അങ്ങനെ പൈക എന്ന ചെറു പട്ടണത്തിന്റെ ഏറ്റവും വലിയ സ്വപ്നവും പ്രതീക്ഷയും ജനലക്ഷങ്ങളുടെ ചിരകാലാഭിലാക്ഷവുമായ അത് ഒരു ക്രിസ്തുമസ് പുതുവല്‍സര സമ്മാനമായി ഈ കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി സംഭവിച്ചു. പൈകക്കാര്‍ വലിയ സഹോദര സ്നേഹികളും അയല്‍വക്ക സ്നേഹികളും ആയതിനാല്‍ പ്രാന്തപ്രദേശങ്ങളായ വലിയകൊട്ടാരം, ചെങ്ങളം, വിളക്കുമാടം, എലിക്കുളം, കപ്പാട്, മഞ്ചക്കുഴി, കുരുവിക്കൂട്, പൂവരണി, ഇടമറ്റം എന്ന് തുടങ്ങി ഒരു വലിയ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് മുഴുവന്‍ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയായും രക്ഷകന്റെ ജനനം പോലെയും അത് പിറന്നു. അതേ ബീവ്കോയുടെ പുതിയ ഷോറൂം......
ഇരുപത്തി മൂന്നാം തീയതി രാത്രി ഏകദേശം എട്ടുമാണിയോടു കൂടി പാലാ രാജധാനിയില്‍ ഇരുന്നു ഒരു സോഡാ നാരങ്ങവെള്ളം കൂട്ടുകാരന്‍ മനീഷിന്റെ കൂടെ ഷെയര്‍ ചെയ്തു നുണഞ്ഞു കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പൈകയില്‍ നിന്നും കത്രിതൊമ്മന്റെ വിളി വന്നത്. "പോത്തച്ചാ... നമ്മുടെ മനീഷിന് ലോട്ടറിയടിച്ചു". ഞാന്‍ ഞെട്ടി, ഞാനും മനീഷും അറിയാതെ മനീഷിന് ലോട്ടറിയോ? ഞാന്‍ രൂക്ഷമായി മനീഷിനെ നോക്കി, കള്ളാ.. ലോട്ടറിയടിച്ച വിവരം പറയാനാണോ നീ എനിക്ക് ഈ സോഡാ നാരങ്ങവെള്ളം വാങ്ങി തരുന്നത്? അപ്പോള്‍ എത്തി തൊമ്മന്റെ അടുത്ത ഡയലോഗ്... "മനീഷിന്റെ വീട്ടിലെക്കുള്ള വഴിയുടെ വാതുക്കല്‍ പുതിയ ബീവ്കോ ആരംഭിച്ചിരിക്കുന്നു".
ബാക്കി വന്ന സോഡാ നാരങ്ങവെള്ളം അവിടെ വെച്ച് ഞങ്ങള്‍ പൈകക്ക് പാഞ്ഞു. ചെല്ലുമ്പോള്‍ ചുക്കിലി പിടിച്ചു കിടന്നു ചുവപ്പുങ്കല്‍ പെട്രോള്‍ പമ്പിന്റെ മുമ്പില്‍ ജനസമുദ്രം. ഒരു ബോര്‍ഡ് പോലും ഇല്ല, ഉദ്ഘാടനം എന്ന ചടങ്ങില്ല, നിയന്ത്രിക്കാന്‍ പോലീസോ പട്ടാളമോ ഇല്ല, എന്തിനു പറയുന്നു, ഒരിത്തിരി വെളിച്ചം പോയിട്ട് ഷാപ്പിന്റെയോ ബാറിന്റെയോ മണം പോലും ഇല്ല. എന്നിട്ടും അച്ചടക്കത്തോട് കൂടി, അക്ഷമരായി അവര്‍ ക്യു നിന്നു. ആദ്യരാത്രിയില്‍ പാലുമായി വരുന്ന ഭാര്യയെ കാത്ത് കട്ടിലില്‍ നഖം ചൊറിഞ്ഞിരിക്കുന്ന മണവാളനെപോലെ, അല്ലെങ്കില്‍ കല്യാണത്തിനു പെണ്ണും ചെറുക്കനും മധുരം വെച്ചിട്ട് സദ്യ തുടങ്ങാന്‍ കാത്തിരിക്കുന്ന അതിഥികളെ പോലെ നീളം കൂടിയ ക്യു മീനച്ചിലാറിനെ പോലെ വളഞ്ഞു പുളഞ്ഞു നിന്നു. പൈകക്കാര്‍ ഇന്ന് വരെ കാണാത്തവര്‍ കേള്‍ക്കാത്തവര്‍ എല്ലാം വിനയപുരസരം പൈകയുടെ മണ്ണില്‍ താമര വരച്ചു കൊണ്ട് നിന്നു.
എന്റെ മകന്‍ വേള്‍ഡ്‌കപ്പിന് സെഞ്ചുറി അടിക്കുന്നത് സ്റ്റേഡിയത്തില്‍ നോക്കി നില്‍ക്കുന്നത് പോലെ ഞാന്‍ അവിടെ നോക്കി നിന്നു. മനീഷിന്റെ കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു വീണു, ആദ്യ കളത്രത്തിന്റെ ജനന സമയത്ത് പോലും അവന്റെ കണ്ണില്‍ ഇത്ര നീര്‍ പൊടിഞ്ഞിട്ടില്ല. അപ്പോളേക്കും ആദ്യ പത്തുപേരില്‍ ഒരാളായി മദ്യം വാങ്ങാന്‍ സാധിച്ച ക്ണാപ്പന്‍ രമേശ് ലോകകപ്പുമായി ഇന്ത്യയിലെത്തിയ കപിലിനെ പോലെ ഞങ്ങളുടെ അടുത്ത് വന്നു.
ബീവ്കോ പൈകയില്‍ തുടങ്ങാന്‍ സാധ്യത ഉണ്ട് എന്നറിയാമായിരുന്നെങ്കിലും എന്നാണു ദിവസം എന്നോ എത്ര മണിക്കാനെന്നോ എവിടെയാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. മദ്യവിരുദ്ധ സമിതിയുടെ ഇടപെടീല്‍ ഉണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് കാര്യങ്ങള്‍ എല്ലാം രഹസ്യമായിരുന്നു. രമേശന്‍ ഓട്ടോയില്‍ കപ്പാട് എന്നാ സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അവിടെ നിന്നും ഒരു ഓട്ടോക്കാരന്‍ പൈകയില്‍ ഏഴുമണിക്ക് ബീവറേജസ് കോര്‍പറേഷന്‍ തുടങ്ങുന്നു എന്നാ രഹസ്യ വിവരം കിട്ടി പൈകക്ക് വരുന്നത് കണ്ടത്. ക്ണാപ്പന്‍ രമേശ് വാച്ചില്‍ നോക്കി, സമയം ആറര. പിന്നെ ഒട്ടും അമാന്തിച്ചില്ല, വണ്ടിയില്‍ ഇരുന്ന അമ്മച്ചിയോടും കൊച്ചു മകളോടും വേണേല്‍ ഇവിടെ ഇറങ്ങിക്കോ ഇല്ലേല്‍ പൈകക്ക് തിരിച്ചു കൊണ്ട് പോയി ബിവറേജസില്‍ ഇറക്കിവിടും എന്ന് പറഞ്ഞു ഇറക്കിവിട്ടു ഒറ്റ പാച്ചില്‍ ആയിരുന്നു. പൈകയില്‍ എത്തിയപോള്‍ കൃത്യം ഏഴുമണി, മുന്‍പില്‍ വെറും ഒന്‍പതു പേര്‍ മാത്രം. പത്തമാനായി ഒരു കുപ്പി ഓ സി ആര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ പന്ത്രണ്ടു പേരെ വിളിച്ചറിയിച്ചു. കുപ്പിയുമായി തിരിച്ചിറങ്ങിയപോള്‍ ക്യു നൂറിനു മുകളില്‍ എത്തിയിരുന്നത്രേ. വിലവിവര പട്ടികയില്ല, പൊതിഞ്ഞു കൊടുക്കാന്‍ പേപ്പര്‍ പോലുമില്ല എന്നിട്ടും എല്ലാം സഹിച്ച് വേദനിക്കുന്ന മദ്യപാനികള്‍ അവിടെ കാത്തു നിന്നു.
അടുത്തുള്ള വീട്ടുകാര്‍ അവിടെ സോഡയും പുഴുങ്ങിയ മൊട്ടയും വില്‍കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ പൈകയുടെ തെക്ക് ഭാഗത്തുള്ളവരില്‍ ചിലര്‍ എനിക്കുപിറക്കാതെ പോയ മകനെ എന്ന പോലെ അവിടെ നോക്കി നിന്നു. ഓട്ടോക്കാര്‍ ഇവിടേയ്ക്ക് ഓട്ടോ സ്റ്റാന്റ് മാറ്റുന്ന കാര്യം ആലോചിച്ചപോള്‍ ഐ എന്‍ ടി യു ഡി യും സി ഐ ടി യു ഉം ഓഫീസ് ഇവിടേയ്ക്ക് മാറ്റുന്നതിനെ പറ്റി ചിന്തിച്ചു. മുദ്രാവാക്യങ്ങള്‍ അവര്‍ മനസ്സില്‍ മാറ്റിയെഴുതി, "തോല്‍പ്പിക്കും തോപ്പിക്കും ചാലക്കുടിയെ തോപ്പിക്കും". എന്തിനു പറയുന്നു കെ എം എസ് കാര്‍ പമ്പ് പോലും അവിടേക്ക് മാറ്റിയാലോ എന്ന് ചിന്തിച്ചു.
കേട്ടവര്‍ കേട്ടവര്‍ പൈകയിലേക്ക് പാഞ്ഞു. പാലായിലെക്കാളും പത്തു രൂപ വിലക്കുറവ് ഉണ്ടെന്നും പുതിയ കടയായത് കാരണം ഇവിടെ വ്യാജന്‍ ഉണ്ടാവില്ലെന്നും നല്ല പ്രചരണം ആദ്യം തന്നെ വന്നു. ഇതിനകം തന്നെ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കുറുക്കന്തൂക്കില്‍ സിബി തന്റെ വണ്ടിയില്‍ വന്നു അവിടെ അഭിമാനത്തോട് കൂടി ഇറങ്ങിനിന്നു. തൊള്ളായിരത്തി എണ്‍പത്തെട്ടിലെ സമരം കാരണം വളര്‍ച്ച മുരടിച്ച പൈകയുടെ ഉയര്‍ച്ച ഇനി ആരംഭിക്കുന്നു എന്നാണു സിബിയുടെ അവകാശം. തന്റെ രണ്ടു വര്‍ഷത്തെ ശ്രമഫലം ആണ് ഈ ബീവ്കോ, ഇനി പൈകയിലെക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടും, അത് വഴി എല്ലാ ബിസിനസിനും ഇത് മാറ്റം വരുത്തും. റബര്‍ വില്‍ക്കാനുള്ളവര്‍ ഇനി പൈകക്ക് വരും, ഷീറ്റിന്റെ വില വീട്ടിലേക്കും ഒട്ടുപാലിന്റെത് ബീവ് കോയിലെക്കും. അങ്ങനെ അരി, പലചരക്ക്, അടക്ക, കൊക്കോ, കുരുമുളക് തുടങ്ങി സോഡാ, ബീഡി, കടിപിടി അങ്ങനെ എല്ലാത്തിനും പൈകയില്‍ ഇനി മാര്‍ക്കറ്റ് ആകും. അങ്ങനെ പൈകയുടെ മാറ്റത്തിന് കാരണക്കാരനായ ഒരാളായി ജനങ്ങള്‍ തന്നെ വാഴ്ത്തും എന്ന പ്രതീക്ഷയുമായി സിബി കുളിരണിഞ്ഞു നിന്നു. ഭാവിയില്‍ ചിലപ്പോള്‍ വിജയ് മല്ലിയ ഒരു കൊച്ചു മോഡലിനെ എങ്കിലും തനിക്ക് സമ്മാനമായി നല്‍കിയാലോ എന്ന ഒരു കൊച്ചു സ്വപ്നവും സിബി കാണാതിരുന്നില്ല.
നോയമ്പുവീടലും അതിന്റെ ക്ഷീണവും ഒക്കെയായി ക്രിസ്തുമസിന്റെ അന്ന് വൈകുന്നേരം വരെ പൈകക്ക് ഇറങ്ങാന്‍ പറ്റിയില്ല. ഒരു നാലുമാണിയോടു കൂടി പൈകയിലെത്തിയപോള്‍ ഉണ്ണിയേശുവിന്റെ ജനനമോ കരുണാകരന്റെ മരണമോ ഒന്നും അല്ല പൈകയിലെ ജനങ്ങളുടെ വിഷയം. ബീവറേജ് കാരുടെ ചതിയെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്.ശരാശരി രണ്ടു ലക്ഷം രൂപയുടെ വില്പനയെ അവര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ, അതിനാല്‍ എട്ടു ലക്ഷം രൂപയുടെ സെയില്‍ വന്നപ്പോള്‍ സ്റ്റോക്ക് തീര്‍ന്നത്രേ. ചാലക്കുടിയും കരുനാഗപ്പള്ളിയെയും തോല്പ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയ പൈകക്കാര്‍ക്കിട്ടു ബീവ്കോ കാണിച്ച വലിയ ചതി ആയിപ്പോയി അത്. സംവിധായകന്‍ ജോഷി എന്നെ പറ്റിച്ചു എന്ന് കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്നപോലെ പൈകക്കാര്‍ പറഞ്ഞു.
അവിടെ ബാക്കി ഇരിക്കുന്ന എന്തെങ്കിലും ഒരു കുപ്പി വാങ്ങിയില്ലേല്‍ ഇനിയും പാലായ്ക്ക് പോകേണ്ടി വരുമല്ലോ എന്നോര്‍ത്ത് നേരെ ബീവ്കോ യെ ലക്ഷ്യമാക്കി വണ്ടി വിട്ടു. പാലായ്ക്ക് പോകേണ്ടി വരും എന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നം പൈകയില്‍ നിന്ന വരുന്നത് എന്നറിഞ്ഞാല്‍ പാലായില്‍ നിന്നും ചിലപ്പോള്‍ കുപ്പി തരില്ല. ഇന്നലെ മൊന്ത രാജേഷ് പാലായില്‍ ഒരു കുപ്പി റം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നു. ബില്ലടിക്കാന്‍ നേരം ഒരു അഞ്ഞൂറിന്റെ നോട്ട കൊടുത്തപ്പോള്‍ ക്യാഷറിനു ചില്ലറ വേണം. അണ്ടര്‍വയറിന്റെ പോക്കറ്റില്‍ വരെ തപ്പിയെങ്കിലും കിട്ടാത്തെ ചില്ലറയുമായി വിഷമിച്ചു നിന്ന രാജേഷിനു പുറകില്‍ നിന്നും ഒരു വിളി. "ഡാ മോന്തേ...." മൊന്ത നിന്റെ തന്ത എന്ന് പറയാനായി നാക്കെടുത്ത രാജേഷ് കണ്ടത് തന്റെ അളിയന്‍ പാലാക്കാരന്‍ തുണ്ട് ശശിയെ. "നീയെന്നാ ഡാഷാനാ ഇവിടുന്നു വാങ്ങുന്നെ , നിന്റെ പൈകയില്‍ ബീവറേജസ് തുടങ്ങിയത് അറിഞ്ഞില്ലേ?" പോടാ തുണ്ടേ സത്യമാണോ നീ പറയുന്നേ എന്ന് മൊന്ത. നീ പുല്ലു പോലെ ആ പൈസയും വാങ്ങി പൈകക്ക് ചെല്ലെട എന്ന് തുണ്ട്.
പിന്നെ അവിടെ മൊന്തയുടെ ഒരു പ്രകടനം ആയിരുന്നു. ഡാ പുന്നാര മോനെ, നിനക്ക് ചില്ലറ വേണം അല്ലേടാ... കച്ചവടം നടത്താന്‍ ഇരിക്കുന്നവന്‍ ചില്ലറ പോലും ഇല്ലാതെ പിന്നെ എന്നാ മൂ.... നാ ഇവിടെ ഇരിക്കുന്നത്? നിന്റെ ഒരു കോപ്പും ഇനി വേണ്ട, നിന്നെയെങ്ങാനും പൈക ഭാഗത്ത് കണ്ടാല്‍ കാച്ചിക്കളയും എന്നൊക്കെ വെല്ലുവിളിചിട്ട് ക്യാഷ് കൊടുക്കുന്ന പൊത്തിലൂടെ ക്യാഷരിന്റെ താടിക്കിട്ടു ഒന്ന് തോണ്ടുകയും ചെയ്തിട്ടാണ് മൊന്ത പോന്നത്. ഇനി പാലാക്കാര്‍ക്ക് നമ്മള്‍ പൈക കാരന്‍ ആണെന്ന് മനസിലായാലോ...
ഇന്ന് വൈകിട്ടാണെന്കില്‍ രണ്ടു അളിയന്മാരും വരുന്നുണ്ട്. പണ്ടാണെങ്കില്‍ അവര്‍ വരുന്ന വഴി കുപ്പിയും കൊണ്ട് വന്നേനെ, ഇനിയിപോള്‍ പൈകയില്‍ ഉള്ളത് കാരണം ഞാന്‍ തന്നെ പോയി വാങ്ങേണ്ടി വരും. അവര്‍ വരുന്നതിനു മുമ്പ് വാങ്ങിയില്ലേല്‍ അവര്‍ക്ക് കുപ്പി ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ ഒരു അവസരം കൂടി ഞാന്‍ കൊടുക്കേണ്ടിവരും, പൈസാ അവരുടെ കയ്യില്‍ നിന്ന് വാങ്ങാന്‍ പറ്റുമോ? കോ..കം പുരപ്പുറത്തു തന്നെ ഉണ്ട് ഇപ്പോളും. കുപ്പികള്‍ കുറവാണെങ്കിലും ക്യൂ ഒരു കുറവും ഇല്ല. കുട്ടപ്പായി ഉള്ളത് കൊണ്ടും കുട്ടപ്പായിക്ക് നല്ല തണ്ടും തടിയും ഉള്ളത് കൊണ്ടും ക്യു ഒന്നും നില്‍ക്കാതെ നേരെ ചെന്ന് രണ്ടു ഫുള്‍ വാങ്ങി. ഒരെണ്ണം വീട്ടില്‍ കൊണ്ട് പോയി വെച്ച് രണ്ടാമത്തേത് പൊട്ടിച്ചു അടിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടപ്പായിക്ക് ഒരാഗ്രഹം. നമുക്കവിടെ പോയി കാഴ്ചകള്‍ കണ്ടാലോ എന്ന്, ശരിയാ... ഒത്തിരി കാലമായി മിസ് ആയിരിക്കുന്ന പലരെയും ഒരു പക്ഷെ കാണാന്‍ ഒരു അവസരം ആയിരിക്കും ഇത്.
ഇനിയൊന്നും കാണാന്‍ എനിക്ക് വയ്യേ എന്ന് പറഞ്ഞു സൂര്യന്‍ മനീഷിന്റെ വീടിന്റെ പുറകില്‍ പോയി പാത്തിരുന്നു. ത്രിസന്ധ്യാ സമയത്താണ് ഇഴജന്തുക്കളും സാത്താനുമൊക്കെ ഇറങ്ങുന്നത് എന്ന് പണ്ട് കാര്‍ന്നവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് അന്വര്‍ഥമാക്കികൊണ്ട് ചിലരൊക്കെ ഇഴഞ്ഞു തുടങ്ങി, ചിലരുടെ നാക്ക് കാല് തുടങ്ങിയ അവയവങ്ങളും. ഇനി സാത്താനാകാന്‍ അധികം സമയം വേണ്ടായിരിക്കും. ഇരുട്ടിന്റെ മറവു പറ്റി കുപ്പിവാങ്ങാന്‍ വന്നവരുടെ നീളം കൂടി, പൈകപ്പെരുന്നാളിനു പോലും ഇല്ലാത്ത തിരക്ക്.
അതാ വെടിക്കുരു ജോക്കുട്ടന്‍ അവിടെ ഒരു പോസ്റ്റില്‍ പിടിച്ചു ഒരു സിഗരറ്റും വലിച്ചുകൊണ്ട് എന്തോ ആലോചിച്ചു നില്‍ക്കുന്നു. അവനെ പത്താം ക്ലാസ് കഴിഞ്ഞു ആദ്യമായി കാണുകയാണ്. ബാംഗലുരില്‍ പീടീസിയും പിന്നെ ഏതാണ്ടൊക്കെ കോപ്പും പഠിച്ചു ഇപ്പോള്‍ അമേരിക്കയിലോ ആസ്ത്രെലിയായിലോ ആണെന്നറിയാം. വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ സാധിച്ച സന്തോഷത്തോടെ ഞാന്‍ ഓടിച്ചെന്നു. ഞങ്ങള്‍ കെട്ടിപിടിച്ചു, ആറാം ക്ലാസില്‍ വെച്ച് ചക്കക്കുരു തോരന്‍ കഴിച്ചിട്ടിരുന്ന ഒരു മധ്യാഹ്നത്തില്‍ അവനു പറ്റിയ അബദ്ധത്തെ വെടിക്കുരു എന്ന രണ്ടാം പേരാക്കിയ എന്നെ അവന്‍ എങ്ങനെ മറക്കാന്‍. അവന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രു (വെടിക്കുരുവാശ്രു) വന്നു, ഒരു പെഗ് അവനും ഒഴിച്ചു ഞങ്ങള്‍.
കുടുംബ കളത്ര വേല വിശേഷങ്ങള്‍ ഒക്കെ കൈമാറി. നീ പഴയതിലും സുന്ദരനായി എന്ന് അവന്‍, നീ ഇപ്പോളും ചക്കക്കുരു കൂട്ടാരുണ്ടോ എന്ന് ഞാന്‍, അങ്ങനെ പെഗ്ഗിന്റെ എണ്ണം ശ്ശി കൂടി. അവസാനം അവന്‍ എന്നോട് പറഞ്ഞു. "അളിയാ പോത്തശ്ഷാ... നീ എന്നെ ഒന്ന് സഹായിക്കണം" അതിനെന്നാടാ ചക്കരെ.. നീ പറ എന്ന് ഞാന്‍. പക്ഷെ ഇവനെ കൊണ്ട് പോയി വീട്ടില്‍ വിടുന്നതും വാതില്‍ തുറക്കുന്ന ഭാര്യയോ അല്ലെങ്കില്‍ അവന്റെ അമ്മയോ എന്നെ ഒരു നല്ല സമരിയാക്കാരനെ പോലെ നോക്കി മനസ്സില്‍ സുകൃതജപം ചൊല്ലുന്നതും ഒന്ന് മനസ്സില്‍ മിന്നി. ഒരു മദ്യപനെ അവന്റെ വീട്ടില്‍ കൊണ്ട് പോയി വിടുന്നതും ഒരു വേശ്യ നമ്മളെ ഓട്ടോ പിടിച്ചു ആശുപത്രിയില്‍ കൊണ്ട് പോകുന്നതും ഒരു പോലെയാണെന്ന് ആരോ ഒരു മഹാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. വെടിക്കുരു തുടര്‍ന്നു. "എടാ... ഞാന്‍ വന്നത് കാറിലാണോ അതോ ബൈക്കിലാണോ എന്ന് ഞാന്‍ മറന്നു പോയി, ഒന്ന് സഹായിക്കെടാ..." സന്തോഷത്തോടെ സമാധാനത്തോടെ ഇരുന്ന കല്ലില്‍ നിന്നും എണീക്കാന്‍ തുടങ്ങിയപോള്‍ അവന്‍ സ്നേഹപൂര്‍വ്വം ഉപദേശിച്ചു, "എടാ കുനിയല്ലേ, പോക്കറ്റില്‍ നിന്നും മൊബൈല്‍ പോകും" ദൈവമേ.. അതൊക്കെ അവനു ഇപ്പോളും അറിയാം, പക്ഷെ ഇതു വണ്ടിയിലാ വന്നതെന്നറിയില്ല!
അവനെ ഒരു തരത്തില്‍ വീട്ടില്‍ വിട്ടു. അപ്പോള്‍ അതാ കുട്ടപ്പായിയുടെ വീട്ടില്‍ വേലക്ക് നില്‍ക്കുന്ന പാണ്ടിപയ്യന്‍ കുപ്പിയുമായി വരുന്നു. കുട്ടപ്പായി പതുക്കെ മാറി. ഞങ്ങള്‍ അവനെ വിളിച്ചു, "ഡേയ്.. ഇങ്കെ വാ.. എന്നാ തമ്പി.. വീട്ടിലെ വേലയെല്ലാം മുടിഞാച്ചാ...എന്ന് ഞങ്ങള്‍. എല്ലാം മുടിഞ്ഞു എന്നവന്‍ മലയാളത്തില്‍ പറഞ്ഞു. എന്നാ രണ്ടെണ്ണം അടിച്ചോളാന്‍ പറഞ്ഞു അവനോടും. അവന്‍ ഒരു കല്ലില്‍ ഇരുന്നു അടി തുടങ്ങി.
അമേരിക്കയില്‍ നിന്നും ജോസി വിളിച്ചു. ക്രിസ്തുമസ് വിഷ് ഒക്കെ വളരെ വേഗം പൂര്‍ത്തിയാക്കി അവന്‍ കാര്യത്തിലേക്ക് കടന്നു. ബീവറേജസ് ഇരിക്കുന്നതിന്റെ എതിര്‍വശം ഞങ്ങള്‍ ഇരുന്നു കള്ളുകുടിക്കുന്ന പറമ്പ് അവന്റെതാണ്. അതില്‍ ഒരു ലോഡ്ജും കുറച്ചു കടയും പണിയുന്നതിനെ കുറിച്ച് തിരക്കാന്‍ വിളിച്ചതാ. തെണ്ടിക്കൊക്കെ മര്യാദക്ക് വിഷ് പറഞ്ഞിട്ട് ചോദിച്ചാല്‍ എന്താ കുഴപ്പം?
കുട്ടപ്പായി അതാ തിരിച്ചു വരുന്നു, ഞങ്ങള്‍ പാണ്ടിയോടു നീ എന്നാ വീട്ടില്‍ പോക്കോടാ എന്ന് പറഞ്ഞു. അവന്‍ ഭയങ്കര ചിരി. എന്നാടാ എന്ന് ചോദിച്ചപോള്‍ അവന്‍ പറഞ്ഞു, ഞാന്‍ ഇന്ന് അമ്മായെ പറ്റിച്ചു എന്ന്. എങ്ങനെയാടാ എന്ന് ഞങ്ങള്‍. ഞാന്‍ ഇങ്ങോട്ട് പോരാന്‍ ഇറങ്ങിയപ്പോള്‍ അമ്മാ പറഞ്ഞു പശുവിന് തീറ്റ കൊടുക്കാന്‍. ഞാന്‍ പറഞ്ഞു വയര് നറച്ചു പുല്ലു കൊടുത്തിട്ടുണ്ട് എന്ന്. അവിടുന്ന് പുറത്തോട്ടു ഇറങ്ങിയപോള്‍ പശു അമറി. എനിക്കറിയാം അമ്മാ വന്ത് പശുവിനെ നോക്കും എന്ന്. ഞാന്‍ ഓടി പോയി ചെത്തി വെച്ചിരുന്ന കുറച്ചു പുല്ലെടുത്തു പശുവിന്റെ മുമ്പിലും ഇത്തിരി പശുവിന്റെ കുണ്ടിയിലും തിരുകി വെച്ചു. അമ്മാ വന്തപോള്‍ ഞാന്‍ പറഞ്ഞു പശു കൂടുതല്‍ തിന്നിട്ടു പുല്ലു ദഹിക്കാതെ വരുന്നത് കണ്ടോ എന്ന്. പാവം അത് നിജം എന്ന് നിനച്ചേ....ഞങ്ങളും ചിരിച്ചു.
അങ്ങനെ നാട്ടുകാര്‍ പല രീതിയില്‍ പൈകക്ക് ഇറങ്ങി. കൂടം കാച്ചിക്കാനും ഇന്റര്‍നെറ്റ് നോക്കാനും എന്തിനു പറയുന്നു കുമ്പസാരിക്കാന്‍ വരെ ആളുകള്‍ പൈകക്ക് ഇറങ്ങി തുടങ്ങി.
അളിയന്മാര്‍ ഒക്കെ വീട്ടില്‍ വന്നു. ഞാന്‍ വന്നു അവരുടെ കൂടെയും തുടങ്ങി. നീ ക്രിസ്തുമസിന് വരുന്നില്ല എന്ന് പറഞ്ഞിട്ട് എന്താട പിന്നെ വന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പനിയായത് കാരണം മനീഷും മനുവും പറഞ്ഞു നീ തന്നെ അവിടെ നില്‍ക്കേണ്ട എന്ന്. അവര്‍ നിര്‍ബന്ധിച്ചപോള്‍ ഞാനും വിചാരിച്ചു ഇങ്ങോട്ട് പോന്നെക്കാം, പിള്ളേരുടെ ഒക്കെ കൂടെ ക്രിസ്തുമസ് ആഹോഷിക്കുകേം ചെയ്യാമല്ലോ. നീ എന്നാ തിരിച്ചു പോകുന്നത് എന്നായി അടുത്ത ചോദ്യം.
ഞാന്‍ പറഞ്ഞു, ഇതൊക്കെയായാലും വന്നു. ഇനി പരീക്ഷ ജനുവരി അവസാനം എഴുതണം എന്നാ പ്ലാന്‍. അത് വരെ ഇവിടെ നിന്ന് പഠിച്ചാലോ എന്നാലോചിക്കുവാ. പിള്ളേരും ഭാര്യയും പഠിക്കാന്‍ പോകുന്ന കാരണം വീട്ടില്‍ ശല്യമോന്നും ഇല്ലാതെ പഠിക്കാമല്ലോ.
ഭാര്യ കടക്കണ്ണിട്ടു നോക്കി, അവളുടെ കണ്ണുകളിലെ കുസൃതി, അവളുടെ സന്തോഷം എല്ലാം എനിക്ക് കാണാമായിരുന്നു. അന്ന് വൈകിട്ട് എന്നെ സന്തോഷപൂര്‍വ്വം ഇറുക്കി പിടിച്ചു അവള്‍ കിടന്നു. മദ്യത്തിന്റെ നേരിയ തരിപ്പിലും ഞങ്ങള്‍ ഒന്നായി, ഞാന്‍ പതുക്കെ നിദ്രയിലേക്ക് വഴുതി വീണു.
ഇരുട്ടിലെവിടെയോ ഒരു കോഴി കൂവിയത് ഞാന്‍ അര്‍ദ്ധനിദ്രയില്‍ കേട്ട്. ഭാര്യ കുലുക്കി വിളിച്ചു എന്നെ. എന്താടീ ചക്കരേ എന്ന് ഞാന്‍ ആ സമയത്തും വിളിച്ചു. അവള്‍ എന്നോട് ചോദിച്ചു... അതെ... ശരിക്കും ഇവിവ്ടെ നില്‍ക്കുന്നത് പഠിക്കാനാണോ?
ഞാന്‍ ചോദിച്ചു അതെന്താ അങ്ങനെ ചോദിക്കുന്നെ.. ഞാന്‍ പിന്നെ വേറെ എന്നാ കാണിക്കാനാ.. പിന്നെ കൂട്ടത്തില്‍ നിന്റെയും മക്കളുടെം കൂടെ നില്‍ക്കുകേം ചെയ്യാമല്ലോ എന്ന ഒരു ദുരുദ്ദേശവും...ഞാന്‍ ഒരു കള്ള ചിരി ചിരിച്ചു.
അവളും ചിരിച്ചു...എന്നിട്ട് പറഞ്ഞു, ഇന്നലെ മനീഷിന്റെ ഭാര്യ സാലി വിളിച്ചാരുന്നു.അപ്പോള്‍ ഇവിടെ ബീവറേജസ് തുടങ്ങിയ കാര്യവും പറഞ്ഞു, അത് കൊണ്ട് ചോദിച്ചതാ......
എന്റെ ചിരിക്ക് അത്ര ശോഭ ഇല്ലായിരുന്നു എന്നെനിക്കും തോന്നി......
10 comments:
ഇനി ഇപ്പൊ എങ്ങാനും പാലായില്‍ സാധനം തീര്‍ന്നു പോയാല്‍ പൈകക്ക് വന്നാല്‍ മതിയെല്ലോ..
കലക്കന്‍ അവതരണം...നന്നായി വീശിയ ശേഷം എഴുതിയ പോലുണ്ട് ..!
എന്റെ വാഴയ്ക്കേ...
24-അം തീയതി തന്നെ പൈകയില്‍ ക്യൂ നിന്ന് സാധനം വാങ്ങിക്കാന്‍ പറ്റിയായിരുന്നു. ഒടുക്കത്തെ വെയിലത്ത് നിന്ന് വാടിത്തളര്‍ന്നു പോയി കേട്ടാ..
വാഴയ്കെ നിനക്കെന്താ ബീവ്കോയുടെ കമ്മീഷന്‍ കിട്ടുന്നുണ്ടോ?? അടി മോനെ അടി നിന്റെ കാലം........സസ്നേഹം
സന്തോഷമായി വാഴയ്ക്കേട്ടാ... സന്തോഷമായി... വേദനിക്കുന്ന മദ്യപാനികള്‍ക്ക് ആശ്വാസമായി ഇതാ ഇപ്പൊ പൈകയിലും.. ജയ് പൈക മെട്രോ സിറ്റി... ജയ് ബീവ്കോ...
:) ഇനി ബംഗലുരുവിന് തിരിച്ച് പോകുന്നുണ്ടോ?
ഹഹ കലക്കി സിനോജ് :)
എഫ് ബി യില്‍ ഷെയര്‍ ചെയ്തു. :)
അമ്മാവോ.... പലായിലെക്കാലും തിരക്കാണ് പൈകയില്‍ എന്നാണ് വിദഗ്ധ മൊഴി. പക്ഷെ നല്ല മര്യാദക്കാരാ......സ്നേഹം ഉള്ളവരാ....
സലീമേ...കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം.. ഞാന്‍ ഉള്‍പ്പെടെ.. :)
ചാര്‍ളീ.... നമുക്കൊന്ന് കൂടണ്ടേ?.. കുട്ടപ്പായിയുടെ ചേട്ടന്‍ ആണെന്ന് പറഞ്ഞാല്‍ ക്യുവില്‍ നില്‍ക്കേണ്ട.
യാത്രക്കാരാ....കമ്മീഷന്‍ ഒന്നുമില്ല മോനെ..പിന്നെ ഞാന്‍ മദ്യപിക്കാരും ഇല്ല.. സോഡാ നാരങ്ങാവെള്ളം മാത്രം.
ജിമ്മിക്കുട്ടാ... നേരത്തെ അവധി എടുക്കുന്നോ?
ബാംഗളൂര്‍? അതെവിടെയാ....?
ചുമ്മാ ഒരു പകല്കിനാവല്ലേ എല്ലാം....സന്തോഷം....
ഹൗ.. ഹൗ..
പോസ്റ്റ് വായിച്ച് സന്തോഷത്തോടെ അഭിനന്ദിക്കാൻ വരുമ്പോൾ..
ദേ കിടക്കുന്നു കമെന്റിൽ ഇങ്ങനെ ഒരു വരി:
"കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം"
അപ്പൊ സർവം മായ എന്നാണോ? ബെവ്‌കോ തന്നെ ഒരു മിഥ്യയാണോ?
ഞാന്‍ പലവട്ടം പൈകയില്‍ വന്നിട്ടുണ്ട് പക്ഷെ ഈ പറഞ്ഞ പുണ്യസങ്കേതം ഇതുവരെ കണ്ടിട്ടില്ല. സാധാരണ ആ ഭാഗത്തൊക്കെ വന്നാല്‍ നേരെ ദൈവസഹായം പി.ഓ. ആയിരുന്നു ഇത്രയും കാലം. ഇത് ഏതു ഭാഗത്തായിട്ടാണ്. ഇനിയെങ്കിലും സമയം ലാഭിക്കാമല്ലോ എന്ന് വിചാരിച്ചാണ്. അല്ലാതെ പൊന്‍കുന്നത്തു പോയി ദൈവസഹായത്തില്‍ കേറാനുള്ള മടി കൊണ്ടൊന്നുമല്ല.
@ചിതലേ.. ബീവ്കോ യാഥാര്‍ത്ഥ്യം ആണ്
@നെല്‍സാ.... പൈകയില്‍ ആരോടെങ്കിലും വൈദ്യശാലപടി എവിടെയാണെന്ന് ചോദിച്ചാല്‍ മതി.... (ചുവപ്പുങ്കല്‍ പാമ്പിന്റെ സമീപം ധാരാളം ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നത് കാണാം .. അതാണ് സ്ഥലം )
Post a Comment