ഞാനൊരു പാവം പാലാക്കാരന്‍

പൊന്‍കുന്നം കഹാം ഹേ - കുട്ടപ്പായി കഥകള്‍ 9

>> Saturday, October 23, 2010

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ബോംബെ - ഡല്‍ഹി രജിസ്ട്രേഷന്‍ വാഹങ്ങള്‍ വരാന്‍ തുടങ്ങിയ കാലം. പൈകയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ബോംബെയില്‍ ബന്ധങ്ങള്‍ ഉള്ളവര്‍ക്ക്‌ വന്‍ ഡിമാന്‍ഡ്, വിലക്കുറവില്‍ അവിടെ നിന്നും വണ്ടിയെങ്ങനെ എടുക്കാം എന്നതായി നാട്ടുകാരുടെ ചിന്ത. എന്തായാലും പൈകയില്‍ നിന്നും ഒത്തിരി ആള്‍ക്കാര്‍ വണ്ടിയെടുക്കാനായി അന്ന്‍ ബോംബെയും ഡെല്‍ഹിയും എന്തിനു പറയുന്നു അരുണാചല്‍ പ്രദേശ്‌ വരെ കണ്ടു. അങ്ങനെ എല്ലാത്തിലും കണക്ക് കൂട്ടി കൂട്ടി നോക്കി അവസാനം പ്ലാനിംഗ് മാത്രമല്ലാതെ വേറെ ഒന്നും ചെയ്യാന്‍  സാധിക്കാതിരുന്ന കുട്ടപ്പായിയും വണ്ടിയോരെണ്ണം എടുക്കാന്‍ തീരുമാനിച്ചു.

അന്ന്‍ കുട്ടപ്പായി കോയമ്പത്തൂരില്‍ പുതുതായി വന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മാര്‍ക്കറ്റിങ്ങിലെ പങ്കാളി അബി, പത്താം ക്ലാസ് വരെ ഊട്ടിയില്‍ പഠിച്ചതിനാല്‍ ശിറ്റും ഫക്കും നന്നായി പറയാനറിയാം. പത്താം ക്ലാസിനു ശേഷം വലി, കുടി, പാന്‍പരാഗ്, ശംഭു തുടങ്ങിയ സുകമാരകലകളില്‍ പ്രാവീണ്യം നേടാനിറങ്ങി എഴുത്തും വായനയും നിര്‍ത്തിയ അവനോടു അഞ്ചു മിനിറ്റു സംസാരിച്ചാല്‍ അവനു ഡബിള്‍ എം ബി എ ഉണ്ടെന്നേ ആരും പറയൂ. രണ്ടു പേരും കൂടി എങ്ങനെ ഒരു ദിവസം അരമണിക്കൂര്‍ മാത്രം പണിത്‌ ജീവിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്ന സമയം. രാവിലെ ഒന്‍പതു മണിക്ക് എണീക്കുന്ന കുട്ടപ്പായി യെല്ലോ പേജില്‍ നിന്നും അമ്പതു ഫോണ്‍ നമ്പരും അഡ്രസും എഴുതിയെടുക്കും. പതിനൊന്നിന് എണീക്കുന്ന അബിയെ അതെല്ലാം ഏല്‍പ്പിച്ച് കഥകള്‍ ഉണ്ടാക്കി മലയാളത്തില്‍ പറഞ്ഞു കേള്‍പ്പിക്കും. അതെല്ലാം വൈകുന്നേരം വിശദമായി അബി ഇംഗ്ലീഷില്‍ സായിപ്പിനെ പറഞ്ഞു കേള്‍പ്പിക്കും. വൈകുന്നേരം വരെ വെടി പറച്ചിലും സ്വപ്നം കാണലുമായി ഇരുന്നിട്ട് രാത്രി പുറത്ത് പോയി വിശാലമായ ശാപ്പാടും മേമ്പൊടിക്ക് അല്പം മദ്യവും. ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോക്കൊണ്ടേ ഇരുന്നു.

വണ്ടിയെടുക്കാനുള്ള ആഗ്രഹം കലശലായപ്പോള്‍ കുട്ടപ്പായി ആദ്യം പൈകയിലെ ബോംബെ ബന്ധമുള്ള വന്‍ തോക്കുകളെ വിളിച്ചു. പണ്ട് അവരുടെ വീരഗാഥകള്‍ ഒക്കെ മണിക്കൂറുകള്‍ കേട്ടതല്ലേ? പക്ഷെ ബോംബെ വണ്ടിയെടുക്കല്‍ തുടങ്ങി മാസങ്ങള്‍ ആയിരുന്നതിനാലും അവര്‍ക്ക് ഇനിയും ബോംബെ കഥകള്‍ പറഞ്ഞു നിലനില്‍ക്കേണ്ടത് കൊണ്ടും അവര്‍ പോംവഴി കണ്ടു പിടിച്ചിരുന്നു. ദാവൂദ്‌ ഇബ്രാഹിമിന്റെയും ചോട്ടാ രാജന്റെയും നേരിട്ടുള്ള ഇടപാടുകാര്‍ ആയതു കൊണ്ട് ഇങ്ങനത്തെ ചീള് കേസുകള്‍ കൈകാര്യം ചെയ്യില്ലാ എന്ന് വിനയപൂര്‍വ്വം കുട്ടപ്പായിയെ അറിയിച്ചു. പത്ത് പതിനഞ്ചു പേരെ കൊല്ലാന്‍ ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കേണ്ട എന്നും പറഞ്ഞു.

അപ്പോളാണ് ദൈവീക കാര്യങ്ങളില്‍ ഒരു കൊച്ചു അധോലോക പിടിപാടുകാരന്‍ ആയ തന്റെ അമ്മാവന്‍ ഫാദര്‍ കുര്യാക്കോസ് ബോംബെയില്‍ പാവം മനുഷ്യന്മാര്‍ക്ക് ഇശോയുടെ അടുത്ത്‌ റക്കമെന്റെഷനും ആയി ജീവിക്കുന്ന കാര്യം കുട്ടപ്പായി ഓര്‍ത്തത്‌. പിന്നെ അമാന്തിച്ചില്ല, ഫോണ്‍ എടുത്ത്‌ ഒറ്റ വിളി. ആരോഗ്യകാര്യങ്ങളും കര്‍ത്താവിന്റെയും വിശുദ്ധന്മാരുടെയും സുഖവിവരങ്ങളും ഒക്കെ തിരക്കി പതുക്കെ വിഷയം അവതരിപ്പിച്ചു. ഒരു വണ്ടി തന്നെ കൊണ്ട് എടുപ്പിച്ച് അവിടുന്ന്‍ ഒരു ഡ്രൈവറെയും വിട്ടു നാട്ടില്‍ എത്തിക്കാനാ കുട്ടപ്പായിയുടെ മനസിലിരുപ്പ് എന്നറിയാവുന്ന അമ്മാവന്‍ നീയിങ്ങു പോരെ നമുക്ക്‌ വണ്ടി നോക്കിയെടുക്കാം എന്ന് തന്ത്രപൂര്‍വ്വം സ്കൂട്ടായി. കുട്ടപ്പായിയുടെ മടി പ്രസിദ്ധമായിരുന്നത് കൊണ്ട് ബോംബെ വരെ വന്നു വണ്ടിയെടുക്കാനുള്ള സാധ്യത ഇല്ലെന്നായിരുന്നു അച്ചന്‍ വിചാരിച്ചത്.

പക്ഷെ കുട്ടപ്പായി പിന്മാറിയില്ല. ബോംബെ വരെ ഒരാളെ കൂട്ടി പോയി വന്നാല്‍ എത്ര രൂപയാ നഷ്ടം എന്ന് കണക്ക് കൂട്ടിയ കുട്ടപ്പായി പക്ഷെ തനിയെ ഇത്ര ദൂരം യാത്ര ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും ഓര്‍ത്ത്‌ ആകെ കണ്ഫ്യുഷനില്‍ ആയി. പിശുക്കും മടിയും മനസ്സില്‍ കിടന്ന്‍ പിടി വലി നടത്തി അവസാനം മടി പിശുക്കിനെ തോല്പിച്ചു, അങ്ങനെ ഒരാളെ കൂടെ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു.

ആരായിരിക്കണം ആ ഹതഭാഗ്യന്‍ എന്ന കാര്യത്തില്‍ കുട്ടപ്പായിക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റിയില്ല. മടി ഇല്ലാത്ത ഒരു ധാരാളിയെ ആലോചിച്ചപ്പോള്‍ അവര്‍ ദരിദ്രനാണ്. സാമ്പത്തികം ഉള്ള ഒരുത്തനെ ചിന്തിച്ചപ്പോള്‍ അവന്‍ പിശുക്കനായ മടിയന്‍ ആണ്. കുട്ടപ്പായിക്ക് ആവശ്യം കയ്യില്‍ കാശുള്ള ധാരാളിയായ എന്നാല്‍ ലേശം പോലും മടിയില്ലാത്ത ഒരാളാണ്. ബോംബെ കാണിക്കാം എന്നുള്ള പ്രലോഭനങ്ങളില്‍ ഒന്നും ആരും വീണില്ല. ഈശ്വരാ ഇതെന്തൊരു പരീക്ഷണം എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് ഒരു ഫുള്ളുമായി അബി കയറി വരുന്നത്.

കുട്ടപ്പായിയ്ടെ മനസ്സില്‍ ഒരു ബള്‍ബു മിന്നി. ഇവനാകുമ്പോള്‍ ഭാഷ നന്നായി അറിയാം, ഒരു ഹിന്ദി മലയാളം ഭാഷ സഹായി ലാഭം. പിന്നെ ഒരു ഫുള്ളും നാല് പാക്കറ്റ് പാന്‍പരാഗും ഉണ്ടെങ്കില്‍ ലോക്കല്‍ ട്രെയിനില്‍ അവിടം വരെ കൊണ്ടുപോകാം. കാര്യം കാശൊന്നും കയ്യില്‍ കാണില്ല എങ്കിലും വലിയ ചിലവില്ലാതെ കൊണ്ടു വരാം. ആകെ ഒരു പ്രശ്നം അവന്റെ സ്പീഡ്‌ ആണ്. കുട്ടപ്പായി ഇരുപത്തഞ്ചു മിനിട്ടെടുത്ത് പോയി പൈന്റു വാങ്ങി വരുന്ന ബാറില്‍ നിന്നും അബി അഞ്ചു മിനിട്ട് കൊണ്ടാ പൈന്റിനു പകരം ഫുള്‍ വാങ്ങി വരുന്നത്. ഒരാള്‍ സൈക്കിള്‍ സ്ലോ റേസിലും മറ്റെയാള്‍ സ്പീഡ്‌ റേസിലും ചാമ്പ്യന്‍. എന്തായാലും ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു കാണാം എന്ന് വിചാരിച്ച് കുട്ടപ്പായി അബിയെയും കൂട്ടി ബോംബേക്കു തിരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടപ്പായി അച്ചനെ വിളിച്ച് ഞങ്ങള്‍ അങ്ങോട്ട്‌ പോരട്ടെ എന്ന് ചോദിച്ചു. പിന്നെന്താ വേണമെങ്കില്‍ മിനിഞ്ഞാന്നു തന്നെ പോന്നു കൊല്ല് എന്നാ ഭാവത്തില്‍ അച്ചന്‍ . അന്താരാഷ്‌ട്ര മടിയനായ കുട്ടപ്പായി ബോംബെ വരെ വരും എന്ന് അച്ചന്‍ വിചാരിച്ചില്ല.

ഡിസംബറിലെ ഒരു പ്രാഭാതം, രാവിലെ അഞ്ചു മണിക്കുള്ള കുര്‍ബാന വാഷിയിലെ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഫാദര്‍ കുര്യാക്കോസ് ആഘോഷപൂര്‍വ്വം നടത്തുന്നു. ബൈബിള്‍ വായിക്കുന്നതിനു മുമ്പുള്ള  എന്ന പാട്ടിനു സാധാരണ ഉള്ളതിലും ഒരു സ്വരം. ബൈബിളുമായി മദ്ബഹായില്‍ നിന്നും മുന്‍ വശത്തേക്ക് വന്ന അച്ചന്‍ ഞെട്ടി, "സര്‍വ്വാധിപനാം കര്‍ത്താവേ.. നിന്നെ വണങ്ങി നമിക്കുന്നു.." എന്ന് പറഞ്ഞു നിവര്‍ന്നപോള്‍ കുട്ടപ്പായിയും മറ്റൊരു മാരണവും ഏറ്റവും മുമ്പില്‍ തന്നെ നില്‍ക്കുന്നു, ഒരു വളിച്ച ചിരിയുമായി. നിങ്ങള്ക്ക് സമാധാനം എന്ന് പറഞ്ഞപ്പോള്‍ കുട്ടപ്പായി വീണ്ടും ചിരിച്ചു. എന്നാ പറയാനാ....വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം എന്നുള്ളടത്ത് വിശുദ്ധ കുട്ടപ്പായി അറിയിച്ച സുവിശേഷം എന്ന് വരെ പറഞ്ഞു പോയി അച്ചന്‍.

കുര്‍ബാന കഴിഞ്ഞു, കുശല പ്രശ്നങ്ങളും പ്രാതലും നടത്തി. ആശ്രമത്തിലെ ഡ്രൈവറുമായി ഒന്ന് രണ്ടു വണ്ടിയുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ തന്നെ അച്ചനു മനസിലായി കുട്ടപ്പായി ഉടനെ എങ്ങും വണ്ടിയെടുത്തു പോകില്ല എന്ന്. നല്ല വണ്ടി വരുമ്പോള്‍ പൈസാ കൂടുതല്‍, പൈസ കുറയുമ്പോള്‍ വണ്ടീടെ കണ്ടീഷന്‍ കുറവ്, പൈസാ കുറഞ്ഞ നല്ല കണ്ടീഷനില്‍ ഉള്ള വണ്ടി ആരെങ്കിലും വില്‍ക്കേണ്ടേ? പോരാത്തതിന് കുറച്ചു കാശും കയ്യില്‍ നിന്ന് പോവില്ലേ എന്നാ ശങ്കയും അച്ചനില്ലാതില്ല. അവസാനം അച്ചന് തോന്നി തന്റെ പഴയ ഫീയറ്റ്‌ അങ്ങു കൊടുക്കുവണേല്‍ എല്ലാം ശുഭമായി തീര്‍ന്നേക്കും എന്ന്‍.

അച്ചന്റെ ആയത് കാരണം ചിലപ്പോള്‍ പൈസാ മുടക്കില്ലാതെ കിട്ടിയേക്കും , എങ്കിലും മാരുതി എസ്റ്റീമില്‍ കുറഞ്ഞ ഒരെണ്ണം കുട്ടപ്പായിയുടെ മനസ്സില്‍ ഇല്ലായിരുന്നു . ഫ്രീ അല്ലെ എന്ന് വിചാരിച്ചപ്പോള്‍ എങ്ങനെ വേണ്ടാ എന്ന്‍  പറയും എന്ന ശങ്കയും. അങ്ങനെ കലുഷിതമായ മനസുമായി കുട്ടപ്പായി നീറി നിന്നു, റമ്മിന്റെയും പാന്പരാഗിന്റെയും നീറ്റലില്‍ അബിയും.

വൈകുന്നേരം നേരം കൊല്ലാനായി അവര്‍ ഒരു സിനിമക്ക് പോയി. അച്ചന്റെ കൂടെയിരുന്നാല്‍ വെറുതെ കുര്‍ബാനയും നൊവേനയും ചെല്ലിയിരിക്കണ്ടേ. കണ്ട സിനിമയോ, പ്രജ എന്ന മോഹന്‍ലാല്‍ പടം. അതില്‍ പ്രതാപിയായ മോഹന്‍ലാല്‍ ഒക്കെ ബോംബെയില്‍ നിന്നും വരുന്നത് പഴയ ഫീയറ്റില്‍, സിനിമയുടെ ഇടയ്ക്കു ബെന്‍സും കൊണ്ടെസ്സയും വേണ്ടെന്നു വെച്ച് വീണ്ടും വരുന്നത് ഫീയറ്റില്‍, കുട്ടപ്പായി തീരുമാനം എടുത്തു.

അങ്ങനെ വണ്ടിക്കു പൈസാ ഒന്നും മുടക്കാതെ അവര്‍ നാട്ടിലേക്ക്‌ യാത്ര തുടങ്ങി. എന്നാ പിന്നെ ഗോവ വഴി അങ്ങ് പോന്നെക്കാം എന്ന് വെക്കുകേം ചെയ്തു. ഗോവ വരെ കുട്ടപ്പായി പ്രജയിലെ മോഹന്‍ലാലിന്റെ ആവേശത്തില്‍ വണ്ടി ഓടിച്ചു, പിന്നെ അല്പം മദ്യ സേവ. അവിടെ മദ്യത്തിന് വില കുറവായത് കാരണം അത്യാവശ്യം സ്റ്റോക്കും ചെയ്തു. അങ്ങനെ ഗോവന്‍ ബീച്ചില്‍ നല്ല റമ്മും തൊട്ടു കൂട്ടാന്‍ മാദാമ്മയുടെ സീനുകളുമായി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടപ്പായിക്ക് പോയേക്കാം എന്ന് തോന്നി. ഇനി അബിക്ക് വണ്ടി കൊടുത്തിട്ട് ഇത്തിരി വിശ്രമിക്കാം, അല്ലെങ്കിലും അവനെ ഡ്രൈവര്‍ ആയിട്ടല്ലേ ചിലവും കൊടുത്ത് കൊണ്ട് വന്നിരിക്കുന്നെ. ഡാ.. ഇനി നീ ഓടിക്കെടാ വണ്ടി എന്ന് പറഞ്ഞിട്ട് കുട്ടപ്പായി പുറകിലത്തെ സീറ്റില്‍ കയറി ഞെളിഞ്ഞിരുന്നു.

ബീച്ചിന്റെ സൈഡായിരുന്ന കാരണം വണ്ടി ഒരിടത്തും ഇടിച്ചില്ല. വളഞ്ഞു പുളഞ്ഞു ചെന്ന് മണ്ണില്‍ കുത്തി നിന്നു. പാവം കുട്ടപ്പായി, അബിക്ക് ബൈക്ക്‌ മാത്രമേ ഓടിക്കാന്‍ അറിയുള്ളൂ  എന്നറിയില്ലായിരുന്നു, ബൈക്കൊടിക്കമെങ്കില്‍ പിന്നെ കറോടിക്കനാണോ പ്രയാസം എന്ന് അബിയും ചിന്തിച്ചു.  എന്തായാലും പിന്നെയുള്ള ദൂരം മുഴുവന്‍ ഓടിച്ച് അവശനായി അവസാനം പൈകയില്‍ എത്തി, അബി വണ്ടിയുടെ പുറകില്‍ അവശനായത് കിടന്നത് ലാര്‍ജ്ജ് അടിച്ചും.

പോക്കറ്റില്ലാത്ത ഷര്‍ട്ടുമായി പൈകയിലെത്തി കൂട്ടുകാരെ ഒക്കെ വണ്ടി കാണിച്ചു. ഷര്‍ട്ടിന് പോക്കറ്റില്ലെങ്കിലും ചെലവ് ചെയ്തേ പറ്റൂ എന്ന് കൂട്ടുകാര്‍. ഡാ സെബീ... കുറച്ചു കാഷ്‌ താടാ എന്ന് പറഞ്ഞ് അവരെയും കൂട്ടി കുട്ടപ്പായി ചെലവ് ചെയ്യാന്‍ പാലായ്ക്ക് പോയി. അവിടെ ബാറില്‍ തകര്‍പ്പന്‍ കള്ളടി, വീര ഗാഥകളും മറ്റുമായി കുട്ടപ്പായി കത്തിക്കയറി. ബോംബെ പോയിട്ട് കൊച്ചി പോലും നന്നായി കണ്ടിട്ടില്ലാത്ത പൈകയിലെ കുറച്ചു പേര്‍ അതൊക്കെ വായും പൊളിച്ചു കേട്ടു. അങ്ങനെ കാശ് പോയെങ്കിലെന്താ കുറച്ച് പേരെ നുണപറഞ്ഞ് കേള്‍പ്പിച്ച സന്തോഷത്തില്‍ കുട്ടപ്പായിയും അവസാനം പുറത്തിറങ്ങി.

ഏകദേശം അഞ്ചു മണി സമയം, അല്‍ഫോന്‍സാ കോളേജിലെയും സെന്റ്‌ മേരീസ്‌ കോളേജിലെയും തരുണീമണികള്‍ പാലായുടെ ഓരോ മണല്തരികളെയും പുളകച്ചാര്ത്തണിയിച്ചുകൊണ്ട്  കടന്നു പോകുന്ന സമയം, മജ്ജയും മാംസവുമുള്ള ഏതു ചെറുപ്പക്കാരനും ബസ്‌ സ്റ്റാന്‍ഡില്‍ ഒന്ന് കയറി നില്‍ക്കുവാന്‍ തോന്നുന്ന സമയം. ആര്‍ക്കും നല്ലത് വരുന്നത് ഇഷ്ടമില്ലാത്ത ഇരുളുങ്കല്‍ തോമ്മാക്കുട്ടി പതുക്കെ കുട്ടപ്പായിക്കിട്ടു ഒരു പണി കൊടുക്കാം എന്ന് വെച്ചു. "എടാ കുട്ടപ്പാ.... നമുക്ക് ബസ്‌ സ്റ്റാന്‍ഡില്‍ കൂടി കയറി അങ്ങ് പോകാം, നാല് ചരക്കിനെ കാണുകേം ചെയ്യാമല്ലോ..." എന്ന് തോമ്മാകുട്ടി.

ഇവന്‍ നമുക്കിട്ടു പണിയാണല്ലോ തന്നത് എന്ന് മനസിലായി എങ്കിലും കുട്ടപ്പായി വണ്ടി നേരെ പാലാ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ കയറ്റി. ബസുകള്‍ക്ക്‌ മാത്രം പ്രവേശനം ഉള്ള സ്റ്റാന്‍ഡില്‍ കാര്‍ കയറി വന്നതേ എല്ലാവരും ശ്രദ്ധിച്ചു, അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരനും. വിസിലും അടിച്ചു കൊണ്ട് പോലീസുകാരന്‍ ഓടി വന്നു വണ്ടി തടഞ്ഞു. ഒരു ചെറു പുഞ്ചിരിയും വന്‍ പ്രതീക്ഷകളും ആയി തോമാക്കുട്ടി അവന്റെ ഒടുക്കത്തെ ഒരു ബോംബെയും ഫീയറ്റും എന്ന് വിചാരിച്ചു ഞെളിഞ്ഞിരുന്നു.

ആരുടെ മറ്റെടതോട്ടാടാ സ്റ്റാന്‍ഡില്‍ കൂടെ കാറുമായി എന്ന് ആക്രോശിച്ചടുത്ത പോലീസുകാരനോട് കുട്ടപ്പായി ചോദിച്ചു. "സാബ് .. യെ പൊന്‍കുന്നം കഹാം ഹേ..?" ഒരു നിമിഷം സ്തബ്ദനായ പോലീസുകാരന്‍ ആലോചിച്ചപ്പോള്‍ കാര്യം ശരിയാണെന്ന് തോന്നി. ബോംബെ രജിസ്ട്രേഷന്‍ വണ്ടി, കണ്ടാലും മീശയോന്നുമില്ലാത്ത നോര്‍ത്ത്‌ ലുക്ക്‌ ഉള്ളവര്‍. പാവങ്ങള്‍ വഴിയറിയാതെ സ്റ്റാന്‍ഡില്‍ കയറിയതാവും. പരുങ്ങി പരുങ്ങി ഉള്ള ഹിന്ദിയും ഇംഗ്ലീഷും ഒക്കെ വെച്ച് തപ്പി തടഞ്ഞ പോലീസുകാരനെ കണ്ടപ്പോള്‍ പുറകില്‍ റമ്മിന്റെ അവശതയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അബിയുടെ വക ഡയലോഗ് - " ആരെ യാര്‍ ഹിന്ദി മാലൂം നഹിം ഹേ ക്യാ ?"

അത് വരെ അടക്കി പിടിച്ചിരുന്ന രാജേഷിന്റെ ചിരി പൊട്ടിച്ചിതറി, "ചിരിക്കാതെടാ മയിലെ" എന്ന് മലയാളത്തില്‍ അബിയുടെ ഉപദേശം കുറച്ചു ഉച്ചത്തിലായി പോയി.

പിന്നെ അവിടെ എന്തൊക്കെയാ നടന്നത് എന്ന് ആരും വിവരിച്ചിട്ടില്ല ഇന്ന് വരെ. പരസ്പരം സ്നേഹം ഇല്ലെങ്കിലും എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും നല്ല ബഹുമാനം ഉള്ളത് കാരണം തല്ലാണോ തലോടലാണോ, അതോ ഇടിയാണോ മിന്നലാണോ എന്നൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP