ഞാനൊരു പാവം പാലാക്കാരന്‍

ക്രിക്കറ്റും ഞാനും...

>> Friday, December 19, 2008

രണ്ടാം ക്ലാസുമുതല്‍ എന്റെ ബാല്യം എന്റെ അമ്മവീട്ടില്‍ ആയിരുന്നു. എന്റെ ചാച്ചയുടെ മരണ ശേഷം 2 മാസം കഴിഞ്ഞപ്പോള്‍ എന്റെ കുഞ്ഞുപ്പാപ്പന്‍ (അമ്മയുടെ അച്ഛന്‍) ആക്സിഡന്റായി കാലൊടിഞ്ഞ് വീട്ടിലിരുപ്പായി. വല്ല്യ പ്രതാപശാലിയും ബിസിനസുകാരനുമായ കുഞ്ഞുപ്പാപ്പന് വെറുതെയുള്ള വീട്ടിലിരുപ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ സന്ദര്‍ശകരൊന്നും ഇല്ല്ലാതെ ബോറടിച്ചിരിക്കുന്ന സമയങ്ങളില്‍ അദ്ദേഹം പലതരത്തില്‍ പലര്‍ സമ്മാനമായി നല്‍കിയ വടികളിലേതെങ്കിലും എടുത്ത് പതുക്കെ മുറ്റത്തേക്കും പറമ്പിലേക്കും മേല്‍നോട്ടത്തിനിറങ്ങും. അപ്പോള്‍ സഹായത്തിനായി എന്നെയും വിളിക്കും. നാലെണ്ണത്തില്‍ ആണായും മൂത്തതായും ഉള്ളവനാണു ഞാന്‍. കാര്യം കുഞ്ഞുപ്പാപ്പന്‍ വടി കുത്തി നടക്കാറായപ്പോള്‍ ഞാന്‍ വീഴാതെ നടക്കാറായതേ ഉള്ളെങ്കിലും പുള്ളിക്കാരനെ വീഴാതെ പിടിക്കേണ്ട ഉത്തരവാദിത്വം എനിക്കല്ലേ? ഭാഗ്യത്തിനെങ്ങാനും പുള്ളിക്കാരന്‍ നമ്മുടെ മണ്ടേലെങ്ങാനും അന്നു വീണാരുന്നെങ്കില്‍ സ്റ്റാമ്പായി ഭിത്തിയില്‍ കിടക്കാരുന്നു. അങ്ങനെ റബ്ബര്‍ഷീറ്റിന്റെ ഭംഗിനോക്കിയും കൊക്കോക്കായ് അണ്ണാന്‍ ചപ്പിയതിന്റെ ബാക്കി കണ്ട് നെടുവീര്‍പ്പെട്ട് നടക്കുന്നതിന്റെ ഇടക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ കളിയുടെ വീരഗാഥകള്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നെ ബോറടിപ്പിക്കാതിരിക്കാനായിരിക്കാം. എന്തായാലും പെലെ, ഗാരിഞ്ച, ബെക്കന്‍ ബോവര്‍ തുടങ്ങിയ പേരുകള്‍ ഒക്കെ അദ്ദേഹത്തിനറിയാമായിരുന്നു. അന്നൊക്കെ നാട്ടിലെവിടെയാ ക്രിക്കറ്റുകളി?

അങ്ങനെ ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനായി. മറഡോണയുടെ തിളക്കവും സീക്കോ, സൊക്രട്ടീസ് തുടങ്ങിയ ബ്രസീലിയന്‍ താരങ്ങളുടെ തളര്‍ച്ചയും ഒക്കെ കണ്ട ഞാന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാകുന്നത് സ്വപ്നം കണ്ട് തുടങ്ങി. മറഡോണയുടെയും കുഞ്ഞുപ്പപ്പന്റെയും ഇടങ്കാലനടികളുടെ വര്‍ണ്ണനകേട്ട് വലങ്കാലനായ ഞാനും ഇടങ്കലിനടി സഹോദരങ്ങളില്‍ പ്രാക്ടീസ് ചെയ്തു. കൂട്ടത്തില്‍ ഇത്തിരി കാന്താരി അനിയത്തിയായതിനാല്‍ എന്റെ സിസര്‍കട്ട് അനുഭവിക്കാന്‍ യോഗം കിട്ടിയത് അവള്‍ക്കായിരുന്നു. നെഹ്രു ട്രോഫിയില്‍ പാപ്പച്ചനും ക്രിഷ്ണാനുഡേയും കളിക്കുന്നതും, യു എസ് എസ് ആര്‍ ഇന്റെ എതാണ്ട് ചെങ്കോവ് നേടിയ ഗോളിലൂടെ അവര്‍ കിരീടം നേടുന്നതിന്റെയുമൊക്കെ കമന്ററി റേഡിയോയിലൂടെ കേട്ട് പുളകം കൊണ്ടുനടന്നു എങ്കിലും കളിക്കാന്‍ മാത്രം യോഗമുണ്ടായിരുന്നില്ല. കാരണം സിമ്പിള്‍, വീട്ടില്‍ ഫുട്ബോള്‍ ഇല്ലായിരുന്നു, സ്റ്റേഡിയവും. തേങ്ങയും മാങ്ങയും ഒന്നും ഫുട്ബോളായി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ? കാര്യം പൊതിച്ച തേങ്ങാ കാണുമ്പോള്‍ കാല്‍ തരിക്കുമെങ്കിലും റൊണാല്‍ഡീഞ്ഞോ ഒക്കെ ചെറുപ്പത്തില്‍ പേപ്പറുകൊണ്ട് ബോളുണ്ടാക്കി പട്ടിയുമായി കളിച്ചാണ് ഇത്ര ഡ്രിബ്ബിളിങ് പാടവം ഉണ്ടാക്കിയതെന്നമാതിരിയുള്ള കഥകള്‍ ഒന്നും അന്ന് വരാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ ഇപ്പോള്‍ സൂപ്പര്‍മാനെപ്പോലെ ഷഡ്ഡിയിട്ട് അഞ്ചാം നിലയില്‍ നിന്നും ചാടിയ കുട്ടി മരിച്ചു എന്നൊക്കെ പറയുന്നപോലെ തേങ്ങാകൊണ്ട് ഫ്രീ കിക്കെടുത്ത് കാലുപോയ വാഴക്കാവരയന്‍ എന്നു പറയേണ്ടിവന്നേനെ.


എവിടെയാണെങ്കിലും ഒറ്റക്കിരിക്കാന്‍ പേടിയുള്ള ഞാന്‍ കൂട്ടിനായി എന്റെ സങ്കല്പ ഫുട്ബോള്‍ കഥകള്‍ സഹോദരങ്ങളോടും അര്‍ഥസഹോദരങ്ങളോടും അവൈലബിലിറ്റി അനുസരിച്ച് പറഞ്ഞ് നിര്‍വൃതി അടഞ്ഞിരുന്നു. ഒരു പക്ഷെ കുഞ്ഞുപ്പാപ്പന്‍ പറയുന്നതും ഞാന്‍ അങ്ങനെയാവാം കേട്ടത്. അതിനാലാവാം ഒരു പക്ഷെ ഒരു സ്പോര്‍ട്സ് പ്രേമി ആയത്. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നേ ഉണ്ടായിരുന്ന വനിതാ സങ്കല്പങ്ങള്‍ക്ക് വല്ല്യ സോഴ്സ് ഒന്നും കിട്ടിയില്ലെങ്കില്‍ അതു ഫുട്ബോളിലേക്കു മാറ്റിയിരുന്നു. പ്രണയവും ഫുട്ബോളും എന്റെ ജീവിതത്തില്‍ ഒരു പോലെയായിരുന്നു, വെറും സങ്കല്പങ്ങളില്‍ മാത്രം. എന്നാലെന്താ, ആര്‍ക്കും പറ്റാത്ത രീതിയില്‍ സങ്കല്പങ്ങളില്‍ എങ്കിലും ഞാന്‍ അര്‍മാദിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് എന്നു ഇന്ത്യ ക്രിക്കറ്റില്‍ വേള്‍ഡ് കപ്പടിക്കുന്നത്. അങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും വന്ന മാറ്റങ്ങളുടെ ഭാഗമായി എന്റെ ശ്രദ്ധയും അതിലേക്കു തിരിഞ്ഞു. അതാകുമ്പോള്‍ ഗ്രൌണ്ട് വേണമെന്നു നിര്‍ബന്ധമില്ല. റബറിന്റെ ഇടക്കു വേണമെങ്കിലും കളിക്കാം. റബര്‍ പന്തിനു കാശില്ലെങ്കില്‍ കടലാസിനകത്ത് കല്ലു വെച്ച് ഒട്ടുപാലുകൊണ്ട് ചുറ്റി ഉപയോഗിക്കാം. അതുമില്ലെങ്കില്‍ ഉണക്ക പേരക്കായും ഉപയോഗിക്കാം. ബാറ്റിനു തെങ്ങിന്‍ മടലിനെക്കാള്‍ പറ്റിയ വേറെന്താ ഉള്ളത്? അങ്ങനെ സഹോദരങ്ങളെയും കളി പഠിപ്പിച്ച് കളിക്കാന്‍ ആരംഭിച്ചു. മണിക്കല്ലിലെ അന്തോനിച്ചന്‍ നിയമങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നു. എന്തായാലും ഫുട്ബോളു പോലെ സങ്കല്പം മാത്രമായി മാറിയില്ലെങ്കിലും ഒരു സ്റ്റിച്ചു ബോളില്‍ അറ്റ്ലീസ്റ്റ് ഒരു ഗ്ലൌ എങ്കിലും ഇട്ടൊന്നു കളിക്കാന്‍ കൊതിച്ചിരുന്നു. വലിയൊരു പുല്‍മൈതനത്ത് ഗ്ലൌവും പാഡുമൊക്കെ അണിഞ്ഞ് ബാറ്റുചെയ്യുന്ന കാലം ഞാന്‍ സ്വപ്നം കണ്ടു.

ഏഴാം ക്ലാസില്‍ അമ്മയുടെ സ്കൂളിലെ ഡിവിഷന്‍ പോകാതിരിക്കാന്‍ കാരക്കുളം UP സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ആദ്യമായി ക്രിക്കറ്റ് പിള്ളേരെ പഠിപ്പിച്ചു കളി തുടങ്ങിയ ക്രെഡിറ്റ് എനിക്കു ലഭിച്ചു.അങ്ങനെ കാലം കടന്നുപോയി, എട്ടാം ക്ലാസില്‍ വെച്ച് ഗ്രൌണ്ടില്‍ സ്റ്റിച്ച് ബോളില്‍ കളിപ്പിക്കാം എന്നു പറഞ്ഞ് ഒരു ദുഷ്ടന്‍ എന്നെ റബര്‍ തോട്ടത്തില്‍ കുറുക്കു വഴിക്കു നടന്നു പോയ വഴിക്കു പീഡിപ്പിച്ചതോടെ വല്ല്യ ശ്രമങ്ങള്‍ ഒക്കെ നിറുത്തിയ ഞാന്‍ പിന്നെ ഇടക്കൊക്കെ കിട്ടിയ അവസരങ്ങളിലൊക്കെ കളിക്കാറുണ്ടായിരുന്നെങ്കിലും പണ്ടത്തെ ഇന്ത്യയുടെ ഗതി തന്നെയായിരുന്നു എന്നും. കുരുവിക്കൂട്ടെ കൂട്ടുകാരുടെ ഒക്കെ കൂടെ കല്ലുവെച്ചു പേപ്പറില്‍ പൊതിഞ്ഞ് അതു രബര്‍പാലില്‍ മുക്കി സ്പെഷ്യല്‍ ആയിട്ടുണ്ടാക്കിയ കോര്‍ക്കുബോളിനെ തോല്‍പ്പിക്കുന്ന പന്തിലൊക്കെ ഇടക്കൊക്കെ കളിച്ചതു വിസ്മരിക്കുന്നില്ല. എന്നാലും സംതൃപ്തമായി യുവരാജിനെപ്പോലെ ഒക്കെ രണ്ട് സിക്സും ഫോറും അടിക്കാന്‍ കൊതിയായിരുന്നു എന്നും. കാര്യം നമ്മള്‍ എറിയുമ്പോള്‍ ഇടക്കൊക്കെ മറ്റുള്ളവര്‍ അടിക്കുമെങ്കിലും. അതെങ്ങനാ..ആദ്യമായി ടിവിയില്‍ കണ്ട കളിയില്‍ തന്നെ മിയാന്‍ദാദ് എന്റെ ഇഷ്ടതാരമായിരുന്ന ചേതന്‍ ശര്‍മ്മയെ ലാസ്റ്റ് ബോളില്‍ സിക്സറടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചു. അതു തന്നെയായിരുന്നു നമ്മുടെ ഗതി എന്നും. പ്രതീക്ഷ ഒക്കെ തോന്നുമെങ്കിലും ഒരു രക്ഷയുമില്ലാത്ത ഒരു താരം.

പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി, വര്‍ഷങ്ങള്‍ ചുമ്മാ സ്പീഡില്‍ പോക്കോണ്ടിരിക്കുവാ, അരോടും ചോദിക്കാതെ. എന്തായാലും അവസാനം ഞാന്‍ ദുബായില്‍ വന്നു. ജോലിയും പരമ ബോറടിയുമായി ബര്‍ദുബായിയിലെ മ്യൂസിയത്തിനടുത്തു താമസിക്കുന്ന കാലം. ഭക്ഷണം വല്ല്യ കുഴപ്പം ഇല്ലാത്ത രീതിയിലായിരുന്ന കാരണം ഇത്തിരി വണ്ണം വെച്ചു തുടങ്ങി. കല്ല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്ന കാരണം ആദ്യം ക്രീക്ക് സൈഡിലൂടെ ഓട്ടം തുടങ്ങി, വല്ല പെണ്ണുങ്ങളും ആ വഴിക്കു ലൈന്‍ ഒത്താലോ എന്നൊരു പ്രതീക്ഷയും ഇല്ലതിരുന്നില്ല. എവിടെ, വെറുതെ ഓടി കാണുന്ന പെണ്ണുങ്ങളുടെ സൈഡില്‍ ഒക്കെ അവരറിയാത്ത പോലെ ചെന്ന് കാരാട്ടയിലെയും കുങ്ഫൂവിലെയും എക്സര്‍സൈസ് ഒക്കെ ചെയ്ത് അവസാനം തളര്‍ന്നു ഒഫീസില്‍ പോയിരുന്ന് ഉറക്കം തൂങ്ങുന്നതു മിച്ചം. മൂന്നു മാസം ഓട്ടവും പിന്നെ ഭക്ഷണമായി ലറ്റൂസും കബേജും കുക്കുമ്പറും വെട്ടിക്കൂട്ടി ബ്രെഡിന്റെ കൂടെ അടിച്ചതു മിച്ചം. പോരാത്തതിനു പരമ ബോറും. മൂന്നേ മൂന്നു മാസം, ഞാന്‍ നിര്‍ത്തി ആ പരിപാടി.

അപ്പോളാണ് ദൈവദൂതനെപ്പോലെ നമ്മുടെ ഓഫീസിലെ കണക്കന്‍ വിജുവിന്റെ സുഹ്രുത്ത് ജോര്‍ജ്ജ് ക്രിക്കറ്റുകളിക്കാരുണ്ടോ എന്നു ചോദിച്ച് വരുന്നത്. ചാടി വീണു ഞാന്‍. ചെന്നപ്പോള്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ആണ്. പകുതി വയസന്മാരും പകുതി യുവാക്കളും ആയി ഞങ്ങളുടെ ക്ലബ് ആദ്യത്തെ വര്‍ഷം 50 കളികളിച്ച് കെനിയയെക്കാളും മെച്ചമായി ഒരു ജയം സമ്പാദിച്ചു. മനസും കണ്ണും അപ്പുറത്തെ ക്രീസില്‍ ചെല്ലുമ്പോളും കാലു നിന്നിടത്തു നിന്നനങ്ങാത്ത കിളവന്മാരുടെ അടുത്ത് ഞാന്‍ ഭയങ്കര സ്പീഡില്‍ ഓടിയും ഡൈവു ചെയ്തും കളിക്കാരനായി. അകലെക്കൂടി പോകുന്ന പന്തില്‍ ജോണ്ടി റോഡ്സിനെ പോലെ പറന്നു പന്തില്‍ തൊടുക എന്നുള്ളത് എന്റെ പ്രധാന വിനോദം ആയി. നൂറില്‍ 99 പ്രാവശ്യവും പന്ത് നിലത്തിടുകയും ചെയ്തിരുന്നു എങ്കിലും എല്ലാവരും വന്ന് ഫണ്ടാസ്റ്റിക് എഫര്‍ട്ട് എന്നും മറ്റും റിയാലിറ്റി ഷോയിലെ ജഡ്ജിമാര്‍ പറയുന്ന പോലെ (Fantastic, marvelous, gorgeous, fabulous)പറയുകയും ചെയ്തിരുന്നു. അതില്‍ ആവേശം മൂത്ത് നേരെ കയ്യിലേക്കു വരുന്ന ക്യാച്ച് വരെ ഡൈവു ചെയ്ത് കളയുകയും തല്‍ഫലമായി ഇമേജിനു ഇത്തിരി ക്ഷീണം സംഭവിക്കുകയും ചെയ്തിരുന്നു എന്നുണ്ടായിരുന്നെങ്കിലും ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും എല്ലാം എല്ലാവരും ചെയ്യേണ്ടി വരുന്ന ആ കളിയില്‍ എല്ലാം ചെയ്യാമായിരുന്നു എന്നൊരു മെച്ചം ഉണ്ടായിരുന്നു.

അങ്ങനെ തണുപ്പുകാലം ദുബായിയിലും വന്നു. ഞങ്ങളുടെ ടീമും ഔട്ട് ഡോര്‍ കളിക്കായി തയ്യാറെടുത്തു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നു തുടങ്ങി ഉമല്‍ക്കോയിനില്‍ വരെ നൂറുകണക്കിനു ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉണ്ടെന്ന വിവരം ഞാനങ്ങനെയാണ് അറിഞ്ഞത്. കളികള്‍ തുടങ്ങി. ഫാസ്റ്റ് ബൌളറായ ഞാന്‍ ഓപ്പണിങ് ബൌളര്‍. വളരെ സൂക്ഷിച്ചു ബാറ്റ് ചെയ്യുന്ന ഞാന്‍ ഓപ്പണിങ് ബാറ്റ്സ് മാന്‍. ഓ.. എന്റെ ദൈവമേ, ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു.

കുറച്ചു കളികള്‍ ഒക്കെ പിടിച്ചു നിന്നു. ബാറ്റിങ്ങില്‍ വല്ലപ്പോളും ഒരു ഫോര്‍ അടിക്കാന്‍ പറ്റുന്നതൊഴിച്ചാല്‍ വല്ല്യ മെച്ചമൊന്നുമുണ്ടായില്ല. ഗതികേടിനു ഞാന്‍ അടിക്കാന്‍ നോക്കിയാല്‍ ഔട്ടാകും, എല്ലാവരും കുറ്റം പറയും, നീയെന്തിനാ ആ ഷോട്ട് ഇപ്പോള്‍ കളിച്ചത്? പാവം ഞാന്‍, ടീമിലെ ദ്രാവിഡായിപ്പോയി. ബൌളിങില്‍ പിന്നെ ഞങ്ങളുടെ ടീമിനു അന്നു വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. കോണ്‍ക്രീറ്റ് പിച്ചില്‍ എത്ര വലിച്ചെറിഞ്ഞാലും ബാറ്റ് ചെയ്യുന്ന പരട്ട പച്ചകള്‍ സിക്സര്‍ അടിക്കുന്നത് സ്പിന്‍ വരുമ്പോള്‍ മാത്രമാണ് ഇത്തിരി മെരുങ്ങുന്നത്. എങ്കിലും ബോളിന്റെ മിനുസം മാറ്റുക എന്നുള്ള കടമ ഞങ്ങള്‍ പാവം ഫാസ്റ്റ് ബൌളേര്‍സ് എറിഞ്ഞും ചൊറിഞ്ഞും നടത്തികൊണ്ടിരുന്നു. ബാറ്റിങില്‍ പിന്നെ ഓപ്പസിറ്റ് ടീമിന്റെ ഓപ്പണിങ് ബൌളേര്‍സ് നല്ലതാണെങ്കില്‍ ചിലപ്പോള്‍ അവസരം കിട്ടും. ഒന്നുകില്‍ ആദ്യത്തെ ഓവറുകള്‍ പിടിച്ചു നില്‍ക്കാന്‍, അല്ലെങ്കില്‍ അവര്‍ ഔട്ടാകുമ്പോള്‍.

കാലം പിന്നെയും ഒഴുകി, ഈ പ്രവശ്യവും സ്പീഡില്‍ തന്നെ കുത്തിയൊഴുകുകയായിരുന്നു. എന്റെ ബൌളിങില്‍ എവിടെ നിന്നോ ഇര്‍ഫാന്‍ പത്താന്റെ സ്വിങ് കടന്നു വന്നു. എങ്ങനെയെറിഞ്ഞാലും സ്വിങ് ചെയ്ത് ഓഫ് സൈഡില്‍ കൂടി പോകുന്നു. കൂടുതല്‍ കണ്‍ട്രോള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡില്‍ വൈഡ്. അവസാനം ഒന്നുമല്ലെങ്കിലും പഴയ ഓപ്പണിങ് ബൌളറല്ലേ എന്നു കരുതി ക്യാപ്റ്റന്‍ ബോള്‍ പഴയതായപ്പോള്‍ തന്നു, അപ്പോളും തഥൈവ. ബാറ്റിങില്‍ ബാറ്റ് നേരെ പിടിക്കാന്‍ പോലും അറില്ലാതെ വന്നവര്‍ വരെ എന്നെ അവസാനം കുറ്റം പറയുന്നു, നീ പ്രീഡിറ്റര്‍മൈന്റ് ഷോട്ടണ് കളിക്കുന്നത്, ആ ബോള്‍ ഫ്ലികെ ചെയ്യണമായിരുന്നു എന്നൊക്കെ. മണ്ണാങ്കട്ട, അങ്ങനെ കറക്ടായി എല്ലാവരും ചെയ്യുവാരുന്നെങ്കില്‍ ആരെങ്കിലും ഔട്ടാകുമോ?
എന്നും കളി കഴിഞ്ഞു വന്നിരുന്ന് ചിന്തിക്കും. ആ ഷോട്ട് കളിക്കാതിരുന്നുവെങ്കില്‍? ഇന്‍ഡോര്‍ കളിയിലാണെങ്കില്‍ ഔട്ടായാലും 5 റണ്‍സ് കുറക്കുമെന്നേയുള്ളൂ. ബൌളിങിലാണെങ്കില്‍ ഒരു ദിവസം പത്തു മുപ്പത് ഓവര്‍ പ്രാക്ടീസ് എറിഞ്ഞ് എല്ലാം ഒന്നു ശരിയാക്കിയതാ, പിന്നെയും പോയി. പതുക്കെ എന്നെ ബൌളിങില്‍ നിന്നു തന്നെ ഒഴിവാക്കി. എന്തായാലും എന്നെ അവര്‍ ഒരിക്കലും ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എല്ലാ കളിക്കും വിളിക്കും, ഇന്നും.

ഇതാണ് ഇപ്പോളത്തെ എന്റെ അവസ്ഥ. എങ്കിലും തീയില്‍ കുരുത്തതല്ലേ ഞാന്‍, എവിടെയേലും പോയി ഇനിയും ഒന്ന് പ്രക്ടീസ് ചെയ്യാന്‍ അവസരം കിട്ടട്ടെ, തിരിച്ചു വരും ഞാന്‍.


ഇല്ലെങ്കില്‍ എന്റെ മകന്‍ കറിയാച്ചന്‍ ഇപ്പോളേ എറിയാന്‍ തുടങ്ങി. അവന്‍ കളിക്കുന്നത് കണ്ട് ആശ തീര്‍ക്കും ഞാന്‍.... ആശ തീര്‍ക്കും.....
ചാച്ചയുടെ പ്രയാസം കണ്ടിട്ട് എനിക്കു സങ്കടം വരുന്നു, എടുത്തു പൊക്കാന്‍ പാടാണ് ഈ ബാറ്റ്. എങ്കിലും ഞാന്‍ ശ്രമിച്ചു തുടങ്ങി കേട്ടോ.


ഇതു ഞാന്‍, എന്റെ അമ്മവീട്ടിലെ മിഷ്യന്‍പെരയുടെ മുമ്പില്‍. ഈ മിഷ്യന്‍പെരയുടെ മുമ്പിലത്തെ തൂണ്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ കാല സ്റ്റംപ്സ്.

ഇതൊക്കെ ദുബായിയിലെ തുടക്കകാലം എന്നെ പോലെ തന്നെ ഞങ്ങളുടെ ടീമിനും എന്നെ വല്ല്യ പ്രതീക്ഷ ആയിരുന്നു.ഇന്‍സ്പോര്‍ട്സിലെ ബൌളിങ്. സസൂക്ഷ്മം പുറകിലിരുന്ന് നിരീക്ഷിക്കുന്നത് കറിയാച്ചന്‍
ഫീല്‍ഡില്‍ ശ്രദ്ധയോടെ നില്‍ക്കുന്നതു കണ്ടോ?കാലന്മാരായ മൊട്ടകള്‍ വന്ന് ഇങ്ങനെയൊക്കെ എറിഞ്ഞാല്‍ എങ്ങനാ നമ്മള്‍ രക്ഷപെടുക?
ആദ്യമൊക്കെ ഇതുപോലെ ഓപ്പണിങ് പെയര്‍ ആയിരുന്നു
വല്ലപ്പോളും കിട്ടുന്ന ഗപ്പുകളില്‍ ഒന്ന്

2 comments:

Jimmy December 22, 2008 at 4:49 PM  

edaa.. daasaa...vishamikkenda.. ellathinum athinteethaaya samayamundu... ellaam seriyaakum...

Alona December 22, 2008 at 9:59 PM  

Kariachen chachede agrahangal sadippikkatte...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP