ഞാനൊരു പാവം പാലാക്കാരന്‍

എന്റെ മീര 2

>> Monday, February 16, 2009

പ്രണയം അങ്ങനെ തലക്കു പിടിച്ചു. എന്തിലും ഏതിലും സൌന്ദര്യം കണ്ടുതുടങ്ങി. ബാംഗളൂര്‍ മുഴുവന്‍ പൂക്കളായതു പോലെ തോന്നി. എല്ലാവരും നല്ല മനുഷ്യരായി തോന്നി. പ്രഭാതത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കണ്‍തുറന്നു നോക്കിയത് മീരയെ കണ്ടതിനു ശേഷം ആണ്. നൈറ്റ് ഷിഫ്റ്റു കഴിഞ്ഞു ബൈക്കില്‍ തണുത്തുറഞ്ഞു വരുമ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് പ്രാകിക്കൊണ്ട് കണ്ടിരുന്ന പ്രഭാതങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി.

മൂന്നാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും വന്നിരുന്ന നൈറ്റ് ഷിഫ്റ്റില്‍ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന നിയമങ്ങളെ വരെ കാറ്റില്‍ പറത്തി ബാത്ത് റൂമിലെ ഇടനാഴിയില്‍ പോയിരുന്നുറങ്ങിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ പോകാന്‍ പാടില്ല എന്നാരും പറയില്ലല്ലോ? അതിനു കണക്കു വെക്കാനും പറ്റില്ലല്ലോ? പിന്നെ മിനിമം ടാര്‍ജറ്റ് ഒരു മണിക്കൂറുകൊണ്ട് തീര്‍ക്കുന്ന ഫാസ്റ്റസ്റ്റ് തൊഴിലാളി ആയിരുന്നു ഞാന്‍. ജൂനിയേര്‍സിനെയും സീനിയേര്‍സിനെയും ഉറങ്ങാനുള്ള ഐഡിയ കൊടുത്ത് പിഴപ്പിക്കുന്നവനായി ഞാന്‍. അതിനായി എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ നൈറ്റ് ഷിഫ്റ്റിലെ ഉറക്കത്തെ തോല്‍പ്പിക്കാനാവാത്ത കമ്പനിയിലെ സീനിയര്‍ മാനേജര്‍മാര്‍ എന്റെ മാറ്റം കണ്ടമ്പരന്നു. ഫുള്‍ റ്റൈം കമ്പ്യൂട്ടറിന്റെ മുമ്പില്‍ സുസ്മരവദനനായി ഇരിക്കുന്നു. ഉറക്കം ലവലേശമില്ല. രാവിലെ ബൈക്കില്‍ കയറി ചീറിപ്പായുന്ന ഞാന്‍ പതുക്കെ തണുത്ത കാറ്റിന്റെ സ്പര്‍ശനം പുലര്‍ച്ചെ കുളിച്ചിട്ടു വന്ന മീരയുടെ കരങ്ങളുടെ തണുപ്പായി ആസ്വദിച്ചു.

ഒറ്റക്കു ടെറസില്‍ ബ്ലാങ്കറ്റിന്റെ അടിയില്‍ കിടന്ന് നക്ഷത്രങ്ങളുടെയും നിലാവിന്റെയും കൂടെ കഥകള്‍ പറഞ്ഞ് ഞാനും മീരയും നടന്നുകൊണ്ടേയിരുന്നു. ബ്ലാങ്കറ്റും തലയിണയും ഒക്കെ എന്റെ സങ്കല്പങ്ങളില്‍ മീരയായി. ചേര്‍ന്നു കിടന്ന മീരയുടെ ചൂരിലും ചൂടിലും എന്റെ തണുപ്പ് അലിഞ്ഞില്ലാതായി. വര്‍ണ്ണിക്കാനാവാത്ത അനുഭൂതികളിലൂടെ ഞാന്‍ കടന്നു പോകുകയായിരുന്നു.

അന്നൊരു ശനിയാഴ്ച. നാളെയാണ് ഞാന്‍ മീരയേയും ജേക്കബിനെയും ശാലുവിനെയും കൂട്ടി ലഞ്ചിനും ടൈറ്റാനിക് സിനിമാ കണാനുമായി പോകുന്നത്. അന്നേരം വേണം എന്റെ പ്രണയം അവളോട് നേരിട്ടു പറയാന്‍. അതിപ്പോള്‍ പറയാനെന്തിരിക്കുന്നു എങ്കിലും ഒഫിഷ്യലി പറയണമല്ലോ? വീട്ടില്‍ ഒരു പടയുണ്ട്, നാളത്തെ പ്രണയ ഫിക്സിങിന്റെ ചിലവാണ്. എന്നെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ട് അവര്‍ റമ്മടിച്ചു. ഞാന്‍ രോമാഞ്ചകിഞ്ചക കഞ്ചുകമണിഞ്ഞുകൊണ്ട് വീണ്ടും ടെറസിലേക്കു മാറി. എന്റെ പ്രണയ സാഫല്ല്യത്തിനായി സന്തോഷിക്കുന്ന കൂട്ടുകാര്‍. എത്ര നല്ലവരാണീ ഭൂമിയിലെ മനുഷ്യര്‍ എല്ലാം.

വീട്ടിലെ മദ്യപന്മാരുടെ സ്വരം കുറഞ്ഞുതുടങ്ങി, പട്ടികളുടെ കുരയുടെ ശബ്ദം കൂടി. ചെറിയ വാളുകളുടെയും മറ്റും ഡിസ്റ്റര്‍ബന്‍സ് ഒഴിച്ചാല്‍ സുന്ദരമായ രാത്രി. നാളെയാണ് എന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ ക്ഷണിക്കാന്‍ പോകുന്നത്. എന്തു പറയണം, എങ്ങിനെ പറയണം എന്നൊന്നും എനിക്കു വല്ല്യ ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു. കൂട്ടുകാര്‍ ഒക്കെ പല രീതികളും ഉപദേശിച്ചെങ്കിലും എനിക്ക് എന്റേതായ വഴികള്‍ എന്നും ഉണ്ടായിരുന്നു. സമയവും സാഹചര്യവും അനുസരിച്ച് അതു തനിയേ വന്നുകൊള്ളും. മിക്കവാറും രണ്ടു കല്ല്യാണം നടത്തേണ്ടി വരും. അവരുടെ വീട്ടുകാര്‍ക്കായി ഒരു ഹിന്ദുക്കല്ല്യാണവും ഞങ്ങളുടെ കുടുംബക്കാര്‍ക്കായി ഒരു ക്രിസ്ത്യാനിക്കല്ല്യാണവും. എന്റെ വീട്ടില്‍ അമ്മക്കും അളിയനും ഒന്നും കുഴപ്പം ഉണ്ടാവില്ല. പക്ഷെ കുടുംബക്കാര്‍ക്കൊക്കെ പ്രശ്നങ്ങള്‍ കാണും. ആരു നോക്കുന്നു അതൊക്കെ. എന്റെ വീട്ടിലെ കാര്‍ണവര്‍ ഞാന്‍ തന്നെ. ആര്‍ക്കും വേണ്ടാ എന്നു പറയാനുള്ള അധികാരം ഒന്നും ഇല്ലല്ലോ. അവള്‍ടെ വീട്ടില്‍ എന്തൊക്കെയാണാവോ പ്രശ്നങ്ങള്‍? എന്തേലും ആവട്ടെ. ഇത്തിരി ത്രില്‍ ഒക്കെ ഇല്ലെങ്കില്‍ പിന്നെന്തു രസം. മതങ്ങളും ഭാഷയും ഒന്നും പ്രണയത്തിനും സ്നേഹത്തിനും തടസമാവില്ലല്ലോ.
പലതും അലോചിച്ചു കിടന്നു. രാത്രിക്കു നീളം കൂടുതലാണെന്നു തോന്നി.

വെളുപ്പാങ്കാലത്ത് ഉറങ്ങിപ്പോയ എന്നെ കസിന്‍ ജോസി വന്ന് ഫെയര്‍ ആന്റ് ലവ് ലിയുമായി വന്നു വിളിച്ചു. കാളമിലന്‍ അവന്റെ നല്ല ഷര്‍ട്ട് തേച്ചു കൊണ്ടുവന്നു തന്നു. ബേളയനീഷ് അവന്റെ കൂള്‍ വാട്ടര്‍ പെര്‍ഫ്യൂം, ബേളയനീഷ് അവന്റെ പുതുതായി പെയിന്റടിച്ച് യെസ്ഡിയുടെ വീലിട്ട യമഹാ അങ്ങനെ എല്ലാവരും എന്നെ പരമാവധി സ്മാര്‍ട്ടാവാന്‍ സഹായിച്ചു. അങ്ങനെ എല്ലാ നല്ല സാധനങ്ങളുമായി ഞാന്‍ ഒരുങ്ങിയിറങ്ങീയ കൊച്ചിന്ദ്രന്‍സിനെപ്പോലെ ജേക്കബിന്റെ കൂടെ ബൈക്കുമായി അവളുടെ ഹോസ്റ്റലില്‍ ചെന്നു. ഹോസ്റ്റലിനെ മുമ്പില്‍ ചെന്ന് ജേക്കബ് പ്രത്യേക ട്യൂണില്‍ ഹോണ്‍ അടിച്ചിട്ട് ഞങ്ങള്‍ അടുത്ത ജംക്ഷനില്‍ ചെന്നു നിന്നു.

വളവുതിരിഞ്ഞ് അവര്‍ വരുന്നതു കണ്ടപ്പോള്‍ തന്നെ മനസില്‍ ആകെ ഒരു കുളിര്. എന്റെ കയ്യുടെ അകം ഒക്കെ ചെറുതായി വിയര്‍ത്തു. എന്തോ ഒരു കൊച്ചു നാണവും എനിക്കു വന്നു. എന്തായാലും ഈ പ്രാവശ്യം മീരക്കു ബൈക്കില്‍ കയറാന്‍ നാണമുണ്ടായില്ല.

ഞങ്ങള്‍ നേരെ തീയേറ്ററിലേക്കാണ് ആദ്യം പോയത്. ടൈറ്റാനിക്ക് റിലീസ് ആയിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ. കഴിഞ്ഞയാഴ്ച 350 രൂപാക്കാണ് ടിക്കറ്റ് ബ്ലാക്കില്‍ എടുത്തത്. ഇന്നെത്ര ആവുമോ അവോ?
മോര്‍ണിങ് ഷോക്കു ചെന്ന ഞങ്ങള്‍ക്ക് ബ്ലാക്കില്‍ ടിക്കറ്റു കിട്ടിയത് മാറ്റിനിക്ക്, അതും 300 രൂപ ഒരെണ്ണത്തിന്. അപ്പോഴേക്കും ഉച്ചയാകാറായി. അതും എടുത്ത് ഞങ്ങള്‍ നല്ലൊരു ഹോട്ടലിലേക്കു പോയി. അവിടെ ചെന്ന് നല്ല കുശാലായി ഭക്ഷണം. കാര്യം ചൈനീസ് ഡിഷുകള്‍ പോയിട്ട് നോര്‍ത്ത് ഇന്ത്യന്‍ പോലും നമുക്കറിയില്ലെങ്കിലും ജേക്കബ് അതൊക്കെ മാനേജ് ചെയ്തു. അങ്ങനെ അതും കഴിഞ്ഞു.

ഹോട്ടലിന്റെ ഗാര്‍ഡനില്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഉള്ള സമയവും സാഹചര്യവും തന്നുകൊണ്ട് ജേക്കബും ശാലുവും കുറച്ചകലേക്കു മാറി. ഞാന്‍ മീരയുടെ കയ്യില്‍ പിടിച്ച് ഒരു കോണിലേക്ക് ചൂണ്ടി പറഞ്ഞു, “നമുക്കവിടെ ഇരിക്കാം“.

മീര പറഞ്ഞു, “ ആയിക്കോട്ടെ”
എന്റെകയ്യില്‍ ചെറിയ നനവു തോന്നിയതു കാരണം ഞാന്‍ പിടി വിട്ടു. ഞങ്ങള്‍ ഒരു പുല്‍തകിടിയിലെ അരമതിലില്‍ ഇരുന്നു. ഞാനവളുടെ മുഖത്തേക്കു നോക്കി. അവള്‍ ചിരിച്ചു, ഞാനും.
ഞാന്‍ - “ എനിക്കു മീരയെ ഇഷ്ടമാനെന്നു മീരക്കറിയാമല്ലോ അല്ലേ?”
മീര - “കുറച്ചൊക്കെ”
ഞാന്‍ - “എന്നാല്‍ മീരയെ എനിക്കൊത്തിരി ഇഷ്ടമാണ്. എനിക്കു കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്.”
മീര - “ അതു നടക്കില്ല”
അതൊരു ഇടിമുഴക്കമായാണ് ഞാന്‍ കേട്ടത്.....വെടികൊണ്ടതുപോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നോട്ടം തഴേക്കായി. എന്റെ അപകര്‍ഷതാബോധം ഉണര്‍ന്നു. ഞാന്‍ അത്രക്കു മോശമാണോ? എങ്കിലും നിലത്തോട്ട്തന്നെ നോക്കി ഞാന്‍ ചോദിച്ചു.
ഞാന്‍ - “എന്നെ മീരക്കിഷ്ടമല്ലേ?”
മീര - “ ഇഷ്ടക്കുറവൊന്നുമില്ല”
ഞാന്‍ - “പിന്നെയെന്താ?”
മീര - “വാഴക്കാവരയന്‍ ഒന്നാലോചിച്ചു നോക്കിക്കേ, നമ്മള്‍ രണ്ടുപേരും രണ്ടുമതത്തില്‍ പെട്ടവര്‍. അമ്മക്കൊക്കെ വിഷമമാവില്ലേ? പിന്നെ ഇനി അനിയത്തിക്കും ഒക്കെ കല്യാണം വേണ്ടേ? ”
ഞാന്‍ - “അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടു മതി നമ്മുടേത്, പിന്നെ അമ്മക്കു ഞാന്‍ കണ്ടുപിടിക്കുന്ന പെണ്ണിനെ ഇഷ്ടമാവും.”
മീര - “എനിക്കു മൂന്നനിയത്തിമാരുണ്ട്”
ഞാനവളെ വേദനയോടുകൂടി നോക്കി പറഞ്ഞു - “അതിനെനിക്ക് ഉത്തരമില്ല കുട്ടീ.“
എന്റെയനിയത്തിയുടെ കാര്യം പറഞ്ഞപ്പോളാ‍ണ് എന്റെ മനസില്‍ അവളുടെ അനിയത്തിമാരുടെ ചിത്രം വന്നത്. ആ ചൊദ്യത്തിനു എനിക്കു മറുപടി ഉണ്ടായിരുന്നില്ല. അതു മാത്രമാണോ കാരണം എന്നു ഞാന്‍ ചോദിച്ചു. അതിനവള്‍ പറഞ്ഞു.

“ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. പരസ്പരം ഇഷ്ടമാണ്, പക്ഷെ നമ്മുടെ ഇഷ്ടം ഒത്തിരി ആള്‍ക്കാരെ വേദനിപ്പിക്കും. എന്തിനാ അറിഞ്ഞുകൊണ്ട് നാം മറ്റുള്ളവരെ വേദനിപ്പിക്കണം. വാഴക്കാവരയന്‍ ഒത്തിരി നല്ല ചെക്കനാണ്, എന്നെക്കാളും നല്ല ഒരു പെണ്ണിനെ കിട്ടും. നമുക്കു നല്ല സുഹൃത്തുക്കളായിരുന്നു കൂടെ? “

സ്നേഹത്തിന്റെ മാത്രം പരവതാനിയിലൂടെ എന്റെ ചിന്തകള്‍ പായിച്ച എനിക്ക് മറ്റുള്ള യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകളെ മറ്റാന്‍ സാധിച്ചില്ലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം. ഒരു വേഴാമ്പലിനെപ്പോലെ ഒന്നു പ്രണയിക്കാന്‍ കാത്തിരുന്ന ഞാന്‍ ഈ കാര്യത്തില്‍ പക്വമതിയല്ലാതെ പോയതാവാം.

ജേക്കബും ശാലുവും എത്തി. സിനിമക്കു സമയമായത്രേ. ഞങ്ങള്‍ തീയേറ്ററിലേക്കു പോയി. ജാക്കും റോസും പ്രണയിച്ചു നടന്ന സമയങ്ങള്‍ - ഞാനും മീരയുമായി ഞാന്‍ സങ്കല്പിച്ച നിമിഷങ്ങള്‍ - എന്നെ വേട്ടയാടി. അവസാനം റോസിന്റെ കയ്യില്‍ നിന്നും മരിച്ച ജാക്കിന്റെ കൈയ് വിട്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ നന്നായൊഴുകി. പക്ഷെ ഞാന്‍ മീരയുടെ എതിര്‍വശത്തേക്കാണ് ചെരിഞ്ഞിരുന്നത്.
പിന്നെയും ഞങ്ങള്‍ രണ്ടുമൂന്നു പ്രാവശ്യം പാര്‍ക്കിലിരുന്നു സംസാരിച്ചു. അവള്‍ക്കിത്തിരി വണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞത്രേ നിങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്ന്. ശരിയായിരുന്നിരിക്കാം, പൊരുത്തങ്ങളെക്കാള്‍ പൊരുത്തക്കേടുകള്‍ ആയിരുന്നിരിക്കാം. എങ്കിലും കുറച്ചുനാള്‍ ഞാന്‍ അറിയാതെ പ്രണയിച്ചു പോയിരുന്നു.

പിന്നെ അതികം കാലം ബാംഗളൂരില്‍ തുടരാന്‍ എനിക്കായില്ല. എല്ലാം കൊണ്ടും അവിടം വെറുത്തു ഞാന്‍. ജോലി നിര്‍ത്തി ഞാന്‍ നാട്ടിലേക്കു വന്നു. ഇടക്ക് രണ്ടുമൂന്നു കത്തുകള്‍, കുനുകുനെ നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍. കാലം പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. പല ജീവിതാനുഭവങ്ങളിലൂടെയും കടന്നു പോയെങ്കിലും കാലം എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയില്ല. പക്ഷെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ എവിടെയൊ എഴുത്തുകളും മറന്നു. അവളുടെ പഠിത്തവും കഴിഞ്ഞുകാണണം.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ അനിയത്തിയുടെ ഒത്തുകല്യാണ ദിവസം. അവളോട് പ്രാര്‍ഥനക്കും സ്തുതി കൊടുക്കാനുമായി വരാന്‍ പറഞ്ഞസമയം ചേച്ചി വന്നു പറഞ്ഞു, നിനക്കതാ ഒരു ഫോണ്‍ വന്നിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്തു നിന്നും പറഞ്ഞു, “ ഞാന്‍ മീരയാണ് “
എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. പിന്നെ പതുക്കെ കല്യാണ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. അവളുടെ വിശേഷങ്ങള്‍ ചോദിച്ചു. സുഖമാണെന്നു പറഞ്ഞു.

നടുക്കത്തെ മുറിയില്‍ നിന്നും ആന്റി വിളിച്ചു, വാഴക്കാവരയാ..നീ എന്നാ എടുക്കുവാ അവിടെ സ്തുതി ചെല്ലാറായി. കാര്യം ലുക്കില്ലെങ്കിലും വീട്ടിലെ കാര്‍ന്നൊരല്ലേ ഞാന്‍. ഇവിടെ ഫോണില്‍ മിണ്ടിക്കൊണ്ടിരുന്നാല്‍ മതിയോ? ഞാന്‍ മീരയോടു പറഞ്ഞു, മീരാ.. സമയമായി, ഞാന്‍ വെച്ചോട്ടെ? അവള്‍ പറഞ്ഞു, - “ശരി വാഴക്കാവരയാ, അനിയത്തിക്ക് എന്റെ എല്ലാ മംഗളങ്ങളും അറിയിക്കുക” “ഉം...“ ഞാന്‍ മൂളി. “വെച്ചേച്ചു വാടാ ഇവിടെ പള്ളീല്‍ പോകാന്‍ താമസിക്കും“ എന്നു പറഞ്ഞു അമ്മാവന്‍ കയ്യില്‍ പിടിച്ചു വലിക്കുമ്പോള്‍ ഫോണിലൂടെ ഞാന്‍ കേട്ടു, “ I really miss you"

നേരെ പോയി മുഖം കഴുകി. പിന്നെ ഞാന്‍ വീണ്ടും പെങ്ങളുടെ ചേട്ടനായി, വീട്ടിലെ കാരണവരായി. രാത്രിയില്‍ തളര്‍ച്ചയോടെ അമ്മയോട് ചേര്‍ന്നു കിടന്നപ്പോള്‍ മീരയുടെ ഫോണ്‍ നമ്പര്‍ പോലും വാങ്ങാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. എല്ലാത്തിനുമൊടുവില്‍ ഒരു സ്വരം മാത്രം എന്റെ കാതില്‍ മുഴങ്ങി.

I really miss you

Read more...

എന്റെ മീര.

>> Thursday, February 12, 2009

പ്രണയത്തെക്കുറിച്ചുള്ള വികാരങ്ങളും വിചാരങ്ങളും സങ്കല്പങ്ങള്‍ മാത്രമായി ഒതുങ്ങി നിന്നതിന് കാരണം ഒരു പക്ഷെ ഒരിക്കല്‍ No പറഞ്ഞാല്‍ പിന്നെ എന്നന്നേക്കുമായി അതു നഷ്ടപ്പെടുമല്ലോ എന്ന സംശയവും പിന്നെ വലിയ ഒരു നിലയില്‍ എത്താത്തതിന്റെ ആത്മവിശ്വാസക്കുറവും ആയിരുന്നു. എങ്കിലും ബാംഗളൂരില്‍ ജോലിയുടെ ഇടക്ക് വിദേശപര്യടനം ഒക്കെ കഴിഞ്ഞപ്പോള്‍ കുറച്ച് ആത്മവിശ്വാസം ഒക്കെ വന്നു. അങ്ങനെ ആരെ പ്രേമിക്കണം എന്ന വിചാരത്തില്‍ ഇരിക്കുന്ന സമയം.

പതിവുപോലെ ഒരു ഞായറാഴ്ച. എന്റെ കൂടെ താമസിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഒരുപോലെയാണെങ്കിലും ജൊലി ചെയ്യുന്ന നമുക്ക് അങ്ങനെയല്ലല്ലോ. എന്തായാലും പതിവുപോലെ ചിക്കണും വാങ്ങി വീട്ടില്‍ വന്നപ്പോള്‍ അതാ അവിടിരിക്കുന്നു ജേക്കബിന്റെ ലൈന്‍ ശാലുവും അവളുടെ കൂടെ ഒരു പെണ്‍കൊച്ചും. പൊതുവെ എല്ലാ ആണുങ്ങളും തന്നെ വായിനോക്കികള്‍ ആണെങ്കിലും ഞാന്‍ ഇത്തിരി ഡീസന്റ് വായിനോക്കി ആണ്. കാരണം മറ്റുള്ളവര്‍ എന്നെക്കുറിച്ച് ചീത്തയായി വിചാരിക്കുന്നത് എനിക്കിഷ്ടമല്ല, അതു തന്നെ. ശാലുവിന്റെ കൂടെ വന്ന പെണ്‍കുട്ടി ഇത്തിരി സുന്ദരി ആയതുകൊണ്ട് തന്നെ എല്ലാവരും സദസില്‍ ഉണ്ട്. ജേക്കബ് എന്നെയും പരിചയപ്പെടുത്തി. അവളുടെ പേരു മീര ബാലചന്ദ്രന്‍.

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് ഞാനാണ് വല്ല്യവന്‍ എന്നു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും നിങ്ങളുടെ ചിക്കണും കൂട്ടി ചോറുണ്ടിട്ട് പോകുന്നുള്ളൂ എന്നു ശാലു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവര്‍ക്കും കുക്ക് ചെയ്യാനായി തിടുക്കം. എടാ വാഴക്കാവരയാ, വന്നു സവോളയും മുളകും അരിയെടാ എന്നു പറഞ്ഞ് ബേളയനീഷ് അവന്റെ സ്റ്റൈല്‍ കാ‍ണിച്ചു. ഉണ്ടയനീഷും റഷീദും ചിക്കണ്‍ വെക്കാനുള്ള ചീഫ് കുക്കുകളായി വലിയ പരിപാടികളിലേക്കും കടന്നു. പാവം ഞാന്‍, കാര്യം നല്ല കുക്ക് ആണുഞാന്‍ എങ്കിലും ഏറ്റവും ഊപ്പകളുടെ പണിയായ ഉള്ളീം സവോളേം പൊളിക്കുക അല്ലേ നമുക്കു കിട്ടിയത്. ആദ്യം കണ്ടവര്‍ക്കാണ് ആദ്യം പെണ്ണിനെ വീഴിക്കാനുള്ള ധാര്‍മിക അവകാശം, സോ ക്രമമനുസരിച്ച് വരുമ്പോള്‍ എന്റെ കാര്യം ഗോപി.

എന്തായാലും അടുക്കളയുടെ പുറത്ത് അരമതിലില്‍ ഇരുന്ന് ഉള്ളി പൊളിച്ചു കൊണ്ടിരുന്ന എന്റെ അടുക്കലേക്ക് അവള്‍ വന്ന് എന്റെ കൂടെ കൂടി. എനിക്ക് വല്ല്യ സന്തോഷം ആയി, മറ്റുള്ളവര്‍ക്ക് സങ്കടവും. ഞാന്‍ അവളോട് വീട്ടുകാര്യങ്ങളും പഠന കാര്യങ്ങളും ഒക്കെ തിരക്കി.

പാലക്കാട് ജില്ലയിലെ നെല്‍വയലുകളുടെ ഒരു ഗ്രാമം. അവിടെ ബിസിനസുകാരനായ അച്ഛനും ടീച്ചറായ അമ്മക്കും കൂടി നാലു മക്കള്‍, നാലും പെണ്ണുങ്ങള്‍. മീരയാണ് മൂത്തത്. ഇവിടെ ബാംഗ്ലൂരില്‍ LLB ക്കു പഠിക്കുന്നു. എന്റെ കാര്യങ്ങളും ഒക്കെ ചോദിച്ചു. ഞങ്ങള്‍ സിമ്പിളായിട്ടുള്ള ജീവിതകാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന് സവോളയും മുളകും എല്ലാം റെഡിയാക്കി. അവള്‍ പാചകം ഒക്കെ ഇഷ്ടമുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ഇത്തിരി പച്ചക്കറിയും തേങ്ങായും വാങ്ങി വന്നാല്‍ അവിയല്‍ വെക്കാമോ എന്ന്? അതിനെന്താ എന്നവള്‍ പറഞ്ഞു. പിന്നെ അവിയലും ചിക്കണും ഒക്കെ അവള്‍ തന്നെ പാകം ചെയ്തു. ബാംഗ്ലൂര്‍ ജീവിതത്തില്‍ അത്ര നല്ല ഭക്ഷണം ഞങ്ങള്‍ അതു വരെയും കഴിച്ചിട്ടില്ലായിരുന്നു.

എന്നെ ഉള്ളിയരിയാന്‍ വിട്ടതിനു എല്ലാവരെയും വാരി അവളുടെ ഇഷ്ടം കിട്ടിയതിന്റെ ജാടയില്‍ ഇരുന്നെങ്കിലും അവര്‍ തിരിച്ചടിച്ചു, നായരല്ലെ, നീ എങ്ങനെ ലൈന്‍ അടിക്കും? എന്തായാലും ഒരു സുഖം തോന്നി. വൈകിട്ട് എല്ലാവരും റമ്മടിച്ചുകൊണ്ടിരുന്ന സമയത്ത് ഞാന്‍ ബ്ലാങ്കറ്റുമാ‍യി ടെറസില്‍ നക്ഷത്രങ്ങളെ നോക്കി കിടന്നു. നല്ല അടക്കവും ഒതുക്കവും എളിമയും ഉള്ള കൊച്ച്. ക്രിസ്ത്യാനിയായിരുന്നെങ്കില്‍ പ്രണയിച്ചു കെട്ടാമായിരുന്നു.

പിറ്റേന്നു ശാലുവിനെ കണ്ടപ്പോള്‍ മീരയെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു. അതിനു പിറ്റെ ദിവസം മീരയും എന്നെ പ്രത്യേകം അന്വേഷിച്ചതായി പറഞ്ഞു എന്നു പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ എല്ലാം കൂടി തീരുമാനിച്ചു, ഇവള്‍ തന്നെ നിന്റെ പ്രണയിനി. ഞാനും ആലോചിച്ചു, മതം എനിക്കൊരു പ്രശ്നമല്ല, എന്റെ വീട്ടുകാരെയും സമ്മതിപ്പിക്കാം. നായരുകൊച്ചായതു കൊണ്ട് രാവിലെ ഒക്കെ എണീറ്റ് കുളിച്ച് കുട്ടപ്പിയായി വരും, നല്ല ഭക്ഷണം ഉണ്ടാക്കിത്തരും. എല്ലാത്തിനും ഉപരി സൌന്ദര്യവും എളിമയും ഉള്ള ഒരു നല്ല കൊച്ച്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അടുത്ത ഞായറാഴ്ച മീരയേയും കൂട്ടി ശാലു വരും. വെറുതെ നമുക്ക് നല്ല ഭക്ഷണം ഉണ്ടാക്കാന്‍ എന്ന ഭാവത്തില്‍ ശാലു കൂട്ടുമത്രെ! എന്തായാലും ചിലവൊക്കെ എന്റെ വക. മട്ടണ്‍, കിങ് ഫിഷ് തുടങ്ങിയ വില കൂടിയ ഐറ്റംസ് ഒക്കെയുണ്ടെങ്കിലല്ലേ നമ്മുടെ സ്റ്റൈല്‍ കാണിക്കാന്‍ പറ്റൂ എന്നു ഉണ്ടയനീഷ്. എല്ലാം ഏറ്റു, വര്‍ഷങ്ങളായി പനി പിടിച്ചു കിടന്ന പ്രണയത്തിനുള്ള സാധ്യത ആല്ലേ തെളിഞ്ഞിരിക്കുന്നത്?

അങ്ങനെ അവള്‍ എത്തി, ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാചകവും വാചകവും നടത്തി. ഇപ്രാവശ്യം അവള്‍ക്കും ചെറിയ നാണം. എല്ലാവരുടെയും മുമ്പില്‍ അവള്‍ ഒറ്റയായപോലെ തോന്നി. എത്ര മറച്ചാലും രണ്ടുപേര്‍ക്കും അറിയാമല്ലോ ഇതൊരു തിരക്കഥയുടെ ഭാഗം ആണെന്ന്. നല്ല രുചിയോടെ ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു. തുടര്‍ന്നാണ് തിരക്കഥയുടെ അടുത്ത ഭാഗം. മീരക്ക് അവളുടെ അങ്കിളിന്റെ വീട്ടില്‍ പോകണം. മിലിട്ടറിയില്‍ ആണ്, അതുകൊണ്ട് യലഹങ്കയിലാണ് താമസം. മൂന്നുമണിയാകുമ്പോള്‍ അവള്‍ പോകാനായി എഴുന്നേല്‍ക്കും,അപ്പോള്‍ ജേക്കബ് പറയും വാഴക്കാവരയാ..നീ അവളെ ഒന്നു കൊണ്ടുവിട്ടേക്ക്. അതായിരുന്നു പ്ലാന്‍.

ഭക്ഷണത്തിനു ശേഷം ചെറിയ പാട്ടുകളും തമാശകളുമായി ഞങ്ങള്‍ എല്ലാവരും കൂടിയിരുന്നപ്പോളും എന്റെ മനസില്‍ സന്തോഷത്തിന്റെ പൂക്കളായിരുന്നു. ആദ്യമായി ഇഷ്ടപ്പെട്ട ഒരു പെണ്ണിനെയും ബൈക്കിലിരുത്തി യാത്ര പോകുന്നു. ചെറിയ കാറ്റുമടിച്ച് ചേര്‍ന്നിരിക്കുന്ന പ്രണയിനിയേയും കൂട്ടി നഗരത്തിലൂടെ ഒരു യാത്ര. ഹാ..എത്ര റൊമാന്റിക് ആയ കാര്യം!

കാര്യങ്ങള്‍ മുറ പോലെ നടന്നു. പക്ഷെ വണ്ടിയില്‍ കയറുന്ന കാര്യത്തില്‍ അവള്‍ക്കൊരു മടി. അവള്‍ പറഞ്ഞു, “വാഴക്കാവരയാ..നമുക്കു ബസ് സ്റ്റോപ്പ് വരെ നടന്നു പോവാം. എന്നിട്ട് ഞാന്‍ അവിടുന്ന് തന്നേ പൊയ്ക്കോളാം. എനിക്കു ബൈക്കിലൊന്നും കയറി പരിചയമില്ല. പിന്നെ അവിടെ ചെല്ലുമ്പോള്‍ അവരെങ്ങാനും കണ്ടെങ്കില്‍ പിന്നെ അതും കുഴപ്പമല്ലേ.“ എസ്ക്യൂസുകളുടെ പ്രളയം. എന്റെ കൂട്ടുകാര്‍ ആരാ മക്കള്‍? അവര്‍ എല്ലാത്തിനും പോംവഴിയും കണ്ടുപിടിച്ചു.

അവസാനം അവര്‍ പറഞ്ഞു ഞങ്ങള്‍ മാറി നിന്നേക്കാം. അവരു വീട്ടിലേക്കു കയറി. അവള്‍ പിന്നെയും ബൈക്കിന്റെ സീറ്റില്‍ ചുരിദാര്‍ വെച്ചു തൂത്തുകൊണ്ട് നിന്നു. അവസാനം ഞാന്‍ മടുത്തിട്ടു പറഞ്ഞു, നീ എന്നാല്‍ ബസിനു പൊക്കോ എന്ന്. എന്റെ സങ്കടം കണ്ടു മനസലിഞ്ഞിട്ടാണോ ആവോ, അവള്‍ കയറി.

എത്രയോ ചെക്കന്മാര്‍ പെണ്ണുങ്ങളുമായി കറങ്ങുന്നതു കണ്ടു കൊതിവിട്ട ഞാന്‍ ഇതാ ഒരു സുന്ദരിയുമായി ബൈക്കില്‍. ഞാന്‍ ചുമ്മാ ചിരിച്ചോണ്ട് ബൈക്കോടിച്ചു. ഇടക്കവള്‍ പറഞ്ഞു, ഇത്തിരി മെല്ലെ പോയിക്കൂടെ, എനിക്കു ലേശം പേടിയുണ്ട് എന്ന്. സധാരണ പൂവാലന്മാര്‍ സ്പീഡില്‍ വിടുന്നപോലെ തട്ടാനും മുട്ടാനും വേണ്ടിയായിരുന്നില്ല ഞാന്‍ സ്പീഡില്‍ വിട്ടിരുന്നത്. പരിശുദ്ധപ്രണയത്തിന്റെ വാക്താവായിരുന്നു ഞാന്‍. പിന്നെ പോതുവെ ഇത്തിരി സ്പീഡുണ്ടായിരുന്നത് സന്തോഷം കൊണ്ട് ലേശം കൂടിയതാവാം. എന്തായാലും ഞാന്‍ സ്പീഡു കുറച്ചു. എന്തിനാ വേഗന്നു പോയി മീരയുടെ കൂടെ അത്രയും നേരം ഇരിക്കാനുള്ള സമയം കളയുന്നത്? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നാണല്ലോ നമ്മുടെ നയം. അവസാനം എന്റെ സ്പീഡ് ഒത്തിരി കുറഞ്ഞു സൈക്കില്‍ വരെ ഓവര്‍ടേക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഇത്തിരികൂടെയൊക്കെ സ്പീഡ് ആവാം, അല്ലെങ്കില്‍ നമ്മള്‍ ഒത്തിരി താമസിക്കും. പിന്നെ വര്‍ത്തമാനം ഒക്കെ പറഞ്ഞു രസിച്ച് ഞങ്ങള്‍ യെലഹങ്കയിലെത്തി.

അവള്‍ ഇറങ്ങി, എന്നോടു വരുന്നോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു വരാന്‍ എനിക്കു പ്രശ്നമില്ല, നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അവള്‍ ഒന്നാലോചിച്ചു, എന്നിട്ടു പറഞ്ഞു. എന്തായാലും ഇവിടം വരെ വന്നതല്ലേ..കയറിയിട്ടു പോകാം. എന്റെ ക്ലാസ് മേറ്റ് ആണെന്നു പറഞ്ഞാല്‍ മതി.

ഞങ്ങള്‍ വീട്ടിലെത്തി. അവള്‍ എന്നെ പരിചയപ്പെടുത്തി. പാലാക്കാരനാണ് എന്നു പറഞ്ഞപ്പോള്‍ എന്തോ അവളുടെ കസിന്‍ ഒരുത്തന്‍ ഉണ്ടായിരുന്നവന് എന്നോടൊരു താല്പര്യം. LLB ത്രീ ഇയര്‍ ആണോ അതോ ഫൈവ് ഇയറിനാണൊ എന്ന് ചോദ്യം. ഈ 3 ഇയറും 5 ഇയറും ഒക്കെ എന്താ എന്നറിയില്ലാത്ത ഞാന്‍ ഒന്നു പരുങ്ങി. എങ്കിലും എന്റെ ഭാഗ്യ നമ്പര്‍ എന്നു വിചാരിച്ചിരുന്ന 3 തന്നെ അടിച്ചു. അപ്പോള്‍ ഡിഗ്രി എവിടയിരുന്നു എന്നടുത്ത ചോദ്യം. പ്രീഡിഗി പോയ പരിചയം ഉണ്ടായിരുന്നകൊണ്ട് പാലാ സെന്റ് തോമസ് എന്നടിച്ചു. അപ്പോളേക്കും മീര ഗ്ലാസില്‍ പെപ്സിയുമായി എത്തി. ഞാന്‍ അവളെ വേദനയോടു കൂടി ഒന്നു നോക്കി. ഇനി അടുത്ത ചോദ്യം എന്താ അവന്റെ വായില്‍ നിന്നും വരുന്നതെന്ന ടെന്‍ഷനില്‍. ഞാന്‍ കുറേശെ വിയര്‍ക്കുന്നതു കണ്ടിട്ടായിരിക്കാം അവള്‍ എന്റെ അടുത്തിരുന്നു.

പിന്നീടവരൊന്നും ചോദിച്ചില്ല. ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എന്റെ കൂടെ ഗൈറ്റിന്റെ അടുത്തുവരെ വന്നു. പിരിയാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ഞങ്ങള്‍ പിരിഞ്ഞു. തിരിച്ചുള്ള എന്റെ വരവില്‍ സിഗ്നലുകളും ട്രാഫിക്കും ഒന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. പക്ഷെ പോലീസുകാര്‍ക്ക് അങ്ങനെയല്ലല്ലോ, *&%$ നന്‍ മകനേ എല്ലി ഹോക്ത്താരെ എന്നോ മറ്റോ ഒരു ഒച്ച കേട്ടു. കിട്ടി ഒരു 200 ഫൈന്‍. കൊടുത്തു ഞാന്‍ 300. അവര്‍ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടയിരിക്കും ഫൈനിനു കരയാത്ത ഒരു മലയാളിയെ അവര്‍ കാണുന്നത്.

പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം. ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ. ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം. രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം. അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും. എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും. എന്റെ പ്രണയം മീരയെ അറിയിക്കുന്നതും അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും ഞാന്‍ മനക്കണ്ണില്‍ കണ്ടു. മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു. എത്ര മനോഹരമാണീ പ്രണയം, ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്?

Read more...

സ്വപ്നങ്ങളേ...

>> Thursday, February 5, 2009

വര്‍ഷം 2025. ലോകത്ത് ധാരാളം മാറ്റങ്ങള്‍ നടന്നു ഇതിനിടക്ക്, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും. അച്യുതാനന്തന്റെ ചിത്രം ഇ എം എസ്സിന്റെയും എ കെ ജി യുടെയും ഇടക്കായി കമ്യൂണിസ്റ്റ് പാര്‍ട്ട് വെച്ചു. ഉമ്മന്‍ ചാണ്ടി കീറിയ ഷര്‍ട്ടില്‍ നിന്നും കീറിയ ജുബായിലേക്കു മാറി. അച്ചു ഉമ്മന്‍ കല്ല്യാണം ഒക്കെ കഴിച്ച് വണ്ണം ഒക്കെ വെച്ച് പത്മജയെപ്പോലെയായി. പിണറായി വിജയന്‍ ഷോള്‍ഡര്‍ പൊക്കി പിടിച്ച് മസിലുപിടിച്ചു സംസാരിച്ചു തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ മുടി നരച്ചു തുടങ്ങി.

2008 ലെ സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ന്ന അമേരിക്ക പിന്നെ ഉയിര്‍ത്തെഴുന്നേറ്റതേ ഇല്ല. കരിമ്പിന്‍ ചണ്ടിയില്‍ ഫെര്‍മെന്റേഷന്‍ നടത്തി വെള്ളവുമായി മിക്സ് ചെയ്തുണ്ടാക്കിയ പുതിയ ജൈവ ഇന്ധനം ട്രിവാണ്ട്രത്തുള്ള ദാക്ഷായണി അബ്ദുള്ള കണ്ടുപിടിച്ചു, അതിന്റെ പേറ്റന്റും ഇന്ത്യക്ക്. പോരാത്തതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം ഇന്ത്യയില്‍ പെട്രോള്‍ നിരോധിച്ചു. സ്വര്‍ണ്ണത്തിന്റെ മൂല്യം അശേഷം ഇല്ലെന്നായി,പകരം കരിമണലിനായി മൂല്യം. സ്ത്രീകള്‍ കരിമണല്‍ മാലകള്‍ ധരിച്ചു. എല്ലാ വീട്ടിലും അലങ്കാര ലൈറ്റുകള്‍ ഇടണമെന്ന് ഗവണ്മെന്റ്. ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിക്കുന്നവര്‍ക്ക് കേരളാ ഗവണ്മെന്റ് 10 കിലോ കരിമണല്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ കൊച്ചിക്കാണ് ഏറ്റവും മാറ്റങ്ങള്‍ ഉണ്ടായത്. അമിത ലൈംഗികതയുടെ ഫലമായി എന്ന കൊതുകുകള്‍ക്കുണ്ടാവുന്ന എയിഡ്സ് എന്ന ഒരു പ്രത്യേക പകര്‍ച്ചവ്യാധിമൂലം 2021 ല്‍ കൊച്ചിയിലെ കൊതുകള്‍ 90% വും ചത്തുമലച്ചു. ബാക്കി വരുന്ന 10% കൊതുകുകള്‍ക്ക് ലൈംഗികതയില്‍ താല്പര്യമില്ലാഞ്ഞതിനാലും സ്വവര്‍ഗ്ഗഭോഗികള്‍ ആയതിനാലും 2022നു മുമ്പായി കൊച്ചിയിലെ കൊതുകുകള്‍ ഒരെണ്ണമില്ലാതെ നശിച്ചു. കൊച്ചിയിലെ കനാലുകള്‍ എല്ലാം ശുദ്ധജലമൊഴുകുന്ന തോടുകളായി. അതില്‍ നിറയെ സ്വര്‍ണ്ണമത്സ്യങ്ങളും ഗപ്പിയും അങ്ങനെയുള്ള ലോകത്തു ലഭ്യമായ എല്ലാ അലങ്കാര മത്സ്യങ്ങളും. അതിനു തീരത്തുള്ള ഫ്ലാറ്റുകളിലെ തരുണീമണികള്‍ കുളിക്കുന്നതും ആ തോട്ടില്‍ തന്നെ. പണ്ടത്തെ ഈ കനാലിനൊക്കെ കറുപ്പായിരുന്നു എന്നു പറഞ്ഞവരെ കൊച്ചിക്കാര്‍ പൊട്ടന്മാരെന്നു വിളിച്ചു കളിയാക്കി. എന്തിനേറെ, കൊച്ചിയുടെ മണമടിക്കാനായി നമ്മുടെ ഫിലിം സ്റ്റാര്‍ സലിം കുമാറിന് ലോസ് ആഞ്ചലസ് വരെ പോകേണ്ടി വന്നു.

എണ്‍പതുകളില്‍ രണ്ടുകുട്ടികളുടെ അച്ഛനായി എത്രയോ പടങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി ലാലുമാര്‍ രണ്ടായിരങ്ങളില്‍ കോളേജുകുമാരന്മാര്‍ ആയിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോള്‍ അവര്‍ സ്കൂള്‍ കുട്ടികളായി അഭിനയിക്കുന്നു. ഇരട്ടക്കുട്ടികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബില്‍ റോളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായി അഭിനയിക്കുന്നു. മുക്തയെന്ന അമ്മൂമ്മയുടെ ശിക്ഷണത്തില്‍ രണ്ടാം ക്ലാസില്‍ വച്ചേ പ്രതിഭ തെളിയിച്ച ബ്രേക് ഡാന്‍സറായി മമ്മൂട്ടി സുന്ദരന്‍ എന്ന ചിത്രത്തിലും.

എന്റെ സ്വപ്നമായിരുന്ന, എന്നാല്‍ വളരെ വര്‍ഷങ്ങള്‍ സ്വപ്നം മാത്രമായിരുന്ന സ്വന്തം ബിസിനസ് സാമ്രാജ്യം ഞാന്‍ കേരളത്തില്‍ കെട്ടിപ്പടുത്തു. എന്റെ മൂത്തമകന്‍ കറിയാച്ചന്‍ ലോകഫുട്ബോളിലെ ഇതിഹാസമായി മാറിക്കഴിഞ്ഞു. കോക്കുവിനു ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ കിട്ടി, അടുത്ത മാസത്തെ ബര്‍മ്മയുമായുള്ള ടി10 മത്സരത്തിന്‍ തയ്യാറെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തില്‍ നിന്നും ഒരു ദിവസമായി കുറച്ചു. അങ്ങനെ എത്ര എത്ര മാറ്റങ്ങള്‍!

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വീട്ടു പണിക്കും മറ്റുമായി വിദേശികള്‍ ഇന്ത്യയിലെത്തി. എന്റെ വീട്ടില്‍ കോക്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തില്‍ അവന്‍ അടിച്ചുവിടുന്ന പന്തെടുക്കാനായി ഓസ്ട്രേലിയക്കാര്‍ സൈമണ്‍സിന്റെയും പോണ്ടിങിന്റെയും മക്കളെ രണ്ടെണ്ണത്തിനെ നിറുത്തിയിട്ടൂണ്ട്. നല്ല മര്യാദക്കാര്‍ പിള്ളേര്‍, നന്നായി പണിയെടുത്തോളും. കറിയാച്ചനെ സഹായിക്കാന്‍ വയസനാണെങ്കിലും ഡേവിഡ് ബെക്കാം നന്നായി പ്രയത്നിക്കുന്നു. ബോളുപെറുക്കാന്‍ ബെക്കാമിനു സ്പീഡു കുറവായതുകൊണ്ട് തിയറി ഹെന്റ്രിയെ കൊണ്ടുവന്നെങ്കിലും ഭാഷ ഒരു പ്രശ്നമായിരുന്നു.

പക്ഷെ വീട്ടിലെ പശൂനെ നോക്കാന്‍ കൊണ്ടുവന്ന കുവൈറ്റി രാജകുമാരന്മാര്‍ക്കായിരുന്നു ആദ്യം വല്ല്യ പ്രശ്നം. തലേലെ അവന്റെ കെട്ടഴിക്കാന്‍ പറ്റില്ലാത്രെ. കൊടുത്തു തെങ്ങേല്‍ കെട്ടിയിട്ട് അവന്മാര്‍ക്ക് ചാട്ടവാറു വെച്ച് 101 അടി. പിന്നെ വേനല്‍ക്കാലത്ത് അവന്റെ മുഴുവന്‍ അറബി ഡ്രസുമിട്ട് വേണം ജോലി ചെയ്യാനെന്നും തണുപ്പുകാലത്ത് നഗ്നമായി ജോലി ചെയ്യണമെന്നും നിര്‍ദ്ദേശവും കൊടുത്തു. നമ്മുടെ പാവം മലയാളികളെ എത്ര ഉപദ്രവിച്ചതാ ഇവന്മാരുടെ പൂര്‍വ്വികര്‍?

വിദ്ധ്യാഭ്യാസത്തിനെന്നും പറഞ്ഞ് ഇന്ത്യയില്‍ വന്നു നിയമവിരുദ്ധമായി ഭിക്ഷയെടുക്കുന്ന സകല അമേരിക്കക്കാരെയും ഇവിടെ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം ഇന്ത്യയും പാക്കിസ്താനും ഒന്നാകും. മതത്തെക്കുറിച്ചു പറയുന്നവരെ പിശാചിനെപ്പോലെ കാണാന്‍ തുടങ്ങി ഇന്ത്യയിലെ ജനങ്ങള്‍. ബ്രിട്ടണില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഒടുക്കത്തെ അടി എന്നും. അതില്‍ മധ്യസ്ഥം നിക്കാന്‍ ചെന്ന ഇന്ത്യ പണ്ട് അവര്‍ നമ്മുടെ കയ്യില്‍ നിന്നും അടിച്ചുമാറ്റിയ കോഹിനൂര്‍ രത്നം തിരിച്ചു കൊണ്ടുവന്നു.

ഇത്രേം ഒക്കെ മതി. ഒന്നുറക്കെ ചിരിച്ചാല്‍ അന്നേരെ കിട്ടും തലമണ്ടക്കിട്ട് ഒരടി, നിഗളിക്കാതിരിക്കെടാ എന്നു പറഞ്ഞ്. ഒന്നു മനസ് നിറഞ്ഞ് ഒരു ദിവസം അഹങ്കരിച്ചിട്ട് ഒന്നു മരിച്ചാല്‍ മതിയാരുന്നു. ഇനി ഇത്രേം ഒക്കെ അഹങ്കരിച്ചു പറഞ്ഞതിന്റെ പേരില്‍ എന്റെ ജോലിയെങ്കിലും കുറഞ്ഞ പക്ഷം പോയിക്കിട്ടുവോ അവോ...

Read more...

ബാംഗ്ലൂര്‍ ഡൈയ്സ് 3

>> Wednesday, January 28, 2009

ബാംഗളൂരിലെ ജീവിതത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ എവിടെ നോക്കിയാലും മലയാളി പെണ്‍കുട്ടികളെ കാണാം എന്നുള്ളതായിരുന്നു. നഴ്സിങിനും എഞ്ചിനീയറിങിനും എന്തിനേറെ, എല്‍ എല്‍ ബി ക്കുവരെ പെണ്ണുങ്ങള്‍ ബാംഗളൂരില്‍ പഠിക്കുന്നു. സിനിമാകാണാനും, ഷോപ്പിങിനും, ഭക്ഷണത്തിനും, കറങ്ങാന്‍ പോകാനും ഇതിനെല്ലാം പുറമേ എത്ര കള്ളുകുടിച്ചു മരിച്ചു കിടന്നാലും രാവിലെ എണീറ്റ് പള്ളിയില്‍ പോയി കുര്‍ബാന കാണാന്‍ വരെ ഹിങുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള ആണുങ്ങള്‍ മത സൌഹാര്‍ദ്ദത്തോടെ പോയിരുന്നതെന്തിനാ? സുങരിപ്പെണ്ണുങ്ങളെ കാണാന്‍. ആരെയെങ്കിലും വളച്ചൊടിച്ച് പ്രണയിച്ചു നടക്കാന്‍. ആരെയും പേടിക്കാതെ ഐസ്ക്രീമും തിന്നു നടക്കാന്‍. നേരിയ തണുപ്പും ആവശ്യത്തിനു സൌകര്യങ്ങളുമുള്ള ബാംഗളൂരിനെ എല്ലാ ചെറുപ്പക്കാര്‍ക്കും പ്രിയങ്കരമാക്കിയത് ഇതു തന്നെ.

അതുപോലെ തന്നെ ശരാശരി എല്ലാ ബലഹീനതകളുമുള്ളതായിരുന്നു എന്റെ സഹമുറിയന്മാരും. മോഡി ജംക്ഷനില്‍ ചുട്ടുവട്ടത്തുള്ള നാലു നഴ്സിങ് കോളേജിലെയും പെണ്ണുങ്ങളെ വായിനോക്കി നിന്നു കാണാതെ ആര്‍ക്കും ഒരു സമാധാനവും ഇല്ലായിരുന്നു. ആ സമയത്ത് എല്ലാവരുറ്റെയും വായില്‍ ഗോള്‍ഡ് ഫ്ലേക് കിങ് സൈസും, കയ്യില്‍ കോളയും കാണും, അവിടെയിരിക്കുന്ന ഏതെങ്കിലും ബൈക്ക് സ്വന്തം ബൈക്കെന്ന
ഭാവത്തില്‍ അതേല്‍ കാലും കയറ്റിവെച്ചു നില്‍ക്കും. ഏതെങ്കിലും പെണ്‍കുട്ടി അബദ്ധത്തില്‍ ണൊക്കിയാല്‍ പിന്നെ ദിവസവും കൂട്ടുകാരുടെ ബൈക്കുകള്‍ മാറി മാറി എടുത്ത് ഇതെല്ലാം എന്റേതെന്ന ഭാവത്തില്‍ ബസിനുപുറകേ വളരെ അത്യാവശ്യത്തിനെന്ന ഭാവേന ഭയങ്കര സ്പീഡില്‍ പോവുക ഇതൊക്കെ പതിവായുള്ള
ചെറിയ പൂവാല കലാപരിപാടികള്‍.

ഒരു ദിവസം ഞങ്ങള്‍ കള്ളടിച്ചു വീട്ടില്‍ വായിനോക്കാന്‍ പോകാതെ ഇരിക്കുന്ന സമയത്ത് ബേള അനീഷ് പറഞ്ഞു ഞാനൊന്നു പുറത്ത് പോയിട്ട് വരാം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈസ്റ്റ്വെസ്റ്റിലെ സ്മിത വിളിച്ചു. എന്തിനാ നിങ്ങളീ ചെറുക്കനെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത് എന്ന് ചോദിച്ചു.

ഈസ്റ്റ് വെസ്റ്റ് നേഴ്സിങ് കോളെജില്‍ നിന്നും പെണ്‍കുട്ടികള്‍ വരുന്ന വഴിയിലുള്ള ബേക്കറി ഞങ്ങളുടെ കൂട്ടുകാരുടെ ഒരു സങ്കേതം ആയിരുന്നു. എന്റെ സ്യൂട്ടും ഇട്ട് ഇന്റര്‍വ്യൂവിനു പോയിട്ടു തളര്‍ന്ന് വന്നതെന്ന ഭാവത്തില്‍ ബേക്കറിയുടെ മുമ്പില്‍ സ്മിതാ, ജീന, ബിങു എന്ന മൂവര്‍ സംഘത്തെ കാത്തിരുന്നു പുള്ളിക്കാരന്‍. അവനു സ്മിതയെ ഒരു ചെറിയ നോട്ടം ഉണ്ടായിരുന്നു എന്നതു വാസ്തവം. എന്നിട്ട് അവര്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ പോയി ഒരു കോക്ക കോള വാങ്ങി ബൈക്കില്‍ ചാരി ഒന്നും അറിയാത്തവനെപ്പോലെ
സ്റ്റൈലായി നിന്നു കുടിച്ചു.
പക്ഷെ ആ പെണ്ണുങ്ങള്‍ അവന്‍ അവരെ നോക്കിയിട്ടാണ് പോയി കോള വാങ്ങിയത് എന്നു കണ്ടിരുന്നു. നേരെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പാവം ബേളയനീഷ്, പിന്നീട് എന്നും അവനെ കളിയാക്കാനേ നേരമുണ്ടായിരുന്നുള്ളൂ. നാണക്കേട് ഒന്നും തോന്നിയില്ലെങ്കിലും അവള്‍ ഇംപ്രെസ്സ്ഡ് ആവാഞ്ഞതില്‍ അവനു
സങ്കടം തോന്നി. ടെന്‍ഷന്‍ വന്നപ്പോള്‍ സ്ഥിരം വരാറുള്ള തലവേദനയുമെത്തി. കണ്ണിനകത്ത് വിക്സ് തേച്ച് തലകുത്തി നിന്നൊക്കെ അവന്‍ തലവേദന മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു. എന്തിനേറെ പറയുന്നു, ഒരാഴ്ചക്കുള്ളില്‍ അവനു പനിയും പിടിച്ചു.


കൂട്ടത്തിലൊരാള്‍ക്ക് എന്തെങ്കിലും ഒരു അസുഖം വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ എന്തൊരു കൊതിയാണെന്നോ ബാംഗളൂരിലെ ചെറുപ്പക്കാര്‍ക്ക്? അവരോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല, അതിന്റെ പേരില്‍ ഹോസ്പിറ്റലില്‍ പോയി കൂട്ടു കിടക്കാനും ആ വകയില്‍ ഏതെങ്കിലും നഴ്സുമാരെ ലൈന്‍ അടിക്കാന്‍ ഉള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഈ താല്പര്യം.

പതിവുപോലെ പനിവന്ന ബേളയുമായി ആരാണ് കൂട്ടുകിടക്കുന്നത് എന്നുള്ളതില്‍ അടിപിടിയുമായി സഹമുറിയന്മാര്‍ ഹോസ്പിറ്റലിലേക്കെത്തി. ബാംഗളൂരില്‍ ജോലിക്കു പുതിയതായി വന്ന എന്റെ നാഗര്‍കോവില്‍ സുഹൃത്തുക്കള്‍ അജിയും വിന്‍സിയും ഇവിടുത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കേട്ടതിന്‍ പ്രകാരം ബേളയുടെ കൂടെ ഹോസ്പിറ്റലിലേക്കു പോയി. കൊതുകിന്റെയും മറ്റും ശല്യം ഒഴിവാക്കാനും തണുപ്പിനെ അകറ്റാനുമായി പുതപ്പും കയ്യില്‍ കരുതിയിരുന്നു. അവിടെ ചെന്നപ്പോളല്ലേ പൂരം.
ബേളയനീഷിനെ പരിചയമുള്ള എല്ലാവരും അവിടെയുണ്ട്. പാവം അജിയും വിന്‍സിയും മുന്‍ഗണനാക്രമത്തില്‍ പിന്നിലായിപ്പോയതു കൊണ്ട് തിരിച്ചു പോരേണ്ടി വന്നു. പനി നീളുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരവസരം കിട്ടും എന്ന പ്രതീക്ഷയാല്‍ അവന്റെ പനി നീണ്ടു നീണ്ടു പോകണേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് അവര്‍ അടുത്ത ബാറില്‍ കയറി.
എന്തൊക്കെ സ്വപ്നങ്ങളാണ് കണ്ടുകൂട്ടിയത്. എല്ലാം തകര്‍ന്നു. നിരാശ സഹിക്കാന്‍ വയ്യാതെ അവര്‍ നന്നായി കഴിച്ചു. രാത്രി പന്ത്രണ്ടരയായി, അവര്‍ ബാറില്‍ നിന്നും എഴുന്നേറ്റു. റോഡിന്റെ വീതിയളന്ന് അവര്‍ 790 എന്ന ഞങ്ങളുടെ വീട്ടിലേക്കു നടന്നു. വരുന്ന വഴിക്കാണ് അവര്‍ക്ക് തങ്ങളുടെ പൂര്‍വ്വികരായ റൂം മേറ്റ്സ് ചെയ്തതായി പറഞ്ഞു കേട്ട ചില മദ്യപാനവിനോദങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്. വഴിയില്‍ കാണുന്ന
സാധനങ്ങള്‍, അതിപ്പോള്‍ ബോര്‍ഡായാലും, ചെരുപ്പുകുത്തിയുടെ ടയറായാലും എടുത്തു വീട്ടില്‍ കൊണ്ടുവരുക.

അവര്‍ ചുറ്റും നോക്കി. അതാ ഒരു പ്രൈവറ്റ് ഹോസ്പിറ്റല്‍. എന്നാല്‍ അവിടുത്തെ തന്നെ എന്തെങ്കിലും അടിച്ചു മാറ്റാം എന്നു വെച്ചു അവര്‍. ബോര്‍ഡ് നോക്കി, വല്ല്യ പാടാണ് ഊരിയെടുക്കാന്‍. അപ്പോളാണ് വിന്‍സി അവിടെയിരിക്കുന്ന ചെടികള്‍ കണ്ടത്. നല്ല ഒരു ചെടിയുടെ മൂട്ടില്‍ പിടിച്ച് പൊക്കിയെടുത്തു, ചെടി ചട്ടിയില്‍ നിന്നും ഊരിപോന്നു. അജി പറഞ്ഞു, നമുക്കു ചട്ടിയോടെ വേണം, അല്ലാതെ വളര്‍ത്താന്‍ നമുക്കു മണ്ണൊന്നുമില്ലല്ലോ ഇവിടെ? അങ്ങനെ രണ്ടുപേരും ഓരോ ചട്ടിയെടുത്ത് പുതപ്പില്‍ പൊതിഞ്ഞ് പാണ്ടിപ്പിള്ളേര്‍ സാധനങ്ങള്‍ ചുമക്കുന്നപോലെ തോളത്തിട്ടു. പതുക്കെ റൂമിലേക്കു നടന്നു. രണ്ട് പേരും വളരെ സന്തോഷവാന്മാരായിരുന്നു. ഇനി ചെടിയെ വെള്ളമൊഴിച്ച് വലര്‍ത്തുന്നതിനെക്കുറിച്ചൊക്കെ പ്ലാന്‍ ചെയ്തു നടക്കുന്ന സമയത്താണ് ഒരു ഹൊയ്സാലാ ജീപ്പ് വന്നത്.

അന്ന് ബാംഗളൂരില്‍ ഹൊയ്സാല ഇറങ്ങിയതേ ഉള്ളൂ. ഹൊയ്സാലാ എന്നു വെച്ചാല്‍ നമ്മുടെ ഹൈവേ പെട്രോള്‍ പോലെ. പക്ഷെ 1997 കാലഘട്ടങ്ങളില്‍ ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടിരിക്കുന്ന മുകളില്‍ ഒക്കെ ലൈറ്റ് വെച്ച പോലീസ് വണ്ടികള്‍ അന്നൊരു അത്ഭുതം ആയിരുന്നു. ഊപ്പ മഹീന്ദ്രായുടെ ജീപ്പില്‍ എസ് പി വന്നിറങ്ങുന്നതിലും ഗമയുണ്ടായിരുന്നു സാദാ പോലീസുകാരന്‍ ഇതില്‍ വന്നിറങ്ങുമ്പോള്‍. ആ വണ്ടിയും
അതിന്റെ ലൈറ്റും ഒക്കെ, ഹാ എന്താ ഒരു സ്റ്റൈല്‍.

സ്റ്റൈലൊക്കെ വെറുതെ കാണുമ്പോള്‍. ബെഡ് ഷീറ്റും അതിനകത്തോ എന്തോ സാധനങ്ങളുമായി ആടി പോകുന്ന അവരെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക് എന്തോ ഒരു പന്തികേട് തോന്നി. ഏന്‍ ലൈയ്? അവര്‍ ചോദിച്ചു. അതു കേട്ട താമസം ചെറിയവനായ വിന്‍സി കെട്ടു താഴെ ഇട്ടു. ചട്ടി പൊട്ടിയ ഒച്ചകേട്ടതും വെടിയൊച്ച കേട്ട അത്ലറ്റിനെ പോലെ അവന്‍ പാഞ്ഞു. പുറകേ അജിയും. ലൈറ്റും നിലവിളി ശബ്ദവും ഇട്ട് ഹൊയ്സാല പുറകേയും.

വിന്‍സി ഇടവഴി ഓടി കണ്ട ഒരു വീടിന്റെ ഗെയിറ്റു ചാടി അകത്തു ചെന്ന് അടുത്ത വീടിന്റെ മതില്‍ ചാടി രണ്ടുമൂന്നു ചാട്ടങ്ങള്‍ക്കു ശേഷം ഒരിടത്ത് ഒരു കാറിന്റെ പുറകില്‍ പാത്തിരുന്നു.

അജി നേരെ ഞങ്ങളുടെ പറ്റുകടയിലെ പണിക്കാര്‍ താമസിക്കുന്ന അവിടെ ചെന്നു അവരെ മെല്ലെ വിളിച്ചുനോക്കി. എവിടെ പണിയും കഴിഞ്ഞു തളര്‍ന്നുറങ്ങുന്ന അവര്‍ കതിനാ പൊട്ടിച്ചാലല്ലേ അറിയൂ. എന്താണു വഴി എന്നു ചിന്തിച്ച് അവന്‍ അവിടെ ഇരുന്നു.

കാറിന്റെ പുറകില്‍ ഇരുന്നു ശബ്ദങ്ങള്‍ ശ്രദ്ധിച്ച് ഇരുന്ന തന്റെ പുറകില്‍ ഒരു ചെറിയ തണുപ്പ്. തോക്കിന്റെ മെറ്റല്‍ ഭാഗം മുട്ടിയ പോലെ. വിന്‍സി തിരിഞ്ഞുനോക്കി. നല്ലൊരു ഡോബര്‍മാന്‍. ശ്വാസം നിന്നുപോയി എങ്കിലും പതുക്കെ അവന്റെ തലയില്‍ ഒന്നു തലോടി. പട്ടി ചിരിച്ചോ എന്നു രാത്രിയായതിനാല്‍ വിന്‍സിക്കു കാണാന്‍ സാധിച്ചില്ല, എങ്കിലും അവനെ കടിക്കുകയോ കുരക്കുകയോ ചെയ്തില്ല. എങ്കിലും അധിക അവിടെ
നിന്നാല്‍ പന്തിയല്ല എന്നു മനസിലാക്കിയ അവന്‍ പതുക്കെ കുഞ്ഞു പുള്ളേരെ വിളിക്കുന്ന പോലെ ടുട്ടൂ എന്നൊക്കെ വിളിച്ച് പതുക്കെ മതിലിന്റെ അടുത്തു വന്നു. ചാടാന്‍ ഉള്ള തയ്യാറെടുപ്പു നടത്തിയതേ പട്ടിക്കു മനസിലായി ഇവന്‍ സുഹൃത്തല്ലെന്ന്. ചാടിക്കടിച്ചു അവനെ, കയ്യിലും കാലിലുമെല്ലാം. പക്ഷെ ചന്തിയില്‍ പോലും ദശയില്ലാത്ത അവനെ ഒരിടത്തും കടിച്ചുപിടിച്ചു നിര്‍ത്താന്‍ ഡോബര്‍മാനു പറ്റിയില്ല. ചാടിയോടി അവന്‍, ഇത്തിരി കടികിട്ടിയെങ്കിലെന്താ, ഹൊയ്സാലയുടെ ഇടി കിട്ടിയില്ലല്ലോ...

അജി അരമണിക്കൂര്‍ കാത്തിരുന്നു. ഇനി ഇപ്പോള്‍ പോലീസുകാര്‍ പോയിക്കാണും, എന്നാലും ചെറിയ ഒരു പ്രിക്കോഷന്‍ എടുത്തേക്കാം. അവന്‍ നേരെ പാന്റൂരി. അടിയില്‍ ഹോസ്പിറ്റലിലെ പെണ്ണുങ്ങളെ ആകര്‍ഷിക്കാനായി ഇട്ടിരുന്ന ഉഗ്രന്‍ ബര്‍മുഡാ. ടീഷര്‍ട്ട് എടുത്ത് മറിച്ചിട്ടു. അവിടെ നിന്നും പതുക്കെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിനു താഴെയായി ഹൊയ്സാല ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് കിടക്കുന്നു. ഓ.. അവന്മാര്‍ കിടന്ന് ഉറങ്ങുന്നതായിരിക്കും. പിന്നെ എന്നെ കണ്ടാന്‍ അവര്‍ അറിയില്ലല്ലോ. ഉറച്ച
കാല്‍ വെപ്പുകളോടെ അവന്‍ നടന്നു.

കിടന്നുറങ്ങുകയായിരുന്ന ഞാന്‍ വാതിലില്‍ ഒരു മുട്ടു കേട്ടു. പൊതുവേ ഒരു ധൈര്യവാന്‍ അയിരുന്ന ഞാന്‍ ചോദിച്ചു, ആരാടാ അത്? പതുക്കെ ഒരു ശബ്ദം, എടാ ഞാനാടാ, വിന്‍സി പറഞ്ഞു, ഡോര്‍ തുറന്നപ്പോള്‍ അതാ കടിച്ചു പറിച്ച പാന്റ്സും ഇട്ട് പാവം വിന്‍സി. എടാ..പോലീസ് ഓടിച്ചപ്പോള്‍ പട്ടികടിച്ചതാ എന്നെന്തെക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അവന്‍ പറഞ്ഞു, ഹൊയ്സാലാ താഴെക്കിടപ്പുണ്ട്, അവന്‍ പുറകു വശത്തുനിന്നും മതില്‍ ചാടിയാ വന്നത് എന്ന്. പണ്ടാരക്കാലന്മാര്‍ക്ക് വീടു മനസില്ലയെന്ന
തോന്നുന്നത് എന്ന്. അജിയെ കണ്ടില്ല എന്നും അവന്‍ പറഞ്ഞു.

വീണ്ടും കിടന്നപ്പോളാണ് താഴെ ഒരു ശബ്ദം കേട്ടത്, വിന്‍സി പറഞ്ഞു മിണ്ടാതെ കിടന്നോ. ഒരു കോളിങ്ബെല്ല് കേട്ടതോടെ മിണ്ടാതിരിക്കുകയൊന്നും വേണ്ടാ, നീ ഷെല്‍ഫില്‍ കയറി ഒളിച്ചിരുന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ വാതില്‍ തുറന്നു. പുറത്ത് അജിയും ഒരു പോലീസുകാരനും.

ഉറച്ച കാല്‍വെപ്പുകളോടെ ഒട്ടും പതറാതെ വന്ന അവനെ വന്നവഴിക്കേ പിടിച്ചു വണ്ടിയില്‍ കയറ്റി ഒന്നു പൊട്ടിച്ചപ്പോള്‍ അവന്റെ ഉറച്ചതെല്ലാം ഉരുകുകയും ഇനി എന്നെ തല്ലല്ലേ എന്നു പറഞ്ഞ് കാലുപിടിച്ചതിന്റെ ഫലമായി വെറും മൂന്നു തല്ലേ കിട്ടിയുള്ളുവത്രേ...

Read more...

കോക്കുവിന്റെ പിറന്നാള്‍

>> Saturday, January 24, 2009



നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ മുത്തായി...ഇന്നെന്റെ ഹാപ്പി ബര്‍ത്ത്ഡേ ആണ്. ഞാനീ മനോഹരലോകത്തു വന്നിട്ട് ഒരു വര്‍ഷമായി. എഴുന്നേറ്റു നില്‍ക്കാറായി, വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും ആര്‍ക്കും മനസിലാവുന്നില്ല. അമ്മിഞ്ഞപ്പാലിന്റെ മണവും രുചിയും ഇപ്പോളും പ്രിയപ്പെട്ടത് എങ്കിലും ലോകത്തിന്റെ രുചികളിലേക്കും ഞാനിറങ്ങിയിരിക്കുന്നു.




ചാച്ചേ...കള്ളാ..ഭയങ്കരനാ കേട്ടോ... എന്നെ പറ്റിച്ചു അല്ലേ?.. ഇനി ഈ ജന്മത്ത് എന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാതെ വരട്ടെ എന്നു ഞാന്‍ ശപിച്ചിരിക്കുന്നു.



ഫോണില്‍ക്കൂടിയുള്ള ഉമ്മയും ചക്കരവാക്കും വേണ്ടാ എനിക്ക്. ദിവസവും മൂന്നാലു പ്രാവശ്യം ഫോണ്‍ ചെയ്യുന്ന കാശുണ്ടെങ്കില്‍ എന്റെ ഹാപ്പി ബര്‍ത്ത്ഡേക്ക് വരാരുന്നല്ലോ?




അമ്മേടെ കൂടെ ഞാനും ഇന്നലെ കൊന്ത ചെല്ലി. എന്നെക്കൊണ്ട് ഒത്തിരി പ്രാര്‍ത്ഥിപ്പിച്ചാല്‍ ഞാന്‍ വല്ല പള്ളീലച്ചനും ആയിപ്പോകുമേ...




എന്റെ വല്ല്യപ്പനും വല്ല്യമ്മയും വാങ്ങിത്തന്ന സമ്മാനം കണ്ടോ? എനിക്കറിയാം ചാച്ചക്കും ഒത്തിരി ഇഷ്ടമുള്ളതായിരുന്നു ഇതെന്ന്. പക്ഷെ ഈ വണ്ടിപ്രാന്തന്‍ ചേട്ടന്‍ ഒന്നു മാറിയിട്ടു വേണ്ടേ എനിക്കു കിട്ടാന്‍?




പക്ഷെ ഞാനാരാ മോന്‍..? ചേട്ടനെ അപ്ഗ്രേഡ് ചെയ്ത് ഇതേലോട്ടാക്കി ഒരു പൊട്ടക്കണ്ണാടിയും കൊടുത്തു. എങ്കിലല്ലേ എനിക്കൊന്ന് ഓടിക്കാന്‍ പറ്റൂ? പക്ഷെ പുള്ളിക്കാരന് സ്റ്റാര്‍ട്ട് ചെയ്തു കൊടുക്കണം. പെട്രോളിനു വിലകുറഞ്ഞെന്നൊക്കെ പറഞ്ഞാലും ചിലവ് ഇത്തിരി കൂടുതലാ....




ഞങ്ങളൊക്കെ ഇവിടെ കേക്കു മുറിക്കുമ്പോള്‍ അവിടെ മുങ്ങാന്‍ പോകുന്ന സൂര്യനേം നോക്കി ആ നിമിഷങ്ങള്‍ ഒക്കെ സ്വപ്നം കണ്ടോ കെട്ടോ...



ചാച്ച സങ്കടപ്പെടണ്ടാ...ചാച്ചേടേ മനസില്‍ ഇതിലും വലിയ രൂപങ്ങളായി ഞങ്ങളോക്കെയുണ്ടെന്ന് അമ്മ പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങളെ 10 ദിവസത്തിനുള്ളില്‍ ചാച്ചേടെ അടുത്തു കൊണ്ടുപോകാം എന്ന് അമ്മ പറഞ്ഞു. കാത്തിരുന്നോ കേട്ടോ...

Read more...

കുട്ടപ്പായി കഥകള്‍ 2

>> Wednesday, January 21, 2009

നാട്ടിലെ ഏറ്റവും ചീത്തയാള്‍ ആരാണെന്ന് ആരോടു ചോദിച്ചാലും, ഒരു കുഞ്ഞു കൊച്ചിനോടു ചോദിച്ചാലും പറയും കുട്ടപ്പായി എന്ന്. അത്രക്കായിരുന്നു ആള്‍ക്കാര്‍ക്ക് എന്നോടുള്ള ബഹുമാനം. ചെറുപ്പം മുതല്‍ വളരെ പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജായിരുന്നു അത്. അതു നഷ്ടപ്പെടാതിരിക്കാന്‍ അവുന്നതും ശ്രമിക്കുന്നുമുണ്ട്.

ഏതു പെണ്ണിനെയും പകല്‍ നടുറോഡില്‍ വെച്ചുപോലും ബലാന്‍സംഗം ചെയ്യാന്‍മാത്രം ധൈര്യമുള്ളവന്‍, മദ്യപാനം, കഞ്ചാവടി, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ അങ്ങനെ നാട്ടുകാര്‍ വിശേഷണങ്ങള്‍ പലതും തന്നിരുന്നു. ഏറ്റവും പ്രധാനമായ വിശേഷണം ഒരിക്കലും സത്യം പറയില്ലാ എന്നുള്ളതായിരുന്നു. പല അപസര്‍പ്പക കഥകളിലേയും നായകന്‍, പല പോക്രിത്തരങ്ങളുടെയും ഉത്തരവാദി, ഊമക്കത്തുകളുടെയും അപവാദങ്ങളുടെയും സൃഷ്ടാവ് തുടങ്ങിയവ കൂടാതെ നാട്ടിലെ ഏറ്റവും സുങരിയായ പെണ്ണിനെ പ്രണയിച്ചു കറക്കി കൊണ്ടുനടക്കുന്നവന്‍ എന്ന പേരും എനിക്കുണ്ടായിരുന്നു. ബാക്കിയെല്ലാം ആള്‍ക്കാര്‍ക്കിഷ്ടം ആയിരുന്നെങ്കിലും അവസാനത്തേതു മാത്രം നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെ നല്ല ഇമേജുമായി ഞാന്‍ ജീവിക്കുന്ന കാലം. എല്ലാ ചെറുപ്പക്കാരും വാശിയും വൈരാഗ്യവും തീര്‍ക്കാന്‍ കഥകള്‍ ഉണ്ടാക്കുന്നതില്‍ നായകന്‍ ഞാനായതിനാല്‍ എന്നോടു മിണ്ടാന്‍ തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലാണ് നാട്ടിലെ ഏറ്റവും സത്സ്വഭാവിയും ആസനത്തില്‍ ചുണ്ണാമ്പിട്ടിളക്കിയാലും ചിരിച്ചുകൊണ്ടിരിക്കുന്നവനുമായ വാഴക്കാവരയനുമായി ലോഹ്യം ആകുന്നത്. എന്നെ ഒഴിവാക്കാന്‍ പറ്റാഞ്ഞിട്ടാണോ അതോ എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും ആകര്‍ഷണം തോന്നിയതു കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ പതുക്കെ അടുത്തു.

ഞാനാണെങ്കില്‍ പള്ളിയില്‍ കയറണ്ട സമയത്ത് സൈക്കിളുകട ശശിച്ചേട്ടന്റെയും കശാപ്പുകാരന്‍ തോമ്മാച്ചന്റെയും അടുത്തിരുന്നു അവരുടെ ഭൂലോക നുണകളും തെറികളും ആസ്വദിച്ചു നടന്ന് അവരുടെ പട്ടയടിയില്‍ കമ്പനി ചേര്‍ന്ന് നടന്ന സമയത്ത്
വാഴക്കാവരയന്‍ എല്ലാ ദിവസവും പള്ളിയില്‍ പോയി മുട്ടില്‍നിന്നു പ്രാര്‍ത്ഥിച്ചു. വേദപാഠക്ലാസില്‍ വെച്ച് സാറുമ്മാരെയും ടീച്ചറുമാരെയും അനുസരിക്കാതിരുന്നപ്പോള്‍ അവന്‍ എല്ലാം അനുസരിച്ച് ദൈവത്തെ വിചാരിച്ചു നടന്നു. ബാക്കിയുള്ള പെണ്ണുങ്ങളുടെ കാര്യങ്ങള്‍ നോക്കിയതിനു കൂടെ വാഴക്കാവരയനെയും അളിയാ എന്നു വിളിച്ചപ്പോളും അവന്റെ ആറിയ തമാശകളെ ഞങ്ങള്‍ ആക്കി ചിരിച്ചപ്പോളും അവന്‍ പരിഭവിച്ചില്ല. അതേ സമയം എന്റെ കൂട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും അടിപിടി മദ്യപാനക്കേസുകളില്‍ ഞാനായി നേതാവ്.

മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഞാന്‍ സത്യമേ പറയാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നോട് എവിടെ പോയതാണ് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പാലാക്കു പോയി എന്നാണ് പറയുന്നതെങ്കില്‍ ഉറപ്പിക്കാം ഞാന്‍ പാലാക്കു മാ‍ത്രം പോയിട്ടില്ല എന്ന്. എനിക്കതും ഇഷ്ടമായിരുന്നു. കാരണം ആരോടെങ്കിലും സത്യം പറഞ്ഞാലും അവര്‍ വിശ്വസിക്കില്ലല്ലോ? എത്രയോ നുണകള്‍ പറഞ്ഞു ഞാന്‍ രസിച്ചിരിക്കുന്നു. വാഴക്കാവരയനാണെങ്കില്‍ ഗാന്ധിജിയുടെ കൊച്ചുമോനാണ്. വെറുതെ എന്തിനാണ് ഒരു നുണ പറഞ്ഞ് അതിനു സപ്പോര്‍ട്ടിങ് നുണകളുണ്ടാക്കി കഷ്ടപ്പെടുന്നത് എന്നാണ് അവന്റെ ചോദ്യം. എനിക്കാണെങ്കില്‍ കഷ്ടപ്പെടുന്നതു ഇഷ്ടമായതു കൊണ്ടായിരിക്കാം, വെറുതെ എന്തിനാ ഒരു സത്യം പറയുന്നത് എന്ന ചിന്തയായിരുന്നു. അവന്‍ നൂറു സത്യം പറഞ്ഞ് പിന്നെ ഒരു നുണ പറഞ്ഞു പിടിക്കപ്പെട്ടാലും അവന്‍ നുണയനായി. ഞാനൊരു സത്യം പറഞ്ഞാലോ? കുട്ടപ്പായി നല്ലവനായി എന്ന പേരും, ഞാനാരാ മോന്‍...

അങ്ങനെ വിപരീത ധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന ഞങ്ങള്‍ എങ്ങനെയോ സുഹൃത്തുക്കളായപ്പോള്‍ ഞാന്‍ കുറച്ചൊക്കെ ഭക്തിയിലേക്കും നിര്‍വികാരതയിലേക്കും പ്രപഞ്ചസത്യങ്ങളിലേക്കും അന്തസത്തയിലേക്കുമൊക്കെ മാറുകയും വാഴക്കാവരയന്‍ പള്ളീയേയും പട്ടക്കാരെയും ദൈവത്തേയുമൊക്കെ ഒരു റിബലായി നോക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

അവന്‍ മുരിങ്ങൂരും, എറണാകുളത്തും, ഭരണങ്ങാനത്തും അവസാനം മലബ്ബാറിലുള്ള ഏതോ ധ്യാനസ്ഥലത്തു വരെ ധ്യാനം കൂടുകയും തല്ഫലമായി അവന്റെ പള്ളിയില്‍പ്പോക്കു വരെ നിലക്കുകയും ചെയ്തു. ഞാനാണെങ്കില്‍ പതുക്കെ കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്തു തുടങ്ങുകയും ഭരണങ്ങാനത്തെയും മറ്റും അസ്സീസി അച്ചന്മാരൊക്കെ എന്റെ സുഹൃത്തുക്കള്‍ ആകുകയും ചെയ്തു.

അലാസ്കക്കു മീന്‍ പിടിക്കാന്‍ പോകാന്‍ വേണ്ടി പേപ്പറുകള്‍ ശരിയാക്കാനായി പൈസാ കൊടുക്കുകയും ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നില്‍ക്കുമ്പോളാണ് പൊങ്ങൂട്ടില്‍ ഭാസിയുടെ വക കുമ്പാനിയിലുള്ള കണിയാരെ പറ്റി അറിയുന്നത്. ആദ്യം ഞാനും ഭാസിയുമായി പോയി. വിദേശയാത്ര കാണുന്നുണ്ടല്ലോ എന്നായി കണിയാര്. എന്നാപിന്നെ വാഴക്കാവരയന്റെയും ഒന്നു നോക്കമെന്നു വെച്ചു, അവന്റെയും ഇതേപോലെ പറയുകയാണെങ്കില്‍ ശരിയാണെന്ന് ഉറപ്പിക്കാമല്ലോ. കാരണം ഞങ്ങള്‍ ഒന്നിച്ചല്ലേ കൊടുത്തിരിക്കുന്നത്. കണിയാരു പറഞ്ഞു വാഴക്കാവരയന് പുറത്തു നിന്ന് എന്തോ ഒരു പേപ്പറുവന്നുകൊണ്ടിരിക്കുവാണെന്ന്. ഞങ്ങള്‍ ഖുശി ഖുശി.

അങ്ങനെയിരിക്കുമ്പോള്‍ ആണ് ആലപ്പുഴയില്‍ തപസ് ധ്യാനം ഉണ്ടെന്നറിയുന്നത്. മീന്‍പിടിക്കാന്‍ അല്ലേ പോകുന്നത്,പോരാത്തതിനു അവിടെ ഫുള്‍ റ്റൈം മൈനസിലാണത്രെ ടെമ്പറേച്ചര്‍. രാവിലെ മുതല്‍ കള്ളുകുടിച്ചിരുന്നാലല്ലേ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ തണുക്കാതെ ഇരിക്കുകയുള്ളൂ. അതാണെങ്കില്‍ പാപവുമല്ലേ. എന്നാപ്പിന്നെ അവിടെപ്പോയി നന്നായി ഒന്നു ധ്യാനിച്ചേക്കാം എന്നു വെച്ചു. വാഴക്കാവരയനും സമ്മതം. ഇനി ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ വേറെ ധ്യാനം ഒന്നും കൂടാന്‍ ഇല്ലല്ലോ എന്നായിരുന്നു അവന്റെ ഭാവം. അങ്ങനെ ഞങ്ങള്‍ ബൈക്കില്‍ ആലപ്പുഴക്കു തിരിച്ചു.

കുട്ടാനാടിന്റെ ക്ഷണം സ്വീകരിക്കാതെ ആ വഴിക്കു പോകാന്‍ പറ്റുമോ? മദ്യം എരിവു തോന്നാതിരിക്കാന്‍ മാത്രം സേവിച്ച് ഞങ്ങള്‍ കരിമീന്‍, എരിമീന്‍, പൊരിമീന്‍ തുടങ്ങി തിന്നാവുന്നതെല്ലാം തിന്നു. ഇനി മൂന്നു ദിവസത്തേക്ക് പച്ചവെള്ളവും ചൂടുവെള്ളവും മാത്രമല്ലേ കിട്ടൂ. അപ്പോളാണ് വാഴക്കാവരയന്‍ ഒരു സത്യം പറഞ്ഞത്. അവനു വിശന്നിരിക്കാന്‍ വല്ല്യ പാടാണത്രെ. സമയാസമയത്ത് എന്തെങ്കിലും കിട്ടിയാല്‍ മതി, പക്ഷെ കിട്ടിയില്ലെങ്കില്‍ വല്ല്യ പ്രയാസം ആണത്രെ. അതിനാലാണ് ഈ പരീക്ഷണത്തിനു അവന്‍ മുതിരുന്നത്. ഇനി അലാസ്കയില്‍ കടല്‍ക്ഷോഭം ഒക്കെയുണ്ടായി കടലിലിറങ്ങാന്‍ പറ്റാതെ വന്നാല്‍ പിന്നെ ഐസുതിന്നു ജീവിതം നിലനിത്തണ്ടേ? അതിനുള്ള പരീക്ഷണം ആണത്രെ ഇത്.

എന്തായാലും അവിടെ ചെന്നു. രാത്രിയില്‍ ചെറിയ അത്താഴം ഒക്കെ അടിച്ചു കിടന്നു. രാവിലെ എണീറ്റ് ഹാളില്‍ ചെന്നു. ഭക്ഷണം എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. എങ്കിലും മൂന്നു ദിവസം കഴിക്കാന്‍ പാടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം. വാഴക്കാവരയന്റെ മുഖം ആണെങ്കില്‍ കെ എം മാണി മരിച്ച വീട്ടില്‍ ചെല്ലുമ്പോളത്തെമാതിരിയാണ് രാവിലെ തന്നെ. ധ്യാനഗുരു ഉപവാസധ്യാനത്തിന്റെ ഗുണങ്ങളും അതുകൊണ്ട് ശാരീരികവും ആദ്ധ്യാത്മികവുമായ നേട്ടങ്ങളെ പറ്റി പറഞ്ഞു. വെള്ളം എത്ര വേണമെങ്കിലും കുടിക്കമെന്നു പറഞ്ഞെങ്കിലും ആദ്ധ്യാത്മികനായ ഞാന്‍ അധികം കുടിച്ചില്ല. ശാരീരികനായ വാഴക്കാവരയന്‍ ശരീരത്തിലെ ദുഷിപ്പുകള്‍ ഒക്കെ വിയര്‍പ്പിലൂടെ കളയാനായി വെള്ളം കുടിച്ചുകൊണ്ടേ ഇരുന്നു.

വൈകുന്നേരമായപ്പോളേക്കും നല്ല ക്ഷീണമുണ്ട്. വാഴക്കാവരയന്‍ ആണെങ്കില്‍ കാടിയോ ഓക്കേയോ പുല്ലോ ഒന്നുമില്ലെങ്കിലും സാരമില്ല ഇത്തിരി കച്ചിയെങ്കിലും കിട്ടിയാ മതി എന്ന പോലെയായി. അവിടെയുള്ള പേരയിലൊന്നും ഒരു പേരക്കാപോലും ഇല്ലാത്തതുകൊണ്ട് പേരയില ആയുര്‍വേദത്തില്‍ വയറിനു നല്ലതാണെന്നു പറഞ്ഞ് അവന്‍ രണ്ടുമൂന്ന് ഇല പറിച്ചു തിന്നു. വൈകിട്ടത്തെ കുര്‍ബാന കുമ്പസാരിച്ചിട്ട് ഒത്തിരി നാളായെങ്കിലും അവന്‍ വാങ്ങി കഴിച്ചു. എന്തായാലും രാത്രിയില്‍ സാധാരണ എത്ര ചീത്തവിളിച്ചാലും കേണുകരഞ്ഞാലും വരാത്ത നിദ്രാദേവി അന്ന് വേഗന്നു വന്നു.രണ്ടാമത്തെ ദിവസമല്ലേ മോനേ ദിവസം. നേരെ നില്‍ക്കാന്‍ പോലും വയ്യ. ശരീരം വിയര്‍ക്കാനായി ഡാന്‍സുചെയ്തു വിയര്‍ക്കാനായി ഗുരു പറഞ്ഞു. വാഴക്കാവരയന്‍ വെള്ളം കുടിക്കുന്നു, കൈകൊട്ടി പാടുന്നു, ഡാന്‍സു ചെയ്യുന്നു. ഞാന്‍ അധികം വെള്ളവും കുടിച്ചില്ല അധികം കൈ കൊട്ടിയും ഇല്ല. വെള്ളം കുടിച്ചാല്‍ പിന്നെ ഇടക്കു മുള്ളാന്‍ പോകണം. ശരീരത്തിലെ ദുഷിപ്പുകള്‍ മൂത്രത്തിലോടെയും വിയര്‍പ്പിലൂടെയും പോകുന്ന കാരണമാണത്രെ മൂത്രത്തിനൊക്കെ ഭയങ്കര നാറ്റം. നമ്മുടേതു സഹിക്കാം എന്തിനാ അവിടെ വരുന്ന ബാക്കിയുള്ളോരുടെ കൂടെ സഹിക്കുന്നത്?

വൈകുന്നേരമായി, വിശപ്പിന്റെ വിളി ഒട്ടും തന്നെയില്ല. വാഴക്കാവരയന്‍ പതുക്കെ ഊര്‍ജ്ജസ്വലനായിരിക്കുന്നു. ഇനി അവന്‍ ഒതുക്കത്തില്‍ വല്ലതും കഴിച്ചോ ആവോ. വൈകുന്നേരത്തെ മുള്ളാന്‍ പോക്ക് വളരെ ബുദ്ധിമുട്ടിയായിരുന്നു. അപ്പൂപ്പന്മാര്‍ ഒക്കെ വളഞ്ഞുനിന്ന് കൈ കയ്യാലക്കു താങ്ങുകൊടുത്തു മുള്ളുന്നത് എന്തു കൊണ്ടാണെന്നു മനസിലായി. മൂത്രപ്പുരയുടെ ഭിത്തിയില്‍ ഒരു കൈ കൊണ്ട് താങ്ങി ആടിനിന്ന് ഞാന്‍ വേദനയോടെ ശരീരത്തിലെ വിഷാംശങ്ങള്‍ കളഞ്ഞു. ഈ വിഷത്തിനൊക്കെ മഞ്ഞനിറം തന്നെയാണോ ആവോ? വെറുതെയല്ല മദ്യം വിഷമാണെന്നു പറയുന്നത്. എന്റെ മൂത്രം കൊടും വിഷമായിരിക്കും, നല്ല റമ്മിന്റെ നിറം.

മൂന്നാമത്തെ ദിനം രാവിലെ തന്നെ ഒരു പ്രസരിപ്പൊക്കെ ആയി. ഭക്ഷണം കഴിക്കാത്തതിന്റെ യാതൊരു ക്ഷീണവും ഇല്ല. വാഴക്കാവരയനും ക്ഷീണമില്ല. എങ്കിലും നല്ല പച്ചക്കപ്പയും അതിലെ കറിവേപ്പിലയും, ചുവന്ന മുളകുചാറും ഒക്കെ അവന്റെ മനസില്‍ എത്ര കണ്‍ ട്രോള്‍ചെയ്തിട്ടും മാറാതെ നില്‍ക്കുവാണത്രെ. പണ്ടാരക്കാലന്‍ അതൊക്കെ പറഞ്ഞപ്പോള്‍ യാതൊരു ആര്‍ത്തിയും ഇല്ലാത്ത എന്റെ മനസിലും കളറുകള്‍ വരാന്‍ തുടങ്ങി. ശരീരത്തിനു ഭക്ഷണം ആവശ്യമില്ലായിരുന്നു എങ്കിലും കൊതി ഒരു പ്രശ്നമായി തുടങ്ങി. ഒറ്റമോനായതുകൊണ്ട് എന്നും നിര്‍ബന്ധിച്ചു തന്നിരുന്ന ഭക്ഷണത്തെ എനിക്കൊരു ബാധ്യതയായിരുന്നത് ഇന്നാണ് ഒരു കൊതിയായി വന്നത്.

ഉച്ചക്കു മുമ്പായി കുമ്പസാരം. ഒരു നല്ല കുമ്പസാരം നടത്തി കുര്‍ബാനയും കൈക്കൊണ്ടാല്‍ നല്ലൊരു ധ്യാനവും കൂടി, മനസും ശരീരവും നന്നാക്കി വീട്ടില്‍ പോകാ‍മല്ലോ. വാടാ വാഴക്കാവരയാ, നമുക്ക് പോകാം കുമ്പസാരിക്കാന്‍? അവന്‍ പറഞ്ഞു, “ഓ..ഞാനെങ്ങും ഇല്ല. ഞാനിവിടെ ഇരുന്നു ഓം എന്ന് ഉച്ഛരിച്ചുകൊണ്ട് ഇരുന്നുകൊള്ളാം, എന്റെ ശ്വാസകോശവും ഒക്കെ കൂടെ ഒന്നു ശുദ്ധമാകട്ടെ”.

വാഴക്കാവരയന്റെ ഒരു പ്രത്യേക ഗുണം അവന്‍ ഒരു കാര്യത്തിനും ആരെയും ശല്ല്യപ്പെടുത്താറില്ല, ഒരു പേര്‍സണല്‍ കാര്യവും കിള്ളി ചോദിക്കാറില്ല. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി കേല്‍ക്കുകയും നല്ല പക്വമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. നമുക്കു പറയാന്‍ താല്പര്യമില്ലാത്ത കാര്യങ്ങള്‍ അവന്‍ ചോദിക്കാറെ ഇല്ല.

ഞാനേതായാലും കുമ്പസാരിക്കാന്‍ പോയി. ഒരു നല്ല കുമ്പസാരം ഒക്കെ നടത്തി തിരിച്ചു വന്നു. കുമ്പസാരിച്ചപ്പോള്‍ മനസിനു ഒരു കുളിര്‍മ്മയും സമാധാനവും ഒക്കെയുണ്ട്, നീയും പോയൊന്നു കുമ്പസാരിക്കെടാ..“അവന്‍ പറഞ്ഞു ഞാനില്ല മോനേ..” പെട്ടെന്ന് അവനൊരു ചോദ്യം, നാലു വര്‍ഷം കൂടെ നടന്നിട്ടും ചോദിക്കാതിരുന്ന ചോദ്യം. “കുട്ടപ്പായി ശരിക്കും നരിതൂക്കിലെ റാണിയുമായി പ്രേമ ആയിരുന്നോ?....

അവനാരാ മോന്‍.. കുമ്പസാരിച്ചു വന്ന ഉടനേ ഞാന്‍ നുണ പറയില്ല എന്ന തന്ത്രപരമായ തീരുമാനമല്ലായിരുന്നോ അവന്റേത്? ഒരിക്കലും കാര്യങ്ങള്‍ ചൂഴ്ന്നു ചോദിക്കാറില്ലായിരുന്ന അവന്റെ മനസിലും രഹസ്യങ്ങള്‍ അറിയാനുള്ള ത്വര എല്ലാ മനുഷ്യരെയും പോലെ ഉണ്ടായിരുന്നു അല്ലേ? ഒരു സാധാരണ മനുഷ്യനെപ്പോലെ......

Read more...

എന്റെ തെറ്റുകള്‍

>> Wednesday, January 14, 2009

ചെറുപ്പത്തില്‍ കുമ്പസാരവും കുര്‍ബാനയും ഒക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നു. ആദ്യകുര്‍ബാനയും മറ്റും ക്രിസ്ത്യാനികള്‍ വളരെ കാര്യമായി പണ്ടുമുതലേ ആഘോഷിച്ചിരുന്നു. അങ്ങനെ ആദ്യകുര്‍ബാനക്ക് മുമ്പായിട്ട് ഞാനും കുമ്പസാരിച്ചു. പാപങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല, അറിയാതെ വല്ല പാപവും ചെയ്തിട്ടുണ്ടേല്‍ അതു കുമ്പസാരിക്കുമ്പോള്‍ പറഞ്ഞില്ലേല്‍ പിന്നെ കുര്‍ബാന കൈക്കൊണ്ടാല്‍ ചാപദോഷം ആണെന്നാ കേട്ടിരിക്കുന്നത്. ഇന്നെങ്ങാനും ഒരു പാപവും ചെയ്തിട്ടില്ലെന്നു പറഞ്ഞാല്‍ രൂപക്കൂട്ടില്‍ കയറ്റി ഇരുത്താന്‍ ആണായിക്കൂടി ഒരുത്തനെ കേരളത്തിനു കിട്ടുമല്ലോ എന്നു കരുതി അച്ചന്മാര്‍ അപ്പോള്‍ തന്നെ തട്ടിക്കളയും എന്നാ തോന്നുന്നേ.

പാലാ രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും ബോര്‍ഡറില്‍ ആയിരുന്നു അമ്മവീട്, അതിനാല്‍ സ്കൂള്‍ പാലാ രൂപതയിലും വേദപാഠം, പള്ളി എന്നിവ കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ ഇളങ്ങുളത്തും ആയിരുന്നു. ആദ്യം മുതലേ കുമ്പസാരം ഒരു പ്രശ്നമായിരുന്നു. വരി വരിയായി മുട്ടില്‍ കുത്തിനിന്ന് കാത്തിരുന്ന് അവസാനം അച്ചന്റെ അടുത്തുചെന്ന് ഉള്ള പാപങ്ങള്‍ ഒക്കെ പറയുക എന്നത് ചെറിയ ഒരു ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു. എങ്കിലും കുമ്പസാരിച്ചു കഴിയുമ്പോള്‍ മനസ് ഒന്നു ശുദ്ധിയായതുപോലെയും പാപങ്ങളെല്ലാം മോചിക്കപ്പെട്ടതുകൊണ്ട് ഉള്ളില്‍ ഒരു കുളിര്‍മ്മയും ഒക്കെ തോന്നിയിരുന്നു.

ചെറുപ്പത്തില്‍ ഒരു പെര്‍ഫെക്ഷണലിസ്റ്റ് ആയിരുന്നതുകൊണ്ടാണോ എന്തോ ഞാന്‍ സങ്കല്പ കഥകള്‍ മറ്റുള്ള സഹോദരങ്ങളെ പറഞ്ഞുകേള്‍പ്പിക്കുന്നതൊഴിച്ചാല്‍ വേറെ നുണ പറഞ്ഞിരുന്നില്ല. കള്ളം എങ്ങാനും പറഞ്ഞാല്‍ പിന്നെ അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള നുണകള്‍ എല്ലാം ഓര്‍ത്തുകൊണ്ട് ഇരിക്കണമല്ലോ എന്നതായിരുന്നു എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്ന കാര്യം. മാത്രവുമല്ല, കള്ളം പറഞ്ഞിട്ട് അതു പിന്നെ പൊളിക്കപ്പെട്ട് പലരും കൂടുതല്‍ അടി വാങ്ങുന്നത് വീട്ടിലും സ്കൂളിലും ഒക്കെ കണ്ടിട്ടുള്ളതിനാല്‍ റിസ്ക് എടുത്തിരുന്നില്ല. എങ്കിലും കുമ്പസാരിച്ചിട്ടുള്ള ഒരാഴ്ചത്തേക്ക് ഞാന്‍ സഹോദരങ്ങളെ “നീ കുമ്പസാരിച്ചതാ..നുണ പറയാന്‍ പാടില്ല“ എന്ന ഭീഷണി നടത്തി സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നു മാത്രം.

എങ്കിലും എന്റെ ആദ്യകാല പാപങ്ങള്‍ ഇതൊക്കെയായിരുന്നു.
* ഞാന്‍ കുമ്പസാരിച്ചിട്ട് 14 ദിവസമായി.
( എത്ര നാളായി കുമ്പസാരിച്ചിട്ട് എന്നു പറയണം എന്നുള്ളത്, അഞ്ചും ആറും വര്‍ഷം കൂടുമ്പോള്‍ കുമ്പസാരിക്കുന്നവരെ പിടിക്കാന്‍ അച്ചന്മാര്‍ ഉണ്ടാക്കിയ ഒരു നിയമം ആയിരുന്നു. ദിവസവും വേണമെങ്കില്‍ കുമ്പസാരിക്കാന്‍ റെഡിയായ നമ്മുടെ കണക്ക് ദൈവത്തിനെന്തിനാ?)
* ദൈവനാമം വൃദാ ഉപയോഗിച്ചിട്ടുണ്ട്
(ഈ പാപം ചെയ്തതാണെന്ന് ഉറപ്പില്ലെങ്കിലും സാധാരണ ഒന്നു രണ്ടുമാസത്തെ ഗ്യാപ് വന്നിട്ടുണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാറുണ്ട്. കാരണം ഒന്നുകില്‍ ക്ലാസിലെ പിള്ളേര്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ സത്യം ആണെന്ന് ഉറപ്പിക്കാന്‍ ദൈവസത്യം ചെയ്യണം എന്നൊക്കെ നിര്‍ബന്ധം പിടിക്കാറുണ്ടല്ലോ?)
* മാതാപിതാക്കളെ അനുസരിക്കാതിരുന്നിട്ടുണ്ട്, ജോലികളില്‍ സഹായിക്കാതിരുന്നിട്ടുണ്ട്.
(കുഞ്ഞുപ്പാപ്പനും വല്ല്യമ്മയും പറയുന്ന ജതിക്കായ് പെറുക്കും ഒട്ടുപാലു പെറുക്കും ഷീറ്റെടുക്കലും എല്ലാം ചെയ്യുമെങ്കിലും അമ്മ പറയുന്നതെന്തെങ്കിലും ഞാന്‍ മടുത്തിട്ടല്ലേ അമ്മേ എന്ന ഒഴിവുകഴിവില്‍ ചെയ്യാതിര്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടു മാത്രം പറയുന്ന പാപം)
* കള്ളം പറഞ്ഞിട്ടുണ്ട്
(സാധാരണ ചെയ്യാറില്ലെങ്കിലും സങ്കല്പങ്ങള്‍ പറഞ്ഞിരുന്നത് നുണകളായി കര്‍ത്താവു തെറ്റിദ്ധരിക്കുമോ എന്ന ഭയം കൊണ്ടു മാത്രം പറഞ്ഞിരുന്ന പാപം)
* കട്ടെടുത്തിട്ടുണ്ട്
(വല്ലപ്പോഴും ചേച്ചി അടിച്ചു മാറ്റുന്ന ബിസ്കറ്റിന്റെ പങ്കാളിയാകുന്നത്, ഒന്നിച്ചു കൂടി തേന്‍ കട്ടുകുടിക്കുന്നത്, അവലോസുണ്ട, ചിപ്സ് മുതലായ സാധനങ്ങള്‍ കഴിക്കുന്നത് ഇതൊക്കെ മാത്രം.)

എങ്കിലും ഇടക്കു അച്ചന്മാര്‍ക്കു ബോറടിക്കാതിരിക്കാന്‍ ഒരെണ്ണം കുറച്ചും അല്ലെങ്കില്‍ മാറ്റിയും ഒക്കെ പയറ്റിയിരുന്നു എന്നു മാത്രം.

ഇളങ്ങുളത്ത് ആദ്യമൊക്കെ എല്ലാവര്‍ക്കും പ്രായമായി റിട്ടയര്‍ ആയ കുത്തുവളച്ചേല്‍ അച്ചന്റെയടുത്ത് കുമ്പസാരിക്കുന്നതായിരുന്നു ഇഷ്ടം. ജീവിതകാലം മുഴുവന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള പലതരത്തില്‍ പലസൈസില്‍ ഉള്ള പാപങ്ങള്‍ കേട്ട എക്സ്പീരിയന്‍സുള്ളതിനാല്‍ ആരോടും വല്ല്യ ദേഷ്യമൊന്നും കാണിക്കാതെ നിര്‍വ്വികാരനായി കുമ്പസാരക്കൂട്ടില്‍ ഇരുന്നിരുന്നു എന്നതിനാലല്ല, പുള്ളിക്കാരന് ചെവി നന്നായി കേള്‍ക്കില്ല എന്നുള്ളതായിരുന്നു കാരണം.. അതിനാല്‍ വികാരിയച്ചന്റെയും കൊച്ചച്ചന്റെയും ക്യൂവില്‍ അഞ്ചുപേരുള്ളപ്പോളും കുത്തുവളച്ചേല്‍ അച്ചന്റെ ക്യൂവില്‍ ഇരുപത്തഞ്ചു പേര്‍ നിന്നിരുന്നത്. അവസാനം “കര്‍ത്താവായ ദൈവം നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നും പോയി പ്രായ്ചിത്തമായി കുറച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവും ഒക്കെ ചെല്ലുക എന്നു പറയുന്നതു മാത്രം ഉറക്കെയായിരുന്നു എന്നു മാത്രം. എങ്കിലും ബുദ്ധിമാനായ വെടിക്കുരു മാത്തന്‍ ആണ് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും അഞ്ചു നന്മനിറഞ്ഞമറിയവും ആണ് പ്രായ്ചിത്തമെങ്കില്‍ അതു നല്ല കിടിലന്‍ പാപത്തിനായിരിക്കും എന്നും, അതിന്റെ എണ്ണം കുറവെങ്കില്‍ കുറഞ്ഞ പാപങ്ങള്‍ എന്നും ഡിഫൈന്‍ ചെയ്തത്. ആ വിവരം പിള്ളേരില്‍ നിന്നും പതുക്കെ കാര്‍ന്നോന്മാരിലും എത്തിയതിനാല്‍ ആയിരിക്കാം പതുക്കെ കുത്തുവളച്ചേലച്ചന്റെ ക്യൂ കുറയുകയും ക്രമേണ അച്ചന്‍ കുഷ്വന്ത് സിങിനേപ്പോലെ എല്ലാവരോടും പകയോടെ എന്ന സ്ഥിതിയിലേക്കത്തിയതും.

കാലം ശകലം പോലും പിറകോട്ടൊഴുകിയില്ല, നല്ല വേഗത്തില്‍ തന്നെ മുമ്പോട്ടുപാഞ്ഞു. അതിനൊപ്പിച്ച്
പ്രായവും മുമ്പോട്ടു പോയി. ആദ്യമായി പാലാ ന്യൂ തീയേറ്ററില്‍ കയറി. ഒരു സൈഡില്‍ മതിലിനെ മറയാക്കി മറുസൈഡില്‍ പുസ്തകം തോളത്തു വെച്ച് ആരും കാണില്ല എന്നുറപ്പു വരുത്തി തീയേറ്ററില്‍ കയറിയപ്പോളോ, ഇന്ദ്രജാലം സിനിമക്കു പോലും ഇല്ലാതിരുന്ന തിരക്കവിടെ. പകുതിക്കു വിടുന്നതിനു മുമ്പേ ഞാന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിയോടി എങ്കിലുംക്രമേണ എന്റെ പാപങ്ങളില്‍ ചീത്ത് പടങ്ങള്‍ കണ്ടു, അന്യരെക്കുറിച്ച് ചീത്തയായി വിചാരിച്ചു എന്നു തുടങ്ങിയ കട്ടിയായ പാപങ്ങള്‍ എത്തുകയും, കുമ്പസാരം പലരീതിയിലുള്ള ഭീതികള്‍ക്ക് കാരണമാകുകയും ചെയ്തു. (ഈ അച്ചന്മാര്‍ ഇനി ചെയ്തപാപങ്ങള്‍ വിസ്തരിച്ച് ചോദിക്കുകയും പുറത്തിറങ്ങി വല്ലോരോടും പറയുകയും ചെയ്താലോ എന്ന ഭയം. സില്‍ക് സ്മിതയും അനുരാധയും മുതല്‍ ഷക്കീലവരെ മനുഷ്യരല്ലേ, ചോദിക്കാനും പറയാനും ആള്‍ക്കാരില്ലേ?)

പിന്നെയും ഭൂമി സൂര്യനെ പലപ്രാവശ്യം വലം വെച്ചു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഭൂമി വീണ്ടും 52 ഡിഗ്രീ അക്ഷാംശത്തില്‍ എത്തിയപ്പോള്‍ ഞാന്‍ ചാലക്കുടിയില്‍ ജീവിതമായി. എക്സല്‍ റെമഡീസ് എന്ന കമ്പനിയുടെ ഡി മാത്രമായിരുന്ന ഞാന്‍ എം ഡി യുടെ മരണം മൂലം എം ഡി ആകുകയും പാലാക്കാരന്റെ സ്ലാങ് മാറി ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ സ്ലാങ് വരുകയും ചെയ്തു. ഇടക്കു കസ്റ്റമേര്‍സിനെ വിസിറ്റ് ചെയ്യാന്‍ പോകുന്ന സമയത്ത് എനിക്കു കൂട്ടായി വണ്ടിയോടിക്കാനും മറ്റും ഒരു വാട്ടം ആയി വരുന്ന തടിയന്‍ ജോളിയെ എല്ലാവരും റെസ്പെക്ട് ചെയ്യുന്നതും എന്നെ അവന്റെ വെറും ആശ്രിതന്‍ ആയി കാണുന്നതും എന്നില്‍ വലിയ കോമ്പ്ലെക്സ് ഉണ്ടാക്കിയിരുന്നു. എന്നാ എം ഡി ആയാലും സലിംകുമാര്‍ പറയുന്നപോലെ, “ലുക്കില്ലെന്നേയുള്ളൂ, എം ഡി ആണു ഞാന്‍, ഭയങ്കര ബുദ്ധിമാനാ“ എന്നൊക്കെ കസ്റ്റമേര്‍സിനോട് വിളിച്ചു പറയേണ്ടി വന്നത് എന്റെ വൈകല്യമായ എല്ലാവര്‍ക്കും തോന്നുന്ന ഒരു പാവം പയ്യന്‍ ലുക്ക് ആയിരുന്നു.

എന്തായാലും പറ്റുന്ന പോലെ എം ഡി ആയി ജീവിക്കുന്ന കാലം. ഒരു ഡിസംബര്‍ മാസം. പതിവുപോലെ കള്ളുകുടി സിഗരറ്റുവലി ഒക്കെ ഒന്നു നിര്‍ത്താന്‍ തോന്നി. അതിനുമുന്നോടിയായി പള്ളിയില്‍ പോയി കുമ്പസാരിച്ചു നല്ലപയ്യനായേക്കാം എന്നു വെച്ചു.

ചാലക്കുടിപ്പള്ളി എന്നൊക്കെ പറഞ്ഞാല്‍ വളരെ ഫെയ്മസ് പള്ളിയല്ലേ? അവിടെ രാവിലെ തന്നെ പോയി. കുമ്പസാരിക്കാന്‍ നല്ല ക്യൂ. ബിവറേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ ഒഴിച്ച് എവിടെ ക്യൂ കണ്ടാലും കലി വന്ന് അവിടെ നിന്നും പോകുന്ന ഞാന്‍ എന്തായാലും നന്നാവാന്‍ അല്ലേ എന്നു കരുതി നിന്നു. വികാരിയച്ചന്റെ മുമ്പിലാണ് ഞാന്‍ നിന്നത്, പഴയ കുത്തുവളച്ചേല്‍ അച്ചന്റെ ടൈപ് ആയിരിക്കും എന്നു കരുതി അവിടെ തന്നെ നിന്നു. അവസാനം എന്റെ ഊഴം വന്നു. എവിടെയോ പഴയ പെര്‍ഫെക്ഷണലിസ്റ്റിന്റെ ബാക്കി കിടന്നതിനാലാവാം സ്ഥിരം പാപങ്ങളുടെ കൂടെ സിഗരറ്റു വലിക്കാറുണ്ട്, കള്ളുകുടിച്ചിട്ടുണ്ട്, ചീത്ത പടങ്ങള്‍ കണ്ടിട്ടുണ്ട് തുടങ്ങിയവ ഒരു മേമ്പൊടിക്കു ചേര്‍ത്തു.

പാവം അച്ചന്‍, അദ്ദേഹത്തിന്റെ ധാര്‍മ്മികത ഉണര്‍ന്നു, പിന്നെ ഒരു ഗര്‍ജ്ജനം ആയിരുന്നു. “കുനിച്ചു നിര്‍ത്തി നിന്റെ കുണ്ടിക്കിട്ടു നല്ല പെട വെച്ചു തരികയാ വേണ്ടത്. ഇത്ര ചെറുപ്രായത്തിലെ നിനക്കില്ലാത്ത ദുശീലങ്ങളൊന്നും ഇല്ലല്ലോ? മര്യാദക്കു വല്ലതും പഠിച്ചു നടന്നാല്‍ നിനക്കു കൊള്ളാം”


പിന്നെ അദ്ദേഹത്തിന്റെ സോഫ്റ്റ് ആയ ഉപദേശങ്ങള്‍ പുറകേ. ഞാന്‍ ലുക് ഇല്ലാത്ത എം ഡി ആണെന്നൊന്നും പറഞ്ഞില്ല. കൈകൂപ്പി തലകുനിച്ചു നിന്ന് എല്ലാം കേട്ടു. അഞ്ചു സ്വര്‍ഗ്ഗസ്ഥനായതും അഞ്ചു നന്മനിറഞ്ഞ മറിയവും, അഞ്ചു ത്രീത്വസ്തുതിയും മുട്ടിന്മേല്‍ നിന്നു തന്നെ ചൊല്ലി അപ്പുറെ നിന്ന ഒറ്റപെണ്ണിനെ പോലും നോക്കാതെ ഒരു മുഴുവന്‍ കുര്‍ബാന കണ്ടു ഞാന്‍. ഒരു ശരാശരി ചെറുപ്പക്കാരനില്‍ നിന്നും എന്തെങ്കിലും നല്ലതേ എന്നില്‍ കാണാന്‍ സാധിക്കൂ, എങ്കിലും ഞാന്‍ തുറന്നു കുമ്പസാരിച്ചാല്‍ ഇത്ര പ്രശ്നമെങ്കില്‍ എങ്ങനെ ഒരു പാപി കുമ്പസാരിക്കും. പാവം സിസ്റ്റര്‍ സെഫിക്കെങ്ങാനും ഒന്നു കുമ്പസാരിക്കാന്‍ തോന്നിയാല്‍?

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP