ഞാനൊരു പാവം പാലാക്കാരന്‍

കറിയാച്ചന്റെ വിചാരങ്ങള്‍

>> Sunday, April 5, 2009

ഞാന്‍ കറിയാച്ചന്‍. ഈ ലോകത്തേക്കു വന്നിട്ട് രണ്ടു വര്‍ഷങ്ങളും കുറച്ചു മാസങ്ങളും കഴിഞ്ഞിരിക്കുന്നു. ബുദ്ധി ഉറച്ചു വരുന്നതേ ഉള്ളൂ എന്ന് ചാച്ചയും അമ്മയും പറയുമ്പോള്‍ അവര് ‍എത്രത്തോളം ബുദ്ധിയില്ലാത്തവരാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. നീണ്ട രണ്ടുവര്‍ഷങ്ങള്‍ ലോകം കണ്ടവനല്ലേ ഞാന്‍? എങ്കിലും ഇനിയുമെത്ര ദൂ‍രം പോകേണ്ടിയിരിക്കുന്നു.



ഈ ചാച്ചയെക്കൊണ്ട് ഞാന്‍ തോറ്റു. രാവിലെ ഉറങ്ങിക്കിടക്കുമ്പോളാ കൂടുതല്‍ സ്നേഹം. എന്നും രാവിലെ റ്റാറ്റാ പോകാന്‍ നേരം ചാച്ച കെട്ടിപീടിച്ച് ഉമ്മ തരും. ഞാനാണെങ്കില്‍ നല്ല ഉറക്കത്തിലുമായിരിക്കും. രാത്രീലൊക്കെ അമ്മേനേം ചാച്ചേനേം ഉറക്കാന്‍ നോക്കി ലേറ്റായി കിടക്കുന്നതല്ലേ? രാവിലെയെങ്കിലും ഇത്തിരി സമാധാനമായി ഉറങ്ങിയില്ലേ ക്ഷീണമല്ലേ? അന്നേരമാ കുളിയൊക്കെ കഴിഞ്ഞു വന്നു തണുപ്പോടെ ഒരു ഉമ്മ. എന്നാലും സ്നേഹത്തോടെയായതു കൊണ്ട് ഞാന്‍ ക്ഷമിച്ചേക്കും. ചെറിയൊരു ചിരിയും കൊടുത്തേക്കും. പാവം സന്തോഷത്തോടെ പൊക്കോട്ടെ.

ചാച്ചക്കൊക്കെ എന്തു സുഖമാ, എന്നും കറങ്ങാന്‍ പോക്കല്ലേ? വല്ലപ്പോളും ഞങ്ങളെ പാര്‍ക്കിലോ ഷൊപ്പിങിനോ കൊണ്ടുപോകും. പക്ഷെ ചാച്ച എന്നും രാവിലേം ഉച്ചക്കും പോകും. ഞാന്‍ കുറെ കരഞ്ഞു നോക്കി, പക്ഷെ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ പകല്‍ കൊണ്ടുപോകുകയുള്ളൂ. എനിക്കണേങ്കില്‍ എപ്പോളും പുറത്തു പോകാന്‍ കൊതിയാ. സെല്‍ഫിഷായിരിക്കും ചാച്ച, അതല്ലേ എന്നും തന്നെ പോകുന്നത്. പോകുമ്പോളൊക്കെ എന്നേം കൊണ്ടുപോയാല്‍ എന്താ കുഴപ്പം?

ഇന്നലെ രാത്രി ലുലുവില്‍ പോയപ്പോള്‍ ഞാന്‍ എത്ര കരഞ്ഞെന്നോ ഒരു സൈക്കിള്‍ വാങ്ങി തരാന്‍. ഈ ചാച്ചയെന്തിനാ ഇത്ര ദുഷ്ടനായത്. കണ്ട അരിയും മുളകും ഒക്കെ വാങ്ങാം. എല്ലാം കഴിഞ്ഞ് ഒരു കാര്‍ഡ് അങ്ങോട്ട് ഉരച്ചാല്‍ പോരെ. എന്നാ പിന്നെ ഇഷ്ടം പോലെ ഐസ് ക്രീമും ചോക്കളേറ്റും വാങ്ങുവരുന്നേല്‍ കുഴപ്പമില്ലാരുന്നു. അതുക്കൂട്ട് ഒരു കാര്‍ഡ് കിട്ടുവരുന്നേല്‍ ചുമ്മാ പോയി എന്തേലുമൊക്കെ വാങ്ങാരുന്നു. വേറേം പിള്ളെരു കരയുന്ന കണ്ടു. എല്ലാ ചാച്ചമാരും ഇങ്ങനെയാരിക്കും.

വൈകിട്ട് തിരിച്ചു വരുമ്പോള്‍ ഞാന്‍ നല്ല രസമുള്ള ഒരു വണ്ടി കണ്ടു. ലോറി ആണെന്നാ ചാച്ച പറഞ്ഞത്. കോണ്‍ക്രീറ്റ് മിക്സര്‍ എന്നാ ചാച്ച പറഞ്ഞേ. അതോടുമ്പോള്‍ അതിന്റെ പുറകിലുള്ള ഒരു ടാങ്ക് കറങ്ങും. ഇടക്കു ചാച്ച കള്ളുകുടിക്കാന്‍ നേരം കഴിക്കുന്ന എരിവുള്ള മിക്ചര്‍ ആണ് എനിക്കറിയാവുന്നത്. ഇതു സിമന്റ് മിക്സ് ചെയ്ത് കൊണ്ടുപോകുന്നതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ അമ്മക്ക് പുട്ടു കുഴക്കാന്‍ പറ്റിയ സാധനമാ. അതിനകത്തോട്ട് എല്ലാം കൂടി ഇട്ടാല്‍ കുഴച്ചിങ്ങു വരില്ലേ. പാവം, പുട്ടിനും ചപ്പാത്തിക്കും ഒക്കെ കുഴക്കുന്നതു കണ്ടാല്‍ സങ്കടം വരും.

കാറിലാണെങ്കില്‍ എന്നെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. ആദ്യം ഒക്കെ ഓടിക്കാന്‍ വേണ്ടി കരഞ്ഞു നോക്കി, എവിടെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. രാവിലെ മുതല്‍ ചാച്ചക്കു കറങ്ങാം. നമ്മള്‍ വല്ല കളിവണ്ടിയും ഓടിച്ചു ഇരുന്നോണം. അതും നല്ല ഒരെണ്ണം കടയില്‍ കണ്ടാല്‍ അതൊന്നു വാങ്ങിത്തരാന്‍ എത്ര കരഞ്ഞാലും തരില്ല. എല്ലാ ദിവസവും ഒരു മൂന്നു പുതിയ കാര്‍ വാങ്ങിത്തന്നാല്‍ എന്താ കുഴപ്പം. കാര്‍ഡ് ഉരച്ചാല്‍ പോരെ?

വണ്ടി ഒക്കെ ചാച്ചക്കു ഇത്തിരി സ്പീഡില്‍ ഓടിച്ചാല്‍ എന്താ കുഴപ്പം. സ്പീഡില്‍ പോകാന്‍ പറയുമ്പോള്‍ പറയും ക്യാമറ ഉണ്ട്, ഫൈന്‍ വരും എന്നൊക്കെ. ഇടക്കു നല്ല വല്ല്യ ജീപ്പോക്കെ വന്നു ചാച്ചേടെ പുറകില്‍ നിന്നു ലൈറ്റ് അടിച്ചു കാണിക്കും. അപ്പോള്‍ ചാച്ച സൈഡ് കൊടുക്കും, അവന്മാര്‍ മുമ്പില്‍ കയറി പോകും. ഈ തലേക്കെട്ടും കെട്ടിയ പണിക്കാര്‍ക്കൊക്കെ വല്ല്യ വണ്ടി. അവര്‍ക്കൊക്കെ എത്ര സ്പീഡില്‍ വേണേലും പോകാം. ടൈ ഒക്കെ കെട്ടി വല്ല്യ പത്രാസില്‍ പോകുന്ന ചാച്ച കുഞ്ഞു കാറുമായി പതുക്കെ പോകും. കലികാലം അല്ലാതെന്താ.ചാച്ചക്കും തലേക്കെട്ടു കെട്ടിയ പണിക്കാരെ വല്ല്യ ബഹുമാനമാ. പാവം നമ്മളെ ഒക്കെ ഒന്നു ബഹുമാനിച്ചാ എന്താ കുഴപ്പം?

അമ്മയും കണക്കാ, എന്നും ഒരു സാധനം കൊണ്ട് വന്ന് കുണ്ടി പൊതിഞ്ഞു കെട്ടും. അപ്പിയിട്ടാല്‍ മുഴുവന്‍ അതിലിരിക്കും. അതില്ലെങ്കില്‍ ചുമ്മാ കാണുന്നിടത്തൊക്കെ ചൂചു വെക്കാരുന്നു. രാത്രിക്കു കിടന്നു മുള്ളുമ്പോള്‍ നനയാതിരിക്കും എന്നൊരു മെച്ചം മാത്രം. പക്ഷെ ഭയങ്കര ചൂടാന്നേ അകത്ത്, പിന്നെ ഇടക്കൊക്കെ ചൊറിച്ചിലും വരും. പാപ്പം കുടിക്കുമ്പോളൊക്കെ സുനാപ്പിയില്‍ പിടിച്ചോണ്ടു കിടക്കാന്‍ എന്തൊരു രസമാ, സമ്മതിക്കില്ല ഈ അമ്മ.

കോക്കു കരയുമ്പോളൊക്കെ അമ്മ എടുക്കും, ഞാന്‍ കരഞ്ഞാല്‍ അമ്മയും ചാച്ചയും അടിതരും. അവന്‍ വന്നതു കാരണം എന്തൊക്കെ കുഴപ്പങ്ങളാ. എന്നാലും ചിലപ്പോല്‍ അവന്റെ കൂടെ കളിക്കാന്‍ നല്ല രസമാ. അവന്റെ മാന്തിപ്പറിയാ സഹിക്കാന്‍ വയ്യാത്തത്. ഇപ്പോള്‍ വന്നു വന്നു എല്ലാര്‍ക്കും അവനെയാ ഇഷ്ടം. ഞാന്‍ മാക്സിമം എല്ലാരേം കയ്യിലെടുക്കാന്‍ നോക്കുന്നുണ്ട്.

രാത്രിക്കു ചിലപ്പോള്‍ ചാച്ചയും അമ്മയും നല്ല സ്നേഹമുള്ളപ്പോള്‍ കഥകള്‍ ഒക്കെ പറഞ്ഞുതരും. എനിക്കേറ്റവുമിഷ്ടം ചാച്ച ഫാന്റം ആകുന്നതാ. അമ്മ ഇത്തിരി വണ്ണമുള്ള ഡയാനയാകും. ഞാന്‍ റെക്സ് ആയിട്ടും, കോക്കു കിറ്റ് ആയിട്ടും കാട്ടിലൂടെ ഒക്കെ പോകും. ഞങ്ങള്‍ക്ക് ഒരു അനിയത്തി കൂടി ഉണ്ട് കഥയില്‍, ഹെലോയിസ്. ശരിക്കും അവള്‍ ഇനി എപ്പോളാണോ വരുന്നത്. ഇന്ന് എന്തു കഥയാണോ ആവോ പറയുന്നേ.

ഫുള്‍ ടൈം അമ്മിഞ്ഞകുടിയാണ് കോക്കുവിന്റെ പണി. രണ്ടു ദിവസം മുമ്പ് അമ്മയും ചാച്ചയും കൂടി എന്നെ ഒന്നു കൂടി കുടിപ്പിക്കാന്‍ നോക്കി. എനിക്കണെങ്കില്‍ നാണമാ. ചാച്ച കുടിച്ചു കാണിച്ചു തന്നു, ഒരു നാണവും ഇല്ലന്നേ ചാച്ചക്ക്. ഓ..പണ്ട് പുളിചുവ വന്നപ്പോള്‍ നിര്‍ത്തിയതല്ലേ, ഇനിയിപ്പോള്‍ വേണ്ട. എന്നാലും അമ്മ അമ്മിഞ്ഞയില്‍ ചേര്‍ത്ത് പിടിച്ചു സ്നേഹിക്കുമ്പോള്‍ നല്ല സുഖം തോന്നും. ആരേം പേടിക്കണ്ടാത്തതുപോലെ...
വലിയ ചേട്ടായി ഒക്കെ ആയില്ലേ, ഇനി ഇത്തിരി സ്റ്റൈല്‍ ഒക്കെ ആവാം അല്ലേ?

ഈ ആരാധകരെ കൊണ്ട് തോറ്റു...

ഇതു കോക്കു. ഇവന്‍ ഇപ്പോള്‍ എന്നെ മുകളിലേക്കാ നോക്കുന്നതെങ്കിലും ഈ രീതിയിലാണെങ്കില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കേണ്ടി വരും.

4 comments:

പാവപ്പെട്ടവൻ April 6, 2009 at 4:45 PM  

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Mr. X April 7, 2009 at 12:37 PM  

കറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍!

നല്ല രസമുള്ള എഴുത്ത് ശൈലി. കറിയാച്ചന്‍റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന ലോകം...

വേണമെങ്കില്‍ ഒരു ചെറുകഥ ആയി പബ്ലിഷ് ചെയ്യാമല്ലോ.

PreethySunil April 16, 2009 at 12:20 AM  

Kariyayude vishamangal paranjathu ellam sathyama..ella karyathilum avan ennum adjust cheyyum..aarodum...avan ethra nallavan !!swantham kanniloode ellam kanunna chachaye avanum kanunnundu...parathikalum paribhavangalum onnumillathe.....!!

Asha April 19, 2009 at 10:16 PM  

Ha ha ha...athu kalakki.. :) :)


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP