ഞാനൊരു പാവം പാലാക്കാരന്‍

ഒരു മാനേജരുടെ ജനനം.....

>> Tuesday, November 19, 2013

മനുഷ്യന്‍റെ ആജ്ഞാശക്തിയും മറ്റുള്ളവരെ മാനേജ് ചെയ്യാനുള്ള കഴിവും കുറെയൊക്കെ ജന്മസിദ്ധമാണ്. ഒരു ദാശാബ്ദത്തോളമായി എന്തെങ്കിലും ഒക്കെ ഒരു മാനേജര്‍ എന്ന പദം ജോലിസ്ഥാനത്തിനോപ്പം ചേര്‍ത്തുവെച്ചു നടക്കുന്നവനാണ് ഈയുള്ളവന്‍ എങ്കിലും, അതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പ് തന്നെ എന്റെ ആജ്ഞാശക്തിയും, ഭരിക്കുന്നതിനുള്ള കഴിവും എല്ലാവരും മനസിലാക്കിയിരുന്നു. കാര്യം ഭയങ്കര ലുക്കും ബുദ്ധിയും സൗന്ദര്യവും ഒക്കെയാണെങ്കിലും ഒരു കുഞ്ഞു കരിയില പോലും ഞാന്‍ മാനേജ് ചെയ്യാന്‍ ചെന്നാല്‍ സഹിക്കില്ല.

പക്ഷെ അതൊന്നും എന്റെ കഴിവ് കേടായിരുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനി,  അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍, ഇതിന്റെയൊക്കെ കുഴപ്പം ആയിരുന്നു. ആദ്യം ഞാന്‍ കാര്യങ്ങള്‍ ഒരു മാനേജര്‍ എന്ന നിലക്ക് ജോലിക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. പക്ഷെ ദൈവം അനുഗ്രഹിച്ചു എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരുത്തനും അത് ചെയ്യാനുള്ള കഴിവ് കാണില്ല. പിന്നെ ഞാന്‍ തന്നെ അത് ചെയ്തു കാണിക്കും. അങ്ങനെ ക്രമേണ അത് എന്‍റെ ജോലിയായി തീരുകയും എന്‍റെ കീഴില്‍ ഉള്ളവര്‍ വെടിയും പറഞ്ഞിരിക്കുകയും ചെയ്യും. പത്തിരുപതു വര്‍ഷം ജീവിതത്തിലും, പിന്നെ ഒരു ഇരുപതു വര്ഷം ജോലിയും ജീവിതവും കൂടി ഒന്നിച്ചു നടത്തിയിട്ടും എന്റെ ഗതി അത് തന്നെ. എന്തിനു പറയുന്നു, വെറും ഒരു പട്ടിക്കുഞ്ഞു പോലും ഞാന്‍ ട്രെയിനിംഗ് നല്‍കിയാല്‍ ണ്ടാം ദിവസം എന്നെ തിരിച്ചു ഓടിച്ചിട്ട്‌ കടിക്കുമായിരുന്നു. 

അങ്ങനെ ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഈ വിഷയം നന്നായി ഒന്നു വിശകലനം ചെയ്തു. എന്താണ് എന്റെ കുറവ്, അല്ലെങ്കില്‍ പ്രശ്നം? അതിനുള്ള കാരണം എന്ത്? അത് എങ്ങനെ പരിഹരിക്കാം. അങ്ങനെ ഞാന്‍ പ്രശ്നത്തിന്‍റെ മൂലകാരണം തേടി എന്‍റെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചു പോയി. 

അതിപുരാതന ജന്മികുടുംബത്തില്‍ (ഹോ എന്തൊരു സുഖം), മഹാ ക്രൂരന്മാരുമായ വലിയപ്പന്റെയും വലിയമ്മയുടെയും കൂടെ ജീവിച്ച ഒരു ബാല്യം. അപ്പനില്ലാത്ത ഞങ്ങള്‍ നാലുമക്കളെ ക്രൂരമായി ദ്രോഹിക്കുകയായിരുന്നു അവരുടെ വിനോദം. പഠിക്കുക, കുരിശു വരക്കുക, മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങളെ ചെയ്യിച്ചു. രാവിലെ കുളിക്കാനും പല്ലു തേക്കാനും നിര്‍ബന്ധിച്ചു. ഞങ്ങളുടെ നിര്‍ദോഷ വിനോദങ്ങള്‍ക്ക് എത്രയെത്ര ക്രൂരമര്‍ദ്ദനങ്ങള്‍... വല്ല്യപ്പന്റെ തോര്‍ത്തെടുത്ത് കാലില്‍ കെട്ടി കമുകില്‍ കയറിയതിനു തുടയില്‍ തിരുമ്മിയ വല്യമ്മ. വാട്ടര്‍ ടാങ്കില്‍ കയറി കുളിച്ചതിനു പുളിവാര്‍ കൊണ്ട് തുടയില്‍ തഴുകിയ വല്യപ്പന്‍. പത്ത് മിനുറ്റ് വെള്ളത്തില്‍ കിടന്നാല്‍ ഏതു കുഞ്ഞും മൂത്രമൊഴിക്കുമെങ്കിലും അരമണിക്കൂര്‍ ടാങ്കില്‍ കിടന്ന ഞാന്‍ സത്യമായും ഒഴിച്ചില്ല, ബാക്കി മൂന്നു പേരും ഇല്ലാ എന്നാണു പറഞ്ഞതും. അല്ലെങ്കിലും ആ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ലായിരുന്നു, പല്ലു തേച്ചു കുളുക്കുഴിയാനും, കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനും, പിന്നെ കുളിക്കാനും ഒക്കെയാണ് അതുപയോഗിച്ചിരുന്നത്.

കൊച്ചുമക്കളായ ഞങ്ങളോട് ഇങ്ങനെയായിരുന്നു എങ്കില്‍ വീട്ടിലെ ജോലിക്കരോടുള്ള സമീപനം പറയണോ? ആരോഗ്യസ്വാമി, അന്നമ്മ, ഗണേശന്‍, സരസന്‍, സുന്ദരന്‍ അങ്ങനെ എത്ര പേര്‍,  എത്രയോ ജന്മങ്ങള്‍. ഞാനൊക്കെ ഒന്ന് ഏറ്റു നിന്ന്  തൂറ്റാറായപ്പോളെക്കും അത് വരെ സഹായി ആയി നിന്നിരുന്ന ആരോഗ്യസ്വാമി കല്യാണം ഒക്കെയായി പിരിഞ്ഞു പോകാറായി. മൂക്കളയും ഒലിപ്പിച്ചു, വിര പോലെ ഇരുന്ന ഇവനോക്കെ, നാല് നേരം വല്ലതും കഴിച്ചു ഇത്തിരി ആരോഗ്യം ഒക്കെ വന്നപ്പോളേക്കും കെട്ടാന്‍ പോകുന്നു എന്നായിരിക്കും ബൂര്‍ഷ്വാസികള്‍ ആയിരുന്ന വല്യപ്പനും വല്യമ്മയും ഒക്കെ അന്ന് പറഞ്ഞിരിക്കുക. എന്തായാലും ആരോഗ്യസ്വാമി നന്ദി ഉള്ളവനായിരുന്നു. ഒരു തമിഴന്‍ പയ്യനെ പുള്ളിക്കാരന്‍ ഒപ്പിച്ചു തന്നു. എന്നെക്കാള്‍ പ്രായം കുറഞ്ഞ ഗണേശന്‍. എന്റെ രണ്ടിരട്ടി ഭക്ഷണം കഴിക്കും, ഒരു വലിയ മനുഷ്യന്റെ പണിയും ചെയ്യും. വന്നു ആദ്യത്തെ ദിവസം രാത്രി തന്നെ ചായിപ്പില്‍ നിന്നും അവന്‍റെ നെച്ചത്തടിച്ചുള്ള കരച്ചില്‍ കേട്ടു ഞങ്ങള്‍ ചെന്നപ്പോള്‍ ആ കുഞ്ഞു പയ്യന്‍ വാവിട്ടു കരയുകയാണ്, നാടും വീടും ഒക്കെ വിട്ടു പോന്നതിന്റെ വിഷമത്തില്‍. രണ്ടാഴ്ചമുമ്പ് വീട്ടില്‍ കൊണ്ട് വന്ന നാടന്‍ അല്‍സേഷന്‍ ക്രോസ് ആയ ടിപ്പുവും ഇത് പോലെ തന്നെ ആയിരുന്നു ആദ്യത്തെ രണ്ടു ദിവസം. ഗണേശനെ വിളിച്ചു വല്യപ്പന്റെ മുറിയില്‍ കിടത്തിയതല്ലാതെ അവനെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി  വിടാഞ്ഞതില്‍ പ്രതിക്ഷേധിച്ചു ഞാന്‍ അന്ന് രാത്രിയില്‍ പാല് കുടിച്ചില്ല,അതാരും ശ്രദ്ധിച്ചും ഇല്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞതോടെ ടിപ്പുവിന്‍റെ കണക്കു ഗണേശനും എന്നെ ഭരിക്കാന്‍ തുടങ്ങി.

കോടാലി കൊണ്ട് വിറകു കീറുക, കൈക്കോടാലി കൊണ്ട് മരക്കമ്പ് മുറിക്കുക, വാക്കത്തി കൊണ്ട് പ്ലാവില ഇറക്കുക, ചക്ക ഇടാന്‍ പ്ലാവില്‍ കയറുക, അരിവാ കൊണ്ട് പുല്ലരിയുക, വാളുകൊണ്ട് തടി അറക്കുക, മമ്മട്ടി തൂമ്പാ കൊണ്ട് പുല്ലു കിളക്കുക, തൂമ്പാ കൊണ്ട് വാഴയ്ക്ക് തടം എടുക്കുക തുടങ്ങിയ ഗ്ലാമര്‍ പണികള്‍ ഒക്കെ വളരെ വേഗം ഗണേശന്‍ ചെയ്യാന്‍ തുടങ്ങി. നമുക്കാണെങ്കില്‍ ഈ പണിയായുധങ്ങള്‍ ഒക്കെ എടുത്ത് ഗണേശനു കൊടുക്കുന്ന ഒരു മാതിരി ഊഞ്ഞാലാടിയ ഡ്യുട്ടിയും, ഒരു മാതിരി പ്രൈവറ്റ് ബസിലെ കിളിയുടെ പോലത്തെ ജോലി.

അങ്ങനെ എല്ലാ രീതിയിലും ഞങ്ങള്‍ക്ക് എതിരായിരുന്ന വല്യപ്പനും വല്യമ്മക്കും എതിരായി, പണിക്കാരുമായി വളരെ നല്ല സ്നേഹത്തിലും ബന്ധത്തിലുമായി. ജോലിക്കാര്‍ ഞങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് നല്‍കിയ പണികള്‍ക്കൊക്കെ ഞങ്ങള്‍ നല്ല പിന്തുണയും കൊടുത്തിരുന്നു. അടിച്ചു കോണ്‍തെറ്റി ജീപ്പുകൊണ്ട് പോയി ഓടയില്‍ താഴ്ത്തിയതിനു ഡ്രൈവര്‍ തോമസുചേട്ടനെ പിരിച്ചു വിട്ട നടപടിക്കെതിരെ പ്രതിക്ഷേധിച്ചു ഞാന്‍ ജീപ്പിന്റെ കാറ്റ് രണ്ടു പ്രാവശ്യം ഊരിവിട്ടു. മഴ പെയ്ത സമയത്ത് പാല്‍ എടുക്കാതെ, അയല്‍വക്കത്തെ പണിക്കാരി ജാനുവുമായി വര്‍ത്തമാനം പറഞ്ഞ റബര്‍ വെട്ടുകാരന്‍ ചാക്കോയെ വഴക്ക് പറഞ്ഞതിന്,  ആണിയുമായി റബറിന്റെ പട്ടയില്‍ കുത്തി വരച്ചു. അങ്ങനെ സാഹചര്യവും ദേഷ്യവും വിരോധവും അനുസരിച്ച്  ടാങ്കില്‍ പോയി നിരന്നു നിന്ന് മൂത്രമൊഴിക്കുക, ക്ടാവിനെ അഴിച്ചു വിട്ടു പശുവിന്‍റെ പാല് കുടിപ്പിക്കുക, എലിപ്പെട്ടിയില്‍ വീണ എലിയെ തുറന്നു വിടുക അങ്ങനെ ഞങ്ങളാല്‍ ചെയ്യാവുന്ന പണികള്‍ ഞങ്ങളും കൊടുത്തുകൊണ്ടിരുന്നു.

അപ്പോള്‍ അങ്ങനെ ദരിദ്രരുടെയും പീഡിതരുടെയും ആരാധകന്‍ ആയിപോയതാണ്‌ എനിക്ക് ഇങ്ങനെ മാനേജ് ചെയ്യാനുള്ള കഴിവ് കുറയാന്‍ കാരണം എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു എന്തേലും ഒക്കെ ബിസിനസ്ചെ യ്യാമെന്ന ചീറ്റിയ പ്ലാനും കഴിഞ്ഞു, വെറുതെ തേരാപാര നടക്കുന്ന സമയം. ഇനിയിപ്പോള്‍ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി ജോലിക്കാരെ ഒക്കെ പീഡിപ്പിക്കുകയും മാനേജ് ചെയ്യുകയും ഒക്കെ ചെയ്യാമെന്ന് വെച്ചാല്‍ വലിയ പാടല്ലേ? അന്നേരമാണ് എന്‍റെ അമേരിക്കയിലുള്ള സുഹൃത്ത് സണ്ണി പ്രോജക്റ്റ് മാനേജ്മെന്റ് കോഴ്സിനെ പറ്റി പറയുന്നത്. അങ്ങനെ ഞാനും മാനേജര്‍ ആകാന്‍ പഠനം തുടങ്ങി.

സ്കോപ്, കോസ്റ്റ് ആന്‍റ് ടൈം ഒക്കെ മാനേജ് ചെയ്യാനും ഉള്ള പഠനമൊക്കെ തീവ്രമായി നടക്കുന്ന സമയം. കയ്യിലാണെങ്കില്‍ ജീവിതകോസ്റ്റ് നടത്താന്‍ ഒന്നുമില്ല, പഠിക്കാന്‍ ടൈം ഒട്ടുമില്ല, ഇതൊക്കെ ചെയ്താലും വലിയ സ്കോപ്പും ഇല്ല. എന്നിട്ടും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു, അതും പോരാഞ്ഞിട്ട് ഭാര്യയെ വിഷ്വല്‍ ബേസിക്കും പഠിപ്പിച്ചു. എന്തായാലും അതിന്‍റെ ഇടക്ക് നല്ല രണ്ടു മഴ പെയ്തു, പിള്ളേര്‍ നന്നായി ഉറങ്ങി, ഭാര്യയുടെ ബേസിക് വിഷ്വല്‍ കണ്ടു എന്‍റെ സ്കോപ്പും പോയി. എട്ടൊമ്പതു  മാസങ്ങള്‍ക്ക് ശേഷം എനിക്ക് പി എം പി (Project Management) സര്‍ട്ടിഫിക്കേറ്റ്  കിട്ടി, പാപ്പി ഭൂജാതനും ആയി.

അങ്ങനെ മീനച്ചിലാര്‍ വീണ്ടും ഒഴുകി, മാണിസാര്‍ വീണ്ടും മന്ത്രിയായി, പിസി ജോര്‍ജ്ജുമായി വരെ ഒന്നിച്ചു,  ഞാനും വീണ്ടും ദുഫായില്‍ എത്തി, പഴയ കമ്പനിയില്‍ തന്നെ ജോലിക്കും കയറി. സകല ലോകത്തെയും, എന്റെ കമ്പനിയേയും, വഴിയില്‍ കാണുന്ന അഹങ്കാരികളായ അറബികളെയും മാനേജ് ചെയ്യുന്ന സ്വപ്‌നങ്ങള്‍ ഒക്കെ മടക്കി കക്ഷത്തില്‍ വെച്ചു ഞാന്‍ സമാധാനമായി ജീവിതം നടത്തി തുടങ്ങി. ടിവിയില്‍ നികേഷും വേണുവും വീണയും ഹാര്‍മോണിയവും ഒക്കെ തകര്‍ക്കുമ്പോള്‍, ഞാനും ഭാര്യയുടെയും മക്കളുടെയും അടുത്ത് തകര്‍പ്പ് നടത്തി. കേരളത്തിലെ രാഷ്ട്രീയത്തെയും, ജനങ്ങളെയും, ഈ വാര്‍ത്ത വായിക്കുന്നവരേയും ഒക്കെ ഞാന്‍ അവളുടെ മുമ്പില്‍ മാനേജ് ചെയ്തു ആശ തീരത്തു. അവള്‍ക്കറിയാവുന്ന ഗണേശനെയും, ശാലുമേനോനെയും ഒക്കെ സോളാറും, ടി പിയും, പാക്കിസ്ഥാനും ഒക്കെയായി ചേര്‍ത്ത് വെച്ചു ഞാന്‍ വേണുവിനെയും നികേഷിനെയും ഒക്കെ ചിലപ്പോള്‍ ചീത്തവിളിച്ചും, മറ്റു ചിലപ്പോള്‍ അനുകൂലിച്ചും വീട്ടില്‍ ഒരു പുലിയായി.  ഞാന്‍ ഒരു സംഭവം ആണെന്ന് വിവരമില്ലാത്ത അവളും എട്ടും പൊട്ടും തിരിയാത്ത മക്കളും വിചാരിക്കുന്നുണ്ടാവും എന്ന് സങ്കല്‍പിച്ചു ഞാനും പുളകം കൊണ്ടു. എന്തായാലും എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ ഒരു ബഹുമാനം ഉണ്ട് എന്നാണു എന്റെ ഒരു (തെറ്റി) ധാരണ.

 ഇളയവന്‍ ആയ പാപ്പി (രണ്ടു വയസ്) പക്ഷെ ആളൊരു ധിക്കാരിയും, ആരെയും വക വെക്കാത്തവനും ആണ്. വീട്ടില്‍ ഒരു സംഭവം ആയ ഈ എന്നെ പോലും പേടിയില്ലതാനും. ഈ ജീസസ് ക്രൈസ്റ്റ് നു  യേശുക്രിസ്തു എന്നൊരു പേരുള്ളത് മൂപ്പര്‍ക്കറിയാമോ എന്ന് പ്രാഞ്ചിയേട്ടന്‍ സംശയിച്ചെങ്കിലും,  നമ്മുടെ പാപ്പി ദേഷ്യത്തോടെ "യ ര ല വ ഷ സ ഹ " ഇങ്ങനെ ഏതു അക്ഷരം ഉപയോഗിച്ചാലും ഭാര്യക്കും മൂത്ത പിള്ളേര്‍ക്കും (കറിയാച്ചന്‍ , കോക്കു) ഒരു സംശയവും കൂടാതെ മനസ്സിലാവും. പക്ഷെ അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചേരെ, വിട്ടുകളയെടാ എന്നൊക്കെ പറഞ്ഞു അവന്‍റെ കൊച്ചുകൊച്ചു പിടിവാശിയും വഴക്കും ഒക്കെ ഞാനും സമ്മതിച്ചു കൊടുത്തിരുന്നു.

അങ്ങനെ തുമ്മലും ചീറ്റലും ഒക്കെയായി ജീവിതം മുമ്പോട്ട്‌ പോകുന്നു. അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ കൂട്ടുകാരന്‍ സുരേഷ് അവന്‍റെ പിള്ളേര്‍ക്ക് സ്കൂട്ടര്‍ എന്ന് പറയുന്ന ഒരു സാധനം വാങ്ങിച്ചു കൊടുത്തു. രണ്ടു വീലും ഒരു ഹാന്റിലും, ഉള്ള ഒരു കാലുകൊണ്ട്‌ ചവിട്ടിത്തള്ളി ഓടിക്കുന്ന ഒരു കുന്ത്രാണ്ടം. നമ്മുടെ വീട്ടിലും കിടക്കപ്പൊറുതി ഇല്ലെന്നായി. അവസാനം ഞാനുമൊരെണ്ണം വാങ്ങി.

കാര്യം നേരെ നിന്നാല്‍ കാറ്റടിച്ചു താഴെവീഴുന്ന കോലം ആണെങ്കിലും പാപ്പി ആദ്യം തന്നെ അതില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു. അങ്ങനെ ഒരു സായാഹ്നം, ഞാന്‍ പതിവ് പോലെ നികേഷും വേണുവുമായി ചാനലില്‍ മാറി മാറി സംവാദം നടത്തുന്നു. കോക്കു എന്റെ കൂടെയിരുന്നു ടിവിയിലെ വാര്‍ത്ത മാറ്റി കാര്‍ട്ടൂണ്‍ ആക്കാനുള്ള ശ്രമം നടത്തുന്നു, കറിയാച്ചന്‍ സ്കൂട്ടറില്‍ ചൊറിയുന്നു. പെട്ടെന്നാണ് പാപ്പി ഉറക്കം ഒക്കെ അവസാനിപ്പിച്ചു രംഗപ്രവേശം നടത്തിയത്. "കാ" "ശു" "മാ" എന്ന് എന്തൊക്കെയോ രൂക്ഷമായി കറിയാച്ചനോട് പറഞ്ഞു, അതോടെ അവന്‍ ആ സ്കൂട്ടറും പാപ്പിക്ക് കൊടുത്ത് എന്റെ മടിയില്‍ വന്നിരുന്നു.

എന്തായാലും അഞ്ചുമിനിറ്റിനുള്ളില്‍ രണ്ടു പ്രാവശ്യം അവന്‍ എന്റെ കാലില്‍ വണ്ടി കയറ്റി. കാര്യം ജീവന്‍ പോകുന്ന വേദനയായിരുന്നു എങ്കിലും, ആദ്യത്തെ പ്രാവശ്യം ഞാന്‍ രൂക്ഷമായി നോക്കിയെങ്കിലും അവന്‍ എന്നെ നോക്കിയതു പോലുമില്ല. പക്ഷെ രണ്ടാമത്തെ പ്രാവശ്യം അതി ഭീകരമായ വേദനയില്‍ എന്റെ കുരു പൊട്ടി. ഞാന്‍ ജ്വലിച്ചു കൊണ്ട് എണീറ്റു. ഗള്‍ഫില്‍ ഒക്കെ, മര്യാദക്ക് വണ്ടിയില്‍ പോകുന്ന നമ്മുടെ പുറകില്‍ വന്നു ലൈറ്റും മിന്നിച്ചു ഹോണും അടിച്ചു നമ്മളെ അടുത്ത ട്രാക്കിലോട്ടു മാറ്റിയ ശേഷം രൂക്ഷമായിനോക്കുന്ന അറബി പിള്ളേരുടെ കണക്ക് അവന്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ അറിയാതെ സോറി പറഞ്ഞു പോയി. പിന്നെ കാലു രണ്ടും എടുത്തു സോഫയില്‍ വെച്ചു വണ്ടി കയറിയ ഭാഗം തിരുമ്മി വീണ്ടും വാര്‍ത്തയില്‍ ലയിച്ചു.

അങ്ങനെ വണ്ടി ഓടിച്ചു മടുത്ത പാപ്പി അവസാനം ഇത്തിരി വെള്ളം എടുത്തു ബോറടി മാറ്റാന്‍ ഭാര്യയുടെ പിന്‍ഭാഗത്ത് ഒഴിക്കുകയും, അവള്‍ എന്തോ പറയുകയും,  അതില്‍ പ്രതിക്ഷേധിച്ച് അവന്‍ സ്കൂട്ടര്‍ കൊണ്ട് വന്നു ടിവിയെ ലക്ഷ്യമാക്കി എറിയുകയും ചെയ്തു. അവനു നല്ല ആരോഗ്യം ആയതുകൊണ്ട് എന്‍റെ ടിവി രക്ഷപെട്ടു. എന്തായാലും ആകെ ചൂടായത് കൊണ്ടാവും,  അവന്‍ ഏഴാം പ്രാവശ്യം കുളിമുറിയില്‍ കയറി വീണ്ടും കുളി തുടങ്ങി.

സാഹചര്യം മനസ്സിലാക്കിയ കോക്കു പതുക്കെ സ്കൂട്ടര്‍ എടുത്തു. കറിയാച്ചനും പുറകെ ചാടി.രണ്ടു പേരും അടിയായി. ഞാന്‍ ഇടപെട്ടു. "എന്താടാ പ്രശ്നം?". കോക്കു പറഞ്ഞു "ഞാന്‍ ഓടിക്കാന്‍ നേരം ചേട്ടാ വന്നു ചേട്ടായ്ക്ക് വേണം എന്ന് പറയുകയാണ്‌" എന്ന്. ഞാന്‍ തീരുമാനം എടുത്തു, കറിയാച്ചനോട് പറഞ്ഞു "കോക്കു ഇത്തിരി നേരം ഓടിച്ചിട്ട്‌ നിനക്ക് തരും ഒക്കേ?" നീതിനിര്‍വ്വഹണം നടത്തി കൃതാര്‍ഥനായി ഞാന്‍ ഇരുന്നത്തെ വീണ്ടും അവിടെ ബഹളം. ഞാന്‍ ചൂടായി കറിയാച്ചനെ വഴക്ക് പറഞ്ഞു. അപ്പോള്‍ കറിയാച്ചന്‍ പറഞ്ഞു " ഞാന്‍ ഓടിച്ചോണ്ടിരുന്നപ്പോള്‍ പാപ്പി വന്നു വാങ്ങിയതാ, അപ്പോള്‍ എനിക്കല്ലേ ആദ്യം കിട്ടേണ്ടത്?" ഞാന്‍ ആലോചിച്ചപ്പോള്‍ അതും ശരിയാണ്. ഞാന്‍ കോക്കുവിനോട് പറഞ്ഞു, " മോനെ, ചേട്ടാ ഇത്തിരി നേരം ഓടിക്കട്ടെ, അത് കഴിയുമ്പോള്‍ ചാച്ച വാങ്ങി തരാം." അവന്‍ അതിനു സമ്മതിച്ചില്ല, ഞാന്‍ ചൂടായി, വടിയെടുത്തു, രണ്ടു പേരും കരച്ചിലും ആയി. ഞാന്‍ അടുത്ത അടവെടുത്തു. നിങ്ങളില്‍ ചാച്ചയോടു കൂടുതല്‍ സ്നേഹം ഉള്ളവര്‍ ഇപ്പോള്‍ ആശയടക്കം ചെയ്യുക എന്ന് പറഞ്ഞു. രണ്ടു പേരും നല്ല സ്നേഹവും സെന്റിമെന്റ്സും ഒക്കെയുള്ള പിള്ളേരായിരുന്നു. പക്ഷെ രണ്ടു പേരും സ്കൂട്ടറില്‍ നിന്നും പിടി വിട്ടില്ല. ടി വി യില്‍ ആണെങ്കില്‍ നികേഷിന്റെ ഒപ്പം ചര്‍ച്ചക്ക് പിസി ജോര്‍ജും എത്തി. എങ്ങനെ ഇതൊന്ന് ഒതുക്കും എന്നാലോചിച്ചപ്പോള്‍ ആണ്  നിന്നപ്പോള്‍ ഒരു ശബ്ദം കേട്ടത്.

പണ്ടത്തെ മൂട്സ് പ്ലീസ് എന്ന പരസ്യം പോലെ,  ബാത്ത്റൂമിന്റെ വാതില്‍ തുറന്നു ഉറച്ച പാദങ്ങളോടെ പാപ്പി എത്തി. എന്താടാ പ്രശ്നം എന്ന രീതിയില്‍ കറിയായെയും കോക്കുവിനെയും നോക്കി. ഒരു നിമിഷം അവന്‍ എന്തോ ഒന്നാലോചിച്ചു. പിന്നെ "മാ", "പാ" എന്നോക്കെ കോക്കുവിനോട് രൂക്ഷമായി പറഞ്ഞു. എന്തായാലും "ഇവിടെ താടാ" എന്നാണ് പറഞ്ഞതെന്ന് കോക്കുവിനു മനസിലായി, അവന്‍ സ്കൂട്ടറില്‍ നിന്നും പിടി വിട്ടു. അടുത്തതായി പാപ്പി കറിയാച്ചനെ ഇത്തിരി മയത്തില്‍ നോക്കി, "വേണേല്‍ എടുത്തു ഓടിച്ചോ" എന്നാണ് അവന്‍ ഉദ്ദേശിച്ചതെന്നു കറിയാച്ചനും മനസ്സിലായി.  എല്ലാം ഒരു ചോദ്യ ചിഹ്നത്തോടെ നോക്കി കണ്ട എനിക്കും ഒരു കാര്യം മനസ്സിലായി. എന്‍റെ പി എം പി മാനേജ്മെന്‍റ്  പഠനത്തിന്‍റെ ഗുണം മുഴുവന്‍ ഒരു "ബീജം" കൊണ്ടുപോയ കാര്യം.....






Read more...

ചാറ്റിങ്ങും ലൈനും പിന്നെ പ്രേതവും....

>> Tuesday, August 13, 2013

ഈ സംഭവം നടക്കുന്നത് ഏകദേശം പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഇന്നത്തെ പോലെ ഫേസ്ബുക്കും ട്വിറ്ററും ഒന്നുമില്ല. എന്തിനു മൊബൈലും എസ് എം എസും എം എം എസ്സും ഒക്കെ പതുക്കെ വ്യാപകമായി വരുന്നതേ  ഉള്ളൂ.  എങ്കിലും പ്രേമിക്കാനുള്ള ത്വരയും പെണ്ണുങ്ങളോടുള്ള താല്പര്യവും അന്നത്തെ ആണുങ്ങള്‍ക്കും കുറവൊന്നും ഇല്ലായിരുന്നു എന്ന് മാത്രവുമല്ല,  ആക്രാന്തം ഇത്തിരി കൂടുതലും ആയിരുന്നു. വയാഗ്രയോക്കെ കഷ്ടിച്ച് അങ്ങ് എത്തി എങ്കിലും സാധാരണക്കാരന് ആകെ ഇത്തിരി യാഹൂ ചാറ്റും വല്ല പടങ്ങളും ഒക്കെ തന്നെയായിരുന്നു ആശ്വാസം.

അങ്ങനെ ഞാന്‍ എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിക്കുന്നു, കൊച്ചു കടവന്ത്രയില്‍ ഒരു വീട് പോയി നോക്കുന്നു. ബ്രോക്കറിന്റെ വിവരണം അതി ഭയങ്കരം ആയിരുന്നു. രണ്ടു നില വീടാണ്, സില്‍മാ നടി ദിവ്യാ ഉണ്ണിയുടെ വീടിന്‍റെ പത്ത് വീട് ഇപ്പുറത്താണ്, താഴത്തെ ഫ്ലോറില്‍ ഒരു ഫാമിലി ഉണ്ട്, ഇത്തിരി നടന്നാല്‍ കടവന്ത്ര എത്തുകയും ചെയ്യും. പിന്നെ പട്ടണം ആണെങ്കിലും വീടിന്‍റെ ഒരു സൈഡില്‍ ഒരു പഴയ സര്‍പ്പക്കാവ് ആണ്, അതിനാല്‍ മരങ്ങളും ഇഷ്ടം പോലെ ചെടികളും ഒക്കെ ഉള്ളതുകൊണ്ട് ഫ്രീ ആയി ധാരാളം ഓക്സിജനും കിട്ടുമത്രേ. അവന്‍റെ വാചകം ഒക്കെ കേട്ട് എന്റെ മനസ്സില്‍ വെറുതെ ലഡ്ഡുക്കള്‍ ഒക്കെ ചുമ്മാ ടഗ ടാഗാന്നു പൊട്ടിക്കൊണ്ടിരുന്നു. ദിവ്യ ഉണ്ണി രാവിലെ വെറുതെ ജോഗ് ചെയ്യുമ്പോള്‍ എന്നെ കണ്ടു ഇഷ്ടപെടുന്നതും താഴത്തെ ഫ്ലോറില്‍ താമസിക്കുന്ന അതി സമ്പന്നമായ കുടുംബത്തിലെ അതിസുന്ദരിയായ മകള്‍ എന്റെ ഗ്ലാമറും കഴിവും ബുദ്ധിയും ഒക്കെകണ്ടു പ്രണയ പരവശയാകുന്നതും ഒക്കെ നല്ല മുഴുത്ത ലഡുവായി ഞൊടിയിടകൊണ്ട് പൊട്ടിക്കഴിഞ്ഞു.

അങ്ങനെ അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കഴിഞ്ഞു എന്ന് മനസിലായപ്പോള്‍ അവന്‍ പറഞ്ഞു. അവിടെ ഒരുത്തന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്, സംഗതി ചുമ്മാ പറയുന്നതാ. ഒരുത്തന്‍ അവിടുന്നും വിഷം കഴിച്ചിരുന്നു, പക്ഷെ അവനെ വലിയ താമസമില്ലാതെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു. എന്നിട്ട് ആളു മരിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഓ.. രണ്ടു മൂന്നു ദിവസം കിടന്നിട്ടാണ് വടിയായത്. അങ്ങനെയൊക്കെ നോക്കിയാല്‍ നമുക്ക് എവിടെയേലും താമസിക്കാന്‍ പറ്റുവോ? പിന്നെ നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് അതൊന്നും പ്രശ്നമല്ലല്ലോ. കാര്യം ബ്രോക്കര്‍ നമ്മളെ പോലെ എന്ന് ബഹുവചനത്തില്‍ പറഞ്ഞെങ്കിലും അവിടെ ഞാന്‍ ഏകനായി വേണമല്ലോ കിടക്കാന്‍.! , പോരാത്തതിന് എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ അപാര ധൈര്യവും.

അപ്പൊ അതാണ്‌ വാടക കുറവും പിന്നെ ഒരു ബാച്ചിലറിന് വീട് തന്നതും. എന്തായാലും ഞാന്‍ നോക്കിയപ്പോള്‍ പ്രായം പത്തിരുപത്തെട്ടു കഴിഞ്ഞു. ഇനിയും പേടിയും പ്രേതവും ഒക്കെയായി ഇരുന്നാല്‍ ശരിയാവില്ല. പോരാത്തതിന് നേരത്തെ പൊട്ടിയ ലഡു ഏതെങ്കിലും ശരിക്കും പൊട്ടിയാല്‍ അത് ബോണസ്‌ ആകുകയും ചെയ്യും.

അങ്ങനെ വീട് കാണാന്‍ ചെന്നു. ആത്മവിശ്വാസം ഒക്കെ നല്ലത് തന്നെ. പക്ഷെ അതിസുന്ദരിയായ ഒരു മകളുള്ള കോടീശ്വരന്‍, ഒരു വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക്മു താമസിക്കും എന്നും, മുകളിലത്തെ നിലയില്‍,  ഞാന്‍ എന്ന ബാച്ചിലറിനെ താമസിക്കാന്‍ അനുവദിക്കും എന്നൊക്കെ വിചാരിച്ചത് ഇത്തിരി ഓവര്‍ ആയി പോയി എന്ന് മനസ്സിലായി. അങ്ങനെ താഴത്തെ വീട്ടുകാരുടെ സെറ്റപ്പ് കണ്ടപ്പോളേ കോടീശ്വരന്‍ തകര്‍ന്നു, ലഡുവിന്‍റെ ആദ്യപകുതിയും. ഇനി പാവപ്പെട്ടവള്‍ ആണെങ്കിലും ഒരു സുന്ദരി പെങ്കൊച്ചു ഉണ്ടായിരുന്നാല്‍ മതിയായിരുന്നു. ആകെ കാണാന്‍ സാധിച്ചത് നല്ല ചൂടും ചൂരും ഉള്ള, നന്നായി കുരക്കുന്ന ഒരു പോമറേനിയന്‍പട്ടിയെ ആണ്.

എന്തായാലും വീട് നല്ല അടിപൊളി തന്നെ. അപ്പോള്‍ തന്നെ അഡ്വാന്‍സും കൊടുത്ത് കരാര്‍ എഴുതാന്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ താക്കോലും കിട്ടി,  അത്യാവശ്യം കട്ടില്‍, പെട്ടി, ലൊട്ടുലൊടുക്കു സാധനങ്ങളും ആയി വീട് കയ്യടക്കി. പട്ടണം ആയതുകൊണ്ട് തന്നെ ടിവി,ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ശീഹ്രം നടന്നു.

അങ്ങനെ പാലായില്‍ നിന്നും എത്തിയ കൂട്ടുകാര്‍ വീടൊക്കെ അടിച്ചു കഴുകി വൃത്തിയാക്കി. ഞാനും കുട്ടപ്പായിയും കൂടി ബീവരേജസില്‍ പോയി കുപ്പിയും തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി വന്നു, അവിടെ കുടിയും പാട്ടും ഒക്കെയായി തകര്‍ത്തു വാരി കിടന്നുറങ്ങി. പിറ്റേ ദിവസം ഉച്ചക്ക് മുമ്പേ അവര്‍ യാത്ര പറഞ്ഞു പാലാക്ക് പോയി.  വീടിന്‍റെ ഉടമസ്ഥ ബോംബെക്കാരി ഒരു ചേച്ചിയാണ്, അവര്‍ ഇപ്പോള്‍ നാട്ടില്‍ അവുധിക്ക് വന്നിട്ടുണ്ട്. ചിലപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ എന്നെകാണാന്‍ ഇതിലെ വരുമായിരിക്കും എന്നും ഡോക്കുമെന്റ്സ് ഒക്കെ റെഡി ആക്കിയ ആ ചേച്ചിയുടെ ആങ്ങള പറഞ്ഞു.

അങ്ങനെ അവസാനം ഞാന്‍ ഒറ്റക്കായി, അന്നൊരു ഞായറാഴ്ചയും. യാഹൂ ചാറ്റില്‍ കുറെ പരത്തി നോക്കി, ഒരു രക്ഷയും കിട്ടിയില്ല. മനസ്സില്‍ ആണെങ്കില്‍ എത്ര വിചാരിച്ചിട്ടും അവിടെകിടന്നു വിഷം അടിച്ച  ആളുടെ വിചാരം മാറുന്നുമില്ല. അവസാനം ഞാന്‍ തീരുമാനിച്ചു, ഇത്രയും പ്രായം ഉള്ള ഞാന്‍ ഇങ്ങനെ ഭയപ്പെടുന്നതില്‍, ഒരു ഭീരുവായി ഇരിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ധൈര്യവാനാകൂ, ആണത്വം കാണിക്കൂ, ചഞ്ചലലത കൈവെടിയൂ മകനെ എന്നൊക്കെ സ്വയം പറഞ്ഞു ഞാന്‍ പെട്ടെന്ന് തന്നെ ഉഷാറായി.

പിന്നെ ഒട്ടും താമസിച്ചില്ല. നേരെ കടവന്ത്ര ജങ്ക്ഷനില്‍ പോയി കര്‍ത്താവിന്റെയും മാതാവിന്റെയും ഓരോ രൂപം വാങ്ങി പള്ളിയില്‍ കൊണ്ട് പോയി വെഞ്ചരിച്ചു. തിരിച്ചു പോരുന്ന വഴി ഒരു പൈന്റും വാങ്ങി വീട്ടിലെത്തി.  രൂപം ഒക്കെ ഭിത്തിയില്‍ ആണി അടിച്ചു വെച്ചു, ഒരു ലുത്തിനിയ ചെല്ലി, പൈന്റു തുറന്നു സെലിബ്രേഷന്‍ തുടങ്ങി. പൈന്റു തീരുന്നതിനു മുമ്പേ ഞാന്‍ തീര്‍ന്നു. ഒരു പ്രേതത്തിന്റെയും ശല്യം ഇല്ലാതെ ഞാന്‍ കിടന്നുറങ്ങി.

പുതിയ ജോലിയായതുകൊണ്ട് ഓഫീസില്‍ തല കാണിച്ചു വീണ്ടും വീട്ടില്‍ വന്നു. പോരുന്ന വഴി ഒരു ധൈര്യത്തിന് ഒരു പൈന്റും കൂടി വാങ്ങി. നേരെ വീട്ടില്‍ വന്നിരുന്നു ചാറ്റ് ഓണ്‍ ചെയ്തു. കുറെ പേജുകള്‍ കയറി നിരങ്ങി നോക്കി. പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഹായ്, ഹലോ, ഹേയ് അങ്ങനെ പല രീതിയില്‍ വിളിച്ചു നോക്കി, നോ രക്ഷ. ഇനി അഥവാ ആരെങ്കിലും ഒന്ന് മറുപടി തന്നാല്‍ തന്നെ asl ചോദിച്ചു നമ്മള്‍ ആണാണ് ഇന്ത്യാക്കാരന്‍ ആണ് എന്നറിയുമ്പോള്‍ വിട്ടു പോകും. അങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോളാണ് ഒരു പെണ്കിളിയുടെ മെസ്സേജ്, "ഹലോ..."

ഞാന്‍ കുളിരണിഞ്ഞു, കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ വന്നു. ആക്രാന്തം കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല, ഹായ് വേണോ അതോ ഹേയ് വേണോ അല്ലെങ്കില്‍ ഹലോ ആയാലോ. അവസാനം സിമ്പിള്‍ ആയി ഒരു ഹായ് വെച്ചു. അപ്പോള്‍ അവളുടെ ചോദ്യം.

"Are u Jose Pothen?"

ഞാന്‍ വീണ്ടും വിഷണ്ണനായി. എന്റെ ഐ ഡി പോത്തന്‍ എന്നാണു, പക്ഷെ ഞാന്‍ പോത്തന്‍ ജോസ് അല്ല. ആറ്റു നോറ്റിരുന്നു ഒരു പെണ്ണ് വന്നതാ, അതിപ്പോളെ പോകുവല്ലോ എന്ന ഭയം ഒന്നാമത്. നുണ പറഞ്ഞാലും അധികം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ എന്നുള്ള തിരിച്ചറിവ് മറുവശത്ത്. അങ്ങനെ വിഷാദനായി ഒരു മിനിറ്റ് ആലോചിച്ചു. പിന്നെ രണ്ടുംകല്‍പ്പിച്ചു ഞാന്‍ പറഞ്ഞു.
"No I am not, may I know who is this?"
അപ്പോള്‍ മറുപടി വന്നു. "  I am sorry, i was just checking whether you are my school classmate Jose Pothen or not. Sorry and Bye"

ഡിം ... എല്ലാം തീര്‍ന്നു.

ഇനി എന്തു ചെയ്യും? സോറിയും ബൈ യും പറഞ്ഞു പോയ പെണ്ണിനെ ഇനി എങ്ങനാ ഒന്ന് കയ്യിലാക്കുന്നത്? എന്തായാലും ഓണ്‍ ലൈന്‍ ആയി കിടപ്പുണ്ട് അവള്‍, ഒന്നൂടെ ക്നോക്ചെയ്തു നോക്കാം.

"R u Malayali?"

ദേണ്ടെ... അവളുടെ മറുപടി വരുന്നു....

"Yea, but I live in Bangalore."

ലഡ്ഡു പിന്നെയും പൊട്ടി. ഞാനും ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു എന്നും പിന്നെ വിദേശ രാജ്യങ്ങള്‍ ഒക്കെ കറങ്ങി മടുത്തപ്പോള്‍ എല്ലാം മതിയാക്കി അവസാനം നാട്ടില്‍ തന്നെ ജീവിക്കാനുള്ള കൊതികൊണ്ട് വന്നതാണെന്നും ഒക്കെ അങ്ങ് കീച്ചി. മലയാളത്തോട് അത്രക്കങ്ങു താല്പര്യം ആയതു കൊണ്ട് ഇംഗ്ലീഷ് മാറ്റി  മംഗ്ലീഷ് ആക്കി. ഇനി ഇംഗ്ലീഷ് ഡിക്ഷ്ണറി ഒന്നും നോക്കാതെ മലയാളത്തില്‍ സംസാരിക്കുകയും ചെയ്യാമല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഉഷാറായി. ഒരു രക്ഷയും ഇല്ലാതെ കൊച്ചിയില്‍ വന്നു കൊതുക് കടി കൊള്ളുന്നതാണെന്നു നമുക്ക് പറയാന്‍ പറ്റുമോ? ഇത്രയും ഒക്കെ പറഞ്ഞപ്പോളെക്കും അവള്‍ പറഞ്ഞു. "My Amma is back and she may not like chatting with boys. So lets talk some other time"

വീണ്ടും ഗ്യാസ് പോയ ബലൂണ്‍ പോലെ, അല്ലെങ്കില്‍ ഏതാണ്ട് പോയ അണ്ണാനെ പോലെ, ഞാന്‍ ഒരു നിമിഷം സ്തബ്ദനായി.  ഒരു നിരാശാ കാമുകനാകാനായി എന്റെ താടിയിലെ രോമങ്ങള്‍ തരിക്കുന്നത് ഞാന്‍ അറിഞ്ഞു. ബീവറെജസിലെ
കുപ്പികള്‍ എന്നെ മാടി വിളിക്കുന്നത്‌  കണ്ടു. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലക്കും പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞതിനാലും ഞാന്‍ ചോദിച്ചു. " ഫ്രെണ്ട് ആയി ആട് ചെയ്തോട്ടെ?"

എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു കൊണ്ട്, നിറയെ ലഡ്ഡുകുഞ്ഞുങ്ങള്‍ നിരന്ന ഒരു ബേക്കറി തുറന്നു കൊണ്ട് അവള്‍ പറഞ്ഞു.  "Ohh sure..."

 അങ്ങനെ ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ കണ്ടിരുന്ന കോടീശ്വരന്‍ ആകുന്ന പകല്‍കിനാവുകളില്‍ മാറ്റം വരുത്തി. അവളുടെ അപ്പന്‍ സ്വിട്സര്‍ലാണ്ടില്‍ ആയതിനാല്‍ ഞാനും സ്വിസ് ബാങ്കില്‍ അക്കൌണ്ട് എടുത്തു. അവള്‍ക്കും നാട്ടിന്‍പുറം ഇഷ്ടമായതിനാല്‍ സുന്ദരിയായ അവളുടെ കൂടെ നാട്ടിന്‍ പുറത്തെ റബര്‍ തോട്ടത്തില്‍ ആടിനെ മേയിച്ചു നടന്നു. ഫോട്ടോ കാണാത്തത് കൊണ്ട് അവള്‍ക്കു ആരുടെ മുഖം കൊടുക്കണം എന്നാ കാര്യത്തില്‍ കണ്ഫ്യുഷന്‍ ഉണ്ടായിരുന്നു,അത് കൊണ്ട് ഓരോ സീനിലും അവളുടെ മുഖം വേറെ വേറെ ആയിരുന്നു. അവള്‍ മലയാളത്തെ സ്നേഹിക്കുന്നതു കൊണ്ട് എന്റെ ഇന്ഗ്ലീഷ് ഭാഷയോടുള്ള സഭാകമ്പം അല്ലെങ്കില്‍ അത് സംസാരിക്കാനുള്ള കോംപ്ലക്സ് മാറി കിട്ടി.

അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ ഭവനത്തിന്‍റെ ഉടമസ്ഥയായ ബോംബേക്കാരി ചേച്ചി വരുന്നത്. ഇത്തിരി നന്നായി വര്‍ത്തമാനം പറയുന്ന ഒരു പാവം സ്ത്രീ. വെറുതെ ആറുമാസം ബോംബേയില്‍ കറങ്ങി നടന്നതു കൊണ്ട് ചുമ്മാ വാഷി, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും ജൂഹു ബീച്ചും, ഗോരായി ബീച്ചും ഒക്കെ ഞാനും വര്‍ത്തമാനത്തില്‍ ചേര്‍ത്ത്. അങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ സംസാരിച്ചു സംസാരിച്ചു വന്നതിന്റെ കൂട്ടത്തില്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്ന ആ ചോദ്യം ഞാന്‍ ചോദിച്ചു.

"ഇവിടെ ആരാണ്ട് ആത്മഹത്യ ചെയ്തിരുന്നു അല്ലെ?". വളരെ നിസ്സാരമായി ചേച്ചി പറഞ്ഞു, അവന്‍ അതാ ആ ജനലില്‍ കയറുകെട്ടി  മുകളിലേക്ക് കയറിട്ടിട്ടു ടെറസ്സില്‍ കയറി കുരുക്കിട്ടു താഴേക്ക്‌ ഒറ്റച്ചാട്ടം, താഴെ താമസിക്കുന്നവര്‍ ഒച്ച കേട്ടു വന്നു നോക്കുമ്പോള്‍ ജനില്‍ തൂങ്ങി നിപ്പുണ്ട്. എന്റെ അടി വയറ്റില്‍ ഒരു കാളല്‍. പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. എന്റെ ബെഡ് റൂമിലെ ജനലിന്റെ കാര്യമാ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞത്.  യാത്ര പറഞ്ഞു പോകുമ്പോള്‍ ചേച്ചിക്ക് ഒരു നല്ല ധൈര്യമുള്ള പയ്യന്‍ വാടകയ്ക്ക് വന്നതിന്റെ സന്തോഷം. എനിക്ക് എങ്ങനെ ഞാനിനി ഇവിടെ ഉറങ്ങും എന്ന ചിന്തയും.

എന്നെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. ഞാന്‍ ഒരു നാലെണ്ണം വെള്ളമൊഴിക്കാതെ അങ്ങ് വീശി. ബെഡ് റൂമിന്റെ വശത്തേക്ക് ഞാന്‍ അറിയാതെ പോലും തല തിരിച്ചില്ല. കമ്പ്യുട്ടറില്‍ വന്നു ടൈപ്പ് ചെയ്ത ഹിസ്റ്ററി ഒന്ന് കൂടി നോക്കി. ലുങ്കിയും പുതച്ചു, കീബോര്‍ഡിനെ കെട്ടിപിടിച്ചു ശുഭ ചിന്തകളോടെ ഞാന്‍ കിടന്നുറങ്ങി. അല്ല പിന്നെ, ഞാന്‍ ആരാ മോന്‍.....

പിറ്റേന്ന് ഓഫീസില്‍ നിന്നും തിരിച്ചു വരാനും യാഹൂ ചാറ്റ് ഓണ്‍ ചെയ്യാനും ഞാന്‍ വീര്‍പ്പുമുട്ടി ഇരുന്നു. ഓടിക്കിതച്ചു വീട്ടില്‍ കയറി, തുണി പോലും മാറാതെ കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു. അതൊക്കെ ഒന്ന് ഓണ്‍ ആയി ഇന്റര്‍നെറ്റ് കണക്ടാകാന്‍ എടുത്ത സമയം എന്നെ സംബന്ധിച്ചിടത്തോളം യുഗങ്ങളായി തോന്നി. പാന്‍റും ഷര്‍ട്ടും ഊരിയപ്പോളെക്കും ചാറ്റ് ഓണ്‍ ആയി വന്നു. ഊരിയ തുണി കാലുകൊണ്ട്‌ തോണ്ടി ഒരു മൂലയില്‍ ഇട്ടപ്പോളെക്കും ഞാന്‍ കണ്ടു, അതാ എന്റെ ഫ്രെണ്ട് ലിസ്റ്റില്‍ അവള്‍ ഓണലൈന്‍ ആയി കിടക്കുന്നു.

ഹോ... ആകെ ഒരു രോമാഞ്ചകഞ്ചുകകിഞ്ചകം അണിഞ്ഞു ഞാന്‍ പുളകിതനായി. പിന്നെ സമയം കളഞ്ഞില്ല... നേരെ ഒരു ഹലോ കൊടുത്തു. ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ എന്ന് അവളുടെ അപേക്ഷ. ഓ ഷുവര്‍  എന്ന് പര്‍നാജു ഞാന്‍. അഞ്ചു മിനിറ്റോ... എത്ര നേരം വേണമെങ്കില്‍ ഞാന്‍ കാത്തിരിക്കുമല്ലോ. പക്ഷെ ആ കാത്തിരിപ്പിനുള്ളില്‍, വെറുതെ ഇരുന്നു കസേരയില്‍ കാലിട്ടിളക്കിയ വകയില്‍ കസേരയുടെ കാലിളകി കിട്ടി.

പിന്നെ അവിടെ നടന്നത് ഒരു മണിക്കൂര്‍ നീണ്ട സല്ലാപം. നിഷ്കളങ്കവും പരിശുദ്ധവുമായ പ്രണയത്തിന്‍റെ മുത്തുകള്‍ എന്‍റെ മനസ്സില്‍ വാരിവിതറിയ കൊച്ചു കൊച്ചു കാര്യങ്ങളുടെ കൈമാറ്റം. അവള്‍ ഒരു സുഹൃത്തായി എന്നെ  കണ്ടുകൊണ്ടു, സഭ്യതയുടെയും കുലീനത്വത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍  നിന്നുകൊണ്ട് തുറന്നു സംസാരിച്ചപ്പോള്‍ എന്റെ മനസ്സില്‍ പ്രണയം മൊട്ടിടുന്നത് സ്വാഭാവികം. ഒരു ഉണക്ക ബ്രെഡ്‌ എങ്കിലും കിട്ടിയാല്‍ മതി എന്ന് വിചാരിച്ചു വിശന്നിരിക്കുന്നവന് ബിരിയാണി കിട്ടിയാലുള്ള അവസ്ഥ.
 
അവളുടെ പേര് സെലിന്‍. ബാംഗളൂരില്‍ BCA ക്ക് പഠിക്കുന്നു. അച്ഛന്‍ ബിസിനസ്സുകാരന്‍. സ്വിറ്റ്സര്‍ലന്‍ഡിലും സ്വീഡനിലും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമ. അമ്മ ഇത്തിരി ഓര്‍ത്തഡോക്സ് ആയ വീട്ടമ്മ. ഇവരും സെലിന്റെ നാലാം ക്ലാസ് വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ ആയിരുന്നു. പിന്നെ നാട്ടില്‍ വന്നു മുത്തച്ഛന്റെ കൂടെ വാഴക്കുളത്തും. ഇപ്പോള്‍ മുത്തച്ഛന്‍റെ മരണവും സെലിന്റെ പഠനവും കാരണം ബാംഗളൂരില്‍ താമസം. ദൈവത്തില്‍ നന്നായി വിശ്വസിക്കുകയും,  ഉണ്ണീശോയുടെ, പ്രത്യേകിച്ച് ചേര്‍പ്പുങ്കല്‍ പള്ളിയിലെ കുടത്തേലുണ്ണിയുടെ നൊവേന ദിവസേന ചെല്ലുകയും ചെയ്യുന്ന ഒരു നല്ല കുട്ടി. ഫോട്ടോ ചോദിക്കുന്നത് മര്യാദകേട് ആകുമല്ലോ എന്ന് വിചാരിച്ചു. വോയിസ്‌ ചാറ്റ് ചെയ്താലോ എന്ന് ഒതുക്കത്തില്‍ ചോദിച്ചപ്പോള്‍ അടുത്ത ഞായറാഴ്ച ആകട്ടെ, അവസരം കിട്ടുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്നും പറഞ്ഞു.  അങ്ങനെ ഇനി ഞായറാഴ്ച സംസാരിക്കാം എന്ന രീതിയില്‍ ഞങ്ങള്‍ ബൈ പറഞ്ഞു. കര്‍ത്താവേ.. ഇനി ഞായറാഴ്ച വരെ ഞാനെങ്ങനെ കാത്തിരിക്കും...?

എന്തായാലും ഇത്രയും നേരം സംസാരിച്ചതില്‍  നിന്നും അവള്‍ നല്ലൊരു കുട്ടിയാണെന്ന് മനസ്സിലായി. സിറ്റി ലൈഫിനോടോ, പാര്‍ട്ടികളോടോ വലിയ അഭിനിവേശം ഇല്ലാത്ത, മഴയേയും മണ്ണിനെയും സ്നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന, മലയാളത്തെ ഇഷ്ടപ്പെടുന്ന ഒരു നല്ല കൊച്ച്.

വളരെ സംതൃപ്തിയോടെ, നിറഞ്ഞ മനസ്സോടെ ഞാന്‍ എണീറ്റു. അപ്പുറത്തെ മേശയില്‍ നിന്നും പകുതി കാലിയായ പൈന്റു കുപ്പി എന്നെ നോക്കി ചിരിച്ചു. പോടാ ചീത്ത ചെക്കാ എന്നാ മട്ടില്‍ പുച്ഛത്തോടെ ആ കുപ്പിയെ നോക്കി ഞാന്‍ പുറത്തിറങ്ങി. ജങ്ങ്ഷനില്‍ ചെന്നപ്പോള്‍ ബിവറേജസില്‍ പതിവിനു വിപരീതമായി ഒട്ടും തിരക്കില്ല. എങ്കിലും ആ പ്രലോഭാനത്തിലും ഞാന്‍ വീണില്ല. നേരെ ഹോട്ടലില്‍ കയറി ഒരു നെയ്‌ റോസ്റ്റും വടയും കഴിച്ചു തിരിച്ചു  നടന്നു. മഴ ചെറുതായി തൂളുന്നുണ്ട്, ഒരു പുഷ്പവൃഷ്ടി പോലെ. വീട്ടില്‍ വന്നു ബെഡ് റൂമില്‍ കയറി. ആദ്യമായി സര്‍പ്പക്കാവിലെക്കുള്ള ജനല്‍ തുറന്നു. ഒരു കസേരയെടുത്ത്‌ ജനലിന്റെ സൈഡില്‍ ഇട്ടു ഞാന്‍ ഇരുന്നു.

ത്രിസന്ധ്യാ സമയം.  മഴത്തുള്ളികളാല്‍ സ്നാനം ചെയ്തു വൃത്തിയായി നില്‍ക്കുന്ന ഇലകളാല്‍ നിറഞ്ഞ കുറച്ചു പടുമരങ്ങള്‍... അതില്‍ സര്‍പ്പങ്ങളെപോലെ  പടര്‍ന്നു കയറിയിരിക്കുന്ന വള്ളികളും, കുറ്റിചെടികളും കാട്ടുപൂക്കളും നിറഞ്ഞ സര്‍പ്പക്കാവ്. ഭയത്തിനു പകരം വന്യമായ ഒരു സൌന്ദര്യം ആണ് ഞാന്‍ അവിടെ കണ്ടത്. പ്രേത ചിന്തകള്‍ അപ്പോളും തികട്ടി വന്നെങ്കിലും അതിന്റെ രൂപവും ഭാവവും മാറി. കണ്ണും തുറിച്ചു നില്‍ക്കുന്ന ആണിന്‍റെ ഭാവത്തിനു പകരം സുന്ദരിയായ യക്ഷി ആണ് മനസ്സില്‍ വരുന്നത്. കാവിലെ മരത്തില്‍ വന്നു വെള്ളസാരിയുടുത്ത് ദ്രംഷ്ടകള്‍ ഒന്നും കാണിക്കാതെ വശ്യമായി ചിരിക്കുന്ന സുന്ദരി യക്ഷികള്‍.. അവര്‍ക്ക് സിനിമാ നടി ലിസിയുടെയും, ദിവ്യാ ഉണ്ണിയുടെയും ഒക്കെ രൂപമായിരുന്നു. അങ്ങനെ എന്തിലും ഏതിലും സൌന്ദര്യം.\\

രാത്രിയായി, ഉറങ്ങാനേ തോന്നുന്നില്ല. സ്വപ്നലോകം അല്ലെങ്കില്‍ സങ്കല്പലോകം അത്രയധികം സുന്ദരം തന്നെ. അങ്ങനെ ബാത്ത് റൂമില്‍ കയറി കഴുകാനായി കുതിര്‍ത്ത് വെച്ചിരുന്ന തുണി നനക്കാന്‍ തുടങ്ങി. അപ്പോളും മനസ് നിറയെ അവളായിരുന്നു. അണ്ടര്‍വയര്‍ നനച്ചു പിഴിയുമ്പോള്‍, മനസ്സില്‍ അവള്‍ക്കു പൂച്ചെണ്ട് നല്‍കുകയായിരുന്നു. ഷര്‍ട്ട് നനച്ചു  ഹാങ്ങറില്‍ തൂക്കുമ്പോള്‍ അവളുടെ ചുരിദാറിന്റെ ഹോള്‍ നേരെയിടുകയായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി എന്റെ തുണി സന്തോഷത്തോടെ നനച്ചു. അയ ഒന്നും കെട്ടിയിട്ടില്ലായിരുന്നത് കൊണ്ട് മുറിക്കകത്ത് തന്നെ എല്ലാം വിരിച്ചിട്ടു ഉറങ്ങാന്‍ കിടന്നു.

അന്ന് ആദ്യമായി ബെഡ് റൂമില്‍ കിടന്നു. മഴയുടെ തണുപ്പില്‍,പ്രണയത്തിന്‍റെ തരിപ്പില്‍ ഞാന്‍ കിടന്നു. മദ്യത്തിന്‍റെ സഹായമില്ലാതെ,ഭയപ്പാടേതുമില്ലാതെ,  തലയിണ കാലിന്റിടയില്‍ വെച്ചു മൂടിപ്പുതച്ചു കിടന്നു ഞാനുറങ്ങി.

ഇടക്കെപ്പോളോ ഒന്നുണര്‍ന്നു. മൂത്രമൊഴിക്കാന്‍ അതി ഭയങ്കരമായി തോന്നുന്നു. പുതപ്പിനടിയില്‍ ആണെങ്കിലും, കാലിന്റിടയില്‍ തലയിണ ഉണ്ടെങ്കിലും ആദ്യം വന്നത് തൂങ്ങിച്ചത്തവന്‍റെ ഓര്‍മ്മയാണ്. ആ മുറിയിലാണല്ലോ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, സര്‍പ്പക്കവിലെക്കുള്ള ജനല്‍ തുറന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ ശരീരം മൊത്തം ഒരു തണുപ്പ്. അതോടെ മൂത്ര ശങ്ക കൂടുകയും ചെയ്തു. എന്നാ പിന്നെ ആ പെങ്കൊച്ചിന്റെ ഓര്‍മ്മ ആദ്യം കൊണ്ടു വരാന്‍ മേലാരുന്നോ വൃത്തികെട്ട മനസ്സേ എന്ന് വിചാരിച്ചു  ഞാന്‍ സെലിനെ ഓര്‍ത്തു, അവളുടെ പ്രണയം ഓര്‍ത്തു. രണ്ടും കല്‍പിച്ചു ഞാന്‍ പുതപ്പു മാറ്റി.

അതാ വെളുത്ത ഷര്‍ട്ട്‌ ധരിച്ച ഒരു മനുഷ്യന്‍ എന്റെ മുറിയില്‍ തൂങ്ങി നിന്നാടുന്നു.... എന്റമ്മോ... എന്ന ഒരു വലിയ ശബ്ദം അറിയാതെ എന്നില്‍ നിന്നും പുറത്ത് വന്നു. താഴത്തെ വീട്ടുകാരുടെ പട്ടി അത് കേട്ടു കുരച്ചു. അനങ്ങാന്‍ വയ്യാതെ ആണെങ്കിലും ഒരു കൈ കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശു രൂപത്തിലേക്ക് നീണ്ടു.... മരിച്ച വിശ്വാസികളുടെ ആത്മാവിനു തമ്പുരാന്‍റെ മനോഗണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഒന്ന് കൂടി ഞാന്‍ ആ തൂങ്ങിയാടുന്ന രൂപത്തെ നോക്കി.

നനച്ചുപിഴിഞ്ഞ് കുടഞ്ഞിട്ടിരുന്ന വെളുത്ത ഷര്‍ട്ട്, ഹാങ്ങറില്‍ കിടന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇളംകാറ്റില്‍ ആടിക്കൊണ്ടിരുന്നു. അപ്പോളും ഞാനറിയാതെ തീര്‍ന്ന എന്റെ ശങ്കകള്‍ എന്നെ തണുപ്പിച്ചും കൊണ്ടിരുന്നു....




Read more...

Lelam Reloaded

>> Tuesday, December 11, 2012

നേരാ പോലീസേ, പാപ്പച്ചന്‍ ബാറില്‍ കയറിയിട്ടില്ല. ചെത്തുകാരനായിരുന്നു എന്റെ അപ്പന്‍. ....... . പനയില്‍ കയറി മാട്ടം പൊക്കിയ റപ്പായി ചേട്ടന്റെ കരണത്തിനിട്ടു ഒന്ന് പൊട്ടിച്ചിട്ട് അപ്പന്‍ ബാറില്‍ കയറുമ്പോള്‍ എനിക്കൊമ്പത് വയസ്സ്. ബാറില്‍ നിന്നും അപ്പനെ ശവം പോലെ ദാ ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ അന്നെന്റെ പത്താമത്തെ പിറന്നാളാ. 

ഉടുമുണ്ടില്‍ ചുറ്റി കെട്ടി വെളുപ്പിന് മൂന്നുമണിക്ക് എന്റെ അപ്പനെയീ ബസ്‌ സ്ടാന്റില്‍ കൊണ്ടേ കിടത്തുമ്പോള്‍ എന്റെ കണ്ണിന്റെ മുന്നില്‍ ഇപ്പോളും നുഴറ്റുവാ പോലീസേ, ദാണ്ടെ, ഈ നീളത്തിലുള്ള നാരങ്ങാ അച്ചാറിന്റെ പീസ്, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തി കൊണ്ടാ ഇത് പോലത്തെ തൊപ്പി വെച്ച പോലീസുകാര് അപ്പന്റെ കുണ്ടിക്കിട്ടു തോണ്ടിയത്, എടുത്ത്‌ ഓടേല്‍ തള്ളിക്കൊളാന്‍. 

ആ, പിന്നെ ബിവറെജസില്‍ എടുത്തുകൊടുക്കാന്‍ നില്കുന്നവര്‍ക്ക് പൈന്റ് കൊടുക്കുന്ന കാര്യം., അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില്‍ അപ്പന്‍ കിടക്കുന്നതിന്റെ ഇടതു ഭാഗത്ത്‌ വാള് വെച്ചിരുന്ന അമ്മച്ചിയെയും കിടത്തിയിട്ട് , മീനച്ചിലാറു നീന്തി കയറി പൂട്ടിക്കിടന്ന ബീവരെജസിന്റെ മുമ്പില്‍ എങ്ങനെ അപ്പന്റെയും അമ്മച്ചിയുടെയും ഹാന്ഗ് ഓവര്‍ മാറ്റും എന്നോര്‍ത്ത്‌ വിഷണ്ണനായി നിന്ന എനിക്ക് ഒരു പൈന്റ് തന്നത് പോലീസും പട്ടാളവും ഒന്നുമല്ല, ബീവരെജസില്‍ എടുത്തു കൊടുക്കാന്‍ നിന്ന ഒരു മുഴുക്കുടിയനാ. അതിന്റെ സ്മരണയിലാ പോലീസേ എന്റെയീ കുപ്പി ദാനം.

ഹ, കഴിഞ്ഞില്ല. ഇനിയുമുണ്ട് കള്ളു പാരമ്പര്യം. കേട്ടോ സര്‍ക്കിളെ, എന്റെ അപ്പന്‍ ഓള്‍ഡ്‌ മങ്കടിച്ചു വാളുവെക്കുന്ന സമയത്ത്‌ ദേ, ഈ നില്‍ക്കുന്ന മാട്ടേല്‍ ശശിയുടെ അപ്പനും പെമ്പളക്കും, കുഞ്ഞപ്പന്‍ പോലീസിന്റെ ഷാപ്പിലാ പണി. പണീന്നു വെച്ചാല്, പോലീസിനെ കുടിപ്പിക്കണം, പെടുപ്പിക്കണം, പുറം തിരുമ്മി വാള് വെപ്പിച്ചു കിടത്തണം, പിന്നേ... ഛീ.. മിണ്ടിപ്പോകരുത്. സര്‍ക്കിള് കണ്ടു കാണും. ഇവന്റെ ബാക്കി ഷാപ്പുകളുണ്ടല്ലോ . ബ്രാഞ്ചുകള്. നാലിന്റെയും വില്പന ഗുളിക പൊടിച്ച മൂത്ത കള്ളാ...കുടിച്ചാ പിന്നേ പാമ്പിന്റെ ജാതി ഇഴച്ചിലും ....കുടിക്കുന്ന കള്ളിന്റെ കൊണം..

ഹ.. നിന്റപ്പനല്ലെടാ.. അപ്പന്‍റപ്പന്‍ മിക്സ് ചെയ്ത കഥയാ ഞാനീപറയുന്നത്. നില്ല് സര്‍ക്കിളേ, ഏമാന്‍ എന്നാതാടാ രണ്ടാമത്‌ ഇംഗ്ലീഷില്‍ പറഞ്ഞേ? എന്നതാ? ഫ്ഹ! ഹോളണ്ട് അല്ലേടാ ഹോളിക്ക്, ആള്‍ക്കഹോളിക്ക്. ആ അത് തന്നെ. അതിന്റെ കുറവ് പാപ്പച്ചന്‍ സഹിച്ചോളാം. കേട്ടോ സര്‍ക്കിളേ, കള്ളിന്റെ കാര്യത്തിലുമതെ, കര്‍ത്താവിന്റെ കച്ചവടത്തിലുമത്തെ. എനിക്കൊരു പോലീസിന്റെയും എടനില വേണ്ടാ...മനസ്സില്‍ വെച്ചോ സര്‍ക്കിളേ, I am Alcoholic, വാടാ.!!

Read more...

പാപ്പിയുടെ പിറന്നാള്‍

>> Sunday, November 4, 2012

നാട്ടില്‍ പാപ്പിയുടെ ബര്‍ത്ത്ഡേക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാര്‍, പെങ്ങളും കുടുംബവും, പിന്നെ അമ്മയും അനിയനും അടങ്ങുന്ന ഞങ്ങളുടെ വീട്ടുകാരും ഒക്കെയുള്ള ഒരു ചെറിയ ആഘോഷം. ഞാനിവിടെ ഒറ്റയ്ക്ക് ദുബായില്‍ ആണെങ്കിലും ആഘോഷം ഒന്നും കുറക്കണ്ടാ എന്ന് പ്രത്യേകം പറഞ്ഞിരുന്നു.

അങ്ങനെ അവര്‍ കേക്കും ഭക്ഷണവും ഒക്കെ ഓര്‍ഡര്‍ ചെയ്തു. വൈകുന്നേരം ആഘോഷിക്കാന്‍ തയ്യാറായി ഇരിക്കുന്നു. ഭാര്യ ഇന്നലെ രാത്രി വിളിച്ചു ഒത്തിരി സങ്കടം പറഞ്ഞു, വാഴക്കാവരയന്‍ ഇല്ലാതെ എന്താഘോഷിക്കാനാണ് എന്നൊക്കെ. ഞാന്‍ പറഞ്ഞു ഒരു കുറവും വരാതെ പരിപാടികള്‍ നടത്തിക്കോണം, എന്റെ മനസ് അവിടെ തന്നെ ആയിരിക്കും എന്നൊക്കെ.

പക്ഷെ ഞാന്‍ ആരാ മോന്‍, ഞാനിപ്പോള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ആണ്. എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ്‌ ആയി ഞാന്‍ പിറന്നാളിന് അവിടെ ചെല്ലാം എന്ന് തീരുമാനിച്ചു. എന്റെ കൂട്ടുകാരന്‍ നായരുടെ എയര്‍ ഇന്ത്യ സ്നേഹം കാരണം ഞാന്‍ അതിനു തന്നെ ടിക്കെറ്റ്‌ എടുത്തു. നാട്ടില്‍ സമയത്ത് ചെല്ലുമോ എന്നുള്ള മറ്റു കൂട്ടുകാരുടെ ചോദ്യത്തെ ഒക്കെ നായര്‍ വളരെ രൂക്ഷമായി നേരിട്ടതോടെ എനിക്കും സമാധാനം ആയി.

ബാഗില്‍ മുഴുവന്‍ പിള്ളേര്‍ക്കുള്ള സമ്മാനങ്ങള്‍ മാത്രം. പാപ്പിക്കുട്ടന് ഉടുപ്പും കളിക്കോപ്പുകളും പിന്നെ കുറച്ചു പാമ്പേഴ്സും, കറിയാച്ചനും കോക്കുവിനും ഉടുപ്പും പെന്‍സിലും കളി വണ്ടികളും. പിന്നെ പിറന്നാളിന് ഗില്‍റ്റ്കളും ഒക്കെ ചിതറി വീഴുന്ന രണ്ടു മൂന്നു കുഴല്‍, മഞ്ഞു പോലത്തെ എന്തോ ഒന്ന് സ്പ്രേ ചെയ്യുന്ന രണ്ടു കുപ്പി അങ്ങനെ കുറെ അലുഗുലുത്ത സാധനങ്ങളും. അങ്ങനെ എയര്‍പോര്‍ട്ടില്‍ ചെന്ന് ഇങ്ങനെ ഇരുന്നപ്പോള്‍ തോന്നി രണ്ടു കുപ്പി ഏതായാലും എടുത്തേക്കാം, ഇനി കൊച്ചിയില്‍ ചെല്ലുമ്പോള്‍ അഡീഷനല്‍ വേണമെങ്കില്‍ എടുക്കാമല്ലോ എന്ന്. അങ്ങനെ കുപ്പികളില്‍ നോക്കി നടന്നു. ആദ്യം പോയി ഒരു ഷിവാസ് റീഗല്‍ എടുത്തു, പിന്നെ തീരുമാനം മാറ്റി. എന്റെ കുഞ്ഞുപാപ്പീടെ പിറന്നാള്‍ അല്ലെ, അത് കൊണ്ട് ഒരു റെമി മാര്‍ട്ടിന്‍ തന്നെ ആയിക്കോട്ടെ എന്ന് വെച്ചു.

അങ്ങനെ അതും ഒക്കെയായി വിമാനത്തില്‍ കയറി. കൃത്യം സമയത്ത് തന്നെ വിമാനം പറന്നുയര്‍ന്നു. പറന്നു മുകളില്‍ ചെന്നപ്പോള്‍ മുതല്‍ ഓരോത്തന്മാര്‍ കള്ളിന് വേണ്ടി അലറാന്‍ തുടങ്ങി. ഒരു നല്ല കാര്യത്തിനു പോകുവല്ലേ എന്ന് കരുതി ഞാന്‍ എനിക്ക് വേണ്ടെന്നു പറഞ്ഞു. അടുത്തിരുന്നവന്മാരുടെ ആക്രാന്തവും വാചകവും കാരണം എനിക്ക് സഹി കെട്ടു. അവര്‍ മൂന്നാമത്തെ കഴിഞ്ഞു നാലാമത്തെ പെഗിനു വഴക്ക് തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കും ഒന്ന് തായോ എന്ന്.

അവന്മാര്‍ക്ക് കൊണ്ട് പോയി അവജ്ഞയോടെ കൊടുത്ത എയര്‍ഹോസ്ടസ് ചേച്ചി എനിക്ക് സ്നേഹത്തോടെ തന്നെ തന്നു, ഒരു ഡബിള്‍ പെഗ് തന്നെ. അതും അടിച്ചു ഞാന്‍ പതുക്കെ ഉറക്കവും തുടങ്ങി.

രാവിലെ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ചെറിയ മഴ ഉണ്ട്. വിമാനത്തിന്റെ ജനലില്‍ കൂടി നോക്കുമ്പോള്‍ തന്നെ മഴത്തുള്ളികളും പച്ചപ്പും ഒക്കെ നിറഞ്ഞ ഒരു കുളിര്‍മയുള്ള കാഴ്ച. അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീപെയിഡ് ടാക്സി വിളിച്ചു നേരെ പാലായ്ക്ക് വിട്ടു. വണ്ടിയില്‍ ഇരുന്നു തന്നെ സിം ഒക്കെ മാറ്റി നാട്ടിലെ സിം ഇട്ടു നേരെ അളിയനെ വിളിച്ചു. ആരോടും പറയരുത്, ഞാനിവിടെ ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്, കൃത്യം സമയം ആകുമ്പോള്‍ ഞാന്‍ എത്തിക്കോളാം എന്ന് പുള്ളിയോട് പറഞ്ഞു. അളിയനോട് പോലും പറയാതിരുന്നതിനു ഇത്തിരി പരിഭവം ഉള്ള അപോലെ തോന്നി, എങ്കിലും പെട്ടെന്ന് തന്നെ പുള്ളി ഇത്തിരി കൂടി കൃത്യമായി പ്ലാനിംഗ് നടത്തി.

അവിടെ എല്ലാവരും കേക്ക് മുറിക്കാന്‍ റെഡി ആകുമ്പോള്‍ ഞാന്‍ നേരെ കയറി ചെന്നു വീട്ടിലെ ബെല്‍ അടിക്കണം. ഞാന്‍ വീടിന്റെ അടുത്ത്‌ എത്തുന്നതു അനുസരിച്ച് കേക്ക് മുറിക്കല്‍ ചടങ്ങ് ക്രമീകരിക്കുന്നത് അളിയന്‍ ഏറ്റെടുത്തു. അങ്ങനെ വളരെ നാടകീയമായി എത്തി പിറന്നാള്‍ കൂടുക. ഹോ.. ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിര്. ഞാന്‍ വീണ്ടും കണ്ണുകളടച്ചു പാപ്പിയുടെ ജനനം ഒക്കെ ഒന്നോര്‍ത്തു നോക്കി.

പാലായിലെ ചെറുപുഷ്പം ആശുപത്രിയില്‍ എന്റെ കൈകളില്‍ ഇറുക്കി പിടിച്ചു ഭാര്യ അമ്മേയെന്നു വിളിച്ചു നീട്ടി കരഞ്ഞപ്പോള്‍, ആ കരച്ചില്‍ നിന്നിട്ട്  കണ്ണുകളില്‍ നിന്നും വെള്ളം വന്നപ്പോള്‍, ഞാന്‍ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൊച്ചിന്റെ തല വന്നിരുന്ന സ്ഥലത്തേക്ക് നോക്കി. ഡോക്ടര്‍ കൊച്ചിന്റെ തലയില്‍ പിടിച്ചു ഒരു ചെറിയ ബെയ്സനിലെക്ക് കൊച്ചിനെ ഇടുന്നു. അവിടെ നിന്നും നഴ്സ് പൊക്കിയെടുത്ത സമയത്ത് തന്നെ അവന്‍ കരഞ്ഞതിനാല്‍ കുണ്ടിക്ക് അടിച്ചു കരയിപ്പിക്കേണ്ടി വന്നില്ല. അതോടെ എന്നെ അവര്‍ പുറത്താക്കി.

അവിടെ നിന്നും പുറത്തിറങ്ങി ഹോസ്പിറ്റലിലെ മുറിയില്‍ അഭിമാനത്തോടെ ഇരുന്നു ഫോണ്‍ വിളികള്‍ തുടങ്ങി. നിനക്ക് ഇത് മാത്രമേ പണി ഉള്ളോ എന്ന് ചോദിച്ചവരോടും, ഈ പ്രാവശ്യവും ആണായി പോയി അല്ലേ എന്ന് ചോദിച്ചവരോടും ഒക്കെ എന്റെ സന്തോഷം അറിയിച്ചു ഇരിക്കുന്ന സമയം ഭാര്യ എത്തി. അവളുടെ മുഖം കലങ്ങിയിരുന്നു, കൊച്ചിന് റെസ്പിറേറ്ററി റേറ്റ്‌ കൂടുതലാണ് എന്ന് പറഞ്ഞു അവര്‍ അവിടെ ഓക്സിജന്‍ കൊടുത്ത്‌ കിടത്തിയിരിക്കുകയാണത്രേ. അവിടെ ആരെയും നിര്ത്തില്ലത്രേ. ഡോക്ടറിനെ പോയി കണ്ടപ്പോള്‍ അതൊന്നും സാരമുള്ള പ്രശ്നമല്ല, ഒരു ദിവസം കിടന്നു കഴിയുമ്പോള്‍ നോര്‍മല്‍ ആകും എന്നുള്ള വാക്കുകള്‍ ഒക്കെ കേട്ട് ഞാന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.

പെറ്റമ്മയല്ലേ , അവളുടെ വേവലാതി ഭയങ്കരം ആയിരുന്നു. അവളുടെ അമ്മിഞ്ഞയില്‍ നിന്നും പാപ്പിക്ക് വേണ്ടി പാല് ചുരത്തിക്കൊണ്ടേ ഇരുന്നു. ആ നനവിനും കണ്ണീരിന്‍റെ നനവിനും മറുപടിയില്ലാതെ ഞാന്‍ വീണ്ടും ഡോക്ടറെ കണ്ടു ഞങ്ങളെ ഇടക്കിടക്ക്‌ കാണിക്കാമോ എന്ന് ചോദിച്ചു. അത് അനുവദനീയം അല്ലെങ്കിലും ഡോക്ടര്‍ സമ്മതിച്ചു.

    അങ്ങനെ കുറച്ചു കുഴലുകള്‍ക്കും ലൈറ്റുകള്‍ക്കും ഇടയില്‍ അവന്‍ കിടന്നു ഉറങ്ങുന്നു. അമ്മിഞ്ഞപ്പാല്‍ ഞ്ഞുണയേണ്ട അവന്റെ ചുണ്ടുകള്‍ വരണ്ടിരുന്നു.

ഒരു ദിവസത്തിനു ശേഷം എല്ലാം ശരിയായി. അവന്റെ കുഞ്ഞിക്കൈകള്‍, കാലുകള്‍, അവന്റെ പാല്‍ പുഞ്ചിരി, കരച്ചിലും ചിണുക്കവും ഒക്കെ ഞങ്ങള്‍ ആസ്വദിച്ചു തുടങ്ങി.




ഞാന്‍ ഓര്‍മ്മകളില്‍ നിന്നും കണ്ണ് തുറന്നു. വണ്ടി മുവാറ്റുപുഴയിലെ ഫിഷ്‌ മാര്‍ക്കറ്റിന്റെ സമീപത്തെത്തിയതെ ഉള്ളൂ. ആ മണം ആയിരിക്കും എന്നെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു കൊണ്ട് വന്നത്. പെട്ടെന്നായിരുന്നു വന്‍ ശബ്ദത്തോടെ ഒരു ടാങ്കര്‍ ലോറി ഞങ്ങളുടെ കാറിന്റെ പുറകില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ പുറകിലത്തെ സീറ്റില്‍ ഞെളിഞ്ഞിരുന്ന ഞാന്‍ കാറിന്റെ മുമ്പിലത്തെ ചില്ലും തകര്‍ത്ത്‌ റോഡില്‍ വീണത്‌. എന്റെ കണ്ണില്‍ ഇരുട്ട് മാത്രം, ഞാന്‍ അമ്മേയെന്നു ഉറക്കെ വിളിച്ചെങ്കിലും ശബ്ദം പുറത്ത് വന്നില്ല. ആംബുലന്‍സിന്റെ നിലവിളി ശബ്ദം ഞാന്‍ കേട്ടു.  

ആരോ എന്നെ കുലുക്കി വിളിക്കുന്നു. "വാഴക്കാവരയന്‍ ചേട്ടാ, വാഴക്കാവരയന്‍ ചേട്ടാ...." ഇത് ഫിലിപ്പ് കുട്ടിയുടെ സ്വരം ആണല്ലോ എന്നോര്‍ത്ത്‌ ഞാന്‍ കണ്ണ് തുറന്നു. എന്റെ മുമ്പില്‍ ഫിലിപ്പുകുട്ടിയുടെ ആജാനുബാഹുവായ രൂപം. "ദേണ്ടെ ബര്‍ത്ത്‌ഡേ രാത്രീല്‍ തന്നെ വിളിക്കാന്‍ വെച്ച അലാം കിടന്നു അടിക്കുന്നു, കുറേശെ ഒക്കെ അടിക്ക് ചേട്ടാ, ഇല്ലേ വടിയായി പോകും"

ഒരു ഊഞ്ഞാലാടിയ ചിരിയുമായി ഞാന്‍ ഇരുന്നു. രായാവേ...രാജാവേ എന്ന് വിളിച്ചു കൊണ്ട് കിംഗ്‌ ജോര്‍ജ്‌ റമ്മിന്റെ ഒരു കുപ്പിയും പാതി തീര്‍ന്ന ഒരു ഗ്ലാസും എന്നെ നോക്കി ചിരിക്കുന്നു. 

അങ്ങനെ എന്റെ പാപ്പിക്കുട്ടന്‍ വലുതായിരിക്കുന്നു. അവന്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു, അവനു പല്ലും വന്നു കഴിഞ്ഞു. അവനു ഇന്ന് ഒരു വയസായിരിക്കുന്നു.....അവന്റെ ചേട്ടന്മാരുടെ കൈ പിടിച്ചു, അവന്റെ ചിറ്റപ്പായുടെ കൈപിടിച്ച്, ചേച്ചിമാരുടെയും ആന്റിമാരുടെയും മേല്‍നോട്ടത്തില്‍ അവന്‍ കേക്ക് മുറിക്കട്ടെ...






മൂന്നു മക്കളില്‍ ആരുടേയും ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാതിരുന്ന ഒരു ഹതഭാഗ്യന്‍  ...... ........... എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹത്തോടെ........                


Read more...

പറമ്പിക്കുളം

>> Sunday, September 23, 2012

അങ്ങനെ വളരെ നാളത്തെ പ്ലാനും പദ്ധതിയും ഒക്കെ നടത്തിയതിനു ശേഷം ഞാനും ജിമ്മി എന്നാ സുനിലും രാജേഷ്‌ എന്നാ നായരും ചേര്‍ന്ന് പറമ്പിക്കുളം എന്ന കാടിന്‍ മടിത്തട്ടിലേക്ക്  യാത്രയായി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് എന്ന IB ആയിരുന്നു ഒറിജിനല്‍ പ്ലാന്‍ എങ്കിലും നീണ്ടു നിന്ന മഴയും തോട്ടപ്പുഴുവിനോടുള്ള ഭയവും കാരണം ഞങ്ങള്‍ ആറു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു പോകേണ്ട ആ പ്ലാന്‍ ഉപേക്ഷിച്ചു. പകരം Tented Niche എന്ന പ്ലാന്‍ തിരഞ്ഞെടുത്തു.

നേരത്തെ തന്നെ അവരെ വിളിച്ചു ബുക്ക്‌ ചെയ്തു പകുതി കാഷ്‌ അഡ്വാന്‍സും ബാങ്കില്‍ അടച്ചു. കാര്യം ഉച്ചക്ക് 12 മണിക്കാണ് ചെക്ക്‌ ഇന്‍ ചെയ്യേണ്ടത്‌ എങ്കിലും രാവിലെ തന്നെ അവിടെ ചെന്ന്  പരതിയാല്‍ ഒരുപക്ഷെ പ്രാതലിനായി ഇറങ്ങുന്ന വല്ല പുലിക്കുട്ടന്മാരെയും കാണാന്‍ സാധിച്ചെങ്കിലോ എന്ന് കരുതി ഞങ്ങള്‍ നേരത്തെ തന്നെ പുറപ്പെടാന്‍ തീരുമാനിച്ചു.

രാജേഷ്‌ പുതുപ്പള്ളിയില്‍ നിന്നും ഇവിടെയെത്തി ഞങ്ങള്‍ മഞ്ചക്കുഴിയില്‍ ഉള്ള സുനിലിന്റെ വീട്ടില്‍ ചെന്ന് കപ്പയും മീനും ചിക്കനും കഴിച്ച് മിച്ചമുള്ളത് പൊതിഞ്ഞും എടുത്തുകൊണ്ട് വീണ്ടും പൈകയില്‍ എത്തി. അവിടെ നിന്നും ഇത്തിരി ചോറും അച്ചാറുകളും ഇലയില്‍ പൊതിഞ്ഞു എടുത്തിട്ടു. മഴക്കാലമല്ലേ, വഴിയൊക്കെ മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ രാത്രി പത്തുമണിക്ക് പൈകയില്‍ നിന്നും യാത്ര തിരിച്ചു.

പൈകയില്‍ നിന്നും ഏകദേശം 250 കിലോമീറ്റര്‍ ആണ് തൃശ്ശൂര്‍ വടക്കെഞ്ചേരി വഴി പറമ്പിക്കുളത്തിനു പോകുന്നതിന്. രാത്രിയായതിനാല്‍ അതിരപ്പള്ളി വാല്‍പ്പാറ വഴി കടത്തി വിടില്ലാത്ത്തത് കാരണം അത് ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ കയറാം എന്ന് വെച്ചു. തൊടുപുഴ, മുവാറ്റുപുഴ, അങ്കമാലി ചാലക്കുടി, മണ്ണുത്തി ബൈപാസ്‌, വടക്കെഞ്ചേരി, നെന്മാറ, കൊല്ലെങ്കോട് വഴി അംബരം പാളയം എന്ന സ്ഥലത്ത് എത്തുക. നെന്മാറയില്‍ നിന്നും അരമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ വഴിയരുകില്‍ നിറുത്തി ഇലയില്‍ പൊതിഞ്ഞ ചോറ് ഒരെണ്ണം പൊട്ടിച്ചു കഴിച്ചപോള്‍ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് മടങ്ങിപ്പോയി. വെളുപ്പിനെ മൂന്നരക്ക് വാട്ടിയ ഇലയില്‍ പൊതിഞ്ഞ ചോറും, ഇഞ്ചിപ്പുളിയും പിന്നെ അരിഞ്ഞ ഉപ്പുമാങ്ങായില്‍ ലേശം പച്ചമുളകും ഉള്ളിയും അറിഞ്ഞിട്ടതും, ഹോ... അപാര രുചി തന്നെ. അവിടെ ശുങ്കം (ചുങ്കം) എന്ന സ്ഥലത്ത് നിന്നും ആനമല, ടോപ്‌ സ്ലിപ് വഴി പറമ്പികുളത്ത്‌ എത്തുക. ആദ്യം താഴ്നാടിന്റെ ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌, പിന്നാലെ കേരളത്തിന്റെ ചെക്ക്‌ പോസ്റ്റ്‌. ബുക്കിംഗ് ഉള്ളതിനാല്‍ എല്ലായിടത്തും കാര്യങ്ങള്‍ എളുപ്പമായിരുന്നു. മദ്യം നിരോധിച്ചിരിക്കുന്നതിനാല്‍ ചെക്ക്‌ പോസ്റ്റില്‍ നന്നായി ചെക്ക്‌ ചെയ്യും.

ടോപ്‌ സ്ലിപ് കയറിയപ്പോള്‍ തന്നെ വഴിയരുകില്‍ മാനും മയിലും. മാന്‍ മിണ്ടുന്നതും തിന്നുന്നതും പ്രേമിക്കുന്നതും എന്തിനേറെ പറയുന്നു, ഇഷ്ടപെട്ട മാന്‍ പേടക്ക് വേണ്ടി തല്ലുകൂടുന്ന ഫോട്ടോ വരെ എടുത്തു വിജ്രുംഭിതനായ ജിമ്മിയെ പിടിച്ചു വലിച്ചു വണ്ടിയില്‍ ഇട്ടു.  ഇതിലും നല്ലത് അങ്ങു പറമ്പിക്കുളത്ത് ചെല്ലുമ്പോള്‍ കിട്ടും എന്ന് പറഞ്ഞു സമാധാനിപ്പിച്ച് ഞങ്ങള്‍ കേരളാ ചെക്ക്‌ പോസ്റ്റില്‍ എത്തി. നിക്കോണ്‍ , കാനന്‍  , സോണി തുടങ്ങിയ ക്യാമറകള്‍ , മൂന്നു പേരും നാല് ക്യാമറയും തോട്ടി പോലത്തെ ലെന്‍സും ഒക്കെയായി അവിടെ ചെന്ന് എല്ലാത്തിനും പാസും എടുത്തെങ്കിലും അവര്‍ വണ്ടി നന്നായി പരിശോധിച്ചു. മദ്യം കൊണ്ട് പോകാന്‍ എന്തെങ്കിലും വഴി
ഉണ്ടെങ്കില്‍ അത് വല്ല ക്യാമറയുടെ ലെന്‍സിന്റെ ഉള്ളിലും വെക്കണം.


കേരളത്തിലെ വളവും തിരിവും തമിഴ്നാട്ടില്‍ ചെന്നപ്പോള്‍ ഒരു നേര്‍ രേഖ പോലെ....പക്ഷെ കൊതിപ്പിച്ചു കൊണ്ട് മഞ്ഞും മലയും മുമ്പിലായി. ടോപ്‌ സ്ലിപ്പിലെക്കുള്ള വീഥി.

മഞ്ഞിനെ കൂടുതല്‍ അടുത്ത് കാണാന്‍ ഉള്ള വെമ്പല്‍ , ഇതില്‍ കൂടുതല്‍ വരും എന്നറിയാം എങ്കിലും. 

ഇരതേടുന്ന മയിലുകള്‍ , പടകൂടുന്ന മാനുകള്‍ , നമ്മെ നോക്കി " ഒരു മൂന്നെണ്ണം കൂടി എത്തിയിട്ടുണ്ട് എന്ന് ആത്മഗതം ഇറക്കുന്ന മാന്‍ കൂട്ടം, ഒക്കെ ടോപ്‌ സ്ലിപ്പിലെ കാഴ്ചകള്‍ . ജിമ്മി വിജ്രുംഭിതനായി എടുത്തുകൂട്ടിയ പോട്ടങ്ങളില്‍ ചിലത്. ആന മയില്‍ മാന്‍ (ഒട്ടകത്തെ തല്‍ക്കാലം മാറ്റി) ഇവിടുത്തെ കവല കാഴ്ചയാണെന്നും, ഒറ്റകൊമ്പന്‍ , കടുവാ, പുലി ആന്റ് ഫാമിലി ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യമെന്നും പറഞ്ഞാണ് ജിമ്മിയെ വലിച്ചു വണ്ടിയില്‍ ഇട്ടത്.

ആനയുടെ ചൂര് ഉണ്ടെന്നും പറഞ്ഞു രാജേഷ്‌ മണം പിടിച്ചു ഒന്നിറങ്ങി. കുത്താന്‍ വരുന്ന കൊമ്പന്റെ ഫോട്ടോ എടുത്തു ആ കാല്‍ക്കീഴില്‍ കുഴഞ്ഞു അരഞ്ഞു മരിക്കണം എന്ന ആഗ്രഹത്താല്‍ ജിമ്മിയും, ആന വരുന്നതിനു മുമ്പേ വണ്ടിയില്‍ കയറി ആനയെ തോല്‍പ്പിക്കാന്‍ വാഴക്കാവരയനും.
ആന നമ്മളെ പറ്റിച്ചേ എന്ന് പറഞ്ഞു രണ്ടു പുലിക്കുട്ടന്മാര്‍ ....

അവസാനം ഞങ്ങള്‍ കേരളാ ചെക്ക്‌ പോസ്റ്റില്‍ എത്തി. പുല്‍മേടുകള്‍ , വെള്ളം, വളവ്, കുളിര്‍മ എല്ലാം നമുക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങി.

കാടിന്റെ വന്യതയിലേക്ക് യാത്ര. എന്താ ഒരു സുഖം, കണ്ണിനും കാതിനും ശ്വസനത്തിലൂടെ ആന്തിരാകാവയവങ്ങള്‍ക്കും.


 രാവിലെ എട്ടരക്ക് പറമ്പിക്കുളം എക്കോ ടൂറിസം സ്ഥലത്തെത്തി  ഗവിയിലെ പോലെ നല്ലൊരു വെല്‍ക്കം പ്രതീക്ഷിച്ചു ചെന്ന ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഒരു സ്വീകരണം അല്ല ഫോറസ്റ്റിലെ ജോലിക്കാരായ ഡാഷ് മാക്കള്‍ തന്നത്. കളി നമ്മളോട് വേണോ, ഞങ്ങള്‍ കപ്പയും മീനും ചിക്കനും ചോറും കറിയും എല്ലാം എടുത്ത്‌ ജീപ്പിന്റെ ബോണറ്റില്‍ വെച്ച് ശാപ്പാട് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രാജേഷ്‌ നായരോട് ഒരു പാര്‍ട്ടി വിവരം തിരക്കി. ഞങ്ങള്‍ പരാതി പറഞ്ഞു. അതോടെ തീര്‍ന്നു നമ്മുടെ ബുദ്ധിമുട്ടുകള്‍ . ഉടനെ റൂം ശരിയായി. ഞങ്ങള്‍ വിശ്രമിച്ചു.

പ്രഭാതസൂര്യന്റെ പൊന്കിരണങ്ങള്‍ ഇലകള്‍ക്കിടയിലൂടെ ചൂഴ്ന്നിറങ്ങുന്ന ദൃശ്യം ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ ടെന്റിലേക്ക്‌

മൈന എന്നാ ഞങ്ങളുടെ കൂടാരത്തിന്റെ ദൃശ്യം

കൂടാരത്തിന്റെ ഉള്‍വശം

തരക്കേടില്ലാത്ത ബാത്ത്റൂം

ഡൈനിംഗ് ഹാള്‍

ഒരു മണിക്ക് നല്ല ഒരു ഊണ്. താജില്‍ നിന്നും ട്രെയിനിംഗ് കിട്ടിയ ആദിവാസികളായ സ്റ്റാഫ്‌ നമുക്ക് നല്ല ഭക്ഷണം സ്റ്റൈലില്‍ തന്നെ തന്നു. സാധനങ്ങള്‍ ഒക്കെ പൊള്ളാച്ചിയില്‍ നിന്നും വാങ്ങുന്നതിനാല്‍ ഒരു തമിഴ്‌ ചുവ ഉണ്ടെന്നു മാത്രം. ഊണിനു ശേഷം ചെറിയ ഒരു വിശ്രമം, മൂന്നു മണിക്ക് ഒരു ഫോറസ്റ്റ്‌ സഫാരി അവരുടെ വക ട്രാവലര്‍ വാനില്‍ .


കാട്ടിനുള്ളിലൂടെ യാത്ര. മാനുകളും ആനകളും പിന്നെ മയില്‍ , കാട്ടുപോത്ത്‌, കേഴ, തുടങ്ങി എല്ലാ മൃഗങ്ങളെയും ഈ യാത്രയില്‍ നമുക്ക് കാണാം. ജിമ്മിയിരുന്നു ഫോട്ടോയെടുത്ത് രോമാഞ്ചകഞ്ചുക കിന്ചകം അണിഞ്ഞു. രാജേഷ്‌ വഴിയില്‍ വല്ല അട്ടയും കാണുമോ എന്ന് നോക്കി നെടുവീര്‍പ്പെട്ടു. ഇടതൂര്‍ന്ന വനത്തിലൂടെ ഇത്തിരി പൊളിഞ്ഞ വഴിയിലൂടെ വാന്‍ ചീറി പാഞ്ഞു. മൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ അവര്‍ കൃത്യമായി നിര്‍ത്തി നമുക്ക് കാഴ്ചകള്‍ കാണിച്ചു തന്നു.










കണ്ണിമറ തേക്ക് എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും പഴക്കവും (450 വര്‍ഷം) വലുപ്പവും (7.02m ചുറ്റളവ്‌ , 39.98m ഉയരം) ഉള്ള തേക്ക് ആണ്. ഏകദേശം  കോടി രൂപാ വില മതിക്കപെടുന്ന തേക്ക്‌ .

നീ വലിയവനാണെന്ന് കരുതി ഞാന്‍ ചെറിയവനാണ് എന്നതിനര്‍ത്ഥം ഇല്ല. പക്ഷെ ഇവന്റെ അടുത്ത് നില്‍ക്കുമ്പോള്‍ നാം വെറും പീക്കിരി

അങ്ങനെ കുറച്ചു കിലോമീറ്ററുകള്‍ കാട്ടിലൂടെ കുതിച്ചു പാഞ്ഞതിനു ശേഷം പറമ്പിക്കുളം സിറ്റിയില്‍ എത്തി ഞങ്ങള്‍ ബാംബൂ ബോട്ടില്‍ കയറാനായി തടാകത്തിലേക്ക് പുറപ്പെട്ടു.

ചെറിയ മഴ ഇടവിട്ട്‌ പെയ്യുന്നുണ്ട് എങ്കിലും അതൊന്നും ഞങ്ങളെ അലട്ടുന്നില്ല. പ്രകൃതിയുടെ ആ പച്ചപ്പും കുളിര്‍മയും പിന്നെ സുലഭമായി ലഭിക്കുന്ന ഓക്സിജനും നമ്മുടെ മനസിനും ശരീരത്തിനും എല്ലാം ഗുണകരമാകുന്നു.

മീനുകള്‍ക്ക് പുറമേ ആനകള്‍ വരെ നീന്തി നടക്കുന്ന തടാകം, ഇടക്കുള്ള ചെറിയ ദ്വീപുകള്‍ , തഴുകിയൊഴുകുന്ന മന്ദമാരുതന്‍ . മനോഹരം എന്നല്ലാതെ ഒന്നും പറയുവാനില്ല.




ബോട്ടിങ്ങിന് ശേഷം ആദിവാസികളുടെ പരമ്പരാഗത നൃത്തം ആയിരുന്നു എങ്കിലും ഞങ്ങള്‍ ആളുകള്‍ കുറവായിരുന്നത് കൊണ്ട് അതുണ്ടായില്ല. തിരിച്ചു വന്നു ടെന്റില്‍ കുളി ആന്‍റ് ജപം. അതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം.



രാത്രിയില്‍ മൃഗങ്ങളുടെ നാനാവിധ സ്വരങ്ങള്‍ കേട്ടുകൊണ്ട് ഞങ്ങള്‍ സംസാരിച്ചിരുന്നു. മാന്‍ കൂട്ടങ്ങള്‍ ഞങ്ങള്‍ താമസിക്കുന്നതിനു അടുത്ത് തന്നെ വന്നു കിടന്നു, ഒരു പക്ഷെ മനുഷ്യന്‍ അടുത്തുള്ളതിന്റെ ധൈര്യത്തില്‍ ആയിരിക്കാം. ചീവിടിന്റെയും കൂമന്റെയും ഒക്കെ സ്വരങ്ങള്‍ , മന്ദമാരുതന്‍ , മൃഗങ്ങളുടെ ചെറിയ അപസ്വരങ്ങള്‍ അങ്ങനെ ഒരു പ്രത്യേക രാത്രി.





രാവിലെ എണീറ്റ്‌ പ്രാതല്‍ കഴിച്ചു. പിന്നെ തിരിച്ചു ആനമല, വാല്‍പാറ, ആതിരപ്പിള്ളി വഴി പാലായ്ക്ക്. വാല്‍പാറ വരെയുള്ള റോഡും വാല്‍പാറയുടെ ഭംഗിയും അപാരം തന്നെ. ഒരു കൊച്ചു മൂന്നാര്‍ എന്ന് തന്നെ പറയാം.



വാല്‍പാറയില്‍ നിന്നും ആതിരപ്പിള്ളി വരെ വീണ്ടും കാട്ടില്‍ കൂടെയുള്ള യാത്ര. പിന്നെ ആതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വന്യമായ സൗന്ദര്യവും ആസ്വദിച്ചു ഞങ്ങള്‍ വൈകുന്നേരത്തോടെ പാലായിലെത്തി.

Read more...

മടക്കയാത്ര

>> Sunday, June 24, 2012


കരിങ്കല്‍ കൂടം കൊണ്ടടിച്ചു നെഞ്ചിന്‍ കൂട് തകര്‍ന്നു പോകുന്ന പോലെയുള്ള വേദന ചങ്കില്‍ വിങ്ങി നില്‍ക്കുന്നു. ശ്വാസം മുട്ടുന്നു, ഒറ്റക്കൊമ്പന്റെ മുന്‍കാല്‍ കഴുത്തില്‍ അമര്‍ന്നിട്ടെന്നപോലെ അകത്തേക്കെടുത്ത വായു അവിടെ തന്നെ തങ്ങി നിന്നു. കണ്ണുകളില്‍ ഇരുള്‍ നിറഞ്ഞു, മഞ്ഞുകട്ടയുടെ തണുപ്പ് മനസിലേക്കും പരന്നു.  ഈ ലോകത്തെ പിരിയേണ്ട സമയം ആയെന്നു എവിടെ നിന്നോ ഒരു ഉള്‍വിളി. ജനിച്ചു വീണത്‌ മുതല്‍ , ആദ്യത്തെ മുലപ്പാലിന്റെ രുചി മുതല്‍ , അവസാനം ഇന്ന് ചാരായത്തിന്റെ കൂടെ കഴിച്ച നാരങ്ങാ അച്ചാറിന്റെ രുചി വരെ എല്ലാം മനസിലേക്ക് ക്രമാനുഗതമായി ഒഴുകി വരുന്നു.


ഇരുള്‍ നിറഞ്ഞ പാതയുടെ ഒരു വശത്തെവിടെയോ ഒരു പ്രകാശം. ഇതാണോ ദൈവം? എന്തായാലും ചോദിച്ചു നോക്കാം. ഞാന്‍ പതുക്കെ ചോദിച്ചു "ദൈവമാണോ?". " അങ്ങനെ വിളിച്ചോളൂ.." എന്നൊരു മറുപടി. ഞാന്‍ മരിച്ചോ എന്നായി എന്റെ അടുത്ത ചോദ്യം. അതിനും ഒരു മൂളല്‍ . ഇനിയിപ്പോള്‍ എന്ത് ചോദിക്കാന്‍ , ഞാന്‍ പതുക്കെ ചിന്താമഗ്നനായി. അപ്പോള്‍ ദൈവം മൊഴിഞ്ഞു, "നീയിപ്പോള്‍ സര്‍വ്വവ്യാപിയാണ്. നിനക്കെവിടെയും പോകാം, എന്തും കാണാം. പക്ഷെ നിനക്ക് ശരീരം ഇല്ല, നിന്നെ ആര്‍ക്കും കാണാനും ആവില്ല. ഇത് ഭൂമിയിലെ ജീവിതത്തിനും പരമാത്മാവില്‍ ലയിക്കുന്നതിനും ഇടക്കുള്ള സമയം. ഭൂമിയിലെ നിന്റെ എല്ലാ ബന്ധനങ്ങളും ഒഴിവാക്കി പരമ സത്യത്തിലേക്കുള്ള യാത്രയില്‍ വിഹാതമായി നില്ക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന ആത്മ പരിശോധനക്കുള്ള സമയം. നിന്റെ മരണം നിനക്ക് തന്നെ ഒരു സത്യമായി തോന്നുന്ന നിമിഷം നീ പരമ സത്യത്തിലേക്ക്‌ ലയിക്കും". അങ്ങനെ ദൈവം വെളുത്ത താടിയും മുടിയും നിറയെ തേജസും ഉള്ള ഒരു വയസന്റെ രൂപത്തിലേക്ക് മാറി. ബ്രഹ്മാവായി ഹിന്ദുക്കള്‍ക്കും പിതാവായ ദൈവം ആയി ക്രിസ്ത്യാനികള്‍ക്കും അല്ലാഹുവായി മുസ്ലീങ്ങള്‍ക്കും ഒക്കെ അവരവരുടെ മനസിലുള്ള ദൈവത്തിന്റെ രൂപത്തിലേക്ക് മാറാന്‍ ദൈവത്തിനു കഴിയുമായിരിക്കാം.


അങ്ങനെ എന്റെ മരണം ഈ ലോകത്തില്‍ ആര്‍ക്കും ഒരു നഷ്ടമല്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെടുന്നതിനായി ഞാന്‍ എന്റെ അരൂപിയാത്ര ആരംഭിച്ചു.  എവിടുന്നു തുടങ്ങണം എന്ന് ചിന്തിച്ച മനസിലേക്ക് ആദ്യം കടന്നു വന്നത് എന്റെ മൂന്നു വയസുകാരന്‍ ഇളയ മകന്‍ അപ്പുവിന്റെ രൂപം ആണ്. ഭാര്യയേയും മറ്റു മൂന്നു മക്കളെയും അവളുടെ വീട്ടില്‍ നിര്‍ത്തിയിട്ടു ഞങ്ങള്‍ രണ്ടു പേരും എന്റെ തറവാട്ടില്‍ വന്നതാണ്. അങ്ങനെ എന്റെ തൊട്ടടുത്തുള്ള അവനില്‍ തുടങ്ങി ഏറ്റവും അകലെയുള്ളവരിലേക്ക് പതുക്കെ നീങ്ങാം എന്നായി എന്റെ പ്ലാന്‍ . കാര്യം എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നമുക്കെത്താം എന്ന് ദൈവം പറഞ്ഞെങ്കിലും നമ്മളും കോസ്റ്റ്‌ എഫക്ടീവ് ആയ രീതിയില്‍ കാര്യങ്ങള്‍ നടത്തിയാലല്ലേ ദൈവം സംപ്രീതനാവൂ.


അങ്ങനെ അപ്പുവിനെ മനസ്സില്‍ വിചാരിച്ചു.അവന്‍ അതാ അടുക്കളയില്‍ അടുപ്പിന്റെ അടുത്ത്‌ എന്തോ തിരയുന്നു. പാവം വിശന്നിട്ടു പാല്‍ നോക്കുന്നതാണോ ആവോ, അവനിത്തിരി ഭക്ഷണപ്രിയനാണ് താനും. അതാ അവന്‍ ഒരു വിറകു കമ്പ് വലിച്ചെടുക്കാന്‍ നോക്കുന്നു. ആ കമ്പ് അടുത്ത വിറകിന്റെ കവലയില്‍ ഉടക്കി ആ വിറകും അടുപ്പിലെ പാത്രവും കൂടി ഇപ്പോള്‍ അവന്റെ ദേഹത്ത് വീഴും. ഞാന്‍ പെട്ടെന്ന് ദൈവത്തോട് പറഞ്ഞു, കണ്ടില്ലേ ദൈവമേ.... ഞാന്‍ ഉടനെ ചെന്ന് അവനെ രക്ഷിക്കട്ടെ. ഞാന്‍ ഇപ്പോള്‍ ചെന്നില്ലെങ്കില്‍ അവന്റെ ദേഹത്ത് അതെല്ലാം വീഴും, പാവം അവനെന്തെങ്കിലും സംഭവിക്കുന്നത് എനിക്കലോചിക്കാനേ വയ്യ. അവനെ അവിടെ നിന്നു മാറ്റിയിട്ടു ഞാന്‍ തിരിച്ചു വരാം.


ദൈവം ഒന്ന് ചിരിച്ചു, എന്നിട്ട് താടിക്കു കൈയും കൊടുത്ത്‌ ഒരു ചെറു പുഞ്ചിരിയുമായി അങ്ങേര്‍ അങ്ങോട്ട്‌ നോക്കിയിരുന്നു. അടുപ്പിലെ തീയിലും ശക്തിയില്‍ എന്റെ മനസ്സില്‍ ആധി ആളിക്കത്തി. ദൈവത്തെ രൂക്ഷത്തോടെ നോക്കി  അവിടെ ചെന്ന് അപ്പുവിനെ പിടിച്ചുയര്‍ത്തി ഞാന്‍ . മഞ്ഞില്‍ തൊടുന്നതു പോലെ എന്റെ കൈ അവന്‍റെ ശരീരത്തിനുള്ളില്‍ കൂടി കടന്നു പോകുന്നതല്ലാതെ അവനെ ഒന്ന് സ്പര്‍ശിക്കുന്ന അനുഭവം പോലും ഉണ്ടാകുന്നില്ല. "നിനക്കെല്ലാം കാണാം, എല്ലാം കേള്‍ക്കാം, എവിടെയും ചെല്ലാം, പക്ഷെ ഒന്നും ചെയ്യാന്‍ സാധിക്കില്ല", അങ്ങനെ മൊഴിഞ്ഞു ദൈവം.


 ഇനിയെന്ത് ചെയ്തു അപ്പുവിനെ രക്ഷിക്കും എന്നാലോചിച്ചു ഞാന്‍ ദൈവത്തെ നോക്കി. അങ്ങേര്ക്കുണ്ടോ വല്ല ടെന്‍ഷനും? അപ്പു തീക്കൊള്ളിയില്‍ ചൊറിഞ്ഞുകൊണ്ടിരുന്നു, അടുപ്പത്തിരുന്ന കലം നീങ്ങി അടുത്ത വലിക്ക് നിലത്ത് വീഴും എന്ന നിലയില്‍ ആയി. പെട്ടെന്ന് അപ്പുവിന്റെ കാലില്‍ ഒരു ഉറുമ്പ് കടിച്ചു, അവന്‍ വിറകില്‍ നിന്നും കയ്യെടുത്തു കരച്ചില്‍ തുടങ്ങി. വേലക്കാരി അമ്മിണി വന്നു കൊച്ചിനെ എടുത്തുകൊണ്ട് പോയി. അതിനു ശേഷം വന്ന അമ്മ ആരാ ഈ കലം ഇങ്ങനെ വിളുമ്പത്ത് വെച്ചത് എന്ന് ചോദിച്ചു വേലക്കാരിയെ ചീത്തയും പറഞ്ഞു. ഞാന്‍ ഇതെല്ലാം കണ്ടു ആശ്വാസത്തോടെയും എന്നാല്‍ അവനെ അവിടെ നിന്നും രക്ഷിക്കാന്‍ സാധിക്കത്തത്തിന്റെ കുണ്ഠിതത്തോടെയും ദൈവത്തെ നോക്കി മനസ്സില്‍ ഭാഗ്യം എന്ന് പറഞ്ഞു. അപ്പോള്‍ ദൈവം പറഞ്ഞു, " നീ അവിടെ ജീവനോടെ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. നീ ഇതൊന്നും അറിയുക പോലും ഇല്ല. സിരകിളില്‍ ഓടുന്ന ലഹരിക്ക് തൊട്ടുകൂട്ടാന്‍ ഒരു അച്ചാര്‍ എടുക്കാന്‍ പോലും നീ ഇപ്പോള്‍ അടുക്കളയില്‍ പോകില്ലായിരുന്നു." ദൈവത്തിനു അതൊക്കെ പറയാം, കൊച്ച് എന്റേതല്ലേ. കുറഞ്ഞ പക്ഷം ഒരു മുട്ട വാട്ടിയടിക്കാന്‍ എങ്കിലും ഞാന്‍ അടുക്കളയില്‍ ചെന്നെങ്കിലോ? എന്തായാലും എല്ലാം കുഴപ്പമില്ലാതെ നടന്നല്ലോ എന്ന് വിചാരിച്ചു ഞാന്‍ അടുത്ത ലൊക്കേഷന്‍ തിരഞ്ഞെടുത്തു. ഭാര്യയും ബാക്കി മൂന്നു മക്കളും അവുധിക്ക് വന്നു നില്‍ക്കുന്ന ഭാര്യവീടിന്റെ പരിസരത്തേക്ക് പോയേക്കാം എന്ന് വിചാരിച്ചതേ ഞാന്‍ അവിടെ എത്തിക്കഴിഞ്ഞു.


തോട്ടിലായിരുന്നു അവര്‍. ഭാര്യയും അവളുടെ അമ്മയും കൂടി തുണി നനക്കുന്നു, മക്കള്‍ കുളിയും മീന്‍ പിടുത്തവും ആയി നടക്കുന്നു. പെണ്മക്കള്‍ രണ്ടും തോര്‍ത്ത് വീശി പിടിച്ചിരിക്കുന്നു, മകന്‍ കല്ലിനിടയില്‍ നിന്നും മീനെ ഓടിച്ചു വിടുന്നു. സാധാരണ എളുപ്പം കിട്ടുന്ന വാഴക്കാവരയന്‍ , കാച്ചോന്‍ , നെറ്റിയെ പൊന്നന്‍ ഇവറ്റകളെ ഒക്കെ മടുത്തിട്ട് ഇത്തിരി വിദ്വാന്‍ ആയ കല്ലെമുട്ടിയെ പിടിക്കാന്‍ ആണ് ഇന്ന് പ്ലാന്‍ . ചെറിയ ഒരു വെള്ള ചാട്ടത്തിനു സമീപം കയ്യാലയുടെ ഇടക്കുള്ള കല്ലിനിടയില്‍ ഒളിച്ചിരിഇക്കുന്ന കല്ലേമുട്ടിയെ ഓടിച്ചു വിട്ടു തോര്‍ത്തില്‍ കയറ്റുക മകന്റെ ഡ്യുട്ടിയും അതിനെ കൃത്യ സമയത്ത് പൊക്കുക പെണ്മക്കളുടെ കര്‍ത്തവ്യവും. അങ്ങനെ കല്ലിന്റെ ഇടയില്‍ നിന്നും കയ്യും കാലും ഇട്ടു വെള്ളം ഇളക്കുന്നതിന്റെ ഇടക്കാണ് ഞാന്‍ കണ്ടത്, ഒരു മുട്ടന്‍ വളപുളപ്പന്‍ (വെള്ളിക്കെട്ടന്‍) പാമ്പ് കല്ലിന്റെ ഇടയില്‍ . മാറെടാ മോനെ എന്ന് പറഞ്ഞു ഞാന്‍ അവനെ പൊക്കിയെടുത്തു, നോ രക്ഷ, എന്റെ കൈകള്‍ ഒരു പുക പോലെ അവന്റെ ശരീരത്തില്‍ കയറി ഇറങ്ങുന്നത്തെ ഉള്ളൂ. പാമ്പിരിക്കുന്ന പൊത്തിന്റെ തൊട്ടരുകില്‍ കാലു വെച്ച് കുനിഞ്ഞു നിന്ന് മകന്‍ വെള്ളം ഇളക്കുന്നു, പാമ്പ് അവന്റെ കാലിലേക്ക് നോക്കിയിരിക്കുന്നു. ഇനി ഒരിഞ്ചു അടുത്താല്‍ കൊത്താനായി ഇരിക്കുന്ന പാമ്പിനെ കണ്ടു എന്റെ ഉള്ളൂ പിടഞ്ഞു, നിറ കണ്ണുകളോടെ ഞാന്‍ ദൈവത്തെ നോക്കി. പുള്ളിക്കാരന് അപ്പോളും നോ കുലുക്കം. വിഷമം താങ്ങാനാവാതെ ഞാന്‍ കണ്ണുകളടച്ചു. പെട്ടെന്ന് അതാ ഒരു ബഹളം, ഞാന്‍ ഞെട്ടലോടെ കണ്ണുകള്‍ തുറന്നു. പിള്ളേര്‍ ഒരു കല്ലേമുട്ടിയെ കിട്ടിയ ആഹ്ലാദത്തില്‍ തിമിര്‍ക്കുന്നതായിരുന്നു. അപ്പോള്‍ ദൈവം പറഞ്ഞു. " ജീവിതത്തില്‍ ഓരോ നിമിഷവും അപകടങ്ങളുടെ വക്കില്‍ നിന്നും രക്ഷപെട്ടാണ് നിങ്ങളുടെ ജീവിതം. നിങ്ങള്‍ അറിഞ്ഞു സുരക്ഷിതമാക്കുന്ന അപകടങ്ങളെക്കാള്‍ എത്രയോ അധികമാണ് നിങ്ങള്‍ അറിയാത്ത തന്നെ രക്ഷപെട്ടു വരുന്ന അപകടങ്ങള്‍ ! ജീവിതം തുറന്ന കണ്ണുകളോടെ കാണാന്‍ ഒരു മനുഷ്യനും കഴിയില്ല കുട്ടീ."


ഉവ്വാ, ഇതൊക്കെ പണ്ടാരമടങ്ങി കണ്ടോണ്ടിരുന്നാല്‍ ഈ മരിച്ച അവസ്ഥയില്‍ നിന്നും ഞാന്‍ വീണ്ടും മരിച്ചു പോയേക്കും. ഇതൊക്കെ കാണുമ്പോള്‍ ജീവിച്ചിരുന്നതിലും ടെന്‍ഷനാണല്ലോ എന്നോര്‍ത്തപ്പോള്‍ എന്നാ പിന്നെ ഇനി കാഴ്ച നിര്‍ത്തി ഇത്തിരി ചിന്താമഗ്ദനായെക്കാം എന്ന് വെച്ചു‍. ഞാന്‍ എന്റെ ഭാര്യയെക്കുറിച്ച് ഓര്‍ത്തു, എന്റെ മരണ ശേഷം ഇത്തിരി പോന്ന എന്റെ നാല് മക്കളുമായി അവള്‍ എങ്ങനെ ജീവിക്കും? ഉന്നത വിദ്യാഭ്യാസം ഒക്കെ ഉണ്ടെങ്കിലും അശേഷം ധൈര്യമില്ലാത്ത, അരക്ഷിതാവസ്ഥയുടെ ആഴങ്ങളില്‍ ജീവിക്കുന്ന അവള്‍ എങ്ങിനെ മക്കളെ വളര്‍ത്തും?


ഞാന്‍ ദൈവത്തോട് പറഞ്ഞു, ദൈവമേ, അവള്‍ക്കു മക്കളെ നോക്കാനുള്ള പ്രാപ്തിയില്ല. ഞാന്‍ അവര്‍ക്കായി ഒന്നും ഉണ്ടാക്കിയും വെച്ചിട്ടില്ല. കുടുംബത്തിലെ മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ ഒന്നുമില്ലാതെ കഷ്ടപ്പെട്ട് അപകര്‍ഷതാ ബോധത്തോടെയും ഭയത്തോടെയും ജീവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. എനിക്കൊരിത്തിരി സമയം കൂടി തരുമോ, ഞാന്‍ പെട്ടെന്ന് തന്നെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കിയിട്ട് വരാം.


നീ ജനിച്ച അന്ന് മുതല്‍ മരണത്തിനു മുമ്പില്‍ തുറക്കപെട്ടവനാണ്. അടുത്ത നിമിഷം പോലും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നീ ഇത് വരെയും ഒന്നും ചെയ്യാതിരുന്നത് എന്തു ഉറപ്പിലാണ്? അതിനാല്‍ തന്നെ ഇനി കുറച്ചു സമയം തരുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അതുകൊണ്ട് മോനേ, നീ തുറന്ന കണ്ണുകളോടെ നോക്കുക ഈ ജീവിതം. ജീവിച്ചിരുന്നപ്പോള്‍ പലവിധ ബന്ധനങ്ങളാല്‍ കാണാതിരുന്ന പലതും നിനക്ക് ഇപ്പോള്‍ കാണാനാവും.


എന്തു ബന്ധനം, എന്തു ജീവിതം. ഇനി സ്വന്തം കാര്യം നോക്കി ടെന്‍ഷന്‍ അടിക്കുന്നതിനു പകരം വല്ലോരുടെയും കാര്യം ഒന്ന് നോക്കാം. പെട്ടെന്ന് മനസിലേക്ക് വന്നത് എന്റെ കൂടെ കോളേജില്‍ പഠിച്ച ശ്രീദേവിയെ ആണ്. അതൊരു കാലമായിരുന്നു. നാല് വര്‍ഷത്തെ നിശബ്ദ പ്രണയത്തിനു ശേഷം പൂത്തുലഞ്ഞ രണ്ടു മാസക്കാലം. അവസാനം ഒരു ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വിവാഹത്തോടെ രണ്ടു കുടുംബങ്ങളിലും ഉണ്ടാവുന്ന പൊല്ലാപ്പുകള്‍ പോലും തരണം ചെയ്തു ഒന്നാവണം എന്ന് വിചാരിച്ച രണ്ടു ഹൃദയങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്ത്‌ വേര്‍പിരിഞ്ഞു. എന്നോടുള്ള വാശിക്ക് അവള്‍ ഒരു കൃസ്ത്യാനി ഡോക്ടറെ തന്നെ  കല്യാണം കഴിച്ചു ഇപ്പോള്‍ അമേരിക്കയില്‍ ആണ്. ഇടയ്ക്കു കൂട്ടുകാരില്‍ നിന്നും അറിഞ്ഞിരുന്നു അവളുടെ വിവരങ്ങള്‍ . വളരെ പ്രശസ്തനായ ഭര്‍ത്താവ്, മിടുക്കരായ മക്കള്‍ , ഇഷ്ടം പോലെ കാശ്. നാട്ടില്‍ എന്നെങ്കിലും തിരിച്ചു വന്നു താമസിക്കാനായി കൊട്ടാരം പോലെ ഒരു വീടും പറമ്പും വാങ്ങിച്ചിട്ടും ഉണ്ടത്രേ. കൂട്ടുകാരന്‍ ശിഹാബ്‌ പറഞ്ഞപോലെ ഇന്നിപ്പോള്‍ സ്വര്‍ഗ്ഗ തുല്യമായ അവളുടെ ജീവിതം എന്റെ കൂടെയെങ്കില്‍ ഒരു പക്ഷെ നായ നക്കിയ പോലിരുന്നേനെ.


അമേരിക്കയിലെ കോളറാഡോയിലെ റോക്കി മലനിരകള്‍ക്കു താഴെയുള്ള ഗോള്‍ഡന്‍ എന്ന മനോഹര സ്ഥലത്തെ ബംഗ്ലാവില്‍ ഞാനിതാ ക്ഷണനേരം കൊണ്ട് എത്തി കഴിഞ്ഞു. ശ്രീദേവി അവിടെ ഒരു മുറിയില്‍ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു. ഇപ്പോളും സുന്ദരി തന്നെ അവള്‍, എങ്കിലും മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു. അപ്പുറത്തെ മുറിയില്‍ നോക്കിയപ്പോള്‍ ആണ് കാര്യം മനസിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന അവളുടെ മകള്‍ കൂടെ പഠിക്കുന്ന കറുമ്പനുമായി മുറിയില്‍ കയറി അടച്ചിട്ടു പഠനമാണ്. ഒരിക്കല്‍ ആകാംഷയോടെയും അതിലേറെ ആധിയോടെയും ഇതേപോലൊരു അവസ്ഥയില്‍ അവിടെ കയറി ചെന്ന അവളെ അവര്‍ സംസ്കാരം ഇല്ലാത്തവള്‍ എന്ന് വിളിച്ചു ഇറക്കി വിട്ടു. അതോടെ ഒന്നും മേലാത്ത അവസ്ഥയില്‍ ആണ് ആ പാവം. അവളുടെ കെട്ടിയോന്‍ എന്തിയെ എന്ന് നോക്കിയപ്പോള്‍ ഒരു ബാറില്‍ ഇരുന്നു കൂട്ടുകാരോട് വീരസ്യം അടിക്കുകയാണ് പുള്ളിക്കാരന്‍ . കഴിഞ്ഞ മാസം വീട്ടില്‍ ഇരുന്നു കൂട്ടുകാരുമൊത്ത് ബിയര്‍ അടിച്ച ആറാം ക്ലാസുകാരനായ മകനെ വഴക്ക് പറഞ്ഞു അടിതരും എന്ന് പറഞ്ഞതും അവന്‍ പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞതും ഒക്കെ. അവസാനം അവനെ നാട്ടിലെ സ്കൂളില്‍ ചേര്‍ത്തതും അവനെയും കൊണ്ട് നാട്ടില്‍ പോയി എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ അവന്റെ കരണക്കുറ്റിക്ക്‌ ഒന്ന് കൊടുത്തിട്ട് കൊണ്ട് പോയി കൊടുക്കെടാ പുലയാടി മോനേ കേസ്‌ എന്ന് പറഞ്ഞതും ഒക്കെ ഇരുന്നു വീമ്പു പറയുന്നു ആ മനുഷ്യന്‍ .


ഒരു അച്ഛന്‍റെ ആധിയോടെ ഒന്നുകൂടി ഞാന്‍ നോക്കി അവളുടെ മകളും കൂട്ടുകാരനും ഇരിക്കുന്ന മുറിയിലേക്ക്‌. അവന്റെ മടിയില്‍ കിടന്നു പഠിക്കുകയാണ് അവള്‍ . പെട്ടെന്ന് എന്റെ രണ്ടു പെണ്മക്കളെയും ഓര്‍ത്തു ഞാന്‍. മനസ് നിമിഷങ്ങള്‍ കൊണ്ട് വീണ്ടും തിരിച്ചു കേരളത്തില്‍ എത്തി, മക്കളെ നോക്കി. കുളിയും മീന്‍ പിടുത്തവും കഴിഞ്ഞ് വന്നു വീടിന്റെ പുറകു വശത്തുള്ള പേരയില്‍ ആണ് അവര്‍ മൂന്നു പേരും. പൊട്ടിച്ചിട്ടിരിക്കുന്ന പാറക്കല്ലുകള്‍ ആണ് അതിനടിയില്‍. ഒന്ന് കൈ തെന്നിയാല്‍ ആ പാറക്കൂട്ടത്തില്‍ വീഴും അവര്‍. കാര്യം പേരയില്‍ കയറിയ വിവരം വീട്ടിലെ ആരെങ്കിലും അറിഞ്ഞാല്‍ തുടയില്‍ ചൂരല്‍ പാടുകള്‍ വീഴും എങ്കിലും ആരും അറിയാതെ ശബ്ദം ഉണ്ടാക്കാതെ കയറിയതാണ് അവര്‍ .


അവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ആണ് മനസിലായത്‌ പേരക്കാ ഒന്നും അല്ല അവരുടെ ലക്ഷ്യം എന്ന്. ഏറ്റവും ഉയരത്തിലെ ഏറ്റവും ചെറിയ ചില്ലയില്‍ കയറുന്നവര്‍ വിജയിക്കുന്ന ഒരു മല്‍സരം ആണ് അത്. മൂത്തവള്‍ കയറിയതിലും ഉയരത്തില്‍ രണ്ടാമന്‍ കയറി. ഇപ്പോള്‍ ഇളയവളുടെ ഊഴമാണ്. മകന്‍ കയറിയതിലും ഉയരത്തില്‍ കയറാനാണ് അവളുടെ ശ്രമം. ഇപ്പോള്‍ ഇരിക്കുന്ന കവലയില്‍ നിന്നും ഒരു പടി മുകളില്‍ കയറാന്‍ നോക്കുന്നു അവള്‍ . ഒരു ചെറു കാറ്റ് മതി അത് ഓടിയുവാന്‍ , പക്ഷെ ശ്വാസം പോലും അടക്കി അവള്‍ കയറുകയാണ്. ഞാന്‍ തളര്‍ന്നു വീണ്ടും ദൈവത്തെ നോക്കി. മന്മോഹന്‍ സിംഗിനെ പോലെ ഒരു വികാരവും ഇല്ലാതെ ഇരിക്കുകയാണ് പുള്ളിക്കാരന്‍.


ഈ ദൈവത്തിന്റെ കൂടെ വന്നിട്ട് കാണുന്നത് മുഴുവന്‍ ഇതാണല്ലോ, എന്നാ പിന്നെ ചെകുത്താന്‍റെ കൂടെ ഒന്ന് പോയി നോക്കിയാലോ എന്ന് തോന്നി എനിക്ക്. ചെകുത്താന്‍ ആകുമ്പോള്‍ ചിലപ്പോള്‍ കാണുന്നതെല്ലാം നല്ലതായിരിക്കും. പക്ഷെ ഇനി ചെകുത്താന്റെ കൂടെ പോയാല്‍ പുള്ളി ഉള്ള നല്ല കാര്യം ഒക്കെ പറഞ്ഞു നരകത്തിലെ തീയില്‍ കൊണ്ട് പോയി ചാടിക്കുമോ എന്നോര്‍ത്തപ്പോള്‍ അത് വേണ്ടെന്നു വെച്ചു. അപ്പോളാണ് തെറ്റുകളെ കുറിച്ച് ഓര്‍മ്മ വന്നത്. തെറ്റുകള്‍ കൂടിയാല്‍ അതിനനുസരിച്ച് ശുദ്ധീകരണ സ്ഥലത്ത്‌ കിടക്കണം എന്നാണു പള്ളീല്‍ അച്ചന്മാര്‍ പറഞ്ഞിരിക്കുന്നത്. ദൈവം ഇഷ്ടമുള്ളവരെ വേഗന്നു വിളിക്കും എന്ന തത്വം അനുസരിച്ച് എന്നെ വിളിച്ചതാണോ അതോ ഇവന്‍ വെറും പോക്കാണല്ലോ എന്നോര്‍ത്ത്  നേരത്തെ വിളിച്ചതാണോ എന്ന സംശയത്തിലായി.


ഞാന്‍ ദൈവത്തോട് പറഞ്ഞു. "ദൈവമേ.. ഞാന്‍ ഒത്തിരി തെറ്റുകള്‍ ചെയ്തിട്ടുണ്ട്എന്നാണ്  തോന്നുന്നത്." എന്റെ ഭാര്യയെയും മക്കളെയും നന്നായി നോക്കിയില്ല, കുടുംബത്തിനോടും നാട്ടുകാരോടും വീട്ടുകാരോടും ഉള്ള കടമകള്‍ വീട്ടിയിട്ടില്ല, രോഗികളോടും സമൂഹത്ത്തിനോടും ഉള്ള കടമകള്‍ ഭംഗിയായി നിറവേറ്റിയില്ല അങ്ങനെ പല ചിന്തകള്‍ എന്റെ മനസിലൂടെ പാഞ്ഞു.  


ദൈവം പറഞ്ഞു, "മകനെ.. തെറ്റും ശരിയും ആപേക്ഷികമാണ്. സിംഹം ഒരു മാന്‍പേടയെ കൊന്നു തിന്നുമ്പോള്‍ അത് സിഹത്തിനെ സംബത്തിച്ചിടത്തോളം ശരിയും മാന്‍പേടയെയും ഒരു പരിധി വരെ മനുഷ്യരുള്‍പ്പടെയുള്ള മറ്റു ജീവജാലങ്ങളെയും സംബന്ധിച്ചിടത്തോളം തെറ്റുമാകുന്നു. സിംഹത്തെ ഒരു ഹിംസ്രമൃഗം ആയും, ക്രൂരനായ കൊലയാളി ആയും നിങ്ങള്‍ മുദ്ര കുത്തിയിരിക്കുന്നു. എന്നാല്‍ ആ മാന്‍പേടകള്‍ പുല്ലു തിന്നുമ്പോള്‍ , ചെടികളുടെ ചെറിയ നാമ്പുകള്‍ തിന്നുമ്പോള്‍ അതും ഒരു ഹിംസയെന്ന് ആരും കരുതുന്നില്ല. ജീവനുള്ളതും എന്നാല്‍ ഒന്ന് ചലിക്കാനോ ഉറക്കെ കരയാനോ, എന്തിനു കണ്ണീര്‍ പൊഴിക്കാന്‍ പോലും ശേഷിയില്ലാത്ത  സസ്യജാലങ്ങളെ ആ മാന്‍പേട ഭക്ഷിക്കുമ്പോള്‍ അതൊരു തെറ്റായി നിങ്ങള്‍ക്കും സസ്യഭുക്കുകളായ മറ്റു മൃഗങ്ങള്‍ക്കും തോന്നില്ലായിരിക്കാം. പക്ഷെ ആ സസ്യജാലങ്ങളുടെ ജീവന്റെ വേദന എന്താണെന്ന് ചിന്തിക്കാനോ കണ്ടു പിടിക്കാനോ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? മനുഷ്യ ശരീരത്തെക്കുറിച്ചും നവ ദ്വാരങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും വിശദമായി പഠിച്ച നിനക്ക് ഒരിക്കലെങ്കിലും കുറുംതോട്ടിയുടെ വേദനയെക്കുറിച്ച് ചിന്തിക്കാന്‍ തോന്നിയോ? മനുഷ്യജീവിതത്തിലെ അടിസ്ഥാന ത്രികര്‍മ്മങ്ങളായ ആഹാരം, നിദ്ര, മൈഥുനം എന്നിവയെക്കുറിച്ചൊക്കെ വിശാലമായി ചിന്തിച്ച നിനക്ക് ചെടികളുടെ വികാരത്തെ മനസിലാക്കാന്‍ സാധിച്ചോ? അതേപോലെ തന്നെ ചെടികള്‍ ഭക്ഷണമാക്കുന്ന ധാതുലവണങ്ങള്‍ , നൈട്രജന്‍ തുടങ്ങിയ വസ്തുക്കളുടെ ജീവന്‍ . ഓരോ ആറ്റത്തിലും അടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍ ഇലക്ട്രോണ്‍ ന്യുട്രോണ്‍ എന്നിവയുടെ ഒക്കെ വികാര വിചാരങ്ങള്‍ ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഏതാണ് ശരിയും തെറ്റും?"


മനസ്സില്‍ "ആ....." എന്നൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
എനിക്കിനി ഒന്നും കാണണ്ടാ ദൈവമേ...എന്റെ വിധിക്ക് ഞാന്‍ തയ്യാര്‍ " ഞാന്‍ പറഞ്ഞു ദൈവത്തോട്. അപ്പോള്‍ ദൈവം പറഞ്ഞു.


"ഈ ഭൂമിയില്‍ ആരും ഒരിടത്തും അനിവാര്യരല്ല. താനില്ലെങ്കില്‍ ഈ ലോകത്തിന്റെ അവസ്ഥ എന്താകും എന്ന് പേടിക്കുന്ന ഭരണാധിപന്മാര്‍ മുതല്‍ തന്റെ വീട്ടിലെ ഇല അനങ്ങുന്നത് പോലും തന്റെ കണ്ട്രോളില്‍ ആണെന്ന് അഹങ്കരിക്കുന്ന കുടുംബനാഥന്മാര്‍ വരെ അറിയുന്നില്ല എന്താണ് ജീവിതം എന്ന്. മനുഷ്യന് ഒന്നും അറിയില്ല കുട്ടീ...നീ നിന്റെ ഓട്ടം പൂര്‍ത്തിയാക്കി. ഇനി എന്റെ കൂടെ പോരുന്നോ?"


അങ്ങനെ ഒരു  മടക്കയാത്ര........


*** ഈ മനുഷ്യന്റെ മടക്കയാത്രയുടെ മുപ്പതാം വാര്‍ഷികം ഇന്ന്*** 

Read more...

ധാന്യമണിയും അതിലെ പേരും

>> Monday, January 2, 2012

ഒന്നര വര്ഷം മുമ്പ് ദുഫായില്‍ നിന്നും നാട്ടിലേക്ക് പോന്നപ്പോള്‍ വന്‍ സ്വപ്നങ്ങളായിരുന്നു മനസ്സില്‍ . ലീലാ കൃഷ്ണന്‍ നായരെപോലെ ഭാര്യയുടെ പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങണം, ധീരുഭായ് അംബാനിയെ പോലെ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തണം (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാന്‍ മുകേഷ്‌ അംബാനിയെ പോലെ ചിന്തിക്കാന്‍ എന്റെ അപ്പന്‍ ധീരുഭായ്‌ അംബാനിയെ പോലെ ചിന്തിച്ചില്ലല്ലോ). അങ്ങനെ പല വിധ സാമ്രാജ്യത്ത ചിന്തകളുമായി ഞാന്‍ നാട്ടിലെത്തി. ആദ്യ കാലങ്ങളില്‍ കുളിച്ചിട്ടു തന്നെ കോണകം പുരപ്പുറത്ത് ഇട്ടു. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ കുളിക്കാതെയും ഇട്ടു, ഇപ്പോള്‍ പുരപ്പുറത്ത് കാണാനേ ഇല്ല. എന്തൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍ ! എല്‍ ആന്‍ഡ്‌ ടി പോലെ ഒരു വന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഒരു ഇന്‍ഡോര്‍ സ്പോര്‍ട്സ്‌ കോംപ്ലക്സ്‌, കമ്പത്ത് മുന്തിരിത്തോട്ടം അങ്ങനെ തുടങ്ങി എന്തൊക്കെ പ്ലാന്‍ ചെയ്തു. ചക്കക്കുരു മാങ്ങയും കൂട്ടി വലിച്ചു വാരി തിന്നിട്ടു വയറും തടവും ഉച്ചയുറക്കത്തിനു കിടന്നപ്പോള്‍ ചക്കക്കുരുവില്‍ നിന്ന് പാചക ഗ്യാസ്‌ ഉണ്ടാക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു. രാവിലെ ബീഡിയും വലിച്ചു ചിന്തിക്കാന്‍ ഇരുന്നപ്പോള്‍ നല്ല വെടിചില്ലന്‍ കെമിക്കല്‍ ടോയിലെറ്റ്‌ ബസ്‌ സ്റ്റാന്റിലും പൊതു സ്ഥലങ്ങളിലും അങ്ങ് ഫിറ്റു ചെയ്തു കാശുണ്ടാക്കിയാലോ എന്ന് വിചാരിച്ചു. ആ കാര്യം മാത്രം മുട്ടിയാല്‍ പിന്നെ 100 അല്ല 1000 ആണെന്ന് പറഞ്ഞാലും ആള്‍ക്കാര്‍ ഉപയോഗിക്കുമല്ലോ.


അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഒരു അന്തവും ഇല്ലെന്നായി, എന്നാല്‍ പിന്നെ ചിന്തിക്കാതെ എന്ത് കുന്തം എങ്കിലും വരട്ടെ എന്ന് വിചാരിച്ചു. അവസാനം പഠിക്കാന്‍ പോയി, വയസാന്‍ കാലത്ത്‌ കണ്ണില്‍ ഈര്‍ക്കിലി കുത്തിവെച്ചു പഠിച്ചു. ഇത്തിരി കാലതാമസം ഉണ്ടായെങ്കിലും പരീക്ഷ പാസായി. പിന്നെ ജോലി അന്വേഷണം. അങ്ങനെ ഇത്യാതി കാര്യങ്ങളാല്‍ എന്റെ ഒന്നര വര്ഷം കഴിഞ്ഞു കിട്ടി, കയ്യിലെ കാശും തീര്‍ന്നു കിട്ടി. ഇത് വരെ മറ്റു സീരിയസ് കാര്യങ്ങള്‍ മാത്രം പ്രാര്‍ഥിച്ചു കൊണ്ടിരുന്ന അമ്മ, അമ്മായിയമ്മ, സഹോദര കളത്രസഹിതം അവരുടെ പ്രാര്‍ഥനയില്‍ എന്നെയും ഓര്‍ത്തു തുടങ്ങി. കാലക്രമേണ അവരുടെ തീക്ഷ്ണത കൂടി, ഭാര്യേടെ മൂടും ചൊറിഞ്ഞു നടക്കുന്ന ഇവനൊരു ജോലി വാങ്ങി കൊടുക്കണേ കര്‍ത്താവേ എന്ന് അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി.


വാഴക്കാവരയന്റെ കാര്യത്തില്‍ ദൈവം കര്‍ത്താവ് ഒരു തീരുമാനം എടുത്തു വെച്ചിട്ടുണ്ട്. അതൊന്നു മൂത്ത് പാകമായി വരട്ടെ എന്ന് കരുതി ഇരിക്കുമ്പോളാണ് നാനാഭാഗത്തു നിന്നും തീറു പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ബിസിനസ് തുടങ്ങാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ മറുഭാഗത്ത്‌ ജോലിക്ക് വേണ്ടി, നമ്മളാണേല്‍ ആരേം ബുദ്ധിമുട്ടിക്കാതെ വല്ല ലോട്ടറിയും അടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ദൈവം ആകെ പൊറുതി മുട്ടി ചിന്തിച്ചു, ഈ പണ്ടാരക്കാലനെ ഒന്ന് രക്ഷപെടുത്താം എന്ന് വിചാരിച്ചാല്‍ ഇവരെല്ലാം കൂടി അതിനു സമ്മതിക്കില്ലല്ലോ.


പാലാ രൂപതയിലെ അച്ചായന്മാര്‍ക്കൊക്കെ ദൈവീക കാര്യങ്ങളിലെക്കാള്‍ കൂടുതല്‍ ശ്രദ്ധ ഭക്ഷിക്കാനും പാനം ചെയ്യാനും ആണെന്ന് മുറവിളി തുടങ്ങിയിട്ട് നാളുകളായി. അതെങ്ങനാ, മെത്രാന്മാര്‍ക്ക് വരെ അതിനെ താല്പര്യം ഉള്ളൂ, പിന്നെ സക്കറിയ, ബെര്‍ളി തുടങ്ങിയ സാഹിത്യകാരന്മാരുടെ സ്വാധീനവും. അങ്ങനെ മണ്ണ്, മാംസം, മദ്യം, മദിരാശി തുടങ്ങിയ 'മ' കാര്യങ്ങളോടുള്ള മമതയുമായി നടക്കുന്ന പാലാക്കാരെ ഒന്ന് നന്നാക്കാന്‍ ബിഷപ്‌ ഹൌസിലെ ഏതോ ഒരു നല്ല കത്തനാര്‍ വിചാരിച്ചു. ബോളീവുഡില്‍ ഈയിടെ സല്‍മാന്‍ ഖാന്റെ പുതിയ സിനിമാ ബോഡിഗാര്‍ഡ്‌ ഭയങ്കര ഹിറ്റായത് കൊണ്ട് അച്ചന്മാര്‍ നേരെ ചെന്ന് അട്ടപ്പാടിയില്‍ ധ്യാനിപ്പിച്ച്‌ തകര്ത്തോണ്ടിരുന്ന സേവ്യര്‍ ഖാന്‍ എന്ന ഗുരുവിനെ വിളിച്ചു നേരെ ഭരണങ്ങാനത്തിന് കൊണ്ട് വന്നു. അങ്ങനെ അല്‍ഫോന്‍സാമ്മയുടെ മടിത്തട്ടില്‍ സല്‍മാന്‍ ഖാന്റെ ..സോറി സേവ്യര്‍ ഖാന്റെ ധ്യാനം.


ധ്യാനം കൂടാന്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ അങ്ങനെ അഭ്യുതയകാംക്ഷികളുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ ഞെളിപിരി കൊണ്ട് നില്‍ക്കുന്ന സമയം. പോരാത്തതിന് കഴിഞ്ഞ ദിവസം ഐ ബി എമ്മില്‍ ഇന്റര്‍വ്യുവിനു ചെന്നപ്പോള്‍ രണ്ടാം റൌണ്ടില്‍ തീരുമാനം പിന്നെ അറിയിക്കാം എന്ന് പറഞ്ഞു ജോലിക്കാര്യം പെന്ടിങ്ങില്‍ വെച്ചിരിക്കുന്ന കൂതറ തമിഴന്റെ മനസ് മാറ്റാന്‍ ഞാനും മനസ്സില്‍ പ്രാര്‍ഥിക്കുന്ന സമയം. എന്നാ പിന്നെ രണ്ടും കല്പിച്ച് ഖാന്റെ പരിപാടി ഒന്ന് കൂടിയേക്കാം എന്ന് വെച്ചു. ഒരു സേഫ്ടിക്ക് വേണ്ടി കറിയാച്ചനെയും കൂടെ കൂട്ടി.


നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങള്‍ക്കിടയില്‍ ഒരു പാര്‍ക്കിംഗ് ഒപ്പിച്ചു പതുക്കെ പള്ളിയുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ ഒടുക്കത്തെ തിരക്ക്‌........... ദൈവമേ ഈ വന്നവര്‍ എല്ലാം കൂടി അങ്ങേക്ക്‌ അര ആപ്ലിക്കേഷന്‍ വെച്ചു തന്നാല്‍ പോലും അങ്ങ് എന്ന് അത് പ്രോസസ് ചെയ്തു തീര്‍ക്കുമോ? ഇനി എന്തായാലും ഞാനും കൂടി ഒരെണ്ണം ലോട്ടറിക്ക് ഒരു ആപ്ലികേഷന്‍ തരുന്നില്ല എന്റെ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ചു ഞാന്‍ അങ്ങോട്ട്‌ നടന്നു. അവിടെ നല്ല അച്ചടക്കത്തോടു കൂടി പതിയായിരക്കണക്കിനു ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. അച്ഛന്‍ ഒരു കാലു പൊക്കി ഹാലെലൂയ പറയാന്‍ പറയുമ്പോള്‍ അവര്‍ രണ്ടു കാലും പൊക്കി പറയുന്നു. ഇത്രയും അച്ചടക്കവും അനുസരണയും ഇതിനു മുമ്പ് ഞാന്‍ ബീവരെജസിന്റെ ക്യൂവില്‍ മാത്രമേ കണ്ടിട്ടുള്ളൂ.


ഞാന്‍ അവിടെ ചെന്ന് കയറിയതെ അച്ചന്റെ സംസാരം പുതിയ ടോപ്പിക് ആയി. "ഇനി നാം പഠിക്കാന്‍ പോകുന്ന വചനം മരണത്തെ കുറിച്ചാണ്", നമ്മുടെ ഖാന്‍ പ്രഭാഷണം തുടങ്ങി. മരിക്കാതെ എങ്ങനെ ജീവിക്കാം എന്ന് കൂലംകുഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഇത് തന്നെ വരണം. "അരപ്പട്ടയും മുറുക്കി വിളക്കും കത്തിച്ചു നിങ്ങള്‍ സദാ ജാഗരൂകരായിരിക്കുവിന്‍ ", ഇതാണത്രേ മരണത്തെക്കുറിച്ച് ബൈബിളില്‍ ഒരിടത്ത് പറഞ്ഞിരിക്കുന്നത്. അത് ഈ നിമിഷം ആണോ അതോ നാളെയാണോ എന്നൊന്നും ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും അറിയില്ലത്രേ. വേലയും കൂലിയും ഇല്ലാത്തതിന്റെ വേദനയില്‍ ഇരുന്ന എനിക്ക് ചിന്തിക്കാന്‍ ഇനി ഒരു കാരണം കൂടി ആയി. മൂന്നു പിള്ളേരെ ഉണ്ടാക്കി വിട്ടതല്ലാതെ ഒരു കോപ്പും ഉണ്ടാക്കിയില്ല. ഉടനെയെങ്ങാനും പോയാല്‍ പിള്ളാര്‍ക്ക് കഞ്ഞികുടിക്കാന്‍ പോയിട്ട് എന്റെ ശവമടക്ക് നടത്താന്‍ പോലും കാശുണ്ടാക്കിയിട്ടില്ല. മക്കള്‍ക്കും കേട്ടിയോള്‍ക്കും എന്തേലും മെച്ചമുണ്ടാകാന്‍ ഒരു ഇന്‍ഷുറന്‍സ്‌ പോലും ഇത് വരെ എടുത്തിട്ടില്ല.  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ പാഞ്ഞു, അത് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും തേരുതെരെ പാഞ്ഞു.


ഇതെല്ലാം കേട്ടിട്ട് ഇനി മകന്റെ ചോദ്യങ്ങള്‍ മരണത്തെക്കുറിച്ച് വല്ലതും ആയിരിക്കുമോ എന്ന സംശയത്തോടെ ഞാന്‍ കറിയാച്ചനെ നോക്കി. ഭാഗ്യം, അവന്‍ മരണത്തെകുറിച്ചൊന്നും ഉള്ള അച്ചന്റെ വാചകം കേള്‍ക്കുന്നില്ല. അവിടെ അമ്മമാരുടെ മടിയില്‍ ഇരിക്കുന്ന വേറെ പെണ്‍ കൊച്ചുങ്ങള്‍ എന്ത് ചെയ്യുന്നു എന്നുള്ള നോട്ടവുമായി അവന്‍ വായിനോക്കി നിന്നു. ഇടയ്ക്കു എല്ലാവരും കൈ പൊക്കി ഹാലെലൂയ പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചു ചുറ്റും നോക്കി. ഞാനൊഴിച്ചു സകല മനുഷ്യരും കൈപൊക്കി ആഞ്ഞു തകര്‍ക്കുവാ, കറിയാച്ചന്‍ ഉള്‍പ്പെടെ. പിന്നെ ഞാനും അമാന്തിച്ചില്ല, കൈ ഒരു പാതി പൊക്കത്തില്‍ വെച്ച് രണ്ടു ഹാലേലൂയ അങ്ങ് കാച്ചി. എന്തായാലും ആ ഹാലെലൂയക്ക്‌ ശേഷം അച്ഛന്‍ ഒരു മരണത്തെക്കുറിച്ച് പറഞ്ഞു വന്ന വഴിയില്‍ കാര്യം ഭക്ഷണത്തെ കുറിച്ചായി.


അച്ചന്റെ ഒരേയൊരു ചിറ്റപ്പന്റെ ഒരേയൊരു മകന്റെ കല്യാണം, അന്ന് അച്ചന്‍ സെമിനാരിയില്‍ ഫാദര്‍ ഖാന്‍ ആകാന്‍ പഠിക്കുന്നു. അന്നൊക്കെ വീട്ടുകാര്‍ എല്ലാം കൂടി സഹകരിച്ചു ഉണ്ടാക്കുകയാണല്ലോ സദ്യ. തലേന്ന് തന്നെ അപ്പത്തിനു മാവും കുഴച്ചു വെച്ച്, ഉലത്തനും പിരളനും റോസ്റ്റിനും വേണ്ട പക്ഷി മൃഗാദികളെ തല്ലിക്കൊന്നും എല്ലാവരും കിടക്കാന്‍ പോയി. വിഭവങ്ങളെ ഓരോന്നിനെ കുറിച്ചും വിശദമായി പറഞ്ഞപ്പോള്‍ കറിയാച്ചന്റെ മനസ്സില്‍ പോലും ഒരു ലഡു പൊട്ടി. വെളുപ്പിനെ മൂന്നുമണിക്ക്‌ എണീറ്റ്‌ നമ്മുടെ ഖാന്റെ ചിറ്റപ്പന്‍ വറക്കലിനും പൊരിക്കലിനും ചുടലിനും സ്റ്റാര്‍ട്ട്‌ പറഞ്ഞ് ഒരു കടുംകാപ്പിയും കുടിച്ചു ഇരുന്ന വഴി കാഞ്ഞു പോയത്രേ. നോയമ്പുകാലത്ത് നല്ല കോഴീടെം പോത്തിന്റെം കാര്യം പറഞ്ഞിട്ട് അച്ചന്‍ പിന്നേം മരണത്തെലോട്ടു വരുവാണോ എന്ന് ശങ്കിച്ചെങ്കിലും പുള്ളി ഭക്ഷണകാര്യത്തില്‍ തന്നെ തുടര്‍ന്നു. അത്രേം അപ്പത്തിന്റെ മാവും കോഴിയും പോത്തും വെറുതെ പോയല്ലോ എന്ന് സാധാരണക്കാരെ പോലെ ചിന്തിക്കാതെ അത് മൂലം അയല്‍വക്കത്തെ എത്രയോ വീടുകളില്‍ രണ്ടു ദിവസത്തേക്ക് അപ്പവും ചിക്കണും ഫ്രീയായിക്കൊടുത്ത ദൈവത്തിനു അച്ചന്‍ ഒരൊറ്റ സ്തോത്രം അങ്ങ് കൊടുത്തു. ഇന്നിപ്പോള്‍ ഫ്രിഡ്ജും സൌകര്യങ്ങളും വന്നതൊന്നും ഓര്‍ക്കാതെ അയല്‍വക്കത്തെ കല്യാണത്തലേന്നു അവിടുത്തെ കാരണവര്‍ ചാകണേ എന്ന് വിചാരിച്ചാണോ ആവോ എല്ലാവരും നല്ല സ്തോത്രം തന്നെ തകര്‍ത്തു. പാലാക്കാര്‍ക്ക് ഇത് തന്നെ താല്പര്യം ഉള്ള വിഷയം എന്ന് മനസിലായ ഖാന്‍ വീണ്ടും അടുത്ത കഥ, ഇത്തവണ ചപ്പാത്തിയും താറാമ്മൊട്ടയും ആയിരുന്നു വിഭവം. അത് സൈലന്റ് വാലിയിലെ കാക്കകള്‍ക്ക് കൊടുത്ത കഥയും പിന്നെ ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതിയ കാര്യവും ഒക്കെ പറഞ്ഞു. കറിയാച്ചന്‍ വായിനോട്ടം ഒക്കെ നിര്‍ത്തി പതുക്കെ എന്നോട് പറഞ്ഞു, "ചാച്ചേ.... നമുക്ക് വല്ലോം കഴിച്ചാലോ?..."


ഇപ്പോള്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുവാണ്, ഭക്ഷണം ഒക്കെ അത് കഴിഞ്ഞാവാം എന്ന് ഞാന്‍ പറഞ്ഞു.  അച്ചന്‍ ഉള്ള കോഴീടെം മൊട്ടേടേം കാര്യം പറഞ്ഞകൊണ്ട് കറിയാച്ചന്  അത്രേം മാറ്റം ഉണ്ടായി. അപ്പോളേക്കും അച്ചന്‍ അടുത്ത ടോപ്പിക് എടുത്തിട്ടു, മരണം കഴിഞ്ഞാല്‍ പിന്നെ വിധി ആണല്ലോ?  നമ്മള്‍ ചെയ്ത പാപങ്ങള്‍ അനുസരിച്ച് നമ്മളെ സ്വര്‍ഗ്ഗം നരകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കും, അതാണ്‌ വിധി. മദ്യപന്മാരെ പുകവലിക്കാരെ എന്നൊക്കെ തുടങ്ങി കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഒക്കെ ശിക്ഷ വിധിക്കുന്ന കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കറിയാച്ചനെയും കൂട്ടി തിരിച്ചു നടന്നു. മദ്യപന്മാരെ ശൂലത്തില്‍ കുത്തി എരിതീയുടെ മുകളില്‍ നിര്‍ത്തുമെന്നും പുകവലിക്കാരുടെ മൂലത്തില്‍ ബീടിപ്പടക്കം വെച്ചു പൊട്ടിക്കും എന്നൊക്കെയുള്ള ശിക്ഷയെങ്ങാനും നമ്മുടെ ഖാന്‍ പറഞ്ഞാല്‍ പിന്നെ കറിയാച്ചന്‍ നമുക്കിട്ടു പണി തരും. നമ്മളാണേല്‍ സങ്കടം വരുമ്പോളും സന്തോഷം വരുമ്പോളും ബോറടിക്കുമ്പോളും എല്ലാം ഓരോ പെഗ് വിടുന്ന പാര്‍ട്ടിയാ.  പിള്ളേരല്ലേ... ഇനി ഞാന്‍ വീട്ടിലിരുന്നു കള്ളടിക്കുമ്പോള്‍ ദൈവത്തിന്റെ പണി കുറക്കാന്‍ അവന്‍ കോക്കുവിനെയും പാപ്പിയും കൂടെ കൂട്ടി നമ്മളെ വല്ല ശൂലത്തിലും കയറ്റിയാലോ? എന്നാലും വേണ്ടിയില്ല, മറ്റേ ബീടിപ്പടക്കത്തിന്റെ പണി ചെയ്‌താല്‍ തെണ്ടി പോകില്ലേ? എതോക്കെയായാലും റിസ്ക്‌ എടുക്കണ്ടാ എന്ന് വിചാരിച്ചു ഞങ്ങള്‍ തിരിച്ചു വീട്ടില്‍ വന്നു.


തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ധ്യാനത്തിന് പോകാന്‍ കെട്ടിയോന്റെ മനസിന്‌ മാനസാന്തരം  നല്‍കിയ യൂദാശ്ലീഹായ്ക്ക് ഒരു ഒരു നൊവേന കൂടി ചൊല്ലി അവള്‍ നല്ല നെയ്മീന്‍ മാപ്പാസ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇപ്പോള്‍ മീന്കടക്കാര്‍ വരെ സ്വര്‍ണ്ണം തൂക്കുന്ന ത്ലാസ്‌ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടും പിന്നെ നെയ്മീന്‍ ആയതുകൊണ്ടും ഞാന്‍ നാലു കഷണം എണ്ണി വാങ്ങിച്ചു, എന്നിട്ടും 638 ഗ്രാം തൂക്കമുണ്ടായിരുന്നു. അങ്ങനെ നല്ല ചൂട് ചപ്പാത്തിയും മീന്‍ മപ്പാസും അവള്‍ വിളമ്പി വെച്ചു. ധ്യാനത്തിന് പോയപ്പോള്‍ കോക്കുവിനെ കൊണ്ടുപോകാതിരുന്നതിനു അവന്‍ പിണങ്ങി കിടന്നു ഉറങ്ങി പോയി, അവനു ഇത്തിരി കഴിഞ്ഞു വിളിച്ചു കൊടുക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും കഴിക്കാന്‍ ഇരുന്നു.


നല്ല രുചിയുള്ള മീനായിരുന്നത് കൊണ്ട് കറിയാച്ചന്‍ ആദ്യമേ തന്നെ അവന്റെ മീന്‍ തിന്നു. പിന്നെ പതുക്കെ കൊക്കുവിനു വച്ചിരുന്ന മീന്‍ കഷണത്തിലേക്ക് ദൃഷ്ടി പായിച്ചു. അയ്യോ മോനെ, അത് കോക്കുവിനു വെച്ചിരിക്കുന്നതാ, നീ എന്റെതെടുത്തോ എന്ന് പറഞ്ഞു ഭാര്യ അവളുടെ പുണ്യപ്രവര്‍ത്തികളുടെ എണ്ണം ഒന്ന് കൂട്ടി. ധ്യാനം കൂടിയതിന്റെ അറിവ് ഞാനും അച്ചന്റെ വാക്കുകള്‍ കടമെടുത്ത്‌ അങ്ങ് പ്രയോഗിച്ചു. എടീ പെണ്ണേ...ഓരോ ധ്യാനമണിയിലും അത് കഴിക്കേണ്ടവന്റെ നാമം എഴുതിയിട്ടുണ്ടാവും, ആ മീന്‍ കഷണത്തില്‍ കറിയാച്ചന്റെ പേരായിരിക്കും എഴുതിയിരുന്നത്. ഹോ, എന്റെ ഭര്‍ത്താവ് ധ്യാനം കൂടിയതിന്റെ ഫലം വചനങ്ങളിലൂടെ വരുന്നല്ലോ എന്നോര്‍ത്ത്‌ അവള്‍ വീണ്ടും തോത്രം ചൊല്ലി. കറിയാച്ചന്റെ കണ്ണ് വീണ്ടും അടുത്ത മീനിലേക്ക് പോയപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ, അതില്‍ കോക്കുവിന്റെ പേരാ എഴുതിയിരിക്കുന്നെ, അത് നോക്കണ്ടാ എന്ന്.


അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു എണീറ്റു. ഞാന്‍ പതിവുപോലെ ഒരു പുകയും എടുത്ത്‌ മുറ്റത്ത്‌ കൂടി തെക്ക് വടക്ക്‌ ഉലാത്തി, ഭാര്യ കോക്കുവിനെ എണീപ്പിച്ചു കുളിപ്പിച്ച് കുട്ടപ്പനാക്കി കഴിക്കാന്‍ കൊണ്ട് വന്നു. അവിടെ വന്നു നോക്കിയപ്പോള്‍ മീന്‍ കഷണം അവിടില്ല. പ്രിയതമ സങ്കടത്തോടെ പറഞ്ഞു, എന്റെ വാഴക്കാവരയാ... നമ്മുടെ കോക്കുവിനു വെച്ച മീന്‍ പൂച്ച എടുത്തെന്നാ തോന്നുന്നേ, അവിടെ കാണുന്നില്ലല്ലോ. ഞാന്‍ ഒരു ഷെര്‍ലക് ഹോംസിനെ പോലെ രണ്ടു പുക ആഞ്ഞെടുത്ത്‌ അന്വേഷണം ആരംഭിച്ചു. അകത്തെ മുറിയില്‍ ഇരുന്ന്‍ കാറെടുത്ത് വളരെ ആവേശത്തോടെ ഓടിക്കുന്ന കറിയാച്ചനെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ലഡു നേരത്തെ പൊട്ടിയ ലക്ഷണം തോന്നി. ഞാന്‍ ഈര്‍ക്കിലി ഒരെണ്ണം എടുത്തു, ഒന്നു വിരട്ടി, അവന്‍ സത്യം പറഞ്ഞു. ഭാര്യക്ക് ദേഷ്യം വന്നു, അവള്‍ ദേഷ്യത്തോടെ കറിയാച്ചനിട്ടു ഒരെണ്ണം കൊടുത്തു.


കരയുന്ന കറിയാച്ചനെ കണ്ടപ്പോള്‍ ധ്യാനം കൂടി അരൂപി കയറിയ എനിക്ക് വിഷമം തോന്നി. ഞാന്‍ അവനെ വിളിച്ചു അടുത്തിരുത്തി ഉപദേശിച്ചു. മോനെ... നിന്നോട് ഞാന്‍ പറഞ്ഞതല്ലേ അതില്‍ കോക്കുവിന്റെ പേരാണ് എഴുതിയിരിക്കുന്നത്, പിന്നെന്തിനാ അതെടുത്തത്? അതല്ലേ അമ്മ തല്ലിയത്? അപ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടി പറഞ്ഞു.


"നിങ്ങള്‍ അപ്പുറത്തോട്ടു പോയപ്പോള്‍ ഞാന്‍ ആ മീനില്‍ ഒന്നൂടെ നോക്കി. അപ്പോള്‍ പെട്ടെന്ന് അതില്‍ എന്‍റെ പേര് ഒന്നു വന്നപോലെ തോന്നി, അത് മാറുന്നതിനു മുമ്പേ ഞാന്‍ പെട്ടന്നങ്ങു കഴിച്ചതാണ്".


ഒന്നും മനസിലാകാതെ മനസ്സില്‍ ചോദ്യചിഹ്നവുമായി ഇരുന്ന കോക്കുവിന്റെ ചിന്ത അപ്പോള്‍ ഇങ്ങനെയായിരിക്കാം " ദൈവത്തിന്റെ പണി അപ്പോള്‍ ഈ മീന്‍ കഷണത്തില്‍ പേരെഴുതുകയാണോ...."

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP