കുമരകം യാത്രയും ചില ചിത്രങ്ങളും
>> Wednesday, November 19, 2008
അങ്ങനെ കുറെ നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സഹോദരീസഹോദരങ്ങള്‍ ഒന്നിച്ചപ്പോള്‍ തിരക്കിനിടയിലും ഒരു ദിവസം യാത്ര പോകാനായി മാറ്റി വച്ചു. അങ്ങനെ ഞങ്ങള്‍ ഒരു ഹൌസ് ബോട്ട് എടുത്ത് ഒരു ദിവസം കുമരകം കുട്ടനാട് ഒക്കെ കറങ്ങി. കണ്ണീരു പോലത്തെ വെള്ളമൊന്നുമല്ലെങ്കിലും കണ്ണിനു കുളിര്‍മ്മയേകുന്നതു തന്നെ കാഴ്ചകള്‍. അതില്‍ ചിലതൊക്കെയേ ക്യാമറയില്‍ പതിഞ്ഞുള്ളൂ, മനസിലൊത്തിരിയുണ്ടെങ്കിലും.
ഞങ്ങളേപ്പോലെ എത്രയോ ആള്‍ക്കാര്‍! മലയാളികളും, ഇന്ത്യാക്കാരും വിദേശീയരുമൊക്കെയായി. പണ്ടൊക്കെ കൊതുമ്പു വള്ളങ്ങളും സാധാരണ വള്ളങ്ങളുമായി നിറഞ്ഞിരുന്ന കായല്‍ ഇന്ന് കെട്ടു വള്ളങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.
റോമല്‍ എന്ന ഞങ്ങളുടെ ആരോമല്‍, മക്കള്‍ തലമുറയിലെ ആദ്യ കണ്ണി, എല്ലാ പൊടികളുടെയും ചേട്ടായി. ഏകനായി ഒരു മൂലയിലിരുന്ന് കാഴ്ചകാണാന്‍ എല്ലാ തിരക്കുകള്‍ക്കിടയിലും അവന്‍ സമയം കണ്ടെത്തി. ഒരു പക്ഷെ ജീവിതത്തെക്കുറിച്ചായിരിക്കാം അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്.
ചൂണ്ടയിടാനും ഇത്തിരി സമയം ചിലവഴിച്ചു ഞങ്ങളുടെ എയ്മി. കൊതുകും ചൂടും അവളെ ഒത്തിരി അലട്ടിയെങ്കിലും നാട്ടിലെ കുടുംബത്തില്‍ ലഭിക്കുന്ന സ്നേഹവും പങ്കുവെക്കലും അവളെയും വലിയ കുടുംബത്തിന്റെ നന്മകള്‍ പഠിപ്പിച്ചിരിക്കാം.
ഊണിനു ശേഷം ഒന്നു മയങ്ങാന്‍ എ സി റൂം. കറിയാച്ചനും കോക്കുവും വിശ്രമത്തിനുള്ള പുറപ്പാട്.
ഇന്നത്തെ വേട്ടക്കിറങ്ങിയ ഈ ചേട്ടന്റെ മനസില്‍ കായലിന്റെ ഭംഗിയോ തന്നെ നോക്കിയിരിക്കുന്ന നീര്‍കാക്കയുടെ ചിന്തകളോ ആയിരിക്കില്ല. ഇടതു വശത്തു വീശിയാല്‍ ഇഷ്ടം പോലെ മീന്‍ കിട്ടും എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരോ, വലതുവശത്തു വീശാന്‍ പറയുന്ന കോണ്‍ഗ്രസുകാരോ, പണ്ട് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞപോലെ ശരിയായ കാര്യങ്ങള്‍ പറയുന്നില്ലല്ലോ എന്ന ചിന്തയായിരിക്കാം.
ചേട്ടായിയുടെ മേല്‍നോട്ടത്തില്‍ ബോട്ടോടിക്കുന്ന അമ്മു എന്ന ഞങ്ങളുടെ കാമ്യ. കാര്യപ്രാപ്തിയും ബുദ്ധിയും തന്റേടവുമുള്ള ഇവള്‍ ഒരു വാഗ്ദാനമായിരിക്കും.
ഞങ്ങളുടെ കൊഞ്ചിക്കുട്ടി പൊന്നു എന്ന നന്ദന. മൂത്ത രണ്ടു സഹോദരങ്ങളേയും താഴെ കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരിക്കുന്ന കസിന്‍സിനേയും കവച്ചു വെച്ച് എല്ലാവരുടെയും ഓമനയാകാന്‍ ഇത്തിരി കൊഞ്ചിയാലെന്താ കുഴപ്പം?
കൂട്ടത്തില്‍ നടുക്ക് ഉയര്‍ന്നു നിന്നിരുന്നതായിരുന്നു ഞങ്ങള്‍ രണ്ടും, പറഞ്ഞിട്ടെന്താ...ഇടിവെട്ടേറ്റു കരിഞ്ഞ തലമണ്ടയുമായി ഇനി എന്തിനൊരു പാഴ് ജീവിതം?
കായല്‍ നിരപ്പിനു താഴെ ഒരു കൃഷിയിടം - R - Block. വര്‍ഷങ്ങള്‍ക്കു മുമ്പ് ജലനിരപ്പിലും സമുദ്രനിരപ്പിലും താഴെയായി ബണ്ടുകെട്ടി ഒരു വിളനിലം ഒരുക്കനുള്ള ഏതോ ഒരു മനുഷ്യന്റെ ഇച്ഛാശക്തിയും അറിവും അംഗീകരിക്കപ്പെടേണ്ടതു തന്നെ. മുതലാളിത്ത ക്രൂരതകളേയും തൊഴിലാളി ചൂഷണത്തേയും കുറിച്ചു വാചാലമാവുന്നവര്‍ മനസിലാക്കുക, താജ്മഹള്‍ ഉണ്ടാക്കാന്‍ എത്രയോ തൊഴിലാളികളെ ഷാജഹാന്‍ ചൂഷണം ചെയ്തിരിക്കാം. ഇന്ത്യന്‍ റെയില്‍വേ ഉണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ എത്ര തൊഴിലാളികളെ ചൂഷണം ചെയ്തിരിക്കാം. ഇന്നും ഗള്‍ഫു നാടുകളില്‍ എത്രയോ ഇന്ത്യാക്കാര്‍ ചൂഷണത്തിനിരയാവുന്നു. ഇന്നു ഇടതു പക്ഷവും വലതു പക്ഷവും കൂടി ബുദ്ധിമാന്മാരെന്നഭിമാനിക്കുന്ന മലയാളികളെ എത്ര നാളുകളായി ചൂഷണം ചെയ്യുന്നു. ഒരു നല്ല റോഡോ, ആവശ്യത്തിനു ഇലക്ട്രിസിറ്റിയോ പോലും തരാനാവാതെ.
അമ്മമ്മയുടെ പൊടിക്കൊച്ചും കോക്കുവും. ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ പാടുപെടുന്ന ഇന്നത്തെ തലമുറക്കിടയില്‍ നാലുമക്കളെ ഒറ്റക്കു വളര്‍ത്തിയ പാവം അമ്മയാണ് എന്റെ മാതൃക. നാലു പറ്റുമെങ്കില്‍ അഞ്ചാക്കാനും !
2 comments:
ആ യാത്രയുടെ എല്ലാ കുളിര്‍മയും ഈ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.സത്യത്തില്‍ ഈ ഒത്തു ചേരല്‍ എന്ന സംഭവം തന്നെ ഒരു അനുഭൂതിയാണ്
നന്നായിരിക്കുന്നു. ചക്കരകുട്ടികളെ ഒക്കെ കൂടി ഇട്ട ഈ പോസ്റ്റ് അതിനാൽ തന്നെ മനോഹരം
Post a Comment