ഞാനൊരു പാവം പാലാക്കാരന്‍

എന്തൊക്കെയോ ഓര്‍മ്മകള്‍

>> Tuesday, April 27, 2010

അങ്ങനെ നാലു ദിവസത്തെ അവുധിക്കായി നാട്ടില്‍ ചെന്നു. എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ കറിയാച്ചനും കോക്കുവും ചാച്ചയെ സ്നേഹം കൊണ്ടു സന്തോഷിപ്പിച്ചു, ഏതൊരു അച്ഛനും കൊതിയുണര്‍ത്തുന്ന മക്കള്‍. വെളുപ്പിന് അഞ്ചരക്ക് തന്നെ വീട്ടിലെത്തി, രാത്രിയില്‍ ഉറങ്ങാത്തതല്ലേ, പിള്ളേര്‍ ഉറങ്ങുമ്പോള്‍ ഭാര്യയെ സ്നേഹിക്കാം എന്നു വിചാരിച്ചു. പക്ഷെ കോക്കുവിന്റെ സ്നേഹം വീട്ടില്‍ വന്നിട്ടും തീര്‍ന്നില്ല. ഒരു വൈക്ലബ്യത്തോടെ ഞാന്‍ വെളുപ്പാന്‍ കാലത്ത് വീടിന്റെ തിണ്ണയില്‍ ഇരുന്നു. അമ്മ ചോദിച്ചു കാപ്പി വേണോടാ? ഞാന്‍ പറഞ്ഞു, വിശക്കുന്നുണ്ട് ചോറായോ? നിന്റെ പാവക്കാ തോരന്‍ ഒക്കെ റെഡി ആണ്, പക്ഷെ ചോറ് പത്തിരുപത് മിനുറ്റെടുക്കും. ഭയങ്കര വിശപ്പാണേല്‍ പുട്ട് ഉടനേ തരാം. എന്നാല്‍ തരാന്‍ പറഞ്ഞു. അമ്മ പറഞ്ഞു, വല്യമ്മ തീരെ സുഖമില്ലാതെ കിടപ്പിലാണ്. എപ്പോളാ എന്നറിയില്ല, നീ രാവിലെ തന്നെ പോയി കണ്ടിട്ടു വാ.

പഴം വേണ്ടെന്നു പറഞ്ഞ് പാവക്കാ തോരനും എനിക്ക് തന്നു വിടാനായി ഉണ്ടാക്കിയ ചമ്മന്തിപ്പോടിയും ഇത്തിരി കൂട്ടി പുട്ട് തട്ടി. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അമ്മവീട്ടിലേക്ക് യാത്ര തിരിച്ചു, യാത്രയില്‍ മറ്റൊരു ചെറിയ പ്രതീക്ഷയും ഉണ്ട്. പിള്ളേരു ചിലപ്പോള്‍ ഉറങ്ങും. അമ്മവീട്ടില്‍ ചെന്നപ്പോളേക്കും കോക്കു ഉറങ്ങി. ചട്ടയും കവണിയും ഉടുത്ത് എന്നും സുന്ദരിയായി നടന്നിരുന്ന ഞങ്ങളും അമ്മ എന്നു വിളിച്ചിരുന്ന വല്യമ്മ അനക്കം പോലുമില്ലാതെ കട്ടിലില്‍ കിടക്കുന്നു. ശ്വാസം മാത്രമുണ്ട്, മുഖത്തിന് കുറച്ച് നീരും വെച്ചിട്ടുണ്ട്. എന്തായാലും വേദന അറിയുന്നില്ലായിരിക്കണം, അതു
തന്നെ ഭാഗ്യം. അധികം സമയം നിന്നില്ല, കോക്കു ഉണരുന്നതിനു മുമ്പ് വീട്ടില്‍ ചെല്ലണം. പക്ഷെ തിരിച്ചു വീട്ടില്‍ എത്തിയതേ കോക്കു ഉണര്‍ന്നു, പൂര്‍ണ്ണ സന്തോഷവാനായി.

ആദ്യത്തെ രണ്ടു ദിവസം ഓരോ കല്യാണങ്ങള്‍. മൂന്നാം ദിനം ഭാര്യവീട്ടില്‍. അമ്മായിഅപ്പനും അമ്മായിഅമ്മയും ഇത്തിരി നേരം ഞങ്ങള്‍ സൊറപറഞ്ഞിരുന്നോട്ടേ എന്നു വിചാരിച്ചാവും പുറത്തു പോയി. പക്ഷെ കോക്കു ആരാ മോന്‍, ഇനിയൊരു വാവ ഉണ്ടായാല്‍ എല്ലാം നഷ്ടമാവുന്നതവനല്ലേ. അഥവാ അവനുറങ്ങണമെങ്കില്‍ കറിയാച്ചനെ പ്രത്യേകം പറഞ്ഞേല്‍പ്പിക്കും. കറിയാച്ചനു പക്ഷെ ഒരു ബേബി ഗേള്‍ വേണമെന്ന് ചെറിയ ആഗ്രഹം കൂടി ഉണ്ട്.

നാലാം ദിനം, ഭാര്യയുടെ മുഖം പിരിയുന്ന പതിവു ദിനങ്ങളിലെ പോലെ ചുവന്നിരുന്നു. രാത്രിയില്‍ തിരികെ ദുബായിയിലേക്ക് പോരണം. നാലുമണിക്ക് അമ്മ പറഞ്ഞു, മോനേ ഉടനെ നിനക്ക് വരാന്‍ പറ്റുവോ? ഇല്ലെങ്കില്‍ അമ്മവീട്ടില്‍ പോയി അമ്മയോട് യാത്ര പറഞ്ഞിട്ട് പോക്കോളൂ.

വീണ്ടും അമ്മവീട്ടിലേക്ക്, അമ്മാവനുമായി നാട്ടു വര്‍ത്തമാനം പറഞ്ഞ് കുറച്ചു നേരം ഇരുന്നു. പിന്നെ പതിനെട്ടാം പടിയില്‍ പോയി ഇരുന്ന് ഇത്തിരി നേരം ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു.

കഥകളിലെ മുത്തശ്ച്ചിമാരെപോലെ മടിയില്‍ ഇരുത്തി കഥകള്‍ പറയുകയോ താരാട്ടു പാടുകയോ ഒന്നും ചെയ്തിരുന്നില്ല ഞങ്ങളുടെ വല്യമ്മ. ഒരുപക്ഷെ ഞങ്ങള്‍ അമ്മവീട്ടിലെ കാശു തീര്‍ക്കാനായി വന്ന ഒബ്നോഷ്യസ് വീഡ്സ് (ഹര്‍ഭജന്‍- ഹൈഡന്‍ ഫെയിം) ആയി മറ്റുള്ളവര്‍ കരുതുന്നുവെന്ന ഭയമായിരിക്കാം. അല്ലെങ്കില്‍ സ്നേഹം പുറമേ പ്രകടിപ്പിക്കാനറിയാത്ത പ്രകൃതമായതിനാലാവാം. വല്യമ്മ എന്ന ഓര്‍മ്മയില്‍ തന്നെ ആദ്യം വരുന്നത് തുടയിലൊരു വേദനയാണ്, നഖം കൊണ്ടല്ലാതെ വിരലുകള്‍കൊണ്ടുള്ളൊരു പ്രത്യേക നുള്ള്.

തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളേയും കൊണ്ടുപോകുമായിരുന്നു വല്യമ്മ. ചെമ്പരത്തി ഇലയും ഇഞ്ചയും ഇടിച്ചു പിഴിഞ്ഞ് ഒരു ബക്കറ്റിലാക്കി തോട്ടില്‍ പോയി ഒരു നീരാട്ടു കുളി വല്യമ്മേടെ ഒരു ഇഷ്ട പരിപാടി ആയിരുന്നു. ഇഞ്ച ചെറിയ നാരുകളാക്കി അതു ഇടിച്ച് പതം വരുത്തി ഞങ്ങള്‍ക്കും തേക്കാന്‍ തരുമായിരുന്നു വല്യമ്മ. വല്യമ്മേടെ പഴയ തുണി ചിലപ്പോളൊക്കെ മീന്‍ പിടിക്കാനും തരും. കുളിയൊക്കെ കഴിഞ്ഞ് വല്യമ്മ മുടിയൊക്കെ വിടര്‍ത്തിയിട്ട് പാറക്കല്ലില്‍ ഇരിക്കുമ്പോള്‍ ഞങ്ങളും കൂടെയിരിക്കും, കാലു വെള്ളത്തില്‍ ഇട്ട് കല്ലേമുട്ടിയുടെയും വാഴക്കാവരയന്റെയും ഒക്കെ ഇക്കിളിപ്പെടുത്തുന്ന കടി ആസ്വദിക്കാനായി.

വീടിന്റെ മുറ്റത്ത് മിക്കവാറും കാണും വല്യമ്മ, അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് കുരുത്തക്കേട് കാണിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരുന്നു. മുറത്തില്‍ അരിയോ ഗോതമ്പോ ഒക്കെ എടുത്തു കൊണ്ട് അല്ലെങ്കില്‍ ഉണങ്ങാനായി പരമ്പില്‍ ഇട്ടിരിക്കുന്ന കപ്പയോ കുരുമുളകോ ഒക്കെ ചിക്കുവാനായി അങ്ങനെ ആ വലിയ മുറ്റത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു തന്നെ കാണും വല്യമ്മ. അടുക്കളയിലാണെങ്കിലും കണ്ണ് മുറ്റത്തയിരിക്കും, കാരണം ഉണങ്ങാന്‍ വെച്ചിരിക്കുന്ന കൊപ്ര കാക്ക കൊണ്ടുപോകുന്നുണ്ടോ എന്നു നോക്കണം, കുരുമുളകും ജാതിപത്രിയുമൊക്കെ കോഴി കയറി ചികയാതെ നോക്കണം അങ്ങനെ എത്രയോ കാര്യങ്ങള്‍.

ഒരു മണിക്കൂറോളം ഉള്ള കുരിശുവരയുടെ സമയത്ത് അറിയാതെ ഉറക്കം തൂങ്ങുന്ന വല്യമ്മ. കിടക്കാന്‍ നേരം മിച്ചമുള്ള തണുത്ത പാല്‍ മുഴുവന്‍ ഒരു മൊന്തയിലാക്കി വലിയ വെട്ടു ഗ്ലാസുമായി കിടക്കരുകില്‍ വരുന്ന വല്യമ്മ. ആ പാല്‍ പാടയുള്‍പ്പെടെ അടിച്ചു കേറ്റുന്ന എന്നോട് വാ കഴുകിയിട്ട് കിടക്കാന്‍ പറയുന്ന വല്യമ്മ. ആങ്ങളമാരായിരുന്ന പാപ്പുവും കുഞ്ഞമ്മനും വരുമ്പോള്‍ കൊതിയോടെ വാര്‍ത്തകള്‍ കേട്ടിരുന്ന വല്യമ്മ.

അകത്തുള്ള മുറിയില്‍ ഒരു കട്ടിലില്‍ പുതച്ചു കിടക്കുന്ന വല്യമ്മയെ കാണാന്‍ കയറി. കണ്ണുകളടച്ച് ഒരു സൈഡിലേക്ക് തലവെച്ച് കിടക്കുന്ന വല്യമ്മ. വെളുത്ത നിറത്തില്‍ സുന്ദരിയായിരുന്ന അമ്മക്കിപ്പോള്‍ ഇരുണ്ട നിറം, ചുക്കി ചുരുണ്ട തൊലികള്‍. ട്യൂബിലൂടെ ഭക്ഷണം, മറ്റൊരു ട്യൂബിലൂടെ വിസര്‍ജ്യങ്ങള്‍. ഒരേ കിടപ്പു കാരണം പുറത്തെ തൊലി പൊളിയാന്‍ തുടങ്ങിയത്രെ. അതിനായി എണ്ണ ഒക്കെ തേല്‍പ്പിച്ച് തിരിച്ചു കിടത്തും. ഒന്നും അറിയാതെ കണ്ണുകള്‍ ഇറുക്കിയടച്ച് ഒരു സൈഡിലേക്ക് തലവെച്ച് വല്യമ്മ കിടക്കുന്നു.

എല്ലാ തറവാട്ടിലെയും സ്ഥിതി തന്നെ ഇവിടെയും. കാര്‍ന്നവന്മാരുടെ വീതം സ്ഥലവും മറ്റും അനുഭവിക്കുന്നവര്‍ അവരെനന്നായി നോക്കേണ്ടതാണെന്നും അതവര്‍ ചെയ്യുന്നില്ലെന്നും, അല്ല അതു ചെയ്യുന്നുണ്ടെന്നും ഒക്കെ രഹസ്യ വാദങ്ങള്‍ ഉള്ളവരുണ്ടെങ്കിലും പുറമേ എല്ലാം സൌഹാര്‍ദപരം. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവനു തന്നെ വയസാകുമ്പോള്‍ കിട്ടും എന്നു വിശ്വസിക്കാന്‍ എനിക്കിഷ്ടം. ഇന്നു നമ്മുടെ മാതപിതാക്കളെ നമ്മള്‍ നോക്കിയാല്‍ നമുക്കു വയസാകുമ്പോള്‍ മക്കള്‍ നമ്മളെ കാണാന്‍ എങ്കിലും വരുമായിരിക്കും.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ പിടിച്ചിരുന്ന വല്യമ്മയുടെ വയറ്റിലെ ഒരു മാര്‍ദ്ദവമുള്ള ഒരു കുരു ഇപ്പോളുമുണ്ടോ എന്നു നോക്കാന്‍ തോന്നി. എല്ലാരും നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനാ അതൊന്നു നോക്കുക? ചെവിയുടെ അടുത്ത് ചെന്ന് ഞാന്‍ വിളിച്ചു, അമ്മേ.. ഇതു ഞാനാ... കണ്ണു തുറന്നേ അമ്മേ..

വല്യമ്മ കണ്ണു തുറന്നില്ല, ഒരു അനക്കം പോലും കണ്ടുമില്ല. മക്കളും കൊച്ചുമക്കളും ഒക്കെയായി ഒത്തിരി പേര്‍ ഉണ്ടെങ്കിലും ഞങ്ങളായിരിക്കില്ലേ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ കൂടെ നിന്നവര്‍? ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞ് ഒരു ഉമ്മ കൊടുത്തു. മനസിലെങ്കിലും അമ്മ അറിഞ്ഞിരിക്കുമോ എന്റെ ഉമ്മ?

ഇനിയൊരിക്കലും കാണില്ലായിരിക്കാം എന്നു മനസു പറഞ്ഞു. വേഗന്നു തന്നെ യാത്ര പറഞ്ഞിറങ്ങി.
വണ്ടിയില്‍ വെച്ച് മൂകനായിരുന്ന എന്നോട് ഭാര്യ ചോദിച്ചു, വാഴക്കാവരയനെന്താ വല്യമ്മയെ ഒത്തിരി
ഇഷ്ടമായിരുന്നോ? അറിയില്ല മോളേ എന്നു ഞാന്‍ പറഞ്ഞു. എന്തൊക്കെയോ ചില നഷ്ടബോധം മനസില്‍ കിടക്കുന്നു. ഇനി ഈ വീടു തന്നെ എനിക്കന്യമാവുകയാണോ? ഇനിയിപ്പോള്‍ ആകെ ഒരു മാനസിക അടുപ്പം അമ്മാവനോടാണ്. എന്നാലും എന്തൊക്കെയോ ചില അകല്‍ച്ചകള്‍ ഉള്ള പോലെ തോന്നുന്നു. ഞങ്ങളുടെ വീട് എന്ന ബോധം ഇപ്പോളും ഉണ്ടെങ്കിലും മറ്റാരോ അത് ഉപയോഗിക്കുന്ന പോലെ തോന്നും അവിടെ ചെല്ലുമ്പോള്‍.

തിരിച്ചു ദുബായില്‍ എത്തി. ഉച്ചയായപ്പോളേ വാര്‍ത്ത എത്തി, വല്യമ്മ മരിച്ചു. കരച്ചില്‍ വന്നില്ല. ഞാനിപ്പോള്‍ ക്രൂരന്‍ ആയോ? പക്ഷെ സിനിമയൊക്കെ കാണുമ്പോള്‍ കരച്ചില്‍ വരാറുണ്ട്, പിന്നെയെന്താണ് മനസില്‍ ഒരു വിഷമം ഇല്ലാത്തത്? എനിക്ക് വല്യമ്മയോട് ദേഷ്യം ആണോ ശരിക്കും മനസില്‍?

പെങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അത്ര വിഷമമൊന്നും തോന്നുന്നില്ല, ഒരു പക്ഷെ നല്ലതിനെക്കാള്‍ കൂടുതല്‍ ഒരു പക്ഷെ ചീത്ത കാര്യങ്ങള്‍ മനസില്‍ ആദ്യം വരുന്നതിനാലാവാം എന്ന്. എനിക്കിപ്പോള്‍ എല്ലാവരോടും പകയാണെന്നാ തോന്നുന്നേ. അവള്‍ പറഞ്ഞു, നിനക്കോര്‍മ്മയുണ്ടോ പണ്ട് വീട്ടില്‍ ആരും ഇല്ലായിരുന്ന സമയത്ത് മൂന്നു മുട്ട വെച്ച് നമുക്ക് ഓരോരുത്തര്‍ക്കും ഓം ലെറ്റ് ഉണ്ടാക്കി തന്നത്? ഓര്‍ക്കുന്നില്ലേ എന്നിട്ട് ഇതെന്താ അമ്മേ എന്ന് ചോദിച്ചപ്പോള്‍ ആരും ഇല്ലാത്തപ്പോളല്ലേടാ തരാന്‍ പറ്റൂ എന്നുപറഞ്ഞത്?

പേടിയായിരുന്നു വല്യമ്മക്ക്, സ്നേഹിക്കാന്‍ പോലും. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാവാം ഒരുപക്ഷെ ഞങ്ങളോട് സ്നേഹം കാട്ടാതിരുന്നത്. മുട്ടില്‍ കുത്തി നിന്ന് ഞാന്‍ ചൊല്ലി ഒരു മരിച്ച വിശ്വാസികളുടെ പ്രാര്‍ഥന, കൂടെ രണ്ട് കണ്ണുനീര്‍ മുല്ലമൊട്ടുകളും.

6 comments:

Ashly April 27, 2010 at 3:14 PM  

paavam !:(

ഒഴാക്കന്‍. April 27, 2010 at 4:06 PM  

kashttam!

എറക്കാടൻ / Erakkadan April 27, 2010 at 6:51 PM  

ആ നല്ല വല്ല്യമ്മ അടുത്ത ജന്മത്തിലും വാഴക്കാവരയന്റെ വല്യമ്മയായി തീരട്ടെ..ഇതു പോലെ സ്നേഹത്തോടെ.......ആത്മാവിനു നിത്യശാന്തി നേരുന്നു.

കൂതറHashimܓ April 28, 2010 at 1:19 PM  

എനിക്ക് സങ്കടായി, സങ്കടപെടുത്തുന്ന വിവരണം.. :(

ശ്രീ April 28, 2010 at 2:07 PM  

നല്ല പോസ്റ്റ്.

"ഇന്നു നമ്മുടെ മാതപിതാക്കളെ നമ്മള്‍ നോക്കിയാല്‍ നമുക്കു വയസാകുമ്പോള്‍ മക്കള്‍ നമ്മളെ കാണാന്‍ എങ്കിലും വരുമായിരിക്കും"

അതു തന്നെ.

ചേച്ചിപ്പെണ്ണ്‍ April 29, 2010 at 10:49 AM  

sankadam ...!!1


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP