ഡിസംബറിന്റെ ഓര്‍മ്മകള്‍
>> Tuesday, December 23, 2008
വീണ്ടും ഒരു ക്രിസ്തുമസ് കാലം. എത്രയോ വര്‍ഷങ്ങളായി ഡിസംബര്‍ മനസിനു വളരെ കുളിര്‍മയുള്ള
മാസമായി നില്‍ക്കുന്നു! ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനിയായിപ്പോയതു കൊണ്ടല്ല, പൈകയിലെ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷത്തിന്റെ മാസമാണിത്.
പൈകപ്പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി ഈ ചെറിയവന്റെ ജന്മദിനവും. അവസാനം പറഞ്ഞത് പൈകക്കാര്‍ ആഘോഷിക്കാറില്ല, ഇനി ഭാവിയില്‍ വല്ല വാഴക്കാവരയന്‍ ജയന്തിയും വരുമോ എന്നൊന്നും അറിയില്ല. എന്തായാലും ശിശുദിനമോ അല്ലെങ്കില്‍ സേവനവാരമോ ഒക്കെയായി ആഘോഷിക്കാനുള്ള സാധ്യത തുലോം കുറവ്. ഇനി അഥവാ അങ്ങനെവല്ലതും സംഭവിച്ചാല്‍ സകലമാന പിള്ളേരുടെയും ശാപം എനിക്കു കിട്ടും, ഒരവുധി ദിവസം വല്ല വീഗാലാന്റിലും പോകണ്ടതിനു പകരം സ്കൂളില്‍ വരാന്‍ ആര്‍ക്കാ താല്പര്യം? ചെറുപ്പത്തിലെ ഏറ്റവും വലിയ സങ്കടം അവുധിദിവസമായതിനാല്‍ ജീവിതത്തിലൊരിക്കലും ബര്‍ത്ത്ഡേക്ക് സ്കൂളില്‍ കൊണ്ടുപോയി മുട്ടായി കൊടുക്കാം പറ്റില്ലല്ലോ എന്നുള്ളതായിരുന്നു. എങ്കിലും ക്രിസ്തുമസിന് കിട്ടുന്ന കേക്കിന്റെ മിച്ചം എപ്പോളും ഉണ്ടായിരുന്നതു കൊണ്ട് എല്ലാ വര്‍ഷവും കേക്ക് മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു എന്നു മാത്രം.
അമ്മ വീട്ടില്‍ നിന്നു മാറി ഞങ്ങള്‍ സ്വന്തമായി താമസിക്കാന്‍ തുടങ്ങീയപ്പോളാണ് നന്നായി ഡിസംബര്‍ ആസ്വദിക്കാന്‍ സാധിച്ചത്. അന്നൊക്കെ ഡിസംബറില്‍ എല്ലാ ദിവസവും രാവിലെ എണീറ്റ് പള്ളിയില്‍ പോകും. പുതപ്പിന്റെ അടിയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ ഭയങ്കര പ്രയാസം ആയിരുന്നെങ്കിലും കൊച്ചു വെളുപ്പിനെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ തണുപ്പും മാറി നല്ല ഫ്രെഷ് ആകും. പിന്നെ പള്ളിയിലേക്കുള്ള നടത്തം. റബറിന്റെ ഇലയില്‍നിന്നും കൊമ്പില്‍നിന്നും വീഴുന്ന മഞ്ഞുകണങ്ങള്‍. അതു ദേഹത്തു വീഴുമ്പോളുള്ള കുളിര്‍മ്മ. കൊന്തചൊല്ലിക്കൊണ്ട് പോകുന്ന ചട്ടയും കവണിയും ഉടുത്ത അമ്മച്ചിമാര്‍, വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ അപ്പാപ്പന്മാര്‍. ആകെക്കൂടെ മഞ്ഞിന്റെ മൂടലും അതില്‍ തെളിയുന്ന വെണ്മയും. മിക്ക വീട്ടിലും ചാര്‍ത്തിയിരിക്കുന്ന നക്ഷത്രങ്ങള്‍ നേര്‍ത്ത മഞ്ഞിനിടയിലൂടെ കാണുമ്പോള്‍ ഉള്ള ഒരു സുഖം. സുങരിമാരായ പെണ്‍കുട്ടികളെ ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ കൂടുതല്‍ സംതൃപ്തമായി ആ പ്രഭാതം.
എല്ലാവര്‍ഷവും ക്രിസ്തുമസിനു മുമ്പുള്ള ഞായറാഴ്ചയായിരിക്കും പൈകപ്പെരുന്നാള്‍. എന്റെയൊക്കെ
ചെറുപ്പത്തില്‍ നാനാ മതസ്കരായ പൈക ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കൂളിലെ പിള്ളേരും, പൈകയിലെ
കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരും ഇടവകക്കാരും ചേര്‍ന്നുള്ള രണ്ടുമൂന്നാഴ്ചത്തെ
പരിശ്രമഫലമായാണ് തോരണം കെട്ടിയുണ്ടാക്കുക. പണ്ടൊക്കെ ഒരടി നീളമുള്ള കീറിയ
തോരണകഷണങ്ങള്‍ കെട്ടിയിട്ട നീളമുള്ള ചാക്കുനൂലില്‍ മൈദാകൊണ്ടുള്ള പശ തേച്ച് ഒട്ടിച്ചാണ്
തെക്കേപന്തല്‍ മുതല്‍ വടക്കേ പന്തല്‍ വരെയുള്ള റോഡ് അലങ്കരിക്കുന്നത്. അങ്ങനെ പിള്ളേരും നാട്ടുകാരും
കച്ചവടക്കാരും ചേര്‍ന്ന് ഒട്ടിച്ച് മടക്കിവെച്ചിരിക്കുന്ന തോരണം വ്യാഴാഴ്ച രാത്രിയില്‍ കെട്ടും. അതൊരു
ആഘോഷം തന്നെ, ഭക്തിയുള്ളവരും കള്ളുകുടിയന്മാരും ഒക്കെ ചേര്‍ന്നുള്ള ഒരു ആഘോഷം. ഉന്തു വണ്ടിയില്‍ ഏണി വെച്ചുകെട്ടിയും, കെ എം എസ് ബസിന്റെ മുകളില്‍ കയറിയും ഒക്കെ ആഘോഷമായ തോരണം കെട്ടല്‍. വെള്ളിയാഴ്ച മുതല്‍ അതിന്റെ അടിയിലൂടെ നടക്കുമ്പോള്‍ ഉള്ള ഒരു ഫീലിങ് . പരവതാനി വിരിച്ച് നമ്മെ ആനയിക്കുന്നതു പോലെയുള്ള ഒരു രാജകീയ സുഖം, കാറ്റത്തു തോരണം ഇളകുന്നതിന്റെ ഒരു സുങര ശബ്ദവും.
പിന്നെ പ്രസിദ്ധമായ പെരുന്നാളും ആഘോഷങ്ങളും. വെച്ചുവാണിക്കടകളിലൂടെ ഉള്ള തെണ്ടല്‍. ആപ്പിള്‍ ബലൂണ്‍ കൊണ്ടുള്ള വോളീബോള്‍ കളി. പൊങ്കുന്നം മത്തായിയുടെ ചെണ്ടമേളം, ആരാണ്ടുടെയൊക്കെ ബാന്റുമേളം, എന്റെ ഏറ്റവും പ്രിയ ഇനമായ വെടിക്കെട്ട്, പിന്നെ കാത്തിരുത്തി വെറുപ്പിച്ചിട്ട് കത്തിപ്പടരുന്ന കലാപരിപാടി. പണ്ടൊക്കെ യേശുദാസിനെയും ചിത്രയേയും പോലെയുള്ള പ്രശസ്തരും ചടങ്ങു കൊഴുപ്പിക്കാന്‍ മമ്മൂട്ടി ജയറാം തുടങ്ങിയവരും എത്തിയിരുന്ന പൈകയില്‍ ഇന്നിപ്പോള്‍ ആരാണാവോ വരുന്നത്? റബറിന്റെ വില കുറഞ്ഞതിനാല്‍ മിക്കവാറും മിമിക്രിയിലെ കുടിയന്‍ ബൈജുവായിരിക്കും.
പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായി പിന്നെ ഒരാഴ്ച. പാതിരാ കുര്‍ബാനയും സമ്മാനങ്ങളും, എല്ലാത്തിനും ശേഷം രാവിലെതുടങ്ങി സുഭിക്ഷമായ ഭക്ഷണവും. അതിഥികളായി എത്തിയിരിക്കുന്ന കസിന്‍സിന്റെ കൂടെ കളികള്‍. എല്ലാം ഒരു കാലം.
ഇന്നിപ്പോള്‍ ദുബായിയില്‍ ഒരു ഒറ്റയാനായി ക്രിസ്തുമസിനെ കാണുന്നു. മൈലുകളകലെ എന്റെ കോക്കു അവന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കും. കഴിഞ്ഞ ക്രിസ്തുമസും ഞാനിവിടെയായിരുന്നു. അതിനു മുമ്പുള്ള മിക്ക ക്രിസ്തുമസും ഞാന്‍ നാട്ടില്‍ കൂടിയിരുന്നു, എന്തു വിലകൊടുത്തും. ഇന്നിപ്പോല്‍ കൂട്ടുകാരുടെ കൂടെ കൂടണമോ അതോ ഒറ്റക്കിരുന്ന് ഒരു ഫുള്ളുമായി ഓര്‍മ്മകള്‍ അയവിറക്കണോ? എന്തായാലും മനസ് നാട്ടില്‍ തന്നെ. എന്തേ എനിക്ക് ദുബായിയുടെ കളറുകളും ആഘോഷങ്ങളും ഡാന്‍സ് ബാറുകളും ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്തത്? ഓഫീസിലെ ഏകമലയാളിയായിട്ടും എന്റെ നാടിന്റെ ഓര്‍മ്മകള്‍, സുന്ദരനിമിഷങ്ങള്‍ എല്ലാം മനസില്‍ നിന്നും മായാത്തതെന്തേ? തിരികേ പോകാനായി ഞാന്‍ കൊതിക്കുന്ന പോലെ എന്റെ ഗ്രാമവും എന്നെ കൊതിക്കുന്നുണ്ടാവുമോ? അവിടെ ആരെങ്കിലും ഉണ്ടാവുമോ ഇപ്പോള്‍?
6 comments:
xmas asamsakalode :)
xmas asamsakalode :)
pinne gramathil ullavar engu pokana...kureyere alkkar varavum kodichu irikkunnudu ketto...
onnuum pedikkendaa... graamathil ulla aalkkaar ellaarum pachathodu,ezhaam mile, vanchimala shapil undaavum... ellavarum kaathirikkunnu.... thire njan varumenna vaartha kelkkaan graamam kothikkaarundennum.....
സുഹൃത്തേ... നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ..
പുതുവത്സരാശംസകള്‍... !
orupadu nalla kadha....ellavareyum ormakalilekku konduvarunna kadha...ee nalla ormakal ennum nilanilkkatte...ellam thirichu varum, ennelum....
Post a Comment