുടെ മടിയിൽ കിടക്കാൻ, മൂത്തവനായതിന്റെ പേരിൽ ഊഴം കുറഞ്ഞതിന്റെ സങ്കടം കരഞ്ഞു തീർത്തിരുന്ന ഞാനിന്ന് അവിടെ കിടക്കാറില്ല, എന്നാൽ അവിടെ ഒന്ന് കിടക്കാൻ ഒരു പക്ഷെ അമ്മ കൊതിക്കുന്നുണ്ടാവും. നമുക്കോ ഇന്നിപ്പോൾ നമ്മുടെ മക്കളുടെ ചെയ്തികളുടെ പരാതികളും. ഒരു പക്ഷെ എനിക്കാരെങ്കിലും അന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഉറപ്പായും എന്റെ പെരുമാറ്റങ്ങൾക്ക് മാറ്റമുണ്ടായേനെ..

വൈകുന്നേരം ബാംഗളൂരിൽ തിരിച്ചെത്തിയ മകൻ വിളിച്ചപ്പോൾ ഞാൻ വെറുതെ ചോദിച്ചു: “നീ അമ്മയുടെ നല്ലൊരു ഫോട്ടോ എടുത്തെന്ന് കേട്ടല്ലോ?” അവൻ അല്പം ആലോചിച്ച് പറഞ്ഞു: “ഇല്ല, അമ്മയുടെ ഫോട്ടോ എടുത്തിട്ടില്ല. ബാക്കിയുള്ളവരുടേത് ഒക്കെയേ ഉള്ളൂ..”

ഞാൻ അവനോട് കാരണം ചോദിച്ചില്ല. അവൻ അത് മനപ്പൂർവം അല്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു: "നീ അമ്മയൊന്ന് വിളിച്ചു സംസാരിക്കണം അല്ലെങ്കിൽ അതൊരു വിങ്ങലായിട്ട് അമ്മയുടെ ഉള്ളിൽ കിടക്കും. ഒഴിവാക്കപ്പെടുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന വേദന എന്താണെന്ന് നമുക്ക് പലപ്പോഴും മനസ്സിലാവില്ല. സ്വന്തം മക്കളിൽ നിന്നാവുമ്പോൾ അതിന്റെ നൊമ്പരം ഒത്തിരി കൂടുതൽ ആയിരിക്കും."  അവന് അത് മനസ്സിലായിട്ടുണ്ടാകണം. അവൻ രാവിലെ തന്നെ അമ്മയെ വിളിച്ച് സംസാരിച്ചു, കാര്യങ്ങളൊക്കെ കുറച്ചുകൂടി കൂളായെന്ന് തോന്നുന്നു, അവളുടെ വിങ്ങലും മാറിയിരിക്കാം. എനിക്കെന്റെ ചെറുപ്പത്തിൽ ആരും അങ്ങനത്തെ കാര്യങ്ങൾ പറഞ്ഞ് തന്നില്ല. ഞാനതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു ചിന്ത എന്റെ മനസ്സിലേക്ക് വരാത്തതിന് കാരണം എന്റെ തിരക്കുകൾ, പഠിത്തങ്ങൾ, കൂട്ടുകാർ, ബഹളങ്ങൾ, അങ്ങനെയൊരു ലൈഫിലേക്ക് നമ്മൾ പോയതുകൊണ്ടാകാം. 

ചില കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടതാണ്. അവർക്ക് സ്നേഹമില്ലാത്തതുകൊണ്ടല്ല, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പോകുന്നതാണ്. തിരക്കേറിയ ജീവിതത്തിൽ നിറങ്ങളുടെ പുറകെയാണ് എല്ലാവരുടെയും പാച്ചിൽ. 

നമ്മുടെ കുട്ടികൾ വളരുമ്പോൾ അവരുടെ ലോകം മാറും. പുതിയ സുഹൃത്തുക്കൾ വരും, പുതിയ താൽപര്യങ്ങൾ വരും, പ്രണയങ്ങളും സ്വപ്നങ്ങളും സ്വന്തം തിരക്കുകളും വരും. അപ്പോൾ നമ്മളോടുള്ള അടുപ്പത്തിന്റെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങൾ വരും. ഒരിക്കൽ നമ്മൾ നമ്മുടെ മാതാപിതാക്കളോട് അറിയാതെ ചെയ്തതുപോലെ, അവർ നമ്മളോടും അറിയാതെ ചെയ്യാം. അതൊരു കുറ്റമല്ല; ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കാണ്. പക്ഷേ ആ ഒഴുക്കിനിടയിൽ, ഒരാളുടെ മനസ്സിൽ ഒരു മുറിവ് ഉണ്ടാകാതെ നോക്കാൻ നമുക്ക് പഠിപ്പിക്കാം. കുറ്റപ്പെടുത്താതെ, കളിയാക്കാതെ, ഒരു വേദനയുടെ കാര്യം ശാന്തമായി പറഞ്ഞുകൊടുക്കാം. 

ജീവിതത്തിന്റെ സന്ധ്യയിലേക്കുള്ള യാത്രയിലാണ് ഒരു പക്ഷെ ഞാനും. ഞാൻ കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായിരുന്നത് ഗോൾഡൻ എന്ന ഒരു താഴ്‌വരയിൽ മഞ്ഞുകാലത്തിനു മുമ്പ് കൊഴിയാനായി സ്വർണ നിറത്തിൽ ഇലകൾ വിരിഞ്ഞു നിന്ന മരങ്ങളാണ്. അതിൽ നിന്നും കൊഴിഞ്ഞു വീണതും വർണ്ണാഭമായ ഇലകൾ. എന്നാൽ നാട്ടിൽ ജനുവരി സമയത്തു റബർ മരങ്ങൾ ഇലപൊഴിക്കും. വരണ്ട കാറ്റും ഉണങ്ങിയ ഇലകളുമായി മരങ്ങൾ കാറ്റിലാടും. രണ്ടു സ്ഥലത്തും പഴുത്ത / ഉണങ്ങിയ ഇലകൾ പൊഴിയുന്നു. 

സ്വർണനിറമുള്ള ഒരു ഇലയായി കൊഴിയണം എനിക്ക്. കുറഞ്ഞപക്ഷം ഒരു പഴുത്ത പ്ലാവിലയായി മാറി ഈർക്കിലിയിൽ കോർത്ത് ആർക്കെങ്കിലും കഞ്ഞികുടിക്കാൻ കാരണമാകാം, അല്ലെങ്കിൽ ആടിന്റെ ഇഷ്ട ഭക്ഷണമാകാം...

അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ചെയ്ത നല്ല കാര്യം എന്തെന്ന് വെച്ചാൽ, എന്റെ മകനോട് കളിയാക്കലുകളോ കുറ്റപ്പെടുത്തലുകളോ അല്ലാതെ അവന്റെ അമ്മക്കുണ്ടായ ഒരു നൊമ്പരത്തിന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കി എന്നുള്ളതാണ്. മനസ്സിലായിട്ടുണ്ടാകണം, അറ്റ്ലീസ്റ്റ് അങ്ങനെയൊരു ശ്രമമെങ്കിലും ഞാൻ നടത്തി. 





 




0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP