ഞാനൊരു പാവം പാലാക്കാരന്‍

എന്റെ തെറ്റുകള്‍

>> Wednesday, January 14, 2009

ചെറുപ്പത്തില്‍ കുമ്പസാരവും കുര്‍ബാനയും ഒക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നു. ആദ്യകുര്‍ബാനയും മറ്റും ക്രിസ്ത്യാനികള്‍ വളരെ കാര്യമായി പണ്ടുമുതലേ ആഘോഷിച്ചിരുന്നു. അങ്ങനെ ആദ്യകുര്‍ബാനക്ക് മുമ്പായിട്ട് ഞാനും കുമ്പസാരിച്ചു. പാപങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല, അറിയാതെ വല്ല പാപവും ചെയ്തിട്ടുണ്ടേല്‍ അതു കുമ്പസാരിക്കുമ്പോള്‍ പറഞ്ഞില്ലേല്‍ പിന്നെ കുര്‍ബാന കൈക്കൊണ്ടാല്‍ ചാപദോഷം ആണെന്നാ കേട്ടിരിക്കുന്നത്. ഇന്നെങ്ങാനും ഒരു പാപവും ചെയ്തിട്ടില്ലെന്നു പറഞ്ഞാല്‍ രൂപക്കൂട്ടില്‍ കയറ്റി ഇരുത്താന്‍ ആണായിക്കൂടി ഒരുത്തനെ കേരളത്തിനു കിട്ടുമല്ലോ എന്നു കരുതി അച്ചന്മാര്‍ അപ്പോള്‍ തന്നെ തട്ടിക്കളയും എന്നാ തോന്നുന്നേ.

പാലാ രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും ബോര്‍ഡറില്‍ ആയിരുന്നു അമ്മവീട്, അതിനാല്‍ സ്കൂള്‍ പാലാ രൂപതയിലും വേദപാഠം, പള്ളി എന്നിവ കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ ഇളങ്ങുളത്തും ആയിരുന്നു. ആദ്യം മുതലേ കുമ്പസാരം ഒരു പ്രശ്നമായിരുന്നു. വരി വരിയായി മുട്ടില്‍ കുത്തിനിന്ന് കാത്തിരുന്ന് അവസാനം അച്ചന്റെ അടുത്തുചെന്ന് ഉള്ള പാപങ്ങള്‍ ഒക്കെ പറയുക എന്നത് ചെറിയ ഒരു ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു. എങ്കിലും കുമ്പസാരിച്ചു കഴിയുമ്പോള്‍ മനസ് ഒന്നു ശുദ്ധിയായതുപോലെയും പാപങ്ങളെല്ലാം മോചിക്കപ്പെട്ടതുകൊണ്ട് ഉള്ളില്‍ ഒരു കുളിര്‍മ്മയും ഒക്കെ തോന്നിയിരുന്നു.

ചെറുപ്പത്തില്‍ ഒരു പെര്‍ഫെക്ഷണലിസ്റ്റ് ആയിരുന്നതുകൊണ്ടാണോ എന്തോ ഞാന്‍ സങ്കല്പ കഥകള്‍ മറ്റുള്ള സഹോദരങ്ങളെ പറഞ്ഞുകേള്‍പ്പിക്കുന്നതൊഴിച്ചാല്‍ വേറെ നുണ പറഞ്ഞിരുന്നില്ല. കള്ളം എങ്ങാനും പറഞ്ഞാല്‍ പിന്നെ അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള നുണകള്‍ എല്ലാം ഓര്‍ത്തുകൊണ്ട് ഇരിക്കണമല്ലോ എന്നതായിരുന്നു എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്ന കാര്യം. മാത്രവുമല്ല, കള്ളം പറഞ്ഞിട്ട് അതു പിന്നെ പൊളിക്കപ്പെട്ട് പലരും കൂടുതല്‍ അടി വാങ്ങുന്നത് വീട്ടിലും സ്കൂളിലും ഒക്കെ കണ്ടിട്ടുള്ളതിനാല്‍ റിസ്ക് എടുത്തിരുന്നില്ല. എങ്കിലും കുമ്പസാരിച്ചിട്ടുള്ള ഒരാഴ്ചത്തേക്ക് ഞാന്‍ സഹോദരങ്ങളെ “നീ കുമ്പസാരിച്ചതാ..നുണ പറയാന്‍ പാടില്ല“ എന്ന ഭീഷണി നടത്തി സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നു മാത്രം.

എങ്കിലും എന്റെ ആദ്യകാല പാപങ്ങള്‍ ഇതൊക്കെയായിരുന്നു.
* ഞാന്‍ കുമ്പസാരിച്ചിട്ട് 14 ദിവസമായി.
( എത്ര നാളായി കുമ്പസാരിച്ചിട്ട് എന്നു പറയണം എന്നുള്ളത്, അഞ്ചും ആറും വര്‍ഷം കൂടുമ്പോള്‍ കുമ്പസാരിക്കുന്നവരെ പിടിക്കാന്‍ അച്ചന്മാര്‍ ഉണ്ടാക്കിയ ഒരു നിയമം ആയിരുന്നു. ദിവസവും വേണമെങ്കില്‍ കുമ്പസാരിക്കാന്‍ റെഡിയായ നമ്മുടെ കണക്ക് ദൈവത്തിനെന്തിനാ?)
* ദൈവനാമം വൃദാ ഉപയോഗിച്ചിട്ടുണ്ട്
(ഈ പാപം ചെയ്തതാണെന്ന് ഉറപ്പില്ലെങ്കിലും സാധാരണ ഒന്നു രണ്ടുമാസത്തെ ഗ്യാപ് വന്നിട്ടുണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാറുണ്ട്. കാരണം ഒന്നുകില്‍ ക്ലാസിലെ പിള്ളേര്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ സത്യം ആണെന്ന് ഉറപ്പിക്കാന്‍ ദൈവസത്യം ചെയ്യണം എന്നൊക്കെ നിര്‍ബന്ധം പിടിക്കാറുണ്ടല്ലോ?)
* മാതാപിതാക്കളെ അനുസരിക്കാതിരുന്നിട്ടുണ്ട്, ജോലികളില്‍ സഹായിക്കാതിരുന്നിട്ടുണ്ട്.
(കുഞ്ഞുപ്പാപ്പനും വല്ല്യമ്മയും പറയുന്ന ജതിക്കായ് പെറുക്കും ഒട്ടുപാലു പെറുക്കും ഷീറ്റെടുക്കലും എല്ലാം ചെയ്യുമെങ്കിലും അമ്മ പറയുന്നതെന്തെങ്കിലും ഞാന്‍ മടുത്തിട്ടല്ലേ അമ്മേ എന്ന ഒഴിവുകഴിവില്‍ ചെയ്യാതിര്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടു മാത്രം പറയുന്ന പാപം)
* കള്ളം പറഞ്ഞിട്ടുണ്ട്
(സാധാരണ ചെയ്യാറില്ലെങ്കിലും സങ്കല്പങ്ങള്‍ പറഞ്ഞിരുന്നത് നുണകളായി കര്‍ത്താവു തെറ്റിദ്ധരിക്കുമോ എന്ന ഭയം കൊണ്ടു മാത്രം പറഞ്ഞിരുന്ന പാപം)
* കട്ടെടുത്തിട്ടുണ്ട്
(വല്ലപ്പോഴും ചേച്ചി അടിച്ചു മാറ്റുന്ന ബിസ്കറ്റിന്റെ പങ്കാളിയാകുന്നത്, ഒന്നിച്ചു കൂടി തേന്‍ കട്ടുകുടിക്കുന്നത്, അവലോസുണ്ട, ചിപ്സ് മുതലായ സാധനങ്ങള്‍ കഴിക്കുന്നത് ഇതൊക്കെ മാത്രം.)

എങ്കിലും ഇടക്കു അച്ചന്മാര്‍ക്കു ബോറടിക്കാതിരിക്കാന്‍ ഒരെണ്ണം കുറച്ചും അല്ലെങ്കില്‍ മാറ്റിയും ഒക്കെ പയറ്റിയിരുന്നു എന്നു മാത്രം.

ഇളങ്ങുളത്ത് ആദ്യമൊക്കെ എല്ലാവര്‍ക്കും പ്രായമായി റിട്ടയര്‍ ആയ കുത്തുവളച്ചേല്‍ അച്ചന്റെയടുത്ത് കുമ്പസാരിക്കുന്നതായിരുന്നു ഇഷ്ടം. ജീവിതകാലം മുഴുവന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള പലതരത്തില്‍ പലസൈസില്‍ ഉള്ള പാപങ്ങള്‍ കേട്ട എക്സ്പീരിയന്‍സുള്ളതിനാല്‍ ആരോടും വല്ല്യ ദേഷ്യമൊന്നും കാണിക്കാതെ നിര്‍വ്വികാരനായി കുമ്പസാരക്കൂട്ടില്‍ ഇരുന്നിരുന്നു എന്നതിനാലല്ല, പുള്ളിക്കാരന് ചെവി നന്നായി കേള്‍ക്കില്ല എന്നുള്ളതായിരുന്നു കാരണം.. അതിനാല്‍ വികാരിയച്ചന്റെയും കൊച്ചച്ചന്റെയും ക്യൂവില്‍ അഞ്ചുപേരുള്ളപ്പോളും കുത്തുവളച്ചേല്‍ അച്ചന്റെ ക്യൂവില്‍ ഇരുപത്തഞ്ചു പേര്‍ നിന്നിരുന്നത്. അവസാനം “കര്‍ത്താവായ ദൈവം നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നും പോയി പ്രായ്ചിത്തമായി കുറച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവും ഒക്കെ ചെല്ലുക എന്നു പറയുന്നതു മാത്രം ഉറക്കെയായിരുന്നു എന്നു മാത്രം. എങ്കിലും ബുദ്ധിമാനായ വെടിക്കുരു മാത്തന്‍ ആണ് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും അഞ്ചു നന്മനിറഞ്ഞമറിയവും ആണ് പ്രായ്ചിത്തമെങ്കില്‍ അതു നല്ല കിടിലന്‍ പാപത്തിനായിരിക്കും എന്നും, അതിന്റെ എണ്ണം കുറവെങ്കില്‍ കുറഞ്ഞ പാപങ്ങള്‍ എന്നും ഡിഫൈന്‍ ചെയ്തത്. ആ വിവരം പിള്ളേരില്‍ നിന്നും പതുക്കെ കാര്‍ന്നോന്മാരിലും എത്തിയതിനാല്‍ ആയിരിക്കാം പതുക്കെ കുത്തുവളച്ചേലച്ചന്റെ ക്യൂ കുറയുകയും ക്രമേണ അച്ചന്‍ കുഷ്വന്ത് സിങിനേപ്പോലെ എല്ലാവരോടും പകയോടെ എന്ന സ്ഥിതിയിലേക്കത്തിയതും.

കാലം ശകലം പോലും പിറകോട്ടൊഴുകിയില്ല, നല്ല വേഗത്തില്‍ തന്നെ മുമ്പോട്ടുപാഞ്ഞു. അതിനൊപ്പിച്ച്
പ്രായവും മുമ്പോട്ടു പോയി. ആദ്യമായി പാലാ ന്യൂ തീയേറ്ററില്‍ കയറി. ഒരു സൈഡില്‍ മതിലിനെ മറയാക്കി മറുസൈഡില്‍ പുസ്തകം തോളത്തു വെച്ച് ആരും കാണില്ല എന്നുറപ്പു വരുത്തി തീയേറ്ററില്‍ കയറിയപ്പോളോ, ഇന്ദ്രജാലം സിനിമക്കു പോലും ഇല്ലാതിരുന്ന തിരക്കവിടെ. പകുതിക്കു വിടുന്നതിനു മുമ്പേ ഞാന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിയോടി എങ്കിലുംക്രമേണ എന്റെ പാപങ്ങളില്‍ ചീത്ത് പടങ്ങള്‍ കണ്ടു, അന്യരെക്കുറിച്ച് ചീത്തയായി വിചാരിച്ചു എന്നു തുടങ്ങിയ കട്ടിയായ പാപങ്ങള്‍ എത്തുകയും, കുമ്പസാരം പലരീതിയിലുള്ള ഭീതികള്‍ക്ക് കാരണമാകുകയും ചെയ്തു. (ഈ അച്ചന്മാര്‍ ഇനി ചെയ്തപാപങ്ങള്‍ വിസ്തരിച്ച് ചോദിക്കുകയും പുറത്തിറങ്ങി വല്ലോരോടും പറയുകയും ചെയ്താലോ എന്ന ഭയം. സില്‍ക് സ്മിതയും അനുരാധയും മുതല്‍ ഷക്കീലവരെ മനുഷ്യരല്ലേ, ചോദിക്കാനും പറയാനും ആള്‍ക്കാരില്ലേ?)

പിന്നെയും ഭൂമി സൂര്യനെ പലപ്രാവശ്യം വലം വെച്ചു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഭൂമി വീണ്ടും 52 ഡിഗ്രീ അക്ഷാംശത്തില്‍ എത്തിയപ്പോള്‍ ഞാന്‍ ചാലക്കുടിയില്‍ ജീവിതമായി. എക്സല്‍ റെമഡീസ് എന്ന കമ്പനിയുടെ ഡി മാത്രമായിരുന്ന ഞാന്‍ എം ഡി യുടെ മരണം മൂലം എം ഡി ആകുകയും പാലാക്കാരന്റെ സ്ലാങ് മാറി ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ സ്ലാങ് വരുകയും ചെയ്തു. ഇടക്കു കസ്റ്റമേര്‍സിനെ വിസിറ്റ് ചെയ്യാന്‍ പോകുന്ന സമയത്ത് എനിക്കു കൂട്ടായി വണ്ടിയോടിക്കാനും മറ്റും ഒരു വാട്ടം ആയി വരുന്ന തടിയന്‍ ജോളിയെ എല്ലാവരും റെസ്പെക്ട് ചെയ്യുന്നതും എന്നെ അവന്റെ വെറും ആശ്രിതന്‍ ആയി കാണുന്നതും എന്നില്‍ വലിയ കോമ്പ്ലെക്സ് ഉണ്ടാക്കിയിരുന്നു. എന്നാ എം ഡി ആയാലും സലിംകുമാര്‍ പറയുന്നപോലെ, “ലുക്കില്ലെന്നേയുള്ളൂ, എം ഡി ആണു ഞാന്‍, ഭയങ്കര ബുദ്ധിമാനാ“ എന്നൊക്കെ കസ്റ്റമേര്‍സിനോട് വിളിച്ചു പറയേണ്ടി വന്നത് എന്റെ വൈകല്യമായ എല്ലാവര്‍ക്കും തോന്നുന്ന ഒരു പാവം പയ്യന്‍ ലുക്ക് ആയിരുന്നു.

എന്തായാലും പറ്റുന്ന പോലെ എം ഡി ആയി ജീവിക്കുന്ന കാലം. ഒരു ഡിസംബര്‍ മാസം. പതിവുപോലെ കള്ളുകുടി സിഗരറ്റുവലി ഒക്കെ ഒന്നു നിര്‍ത്താന്‍ തോന്നി. അതിനുമുന്നോടിയായി പള്ളിയില്‍ പോയി കുമ്പസാരിച്ചു നല്ലപയ്യനായേക്കാം എന്നു വെച്ചു.

ചാലക്കുടിപ്പള്ളി എന്നൊക്കെ പറഞ്ഞാല്‍ വളരെ ഫെയ്മസ് പള്ളിയല്ലേ? അവിടെ രാവിലെ തന്നെ പോയി. കുമ്പസാരിക്കാന്‍ നല്ല ക്യൂ. ബിവറേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ ഒഴിച്ച് എവിടെ ക്യൂ കണ്ടാലും കലി വന്ന് അവിടെ നിന്നും പോകുന്ന ഞാന്‍ എന്തായാലും നന്നാവാന്‍ അല്ലേ എന്നു കരുതി നിന്നു. വികാരിയച്ചന്റെ മുമ്പിലാണ് ഞാന്‍ നിന്നത്, പഴയ കുത്തുവളച്ചേല്‍ അച്ചന്റെ ടൈപ് ആയിരിക്കും എന്നു കരുതി അവിടെ തന്നെ നിന്നു. അവസാനം എന്റെ ഊഴം വന്നു. എവിടെയോ പഴയ പെര്‍ഫെക്ഷണലിസ്റ്റിന്റെ ബാക്കി കിടന്നതിനാലാവാം സ്ഥിരം പാപങ്ങളുടെ കൂടെ സിഗരറ്റു വലിക്കാറുണ്ട്, കള്ളുകുടിച്ചിട്ടുണ്ട്, ചീത്ത പടങ്ങള്‍ കണ്ടിട്ടുണ്ട് തുടങ്ങിയവ ഒരു മേമ്പൊടിക്കു ചേര്‍ത്തു.

പാവം അച്ചന്‍, അദ്ദേഹത്തിന്റെ ധാര്‍മ്മികത ഉണര്‍ന്നു, പിന്നെ ഒരു ഗര്‍ജ്ജനം ആയിരുന്നു. “കുനിച്ചു നിര്‍ത്തി നിന്റെ കുണ്ടിക്കിട്ടു നല്ല പെട വെച്ചു തരികയാ വേണ്ടത്. ഇത്ര ചെറുപ്രായത്തിലെ നിനക്കില്ലാത്ത ദുശീലങ്ങളൊന്നും ഇല്ലല്ലോ? മര്യാദക്കു വല്ലതും പഠിച്ചു നടന്നാല്‍ നിനക്കു കൊള്ളാം”


പിന്നെ അദ്ദേഹത്തിന്റെ സോഫ്റ്റ് ആയ ഉപദേശങ്ങള്‍ പുറകേ. ഞാന്‍ ലുക് ഇല്ലാത്ത എം ഡി ആണെന്നൊന്നും പറഞ്ഞില്ല. കൈകൂപ്പി തലകുനിച്ചു നിന്ന് എല്ലാം കേട്ടു. അഞ്ചു സ്വര്‍ഗ്ഗസ്ഥനായതും അഞ്ചു നന്മനിറഞ്ഞ മറിയവും, അഞ്ചു ത്രീത്വസ്തുതിയും മുട്ടിന്മേല്‍ നിന്നു തന്നെ ചൊല്ലി അപ്പുറെ നിന്ന ഒറ്റപെണ്ണിനെ പോലും നോക്കാതെ ഒരു മുഴുവന്‍ കുര്‍ബാന കണ്ടു ഞാന്‍. ഒരു ശരാശരി ചെറുപ്പക്കാരനില്‍ നിന്നും എന്തെങ്കിലും നല്ലതേ എന്നില്‍ കാണാന്‍ സാധിക്കൂ, എങ്കിലും ഞാന്‍ തുറന്നു കുമ്പസാരിച്ചാല്‍ ഇത്ര പ്രശ്നമെങ്കില്‍ എങ്ങനെ ഒരു പാപി കുമ്പസാരിക്കും. പാവം സിസ്റ്റര്‍ സെഫിക്കെങ്ങാനും ഒന്നു കുമ്പസാരിക്കാന്‍ തോന്നിയാല്‍?

5 comments:

Anonymous January 17, 2009 at 11:37 PM  

Eee kumbsarathode mashu kumbasarame nirthiyo? Achan paranjadilum vaasthavam ille...ellarodum idokke arikum parayunnadu...arum purathu parayanjittalle...

Sinochan January 18, 2009 at 12:25 PM  

സ്വപനചേച്ചീ,

കുമ്പസാരം അതുകൊണ്ട് നിര്‍ത്തിയൊന്നുമില്ല. എങ്കിലും ക്രമേണ എന്റെ വിശ്വാസങ്ങളില്‍ വന്ന മാറ്റങ്ങള്‍ കൊണ്ട് ഇപ്പോള്‍ അതു ക്രമേണ ഇല്ലെന്നായി എന്നു പറയാം. എന്റെ തെറ്റുകള്‍ തെറ്റായിതന്നെ തുറന്നു പറയുന്നതില്‍ എനിക്കു മടിയില്ല.

പക്ഷെ അച്ചന്‍ പറഞ്ഞതില്‍ തെറ്റുണ്ട്. കുമ്പസാരിക്കാന്‍ വന്ന ബാകിയുള്ളവര്‍ മുഴുവന്‍ അതു കേട്ടു. എന്നെ വെറും ഒരു കുറ്റവാളിയുടെ കണക്ക് അവരെല്ലാം നോക്കി. അതു കേട്ടവരാരും തന്നെ ഇനി നന്നായി കുമ്പസാരിക്കില്ല, കാരണം ഈ പേടി. കുമ്പസാരം കൌണ്‍സലിങ്ങിന്റെ ഒരു ചെറിയ പതിപ്പാണ്. സമൂഹത്തില്‍ വരുന്ന മാറ്റങ്ങളും പാപങ്ങളില്‍ വരുന്ന മാറ്റങ്ങളും അച്ചന്മാര്‍ മനസിലാക്കിയേ പറ്റൂ.

എന്റെ ചെറിയ കുറിപ്പുകള്‍ വായിക്കുന്നതിനും പ്രോത്സാഹനം തരുന്നതിനും ഒത്തിരി നങിയുണ്ട്.

ബിനോയ്//HariNav January 18, 2009 at 3:51 PM  

കണ്ടോ കണ്ടോ.. അവസാനം തനിസ്വഭാവം പുറത്തുവന്നത് കണ്ടോ.. കേരളത്തിലെ കര്‍ത്താവിന്റെ മണവാട്ടികളില്‍ ഏറ്റവും ഫേമസായ സ്റ്റെഫിക്കുതന്നെ പണികൊടുത്തതുകണ്ടോ?? എന്നിട്ട് പാവം അച്ചന് പഴിയും. :-)

Jayasree Lakshmy Kumar January 18, 2009 at 10:01 PM  

കൊള്ളാട്ടോ. രസികൻ പോസ്റ്റ്:)

ശ്രീ January 22, 2009 at 9:37 AM  

നന്നാവാന്‍ ഒന്നു തീരുമാനിച്ചപ്പോഴേയ്ക്കും ഇത്രയും കഷ്ടപ്പാട് അല്ലേ?


എഴുത്ത് രസമായിട്ടുണ്ട് മാഷേ


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP