കോക്കു
>> Monday, March 23, 2009
രാവിലെ എണീക്കാന്‍ എന്താ ഒരു ബുദ്ധിമുട്ട്. പണ്ട് കേട്ടിരിക്കുന്നതും ശീലിച്ചിരുന്നതും പുലരുമ്മുമ്പെണീക്കണം, കുളിച്ച് വെളുത്ത മുണ്ടുടുക്കണം എന്നൊക്കെയായിരുന്നു.
(വെളുത്തമുണ്ടുടുത്തില്ലെങ്കിലും കുളിച്ച് ലുങ്കിയെങ്കിലും ഉടുത്തിരുന്നു.)ഇപ്പോള്‍ കിടക്കുന്നത് പുലര്‍ച്ചക്ക്, എഴുന്നേല്‍ക്കുന്നത് ബ്രഞ്ചിന്റെ സമയത്ത്.
എന്നാലും ഉറങ്ങാന്‍ പറ്റുവോ? കറിയാച്ചന്‍ ലേറ്റാ കിടന്ന് ലേറ്റാ വരുമ്പോള്‍ ഇളയവന്‍ കോക്കു ലേറ്റാ കിടന്ന് ലേറ്റസ്റ്റാ വരും. സാധാരണ കുഞ്ഞുങ്ങള്‍ ഒത്തിരി ഉറങ്ങുമെങ്കിലും കോക്കുവിന് ചുരുക്കത്തില്‍ ഉറക്കം വളരെ കുറവ്. മിക്കവാറും കുട്ടികള്‍ ഉറക്കത്തില്‍ കൈ വായില്‍ വെക്കും, അല്ലെങ്കില്‍ സുനാപ്പിയില്‍ പിടിക്കും, അമ്മയുടെ മുടിയില്‍ പിടിക്കും അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേകത കാണും. കോക്കുവിന് പ്രിയം അമ്മിഞ്ഞയാണ്. എല്ലാവരും പിള്ളേരും അമ്മിഞ്ഞ കുടിക്കുമെങ്കിലും ഇവന്റെ ഇത്തിരി കടന്ന കുടിയാണ്. ഉറക്കത്തിലെങ്ങാനും അമ്മിഞ്ഞ അവന്റെ അവന്റെ വായില്‍ നിന്നും പോയാല്‍ പിന്നെ
അവിടെ മഴക്കാലത്തെ ചീവീടിന്റെ ഒച്ചയാണ്. ഉറക്കത്തില്‍ അവന്‍ തിരിയുമ്പോള്‍ അമ്മിഞ്ഞ അവന്റെ കൂടെ തിരിയാത്തതെന്താണ് എന്നാലോചിച്ച് ചില രാത്രികളില്‍ അവന്‍ നിര്‍ത്താതെ കരയും. പാവം എന്റെ ഭാര്യ, വേദനയാല്‍ പുളയാതിരിക്കാന്‍ അതു റബര്‍പാലുകൊണ്ടുണ്ടാക്കിയതല്ലല്ലോ, ഇതൊക്കെ വലിയുന്നതിനൊക്കെ ഒരു പരിധിയില്ലേ? അമ്മിഞ്ഞയില്‍ നിന്നു പിടി വിടുകയോ അല്ലെങ്കില്‍ കൂടുതല്‍ ഉറങ്ങുകയോ ചെയ്താല്‍ അവന്‍ ശടേന്നു വന്ന പോലെ മൂന്നാമതൊരെണ്ണം കൂടി വന്നാലത്തെ അവസ്ഥ
ആലോചിച്ചിട്ടാവാം. ചാച്ചക്കും അമ്മക്കും ഉത്തരവാദിത്വബോധം ഇല്ലെങ്കിലും അവനുണ്ടാവണമല്ലോ? അതായിരിക്കും പുതിയ കുടുംബാസൂത്രണം, മക്കള്‍ വഴി.
മറ്റുള്ളവര്‍ പിള്ളേരുടെ സമയത്തിനു അഡ്ജസ്റ്റ് ചെയ്ത് യാത്രകള്‍ പോലും ക്രമീകരിക്കുന്നത് കണ്ട് ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഒരിക്കലും പിള്ളേരുടെ സൌകര്യത്തിന് ഞങ്ങള്‍ പെരുമാറില്ല എന്ന്. വന്ന് വന്ന് ഇപ്പോള്‍ ഒരു മാസമായപ്പോളേക്കും അവരുടെ സമയത്തിനനുസരിച്ചായി കാര്യങ്ങള്‍. വൈകുന്നേരം ചാച്ച വന്നിട്ടു പുറത്തു പോകാനായി ഫ്ലാറ്റിലെ ഒറ്റമുറിയില്‍ ജയിലിലെ പോലെ കഴിയുകയല്ലേ? പാവങ്ങള്‍!, എന്റെ വീട്ടിലും അവളുടെ വീട്ടിലും മുറ്റത്തും പറമ്പിലും എല്ലാവരുടെയും കൊഞ്ചിക്കലുകള്‍ ഏറ്റുവാങ്ങി
നടന്നിരുന്ന പിള്ളേരാ. ഇവിടെ ഇങ്ങനെ ജയിലിലായത്. ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരുന്ന് ബ്ലോഗിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ വന്നതോടെ ബ്ലോഗ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തവനെ പോലെയായി. ക്രിക്കറ്റ് ടീം ഒക്കെ എപ്പോളേ എന്നെ മറന്നു.
അതെങ്ങനെയാ, എന്നു കുടുംബം വന്നാലും കെട്ടിയെടുക്കും ഞങ്ങളുടെ ഒരു ഓവര്‍സീസ് ഐ റ്റി ഡയറക്ടര്‍. കുടുംബമായി ജീവിക്കുന്നതിന്റെ പ്രയാസങ്ങള്‍ അറിയാത്ത തെണ്ടി. പണ്ടാരക്കാലനെ ഏതെങ്കിലും ഒരു കോന്തി വന്ന് വേഗന്നു ഒന്നു കെട്ടിവരിയാന്‍ അനുഗ്രഹിക്കണേ എന്റെ പൊന്നു മദ്യപരദേവതകളേ...അയാള്‍ വന്നാല്‍ പിന്നെ ഇത്രയും കാലം ചൊറികുത്തിയിരുന്നതിന്റെ മുഴുവന്‍ കേടും തീര്‍ത്ത് പണിയോട് പണി. ഈ
പ്രാവശ്യം രണ്ടാഴ്ചക്കു വന്നവന്‍ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. അതും വെള്ളിയാഴ്ച പോലും ഒഴിവില്ലാതെ രാത്രി വരെ. ഞാന്‍ കൂട്ടിനെങ്കിലും ഇരുന്നില്ലെങ്കില്‍ എന്നെ ജോലീന്നെങ്ങാനും പിരിച്ചു വിട്ടാലോ?
ഇന്നലെ ഭാര്യയുമായി ഒന്നു സല്ലപിക്കാന്‍ കാത്തിരുന്നത് വെളുപ്പിനെ മൂന്നു മണി വരെ. മിക്കവാറും കാത്തിരുന്ന് ഞങ്ങളില്‍ ആരെങ്കിലും ഉറങ്ങിപോവുകയും ഉറങ്ങിക്കിടക്കുന്ന മറുഭാഗത്തെ നോക്കി നെടുവീര്‍പ്പെടുകയും ചെയ്യാനായിരുന്നു ഞങ്ങളുടെ വിധി. രാവിലെ എന്തായാലും ഇത്തിരി താമസിച്ചു പോകാം എന്നു കരുതിയപ്പോള്‍ കോക്കുച്ചേട്ടന്‍ ആറുമണിക്കേ ചീവീടായി അലാറം അലറിയടിച്ചു. പാവം ഭാര്യ, അവള്‍ തളര്‍ന്നുറങ്ങുന്നു. ഞാന്‍ ഡ്യൂട്ടി ഏറ്റെടുത്തു. വെറുതെയല്ല, ക്രിക്കറ്റ് കാണുകയും ചെയ്യാമല്ലോ. കറിയാച്ചന്‍ ഇടക്കെണീക്കുമ്പോള്‍ വീണ്ടും ഉറക്കാന്‍ കൊടുക്കാനായി ഒരു ടാങ്ക് പാലും റെഡിയാക്കി.
പാവം, അവള്‍ ഇത്തിരി നേരം കിടന്നുറങ്ങട്ടെ. രാവിലെ കോക്കു ഭയങ്കര ഊര്‍ജസ്വലനാണ്. എന്തിനാ രാവിലെ, ഫുള്‍ ടൈം ഊര്‍ജസ്വലനല്ലേ? ഒരു തരത്തില്‍ നീറും ചീവീടും ചേര്‍ന്ന ഒരു കൊച്ചു തെമ്മാടി.
എങ്കിലും നല്ല രസമാ കൊഞ്ചിക്കാനൊക്കെ. കറിയാച്ചന്‍ ശരിക്കും പാവമാ. രാവിലെ മിക്കവാറും ചിരിച്ചോണ്ട് ഒരു കൊച്ചു നാണത്തോടു കൂടിയാണ് പുള്ളിക്കാരന്‍ എണീറ്റു വരിക. പാലു എത്ര വേണമെങ്കിലും കുടിച്ചോളും, ഖരമായുള്ളത് ഒന്നും കഴിക്കില്ല. എന്നാല്‍ വെളിയില്‍ ഇറങ്ങിയാല്‍ ആരെങ്കിലും കഴിക്കുന്നിടത്തു പോയി നോക്കി നില്‍ക്കുന്നതു കണ്ടാല്‍ ആരും എന്തെങ്കിലും കൊടുത്തു പോകും. ഒരു ദിവസം ക്രിക്കറ്റു കളിക്കാന്‍ ഇന്‍സ്പോര്‍ട്സ് ക്ലബില്‍ വന്ന ഡാന്‍യൂബിന്റെ കളിക്കാരുടെ മട്ടണ്‍
ബിരിയാണി ഒരു പ്ലേറ്റ് ആണ് ഇഷ്ടന്‍ അടിച്ചത്. അടുത്തയാഴ്ച ഹോട്ടലില്‍ നിന്നും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന സൂപ്പര്‍ മട്ടണ്‍ ബിരിയാണി അവന്‍ തൊട്ടു നോക്കിയില്ല. സമയമുണ്ടായിരുന്നെങ്കില്‍ പുറത്തൊക്കെ കൊണ്ടുപോയി കഴിപ്പിക്കാമായിരുന്നു.
കോക്കു കൊഞ്ചല്‍ ഒക്കെ ഇത്തിരി കുറച്ചു അമ്മ കിടക്കുന്ന ഭാഗത്തേക്ക് ഇത്തിരി കോണ്‍സെന്റ്രേറ്റ് ചെയ്യാന്‍ തുടങ്ങി. നല്ല വിശപ്പുകാരനാ, എന്തേലും ഉണ്ടാക്കി കൊടുത്തില്ലേല്‍ എന്നെ പിടിച്ചു തിന്നു കളയും. എന്നാല്‍ അതൊട്ടു ശരീരത്തില്‍ കാണാനും ഇല്ല. മൊത്തം ഊര്‍ജ്ജമായി പോവുകയായിരിക്കും. അടുക്കളയില്‍ കയറി ഇത്തിരി ബ്രഡും ബട്ടറും എടുത്തു, ഒരു ഏത്തക്കായും. അതു കൊണ്ടുവന്നപ്പോളേ പിടയെ കണ്ട കോഴിപ്പൂവന്‍ ചിറകടിക്കുന്ന പോലെ കൈ തുടക്കിട്ടടിച്ച് അവനെത്തി. അവന്‍ പിന്നെ എന്നാ വേണമെങ്കിലും തിന്നോളും. ഇടക്ക് ടിവിയില്‍ ഒരു ക്യാച്ച് എടുത്തതിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ ഏത്തക്കായുടെ തൊലിയും കൂടി ചെക്കന്‍ തിന്നു. അട്ടയും കോഴിത്തീട്ടവും ഒക്കെ എടുത്തടിക്കുന്ന പിള്ളേരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവന്‍ ആ ടൈപ്പ് ആകാനാണ് സാധ്യത.
പണ്ടോക്കെ പിള്ളേര്‍ റേഡിയോയില്‍ തൊടുകയാണെങ്കില്‍ ഇവന്‍ പാട്ടുകാരനാവും, പറമ്പില്‍ നടക്കുകയാണെങ്കില്‍ കൃഷിക്കാരനാകും എന്നൊക്കെ പറയുന്നപോലെയാണെങ്കില്‍ ഇവന്‍ തീര്‍ച്ചയായും മുന്‍സിപ്പാലിറ്റി ജോലിക്കാരനാകും. എഴിന്നേറ്റ് നടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വീട്ടിലെ വേസ്റ്റ് ബോക്സ് തപ്പുകയാണ് ഏറ്റവും താല്പര്യമുള്ള ജോലി. ബാത്തുറൂമില്‍ കയറിയാല്‍ ക്ലോസറ്റ് കഴുകുന്ന ബ്രഷിന്റെ
അടുത്തേക്കാണ് ആദ്യം പോവുക. ദൈവമേ... ഇവനെ പഠിപ്പിക്കാന്‍ വിടണോ ആവോ? എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അവന്‍ വയറ്റിലുണ്ടായിരുന്നപ്പോള്‍ നടക്കാനിറങ്ങുമ്പോള്‍ എപ്പോളും ഞാന്‍ വേസ്റ്റുബോക്സിന്റെ അടുത്തോടെയാണ് ഭാര്യയെ നടത്തുന്നത് എന്ന് അവള്‍ പരാതി പറയുമായിരുന്നു. അവര്‍ ആ സമയത്ത് ഒത്തിരി സെന്‍സിറ്റീവ് ആണല്ലോ മണത്തിനോട്. അങ്ങനെയാണെങ്കില്‍ കറിയാച്ചനെ വയറ്റില്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ കൂടുതലും ബാറിന്റെ അടുത്തുകൂടി നടന്നിരിക്കാനാണ് സാധ്യത. ഇന്നലെയും ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ അവന്‍ വന്നു. പിള്ളേരെ കൊതിപ്പിച്ചു നമ്മള്‍ അടിച്ചാല്‍ അവര്‍ക്ക്
അതിനോടൊരു പ്രതിപത്തി മനസില്‍ കാണുമെന്ന് എന്റെ അനുഭവം തന്നെ എന്നെ പഠിപ്പിച്ചതിനാല്‍ ഞാന്‍ അവനു കൊതി തോന്നുമ്പോള്‍ ഒരു കവിള്‍ കൊടുക്കും. അവന്‍ അതു മുഖം ചുളിച്ച് കുടിച്ചേച്ചു പോകും, പിന്നെ കുറേ നാളത്തേക്ക് ചോദിക്കില്ല. പക്ഷെ കഴിഞ്ഞ രണ്ടുമൂന്നു തവണയായി അവന്‍ മുഖം അത്ര ചുളിക്കാറില്ല. ഇന്നലെ രാത്രി ഭാര്യ പറഞ്ഞു, ഇനി മിക്കവാറും സ്കൂളില്‍ പോകുമ്പോള്‍ മകന് പാലിനു പകരം ബക്കാര്‍ഡി റം കൊടുത്തു വിടണമായിരിക്കും എന്ന്. ഞാന്‍ ആലോചിച്ചു നോക്കി. ബിസ്കറ്റുവേണോ
എന്നു ചോദിക്കുന്ന ടീച്ചറോട് “ഓ അതൊന്നും വേണ്ട, വല്ല അച്ചാറോ മീന്‍ ചാറോ ഉണ്ടെങ്കില്‍ താ” എന്നു പറയുന്ന കറിയാച്ചന്റെ മുഖം. ഇനി മേലില്‍ കുടിക്കാതിരിക്കാം എന്ന് എല്ലാ വാളിന്റെയും പിറ്റേദിവസം മനസിലെടുക്കുന്നപോലെ ഒന്നു കൂടി തീരുമാനിച്ചു.
ഭാര്യ എണീറ്റു. തൊണ്ടവരെ ബ്രെഡും ഏത്തപ്പഴവും അടിച്ചു കേറ്റിയ കോക്കു അമ്മയെ കണ്ടപ്പോള്‍ അമ്മിഞ്ഞാക്കു പോയി പിന്നേം. എല്ലാരും പറയും പിള്ളേരു കഴിക്കുന്നതിനു പറഞ്ഞാന്‍ പിന്നെ അവര്‍ കഴിക്കില്ലാന്ന്. ഒരു കാര്യവുമില്ല. നമ്മളു പറഞ്ഞില്ലേലും രണ്ടാം വയസുമുതല്‍ നെഗറ്റീവ് സ്വഭാവം കാണിക്കുമ്പോള്‍ പിള്ളേരു കഴിക്കാതാവും. അപ്പോള്‍ നമ്മള്‍ പറയും നമ്മുടെ ശത്രുക്കല്‍ പിള്ളേരുടെ കഴിപ്പുകണ്ട് പറഞ്ഞിട്ടുണ്ടാവും എന്ന്. കറിയാ ഉറക്കത്തില്‍ തന്നെ ആയിരുന്നകൊണ്ട് കോക്കുവിന്റെ കറവ കഴിഞ്ഞപ്പോള്‍ ഭാര്യ അടുക്കളയില്‍ കയറി. ഞാന്‍ പതുക്കെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ
നടത്തി.
രാവിലെ പ്രാതല്‍ ആയി പുട്ടും ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട ബുള്‍സൈ ()തുടങ്ങിയ സൈഡ് ഐറ്റംസുമായി ഇരുന്നപ്പോള്‍ കോക്കു വന്ന് എന്റെ പാത്രത്തിലും കൈയിട്ടു, ഭാര്യ ചൂടായി അവനോട്. ഭാര്യക്കു ഈയിടെ ഇത്തിരി ദേഷ്യം കൂടുന്നു, ഉറക്കക്കുറവും എന്റെ തിരക്കും കാരണമായിരിക്കും. ഞാന്‍ പറഞ്ഞു പിള്ളേരെ നമ്മള്‍ ടാക്കിള്‍ ചെയ്യണം. ഉദാഹരണത്തിനു ഞാന്‍ കഴിക്കാനിരിക്കുമ്പോള്‍ അവളോട് പറയും കറിയാച്ചന്
കൊടുക്കണ്ടാ എന്ന്. അപ്പോള്‍ കറിയാച്ചന് കഴിച്ചേ പറ്റൂ എന്ന വാശി. അതുപോലെ നമ്മള്‍ ബുദ്ധിപരമായി വേണം പിള്ളേരുടെ അടുത്ത് കാര്യങ്ങള്‍ നടത്താന്‍. അവള്‍ പറഞ്ഞു ശ്രമിക്കാമെന്ന്.
രാവിലെ ഇല്ലാത്ത സമയത്ത് ഷര്‍ട്ട് തേച്ചു. തേപ്പിച്ചു വച്ചിരുന്ന ഷര്‍ട്ട് എല്ലാം തിര്‍ന്നു. അതിനു കൊണ്ടുക്കൊടുക്കാന്‍ പോലും സമയം ഇല്ല. എന്തൊരു തിരക്കാണോ? ഇനി ആ കാലന്‍ ഒന്നു പോയിട്ടു വേണം എല്ലാം ശരിയാക്കാന്‍. അപ്പോളാണ് കോക്കുവിന് ഷര്‍ട്ട് ചുളുക്കണം. ഭാര്യക്കു ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, മോളേ.. നമ്മള്‍ ബുദ്ധിപരമായി നീങ്ങണം. ഞാന്‍ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു. “മോനേ..ചാച്ചക്ക് ഇടാന്‍ വേറെ ഷര്‍ട്ടില്ല കേട്ടോ, അമ്മക്കാണേല്‍ തേക്കാനും സമയമില്ല. എന്റെ മോന് തുണിയില്‍ കളിക്കണേല്‍ എന്റെ മുഷിഞ്ഞ ഷര്‍ട്ടു തരാം“ എന്നു പറഞ്ഞ് അവന് പഴയ ഒരെണ്ണം കൊടുത്തു. അവന്റെ മാറ്റം ഭയങ്കരം ആയിരുന്നു. അവന്‍ ആ മുഷിഞ്ഞ ഷര്‍ട്ട് എടുത്ത് ഭാര്യ മടക്കിവെക്കുന്നതു കണ്ടിട്ടാവണം, മടക്കിവെക്കാന്‍ ശ്രമിക്കുന്നു. ഭാര്യയുടെ മുഖത്ത് എന്റെ കെട്ടിയോന്റെ ഒരു ബുദ്ധിയേ എന്ന ഭാവം. എന്റെ മുഖത്ത് ഒരു ഗംഭീര ഭാവം. മിടുക്കന്‍ എന്നു പറഞ്ഞ് ഭാര്യ അവനു ഒരുമ്മ കൊടുത്തു. അവന്‍ സന്തോഷത്തോടെ
ചിരിച്ചു കൊണ്ട് ഓടി. അവന്റെ മുഖത്തെ കഴിച്ചതിന്റെ ബാക്കി കൊണ്ടുപോയി തുടച്ചിട്ട് വീണ്ടും ഉമ്മക്കായി വന്നു. തുടച്ചത് എന്റെ തേച്ചു വെച്ച ഷര്‍ട്ടിലാണെന്നു മാത്രം.
7 comments:
നാലഞ്ച് പോസ്റ്റിടാനുള്ളത്ര വിശേഷങ്ങളാണല്ലോ ഓരോ ദിവസവും നടക്കുന്നത്..!!!!..
-- വേർഡ് വെരിഫിക്കേഷൻ എടുത്ത് കളഞ്ഞാൽ നന്നായിരുന്നു..
Oru Cinema undakkanulla visheshaangal thankalude veettil oru divasam nadakkunnu...enthayalum kokkuvinte vishamangal ingane kadha aakkaruthe... ethra pavama ente kariyachan....
സുഹുത്തേ,
നീളം കാരണം വായിക്കാന്‍ മടിച്ചതാ..
പിന്നെ വായിച്ചു തുടങ്ങിയപ്പോള്‍ ഒറ്റൊഴുക്കല്ലയിരുന്നോ അവസാനം വരെ.ഇതൊക്കെതന്നെയാ ഗതി! ഞങ്ങള്‍ ഉറങ്ങുന്നോ എന്ന് കുട്ടികളും കുട്ടികള്‍ ഉറങ്ങുന്നോന്ന് ഞങ്ങളും:)
ഈ ... വാഴക്കാവരയന്‍ എന്ന് ഒക്കെ എങ്ങനാ സുഹ്രുത്തേ വിളിക്കുക. പേര് വെളിപ്പെടുത്ത്:)
Ottayirippinu vaayichu, allathe pinne!!!!!
കലക്കി.. ട്ടോ...
പാവം കോക്കു...
കൊള്ളാം........
നന്നായിട്ടുണ്ട്.....
ആശംസകള്‍...*
huh... interesting style..
Post a Comment