മടക്കയാത്ര
>> Sunday, June 24, 2012
കരിങ്കല്‍ കൂടം കൊണ്ടടിച്ചു നെഞ്ചിന്‍ കൂട് തകര്‍ന്നു പോകുന്ന പോലെയുള്ള വേദന ചങ്കില്‍ വിങ്ങി നില്‍ക്കുന്നു. ശ്വാസം മുട്ടുന്നു, ഒറ്റക്കൊമ്പന്റെ മുന്‍കാല്‍ കഴുത്തില്‍ അമര്‍ന്നിട്ടെന്നപോലെ അകത്തേക്കെടുത്ത വായു അവിടെ തന്നെ തങ്ങി നിന്നു. കണ്ണുകളില്‍ ഇരുള്‍ നിറഞ്ഞു, മഞ്ഞുകട്ടയുടെ തണുപ്പ് മനസിലേക്കും പരന്നു. ഈ ലോകത്തെ പിരിയേണ്ട സമയം ആയെന്നു എവിടെ നിന്നോ ഒരു ഉള്‍വിളി. ജനിച്ചു വീണത് മുതല്‍ , ആദ്യത്തെ മുലപ്പാലിന്റെ രുചി മുതല്‍ , അവസാനം ഇന്ന് ചാരായത്തിന്റെ കൂടെ കഴിച്ച നാരങ്ങാ അച്ചാറിന്റെ രുചി വരെ എല്ലാം മനസിലേക്ക് ക്രമാനുഗതമായി ഒഴുകി വരുന്നു.
ഇരുള്‍ നിറഞ്ഞ പാതയുടെ ഒരു വശത്തെവിടെയോ ഒരു പ്രകാശം. ഇതാണോ ദൈവം? എന്തായാലും ചോദിച്ചു നോക്കാം. ഞാന്‍ പതുക്കെ ചോദിച്ചു "ദൈവമാണോ?". " അങ്ങനെ വിളിച്ചോളൂ.." എന്നൊരു മറുപടി. ഞാന്‍ മരിച്ചോ എന്നായി എന്റെ അടുത്ത ചോദ്യം. അതിനും ഒരു മൂളല്‍ . ഇനിയിപ്പോള്‍ എന്ത് ചോദിക്കാന്‍ , ഞാന്‍ പതുക്കെ ചിന്താമഗ്നനായി. അപ്പോള്‍ ദൈവം മൊഴിഞ്ഞു, "നീയിപ്പോള്‍ സര്‍വ്വവ്യാപിയാണ്. നിനക്കെവിടെയും പോകാം, എന്തും കാണാം. പക്ഷെ നിനക്ക് ശരീരം ഇല്ല, നിന്നെ ആര്‍ക്കും കാണാനും ആവില്ല. ഇത് ഭൂമിയിലെ ജീവിതത്തിനും പരമാത്മാവില്‍ ലയിക്കുന്നതിനും ഇടക്കുള്ള സമയം. ഭൂമിയിലെ നിന്റെ എല്ലാ ബന്ധനങ്ങളും ഒഴിവാക്കി പരമ സത്യത്തിലേക്കുള്ള യാത്രയില്‍ വിഹാതമായി നില്ക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന ആത്മ പരിശോധനക്കുള്ള സമയം. നിന്റെ മരണം നിനക്ക് തന്നെ ഒരു സത്യമായി തോന്നുന്ന നിമിഷം നീ പരമ സത്യത്തിലേക്ക് ലയിക്കും". അങ്ങനെ ദൈവം വെളുത്ത താടിയും മുടിയും നിറയെ തേജസും ഉള്ള ഒരു വയസന്റെ രൂപത്തിലേക്ക് മാറി. ബ്രഹ്മാവായി ഹിന്ദുക്കള്‍ക്കും പിതാവായ ദൈവം ആയി ക്രിസ്ത്യാനികള്‍ക്കും അല്ലാഹുവായി മുസ്ലീങ്ങള്‍ക്കും ഒക്കെ അവരവരുടെ മനസിലുള്ള ദൈവത്തിന്റെ രൂപത്തിലേക്ക് മാറാന്‍ ദൈവത്തിനു കഴിയുമായിരിക്കാം.
അങ്ങനെ എന്റെ മരണം ഈ ലോകത്തില്‍ ആര്‍ക്കും ഒരു നഷ്ടമല്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെടുന്നതിനായി ഞാന്‍ എന്റെ അരൂപിയാത്ര ആരംഭിച്ചു. എവിടുന്നു തുടങ്ങണം എന്ന് ചിന്തിച്ച മനസിലേക്ക് ആദ്യം കടന്നു വന്നത് എന്റെ മൂന്നു വയസുകാരന്‍ ഇളയ മകന്‍ അപ്പുവിന്റെ രൂപം ആണ്. ഭാര്യയേയും മറ്റു മൂന്നു മക്കളെയും അവളുടെ വീട്ടില്‍ നിര്‍ത്തിയിട്ടു ഞങ്ങള്‍ രണ്ടു പേരും എന്റെ തറവാട്ടില്‍ വന്നതാണ്. അങ്ങനെ എന്റെ തൊട്ടടുത്തുള്ള അവനില്‍ തുടങ്ങി ഏറ്റവും അകലെയുള്ളവരിലേക്ക് പതുക്കെ നീങ്ങാം എന്നായി എന്റെ പ്ലാന്‍ . കാര്യം എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നമുക്കെത്താം എന്ന് ദൈവം പറഞ്ഞെങ്കിലും നമ്മളും കോസ്റ്റ് എഫക്ടീവ് ആയ രീതിയില്‍ കാര്യങ്ങള്‍ നടത്തിയാലല്ലേ ദൈവം സംപ്രീതനാവൂ.
അങ്ങനെ അപ്പുവിനെ മനസ്സില്‍ വിചാരിച്ചു.അവന്‍ അതാ അടുക്കളയില്‍ അടുപ്പിന്റെ അടുത്ത് എന്തോ തിരയുന്നു. പാവം വിശന്നിട്ടു പാല്‍ നോക്കുന്നതാണോ ആവോ, അവനിത്തിരി ഭക്ഷണപ്രിയനാണ് താനും. അതാ അവന്‍ ഒരു വിറകു കമ്പ് വലിച്ചെടുക്കാന്‍ നോക്കുന്നു. ആ കമ്പ് അടുത്ത വിറകിന്റെ കവലയില്‍ ഉടക്കി ആ വിറകും അടുപ്പിലെ പാത്രവും കൂടി ഇപ്പോള്‍ അവന്റെ ദേഹത്ത് വീഴും. ഞാന്‍ പെട്ടെന്ന് ദൈവത്തോട് പറഞ്ഞു, കണ്ടില്ലേ ദൈവമേ.... ഞാന്‍ ഉടനെ ചെന്ന് അവനെ രക്ഷിക്കട്ടെ. ഞാന്‍ ഇപ്പോള്‍ ചെന്നില്ലെങ്കില്‍ അവന്റെ ദേഹത്ത് അതെല്ലാം വീഴും, പാവം അവനെന്തെങ്കിലും സംഭവിക്കുന്നത് എനിക്കലോചിക്കാനേ വയ്യ. അവനെ അവിടെ നിന്നു മാറ്റിയിട്ടു ഞാന്‍ തിരിച്ചു വരാം.
ദൈവം ഒന്ന് ചിരിച്ചു, എന്നിട്ട് താടിക്കു കൈയും കൊടുത്ത് ഒരു ചെറു പുഞ്ചിരിയുമായി അങ്ങേര്‍ അങ്ങോട്ട് നോക്കിയിരുന്നു. അടുപ്പിലെ തീയിലും ശക്തിയില്‍ എന്റെ മനസ്സില്‍ ആധി ആളിക്കത്തി. ദൈവത്തെ രൂക്ഷത്തോടെ നോക്കി അവിടെ ചെന്ന് അപ്പുവിനെ പിടിച്ചുയര്‍ത്തി ഞാന്‍ . മഞ്ഞില്‍ തൊടുന്നതു പോലെ എന്റെ കൈ അവന്‍റെ ശരീരത്തിനുള്ളില്‍ കൂടി കടന്നു പോകുന്നതല്ലാതെ അവനെ ഒന്ന് സ്പര്‍ശിക്കുന്ന അനുഭവം പോലും ഉണ്ടാകുന്നില്ല. "നിനക്കെല്ലാം കാണാം, എല്ലാം കേള്‍ക്കാം, എവിടെയും ചെല്ലാം, പക്ഷെ ഒന്നും ചെയ്യാന്‍ സാധിക്കില്ല", അങ്ങനെ മൊഴിഞ്ഞു ദൈവം.
ഇനിയെന്ത് ചെയ്തു അപ്പുവിനെ രക്ഷിക്കും എന്നാലോചിച്ചു ഞാന്‍ ദൈവത്തെ നോക്കി. അങ്ങേര്ക്കുണ്ടോ വല്ല ടെന്‍ഷനും? അപ്പു തീക്കൊള്ളിയില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു, അടുപ്പത്തിരുന്ന കലം നീങ്ങി അടുത്ത വലിക്ക് നിലത്ത് വീഴും എന്ന നിലയില്‍ ആയി. പെട്ടെന്ന് അപ്പുവിന്റെ കാലില്‍ ഒരു ഉറുമ്പ് കടിച്ചു, അവന്‍ വിറകില്‍ നിന്നും കയ്യെടുത്തു കരച്ചില്‍ തുടങ്ങി. വേലക്കാരി അമ്മിണി വന്നു കൊച്ചിനെ എടുത്തുകൊണ്ട് പോയി. അതിനു ശേഷം വന്ന അമ്മ ആരാ ഈ കലം ഇങ്ങനെ വിളുമ്പത്ത് വെച്ചത് എന്ന് ചോദിച്ചു വേലക്കാരിയെ ചീത്തയും പറഞ്ഞു. ഞാന്‍ ഇതെല്ലാം കണ്ടു ആശ്വാസത്തോടെയും എന്നാല്‍ അവനെ അവിടെ നിന്നും രക്ഷിക്കാന്‍ സാധിക്കത്തത്തിന്റെ കുണ്ഠിതത്തോടെയും ദൈവത്തെ നോക്കി മനസ്സില്‍ ഭാഗ്യം എന്ന് പറഞ്ഞു. അപ്പോള്‍ ദൈവം പറഞ്ഞു, " നീ അവിടെ ജീവനോടെ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. നീ ഇതൊന്നും അറിയുക പോലും ഇല്ല. സിരകിളില്‍ ഓടുന്ന ലഹരിക്ക് തൊട്ടുകൂട്ടാന്‍ ഒരു അച്ചാര്‍ എടുക്കാന്‍ പോലും നീ ഇപ്പോള്‍ അടുക്കളയില്‍ പോകില്ലായിരുന്നു." ദൈവത്തിനു അതൊക്കെ പറയാം, കൊച്ച് എന്റേതല്ലേ. കുറഞ്ഞ പക്ഷം ഒരു മുട്ട വാട്ടിയടിക്കാന്‍ എങ്കിലും ഞാന്‍ അടുക്കളയില്‍ ചെന്നെങ്കിലോ? എന്തായാലും എല്ലാം കുഴപ്പമില്ലാതെ നടന്നല്ലോ എന്ന് വിചാരിച്ചു ഞാന്‍ അടുത്ത ലൊക്കേഷന്‍ തിരഞ്ഞെടുത്തു. ഭാര്യയും ബാക്കി മൂന്നു മക്കളും അവുധിക്ക് വന്നു നില്‍ക്കുന്ന ഭാര്യവീടിന്റെ പരിസരത്തേക്ക് പോയേക്കാം എന്ന് വിചാരിച്ചതേ ഞാന്‍ അവിടെ എത്തിക്കഴിഞ്ഞു.
തോട്ടിലായിരുന്നു അവര്‍. ഭാര്യയും അവളുടെ അമ്മയും കൂടി തുണി നനക്കുന്നു, മക്കള്‍ കുളിയും മീന്‍ പിടുത്തവും ആയി നടക്കുന്നു. പെണ്മക്കള്‍ രണ്ടും തോര്‍ത്ത് വീശി പിടിച്ചിരിക്കുന്നു, മകന്‍ കല്ലിനിടയില്‍ നിന്നും മീനെ ഓടിച്ചു വിടുന്നു. സാധാരണ എളുപ്പം കിട്ടുന്ന വാഴക്കാവരയന്‍ , കാച്ചോന്‍ , നെറ്റിയെ പൊന്നന്‍ ഇവറ്റകളെ ഒക്കെ മടുത്തിട്ട് ഇത്തിരി വിദ്വാന്‍ ആയ കല്ലെമുട്ടിയെ പിടിക്കാന്‍ ആണ് ഇന്ന് പ്ലാന്‍ . ചെറിയ ഒരു വെള്ള ചാട്ടത്തിനു സമീപം കയ്യാലയുടെ ഇടക്കുള്ള കല്ലിനിടയില്‍ ഒളിച്ചിരിഇക്കുന്ന കല്ലേമുട്ടിയെ ഓടിച്ചു വിട്ടു തോര്‍ത്തില്‍ കയറ്റുക മകന്റെ ഡ്യുട്ടിയും അതിനെ കൃത്യ സമയത്ത് പൊക്കുക പെണ്മക്കളുടെ കര്‍ത്തവ്യവും. അങ്ങനെ കല്ലിന്റെ ഇടയില്‍ നിന്നും കയ്യും കാലും ഇട്ടു വെള്ളം ഇളക്കുന്നതിന്റെ ഇടക്കാണ് ഞാന്‍ കണ്ടത്, ഒരു മുട്ടന്‍ വളപുളപ്പന്‍ (വെള്ളിക്കെട്ടന്‍) പാമ്പ് കല്ലിന്റെ ഇടയില്‍ . മാറെടാ മോനെ എന്ന് പറഞ്ഞു ഞാന്‍ അവനെ പൊക്കിയെടുത്തു, നോ രക്ഷ, എന്റെ കൈകള്‍ ഒരു പുക പോലെ അവന്റെ ശരീരത്തില്‍ കയറി ഇറങ്ങുന്നത്തെ ഉള്ളൂ. പാമ്പിരിക്കുന്ന പൊത്തിന്റെ തൊട്ടരുകില്‍ കാലു വെച്ച് കുനിഞ്ഞു നിന്ന് മകന്‍ വെള്ളം ഇളക്കുന്നു, പാമ്പ് അവന്റെ കാലിലേക്ക് നോക്കിയിരിക്കുന്നു. ഇനി ഒരിഞ്ചു അടുത്താല്‍ കൊത്താനായി ഇരിക്കുന്ന പാമ്പിനെ കണ്ടു എന്റെ ഉള്ളൂ പിടഞ്ഞു, നിറ കണ്ണുകളോടെ ഞാന്‍ ദൈവത്തെ നോക്കി. പുള്ളിക്കാരന് അപ്പോളും നോ കുലുക്കം. വിഷമം താങ്ങാനാവാതെ ഞാന്‍ കണ്ണുകളടച്ചു. പെട്ടെന്ന് അതാ ഒരു ബഹളം, ഞാന്‍ ഞെട്ടലോടെ കണ്ണുകള്‍ തുറന്നു. പിള്ളേര്‍ ഒരു കല്ലേമുട്ടിയെ കിട്ടിയ ആഹ്ലാദത്തില്‍ തിമിര്‍ക്കുന്നതായിരുന്നു. അപ്പോള്‍ ദൈവം പറഞ്ഞു. " ജീവിതത്തില്‍ ഓരോ നിമിഷവും അപകടങ്ങളുടെ വക്കില്‍ നിന്നും രക്ഷപെട്ടാണ് നിങ്ങളുടെ ജീവിതം. നിങ്ങള്‍ അറിഞ്ഞു സുരക്ഷിതമാക്കുന്ന അപകടങ്ങളെക്കാള്‍ എത്രയോ അധികമാണ് നിങ്ങള്‍ അറിയാത്ത തന്നെ രക്ഷപെട്ടു വരുന്ന അപകടങ്ങള്‍ ! ജീവിതം തുറന്ന കണ്ണുകളോടെ കാണാന്‍ ഒരു മനുഷ്യനും കഴിയില്ല കുട്ടീ."
ഉവ്വാ, ഇതൊക്കെ പണ്ടാരമടങ്ങി കണ്ടോണ്ടിരുന്നാല്‍ ഈ മരിച്ച അവസ്ഥയില്‍ നിന്നും ഞാന്‍ വീണ്ടും മരിച്ചു പോയേക്കും. ഇതൊക്കെ കാണുമ്പോള്‍ ജീവിച്ചിരുന്നതിലും ടെന്‍ഷനാണല്ലോ എന്നോര്‍ത്തപ്പോള്‍ എന്നാ പിന്നെ ഇനി കാഴ്ച നിര്‍ത്തി ഇത്തിരി ചിന്താമഗ്ദനായെക്കാം എന്ന് വെച്ചു. ഞാന്‍ എന്റെ ഭാര്യയെക്കുറിച്ച് ഓര്‍ത്തു, എന്റെ മരണ ശേഷം ഇത്തിരി പോന്ന എന്റെ നാല് മക്കളുമായി അവള്‍ എങ്ങനെ ജീവിക്കും? ഉന്നത വിദ്യാഭ്യാസം ഒക്കെ ഉണ്ടെങ്കിലും അശേഷം ധൈര്യമില്ലാത്ത, അരക്ഷിതാവസ്ഥയുടെ ആഴങ്ങളില്‍ ജീവിക്കുന്ന അവള്‍ എങ്ങിനെ മക്കളെ വളര്‍ത്തും?
ഞാന്‍ ദൈവത്തോട് പറഞ്ഞു, ദൈവമേ, അവള്‍ക്കു മക്കളെ നോക്കാനുള്ള പ്രാപ്തിയില്ല. ഞാന്‍ അവര്‍ക്കായി ഒന്നും ഉണ്ടാക്കിയും വെച്ചിട്ടില്ല. കുടുംബത്തിലെ മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ ഒന്നുമില്ലാതെ കഷ്ടപ്പെട്ട് അപകര്‍ഷതാ ബോധത്തോടെയും ഭയത്തോടെയും ജീവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. എനിക്കൊരിത്തിരി സമയം കൂടി തരുമോ, ഞാന്‍ പെട്ടെന്ന് തന്നെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കിയിട്ട് വരാം.
നീ ജനിച്ച അന്ന് മുതല്‍ മരണത്തിനു മുമ്പില്‍ തുറക്കപെട്ടവനാണ്. അടുത്ത നിമിഷം പോലും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നീ ഇത് വരെയും ഒന്നും ചെയ്യാതിരുന്നത് എന്തു ഉറപ്പിലാണ്? അതിനാല്‍ തന്നെ ഇനി കുറച്ചു സമയം തരുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അതുകൊണ്ട് മോനേ, നീ തുറന്ന കണ്ണുകളോടെ നോക്കുക ഈ ജീവിതം. ജീവിച്ചിരുന്നപ്പോള്‍ പലവിധ ബന്ധനങ്ങളാല്‍ കാണാതിരുന്ന പലതും നിനക്ക് ഇപ്പോള്‍ കാണാനാവും.
എന്തു ബന്ധനം, എന്തു ജീവിതം. ഇനി സ്വന്തം കാര്യം നോക്കി ടെന്‍ഷന്‍ അടിക്കുന്നതിനു പകരം വല്ലോരുടെയും കാര്യം ഒന്ന് നോക്കാം. പെട്ടെന്ന് മനസിലേക്ക് വന്നത് എന്റെ കൂടെ കോളേജില്‍ പഠിച്ച ശ്രീദേവിയെ ആണ്. അതൊരു കാലമായിരുന്നു. നാല് വര്‍ഷത്തെ നിശബ്ദ പ്രണയത്തിനു ശേഷം പൂത്തുലഞ്ഞ രണ്ടു മാസക്കാലം. അവസാനം ഒരു ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വിവാഹത്തോടെ രണ്ടു കുടുംബങ്ങളിലും ഉണ്ടാവുന്ന പൊല്ലാപ്പുകള്‍ പോലും തരണം ചെയ്തു ഒന്നാവണം എന്ന് വിചാരിച്ച രണ്ടു ഹൃദയങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്ത് വേര്‍പിരിഞ്ഞു. എന്നോടുള്ള വാശിക്ക് അവള്‍ ഒരു കൃസ്ത്യാനി ഡോക്ടറെ തന്നെ കല്യാണം കഴിച്ചു ഇപ്പോള്‍ അമേരിക്കയില്‍ ആണ്. ഇടയ്ക്കു കൂട്ടുകാരില്‍ നിന്നും അറിഞ്ഞിരുന്നു അവളുടെ വിവരങ്ങള്‍ . വളരെ പ്രശസ്തനായ ഭര്‍ത്താവ്, മിടുക്കരായ മക്കള്‍ , ഇഷ്ടം പോലെ കാശ്. നാട്ടില്‍ എന്നെങ്കിലും തിരിച്ചു വന്നു താമസിക്കാനായി കൊട്ടാരം പോലെ ഒരു വീടും പറമ്പും വാങ്ങിച്ചിട്ടും ഉണ്ടത്രേ. കൂട്ടുകാരന്‍ ശിഹാബ് പറഞ്ഞപോലെ ഇന്നിപ്പോള്‍ സ്വര്‍ഗ്ഗ തുല്യമായ അവളുടെ ജീവിതം എന്റെ കൂടെയെങ്കില്‍ ഒരു പക്ഷെ നായ നക്കിയ പോലിരുന്നേനെ.
അമേരിക്കയിലെ കോളറാഡോയിലെ റോക്കി മലനിരകള്‍ക്കു താഴെയുള്ള ഗോള്‍ഡന്‍ എന്ന മനോഹര സ്ഥലത്തെ ബംഗ്ലാവില്‍ ഞാനിതാ ക്ഷണനേരം കൊണ്ട് എത്തി കഴിഞ്ഞു. ശ്രീദേവി അവിടെ ഒരു മുറിയില്‍ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു. ഇപ്പോളും സുന്ദരി തന്നെ അവള്‍, എങ്കിലും മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു. അപ്പുറത്തെ മുറിയില്‍ നോക്കിയപ്പോള്‍ ആണ് കാര്യം മനസിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന അവളുടെ മകള്‍ കൂടെ പഠിക്കുന്ന കറുമ്പനുമായി മുറിയില്‍ കയറി അടച്ചിട്ടു പഠനമാണ്. ഒരിക്കല്‍ ആകാംഷയോടെയും അതിലേറെ ആധിയോടെയും ഇതേപോലൊരു അവസ്ഥയില്‍ അവിടെ കയറി ചെന്ന അവളെ അവര്‍ സംസ്കാരം ഇല്ലാത്തവള്‍ എന്ന് വിളിച്ചു ഇറക്കി വിട്ടു. അതോടെ ഒന്നും മേലാത്ത അവസ്ഥയില്‍ ആണ് ആ പാവം. അവളുടെ കെട്ടിയോന്‍ എന്തിയെ എന്ന് നോക്കിയപ്പോള്‍ ഒരു ബാറില്‍ ഇരുന്നു കൂട്ടുകാരോട് വീരസ്യം അടിക്കുകയാണ് പുള്ളിക്കാരന്‍ . കഴിഞ്ഞ മാസം വീട്ടില്‍ ഇരുന്നു കൂട്ടുകാരുമൊത്ത് ബിയര്‍ അടിച്ച ആറാം ക്ലാസുകാരനായ മകനെ വഴക്ക് പറഞ്ഞു അടിതരും എന്ന് പറഞ്ഞതും അവന്‍ പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞതും ഒക്കെ. അവസാനം അവനെ നാട്ടിലെ സ്കൂളില്‍ ചേര്‍ത്തതും അവനെയും കൊണ്ട് നാട്ടില്‍ പോയി എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ അവന്റെ കരണക്കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് കൊണ്ട് പോയി കൊടുക്കെടാ പുലയാടി മോനേ കേസ് എന്ന് പറഞ്ഞതും ഒക്കെ ഇരുന്നു വീമ്പു പറയുന്നു ആ മനുഷ്യന്‍ .
ഒരു അച്ഛന്‍റെ ആധിയോടെ ഒന്നുകൂടി ഞാന്‍ നോക്കി അവളുടെ മകളും കൂട്ടുകാരനും ഇരിക്കുന്ന മുറിയിലേക്ക്. അവന്റെ മടിയില്‍ കിടന്നു പഠിക്കുകയാണ് അവള്‍ . പെട്ടെന്ന് എന്റെ രണ്ടു പെണ്മക്കളെയും ഓര്‍ത്തു ഞാന്‍. മനസ് നിമിഷങ്ങള്‍ കൊണ്ട് വീണ്ടും തിരിച്ചു കേരളത്തില്‍ എത്തി, മക്കളെ നോക്കി. കുളിയും മീന്‍ പിടുത്തവും കഴിഞ്ഞ് വന്നു വീടിന്റെ പുറകു വശത്തുള്ള പേരയില്‍ ആണ് അവര്‍ മൂന്നു പേരും. പൊട്ടിച്ചിട്ടിരിക്കുന്ന പാറക്കല്ലുകള്‍ ആണ് അതിനടിയില്‍. ഒന്ന് കൈ തെന്നിയാല്‍ ആ പാറക്കൂട്ടത്തില്‍ വീഴും അവര്‍. കാര്യം പേരയില്‍ കയറിയ വിവരം വീട്ടിലെ ആരെങ്കിലും അറിഞ്ഞാല്‍ തുടയില്‍ ചൂരല്‍ പാടുകള്‍ വീഴും എങ്കിലും ആരും അറിയാതെ ശബ്ദം ഉണ്ടാക്കാതെ കയറിയതാണ് അവര്‍ .
അവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ആണ് മനസിലായത് പേരക്കാ ഒന്നും അല്ല അവരുടെ ലക്ഷ്യം എന്ന്. ഏറ്റവും ഉയരത്തിലെ ഏറ്റവും ചെറിയ ചില്ലയില്‍ കയറുന്നവര്‍ വിജയിക്കുന്ന ഒരു മല്‍സരം ആണ് അത്. മൂത്തവള്‍ കയറിയതിലും ഉയരത്തില്‍ രണ്ടാമന്‍ കയറി. ഇപ്പോള്‍ ഇളയവളുടെ ഊഴമാണ്. മകന്‍ കയറിയതിലും ഉയരത്തില്‍ കയറാനാണ് അവളുടെ ശ്രമം. ഇപ്പോള്‍ ഇരിക്കുന്ന കവലയില്‍ നിന്നും ഒരു പടി മുകളില്‍ കയറാന്‍ നോക്കുന്നു അവള്‍ . ഒരു ചെറു കാറ്റ് മതി അത് ഓടിയുവാന്‍ , പക്ഷെ ശ്വാസം പോലും അടക്കി അവള്‍ കയറുകയാണ്. ഞാന്‍ തളര്‍ന്നു വീണ്ടും ദൈവത്തെ നോക്കി. മന്മോഹന്‍ സിംഗിനെ പോലെ ഒരു വികാരവും ഇല്ലാതെ ഇരിക്കുകയാണ് പുള്ളിക്കാരന്‍.
ഈ ദൈവത്തിന്റെ കൂടെ വന്നിട്ട് കാണുന്നത് മുഴുവന്‍ ഇതാണല്ലോ, എന്നാ പിന്നെ ചെകുത്താന്‍റെ കൂടെ ഒന്ന് പോയി നോക്കിയാലോ എന്ന് തോന്നി എനിക്ക്. ചെകുത്താന്‍ ആകുമ്പോള്‍ ചിലപ്പോള്‍ കാണുന്നതെല്ലാം നല്ലതായിരിക്കും. പക്ഷെ ഇനി ചെകുത്താന്റെ കൂടെ പോയാല്‍ പുള്ളി ഉള്ള നല്ല കാര്യം ഒക്കെ പറഞ്ഞു നരകത്തിലെ തീയില്‍ കൊണ്ട് പോയി ചാടിക്കുമോ എന്നോര്‍ത്തപ്പോള്‍ അത് വേണ്ടെന്നു വെച്ചു. അപ്പോളാണ് തെറ്റുകളെ കുറിച്ച് ഓര്‍മ്മ വന്നത്. തെറ്റുകള്‍ കൂടിയാല്‍ അതിനനുസരിച്ച് ശുദ്ധീകരണ സ്ഥലത്ത് കിടക്കണം എന്നാണു പള്ളീല്‍ അച്ചന്മാര്‍ പറഞ്ഞിരിക്കുന്നത്. ദൈവം ഇഷ്ടമുള്ളവരെ വേഗന്നു വിളിക്കും എന്ന തത്വം അനുസരിച്ച് എന്നെ വിളിച്ചതാണോ അതോ ഇവന്‍ വെറും പോക്കാണല്ലോ എന്നോര്‍ത്ത് നേരത്തെ വിളിച്ചതാണോ എന്ന സംശയത്തിലായി.
ഞാന്‍ ദൈവത്തോട് പറഞ്ഞു. "ദൈവമേ.. ഞാന്‍ ഒത്തിരി തെറ്റുകള്‍ ചെയ്തിട്ടുണ്ട്എന്നാണ് തോന്നുന്നത്." എന്റെ ഭാര്യയെയും മക്കളെയും നന്നായി നോക്കിയില്ല, കുടുംബത്തിനോടും നാട്ടുകാരോടും വീട്ടുകാരോടും ഉള്ള കടമകള്‍ വീട്ടിയിട്ടില്ല, രോഗികളോടും സമൂഹത്ത്തിനോടും ഉള്ള കടമകള്‍ ഭംഗിയായി നിറവേറ്റിയില്ല അങ്ങനെ പല ചിന്തകള്‍ എന്റെ മനസിലൂടെ പാഞ്ഞു.
ദൈവം പറഞ്ഞു, "മകനെ.. തെറ്റും ശരിയും ആപേക്ഷികമാണ്. സിംഹം ഒരു മാന്‍പേടയെ കൊന്നു തിന്നുമ്പോള്‍ അത് സിഹത്തിനെ സംബത്തിച്ചിടത്തോളം ശരിയും മാന്‍പേടയെയും ഒരു പരിധി വരെ മനുഷ്യരുള്‍പ്പടെയുള്ള മറ്റു ജീവജാലങ്ങളെയും സംബന്ധിച്ചിടത്തോളം തെറ്റുമാകുന്നു. സിംഹത്തെ ഒരു ഹിംസ്രമൃഗം ആയും, ക്രൂരനായ കൊലയാളി ആയും നിങ്ങള്‍ മുദ്ര കുത്തിയിരിക്കുന്നു. എന്നാല്‍ ആ മാന്‍പേടകള്‍ പുല്ലു തിന്നുമ്പോള്‍ , ചെടികളുടെ ചെറിയ നാമ്പുകള്‍ തിന്നുമ്പോള്‍ അതും ഒരു ഹിംസയെന്ന് ആരും കരുതുന്നില്ല. ജീവനുള്ളതും എന്നാല്‍ ഒന്ന് ചലിക്കാനോ ഉറക്കെ കരയാനോ, എന്തിനു കണ്ണീര്‍ പൊഴിക്കാന്‍ പോലും ശേഷിയില്ലാത്ത സസ്യജാലങ്ങളെ ആ മാന്‍പേട ഭക്ഷിക്കുമ്പോള്‍ അതൊരു തെറ്റായി നിങ്ങള്‍ക്കും സസ്യഭുക്കുകളായ മറ്റു മൃഗങ്ങള്‍ക്കും തോന്നില്ലായിരിക്കാം. പക്ഷെ ആ സസ്യജാലങ്ങളുടെ ജീവന്റെ വേദന എന്താണെന്ന് ചിന്തിക്കാനോ കണ്ടു പിടിക്കാനോ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? മനുഷ്യ ശരീരത്തെക്കുറിച്ചും നവ ദ്വാരങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും വിശദമായി പഠിച്ച നിനക്ക് ഒരിക്കലെങ്കിലും കുറുംതോട്ടിയുടെ വേദനയെക്കുറിച്ച് ചിന്തിക്കാന്‍ തോന്നിയോ? മനുഷ്യജീവിതത്തിലെ അടിസ്ഥാന ത്രികര്‍മ്മങ്ങളായ ആഹാരം, നിദ്ര, മൈഥുനം എന്നിവയെക്കുറിച്ചൊക്കെ വിശാലമായി ചിന്തിച്ച നിനക്ക് ചെടികളുടെ വികാരത്തെ മനസിലാക്കാന്‍ സാധിച്ചോ? അതേപോലെ തന്നെ ചെടികള്‍ ഭക്ഷണമാക്കുന്ന ധാതുലവണങ്ങള്‍ , നൈട്രജന്‍ തുടങ്ങിയ വസ്തുക്കളുടെ ജീവന്‍ . ഓരോ ആറ്റത്തിലും അടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍ ഇലക്ട്രോണ്‍ ന്യുട്രോണ്‍ എന്നിവയുടെ ഒക്കെ വികാര വിചാരങ്ങള്‍ ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഏതാണ് ശരിയും തെറ്റും?"
മനസ്സില്‍ "ആ....." എന്നൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എനിക്കിനി ഒന്നും കാണണ്ടാ ദൈവമേ...എന്റെ വിധിക്ക് ഞാന്‍ തയ്യാര്‍ " ഞാന്‍ പറഞ്ഞു ദൈവത്തോട്. അപ്പോള്‍ ദൈവം പറഞ്ഞു.
"ഈ ഭൂമിയില്‍ ആരും ഒരിടത്തും അനിവാര്യരല്ല. താനില്ലെങ്കില്‍ ഈ ലോകത്തിന്റെ അവസ്ഥ എന്താകും എന്ന് പേടിക്കുന്ന ഭരണാധിപന്മാര്‍ മുതല്‍ തന്റെ വീട്ടിലെ ഇല അനങ്ങുന്നത് പോലും തന്റെ കണ്ട്രോളില്‍ ആണെന്ന് അഹങ്കരിക്കുന്ന കുടുംബനാഥന്മാര്‍ വരെ അറിയുന്നില്ല എന്താണ് ജീവിതം എന്ന്. മനുഷ്യന് ഒന്നും അറിയില്ല കുട്ടീ...നീ നിന്റെ ഓട്ടം പൂര്‍ത്തിയാക്കി. ഇനി എന്റെ കൂടെ പോരുന്നോ?"
അങ്ങനെ ഒരു മടക്കയാത്ര........
*** ഈ മനുഷ്യന്റെ മടക്കയാത്രയുടെ മുപ്പതാം വാര്‍ഷികം ഇന്ന്***
12 comments:
കഥ ഇഷ്ടപ്പെട്ടു.ഒന്നു വായിച്ചു നോക്കിയിരുന്നെങ്കില്‍ ചില്ലറ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.
>>> നീ ജനിച്ച അന്ന് മുതല്‍ മരണത്തിനു മുമ്പില്‍ തുറക്കപെട്ടവനാണ്. അടുത്ത നിമിഷം പോലും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നീ ഇത് വരെയും ഒന്നും ചെയ്യാതിരുന്നത് എന്തു ഉറപ്പിലാണ്? അതിനാല്‍ തന്നെ ഇനി കുറച്ചു സമയം തരുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അതുകൊണ്ട് മോനേ, നീ തുറന്ന കണ്ണുകളോടെ നോക്കുക ഈ ജീവിതം. <<<<
ഈ വരികള്‍ ഏറെ ഇഷ്ട്ടപ്പെട്ടു..
വളരെ നല്ല ഒരു സന്ദേശം തരുന്നുണ്ട് ഈ കഥ..
വാഴക്കാവരയന് എല്ലാ ആശംസകളും..
നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു.
"ഞാന്‍ ഒത്തിരി തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്" എന്ന വരി വായിച്ചപ്പോള്‍ ഉറപ്പായി, ഇത് ആത്മ കഥ അല്ല.!ആയിരുന്നെങ്കില്‍ ദൈവത്തിന്റെ അടുത്ത് പോയി "തോന്നുന്നു" എന്ന് പറയില്ലല്ലോ. ഈ ജീവിതം മൊത്തം പാപം അല്ലെ.?
ശരിയാണ്... ചിലപ്പോള്‍ കാണുന്നുണ്ടാകും.
നമ്മള്‍ അസാധ്യം എന്നൊക്കെ കരുതിയാലും, ചിലപ്പോള്‍ നമ്മളെ നയിക്കുന്നുമുണ്ടാകും.
അര്‍ത്ഥ പൂര്‍ണം.. പക്വം...നന്നായിരിക്കുന്നു.
കഥ ഇഷ്ടപ്പെട്ടു. മന്‍മോഹന്‍സിങ്ങിനെപ്പോലെ നിര്‍വികാരനായി ഇരുന്നു എന്നാ പ്രയോഗം കലക്കി.
പാലാക്കാരാ...ഇതൊരൊന്നൊന്നരക്കഥയാണല്ലോ. ഞാന്‍ ഒറ്റയിരുപ്പിനു തന്നെ വായിച്ചു തീര്‍ത്തു. ചരിത്രം ശാസ്ത്രം ഫിലൊസഫി തിയോളജി സാമൂഹ്യശാസ്ത്രം, നന്മ തിന്മ, ശുദ്ധീകരണം...ചേരുംപടിയൊരു ചേര്‍ച്ച.
നല്ല എഴുത്.
നന്നായി പറയുകയും ചൈതു
വെറുതെ ഇരിക്കുമ്പോള്‍ കാടുകയറി ചിന്തിക്കുകയാണെങ്കില്‍ ഇങ്ങനെ ചിന്തിക്കണം. ഒരുപാട് ഇഷ്ടപ്പെട്ട ഒരു വായന.
ഹോ...വല്ലാത്തോരോ ചിന്തകള്‍..,..മനുഷ്യനെ കുഴപ്പിക്കും ചില ചിന്തകള്‍...,.. എന്തയാലും നന്നായി ട്ടോ..ആശംസകള്‍..,..
ഇഷ്ടപ്പെട്ടു..
വല്ലാത്ത ഭാവന തന്നെ, ശെരിക്കും ഇഷ്ടപ്പെട്ടു.
ശെരിയാ കുറുന്തോട്ടിക്കും വേദനയുണ്ടാവണം..
ആ അമേരിക്കൻ ചെക്കനെ നാട്ടിൽ വന്നപ്പോൾ തല്ലിയതു മുൻപെവിടെയോ കേട്ട കഥ പോലെ....
കൊള്ളാം....
ഇഷ്ടപ്പെട്ടു...
Post a Comment