കോഴിപ്പൂവന്‍
>> Thursday, April 23, 2009
പഴയൊരു കാലന്‍കുടയുടെ ശീലപോയ കമ്പി എടുത്തു തന്നിട്ട് പഴുത്ത പ്ലാവില കുത്തിക്കൊണ്ടുവരാനായി വല്ല്യമ്മ പറഞ്ഞയച്ചപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നു. കാര്യം ആട് ആ പ്ലാവില തിന്നുന്നതൊക്കെ കാണാന്‍ രസമുണ്ടെങ്കിലും, ഒറ്റക്കു പറമ്പിൽ പോകാനുള്ള പേടി കാരണം എനിക്കതത്ര സുഖം തോന്നിയില്ല.
എങ്കിലും വീടിന്റെ കരോട്ട് കപ്പത്തോട്ടത്തിനു മുകളിലായി നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ കീഴിലെ പ്ലാവില്‍ എടുക്കാനായി ഞാന്‍ നടന്നു.
കപ്പക്കു ഇടകിളച്ചുകൊണ്ടിരുന്ന പാലാക്കാട്ടുകാരായ സരസനോടും സുന്ദരനോടും കുശലം പറഞ്ഞ് ഞാന്‍ കരോട്ടോട്ടു നടന്നു. എലിപിടുത്തക്കാരൻ മൂപ്പൻ കയ്യാലയുടെ ഇടക്കുള്ള പൊത്തില്‍ ചൂട്ടു വെച്ചു പുകച്ച് എലിയെ പിടിക്കുന്നത് കുറച്ചു സമയം വായും പൊളിച്ചു നോക്കി നിന്നു. പുകയടിച്ചു പുറത്തു ചാടിവന്ന എലി ഒരെണ്ണത്തിനെ പുള്ളിക്കാരന്‍ തട്ടിയപ്പോളേ ഞാന്‍ അവിടുന്നു മുങ്ങി. കാര്യം എലി ഉപദ്രവകാരിയാണെങ്കിലും ജീവന്‍ പോകുന്നതു കാണാന്‍ എനിക്കു വയ്യ. ഇനി ഇന്നു രാത്രി ആ എലിയെയായിരിക്കും സ്വപ്നം കാണുക. ഹോ.. മിനിഞ്ഞാന്ന്, വീട്ടിലെ കഴുത്തേപ്പപ്പില്ലാത്ത പൂവനെ റബറുവെട്ടുകാരന്‍ തോമ്മാ കഴുത്തിനു പിടിച്ചു തിരിച്ചു കൊല്ലുന്നതു കണ്ടു കിളിപോയതാണ് ഞാൻ. ആക്രമണകാരിയും എല്ലാ പിടക്കോഴിയുടെയും മുകളില്‍ കയറി അതുങ്ങളുടെ കൊച്ചു പൂവിനെ കൊത്തുകയും ചെയ്യുന്ന ദുഷ്ടനാണെങ്കിലും കാലില്‍ ചവിട്ടിപിടിച്ച്, കഴുത്തു തിരിച്ചപ്പോള്‍ ആ പൂവന്റെ ഒരു പിടച്ചില്‍, ഇപ്പോളും മനസില്‍ നിന്നു മായുന്നില്ല. പക്ഷെ കറിവെച്ചു തിന്നാനിരുന്നപ്പോള്‍ അതൊന്നും ഓർത്താതെ ഇല്ല. അതോ സൌകര്യപൂര്‍വ്വം മറന്നതായിരുന്നോ ആവോ? ഇങ്ങനായിരിക്കും മനുഷ്യന്റെ കാര്യവും, ആര്‍ക്കറിയാം. ഹിറ്റ്ലറൊക്കെ ഒത്തിരി മനുഷ്യരെ കൊന്നു എന്നൊക്കെ പറയുന്നതു കേല്‍ക്കുമ്പോള്‍ തോന്നാറുണ്ട്, എങ്ങനെ ഇതൊക്കെ ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നു എന്ന്. കൊന്നു കൊന്നു അവസാനം ഒരുപക്ഷെ മരണം കാണാൻ ഒരു പ്രയാസവും ഇല്ലാതെ വരാം.
പേരയുടെ ചുവട്ടിലെത്തിയപ്പോൾ അതില്‍ പഴുത്ത പേരക്കാ വല്ലതും ഉണ്ടോ എന്നു നോക്കിയേക്കാം എന്നുതോന്നി. അകം ചുവന്നിരിക്കുന്ന പേരക്കായാണെങ്കിലും കാണാൻ അഴകുണ്ടെങ്കിലും, മധുരം വീടിനു പുറകില്‍ നില്‍ക്കുന്ന ചെറിയ പേരയിലെ കുഞ്ഞുപേരക്കായ്ക്കാണ്. ഇതു വല്ല്യ പേരയായതിനാല്‍ വലിഞ്ഞു കയറുന്നതു ആരെങ്കിലും കണ്ടാല്‍ വഴക്കുപറയും. എന്നാലും പഴുത്തതു കണ്ടപ്പോള്‍ കയറി പറിച്ചേക്കാം എന്നു വെച്ചു.
കാര്യം മാടത്തയും വാവലും മറ്റും നല്ല പേരക്ക നോക്കി കൊത്തുന്നതിനാല്‍ പഴുത്തത് കിട്ടില്ലെങ്കിലും പഴുക്കാന്‍ തുടങ്ങിയത് അവര്‍ തൊടുന്നതിനു മുമ്പേ നമുക്കു കിട്ടും. ഒരു മൂത്ത പേരക്കാ വടക്കുള്ള തുഞ്ചത്തു കയറി പറിച്ച് അവിടെത്തന്നെ ശിഖരങ്ങളുടെ ഇടക്കിരുന്നു പതുക്കെ ആടി ഇരുന്നു കഴിച്ചു. നല്ല രസമാണ് ഇങ്ങനെ പൊക്കത്തിരിക്കാന്‍. വീടിന്റെ നടുമുറ്റം വരെ കാണാം. വീടിന്റെ പുറകില്‍ നിന്ന് തള്ളക്കോഴി കൊക്കുന്നത് കേട്ട് കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം തള്ളയുടെ ചിറകിനടിയില്‍ കയറുന്നു. വല്ല്യമ്മ പിഞ്ഞാണം എടുത്ത് കൊട്ടി എറിയനെ ഓടിക്കാന്‍ നോക്കുന്നു. പണ്ടേ എനിക്ക് പേടിയാ എറിയനെ, തള്ളക്കോഴിയെ പറ്റിച്ച് കുഞ്ഞുങ്ങളെ റാഞ്ചുന്നവനല്ലേ. തള്ളക്കോഴി കൊക്കുന്നതു കേല്‍ക്കുമ്പോളേ പേടിയാ, ഏതു ഹതഭാഗ്യന്‍ കുഞ്ഞാണോ ഇന്നു പോയത് എന്നോര്‍ത്ത്. ഒരു തോക്കു ഉണ്ടായിരുന്നെങ്കില്‍ എറിയനെയും പരുന്തിനെയും ഒക്കെ വെടിവെച്ചു കൊല്ലാരുന്നു.
എന്തായാലും അനിയന്‍ ചെന്ന് വല്ല്യമ്മയോട് എന്തോ പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പിടിച്ച് ചൂരല്‍ കൊട്ടക്കകത്തിട്ടു. കഴിഞ്ഞ ദിവസം ഒരു കോഴിക്കുഞ്ഞിനെ പരുന്തു പിടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഓടി വന്നു രക്ഷിച്ചിട്ടു വല്യമ്മയും കൂടി ചേർന്ന് മഞ്ഞൾ ഒക്കെ തേച്ചു പരിചരിക്കുന്നത് കണ്ടു. തൂങ്ങി നിന്ന കോഴിക്കുഞ്ഞിനെ പിഞ്ഞാണത്തിന്റെ അടിയിൽ ഇട്ടു മുകളിൽ വടി കൊണ്ട് കൊട്ടുന്നത് കണ്ടു, എന്തിനാണോ ആവോ? അവന്റെ പരിപാടികളാണ് കോഴികളെ പൊരുന്നയിരുത്തും കുഞ്ഞുങ്ങളെ വളര്‍ത്തും.
രണ്ടു പേരക്കാ തിന്നു കഴിഞ്ഞ് പതുക്കെ ഇറങ്ങി പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. തേക്കിന്റെ ചുവട്ടില്‍ കൂടി പോയപ്പോള്‍ ഒരു പുഴു ദേഹത്തു തട്ടിയപ്പോളാണ് അതിന്റെ കാര്യം ഓര്‍ത്തത്. നൂലില്‍ തൂങ്ങിക്കിടക്കുന്ന നൂറുകണക്കിനു പുഴുക്കളാണ് ആ സീസണില്‍ തേക്കു മുഴുവന്‍. അതിന്റെ ഇല മുഴുവന്‍ തിന്നുകയും ചെയ്യും. എന്തൊക്കെ ജീവികളാണോ ഈ പറമ്പില്‍? പച്ച കളറിലും പലകളറിലും ഉള്ള പുഴുക്കളേ മാത്രം ഇഷ്ടമാണ്. ആട്ടിന്‍പുഴുവിനെ എങ്ങാനും തൊട്ടാല്‍ പിന്നെ പറയണ്ടാ. എന്നാ പിന്നെ ഈ ദൈവത്തിന് നല്ല പുഴുക്കളേ മാത്രം സൃഷ്ടിച്ചാല്‍ മതിയാരുന്നല്ലോ? എന്തിനാ ഈ ചൊറിയന്‍ പുഴുവിനെയും മറ്റും ഉണ്ടാക്കിയത്? പോരാത്തതിന് കൂടുതല്‍ ഉള്ളതും ഈ വക ആട്ടിന്‍ പുഴു, ഈച്ച, അട്ട, കാക്ക, കൊതുക്, എലി തുടങ്ങിയ സാധനങ്ങള്‍. ഇതിനൊക്കെ പകരം എല്ലാ കൂട്ടത്തിലെയും സുന്ദരന്മാരെ ഉണ്ടാക്കിയാല്‍ മതിയാരുന്നല്ലോ. പാമ്പുകളില്‍ പച്ചിലപാമ്പ്, മീനുകളിൽ സ്വർണ മീൻ, പുഴുക്കളില്‍ പച്ചപ്പുഴു, പക്ഷികളില്‍ മയിലും തത്തയും ഒക്കെ.
ഓ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അങ്ങനെ തന്നെയാ മനുഷ്യരെയും സൃഷ്ടിക്കുന്നതെങ്കില്‍ എന്നെപോലെയുള്ള പാവം വികൃതരൂപികൾ ഒക്കെ എന്തു ചെയ്തേനേ? പഴുത്ത പ്ലാവിലെ കുറെ കുത്തിയെടുത്തു. പിന്നെ പതുക്കെ വല്ല്യപ്പന്‍ കുടയുമായി നടക്കുന്നപോലെ കുടക്കാലു കുത്തിക്കുത്തി വീട്ടിലേക്കു നടന്നു. അങ്ങനെ നടന്നു പോയപ്പോളാണ് അനിയന്റെ അരുമയായ ഗിരിരാജാ കോഴിപ്പൂവന്‍ ഒരെണ്ണം വഴിയില്‍ നില്‍ക്കുന്നത്. സാധാരണ നമ്മള്‍ വരുമ്പോള്‍ ബഹുമാനത്തോടെ മാറിത്തരുന്നതാണ് കോഴികള്‍. ഇവന്റെ അഹങ്കാരം കണ്ടില്ലേ? കുടക്കമ്പികൊണ്ട് ഒരു തോണ്ടു കൊടുത്തു ഞാന്‍. കൊക്കിക്കൊണ്ട് ഒരു ചാട്ടം അവന്‍, ഞാന്‍ മുമ്പോട്ടു നടന്നു.
പുറകില്‍ നിന്നും ഒരു ശബ്ദം, ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത് എന്നെ കൊത്താന്‍ പറന്നു വരുന്ന പൂവനെയാണ്. എന്റമ്മോ എന്നു കരഞ്ഞു ഓടിയെങ്കിലും ഒരു കൊത്തു കിട്ടി, കൃത്യം കുണ്ടിക്കു തന്നെ. അതിന്റെ വേദനിയില്‍ കയ്യാലയില്‍ നിന്നും എടുത്തു ചാടിയ ഞാന്‍ ചെന്നു ചവുട്ടിയത് നനഞ്ഞുകിടന്ന വാഴപ്പോളയില്‍. അതിൽ ചവുട്ടി തെന്നിചെന്നു വീണത് തെങ്ങില്‍ കെട്ടിയിരുന്ന ആടിന്റെ മുമ്പില്‍. ഇനി അതിന്റെ ചവുട്ടോ അല്ലെങ്കില്‍ കുത്തോ കിട്ടുമോ എന്ന് വിചാരിച്ചെങ്കിലും പാവം ആട്, നേരെ വന്നു കുടക്കമ്പിയിലെ പഴുത്ത പ്ലാവില തിന്നാന്‍ തുടങ്ങി.
അതു വിചാരിച്ചു കാണും സ്നേഹംകാരണം പറന്നുവന്നു പ്ലാവില തന്നതാണെന്ന്. എന്നാലും ഒരു കോഴിപ്പൂവന്റെ മുമ്പില്‍ പോലും അഹങ്കരിക്കാന്‍ യോഗമില്ലാത്തവനാണല്ലോ ഞാന്‍ എന്നാലോചിച്ചപ്പോള്‍ കൊത്തിയിടത്തെ വേദന വീണ്ടും കൂടി.
ഇന്നും നല്ല കോഴിപ്പൂവനെ കാണുമ്പോള്‍ ഞാന്‍ ഇത്തിരി മാറി നടന്നേക്കും, എന്തിനാ വെറുതെ അഹങ്കരിക്കുന്നത്?
6 comments:
എങ്കിലും വീടിന്റെ കരോട്ട് കപ്പത്തോട്ടത്തിനു മുകളിലായി നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ കീഴിലെ പ്ലാവില്‍ എടുക്കാനായി ഞാന്‍ നടന്നു.
Very lovely writing. Once I felt I am at home in highrange and wander in the sarroundings, Feeling of beauty and nostalgia. Compliments
ഓര്‍മ്മകള്‍ മനോഹരം
പണ്ടത്തെ എന്റെ ഗ്രാമം അപ്പടി വരച്ചു വച്ചിരിക്കുന്നു.
ആ കുടക്കമ്പിയിൽ പ്ല്ലാവിലയും കുത്തി ഒരു കാക്കി നിക്കറും ഇട്ട് നടന്നുപോകുന്നത്...ആരാ...?
ഈ ഞാൻ തന്നെയല്ലെ..?
ഒരു നാലു വയസ്സുകാരൻ.....!!!
ആശംസകൾ.
നന്നായിട്ടുണ്ട്.
Second last paragraph ethenkilum film directors vaayichaal oru comedy scene undaakkaanulla vakayund..
Hai..Enthu rasama vayikkan...nattin purathu koodi thulli chadi nadannirunna pazhaya balya kalam..aadum, kozhiyum okeyumayi kushalam paranju nadanna aa kalam ee roominullil irunnu enneyum orikkal koodi ormippichu....thanks...iniyum ezhuthooo....!!!
Post a Comment