ഞാനൊരു പാവം പാലാക്കാരന്‍

ചില ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ഓര്‍മ്മകള്‍

>> Friday, June 24, 2011

ഏകദേശം നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തിരുവനന്തപുരത്തെ ഒരു പ്രഭാതം. ആയുര്‍വേദ കോളേജ് ഹോസ്റ്റലിലെ കുഴമ്പ് മണമുള്ള കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ കറിയാച്ചന്‍ മേശപ്പുറത്ത് നിന്നും തന്റെ പനാമ സിഗരറ്റ് തപ്പിയെടുത്തു. തലയിണക്കടിയില്‍ വെച്ചിരുന്ന ക്യാമല്‍ തീപ്പെട്ടി തുറന്നു നോക്കിയപ്പോള്‍ അതില്‍ കൊള്ളികള്‍ ശൂന്യം. അടുത്ത മുറിയിലെ ഗോപാലകൃഷ്ണന്റെ മുറിയില്‍ കയറി അവന്‍ വിളക്ക് കത്തിക്കാന്‍ വെച്ചിരിക്കുന്ന തീപ്പെട്ടിയില്‍ നിന്നും പനാമ കത്തിച്ച് കറിയാച്ചന്‍ പ്രഭാത ധ്യാനം നടത്തി.

ഉമിക്കിരിയും ചതച്ചു വെച്ച ആരിവേപ്പിന്റെ തണ്ടും ഉപയോഗിച്ചു പല്ല് തേച്ചതിനു ശേഷം പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് കറിയാച്ചന്‍ പുറത്തിറങ്ങി. ഒരു തൊട്ടി വെള്ളം കൊണ്ട് വന്നു തന്റെ ജാവയും കഴുകി കുട്ടപ്പാനാക്കി മെസ്സിലെ നാണു ചേട്ടന്റെ കയ്യില്‍ നിന്ന് ഒരു കട്ടനും വാങ്ങി കൊണ്ട് വന്നു അടുത്ത പനാമ കത്തിച്ച് ചിന്തയില്‍ ആണ്ടു. ഇന്ന് തന്റെ സീനിയര്‍ ആയി പഠിച്ച ശ്രീദേവിയുടെ കല്യാണമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച കൃഷ്ണനാണു വരന്‍ . ഒരു വര്ഷം മുമ്പ്‌ രാവിലെ കോളേജില്‍ വരുന്ന വഴി ആയുര്‍വേദ കോളേജിന്റെ ഗേറ്റിനു മുമ്പില്‍ വെച്ച് ആദ്യമായി കൃഷ്ണന്‍ ശ്രീടെവിയോടു  ഇഷ്ടമാണ് എന്ന് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ശ്രീദേവി അന്ന് കോളേജില്‍ വന്നത്. ഒരു ആയുര്‍വേദ ഡോക്ടര്‍ കുട്ടിയെ പ്രേമിക്കാന്‍ മാത്രം ധൈര്യമോ  എം ബി ബി എസ് കാരന്? ശ്രീദേവിയുടെ കണ്ണീര്‍ ആയുര്‍വേദക്കാരുടെ ഹൃദയമലിയിപ്പിച്ചു. അന്ന് മെഡിക്കല്‍ കോളേജില്‍ കയറി കൃഷ്ണനെയും കൂട്ടരെയും തല്ലാന്‍ പോയ കൂട്ടത്തില്‍ ഒന്നാം വര്‍ഷക്കാരനായ കറിയാച്ചനും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

പിന്നെ കേസും വക്കാണവും. അവസാനം പോലീസും വക്കീലും പരിപാടികളുമായി നടന്ന വകയില്‍  കഴുത്തില്‍ കിടന്ന പിരിയന്‍ മാല ഒരെണ്ണം അപ്രത്യക്ഷമായെങ്കിലും അതോടെ കറിയാച്ചന്‍ എന്ന ചങ്ങനാശേരിക്കാരന്‍ സിറിയക്‌ കോളേജില്‍ പ്രസിദ്ധനായി. അഞ്ചാണുങ്ങള്‍ക്കും ഒരു പോലെ പണിയിച്ച സ്വര്‍ണ്ണ മാല പോയെങ്കിലും, വിമോചന സമരത്തിനു വേണ്ടി ചിലവാക്കി എന്ന് പറഞ്ഞു അച്ചായന്റെ കയ്യില്‍ നിന്നും വലിയ വഴക്ക് നേടാതെ രക്ഷപെടുകയും ചെയ്തു. എന്ത് കാര്യത്തിലും ഇടപെടുകയും എല്ലാവരെയും സഹായിക്കാന്‍ തയ്യാറാകുകയും ചെയ്ത കറിയാച്ചനെ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

കൃഷ്ണന് കിട്ടിയ അടിയുടെ മുറിവുണങ്ങി, അമ്പലപ്പറമ്പിലും വഴി സൈഡിലും ഒക്കെ നിന്ന് ശ്രീദേവിയെ കാണുമ്പോള്‍ മുഖം തിരിച്ച കൃഷ്ണനോട് ശ്രീദേവിയുടെ ഉള്ളില്‍ ഇഷ്ടവും മുളപൊട്ടി. എന്ത് സഹായത്തിനും സദാ തയ്യാര്‍ എന്ന് പറഞ്ഞു നില്‍ക്കുന്ന കറിയാച്ചനെ തന്നെ ശ്രീദേവി വീണ്ടും സമീപിച്ചു. അങ്ങനെ മാസങ്ങള്‍ക്ക്‌ ശേഷം ശ്രീദേവിയുടെ ഇഷ്ടം മെഡിക്കല്‍ കോളേജില്‍ ചങ്കും വിരിച്ചു ചെന്ന് കൃഷ്ണനോട് പറയുകയും ചെയ്തു. പറഞ്ഞ കാര്യം കൃഷ്ണന് ഇഷ്ടപ്പെട്ടെങ്കിലും പണ്ട് തല്ലുകൊണ്ട മറ്റുള്ളവര്‍ക്ക് അത്ര പിടിക്കാത്തതിനാല്‍ വിരിഞ്ഞ മാറില്‍ ചവുട്ടിക്കൊണ്ട് തന്നെ അവര്‍ ഒന്നുപെരുമാറി. കുറുംതോട്ടിയും വെളുത്തുള്ളിയും സമൂലം അരച്ചു ചേര്‍ത്ത കഷായവും കുടിച്ച് , ധന്വന്തരം തൈലം ചെറു ചൂടില്‍ തിരുമ്മി, മുറിവില്‍ ചതച്ച ഉള്ളിയും വെളിച്ചെണ്ണയും തേച്ച് കറിയാച്ചന്‍ അടുത്ത അങ്കത്തിനു ശരീരത്തിനെ പാകപ്പെടുത്തി. മനസിന്റെ മുറിവുണക്കാന്‍ ഗോവിന്ദനും ഔസേപ്പച്ചനും കൂടി കൊണ്ട് വന്ന ചാരായവും അടിച്ച് വിശ്രമിക്കുന്ന കറിയാച്ചനെ കാണാന്‍ ആറാം പൊക്കം അവരെത്തി, കൃഷ്ണനും ശ്രീദേവിയും.

അവരുടെ ഇണക്കത്തിന്റെ കൂടെ കോളേജുകളുടെ പിണക്കവും മാറി. മുറിവുണങ്ങിയ കറിയാച്ചന്‍ തല്ലിയതും കൊണ്ടതും തനിക്കൊരു പെണ്ണിന് വേണ്ടി അല്ലാതിരുന്നതിനാല്‍ കറിയാച്ചനെ ആരും പ്രണയിച്ചില്ല, അല്ലെങ്കില്‍ തിരക്ക് കാരണം അറിഞ്ഞില്ല. പാരമ്പര്യമായി വൈദ്യം പകര്‍ന്നു കിട്ടിയതിനാല്‍ ഉള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തും സഹായിച്ചും കറിയാച്ചന്‍ നല്ല വിദ്യാര്‍ഥികള്‍ക്കു വേണ്ടപെട്ടവനായി. അത്യാവശ്യം വലി കുടി ഒക്കെയായി ബാക്കി സമയം തിരക്കും, അതിനിടയില്‍ സ്വന്തം കാര്യംനോക്കാന്‍ ആര്‍ക്കു സമയം.

എന്തായാലും കുളിച്ചു റെഡിയായി കറിയാച്ചനും  കൂട്ടരും ശ്രീദേവിയുടെ വീട്ടില്‍ എത്തി. കൃഷ്ണന്റെ ചേട്ടന്‍ കൊണ്ട് വന്ന വിദേശ മദ്യം പണ്ട് തല്ലു കൂടിയ ചേട്ടന്മാരും അനുജന്മാരും ഒക്കെ ഒന്നിച്ചിരുന്നു സേവിച്ചു. അങ്ങനെ അലോപ്പതി ആയുര്‍വേദ സഹോദരന്മാര്‍ സ്നേഹത്തിലായി. പിന്നെ മുണ്ടും മടക്കി കുത്തി  സദ്യ വിളമ്പാനും കാര്യങ്ങള്‍ നടത്താനും കറിയാച്ചന്‍ മുമ്പില്‍ . പണ്ട് തല്ലു കൊടുത്ത വകയില്‍ കൃഷ്ണന്റെ അച്ഛനും അമ്മാവന്മാര്‍ക്കും കറിയാച്ചനെ അത്ര പ്രിയമുണ്ടായിരുന്നില്ല എങ്കിലും കല്യാണത്തിന്റെ പരിപാടികള്‍ എല്ലാം ഏറ്റെടുത്തിരുന്നത് കറിയാച്ച്ചനായിരുന്നത് കൊണ്ട് അവര്‍ അതങ്ങു സഹിച്ചു.

അങ്ങനെ കല്യാണം കഴിഞ്ഞു, കറിയാച്ചന്റെ പ്രവര്‍ത്തന മേഖല പതുക്കെ മെഡിക്കല്‍ കോളെജിലേക്കും വ്യാപിച്ചു. ആയുര്‍വേദ കോളേജിലെ അരിഷ്ടം കൊണ്ട് പോയി കൊടുത്ത്‌ കറിയാച്ചന്‍ മെഡിക്കല്‍ കോളേജിലെ സ്പിരിറ്റും ചേര്‍ത്ത് കഴിച്ചു. കൃഷ്ണനും ശ്രീദേവിയും പഠനം കഴിഞ്ഞു പിരിഞ്ഞു. പുതിയ കൂട്ടുകാരും പ്രവര്‍ത്തന മണ്ഡലങ്ങളുമായി കറിയാച്ചനും തുടര്‍ന്നു.

അങ്ങനെ ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഒരു വിളവെടുപ്പുകാലം. ഒരാഴ്ചത്തെ ക്ലാസും കളഞ്ഞു ചങ്ങനാശ്ശേരിയില്‍ പോയി കൊയ്ത്തും മെതിയും ഒക്കെ കഴിഞ്ഞു വീണ്ടും തിരുവനന്തപുരത്തേക്ക് ബൈക്കില്‍ പുറപ്പെട്ടു. കൊട്ടാരക്കരയില്‍ നിന്നും ഗോപാലനും കയറും. ബൈക്കിനാണ് പോകുന്നത് എന്ന് പറഞ്ഞാല്‍ വഴക്ക് കിട്ടുന്ന കൊണ്ട് ഗോപാലന്‍ ബസില്‍ കയറി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി അവിടുത്തെ മുറുക്കാന്‍ കടയില്‍ നിന്ന് സോഡയും ഗ്യാസുമുട്ടായിയും ഒക്കെ തിന്നു കൊണ്ടിരുന്നു. അങ്ങനെ ഗോപാലനെയും കയറ്റി കറിയാച്ചന്‍ തിരുവനന്തപുരത്തിന് വീണ്ടും പിടിപ്പിച്ചു. രാത്രി പതിനൊന്നര ആയപ്പോള്‍ അവര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ക്ഷീണം മാറ്റാന്‍ ഇത്തിരി ഫ്രഷ്‌ സ്പിരിറ്റ് കിട്ടുമോ എന്നറിയാന്‍ ചെന്നു.

അവിടെ ചെന്നപ്പോള്‍ അതാ കൃഷ്ണനും കൂട്ടരും വേവലാതിയോടെ നില്‍ക്കുന്നു. എന്താ കൃഷ്ണാ എന്ന് ചോദിച്ച കറിയാച്ചനോട് കൃഷ്ണന്‍ പറഞ്ഞു അമ്മയുടെ ഓപ്പറേഷന്റെ കാര്യം. ബ്ലീഡിംഗ് ഉള്ളത് കാരണം രക്തം വേണ്ടി വരുമത്രേ. എ ബി പോസിറ്റീവ് ആയതിനാലും രാത്രി ആയതിനാലും കിട്ടാനും വിഷമമാണത്രേ. കുറച്ച് പേരെ കൊണ്ട് വന്നു നോക്കി എങ്കിലും ഗ്രൂപ്പ് യോജിച്ചില്ല. രക്തദാനം എന്നത് സാധാരണക്കാര്‍ കേട്ടിട്ട് പോലുമില്ലാത്ത ഒരു കാലമല്ലേ,  പലരും വിമുഖത കാണിക്കും. പിന്നെ കഷ്ടപ്പെട്ട് കഞ്ഞികുടിച്ചുണ്ടാക്കിയ രക്തം എങ്ങനാ വേറൊരാള്‍ക്ക്‌ കൊടുക്കുക? പോരാത്തതിനു എന്തും ഏതും സംശയത്തോടെ കാണുന്ന മലയാളി മനസും.

യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും കറിയാച്ചന്‍ കൃഷ്ണനോട് പറഞ്ഞു. എന്റെ ചോര എടുത്തോടാ നീ, ഒരേ ഗ്രൂപ്പ്‌ തന്നെയാ. സന്തോഷത്തോടെ കൃഷ്ണന്‍ ഓടി പോയി അപ്പനോടും അമ്മാവന്മാരോടും വിവരം പറഞ്ഞു. ആദ്യം സന്തോഷിച്ചെങ്കിലും സ്വന്തം മോനെ തല്ലിയവന്റെ രക്തം തന്നെ വേണോ എന്ന് കൃഷ്ണന്റെ അപ്പന്‍ കെ എന്‍ മേനോന്‍ ഒന്ന് ചിന്തിച്ചു. തൊട്ടു പുറകെ കൃഷ്ണന്റെ അമ്മാവന്‍ ചോദിച്ചു, ഒരു ക്രിസ്ത്യാനിയുടെ ചോര തന്നെ വേണോ മേനോനെ എന്ന്. ചോരക്കു മതമില്ലാ അമ്മാവാ എന്ന് പറഞ്ഞു കൃഷ്ണന്‍ കറിയാച്ചന്റെ അടുത്ത് വന്നു ചോദിച്ചു, നീ അടിച്ചിട്ടുണ്ടോ? ഓ ഇല്ലെടാ, ഒരെണ്ണം അടിക്കാമെന്ന് കരുതിയാ ഇങ്ങോട്ട് വന്നത് എന്ന്‍. എന്നാ വാടാ എന്ന് പറഞ്ഞു അവര്‍ രക്തം എടുക്കാന്‍ പോയി.

എല്ലാം മംഗളമായി കഴിഞ്ഞു. ക്രിസ്ത്യാനിയുടെ രക്തം ഹിന്ദുവിന്റെ രക്തവുമായി ചേര്‍ന്നു. രക്തം കൊടുത്തിട്ട് പുല്ലു പോലെ ഇറങ്ങി നടന്ന കറിയാച്ചനോട് കുറച്ചു മുമ്പ്‌ ശങ്കിച്ച കൃഷ്ണന്റെ അച്ഛന്‍  തന്നെ വന്നു പറഞ്ഞു "മോനേ.. ഇത്തിരി നേരം ഇവിടെ കിടക്കൂ, ക്ഷീണം കുറയട്ടെ". അതാ മുന്തിരങ്ങയും മുട്ട പുഴുങ്ങിയതുമായി ധൃതിയില്‍ നടന്നു വരുന്നു കൃഷ്ണന്റെ അമ്മാവന്‍ . അതോടെ ഉണ്ടായിരുന്ന എല്ലാ പരിഭവങ്ങളും മാറി. കറിയാച്ചന്‍ ആ വീട്ടിലെ അംഗമായി മാറി.

രണ്ടു മാസങ്ങള്‍ക്ക്‌ ശേഷം ഒരു അവുധിക്കാലം. അച്ചായന്‍  (കറിയാച്ചന്റെ അച്ഛന്‍ ) ചാരുകസേരയില്‍ ഇരുന്നു അവിടെ വന്ന രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നു. കറിയാച്ചന്‍ അകത്ത്‌ കുറുംതോട്ടി രാമന്റെ കൂടെ ലേഹ്യം ഉണ്ടാക്കുന്ന തിരക്കില്‍ . പുറത്ത്‌ ഒരു കാര്‍ വന്നു നിന്നു.  അതില്‍ നിന്നും കൃഷ്ണന്‍ കൃഷ്ണന്റെ അച്ഛന്‍ അമ്മ അമ്മാവന്‍ പിന്നെ ശ്രീദേവി എന്നിവര്‍ ഇറങ്ങി. ലക്ഷണ ശാസ്ത്രപ്രകാരം രോഗി അല്ലാ വന്നിരിക്കുന്നത് എന്ന് മനസിലായ അച്ചായന്‍ അവരെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു, "എനിക്ക് മനസിലായില്ല?". കെ എന്‍ മേനോന്‍ പറഞ്ഞു, "ഞങ്ങളുടെ മോന്റെ വീടോന്നു കാണാന്‍ വന്നതാ ഞങ്ങള്‍ ". ആരാണാവോ വന്നിരിക്കുന്നത് എന്ന്‍ സംശയത്തോടെ വന്ന കറിയാച്ചന്റെ അമ്മയെ കണ്ട കൃഷ്ണന്റെ അമ്മ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു പറഞ്ഞു, "അമ്മേടെ മോന്റെ ചോരയാണ് ഇപ്പോള്‍ എന്റെ ഞരമ്പില്‍ കൂടി ഓടുന്നത്". കാര്യങ്ങള്‍ ഒക്കെ അവര്‍ മനസിലാക്കിയപ്പോളെക്കും കുഷ്ണനും ശ്രീദേവിയും ചെന്ന് ചായ്പ്പില്‍ രാമന്റെ കൂടെ ലേഹ്യത്തിനു ഇളക്കികൊണ്ടിരുന്ന കറിയാച്ചനെ വിളിച്ചു കൊണ്ട് വന്നു.

ഒരു ദിവസം താമസിച്ചിട്ടാണ് അവര്‍ തിരികെ പോയത്‌. പുണ്യം ചെയ്ത അച്ഛനും അമ്മയും ആണ് നിങ്ങള്‍ എന്ന് കറിയാച്ചന്റെ മാതാപിതാക്കളോട് അവര്‍ പറയുന്ന കേട്ടപ്പോളും കറിയാച്ചന്‍ ഒരു ചെറു പുഞ്ചിരിയുമായി അവിടെ നിന്നു. മകനെ കുറിച്ച് നല്ലത് പറഞ്ഞത്‌ കേട്ടപ്പോള്‍ അച്ചായന്റെ കണ്ണിലെ തിളക്കം കണ്ടിട്ടും കാണാത്ത പോലെ.

കയറുമാലയ്ക്ക് പകരം മറ്റൊരു മാല അച്ചായന്‍ കറിയാച്ചന് വാങ്ങി കൊടുത്തു. കാലത്തിന്റെ തികവില്‍ കറിയാച്ചനും വിവാഹിതനായി, കുട്ടികളും കുടുംബവുമായി കൃഷ്ണന്റെ വീട്ടിലും അവര്‍ ചങ്ങനാശേരിയിലും വന്നു കൊണ്ടിരുന്നു. നാടെങ്ങും രക്തബാങ്കുകള്‍ ആയി, രക്തദാനം ഒരു സംഭവമേ അല്ലാതായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ രക്തദാനത്തിന് തയ്യാറായ ഈ കറിയാച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഇരുപത്തൊന്പത് വയസ് ....

7 comments:

Sinochan June 24, 2011 at 9:20 AM  

ഏതൊരു മക്കള്‍ക്കും സ്വന്തം അച്ഛനാണ് ഒരു പ്രായം വരെ അവരുടെ ഏറ്റവും വലിയ ഹീറോ. കാലക്രമേണ അവനവന്‍ തന്നെ ഹീറോ ആയി മാറുമ്പോള്‍ അവര്‍ക്ക് അച്ഛന്‍ സീറോ ആയി തോന്നുന്നു. പണ്ട് അച്ഛന്‍ ഇത്തിരി കൂടി മര്യാദക്ക് നടക്കുവായിരുന്നെങ്കില്‍ ഇന്നിപോള്‍ ഞങ്ങള്‍ ആരായേനെ എന്നൊക്കെ കുറ്റം പറയുന്നു. പക്ഷെ ആരൊക്കെ മറന്നാലും ഞങ്ങളുടെ മനസിലെ ഏറ്റവും വലിയ ഹീറോ ആയി ഇന്നും ഞങ്ങളുടെ ചാച്ച നിലനില്‍ക്കുന്നു. ഒരു നക്ഷത്രമായി മിന്നി മിന്നി ചിരിച്ചുകൊണ്ട്........

Abigail June 24, 2011 at 2:16 PM  

ഒരിക്കലും മറക്കാത്ത ഓര്‍മകള്‍ക്ക് മുന്‍പില്‍ സ്നേഹതിന്ടെ മലര്‍ചെണ്ടുകള്‍...

Salini Vineeth June 24, 2011 at 3:11 PM  

കറിയാച്ചന്റെ മനസ്സ് കണ്ടു... വളരെ ഇഷ്ടമായി... ഇങ്ങനത്തെ ആളുകള്‍ ഇന്ന് കുറവാണ്...അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു നിമിഷം മൌനമായി പ്രാര്‍ഥിക്കുന്നു.

Manoraj June 26, 2011 at 10:20 AM  

ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം ഞാനും.

Uthram Nakshathram July 16, 2011 at 11:54 PM  

തന്റെ ഓര്മലക്കായി ആ വൈദ്യന്‍ ഇവിടെ ഉപേക്ഷിച്ചു പോയ
ആദ്യ സ്മാരകത്തിന് എത്ര വയസ്? ( നേരിട്ട് ചോദിച്ചാല്‍ ഇടി കിട്ടിയേക്കാം)......
കൊള്ളാം, നന്നായി. ഞാന്‍ ഇന്ന് രാവിലെ പറഞ്ഞ കൂതറ അവാര്ഡ്േ‌ അല്ല, അതിലും നല്ല അവാര്ഡ്ഞ‌ ഈ വരികള്ക്ക് കിട്ടട്ടെ.

Uthram Nakshathram July 16, 2011 at 11:56 PM  

ഇപ്പൊ എന്റെ കണ്ണ് നിറഞ്ഞത്, ഒറ്റയ്ക്ക് ആയത് കൊണ്ട് ആണോ?

Sinochan July 17, 2011 at 7:54 AM  

നന്ദി Abigail, ശാലിനി, Manoraj and Utram. തികച്ചും സ്വന്തം ഒരു തൃപ്തിക്ക് വേണ്ടി എഴുതിയതാണ് ഇത്.

ഒരു വലിയ ശ്രാദ്ധം നടത്തി ഒരു ഓര്‍മ്മ പുതുക്കല്‍, ദാനം തുടങ്ങിയ മഹാമാഹങ്ങള്‍ ഒക്കെ വേണമെന്നുണ്ട്. പക്ഷെ ആത്മാവോ മറ്റൊരു ജീവിതമോ അല്ലെങ്കില്‍ സ്വര്‍ഗ്ഗമോ ഉണ്ടെങ്കില്‍ അവിടിരുന്നു അദ്ദേഹം സന്തോഷിക്കുന്നുണ്ടാവാം, ഞാന്‍ എഴുതനായെങ്കിലും ഇത്രയും നേരം ചാച്ചയെ ഓര്‍ത്തത്തില്‍ .


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP