ഞാനൊരു പാവം പാലാക്കാരന്‍

ഒരു മാനേജരുടെ ആദ്യ വാരം

>> Wednesday, November 26, 2008

ദുബാ‍യില്‍ വന്ന് ജീവിതം ആരംഭിച്ച കാലം. ഒരു ഇന്റര്‍നാഷണല്‍ കോഫീഷോപ് ചെയിനിന്റെ IT മാനേജര്‍ എന്നൊക്കെയുള്ള പിടിച്ചാല്‍ പൊങ്ങാത്ത സ്ഥാനം കിട്ടി. അടിപൊളി ഓഫീസ്, നല്ല സ്റ്റൈലന്‍ മേശ, ഇരുന്നാല്‍ എന്റെ തലയില്‍ ഇന്ത്യന്‍ കോഫീഹൌസിലെ വെയിറ്ററുടെ തൊപ്പിയുണ്ടെങ്കില്‍ അതു വരെ താങ്ങുന്ന
പൊക്കത്തിലുള്ള ലതര്‍ കസേര. പണ്ട് ജോസ് പ്രകാശും ബാലന്‍ കെ നായരുമൊക്കെ കോട്ടും സ്യൂട്ടും ഒക്കെ ഇട്ടിരുന്ന സെറ്റപ്പ്. കാര്യം ടൈ ഒക്കെയുണ്ടായിരുന്നെങ്കിലും എനിക്കു തോന്നി ഒരു സ്യൂട്ടും കൂടി ആവാമായിരുന്നു എന്ന്.

UAE ഇല്‍ എല്ലാ സ്ഥലത്തും തന്നെ ഔട്ട് ലെറ്റുകള്‍. അതില്‍ നിറയെ റഷ്യന്‍, മൊറോക്കന്‍, സൌത്ത് ആഫ്രികന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അതി സുന്ദരിമാരും, ഫിലിപ്പീന്‍സ് ശ്രീലങ്ക ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സാധാരണ സുന്ദരിമാരും പിന്നെ കുറേ കോന്തന്‍ ആണുങ്ങളും അടങ്ങിയ ജോലിക്കാര് ആയിരുന്നു ഔട്ട് ലെറ്റില്‍ എങ്കിലും ഓഫീസില്‍ കൂടുതലും ഇന്ത്യാക്കാര്‍ ആയിരുന്നു. ഒരാഴ്ച മധുവിധു ആയിരുന്നു. എല്ലാവരും പരിചയപ്പെടുന്നു. വഴിയില്‍ കാണുമ്പോളെല്ലാം Hai, How are you എന്നു കാര്യമായി ചോദിക്കുന്നു, എന്നാല്‍ കാര്യമായി മറുപടി പറഞ്ഞേക്കാം എന്നു കരുതി ഐ ആം ഫൈന്, താങ്ക്സ്, ഹൌ എബൌട് യു എന്നു വലിച്ചു നീട്ടി ചോദിക്കുന്നതിനു മുമ്പ് അവര്‍ പോകുകയും ചെയ്യുന്നു.


ഒരാഴ്ച കഴിഞ്ഞു, ഓപ്പറേഷന്‍ മാനേജരുടെ സെക്രട്ടറിയുടെ മെയില്‍, പ്രതിമാസ മീറ്റിങ് ആണ് ഈ വ്യാഴാഴ്ച എന്ന്. എല്ലാ ഡിപാര്‍ട്ട്മെന്റ് ഹെഡുകളും ഔട്ട് ലെറ്റ് മാനേജേര്‍സും പങ്കെടുക്കുന്ന പരിപാടിയാണിതത്രേ. മൊറോക്കന്‍സും വെള്ളക്കാരികളും ഒക്കെ കൂടുതലും മാനേജര്‍മാരാണത്രെ. ഓഫീസിലുള്ളവര്‍ക്ക് ഇത്തരം പെണ്ണുങ്ങളുടെ കാര്യം പറയുമ്പോള്‍ തന്നെയുണ്ടാവുന്ന വായുറവയും കണ്ണിലെ തിളക്കവും കണ്ടപ്പോള് ‍തന്നെ മനസിലായി, എല്ലാം തകര്‍പ്പന്‍ സാധനങ്ങള്‍ തന്നെ. എന്റെയും കണ്ണുകള്‍ ഒക്കെ ചെറുതായി തിളങ്ങി, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനല്ലേ ഞാനും, പോരാത്തതിനു കല്ല്യാണവും കഴിച്ചിട്ടില്ല.


എന്തായാലും കുറക്കണ്ടാ എന്നു വെച്ചു. ഉള്ളതില്‍ തന്നെ ഏറ്റവും നല്ല ലൂയിസ് ഫിലിപ്പേട്ടന്റെ ഷര്‍ട്ടും ആരോന്റെ പാന്റും കസിന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ഗുച്ചിയുടെ ടൈയും ഒക്കെ കെട്ടി. ഷൂ പോളീഷ് ചെയ്തിട്ട് തിളക്കം പോരാഞ്ഞിട്ട് പ്ലാസ്റ്റിക് കൂടെടുത്ത് വീണ്ടും ഷൂവില്‍ തലോടി കണ്ണാടി പോലെയാക്കി. മുഖം വേണമെങ്കിലും ഇനി ഷൂവില്‍ കാണാം. മേശയുടെ അടിയിലൂടെ ഈ ഷൂവില്‍
വരുന്ന പ്രതി ബിംബങ്ങളിലൂടെ എന്തൊക്കെ കാണാന്‍ സാധിക്കും എന്ന തരത്തിലുള്ള ചില കുടില ചിന്തകളും എന്റെ മനസില്‍ വന്നു പോയി എന്നുള്ളതു വാസ്തവം. ശംബളം കിട്ടട്ടെ, ഇത്തിരി വീതിയുള്ള ഒരു ഷൂ തന്നെ വാങ്ങണം.

അങ്ങനെ ഓഫീസില്‍ ചെന്നു. ആകെ കൂടെ ബഹളം, എല്ലാവരും നല്ല സ്റ്റൈലന്‍ ഡ്രസ് ഒക്കെയിട്ട് സുന്ദരന്മാരും സുന്ദരികളുമായി ആഷ് പുഷ് അടിച്ചു നടക്കുന്നു. എനിക്കാണെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാമെന്നല്ലാതെ സ്റ്റൈല്‍ ഒക്കെ ഇത്തിരി കുറവാണ്. പിന്നെ തമിഴന്മാര്‍ പറയുന്ന പോലെ ഐറണ്‍ബോക്സ്, തെലുങ്കര്‍ പറയുന്ന പോലെ ജീറോ എന്നൊന്നും പറയാറില്ലാ എന്നു മാത്രം. സത്യം
പറഞ്ഞാല്‍ ഇത്തിരി ഇന്‍ഫീരിയോരിറ്റി കോംബ്ലക്സ് ഒക്കെ തോന്നിയതു കാരണം ഞാന്‍ എന്റെ മുറിയില്‍ സീറ്റില്‍ തന്നെ ഇരുന്നു. താഴെയാണ് മീറ്റിങ് ഹാള്‍ എങ്കിലും കലപില ശബ്ദങ്ങമുഖരിതമാണ് അന്തരീക്ഷം.പിന്നെ അവര്‍ മുകളിലെ വിവിധ ഡിപാര്‍ട്ടുമെന്റില്‍ കയറി നടക്കുന്നതിന്റെ ഭാഗമായി കളറുകളും ഇടക്കൊക്കെ കാണുന്നുണ്ടെങ്കിലും ഞാന്‍ ഇത്തിരി ജാടയില്‍ തന്നെ ഒന്നും മൈന്റു ചെയ്യാതെ
ഇരുന്നു. അതാ വരുന്നു രണ്ടെണ്ണം. വഴി തെറ്റി കയറിയതായിരിക്കും എന്നു വിചാരിച്ചെങ്കിലും
അവര്‍ എന്റെ നേരെ തന്നെ വന്നു. പറഞ്ഞത് ഒന്നും മനസിലായില്ലാ എങ്കിലും IT മാനേജര്‍ എന്നു കേട്ടതു കാരണം ഞാന്‍ അറിയാവുന്ന സ്റ്റൈലില്‍ യാ യാ എന്നു ഇത്തിരി ബാസു കൂട്ടി പറഞ്ഞു. വെല്‍കം റ്റു അവര്‍ ഫാമിലി എന്നു പറഞ്ഞു അവര്‍ കൈ തന്നു. അവരുടെ എവിടെയാ നോക്കണ്ടത് എന്ന കണ്‍ഫ്യൂഷനിലാരുന്നെങ്കിലും ആ വെണ്ണപോലത്തെ കൈകളില്‍ പിടിച്ച് ഷെയ്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ വായില്‍ വെള്ളമയം ഉണ്ടായിരുന്നതേ ഇല്ല, എന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. സുന്ദരിയായ പെണ്ണിന്റെ അടുത്ത് മുട്ടിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണാച്ചി ആണായോ ഞാന്‍ അല്ലെങ്കില്‍ ഒരു ശരാശരി
വായിനോക്കി ആയിപ്പോയോ ആവോ?


മീറ്റിങ് തുടങ്ങി, ജാടയില്‍ തന്നെ ഞാനും ചെന്നു. നടുവിലത്തെ കസേരയില്‍ അധ്യക്ഷന്‍ ആയ ഓപ്പറേഷന്‍ മാനേജര്‍ വന്നിരുന്ന് ജനഗണമനയോ അറബിഗണമനയോ ഈശ്വരപ്രാര്‍ത്ഥനയോ ഒക്കെ നടത്തുമായിരിക്കും എന്നു വിചാരിച്ച് ഞാനിരുന്നു.അതാ വരുന്നു പുള്ളിക്കാരന്‍ കയ്യില്‍ ഒരു സിഗരറ്റുമായി. ഹായ് ഗയ്സ് അന്റ് ഗേള്‍സ്, മീറ്റ് അവര്‍ ന്യൂ ഐ റ്റി മാനേജര്‍ ******, പ്ലീസ് വെല്‍കം ഹിം. കാര്യം ആദ്യം സ്റ്റേജില്‍ കയറിയ മാതിരി ഒരു വിറയല്‍ ഒക്കെയുണ്ടായിരുന്നെങ്കിലും ഒരു ചെറു പുഞ്ചിരിയുമായി ഞാന്‍ ഒന്നെണീറ്റു നിന്നു എല്ലാവരെയും വിഷ് ചെയ്തു. എല്ലാവരും കൂടി എന്നെ നോക്കിയപ്പോല്‍ പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന ആറു വിവിധ ദേശക്കാരായ സുന്ദരികള്‍ എന്നെ നോക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്കു നാണം തോന്നി. അതിനു ശേഷം എന്നോട് നടുവിലത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഇത്തിരി കടുത്തുപോയി അത്.


ആദ്യം പുതിയ പ്ലാനുകളും പദ്ധതികളും ഒക്കെ ഓപ്. മാനേജര്‍ വിശദീകരിച്ചപ്പോളേക്കും ഞാന്‍ ആ കസേരയില്‍ സഭാകമ്പമൊക്കെ കുറച്ച് ഇത്തിരി എയര്‍ പിടിച്ചിരിക്കാറായി. ഇനി ഔട്ട് ലെറ്റ് പ്രശ്നങ്ങളിലേക്ക് കടക്കാം എന്നായി ഓപ്. മാനേജര്‍. അയ്യോ പിന്നീടോരു മാലപ്പടക്കമായിരുന്നു F*** കളുടെ. നീയെന്താ അതു ചെയ്യാതിരുന്നത്, നീ എന്തിനതു ചെയ്തു എന്ന് വാട്ടിലെന്റെയും വൈയുടെയും ഹൌവിന്റെയും എന്തിനേറെ സ്വന്തം പേരിന്റെ കൂടെ വരെ അദ്ദേഹം F*** ചേര്‍ത്തു. ഞാനും
വിചാരിച്ചു ഇവന്മാര്‍ ഒക്കെ മഹാ പോക്രികളായിട്ടായിരിക്കും ഇങ്ങനെ ചീത്ത പറയുന്നത്. വഴക്കു കേട്ട് കരഞ്ഞപോലെയിരുന്ന ഹിന്ദിക്കാരന്‍ പയ്യനോട് അത്ര സഹതാപം തോന്നിയില്ലെങ്കിലും കരഞ്ഞുപോയ ഫിലിപ്പിനോ പെണ്ണിനോട് സഹതാപം തോന്നാതിരുന്നില്ല. എന്തോ അദ്ദേഹം മൊറോക്കന്‍ സുന്ദരികളോട്
വെല്‍ ഡണ്‍ എന്നൊക്കെയേ പറയുന്നുള്ളൂ. സുന്ദരികളായതിനു പുറമേ ചിലപ്പോള്‍ നല്ല ജോലിക്കാരും ആയിരിക്കും, അല്ലെങ്കില്‍ അയാള്‍ക്ക് വല്ല ദുരുദ്വേഷവും കാണുമായിരിക്കാം.


നൌ ഐ റ്റി പ്രോബ്ലംസ് എന്നു പുള്ളി പറഞ്ഞു. എന്തായിരിക്കും ഐ റ്റി പ്രോബ്ലംസ് എന്ന് ആലോചിച്ച എനിക്ക് POS മെഷീനുകളിലുള്ള പൊടിയും വയര്‍ ലൂസായതും ഒക്കെയായ പ്രശ്നങ്ങളേക്കുറിച്ചുള്ള പരാതികളേ കിട്ടിയുള്ളൂ. ഓപ്പറേഷന്‍ മാനേജര്‍ എന്റെ നേരെ തിരിഞ്ഞു, യൂ ഗോ റ്റു ഓള്‍ ഔട്ട് ലെറ്റ്സ് ആന്റ് ക്ലീന്‍ ദ മെഷീന്‍സ് ഫര്‍സ്റ്റ്. എന്റെ മുഖം ചുളിഞ്ഞു. മാനേജരായ ഞാന്‍ കംപ്യൂട്ടര്‍ തുടക്കാനോ?
പിന്നെയൊരു ചാട്ടമായിരുന്നു പുള്ളി, നീയെന്താ ഇങ്ങനെ നോക്കുന്നത്? നിനക്കെന്താ ക്ലീന്‍ ചെയ്തു കൂടെ? എല്ലാ പണിക്കും അതിന്റെ അന്തസുണ്ട്, എന്റെ കാഴ്ച മങ്ങി, കേള്‍വി കുറഞ്ഞു. പിന്നെ പറഞ്ഞ ഡയലോഗുകള്‍ ഭാഗ്യത്തിനു കേള്‍ക്കേണ്ടി വന്നില്ല. സുന്ദരികളുടെ മുഖത്തൊക്കെ ഒരു സഹതാപച്ചിരി
അതിനിടയിലും ഞാന്‍ കണ്ട്.അങ്ങനെ എനിക്കു മനസിലായി, ഇവിടെ മനേജരും തൊഴിലാളിയും ക്ലീനറും എല്ലാം ഞാന്‍ തന്നെ. ടൈ തന്നെ ഒരു ഭാരമായി തോന്നി, അപ്പോള്‍ സ്യൂട്ടും കൂടി ഉണ്ടായിരുന്നെങ്കില്‍?


ഓപ്പറേഷന്‍ മാനേജര്‍ സുന്ദരികളെ ചീത്ത പറയാതിരുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടോ അവരുടെ ജോലി നന്നായതു കൊണ്ടോ അല്ലായിരുന്നു. കമ്പനിയുടെ ഇവിടുത്തെ പാര്‍ട്നറിനു അവരുടെ സൌന്ദര്യത്തിലുള്ള പ്രത്യേക താല്പര്യം മൂലമായിരുന്നു.

അങ്ങനെ ഒരു തുടക്കം, പിന്നീട് ദുബായിലെ ജീവിതത്തിനെയും ജോലി രീതികളേയും കുറിച്ചുള്ള എത്രയോ തുണിയുടുക്കാത്ത സത്യങ്ങള്‍ ഈ വര്‍ഷങ്ങള്‍ കൊണ്ട് മനസിലാക്കി.

7 comments:

ബൈജു സുല്‍ത്താന്‍ November 26, 2008 at 3:11 PM  

കൊള്ളാം..ഇതൊരു തുടക്കം മാത്രം !!

വിജയാശംസകള്‍ നേരുന്നു!

Anonymous November 27, 2008 at 1:22 PM  

വിഷമിക്കേന്‍ട തുടക്കമല്ലേ പിന്നീടു ശീലമായിക്കോളും നന്മ നേരുന്നു. പാവം നീ!

poor-me/പാവം-ഞാന്‍ November 27, 2008 at 1:25 PM  

പാവം-ഞാന്‍

poor-me/പാവം-ഞാന്‍ November 27, 2008 at 1:26 PM  

പാവം-ഞാന്‍

Pongummoodan November 27, 2008 at 4:25 PM  

രസിച്ചു :)

Anonymous November 27, 2008 at 8:35 PM  

പാവം ഒരു ഐ ടി കാരന് വന്ന ഒരു ഗള്ഫ് ഗതി കേടു... :)

രഞ്ജിത് വിശ്വം I ranji December 15, 2008 at 1:22 AM  

This is the reality...All Others are pure JADA
Well Done Sino


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP