ഞാനൊരു പാവം പാലാക്കാരന്‍

എന്റെ ഒരു ധൈര്യമേ...

>> Wednesday, February 18, 2009

അങ്ങനെ രണ്ടുമാസങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷവാനായി ജീവിക്കാന്‍ തുടങ്ങിയപ്പോളേക്കും നാശം പിടിച്ച പനി എത്തി. ദുബായിലിപ്പോള്‍ റിസെഷന്റെ കൂടെ വൈറല്‍ പനിയും എത്തിയിട്ടുണ്ടത്രെ. ഇതൊരു പ്രത്യേകതരം പനി, രാവിലെ അസ് ഫ്രെഷ് അസ് എ ലില്ലി. വൈകുന്നേരമാകുമ്പോള്‍ ഒടിഞ്ഞുമടങ്ങി ഒരു മൂലക്ക്.

തണുപ്പെന്നു പറഞ്ഞാല്‍ പണ്ട് മൈന്‍സ് പതിനഞ്ചില്‍ നിന്നപ്പോള്‍ ഇത്ര തണുത്തിട്ടില്ല. എന്നു വെച്ചാല്‍ അത്ര തണുപ്പുണ്ടായിട്ടല്ല, നമുക്കു തോന്നുവാണ്. കറിയാച്ചനെ ഒതുക്കത്തില്‍ ഉറക്കി അമ്മിഞ്ഞയില്‍ നിന്നും പിടിവിടാതുറങ്ങുന്ന കോക്കുവിന്റെ കൂടെ ഷെയറുചെയ്ത് ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു തണുപ്പു മാറ്റിക്കിടന്നപ്പോളാണ് ഭാര്യ പതുക്കെ അമ്മയുടെ കൂടെ കുറച്ചുനാള്‍ നിന്ന വകയില്‍ മനസിലാക്കിയ എന്റെ
ഭയത്തെക്കുറിച്ച് ചോദിച്ചത്. വിറച്ചുകൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ ഇനി പേടികൊണ്ടെങ്ങാനും ആണോ എന്നു സംശയിച്ചണോ ആവോ? പണ്ട് നാഗര്‍കോവിലില്‍ നിന്നും മറ്റും ഞാന്‍ ധൈര്യവാനാകാന്‍ കാരണമാകിയ ചില സംഭവങ്ങളുടെ ചുരുക്കം അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു. ഇരുട്ടിലേക്കു
നോക്കാന്‍ പോലും ഭയമുണ്ടായിരുന്ന ഒരു കൌമാരക്കാരനില്‍ നിന്നും അപാര ധൈര്യവാനായ ഇന്നത്തെ എന്നിലേക്കുള്ള (ജീവിച്ചു പൊക്കോട്ടെ, പ്ലീസ്..) വളര്‍ച്ചയുടെ കാരണങ്ങള്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.


മരണങ്ങള്‍ എന്നും എനിക്ക് പേടിയായിരുന്നു. അറിയാവുന്ന ആരെങ്കിലും മരിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക് അവരെങ്ങാനും വരുമോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ മരിച്ചു പോയ ചാച്ച ഒഴിച്ച് ആരും മരിച്ചിട്ട് തിരിച്ചു വരുന്നതോ അല്ലെങ്കില്‍ സ്വപ്നത്തില്‍ പോലും വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ കൌമാരപ്രായത്തില്‍ ഏതൊരു ആണ്‍കുട്ടിയേയും പോലെ ഞാനും ധൈര്യവാന്‍ ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ പ്രീഡിഗ്രീക്കു പഠിക്കുമ്പോളാണ് സ്വമനസാല്‍ ഒരു അപകടം കാണാന്‍ പോകുന്നത്.

രാവിലെ പത്രം വന്നതാദ്യം ഏടുക്കാന്‍ അനിയത്തിയുമായി അടിവെച്ചോടിയപ്പോളാണ് പത്രക്കാരന്‍ പറഞ്ഞത് ടൌണില്‍ അയ്യപ്പന്‍ വണ്ടിയുമായി ഇടിച്ച് നമ്മുടെ മില്ലുകാരന്റെ വണ്ടി കിടക്കുന്നു എന്ന്. നേരെ വിട്ടു പൈക ടൌണിലേക്ക്. അവിടെ ചെന്നപ്പോളോ...ഇടിച്ച ജീപ്പ് തലേംകുത്തിമറിഞ്ഞ് ഒരു വഴിക്കു കിടക്കുന്നു. ബസിനെ പുറകിലത്തെ ടയറിന്റെ അടിയില്‍ അതാ കിടക്കുന്നു ഞങ്ങള്‍ക്ക് സ്ഥിരം തേങ്ങാപൊതിക്കുമ്പോള്‍ തേങ്ങാപൊങ്ങ് തരാറുള്ള രാജു ചേട്ടന്‍. ഓ.. ആ കിടപ്പ് ഇപ്പോളും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ബ്രേക്കിട്ട ടയറിന്റെ അടിയില്‍ കൂടി നിരങ്ങിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു വീണ തരികള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ ചെറിയ ഭീതി ഉണര്‍ത്തിയിരുന്നു. ആ KMS മാത്രം മദിച്ചു നടന്ന തിരക്കേറിയ പൈകയുടെ രാജവീഥികളില്‍ KSRTC യുടെ ചൈയിന്‍ സര്‍വ്വീസും മറ്റു ബസുകളും
എത്തിയെങ്കിലും എന്റെ മനസില്‍ ആ വളവിങ്കല്‍ എത്തുമ്പോളെല്ലാം ആ സംഭവം എവിടെ നിന്നോ ഓടിയെത്തിയിരുന്നു. പെരുന്നാളിനു തോരണം കെട്ടാന്‍ പോകുമ്പോള്‍ പോലും ആള്‍ക്കാര്‍ 50 മീറ്റര്‍ അപ്പുറത്തെങ്ങാനും ആണെങ്കില്‍ ഞാന്‍ നടത്തത്തിനു ലേശം സ്പീഡ് കൂട്ടിയിരുന്നു.

അങ്ങനെ നാഗര്‍കോവിലില്‍ പഠിക്കുന്ന കാലം. സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്യമായപ്പോള്‍ നമ്മള്‍ ഹോസ്റ്റലും സാമ്പാറുമായി നാടുവിടേണ്ടിവന്നു. ആ വീട്ടില്‍ ഇതുവരെ ഒന്നു കൊതി തീരെ കിടക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ആറുമാസത്തില്‍ കൂടുതല്‍ ഞാന്‍ ഇതുവരെ ആ വീട്ടില്‍ ചെല്ലാതിരുന്നത് ദുബായില്‍ വന്നശേഷം മാത്രം. എങ്കിലും 8 മാസത്തില്‍ കൂടുതല്‍ ഇന്നേവരെ പോകാതിരുന്നിട്ടില്ല. അതൊക്കെ
പോകട്ടെ, അങ്ങനെ നാഗര്‍കോവിലില്‍ നിന്നും വീട്ടിലേക്കു വന്ന ഒരു ദിവസം. രാത്രിയില്‍ 12 മണിക്ക് വരുന്ന ഒരു മലബാര്‍ ഫാസ്റ്റ് ഉണ്ടായിരുന്നു ആ സമയത്ത്. വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും കയറ്ഇ ഒരു തരത്തില്‍ അതിന്റെ സമയത്ത് പാലായില്‍ എത്തി. അതു മിക്കവാറും ലേറ്റ് ആയിരിക്കും. അങ്ങനെ ചെറിയ
ചാറ്റല്‍മഴയില്‍ സുഖമായി ഉറങ്ങിക്കിടന്ന പലായിലെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഉണര്‍ന്നിരിക്കുന്ന കൊതുകിനോടും സ്വവര്‍ഗ്ഗമോഹികളായ വികടന്മാരോടും പോരാടി കാത്തിരുന്ന് അവസാനം ബസുവന്നു.


പലായില്‍ നിന്നും പണ്ട് പൈക വരെ വരാന്‍ കുറഞ്ഞത് 1 മണിക്കൂര്‍ എടുത്തിരുന്നത് രാത്രിക്കത്തെ ഈ ഫാസ്റ്റില്‍ കയറിയാല്‍ 10 മിനിറ്റുകൊണ്ട് എത്തും. അങ്ങനെ പാതിരാക്കു ശേഷം ഞാന്‍ പൈകയില്‍ വന്നിറങ്ങി. ചെറിയ ചാറ്റല്‍ മഴ. മരങ്ങളും മലകളും റബറും ഉള്ള നാടായതുകൊണ്ട് മഴ എന്നാരെങ്കിലും പറഞ്ഞാല്‍ അന്നേരേ കറണ്ടു പോകും. മഴ എന്ന സിനിമയുടെ പോസ്റ്റര്‍ വന്ന ഒരു മാസം മുഴുവന്‍ കറന്റില്ലായിരുന്നു ഞങ്ങളുടെ നാട്ടില്‍. പൈകയില്‍ ഇറങ്ങിയ ഞാന്‍ ചുറ്റും നോക്കി.

കുറ്റാകുറ്റിരുട്ട്. എങ്ങും ചീവീടുകളുടെയും തവളയുടെയും ശബ്ദം. മരങ്ങളുടെ ഇലയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നതിന്റെയും ചാറ്റല്‍ മഴയുടെയും ശബ്ദം മാത്രം. പണ്ടാരടങ്ങാനായിട്ട് മാക്രി പിടിക്കാന്‍ പോലും ഒരു പെട്രോള്‍മാക്സിന്റെ വെളിച്ചം ഇല്ല. പൈക പട്ടണം പിന്നെ 8 മണിക്കേ ഉറങ്ങും. ഓട്ടോ അന്ന് രാത്രിയില്‍ 10 മണികഴിഞ്ഞാല്‍ പിന്നെ ഇല്ല. തട്ടുകട ബ്രാണ്ടിക്കട തുടങ്ങിയവ പൈകയെ
സംബന്ധിച്ചിടത്തോളം 10 മണിവരെയേ ഉള്ളൂ. എന്തിനേറെ പ്രേതങ്ങള്‍ പോലും 11 മണികഴിഞ്ഞ് പൈകയില്‍ പുറത്തിറങ്ങാറില്ല എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.

ഞാന്‍ പതുക്കെ പോസ്റ്റാഫീസിന്റെ അവിടേക്കു നടന്നു. അവിടെ നിന്നും അകത്തേക്കു കയറുന്ന വഴിയില്‍ കൂടെ വേണം എനിക്കു വീട്ടില്‍ പോകാന്‍. അന്നൌ അതിന്റെ തുടക്കത്തില്‍ ഉള്ള വര്‍ക് ഷോപ് കഴിഞ്ഞാല്‍ പിന്നെ ഒരു മലകയറി കഴിഞ്ഞാലേ വീടുകള്‍ ഉള്ളൂ. എന്തായാലും വര്‍ക് ഷോപ്പിന്റെ മുമ്പില്‍ ഒന്നു നിന്നു. ബാഗ് ഒക്കെ ഒന്ന് തോളില്‍ ഉറപ്പിച്ചു. കഴുത്തിലെ കൊന്ത ഒന്നു ചെക്ക് ചെയ്തു. മഴയും ഇരുട്ടും കൂടുതലായതു കാരണം സകലപുണ്യവാന്മാരുടെ പ്രാര്‍ത്ഥനയില്‍ തുടങ്ങാം എന്നു വെച്ചു. പേടിക്കണ്ട
സമയമാവുമ്പോള്‍ കൃത്യമായി അപകടമരണങ്ങളില്‍ മരിച്ചവരുടെ ഒക്കെ വികൃതരൂപങ്ങള്‍ മനസിലേക്ക് എവിടുന്നേലും ഓട്ടോ പിടിച്ചു വരും.

രണ്ടുസൈഡിലും റബര്‍ വളര്‍ന്നതു കൊണ്ട് മുകളിലേക്കു നോക്കിയാലും വഴി കാണില്ല. അല്ലെങ്കില്‍ നടുക്ക് ഒരു ചെറിയ ആകാശത്തിന്റെ വെളിച്ചം കാണാന്‍ പറ്റിയേനെ. പെട്ടെന്ന് ഇലകളെ അനക്കിക്കൊണ്ട് ഒരു വാവല്‍ പറന്നു പോയി. ശരീരത്തില്‍ കൂടി രക്തം അതിവേഗം പ്രസരിച്ചു. എനിക്ക് അതിഭീകരമായ അരോഗ്യം വന്ന പോലെ തോന്നി. ഈ നൂറു മീറ്റര്‍ ഓട്ടത്തിനും മറ്റും സ്റ്റാര്‍ട്ട് ചെയ്യാന്‍ വെടിപൊട്ടിക്കുന്ന പരിപാടിയുടെ മനശാസ്ത്രം ഇതായിരിക്കും എന്നാ തോന്നുന്നേ. പെട്ടെന്നുള്ള പേടിയില്‍ എന്താ ഓടാനുള്ള തോന്നലും ആരോഗ്യവും!

അവിടെ നിന്നും പത്തു സ്റ്റെപ് വെച്ചതേയുള്ളൂ, വീണിതല്ലോ കിടക്കുന്നു ഓടയില്‍. കടവാവല്‍ പറന്നതിന്റെ ഷോക്കില്‍ ചെറുതായി ദിശ മാറിപ്പോയതായിരുന്നു. എന്തായാലും കയ്യാലയില്‍ പിടിച്ചു ദിശ ശരിയാക്കി. എല്ലാ പുണ്യവാന്മാരെയും ഒന്നിച്ചു സുഖിപ്പിക്കാന്‍ നോക്കിയതിനാല്‍ ആയിരിക്കും ഈ തിരിച്ചടി എന്നുവിചാരിച്ചു കുന്തവുമായി നടക്കുന്ന ഗീവര്‍ഗീസ് പുണ്യവാളനെ തന്നെ പിടിച്ചു അടുത്തതായി.
ഉറച്ചകാല്‍ വെപ്പുകളുമായി ഞാന്‍ നടന്നു. ധൈര്യം മൂലമല്ല, പാമ്പൊക്കെ ഉണ്ടെങ്കില്‍ ഉറച്ചകാല്‍ വെപ്പുകള്‍ ഉണ്ടെങ്കില്‍ മാറിപ്പോകുമത്രെ. ഇനി അടുത്ത കടമ്പ ആദ്യത്തെ വീടായ കഴുതമാത്തുവിന്റെ വീട്ടിലെ കില്ലപട്ടിയാണ്. എന്തായാലും ഭാഗ്യത്തിന് തണുപ്പൊക്കെ ആയതിനാലായിരിക്കും അവന്‍ അവന്റെ അനക്കം കേല്‍ക്കുന്നില്ല. അടുത്ത പ്രശ്നം കാരാങ്കലെ ക്രൂരന്‍ പട്ടി, അവന്‍ അവരുടെ ഇറച്ചിക്കടയില്‍ മിച്ചം വരുന്ന
ഇറച്ചിമുഴുവന്‍ അടിച്ച് പല്ലിന്റെ ഇടകിള്ളാന്‍ നോക്കിയിരിക്കുവാരിക്കും. നമ്മുടെ ചന്തിയേലായിരിക്കും ഇന്നത്തെ കിള്ളല്‍. അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയില്‍ ഞാന്‍ പതുക്കെ നടന്നു.

അതാ നമ്മുടെ തേങ്ങാക്കൊട്ടകയില്‍ ഒരു വെളിച്ചം. ചങ്കില്‍ കൂടി ഒരു മിന്നായം. ബസിന്റെ അടിയില്‍ കിടന്ന രാജുചേട്ടന്റെ രൂപം മനസിലൂടെ മിന്നായം പോലെ വന്നു. ദൈവമേ, പുള്ളിക്കാരന്‍ ഭൂമിയില്‍ നിന്നു പോകാതെ ഇവിടെതന്നെ കിടക്കുവാണോ? അതും ഈ രാത്രിയില്‍ തിരിയും കത്തിച്ചുവച്ച് ഞാന്‍ വരുന്നതു നോക്കി ഇരിക്കുവാണോ? ഞെട്ടിത്തരിച്ചു സ്തബ്ദനായിപ്പോയ ഞാനാകെ തളര്‍ന്നു. ഇരുട്ടായതുകൊണ്ട് കണ്ണില്‍കൂടി ഇരുട്ടു കയറിയോ എന്നറിയില്ല. പെട്ടെന്ന് പുറകില്‍ ഒരു മുറുമുറുപ്പ്, മാതാവേ, ഇനി വേറെ ഏതാ‍ണോ പുറകില്‍? അതു കാരാങ്കലെ പട്ടി, ഒറ്റ ചാട്ടം ഞാന്‍. തളര്‍ച്ച മാറി, ഹുസൈന്‍ ബോള്‍ട്ടിനെപോലെ ഞാന്‍ ഒറ്റവിടീല്‍. രണ്ടു ചാട്ടത്തിന് വീട്ടിലെത്തി. വീടിന്റെ ജനലിന്റെ ഷേഡില്‍ ചാടിപ്പിടിച്ച് തൂങ്ങിക്കിടന്ന് അമ്മയെ വിളിച്ചു. പട്ടി അഥവാ വന്നാലും കടിക്കരുതല്ലോ.

തേങ്ങാകൊട്ടക പൂട്ടിയതുകാരണം അതു ഒരു പാവത്തിനു വീടായി താമസിക്കാന്‍ കൊടുത്തതു ഞാനറിഞ്ഞില്ലല്ലോ. പിന്നെ കരണ്ടില്ലാത്ത അവരുടെ വീട്ടില്‍ മണ്ണെണ്ണവിളക്കിനെന്തു പവര്‍ക്കട്ട്?

5 comments:

ശ്രീ February 18, 2009 at 9:51 PM  

ഇതു പോലെയുള്ള പേടിക്കഥകള്‍ കുട്ടിക്കാലത്ത് ഒരുപാടുണ്ടായിട്ടുണ്ട്.

ഇപ്പോ എന്തായാലും ധൈര്യമായി അല്ലേ?
;)

ചങ്കരന്‍ February 18, 2009 at 10:03 PM  

സമ്മതിച്ചിരിക്കുന്നു, ഭയങ്കര ധൈര്യം തന്നെ.

രഞ്ജിത് വിശ്വം I ranji February 19, 2009 at 2:47 PM  

സത്യം.. ബസിനു പുറകിലെ ടയറിന്റെ അടിയിലെ ആ കാഴ്ചാ ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിച്ചിട്ടില്ല.. ഇന്നും ആ വഴി പോകുമ്പോളൊക്കെ ആ ബസും ജീപ്പും അപകടവും മനസ്സില്‍ വരും..

Thaikaden February 21, 2009 at 1:26 AM  

Dhairyam undo, oru kilo edukkan....?

Anonymous March 20, 2009 at 6:24 PM  

Ithum nalla kadha... ithrayum nal njan vicharichirunnathu enikku mathrame ithupole pedi ennayirunnu..enthayalum enikku santhoshamayi...enikku koottinu vereyum aalkkar undallo...keep it..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP