ഞാനൊരു പാവം പാലാക്കാരന്‍

പെണ്ണുകാണല്‍ - കുട്ടപ്പായി കഥകള്‍ 7

>> Monday, June 28, 2010

അങ്ങനെ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് പൈകയിലെ പ്ലാവുകളില്‍ ചക്കകള്‍ കായ്ക്കുകയും പഴുക്കുകയും ചക്കക്കുരു വീണ് പുതിയ പ്ലാവിന്‍ തൈകള്‍ ഉണ്ടാകുകയും ചെയ്തു. ആ കുത്തൊഴുക്കില്‍ പെട്ട് കുട്ടപ്പായിയും ചക്കയെയും ചക്കക്കുരുവിനെയും കുറിച്ച് ആലോചിക്കുകയും ക്രമേണ കല്യാണത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. വീട്ടുകാര്‍ ആലോചന തുടങ്ങി. ആറടിയില്‍ കൂടുതല്‍ പൊക്കം, സഞ്ജയ്‌ ദത്തിന്റെ മാതിരി ആരെയും പിടിച്ചു വലിക്കുന്ന കണ്ണുകള്‍ , മമ്മൂട്ടിയുടെ കണക്ക്‌ ത്രികോണെ ത്രികോണെ എന്നമാതിരി നടപ്പ്‌, പിന്നെ സുമുഖന്‍ , സുന്ദരന്‍ , ഒറ്റപുത്രന്‍ , ആവശ്യത്തിന് സമ്പത്ത്‌ അങ്ങനെ ഏതൊരു പെണ്ണും സ്വപ്നം കാണുന്ന ഒരു ആലോചന. പക്ഷെ പയ്യനെക്കുറിച്ച് പൈകയില്‍ അന്വേഷിച്ചാല്‍ "വൈകിട്ടെന്താ പരിപാടി" എന്ന മോഹന്‍ ലാല്‍ ഏതോ പരസ്യത്തില്‍ ചോദിക്കുന്നപോലെ നല്ല തന്കപെട്ട സ്വഭാവം എന്ന്‍ നാട്ടുകാര്‍ പറയുന്ന കാരണം കുട്ടപ്പായി ഒത്തിരി ലഡു തിന്നു. നാട്ടിലെ ഏതൊരു തെണ്ടിയും ചെയ്യുന്ന പോക്രിത്തരത്തിനു മുഴുവന്‍ പണ്ട് പേര് കിട്ടിയത്‌ കുട്ടപ്പായിക്ക്‌. കാര്യം എന്നെക്കാള്‍ ഇത്തിരി പ്രായക്കൂടുതല്‍ ഉണ്ടെങ്കിലും എന്റെ സൌന്തര്യ സങ്കല്പത്തിലെ നിഷ്കളന്കയും നിര്‍മ്മലയും സുശീലയും ആയിരുന്ന സിനിമാനടി പാര്‍വതിയെക്കുറിച്ച് എന്റെ കൂട്ടുകാരന്‍ ജോണി മോശമായി പറഞ്ഞപ്പോളും ഞാന്‍ വെറുത്തത് കുട്ടപ്പായിയെ, ആ അപസര്‍പ്പക കഥയിലും വില്ലനായ നായകന്‍ കുട്ടപ്പായി ആയിരുന്നു. ഉണ്ട് കഴിഞ്ഞാന്‍ കൈ കഴുകണമല്ലോ എന്നോര്‍ത്ത്‌ ഭക്ഷണം വേണ്ട എന്ന് വെക്കുന്ന കുട്ടപ്പായി കൈ കഴുകേണ്ടി വന്നാലോ എന്ന് വിചാരിച്ച് പാര്‍വതിയെ കുറിച്ച് മനസ്സില്‍ പോലും ആലോചിച്ചു കാണില്ല. പക്ഷെ ജോസ് പ്രകാശും ഉമ്മറും ടി ജി രവിയും ഒക്കെ ബെന്‍സും സ്യുട്ടും പൈപ്പും ഒക്കെ വെച്ച് നില്‍ക്കുമ്പോള്‍ പാവം നസിറും മധുവുമൊക്കെ കൂലിപ്പണിക്കാരായിരുന്നല്ലോ. കുട്ടപ്പയിക്കിഷ്ടം ബെന്‍സും സ്യുട്ടും പൈപ്പും ഒക്കെതന്നെയായിരുന്നു. അന്നത്തെ സിനിമകളുടെ അവസാനം കുട്ടപ്പായി കാണാറില്ലായിരുന്നു, കാരണം അവസാനം വരെ ജയിച്ചു നില്‍ക്കുന്നത്‌ ആ സുന്ദര വില്ലന്മാര്‍ അല്ലേ?. അങ്ങനെ തന്റെ പേരില്‍ ചര്ത്തികിട്ടുന്ന വെടിയുടെയും ബാലല്സംഗത്തിന്റെയും ഉത്തരവാതിത്വം ഒരു അലന്കാരമായി കുട്ടപ്പായി കണ്ടു പോയി. മറ്റുള്ളവര്‍ തന്നെ ചെറിയ ഭീതിയോടെ നോക്കുന്നത് കുട്ടപ്പായി ആസ്വദിച്ചു, ത്രസിച്ചു നില്‍കുന്ന മാറിടത്തില്‍ പതിയുന്ന പുരുഷന്മാരുടെ നോട്ടം ഉള്ളില്‍ ആസ്വദിക്കുന്ന കൌമാരക്കാരിയെപോലെ. അങ്ങനെ കുട്ടപ്പായി ലഡു കാര്യമായി കഴിച്ചു എങ്കിലും നാട്ടുകാര്‍ക്കിത്തിരി ഭക്ഷണം കൊടുക്കാന്‍ സാധിച്ചില്ല. പക്ഷെ അപ്പന്മാര്‍ അന്വേഷിച്ചു കുട്ടപ്പായിയുടെ തങ്കപ്പെട്ട സ്വഭാവത്തില്‍ തട്ടിപ്പോയ പല കേസുകളിലെയും പെണ്ണുങ്ങള്‍ പിന്നീടു കുട്ടപ്പായിയെ വിളിച്ച് ലഡുവിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. അല്ലെങ്കിലും ഖല്‍ നായിക്കിലെ സഞ്ജയ്‌ ദത്തിനെ അല്ലെ പെണ്ണുങ്ങള്‍ നെഞ്ചിലേറ്റിയത്? അങ്ങനെ ദേവാസുരത്തിലെ മോഹന്‍ ലാലിനെ ഒക്കെ ആരാധിച്ച് കുട്ടപ്പായി സധൈര്യം ലഡു തീറ്റ തുടര്‍ന്നു പോന്നു.

അങ്ങനെ ഞാന്‍ ഒരു അവുധിക്ക് നാട്ടില്‍ വന്ന സമയം, കാര്യം അവിവാഹിതനെന്കിലും തന്നെക്കാള്‍ സൌന്ദര്യം കുറഞ്ഞവരെ പെണ്ണുകാണാന്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോകാം എന്ന തത്വത്തില്‍ വിശ്വസിച്ചായിരിക്കാം കുട്ടപ്പായി എന്നെയും വിളിച്ചു ഒരു പെണ്ണ് കാണാന്‍ കൂട്ടിന്. ഞാന്‍ നോക്കിയപ്പോള്‍ എന്റെ പെണ്ണു കാണല്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുമ്പ്‌ ഇതൊന്നു മനസിലാകാനുള്ള അവസരവും. പെരുവന്താനത്തുള്ള ഒരു അമേരിക്കന്‍ നഴ്സിനെ കാണാന്‍ ഞങ്ങള്‍ രണ്ടുപേരും യാത്രയായി.

അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഒക്കെ വന്ന പെങ്ങന്മാരുടെ കൂടെ തകര്‍ത്തു വാരി പോയി കണ്ട പെണ്ണുങ്ങളുടെ ഒന്നുരണ്ടു വീടുകള്‍ ഒക്കെ പോയ വഴിക്ക്‌ കുട്ടപ്പായി കാണിച്ചു തന്നു. അങ്ങനെ ആര്‍ഭാടമായി നടന്ന ഒരു കാലം, അവരുടെ അവുധി ലഡു തിന്നു തീര്‍ന്നത് മിച്ചം. കുട്ടിക്കാനം എത്തിയപ്പോള്‍ നല്ല കോടമഞ്ഞ്. ഹെഡ്‌ ലൈറ്റും ഡബിള്‍ ഇന്‍ഡിക്കേറ്ററും ഒക്കെയിട്ട് കാറിന്റെ വിന്‍ഡോ തുറന്നു വെച്ച് ആസ്വദിച്ച് ഞാന്‍ വണ്ടിയോടിച്ചു. ഇടക്ക്‌ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തി. ഞാന്‍ സിഗരറ്റ്‌ കത്തിക്കാനായി എടുത്തപ്പോള്‍ കുട്ടപ്പായി വിലക്കി, മണം വന്നാല്‍ അവര്‍ കുട്ടപ്പായിയും സംശയിക്കും എന്ന്. ഞാന്‍ ചോദിച്ചു കുട്ടപ്പായി എന്നാ നന്നായതെന്ന്‍. അതിനാരാ നന്നായത് എന്ന്‍ കുട്ടപ്പായി, ഇത് പെണ്ണുകെട്ടാന്‍ ഉള്ള ഒരു ചെറിയ സെറ്റ്‌ അപ്പ് മാത്രം.

വണ്ടിയുടെ ഡിക്കി തുറന്ന്‍ കുട്ടപ്പായി ഒരു കുപ്പി ജിന്‍ പുറത്തെടുത്തു. വെള്ളം പോലും ഒഴുക്കാതെ ഒരു മൂന്നാല് കവിള്‍ അകത്താക്കി, ഞാനും അപ്രകാരം തന്നെ പ്രവര്‍ത്തിച്ചു. അടുത്ത കവലയിലെ മുറുക്കാന്‍ കടയില്‍ നിന്നും ഓരോ സോഡാ മേല്പോടിക്കും. വൈകിട്ട് നാലുമണി എന്ന സമയം ആണ് ഞങ്ങള്‍ പറഞ്ഞിരുന്നത്, ഞങ്ങള്‍ മൂന്നുമണിക്ക്‌ മുമ്പേ തന്നെ ഏകദേശം സ്ഥലത്ത്‌ എത്തി. സ്വതവേ മടിയനായ കുട്ടപ്പായിയുടെ ശുഷ്കാന്തി എന്നിലെ സംശയാലുവിനെ ഉണര്‍ത്തിയെങ്കിലും സമയ ക്ളിപ്തത പെണ്ണുകാണലില്‍ വളരെ പ്രധാന സംഭവം ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അടങ്ങി. പാവം ചിലപ്പോള്‍ പെണ്ണ് കണ്ടു മടുത്ത് നല്ല ശീലങ്ങള്‍ തുടങ്ങിയതാവാം.

അങ്ങനെ കാര്‍ സൈഡില്‍ ഒതുക്കി സമീപത്തുള്ള പറമ്പിലെ ഒരുപാറയില്‍ കയറി ഞങ്ങള്‍ ഇരുന്നു കത്തി തുടങ്ങി. ആറുമാസം മുമ്പ് കണ്ട ലണ്ടന്‍ കാരി ജൂലി ഇന്നലെയും കുട്ടപ്പായിയെ വിളിച്ചിരുന്നത്രെ. കല്യാണം കഴിഞ്ഞു കെട്ടിയവന്‍ അടുത്ത മാസം ലണ്ടനില്‍ എത്തും. അത് കഴിഞ്ഞാല്‍ പിന്നെ ഇത്തിരി സൂക്ഷിച്ചേ വിളിക്കാന്‍ പറ്റൂ എന്നതാണത്രെ അവളുടെ സങ്കടം. പാവം ഞാന്‍ വീണ്ടും സങ്കടത്തിലായി, പത്ത് മുപ്പതു വയസായിട്ട് എന്നെ ലോക്കല്‍ പോലും വിളിക്കാന്‍ ഒരു കോന്തിയും ഇല്ലല്ലോ എന്ന സങ്കടത്തില്‍ വണ്ടിയില്‍ പോയി രണ്ടു കവിള്‍ കൂടി ഞാനകത്താക്കി, വീണ്ടും പാറയില്‍ ചെന്നിരുന്നു. ഇത്തിരി നേരം ശിഷ്യനായി ഇരിക്കാം, അല്ലാതെന്താ ചെയ്ക?

കോതമംഗലം കാരി റെജിമോളെ കാണാന്‍ കഴിഞ്ഞ ആഴ്ച പോയ കാര്യം പറഞ്ഞു കുട്ടപ്പായി. കുട്ടപ്പായിയും മമ്മിയും ഡി വൈ എസ് പി ആയ അങ്കിളും ആന്റിയും കൂടിയാണ് പെണ്ണുകാണാന്‍ ചെന്നത്. വീടിന്റെ മുറ്റത്ത്‌ ആനപിണ്ടം കിടക്കുന്നപോലെ അല്ലെങ്കില്‍ ഡോബര്‍മാന്‍ പട്ടികിടക്കുന്നപോലെ ഒരു പോലിസ്‌ ഉദ്യോഗസ്ഥന്‍ ഒക്കെ കൂട്ടത്തിലും കുടുംബത്തിലും ഉള്ളത് ബന്ധം ആലോചികുമ്പോള്‍ ഒരു വെയിറ്റ്‌ ആണല്ലോ? അങ്ങനെ അവര്‍ റെജിമോളുടെ വിട്ടില്‍ ചെന്നു. പെണ്ണിന്റെ അപ്പനും അപ്പന്റെ ചേട്ടനും കൂടി ഇവരെ അകത്തേക്ക് ക്ഷണിച്ചു. അപ്പൂപ്പനും അമ്മൂമ്മയും ഒക്കെയുള്ള ഒരുപഴയ തറവാടായിരുന്നു അത്. അങ്ങനെ എല്ലാരും കൂടി അകത്തു കയറി. പിന്നെ കറക്കുന്നതിന്റെ മുമ്പ്‌ പശുവിന്റെ അകിടില്‍ വെള്ളം തളിക്കുന്ന പോലെ ചില കുശലം. അവിടെ റബറിനെങ്ങനാ ഇപ്പോള്‍ പാലുന്ടോ, ഇക്കൊല്ലത്തെ മഴ എങ്ങനെ എന്നൊക്കെയുള്ള കൊച്ചുവര്‍ത്തമാനം. അവര്‍ ഇരുന്ന ആ പഴയ വീടിന്റെ അകത്തളത്തിലേക്ക് തെക്ക് നിന്നും വടക്ക് നിന്നും ഓരോ വാതില്‍ ഉണ്ടത്രേ. കാണാന്‍ വന്ന ചെറുക്കന്‍ എങ്ങനെയുണ്ട് എന്ന്‍ നോക്കാന്‍ അപ്പൂപ്പന് ഒരാഗ്രഹം തോന്നിയതില്‍ തെറ്റ്‌ പറയാന്‍ ഇല്ല. പക്ഷെ തെക്ക് നിന്നും വന്ന്‍ അകത്തളത്തിലേക്ക് കാലുപൊക്കി പടി കടന്നപ്പോള്‍ ഒരു ചെറിയ ശബ്ദത്തോടെ അപ്പൂപ്പന്റെ അധോവായു ഒന്ന് പോയി. അല്ലേലും പഴയ ലൈലന്റ്റ്‌ ലോറി ക്കെ കയറ്റം കയറി നിരപ്പിലെത്തുംപോള്‍ ഒരു ഗ്യാസ് വിടാറുണ്ടല്ലോ. പടിയുടെ ഉയരവും കാലുപൊക്കാന്‍ എടുക്കേണ്ട എനര്‍ജിയുടെ അളവ് തമ്മിലുള്ള പ്രോപോഷന്‍ ഓടിത്തളര്‍ന്ന വണ്ടിയായതിനാല്‍ കൂടിയതിനാ ആയിരിക്കാം അത് സംഭവിച്ചത്. എന്തായാലും എല്ലാവരുടെയും മുഖത്ത്‌ ഒരു ചമ്മല്‍. എല്‍ ഐ സി ക്കാരനായ പെണ്ണിന്റെ അപ്പന്റെ ചേട്ടന്‍ വളരെ തന്മയത്തതോറെ അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞു, "നിന്നോടു ഞാന്‍ പറഞ്ഞതല്ലേ ആ കതകടച്ചീടാന്?" പഴയ കതകിന്റെ കറ കറാ സൌണ്ടിനു നന്ട്രി, എല്ലാവരും വീണ്ടും സ്മൂത്തായി. അദ്ദേഹത്തിന്റെ ബുദ്ധിപരവും സമയോചിതവും ആയ ആ ഇടപെടലിനെ മനസ്സില്‍ അഭിനന്തിച്ച് കുട്ടപ്പായി അമ്മാവനെ നോക്കി. പക്ഷെ അദേഹത്തിന്റെ പോലിസ്‌ ബുദ്ധിക്ക് അതത്ര പിടിചില്ലെന്നു മനസിലായി. അല്ലേലും നുണ പറയുന്നവരെ പോലീസുകാര്‍ക്ക്‌ ഇഷ്ടമല്ലല്ലോ?

അങ്ങനെ ലഡുവെത്തി, ചായയും കടിച്ച് എല്ലാവരും പെണ്ണിനെ അങ്ങ് നിരീക്ഷിച്ചു. പണ്ടു പൂവരിണിയിലെ മഞ്ചു കുട്ടപ്പായിയോടു പറഞ്ഞതാണ് പെണ്ണ് കാണലിന് ചെല്ലുംപോളത്തെ നോട്ടത്തിന്റെ തീവ്രത. പള്ളിയില്‍ കുര്‍ബാന സ്വീകരിക്കാന്‍ പോകുമ്പോള്‍ പോലും ഇത്രക്ക്‌ ആള്‍ക്കാര്‍ നോക്കി ചോര കുടിക്കുന്നതായി തോന്നാറില്ലത്രേ. അങ്ങനെ കുട്ടപ്പായിയും പെണ്ണും കൂടി അങ്ങ് കിന്നരിക്കാന്പോയി. ഒരു പത്തിരുപത്‌ മിനുറ്റ് അങ്ങ് കിന്നരിച്ചേച്ച് തിരിച്ചു വീണ്ടും നടുത്തളത്തില്‍ എത്തി. കഥയുടെ ഇടക്ക്‌ ഞാന്‍ ഇന്ടര്ഫിയര്‍ ചെയ്ത് നിങ്ങള്‍ അവിടെ എന്താ ചെയ്തത് എന്ന്‍ ചോദിച്ചെങ്കിലും കുട്ടപ്പായി പിടി തന്നില്ല (എ സിനിമയുടെ ഇടക്ക്‌ ഒക്കെ തുണ്ടു കാണിക്കുമല്ലോ). അങ്ങനെ കുട്ടപ്പായി വീണ്ടും കസേരയില്‍ സ്ഥാനം പിടിച്ചു. എല്‍ ഐ സി ക്കാരന്‍ പോലിസ്‌ അമ്മാവനോടു പോളിസി വേണോ എന്ന് ചോദിച്ചെന്നു തോന്നുന്നു, അമ്മാവന്റെ മുഖത്ത്‌ അത്ര തെളിച്ചം പോരാ. എന്തായാലും വിവരം അറിയിക്കാം എന്ന് പറഞ്ഞ് അവിടെ നിന്നും പുറത്തേക്കിറങ്ങി. ചെറിയ കാറ്റുള്ളതിനാലാവാം ഒരു കതക്‌ ചെറുതായി ഞരക്കത്തോടു കൂടി അടഞ്ഞു. തിരിഞ്ഞ്ഞ്ഞു നിന്ന് അമ്മാവന്‍ പെണ്ണിന്റെ എല്‍ ഐ സി ക്കാരന്‍ ചിറ്റപ്പനോടു പറഞ്ഞു, "ഇത്.. കതകടഞ്ഞത്". എന്നിട്ട് കുട്ടപ്പായിയെ ഒന്ന് നോക്കി, ഞാനാരാ മൊത്തല് എന്ന ഭാവത്തില്‍ .

അങ്ങനെ ഞങ്ങള്‍ക്ക്‌ പോകാനുള്ള സമയം ആയി. പണ്ടു കൂടത്തില്‍ കൊണ്ടു പോയ ഓരോരുത്തരും ഓരോ പണി കൊടുതതിനാലാവാം പൊതുവേ നിരുപദ്രവകാരിയായ എന്നെ ഈ പ്രാവശ്യം കൊണ്ടു പോയത്‌. കയ്യില്‍ കരുതിയിരുന്ന ഏലക്കായും പേരയിലയും വായിലിട്ടു കുറച്ച് എനിക്കും തന്ന്‍ ഞങ്ങള്‍ പെണ്ണിന്റെ വീട്ടിലെത്തി. പെണ്ണിന്റെ ചേട്ടനും അപ്പനും കൂടി വന്ന് ഞങ്ങളെ അകത്തേക്ക്‌ ക്ഷണിച്ചു. ആദ്യത്തെ കാണല്‍ ആയതിനാലാവാം എന്റെ കാലുകള്‍ക്ക് ഒരു ഇടര്‍ച്ച, നാവിന് വരള്‍ച്ച. എന്നാ കോപ്പാ, എന്റെ പെണ്ണ് കാണല്‍ അല്ലല്ലോ എന്ന് വിചാരിച്ച് കുന്തവുമായി നില്ക്കുന്ന ഗീവര്ഗീസ് പുണ്യാളനെ മനസ്സില്‍ വിചാരിച്ച് അങ്ങ് കയറി.ചേട്ടന്റെ ആണെന്ന് തോന്നുന്നു രണ്ടു കുഞ്ഞ് പിള്ളേര്‍ സോഫായിലിരുന്ന്‍ കേക്ക് തിന്നുന്നു. ഇന്നേതായാലും ലഡു അല്ല കേക്ക് ആണ് എന്ന് മനസിലായപോള്‍ കുട്ടപ്പായിക്ക്‌ ഒരു സന്തോഷം. ലഡു തിന്നു മടുത്തു, എന്ന് കരുതി പെണ്‍ വീട്ടുകാര്‍ വെക്കുന്ന ലഡു തിന്നില്ലെന്കില്‍ പ്രമേഹം ആണെന്ന് വിചാരിക്കുമത്രേ, ഹോ.. ഇവര്‍ക്ക് വല്ല കപ്പയും പോത്തിറച്ചിയും തന്നലെന്താ കുഴപ്പം?

കുട്ടപ്പായിയും ഞാനും കൂടി അകത്തു കയറിയപ്പോള്‍ പിള്ളേരോട് അകത്തു കയറി പോകാന്‍ പെണ്ണിന്റെ അപ്പന്‍ ആവശ്യപെട്ടു. ഒന്നുമെല്ലെന്കിലും അപ്പന്‍ ആളു കൊള്ളാമെന്ന്‍ കുട്ടപ്പായിക്ക് തോന്നി, കുട്ടപ്പായി എന്നെ നോക്കി അപ്പന്‍ ആളു കൊള്ളാം എന്ന മട്ടില്‍ ആംഗ്യം കാണിച്ചു. കൊച്ചു പിള്ളേരോട് കുട്ടപ്പയിക്ക്‌ അത്ര പ്രിയം ഇല്ല. സാധാരണ ഇപ്പോള്‍ വീട്ടില്‍ വന്നവരോട് പറയും നിങ്ങള്‍ നിലത്തിരുന്നോ അല്ലെങ്കില്‍ കൊച്ച് ഭയങ്കര കാറിച്ചയായിരിക്കും, അവന്‍ ഭയങ്കര വാശിക്കാരനാ എന്നൊക്കെ. ഇനി അഥവാ നമ്മള്‍ അവനെ ഒതുക്കി ഇരുന്നാലോ, ചിലപ്പോള്‍ അടിവെച്ചു തരും. അടിയേക്കാള്‍ ഭയങ്കരം അത് കഴിയുമ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നതാ. ഒരു പീട്ടക്കാ പയ്യന്‍ നമ്മുടെ മോന്തേ നോക്കി ഞെളിഞ്ഞിരുന്ന്‍ കളിയാക്കി ചിരിക്കുന്നത് ആര്‍ക്കാ സഹിക്കുക?

അങ്ങനെ ഞങ്ങള്‍ പതിവ് പോലെ ആമുഖ വിഷയങ്ങളിലേക്ക് കടന്നു. കുട്ടപ്പായി ഏതു വിഷയത്തിന്റെ കൂടെയും കൂടി നന്നായി വാചകം അടിക്കും. വലതു പക്ഷം ആണെങ്കില്‍ ആ കൂട്ടത്തില്‍, ഇടത് പക്ഷം ആണെങ്കില്‍ വലിയൊരു ഇടത് പക്ഷ സഹയാത്രികന്‍ ആകും. ധ്യാനക്കാര്‍ ഉണ്ടെങ്കില്‍ പോട്ടയും ചിറ്റൂരുമൊക്കെ ആധികാരികമായി പറയും, പള്ളി വിരോധിയാണെങ്കില്‍ ബിഷപ്പുമാരുടെയും കന്യാസ്ത്രീകളുടെയും കുറ്റം പറയാന്‍ കൂടും. ആരെങ്കിലും സഹിക്കാന്‍ മേലാത്ത തമാശകള്‍ പറഞ്ഞാലും ഇരുന്നു തലകുത്തി ചിരിക്കും. പറഞ്ഞ ആളുവരെ ഞാനാള് ഇത്ര മിടുക്കനായിരുന്നോ എന്ന് വിചാരിച്ച് ഇനിയടുത്ത തമാശ് എന്ത് പറയേണമേന്നലോചിച്ച് കൊനഷ്ട്ട് ചോദ്യങ്ങള്‍ ചോദിക്കാതെ അവിടിരുന്നോളും.

കയറി ഒരു പത്ത് മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ മുതല്‍ കുട്ടപ്പായിക്ക് ഒരു പതിവില്ലാത്ത ഗൌരവം. ടോപ്‌ ഗിയറില്‍ കത്തിയുടെ ഭാണ്ടകെട്ടഴിച്ചിരുന്ന ഞാന്‍ ചെറുതായി ഒന്ന് ബ്രേക്ക് ഇട്ടു. കുട്ടപ്പായിക്ക് പെണ്ണിനെ ഇഷ്ടപെട്ടില്ലേല്‍ ഞാനെന്തിനാ വെറുതെ ദുബായിയെ ഒത്തിരി കുറ്റം പറയുന്നത്? എന്തായാലും ചായയുമായി പെണ്ണെത്തി. ചായകുടിച്ചു കഴിഞ്ഞാല്‍ പിന്നെ പതുക്കെ അത്യാവശ്യം സാധാരണ വര്‍ത്തമാനങ്ങള്‍ ഒക്കെ പറഞ്ഞു ചെറുക്കാനും പെണ്ണിനും വര്‍ത്തമാനം പറയാനുള്ള സാഹചര്യം കൊടുക്കുക എന്നതാണല്ലോ നാട്ടു നടപ്പ്‌. നല്ല ചൂടു ചായ നാക്ക് പൊള്ളിച്ചു കൊണ്ടു തന്നെ കുടിച്ച കുട്ടപ്പായി എന്നെ നോക്കി കാര്യങ്ങള്‍ ഫാസ്റ്റ്‌ ആക്കാനുള്ള സിഗ്നല്‍ തന്നു. ഞാനാകെ കണ്‍ഫ്യുഷനില്‍ ആയി. ഇനി പെണ്ണിനെ ഇഷ്ടപെടാഞ്ഞിട്ടു വേഗന്നു തിരിച്ചു പോകനായിരിക്കുമോ? നല്ല വെണ്ണ പോലത്തെ പെണ്ണാണ്, സൊ അങ്ങനെ വരാന്‍ വഴിയില്ല. ഇനി വയറ്റില്‍ വല്ല കുഴപ്പവും? അതോ പെണ്ണിന്റെ കൂടെ കിന്നരിക്കാനുള്ള ആക്രാന്തമോ? എന്നാ പിന്നെ പെണ്ണും ചെറുക്കനും വല്ലതും സംസാരിക്കട്ടെ എന്ന് പറഞ്ഞു ഞാന്‍ സംഗതി സ്യുട്ട് ആക്കി.

ഇറങ്ങി വന്ന കുട്ടപ്പായിയുടെ മുഖത്ത്‌ നല്ല തെളിച്ചം, പെണ്ണും ചിരിച്ചു കൊണ്ടു തന്നെയാണ് വന്നത്. ഇനി പൈകയില്‍ എല്ലാവരും പറയുന്ന പോലെ ഒരു ആഭാസനാണോ കുട്ടപ്പായി എന്ന്‍ എനിക്ക് തന്നെ സംശയം തോന്നി. അവിടെ ചെന്നു കയറി ഇരുന്ന ഉടനെ ആകെ ഒരു പരവേശം ആയിരുന്നല്ലോ കുട്ടപ്പായിക്ക്, ഒരു മാതിരി ബാലാസംഗം ചെയ്യാന്‍ പോകുന്നവന്റെ തിടുക്കം പോലെ. പെണ്ണിന്റെ അടുത്തു പോയി വന്നപ്പോള്‍ ആശ്വാസവും, ദൈവമേ, നന്നായി പണിയുന്ന മലയോര കര്‍ഷകന്മാരുടെ കൈത്തഴമ്പ് അറിയേണ്ടി വരുമോ? ഞാന്‍ പെട്ടെന്ന്‍ തന്നെ പറഞ്ഞു, " എന്നാ പിന്നെ ഞാങ്ങളങ്ങോട്ട്......"

വേണ്ടാ ഇന്നിവിടെ കിടന്നിട്ട് നാളെ പോയാല്‍ മതി എന്നവര്‍ എന്തായാലും പറഞ്ഞില്ല. വണ്ടിയില്‍ കയറിയതും ഞാന്‍ ചോദിച്ചു, എന്താ കുട്ടപ്പായി പെണ്ണിനോട് മിണ്ടാന്‍ ഇത്ര ആക്രാന്തം? നിങ്ങള്‍ അകത്തു കയറി എന്താ ചെയ്തത്? കുട്ടപ്പായി പറഞ്ഞു. " ഞാനകത്ത് കയറി വിശാലമായി എന്റെ കുണ്ടി അങ്ങ് ചൊറിഞ്ഞു". ആ പരട്ട പിള്ളേര്‍ അതിലിരുന്നു കേക്ക് തിന്നതിന്റെ ആയിരിക്കാം, ആ സോഫയില്‍ ഉരുമ്പുണ്ടായിരുന്നു. ചെറുതായി ഞെക്കിയും തൊട്ടുമൊക്കെ ഉറുമ്പിനെ കളയാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നെ അകത്തു പെണ്ണിന്റെ കൂടെ കയറിയപ്പോള്‍ അവളോടു പറഞ്ഞു, ഒന്ന് കണ്ണച്ചോ എന്ന്‍. പാവം പെണ്ണ് വല്ലതും പ്രതീക്ഷിച്ചോ എന്നറിയില്ല, കുട്ടപ്പായി ഉറുമ്പ് കടിച്ച കഥ അവളോടു പറഞ്ഞു നന്നായി അങ്ങ് ചൊറിഞ്ഞു . ഇനി മേലില്‍ ചെറുക്കന്മാര്‍ വരുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം എന്നും പറഞ്ഞ് ഒരു ഉപദേശവും കൊടുത്തത്രേ. ഛെ.. ഞാന്‍ പിന്നെയും കുട്ടപ്പായിയെ തെറ്റിദ്ധരിച്ചു

അങ്ങനെ രണ്ടു കാര്യങ്ങള്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം എന്ന് മനസിലായി. സോഫയില്‍ ഉറുമ്പ് ഉണ്ടോ എന്നും കാറ്റത്തടയുന്ന ഞരക്കം ഉള്ള വാതിലുണ്ടോ എന്നും..........

6 comments:

ഒരു യാത്രികന്‍ June 28, 2010 at 4:18 PM  

ഡാ....ഇക്കുറി നിനക്കുള്ള തേങ്ങ എന്‍റെ വക...(((((((((( ട്ടോ ))))))) എന്തോ ശബ്ദം കുറഞ്ഞു പോയി....കൊള്ളാട്ടാ....സസ്നേഹം

Naushu June 28, 2010 at 5:07 PM  

ഇത് കലക്കീട്ടാ...

Anonymous June 28, 2010 at 11:46 PM  

ഇത് കതകു അടച്ചത്...സൂപ്പര്‍, ഉറുമ്പ് കടിക്കാതെ സൂക്ഷിക്കണേ...

Anonymous June 28, 2010 at 11:46 PM  

ഇത് കതകു അടച്ചത്...സൂപ്പര്‍, ഉറുമ്പ് കടിക്കാതെ സൂക്ഷിക്കണേ...

Anonymous June 28, 2010 at 11:46 PM  

ഇത് കതകു അടച്ചത്...സൂപ്പര്‍, ഉറുമ്പ് കടിക്കാതെ സൂക്ഷിക്കണേ...

Ashly July 15, 2010 at 1:21 PM  

ഹ..ഹ..ഹ... കലക്കന്‍ പോസ്റ്റ്‌ !


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP