ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പായികഥകള്‍ 3- ഭാവി,ഭൂതം

>> Wednesday, March 4, 2009

അലാസ്കയിലെ മഞ്ഞുപൊടികള്‍ക്കിടയില്‍ ജോലിയന്വേഷിച്ചു പോകാനിരുന്ന സമയത്താണ് പൊതുവേ താല്പല്പര്യമുണ്ടായിരുന്ന ജ്യോതിഷകലകളില്‍ ഒന്നുകൂടി ശ്രദ്ധപതിപ്പിക്കുന്നത്. ഞാനും വാഴക്കാവരയനും പല്‍ഗുവും പിന്നെ കാരാങ്കനും ആയിരുന്നു ഇതിലെ പങ്കാളികള്‍. പല്‍ഗു ബാംഗളൂര്‍ ആയതിനാല്‍ അവന്‍ ഒഴിച്ചുള്ള മൂന്നുപേരും കണിയാന്റെ അടുത്തും ധ്യാനാഗുരുക്കളുടെ അടുത്തും ഒക്കെ ഒറ്റക്കും കൂട്ടായും ഒക്കെ പോയി കണ്‍സല്‍ട്ട് ചെയ്തു. ചുമ്മാ ചെറിയകാര്യം അല്ലല്ലോ? ഒന്നാമതെ അമേരിക്കയുടെ ഭാഗം. പോരാത്തതിന് ഉഷ്ണം പൂജ്യത്തിനു മുകളില്‍ എത്താനേ സാധ്യത ഇല്ല. പിന്നെ മലയാളം അവര്‍ക്കറിയില്ലല്ലോ, അവരെ പഠിപ്പിക്കാന്‍ ഒക്കെ വലിയ പ്രയാസമല്ലേ?


എന്തായാലും അലാസ്കയിലെ മീന്‍ പിടിത്തം നടന്നില്ല. നാഷണല്‍ ജോഗ്രഫിക്കില്‍ ജാക്കറ്റില്‍ പൊതിഞ്ഞുകയറി കൊടും കാറ്റിനോടും തണുപ്പിനോടും മല്ലടിച്ച് കൊച്ചു ബോട്ടില്‍ സ്രാവിനെ ഒക്കെ പിടിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം ത്രില്ലു തോന്നിയിരുന്നു എങ്കിലും ഇവിടുത്തെ തുലാമാസത്തിലെ ഇടിപോലും പേടിയുള്ള വാഴക്കാവരയന്‍ ഒക്കെ എങ്ങിനെ ചൂണ്ടയിട്ട് സ്രാവിനെ പിടിക്കും എന്ന സംശയം പതുക്കെ തോന്നിത്തുടങ്ങി. പൈക തോട്ടിലെ കാച്ചവനേയും നെറ്റിയേപൊന്നനേയും പോലും പിടിക്കാന്‍ പറ്റാതെ വെറും വാഴക്കാവരയനെ മാത്രം പിടിച്ചു നടന്നവര്‍ പതുക്കെ കര്‍ത്താവുറങ്ങിയപ്പോള്‍ തോണിയിലിരുന്നു പേടിച്ച ശിഷ്യന്മാരെപ്പോലെ ആയി. എന്തായാലും കുറച്ചു കാശുപോയതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. പിന്നെ ലോട്ടറി എടുത്ത് കാത്തിരിക്കുന്നപോലെ ഒരു സുഖവും കിട്ടി.


എന്തായാലും ആ സമയത്ത് ഞാന്‍ ബൈബിളും ഭഗവത് ഗീതയും കഴിഞ്ഞിട്ട് ഖുറാന്റെ മലയാളം പരിപാഷ വായിച്ചിരിക്കുന്ന സമയം. വാഴക്കാവരയന്‍ എവിടുന്നോ കവടി നിരത്തുന്ന ചിപ്പുകള്‍ കൊണ്ടുവന്നു. അപ്പോളാണ് ഒരു ഐഡിയാ തോന്നിയത്. ചെറുതായി ജ്യോതിഷ പരിപാടികള്‍ നടത്തിയാലോ എന്ന്. കൈനോട്ടക്കാരുടെ സൈക്കോളജി പഠിക്കുകയും ചെയ്യാം, വരുന്ന മനുഷ്യരുടെ ആക്രാന്തം കാണുകയും ചെയ്യാം. എന്തായാലും കവടിനിരത്തലും കൈനോട്ടവും വിവരമുള്ളവര്‍ക്കു മാത്രം തെറ്റുമനസിലാവുന്ന അസ്ഥാനത്തുള്ള സംസ്കൃത പ്രയോഗങ്ങളുമായി കുറച്ചു പേരുടെ ഭാവിയും ഭൂതവും ഒക്കെ പ്രവചിച്ചു.


കാര്യം ഹിന്ദുക്കള്‍ ഒക്കെയായിരുന്നെങ്കിലും കൂടുതല്പേര്‍ക്കും ആകെ അറിയാവുന്ന സംസ്കൃതം “ യേ സംസ്കൃത വാര്‍ത്തായേം സുയംതാ..പ്രവാചക ബലദേവാനന്ദ സാഗര“ എന്നുള്ളതായിരുന്നു. പിന്നെ പരിചയമുള്ളവരെ ഒക്കെ ഒതുക്കാല്‍ നമ്മുടെ ലോക്കല്‍ പൊതുവിജ്ഞാനം മാത്രം മതിയായിരുന്നു. നാട്ടിന്‍ പുറത്തെ അവരവരുടെ വീടുകളില്‍ പോലും അറിയില്ലാത്ത വിവരങ്ങള്‍ നാട്ടുകാര്‍ക്കല്ലേ അറിയാവുന്നത്. എന്തായാലും ഇത്തിരി ഒതുക്കാനുള്ളവരെ ഈ വഴിയില്‍ കൂടി ഒതുക്കുകയും ചെയ്തിരുന്നു എന്നതായിരുന്നു വാസ്തവം. DYSP ക്രിഷ്ണകുമാറിന്റെ സഹപാഠി എന്നവകാശപ്പെടുന്ന എന്നാല്‍ നഴ്സറിയില്‍ പോലും പോയിട്ടില്ലാത്ത ലോക്കല്‍ കമ്മറ്റി അംഗം സൈക്കിളുകട ശശി ആയിരുന്നു അതിലൊന്ന്. കമ്മ്യൂണിസ്റ്റുകാരനും അതിലുപരി ഒരടികിട്ടിയാല്‍ പത്തടി അങ്ങോട്ടു കൊടുത്തിട്ട് വരുന്നവനാണെന്നു പറയുകയും നായനാരും DYSP ക്രിഷ്ണകുമാറും ഒക്കെ ശശിയുടെ തോളില്‍ കയ്യിട്ടു നടക്കുന്നവരുമാണെന്നുള്ള കത്തി അസഹഷ്ണീയമായിരുന്നു. പാര്‍ട്ടിയുടെ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ നന്നാക്കിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ അവിടെ നിറുത്തിയിട്ട് പോയിരുന്ന ശശിയെ ഞാന്‍ കൈനോക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നു പറഞ്ഞത് പുള്ളിയെ കൊല്ലുന്നതിനു തുല്ല്യമായിരുന്നു.


ഒരു ദിവസം പൈകയിലെ എന്റെ ഓഫീസില്‍ വായനയുടെ ലോകത്തു നിന്നും ഇത്തിരി റെസ്റ്റ് എടുക്കാനായി ഇരിക്കുന്ന സമയം. നേരമ്പോക്ക് ഒന്നും കിട്ടാഞ്ഞതുകൊണ്ട് ശശിയോട് പണ്ട് ഒളിവില്‍ പോയ കാര്യം ഒന്നു ചോദിച്ചു. വേഗന്നു തന്നെ പണിതോണ്ടിരുന്ന സൈക്കിള്‍ സറ്റാന്‍ഡില്‍ കയറ്റി വെച്ച് ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങി ശശി കഥ പറയാന്‍ വന്നു. കഥകേള്‍ക്കുകയാണെങ്കില്‍ കാലുവരെ തിരുമ്മി തരും ശശി. എന്തായാലും അങ്ങനെ പരിപ്പുവടയും തിന്ന് ശശിയുടെ നുണകള്‍ കേട്ടിരിക്കുന്ന സമയത്താണ് വാഴക്കാവരയന്‍ അവന്റെ കൂടെ ജോലി ചെയ്യുന്ന തിരോന്തോരന്‍കാരന്‍ സുനിലുമായി എത്തുന്നത്. പരിചയപ്പെട്ടപ്പോള്‍ കഥമുറിഞ്ഞ വൈരാഗ്യത്തിലായിരിക്കാം ശശി പറഞ്ഞു ഞാന്‍ നല്ലൊരു കൈനൊട്ടക്കാരനാണ് എന്ന്. പിന്നെ ഒരു പരിചയവുമില്ലത്തവനെ കൈ നോക്കി എന്തു പറയും എന്നറിയാനുള്ള ഒരു ആകാംക്ഷയും കാണുമായിരിക്കാം.


പെട്ടെന്നു പറയാന്‍ പൊതുവേ നുണകള്‍ വായില്‍ തത്തിക്കളിക്കറുണ്ടെങ്കിലും അപ്പോള്‍ ഒന്നും വന്നില്ല. എന്തായാലും ഒന്നു പയറ്റാം എന്നു തീരുമാനിച്ചു. ദക്ഷിണയായ മഴുകുതിരിയും മൂന്നു വിത്സും വാങ്ങാനായി വാഴക്കാവരയനും സുനിലും കടയിലേക്കു പോയി. ശശി ഒന്നു നിവര്‍ന്നിരുന്നു. സുനില്‍ മെഴുകുതിരിയും സിഗരറ്റുമായെത്തി. വാഴക്കാവരയന്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് വേഗന്നു വരാമെന്നു പറഞ്ഞ് അപ്പുറത്തോട്ട് പോയത്രേ. സുനില്‍ വന്നപ്പോള്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു. ഞാന്‍ ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു. ശശി മെഴുകുതിരി കത്തിച്ചു വെച്ചു. വിത്സ് രണ്ടെണ്ണം എന്റെ മുന്നിലേക്കും ഒരെണ്ണം സുനിലിന്റെ മുന്നിലേക്കും തിരിച്ചു വെച്ചു.


ഫോണ്‍ വിളി അവസാനിപ്പിച്ച് ഞാന്‍ കാര്യത്തിലേക്കു കടന്നു. സുനിലിന്റെ കൈ പിടിച്ച് മേശപ്പുറത്ത് നീട്ടി വെച്ചു. ഞാന്‍ ആ കൈകളില്‍ പിടിച്ച് രേഖകള്‍ ഹൃദിസ്തമാക്കുന്നപോലെ കൈ ഓടിച്ചു. പിന്നെ കണ്ണടച്ചു.


കണ്ണടച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു “കാലാഹിനാ പരിഗ്രസ്ഥമാം ലോകാഹ: നികടേ വസതി... ദര്‍ദ്ദുരന്‍.... കൊജഭന്‍.... സത്ഗമയാ”ഞാന്‍ പതുക്കെ കണ്ണു തുറന്നു, സുനിലിനെ നോക്കി പറഞ്ഞു.


“ചക്ഷുശ്രവണഗളസ്ഥമാണല്ലോ?....“ഒന്നും മനസിലാവാതെ സുനില്‍ കണ്ണുമിഴിച്ചു. മുഖം ഗൌരവത്തിലാക്കി ഞാന്‍ ഒന്നിരുത്തി നീട്ടി മൂളി “ഊം....“ പലകയും കവടിയും എടുത്തു. കവടി നിരത്തുന്നതിനിടയില്‍ തന്നെ ചോദിച്ചു “ നായരാണല്ലേ..?” അതേ എന്നു സുനില്‍ പറഞ്ഞു.


ഞാന്‍ അരുളി ”ശിവോ രക്ഷതു ഗീര്‍വാണഭാഷാരസാസ്വദതത്പരാന്‍“, “ശിവനേ വിചാരിച്ചുകൊള്ളൂ...”
ഞാന്‍ - “ഒറ്റമോനാണല്ലേ?....“
സുനില്‍ - “അതെ“
ഞാന്‍ - “അച്ഛന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണല്ലോ പ്രവര്‍ത്തിക്കുന്നത്?“
സുനില്‍ - “അതെ, ദേവസത്തിലാണ് ജോലി“ സുനിലിന്റെ മുഖത്ത് ചെറിയ ആശ്ചര്യം.
ഞാന്‍ - “അമ്മ അക്ഷരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, പത്രത്തിലാണോ?”
സുനില്‍ - “അല്ല, മലയാളം അദ്ധ്യാപികയാണ്”
ഞാന്‍ - “അതും അക്ഷരസംബന്ധിയായ കാര്യം തന്നെ”
ഞാന്‍ സൂക്ഷിച്ചു കവടിപലകയിലേക്കു നോക്കി പറഞ്ഞു “ ഒരു പ്രണയമല കയറിയിറങ്ങിയിരിക്കുന്നല്ലോ?” സുനില്‍ - വിടര്‍ന്ന കണ്ണുകളോടെ “മനസിലായില്ല?”
ഞാന്‍ - “ഒരു പ്രണയത്തിലാണ്, പക്ഷെ അതു ഉടനെ അവസാനിക്കാനാണ് സാധ്യത.”
സുനില്‍ ഒന്നും മിണ്ടിയില്ല, എങ്കിലും എന്തോ ചിന്തിക്കുന്നതായി തോന്നി.
ഞാന്‍ - “പുതിയ ജോലിയിലേക്കു മാറ്റം ഉടനെ കാണുന്നുണ്ടല്ലോ, അവിടെ മറ്റൊരു പ്രണയത്തിന്റെ തുടക്കവും കാണുന്നല്ലോ?, അപ്പോള്‍ നിലവിലുള്ള പ്രണയം നിലനില്‍ക്കില്ല”
സുനില്‍ സന്തോഷവാനായി.


പിന്നീടെല്ലാം പറഞ്ഞതു ഭാവിയായിരുന്നു. അതു കാത്തിരുന്നു കാണേണ്ടകാര്യങ്ങളല്ലെ. എന്തായാലും സുനില്‍ സന്തോഷവാനായി. വൈകുന്നേരം സുനിലിനു ഭയങ്കര നിര്‍ബന്ധം, പാലാക്കു പോണം. പിന്നെ അന്നു രാജധാനിയില്‍ ചിലവു മുഴുവന്‍ സുനിലിന്റെ വക.


രണ്ടുദിവസം കഴിഞ്ഞ് വാഴക്കാവരയന്‍ വിളിച്ചു. അവന്റെ ഓഫീസില്‍ നിന്ന് നാലഞ്ചു പേര്‍ അടുത്തയാഴ്ച വരുന്നുണ്ടത്രേ. നാട്ടിലും സൈക്കിളുശശിയുടെ വക നല്ല പബ്ലിസിറ്റി.


സുനിലിന്റെ കൂടെ ദക്ഷിണ വാങ്ങിക്കാന്‍ പോയ വാഴക്കാവരയന്‍ മുങ്ങിയത് അവന്റെ അമ്മാവന്റെ കടയില്‍ കയറി സുനിലിന്റെ ഡീറ്റെയിത്സ് എനിക്കു തരാന്‍. രണ്ടുമിനിറ്റിനുള്ളില്‍ അവന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും സുനിലിന്റെ ജോലിയുടെ മാറ്റവും ഒക്കെ അവന്‍ പറഞ്ഞുതന്നു. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതും എന്നാല്‍ അവളുടെ വീടു കണ്ടപ്പോള്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അവനു താല്പര്യം കുറഞ്ഞതും അവന്‍ പറഞ്ഞു തന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നപോലെ, കാലാഹിനാ പരിഗ്രസ്ഥമാം ലോകവും അലോലചേതസാ ഭോഗങ്ങള്‍ തേടുന്നു എന്ന ഏഴാം ക്ലാസിലെ കവിതയുടെയും, ഉടിരാജമുഖി എന്ന സംസ്കൃത ശ്ലോകത്തിലെയും മറ്റും വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത്തിരി സംസ്കൃതം പറഞ്ഞത് സുനിലിനെ ആദ്യം തന്നെ ഇമ്പ്രസ് ചെയ്യിപ്പിച്ചു. പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ടീച്ചറായ അമ്മയുടെ കാര്യം ചെറിയ തെറ്റിലൂടെ അവതരിപ്പിച്ചതും അവന്റെ മനസിനു പാകത്തില്‍ പ്രണയ കാര്യങ്ങള്‍ പറഞ്ഞതും അവനെ എപ്പോ വിശ്വസിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.


പിന്നെ സുന്ദരമായ ഭാവി, അതാര്‍ക്കാ ഇഷ്ടമല്ലാത്തത്?

3 comments:

ചങ്കരന്‍ March 5, 2009 at 7:56 AM  

ഹിഹി കാശെത്ര കിട്ടി?

Jimmy March 5, 2009 at 3:52 PM  

പെണ്‍പിള്ളേരുടെ കൈയ്യില്‍ പിടിക്കാന്‍ കൈനോട്ടവുമായി നടന്ന പല വിരുതന്‍മാരെയും അറിയാം... അങ്ങനെ വല്ല കലാപരിപാടിയുമുണ്ടായിരുന്നോ കയ്യില്‍..??? അതോ കവടി നിരത്തുമാത്രമേ ഉണ്ടായിരുന്നുള്ളൊ...? എന്തായാലും ശശി കൊള്ളാം... കത്തി കേള്‍പ്പിക്കാന്‍ വേണ്ടി ചായേം പരിപ്പുവടയും വാങ്ങി തന്നല്ലൊ...

ശ്രീക്കുട്ടന്‍ | Sreekuttan March 7, 2009 at 4:27 PM  

സ്രാവ് വാഴക്കാവരയെനെ ചിലപ്പൊ പിടിക്കും.. പക്ഷേ.. വാഴയ്ക്കാവരയന്‍ എങ്ങനെ സ്രാവിനെ പിടിക്കും!!

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP