ഞാനൊരു പാവം പാലാക്കാരന്‍

പെരുമഴക്കാലം

>> Monday, September 30, 2024

പെരുമഴക്കാലം  

സാധാരണ അവധിക്കു വരുന്നതിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം ഇത്തിരി ലോങ്ങ് ലീവ് ആയിരുന്നു. കാലവർഷ സമയത്ത് കുറച്ചു സമയം ഫാമിലിയുടെ കൂടെ നിൽക്കുക, കോരിച്ചൊരിയുന്ന മഴയത്ത് ഒരു കട്ടങ്കാപ്പിയും കുടിച്ചു ജോൺസൻ മാഷിന്റെ പാട്ടും കേട്ട്, മഴത്തുള്ളികളുടെ താളവും കുളിരും അനുഭവിച്ചു, പിന്നെ അതിന്റെ ചേരുവ ആയ ക്ലാരയുടെ (സ്നേഹത്തിന്റെയും കുസൃതികളുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും ഒക്കെ വികാരങ്ങൾ കലർന്ന എന്തോ ഒരു ഭാവം)  ഫീലും കൂടി ആവോളം അനുഭവിക്കുക എന്നൊക്കെയുള്ള കൊച്ചുകൊച്ചു ആശകളുമായാണ് നമ്മൾ നെടുമ്പാശേരി വഴി പാലായിൽ എത്തിയത് . 

വീട്ടിലെത്തി, മഴ വെറുതെ ഒരു രസത്തിനു തോർന്നിരിക്കുന്ന സമയം. എന്തൊരു വൈബ്, മഴപെയ്തു നല്ല ക്ളീൻ ആയ മരങ്ങളും റോഡും പ്രകൃതിയും. റോഡരുകിൽ കൂടി കുഞ്ഞരുവികൾ പോലെ കളകളാ എന്നൊഴുകുന്ന തെളിവെള്ളം. ഇനി വേണ്ടത് അടമഴ, ഒരു മയത്തിലൊക്കെയുള്ള ഒരു വെള്ളപ്പൊക്കം (2018 വേണ്ട), കുറച്ചു അർമാദം.

ഒന്നാം ദിനം,

തീറ്റയുമായി കോഴിക്കൂടിന്റെ അടുത്ത് ചെന്നപ്പോളെന്നപോലെ, മക്കൾ എന്നെയും പെട്ടിയെയും മാറി മാറി സ്നേഹിച്ചു നോക്കി. ഞാനാണെങ്കിൽ സ്നേഹവും സെന്റിമെൻസും ആയി വിജൃംഭിതനായി  നിൽക്കുവാണെന്നു കണ്ടപ്പോൾ നാലാമൻ കുഞ്ഞേപ്പ് ജഗതിയെപ്പോലെ തേങ്ങാ സ്വാമി എന്നു മനസ്സിൽ പറഞ്ഞു എന്റെ കയ്യീന്ന് താക്കോല് വാങ്ങി പെട്ടി തുറന്നു.

ചോക്കലേറ്റും ഉടുപ്പും ഒക്കെ കിട്ടിയ സന്തോഷത്തിൽ മക്കൾ ഓരോന്നും നമ്മളെ പറ്റിച്ചേർന്ന് ഇരിക്കുന്നു. ആകാശയാത്ര, ലോഞ്ചിലെ ഇരുപ്പ്, കഴിപ്പ് തുടങ്ങിയ ക്ഷീണങ്ങൾ മാറ്റാൻ സ്വല്പം അമൃത് സേവിച്ചു, ഉലത്തിയ പോത്തും വരട്ടിയ പോർക്കും വറുത്ത മീനും ഒക്കെ കൂട്ടി വെന്ത കുത്തരിച്ചോറ് ഒരു പിടുത്തം അങ്ങ് പിടിച്ചു. ആഹാ... അന്തസ്...

കാര്യം സന്ധ്യ ആയതേ ഉള്ളൂ. എങ്കിലും ഭക്ഷണം കഴിഞ്ഞാൽ ഒന്ന് മയങ്ങണമല്ലോ, ബെഡ്‌റൂമിൽ കയറി ജനാലകൾ തുറന്നിട്ടു, നല്ല കാറ്റും മഴയും. ഹോം തീയറ്ററിൽ നിന്നും മലയാളം പാട്ടു ഒഴുകി വരുന്നു - "വിരൽ തൊട്ടാൽ വിരിയുന്ന .....". ഭാര്യയെ ഒന്ന് ചേർന്ന് കിടന്നു.  കുശുമ്പിന്റെ ഉറവ പൊട്ടിയിട്ടോ എന്തോ "ചാച്ചേനെ എനിക്കൊത്തിരി ഇഷ്ടമാണെന്നു" പറഞ്ഞു അഞ്ചാമത്തെ സന്തതി തുമ്പി പതുക്കെ ഇടയിൽ കയറി കിടന്നു. പാട്ടു മാറി കണ്ണാം തുമ്പീ എത്തി, അവളേം കെട്ടിപ്പിടിച്ചു കിടന്നു ഞാൻ സുഖമായി ഉറങ്ങി.

രണ്ടാം ദിനം - ശനിയാഴ്ച,  നേരത്തെ കിടന്നതുകൊണ്ടാവാം പെലകാലെ തന്നെ എഴുന്നേറ്റു. ദിവാകരൻ ഇങ്ങു പോന്നെങ്കിലും വെളിച്ചം തീരെയില്ല, ചന്നം പിന്നം ചറപറാനൊരു തൂളുമഴയും. ജനാലയിലൂടെ വെറുതെ ഇരതേടിയിറങ്ങിയ പക്ഷികളെയും അണ്ണാനെയും ഒക്കെ കണ്ടിരുന്നു. മുറിക്കകത്തു നോക്കിയപ്പോൾ വെട്ടിയിട്ട വാഴകണക്കെ കിടക്കുന്നു നാലഞ്ചെണ്ണം. ഇരയും പിടിക്കേണ്ട, കാലത്തെണീക്കുകയും വേണ്ട. ഭാര്യയുടെ അടുത്തോട്ടു ഒന്ന് മുട്ടിയുരുമ്മി ചെന്നപ്പോൾ നാലാമൻ കുഞ്ചു പാതിഉറക്കത്തിൽ തന്നെ ഇറുക്കി പിടിച്ചു, എന്നിട്ടൊരു ചോദ്യം, "ചോക്കളേറ്റ് ഒരെണ്ണം എടുത്താലോ?"

ഇപ്പോളാണേൽ ചേട്ടന്മാർ ഇല്ല എന്നൊരു കള്ളച്ചിരിയോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ കൊള്ളാല്ലോ മൊതല് എന്ന് വിചാരിച്ചെങ്കിലും, കൂടെ പോയി ഒരു വൈറ്റ് ചോക്കലേറ്റ് എടുത്തു അവനും കൊടുത്തു ഞാനൊരു കട്ടൻ ഇട്ടു, ശനിയാഴ്ച അല്ലെ. ഇന്ന് കട്ടനും ജോൺസൻ മാഷും മഴയും മാത്രം.

മൂന്നാം ദിനം - ഞായർ.   

മഴ നല്ല കട്ടിയിൽ പെയ്യുന്നു. പക്ഷിമൃഗാദികൾ പോലും വിശ്രമിക്കുന്നു. വീട്ടിലെ പട്ടിക്കുഞ്ഞു ശ്രീമാൻ പക്രു പോലും അനങ്ങുന്നില്ല. 

കൂട്ടുകാരൻ ബാബു വിളിക്കുന്നു - നല്ല ആൾക്കഹോളിക്‌ വെതർ, അവധിയും, ഫ്രീ ആണോ? ഇന്നേതായാലും ക്ലാര വരാൻ സാധ്യത ഇല്ല, എന്നാൽ പിന്നെ അർമാദം ആകട്ടെ. ഞാൻ മൊഴിഞ്ഞു "ഫ്രീ....."

മഴവെള്ളം കുത്തിയൊലിച്ചു പതഞ്ഞു പോകുന്നു, ഞങ്ങളും കൂടെ കലങ്ങി മറിഞ്ഞു ഒഴുകി. അവസാനം പിള്ളേരുറങ്ങും മുമ്പേ നാളെ പിള്ളേരെ സ്‌കൂളിൽ വിടുന്ന കാര്യം ഓർത്തു കട്ടിലിൽ വീണ ഞാൻ, ആ വാർത്ത ഒരു മിന്നായം പോലെ കേട്ടു. നാളെ സ്‌കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. എന്റെ ക്ലാരേ.....

നാലാം ദിനം - തിങ്കൾ.

കളക്ടർ അവധി പ്രഖ്യാപിച്ചത് കൊണ്ടും, ശരീരത്തിന് മൊത്തം ഒരു മാന്ദ്യം ഉള്ളതുകൊണ്ടും (ബുദ്ധിക്ക് എപ്പോളും ഉണ്ടല്ലോ), ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്നുള്ളത് സത്യമാണെന്നു വീണ്ടും തെളിയിച്ചുകൊണ്ട് കുഞ്ഞു പരട്ട  തലവേദന ശല്യപ്പെടുത്തുന്നത് കൊണ്ടും, കട്ടിലിൽ തന്നെ കിടന്നു.

ഇതുക്കൂട്ടൊരു ഊഞ്ഞാലാടിയ മുതുദിവസം വേറെ കാണില്ല. തലവേദന, ക്ഷീണം, കട്ടൻകാപ്പി പോലും കണ്ടിട്ട് ശർദ്ദിക്കാൻ വരുന്നു. ജോൺസൺ മാഷിന്റെ പാട്ടു വരുന്ന സ്‌പീക്കറിനിട്ടു ഒരു  തൊഴി വെച്ച് കൊടുക്കാൻ തോന്നി. മൊത്തത്തിൽ ഒരു കലിപ്പനായി, വരിയുടച്ച നാടൻ പട്ടിയുടെ കണക്ക് തെക്കു വടക്കു നടന്നു.

അഞ്ചാം ദിനം - ചൊവ്വ.

രാവിലെ നാലരക്കുള്ള അലാം അടിച്ചുകൊണ്ടിരുന്നു. ഞാൻ വന്നതിന്റെ ആശ്വാസത്തിൽ  ഉറങ്ങുന്നതുകൊണ്ടാവാം ഭാര്യ എണീക്കുന്നില്ല. ഞാൻ പതുക്കെ അവളെ ഞോണ്ടിവിളിച്ചു, പിള്ളേരെ എണീപ്പിച്ചു സ്‌കൂളിൽ വിട്, ഇന്ന് മിക്കവാറും ക്ലാര വരും. അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു. സാധാരണ ഒരു രണ്ടു വിളിക്കു ശേഷം ഓരോ ചവിട്ടു കൊടുത്തു എണീക്കേടാ ഡാഷ് മക്കളെ എന്ന് വിളിക്കുന്നതിന്‌ പകരം, സ്നേഹത്തോടെ വിളിച്ചുണർത്തി. കുഞ്ഞേപ്പ് ഒക്കെ ഇത് അമ്മ തന്നെയോ എന്നൊന്ന് സൂക്ഷിച്ചു നോക്കി. ഞാൻ പതുക്കെ പുതപ്പിനടിയിൽ ഒന്നൂടെ ചുരുണ്ടു കൂടി. 

പിള്ളേര്  ഓരോരുത്തരായി ഉറക്കച്ചടവോടെ, രാവിലെ മഴ പെയ്തിട്ടും കളക്ടർ അവധി പ്രഖ്യാപിക്കാത്തതു എന്തേ എന്ന് വ്യാകുലപ്പെട്ടു തേരാപാരാ നടക്കുന്നു. ഓരോരുത്തരും യൂണിഫോം ഒക്കെ ഇട്ടു, ഒരു കുഞ്ഞു ബൊഫെ പോലെ മേശപ്പുറത്തിരുന്ന ദോശയും, ജാം തേച്ച ബ്രെഡും, മൊട്ട ബുൾസൈയും, ചിക്കൻ കറിയും, പുട്ടും ഒക്കെ ഓരോരുത്തർക്ക് ഇഷ്ടമുള്ള വകയിൽ വ്യസനത്തോടെ കഴിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും പ്രേമം ഉണ്ടായിരുന്നെങ്കിൽ ഇവനൊക്കെ സ്‌കൂളിൽ പോകാൻ എന്ത് ഉത്സാഹം ആയിരുന്നേനെ എന്ന് ഞാൻ വെറുതെ ചിന്തിച്ചു പോയി.

രാവിലെ പാൽകാപ്പിയിൽ രണ്ടു ബദാമും അരച്ച് ചേർത്ത് കൂടെ രണ്ടു ഈന്തപ്പഴവും തന്നു ഭാര്യ. പതിവില്ലാതെ ഞാൻ ഒന്ന് ഷേവും ചെയ്തു കുളിച്ചു കുട്ടപ്പനായി. അവസാനം പിള്ളേർ വീട്ടിൽ നിന്നും ഇറങ്ങാറായപ്പോൾ ആണ്  മൂത്തവൻ ചാടിത്തുള്ളി വന്ന് ആ വാർത്ത പറയുന്നത്.

"കളക്ടർ ഇന്ന് രാവിലെ എണീക്കാൻ താമസിച്ചതാ, ദേണ്ടെ ഇന്നും അവധി." ഇടിത്തീ പോലെ ആണ് ആ വാർത്ത ഞാൻ ശ്രവിച്ചത്.  ഓറഞ്ച് എന്ന കളർ തന്നെ ഞാൻ വെറുത്തു പോയി. ഫ്രിഡ്ജിൽ ഇരുന്ന ഒരു കിലോ ഓറഞ്ചു ഞാനെടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഓറഞ്ച് അലർട്ടും ഒരു മാങ്ങാത്തൊലിയും.

പിള്ളേരുടെ അറ്റാക്ക് കഴിഞ്ഞപ്പോൾ കാലിയായ ഊണുമേശയിൽ എനിക്ക് കുറച്ചു പച്ചക്കപ്പയും കാന്താരി പൊട്ടിച്ചതും കൂടെ ഭാര്യ കൊണ്ടെ തള്ളിവെച്ചു. അവളുടെ നിരാശ എനിക്ക് മനസിലായി. എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് സ്പീക്കറിലൂടെ ഒഴുകി വന്നു. അവസാനം രണ്ടും കല്പിച്ചു ഞാൻ മൂത്ത മകനോട് പറഞ്ഞു, നീ ഇന്ന് പിള്ളേരേം കൊണ്ട് ആ പുത്തേട്ട് പോയി വല്ല സിനിമയും കണ്ടോ. 

ചാച്ചയും അമ്മയുകൂടി വന്നാലേ ഒരു രസമുള്ളൂ, നിങ്ങളും കൂടെ വായോ എന്നവൻ പറഞ്ഞു.  അതോടെ എന്റെ  സകലമാന കണ്ട്രോളും പോയി, ലോകത്തൊരു അച്ഛനും സഞ്ചരിക്കാത്ത വഴികളുടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു.

"നിനക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ടാകുമ്പോൾ ഫോൺ വിളിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം വന്നാൽ നിനക്ക് ഒരു പ്രൈവസിയും ഞങ്ങൾ തരില്ല, ചാച്ചക്കും അമ്മയ്ക്കും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, നിനക്കിത്രയും പ്രായമായില്ലേ?"

അവനു എല്ലാം മനസ്സിലായി, നേരെ അഞ്ചു ടിക്കറ്റ് പുത്തേട്ട് സിനിമയിൽ. അങ്ങനെ അഞ്ചാമത്തെ ദിവസം അങ്ങനെ ക്ലാരയെത്തി.

ദിവസങ്ങൾ ഒക്കെ പിന്നീട് വേഗന് കൊഴിഞ്ഞു പോയി. ഓറഞ്ചു അലേർട്ടും കളക്ടറുടെ അവധി പ്രഖ്യാപനവും തീരെ ഇല്ലെന്നായി. എന്നിട്ടും പുത്തേട്ട് സിനിമയിൽ അഞ്ചു ടിക്കറ്റുകൾ ഇടയ്ക്കിടെ ഒന്നിച്ചു വിട്ടു പോയി. എന്റെ 20 ദിവസത്തെ അവധി 40 ദിവസം ആയി. സുന്ദര സുരഭില ദിനങ്ങൾ.

അവസാനം ഞാൻ പച്ചപ്പും ഹരിതാഭയും ഉപേക്ഷിച്ചു മണലാരണ്യത്തിലേക്ക്  തിരികെ പോരേണ്ട സമയം അടുത്തു. മക്കളെ ഒക്കെ നന്നായി സ്നേഹിച്ചു, ഭാര്യയെയും,  മക്കൾക്ക് സ്നേഹം ഒന്നും അത്ര തുല്യമായി പങ്കിട്ടു കൊടുക്കാൻ സാധിച്ചു എന്ന് വരില്ല, എങ്കിലും ഓരോരുത്തർക്കും പറ്റുന്നപോലെ സ്നേഹവും സമയവും കൊടുത്തു.

ഇളയവളായതുകൊണ്ടും ആകെയുള്ള പെൺതരി ആയതുകൊണ്ടും തുമ്പിയോട് കുറച്ചു കൂടുതൽ സ്നേഹവും കൊഞ്ചലും ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അവളെക്കാളും രണ്ടു വയസുമാത്രം മൂത്ത കുഞ്ചു ഏലിയാസ് കുഞ്ഞേപ്പിന് അതിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു. എങ്കിലും വഴക്കോ ബഹളമോ ഇല്ലാതെ അവൻ അത് കുറേശ്ശേ അറിയിച്ചുകൊണ്ടിരിക്കും. വാടി തുമ്പി, ചാച്ചയെ കെട്ടിപ്പിടിച്ചു കിടക്കാം എന്ന് പറയുമ്പോൾ അവൾ ഇത്തിരി ജാട ചിലപ്പോൾ കാണിക്കും. ഒതുക്കത്തിൽ കുഞ്ചു അപ്പോൾ പറയും, ചാച്ച വിഷമിക്കണ്ട, ഞാൻ വരാമെന്ന്. കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കൂടെ കിടക്കാൻ ഊഴം വെച്ച് നിന്നിരുന്ന കാലത്തു ഇളയവർ കരയുമ്പോൾ, നീ മൂത്തതല്ലേ, ഇന്നും കൂടെ അവർ കിടക്കട്ടെ എന്ന് അമ്മ പറഞ്ഞപ്പോൾ അനുഭവിച്ചിരുന്ന വേദന നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ ഇത്തവണ കുഞ്ചുവിനെ ഇത്തിരി കൂടുതൽ സ്നേഹിച്ചു.

അവസാനം പോരുന്നതിനു തലേദിവസം രാത്രി, ഭാര്യ പെട്ടി അടുക്കുന്ന തിരക്കിൽ, മക്കൾ എല്ലാവരും കട്ടിലിൽ ഇങ്ങനെ ചെറിയ സങ്കടത്തോടെ ഇരിക്കുന്നു. 

കിടന്നോ മക്കളെ, നാളെ എല്ലാവരും കൂടെ എന്തായാലും കൊണ്ട് വിടാൻ എയർപോർട്ടിൽ വരുന്നുണ്ടല്ലോ, ഇനി ഉറക്കിളക്കണ്ട എന്ന് ഞാൻ.

പെട്ടെന്നാണ് വിങ്ങിപ്പൊട്ടി കുഞ്ചു കരഞ്ഞത്, സങ്കടം കാരണം സഹിക്കാൻ വയ്യാത്ത ഒരു കരച്ചിൽ. നെഞ്ചോട് ചേർത്ത് അവനെ പിടിച്ചപ്പോൾ മനസ്സിലായി, ഏങ്ങലടി കാരണം ശ്വാസം പോലും കിട്ടാതെ കരയുന്ന അവന്റെ വേദനയുടെ തീവ്രത. എന്റെ ചങ്കു പൊടിഞ്ഞു. ആദ്യം കുഞ്ചു കരയുന്നതു കണ്ടു  കരയാൻ തുടങ്ങിയ തുമ്പി പോലും എന്താണെന്നു മനസിലാകാതെ നോക്കി നിന്നു. അവനെ വാരിപുണർന്ന് ഞാൻ നടന്നു, സങ്കടപ്പെടേണ്ട, ചാച്ച ഉടനെ വരും എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു, എന്റെ മാറിലെ ചെറുചൂടിൽ അവന്റെ വിതുമ്പലുകൾ കുറഞ്ഞു, പതുക്കെ എല്ലാവരും ഉറങ്ങി. ക്ലാരയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ ഞാനും ഭാര്യയും അവരുടെ ഇടയിൽ എവിടെയോ കിടന്ന് ഉറങ്ങി.

പിറ്റേന്ന് എയർപോർട്ടിൽ എല്ലാവരും വന്നു. മൂത്ത രണ്ടു മക്കൾ പെട്ടിയൊക്കെ എടുത്തു പൊക്കി ഉന്തുവണ്ടിയിൽ വെച്ച് തന്നു. എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു. ആറുപേരും കരഞ്ഞു, പൊട്ടിയും ഏങ്ങലടിച്ചും വിതുമ്പിയും ഒക്കെ വ്യത്യസ്‍ത ഭാവങ്ങളിൽ. 

എന്തോ എനിക്ക് കരച്ചിൽ വന്നില്ല, പകരം സന്തോഷമാണ് തോന്നിയത്.  എന്നെ വല്ലാതെ സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുണ്ടെന്നുള്ള ഒരു തിരിച്ചറിവ് പകർന്നു തന്ന ഒരുതരം ക്രൂരമായ സന്തോഷം. 





0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP